ബഷീറിന്റെ സുലൈമാനി വിപ്ലവം; ജിയോ ബേബിയുടെ പാല്‍ച്ചായ

ബഷീറിന്റെ സുലൈമാനി വിപ്ലവം; ജിയോ ബേബിയുടെ പാല്‍ച്ചായ
ദ ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ
ദ ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ

ജിയോ ബേബി സംവിധാനം ചെയ്ത 'ദ ഗ്രെയ്റ്റ് മലബാര്‍ കിച്ചന്‍' കണ്ട് 'ചൂളിപ്പോയ' അനേകം ആണ്‍മലയാളികളിലൊരുവനാണ്, ഞാന്‍. ആ സിനിമ 'കണ്ണൂരിലെ' മലബാറിലെ മുസ്ലിം പുയ്യാപ്ല എന്ന നിലയില്‍ ഞാന്‍/ഞങ്ങള്‍ അനുഭവിക്കുന്ന സവിശേഷമായ 'പ്രിവിലേജിനും' മാരകമായ പ്രഹരമേല്‍പ്പിക്കുന്നുണ്ട്. അതേക്കുറിച്ച് വിശദമായ ഒരു കുറിപ്പ് കഴിഞ്ഞ കോളത്തില്‍ എഴുതിയതിനാല്‍, അത് ഇവിടെ ആവര്‍ത്തിക്കുന്നില്ല. മലബാറിലെ അമ്മായിമാര്‍ നിശ്ശബ്ദമായി സഹിക്കുന്ന ദീര്‍ഘമായ അടുക്കള ത്യാഗമാണ് മലബാറിലെ മുസ്ലിം ചരിത്രം. 'അമ്മായി'മാരുടെ ദീര്‍ഘവും നിരന്തരവുമായ ആ അടുക്കള സഹനത്തെ ചരിത്രരചനയില്‍നിന്നു മാറ്റിനിര്‍ത്താന്‍ സാധിക്കില്ല.

എന്നാല്‍, ഏറെ രാഷ്ട്രീയ മുഴക്കമുള്ള ആ സിനിമയുടെ ഒരു ആണ്‍ വായനയാണിത്. സന്തുലിതമായ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്സ് ഈ കുറിപ്പില്‍ ഉണ്ടോ എന്നുറപ്പില്ല. ചില 'ഉറപ്പില്ലായ്മകള്‍' കൂടിയാണ് ജീവിതം.
ജിയോ ബേബി ഒരു സവര്‍ണ്ണ ഹിന്ദു അടുക്കളയാണ് ചിത്രീകരിച്ചത്. എല്ലാ ഭാരതീയ അടുക്കളകളും ഏകകമാകുന്ന പല സൂക്ഷ്മസന്ദര്‍ഭങ്ങള്‍ അതിഭാവുകത്വമില്ലാതെ ഈ സിനിമയില്‍ കാണാം. അടുക്കള, അടിസ്ഥാനപരമായി സ്ത്രീ വിരുദ്ധമായ ആശയം പേറുന്നുണ്ട്, നാം അതിനെ രൂപപ്പെടുത്തിയ സമ്പ്രദായങ്ങള്‍ അങ്ങനെയായതിനാല്‍ കൂടിയാണത്. ''പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാണ് ഭാര്യ'' എന്ന ഏറ്റവും മനോഹരമായ 'കള്ളം' ഹെഡ് ഫോണ്‍ വെച്ച് കേട്ട് കുളിരണിയുന്നവരാണ്, നാം മലയാളികള്‍. പാട്ടിലും പ്രദര്‍ശനത്തിലും പൂമുഖത്തെ പൂന്തിങ്കളാണ്, സ്ത്രീ. പക്ഷേ, സ്ത്രീ എവിടെയാണ്? 'പിന്നാമ്പുറത്ത്.' അടുപ്പിരിക്കുന്ന, കനലെരിയുന്ന കളത്തിലാണ് അവരെപ്പോഴും. ഈ കുറിപ്പെഴുതുന്ന 'നാണം കെട്ട ഞാന്‍' പോലും തുല്യതയെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടാകുമ്പോഴും 'അടുക്കള'യുടെ അകത്തല്ല.

