ചരിത്രത്തിന്റെ മിടിപ്പളന്ന ആനന്ദി

നല്ല ഉല്‍പ്പതിഷ്ണുവാണ്; അത്രതന്നെ മുന്‍ശുണ്ഠിക്കാരനും... ആര് പറയുന്നതുമല്ല, താന്‍ ചിന്തിച്ചുറയ്ക്കുന്നതാണ് അയാളുടെ ശരി. വയസ്സ് 28. രണ്ടാം കല്യാണമാണ്. ആദ്യ ഭാര്യ മരിച്ചുപോയി. അതില്‍ ഒരു കുട്ടിയുണ്ട്
ആനന്ദി ​ഗോപാൽ ജോഷി
ആനന്ദി ​ഗോപാൽ ജോഷി

ല്ല ഉല്‍പ്പതിഷ്ണുവാണ്; അത്രതന്നെ മുന്‍ശുണ്ഠിക്കാരനും... ആര് പറയുന്നതുമല്ല, താന്‍ ചിന്തിച്ചുറയ്ക്കുന്നതാണ് അയാളുടെ ശരി. വയസ്സ് 28. രണ്ടാം കല്യാണമാണ്. ആദ്യ ഭാര്യ മരിച്ചുപോയി. അതില്‍ ഒരു കുട്ടിയുണ്ട്.''

വീട്ടിലേക്ക് കല്യാണാലോചനയുമായി വന്ന പണ്ഡിതാചാര്യന്‍ ഉമ്മറത്തിട്ടിരുന്ന ആട്ടുകട്ടിലില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു. ''ഗോപാല്‍ റാവുവിന് സര്‍ക്കാര്‍ ഉദ്യോഗമാണ്. ഇവിടുത്തെ സര്‍ക്കാരിലാണ് ജോലി.''
എതിരെയുള്ള ഇരിപ്പിടത്തില്‍ ഇരുന്നിരുന്ന ഗണ്‍പത് റാവു വാതില്‍ക്കല്‍ പകുതി മറഞ്ഞുനിന്നിരുന്ന ഭാര്യയുടെ നേരെ നോക്കി. 

''ഒന്‍പത് വയസ്സായി യമുനയ്ക്ക്'', ഭാര്യ വാതില്‍ക്കല്‍നിന്നു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: ''കാക്കാനൊന്നും സമയമില്ല. സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാത്ത നമുക്ക് ഒരു സര്‍ക്കാറുദ്യോഗസ്ഥനെ വരനായി കിട്ടുന്നതുതന്നെ ഭാഗ്യമാണ്.''

''നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍ അദ്ദേഹത്തോട് നാളെത്തന്നെ വരാന്‍ പറയാം.'' ആചാര്യന്‍ പറഞ്ഞു: ''അധികം കാക്കാന്‍ പറ്റില്ലല്ലോ, സര്‍ക്കാര്‍ ഉദ്യാസ്ഥനല്ലേ. വേറെയും ആലോചനകളുണ്ടാവും.''

ഗണ്‍പത് റാവു ഇരിപ്പിടത്തില്‍ തലതാഴ്ത്തിത്തന്നെ ഇരുന്നു. മുതിരും മുന്‍പേ മകളുടെ വിവാഹം കഴിഞ്ഞില്ലെങ്കില്‍ സ്വജാതിക്കാര്‍ പഴിപറയും. പിന്നെ തിരിഞ്ഞുനോക്കില്ല. പക്ഷേ, രണ്ടാം ഭാര്യയായാണ് മകള്‍ക്കു പോകേണ്ടിവരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ മനസ്സ് ആകെ വിങ്ങുന്നു. പഴയ പ്രതാപങ്ങളൊന്നും ഇപ്പോള്‍ സ്വജാതിയില്‍ വിലപ്പോയെന്നു വരില്ല. യമുനയടക്കം 'വാഡ'യിലെ കുട്ടികളെ പഠിപ്പിക്കാന്‍ വരുമ്പോള്‍ ഗോപാല്‍ റാവുവിന്റെ മുഖം ഗൗരവംകൊണ്ട് നിറഞ്ഞിരിക്കുന്നത് കണ്ടിട്ടുണ്ട്. പഠിക്കാന്‍ മിടുക്കത്തിയാണ് മകള്‍ എന്നു രണ്ടാഴ്ച മുന്‍പ് നേരിട്ടു കണ്ടപ്പോള്‍ ഗൗരവത്തില്‍ പറഞ്ഞിരുന്നു. മുന്നോട്ട് പഠിപ്പിക്കണമെന്നും.

പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് തെറ്റല്ലേ നമ്മുടെ രീതിക്ക് എന്നു തിരിച്ചു ചോദിച്ചപ്പോള്‍ ''അല്ല'' എന്നായിരുന്നു മുന്നൊ പിന്നൊ നോക്കാത്ത കല്ലേറുപോലെയുള്ള ഉത്തരം. 

കൂട്ടുകാരികള്‍ക്കൊപ്പം മുറ്റത്തുനിന്നു മുന്‍തളത്തിലേയ്ക്ക് ഓടിക്കയറിവന്ന യമുന അപരിചിതനെ കണ്ട് പെട്ടെന്നു നിന്നു. ''ആരാ വരുന്നത്?''

ഉത്തരം പറയാതെ തുള്ളിച്ചാടിവന്ന യമുനയെ അമ്മ പൊടുന്നനെ വാതിലിനു പിന്നിലേക്ക് പിടിച്ചുവലിച്ചു. 

''എന്നാല്‍ ഗോപാല്‍ റാവുവിനോട് വരാന്‍ പറയാം.'' ഗണ്‍പത് റാവു ശബ്ദം താഴ്ത്തി. ''ഇനി ഒക്കെ അവളുടെ വിധിപോലെ വരട്ടെ.''

മൂന്നാം ദിവസമാണ് യമുനയെ കാണാന്‍ ഗോപാല്‍ റാവു വന്നത്.

''എന്റെ ഭാര്യയായി വരുന്ന പെങ്കുട്ടിയെ ഞാന്‍ പഠിപ്പിക്കും.''  ഗണ്‍പത് റാവുവിന്റെ ആതിഥ്യം സ്വീകരിച്ച് ആട്ടുകട്ടിലിലിരിക്കുന്നതിനു മുന്‍പേ നിന്ന നില്‍പ്പിനു നിന്നുകൊണ്ട് ഗോപാല്‍ റാവു പറഞ്ഞു. ''ആദ്യമേ പറയുകയാണ്. സമ്മതമെങ്കില്‍ മാത്രം മുന്നോട്ട് പോകാം.'' ധാര്‍ഷ്ട്യത്തോളമെത്തുന്ന ഉറച്ച, നീക്കുപോക്കുകള്‍ അനുവദനീയമേ അല്ലെന്നു തോന്നിക്കുന്ന വാക്കുകള്‍.

''എന്ത്'' പരിഭ്രമവും സങ്കോചവും കൊണ്ട് വിറച്ചുപോയ യമുനയുടെ അമ്മ സാരിത്തലപ്പെടുത്ത് സ്വന്തം വായ് പൊത്തിപ്പിടിച്ചു: ''ഈശ്വരാ... അത് നാട്ടുനടപ്പല്ല... സ്വജാതികള്‍ ഞങ്ങളെ ജാതിയില്‍നിന്നു പുറത്താക്കും. പെണ്‍പഠിപ്പ് അവര്‍ സമ്മതിക്കില്ല. ഞങ്ങള്‍ എങ്ങനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും? പതിവു തെറ്റിച്ചാല്‍. പാപമാണത് എന്നു അറിയുന്നതല്ലേ?''

''എനിക്കു നിര്‍ബ്ബന്ധമില്ല. ഒരിക്കലും ഞാന്‍ നിങ്ങളെ നിര്‍ബ്ബന്ധിക്കുകയുമില്ല. പക്ഷേ, വിവാഹം കഴിക്കുകയാണെങ്കില്‍ ഞാനെന്റെ ഭാര്യയെ പഠിപ്പിക്കും. അതെന്റെ തീരുമാനമാണ്. ഞാന്‍ ഇറങ്ങട്ടെ. വെറുതെ സംസാരിച്ചിട്ടു കാര്യമില്ലല്ലോ.''

''ഒരു നിമിഷം നില്‍ക്കണേ'' ഒരാതിഥ്യവും സ്വീകരിക്കാതെ തിരിച്ചുപോകാന്‍ ഒരുങ്ങുന്ന ഗോപാല്‍ റാവുവിന്റെ മുന്നിലേക്ക് ഗണ്‍പത് റാവു വിനയത്തോടെ നീങ്ങിനിന്നു. അത് നാട്ടുനടപ്പനുസരിച്ചു ശരിയല്ലല്ലോ എന്നു സംശയിച്ചതാണേ. കാര്യമാക്കണ്ട. ഇരിക്കൂ.''

''എനിക്കൊരു വാശിയുമില്ല ഈ വിവാഹം തന്നെ നടത്തണമെന്ന്.'' ഗോപാല്‍ റാവു കൂടെ വന്നിരുന്ന ആചാര്യനു നേരെ കൈകൂപ്പി; അടുത്തിട്ടിരുന്ന പീഠത്തിലിരുന്നു. ''ഞാന്‍ എന്റെ ശരി പറഞ്ഞു. പെങ്കുട്ടികളെ പഠിപ്പിക്കണം എന്നാണ് എന്നുമുതലേ എന്റെ ഉറച്ച അഭിപ്രായം. അത് വേണ്ട എന്നു തോന്നുന്നവര്‍ ചെയ്യേണ്ട. പക്ഷേ, ഞാന്‍ എന്റെ അഭിപ്രായം മാറ്റില്ല. വരട്ടെ?''

''വയസ്സൊന്‍പത് കഴിഞ്ഞു. സര്‍ക്കാരു ജോലിയാണ്.'' ഇടനിലക്കാരനായി വന്ന ആചാര്യന്‍ പുറത്തേക്ക് നടക്കാനാഞ്ഞ ഗോപാല്‍ റാവുവിനു പിന്നില്‍ ഗണ്‍പത് റാവുവിനെ ശകാരിക്കുമ്പോലെ  നോക്കി. 

പടവുകള്‍ ഇറങ്ങാന്‍ തുടങ്ങിയിരുന്ന ഗോപാല്‍ റാവുവിനു മുന്നിലെ നടക്കല്ലില്‍ വഴിതടഞ്ഞെന്നപോലെ നിന്നു, ഗണ്‍പത് റാവു  ഗോപാല്‍ റാവുവിന്റെ മുന്നിലേയ്ക്കു കൈകൂപ്പി ഒരടികൂടി കയറിനിന്നു.

''ക്ഷമിക്കണം, ഞാന്‍ ഇതാ വരുന്നു. ഇങ്ങനെ ഇവിടെനിന്നു ഇറങ്ങിപ്പോകരുത്. അത് ഞങ്ങള്‍ക്ക് അപമാനമാണ്.'' 

ഒരക്ഷരം മിണ്ടാതെ നിന്ന ആചാര്യന്റെ മുഖഭാവത്തിന് മുന്നിലൂടെ ഗോപാല്‍ റാവു  പീഠത്തിലേയ്ക്കുതന്നെ മടങ്ങി.

അകത്തുനിന്നും ഗണ്‍പത് റാവു വന്നത് ഒന്‍പത് വാര സാരിയുടുത്ത ആഭരണങ്ങള്‍ അണിഞ്ഞ യമുനയുമായിട്ടാണ്.

''പേര്?'' ഗോപാല്‍ റാവു യമുനയെ നോക്കി. 

''യമുന'' -അമ്മ പറഞ്ഞു.

''കുട്ടിക്കറിയില്ലേ പേര്?'' ഗോപാല്‍ റാവുവിന്റെ ശബ്ദത്തിലെ കനം ഒരു കല്ലുപോലെ കനച്ചു. 

വിവാഹം നിശ്ചയിക്കപ്പെട്ടത് അതിവേഗത്തിലാണ്. ഭര്‍ത്തൃഗൃഹത്തിലെ ആദ്യപൂജയില്‍ വെച്ചു തന്നെ ആചാരപ്രകാരം യമുന പുതിയ പേരോടെ പുനര്‍ജ്ജനിച്ചു. ആനന്ദി. ആനന്ദി എന്നായിരുന്നു യമുനയ്ക്കു കിട്ടിയ പുതിയ പേര്. ഭര്‍ത്തൃഗൃഹം യമുനയ്ക്കു കല്‍പ്പിച്ച പേര്. യമുനയെ ആനന്ദി ഗോപാല്‍ ജോഷിയാക്കിയ പേര്.

വിവാഹിതരെങ്കിലും മുതിരുംവരെ ശ്വശുരഗൃഹത്തില്‍ പോകാതെ പെണ്‍കുട്ടികള്‍ അമ്മയുടെ വീട്ടില്‍ത്തന്നെ തുടരുകയെന്നതായിരുന്നു മഹാരാഷ്ട്രയിലെ അന്നത്തെ ആചാരം. വിവാഹം കഴിഞ്ഞ  ആദ്യ ദിവസംതന്നെ എല്ലാവരും നോക്കിനില്‍ക്കേ ഗോപാല്‍റാവു  ആനന്ദിക്ക് നല്‍കിയത് കുറെ പുസ്തകങ്ങളാണ്. അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ അവ വായിച്ചിരിക്കണമെന്ന ആജ്ഞയും! 

പൂജാമുറിയില്‍ ആനന്ദിയെ കെട്ടിപ്പിടിച്ച് അമ്മ ഓരോ ദിവസവും  പൊട്ടിക്കരഞ്ഞു. നിര്‍ത്താതെ സ്വയം ശപിച്ചു... മകളെ അക്ഷരം പഠിപ്പിക്കുന്നതിന്റെ കുറ്റബോധത്തില്‍ അവര്‍ പുസ്തകങ്ങള്‍ ഒളിപ്പിച്ചുവെച്ചുനോക്കി. ദൈവത്തോട് എന്തുത്തരം പറയുമെന്നാണവര്‍ ഭയത്തോടെ ഓര്‍ത്തത്. പക്ഷേ, ഗോപാല്‍ റാവു എങ്ങനെ പ്രതികരിക്കുമെന്ന പേടിയില്‍ അവര്‍ പിന്നെ  അവ തിരിച്ചു തന്നെ വെച്ചു. ആനന്ദിക്കുവേണ്ടി ഒരു കനല്‍ക്കട്ടപോലെ രാവും പകലും പുകയുമ്പോഴും അയല്‍ക്കാരെ നേരിടാതെ എങ്ങനെ വീട്ടിനകത്ത് ഒളിച്ചിരിക്കാം എന്നു മാത്രമായി അവരുടെ പരിഭ്രമം. ആനന്ദിക്ക് ദൈവം മാപ്പുകൊടുത്തെന്നു വരില്ല.  അതിന്റെ പാപം മുഴുവന്‍ ഒരു കുട്ട തീ പോലെ തലയിലേറ്റേണ്ടത് തങ്ങളാണ്. മാപ്പില്ലാത്ത ഈ വിധിക്ക് അവളെ എറിഞ്ഞുകൊടുത്ത, പത്തുവയസ്സു തികയും മുന്‍പ് എങ്ങനെയെങ്കിലും അവളെ ചെലവാക്കാന്‍ തിടുക്കപ്പെട്ട തങ്ങള്‍. തങ്ങളുടെ മാനം രക്ഷിക്കാന്‍! തങ്ങള്‍ ഭ്രഷ്ടരാവാതിരിക്കാന്‍ മകളെ ഉപേക്ഷിച്ചവര്‍. തങ്ങളാണ് കുറ്റവാളികള്‍. മാപ്പര്‍ഹിക്കാത്ത ദ്രോഹികള്‍. യമുനയുടെ അമ്മ ഒരു തീക്കുണ്ഡംപോലെ പുകഞ്ഞു. ഉറക്കെ ഉറക്കെ കരഞ്ഞു.

വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന അമ്മയുടെ നാടകങ്ങള്‍ അസഹ്യമായതിനാലാവണം അരിശം പൂണ്ട്, ഗോപാല്‍ റാവു ആനന്ദിയോടുപോലും പറയാതെ പടിയിറങ്ങിയത്. വിവാഹം കഴിഞ്ഞു ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. തിരിച്ചുവിളിക്കാന്‍ വാക്കുകള്‍പോലുമില്ലാതെ ഗണ്‍പത് റാവു നിന്നു വെറുങ്ങലിച്ചു. 

അതുകൂടി ആയതോടെ, അമ്മയുടെ തീരാത്ത അലമുറകള്‍ക്കു മുകളിലൂടെ പിന്നോട്ടൊന്നു നോക്കുകപോലും ചെയ്യാതെ നടന്നകലുന്ന അദ്ദേഹത്തെ, കണക്കുപട്ടികയും വാക്കുകളുടെ സ്പെല്ലിങ്ങും പഠിച്ചു രാത്രികളെ നേരിടേണ്ടിയിരുന്ന ആനന്ദി മുകള്‍നിലയിലെ ജനലഴികളിലൂടെ ഭര്‍ത്താവിനെ നിശ്ശബ്ദം നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഒരു നിഴല്‍പോലെ അകലെ മറയുന്ന ഭര്‍ത്താവ്... തിരിച്ചുവിളിക്കാന്‍ തനിക്കാവില്ല. അത് അനുവദനീയമല്ല. ഇനി തിരിച്ചുവരുമോ എന്നറിയില്ല. തീര്‍ച്ചയില്ല.

മുന്നോട്ട് പഠിക്കാന്‍ തനിക്കു കഴിഞ്ഞെന്നു വരില്ല. ആനന്ദി, ഭര്‍ത്താവ് തനിക്കു സമ്മാനമായി തന്ന, തന്നെ വല്ലാതെ മോഹിപ്പിക്കാന്‍ തുടങ്ങിയിരുന്ന പുസ്തകങ്ങളെ മാറത്തടുക്കി ഭര്‍ത്താവ് നടന്നുമറഞ്ഞ ഒഴിഞ്ഞ വഴിയിലേയ്ക്ക് വെറുതേ നോക്കിനിന്നു. പിന്നെ കണക്കുപട്ടിക ധൃതിയില്‍ ചൊല്ലാന്‍ തുടങ്ങി.
മാസങ്ങള്‍ക്കുശേഷം പിന്നെ ഗോപാല്‍ റാവു വന്നത് ആനന്ദി മുതിര്‍ന്നെന്ന വാര്‍ത്തകേട്ട് ആനന്ദിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായിരുന്നു. അപ്പോള്‍ ഇനി തനിക്കു പഠിക്കാം! തനിക്കു പുസ്തകങ്ങള്‍ കിട്ടും! താന്‍ മുതിര്‍ന്നെന്നറിഞ്ഞു തന്നെ വീട്ടിലേയ്ക്കു കൊണ്ടുപോകാനെത്തിയ ഗോപാല്‍ റാവുവിനോട് ആനന്ദി ഒന്നേ ആവശ്യപ്പെട്ടുള്ളൂ: ''എന്നെ തല്ലിക്കോളൂ, ശകാരിച്ചോളൂ. എന്തുവേണമെങ്കിലും ചെയ്‌തോളൂ. പക്ഷേ, എന്നെ വിട്ടുപോകരുത്.'' ഗോപാല്‍ റാവു ആദ്യമായി ആനന്ദിയെ നോക്കി ചിരിച്ചത്രേ. 

ശ്വശുരഗൃഹത്തിലെത്തിയപ്പോഴും ഗോപാല്‍റാവു ആദ്യം ആനന്ദിക്കു നല്‍കിയത് ഒരു കെട്ടു പുസ്തകങ്ങളായിരുന്നു. ഒപ്പം അവ പഠിച്ചുതീര്‍ക്കേണ്ട സമയപരിധിയും. വീട്ടിലുണ്ടാകാന്‍ പോകുന്ന ദോഷഫലങ്ങളെക്കുറിച്ചു പറഞ്ഞ് അമ്മായിയമ്മയും അമ്മയെപ്പോലെതന്നെ അലമുറയിട്ടു കരഞ്ഞു. ഗോപാല്‍ റാവുവിന്റെ കത്തുന്ന നോട്ടത്തിനു മുന്നില്‍ ശബ്ദിക്കാന്‍പോലും ധൈര്യമില്ലാതെ. കറുത്തുകരിഞ്ഞ മുഖവുമായി അമ്മ തനിക്കായി നീക്കിവെച്ചിരുന്ന വിധവയുടെ മൂലയിലേക്ക് ചുരുളാനേ അവര്‍ക്കും കഴിഞ്ഞുള്ളൂ. ആനന്ദി അമ്മായിയമ്മയുടെ മുഖത്തു നോക്കാതെ, പിന്നില്‍ നിലത്തേയ്ക്കു മാത്രം നോക്കിനിന്നു. 

പിറ്റേന്ന് അടുക്കളയില്‍, ചോറിനുള്ള അരി കഴുകി അടുപ്പത്തിടാന്‍ ആനന്ദിയോട് അമ്മ പറയുമ്പോഴാണ് ഗോപാല്‍ റാവു പുറത്തുനിന്നെത്തിയത്. പുസ്തകം വായിച്ചുനോക്കിയോ എന്ന ചോദ്യത്തിനു മുന്നില്‍ ആനന്ദി നിന്നു വിറച്ചു. പേടിച്ചരണ്ട് അമ്മായിയമ്മയുടെ പിന്നില്‍ ഒളിച്ചു. വിധവയായിരുന്ന അമ്മായിയമ്മ ഭക്ഷണം പാകം ചെയ്യരുതാത്തതാണെന്നു തനിക്കുമറിയാം. അരിയുടെ പാത്രം കയ്യില്‍നിന്നു വലിച്ച് താഴ്ത്തിട്ട് ഗോപാല്‍ റാവു നിന്നിടത്ത് നിന്നു തുള്ളിയപ്പോള്‍, പിന്നെ പുസ്തകങ്ങള്‍ വെച്ചിടത്തേയ്ക്ക് ആനന്ദിയെ വലിച്ചിഴച്ചപ്പോള്‍, നിലത്തു ചിതറിപ്പോയ അരി തൊടാന്‍ പേടിച്ച്  ഗോപാല്‍ റാവുവിന്റെ അമ്മ അടുപ്പിലെ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കു നോക്കി അന്തംവിട്ടു നിന്നു. വിധവ തൊട്ട ചോറ് അപശകുനമാണ്. വന്നുകയറിയ പെണ്ണിന്റെ പാപമാണ്. പലതവണ അമ്മ പറഞ്ഞുതന്നിട്ടുണ്ട്.

''പിന്നെ ആര് വെയ്ക്കും ചോറ്'' എന്ന അമ്മയുടെ ചോദ്യത്തിന്, ''അമ്മ'' എന്ന് ഗോപാല്‍ റാവു പറഞ്ഞ ഉത്തരം വീടു മുഴുവന്‍ മുഴങ്ങുന്നു. ''വിധവ വെച്ച ചോറുണ്ടാല്‍ ഏതാകാശമാണ് ഇടിഞ്ഞുവീഴുകയെന്നു നോക്കാം.'' ഗോപാല്‍ റാവു അലറി. ''അല്ലെങ്കില്‍ ഞാന്‍ വയ്ക്കാം ചോറ്. പക്ഷേ, ആനന്ദി ചെയ്യില്ല. പഠിക്കലാണ് അവളുടെ ജോലി.''

''ഇത്രയും കാലം പഠിച്ചതിനെല്ലാം എതിര്. പുസ്തകം വായിച്ചാല്‍ ഈശ്വരനോട് മാപ്പു പറയണമെന്നാണ് അമ്മ പഠിപ്പിച്ചത്. പുസ്തകം തൊടുന്നതു ശാപമാണ്, പെണ്‍കുട്ടികള്‍ പുറത്തു പോകുന്നതു പാപമാണ്. എന്നാല്‍, ഭര്‍ത്താവ് പറയുന്നത് അക്ഷരംപ്രതി അനുസരിക്കണം താനും. ആനന്ദി പിടഞ്ഞു: ആര്‍ത്തവം അശുദ്ധിയല്ലെന്നു പറഞ്ഞ് അടിക്കാന്‍ വടി ഓങ്ങിക്കൊണ്ട് ഭര്‍ത്താവ് പുസ്തകം മടിയിലേക്കിടുന്നു. പൂജാവിഗ്രഹം സാരിയില്‍     ഒളിപ്പിച്ചു പിടിച്ചു താന്‍ അവിടേയ്ക്ക് അടുക്കരുതെന്നു പറഞ്ഞ് അമ്മായിയമ്മ ഇരുട്ടിലിരുന്ന് ഉറക്കെ കരയുന്നു. ചന്തയിലേയ്ക്കു തന്നെ കൂട്ടിക്കൊണ്ടുപോയി ഒപ്പം കൈപിടിച്ചുനടന്ന്, പൂക്കാരന്റെ കയ്യില്‍നിന്നു പൂമാല വാങ്ങി പരസ്യമായി ഭാര്യയുടെ തലയില്‍ പൂചൂടിക്കാനാഞ്ഞ തന്റെ ഭര്‍ത്താവിനെക്കണ്ട് ഗ്രാമം മുഴുവന്‍ മൂക്കത്ത് വിരല്‍വയ്ക്കുന്നു. പുസ്തകം പക്ഷേ, കയ്യിലെടുക്കാതെ വയ്യ. അതു തുറന്നുതരുന്ന ലോകം വേറൊന്നാണ്. തിരിച്ചുവരാന്‍ തോന്നാത്ത അത്ഭുതങ്ങള്‍ നിറഞ്ഞ ലോകം. ആ ലോകം തുറന്നുകിട്ടിയ ആരും അതില്ലാത്ത ലോകത്തേയ്ക്കു മടങ്ങിവരാന്‍ ആഗ്രഹിക്കാറില്ല.

ശരിയേതെന്നും തെറ്റേതെന്നും ഒന്നും 13 വയസ്സുകാരി ആനന്ദിക്കു മനസ്സിലായില്ല. എത്ര പഠിച്ചാലും ആ പഠിപ്പൊന്നും ഗോപാല്‍ റാവുവിനെ തൃപ്തിപ്പെടുത്തുന്നുമില്ല. എത്ര വേണ്ടെന്നു പറഞ്ഞിട്ടും വീട്ടുജോലികള്‍ക്കും ഭര്‍ത്താവിന്റെ കഠിന അനുശാസനങ്ങള്‍ക്കുമിടയില്‍ ആനന്ദി ഞെരുങ്ങുന്നത് ഗോപാല്‍ റാവുവിനെ ശുണ്ഠിപിടിപ്പിച്ചുകൊണ്ടിരുന്നു. സ്ഥലം മാറ്റം മാത്രമായിരുന്നു ഗോപാല്‍ റാവു മുന്നില്‍ക്കണ്ട ഏക പോംവഴി. ആനന്ദിയെ പഠിപ്പിക്കാന്‍ ആലിബാഗിലേയ്ക്ക് ഗോപാല്‍ റാവു മാറ്റം വാങ്ങി. എതിര്‍ക്കാനും തടയാനും ആരുമില്ലാത്ത ശാന്തത. പുസ്തകങ്ങള്‍ക്കു നടുവില്‍ മുങ്ങിയ ആനന്ദിയുടെ മനസ്സില്‍ പതുക്കെ പതുക്കെ ചരിത്രവും ഭൂമിശാസ്ത്രവും ഗണിതവും ഇംഗ്ലീഷും കവിതയും നിറഞ്ഞു. ഗുരുശിഷ്യബന്ധമായിരുന്നു തങ്ങള്‍ക്കിടയിലെന്നു പറയുന്നതാവും കൂടുതല്‍ ശരിയെന്ന് ആനന്ദി ഗോപാല്‍ ആ നാളുകളെക്കുറിച്ച് പിന്നീട് ഓര്‍ക്കുന്നതു കാണാം. 

ആനന്ദി ​ഗോപാൽ ജോഷി പെൻസിൽവാനിയ വുമൻസ് മെഡിക്കൽ കോളജിൽ പഠിച്ചിരുന്ന കാലത്തെ ചിത്രം. കൂടെയുള്ളവർ അവർ പ്രതിനിധീകരിച്ച രാജ്യങ്ങളിലെ ആദ്യത്തെ വനിതാ ഡോക്ടർമാരായിരുന്നു
ആനന്ദി ​ഗോപാൽ ജോഷി പെൻസിൽവാനിയ വുമൻസ് മെഡിക്കൽ കോളജിൽ പഠിച്ചിരുന്ന കാലത്തെ ചിത്രം. കൂടെയുള്ളവർ അവർ പ്രതിനിധീകരിച്ച രാജ്യങ്ങളിലെ ആദ്യത്തെ വനിതാ ഡോക്ടർമാരായിരുന്നു

പുസ്തകങ്ങള്‍ വാതില്‍ തുറന്നിട്ട കാലം

യാതൊരു ദാക്ഷിണ്യവുമില്ലാത്ത, ശകാരങ്ങളും തല്ലും ഒക്കെ നിറഞ്ഞ ശിക്ഷണം. പക്ഷേ, ചുറ്റുമുള്ള സമപ്രായക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും അറിയാത്ത കുറെ കാര്യങ്ങള്‍ അതുകൊണ്ട് തനിക്കറിയാം. പുറത്താള്‍ക്കാരോട് സംസാരിക്കുമ്പോള്‍ പഴയ പേടിയില്ല. പുസ്തകങ്ങള്‍ തുറന്നിടുന്ന ലോകം എത്ര വലുതാണെന്നായിരുന്നു ആനന്ദി ആലോചിച്ചുപോയത്. നടന്നുതീരാത്ത വഴികള്‍. അറ്റമില്ലാത്ത അറിവുകള്‍. മറ്റു സ്ത്രീകളില്‍നിന്നു വ്യത്യസ്തമായ ഒരു ജീവിതം ജീവിക്കുന്നതിന്റെ സുഖവും സന്തോഷവും സൗകര്യവും ഒരുവശത്ത്. ഭാര്യയുടെ വിദ്യാഭ്യാസത്തില്‍ അഭിമാനിക്കുന്ന ഭര്‍ത്താവ് മറുവശത്ത്. പേടിപോയി സന്തോഷം മനസ്സില്‍ ഒരു നനവുപോലെ കിനിയാന്‍ തുടങ്ങുന്നത് ആനന്ദി ആദ്യമായി അറിഞ്ഞു.

