പാട്ട് മറന്നുകളഞ്ഞ ആ നിമിഷം- രവി മേനോന്‍ എഴുതുന്നു

യേശുദാസിനൊപ്പം നിലമ്പൂര്‍ കാര്‍ത്തികേയന്‍
യേശുദാസിനൊപ്പം നിലമ്പൂര്‍ കാര്‍ത്തികേയന്‍

തിറ്റാണ്ടുകളായി കേട്ടുതഴമ്പിച്ച ചോദ്യം: ''യേശുദാസിന്റെ സര്‍വ്വാധിപത്യമായിരുന്നില്ലേ നിങ്ങളൊക്കെ കടന്നുവരുമ്പോള്‍ മലയാള സിനിമയില്‍. പിന്നെങ്ങനെ ഇത്രയെങ്കിലും പാട്ട് പാടാനൊത്തു? കഴിവുള്ള പുതിയ ഗായകര്‍ വളര്‍ന്നുവരാന്‍ സമ്മതിക്കുമോ ഗാനഗന്ധര്‍വന്‍?''

മറുപടിയായി ഒരു കഥ പറയും നിലമ്പൂര്‍ കാര്‍ത്തികേയന്‍. ഹൃദയസ്പര്‍ശിയായ ഒരു അനുഭവകഥ. ''സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ കാലത്ത് കുറച്ചു പടങ്ങളില്‍ ട്രാക്ക് പാടിയിട്ടുണ്ട് ഞാന്‍. രതിനിര്‍വ്വേദം സിനിമയില്‍ യേശുദാസ് പാടാനിരുന്ന 'മൗനം തളരും തണലില്‍' എന്ന പാട്ടായിരുന്നു അവയിലൊന്ന്. പ്രത്യേകിച്ചൊരു സന്തോഷമുണ്ടായിരുന്നു ആ പടത്തില്‍ പാടാന്‍. എന്റെ ആദ്യ ശിഷ്യനും നാട്ടുകാരനുമായ കൃഷ്ണചന്ദ്രനാണ് അതില്‍ നായകന്‍. ദാസേട്ടന്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഞാന്‍ പാടിയ ട്രാക്ക് വെച്ചാണത്രേ രംഗം ചിത്രീകരിച്ചത്. അന്നു വൈകുന്നേരം നേരില്‍ കണ്ടപ്പോള്‍ കൃഷ്ണചന്ദ്രന്‍ പറഞ്ഞു: മാഷ് പാടിയ ട്രാക്ക് ഭരതേട്ടന് വലിയ ഇഷ്ടമായി. അതുതന്നെ സിനിമയില്‍ ഉപയോഗിക്കാനാണ് മൂപ്പര്‍ ആലോചിക്കുന്നതെന്നു തോന്നുന്നു.''

ഉള്ളില്‍ സന്തോഷം തോന്നിയെങ്കിലും പുറത്തു പ്രകടിപ്പിച്ചില്ല. സിനിമയുടെ ലോകമല്ലേ? തികച്ചും പ്രവചനാതീതം. എന്തും സംഭവിക്കാം. പ്രതീക്ഷിച്ചപോലെ കുറച്ചുനാള്‍ കഴിഞ്ഞ് കൃഷ്ണചന്ദ്രന്‍ വീണ്ടും വന്നു പറഞ്ഞു: ''അയ്യോ മാഷേ, പാട്ട് യേശുദാസ് തന്നെ പാടണം എന്ന് നിര്‍മ്മാതാവ് ഹരിപോത്തന് നിര്‍ബ്ബന്ധം. ഇനിയിപ്പോള്‍ ദാസേട്ടന്‍ തന്നെ വിചാരിച്ചാലേ എന്തെങ്കിലും നടക്കൂ. മാഷ് നേരിട്ടൊന്ന് അദ്ദേഹത്തോട് സംസാരിച്ചുകൂടേ? മാഷ് പറഞ്ഞാല്‍ ദാസേട്ടന്‍ സമ്മതിക്കും.'' ആ വാക്കുകളിലെ ഉദ്ദേശ്യശുദ്ധി മനസ്സിനെ തൊട്ടുവെന്നത് സത്യം. എങ്കിലും ആരെയും കണ്ട് സംസാരിക്കാന്‍ പോയില്ല കാര്‍ത്തികേയന്‍. ആരുടേയും സൗമനസ്യം തേടിയുമില്ല. ''അത് ശരിയല്ല എന്നു തോന്നി. ദാസേട്ടനെ മനസ്സില്‍ കണ്ട് ദേവരാജന്‍ മാഷ് ഉണ്ടാക്കിയ പാട്ടാണ്. അതിനുവേണ്ടി മറ്റൊരാള്‍ ആഗ്രഹിക്കുന്നതുതന്നെ തെറ്റ്.'' അവിടെവെച്ച് ആ നിമിഷം തന്നെ പാട്ട് മറന്നുകളയാന്‍ തീരുമാനിക്കുന്നു കാര്‍ത്തികേയന്‍.

