സുഗതകുമാരിയുടെ കവിതകൾ- ഒരു വിഷാദാനന്ദ പദ്ധതി

ഞാന്‍ എഴുതുമ്പോള്‍ വ്യക്തമായ ഒരു വിഷയമോ എഴുതേണ്ട വസ്തുതയുടെ ഒരു രൂപരേഖയോ എന്റെ മനസ്സില്‍ ഉണ്ടായിരിക്കുക പതിവില്ല
സു​ഗതകുമാരി
സു​ഗതകുമാരി

ന്റെ കവിതയെപ്പറ്റി സുഗതകുമാരി ഇപ്രകാര മെഴുതി: 

''ഞാന്‍ എഴുതുമ്പോള്‍ വ്യക്തമായ ഒരു വിഷയമോ എഴുതേണ്ട വസ്തുതയുടെ ഒരു രൂപരേഖയോ എന്റെ മനസ്സില്‍ ഉണ്ടായിരിക്കുക പതിവില്ല. ഈ കാര്യത്തെപ്പറ്റി എഴുതണം എന്ന് മിക്കവാറും നേരത്തെ ചിന്തിച്ചുറപ്പിക്കാന്‍ കഴിയാറില്ല. ആന്തരികമായ ഏതോ അസംതൃപ്തിയുടെ സമ്മര്‍ദ്ദത്താല്‍ തികച്ചും അസ്വസ്ഥമായ ഹൃദയത്തോടെ എന്തിനെപ്പറ്റി എഴുതുന്നു എന്നറിയാതെ ഞാന്‍ എഴുതിത്തുടങ്ങുന്നു.''

കാവ്യരചനയുടെ വശങ്ങളിലേയ്ക്ക്, പ്രത്യേകിച്ച് സുഗതകുമാരിയുടെ കവിതാന്തര്‍ഭാവത്തിലേക്ക് പ്രവേശിക്കാന്‍ ഉതകുന്ന ഒരു പ്രസ്താവനയായി ഞാനിതിനെ വായിക്കുന്നു. കവി എക്കാലത്തും അസംതൃപ്തി പ്രകടിപ്പിക്കുന്നു. ഇണയെക്കൊന്നതില്‍നിന്ന് തുടങ്ങി ആ അസംതൃപ്തി പുതിയ അസ്വാസ്ഥ്യമായി വളര്‍ന്ന് കവിതയുടെ ആന്തരികതയായി നിലനില്‍ക്കുന്നു. സുഗതകുമാരിക്കവിതയ്ക്കകത്തുമുണ്ട് ഒരു അസംതൃപ്തിയും അസ്വാസ്ഥ്യവും. അത് വ്യക്തിനിഷ്ഠമോ സമഷ്ടിപ്രേരകമോ എന്ന് ആരായേണ്ടത് വായനക്കാരാണ്. അസംതൃപ്തിയുടെ ഉല്പന്നമായി അസ്വാസ്ഥ്യം ഭാവമായി വികസിക്കുമ്പോള്‍, കവിതയുടെ പിറവികേന്ദ്രം നാം കണ്ടെത്തുന്നു. അസംതൃപ്തിയില്‍നിന്ന്, അതിന്റെ വേദനയില്‍നിന്ന് കവിത പിറക്കുന്നു. 

മനുഷ്യമനസ്സിന്റെ ഇടപെടലും അതിന് ഹേതുവാകുന്ന ചുറ്റുപാടുകളുമല്ലാതെ ഒന്നുമില്ല, നമ്മുടെ മുന്നില്‍. ഒന്നുകൂടി വിശദമാക്കിയാല്‍, ജീവിതവും പ്രകൃതിയും തന്നെ കാവ്യവിഷയം. ഓരോ വ്യക്തിയും അവന്റെ പ്രശ്‌ന പരിസരങ്ങളെ ബോധപൂര്‍വ്വം പരിശോധിക്കുന്നില്ലെങ്കിലും, കവി അറിയാതെ ചില പ്രതികരണങ്ങളില്‍ ചെന്ന് പെടും. എന്നാല്‍, രചനയില്‍ അത് എത്രമാത്രം ഫലപ്രദമായി സ്വാധീനിക്കും എന്നത് മറ്റൊരു വിഷയം. ആ മനോഭാവം ഉള്ളില്‍ ഉള്ളതുകൊണ്ടാവാം സുഗതകുമാരി ഒരു പൂ വിരിയുന്ന ലാഘവത്തോടെ ഒരു കവിത ജനിക്കുന്നു എന്ന് - ബോധപൂര്‍വ്വമായ ഒരുദ്ദേശ്യവും പ്രത്യേകിച്ചില്ലാതെ - പറഞ്ഞുപോയത്. പൂവിനെ ജീവിതത്തിന്റെ പ്രതിരൂപമായി കാണാമെങ്കില്‍, ആ പറഞ്ഞത് ജീവിതത്തെക്കുറിച്ചാണ് എന്നും പറയാം. ജീവിതത്തില്‍ എപ്പോഴും ഒരു പിരിയലിന്റെ വാസനയുമുണ്ട്. അതുകൊണ്ട് ഒരു കവി വീണുകിടക്കുന്ന പൂവിനെക്കുറിച്ചെഴുതി. സുഗതകുമാരി വിരിയുന്ന, വിരിഞ്ഞ പൂവിനെക്കുറിച്ചും പറയുന്നു. അതും സങ്കീര്‍ണ്ണമായി. 

