പത്തറുപത് കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും വായനക്കാരെ ആകര്‍ഷിക്കുന്ന എന്താണ് 'കാളിയമര്‍ദ്ദനം' എന്ന കവിതയ്ക്കുള്ളത്? 

25 വയസ്സായ ഒരു യുവതി എഴുതിയ കവിതയാണിതെന്നു വിശ്വസിക്കാന്‍ ഏവരും വിഷമിച്ചു
സു​ഗതകുമാരി
സു​ഗതകുമാരി

1934 -ല്‍ ജനനം. 1961-ല്‍ 'മുത്തുച്ചിപ്പി' എന്ന പ്രഥമ സമാഹാരം. അതിനു പ്രശസ്ത കവി ബാലാമണിയമ്മയുടെ തുല്യയോട് എന്ന നിലയില്‍ എഴുതിയ അവതാരിക. അതിലെ 'കാളിയമര്‍ദ്ദനം' എന്ന കവിത എഴുതപ്പെട്ടത് 1959-ല്‍. 25 വയസ്സായ ഒരു യുവതി എഴുതിയ കവിതയാണിതെന്നു വിശ്വസിക്കാന്‍ ഏവരും വിഷമിച്ചു. പത്തറുപത് കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും വായനക്കാരെ ആകര്‍ഷിക്കുന്ന എന്താണ് 'കാളിയമര്‍ദ്ദനം' എന്ന കവിതയ്ക്കുള്ളത്? അദ്ഭുതകരമായ എന്തു പ്രസരണശേഷിയാണ് ഇതിനുള്ളത്? ഒരു ക്ലാസ്സിക് കവിത എങ്ങനെയാണ് പിറക്കുന്നത്?

ഈ കവിത താന്‍ എഴുതാനിടയായത് എങ്ങനെയെന്ന് സുഗതകുമാരി 'ഇരുള്‍ച്ചിറകുകള്‍' എന്ന സമാഹാരത്തിന്റെ ആമുഖമായി എഴുതിയിട്ടുണ്ട്; 'എന്റെ കവിത' എന്ന ലേഖനത്തില്‍. തന്റെ എല്ലാ കവിതകളുടേയും പണിപ്പുര പരിചയപ്പെടുത്തുന്ന മാതൃകയായിട്ടാണത്. 'പച്ചത്തിരകള്‍' എന്ന അതിന്റെ ഭാഗം നോക്കുക.* ഈ കവിതയുടെ പ്രമേയം ഒരു പ്രാചീന പ്രമേയവും കഥ പുരാണകഥയും ആദിബിംബവുമാണ്. ഇതിലെ കാളിയനും നാഗിനിയും ഇന്ന് ഹാരിപ്പോട്ടര്‍ തുടര്‍ നോവലില്‍പ്പോലും ഉണ്ട്. കൃഷ്ണന്‍ ഏത് വയസ്സിലാണ് 'കാളിയമര്‍ദ്ദനം' എന്ന ഈ അദ്ഭുതകൃത്യം ചെയ്തതെന്നു കൃത്യമായി അറിയില്ല. പൗഗണ്ഡന്‍ ആയിരിക്കുമ്പോള്‍ ആയിരുന്നു ഇതെന്ന് ഭാഗവതം പറയുന്നു. പൗഗണ്ഡന്‍ അഥവാ പോഗണ്ഡന്‍ എന്നാല്‍ അഞ്ചു വയസ്സു മുതല്‍ 16 വയസ്സു വരെയുള്ള കാലത്താണ്. കാലിമേയ്ക്കുന്ന ആണ്‍കുട്ടികള്‍ക്കിടയില്‍ കാലിയെ മേയ്ക്കുന്ന കാലം ആവുന്നത് വലുതാവലിന്റെ ഒരു ചിഹ്നമാണ്.

