മൗലാന ആസാദിനെ മൗദൂദിയാക്കുന്നവര്‍

1941-ല്‍ ബ്രിട്ടീഷിന്ത്യയില്‍ മൗദൂദി ജമാഅത്തെ ഇസ്ലാമി രൂപവല്‍ക്കരിക്കുമ്പോള്‍ ഇവിടെ ഇസ്ലാമിക ഭരണം ഇല്ല എന്നതിനാല്‍ അദ്ദേഹം ഇന്ത്യയെ വിശേഷിപ്പിച്ചത് 'ദാറുല്‍ കഫ്ര്‍' (അവിശ്വാസത്തിന്റെ നാട്) എന്നാണ്
മൗലാന അബ്ദുൽ കലാം ആസാദ്/ ഫെയ്സ്ബുക്ക്
മൗലാന അബ്ദുൽ കലാം ആസാദ്/ ഫെയ്സ്ബുക്ക്

സ്ഥാപക ഗുരുനാഥന്‍ ഉരുവിട്ട ദുരാശയങ്ങളുടെ ദുര്‍വഹഭാരംകൊണ്ട് വീര്‍പ്പുമുട്ടുകയാണ് ഇന്ത്യയിലെ, വിശിഷ്യ കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍. ഇലാഹിന്റെ ഭരണം, അല്ലാഹുവിന്റെ രാജ്യം, ഇസ്ലാമിക ഭരണം എന്നൊക്കെ വിവക്ഷിക്കാവുന്ന 'ഹുക്കൂമത്തെ ഇലാഹിയ്യ'യില്‍ കുറഞ്ഞ ഒന്നുകൊണ്ടും മുസ്ലിങ്ങള്‍ തൃപ്തിപ്പെട്ടുകൂടാ എന്നു സിദ്ധാന്തിച്ചയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ അഅ്ല മൗദൂദി. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല' (ലാ ഇലാഹ ഇല്ലല്ലാഹ്) എന്നതാണ് മുസ്ലിങ്ങളുടെ അടിസ്ഥാന വിശ്വാസ പ്രഖ്യാപന(കലിമ)മെന്നും ആ പ്രഖ്യാപനത്തില്‍നിന്നുതന്നെ അല്ലാഹുവിന്റെ രാജ്യം അഥവാ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നത് മുസ്ലിങ്ങളുടെ ബാധ്യതയാണെന്നു സിദ്ധിക്കുന്നുവെന്നും ജമാഅത്തിന്റെ പരമോന്നത മാര്‍ഗ്ഗദര്‍ശകന്‍ വിശദീകരിച്ചിട്ടുണ്ട്.

1941-ല്‍ ബ്രിട്ടീഷിന്ത്യയില്‍ മൗദൂദി ജമാഅത്തെ ഇസ്ലാമി രൂപവല്‍ക്കരിക്കുമ്പോള്‍ ഇവിടെ ഇസ്ലാമിക ഭരണം ഇല്ല എന്നതിനാല്‍ അദ്ദേഹം ഇന്ത്യയെ വിശേഷിപ്പിച്ചത് 'ദാറുല്‍ കഫ്ര്‍' (അവിശ്വാസത്തിന്റെ നാട്) എന്നാണ്. അത്തരമൊരു ദേശത്തെ 'ദാറുല്‍ ഇസ്ലാം' (ഇസ്ലാമിന്റെ നാട്) ആയി പരിവര്‍ത്തിപ്പിക്കാന്‍ മുസ്ലിങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തണം; അങ്ങനെ ചെയ്യാതെ അത്തരമൊരു ദേശത്ത് ജീവിക്കുന്നതു പോയിട്ട്, ശ്വാസോച്ഛാസം നടത്തുന്നതുപോലും മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അനുവദനീയം (ജാഇസ്) അല്ല എന്നത്രേ ജമാഅത്ത് ഗുരു വ്യക്തമാക്കിയത്. ഇന്ത്യയെ ദാറുല്‍ ഇസ്ലാമാക്കുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ദൗത്യമെന്നുകൂടി അദ്ദേഹം വെളിപ്പെടുത്തി. മൗദൂദിയുടെ കാഴ്ചപ്പാടില്‍ മതേതര ജനാധിപത്യം ഹറാം (നിഷിദ്ധം) ആണ്. കാരണം, ആ ഭരണവ്യവസ്ഥ അല്ലാഹുവിന്റെ പരമാധികാരം എന്ന ആശയത്തിനു പകരം ജനങ്ങളുടെ പരമാധികാരം എന്ന ആശയമാണുള്‍ക്കൊള്ളുന്നത്. ബ്രിട്ടീഷ് ഭരണം മാത്രമല്ല, ഇസ്ലാമികമല്ലാത്ത ഒരു ഭരണവ്യവസ്ഥയും മുസ്ലിങ്ങള്‍ സ്വീകരിച്ചുകൂടാ എന്നും ജമാഅത്ത് മേധാവി രേഖപ്പെടുത്തിയിട്ടുണ്ട്.

