കണ്ണുതുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാന്ത്രികന്‍- കോട്ടയംകാരനായ വിശ്വനാഥ് മജീഷ്യന്‍ നാഥായി മാറിയ അനുഭവകഥ

കണ്ണുതുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാന്ത്രികന്‍- കോട്ടയംകാരനായ വിശ്വനാഥ് മജീഷ്യന്‍ നാഥായി മാറിയ അനുഭവകഥ
മജീഷ്യന്‍ നാഥ്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
മജീഷ്യന്‍ നാഥ്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

വിശ്വനാഥ് എന്ന കോട്ടയംകാരന്‍ 40 വര്‍ഷം മുന്‍പ് മജിഷ്യനായത് യാദൃച്ഛികമായിരുന്നെങ്കിലും 'മജിഷ്യന്‍ നാഥ്' ആയത് അങ്ങനെയായിരുന്നില്ല. കാര്‍ട്ടൂണിസ്റ്റ് സുഹൃത്ത് മാത്യു ആലോചിച്ചുറച്ച് പേരു മാറ്റുകയായിരുന്നു. എന്നിട്ടു പറഞ്ഞു: ''ഇനി നീ മലയാളിയാണോ തമിഴ്നാട്ടുകാരനാണോ ഉത്തരേന്ത്യക്കാരനാണോ എന്നൊന്നും ആര്‍ക്കും പേരുകൊണ്ട് മനസ്സിലാകില്ല; ഒരു മജിഷ്യന്റെ ഐഡന്റിറ്റി അങ്ങനെയാകുന്നതാണ് നല്ലത്.'' ജീവിതംകൊണ്ട് അത് കൃത്യമായി അനുഭവിച്ചു നാഥ്. രാജ്യത്തെവിടെയും ആ നാട്ടുകാരനെപ്പോലെ സ്വീകാര്യനായി. ഒന്‍പതു മാസത്തെ കൊവിഡ്കാല ഇടവേളയ്ക്കും അപ്രതീക്ഷിതമായി വേണ്ടിവന്ന ഒരു ശസ്ത്രക്രിയയ്ക്കും ശേഷം വീണ്ടും കര്‍മ്മരംഗത്തേക്ക് ഒരുങ്ങി ഇറങ്ങാന്‍ ഊര്‍ജ്ജം സംഭരിക്കുകയാണ് അദ്ദേഹം. സാമൂഹിക തിന്മകള്‍ക്കെതിരെ മാജിക്കിനെ ഒരു ബോധവല്‍ക്കരണ മാധ്യമമാക്കുന്നതില്‍ നാഥ് വഹിച്ച പങ്കിനു പിന്നിലാണ് കേരളത്തിലെ മറ്റേത് മജിഷ്യന്റേയും ഇടപെടലുകള്‍. തീക്ഷ്ണാനുഭവങ്ങള്‍കൊണ്ടു സമ്പന്നമായ മാന്ത്രികജീവിതമാണ് ഈ അറുപതുകാരന്റേത്. സ്വന്തം നാടായ കോട്ടയത്ത് 19-ാം വയസ്സില്‍ തുടങ്ങിയതാണ്. ആരോഗ്യപരിപാലനം ഉള്‍പ്പെടെ സാമൂഹിക ലക്ഷ്യങ്ങളാണ് മാജിക്കിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്. നാഥിന് ഇന്ദ്രജാലം ഒരു നേരംപോക്കു മാത്രമല്ല, പ്രതിബദ്ധതയോടെ നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്വം കൂടിയാണ്. കയ്യടക്കത്തിന്റെ മികവിനെ സാമൂഹിക ലക്ഷ്യത്തിനു സമര്‍ത്ഥമായി ഉപയോഗിക്കുന്നു എന്നുമുണ്ട്. ആലുവയിലെ ഒരു ശിവരാത്രിക്ക് മാജിക്കിന്റെ വാണിജ്യസാധ്യതകള്‍ അറിഞ്ഞ നാഥ് മറ്റൊരു ഉത്സവാഘോഷത്തിനിടയിലെ തീപിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവനായി. രണ്ടാമത് കെട്ടിപ്പടുത്തത് എറണാകുളത്ത്. അവിടെ പള്ളിപ്പെരുന്നാളിനിടയിലെ സംഘര്‍ഷത്തില്‍ വീണ്ടും ഒന്നുമില്ലാത്തവനായി. രണ്ടും നാഥിന്റേതല്ലാത്ത കുഴപ്പങ്ങള്‍. പക്ഷേ, ജീവിതം നശിച്ച ഇരയായി മാറിയത് നാഥ്. എങ്കിലും വളരെ ചെറുപ്പത്തില്‍ തുടങ്ങിയ ഇടതു, യുക്തിവാദ സംഘടനാ ബന്ധങ്ങളുടെ ഉള്‍ക്കരുത്താണ് തളരാതെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്. അനാചാരങ്ങള്‍ക്കെതിരെ തെരുവുകളില്‍ തുടര്‍ച്ചയായി നടത്തിയ മാജിക് ഷോകളാണ് തന്നെ രൂപപ്പെടുത്തിയത് എന്ന് അഭിമാനത്തോടെ പറയുന്നു മജിഷ്യന്‍ നാഥ്. തകര്‍ച്ചകളില്‍നിന്നു തിരിച്ചുകൊണ്ടുവന്ന് ഇന്നത്തെ നാഥാക്കി മാറ്റിയത് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി.  