ഇതിനെ ഞാന്‍ ഒരു വിമര്‍ശന സന്ദര്‍ഭമായി കാണുന്നു. അതു ചരിത്രപരമായ അന്വേഷണവിഷയവും കാല്പനികതയുടെ തത്ത്വചിന്താ പ്രശ്‌നവുമാകുന്നു. 

പിറക്കുന്നതോടെ ആരംഭിക്കുന്ന മനുഷ്യന്റെ പ്രയാസങ്ങളും വ്യസനങ്ങളും സംഘര്‍ഷങ്ങളും മറന്നുകൊണ്ട് ഒരു കവിതയില്ല. വീഴ്ചകളില്‍ ആനന്ദിക്കുന്നവനല്ല കവി. വേദനകളെ തപ്പിയെടുത്ത് പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു കവിഭാവത്തെ സങ്കല്പിച്ചുനോക്കുക. അപ്പോള്‍ നാം സുഗതകുമാരിക്കവിതയിലെത്തും. വാസ്തവത്തില്‍ ഇത് ആശാന്‍ പ്രകാശിപ്പിച്ച തത്ത്വകാല്പനികതയില്‍നിന്നുള്ള ഒരു വിച്ഛേദവും ജീവിതത്തിന്റെ ആത്മീയ പരിശോധനയുടെ തുടക്കവുമായി എനിക്ക് തോന്നുന്നു. 

എല്ലാം ആദ്യം സംഭവിക്കുന്നതിന്റെ ഭാവപാരുഷ്യങ്ങള്‍ 'ഏദനില്‍നിന്നു' എന്ന കവിതയില്‍ നാം കാണുന്നു. 'നിന്റെ പാദത്തിലാദ്യമുള്‍മുനയേറ്റ് നീ ദീനയായാദ്യമായ് നോവൊന്നറിഞ്ഞതും' ആദ്യം തന്നെ. 
ആദ്യ വേദനയില്‍ത്തന്നെ-
യാദ്യമാം ദയ പൂത്തതും
ആദ്യ ദുഃഖത്തിലൂടുള്ളം
രണ്ടുമൊന്നായലിഞ്ഞതും

കവി ഓര്‍ത്തെടുക്കുന്നു. 'അറിവും' 'അലിയലും' തമ്മിലുള്ള ബന്ധം നാം മനസ്സിലാക്കണം. കവി സത്യയാഥാര്‍ത്ഥ്യങ്ങള്‍ അറിയുന്നവനും കവിത എല്ലാ ഭാവങ്ങളേയും അലിയിപ്പിക്കുന്നതുമാവുന്നു. ലക്ഷ്യങ്ങളില്ലാതെയുള്ള ആലോചനാകര്‍മ്മത്തിന്റെ ഭാവപ്പൊലിമ! അതെന്തായാലും സുഗതകുമാരി ആവശ്യപ്പെടുന്ന ഒരു രചനാപദ്ധതിയുടെ ഉണര്‍വ്വ് ഞാനിതില്‍ അനുഭവിക്കുന്നു. അതിനെ ഞാന്‍ കവിതയിലെ ഒരു വിഷാദപദ്ധതിയായി വിളിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. 