ഒരു സിനിമയിലൂടെ എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ സാധിക്കില്ല. പക്ഷേ, ആ സിനിമ മുഖ്യമായി അവതരിപ്പിക്കുന്ന ഇരമ്പുന്ന സമീപകാലം വിഷയം, ശബരിമല സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്കു കിട്ടിയ കോടതി വിധിയും അത് ഹിന്ദു ആത്മീയ/സാമൂഹ്യജീവിതത്തിലുണ്ടാക്കിയ ചലനങ്ങളും സംഘര്‍ഷങ്ങളുമാണ്. പക്ഷേ, സിനിമയുടെ കാഴ്ചയനുഭവങ്ങളുടെ എഴുത്തുകളില്‍നിന്ന് 'ഈ വിഷയം' വളരെ രസകരമായി ഹൈഡ് ചെയ്യുന്നതില്‍ നാം വിജയിച്ചിട്ടുണ്ട്. നാമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്, അടുക്കളയ്ക്കും തീന്‍മേശയ്ക്കുമിടയിലെ ''അടുപ്പിനും പാത്രങ്ങള്‍ക്കും വെച്ചു വിളമ്പി, തുടക്കുന്നതു'' വരെയുള്ള കഥയാണ്. പക്ഷേ, അടുക്കള ഈ സമൂഹം തന്നെയാണ്.

'ഹിന്ദു സ്പിരിച്ച്വാലിറ്റി'യുടെ ഓണര്‍ഷിപ്പ് ആര്‍ക്ക്? എന്ന വലിയൊരു രാഷ്ട്രീയ ചോദ്യം ഈ സിനിമ മുന്നില്‍ വെയ്ക്കുന്നു. മുസ്ലിം സ്ത്രീയുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി സംവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതും ഉയര്‍ത്തിക്കൊണ്ടുവരുന്ന ചോദ്യമാണിത്. 'ആത്മീയതയുടെ ഓണര്‍ഷിപ്പ്' ആര്‍ക്കാണ്? പെണ്ണിന്റെ (മുഖ്യധാരാ) ആത്മീയത ആണ്‍ ഉടമസ്ഥതയിലാണ്! എത്രയോ കാലമായി, മതഭേദമന്യേ അതങ്ങനെയാണ്. ആ ''മൂടുപടത്തില്‍ നില്‍ക്കുന്ന സ്പിരിച്ച്വല്‍ രാഷ്ട്രീയമാണ്, ആ സിനിമ. പക്ഷേ, പ്രിയപ്പെട്ട ജിയോ ബേബി, സിനിമയെക്കുറിച്ചുള്ള തുടര്‍വര്‍ത്തമാനങ്ങളില്‍ ഈ 'രാഷ്ട്രീയം' ചര്‍ച്ച ചെയ്യാന്‍ മുഖ്യധാരാ പ്ലാറ്റ്ഫോമുകളില്‍ എല്ലാവരും ഭയക്കുന്നു. അല്ല, അത് എന്റെ തോന്നല്‍ മാത്രമാണോ? എങ്കില്‍, ക്ഷമിക്കുക. 

കലകളില്‍വെച്ച് ഏറ്റവും വലിയ കല 'പാചക കല'യാണ് എന്നു പാചകക്കാരന്‍ കൂടിയായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുണ്ട്. ആ കലയില്‍ വമ്പിച്ച പരാജയമാണ് പുരുഷന്മാര്‍. ബഷീര്‍, രുചിയുടെ 'കനലെരിയല്‍' അറിയുന്നതുകൊണ്ടുതന്നെ, 'ഒരു ഫ്‌ലാസ്‌കില്‍' സുലൈമാനി നിറച്ച് മാങ്കോസ്റ്റിന്‍ ചുവട്ടിലിരുന്ന്, വരുന്നവരെയെല്ലാം സുലൈമാനി നല്‍കി സല്‍ക്കരിച്ചു. ഇത്, 'സുലൈമാനി'യിലൂടെ ബഷീര്‍ നടത്തിയ വിപ്ലവമാണ്. അടുക്കളയുടെ ഒരു മൂലക്കല്ല് പറിച്ചെടുത്ത്, മാങ്കോസ്റ്റിന്‍ ചുവട്ടില്‍ വെച്ചു. ഫാബി ബഷീറിന് അത് പകര്‍ന്ന ഫ്രീഡം വളരെ വലുതായിരിക്കണം. ഫ്‌ലാസ്‌ക് സ്ത്രീയെ സംബന്ധിച്ച വലിയൊരു ഫ്രീഡമാണ്.