ഭക്തിരസം നിറഞ്ഞ, അദ്ഭുതം കവിഞ്ഞൊഴുകുന്ന ഒരു കൃഷ്ണമഹിമാ വര്‍ണ്ണനമാണ് മുന്‍പ് പറഞ്ഞ കാവ്യങ്ങളില്‍ എല്ലാം ഇത്. ഭാഗവതം മൂലം/ഭാഗവതം കിളിപ്പാട്ട്/കൃഷ്ണഗാഥ/നാരായണീയം തുടങ്ങിയവ എല്ലാം ഏതാണ്ട് ഒരേപോലെയാണ് കഥ പറയുന്നത്. എഴുത്തച്ഛന്റേത് എന്നറിയപ്പെടുന്ന ഭാഗവതം കിളിപ്പാട്ടും കൃഷ്ണഗാഥയും ഏതാണ്ട് സമാനമായ പ്രയോഗങ്ങളും കല്പനകളും മലയാള ഭാഷാ രൂപങ്ങള്‍ പോലും കാണിക്കുന്നു.

എന്നാലും തീരെ ചെറിയ കുഞ്ഞാണ് കൃഷ്ണന്‍ എന്ന് ഒരു പ്രാചീന കാവ്യവും പറയുന്നില്ല. ഏട്ടനായ ബലരാമനെ കൂട്ടാതെ, തന്നെ കാലി തെളിക്കാന്‍ പോയ ഒരു ദിവസമായിരുന്നു അത് സംഭവിച്ചത്.

''പാരിച്ചു ചാടിനാന്‍ ചാരത്തെ വാരിയില്‍
വേരറ്റ മേരുക്കുന്നെന്നപോലെ'' എന്ന് കൃഷ്ണഗാഥ.

സുഗതകുമാരിയുടെ കാളിയമര്‍ദ്ദനം ഈ കഥയെ കവിതയുടെ ഒരു പശ്ചാത്തലമോ അവ്യക്ത വികാര ഭൂമികയോ ആക്കി മാത്രമേ സ്വീകരിക്കുന്നുള്ളൂ.
കുനിഞ്ഞതില്ലീപ്പത്തികള്‍, കണ്ണാ
കുലുങ്ങിയില്ലീക്കരളിന്നും.

കണ്ണാ എന്ന വിളിതന്നെ നോക്കൂ. അനുരാഗത്തിലും വാത്സല്യത്തിലും പെണ്ണ് അറിയാതെ വിളിക്കുന്ന ഓമനപ്പേരാണിത്. ആയിരം പത്തികളുള്ള ദുഷ്ടനാഗമായ കാളിയനില്‍നിന്ന്, കുനിയാത്ത കുലുങ്ങാത്ത ഒരു പെണ്ണായി വക്താവ് എത്രവേഗം മാറി!

ഇത് നദിയല്ല, ലോലയല്ല, വിഷവാഹിനിപോലുമല്ല, കാളിന്ദി നദിയുടെ വിഷത്തിന്റെ പെരുമ വര്‍ണ്ണിക്കാനും ചുറ്റുപാടുമുള്ള ജീവജാലങ്ങള്‍ എല്ലാം നശിച്ചുപോയ് വരച്ചുകാട്ടാനും പ്രാചീന കവികള്‍ ഒരുപാട് വരികള്‍ ചെലവാക്കിയപ്പോള്‍ വിഷജലത്തെപ്പറ്റി സുഗതകുമാരി മിണ്ടുന്നേയില്ല.

ഈ കാളിയന്റെ പുഴ പുഴയല്ല, ഓളമടിച്ചു പൊന്തുന്ന സമുദ്രമാണ്, പിടഞ്ഞുതുള്ളുന്ന തിരമാലകളാണ്.
വിരിഞ്ഞ പത്തികള്‍ ഓരോന്ന് ഓരോന്ന് അമരുന്നു, പൊങ്ങുന്നു, ചുഴലുന്നു-അവയിലോരോന്നിലും ഝണല്‍ ഝണല്‍ ഝണനാദമുതിര്‍ക്കുന്ന രത്‌നച്ചിലങ്ക തൊടുന്നു.