എന്താണ് കവിയുടെ പദ്ധതികള്‍? ഒരു പ്രോജക്റ്റ് പോലെയാണ് കവിത രൂപപ്പെടുന്നത് എന്നും ജീവിതത്തിലും സമൂഹത്തിലും അത് ഇടപെടുന്നു എന്നും പറയാന്‍ എനിക്ക് ഭയമില്ല. ഒരുപക്ഷേ, അത് കവിസമ്മതിയാവില്ല. എത്ര സ്വാഭാവികമായി കവിത പിറന്നാലും അത് സങ്കീര്‍ണ്ണ സാഹചര്യങ്ങളെ ആലിംഗനം ചെയ്യുന്നത് കാണാം. അത് രൂപത്തിന്റെ സ്വാതന്ത്ര്യവും ഭാവത്തിന്റെ ആത്മചര്യയുമാകുന്നു. വായനക്കാരന്റെ സ്വാതന്ത്ര്യവും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അങ്ങനെയെങ്കില്‍, കവിയുടെ സ്വതന്ത്രമായ ഒരു ഭാവപദ്ധതിയായി കവിതയെ സങ്കല്പിച്ചെടുക്കാനും വിരോധമില്ല. 

ലക്ഷ്യബോധത്തോടെയുള്ള, വിശ്വാസപ്രാബല്യത്തോടെയുള്ള ഒരു മനുഷ്യാന്വേഷണം കവി നടത്തുന്നു. അത് ഒരു തിരിച്ചറിവിലേക്കുള്ള യാത്രയാണ്. താന്‍ കണ്ടെത്തുന്ന, അല്ലെങ്കില്‍ തന്നിലേക്കു ചുറ്റുപാടും നിന്നെത്തി അസ്വാസ്ഥ്യപ്പെടുത്തുന്ന നിരവധി ആശയങ്ങള്‍ ഉണ്ടാവും. അതിന്റെ വാക്കുകളിലൂടെയുള്ള ആവിഷ്‌കാര രൂപമാണ് കവിത. വാക്കുകള്‍ കുറച്ചേയുള്ളൂ കവിയുടെ കൈവശം. എഴുതുന്ന സന്ദര്‍ഭത്തില്‍ മാത്രം നിര്‍ണ്ണയിക്കപ്പെടുന്നവയാണ് ആ വാക്കുകള്‍. കവിയുടെ ആന്തരിക ചേതനയെ ഉള്‍ക്കൊള്ളാന്‍ ആ വാക്കുകള്‍ക്ക് കഴിയണം. അല്ലെങ്കില്‍ വാക്കുകളെ വിശ്വാസത്തിലെടുത്ത് അതിന് പ്രാപ്തമാക്കണം. അത് പുതിയ അനുഭവമായി വായനക്കാരിലെത്തും. അതായത് കവിതയുടെ ഈ ആവിര്‍ഭാവത്തിലാണ് വായനക്കാരുടെ ഊന്നലെന്ന് തിരിച്ചറിയുന്ന ഒരു വിമര്‍ശനസന്ദര്‍ഭം കൂടിയാണിത്. അങ്ങനെ സര്‍വ്വ സ്വാതന്ത്ര്യത്തോടെ പിറക്കുന്ന വാക്കുകള്‍ വിമോചനത്തിന്റേയും പ്രതിരോധത്തിന്റേയും ഭാവമേഖലകള്‍ തുറന്നിടുന്നു. 