പരമ ഗുരുവര്യന്‍ ഓതിക്കൊടുത്തതും മുകളില്‍ പരാമര്‍ശിച്ചതുമായ പാഠങ്ങളുടെ ചുഴിയില്‍ ഉഴറുകയാണ് നാട്ടിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍. മൗദൂദിയന്‍ വചനങ്ങള്‍ കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് ഏറെ നാളായി അവര്‍. സ്ഥാപകന്‍ ചൊല്ലിപ്പഠിപ്പിച്ച ഇസ്ലാമിക ഭരണം എന്ന മന്ത്രം ഉപേക്ഷിച്ചാല്‍, അതോടെ സ്വന്തം സംഘടനയുടെ കാറ്റ് പോകും. നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മറ്റു മുസ്ലിം മതസംഘടനകളായ ജംഇയ്യത്തുല്‍ ഉലമ, നദ്വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും ജമാഅത്തെ  ഇസ്ലാമിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാതാകും. മൗദൂദിയന്‍ മന്ത്രവുമായി നടന്നാലോ; മതരാഷ്ട്രവാദികള്‍, തീവ്ര മതമൗലികവാദികള്‍, ഇസ്ലാമിക ഭരണവാദികള്‍ മുതലായ മുദ്രകള്‍ ചാര്‍ത്തപ്പെടുകയും പൊതുസമൂഹത്തിനു മുന്‍പില്‍ പ്രതിച്ഛായ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം തുടരുകയും ചെയ്യും.

ഉത്തരത്തിലുള്ളത് എടുക്കുകയും വേണം, കക്ഷത്തിലുള്ളത് വീഴുകയുമരുത് എന്ന ധര്‍മ്മസങ്കടവുമായി നടക്കുന്ന സംസ്ഥാനത്തെ ജമാഅത്തെ ഇസ്ലാമിക്കാര്‍ തങ്ങളും മതേതരവാദികളാണെന്നു മാലോകരെ ബോദ്ധ്യപ്പെടുത്താന്‍ പെടാപ്പാട് പെടുകയായിരുന്നു കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായിട്ട്. ചിലപ്പോള്‍ ഇടതു ജനാധിപത്യമുന്നണിയോടും മറ്റു ചിലപ്പോള്‍ ഐക്യജനാധിപത്യമുന്നണിയോടും അനുരാഗചേഷ്ടകള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് അവര്‍ ആ സര്‍ക്കസ് നടത്തിപ്പോന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി ബാന്ധവമുണ്ടാക്കിയത് മുസ്ലിംലീഗ് വഴി യു.ഡി.എഫിനോടാണ്. അതു പക്ഷേ, യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങളുണ്ടാക്കി. കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഹസ്തമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ്സിനോ യു.ഡി.എഫിനോ യാതൊരു ബന്ധവുമില്ലെന്ന പ്രഖ്യാപനവുമായി രംഗത്തു വന്നു. ഇസ്ലാമിക രാഷ്ട്രവാദികളുമായി കോണ്‍ഗ്രസ് ഒരുതരത്തിലുള്ള ധാരണയുമുണ്ടാക്കിയിട്ടില്ലെന്ന് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിക്കുകയും ചെയ്തു.

ജിന്നയും മൗദൂദിയും

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷവും ഇതു സംബന്ധിച്ച വാദവിവാദങ്ങള്‍ തുടരവെയാണ്  നൂറാം വാര്‍ഷികമാഘോഷിക്കുന്ന കെ.പി.സി.സിക്കു പിന്നില്‍നിന്നു ഒരു കൊട്ടുനല്‍കാന്‍ മൗദൂദിസ്റ്റ് പത്രമായ മാധ്യമം മുന്നോട്ടുവന്നത്. ആ പത്രത്തിന്റെ എഡിറ്റര്‍ 'ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍ കെ.പി.സി.സി ഓര്‍ക്കേണ്ടത്' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദ സംഘടനയായി ചിത്രീകരിക്കുന്നതിലുള്ള അമര്‍ഷമാണ് നുരഞ്ഞുപൊന്തിയത്. പക്ഷേ, വിചിത്രമെന്നു പറയണം, തന്റെ സംഘടനയെ മതരാഷ്ട്രവാദക്കളങ്കത്തില്‍നിന്നു ഊരിയെടുക്കാനുള്ള തത്രപ്പാടില്‍ ലേഖകന്‍ കൂട്ടുപിടിച്ചത് മൗലാന അബുല്‍ കലാം ആസാദിനെയാണ്. മൗദൂദിയേക്കാള്‍ വലിയ മൗദൂദിയായിരുന്നു ആസാദെന്നും ഹുക്കൂമത്തെ ഇലാഹിയ്യ(അല്ലാഹുവിന്റെ രാജ്യം)യ്ക്കുവേണ്ടി മൗദൂദിക്കു മുന്‍പേ ശക്തമായി വാദിച്ചത് ആസാദായിരുന്നു എന്നുമാണ് മാധ്യമത്തിന്റെ പത്രാധിപര്‍ എഴുതിയിട്ടത്.

