'പിണറായിയുടെ രാഷ്ട്രീയ മോഹങ്ങളുടെ പാലം വലിച്ചിടാന്‍ സാധ്യതയുള്ള ഒരേയൊരു പാര്‍ട്ടിയും നേതാവും മാത്രമേ ഇന്ന് കേരളത്തിലുള്ളൂ'

'പിണറായിയുടെ രാഷ്ട്രീയ മോഹങ്ങളുടെ പാലം വലിച്ചിടാന്‍ സാധ്യതയുള്ള ഒരേയൊരു പാര്‍ട്ടിയും നേതാവും മാത്രമേ ഇന്ന് കേരളത്തിലുള്ളൂ'
പിണറായി വിജയന്‍x
പിണറായി വിജയന്‍x

കോണ്‍ഗ്രസ്സിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മുസ്ലിംലീഗ് വളര്‍ന്നോ? എന്ന ആശങ്ക പങ്കുവെയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പില്‍ 'ഒളിച്ചുവെയ്ക്കാന്‍' ശ്രമിക്കുന്ന ഒരു ഭയമുണ്ട്. പിണറായിയില്‍നിന്നു സാധാരണനിലയില്‍ ഇങ്ങനെയൊരു പോസ്റ്റ് ആരും പ്രതീക്ഷിക്കില്ല. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ പിണറായി ഇവ്വിധം ''മറ്റുള്ളവരെ തീരുമാനിക്കാന്‍ ഇവരാര്?'' എന്ന രീതിയില്‍ മുന്‍പു ചോദിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 'താക്കോല്‍ സ്ഥാനം' വേണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉമ്മന്‍ ചാണ്ടിയെ തുടര്‍ച്ചയായി പരിഹസിച്ചും ഇകഴ്ത്തിയും കേരളത്തിലെ ഒരേയൊരു 'അധികാരി' താനെന്ന മട്ടില്‍ സംസാരിച്ചപ്പോള്‍, ''ഒരു മുഖ്യമന്ത്രിയെപ്പറ്റി ഇങ്ങനെ സംസാരിക്കരുത്'' എന്ന രീതിയില്‍ പിണറായി സംസാരിച്ചിട്ടുണ്ട്. പിണറായി 'ശകാരിച്ചതിനു'ശേഷമാണ് ജി. സുകുമാരന്‍ നായര്‍ ഒട്ടൊന്ന് അയഞ്ഞത്. പിന്നീട് രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കി ഉമ്മന്‍ ചാണ്ടി നായര്‍ പരിവാരങ്ങളുടെ മാനം കാക്കുകയും ചെയ്തു.

ഇപ്പോള്‍ യു.ഡി.എഫിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ മുസ്ലിംലീഗ് വളര്‍ന്നോ എന്നാണ് പിണറായി എഫ്.ബി. പോസ്റ്റില്‍ ചോദിക്കുന്നത്. വ്യക്തമാണ്, ഉത്തരം. മുസ്ലിം ലീഗിനെ മാത്രമാണ് ഇന്ന് കേരളത്തില്‍ പിണറായിക്കു ഭയം. ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന പിണറായിയുടെ രാഷ്ട്രീയ മോഹങ്ങളുടെ പാലം വലിച്ചിടാന്‍ സാധ്യതയുള്ള ഒരേയൊരു പാര്‍ട്ടിയും ഒരേയൊരു നേതാവും മാത്രമേ ഇന്ന് കേരളത്തിലുള്ളൂ. അത് മുസ്ലിംലീഗും പി.കെ കുഞ്ഞാലിക്കുട്ടിയുമാണ്. പിണറായി കഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ 'ശക്തിമാന്‍' കുഞ്ഞാലിക്കുട്ടി മാത്രമാണ്. എന്തുകൊണ്ട്?

ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങള്‍ മരിച്ചപ്പോഴും സി.എച്ച്. മുഹമ്മദ് കോയ മരിച്ചപ്പോഴും അക്കാലത്തെ ഗ്രാമഫോണ്‍ റെക്കോര്‍ഡുകളില്‍ അലയടിച്ച പാട്ടുകളുണ്ട്. സമുദായത്തിന്റെ മുഴുവന്‍ സങ്കടവും പേറുന്ന മാപ്പിളപ്പാട്ടില്‍, മുസ്സിം സമുദായം എത്രമാത്രം ഈ നേതാക്കളോടും മുസ്ലിംലീഗിനോടും കടപ്പെട്ടിരിക്കുന്നു എന്നു കേള്‍ക്കാം. ഇപ്പോഴും മുസ്ലിം ലീഗ് പ്രകടനം നയിക്കുമ്പോള്‍ ''ഓര്‍ത്തോ, ഓര്‍ത്തോ, സി.പി.എമ്മേ, ഞങ്ങള്‍ സി.എച്ചിന്റെ മക്കളാണ്, ഉറങ്ങുന്ന സിംഹങ്ങളാണ്'' എന്ന മുദ്രാവാക്യം കേള്‍ക്കാം. ഈ വൈകാരിക ബന്ധം വെല്‍ഫയര്‍ പാര്‍ട്ടിയുമായോ എസ്.ഡി. പി.ഐ ആയോ കേരളത്തിലെ മുസ്ലിംകള്‍ക്കില്ല. പഞ്ചായത്ത് ഇലക്ഷന്‍പോലെ ''ചെറിയ മൈതാനങ്ങളില്‍ കളിക്കുന്ന സെവന്‍സ്'' മാത്രം കളിക്കാനും ചിലയിടങ്ങളില്‍ വിജയിപ്പിക്കാനും മാത്രമേ അവര്‍ക്ക് കഴിയൂ. വമ്പന്‍ കളികള്‍ ജയിപ്പിക്കാനുള്ള മുന്‍നിര താരങ്ങളുള്ള പാര്‍ട്ടി മുസ്ലിംലീഗാണ്. മത്സരം വരാനിരിക്കുന്നേയുള്ളൂ. ഒ. അബ്ദു റഹ്മാന്‍ സാഹിബിന്റെ വെല്‍ഫയര്‍ പാര്‍ട്ടിക്ക് വമ്പന്‍ മത്സരങ്ങള്‍ ജയിപ്പിക്കാനാവില്ല. എസ്.ഡി.പി.ഐക്കും സാധിക്കില്ല. മുസ്ലിങ്ങളുടെ 'പിതൃപാര്‍ട്ടി'യായ മുസ്ലിംലീഗ് കളത്തിലിറങ്ങി കളിച്ചാല്‍, പിണറായിയുടെ പ്രതിരോധനിരയ്ക്ക് ഏറെ വിയര്‍ക്കേണ്ടിവരും.

അപ്പോള്‍, പ്രതിപക്ഷത്ത് ദുര്‍ബ്ബലനായ രമേശ് ചെന്നിത്തല തന്നെ വേണം. 'ആള്‍ക്കൂട്ട മനശ്ശാസ്ത്ര' മറിയുന്ന ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നേതൃനിരയില്‍ വന്നാല്‍, 'കിറ്റ്' രാഷ്ട്രീയം പൊളിയും. മുസ്ലിംലീഗ് പാവപ്പെട്ട ഇതര മതസ്ഥര്‍ക്കു വീടുപണിത 'ബൈത്തുല്‍ റഹ്മയുടെ' രാഷ്ട്രീയം പറയും. കൊവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ അസാധാരണമായ രീതിയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയ കെ.എം.സി.സിയുടെ പ്രവര്‍ത്തകര്‍ ഊര്‍ജ്ജത്തോടെ രംഗത്തിറങ്ങും. വമ്പന്‍ ടീമിനെ നയിക്കാന്‍ അപ്പുറം ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമുണ്ട്. ആയിരം കാനത്തിന് അര കുഞ്ഞാലിക്കുട്ടി മതി. രാഷ്ട്രീയം, ഒരു 'സമുദായ കല' കൂടിയാണ്. മുസ്ലിംലീഗിനു പിന്നിലാണ് മുസ്ലിം ശാക്തിക ചേരി. ''രമേശ് ചെന്നിത്തല എന്ന നേതാവിനെ ഭരിക്കാന്‍ മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വളര്‍ന്നോ?'' എന്നാണ് പിണറായി എഫ്.ബി. പോസ്റ്റില്‍ ധ്വന്യാത്മകമായി ചോദിക്കുന്നത്. ''അതാണ്, യുക്തിമാനായ കുഞ്ഞാലിക്കുട്ടി പിണറായി വിജയന്‍ ഭൂരിപക്ഷ രാഷ്ട്രീയം കളിക്കുന്നു'' എന്നു തുറന്നു പറഞ്ഞത്.