ഇത്തരമൊരു ഫ്രീഡം ഈ സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്നില്ല. ആ അടുക്കളയില്‍ ഫ്‌ലാസ്‌ക് പോലും എവിടെയും കണ്ടില്ല. പ്രിയപ്പെട്ട ജിയോ ബേബി, എന്നോട് ക്ഷമിക്കണേ, സ്ത്രീകളെ തുടര്‍ച്ചയായി പാത്രം കഴുകിപ്പിക്കുന്ന ഒരു 'എക്സ്പയേര്‍ഡ്' അടുക്കള കാണിക്കുക വഴി, താങ്കള്‍ ഒരു 'സാഡിസ്റ്റായി' അഭിരമിക്കുകയാണ് ചെയ്യുന്നത്. നായികയുടെ ആര്‍ത്തവസമയത്ത് ജോലിക്കാരിയായി ഒരു സ്ത്രീ വരുന്നു. ആ സ്ത്രീ ചെയ്യുന്നത്, 'തൊഴിലാ'ണ്. കൂലി, ഞാന്‍ മനസ്സിലാക്കുന്നത്, അതിലെ 'നായികയുടെ ഭര്‍ത്താവ്' നല്‍കിയിട്ടുണ്ടാകും എന്നാണ്. നല്‍കാതെ തരമില്ല. 'വീട്ടുജോലി' ചെയ്യുന്ന 'ആ തൊഴിലാളി'യെ ഇരുണ്ട, അധമമായ ഒരവസ്ഥയില്‍ സംവിധായകന്‍ നിര്‍ത്തുന്നു. അതില്‍ കടം ചോദിക്കുന്ന ഒരേയൊരു സ്ത്രീ, ആത്മാഭിമാനിയായ ആ ദളിത് സ്ത്രീയാണ്. 'സവര്‍ണ്ണതയ്ക്ക് മുന്‍പില്‍ കൈനീട്ടാവുന്ന' ഒരേയൊരു സന്ദര്‍ഭം അങ്ങനെ താങ്കള്‍ ആവിഷ്‌കരിച്ചു. ജിയോ ബേബി, വാസ്തവങ്ങള്‍ നമ്മെയും കവിഞ്ഞു സത്യസന്ധതയോടെ നില്‍ക്കുന്നു. അതില്‍ 'വരുമാന'ത്തിന്റെ ഉറവിടവും അത് വിതരണം ചെയ്യുന്നതും 'ഭര്‍ത്താവ്' ആണ്. സമ്പദ്വ്യവസ്ഥയുടെ മേല്‍ ഒരു അധികാരം കൈവരുമ്പോള്‍ സ്ത്രീ സ്വതന്ത്രയാവുന്നു. നമ്മള്‍ പുരുഷന്മാര്‍ സിനിമ കണ്ട് കയ്യടിക്കുന്നതുപോലെ, അതിലെ സ്ത്രീ നൃത്തം കണ്ട് കയ്യടിക്കുന്നു.

തുല്യതയുടെ ലിംഗനിര്‍വചനങ്ങള്‍

ആണ്‍ വിതരണം ചെയ്യുന്ന സമ്പദ്ഘടനയുടെ ഒരു വ്യവസ്ഥയാണ് വീടകങ്ങള്‍ക്ക്. വരുമാനമാണ്, 'മാനം.' വ്യവസ്ഥിതിയില്‍ 'മാനം' തീരുമാനിക്കുന്നത്, സാമ്പത്തികമായ ഉറപ്പാണ്. അതില്‍ കടം ചോദിക്കുന്ന 'വീട്ടുജോലി'ക്കാരിയോട് 'പേഴ്സില്‍നിന്ന് എടുത്തോളൂ' എന്ന് സുരാജിന്റെ ഭാര്യ കഥാപാത്രം പറയുന്നത് ഹൃദയം കവരുന്ന രംഗം തന്നെയാണ്, സംശയമില്ല. പക്ഷേ, മണി പഴ്സിലെ തുക 'ഭര്‍ത്താവ്' നല്‍കിയത് തന്നെയായിരിക്കണം. ''അയ്യോ എവിടെനിന്നാണ് എന്റെ കയ്യില്‍ പൈസ, ഞാന്‍ ജോലിയൊന്നും ചെയ്യുന്നില്ലല്ലോ!'' എന്ന് ആ കഥാപാത്രം പറയുന്നില്ല. സമ്പത്തിന്റെ വിതരണം കേരളത്തില്‍ പുരുഷസമൂഹമാണ് നിര്‍വ്വഹിക്കുന്നത്. പണം ചെലവാക്കുന്ന പുരുഷന്‍ 'ഇരുന്ന്' ചായ കുടിക്കാന്‍ ആഗ്രഹിക്കും. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സിസ്റ്റം അങ്ങനെയാണ്. സമ്പദ് വിതരണത്തിന്റെ ആണ്‍ വ്യവഹാര മേഖലയാണ് കേരളം, ഇന്ത്യ.