മുദ്രകള്‍ കാട്ടി രസിക്കുന്ന വിരലുകള്‍, മുഗ്ധമനോഹരമായി ഇളകുന്നു; വിടര്‍ന്ന കണ്ണുകള്‍ ചാമ്പിമയങ്ങുന്നു; ഉന്മദമേളം കലങ്ങുന്നു; മൊട്ടുപോലുള്ള കാലടികള്‍ ചവിട്ടിമെതിക്കുന്നു... ഇത് രതിയുടെ, സ്പര്‍ശത്തിന്റെ, പൊന്തുന്ന താഴുന്ന രതിമോഹത്തിന്റെ വിഭ്രാമകമായ ഒരു ലോകമോ എന്നു നാം സംശയിച്ചു തുടങ്ങുന്നു.
ചതഞ്ഞ പത്തികള്‍ താഴാതെ, ഉയര്‍ന്നു നില്‍ക്കാന്‍ പണിപ്പെടുകയാണ് കാളിയന്റെ പേരില്‍ മറഞ്ഞ് സ്‌ത്രൈണ ചേതന.

ആദ്യ രതികേളികള്‍ സ്ത്രീക്ക് വേദനയും പുരുഷന് അപരിചിതത്വമാര്‍ന്ന വേദനിപ്പിക്കലും ആവാറില്ലേ? പൊങ്ങിയുയരുന്ന രതിയുടേതായ ആ വൈകാരിക സമ്മര്‍ദ്ദങ്ങള്‍, കെട്ടിക്കിടക്കുന്ന ഗാര്‍ഹിക ജീവിതത്തില്‍ വിഷംപോലെ പരക്കാറില്ലേ?

എന്നിട്ടും, കൊടുക്കാനും കൊടുക്കാനും ദംശിക്കാനും ചുറ്റാനും, താഴാതെ ഒപ്പം നില്‍ക്കാനും എന്തിനാണ്  ചേതനയും ഉടലും ആഗ്രഹിക്കുന്നത്? 'നൃത്തവിലോളിത ലീല ഇതുടനേ നിര്‍ത്തായ്വാന്‍' എനിക്ക് കൊതിഏറുകയാണ്. മര്‍ദ്ദനമേറ്റു വലഞ്ഞ ദൃഢമസ്തകം ഉയരുന്നത്, 'ഗോപീ പീന പയോധര മര്‍ദ്ദനം' എന്ന വാക്കിനെ ഓര്‍മ്മിപ്പിക്കുന്നത് എന്താണ്? രക്തകണങ്ങള്‍ തെറിക്കുന്നൂ, മിഴി കത്തുന്നു, കരള്‍ പൊട്ടുന്നൂ-എന്നിട്ടും പിന്മാറുകയില്ല. കോമളപാദസ്പര്‍ശം കൊതിച്ച് പത്തികള്‍ ഉയരുകയാണ്.

നിറുത്തിടൊല്ലേ നൃത്തം! നിര്‍വൃതി
ലയത്തിലാത്മാവലിയുന്നു!

നിന്‍ ചുരുള്‍ നീലക്കുറുനിര നനവാര്‍-
ന്നമ്പിളി നെറ്റിയില്‍ മുത്തുന്നൂ.

നിറുത്തിടൊല്ലേ നൃത്തം, വന്‍നദി
കലക്കിയിളകും ചുഴലികളില്‍
ചൊരിഞ്ഞ പൂവുകള്‍ ചുറ്റിപ്പറ്റി-
ത്തിരിഞ്ഞു വീണു കറങ്ങുന്നൂ...

ഇത്രയും മനോഹരമായി, വാച്യമായി ഒരു സൂചനയും നല്‍കാതെ രതി എന്ന ഏറ്റവും വലിയ ശക്തിയുടെ ഒരു പ്രതീകം ഉയിര്‍പ്പിക്കാന്‍ സുഗതകുമാരിക്ക് കഴിഞ്ഞത് അദ്ഭുതകരമാണ്. പ്രത്യേകിച്ചും ശക്തവും സുന്ദരവുമായ ശരീര പാരസ്പര്യത്തെക്കുറിച്ചു പറയാതെ, കുമാരസംഭവം എട്ടാം സര്‍ഗ്ഗം പഠിപ്പിക്കാതെ വിടുന്ന ഒരു തലമുറയുടെ ഔചിത്യത്തിന്റെ ഭാഗമായി കാവ്യാഭ്യസനം ചെയ്ത ഒരാള്‍ക്ക്!