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സുരക്ഷിത ലൈംഗിക ജീവിതത്തെക്കുറിച്ചു നിരവധി മാജിക് ഷോകള്‍ നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു പ്രധാന കേന്ദ്രങ്ങള്‍. കൂടാതെ സമൂഹത്തിലെ വിവിധ വിഭാഗം ആളുകള്‍ താമസിക്കുന്നിടങ്ങളിലൊക്കെ മാജിക്കുമായി പോയി, ജനത്തെ അവര്‍ക്ക് ഇഷ്ടമുള്ള ഒരു മാധ്യമത്തിലൂടെ ബോധവല്‍ക്കരിക്കുക എന്ന ശ്രമം എളുപ്പമായിരുന്നില്ല. പക്ഷേ, ക്രമേണ ഫലം കണ്ടു തുടങ്ങി. മദ്യത്തിനെതിരെ, മയക്കുമരുന്നിനെതിരെ, പെണ്‍കുട്ടികളുടെ ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ എന്നിങ്ങനെ സമൂഹത്തെ പിടിച്ചുകുലുക്കുന്ന എല്ലാ വിഷയങ്ങളിലും മാജിക്കിന്റെ സാധ്യതകള്‍ കണ്ടെത്തി. അതോടെ നിരവധി വാര്‍ത്തകള്‍ വന്നുതുടങ്ങി, കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കാന്‍സര്‍ വ്യാപനത്തെക്കുറിച്ച് ജനങ്ങളെ ധരിപ്പിക്കുന്ന ഷോ ആണ് തൊട്ടുപിന്നാലെ ചെയ്തത്. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടു. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കിടയില്‍ നടത്തിയ ഷോ മറക്കാനാകാത്ത അനുഭവമായിരുന്നു. ഇരുപതിലധികം ആളുകള്‍ ഷോ കാണാന്‍ ഉണ്ടായിരുന്നില്ല. പക്ഷേ, അവരിലൂടെ നിരവധിപ്പേരില്‍ ആ സന്ദേശമെത്തി. ഇരുന്നൂറാളുടെ ഫലമാണ് ഉണ്ടായത് എന്നാണ് നാഥിന്റെ വിശ്വാസം. അവരില്‍ മിക്കവരും കാന്‍സര്‍ രോഗികളായിരുന്നു എന്നതാണു കാരണം. കൂടുതലും മോണയിലേയും കവിളിലേയും കാന്‍സര്‍. കാരണം പുകയില. 

ഭീഷണികളില്‍ അടിപതറാതെ

മയക്കുമരുന്നിനെതിരെ സ്‌കൂളുകളില്‍ നടത്തുന്ന പ്രചാരണം നിര്‍ത്തിയാല്‍ 50 ലക്ഷം രൂപ തരാമെന്ന് മയക്കുമരുന്നു ലോബി ഫോണില്‍ വിളിച്ച് വാഗ്ദാനം ചെയ്തതായി നാഥ് പറയുന്നു. അതിനു വഴങ്ങിയില്ല; സ്വന്തമായി വീടില്ലാതിരുന്നിട്ടും ഭാര്യയും രണ്ടു മക്കളുമായി വാടകവീട്ടിലായിട്ടും ആ പ്രലോഭനത്തില്‍ വീണില്ല. പ്രലോഭനം ഫലിക്കാതെ വന്നപ്പോള്‍ ഭീഷണികളും ഉണ്ടായി. അതിനും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. വേദിയില്‍ എന്തു പറയുന്നോ അതല്ലാതെ ജീവിതത്തില്‍ ചെയ്തിട്ടില്ല ഇതുവരെ. വിഷയത്തെക്കുറിച്ച് ആധികാരികമായി പഠിച്ചു നിലപാടെടുത്തു മാത്രമാണ് എന്നും അവതരിപ്പിച്ചത്. ആ പഠനങ്ങള്‍ ജീവിതത്തെ കൂടുതല്‍ സ്വാധീനിച്ചു. ഇതുവരെ 25,000-ല്‍ അധികം വേദികളില്‍ മാജിക് അവതരിപ്പിച്ചു. ആളുകളെ രോഗികളാക്കുന്ന ജങ്ക് ഫുഡിനതിരെ മാത്രം രണ്ടായിരത്തിലധികം വേദികളില്‍ ഷോ നടത്തി. അതും പല കേന്ദ്രങ്ങളുടേയും ഭീഷണിക്കു കാരണമായി. 