''എന്റെ കുട്ടിക്കാലം മുതല്‍ കാണുന്നതാണ് വീട്ടിലെ പുരുഷന്മാര്‍ എല്ലാവരും പഠിക്കും. അവര്‍ തമ്മില്‍ പല കാര്യങ്ങളും സംസാരിക്കും. അതൊന്നും മനസ്സിലാകാതെ വീട്ടുപണികള്‍ മാത്രം ചെയ്ത് ആണുങ്ങളുടെ അഭീഷ്ടമനുസരിച്ചു പാചകം ചെയ്തും തുണിയലക്കിയും പൂജക്കൊരുക്കിയും മൃഗങ്ങളെപ്പോലെ ഒരറിവും നേടാതെ ജീവിച്ചുമരിക്കുന്ന കുറെ ശരീരങ്ങള്‍ അകത്തളങ്ങളിലും. ഒന്നും പഠിപ്പിക്കാതെ അവരുടെ അറിവില്ലായ്മയെക്കുറിച്ച് ആണുങ്ങള്‍ പുച്ഛിക്കുന്നതു കാണുമ്പോഴൊക്കെ രക്തം തിളച്ചിട്ടുണ്ട്. അന്നേ തീരുമാനിച്ചതാണ് പെണ്ണ് പഠിക്കണമെന്ന്. ഭാര്യയാണെങ്കില്‍ അനുസരിക്കേണ്ടിവരുമല്ലോ! അവളെ ഞാന്‍ പഠിപ്പിക്കും.''

വീട്ടിനകത്തെ ഇരുട്ടിലും പുറത്തെ കാറ്റിലും തുടരെത്തുടരെ മുഴങ്ങിയ ഗോപാല്‍ റാവുവിന്റെ  വാക്കുകള്‍. അനുസരിക്കാതിരിക്കാനാകാത്ത വാക്കുകള്‍. അതു തനിക്കിഷ്ടമായിരുന്നു എന്നത് ശരി. അല്ലെങ്കില്‍? അല്ലെങ്കില്‍ എന്തായിരുന്നെനേ തന്റെ വിധി!

ആനന്ദിഗോപാല്‍ അമ്മയാകുന്നത് 14-ാം വയസ്സിലായിരുന്നു. പ്രസവം നോര്‍മല്‍ ആയിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം കുഞ്ഞിന്റെ ആരോഗ്യനില വഷളാവാന്‍ തുടങ്ങി. വളരെ അകലെയുള്ള ഡോക്ടറെ തേടി അര്‍ദ്ധരാത്രിക്കു പുറപ്പെട്ട ഗോപാല്‍ റാവു ഡോക്ടറുടെ വീടിന്റെ അടഞ്ഞവാതില്‍ കണ്ടു സ്തംഭിച്ചുനിന്നുപോയി.

പിന്നെ, പോകാനുള്ളത് അടുത്തുള്ള വൈദ്യന്റെ അടുത്തേയ്ക്കാണ്. ഗോപാല്‍ റാവു അവിടേയ്ക്കു ഓടി. ഏറെ മണിക്കൂറുകള്‍ക്കുശേഷം തിരിച്ചെത്തുമ്പോഴേക്കും കുട്ടി ഉറങ്ങിക്കഴിഞ്ഞിരുന്നു. കുട്ടിയെ ഒരു നോക്ക് നോക്കി ഒന്നും പറയാതെ വൈദ്യന്‍ പുറത്തേയ്ക്കു നടന്നു.

''കഴിഞ്ഞു.'' ഗോപാല്‍ റാവുവിന്റെ തോളില്‍പ്പിടിച്ചു വളരെ പതുക്കെ പറഞ്ഞ വൈദ്യന്റെ മുഖത്തേയ്ക്ക് ആനന്ദി വെടിയേറ്റപോലെ നോക്കി.

ഇരുട്ടില്‍ ഓരോ നിമിഷവും എണ്ണിയെണ്ണി ഗോപാല്‍ റാവുവിനെ കാത്തുകാത്തിരുന്നപ്പോള്‍, കുട്ടിയുടെ കരച്ചില്‍ താണുതാണു വന്നത് ആശ്വാസമായാണ് തോന്നിയത്. അവസാനത്തെ ഉറക്കമായിരുന്നു അതെന്ന് ഒട്ടും മനസ്സിലായില്ല. വെറും ദിവസങ്ങള്‍ക്കുമുന്‍പ് മാത്രം നടന്ന പ്രസവം വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. അന്നുമുതല്‍ തുടങ്ങിയതാണ് ഉറക്കമൊഴിക്കല്‍. തളര്‍ച്ച വിയര്‍പ്പുപൊടിയും പോലെ തളര്‍ച്ച ഓരോ രോമകൂപങ്ങളിലും പൊടിയുന്നു. ഒരു ഡോക്ടര്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, കുഞ്ഞിനെ  രക്ഷപ്പെടുത്താന്‍ ആവുമായിരുന്നോ? 

കുട്ടിയുടെ ദേഹം കെട്ടിപ്പൊതിഞ്ഞു പുറത്തേയ്‌ക്കെടുക്കുന്നതിന്റെ ആചാരങ്ങള്‍ക്കു പിന്നിലെ ബഹളങ്ങള്‍ക്കിടയില്‍ തൊട്ടിലിനടുത്തിരുന്നിടത്തുനിന്ന് എഴുന്നേറ്റ് അകത്തെ ഇരുട്ടിലേയ്ക്കു നടക്കുമ്പോള്‍ ആനന്ദിയുടെ ചിന്ത തീപ്പന്തംപോലെ ആളി.  ചിതയില്‍നിന്നു പൊടുന്നനെ പുറത്തേയ്ക്കു തെറിച്ച ഒരു തീക്കൊള്ളിപോലെയുണ്ട് മനസ്സ്. ആനന്ദി പെട്ടെന്നു നിന്നു. ആവുമായിരുന്നിരിക്കണം. പക്ഷേ, ഒരു ഡോക്ടര്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അതാണ് കാരണമെങ്കില്‍ ഡോക്ടര്‍ അടുത്ത് ഉണ്ടാവുക എന്നത് എത്ര പ്രധാനമാണെന്നാണ് ആനന്ദി ആലോചിച്ചത്. അടുത്ത് ഡോക്ടര്‍ ഇല്ലാത്തതുകൊണ്ടാണ് ആള്‍ക്കാര്‍ പലരും മരിക്കുന്നത്. തന്റെ മകന്‍ മരണത്തിനടിമയായത്. 

''പഠിച്ചതിന്റെ ശാപം'', അമ്മ പറയുമായിരിക്കും. ''എത്ര പറഞ്ഞിട്ടും മകള്‍ ധിക്കരിച്ചു.''

ശരിക്കും ശാപം എന്നൊന്ന് ഉണ്ടോ? അത് അമ്മ പറയുമ്പോലെ തന്നെ പിന്തുടരുന്നുണ്ടാവുമോ? നിലത്ത്, ഒന്നും കാണാത്തപോലെ നിന്ന ഇരുട്ടിലേയ്ക്കു ചുരുണ്ടുകൂടുമ്പോള്‍ ഉള്ളില്‍ കുമിയുന്നത് കുറ്റബോധം മാത്രമാണ്. തിരുത്താന്‍ ഒരു വഴിയില്ല. ജീവിതം മുഴുവന്‍ ഒരു നെരിപ്പോടുപോലെ കനലുകൊണ്ടു നിറയും. അവസാനമില്ലാതെ നീറും.

''ഇങ്ങനെ എത്ര ദിവസം ആനന്ദി?'' മുറിയുടെ മൂലയ്ക്ക് ഇരുട്ടില്‍ നിശ്ശബ്ദതയുടെ പുറ്റെന്നപോലെയിരുന്ന ആനന്ദിക്കു മുന്നില്‍ ഇരുന്നു ഗോപാല്‍ റാവു. ''എത്ര ദിവസം? ചെയ്യാനാവുന്നതൊക്കെ നമ്മള്‍ ചെയ്തു. എന്നിട്ടും നാം തോറ്റുപോയി. പഠിക്കണ്ടേ? ഈ പട്ടിണികിടക്കലും നിശ്ശബ്ദതയും കൊണ്ട് എന്തുചെയ്യാനാവും? തോറ്റുകൊടുക്കാന്‍ എളുപ്പമാണ്, ആനന്ദി. അതിനാണോ നാം ഇറങ്ങിപ്പുറപ്പെട്ടത്? അതാണോ വേണ്ടത്? മനസ്സ് പൊള്ളുന്നു എന്നറിയാം. തണുക്കാന്‍ പുസ്തകമാണ് ഏറ്റവും നല്ല മരുന്ന്. നാളെ മുതല്‍...''

''ഇന്നു മുതല്‍...'' പുറത്തേയ്ക്കു നടക്കാനാഞ്ഞ ഗോപാല്‍ റാവുവിനു പിന്നില്‍നിന്ന് ആനന്ദി പിടഞ്ഞെണീറ്റു. ഇന്നു മുതല്‍ തുടങ്ങും ഞാന്‍. ഇനി നമ്മുടെ നാട്ടില്‍ ചികിത്സയില്ലാതെ, ഡോക്ടര്‍ ഇല്ലാതെ  ആരും മരിക്കരുത്. ഈ നാട്ടില്‍ നമുക്കു ധാരാളം ഡോക്ടര്‍മാര്‍ വേണം ഒരു ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ മകന്‍ മരിക്കില്ലായിരുന്നു. നമ്മളാണ് ഉത്തരവാദികള്‍. നാം പ്രായശ്ചിത്തം ചെയ്യണം; എനിക്കൊരു ഡോക്ടറാകണം!

ആണിയടിച്ചപോലെ ഗോപാല്‍ റാവു നിന്നിടത്തു നിന്നു. 

''ആനന്ദി സ്വബോധത്തില്‍ തന്നെയാണോ പറയുന്നത്! നമുക്ക് എത്തിപ്പിടിക്കാനാവാത്ത സ്വപ്നമാണതെന്ന് ആനന്ദിക്കുമറിയാം!'' 

ഒരുപാട് പണം വേണം. പുറത്തുപോയി പഠിക്കാന്‍ സൗകര്യം വേണം. ഗോപാല്‍ റാവു  കെന്തി: ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്കു പറഞ്ഞതല്ല അതൊന്നും...''

പക്ഷേ, ആനന്ദി ഉറച്ചുനില്‍ക്കുന്നു! 

ഏറെ കൂട്ടിക്കിഴിക്കലുകള്‍ക്കുശേഷം ഗോപാല്‍ റാവു നേരെ പോയത് തന്റെ സുഹൃത്തും മിഷണറിയുമായ ഫാദര്‍ വില്‍ഡറിന്റെ അടുത്തേക്കാണ്. 

''കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ പ്രവേശനമോ!'' വില്‍ഡര്‍ എന്തോ അസംബന്ധം കേട്ടപോലെ പൊട്ടിച്ചിരിച്ചു: ''ഒന്നാമത് ഇംഗ്ലീഷ് മീഡിയം. പിന്നെ, അതു വിദേശികളായ ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയം. അവിടെ എങ്ങനെ ആനന്ദി? നടക്കില്ല, അത് ഒരിക്കലും ശരിയാവില്ല, റാവു.''

''എന്തുകൊണ്ട്? ആനന്ദി ഇന്ത്യക്കാരിയായതുകൊണ്ടോ? തൊലി കറുത്തതായതുകൊണ്ടോ? ഹിന്ദുവായി ജനിച്ചുപോയതുകൊണ്ടോ? പെണ്ണായിപ്പോയതുകൊണ്ടോ? ഗോപാല്‍ റാവുവിന്റെ വായില്‍നിന്നു തീപ്പൊരിപോലെ ചിതറിയ ചോദ്യങ്ങള്‍ക്കു മുന്നില്‍ വില്‍ഡര്‍ പതറി, അമ്പരന്നു നിന്നു. ഇങ്ങനെ ഗോപാല്‍ റാവുവിനെ ഇതിനു മുന്‍പ് കണ്ടിട്ടില്ല.

''ആനന്ദിക്ക് ഇംഗ്ലീഷറിയാം. അല്ലെങ്കില്‍ അവള്‍ തോല്‍ക്കട്ടെ! ഉത്തരവാദി ഞാനാണ്.''

വിദേശ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന ഇംഗ്ലീഷുകാരി പെണ്‍കുട്ടികളുടെ ഇടയിലേക്ക് ഒന്‍പതുവാര സാരിയില്‍ പൊതിഞ്ഞ് ആനന്ദി! വില്‍ഡര്‍ നിന്നിടത്തുനിന്നു പുളഞ്ഞു. ഇംഗ്ലിഷ് വനിതകള്‍ ഒരിക്കലും അതു സഹിക്കില്ല. ബഞ്ചില്‍ ഒപ്പം ഇരുത്തിയെന്നുതന്നെ വരില്ല. ആനന്ദിക്ക് നിലത്തിരിക്കേണ്ടിവരും. തനിക്കാവും കുറ്റം!

ഗോപാല്‍ പക്ഷേ, സമ്മതിച്ചുതരില്ല. എളുപ്പം വഴങ്ങുന്ന ആളല്ല ഗോപാല്‍. സ്‌കൂളിന്റെ പ്രധാന അദ്ധ്യാപികയ്ക്കുള്ള ശുപാര്‍ശക്കത്തുമായല്ലാതെ ഗോപാല്‍ റാവു സ്ഥലം വിട്ടില്ല. അതാണ് ഗോപാല്‍. ഫാദര്‍ വില്‍ഡര്‍ കത്തെഴുതാന്‍ പേന കയ്യിലെടുത്തു.

കത്തുമായി സ്‌കൂളിലെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ അത്ഭുതത്തോടെ ചോദിച്ചത് ഗോപാല്‍ റാവു ശരിക്കും ഇതുദ്ദേശിക്കുന്നോ എന്നാണത്രേ. 

''അതെ.'' ഗോപാല്‍ റാവു മുഖമുയര്‍ത്തി. ''അതിലെന്താണ് തെറ്റ്?''

അദ്ധ്യാപിക അതിന് ഉത്തരമില്ലാതെ തലതാഴ്ത്തി നിന്നു.

ക്ലാസ്സില്‍ ബഞ്ചിലിരുന്ന കുട്ടികളില്‍നിന്നകന്ന്, അവരുടെ പുച്ഛച്ചിരികള്‍ക്കിടയില്‍, തോല്‍ക്കാനറിയില്ലെന്ന ചിരിയോടെ ആനന്ദി അവര്‍ക്കിടയില്‍ നിലത്തിരുന്നു. എന്നിട്ട് അവര്‍ക്കു പറയാനാകാത്ത ഉത്തരങ്ങള്‍ നിലത്തിരുന്ന് ഉറക്കെ പ്രതികാരംപോലെ വിളിച്ചുപറഞ്ഞു!