''ഏതൊരുവള്‍, എല്ലാ ജീവിയിലും രതിയായി നിത്യസാന്നിധ്യം കൊള്ളുന്നു, ആ ദേവിക്ക് നമസ്‌കാരം!''
തിന്മ, അഹങ്കാരം, അടിമത്തം, ലൗകികത്വം, വില്ലനി (Villany) എന്ന ദുരത്വം, അടിമ-ഉടമ ബന്ധം, അധികാരം, കുടുംബം തുടങ്ങി പലതിന്റേയും കണ്ണാടി വെളിച്ചങ്ങള്‍ ഈ കവിതയിലൂടെ പായുന്നുണ്ട്. എന്നാല്‍, ജലത്തിലെ നിരന്തരമായ ഒരു പൊന്തലിനെ, കോമളമായ കാലുകള്‍ ഞെരിച്ചുടയ്ക്കുന്ന ഉടലിന്റെ ആനന്ദാന്വേഷണത്തിലെ സങ്കീര്‍ണ്ണതയെ മറക്കാനും വയ്യ.

ഒരാഭിചാര കര്‍മ്മം പോലെ, ആഭിചാര നൃത്തം പോലെ, ആചാരം പോലെയാണ് ഇതിന്റെ വിന്യാസം - ഒരു ദ്രാവിഡ ദേവതയുടെ കറുത്തുതിളങ്ങുന്ന മേനിയും പുല്ലാങ്കുഴല്‍ വായിക്കുന്ന ഒരു ഗന്ധര്‍വ്വന്റെ ഞരമ്പുകളെ ജ്വലിപ്പിക്കുന്ന ഉച്ചാടനവും അല്ലേ ഇത്? ഒരു മന്ത്രവാദത്തിന്റേയും ചൂരല്‍ത്തിണര്‍പ്പില്‍ ഒഴിയുന്ന ബാധയുടേയും ഇരട്ടമുഖവും ഇതിനുണ്ട്.

''മര്‍ദ്ദനമേറ്റു വലഞ്ഞൊരു ദൃഢമസ്തകം'' ഉയരുന്നത് മന്ത്രവാദക്കളത്തിലെ പെണ്‍കിടാവിന്റെ നഗ്‌നമാറിടംപോലെയല്ലേ?

ബാധ ഇറക്കല്‍, സര്‍പ്പം തുള്ളല്‍, നാഗപൂജ, കണ്ണീര്, ആത്മാഭിമാനം അടിയറവെച്ച് സന്തോഷം നടിച്ച് പിന്‍വാങ്ങുന്ന ഭൂതപ്രേത പിശാചുക്കള്‍, കരാളവും മായികവുമായി, കളം തന്നെ മായ്ചുകളഞ്ഞ് തളര്‍ന്ന് തൂങ്ങി മുടി ചിതറി ''വാടിക്കാല്‍ക്കല്‍ അടിയുന്ന പ്രിയനാഗിനി''യെ അനുസ്മരിപ്പിക്കുന്ന കൗമാരക്കാരികളുടെ ഏകാകിത-അതാണ് കാളിയമര്‍ദ്ദനത്തിന്റെ കാതല്‍.

ഭഗവതിക്കളങ്ങളെ, അടിമുടി വര്‍ണ്ണനകളെ 'കാളിയമര്‍ദ്ദനം' ഓര്‍മ്മിപ്പിക്കുന്നു. പിണിയാളും മന്ത്രവാദിയും പരസ്പരം പിണയുന്നു, മാറിപ്പോവുന്നു, ഉരുമ്മി ഉരുമ്മി വൈദ്യുതി പ്രസരിക്കുന്നു-എത്ര വിചിത്രം. യുക്തിയുടെ ഭാഷയില്‍ ഇതൊന്നും വിവരിക്കാന്‍ വയ്യ. യുക്തിയുടെ ഭാഷ കൈവിടാത്ത വൈലോപ്പിള്ളി, എന്‍.വി. തുടങ്ങിയവരുടെ തലമുറയെപ്പോലും ത്രസിപ്പിക്കയും ചെയ്തു-എങ്ങനെ, എങ്ങനെ എന്നവര്‍ ആലോചിക്കുമ്പോഴേക്കും ഇതിലെ അക്ഷരങ്ങളുടെ മാന്ത്രികത അവരെ സഹനര്‍ത്തനം ചെയ്യിച്ചു കളയുന്നു... അതാണ് എന്‍.വി. കൃഷ്ണവാരിയര്‍ പിന്നീട് തന്റെ പ്രശസ്തമായ അവതാരികയില്‍ ഉറക്കെ ചിന്തിച്ചത്.

