സുഗതകുമാരി- വിശ്വമാനവികതയുടെ മലയാളി സാന്നിധ്യം

ലോക കവിതാ ഭൂപടത്തില്‍ മികവിന്റേയും മാനവികതയുടേയും വ്യക്തിത്വമായി മലയാളിക്ക് നിസ്സംശയം ഉയര്‍ത്തിക്കാട്ടാവുന്ന കവിയും വ്യക്തിയുമാണ് സുഗതകുമാരി
സുഗതകുമാരി
സുഗതകുമാരി

ലോക കവിതാ ഭൂപടത്തില്‍ മികവിന്റേയും മാനവികതയുടേയും വ്യക്തിത്വമായി മലയാളിക്ക് നിസ്സംശയം ഉയര്‍ത്തിക്കാട്ടാവുന്ന കവിയും വ്യക്തിയുമാണ് സുഗതകുമാരി. ഇതര കവികളില്‍നിന്നും വേറിട്ടും വളരെ ഉയരത്തില്‍ നില്‍ക്കുന്നതുമായ രചനകളും സല്‍ക്കര്‍മ്മങ്ങളും സുഗതകുമാരി ടീച്ചറുടെ കാവ്യജീവിതത്തേയും വ്യക്തിജീവിതത്തേയും അതിവിശിഷ്ടമായ ഒരു സാന്നിധ്യമാക്കി നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍. അശരണര്‍ക്കുവേണ്ടി ചെയ്തുകൊണ്ടിരുന്ന അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പ്രകൃതിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളും വിശ്വമാനവികതയുടെ സന്ദേശങ്ങള്‍ നിറഞ്ഞ കവിതകളും ടീച്ചറുടെ ജീവിതത്തെ ധന്യമാക്കി. മനുഷ്യജന്മം ലഭിച്ചാല്‍ അത് എങ്ങനെ പരോപകാരപ്രദമാക്കാമെന്നും കാരുണ്യദായകമാക്കാമെന്നും അതുവഴി അര്‍ത്ഥവത്താക്കാമെന്നും വിപുലമായ കര്‍മ്മപദ്ധതികളിലൂടെ ഒരു വലിയ മാതൃകയായി ജീവിച്ച മഹദ്വ്യക്തിത്വമായിരുന്നു സുഗതകുമാരി ടീച്ചറിന്റേത്. സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമെന്നു തോന്നുംവിധത്തില്‍ ആരെയും വിസ്മയിപ്പിക്കുംവിധം ലോകോപകാരത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ചുകൊണ്ടേയിരുന്നു ആ കര്‍മ്മയോഗിനി. നിരവധി നിരാലംബര്‍ക്കും രോഗബാധിതര്‍ക്കും അഭയവും അന്നവും നല്‍കിക്കൊണ്ട് നദികള്‍ക്കും വനങ്ങള്‍ക്കും ഭാഷയ്ക്കും കവിതയ്ക്കും വേണ്ടി വാര്‍ദ്ധക്യത്തിലെ അവശതകളെപ്പോലും അവഗണിച്ചുകൊണ്ട് ഒരു പോരാളിയുടെ ജീവിതം നയിച്ച വ്യക്തികൂടിയായിരുന്നു സുഗതകുമാരി ടീച്ചര്‍. 

ഇവിടെ വിസ്മയകരമായ മറ്റൊരു വസ്തുത കാവ്യഭാവനയേയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളേയും ഒരുപോലെ അര്‍പ്പണമനോഭാവത്തോടെ സമീപിച്ചുകൊണ്ടായിരുന്നു ടീച്ചര്‍ തന്റെ കര്‍മ്മവീഥിയിലൂടെ പ്രയാണം ചെയ്തിരുന്നത് എന്നതാണ്. തികച്ചും നിസ്വാര്‍ത്ഥമാംവിധം, ഗൗരവമേറിയ ഉത്തരവാദിത്വങ്ങള്‍ ഔദ്യോഗികമായും സ്വമേധയായും നിര്‍വ്വഹിക്കവേ തന്നെ തന്റെ കാവ്യസപര്യയിലും അങ്ങേയറ്റം നിഷ്‌കര്‍ഷയും ചാരുതയും സൗന്ദര്യാത്മകതയും ചിട്ടകള്‍ പുലര്‍ത്തിക്കൊണ്ടുതന്നെ ഉള്‍ക്കൊള്ളാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞിരുന്നു. ഭാരതീയ കാവ്യശാസ്ത്രത്തിന്റേയും മലയാള കവിതയുടേയും രീതിശാസ്ത്രം അനുശാസിക്കുന്ന വൃത്തങ്ങളും താളപദ്ധതികളും ഈണങ്ങളും ലാവണ്യപരവും അനുഭൂതിദായകവുമായ ഘടകങ്ങളായിക്കണ്ട് ഏറ്റവും ഉദാത്തമായ വിധത്തില്‍ അവ ആവിഷ്‌കരിച്ച കവി കൂടിയായിരുന്നു സുഗതകുമാരി. 