പിന്നീട് നടന്ന കാര്യങ്ങള്‍ മറ്റൊരു ഗായകന്‍ പറഞ്ഞാണ് കാര്‍ത്തികേയന്‍ അറിഞ്ഞത്. റെക്കോര്‍ഡിംഗിന് സ്റ്റുഡിയോയില്‍ എത്തിയ ദാസേട്ടന്‍ ഞാന്‍ പാടിവെച്ച ട്രാക്ക് കേള്‍ക്കുന്നു. ഒന്നും രണ്ടുമല്ല, പലതവണ. പാട്ട് കേട്ട ശേഷം സംവിധായകനേയും നിര്‍മ്മാതാവിനേയും വിളിച്ച് അദ്ദേഹം പറയുന്നു: ''ഈ പാട്ടില്‍ ഇതിനപ്പുറം എന്തു ചെയ്യാനാണ് ഞാന്‍. അതിമനോഹരമായി പാടിവെച്ചിരിക്കുകയാണ് ഈ ഗായകന്‍. ഇത് ധൈര്യമായി ഓക്കേ ചെയ്‌തോളൂ. അദ്ദേഹത്തിനു നല്ലൊരു ബ്രേക്ക് ആകട്ടെ.''

പുതിയ ഗായകന്റെ ശബ്ദത്തില്‍ പാട്ട് സിനിമയില്‍ നിലനിര്‍ത്തുന്നതിനോട് എതിര്‍പ്പില്ലായിരുന്നു ഭരതനും ദേവരാജന്‍ മാഷിനും. പക്ഷേ, നിര്‍മ്മാതാവുണ്ടോ വഴങ്ങുന്നു. ''എന്റെ സിനിമയില്‍ ഈ പാട്ടുണ്ടാവണമെങ്കില്‍ അത് യേശുദാസിന്റെ സ്വരത്തില്‍ തന്നയാവണം'' എന്ന് അസന്ദിഗ്ദ്ധമായി അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ മറ്റാര്‍ക്കും എതിര്‍ക്കാനായില്ല എന്നതാണ് സത്യം. ''മനസ്സില്ലാമനസ്സോടെയാണ് ആ പാട്ട് ദാസേട്ടന്‍ പാടിയതെന്ന് സ്ഥലത്തുണ്ടായിരുന്ന എന്റെ പ്രിയസുഹൃത്ത് പറഞ്ഞറിഞ്ഞപ്പോള്‍, ആ നല്ല മനസ്സിനെ നമിച്ചുപോയി ഞാന്‍. ഇതുപോലൊരാള്‍ പുതിയ ഗായകരുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞുകേള്‍ക്കുമ്പോള്‍ വേദനയാണ് തോന്നുക. ഇന്നും ആ ശബ്ദം കേള്‍ക്കാത്ത ദിവസങ്ങളില്ല എന്റെ ജീവിതത്തില്‍...''

അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍. സിനിമയില്‍ അധികം പാട്ടുകളൊന്നും പാടിയിട്ടില്ല കാര്‍ത്തികേയന്‍. വിരലിലെണ്ണാവുന്നവ ഒഴിച്ചാല്‍ പാടിയ പാട്ടുകളെല്ലാം ദേവരാജന്‍ മാഷിന്റെ സൃഷ്ടികള്‍. അതില്‍ത്തന്നെ സോളോകള്‍ അത്യപൂര്‍വ്വം. 'കേണലും കളക്ടറും' എന്ന ചിത്രത്തില്‍ വയലാര്‍-ദേവരാജന്‍ ടീമിനുവേണ്ടി പാടിയ തളിരോട് തളിരെടി ആണ് അവയിലൊന്ന്. പിന്നെ, അണിയറയിലെ കാഞ്ഞിരോട്ട് കായലിലോ (പി. ഭാസ്‌കരന്‍-ദേവരാജന്‍). അയല്‍ക്കാരിയിലെ ഒന്നാനാം അങ്കണത്തില്‍ (മാധുരിയോടൊപ്പം), രതിനിര്‍വ്വേദത്തിലെ കാലം കുഞ്ഞുമനസ്സില്‍ (ജയചന്ദ്രനൊപ്പം), സത്രത്തില്‍ ഒരു രാത്രിയിലെ പ്രാണപ്രിയേ, അനുഭവങ്ങളേ നന്ദിയിലെ മാനോടും മല (തോപ്പില്‍ ആന്റോയ്ക്ക് ഒപ്പം),  കല്‍ക്കിയിലെ ചിത്രശലഭമേ, അവര്‍ ജീവിക്കുന്നുവിലെ സന്ധ്യാരാഗം സഖി നിന്‍ കവിളിലെ (മാധുരിയോടൊപ്പം), കെ.ജെ. ജോയ് ചിട്ടപ്പെടുത്തിയ മകരവിളക്കിലെ വസന്തത്തിന്‍ വിരിമാറില്‍... അങ്ങനെ ഭേദപ്പെട്ട കുറച്ചു പാട്ടുകള്‍ കൂടി. പതിറ്റാണ്ടോളം നീണ്ട സിനിമാജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ തിരിച്ചടികള്‍ കുറവല്ലെങ്കിലും അവയൊന്നും തന്റെ മനസ്സിനെ ബാധിച്ചിരുന്നില്ലെന്നു പറയും കാര്‍ത്തികേയന്‍. ''ഒരുപക്ഷേ, അമിതമോഹങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാവാം.''