ഇതിലുപയോഗിക്കപ്പെട്ട ക്രിയാപദങ്ങള്‍, അക്ഷരങ്ങള്‍ ഇവയുടെ പാറ്റേണുകളെക്കുറിച്ച് ഒരു ദീര്‍ഘപഠനം ആവശ്യമാണ്. രക്തം, മസ്തകം, മുഗ്ധം, അന്ധകാരം, ദുഷ്‌കൃതം തുടങ്ങിയ കൂട്ടക്ഷരങ്ങള്‍ ഉള്ള അല്പം കഠിനം എന്നു പറയാവുന്ന വാക്കുകള്‍പോലും ഏതോ നാഗിനിയുടെ കണ്‍മുനത്തെല്ലേറ്റ്, മയപ്പെട്ട് ചാമ്പി മയങ്ങുകയാണ്.

തന്നെത്തന്നെ മറച്ച്, ഒരു മറുഭാഷ സംസാരിക്കാന്‍ ശ്രമിക്കാത്ത, ആനന്ദനര്‍ത്തനമാടുന്ന ഒരു പെണ്‍കിടാവാണ് കാളിയന്‍; അവളെ തൊട്ടും അമര്‍ത്തിയും ലഹരിയിലേക്ക് ആനയിക്കുന്ന പാമ്പാട്ടിയെപ്പോലൊരു നര്‍ത്തകനാണ് കണ്ണന്‍. ഈ ഒരു ഭക്തികഥ ദ്രാവിഡ പുരാവൃത്തമാക്കി മാറ്റുന്ന കൈത്തഴക്കം ഇതിനെ ഒരു അനശ്വര കവിതയാക്കുന്നു.

സുഗതകുമാരി ഒരാളല്ല, പലരാണ്. ഒരേ വിത്തില്‍നിന്നു വിരിഞ്ഞുയരുന്ന പല പല സസ്യങ്ങളാണ്-
എന്റെ സ്‌നേഹാഞ്ജലികള്‍.

പച്ചത്തിരകള്‍ *

ഒരു പഴയ കവിതയെപ്പറ്റി ഓര്‍മ്മിക്കുകയാണ്. എന്റെ ജീവിതത്തിലെ അത്യധികം വേദനയും അസ്വാസ്ഥ്യവുമുള്ളൊരു കാലഘട്ടം. എന്തെങ്കിലും എഴുതിയേ തീരൂ എന്നു തോന്നിയ ഒരിരുണ്ട സായംകാലം. മുന്നില്‍ ഒന്നുമില്ല. കണ്ണടച്ചിരുന്നു ധ്യാനിച്ചപ്പോള്‍ കണ്ടതു കടലാണ്. പച്ചത്തിരമാലകളാണ്. എലിയട്ടിന്റെ 'I have seen them riding sea ward on the waves' എന്ന വരികള്‍ ഓര്‍മ്മയില്‍ വന്നു.
അശ്രദ്ധമായി ഞാനിങ്ങനെ കുറിച്ചു തുടങ്ങി.

കുതിച്ചുപൊങ്ങും തിരമാലകളുടെ
പുറത്തുകേറിപ്പോകുമ്പോള്‍

അടുത്തവരി ഞാനറിയാതെ ഇങ്ങനെയായി:
ഝണല്‍ ഝണല്‍ ഝണനാദമുതിര്‍ക്കും
മണിച്ചിലങ്ക മുഴങ്ങുമ്പോള്‍-
ആ പൊരുത്തക്കേടു കണ്ട് പേന പെട്ടെന്നു നിന്നു. ആദ്യത്തെ വരിയും രണ്ടാമത്തെ വരിയും തമ്മില്‍ ബന്ധമൊന്നുമില്ല. തുടങ്ങിയ വരികള്‍ വെട്ടിക്കളഞ്ഞിട്ട് വീണ്ടുമെഴുതിയപ്പോള്‍ പെട്ടെന്നു രൂപമുണ്ടായി.