അയല്‍പക്കക്കാരും ഗ്രാമപഞ്ചായത്തുകാരും ആനന്ദിയുടെ സ്‌കൂള്‍ പോക്കുകണ്ട് അന്തംവിട്ടു അലമുറയിട്ടു: ഒരു മൂത്തു മുതിര്‍ന്ന പെണ്ണ് സ്‌കൂളില്‍ പോകുക! അതും വിദേശികളുടെ സ്‌കൂളില്‍! അതും ഇംഗ്ലീഷ് സ്‌കൂളില്‍! ഒരു ബ്രാഹ്മണ പെണ്‍കുട്ടി ക്രിസ്ത്യന്‍ വിദ്യാലയത്തില്‍ ഇംഗ്ലീഷ് പഠിക്കുക! കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാര്യം! നാട്ടുകാരെ മുഴുവന്‍ വെല്ലുവിളിക്കാമെന്നോ? അപമാനിക്കാമെന്നോ? നാണംകെടുത്താമെന്നോ? ഗ്രാമം മുഴുവന്‍ ഇതൊക്കെ കയ്യുംകെട്ടി കണ്ടുനില്‍ക്കുമെന്നോ?

ശകാരങ്ങളുടെ പരിഹാസങ്ങളുടെ ദിനങ്ങള്‍

ശകാരങ്ങള്‍. പുച്ഛത്തിലുള്ള പരിഹാസങ്ങള്‍. നിത്യവും വഴിയില്‍ നേരിടേണ്ടിവരുന്ന അപമാനങ്ങള്‍. മുഖം തിരിക്കലുകള്‍. വഴിവക്കില്‍നിന്നും വീട്ടില്‍ വന്നും അവര്‍ അസഭ്യങ്ങള്‍ വിളിച്ചുകൂവി. അതില്‍ ഫലമില്ലാതായപ്പോള്‍ വീടിന്റെ പടിക്കല്‍ ഗ്രാമവാസികള്‍ ഒത്തുകൂടി. കാലില്‍ക്കിടന്ന ചെരിപ്പുകള്‍ വീട്ടിനകത്തേയ്ക്ക് ഊക്കില്‍ വലിച്ചെറിഞ്ഞു.

''തെമ്മാടിത്തം.'' ഗ്രാമമുഖ്യന്‍ ആക്രോശിച്ചു. ''ഈ ഗ്രാമത്തെ അപമാനിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. പെണ്ണിനെ അഴിഞ്ഞാടാന്‍ വിടുന്നോ? സമ്മതിക്കില്ല ഞങ്ങള്‍. ബ്രഹ്മണനാണോ നിങ്ങള്‍? ഞങ്ങള്‍ നിങ്ങളെ വെറുതെ വിടില്ല. അനുഭവിക്കാന്‍ തയ്യാറായിക്കോളൂ. ഇതു നിങ്ങളുടെ പ്രശ്‌നമല്ല, ഗ്രാമത്തിന്റെ മുഴുവന്‍ അഭിമാനത്തിന്റെ പ്രശ്‌നമാണ്'' ഗ്രാമ മുഖ്യന്‍ ദേഷ്യംകൊണ്ട് വിറച്ചു കൊണ്ടിരുന്നു.

ആനന്ദി അമ്മായിയമ്മയ്‌ക്കൊപ്പം അകത്ത് എല്ലാം കേട്ട് അനക്കമറ്റിരുന്നു. ഗോപാല്‍ റാവു വീട്ടിലില്ല. രാത്രി, ഗോപാല്‍ റാവുവിന്റെ മകന്‍ കൃഷ്ണയെ കാണാതായപ്പോഴാണ് ഗ്രാമത്തിന്റെ ദേഷ്യത്തിന്റെ ആഴം റാവുവിനും ആനന്ദിക്കും മനസ്സിലായത്. കുട്ടിക്കുവേണ്ടിയുള്ള  തിരച്ചില്‍ ചെന്നെത്തിയത് അകലെയുള്ള കാട്ടിനുള്ളില്‍ കെട്ടിയിടപ്പെട്ട് നിലവിളിച്ചുകൊണ്ടിരുന്ന പന്ത്രണ്ടുകാരനിലാണ്. 

''താന്‍ കാരണം!'' ആനന്ദി ഒന്നാകെ തിളച്ചു. ''താന്‍ കാരണം!''

''ഇനി ചെറിയമ്മ സ്‌കൂളില്‍ പോണ്ട.'' കൃഷ്ണ മടിയില്‍ക്കിടന്നു നിര്‍ത്താതെ കരഞ്ഞു: ''എന്നെ അവര്‍ പിടിച്ചുകൊണ്ടുപോകും, ചെറിയമ്മേ! എനിക്കു പേടിയാവുന്നു. എന്നെ അവര്‍ കെട്ടിയിടും. തല്ലും...''

''അവരെന്നെ ഒരുപാട് തല്ലി.'' 

അമ്മായിയമ്മ മുറ്റത്തും വീട്ടിലും വന്നുവീണ ചെരിപ്പുകള്‍ ഒന്നും സംഭവിക്കാത്തപോലെ ഒന്നൊന്നായി പെറുക്കി ജോടി ചേര്‍ത്ത് അടുക്കിവച്ചു! മടങ്ങിവന്നവര്‍ക്ക് ഓരോന്നായി പേരു ചോദിച്ചു തിരിച്ചുകൊടുത്തു!
 
ക്ഷമയുടെ എല്ലാ അതിരുകളും തകരുകയാണ്. സ്‌കൂളില്‍ ദിവസവും കേള്‍ക്കുന്ന അശ്ലീല വാക്കുകള്‍ മുള്ളുകള്‍പോലെ തിരിയുമ്പോഴും മറിയുമ്പോഴും മേലാസകലം കുത്തുന്നു. നടക്കുമ്പോള്‍ പിന്നില്‍നിന്നെത്തുന്ന ഉന്തലുകള്‍. മുന്നോട്ട് മൂക്കുകുത്തി വീഴ്ത്തുന്ന തള്ളലുകള്‍. പരിഹാസച്ചിരികള്‍. കബളിപ്പിക്കലുകള്‍. എന്തുണ്ടായാലും മുന്‍പേ പറഞ്ഞിരുന്നതല്ലേ എന്ന മട്ടില്‍ ടീച്ചര്‍മാര്‍ മുഖംതിരിച്ചു. വിദേശികളായ സഹപാഠികള്‍ക്കിടയില്‍ ഒരു പുഴുപോലെ പിടയുമ്പോഴും ആകെ മനസ്സില്‍ ഉണ്ടായിരുന്നത് തനിക്കു രക്ഷിക്കാനാവാഞ്ഞ ഒരു പിഞ്ചുമുഖമാണ്. കുറ്റബോധത്തിന്റെ തീത്തുള്ളികള്‍ ചുരത്തുന്ന നെരിപ്പോടുപോലുള്ള സ്വന്തം മാറിടം അപ്പോഴൊക്കെ ചുകന്നുപൊള്ളി. സ്വന്തം ഗ്രാമം മുഴുവന്‍ ചാട്ടവാറുമായി മുന്നിലുണ്ട്. പെണ്ണ് പുറത്ത് പോയതിന്! ക്രിസ്ത്യാനിയെ തൊട്ടതിന്! ഇംഗ്ലീഷ് പഠിച്ചതിന്!

അടികൊണ്ട ഒരു പാമ്പിനെപ്പോലെ മനസ്സ് പടം നിവര്‍ത്തിനിന്ന ആ നിമിഷങ്ങളിലാണ് പിന്നില്‍നിന്നു തലയിലേയ്ക്കു പുസ്തകമെറിഞ്ഞ സഹപാഠിനിയെ എല്ലാം മറന്നു തല്ലിയത്. കാലങ്ങളായി ആരൊടൊക്കെയോ കൂട്ടിവച്ച രോഷം മാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍. 

ചുറ്റുമുള്ളവര്‍ ഇടിവെട്ടേറ്റപോലെ സ്തംഭിച്ചുനിന്നു. അധികാരിവര്‍ഗ്ഗത്തില്‍പ്പെട്ട വിദേശിയെ അടിമ അടിക്കുന്നു! കറുത്തു കനംതൂങ്ങിനിന്ന നിശ്ശബ്ദതയിലൂടെ സ്‌കൂളില്‍നിന്നു പുറത്തുകടക്കുമ്പോള്‍ കനത്തുകെട്ടിയ ആകാശംപോലെയായിരുന്നു മനസ്സ്. അറിയാം. ഒരു സ്‌കൂളിലും ഒരിക്കലും തനിക്കിനി പഠിക്കാനാവില്ല. ജീവിതത്തില്‍ ഒരിക്കലും താന്‍ ഡോക്ടറാവില്ല.

''മുന്നേ പറഞ്ഞിരുന്നതാണ് ഞാന്‍. പോട്ടെ, ഒരു വഴിയുണ്ട്.'' തന്റെ മുഖത്തുപോലും നോക്കാനാവാതെ തകര്‍ന്നടിഞ്ഞു. നിലംപറ്റി തന്റെ മുന്നിലിരുന്ന ഗോപാല്‍ റാവുവിനോട് ഫാദര്‍ വില്‍ഡര്‍ സ്വകാര്യംപോലെ പറഞ്ഞു: ''ക്രിസ്തുമതം സ്വീകരിക്കുക.''

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ജീവിതലക്ഷ്യമാക്കിയിരുന്ന ഗോപാല്‍ റാവുവിനു തന്റെ ലക്ഷ്യത്തിനു മുന്നില്‍ അതൊരു തടസ്സമായി തോന്നിയതേയില്ല. അല്ലെങ്കിലും ഹിന്ദുവും ബ്രാഹ്മണനും ഒക്കെയായി ജീവിച്ചുകിട്ടിയത് കുറെ ശാസനകളും കല്ലേറുകളുമാണ്. എന്താണ് വ്യത്യാസം? ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍.

''ഞാന്‍ ആല്‍ബര്‍ട്ട്.''

അള്‍ത്താരയ്ക്കു മുന്നില്‍ നില്‍ക്കെ ഗോപാല്‍ റാവു വില്‍ഡറിന്റെ കൈമുത്തി.

''ആനന്ദി, വിക്ടോറിയ.''

''പഠിക്കാനുള്ള വഴി തെളിയുമെങ്കില്‍'' ആനന്ദി സ്വയം പറഞ്ഞു.

''അതങ്ങനെയാകട്ടെ!'' 

''ആഭരണങ്ങളെല്ലാം അഴിച്ചുമാറ്റണം.'' വില്‍ഡര്‍ പറഞ്ഞു: ''അത് നിര്‍ബ്ബന്ധമാണ്.''

കമ്മലും വളയും അഴിച്ച് ആനന്ദി ഗോപാല്‍ റാവുവിനു നേരെ നീട്ടി.

''അതുകൂടി.'' വില്‍ഡര്‍ ആനന്ദിയുടെ കഴുത്തില്‍ കിടന്ന മംഗലസൂത്രത്തിലേയ്ക്കു വിരല്‍ചൂണ്ടി. ''എല്ലാം അഴിക്കണം.'' 

''പറ്റില്ല. ഇതു ഞാന്‍ അഴിക്കില്ല, അഴിക്കില്ല.'' പൊട്ടിത്തെറിക്കുംപോലെയാണ് ആനന്ദി പറഞ്ഞത്: ''ഭര്‍ത്താവ് ജീവിച്ചിരിക്കെ ഞങ്ങളത് ചെയ്യാറില്ല. ഞാനും അതു ചെയ്യില്ല.''

''വിശ്വാസമല്ല. പഠിപ്പാണ് പ്രധാനം, ആനന്ദീ.'' ഗോപാല്‍ റാവുവും പൊട്ടിത്തെറിച്ചു: ''അഴിക്കാനാണ് പറഞ്ഞത്. ഞാനാണ് പറയുന്നത്. വേറെ വഴിയില്ല.''

''തെറ്റോ ശരിയോ എന്നല്ല, ആരേയും ഉപദ്രവിക്കാത്ത എന്റെ വിശ്വാസത്തില്‍ കൈകടത്താന്‍ ഞാന്‍ ആരേയും അനുവദിക്കില്ല.'' ആനന്ദി തുടര്‍ന്നു. ''എന്റെ മതത്തെ ബഹുമാനിക്കാത്തവരുടെ മതം എനിക്കും ബഹുമാന്യമല്ല. എനിക്ക് ക്രിസ്ത്യാനിയാവണ്ട.''

തീരുമാനിച്ചുറച്ച കാല്‍വയ്പുകളോടെ തരിമ്പും കൂസാതെ ചര്‍ച്ചിനു പുറത്തേയ്ക്കു നടന്ന ആനന്ദിയുടെ പിന്നില്‍ ഗോപാല്‍ റാവു അമ്പരന്നു നിന്നു. ഈ ഭാവത്തില്‍ ആനന്ദിയെ ഇതിനുമുന്‍പ് കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ ആനന്ദി തന്റെ ശാസനത്തിനു വഴങ്ങുമെന്നു തോന്നുന്നില്ല. ആനന്ദിക്കു മുന്നിലേയ്ക്കു വയ്ക്കാന്‍ മറ്റൊരു വാദം തനിക്കുമില്ല. 

ഗോപാല്‍ റാവുവിന്റെ സ്വപ്നം ഒരു ചീട്ടുകൊട്ടാരംപോലെ തകരുകയായിരുന്നു. ഇതുവരെ ചെയ്തതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ മായുന്നു.  ആനന്ദി മുന്നോട്ട് പഠിക്കലുണ്ടാവില്ല.  എത്ര ശ്രമിച്ചിട്ടും എങ്ങനെയൊക്കെ ശ്രമിച്ചിട്ടും തോല്‍വി ഒരു വേട്ടനായയെപ്പോലെ തന്നെ പിന്‍തുടരുകയാണ്. 

''ഇങ്ങനെ നിരാശപ്പെടാതിരിക്കൂ.'' ജോലിയില്‍നിന്നു റിട്ടയര്‍ ചെയ്ത് ബ്രിട്ടനിലേയ്ക്ക് മടങ്ങിപ്പോയിരുന്ന ഫാദര്‍ വില്‍ഡറിന്റെ സ്ഥാനത്തേയ്ക്കു വന്ന ഫാദര്‍ ഗൊഹീന്‍ മാസങ്ങള്‍ക്കുശേഷം ഗോപാല്‍ റാവുവിനെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചു; ''വില്‍ഡര്‍ ബ്രിട്ടനില്‍ ഒരു പത്രം നടത്തുന്നുണ്ട്. മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള മിഷണറി റിവ്യൂ. അതിലേയ്ക്ക് ആനന്ദിയുടെ ഡോക്ടറാകാനുള്ള മോഹത്തെക്കുറിച്ച് ഒരു കത്തെഴുതണം. നമുക്കെഴുതാം. അദ്ദേഹം അതു പ്രസിദ്ധീകരിക്കാതിരിക്കില്ല.''