ദേവരാജന്റെ തണലില്‍  

ദേവരാജന്‍ മാഷിന്റെ പ്രിയഗായകന്‍ എന്നായിരുന്നു അക്കാലത്ത് മദ്രാസിലെ സിനിമാസംഗീത ലോകത്ത് കാര്‍ത്തികേയന്റെ മേല്‍വിലാസം. ഗുണത്തോടൊപ്പം ദോഷവും ചെയ്തു അത്. ''ദേവരാജന്റെ ആളായിട്ടാണ് തന്നെ പലരും കാണുന്നത്. അതുകൊണ്ടാണ് നല്ല ഗായകനായിട്ടും തനിക്ക് പാട്ടുകള്‍ തരാന്‍ അവര്‍ മടിക്കുന്നതും.'' പ്രമുഖനായ ഒരു സിനിമാലേഖകന്റെ വാക്കുകള്‍ കാര്‍ത്തികേയന്റെ ഓര്‍മ്മയിലുണ്ട്. ''അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ സ്വാഭാവികമായും ഭാവിയെക്കുറിച്ച് ആശങ്ക തോന്നിത്തുടങ്ങി. കോറസ് പാടുകയായിരുന്നു ആദ്യകാലത്ത് പ്രധാന വരുമാനമാര്‍ഗ്ഗം. പക്ഷേ, ഒരു പടത്തിന് അന്നു ലഭിച്ചിരുന്ന പരമാവധി പ്രതിഫലം 150 രൂപയാണ്. സംഘഗായകരില്‍ ഒരാളായും ഗാനമേളകളില്‍ പങ്കെടുത്തുമൊക്കെ ലഭിച്ചിരുന്ന തുച്ഛമായ തുകകൊണ്ട് എങ്ങനെ ഭാവിജീവിതം കെട്ടിപ്പടുക്കാന്‍ കഴിയും എന്നതിനെക്കുറിച്ചായിരുന്നു എന്റെ വേവലാതി മുഴുവന്‍. നാട്ടില്‍ തിരിച്ചുചെന്ന് പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാതെ വഴിയില്ലെന്നു വന്നു. കരുളായിയിലെ കെ.എം. ഹൈസ്‌കൂളില്‍ മ്യൂസിക് ടീച്ചറായി ചേരുന്നത് അങ്ങനെയാണ്. ഭാഗ്യം; പാലക്കാട് സംഗീത അക്കാദമിയില്‍ നിന്നുള്ള ഗാനഭൂഷണവും സ്വാതി തിരുനാള്‍ അക്കാദമിയില്‍നിന്നുള്ള ഗാനപ്രവീണയും പാഴായിപ്പോയില്ല'' - കാര്‍ത്തികേയന്‍ ചിരിക്കുന്നു.

അതിനകം വിവാഹജീവിതത്തില്‍ പ്രവേശിച്ചിരുന്നു കാര്‍ത്തികേയന്‍. ഭാര്യ സുലേഖ മണിമൂളി ഹൈസ്‌കൂളില്‍ സംഗീതാദ്ധ്യാപിക. അഞ്ചു വര്‍ഷത്തെ അദ്ധ്യാപനവൃത്തിക്കു ശേഷമായിരുന്നു ഇരുവരുടേയും ജീവിതത്തിലെ അടുത്ത വഴിത്തിരിവ്. സുലേഖയുടെ ജ്യേഷ്ഠന്‍ വഴി അമേരിക്കയില്‍ ചേക്കേറുന്നു കാര്‍ത്തികേയനും കുടുംബവും. അവിടെയും തുണയായത് സംഗീതം തന്നെ. മൂന്ന് പതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കില്‍ 'പല്ലവി സംഗീതാലയ' എന്ന പേരില്‍ ഒരു സംഗീത വിദ്യാലയം നടത്തുന്നുണ്ട് കാര്‍ത്തികേയന്‍. ഭാര്യ അവിടെത്തന്നെ ഒരു ആശുപത്രിയില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലിചെയ്യുന്നു. അമേരിക്കയില്‍നിന്ന് അഭിനയത്തില്‍ പരിശീലനം നേടിയ മകന്‍ ധനിഷ് കാര്‍ത്തിക്ക് ഹോളിവുഡ് നടനാണിപ്പോള്‍. മലയാളത്തിലും അഭിനയിക്കാന്‍ മോഹമുണ്ട് ധനീഷിന്.