മൗദൂദിയേക്കാള്‍ പതിനഞ്ച് വയസ്സ് മൂപ്പുള്ള മൗലാന ആസാദ് പ്രമുഖ രാഷ്ട്രീയ നേതാവെന്നപോലെ പ്രഖ്യാത ഇസ്ലാം മത പണ്ഡിതനുമായിരുന്നു. ഹുക്കൂമത്തെ ഇലാഹിയ്യ എന്ന പരികല്‍പ്പനയെക്കുറിച്ച് ആദ്യ നാളുകളില്‍ അദ്ദേഹം എഴുതിയിട്ടുണ്ടാവാം. പക്ഷേ, പ്രസ്തുത ആശയം നടപ്പാക്കണമെന്നാവശ്യപ്പെട്ട വ്യക്തിയായിരുന്നില്ല ആസാദ്. ആയിരുന്നെങ്കില്‍ അദ്ദേഹം മതേതര ദേശീയപ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വമെടുക്കുകയും അതിന്റെ പ്രവര്‍ത്തകസമിതിയില്‍ സക്രിയനാവുകയും തന്റെ മുപ്പത്തിയഞ്ചാം വയസ്സില്‍ അതിന്റെ അധ്യക്ഷപദവി ഏറ്റെടുക്കുകയും ചെയ്യില്ലായിരുന്നു. ഇന്ത്യയുടെ സങ്കരദേശീയതയും മതനിരപേക്ഷതയും സോഷ്യലിസവും അംഗീകരിക്കുകയും ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവ് കൂടിയായിരുന്നു ആസാദ്. നാട്ടുരാജ്യമായ ഹൈദരാബാദിലെ ഔറംഗബാദില്‍ ജനിച്ച മൗദൂദി സ്വാതന്ത്ര്യപ്പുലരിയില്‍ സാമോദം പാകിസ്താനിലേക്ക് കുടിയേറിയപ്പോള്‍ മൗലാന ആസാദ് ഇന്ത്യയില്‍ തുടരുകയും സ്വതന്ത്രഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസമന്ത്രിയാവുകയും ചെയ്തു.

അത്തരം ഒരു വ്യക്തിയെ ഹുക്കൂമത്തെ ഇലാഹിയ്യയുടെ ശക്തനായ വക്താവെന്ന മാധ്യമം പത്രാധിപര്‍ക്ക് വിശേഷിപ്പിക്കാമെങ്കില്‍, മൗദൂദിയെ പാശ്ചാത്യചിന്തയുടെ ഉഗ്രവക്താവെന്നു മറ്റുള്ളവര്‍ക്കും വിശേഷിപ്പിക്കാന്‍ സാധിക്കുമെന്ന കാര്യം മറക്കരുത്. ഇസ്ലാമിക ഭരണവാദത്തിലേക്ക് തിരിയുന്നതിനു മുന്‍പ് മൗദൂദി പാശ്ചാത്യചിന്താപദ്ധതികളില്‍ ആകൃഷ്ടനായിരുന്നു. യൂറോപ്യന്‍ ചിന്തകരായ ഫിഷ്റ്റ്, ഹെഗല്‍, കോംറ്റെ, ആഡംസ്മിത്ത്, മാല്‍ഥൂസ്, റൂസോ, വാര്‍ട്ടയര്‍, മൊണ്ടെസ്‌ക്യൂ, തോമസ് പെയ്ന്‍, ലെസിംഗ് മുതലായവരുടെ വിചാരങ്ങകളെ താല്‍പ്പര്യപൂര്‍വ്വമാണ് അദ്ദേഹം സമീപിച്ചത്. 1920-കളുടെ അവസാനത്തില്‍, മറ്റു പല മുസ്ലിം യുവാക്കളേയും പോലെ മാര്‍ക്‌സിസത്തിലും ആകൃഷ്ടനായിരുന്നു മൗദൂദി. എന്നുവെച്ച് അദ്ദേഹത്തെ പാശ്ചാത്യചിന്തകളുടേയോ മാര്‍ക്‌സിസത്തിന്റേയോ വക്താവെന്നു വിലയിരുത്തുന്നത് എത്രത്തോളം അസംബന്ധമാണോ അത്രതന്നെ അസംബന്ധമാണ് ആസാദിനെ ഹുക്കൂമത്തെ ഇലാഹിയ്യയുടെ വക്താവെന്നു വിലയിരുത്തുന്നത്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ജമാഅത്തെ ഇസ്ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ഒളിഞ്ഞും തെളിഞ്ഞും ബന്ധം സ്ഥാപിക്കുന്ന മുസ്ലിംലീഗ് നേതാക്കളുടെ നോട്ടം പതിയേണ്ട ഒരു വിഷയത്തിലേക്ക് കൂടി കൂട്ടത്തില്‍ കടന്നുചെല്ലട്ടെ. കൊളോണിയല്‍ ഇന്ത്യയിലെ ഏറ്റവും സമുന്നതനും സമുജ്ജ്വലനുമായ ലീഗ് നേതാവ് മുഹമ്മദലി ജിന്നയായിരുന്നു. അദ്ദേഹം ജമാഅത്തെ ഇസ്ലാമിയോട് സ്വീകരിച്ച സമീപനത്തിലേക്ക് ലീഗ്  സേനാധിപര്‍ ഒന്നു കണ്ണയക്കണം. 1945-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായും അഹ്‌റാര്‍ പാര്‍ട്ടിയുമായും യാതൊരു നീക്കുപോക്കിനും അദ്ദേഹം തയ്യാറായില്ല. ഇരുസംഘടനകളും പിറക്കാനിരിക്കുന്ന പാകിസ്താനിലെ ഭരണം ഇസ്ലാമികമായിരിക്കണം എന്ന നിലപാടുകാരായിരുന്നു എന്നതിനാലാണ് അദ്ദേഹം അവരെ അകറ്റിനിര്‍ത്തിയത്.