പഴയ ബസ് വാങ്ങി പ്രത്യേക തരത്തില്‍ രൂപകല്പന ചെയ്താണ് മാജിക്വാനാക്കി മാറ്റിയത്. കൊവിഡ്കാലത്ത് അതൊഴിവാക്കി. ട്രാവലര്‍ ആക്കി. സമൂഹം തന്നെ തിരിച്ചറിയുന്നുണ്ട് എന്നതാണ് നാഥിന്റെ അഭിമാനവും ആശ്വാസവും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ക്യാംപെയ്ന്‍ നിലവിലെ സാമൂഹിക സാഹചര്യത്തില്‍ അതിപ്രധാനമാണെങ്കിലും നാഥ് ആ വിഷയം ഇതുവരെ ഏറ്റെടുത്തിട്ടില്ല. സ്ത്രീകളെ മാത്രമേ അത് ആകര്‍ഷിക്കൂ എന്ന വിചാരമാണ് കാരണം. വിവാഹമോചിതനായ ശേഷം രണ്ടാമത്തെ വിവാഹത്തിനു പത്രത്തില്‍ പരസ്യം കൊടുത്തപ്പോള്‍ എണ്ണൂറിലധികം കത്തുകളാണ് വന്നത്. അവരില്‍ ബഹുഭൂരിപക്ഷം പേരുമായും ഫോണില്‍ സംസാരിച്ചു. 90 ശതമാനം ദാമ്പത്യത്തകര്‍ച്ചകളിലും സ്ത്രീകളാണ് പ്രശ്‌നക്കാര്‍ എന്നു ബോധ്യമായി എന്ന് ആ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ നാഥ് വിലയിരുത്തുന്നു. ഇത്തരം ചില ഏകപക്ഷീയ ധാരണകളും കൂടി ചേര്‍ന്നതാണ് മജിഷ്യന്‍ നാഥ് എന്നു പറയാതെ വയ്യ. 

തുടക്കം 

അച്ഛന്‍ ദിവസക്കൂലിക്കു പണിചെയ്യുന്ന തൊഴിലാളിയായിരുന്ന കുടുംബത്തില്‍ പട്ടിണിയും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഒരുപാടു വായിച്ചിരുന്നു അന്നും. ആ വായനയില്‍നിന്നു കിട്ടിയ അറിവാണ് ജീവിതത്തെ സ്വാധീനിച്ചത്. 1980-ലാണ് മാജിക്കിന്റെ തുടക്കം, പേരു ചുരുക്കിയത് പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞ്. യുക്തിവാദികള്‍ യോഗം ചേരുന്നതിനെക്കുറിച്ച് പത്രത്തില്‍ വായിച്ചറിഞ്ഞ് അതില്‍ പങ്കെടുക്കാന്‍ പോയതാണ് ജീവിതം മാറ്റിയത്. ദാരിദ്ര്യവും പട്ടിണിയും ആളുകളുടെ ബുദ്ധിമുട്ടുകളും എങ്ങനെ മാറ്റാനാകും എന്ന് ആലോചിച്ചും മാറ്റത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചും നടന്ന കാലമായിരുന്നു അത്. സി.പി.എമ്മിനേക്കാളും ഡി.വൈ.എഫ്.ഐയുടെ മുന്‍രൂപമായ കെ.എസ്.വൈ.എഫിനെക്കാളും യുക്തിവാദികള്‍ക്കു മാറ്റമുണ്ടാക്കാന്‍ കഴിയും എന്നു പ്രതീക്ഷിച്ചു. നാട്ടിലെ സുഹൃത്തുക്കളായ സലീമും പ്രസാദും കൂടെയുണ്ടായിരുന്നു. യോഗം നടക്കുന്ന ഹാളിനു മുന്നില്‍നിന്നു സംഘാടകരിലൊരാള്‍ വരുന്നവരെ സ്വീകരിക്കുന്നുണ്ട്. അതു രാജഗോപാല്‍ വാകത്താനം ആണെന്നു പിന്നീടു മനസ്സിലായി. കൂട്ടുകാര്‍ അകത്തേക്കു വരാന്‍ മടിച്ചു. പക്ഷേ, വിശ്വനാഥ് ആ യോഗത്തില്‍ പങ്കെടുക്കുകതന്നെ ചെയ്തു. ക്ലാസ്സ് കേട്ടപ്പോള്‍ കൊള്ളാമല്ലോ എന്നു തോന്നി. ദൈവത്തിനെതിരാണ് യുക്തിവാദികള്‍ എന്ന തോന്നല്‍ മാറാന്‍ ആ യോഗം കാരണമായി. ദൈവത്തെ തങ്ങള്‍ ആക്രമിക്കുന്നില്ലെന്നും അതല്ല മനുഷ്യരുടെ യഥാര്‍ത്ഥ പ്രശ്‌നം എന്നുമാണ് സംസാരിച്ചവര്‍ പറഞ്ഞത്. ഇവിടെ ഒരുപാട് സാംസ്‌കാരിക പ്രശ്‌നങ്ങളുണ്ട്, സാംസ്‌കാരിക മുന്നേറ്റമുണ്ടാകുമ്പോള്‍ ജനത്തിന്റെ ബോധമണ്ഡലം മാറും. അവര്‍ കാര്യങ്ങള്‍ തിരിച്ചറിയും - പ്രസംഗിച്ചവര്‍ പറഞ്ഞു.