ഫാദര്‍ ഗൊഹീന്‍ അതു വെറുതെ പറഞ്ഞതായിരുന്നില്ല. ഗോപാല്‍ റാവുവിനെ കടപ്പാടിന്റെ പേരില്‍ മതം മാറ്റുക എന്ന ചിന്തയായിരുന്നു ആ നിര്‍ദ്ദേശത്തിനു പിന്നില്‍. എന്തു പരീക്ഷിക്കാനും തയ്യാറായിരുന്ന റാവുവിന് അതൊരു അവസാന വയ്‌ക്കോല്‍ തുരുമ്പായി ആണ് തോന്നിയത്. ആനന്ദിയെ പഠിപ്പിക്കാന്‍ എന്തുചെയ്യാനും തയ്യാറായിരുന്ന ഗോപാല്‍ റാവു ഗൊഹീന്‍ പറഞ്ഞതനുസരിച്ച് ഫാദര്‍ വില്‍ഡറിനു കത്തെഴുതി. ആവശ്യക്കാരന് ഔചിത്യമില്ല എന്നു പറയുംപോലെയായിരുന്നു അത്.

നഷ്ടപ്പെടാന്‍ ഒന്നുമില്ല. കിട്ടിയാല്‍ ഒരു സ്വപ്നസാക്ഷാല്‍ക്കാരമാവും. തികച്ചും അപ്രതീക്ഷിതമായിരുന്നു ഫാദര്‍ വില്‍ഡര്‍ക്കു ആ കത്ത്. കത്ത് കിട്ടിയതും വില്‍ഡര്‍ വീണ്ടും ആശങ്കാകുലനായി. ലോകമെമ്പാടുമുള്ള മിഷണറി പ്രവര്‍ത്തനവിവരങ്ങള്‍ നല്‍കുന്ന ഒരു പ്രസിദ്ധീകരണത്തില്‍ ഒരു ഹിന്ദു പെണ്‍കുട്ടിയുടെ ഇത്തരത്തിലുള്ളൊരു കത്ത് പ്രസിദ്ധീകരിക്കുന്നത് അസ്ഥാനത്താകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. താന്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം!    

മെഡിക്കൽ പഠന കാലത്ത് ആനന്ദി തന്റെ സഹ പാഠികൾക്കൊപ്പം മനുഷ്യ ശരീര പഠനത്തിൽ 
മെഡിക്കൽ പഠന കാലത്ത് ആനന്ദി തന്റെ സഹ പാഠികൾക്കൊപ്പം മനുഷ്യ ശരീര പഠനത്തിൽ 

ജീവിതം മാറ്റിമറിച്ച കത്ത്

ഒരുപാട് കൂട്ടിക്കിഴിക്കലുകള്‍ക്കുശേഷം രണ്ടും കല്പിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ച ആ കത്ത്, ഒരു ഡോക്ടറുടെ ക്ലിനിക്കില്‍ തന്റെ ഊഴം കാത്തിരിക്കുന്നതിനിടയില്‍ മറിച്ചുനോക്കിയ പേപ്പറില്‍ വായിക്കാനിടയായ കാര്‍പെന്റര്‍ എന്ന സ്ത്രീയുടെ മനസ്സില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കിയെന്നത് ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്. അമേരിക്കയില്‍ച്ചെന്നു പഠിക്കാന്‍ ആനന്ദിക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് മിസ്സ് കാര്‍പെന്റര്‍ എഴുതിയ കത്ത് കയ്യില്‍പ്പിടിച്ച് ഗോപാല്‍ റാവു അന്തംവിട്ടിരുന്നു. ഇതു സത്യമാകാന്‍ വഴിയില്ല! കത്ത് തിരിച്ചും മറിച്ചും നോക്കി, മാറിമാറി കയ്യില്‍പ്പിടിച്ചു. വീണ്ടും വീണ്ടും റാവു അതു വായിച്ചുനോക്കി. പിന്നെ ഭ്രാന്ത് പിടിച്ചവനെപ്പോലെ ആനന്ദിയുടെ അടുത്തേയ്ക്ക് ഓടി.

സത്യമോ ഇത്? വിശ്വസിക്കാനാവുന്നില്ല!  ആനന്ദി പഠിച്ചേക്കും! ഡോക്ടര്‍ ആയേക്കും!

കത്ത് ആനന്ദിയുടെ കയ്യില്‍ കൊടുത്തു, ഗോപാല്‍ റാവു വാക്കുകള്‍ നഷ്ടപ്പെട്ടവനെപ്പോലെ ആനന്ദിയുടെ അടുത്ത് ഒരുപാട് നേരമിരുന്നു. ഒരുവരി കത്ത് ഒരു ജീവിതം മാറ്റിമറിക്കുന്നു. ഒരുപാട് പെടാപ്പാടുകള്‍ക്കുശേഷം ആനന്ദിയുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ചേക്കും!

ജോലിയില്‍ സ്ഥലമാറ്റം കിട്ടിയ ഭര്‍ത്താവിനൊപ്പം കല്‍ക്കത്തയില്‍ എത്തിയിരുന്ന ആനന്ദിക്ക് കല്‍ക്കത്ത നല്‍കിയത് സംസ്‌കൃതവും ഇംഗ്ലീഷും നന്നായി പഠിക്കാനുള്ള അവസരങ്ങളും കൂടിയായിരുന്നു. ആനന്ദി അതു വേണ്ടുവോളം ഉപയോഗിച്ചു.

മിസ്സ് കാര്‍പെന്റര്‍ക്ക് ആനന്ദി ഇംഗ്ലീഷില്‍ത്തന്നെ മറുപടി എഴുതി. ബഹുമാനപൂര്‍വ്വം അവരെ ആന്റി എന്നു സംബോധന ചെയ്തുകൊണ്ട് ഇന്ത്യന്‍ ജീവിതരീതികളേയും ഇന്ത്യയിലെ സ്ത്രീയുടെ അവസ്ഥയേയും ഇന്ത്യയില്‍ വിധവകള്‍ക്കു നേരിടേണ്ടിവരുന്ന, ഏതാണ്ട് സമൂഹഭൃഷ്ടിനോടൊപ്പം നില്‍ക്കുന്ന സാഹചര്യങ്ങളേയും കുറിച്ചൊക്കെ നിരന്തരം ആനന്ദി അവര്‍ക്കെഴുതിക്കൊണ്ടിരുന്നു. പക്ഷേ, അപ്പോഴൊക്കെയും അമേരിക്കയിലെത്തിപ്പെടാനുള്ള പണം ആനന്ദിയുടെ മനസ്സില്‍ ഒരു വലിയ ചോദ്യചിഹ്നമായിത്തന്നെ നിന്നു. അവിടെയെത്തിയാലുള്ള സഹായങ്ങളെക്കുറിച്ചാണ് കാര്‍പെന്റര്‍ എന്നും സംസാരിച്ചത്. അതായത് അവിടെ എത്തുക എന്നത് തന്റെ ചുമതലയാണ്.

ആനന്ദിയുടെ മഹാരാഷ്ട്രിയന്‍ ഉടുപുടവയും ഭക്ഷണരീതികളും അക്കാലത്തെ മറ്റു സ്ത്രീകള്‍ ഒരിക്കലും ചെയ്യാത്തതുപോലെ ഭര്‍ത്താവിനോടൊപ്പമുള്ള പുറത്തുപോക്കും ഇംഗ്ലീഷ് പഠിത്തവും അമേരിക്കയില്‍ പോയി പഠിച്ച് ഡോക്ടറാകാനുള്ള 'അത്യാഗ്രഹ'വും ഒക്കെ കാരണം ബംഗാളില്‍ നേരിടേണ്ടിവന്ന സാമൂഹികമായ ഒറ്റപ്പെടുത്തലും സാമ്പത്തികമായ ഞെരുക്കങ്ങളും ഒരു പൊട്ടിത്തെറിയുടെ വക്കത്തെത്തിച്ചപ്പോഴാണ് ഉല്‍പതിഷ്ണുവായ ഗോപാല്‍ റാവു ആനന്ദിയുടെ അമേരിക്കന്‍ പോക്കിനെക്കുറിച്ചു പൊതുജനങ്ങളോട് തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചത്. പല പ്രധാനികളേയും ക്ഷണിച്ച് കല്‍ക്കത്തയിലെ ഒരു കോളേജില്‍ ഒരു സമ്മേളനം ഗോപാല്‍ റാവു വിളിച്ചുകൂട്ടി. കോളേജിലെ ആ സമ്മേളനഹാളില്‍ ആയിരത്തിലധികം സദസ്യരെ അഭിസംബോധന ചെയ്യാന്‍ ഗോപാല്‍ റാവു തയ്യാറെടുക്കുമ്പോഴാണ്, തന്റെ മനസ്സിലുള്ളത് താന്‍ തന്നെ സംസാരിക്കാമെന്ന് ആനന്ദി പരസ്യമായിത്തന്നെ ശഠിച്ചത്. ഇന്ത്യക്കാര്‍ മാത്രമല്ല, വിദേശികളും അദ്ധ്യാപകരും എന്തിന്, കോളേജിന്റെ ഡീന്‍പോലും സന്നിഹിതരായിരുന്ന സദസ്സായിരുന്നു അത്. 16-17 മാത്രം വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് സംസാരിക്കാന്‍ പോകുന്നത് എന്നത് ഏവരേയും അത്ഭുതപ്പെടുത്തി. സദസ്യര്‍ ആകാംക്ഷാഭരിതരായി ആനന്ദിയുടെ വാക്കുകള്‍ക്കു കാത്തിരുന്നു!

ആനന്ദി തുടങ്ങിയത് ഇംഗ്ലീഷിലാണ്. ''എനിക്കൊന്നേ പറയാനുള്ളൂ'' പതറാത്ത ശബ്ദത്തില്‍ ആനന്ദി തുടങ്ങി. ''ചികിത്സയ്ക്കായി പുരുഷ ഡോക്ടര്‍മാരെ സമീപിക്കാന്‍ സങ്കോചപ്പെടുന്ന ഇവിടത്തെ സ്ത്രീകളെ ചികിത്സിക്കാന്‍ നമുക്കു വനിതാഡോക്ടര്‍മാര്‍ വേണം. എന്റെ മകന്‍ ചികിത്സകിട്ടാതെ മരിക്കാനിടയായതുപോലെ മറ്റൊരു കുട്ടിയും ഇനിയിവിടെ മരിക്കാന്‍ ഇടവരരുത്. ഇന്ന് ഇന്ത്യയില്‍ ലഭിക്കുന്ന നഴ്സിങ്ങ് ട്രെയിനിങ്ങ് തീരെ നിലവാരമില്ലാത്തതും അപൂര്‍ണ്ണവും സ്ത്രീകളോട് പക്ഷഭേദപരമായതുമാണ്. അതിനാല്‍ മാത്രമാണ് ഞാന്‍ അമേരിക്കയില്‍ പോയി പഠിക്കാനാഗ്രഹിക്കുന്നത്. ഇന്ത്യയ്ക്ക് ഏറെ വനിതാഡോക്ടര്‍മാരെ ആവശ്യമുണ്ട്.'' അവര്‍ തുടര്‍ന്നു: ''എന്റെ രാജ്യവും എന്റെ സംസ്‌കാരവും എന്റെ മതവും എന്റെ അഭിമാനമാണ്.'' ആനന്ദിയുടെ വാക്കുകള്‍ ആത്മവിശ്വാസം കൊണ്ട് മുഴങ്ങി. ''ഈശ്വരനിലേക്കുള്ള വഴികള്‍ പലതും വ്യത്യസ്തവുമാകാം. അതിനാല്‍ത്തന്നെ ഞാന്‍ ശീലിച്ച മതത്തിലൂടെയും അവിടെയെത്താനാകും. അതുകൊണ്ടു മറ്റൊരു മതം സ്വീകരിക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.'' (ഈ നിലപാട്, ജീവിതത്തിന്റെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും ആനന്ദി സ്വീകരിക്കുന്നതു നമുക്കു കാണാം.)

സദസ്സ് മുഴുവന്‍ സ്തബ്ധരായി ശ്വാസം പിടിച്ച് ആനന്ദിയെ നോക്കിയിരുന്നു. വെറും 17-18 വയസ്സായ ഒരു പെണ്‍കുട്ടിയില്‍നിന്നു പ്രതീക്ഷിച്ച വാക്കുകളായിരുന്നില്ല അവ. സത്യസന്ധവും ആത്മാര്‍ത്ഥവുമായ വാക്കുകള്‍! സമ്മേളനത്തില്‍ പങ്കെടുത്ത പലരേയും ആ വാക്കുകള്‍ ആവേശിച്ചത്, ഇന്ത്യന്‍ സാമൂഹികാവസ്ഥയെ നേര്‍ക്കുനേര്‍ നിര്‍ത്തിയ ഒരു വെളിപാടുപോലെയാണ്. സഹായങ്ങള്‍ ഒഴുകി. 

അതുവരെ പ്രതീക്ഷിച്ചപോലെ, ഗോപാല്‍ റാവുവിന് അമേരിക്കയില്‍ ഒരു ജോലി ലഭിക്കുക എന്നത് അസാധ്യമാണെന്ന് അപ്പോഴേക്കും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരുന്നു. അതിനര്‍ത്ഥം ആനന്ദി ഒറ്റയ്ക്ക് അമേരിക്കയിലേയ്ക്കു പോകുക എന്നായിരിക്കും. പിന്നെ രണ്ടാള്‍ക്കുള്ള യാത്രാച്ചെലവ് എന്നതും ബുദ്ധിമുട്ടായിക്കൊണ്ടിരുന്നു. കയ്യെത്തുന്നതിനപ്പുറത്താവും അത്. 

അമേരിക്കയിലേയ്ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ ചെയ്യുക എന്നത്, പ്രത്യേകിച്ചും സാമ്പത്തികമായി, ഗോപാല്‍ റാവുവിനു വല്ലാത്ത ബുദ്ധിമുട്ടുതന്നെയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതിരിക്കെ, ആദ്യ ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ ഗോപാല്‍ റാവുവിനു കൊടുത്തുകൊണ്ട്  അമ്മ പറഞ്ഞത് ''ആനന്ദി ഡോക്ടറാവട്ടെ'' എന്നായിരുന്നത്രെ!

ഗോപാല്‍ റാവു കരഞ്ഞു. ഒരുപക്ഷേ, അമ്മയുടെ മുന്നില്‍ ആദ്യമായി! ജീവിതത്തിന്റെ പ്രതിസന്ധികളില്‍ പലരും തീരെ പ്രതീക്ഷിക്കാതെ വിപ്ലവങ്ങളില്‍ പങ്കുചേരുന്നതിങ്ങനെയാണ് എന്നാണ് ആനന്ദി പിന്നീടിതിനെക്കുറിച്ചോര്‍ക്കുന്നത്. 

പുസ്തകം വായിക്കുന്നതിനു ശകാരിച്ച, മുഖം കറുപ്പിച്ച, ഉറക്കെ ശപിച്ചു നിലവിളിച്ച അമ്മായിയമ്മ! ആനന്ദി ഓര്‍ത്തു: അവരാണ് തനിക്കീ അവസരം സാധ്യമാക്കുന്നത്! ശകാരങ്ങള്‍, ഭര്‍ത്സനങ്ങള്‍, എതിര്‍പ്പുകള്‍ എല്ലാം ഇനി നേരിടേണ്ടിവരുന്നത് അവര്‍ക്കാണ്. 

എന്തിന്? എന്തിന്? ആനന്ദി ഒന്നടങ്കം പിടഞ്ഞു: ''ഒരിക്കലും വീട്ടാനാകാത്ത ഈ കടം തനിക്കു തരാന്‍ എന്തായിരിക്കും അവരെ പ്രേരിപ്പിച്ചിരിക്കുക?'' ഉത്തരങ്ങളില്ലാത്ത  പല ചോദ്യങ്ങളും ജീവിതത്തില്‍ ചിതറിക്കിടക്കുകയാണ്. 

