വായിച്ചു വായിച്ച് പുസ്തകമായ ഒരാള്‍

നമ്മുടെ ഭാഷയുടെ കാവലാളായിരുന്നു എം. കൃഷ്ണന്‍നായര്‍. രചനകളിലെ തെറ്റായ പദപ്രയോഗങ്ങളും വാക്യപ്പിശകുകളും ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തെപ്പോലെ ഒരാള്‍ ഇന്നില്ല. അദ്ദേഹം വിടപറഞ്ഞിട്ട് ഫെബ്രുവരി 23ന് 15 വര്‍ഷം
വായിച്ചു വായിച്ച് പുസ്തകമായ ഒരാള്‍

വായിച്ചുവായിച്ച് പുസ്തകമാവണമെന്നെഴുതിയ ഒരു മനുഷ്യന്‍ 15 കൊല്ലം മുന്‍പ് ഇവിടെ ജീവിച്ചിരുന്നു. സാഹിത്യവിമര്‍ശകനായിരുന്നു അദ്ദേഹം. പേര് എം. കൃഷ്ണന്‍നായര്‍. തൊഴില്‍ അദ്ധ്യാപനമായിരുന്നുവെങ്കിലും മലയാളത്തിലെ എല്ലാ അക്ഷരങ്ങളും അറിയാമെന്ന കാരണത്താല്‍ തന്റെ പേരിനൊപ്പം പ്രൊഫസര്‍ എന്നു വിശേഷിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വിനീതമായ അപേക്ഷ.

തെറ്റായി ഭാഷ ഉപയോഗിക്കുന്ന അദ്ധ്യാപകരുടെ കൂട്ടത്തിലല്ല തന്റെ സ്ഥാനമെന്ന് അഭിവ്യഞ്ജിപ്പിക്കുകയായിരുന്നു അദ്ദേഹം. താനെഴുതുന്നത് വിമര്‍ശനമാണെന്ന് അഭിപ്രായമുണ്ടായിരുന്നില്ല. അതിനെ ലിറ്റററി ജേര്‍ണലിസം എന്നു പറയാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.

ലോകോത്തര കൃതികളോട് നമ്മുടെ ഭാഷയില്‍ അപ്പപ്പോഴുണ്ടാവുന്ന സാഹിത്യത്തെ താരതമ്യം ചെയ്തു മൂല്യനിര്‍ണ്ണയം നടത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതിനായി കൂടുതല്‍ അവലംബിച്ചത് ആനുകാലിക പ്രസിദ്ധീകരണങ്ങളെയാണ്.

നമ്മുടെ ഭാഷയിലെ വമ്പന്‍ എഴുത്തുകാരുടെ സാഹിത്യചോരണം ചൂണ്ടിക്കാട്ടിയതിലൂടെ അവരടക്കം നിരവധി ശത്രുക്കള്‍ ഉണ്ടായി അദ്ദേഹത്തിന്. എത്ര വലിയ സാഹിത്യകാരനോ സാഹിത്യകാരിയോ ആയിരുന്നാലും കൃതി അനുകരണമാണെന്നു കണ്ടാല്‍ അത് ഉറക്കെത്തന്നെ വിളിച്ചുപറയാനുള്ള ആര്‍ജ്ജവം വിമര്‍ശനരംഗത്ത് അദ്ദേഹത്തെ വ്യത്യസ്തനാക്കി. ബഷീറും എം. മുകുന്ദനും എന്‍.എസ്. മാധവനും പി. വത്സലയും സാഹിത്യചോരണം നടത്തിയതായി എം. കൃഷ്ണന്‍നായര്‍ ആരോപണം ഉന്നയിച്ചു. ചില വിദേശ സാഹിത്യകൃതികള്‍ അതിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. നാലപ്പാട്ട് നാരായണമേനോന്റെ 'കണ്ണുനീര്‍ തുള്ളി' എന്ന കാവ്യത്തിന് ആംഗല കവി ടെന്നിസന്റെ 'ഇന്‍ മെമ്മോറിയം' എന്ന കാവ്യത്തോട് സാദൃശ്യമുണ്ടെന്നു തന്റെ പംക്തിയിലൂടെ എം. കൃഷ്ണന്‍നായര്‍ ആരോപിക്കുകയുണ്ടായി.