എന്തുകൊണ്ട് സിനിമ വിട്ടു എന്നു പലരും ചോദിച്ചിട്ടുണ്ട് കാര്‍ത്തികേയനോട്. ശ്രീകുമാരന്‍ തമ്പി സാറിനെ പണ്ട് നേരിട്ട് ചെന്നു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് അപ്പോള്‍ ഓര്‍മ്മവരിക. ചാന്‍സ് തരില്ല എന്നൊന്നും മുഖത്തുനോക്കി പറഞ്ഞില്ല; അദ്ദേഹം പറഞ്ഞ വാക്കുകളുടെ ധ്വനി അതായിരുന്നെങ്കിലും. സിനിമാലോകം എന്നിലെ ഗായകനെ എങ്ങനെ കാണുന്നു എന്ന തിരിച്ചറിവാണ് ആത്മാര്‍ത്ഥതയോടെയുള്ള ആ തുറന്നുപറച്ചില്‍ എനിക്ക് നല്‍കിയത്. ''സിനിമയില്‍ ഇപ്പോള്‍ പാട്ടുകള്‍ കുറവാണ് എന്നറിയാമല്ലോ'' - തമ്പി സാര്‍ പറഞ്ഞു. ''പരമാവധി രണ്ടോ മൂന്നോ പാട്ടേ കാണൂ. ഒരു പാട്ട് യേശുദാസ് പാടണമെന്നു നിര്‍ബ്ബന്ധമുണ്ട്. അതു കഴിഞ്ഞാല്‍ ജയചന്ദ്രന്‍. പിന്നെ ഞാന്‍ കൊണ്ടുവന്നയാളാണ് ജോളി എബ്രഹാം. ഇവരെയെല്ലാം കഴിഞ്ഞേ എനിക്ക് കാര്‍ത്തികേയനെ പാടിക്കാന്‍ പറ്റൂ.'' മറ്റൊന്നും പറഞ്ഞില്ല തമ്പി സാര്‍. ഞാനൊട്ടു ചോദിച്ചതുമില്ല. നീ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല, സ്ഥലം വിട്ടോ എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചപോലെ. സിനിമയില്‍ ഗാഢസൗഹൃദങ്ങള്‍ക്കുപോലും വലിയ വിലയില്ല എന്ന തിരിച്ചറിവ് കൂടിയുണ്ടായിരുന്നു നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിനു പിന്നില്‍. ''സിനിമയില്‍ വന്നുപെട്ട കാലം മുതല്‍ അടുപ്പമുള്ള ചിലരുണ്ട്. എന്റെ മേശവലിപ്പില്‍നിന്ന് എന്റെ അനുവാദമില്ലാതെ പണമെടുത്തുകൊണ്ടുപോകാന്‍ വരെ സ്വാതന്ത്ര്യമുള്ളവര്‍. വര്‍ഷങ്ങളോളം ഒരുമിച്ച് ഉണ്ണുകയും ഉറങ്ങുകയും സ്വപ്നം കണ്ടു നടക്കുകയും ചെയ്തവരാണ് ഞങ്ങളെല്ലാം. എന്നാല്‍, പില്‍ക്കാലത്ത് തിരക്കേറിയ സംഗീത സംവിധായകരായി മാറിയപ്പോള്‍ അവരെല്ലാം എന്നെ മറന്നു. ഒന്നും പ്രതീക്ഷിച്ചിട്ടല്ല. എങ്കിലും സിനിമയിലെ സൗഹൃദങ്ങള്‍ക്ക് ഇത്രയല്ലേ വിലയുള്ളൂ എന്ന അറിവ് അത്ഭുതമായിരുന്നു എനിക്ക്...'' പിന്നെ അധികകാലം ചെന്നൈയില്‍ തങ്ങിയില്ല കാര്‍ത്തികേയന്‍.

അതിനു പത്തുവര്‍ഷം മുന്‍പ് ആദ്യമായി സിനിമാനഗരിയില്‍ വന്നിറങ്ങിയപ്പോള്‍ ശുഭപ്രതീക്ഷകളായിരുന്നു കാര്‍ത്തികേയന്റെ മനസ്സ് നിറയെ. പ്രതീക്ഷയോടെ ആദ്യം ചെന്നു കണ്ടത് എം.എസ്. വിശ്വനാഥനെ. പാലക്കാട്ടുള്ള എം.എസ്.വിയുടെ അമ്മാവന്‍ എന്‍.എസ്. മേനോന്റെ ശുപാര്‍ശക്കത്തുമായി എ.വി.എം സ്റ്റുഡിയോയില്‍ തന്നെ വന്നുകണ്ട പുതിയ പാട്ടുകാരനെക്കൊണ്ട് കുറച്ചു പാട്ടുകള്‍ പാടിച്ചുകേട്ട ശേഷം മെല്ലിശൈ മന്നന്‍ പറഞ്ഞു: ''ഇപ്പോള്‍ തമിഴിലാണ് ഞാന്‍ പടം ചെയ്യുന്നത്. മലയാളസിനിമ ചെയ്യുമ്പോള്‍ വിളിക്കാം.'' നിരാശയോടെ തിരിച്ചുപോരുമ്പോള്‍ എം.എസ്.വിയുടെ ഓര്‍ക്കസ്ട്രയില്‍ അംഗമായിരുന്ന നടന്‍ പട്ടം സദനും ഉണ്ടായിരുന്നു കൂടെ. ''തനിക്ക് ദേവരാജന്‍ മാഷെ പരിചയപ്പെടുത്തിത്തരാം. ചിലപ്പോള്‍ ഗുണമുണ്ടാകും. അവിടെ ശുപാര്‍ശയൊന്നും വേണ്ടിവരില്ല. കഴിവുണ്ടെന്നു കണ്ടാല്‍ അദ്ദേഹം തന്നെ സിനിമയില്‍ പാടിച്ചിരിക്കും'' - സദന്‍ പറഞ്ഞു.

സ്റ്റുഡിയോയില്‍ ചെല്ലുമ്പോള്‍ 'രാജഹംസം' എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിംഗ് തിരക്കിലാണ് ദേവരാജന്‍ മാസ്റ്റര്‍. അയിരൂര്‍ സദാശിവന്‍ 'സന്യാസിനി' എന്ന പാട്ടിന്റെ ട്രാക്ക് പാടുന്നു. സദന്‍ പരിചയപ്പെടുത്തിയതിനാലാവണം പുത്തന്‍ പാട്ടുകാരനെക്കൊണ്ട് അതേ മൈക്കില്‍ ഒരു പാട്ട് പാടിക്കാന്‍ മാസ്റ്റര്‍ തയ്യാറായത്. പാട്ട് കേട്ടശേഷം നാളെ വീട്ടില്‍ വരൂ എന്നു പറഞ്ഞ് കാര്‍ത്തികേയനെ യാത്രയാക്കുന്നു മാസ്റ്റര്‍. ഇനിയുള്ള കഥ കാര്‍ത്തികേയന്റെ വാക്കുകളില്‍: ''പിറ്റേന്നു കാലത്തുതന്നെ ഞാന്‍ മാഷുടെ വീട്ടില്‍ ഹാജര്‍. തുറന്നിട്ട കതകിനപ്പുറത്ത് ഹാര്‍മോണിയവുമായി നിലത്ത് ചമ്രം പടിഞ്ഞിരിക്കുകയാണ് മാസ്റ്റര്‍. നാട്ട രാഗത്തിലുള്ള 'മഹാഗണപതിം' എന്ന കീര്‍ത്തനം പാടിച്ചു ആദ്യം. പിന്നെ 'പ്രിയേ നിന്‍ ഹൃദയമൊരു പിയാനോ' എന്നൊരു പാട്ട് പഠിപ്പിച്ചുതന്നു. എല്ലാം കഴിഞ്ഞ് അദ്ദേഹം നയം വ്യക്തമാക്കി: ''ഒരു വര്‍ഷം ഇവിടെ നില്‍ക്കേണ്ടിവരും. നൂറു സിനിമാപ്പാട്ടുകളെങ്കിലും പഠിക്കണം. റെക്കോര്‍ഡുകള്‍ ഞാന്‍ തരാം. ഗ്രാമഫോണ്‍ വാങ്ങിയാല്‍ മതി.''