കപ്പലില്‍ ഒരുമാസം കഴിയണം. ഒറ്റയ്ക്കുള്ള, ഒന്നുമറിയാത്ത അന്യദേശത്തേക്കുള്ള യാത്രയാണ്.  മിസ്സ് കാര്‍പെന്ററിന്റെ പരിചയവലയത്തില്‍പ്പെട്ട രണ്ടു മിഷണറി സ്ത്രീകളായിരുന്നു കപ്പലിലെ കൂട്ട്. തികച്ചും അപരിചിതര്‍. ജീവിതരീതികളില്‍ ഒന്നും പൊതുവായില്ലാത്തവര്‍.

''ഒറ്റയ്ക്ക്.'' ഗോപാല്‍ റാവു ഒന്നു നിര്‍ത്തി. ''ഒറ്റയ്ക്കു പോകാമോ ആനന്ദി?''

''പിന്നില്ലാതെ!'' ആനന്ദി ചിരിച്ചു: ''പഠിക്കാതെ പറ്റില്ലല്ലോ!''

കത്തില്‍ പറഞ്ഞപോലെ കുടുംബസമേതം കാത്തുനിന്നിരുന്ന കാര്‍പെന്റര്‍ക്കു മുന്നില്‍, മഹാരാഷ്ട്രിയന്‍ രീതിയില്‍ ഒന്‍പത് വാര സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് ആനന്ദി കപ്പലിറങ്ങി. ഇന്ത്യന്‍ സ്ത്രീകളുടെ ചരിത്രത്തിലെ ഒരു വലിയ അധ്യായം ആ കാല്‍പ്പാദങ്ങളില്‍ നിന്നാരംഭിക്കുകയായിരുന്നു എന്ന് അന്നാരും തിരിച്ചറിഞ്ഞില്ല.

മിസ്സ് കാര്‍പെന്റര്‍, ആനന്ദിക്കുവേണ്ടി താമസസൗകര്യവും മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കാനാവശ്യമായ എല്ലാം മുന്‍പേതന്നെ ഒരുക്കിക്കൊണ്ടാണ് ആനന്ദിയെ സ്വീകരിക്കാനെത്തിയിരുന്നത്.  അങ്ങനെ 1883-ല്‍, ഫിലാഡല്‍ഫിയയിലെ വുമന്‍സ് മെഡിക്കല്‍ കോളേജ് ഓഫ് പെന്‍സില്‍വാനിയയില്‍ പ്രവേശനത്തിനായി ആനന്ദി അപേക്ഷിച്ചു. 19 വയസ്സായിരുന്നു ആനന്ദിക്കപ്പോള്‍. മൂന്നു വര്‍ഷത്തെ കോഴ്സ്. ഇന്നത്തെപ്പോലെയല്ലാതെ, മുന്‍ വിദ്യാഭ്യാസ സാക്ഷ്യപത്രങ്ങളൊന്നുമില്ലാതെ ആനന്ദി ആ മെഡിക്കല്‍ കോളേജിന്റെ പടവുകള്‍ കയറി. 

ഒരു കടലാണ് മുന്നില്‍... ആ കോളേജിന്റെ മുന്നില്‍ ആദ്യമായി എത്തിയപ്പോള്‍ ആനന്ദിയുടെ മനസ്സ് ഒന്നു വിറച്ചു. ''നീന്താന്‍ പറ്റുമെന്നുപോലും ഉറപ്പില്ല. ഭാര്യയെയല്ല, പഠിക്കാനാഗ്രഹിച്ച ഒരു പെണ്‍കുട്ടിയെയാണ് ഗോപാല്‍ റാവു കപ്പല്‍ കയറ്റി അയച്ചത്.''

''ഇത്രയും എത്തിച്ചു.'' കപ്പല്‍ കയറുന്നതിനു തൊട്ടുമുന്‍പ് ബോട്ടിലേയ്ക്ക് കയറുമ്പോള്‍ ഗോപാല്‍ റാവു പറഞ്ഞിരുന്നു: ''ഇനി ഒറ്റയ്ക്ക് തുഴയണം.'' ഒറ്റയ്ക്ക് എന്ന ആ വാക്കിലേക്ക് കുറച്ചുനേരം ആനന്ദി നോക്കിനിന്നു.

അമേരിക്കയില്‍ കാല് കുത്തിയതു മുതല്‍ തണുപ്പ് ഒരു ശത്രുവിനെപ്പോലെയാണ് പെരുമാറുന്നത്. ഇവിടേയ്ക്ക് വരുമ്പോള്‍ ഈ തണുപ്പിനെക്കുറിച്ചു വേണ്ടത്ര ബോധമില്ലായിരുന്നു എന്നതാണ് സത്യം. തണുപ്പിന് ഇത്രയും ക്രൂരമാകാമെന്നത് പുതിയ അറിവാണ്. കാല്‍വണ്ണകള്‍ പൂര്‍ണ്ണമായും മൂടാത്ത മഹാരാഷ്ട്രിയന്‍ സാരിക്കു മീതെ ഒരു കോട്ട് മാത്രമണിഞ്ഞ് തണുത്തുവിറച്ച് തുടര്‍ച്ചയായി ക്ലാസ്സിലിരിക്കേണ്ടിവന്നപ്പോഴാണ് സഹികെട്ട് കാലുകള്‍ മൂടുന്ന വിധത്തിലുള്ള വസ്ത്രധാരണത്തെക്കറിച്ച് ആനന്ദി ആദ്യം ചിന്തിച്ചുപോയത്. മറ്റുള്ള ഇന്ത്യന്‍ സ്ത്രീകള്‍ ധരിക്കുന്ന ആറുവാര സാരിയിലേയ്ക്കു മാറിയാല്‍ കാല്‍വണ്ണ മുഴുവന്‍ മൂടാം. ആറുവാര സാരിയിലേക്കു മാറാന്‍ അതായിരുന്നു കാരണം. കാല്‍വണ്ണകളില്‍ കടിക്കുംപോലെ വരുന്ന തണുപ്പിനെ കുറച്ചെങ്കിലും തടയാന്‍ അതേ വഴിയുള്ളൂ. പക്ഷേ, ആറുവാര സാരിയുടുത്ത ആനന്ദിയുടെ ഫോട്ടോ കണ്ടതും ഗോപാല്‍ റാവു കോപംകൊണ്ടു തിളച്ചു. ഫോട്ടോവിലെ ആനന്ദിയുടെ ചിരിയാണേറെ ശുണ്ഠിപിടിപ്പിച്ചത്. 

''ആര്‍ക്കു നേരെയാണാ ചിരി?''  ഗോപാല്‍ റാവു മറുപടിയില്‍ പൊട്ടിത്തെറിച്ചു. ആ ചോദ്യത്തില്‍ വിഷംപോലെ നിറഞ്ഞ അസഹിഷ്ണുത ആനന്ദി കണ്ടത് എന്തെന്നില്ലാത്ത അവിശ്വസനീയതയോടെയാണ്. 

എല്ല് തുളയും തണുപ്പും പിടിമുറുക്കിയ ക്ഷയവും

''അമേരിക്കയിലാണെന്നുവച്ച് അവരെപ്പോലെ വസ്ത്രം ധരിക്കണമെന്നോ ആ ശീലങ്ങള്‍ അനുകരിക്കണമെന്നോ ഇല്ല.'' മുള്ള് വെച്ച ആ വാക്കുകളില്‍ നോക്കി ആനന്ദി അന്തംവിട്ടുപോയി.  തന്റെ ആരോഗ്യത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരുന്ന കോച്ചിവലിക്കുന്ന തണുപ്പ് ഗോപാല്‍ റാവുവിന് ഒരു പ്രശ്‌നമല്ല! മറിച്ച് വസ്ത്രധാരണത്തിലെ പുതുമയാണ് പ്രശ്‌നം!

കത്ത് കയ്യില്‍ പിടിച്ച് ആനന്ദി കുറേ നേരം കൂടി പുറത്തു വെറുതേയിരുന്നു. അമേരിക്കയില്‍ പോകാന്‍വേണ്ടി ക്രിസ്തുമതം സ്വീകരിക്കാനും മിഷണറിവരെയാകാനും തയ്യാറായ ആള്‍! പെണ്‍ വിദ്യാഭ്യാസത്തിനുവേണ്ടി ഏത് എതിരുകളേയും നേരിടാന്‍ തയ്യാറായ ഉല്‍പ്പതിഷ്ണു! ഹിന്ദുമതാചാരങ്ങളെ തള്ളിപ്പറയാനും ധിക്കരിക്കാനും ധൈര്യം തന്നയാള്‍!

പക്ഷേ, ഭര്‍ത്താവാകുമ്പോള്‍ സമവാക്യങ്ങള്‍ ആകെ തകിടം മറിയുന്നു. പറയുന്ന ആദര്‍ശങ്ങളും വൈയക്തികാനുഭവങ്ങളും കൊമ്പുകോര്‍ക്കുകയാണ്. 

''കോച്ചിവലിക്കുന്ന തണുപ്പിനെക്കുറിച്ചും ഇടയ്ക്കിടയ്ക്ക് മുറതെറ്റാതെ തന്നെ പിടികൂടാന്‍ തുടങ്ങിയിരുന്ന ചുമയേയും പനിയേയും കുറിച്ചും എഴുതാതിരുന്നത് അതിനാല്‍ മനപ്പൂര്‍വ്വമായിരുന്നു. അകലെ അവിടെയിരുന്ന് പരിഭ്രമിക്കാനല്ലാതെ ആര്‍ക്ക് എന്തു ചെയ്യാനാവുമെന്നു കരുതി.''

വാക്കുകള്‍ മുറിഞ്ഞുനിര്‍ത്തി മുഖംപൊത്തി ചുമയ്ക്കാനാഞ്ഞ ആനന്ദിയുടെ തോളില്‍ കാര്‍പെന്റര്‍ അമര്‍ത്തിപ്പിടിച്ചു. ''ശീലമില്ലാത്തവരെ തണുപ്പ് വല്ലാതെ വലയ്ക്കും.'' ആനന്ദിയുടെ കണ്ണുകള്‍ നിറഞ്ഞതു കണ്ടില്ലെന്നു നടിച്ച് കാര്‍പെന്റര്‍ ആനന്ദിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ''കണ്ടില്ലേ, ആനന്ദിയുടെ ആരോഗ്യം ദിനംപ്രതി മോശമാകുകയാണ്. മാംസാഹാരം കഴിക്കാത്തതിനാല്‍ വേണ്ടത്ര പ്രോട്ടീനും കിട്ടുന്നില്ല. വരൂ. തണുപ്പത്തിരുന്നാല്‍ ചുമ കൂടുകയേയുള്ളൂ.''

രണ്ടുവര്‍ഷം കഴിയുമ്പോഴേയ്ക്കുതന്നെ ആനന്ദിക്കു ക്ഷയരോഗമാണെന്നു സ്ഥിരീകരിക്കപ്പെട്ടു.  നല്ല ഭക്ഷണവും ശുശ്രൂഷയും വിശ്രമവും അത്യാവശ്യമാണ്. പനിയും ചുമയും സന്തത സഹചാരികളായിത്തുടങ്ങിയിട്ടും ആനന്ദി ക്ലാസ്സുകളോ സന്ദര്‍ശനങ്ങളോ മുടക്കിയില്ല. അത് സാധ്യമല്ലായിരുന്നുതാനും. പഠിക്കാതിരിക്കുകയെന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. ഉള്ളിന്റെയുള്ളില്‍, തളരുകയാണെന്നറിഞ്ഞിട്ടും ലക്ഷ്യത്തിലേക്ക് നിര്‍ത്താതെ ഓടുന്ന ഒരത്ലറ്റിനെപ്പോലെ ആനന്ദി ക്ലാസ്സുകളില്‍നിന്നു ക്ലാസ്സുകളിലേക്ക് ഓടിക്കൊണ്ടേയിരുന്നു. ഒരു നിമിഷം നിന്നാല്‍ ചിലപ്പോള്‍ താന്‍ വീണുപോയേക്കും; ചുമയും പനിയും വഴിയിലെ തടസ്സങ്ങളാവാന്‍ അനുവദിക്കാനാവില്ല. അതിനല്ല ഇത്രയൊക്കെ സഹിച്ചു ഇവിടേയ്ക്കു വന്നത്.

''കോഴ്സ് തീരട്ടെ. അതുവരെ പിടിച്ചുനിന്നേ പറ്റൂ. ഇന്റേണ്‍ഷിപ്പ് കൂടി കഴിഞ്ഞാല്‍ ഉടനടി ഇന്ത്യയിലേക്ക്.'' ബിരുദദാനച്ചടങ്ങിനായി അമേരിക്കയില്‍ എത്തിയിരുന്ന ഗോപാല്‍ റാവുവിനോട് ആനന്ദി പറഞ്ഞു: ''ഇനി വെറും ദിവസങ്ങള്‍ മാത്രം. നമുക്ക് ആവുന്നതും വേഗം മടങ്ങാം. ഈ തണുപ്പെനിക്കു സഹിക്കാനാവുന്നില്ല. എല്ല് തുളയുംപോലെ തോന്നുന്നു. എന്നെ ഇന്ത്യയിലെത്തിക്കണം.''

ഓരോ ദിവസവും രോഗം കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ആനന്ദി ബോധംകെടാന്‍ തുടങ്ങി. നിര്‍ത്താത്ത ചുമയും പനിയും ഏറെക്കുറെ സ്ഥിരമായി. ഫിലാഡല്‍ഫിയയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ആശുപത്രിയില്‍ ആനന്ദി പ്രവേശിപ്പിക്കപ്പെട്ടു. കഴിയും വേഗം ഇന്ത്യയിലേക്കു മടങ്ങണമെന്ന ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ തുരുതുരെ ഉതിര്‍ന്നുകൊണ്ടിരിക്കെയാണ് കോലാപൂരിലെ ആല്‍ബര്‍ട്ട് എഡ്വേര്‍ഡ് ആശുപത്രിയിലെ വനിതാവാര്‍ഡിന്റെ ചുമതലയേല്‍ക്കാമോ എന്ന ചോദ്യവുമായി കോലാപൂര്‍ രാജാവിന്റെ കത്ത് ആനന്ദിക്കു ലഭിക്കുന്നത്. എല്ലാ വെല്ലുവിളികള്‍ക്കും ദുഃഖങ്ങള്‍ക്കുമിടയിലും ആനന്ദിയുടെ ഹൃദയം സന്തോഷംകൊണ്ട് തുള്ളിച്ചാടി. തന്റെ ആഗ്രഹം ഇതാ സാക്ഷാല്‍ക്കരിക്കാന്‍ പോകുന്നു!

കത്ത് അവര്‍ ആദ്യം കാണിച്ചത് കാര്‍പെന്ററിനെയാണ്. ''എന്റേയും നിങ്ങളുടേയും സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു.'' 