ഒരു വിദേശ രചനയുടെ ഉല്‍കൃഷ്ടത എടുത്തുകാണിച്ച ശേഷം അതിനെ മലയാളത്തിലെ ഒരു കഥയോടോ കാവ്യത്തോടോ താരതമ്യം ചെയ്തു യഥാക്രമം നക്ഷത്രവും പുല്‍ക്കൊടിയും ആണെന്നു സ്ഥാപിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

ലോകോത്തര സാഹിത്യകൃതികള്‍ മലയാളികള്‍ക്കു പരിചയപ്പെടുത്തിയവരില്‍ അദ്വിതീയന്‍ എം. കൃഷ്ണന്‍നായര്‍ ആണെന്നതില്‍ രണ്ടു പക്ഷമില്ല. കേസരി ബാലകൃഷ്ണപിള്ളയുടെ പരിശ്രമങ്ങളേയും ഇവിടെ വിസ്മരിച്ചുകൂടാ. ഫ്രെഞ്ച്, റഷ്യന്‍ ഭാഷകളിലെ കഥയെഴുത്തുകാരായിരുന്ന മോപ്പസാങ്ങിനേയും ചെഖോവിനേയും പരിചയിക്കുന്നതിന് തകഴിക്കും മറ്റു പുരോഗമന സാഹിത്യകാരന്മാര്‍ക്കും സഹായകമായത് പ്രബോധകന്‍, കേസരി എന്നീ പ്രസിദ്ധീകരണങ്ങളില്‍ കേസരി ബാലകൃഷ്ണപിള്ള എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളായിരുന്നു. തകഴിയെ തകഴിയാക്കിത്തീര്‍ത്തതില്‍ കേസരിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം വലിയ തോതില്‍ പങ്കുവഹിച്ചിട്ടുണ്ടെങ്കില്‍ വായനയുടെ തമ്പുരാനായിരുന്ന എം. കൃഷ്ണന്‍നായരാവട്ടെ, ആരുടേയും വഴികാട്ടിയായിരുന്നില്ല. അദ്ദേഹം ചെയ്തത് ലോകസാഹിത്യത്തിന്റെ എല്ലാ മേഖലകളിലേയും കൃതികളിലൂടെ സഞ്ചരിച്ചു സത്യത്തിന്റേയും സൗന്ദര്യത്തിന്റേയും ലോകം അനാവരണം ചെയ്തു കാണിക്കുക എന്ന കൃത്യമാണ്. നാടകകൃത്തുക്കളും കവികളും കഥാകാരന്മാരും നോവലിസ്റ്റുകളും പ്രബന്ധകാരന്മാരും അടങ്ങുന്ന വിസ്മയലോകമായിരുന്നു അത്. സാമുവല്‍ ബക്കറ്റും യെനസ്‌കൊയും റ്റി.എസ്. എല്യറ്റും പാബ്ലോ നെരൂദയും കമ്യുവും കാഫ്കയും സാര്‍ത്രും കസാന്‍ദ് സാക്കിസും ബര്‍ട്രന്റ് റസ്സലും അവരെപ്പോലുള്ള പ്രതിഭാശാലികളും സാഹിത്യത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചതെങ്ങനെയെന്നു വിശദമാക്കാനായിരുന്നു അദ്ദേഹത്തിന്റെ എപ്പോഴത്തേയും ശ്രമം.

ബോര്‍ഹസും ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്വിസും ഉള്‍പ്പെടെ മിക്ക ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരേയും കവികളേയും മലയാളത്തിലെ സാധാരണ വായനക്കാരും സാഹിത്യനായകന്മാരും അടുത്തു പരിചയപ്പെടുന്നത് എം. കൃഷ്ണന്‍നായര്‍ എഴുതിവന്ന 'സാഹിത്യവാരഫലം' എന്ന പംക്തിയിലൂടെയാണ്. അമേരിക്കന്‍ സാഹിത്യം മാത്രം വായിച്ചുപോന്ന തനിക്കു മറ്റു ഭാഷകളിലെ വിശിഷ്ട കൃതികളെക്കുറിച്ച് അറിവു പകര്‍ന്നത് എം. കൃഷ്ണന്‍നായരുടെ വായനാ വൈപുല്യമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍ ഒരു പ്രഭാഷണത്തില്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്.