നിലമ്പൂര്‍ കാര്‍ത്തികേയന്‍
നിലമ്പൂര്‍ കാര്‍ത്തികേയന്‍

ഉപാധികള്‍ അവിടംകൊണ്ട് തീര്‍ന്നില്ല. ''ഈ ഒരു വര്‍ഷത്തിനുള്ളില്‍ ചിലപ്പോള്‍ ഞാന്‍ പാടാന്‍ അവസരം തന്നെന്നിരിക്കും. തന്നില്ല എന്നും വരാം. എന്തു പറയുന്നു? നില്‍ക്കുന്നോ അതോ സ്ഥലം വിടുന്നോ? നന്നായി ആലോചിച്ചു നാളെ വന്നു പറഞ്ഞാല്‍ മതി.'' നില്‍ക്കേണ്ടതില്ല എന്നായിരുന്നു എന്റെ തീരുമാനം - ചെറുപ്പമല്ലേ? പിറ്റേന്നു തന്നെ അക്കാര്യം മാഷെ അറിയിക്കുകയും ചെയ്തു. ഒപ്പം ഒരു വാഗ്ദാനം കൂടി: ''ഒരു വര്‍ഷം കഴിഞ്ഞു ഞാന്‍ തിരിച്ചുവരും.'' എന്നെയൊന്ന് ചുഴിഞ്ഞുനോക്കി മാസ്റ്റര്‍ പറഞ്ഞ മറുപടി ഓര്‍മ്മയുണ്ട്: ''എപ്പോള്‍ വന്നാലും ഞാന്‍ പറഞ്ഞ ഈ സമയപരിധിക്കു മാറ്റമുണ്ടാവില്ല. വന്ന ശേഷം ഒരു വര്‍ഷം കൂടി കാത്തിരുന്നേ പറ്റൂ.''

കൃത്യം ഒരു വര്‍ഷം കഴിഞ്ഞു വീണ്ടും ചെന്നൈയില്‍ ചെന്നപ്പോഴാണ് ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞതിന്റെ പൊരുള്‍ കാര്‍ത്തികേയനു മനസ്സിലായത്. ''അന്ന് ഇവിടെത്തന്നെ തങ്ങിയിരുന്നെങ്കില്‍ കുറച്ചു നല്ല പാട്ടുകളൊക്കെ പാടിയേനേ. ഇന്നിപ്പോള്‍ നിങ്ങളുടെ സ്ഥാനത്ത് വേറെ പലരും വന്നു; അവരൊക്കെ പാടി പേരെടുക്കുകയും ചെയ്തു'' -മാസ്റ്റര്‍ പറഞ്ഞു. വീണ്ടും പഴയ അതേ ചോദ്യം. ''ഇനി എന്ത് പറയുന്നു? നില്‍ക്കുന്നോ അതോ പോകുന്നോ?'' ഇത്തവണ നില്‍ക്കാന്‍ തന്നെയായിരുന്നു തീരുമാനമെന്ന് കാര്‍ത്തികേയന്‍.

ഒരാഴ്ചയ്ക്കകം എ.വി.എം സ്റ്റുഡിയോയില്‍ റെക്കോര്‍ഡിംഗിനു ചെല്ലാന്‍ മാസ്റ്ററുടെ വിളി വരുന്നു. 'അനാവരണം' എന്ന സിനിമയുടെ പശ്ചാത്തലത്തിലെ ഹമ്മിംഗ് ആണ് പാടേണ്ടത്. പടത്തിന്റെ തീം മ്യൂസിക് ആയതുകൊണ്ട് ബി.ജി.എമ്മിന്റെ അവിഭാജ്യ ഘടകമാണ് ആ ഹമ്മിംഗ്. മനോഹരമായിരുന്നു മാഷ് മൂളിത്തന്ന ആ സംഗീത ശകലം. അടുത്തയാഴ്ച തന്നെ ആദ്യത്തെ പാട്ടും കിട്ടി 'അയല്‍ക്കാരി'യില്‍ മാധുരിക്കൊപ്പം ''ഒന്നാനാം അങ്കണത്തില്‍.'' അതേ സിനിമയില്‍ സി.ഒ. ആന്റോ, പരമശിവം എന്നിവര്‍ക്കൊപ്പം തട്ടല്ലേ മുട്ടല്ലേ എന്ന സംഘഗാനത്തിലും ഉണ്ടായി കാര്‍ത്തികേയന്റെ സാന്നിധ്യം. പിന്നാലെ കേണലും കളക്ടറും എന്ന പടത്തില്‍ ആദ്യത്തെ സോളോ. 