ഈ സിനിമയ്ക്ക് ഇപ്പോള്‍ കിട്ടുന്ന കയ്യടി, വേദന കണ്ട്, സ്ത്രീകള്‍ നേരിടുന്ന അവമതിപ്പുകള്‍ കണ്ട്  ചിരിച്ചാര്‍ക്കുന്ന ''ആണുങ്ങളുടെ കയ്യടിയാണ്. ഇന്നലെ രാത്രി ഈ സിനിമ ഭാര്യയോടൊപ്പം കാണാനിരുന്നപ്പോള്‍ (ഞാന്‍ രണ്ടാമതും അവള്‍ ആദ്യമായും കാണുകയായിരുന്നു. പക്ഷേ, പകുതിയായപ്പോള്‍ അവള്‍ കോട്ടുവായിട്ട് എണീറ്റ് പോയി) ആണ് ഇത് വളരെയധികം സ്ത്രീ വിരുദ്ധമാണ് എന്നു മനസ്സിലായത്.'' നാണം കെട്ട ഞാന്‍/ പുരുഷന്‍ ആ സിനിമ ഒരിക്കല്‍ക്കൂടി കണ്ടു! ഈ സിനിമയെ കയ്യടിച്ച്, സ്ത്രീകളുടെ രാഷ്ട്രീയത്തെ ഒരിക്കല്‍ക്കൂടി കൂവിത്തോല്‍പ്പിച്ചു.

സ്ത്രീകള്‍ പുരുഷന്മാരില്‍ ഇഷ്ടപ്പെടാത്ത ഏറ്റവും 'വൃത്തികെട്ട സ്വഭാവ'മെന്താണ്? 

ഈ ചോദ്യം പല സന്ദര്‍ഭങ്ങളിലായി പലരും ചോദിച്ചതാണ്. 'തുല്യത'യെക്കുറിച്ചുള്ള ഉറച്ച ധാരണകള്‍ ഉള്ളവരിലും ഈ ചോദ്യം ഒരു ഉത്തരം മാത്രമായി പുറത്തുവരുന്നതല്ല. സ്ഥിരം മദ്യപിച്ചു വരുന്ന ഭര്‍ത്താവുള്ള ഒരു സ്ത്രീയോട് ഈ ചോദ്യമുന്നയിച്ചപ്പോള്‍, മദ്യപിക്കുന്ന ഭര്‍ത്താവിന്റെ സ്വഭാവത്തെ അവര്‍ പൊട്ടിപ്പിരാകുമെന്നാണ് കരുതിയത്. ഒരു പുരുഷനിലും അവര്‍ കാണാനാഗ്രഹിക്കാത്ത ഒരേയൊരു ദുഷ്ടവാസന മദ്യത്തോടുള്ള ലഹരിയായിരിക്കുമെന്ന ധാരണ അവര്‍ തിരുത്തി. മദ്യപിക്കുമ്പോള്‍ അയാള്‍ കൂടുതല്‍ പ്രണയാതുരനാകുന്നു എന്നതായിരുന്നു, ആ സ്ത്രീയുടെ ഉത്തരം. നിരന്തരമായി സിഗററ്റു വലിക്കുന്ന ഒരാളുടെ ആണനുഭത്തിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീ പറഞ്ഞത്, വാ തുറക്കുമ്പോള്‍ ടാറൊഴിച്ച ചില പല്ലുകള്‍ കാണുമ്പോള്‍ അറപ്പ് തോന്നാറുണ്ട്. എങ്കിലും അതല്ല, അവരുടെ മോശം സ്വഭാവം. പിന്നെയെന്താണ്?

വിവാഹ നിശ്ചയം കഴിഞ്ഞ കൂട്ടുകാരിയോട് ഈ ചോദ്യം ചോദിച്ചപ്പോള്‍, അവള്‍ പറഞ്ഞത്, 'തന്റെ ഇണ'യില്‍ പ്രതീക്ഷിക്കാത്ത ആ സ്വഭാവത്തെക്കുറിച്ചാണ്. ദീര്‍ഘമായ അവരുടെ പ്രണയത്തിനിടയില്‍ 'കിടപ്പറയില്‍ പരസ്പരം പാലിക്കേണ്ട മാനേഴ്സിനെ'ക്കുറിച്ച് അവള്‍ അവനുമായി സംസാരിച്ച് ഒരു ധാരണയിലെത്തിയിട്ടുണ്ട് എന്നവള്‍ തുറന്നു പറഞ്ഞു.