നിറുത്തിടൊല്ലേ നൃത്തം! നിര്‍വൃതി
- ലയത്തിലാത്മാവലിയുന്നൂ
വിരിഞ്ഞ പീലികള്‍ താളമൊടാടി
ക്കലര്‍ന്നു മിന്നി ലസിക്കുന്നൂ
നിന്‍ ചുരുള്‍ നീലക്കുറുനിര നനവാര്‍-
ന്നമ്പിളി നെറ്റിയില്‍ മുത്തുന്ന
കിലുങ്ങിടുന്ന മാലകള്‍, വിണ്ണോര്‍
തെളിഞ്ഞു പൂമഴ പെയ്യുന്നൂ
നിറുത്തിടൊല്ലേ നൃത്തം! വന്‍ നദി
കലക്കിയിളകും ചുഴലികളില്‍
ചൊരിഞ്ഞ പൂവുകള്‍ ചുറ്റിപ്പറ്റി-
ത്തിരിഞ്ഞു വീണു കറങ്ങുന്നൂ
മടിച്ചിടൊല്ലേ തൃക്കഴല്‍ കുങ്കുമ-
മൊലിച്ചുപോലെ തുടുത്തിട്ടും
  മദാന്ധകാരം മാറീലാ, മിഴി
തുറന്നു പൂര്‍ണ്ണത കണ്ടീലാ,
അറിഞ്ഞു ഞാനെന്നുള്ളോരീ വെറു-
മഹന്ത കണ്ണാ, മാഞ്ഞീലാ.

ഈ വരികളിലൂടെ കടന്നുപോകുമ്പോള്‍ മേല്‍വിവരിച്ച കാവ്യഗുണങ്ങള്‍ എത്രമാത്രം ഉല്‍ക്കൃഷ്ടമാംവിധം ഇണക്കിച്ചേര്‍ക്കാന്‍ കഴിയുംവിധത്തിലുള്ള നൈപുണ്യമാണ് ടീച്ചറുടെ ഭാവനയ്ക്കും രചനാരീതിക്കുമുള്ളതെന്ന് നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കും. ടീച്ചറുടെ കാവ്യവ്യക്തിത്വത്തിന്റെ മറ്റൊരു സവിശേഷത ഏതു കാലത്തും എവിടെയും പ്രസക്തമായ മനുഷ്യാവസ്ഥയുടെ സാമാന്യമായ ചില പരിത:സ്ഥിതികളെ സൂക്ഷ്മതയോടെ ആവിഷ്‌കരിക്കുന്നു എന്നതാണ്: 

ഒരു താരകയെക്കാണുമ്പോളതു
രാവുമറക്കും, പുതുമഴ കാണ്‍കെ
വരള്‍ച്ച മറക്കും, പാല്‍ച്ചിരികണ്ടതു
മൃതിയെ മറന്നു സുഖിച്ചേ പോകും
പാവം മാനവഹൃദയം 
എന്നും
ആരോ പറഞ്ഞു
മുറിച്ചു മാറ്റാം കേടു 
ബാധിച്ചൊരവയവം
പക്ഷേ, കൊടും കേടു 