അത് ഇഷ്ടപ്പെട്ടു. പിന്നീടും യുക്തിവാദികളുടെ ക്ലാസ്സുകള്‍ക്കു പോയി. ആ കാലത്ത് നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ചില സിദ്ധന്മാരൊക്കെ എല്ലാ നാട്ടിന്‍പുറത്തേയും പോലെ കോട്ടയത്തെ നട്ടാശ്ശേരിയിലും ഉണ്ടായിരുന്നു. അത്തരം തട്ടിപ്പുകള്‍ക്കെതിരെ പ്രതികരിക്കണം എന്നു തോന്നി. ശാസ്ത്രീയ പഠനസംഘം എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ബി. പ്രേമാനന്ദ് എന്നൊരു സുഹൃത്ത് ഉണ്ടായിരുന്നു. രാജഗോപാല്‍ വാകത്താനം പരിചയപ്പെടുത്തിയതാണ്. 'ദിവ്യാത്ഭുത അനാവരണം' പരിപാടി ലോകം മുഴുവന്‍ നടത്തിയയാള്‍. ബി. ദയാനന്ദ് അദ്ദേഹത്തിന്റെ സഹോദരനാണ്. രണ്ടുപേരും സാംസ്‌കാരിക പ്രവര്‍ത്തകര്‍. പ്രേമാനന്ദിന് മാജിക് അറിയാമായിരുന്നു. ആശയപരമായ അടുപ്പം നല്ല സൗഹൃദമായി മാറിയപ്പോള്‍ വിശ്വനാഥിനേയും മാജിക് പഠിപ്പിക്കാന്‍ പ്രേമാനന്ദ് തയ്യാറായി. ചെറിയ മാജിക്കൊന്നുമല്ല; അത്യാവശ്യം അപകടകരമായതും വൈദഗ്ദ്ധ്യം വേണ്ടതുമൊക്കെത്തന്നെ. നാക്കില്‍ ശൂലം കുത്തിയിറക്കുക, തീക്കുണ്ഠത്തിലൂടെ നടക്കുക. ഇതെല്ലാം കണ്ടു വേഗം പഠിച്ചെടുത്തു. സംഘടനയിലുള്ളവര്‍ക്കുതന്നെ അത് അത്ഭുതമായി. വേഗം പഠിച്ചതുകൊണ്ട് കൂടുതല്‍ താല്പര്യവുമായി. സംഘടന ആ പുതിയ പ്രവര്‍ത്തകനെ കൊണ്ടുനടക്കാന്‍ തുടങ്ങി. പ്രമുഖ യുക്തിവാദി നേതാവും എഴുത്തുകാരനുമായിരുന്ന പവനന്‍ പറഞ്ഞ വാക്കുകള്‍ ആവേശമായി മാറുകയും ചേയ്തു: ''നന്നായി പ്രസംഗിക്കാനും കഴിയുന്നുണ്ടല്ലോ വിശ്വനാഥിന്. കൂടുതല്‍ ശ്രമിച്ചാല്‍ കൂടുതല്‍ നന്നാക്കാന്‍ പറ്റും. എഴുതുകയും വേണം.'' യുക്തിരേഖ പ്രസിദ്ധീകരണം തുടങ്ങിയ കാലമാണ്. അതിലേക്കും കുറിപ്പുകളൊക്കെ അയച്ചുതുടങ്ങി. യുക്തിവാദികള്‍ കൂടെയുള്ളവരെ ചേര്‍ത്തുപിടിക്കുന്നവരാണ് എന്ന് അനുഭവത്തില്‍നിന്നു നാഥ് പറയുന്നു. വലിയ പിന്തുണയാണ് കിട്ടിയത്. 'ദിവ്യാത്ഭുത അനാവരണം' പരിപാടിയുമായി കേരളം മുഴുവന്‍ സംഘടനയ്‌ക്കൊപ്പം സഞ്ചരിച്ചു, മാജിക് കാണിച്ചു. തീപ്പന്തം കൈത്തണ്ടയിലൂടെ തുടങ്ങി ദേഹം മുഴുവന്‍ ഓടിക്കുന്നതു കാണിച്ച് പൊള്ളിയ കൈത്തണ്ടയില്‍ ഇപ്പോഴും നീളത്തില്‍ ആ കറുത്ത പാടുണ്ട്. നാക്കില്‍ ശൂലം കുത്തി ഇറക്കുന്നതിന്റേയും നാക്കില്‍ കര്‍പ്പൂരം കത്തിച്ചുവയ്ക്കുന്നതിന്റേയുമൊക്കെ ശാസ്ത്രീയ വശങ്ങള്‍ ജനങ്ങളെ ബോധവല്‍കരിക്കുകയായിരുന്നു ലക്ഷ്യം. ''ആ യാത്ര കഴിഞ്ഞതോടെ ഞാന്‍ നല്ല ഒരു മജീഷ്യനും നല്ല ഒരു പ്രസംഗകനുമായി'' എന്ന് നാഥ്. തെരുവില്‍ മാജിക് കാണിക്കുക എളുപ്പമല്ല. വേദിയും ആളുകളുമായുള്ള അകലക്കുറവും കൂടുതല്‍ സൂക്ഷ്മശ്രദ്ധയും കയ്യൊതുക്കവും വേണ്ടതുമൊക്കെ കാരണങ്ങളാണ്. ആ സിദ്ധി അന്നത്തെ യാത്രയില്‍ കിട്ടിയതാണ്. 