80 വയസ്സുള്ള ഒരു അമ്മമ്മയോട് ഇത് ചോദിച്ചപ്പോള്‍, ''പോ കുരിപ്പേ!'' എന്നു തന്റെ ഭര്‍ത്താവിനെ ഇടക്കിടെ ഇളം ചിരിയോടെ ശകാരിച്ചത് ഈ ഒരു ഒറ്റക്കാര്യത്തിലാണ് എന്നവര്‍ പറഞ്ഞു. ആ കാര്യം?

'തുല്യതയുടെ ലിംഗ നിര്‍വ്വചനങ്ങള്‍' എന്ന അന്വേഷണത്തിന്റെ ഭാഗമായി ഈ ലേഖകന്‍ നടത്തിക്കൊണ്ടിരിക്കുന്ന അനുഭവ വിവരശേഖരണത്തില്‍ കിട്ടിയ ഉത്തരങ്ങളില്‍ ആണ്‍ ഇണയില്‍ അവര്‍ കാണുന്ന ഏറ്റവും അരോചകമായ അനുഭവം 'ളമൃ'േ ആണ്. സ്ത്രീകള്‍ ഈ കാര്യത്തില്‍ 'സംയമികള്‍' ആണെന്നാണ് പലരും പറഞ്ഞത്. സ്ത്രീകള്‍ ലജ്ജാകരമായ ഒന്നായിട്ടാണ് ഇതിനെ കാണുന്നത്. ഔചിത്യമില്ലാത്ത ആണ്‍ പെരുമാറ്റമായി പലരും ഇതിനെ കാണുന്നു.

എന്തുകൊണ്ട്? അത് ശരീരത്തിന്റെ ഒരവസ്ഥയുടെ സ്വാഭാവികമായ പ്രകടനമാണെന്ന് 'അത് പിടിച്ചുവെക്കുന്നത്' ശരീരത്തോട് ചെയ്യുന്ന അനീതിയാണെന്നും അത് 'ഉറച്ച ശബ്ദത്തില്‍ ഇടുന്നത്' ആരോഗ്യപരിപാലനത്തിന് അനിവാര്യമാണെന്നും (ഒരു ആയുര്‍വ്വേദ സെമിനാറിലാണ് ഇങ്ങനെയൊരു അഭിപ്രായം കേട്ടത്) ഉപചോദ്യങ്ങളായി അവതരിപ്പിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചു.

ചാരുതയാര്‍ന്നതോ അരുമയാര്‍ന്നതോ അല്ല ഇതിന്റെ ശബ്ദവും ഗന്ധവുമെന്നാണ് ഒരു സ്ത്രീ പറഞ്ഞത്. ആണ്‍ അധികാരത്തിന്റെ ഏറ്റവും ചെറിയ പ്രയോഗമാണത്,  അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആ സ്ത്രീ പറഞ്ഞു: ''ആണ്‍കോയ്മ പ്രയോഗിക്കാനുള്ള അധികാരങ്ങള്‍ ഒന്നും ഒഴിച്ചിടുന്നില്ല. ചന്തികൊണ്ട് നടത്തുന്ന തെറിയാണത്'' - അവര്‍ പറഞ്ഞു. എയര്‍ ഫ്രഷ്നര്‍, ഒരു വിമോചനമാണ് എന്നുകൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. 

അച്ഛന്‍ നിയന്ത്രണമില്ലാതെ കിടപ്പറയില്‍ വളിയിടുന്നതുകേട്ട് അവരുടെ ചെറിയ മകന്‍ അച്ഛനോടു ''കണ്‍ട്രോളില്‍ കൊണ്ടുവരൂ, അച്ഛാ'' എന്നൊരിക്കല്‍ തുറന്നു പറഞ്ഞത് ഒരു സ്ത്രീ ഈ അന്വേഷണത്തിനിടയില്‍ തുറന്നു പറഞ്ഞു. സ്ത്രീകള്‍ മാത്രമല്ല, കുട്ടികളും അതു വെറുക്കുന്നു. രാത്രിയെ അത് ഭയാനകമാക്കുന്നു. ലൈംഗികവേഴ്ചയ്ക്കിടയില്‍ ളമൃ േവരുന്നത് ഒഴിവാക്കാനുള്ള പല ലൈംഗിക പാഠങ്ങളുമുണ്ട്.