മലയാളത്തിലുണ്ടാവുന്ന രചനകള്‍ വിദേശ കൃതികളോട് താരതമ്യം ചെയ്യുമ്പോള്‍ താഴ്ന്ന നിലയില്‍ വര്‍ത്തിക്കുന്നു എന്നായിരുന്നു എം. കൃഷ്ണന്‍നായരുടെ മതം.

ഖസാക്കിന്റെ ആയുസ്സ്

രാമരാജാബഹദൂര്‍, ബാല്യകാല സഖി, ഖസാക്കിന്റെ ഇതിഹാസം ഈ മൂന്നു സൃഷ്ടികളെ അദ്ദേഹം മലയാളത്തിലെ യുഗനിര്‍മ്മാണ നോവലുകള്‍ എന്നാണ് വിശേഷിപ്പിച്ചത്. ഖസാക്കിന്റെ ഇതിഹാസത്തിന് 50 വര്‍ഷത്തെ ആയുസ്സാണ് ഏതാണ്ട് 20 കൊല്ലം മുന്‍പ് അദ്ദേഹം പ്രവചിച്ചത്. അക്കണക്കിന് ഇനി 30 കൊല്ലം കൂടി അതു നിലനില്‍ക്കും. പാശ്ചാത്യര്‍ അതു വായിക്കുകയാണെങ്കില്‍ കേവലം എക്‌സിസ്റ്റന്‍ഷ്യല്‍ നോവല്‍ എന്ന ഗണത്തിലേ അതിനെ ഉള്‍പ്പെടുത്തൂ എന്ന് അദ്ദേഹം എഴുതി.

തന്റെ വായനയുടെ സമ്പന്നമായ ഭൂമികയില്‍നിന്ന് നൊബേല്‍ സമ്മാനത്തിന് അര്‍ഹമായ ഒരേയൊരു ഭാരതീയ കൃതിയേ അദ്ദേഹത്തിനു ചൂണ്ടിക്കാട്ടാന്‍ ഉണ്ടായിരുന്നുള്ളു  താരാശങ്കര്‍ ബാനര്‍ജിയുടെ 'ആരോഗ്യ നികേതനം.'

അദ്ദേഹം എഴുതിക്കൊണ്ടിരുന്ന കാലത്ത് സാമൂഹിക മാദ്ധ്യമങ്ങള്‍ക്ക് ഇന്നത്തെ മാതിരി വ്യാപകമായ പ്രചാരം സിദ്ധിച്ചിരുന്നില്ല. പുസ്തകങ്ങളെത്തന്നെ പൂര്‍ണ്ണമായി ആശ്രയിക്കണമായിരുന്നു. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുകയും അവയിലെ നന്മതിന്മകള്‍ വേര്‍തിരിച്ചു വായനക്കാര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്ത ഒരേയൊരാള്‍ എം. കൃഷ്ണന്‍നായര്‍ ആയിരിക്കണം.

സാഹിത്യത്തിന്റെ പേരില്‍ അധമത്വം ആവിര്‍ഭവിക്കുമ്പോള്‍ അതിനെ നിന്ദിക്കുക, ഔല്‍കൃഷ്ട്യം പ്രത്യക്ഷമാകുമ്പോള്‍ അതിനെ പ്രശംസിക്കുക എന്നതാണ് സാഹിത്യവാരഫലമെന്ന തന്റെ പരമ്പരയുടെ ലക്ഷ്യമെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ചലച്ചിത്രങ്ങളെക്കുറിച്ചും ഉണ്ടായിരുന്നു അദ്ദേഹത്തിനു സ്വന്തമായ അഭിമതം. സിനിമ കലകളുടെ കൂട്ടത്തില്‍പ്പെടില്ലെന്നും അത് കേവലം ടെക്‌നിക്കാണെന്നും അദ്ദേഹം എഴുതി. പുസ്തകങ്ങളെ അളവറ്റ് സ്‌നേഹിച്ച് അവയെ കൂടെക്കൊണ്ടുനടന്ന എം. കൃഷ്ണന്‍നായര്‍ക്ക് ഇങ്ങനെയെല്ലാം പറയാന്‍ തികഞ്ഞ യോഗ്യതയുണ്ടായിരുന്നു. വരുമാനത്തിന്റെ നല്ലൊരു ഭാഗം പുസ്തകങ്ങള്‍ വാങ്ങാനാണ് അദ്ദേഹം ചെലവഴിച്ചത്. താന്‍ അഭിലഷിച്ചതു മാതിരി വായിച്ചു വായിച്ചു പുസ്തകമായി അദ്ദേഹം മാറി.