ബാധിച്ച പാവം മനസ്സോ - എന്നുമുള്ള വരികളില്‍ തെളിഞ്ഞുകാണുന്നത് സാര്‍വ്വകാലികവും സാര്‍വ്വദേശീയവുമായ മനുഷ്യാവസ്ഥയുടെ ചില തലങ്ങളാണ്. ഇതു കൂടാതെ വിപുലവും സുദീര്‍ഘവുമായ തന്റെ കാവ്യജീവിതത്തിലുടനീളം മികവാര്‍ന്ന രചനാസൗഭഗത്തോടുകൂടിയും ഉല്‍ക്കൃഷ്ടമാര്‍ന്ന ഭാവനാവിലാസം പ്രകടമാക്കിയും പ്രപഞ്ചവിശാലതയെക്കുറിച്ചും, സൃഷ്ടിചൈതന്യത്തെക്കുറിച്ചും ജനിമൃതിലീലകളെ ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢതകളെക്കുറിച്ചും പ്രകൃതിയുടെ ദയാവായ്പിനെക്കുറിച്ചും ഭൂമി തന്റെ കിടാങ്ങള്‍ക്കൊരുക്കിവെച്ച ശക്തി-സൗന്ദര്യചൈതന്യ വിസ്മയങ്ങളെക്കുറിച്ചുമൊക്കെ അനവരതം പാടവേ തന്നെ നിസ്വര്‍ക്കും പീഡനം അനുഭവിക്കുന്ന മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും വേണ്ടി കവിതയിലൂടെ സഹാനുഭൂതി അവതരിപ്പിച്ചും മനുഷ്യര്‍ കാട്ടുന്ന ക്രൂരതകള്‍ക്കെതിരെ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. സദാ ജാഗരൂകയായി ഇങ്ങനെ കാവ്യഭാവനയ്‌ക്കൊപ്പവും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ കൂടെയും നിന്നുകൊണ്ട് വിവിധ മേഖലകളില്‍ കര്‍മ്മനിരതയായ ഒരേയൊരു സര്‍ഗ്ഗപ്രതിഭയായിരുന്നു കാല്പനിക ഭാവുകത്വത്തിന്റെ സമസ്ത ഭാവതലങ്ങളും അത്യുദാത്തമാംവിധം വിവിധ മാനങ്ങളില്‍ ആവിഷ്‌കരിച്ച ഈ കവയിത്രി. 

നന്നേ ചെറുപ്പത്തില്‍ രചിച്ച മുത്തുച്ചിപ്പിയില്‍ത്തന്നെ ഈ പ്രതിഭാവിലാസം പൂത്തുലഞ്ഞ് വികാസം പ്രാപിച്ചിരിക്കുന്നതു കാണാം. വാനത്തില്‍നിന്നുതിര്‍ന്നുവീണ കണ്ണുനീര്‍മുത്തിനെ വര്‍ഷങ്ങളുടെ തപസ്സിലൂടെ സ്ഫുടം ചെയ്ത ചാരുതയാര്‍ന്ന മുത്താക്കി മാറ്റുന്ന ചിപ്പിയിലൂടെ പ്രപഞ്ചസൃഷ്ടിയുടെ നിഗൂഢ സൗന്ദര്യത്തിനു പിന്നിലെ സാധനയെ ഉജ്ജ്വലമാംവിധം പ്രതിനിധാനം ചെയ്തവതരിപ്പിക്കുന്ന ഈ രചന തൊട്ടിങ്ങോട്ട് നിരവധി രചനകളിലൂടെ കവിത അനുവാചകര്‍ക്കു നല്‍കുന്ന ഏറ്റവും ഉദാത്തമായ അനുഭൂതിമണ്ഡലം പകരാന്‍ കഴിഞ്ഞ ഈ കവയിത്രി എത്രയെത്ര ഭാവവിതാനങ്ങളാണ് നമുക്ക് കാഴ്ചവെച്ചതെന്ന് ചുരുങ്ങിയ വാക്കുകള്‍കൊണ്ട് വിവരിക്കുക അസാധ്യമാണ്. തികച്ചും കാല്പനികമാര്‍ന്ന രീതിയില്‍ വൈയക്തികമായ ചിന്തകളേയും സ്വപ്നങ്ങളേയും അനുഭൂതികളേയും അവതരിപ്പിക്കുന്നവ, പ്രപഞ്ചത്തിന്റെ ശക്തി-സൗന്ദര്യ ഭാവങ്ങളുടെ അഗോചരവും അവ്യാഖ്യേയവുമായ തലങ്ങളെ യോഗാത്മകമായ തലത്തില്‍ അവതരിപ്പിക്കുന്നവ, പ്രകൃതിക്കൊരുക്കിയ സൗന്ദര്യവിതാനങ്ങളെ മുന്‍നിര്‍ത്തി രചിച്ച ഭാവാത്മകമായ ഗീതങ്ങളുടെ ലാളിത്യവും വര്‍ണ്ണനാചാതുരിയും ഇന്ദ്രിയസംവേദനത്വവും ചിത്രീകരിച്ചവ, കൃഷ്ണസങ്കല്പത്തിന്റെ വ്യത്യസ്ത മാനങ്ങളും രാധാ-കൃഷ്ണ പ്രണയത്തിന്റെ വിവിധ ഭാവതലങ്ങളും അവതരിപ്പിക്കുന്ന രാധ എന്ന സങ്കല്പത്തെ മുന്‍നിര്‍ത്തി ഏകാകിനിയുടേയും പരിത്യക്തതയുടേയും ഒപ്പം സമര്‍പ്പണത്തിന്റേയും ഭാവങ്ങള്‍ വര്‍ണ്ണിച്ചവ, സാമൂഹികാസമത്വങ്ങള്‍ക്കും ചൂഷണത്തിനും ക്രൂരതകള്‍ക്കുമെതിരെ ചുട്ടുപൊള്ളുന്ന വാക്കുകളുതിര്‍ത്തവ, ജനന-മരണ സമസ്യകളെ ചൂഴ്ന്നുനില്‍ക്കുന്ന മനുഷ്യ ഭാഗധേയത്തിന്റെ നിഗൂഢതയും ദുരന്തവും അനിശ്ചിതത്വവും അവതരിപ്പിച്ചവ, ഇങ്ങനെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഒരു വിസ്തൃത കാവ്യലോകം തീര്‍ത്ത ഈ സര്‍ഗ്ഗപ്രതിഭ ഇതൊക്കെ നിര്‍വ്വഹിക്കവേ തന്നെയാണ് നിരവധി ധര്‍മ്മസ്ഥാപനങ്ങള്‍ അശരണര്‍ക്കുവേണ്ടി നടത്തുകയും സൈലന്റ് വാലി പോലുള്ള വനമേഖലകളെ സംരക്ഷിക്കാന്‍ വേണ്ടി പോരാടുകയും പൂര്‍വ്വ മാതൃകകളൊന്നുമില്ലാതെ ആദ്യമായി രൂപംകൊണ്ട വനിതാകമ്മിഷന്റെ അധ്യക്ഷപദവി കാര്യക്ഷമതയോടെ നിര്‍വ്വഹിക്കുകയും ചെയ്തത് എന്നത് അത്ഭുതം ജനിപ്പിക്കുന്ന ഒരു വസ്തുതയാണ്. 