ജീവിതം മാറുന്നു 

രണ്ടു മൂന്നു വര്‍ഷം അങ്ങനെ പോയെങ്കിലും കാര്യമായ വരുമാനമുണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവിതം. അങ്ങനെയാണ് ആദ്യമായി സ്‌കൂളുകളിലും മറ്റും മാജിക് കാണിച്ചു തുടങ്ങിയത്. സംഘടനയുമായി ആശയപരമായല്ലാതെ തന്നെ കുറച്ച് അകന്നുപോയി. മാജിക്കിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് ജീവിതോപാധിയാക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ്. സ്‌കൂളുകളിലും മറ്റും പരിപാടിക്കു ചെല്ലുമ്പോള്‍ യുക്തിവാദിയുടെ മേല്‍വിലാസം ചെറിയ തടസ്സങ്ങളുണ്ടാക്കുകയും ചെയ്തു. 

കുറച്ചുപേരെ കൂട്ടി മാജിക് ട്രൂപ്പ് ഉണ്ടാക്കി. തെരുവില്‍ മാജിക് കാണിച്ചു വന്നതിന്റെ കരുത്ത് ഓരോ പരിപാടിക്കും മുതല്‍ക്കൂട്ടായി. ശ്രദ്ധിക്കപ്പെട്ടു തുടങ്ങുകയും ചെയ്തു. ആലുവ ശിവരാത്രിക്ക് മാജിക് കാണിക്കാന്‍ അവസരം വന്നത് അങ്ങനെയാണ്. ഓച്ചിറ ശംസ് എന്ന മുതിര്‍ന്ന മജീഷ്യന്‍ മുഖേനയാണ് ആ അവസരം വന്നത്. അദ്ദേഹത്തിന്റെ ചില മാജിക് സാമഗ്രികള്‍ നാഥിനു കൊടുക്കുകയും ചെയ്തു. ശിവരാത്രി പരിപാടികള്‍ കരാറെടുത്ത ടെര്‍ലിന്‍ മുഹമ്മദ് എന്ന പാലക്കാട്ടുകാരനെ ചെന്നു കണ്ടു. ടിക്കറ്റു വിറ്റുകിട്ടുന്ന വരുമാനത്തിന്റെ 60 ശതമാനം കരാറുകാരനും 40 ശതമാനം നാഥിനും എന്നായിരുന്നു ധാരണ. വൈകുന്നേരം ആറ് മുതല്‍ പിറ്റേന്നു പുലര്‍ച്ചെ ആറ് വരെ തുടര്‍ച്ചയായാണ് ഷോ. ഒരൊറ്റ ദിവസമേയുള്ളു. പത്തു മിനിറ്റു വീതമാണ് ഓരോ ഷോയും. ഇതിനിടയില്‍ ഉറങ്ങാന്‍പോലും സമയമില്ല. രാവിലെ നാഥിന്റെ വിഹിതമായി കിട്ടിയത് 10,000 രൂപ. 38 വര്‍ഷം