വികാരഭരിതയായി മിസ്സ് കാര്‍പെന്റര്‍ ആനന്ദിയെ കെട്ടിപ്പിടിച്ചു. ''എന്താണ് ആനന്ദിയുടെ തീരുമാനം?''
''ചോദിക്കാനുണ്ടോ ആന്റീ'' കാര്‍പെന്ററുടെ കാല്‍തൊട്ടു വന്ദിച്ചു ആനന്ദി സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞു: ''എത്രയും വേഗം ഇന്ത്യയിലെത്തണം.'' ''ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയാണ് ആരോഗ്യശാസ്ത്രം പഠിക്കാന്‍ ഞാന്‍ അമേരിക്കയിലെത്തിയത്.'' 

ആനന്ദി രാജാവിനെഴുതി: ''ഈ ബഹുമതി എനിക്കുള്ള അംഗീകാരമാണ്. ഞാന്‍ സസന്തോഷം സ്വീകരിക്കുന്നു.''

ആനന്ദിയുടെ വിനയാന്വിതമായ പെരുമാറ്റവും പുത്തന്‍ അറിവുകളോടുള്ള അടങ്ങാത്ത പ്രതിപത്തിയും ആനന്ദിയുടെ സുഹൃദ്വലയം ദിവസം പ്രതി വലുതാക്കിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇന്ത്യയിലെ സ്ത്രീകളുടേയും വിധവകളുടേയും ശോചനീയാവസ്ഥ, അവിടെയുള്ള പല പ്രമുഖ വ്യക്തിത്വങ്ങളുടേയും സുഹൃദ്വലയങ്ങളില്‍ ചര്‍ച്ചയ്ക്കു വിഷയമായി. ഇന്ത്യന്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ആ വലിയ വാതില്‍ തുറക്കല്‍ ഇന്ത്യയിലെ ചികിത്സാരംഗത്ത് പല മാറ്റങ്ങള്‍ക്കും വഴിയൊരുക്കി എന്നതായിരുന്നു അതിന്റെ പരിണാമം. ഒരു പ്രശ്‌നത്തെ പരിഹരിക്കുന്നതിന്റെ ആദ്യപടി അതിനെ ആഴത്തിലറിയലാണെന്നാണ് ആനന്ദി എല്ലാവരോടും പറഞ്ഞത്. വെല്ലുവിളികളെ അവസരങ്ങളാക്കുക എന്നതാണ് മുന്നോട്ട് നടക്കാനുള്ള മാര്‍ഗ്ഗമെന്നും. ആനന്ദിയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനായി മാസങ്ങള്‍ക്കുമുന്‍പ് എത്തിയിരുന്ന ഗോപാല്‍ റാവു, പലരുടേയും ക്ഷണം സ്വീകരിച്ചു പ്രഭാഷണങ്ങള്‍ നടത്താന്‍ അപ്പോഴേയ്ക്കും തുടങ്ങിക്കഴിഞ്ഞിരുന്നു. അതിലൊരിടത്ത്, സദസ്യരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഗോപാല്‍ റാവു സംസാരിച്ചത് സ്ത്രീ വിദ്യാഭ്യാസത്തിനെതിരെയായിരുന്നു എന്നത് ആനന്ദിയുടെ സുഹൃത്തുക്കളെ മുഴുവന്‍ ഞെട്ടിച്ചു. ഇന്നത്തെ പല പുരുഷന്മാരേയും പോലെ, പുരുഷനെ ആശ്രയിക്കാതെ ജീവിക്കാന്‍ കരുത്തുനേടുന്ന സ്ത്രീകള്‍ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുമെന്നും ഇന്ത്യയിലെ ബാല്യവിവാഹ സമ്പ്രദായത്തെക്കുറിച്ചു വിമര്‍ശിക്കാന്‍ അന്യദേശക്കാര്‍ക്ക് അവകാശമില്ലെന്നുമായിരുന്നു, അതുവരെ ഉല്‍പ്പതിഷ്ണു എന്ന നിലയ്ക്ക് അദ്ദേഹം കൊണ്ടാടിയിരുന്ന എല്ലാ ആദര്‍ശങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ട്, അന്നുവരെ അദ്ദേഹത്തെ അറിഞ്ഞ ആര്‍ക്കും വിശ്വസിക്കാനാവാത്തവിധം അദ്ദേഹം പ്രസംഗിച്ചത്!

ആനന്ദിയെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും അവരുടെ അനിതരസാധാരണമായ നേട്ടത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്ന അമേരിക്ക മുഴുവന്‍ അന്ധാളിച്ചുപോയി. ഇത്തരം പ്രസ്താവനകളോട് ആനന്ദി ഗോപാല്‍ എങ്ങനെ പ്രതികരിച്ചു എന്നതിന് ഇന്നും നമുക്കു ലഭ്യമായ രേഖകളിലില്ല. എന്നാല്‍, അതുവരെയുള്ള ജീവിതവും സംസാരങ്ങളും അവരെഴുതിയ കത്തുകളും വെളിച്ചത്തു കൊണ്ടുവരുന്ന ഒരു ആനന്ദിക്ക് ആ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളാന്‍ വിഷമമായിരിക്കാനാണിട. അഥവാ ഒരു ഭാര്യയുടെ ധര്‍മ്മത്തെക്കുറിച്ചു പരമ്പരാഗതമായി പഠിപ്പിക്കപ്പെട്ട പാഠങ്ങള്‍ ഭര്‍ത്താവിനെ തുറന്നു വിമര്‍ശിക്കുന്നതില്‍നിന്ന് അവരെ പിന്‍തിരിപ്പിച്ചിരിക്കുമോ? ഇന്ത്യയില്‍ വിദേശികളുടെ കയ്യില്‍നിന്നേറ്റ പെരുമാറ്റമല്ല അമേരിക്കയില്‍ ആനന്ദിയെ എതിരേറ്റത്. സഹായവും സഹകരണവും മാത്രം തന്ന, വിനയപൂര്‍വ്വം പലപ്പോഴും താന്‍ കടപ്പാട് രേഖപ്പെടുത്തിയിട്ടുള്ള ഒരു ജനതയോടാണ് ഭര്‍ത്താവ് ഇത്തരം മോശം വാക്കുകള്‍ പറഞ്ഞിരിക്കുന്നത്. ഒരുപാട് സഹനങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി. ആനന്ദി ആലോചിച്ചിരിക്കണം. തന്റെ വിദ്യാഭ്യാസത്തിനുവേണ്ടി ഏറ്റവും പ്രയത്‌നിച്ച ആളാണ് ഗോപാല്‍ റാവു. തന്നെ ഈ നിലയില്‍ എത്തിച്ച ആള്‍. അതു മറക്കുന്നതു നന്ദികേടാണ്. അനുചിതമാണ്.

ആനന്ദി ഒന്നും പറയാതെ തന്നോട് തന്നെ മൗനം പൂണ്ടു. ഇന്ത്യയില്‍ ഒരുപാട് ചുമതലകള്‍ തന്നെ കാത്തിരിക്കുന്നു. അതാണ് ഏറ്റവും പ്രധാനം. അതിനാണ് താന്‍ ഇത്രയും ദൂരം എല്ലാം സഹിച്ചു നടന്നത്. തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞൊടിയിടയില്‍ കടന്നുപോയ  മൂന്നു വര്‍ഷങ്ങള്‍! അത് കടന്നുപോയത് താനറിഞ്ഞേയില്ല എന്നതാണ് സത്യം. പഠനത്തിന്റേയും ആരോഗ്യപ്രശ്‌നങ്ങളുടേയും കൂടുതല്‍ കൂടുതല്‍ അറിവും അവബോധവും നല്‍കിയ വിലപ്പെട്ട സൗഹൃദങ്ങളുടേയും തിരക്കില്‍, വല്ലാതെയൊന്നും പിന്‍തിരിഞ്ഞു നോക്കാനായിട്ടില്ല. ചിരകാലസ്വപ്നം കയ്യെത്തും ദൂരത്തായിരിക്കുമ്പോഴും അതു തന്റെ മാത്രം നേട്ടമല്ല എന്നുറപ്പുമുണ്ട്. 
''ഒരു വലിയ യുദ്ധം അവസാനിക്കുകയാണ്. മറ്റൊന്ന് ആരംഭിക്കുകയും.'' കോളേജിന്റെ പ്രൗഢമായ വലിയ ഹാളില്‍ സതീര്‍ത്ഥ്യരോടൊപ്പം ഇരുന്നിടത്തുനിന്ന്, തന്റെ പേര് വിളിക്കുന്നതു കേട്ട് എഴുന്നേറ്റ് സ്റ്റേജിലേക്കുള്ള പടവുകള്‍ കേറുമ്പോള്‍ ചുറ്റുമുള്ള കയ്യടികളോ ആരവങ്ങളോ ഒന്നും കേള്‍ക്കാതെ ആനന്ദി സ്വയം പറഞ്ഞു:

ഇന്ത്യയിലെ ആദ്യത്തെ വനിതാഡോക്ടര്‍! വിശ്വസിക്കാനാവുന്നില്ല. നടന്നുകയറുന്നത് സ്റ്റേജിലേയ്ക്കല്ല, ചരിത്രത്തിലേയ്ക്കാണ്! പുസ്തകങ്ങള്‍ കയ്യില്‍ കൊണ്ടുവന്നുതന്നു ഗൗരവത്തില്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയ ഗോപാല്‍ റാവുവിന്റെ മുഖമാണ് എന്തുകൊണ്ടോ ആദ്യം മനസ്സില്‍ വന്നത്. പിന്നിട്ട വഴികളിലെ കല്ലും മുള്ളും ഉടനീളം കാലില്‍ ചോരപ്പാടുകള്‍ ചാര്‍ത്തി. പക്ഷേ, അതൊരു യുദ്ധമായിരുന്നു. തനിക്കുമാത്രം വേണ്ടിയല്ലാത്ത. ഇന്ത്യയിലെ പരശ്ശതം സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഏറെക്കുറെ നിശ്ശബ്ദമായ യുദ്ധം. എം.ഡി തിസീസിനുവേണ്ടി തിരഞ്ഞെടുത്ത വിഷയം 'Obstetrics Among the Aryan Hindoos' എന്നതാക്കാനും അതായിരുന്നു കാരണം. ഇന്ത്യയിലെ സ്ത്രീകളുടെ, പ്രത്യേകിച്ചും വിധവകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പണ്ഡിത രമാബായി സദസ്സില്‍ സന്നിഹിതയായിരുന്നു എന്നത് തന്റെ ആ യുദ്ധത്തിനുള്ള അംഗീകാരമാണ്. 

ഡോക്ടര്‍ ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് കയ്യിലേയ്ക്ക് വച്ചുതന്ന പ്രൊഫസറുടെ മുഖത്തേയ്ക്ക് ആനന്ദി ഉറ്റുനോക്കി. അവര്‍ക്കിത് ഒരുപക്ഷേ, എല്ലാ വര്‍ഷവും നടത്തുന്ന ഒരു ചടങ്ങുമാത്രമാകും. എന്നാല്‍, തന്റെ രാജ്യത്തെ സ്ത്രീകളുടെ മുഴുവന്‍ ചരിത്രത്തിലേയും നാഴികക്കല്ലാണ് ഈ നിമിഷം. നിര്‍ത്താത്ത കയ്യടികളുടെ ചെകിടടപ്പിക്കുന്ന പശ്ചാത്തലത്തില്‍ ആനന്ദി നിര്‍ന്നിമേഷം നിന്നു. അകലെ, അകലെ എല്ലാം കണ്ടും കേട്ടും ഗോപാല്‍ റാവു! ഈ കയ്യടികള്‍ അദ്ദേഹത്തിനുകൂടി അവകാശപ്പെട്ടതാണ്. താനൊറ്റയ്ക്കല്ല ഇവിടം വരെ നടന്നെത്തിയത്.

ആനന്ദി ​ഗോപാൽ ജോഷി
ആനന്ദി ​ഗോപാൽ ജോഷി

ചരിത്രത്തിലേക്ക് ഒരു മടക്കം

സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കൊടുത്തപ്പോള്‍ നിറകണ്ണുകളുമായി ഗോപാല്‍ റാവു തന്നെ നോക്കി പുഞ്ചിരിച്ചത് ചരിത്രത്തില്‍ കാലൂന്നിനിന്നുകൊണ്ടാണ് എന്നാണ് തനിക്കു തോന്നിയത്. ഡോക്ടര്‍ ആയത് ആനന്ദി മാത്രമല്ല, ഗോപാല്‍ റാവുകൂടിയാണ്!

''കപ്പലില്‍ ഒരു മാസം വേണം. തണുപ്പില്‍ ആരോഗ്യം നന്നായി സൂക്ഷിക്കണം.'' സ്വന്തം മതാചാരങ്ങളെ ധിക്കരിച്ച് ആദ്യമായി കടല്‍ കടക്കാന്‍ ധൈര്യം കാണിച്ച ബ്രാഹ്മണ യുവതിയെ സ്വന്തം ജനങ്ങള്‍ ഭ്രഷ്ടാക്കിയാലോ എന്ന ആശങ്ക പുറത്തുകാട്ടാതെ നാട്ടിലേയ്ക്കു പോകാനുള്ള ഒരുക്കങ്ങളില്‍ ആനന്ദിക്കൊപ്പം ചേരുമ്പോള്‍ മിസ്സ് കാര്‍പെന്റര്‍ വേവലാതിപ്പെട്ടു:

''ഗോപാല്‍ റാവു ഒപ്പം ഉണ്ടെന്നതാണ് ആശ്വാസം.'' 

ആ കപ്പല്‍യാത്രയെ ആനന്ദി അതിജീവിക്കുമോ എന്ന ചിന്ത മിസ്സ് കാര്‍പെന്ററെ നിത്യവും അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഇന്ത്യയിലെ തണുപ്പില്ലാത്ത കാലാവസ്ഥ മാത്രം രോഗമൂര്‍ച്ഛയെ തടഞ്ഞെന്നു വരില്ല. പക്ഷേ, വെല്ലുവിളികള്‍ക്കു മുന്നില്‍ തോല്‍ക്കുക ആനന്ദിയുടെ ശീലമല്ല.
 
ഒരു മാസത്തിനുശേഷം അതീവ ഗുരുതരമായ അവസ്ഥയിലാണ് ആനന്ദി ഇന്ത്യന്‍ തീരത്ത് കപ്പലിറങ്ങിയത്. എഴുന്നേറ്റിരിക്കാന്‍, ഭക്ഷണം കഴിക്കാന്‍, സംസാരിക്കാന്‍ എല്ലാം ആനന്ദി പണിപ്പെട്ടു. എന്നാല്‍, ഇന്ത്യയിലെ പത്രങ്ങള്‍ അവരെ പാടിപ്പുകഴ്ത്തി.  ഇന്ത്യയുടെ ഒന്നാമത്തെ വനിതാ ഡോക്ടര്‍. ചരിത്രത്തിലിടം നേടിയ ഇന്ത്യയുടെ പുത്രി. മഹാരാഷ്ട്രത്തിന്റെ അഭിമാനം സ്ത്രീകളുടെ വഴികാട്ടി! പ്രശംസകള്‍ അലയടിച്ചുയര്‍ന്നു. ആനന്ദിയെ ഇന്ത്യ സ്വീകരിച്ചത്, അങ്ങേയറ്റത്തെ ആദരവോടുകൂടിയാണ്. അവരെ വാനോളം പുകഴ്ത്തുന്ന പത്രത്താളുകള്‍ കൊടിക്കൂറകള്‍പോലെ ചുറ്റും പാറി.  എല്ലാ പതിവുകള്‍ക്കും എതിര്. കല്ലേറുകളും അധിക്ഷേപങ്ങളും മാത്രം പ്രതീക്ഷിച്ചുവന്ന ഗോപാല്‍ റാവു അന്തിച്ചുനിന്നു. കടല്‍ കടക്കുന്ന ബ്രാഹ്മണന്‍ സ്വന്തം സമുദായത്തില്‍നിന്നു ഭ്രഷ്ടാക്കപ്പെടേണ്ടവനാണ്. ഒരു തുള്ളി വെള്ളം കൊടുക്കാതെ പുറത്തുനിര്‍ത്തേണ്ടവനാണ്. മതാചാരങ്ങളെ കാറ്റില്‍പ്പറത്തിയവന്‍ കല്ലേറുകൊണ്ട് ചാവേണ്ടവനാണ്!