സുഗതകുമാരിക്കവിത പൊതുവെ ആസ്വാദ്യമാവുന്നതും വശ്യസുന്ദരമാവുന്നതും ഇതിലെ ഭാവപ്രത്യേകത മൂലമാണ്. അതിനാല്‍ ആ കവിതയെ നാം ഭാവകവിതയായി വിലയിരുത്തുന്നു. കാല്പനികതയുടെ ഒരു വൈകല്യമായി ഭാവധാരാളിത്തം ചൂണ്ടിക്കാണിക്കാറുണ്ട്. ഭാവധാരാളിത്തം ഈ കവിതയ്ക്കില്ല. ഇവിടെ ആശയങ്ങളുടെ സത്യകഥനമാണ് ഭാവങ്ങള്‍. മിക്കവാറും കവിതകള്‍ ഓര്‍മ്മപ്പെടുത്തലുകളായിട്ടാണ് അനുഭവപ്പെടുക. ഈ ഓര്‍മ്മപ്പെടുത്തലുകള്‍ കവിതയിലെ രചനാപദ്ധതിയിലെ ഭാഗമാണോ? എല്ലാ നല്ല സാഹിത്യരചനകളും ഓര്‍മ്മപ്പെടുത്തലുകളുടെ രൂപകല്പനകളാണ് എന്ന് സൂസന്‍ സൊന്‍ടാഗ് പറഞ്ഞത്, സുഗതകുമാരിയുടെ കവിതാകാര്യത്തില്‍ ശരിയാണ് എന്ന് എനിക്ക് തോന്നുന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ എന്തുകൊണ്ട് എന്നാണ് നാം ആരായേണ്ടത്. സത്യത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താനുള്ള ഉചിത മാര്‍ഗ്ഗമാണ് ഓര്‍മ്മകളുടെ ഈ ആവിഷ്‌കാരം. തീര്‍ച്ചയായും മനുഷ്യ യാഥാര്‍ത്ഥ്യങ്ങളെ അതിന്റെ വൈരുദ്ധ്യങ്ങളോടെ മനസ്സിലാക്കുകയും അത് വായനക്കാരെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതിലുമാണ് സുഗതകുമാരിയുടെ ശ്രദ്ധ എന്നു തോന്നുന്നു. അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കവി മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു. ആദ്ധ്യാത്മികമായും ഭൗതികമായും മനുഷ്യന്റെ നിലനില്‍പ്പ്, എന്ത് പ്രശ്‌നം ആവിര്‍ഭവിക്കുന്നിടത്ത് കവിതയെ തളച്ചിട്ടിരിക്കുന്നു. 

സുഗതകുമാരിക്കവിതയുടെ ആന്തരിക ഭാവം വിഷാദമാണ് എന്നു ഞാന്‍ കരുതുന്നു. മുന്‍പും നമ്മുടെ കവികള്‍ വിഷാദത്തെ കാവ്യപ്രമേയമാക്കിയിട്ടുണ്ട്. മലയാള കവിതയിലെ കാല്പനികതയുടെ കാലം വിഷാദകവിതയുടെ കൂടി കാലമായിരുന്നു. അവര്‍ സ്വീകരിച്ച വിഷാദാത്മകതയില്‍നിന്ന് ഭിന്നമാണ് സുഗതകുമാരിക്കവിതയിലെ വിഷാദം... അറിയാതെ രൂപപ്പെട്ടുവന്ന വിഷാദത്തിന്റെ ഛായ ചങ്ങമ്പുഴയിലും ഇടപ്പള്ളിയിലും നാമനുഭവിച്ചിരുന്നു. പിറവിക്കു ശേഷം ഓരോ മനുഷ്യനും നേരിടുന്ന പ്രയാസങ്ങളില്‍, അവരുടെ വിഷാദങ്ങളില്‍ ഇടപെടുന്ന മനസ്സിന്റെ ശാന്തതയെ സുഗതകുമാരിക്കവിതയിലെ വിഷാദാംശമായി ഞാന്‍ കാണുന്നു. അതിനു പരിഹാരം അവര്‍ അന്വേഷിക്കുന്നു. അല്ലെങ്കില്‍ ആ വിഷാദത്തെ, വേദനയെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അങ്ങനെ ആ വിഷാദം വൈയക്തികവും മൂല്യാധിഷ്ഠിതവുമായിത്തീരുന്നു. 'ഇരുണ്ട ജീവിത വിഷാദം' എന്നാണ് എന്‍.വി. കൃഷ്ണവാരിയര്‍ സുഗതകുമാരിയുടെ വിഷാദമനോഭാവത്തെ വിശേഷിപ്പിച്ചത്. അത് ഇരുണ്ടതോ തെളിച്ചമുള്ളതോ ആവാം. പക്ഷേ, മനുഷ്യന്‍ ദുരിതങ്ങള്‍ ഒഴിയാതെ ജീവിക്കുന്നു എന്ന് യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിക്കുകയാണ് കവി ചെയ്യുന്നത്. ആത്യന്തിക സത്യം മനുഷ്യന്‍ തന്നെയാണ് എന്ന് സുഗതകുമാരി ഉപദര്‍ശിക്കുന്നു.