യേശുദാസിനൊപ്പം  

യേശുദാസിനൊപ്പം ആദ്യം പാടിയത് ''ആനന്ദം പരമാനന്ദ''ത്തിലാണ്. ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ സഖ്യം ഒരുക്കിയ വണ്ടര്‍ഫുള്‍ എന്ന ഹാസ്യഗാനം. ''കണ്ടയുടന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ നമസ്‌കരിച്ചു ഞാന്‍. മറ്റേതു മലയാളിയേയും പോലെ ആ ആലാപന സൗന്ദര്യത്തിന്റെ ആരാധകനായിരുന്നു ഞാനും. ആദ്യ കൂടിക്കാഴ്ച മറക്കാനാവില്ല. മൂത്ത സഹോദരനെപ്പോലെയാണ് അദ്ദേഹം പെരുമാറിയത്. സ്റ്റുഡിയോയുടെ ഒഴിഞ്ഞ മൂലയിലേക്ക് മാറ്റിനിര്‍ത്തി റെക്കോര്‍ഡിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എനിക്കൊരു ക്ലാസ്സ് തന്നെ എടുത്തു ദാസേട്ടന്‍. അന്ന് അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങള്‍ ഇന്നും ഓര്‍മ്മയിലുണ്ട്. തൊണ്ടയ്ക്ക് ബലം കൊടുക്കാതെ പാടുക; വരി അവസാനിക്കുന്നത് 'ഉം'കാരം വരുന്ന അക്ഷരത്തിലാണെങ്കില്‍ ആ ഭാഗം നീട്ടി പാടുക... അങ്ങനെ നിരവധി വിലപ്പെട്ട ഉപദേശങ്ങള്‍. താമസമെന്തേ വരുവാന്‍ എന്ന പാട്ട് ആദ്യം കേട്ട് കോരിത്തരിച്ച നിമിഷം മുതല്‍ യേശുദാസിനെ മാനസഗുരുവായി കണ്ട ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു ആ വാക്കുകള്‍. 

ഈശ്വരതുല്യനായി കരുതുന്ന ദേവരാജന്‍ മാസ്റ്ററുടെ സ്‌നേഹവാത്സല്യങ്ങള്‍ ആവോളം നുകരാന്‍ പറ്റിയെന്നത് സിനിമാജീവിതം കനിഞ്ഞുനല്‍കിയ മറ്റൊരു മഹാഭാഗ്യം. ''മാഷിന് എന്നെ ഇഷ്ടമായിരുന്നു. പതിവ് ഗൗരവം ഒക്കെ കൈവിട്ട് ധാരാളം തമാശകള്‍ പറഞ്ഞിരുന്ന നിമിഷങ്ങള്‍ ഓര്‍മ്മയിലുണ്ട്. പൊയ്മുഖങ്ങള്‍ ഇല്ലാത്ത മനുഷ്യനായിരുന്നു. മനസ്സില്‍ തോന്നുന്നത് ആരോടും വെട്ടിത്തുറന്നു പറയും. മാധുരിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ ഒളിഞ്ഞും തെളിഞ്ഞും പലരും അദ്ദേഹത്തെ പരിഹസിച്ചിരുന്നതായി അറിയാം. അതൊന്നും അദ്ദേഹത്തെ ബാധിച്ചതേയില്ല. സ്‌നേഹസമ്പന്നനായ ഒരു രക്ഷാകര്‍ത്താവിനെപ്പോലെയാണ് എന്നും മാഷ് മാധുരിയോട് പെരുമാറിയത്. ചെന്നൈയില്‍ മാധുരിയമ്മയ്ക്ക് വീട് വെക്കാനുള്ള ധനശേഖരണത്തിനായി കേരളത്തില്‍ അനേകം ഗാനമേളകള്‍ നടത്തി മാസ്റ്റര്‍. എല്ലായിടത്തും പാട്ടുകാരനായി ഞാന്‍ ഉണ്ടായിരുന്നു. ഒരു കാര്യം മനസ്സില്‍ ഉറച്ചാല്‍ അത് നിറവേറ്റും വരെ വിശ്രമമുണ്ടാവില്ല അദ്ദേഹത്തിന് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ആ ഗാനമേളാ പരമ്പര.''

സംഗീത സംവിധാനത്തിലെ തന്റെ കാഴ്ചപ്പാടുകള്‍ മാഷ് പങ്കുവെയ്ക്കുന്നത് കേള്‍ക്കുക കൗതുകരമാണെന്നു പറയും കാര്‍ത്തികേയന്‍. ''കവിതയുടെ അര്‍ത്ഥത്തിനു ഭംഗമേല്പിക്കാതെയാണ് അദ്ദേഹം ഗാനസൃഷ്ടി നടത്തുക. സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം എന്ന ഗാനം എന്തുകൊണ്ട് ജനങ്ങള്‍ ഇഷ്ടപ്പെട്ടു എന്നതിന് അദ്ദേഹം നല്‍കിയ വിശദീകരണം ഓര്‍ക്കുന്നു. അധികം സംഗതികളൊന്നുമില്ല ആ പാട്ടില്‍. എന്നിട്ടും അത് ഹിറ്റായതെങ്ങനെ എന്നറിയാന്‍ ശ്രദ്ധിച്ചൊന്ന് കേട്ടുനോക്കിയാല്‍ മതി. സ്വന്തത്തിനും ബന്ധത്തിനും അര്‍ത്ഥമില്ല എന്ന തിരിച്ചറിവില്‍ നിരാശയോടെ ഒരാള്‍ പാടുന്ന പാട്ടിന് എന്തിനാണ് അധികം വാദ്യഘോഷം? ലളിതമായ ഈണമേ അതിന് ആവശ്യമുള്ളൂ. ട്യൂണില്‍ നിരാശ ജനിപ്പിക്കുന്ന ശബ്ദക്രമീകരണങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഗാനത്തിന്റെ ഭാവം പൂര്‍ണ്ണതയോടെ കേള്‍വിക്കാരില്‍ എത്തുന്നു. തന്നെത്തന്നെ ആ പാട്ടില്‍ കാണാനും അനുഭവിക്കാനും കഴിയുന്നു ശ്രോതാവിന്.''