മുന്‍പത്തെ 10,000 രൂപ വളരെ വലിയ തുകയായിരുന്നു. കൊള്ളാമല്ലോ എന്നു തോന്നി. വളരെ വലിയ തുക കിട്ടിയ ടെര്‍ലിന്‍ മുഹമ്മദിനും സന്തോഷം. അതോടെ നാഥിന്റെ ട്രൂപ്പ് കരാറുകാരന്‍ ഏറ്റെടുത്തു. അവര്‍ കരാറെടുക്കുന്ന പരിപാടികള്‍ക്കൊക്കെ മാജിക്കും നടത്താമെന്നു തീരുമാനിക്കുകയും ചെയ്തു. നാലഞ്ചു ലോറികളിലായാണ് അവരുടെ സാധനങ്ങള്‍. അതിനൊപ്പമാണ് യാത്ര. കാരമട എന്ന സ്ഥലത്താണ് അടുത്ത പരിപാടി. അവിടെ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ പല സാധനങ്ങളും ഉപയോഗശൂന്യമാവുകയും നഷ്ടം വരികയും ചെയ്തു. അവിടെ മാജിക് നടത്താതെ മടങ്ങി. അടുത്തത് ഊട്ടിയില്‍; അവിടെ പ്രശസ്തമായ ഫ്‌ലവര്‍ ഷോ നടക്കുന്ന സമയം. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സന്ദര്‍ശകരെത്തുന്ന ഷോ. നാഥിനെ കൂടാതെ മറ്റൊരാളുടെ മാജിക് ഷോ കൂടി സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരേ സമയം രണ്ടു ഭാഗത്തായി രണ്ടു ഷോയും നടക്കും. അത്രയ്ക്കുണ്ട് ആളുകള്‍. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി സി. പൊന്നയ്യനുവേണ്ടി മാത്രമായി ഒരു ഷോ നടത്തണമെന്നു സംഘാടകര്‍ നിര്‍ദ്ദേശിച്ചു. പരിപാടിക്കിടെ ഒരു കുട്ടിയെ രണ്ടു കയ്യിലുമെടുത്ത് നാഥ് പതിയെപ്പതിയെ മുകളിലേക്ക് ഉയര്‍ത്തുന്നതു കണ്ട്, ''പോതും പോതും'' (മതി മതി) എന്നു മന്ത്രി വിളിച്ചുപറഞ്ഞു. കുട്ടി മുകളിലേക്കു പൊയ്ക്കളയുമോ എന്നു തോന്നിപ്പോകുന്ന വിധമായിരുന്നു മാജിക്കിന്റെ സ്വാഭാവികത. പരിപാടി കഴിഞ്ഞ് മന്ത്രി വേദിയില്‍ എത്തി ആയിരം രൂപ നാഥിനു കൊടുത്തിട്ട് അഭിനന്ദിച്ചു. 