ഓളമടിച്ചു സമുദ്രം പോലീ-
ക്കാളിന്ദീനദി പൊങ്ങുമ്പോള്‍,
പിടഞ്ഞു പൊങ്ങും തിരമാലകളൊ-
ത്തിടഞ്ഞു പൊട്ടിച്ചിതറുമ്പോള്‍
മാസ്മരവിദ്യയിലെന്നപോലെ ഒരു രൂപവും പെട്ടെന്നു മുന്നില്‍ തെളിഞ്ഞുയര്‍ന്നു.
കരത്തിലോമല്‍ത്തരിവളയിളകി-
ച്ചിരിച്ചുമിന്നിത്തകരുമ്പോള്‍
മുദ്രകള്‍ കാട്ടി രസിക്കും വിരലുകള്‍
മുഗ്ദ്ധമനോഹരമിളകുമ്പോള്‍,

നിറന്ന പീലികള്‍ താളമൊടാടി-
ക്കലര്‍ന്നുമിന്നി ലസിക്കുന്നു
നിന്‍ ചുരുള്‍ നീലക്കുറുനിര നനവാര്‍-
ന്നമ്പിളിനെറ്റിയില്‍ മുത്തുന്നു
ആ ചിത്രം മുഴുമിപ്പിച്ചിട്ടാണ് അടുത്ത ആശയം കുറിച്ചത്.
വിടര്‍ന്ന കണ്ണുകള്‍ ചാമ്പിമയങ്ങി-
ക്കലങ്ങുമുന്മദമേളത്തില്‍
അക്കഴല്‍മൊട്ടുകളുത്കടബലമാര്‍-
ന്നൊത്തുചവിട്ടി മെതിക്കുമ്പോള്‍
ചതഞ്ഞ പത്തികള്‍ താഴാതിപ്പൊഴു-
മുയര്‍ന്നു നില്‍ക്കാന്‍ പണിവൂ ഞാന്‍.

ആ കാളിയന്‍ ഞാനായി മാറിയത് ഞാനറിയാതെയാണ്. ആ നൃത്തമേളത്തില്‍, ഉയര്‍ന്നു ചിതറുന്ന തിരമാലകളുടെ മദ്ധ്യത്തില്‍ മേളക്കൊഴുപ്പില്‍, തീവ്രവേദനയില്‍, കര്‍മ്മങ്ങളുടെ, കൊടുംയാതന അനുഭവിച്ചുതീര്‍ക്കുന്ന പീഡിതനായ മനുഷ്യാത്മാവും, ആ കര്‍മ്മങ്ങള്‍ ഈശ്വര നിയമമാണെന്ന-സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന അഗ്‌നിനാളങ്ങളാണെന്ന സനാതന സിദ്ധാന്തവും അവതരിപ്പിക്കപ്പെട്ടു. വേദനകളെ ഈശ്വരാനുഗ്രഹമായി സ്വീകരിക്കുന്ന സുശക്തമായ, ഒരിക്കലും കുനിക്കാത്ത, ശിരസ്സോടെ നില്‍ക്കുന്ന മനുഷ്യാത്മാവിനെ ആഹ്ലാദത്തോടെ ചിത്രീകരിച്ചു. ആ ഉന്നതമായ ശിരസ്സിനു മുകളില്‍ നൃത്തം തത്തി രസിക്കുന്ന പൂമൊട്ടുകള്‍പോലുള്ള പിഞ്ചുപാവങ്ങളുടെ മഹാപരീക്ഷണത്തെ ഞാന്‍ കണ്ടു. പകുതി ലഹരിയില്‍, പകുതി ആനന്ദത്തില്‍, മുഴുവന്‍ വേദനയില്‍, ഒന്നൊന്നുമറിയാതെ അതിവേഗം ഞാനെഴുതി. എഴുതിക്കഴിഞ്ഞപ്പോള്‍ ചില വരികളുടെ സ്ഥാനങ്ങള്‍ പരസ്പരം മാറ്റേണ്ട ജോലി മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

* സുഗതകുമാരിയുടെ തിരഞ്ഞെടുത്ത 
കൃതികളില്‍ 'ഇരുള്‍ച്ചിറകുകള്‍' 
എന്ന സമാഹാരത്തില്‍ ഇതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com