എഴുത്തുകാരെ വലിപ്പച്ചെറുപ്പം മറന്നു വിമര്‍ശിച്ചതുകൊണ്ടുണ്ടായ ശത്രുത കാര്യമാക്കാതെ ഒരു ദൗത്യംപോലെ എം. കൃഷ്ണന്‍നായര്‍ 35 വര്‍ഷം സാഹിത്യവാരഫലം എഴുതി. മറ്റൊരാളും ഇതുപോലെ നീണ്ടകാലം ഒരു പംക്തി കൈകാര്യം ചെയ്ത ചരിത്രമുണ്ടാവില്ല. എം. കൃഷ്ണന്‍നായരുടെ അഭിപ്രായങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചവരും അദ്ദേഹത്തിന്റെ അച്ഛസ്ഫടികമായ ഭാഷ ഇഷ്ടപ്പെട്ടിരുന്നു.

പ്രത്യുല്പന്നമതിത്വം സാഹിത്യവാരഫലത്തില്‍ പലപ്പോഴും പ്രകടമായിരുന്നു. തന്റെ നേര്‍ക്കു പ്രയോഗിക്കുന്ന നിന്ദാവചനങ്ങള്‍ക്കു തക്ക മറുപടി നല്‍കിയിരുന്നു അദ്ദേഹം. ആരോ അദ്ദേഹത്തിന് ഒരു കത്തയച്ചു. ഇഡിയറ്റ് എന്ന ഒരു വാക്ക് മാത്രമേ അതില്‍ എഴുതിയിരുന്നുള്ളു. കൃഷ്ണന്‍നായരുടെ കമന്റ് ഇങ്ങനെയായിരുന്നു: 'കത്തെഴുതിയിട്ട് പേര് വെക്കാന്‍ മറക്കുന്നവരുണ്ട്. പേര് വെച്ചിട്ട് കത്തെഴുതാന്‍ മറക്കുന്നവരുണ്ടെന്നറിയുന്നത് ഇത് ആദ്യമാണ്.'

കൗമുദി ബാലകൃഷ്ണനാണ് തന്റെ ലേഖന പരമ്പരയ്ക്ക് 'സാഹിത്യവാരഫലം' എന്ന പേര് നല്‍കിയത് എന്നതിനാല്‍ കണിയാന്‍ എന്ന അധിക്ഷേപം കാര്യമാക്കാതെ ആ ശീര്‍ഷകത്തില്‍ത്തന്നെ അദ്ദേഹം എഴുതിപ്പോന്നു.

മലയാളനാട് വാരികയില്‍ സാഹിത്യവാരഫലം എന്ന ശീര്‍ഷകത്തിനു താഴെ പ്രത്യക്ഷപ്പെട്ട ആദ്യ ലേഖനം നാല്പത്തിനാലു തവണ മാറ്റിയെഴുതിയതത്രേ. ആവര്‍ത്തിച്ചെഴുതി ഭാഷാശുദ്ധി വരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അവിശ്വസനീയമെന്നു തോന്നുന്ന ഇക്കാര്യം വാരികയുടെ പത്രാധിപരായിരുന്ന വി.ബി.സി. നായര്‍ പില്‍ക്കാലത്ത് ഒരു ലേഖനത്തില്‍ എഴുതിക്കണ്ടതാണ്.