മനുഷ്യനെ അടുപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ് കവിത എന്ന് സുഗതകുമാരിക്കറിയാം. മനുഷ്യനെ ചേര്‍ത്തുനിറുത്തി, അവന്റെ മാനസിക വ്യാപാരങ്ങളിലേക്കും കര്‍മ്മബോധങ്ങളിലേക്കും നോക്കാന്‍ പ്രേരിപ്പിക്കുന്നു. മനുഷ്യന്‍ അവര്‍ക്ക് 'പാവ'മായ  ഒരു ജീവിയാണ്. പ്രകൃതിയിലെ പരിണാമങ്ങളെ വളരെ സ്വാഭാവികമായി സ്വീകരിക്കുന്നവന്‍! അവനു മീതെ പകച്ചുനില്‍ക്കുമീ അംബരവും താഴെ മരുഭൂമിയും എന്ന് ഒരു കവി പാടിയതിനു തുല്യമായി സുഗതകുമാരിയും ചിന്തിക്കുന്നു. അവര്‍ പ്രകൃതിയെ വാഴ്ത്തുന്നു. ആ ഇരുളുകളിലാണ് കവി ആഴം കാണുന്നതെന്ന് പഠിപ്പിക്കുന്നു. ''ഒരു സവിശേഷമായ വിഷാദം മായ്‌കെ പുണര്‍ന്നൂ പഴയൊരു ഹര്‍ഷം'' എന്നും എഴുതുന്നു. മനുഷ്യജന്മം ആനന്ദിക്കാനുള്ളതാണ് എന്ന് കവിയും വിശ്വസിക്കുന്നുണ്ടാകാം. അത് സാധ്യമാകുന്നില്ല. ഓരോ മനുഷ്യനേയും വിഷാദം തീവ്രമായി അലട്ടുന്നു. ദാരുണമായ ജീവിതാന്ത്യങ്ങളില്‍ ഒരു ലഹരിയായി അവന്‍ ഇടറുന്നു. എന്നിട്ടും വിഷാദത്തിന്റെ ഇരുളുകളില്‍ തനിച്ചിരിക്കുന്നു, ഏകാന്തനായ, ഒറ്റപ്പെട്ട മനുഷ്യന്‍ ലാളിത്യത്തോടെ പെരുമാറുന്നു. 

ഒരു താരകയെ കാണുമ്പോളത് 
രാവുമറക്കും; പുതുമഴ കാണ്‍കെ
വരള്‍ച്ച മറക്കും, പാല്‍ച്ചിരികണ്ടത്
മൃതിയെ മറന്ന് സുഖിച്ചേ പോകും

എന്നാണല്ലൊ മനുഷ്യഹൃദയത്തെ കവി നിര്‍വ്വചിക്കാനായുന്നത്. ഈ പാവം ഹൃദയമുള്ളവനാണ് സുഗതകുമാരിക്കവിതയിലെ നായകന്‍. പല പേരുകളില്‍, പല ദൃശ്യങ്ങളില്‍, പല ഓര്‍മ്മകളില്‍ അയാള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ ആ നായകന്‍ നാമല്ലാതെ മറ്റാരാണ്? ആസ്തിക്യബോധം കവിയെ മറ്റൊരു വഴിയിലേക്ക് തിരിച്ചുകൊണ്ടുപോവുന്നു. ഞാനും നീയും രണ്ടല്ലെന്ന അവബോധത്തിന്റെ സാക്ഷ്യപത്രമായി കവിത പരിവര്‍ത്തിക്കപ്പെടുന്നു. 

ആ വിഷാദാനന്ദലഹരിയെ,യനന്തതയെ 
ഏത് വിധമൊന്നു വാഴ്ത്തേണ്ടൂ'

എന്ന് കവി അനന്തതയെ പുല്‍കാനുള്ള ഒരാവേശം കവിതയില്‍ നിറഞ്ഞുകിടക്കുന്നു. വിഷാദം ഒഴിഞ്ഞുപോയ ആനന്ദാവസ്ഥ അനന്തതയുടെ സാമീപ്യം പോലെ വിശുദ്ധമാവുന്നു. ഈ നിരീക്ഷണം അതേ ആസ്തിക്യത്തിന്റേതുതന്നെ. 

കണ്ണീര്‍ക്കയത്തില്‍ കുളിച്ചുപോയ കണ്‍മണിയുടെ ഓര്‍മ്മയുണര്‍ത്തുന്ന കവിതയാണ് 'നീര്‍ക്കുമിള.' ഒരു നൈതികമായ ഉടമ്പടിയാണോ ഈ കവിത? ആ മട്ടില്‍ അനുഭവപ്പെടുന്ന ഓര്‍മ്മപ്പെടുത്തലായി കവിത മാറുന്നു. 