ഏതാനും വര്‍ഷം മുന്‍പ് ഈ ലേഖകന്‍ സൈലന്റ് വാലിയില്‍ വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ അവര്‍ താമസമൊരുക്കിയത് അട്ടപ്പാടിയില്‍ ടീച്ചര്‍ രൂപംകൊടുത്ത കൃഷ്ണവനത്തിനു സമീപത്തായിരുന്നു. വനം കയ്യേറ്റക്കാര്‍ പണ്ട് പാടേ വെട്ടിത്തെളിച്ച് തരിശാക്കിയിട്ടിരുന്ന ആ മേഖല ടീച്ചര്‍ മുന്‍കയ്യെടുത്ത് ഒരു വനത്തിന് പുനരുജ്ജീവനം നല്‍കിയത്. വറ്റിവരണ്ടുപോയ ഒരു നദിക്ക് വീണ്ടും ജീവന്‍ കൊടുത്തതും നേരിട്ടു കണ്ടപ്പോള്‍ ഉണ്ടായ വിസ്മയം പറയാവതല്ല. മാത്രമല്ല, അവിടത്തെ ആദിവാസികളുടെ കയ്യില്‍ ടീച്ചര്‍ തന്റെ ഫോണ്‍നമ്പര്‍ നല്‍കുകയും എപ്പോള്‍ ആ വനമേഖലയില്‍ കയ്യേറ്റശ്രമം നടത്താന്‍ ശ്രമിച്ചാലും തന്നെ ഉടന്‍തന്നെ അറിയിക്കാന്‍ നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തതു മനസ്സിലാക്കാനും കഴിഞ്ഞപ്പോള്‍, ഇതുപോലെ പ്രകൃതിക്കുവേണ്ടി ജീവന്‍ ഉഴിഞ്ഞുവെച്ച ഒരു മഹദ്വ്യക്തി മറ്റാരുണ്ട് എന്ന ചോദ്യമാണ് തോന്നിയത്. സദാ ജാഗരൂകയായി, കാവ്യഭാവനയോടും യാഥാര്‍ത്ഥ്യങ്ങളോടും കവിതയിലൂടെയും കര്‍മ്മപദ്ധതികളിലൂടെയും ജീവിതത്തെ ഒരു മഹാകാരുണ്യവാരിധിയാക്കി മാറ്റിയ ഈ മഹദ്‌സാന്നിധ്യം നമ്മുടെ കാലഘട്ടത്തിനു ദിശാബോധവും സാന്ത്വനവും അഭയവും പകര്‍ന്ന ഒരു നിറദീപമായിരുന്നുവെന്ന് അസന്ദിഗ്ദ്ധമായിത്തന്നെ പറയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com