മജീഷ്യൻ നാഥ് വേദിയിൽ
മജീഷ്യൻ നാഥ് വേദിയിൽ

ജീവിതത്തിന്റെ രണ്ടാംഘട്ടം

അടുത്ത ഷോ. മൈസൂരിനടുത്ത് ഡോര്‍നഹള്ളിയില്‍. പള്ളിപ്പെരുന്നാളിന്റെ ഭാഗമാണ് പരിപാടി. ആദ്യത്തെ ഷോയ്ക്ക് ആദ്യ ബെല്‍ മുഴങ്ങുമ്പോഴേയ്ക്കും വേദിക്കു തീ പിടിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു. ആളുകള്‍ ചിതറി ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ തുണികൊണ്ടുള്ള ടെന്റ് മുഴുവന്‍ കത്തിയമര്‍ന്നു. നോക്കുമ്പോള്‍ കരാറുകാരനെ കാണാനില്ല. പിന്നീട് ഇതുവരെ കണ്ടിട്ടുമില്ല. അയാള്‍ മുങ്ങിയതാണ്. പണവും സാമഗ്രികളുമെല്ലാം നഷ്ടപ്പെട്ട് നിസ്സഹായനായ നാഥിനെ താമസിക്കുന്ന ലോഡ്ജില്‍നിന്നും ഇറക്കിവിട്ടു. കുറച്ചു പണം സംഘടിപ്പിച്ച് ട്രൂപ്പ് അംഗങ്ങളെ നാട്ടിലേക്ക് അയച്ചിട്ട് നാഥ് ഒറ്റയ്ക്ക് തെരുവില്‍ മാജിക്ക് കാണിക്കാന്‍ തുടങ്ങി. സ്വന്തം തടികൊണ്ടു കാണിക്കാവുന്ന മാജിക്കുകള്‍ മാത്രം. കിട്ടിയ പണം കൊണ്ട് ഊട്ടിയില്‍ എത്തി അവിടെയും കുറേ പരിപാടികള്‍ നടത്തി. 
തിരിച്ച് എറണാകുളത്തേക്ക്. അവിടെ മാജിക് ജീവിതത്തിന്റെ രണ്ടാം ഘട്ടമാണ് തുടങ്ങിവച്ചത്. തോപ്പുംപടിയില്‍ മുറിയെടുത്ത് ട്രൂപ്പിന്റെ ഓഫീസാക്കി. കെ.പി.സി.സിയുടെ സമ്പൂര്‍ണ്ണ സമ്മേളനം നടക്കുകയാണ്. കെ.വി. തോമസ് ആണ് ഡി.സി.സി പ്രസിഡന്റ്. കെ.പി.സി.സി സമ്മേളന പ്രതിനിധികള്‍ക്കു മുന്നില്‍ മാജിക് ഷോ നടത്താന്‍ അദ്ദേഹം നാഥിന് അവസരം കൊടുത്തു. ഷോ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. വെള്ള വസ്ത്രം മാത്രം ധരിച്ച സദസ്സിനു മുന്നില്‍ കറുത്ത കോട്ടിട്ട് ആവേശത്തോടെയും പ്രതീക്ഷയോടെയും മാജിക് ചെയ്ത ആ മുക്കാല്‍ മണിക്കൂര്‍ നാഥിന്റെ മറക്കാനാകാത്ത അനുഭവങ്ങളിലുണ്ട്. നേതാക്കളെല്ലാം പിരിഞ്ഞെങ്കിലും വയലാര്‍ രവി മാത്രം അടുത്തെത്തി നാഥിനെ ചുമലില്‍ത്തട്ടി അഭിനന്ദിച്ചു. 

കാലം അങ്ങനെ നീങ്ങുന്നതിനിടെ, എറണാകുളം പള്ളുരുത്തിയില്‍ 'മിറബിള്‍' എന്ന പേരില്‍ ഒരു ഷോ നടത്തി, 1989-ല്‍. പള്ളിപ്പെരുന്നാളാണ്. രാത്രി ഒന്‍പതിനു മാജിക് ഷോ, 11-ന് കെ.പി.എ.സിയുടെ നാടകം. വലിയ ജനപങ്കാളിത്തമുള്ള പെരുന്നാളാണ്. അവിടെ ഒരു പരിപാടി നടത്തി വിജയിച്ചാല്‍ മറ്റു പലയിടത്തേയും സംഘാടകര്‍ വന്ന് ബുക്ക് ചെയ്യും എന്നാണ് പല കലാകാരന്മാരുടേയും അനുഭവം. 