അതേ ജിന്ന സാമുദായിക സൗഹാര്‍ദ്ദവും ശാന്തിയും ഉറപ്പാക്കാന്‍ നല്‍കിയ നിര്‍ദ്ദേശവും കേരളത്തിലെ ലീഗുകാര്‍ ശ്രദ്ധിക്കേണ്ടതാണ്. തന്റെ അടുത്ത സുഹൃത്തായിരുന്ന സര്‍ തേജ് ബഹദൂര്‍ സപ്രുവിനോട് ജിന്ന പറഞ്ഞു: ''നിങ്ങളുടെ പണ്ഡിറ്റുകളെ നിങ്ങളും ഞങ്ങളുടെ മുല്ലമാരെ ഞങ്ങളും നശിപ്പിച്ചാല്‍ സാമുദായിക ശാന്തി എളുപ്പത്തില്‍ കൈവരിക്കാന്‍ കഴിയും.'' മുല്ലമാരുടെ രൂക്ഷമായ എതിര്‍പ്പുണ്ടായിട്ടും ഇന്ത്യന്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ 'ശരീഅത്ത് ബില്ലി'നേയും 'ഖാസി ബില്ലി'നേയും വിജയകരമായി തടഞ്ഞതും അദ്ദേഹം തന്നെ. പാകിസ്താന്‍ നിലവില്‍ വന്ന ശേഷം നവരാഷ്ട്രത്തിലെ ഭരണം ശരീഅത്ത് പ്രകാരമായിരിക്കണം എന്നാവശ്യപ്പെട്ട മുല്ലമാരോട് അദ്ദേഹം ചോദിച്ചതിങ്ങനെ: ''ആരുടെ ശരീഅത്ത്-ഹമ്പലി മുസ്ലിങ്ങളുടെ, ശാഫി മുസ്ലിങ്ങളുടെ, മാലികി മുസ്ലിങ്ങളുടെ, ജഅഫ്‌റി മുസ്ലിങ്ങളുടെ?'' ഭരണരംഗം മതമേലാളര്‍ക്ക് വിട്ടുകൊടുക്കാന്‍ താനുദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം അസന്ദിഗ്ദ്ധഭാഷയില്‍ വ്യക്തമാക്കുകയും ചെയ്തു.

ശരീഅത്ത് വാദത്തേയും ഇസ്ലാമിക ഭരണവാദത്തേയും ഒരളവിലും മുഹമ്മദലി ജിന്ന അംഗീകരിച്ചിരുന്നില്ല എന്നത്രേ മേല്‍ ഉദ്ധരണിയില്‍നിന്നു തെളിയുന്നത്. ഭരണം ഇസ്ലാമികമായിരിക്കണം എന്നു സിദ്ധാന്തിക്കുന്ന മൗദൂദിസ്റ്റുകളെ കൂടെക്കൂട്ടാന്‍ വെമ്പുന്ന സംസ്ഥാന ലീഗ് നേതൃത്വം ജിന്നയുടെ രാഷ്ട്രീയ നിലപാടുകള്‍ സൂക്ഷ്മമായി പഠിക്കാനെങ്കിലും സമയം കണ്ടെത്തണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com