അതീവ സൂക്ഷ്മതയോടെയാണ് ഓരോ പാട്ടും മാസ്റ്റര്‍ പാടിത്തരുക. പാട്ടിനാവശ്യമുള്ള എല്ലാം അതിലുണ്ടാകും. ''വേറെ പൊടിപ്പും തൊങ്ങലും നമ്മളതിനു ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമില്ല. ഒരു സംഗതി നമ്മള്‍ പാടിയത് ശരിയായില്ലെങ്കില്‍, ആ ഭാഗം മാത്രം വേര്‍തിരിച്ചു പാടിത്തരും. കാഞ്ഞിരോട്ട് കായലിലെ എന്ന പാട്ട് പഠിച്ചെടുക്കാന്‍ കഷ്ടിച്ച് 15 മിനിറ്റേ വേണ്ടിവന്നുള്ളൂ എനിക്ക്. മാഷ് അത്രയും ശ്രദ്ധയോടെ പാടിത്തന്നതുകൊണ്ടുള്ള ഗുണം.'' ഇന്ന് സംഗീതാദ്ധ്യാപനത്തില്‍ കാര്‍ത്തികേയന്‍ പിന്തുടരുന്നതും മാഷ് കാണിച്ചുതന്ന മാതൃക തന്നെ. ''മറക്കാനാവാത്ത കാഴ്ചയാണ് ദേവരാജന്‍ മാസ്റ്ററുടെ ഗാനസൃഷ്ടി. സ്വന്തം വീടിന്റെ മുകള്‍നിലയിലെ തറയില്‍ വിരിച്ചിട്ട പരവതാനിയില്‍ തലയ്ക്ക് കൈകൊടുത്തു ചരിഞ്ഞുകിടന്ന് ഓരോ ഈണവും മൂളും അദ്ദേഹം. സഹായിയായ ജോണ്‍സണ്‍ അത് അപ്പപ്പോള്‍ സ്വരപ്പെടുത്തി നോട്ട് ബുക്കില്‍ എഴുതിവെയ്ക്കും. വയലിനും ഫ്‌ലൂട്ടിനും എല്ലാം പ്രത്യേകം പ്രത്യേകമായാണ് മാഷ് ട്യൂണിടുക. ആ സമയത്ത് ഹാര്‍മോണിയം ഉപയോഗിക്കില്ല. ആത്മാവിന്റെ ആഴങ്ങളില്‍ നിന്നാണ് ഈണം വിരിഞ്ഞുവരുന്നത് എന്നു തോന്നും. അത്തരത്തിലുള്ള എത്രയോ മനോഹരമായ കാഴ്ചകളും കേള്‍വികളും എന്റെ മനസ്സിലുണ്ട്...'' -ഓര്‍മ്മകളില്‍ മുഴുകി വികാരാധീനനാകുന്നു കാര്‍ത്തികേയന്‍.

റഹ്മാന്റെ ഗുരു  

നിലമ്പൂരിനടുത്ത് ചുങ്കത്തറയില്‍ ജനിച്ചുവളര്‍ന്ന കാര്‍ത്തികേയനെ പാട്ടുകാരനാക്കിയത് വീട്ടിലെ സംഗീതാന്തരീക്ഷം തന്നെ. എങ്കിലും സംഗീതാദ്ധ്യാപകനാകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വിധിനിയോഗം എന്നേ പറയാനാകൂ. ഗാനഭൂഷണം കഴിഞ്ഞു ഗാനപ്രവീണ കോഴ്‌സിന് ചേരും മുന്‍പ് ഒരു വര്‍ഷം വീട്ടില്‍ നില്‍ക്കേണ്ടിവന്നപ്പോഴാണ് ആദ്യമായി ഒരാളെ പഠിപ്പിക്കേണ്ടിവന്നത് - പില്‍ക്കാലത്ത് ഗായകനും നായകനുമായി വളര്‍ന്ന കൃഷ്ണചന്ദ്രനെ. നൂറുകണക്കിനു ശിഷ്യര്‍ പിറകെ വന്നു. പ്രശസ്തരും അപ്രശസ്തരും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. അവരിലൊരാളെ കാര്‍ത്തികേയന് മറക്കാനാവില്ല  ആര്‍.കെ. ശേഖറിന്റെ മകന്‍ ദിലീപിനെ. ''ദേവരാജന്‍ മാഷാണ് ദിലീപിനേയും സഹോദരിയേയും കര്‍ണാടക സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കാനുള്ള ചുമതല എന്നെ ഏല്‍പ്പിച്ചത്. അപ്പോഴേക്കും ശേഖര്‍ മരിച്ചിരുന്നു. സാലിഗ്രാമത്തിലെ ആ കൊച്ചുവീട്ടില്‍ ഒരു മുറി നിറയെ ശേഖറിന്റെ സംഗീതോപകരണങ്ങളാണ്. അവ വാടകയ്ക്ക് കൊടുത്തു കിട്ടിയ വരുമാനം കൊണ്ടാണ് അന്ന് ആ കുടുംബം ജീവിച്ചിരുന്നത്. എന്തുചെയ്യാം. നാല് മാസത്തോളമേ എന്റെ ദൗത്യം നീണ്ടുനിന്നുള്ളു. നല്ല കുസൃതിയാണ് അന്ന് ദിലീപ്. പാട്ടിനേക്കാള്‍ കളിയിലാണ് അയാള്‍ക്കു താല്‍പ്പര്യം. ഒട്ടും അടങ്ങിയിരിക്കാത്ത പ്രകൃതം. അശ്രദ്ധ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ എനിക്കും മടുത്തു. മാഷോട് പറഞ്ഞു ഞാന്‍ തന്നെ നിര്‍ത്തുകയായിരുന്നു പാട്ടു പഠിപ്പിക്കല്‍.'' ദിലീപ് ലോകമറിയുന്ന എ.ആര്‍. റഹ്മാന്‍ ആയി വളര്‍ന്നത് പില്‍ക്കാല ചരിത്രം. ''അന്നും പാശ്ചാത്യ സംഗീതത്തോട് റഹ്മാന് പ്രത്യേകിച്ചൊരു മമത ഉള്ളതായി തോന്നിയിരുന്നു. എന്റെ ക്ലാസ്സ് നിര്‍ത്തിയയുടന്‍ മാസ്റ്റര്‍ ധന്‍രാജിന്റെ കീഴില്‍ വെസ്റ്റേണ്‍ മ്യൂസിക് പഠിക്കാന്‍ ചേര്‍ന്നു അയാള്‍. അവിടെനിന്നാണ് യഥാര്‍ത്ഥത്തില്‍ റഹ്മാന്റെ ജൈത്രയാത്രയുടെ തുടക്കം.''