അങ്ങോട്ടു ചെന്ന് അവസരം ചോദിച്ചു കിട്ടുകയായിരുന്നു. അതിനിടയില്‍ ഒരു കല്യാണാലോചന വന്നിരുന്നു. പെണ്ണിന്റെ അപ്പന്‍ ഗള്‍ഫില്‍നിന്നു വന്നിരിക്കുകയാണ്. പെണ്‍കുട്ടി ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഷോ കാണാന്‍ വന്നു. ഷോ കഴിഞ്ഞ് അടുത്ത ദിവസം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നു വച്ചിരിക്കുകയാണ്. ഷോയ്ക്കിടെ ജനക്കൂട്ടത്തിനിടയില്‍നിന്ന് ഏതോ പ്രമാദമായ കേസില്‍ പിടികിട്ടാനുണ്ടായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. പള്ളുരുത്തി സി.ഐയും എസ്.ഐയും ഉള്‍പ്പെടുന്ന സംഘം അയാളെ പിടിച്ചതോടെ കുറേ ആളുകള്‍ പൊലീസിനെ ആക്രമിച്ചു. കൂട്ട അടിയായി. പൊലീസിനോടുള്ള വിരോധംകൊണ്ട് മാജിക് ട്രൂപ്പിന്റേയും കെ.പി.എ.സിയുടേയും സാധനങ്ങള്‍ ഗുണ്ടകള്‍ തകര്‍ത്തു. നാഥിന്റെ കൂട്ടിലുണ്ടായിരുന്ന മുയലുകളെ കഴുത്തു ഞെരിച്ച് കിണറ്റിലിടുകവരെ ചെയ്തു. 

ജീവിതത്തിലെ രണ്ടാമത്തെ ദുരന്തം. കല്യാണാലോചന അവിടെ അവസാനിച്ചു. ബാക്കിവന്ന സാമഗ്രികള്‍ ഒരു സുഹൃത്തിനു കൊടുത്തിട്ട് എന്തുചെയ്യണമന്ന് അറിയാതെ തിരുവനന്തപുരത്തേക്കു വണ്ടികയറി. 
അന്ന് വയലാര്‍ രവിയാണ് കെ.പി.സി.സി പ്രസിഡന്റ്. ഭരണം യു.ഡി.എഫിന് അല്ല. എങ്കിലും എറണാകുളത്തെ ഷോ കണ്ട് തോളത്തു തട്ടി അഭിനന്ദിച്ച അനുഭവത്തിന്റെ ധൈര്യത്തില്‍ കെ.പി.സി.സി ഓഫീസില്‍ പോയി അദ്ദേഹത്തെ കണ്ട് ഒരു ജോലി സംഘടിപ്പിക്കാന്‍ പറ്റുമോ എന്നു ചോദിച്ചുനോക്കി. കലാകാരന്‍ എന്തെങ്കിലും ജോലിചെയ്ത് ഒതുങ്ങിക്കൂടുകയല്ല വേണ്ടത് എന്നു പറഞ്ഞ് രവി ചൂടായി. തിരിച്ചു പോന്നെങ്കിലും അടുത്ത ദിവസം വീട്ടില്‍ ചെന്നു കണ്ടു. അന്ന് അദ്ദേഹം ആരെയോ വിളിച്ച് 10,000 രൂപ വാങ്ങിക്കൊടുത്തു. ഇതുകൊണ്ട് വീണ്ടും മാജിക് തുടങ്ങണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് വീണ്ടും മാജിക്കിലേക്ക് ഇറങ്ങിയത്. സ്‌കൂളുകളിലും കോളേജുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമൊക്കെ മാജിക്കിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു ആ മൂന്നാം വരവിലെ പ്രധാന പരിപാടി. 

ഓരോ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു ഷോകള്‍ ആസൂത്രണം ചെയ്തു. അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. കൊവിഡ്കാലവും കടന്ന് മജീഷ്യന്‍ നാഥ് വീണ്ടും സജീവമാകും. സാമൂഹിക തിന്മകള്‍ക്കു നേരെ ഇന്ദ്രജാലംകൊണ്ട് വിരല്‍ചൂണ്ടും. ''മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക തിന്മകള്‍ക്ക് എതിരേയും കാന്‍സര്‍, എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് എതിരേയും ഒറ്റയാള്‍ പോരാട്ടം നടത്തുകയും മാജിക് എന്ന വിസ്മയ ഭാഷയിലൂടെ ആയിരങ്ങളില്‍ അറിവിന്റെ വെളിച്ചം പകരുകയും ചെയ്ത അതുല്യപ്രതിഭ'' എന്നാണ് 2017-ല്‍ കോട്ടയം നഗരസഭ നാഥിനെ ആദരിച്ചപ്പോള്‍ നല്‍കിയ പ്രശസ്തിപത്രത്തിലെ വരികള്‍. സത്യമാണ് അത്. പുരസ്‌കാരങ്ങളിലും ആദരങ്ങളിലും മയങ്ങി പ്രതിബദ്ധതയ്ക്ക് ഇടവേള നല്‍കാന്‍ തയ്യാറല്ലാത്ത ഇന്ദ്രജാലക്കാരന്‍ കാത്തിരിക്കുകയാണ്, ഈ കൊവിഡ്കാലമൊന്നു വേഗം കഴിഞ്ഞുകിട്ടിയെങ്കില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com