വിശ്വസാഹിത്യത്തിലെ മനോഹര കഥകളുടെ സംഗ്രഹങ്ങള്‍ നല്‍കി നല്ല കഥ എന്താണെന്ന് അദ്ദേഹം വായനക്കാരെ ഗ്രഹിപ്പിച്ചിരുന്നു. മൂലകഥകളുടെ സൗന്ദര്യം അതേമട്ടില്‍ ആവിഷ്‌കരിക്കുന്നതാണ് അവ ഓരോന്നും. കഥ വായിക്കാത്തവര്‍ക്കുകൂടി പാരായണം ചെയ്യാന്‍ പ്രേരണ ജനിപ്പിക്കുന്ന മട്ടിലായിരിക്കും അതിന്റെ സംഗ്രഹം. ഓസ്‌കര്‍ വൈല്‍ഡിന്റെ 'രാപ്പാടിയും പനിനീര്‍പ്പൂവും' എന്ന പ്രശസ്തമായ കഥയുടെ രത്‌നച്ചുരുക്കം അദ്ദേഹം നല്‍കിയത് നമുക്കു നോക്കാം:

'തത്ത്വചിന്ത പഠിക്കുന്ന ഒരു യുവാവിനു ചുവന്ന പനിനീര്‍പ്പൂ ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി ഹൃദയം മുള്ളോടു ചേര്‍ത്തുവെച്ചു പാടിപ്പാടി മരണം വരിച്ച ഒരു രാപ്പാടിയുടെ കഥയുണ്ട്. പക്ഷി പാടുന്തോറും ചെടിയുടെ അഗ്രഭാഗത്ത് ഒരു പനിനീര്‍പ്പൂ ദലങ്ങള്‍ വിടര്‍ത്തുകയായി... രാപ്പാടിയുടെ പാട്ടുകേട്ട് ഹിമാംശു അനങ്ങാതെ അന്തരീക്ഷത്തില്‍ നിന്നു. ചരാചരങ്ങളാകെ നിര്‍വൃതിയില്‍ ലയിച്ചു. എന്നിട്ടും ചുവന്ന റോസാപ്പൂവിന്റെ ഉള്ള് വെളുത്തുതന്നെയിരുന്നു. അവിടംകൂടി ചുവന്നുകിട്ടണമെങ്കില്‍ മുള്ളുകൊണ്ട് ഹൃദയം പിളര്‍ക്കണമെന്നും രക്തം ചെടിയുടെ ഞരമ്പുകളില്‍ക്കൂടി ഒഴുകണമെന്നും പനിനീര്‍ച്ചെടി പക്ഷിയോടു പറഞ്ഞു. രാപ്പാടി ഹൃദയം അമര്‍ത്തി. അതു കീറി. രക്തം ഒഴുകി. പൊടുന്നനവെ ഒരു ഗാനത്തിന്റെ ഭഞ്ജനം തന്നെയുണ്ടായി. പൂവിന്റെ ഉള്ള് ചുവന്നു. നേരം വെളുത്തപ്പോള്‍ രാപ്പാടി ചെടിയുടെ ചുവട്ടില്‍ മരിച്ചുകിടക്കുന്നത് ആളുകള്‍ കണ്ടു...'

വാനമ്പാടി അതിന്റെ ജീവന്‍ ത്യജിച്ച് വിടര്‍ത്തിയ ചുവന്ന പനിനീര്‍പ്പൂ തത്ത്വചിന്ത പഠിക്കുന്ന യുവാവിന്റെ പ്രണയസാഫല്യത്തിനു വേണ്ടിയായിരുന്നു. യുവാവ് പനിനീര്‍പ്പൂ പൊട്ടിച്ചെടുത്ത് പ്രണയിനിക്കു സമ്മാനിച്ചപ്പോള്‍ അവള്‍ അതു സ്വീകരിച്ചില്ല. പ്രണയം അസംബന്ധമായ കാര്യമാണെന്നു മനസ്സിലാക്കിക്കൊണ്ട് യുവാവ് പിന്തിരിഞ്ഞു. അയാള്‍ പൊടിപിടിച്ചു കിടന്ന ഗ്രന്ഥമെടുത്ത് പഠനം തുടര്‍ന്നു.