അപ്പോള്‍, നിയമസഭാ ഇലക്ഷന്റെ ഗേറ്റ് പിണറായി വിജയന്‍ തുറന്നു. ജനുവരിയില്‍ സ്‌കൂള്‍ തുറക്കും, കോളേജുകള്‍ തുറക്കും. ഇനി ആറു മണി പത്രസമ്മേളനങ്ങള്‍ ഫലിക്കില്ല. അതിന്റെ പ്രതിഫലം നന്ദിയുള്ള മലയാളികള്‍ ത്രിതല പഞ്ചായത്ത് ഇലക്ഷനില്‍ പിണറായിക്കു നല്‍കി.

'രാഷ്ട്രീയം' ചര്‍ച്ച ചെയ്യുന്ന ഇലക്ഷന്‍ വരാന്‍ പോകുന്നുണ്ട്. ജനകീയാസൂത്രണവും സാക്ഷരതാ യജ്ഞവും പോലെ സ്വപ്നതുല്യമായ ഭരണം കാഴ്ചവെച്ച നായനാര്‍ സര്‍ക്കാറിനു ഭരണത്തുടര്‍ച്ച ഉണ്ടായിട്ടില്ല. ജനങ്ങളെ ഇളക്കിമറിച്ച വി.എസിനും അതു സാധിച്ചിട്ടില്ല. ഒരുപക്ഷേ, പിണറായി വിജയന് അതു സാധിക്കും. അപ്പുറം പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളിയും ഉണ്ടെങ്കില്‍! 

കെ.പി.സി.സി പുറത്തിറക്കിയ കണ്ടില്ലേ? കോണ്‍ഗ്രസ്സിന്റെ സോഷ്യല്‍ ഗ്രൂപ്പ് 'ശക്തിപ്പെടുത്താന്‍' പുതിയൊരു സമിതിയെ നിയമിച്ചു. കെ. മുരളീധരനും തിരുവഞ്ചൂരും കെ. സുധാകരനും കെ.വി. തോമസുമുണ്ട് ആ സമിതിയില്‍! മുല്ലപ്പള്ളിയുടെ ഇത്തരം രാഷ്ട്രീയ ഭാവനകളിലാണ് പിണറായിയുടെ ഭാവി പ്രതീക്ഷകള്‍.

അപ്പോള്‍, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഇതേപോലെ മറുപുറത്തുണ്ടെങ്കില്‍ ഭരണത്തുടര്‍ച്ച സാധ്യമാണ്. മുസ്ലിംലീഗും കുഞ്ഞാലിക്കുട്ടിയും സമ്മര്‍ദ്ദം ചെലുത്തി അവരെ തല്‍സ്ഥാനത്തുനിന്നു മാറ്റിയാല്‍? രാഷ്ട്രീയ മര്യാദകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് തുടരും. പക്ഷേ, മുല്ലപ്പള്ളി മാറി ചടുലമായ പാസുകള്‍ കൈമാറുന്ന ഒരാള്‍ യു.ഡി.എഫ് ക്യാപ്റ്റനായി വന്നാല്‍ത്തന്നെ കളി മാറും.

അപ്പോള്‍, 'ധ്വന്യാത്മകമായി' മതം പറഞ്ഞുതുടങ്ങാം, അല്ലേ? ''നായരെ താക്കോല്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ മാപ്പിളമാര്‍ വളര്‍ന്നോ?''

അങ്ങനെ പിണറായി ചോദിച്ചിട്ടില്ല. ചോദിക്കുകയും ചെയ്യില്ല. ധ്വന്യാത്മകതയെപ്പറ്റി കുട്ടിക്കൃഷ്ണമാരാര്‍ പറയുന്നു: ''മോളെ വിളക്കു വെയ്ക്കാന്‍ നേരമായി എന്ന് അമ്മ പറഞ്ഞാല്‍ അര്‍ത്ഥം സന്ധ്യയായി'' എന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com