സിനിമാക്കാലം വിദൂരസ്മരണയാണിന്ന് കാര്‍ത്തികേയന്. ജീവിതത്തിലെ മാഞ്ഞുപോയ ഒരു ഏട്. അറിയപ്പെടുന്ന പിന്നണിഗായകനാകുക എന്ന സ്വപ്നവുമായി മദ്രാസില്‍ വന്നിറങ്ങിയ നാട്ടിന്‍പുറത്തുകാരനെ കാത്തിരുന്നതേറെയും കടമ്പകളായിരുന്നു. പലപ്പോഴും അവയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കേണ്ടിവന്നു. എങ്കിലും നിരാശയില്ല. എത്രയോ മഹാരഥന്മാരെ കാണാനും പരിചയപ്പെടാനും ചിലര്‍ക്കൊപ്പം സഹകരിക്കാനും വഴിയൊരുക്കി സിനിമാജീവിതം. 'ഓര്‍മ്മയില്‍ നീ മാത്രം' എന്ന ചിത്രത്തിനുവേണ്ടി സ്‌നേഹം ദൈവമെഴുതിയ കാവ്യം എന്ന ഗാനം പാടി റെക്കോര്‍ഡ് ചെയ്ത അനുഭവം വികാരവായ്പോടെ പങ്കുവെയ്ക്കുന്നു കാര്‍ത്തികേയന്‍. ''യേശുദാസിനു പാടാന്‍ വെച്ച പാട്ടാണ്. ദാസേട്ടന്‍ സ്ഥലത്തില്ലാത്തതുകൊണ്ട് ജയേട്ടനെക്കൊണ്ട് പാടിക്കാനായി ശ്രമം. ജയേട്ടനും സ്ഥലത്തില്ല. അങ്ങനെയാണ് ആ പാട്ട് എനിക്കു വീണുകിട്ടിയത്. സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ കൂടെ പാടുന്നത് സാക്ഷാല്‍ പി. സുശീല.''

''കുട്ടിക്കാലം മുതലേ ഞാന്‍ ആരാധിക്കുന്ന, ഒരിക്കലെങ്കിലും കാണാന്‍ മോഹിച്ച ഗായികയാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആദ്യമായി ഒരു സമ്മാനം കിട്ടിയതുതന്നെ സുശീലാമ്മയുടെ പാട്ടുപാടിയുറക്കാം ഞാന്‍ എന്ന പാട്ട് പാടിയതിനാണ്. സര്‍വ്വ ദൈവങ്ങളേയും ധ്യാനിച്ചുകൊണ്ട് ഞാന്‍ മൈക്കിനു മുന്നില്‍ അവര്‍ക്കൊപ്പം നിന്നു. ഹൃദയത്തില്‍നിന്നു പാടി. ആദ്യ ടേക്കില്‍ പാട്ട് ഓക്കേ ആയപ്പോള്‍ തൊട്ടടുത്ത് നിന്നൊരു കയ്യടി. മൈക്കിനു മുന്നില്‍ നിന്നുകൊണ്ടുതന്നെ എന്നെ നിറമനസ്സോടെ അഭിനന്ദിക്കുകയാണ് അവര്‍. 

കോരിത്തരിപ്പോടെ, കണ്ണുകളില്‍ നേര്‍ത്ത നനവോടെ, ആ കയ്യടി കേട്ടുനില്‍ക്കേ കാര്‍ത്തികേയന്റെ മനസ്സ് ഒരിക്കല്‍ക്കൂടി പാടി; നിമിഷങ്ങള്‍ക്കു മുന്‍പ് താന്‍ പാടിനിര്‍ത്തിയ പല്ലവി: ''സ്‌നേഹം ദൈവമെഴുതിയ കാവ്യം...''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com