മിണ്ടാന്‍പോലും കഴിയാതെ അവശയായിത്തീര്‍ന്നിരുന്ന ആനന്ദിയെ പെട്ടെന്നുതന്നെ ചികിത്സിക്കാനുള്ള ഒരു ഡോക്ടറെ തേടിയുള്ള നെട്ടോട്ടത്തിനിടയിലും വീട്ടുമുറ്റത്ത് കൂടിയ പുരുഷാരത്തിന്റെ ജയ് വിളികളും കൂപ്പുകൈകളും ഗോപാല്‍ റാവുവിനെ അത്ഭുതപ്പെടുത്തി. പത്രങ്ങളാകട്ടെ, ആനന്ദിയെ അധിക്ഷേപിക്കുകയല്ല, ചരിത്രത്തില്‍ അവരോധിക്കുകയാണ് ചെയ്യുന്നത്! ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്. 

ആനന്ദിയെ ചികിത്സിക്കണമെന്ന് അപേക്ഷിച്ച് ഗോപാല്‍ റാവു മുന്നില്‍ നില്‍ക്കെ ഗ്രാമത്തിലുണ്ടായിരുന്ന ഏക ഭിഷഗ്വരന്‍ പക്ഷേ,  കോപംകൊണ്ട് വിറച്ചു: ''ഭ്രഷ്ടയെ ചികിത്സിക്കണം? ബ്രാഹ്മണജാതിയെ മുഴുവന്‍ നാണംകെടുത്തി അവഹേളിച്ച ആ ധിക്കാരിപ്പെണ്ണിനെ ചികിത്സിക്കണം?'' വൈദ്യന്‍ നിന്നിടത്തുനിന്ന് കെന്തി.
''എന്നോടിതു വന്നു പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ഹേ. ഞാന്‍ അത്ര മ്ലേച്ഛനാണെന്നു കരുതിയോ? നാണംകെട്ട പണിക്ക് നിന്നിട്ട് ഇപ്പോള്‍ നിന്ന് കെഞ്ചുന്നോ?''

തിരിച്ചുപറയാന്‍ ഒന്നുമില്ലാതെ നിസ്സഹായനായി തിരിഞ്ഞു നടക്കുമ്പോള്‍ ഗോപാല്‍ റാവുവിന്റെ മുന്നില്‍ വിജനവും നിശ്ശബ്ദവുമായിക്കഴിഞ്ഞ ഒരു വഴിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. 

വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ചുറ്റും കൂടിനിന്നവര്‍ക്കു നടുവില്‍ കണ്ണ് തുറക്കാനാകാതെ തളര്‍ന്നു കിടക്കുകയായിരുന്നു ആനന്ദി. ഒന്‍പതാം വയസ്സില്‍ ഭാര്യയാക്കി കൊണ്ടുവന്നതിനുശേഷം ഒരുമിച്ചു തുടങ്ങിയ യാത്രയാണ്. തന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനും ചരിത്രത്തിലിടം നേടാനും കൂടെ നടന്നവള്‍. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ടം തന്റെ ഉല്പതിഷ്ണത്വത്തിന്റെ കൊടിയടയാളമായി കൊണ്ടുനടക്കാന്‍ അതുപോലെ ആഗ്രഹവും കഴിവുമുള്ള ഒരാള്‍ വേണമായിരുന്നു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ തല്ലിയും ശകാരിച്ചും ഭീഷണിപ്പെടുത്തിയും താന്‍ തിരഞ്ഞെടുത്ത പാതയിലേയ്ക്ക് ആട്ടിത്തെളിച്ച് തന്നിഷ്ടപ്രകാരം നടത്തിച്ച ആള്‍. (കുട്ടിക്കാലത്ത് ഭര്‍ത്താവില്‍നിന്നനുഭവിച്ച ശിക്ഷകളെക്കുറിച്ചു വിമര്‍ശനാത്മകമായി ആനന്ദി പിന്നീടെഴുതിയിട്ടുള്ളത്, അക്കാലത്ത് ഭയം മാത്രമായിരുന്നു മനസ്സില്‍ എന്നാണ്). സാന്ത്വനത്തിന്റെ ഒരു വാക്കുപോലും ഒരിക്കലും തന്നില്‍നിന്നുണ്ടായിട്ടില്ല. സ്ത്രീയെ പഠിപ്പിക്കുക എന്ന തന്റെ ലക്ഷ്യത്തെ മറികടന്ന് ഡോക്ടറാവുക എന്ന സ്വന്തം ലക്ഷ്യത്തിലേയ്ക്ക് ആനന്ദി നടന്നുപോയത് പക്ഷേ, ഒറ്റയ്ക്കാണ്. ആ മനസ്സിന്റെ പക്വതയില്‍, സ്വാതന്ത്രേ്യച്ഛയില്‍, സ്വന്തം സംസ്‌കാരത്തോടുള്ള പ്രതിബദ്ധതയില്‍, ദൃഢനിശ്ചയങ്ങളില്‍ ആനന്ദിയോടൊപ്പമെത്താനാവാതെ പകുതിവഴിയില്‍ പലപ്പോഴും പതറിനിന്നിട്ടുണ്ട്. സ്ത്രീ ആയിപ്പോയതുകൊണ്ടുമാത്രം സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ തന്റെ കൈപിടിക്കേണ്ടിവന്നവള്‍ എന്നു പലപ്പോഴും സ്വയം പറഞ്ഞുപോയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റേയും ആത്മവിശ്വാസത്തിന്റേയും പടവുകള്‍ ആനന്ദി ധൃതിയില്‍ കയറിപ്പോയപ്പോള്‍, അവള്‍ അകന്നുപോകുമോ എന്ന ഭയത്തില്‍ സ്ത്രീ വിദ്യാഭ്യാസത്തെത്തന്നെ എതിര്‍ക്കാനുള്ള വിഡ്ഢിത്തം കാട്ടിയിട്ടുണ്ട്. ഇല്ല, ക്ഷയരോഗത്തിന്റെ കൈകളില്‍നിന്ന് ആനന്ദിക്കിനി തന്റെ കൈകളിലേക്കൊരു തിരിച്ചുവരവുണ്ടാവില്ല എന്നറിഞ്ഞപ്പോഴൊക്കെയും മനസ്സ് അറിയാതെ നോക്കിപ്പോയത് തങ്ങള്‍ ഒപ്പം നടന്ന വഴികളിലേയ്ക്കാണ്. മോഹിച്ച ലക്ഷ്യങ്ങളിലേക്ക് ഒപ്പം നടന്ന വളഞ്ഞുപിരിഞ്ഞ വഴികള്‍. കാലുകള്‍ വിണ്ടുകീറിയപ്പോഴും അധിക്ഷേപങ്ങള്‍ മാറാപ്പുപോലെ ചുമക്കുമ്പോഴും ഒരക്ഷരം മറുത്തുപറയാതെ കൂടെ നടന്നവള്‍. കുറ്റബോധം മനസ്സില്‍ ഓക്കാനംപോലെ തികട്ടി. അമേരിക്കയില്‍ ആനന്ദിയെ അങ്ങേയറ്റം സഹായിച്ചവര്‍ക്കും സ്‌നേഹിച്ചവര്‍ക്കും മുന്നില്‍വച്ചുപോലും ആനന്ദിയെ വെറുതെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചപ്പോഴൊക്കെ ഭര്‍ത്താവിന്റെ അഹന്തയെ കണ്ടില്ലെന്നു നടിച്ച ആനന്ദി. ആനന്ദിയുടെ മനസ്സില്‍ എന്തായിരുന്നിരിക്കണം അപ്പോള്‍ സത്യത്തില്‍? തന്റെ ഉല്‍പ്പതിഷ്ണുത തെളിയിക്കാനുള്ള വ്യഗ്രതയില്‍ താന്‍ ആനന്ദി എന്ന വ്യക്തിയെ കണ്ടതേയില്ലെന്നോ? ഭര്‍ത്താവിന്റെ മോഹങ്ങള്‍ ചുമന്നു ലക്ഷ്യത്തിലെത്തിക്കാനുള്ള ഒരുപകരണം മാത്രമായിട്ടാണ് താന്‍ ആനന്ദിയെ കണ്ടതെന്നോ? തന്റെ ലക്ഷ്യത്തേയും മറികടന്നു മുന്നിലേക്ക് ആനന്ദി ഒറ്റയ്ക്കു നടന്നപ്പോള്‍ ആനന്ദി തന്നെ നോക്കി ചെറുതായെങ്കിലും ഒന്നു ചിരിച്ചിരിക്കുമോ?

പൊടുന്നനെ ചുറ്റും ഉയര്‍ന്ന കൂട്ടനിലവിളികള്‍. റാവു അനക്കമറ്റു നിന്നു. ഏത് നിമിഷവും അത് പ്രതീക്ഷിച്ചിരുന്നതാണ്. എന്നിട്ടും കണ്ണടച്ചു കട്ടിലില്‍ കിടന്നിരുന്ന ആനന്ദിയുടെ നെഞ്ച് അപ്പോഴും ഉയരുകയും താഴുകയും ചെയ്യുന്നുണ്ടോയെന്നു വെറുതെ, വെറുതെ, ഗോപാല്‍ റാവു ഒരിക്കല്‍ക്കൂടി നോക്കി. 

തന്റെ മുന്നില്‍ പേടിച്ചുവിറച്ചു കരയാറായി നില്‍ക്കുന്ന ഒന്‍പതുവയസ്സുകാരിയുടെ മുഖമാണ് എന്തുകൊണ്ടോ മനസ്സില്‍ വന്നത്. ഏതാണ്ട് 12 വര്‍ഷത്തെ യുദ്ധസമാനമായ, തീര്‍ച്ചകളോ ഉറപ്പുകളോ ഇല്ലാത്ത ഒരു ജീവിതയാത്രയ്ക്കുശേഷം സര്‍വ്വാഭരണ വിഭൂഷിതയായി, സുമംഗലിയായി ആനന്ദി യാത്രയാവുകയാണ്. ചരിത്രത്തിലേയ്ക്ക്! ഡോക്ടറായിക്കഴിഞ്ഞിട്ടും ഒരു ദിവസംപോലും ഡോക്ടറായി ജീവിക്കാന്‍ കഴിയാത്ത, ഇന്ത്യയിലെ ആദ്യത്തെ വനിതാഡോക്ടര്‍. ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടത്തിന്റെ ജയാരവങ്ങള്‍ക്കു നടുവില്‍ ജീവിതത്തില്‍ ഒരിക്കലും ചെയ്യാത്തതുപോലെ ഗോപാല്‍ റാവു നിശ്ശബ്ദനായി. ഒരു യുഗപ്പിറവിയുടെ കുളമ്പടികള്‍ മനസ്സില്‍ ഇരമ്പുന്നു. കാലം, എപ്പോഴും മുന്നിലേയ്ക്കു കുതിച്ചുപായുന്ന അതിന്റെ യാത്രയില്‍ ആനന്ദിക്കു പിന്നില്‍ ഒരു നാഴികക്കല്ലുപോലെ ഗോപാല്‍ റാവു എന്ന തന്നെ അടയാളപ്പെടുത്തിയേക്കാം. ചുക്കാന്‍ ആനന്ദിയുടെ കയ്യിലായിരുന്നു എന്ന ആഴത്തിലുള്ള തിരിച്ചറിവോടെ. 

വെറും 21 വയസ്സുവരെ മാത്രം ഈ ലോകത്തില്‍ ജീവിച്ച് അനിതരസാധാരണമായ വെല്ലുവിളികളേയും സംഘര്‍ഷങ്ങളേയും നേരിട്ട് അക്കാലത്തെ ഒരു ബ്രാഹ്മണസ്ത്രീക്ക് സങ്കല്‍പ്പിക്കാന്‍പ്പോലും വയ്യാത്ത ഉയരങ്ങളിലെത്തിയ ആനന്ദിഗോപാല്‍ ജോഷിയുടെ ചിതാഭസ്മം, ന്യൂയോര്‍ക്കിലെ അവരുടെ സ്വന്തം കുടുംബസെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നാഗ്രഹം പ്രകടിപ്പിച്ചെഴുതിയ മിസ്സ് കാര്‍പെന്ററുടെ കത്ത് രണ്ടു കയ്യിലും മാറിമാറി പിടിച്ച്, തിരിച്ചുംമറിച്ചും നോക്കിനിന്നു ഗോപാല്‍ റാവു. ഏതാണ്ട് മൂന്നു വര്‍ഷം മുന്‍പ് ആനന്ദിയെ അമേരിക്കയില്‍ പഠിപ്പിക്കാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്‌തെത്തിയ മിസ്സ് കാര്‍പെന്ററുടെ കത്തിനെ വിശ്വസിക്കാനാവാതെ ഒരു ദിവ്യാത്ഭുതം കണ്ടപോലെ നോക്കിനിന്ന നിമിഷങ്ങളാണ് ഗോപാല്‍ റാവു ഓര്‍ത്തുപോയത്. അന്നു ചെയ്തതുപോലെ തന്നെ ഗോപാല്‍ റാവു. ആ കത്ത് വീണ്ടും വീണ്ടും പല തവണ വായിച്ചു. പിന്നെ ആനന്ദിയുടെ ചിതാഭസ്മം പൊതിഞ്ഞെടുത്തിരുന്ന പാക്കറ്റിനു പുറത്ത് മിസ്സ് കാര്‍പെന്ററുടെ മേല്‍വിലാസമെഴുതി.

സ്വന്തം കുടുംബസെമിത്തേരിയില്‍ ആനന്ദിയുടെ ചിതാഭസ്മം അടക്കംചെയ്ത സ്ഥലത്തെ ഫലകത്തില്‍ മിസ്സ് കാര്‍പെന്റര്‍ ഇങ്ങനെ എഴുതിച്ചു:

ആനന്ദി ഗോപാല്‍ ജോഷി എം.ഡി.
1865-1887
വിദ്യാഭ്യാസത്തിനുവേണ്ടി ഇന്ത്യയ്ക്കു പുറത്തുപോയ ആദ്യത്തെ ബ്രാഹ്മണ സ്ത്രീ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com