ഇത് പ്രാചീനമായ ഒരു വിഷയമാണ്. 'ചരിത്രപ്രസിദ്ധമായ അധോവായു' എന്ന പേരില്‍ 'ആയിരത്തൊന്നു രാവുകളി'ല്‍ ഒരു കഥയുണ്ട്. രാജകുമാരന്‍ രാജകുമാരിയെ 'പെണ്ണുകാണാന്‍' വന്ന ദിവസം അറിയാതെ വളിയിടുന്നു. ചന്തിയുടെ ഔചിത്യമില്ലാത്ത ആ പെരുമാറ്റത്തില്‍ ലജ്ജിതനായ രാജകുമാരന്‍ രാജ്യം വിട്ടു പോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പെണ്‍കുട്ടി മുത്തശ്ശിയോട് ''എനിക്കെത്ര വയസ്സായി'' എന്നു ചോദിച്ചപ്പോള്‍ മുത്തശ്ശി പറയുന്നു: ''നമ്മുടെ രാജകുമാരന്‍ രാജകുമാരിയുടെ മുന്നില്‍ വളിയിട്ട് നാടുവിട്ടുപോയ ആ വര്‍ഷമാണ് മോള് ജനിച്ചത്!''

വേഷപ്രച്ഛന്നനായി സ്വദേശത്തേയ്ക്കു മടങ്ങിയ രാജകുമാരന്‍ ഈ സംഭാഷണം കേള്‍ക്കുന്നു. തന്റെ വളി ചരിത്രമായി എന്ന തിരിച്ചറിവില്‍ അദ്ദേഹം പിന്നെയും തിരിച്ചുപോകുന്നു. ഇത്രയും വ്യക്തിഗതമായ ദു:ഖം പേറിയ ഒരു രാജാവിനെ 'കഥകളുടെ രാജധാനി'യില്‍ മാത്രമാണ് വായിക്കാനാവുക. ഇതേ കഥയുടെ പുനരാഖ്യാനം 'ഭ ര്‍ ര്‍...' എന്ന പേരില്‍ ബഷീര്‍ എഴുതിയിട്ടുണ്ട്. 'ഇട്ടാല്‍ പൊട്ടും തപ്പിയാല്‍ കാണില്ല' എന്ന ചിരിച്ചൊല്ലല്‍, അത്ര തമാശയല്ല. ആണധികാരത്തിന്റെ ഏറ്റവും ചെറിയ ശബ്ദരൂപമാണ് 'വളി' എന്ന് വലിയൊരു വിഭാഗം സ്ത്രീകള്‍ വിശ്വസിക്കുന്നു.

കരീക്ക് 

ബാല്യത്തില്‍ അയല്‍ക്കാരികളായ കൂട്ടുകാരികളോടൊപ്പം വയലില്‍ 'കരീക്ക്' കിളക്കാന്‍ പോകുമായിരുന്നു. ഈര്‍പ്പമുള്ള മണ്ണില്‍നിന്നു ചിരട്ടകൊണ്ട് കുഴിച്ചെടുക്കുന്ന, മഞ്ചാടിക്കുരുവിന്റെ അത്രയും വലിപ്പമുള്ള കനിയാണ് കരീക്ക്. കഴുകിത്തുടച്ച് വായിലിട്ടാല്‍ ഇളം മധുരം. കടല പോലെ കൊറിച്ചു തിന്നാം. കരീക്ക് 'തോണ്ടാന്‍' പോകുന്നവരെ ഇപ്പോള്‍ ഇവിടങ്ങളില്‍ കാണുന്നേയില്ല. അതൊരു വ്യാപാരമായി ആ കാലത്തും ആരും നടത്തിയതായി അറിയില്ല. ഇപ്പോഴും കുട്ടികളുടെ വിരല്‍ നീണ്ടുവരുന്ന സ്വപ്നം കാണുന്ന കരീക്കുകള്‍ ഭൂമിക്കടിയില്‍ നനഞ്ഞു കുതിരുന്നുണ്ടാവണം.

ഇന്നലെ സായാഹ്നത്തില്‍ കരീക്ക് കിളച്ചെടുക്കാന്‍ കൂട്ടുകാരികളോടൊപ്പം പോയ വയല്‍ക്കരയിലൂടെ നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com