പല പുസ്തകങ്ങളില്‍നിന്ന് ഉദ്ധരിക്കാറുള്ള നര്‍മ്മോക്തികളും എം. കൃഷ്ണന്‍ നായരുടെ പംക്തിയെ ആകര്‍ഷക മാക്കിയിരുന്നു. 'സാഹിത്യവാരഫലം' എന്ന പംക്തി ദീര്‍ഘകാലം നിലനിന്നതിന്റെ കാരണം ഇത്തരം നര്‍മ്മ ഭാസുരങ്ങളായ കഥകള്‍ അതില്‍ ഉദ്ധരിച്ചു ചേര്‍ത്തതുകൊണ്ടുകൂടിയാണ്.

ആനുഷംഗികമായി ഓര്‍മ്മയില്‍ വന്ന ഒരു നര്‍മ്മോക്തി എം. കൃഷ്ണന്‍നായര്‍ എഴുതിയതുകൂടി ഇവിടെ പറഞ്ഞുകൊള്ളട്ടെ. ഒരു ചെറുപ്പക്കാരന്‍ പുറത്തുപോയ സന്ദര്‍ഭം നോക്കി അയാളുടെ കിടപ്പുമുറിയിലേയ്ക്ക് ബിഷപ്പ് കടന്നുചെന്നു. ചെറുപ്പക്കാരന്‍ തിരിച്ചെത്തി തെരുവിലൂടെ പോകുന്നവരെ അനുഗ്രഹിക്കാന്‍ തുടങ്ങി. പുറത്തു വന്ന ബിഷപ്പ് അയാളോട് ചോദിച്ചു: 'നിങ്ങള്‍ എന്താണീ കാണിക്കുന്നത്?' ചെറുപ്പക്കാരന്‍ മറുപടി നല്‍കി: 'എന്റെ ജോലി അങ്ങ് ഏറ്റെടുത്തതുകൊണ്ട് അങ്ങയുടെ ജോലി ഞാന്‍ ചെയ്യുന്നു.'

നമ്മുടെ ഭാഷയുടെ കാവലാളായിരുന്നു എം. കൃഷ്ണന്‍നായര്‍. രചനകളിലെ തെറ്റായ പദപ്രയോഗങ്ങളും വാക്യപ്പിശകുകളും ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തെപ്പോലെ ഒരാള്‍ ഇന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ വിയോഗം മലയാളഭാഷയ്ക്ക് നഷ്ടം തന്നെയാണ്.

ആദ്യ ലോകമലയാള സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത് 1977ലോ മറ്റോ ആണ്. സമ്മേളന പന്തലിന്റെ പ്രവേശന കവാടത്തിന്റെ മുന്‍പില്‍ ഒരു ബോര്‍ഡ് വച്ചത് എം. കൃഷ്ണന്‍നായര്‍ കണ്ടു. അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കമന്റ് അടുത്ത ആഴ്ചയിലെ സാഹിത്യവാരഫലത്തില്‍ വന്നത് ഇങ്ങനെയാണ്: 'ഗണപതയെ നമ: എന്ന് ശരിക്ക് എഴുതാന്‍ അറിയാത്തവരാണല്ലോ ഈ ലോകമലയാള സമ്മേളനം നടത്തുന്നത് എന്ന് ഓര്‍ത്തപ്പോള്‍ എന്നെ ക്ഷണിക്കാഞ്ഞത് നന്നായി എന്നുതോന്നി.' 'ത' എന്ന അക്ഷരം കഴിഞ്ഞു ദീര്‍ഘം ഉപയോഗിച്ചതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്.

സാഹിത്യം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്തവര്‍കൂടി വിശ്വസാഹിത്യകാരന്മാരെപ്പറ്റി പറഞ്ഞുകൊണ്ടുനടന്നത് സാഹിത്യവാരഫലത്തിന്റെ സ്വാധീനതയിലായിരുന്നു. ഇത്തരം ഒരു പംക്തി ഭാഷയിലുണ്ടായത് ഭാഗ്യമാണ്.

എം. കൃഷ്ണന്‍നായരുടെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com