''ഇന്നിന്റെ 
വന്‍ തിരത്തല്ലില്‍
മിഴി നട്ടു നില്‍ക്കവേ, 
ജീവനിലന്തിമയങ്ങവേ, 
മാനസം, മ്ലാനമായ് മാറവേ
സൗരഭം മങ്ങിയോരെന്‍ 
പ്രേമവും, ഞെട്ടറ്റൊലിച്ചു
പോയിടവേ 
അര്‍ത്ഥമില്ലാത്തൊരിരുണ്ട
വിഷാദയായ്, വ്യര്‍ത്ഥമായ് ജീവിതം

എന്നു വായിച്ച്, അറിയാതെ നാം ജീവിതത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. ജീവിതം വ്യര്‍ത്ഥമാണ് എന്ന് തോന്നിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ മനുഷ്യജീവിതത്തില്‍ വിരളമല്ല. പ്രത്യാശയുടെ വെളിച്ചം കെടുമ്പോഴും പ്രയത്‌നങ്ങള്‍ ശിഥിലമാകുമ്പോഴും പ്രിയപ്പെട്ടവര്‍ അകലുമ്പോഴും നാം നിരാശരാകും. പക്ഷേ, ഉള്ളില്‍ ജീവിതത്തിന്റെ മണം മങ്ങിടാതെ നില്‍ക്കുന്നുണ്ടാവും. ജീവിതപ്രിയത്വം ഇല്ലാത്ത ഒരു കവിക്ക് ആ സത്യത്തെ സ്പര്‍ശിക്കാനാവില്ല. ആ പ്രിയത്വം കവിതയില്‍ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ ഭാവങ്ങളായി തുടരുകതന്നെ ചെയ്യണം എന്നാണ് കവി ഭാഷ. 

അറിവീലെന്തിനായി
സ്‌നേഹിപ്പൂ നിന്നെ, കണ്‍കള്‍
നിറയെ, പ്പാടും കരള്‍
നിറയെ, ത്തേങ്ങും ജീവന്‍
നിറയെ, മമാത്മാവ്
നിറയെ, ഞാനാം ദുഃഖം?

എന്നിങ്ങനെ 'അനുരാഗം' എന്ന കവിത തുടങ്ങുന്നു. കവിതയിലെ പ്രമേയം എന്തായാലും തന്നിലേക്ക് മാത്രമുള്ള ഒരു നോട്ടം കവി നടത്തുന്നു. ഇനി നാം എന്തിന് അസ്തിത്വത്തെ നിര്‍വ്വചിക്കണം?  'ഞാനാം ദുഃഖം' ഓരോ വ്യക്തിയും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഉയിരുള്ളിടത്തോളം ആ പ്രശ്‌നം മാറില്ല. ഒരു വേദനയായി അത് നിലനില്‍ക്കുകതന്നെ ചെയ്യും. 

കവിത സത്യമായിരിക്കണമെന്നാണ് സുഗതകുമാരി നിരന്തരം വാദിച്ചത്. മനുഷ്യവിരുദ്ധതയെ അവര്‍ വല്ലാതെ വെറുത്തിരുന്നു. സ്വാതന്ത്ര്യമില്ലായ്മയിലും സ്‌നേഹനിരാസത്തിലും എല്ലാം വില്പനച്ചരക്കാക്കുന്നതിലും അവര്‍ ക്ഷോഭിച്ചിരുന്നു. നന്മ നിലനില്‍ക്കുന്നില്ല എന്ന അറിവിന്റെ രോഷമാണിത്. അതുകൊണ്ട് അവര്‍ സത്യത്തെ വിശ്വസിക്കുകയും അതിന്റെ വ്യവഹാരവും ഭാഷയും കവിതയില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. ഭാഷയുടെ വിശുദ്ധിയില്‍ ശ്രദ്ധിച്ചു! ആശയസത്യത്തില്‍നിന്ന് ഭാഷാവിശുദ്ധിയിലേക്കുള്ള യാത്രയാണ് യഥാര്‍ത്ഥ കവിത എന്ന് അവര്‍ കരുതിയോ? എങ്കില്‍ ആ കവിതയില്‍ ഒരു രാഷ്ട്രീയമുണ്ട് എന്ന് നാം വിശ്വസിക്കണം. ചരിത്രത്തേയും മനുഷ്യനേയും വര്‍ത്തമാനത്തേയും സമന്വയിപ്പിക്കുന്ന ആ വൃത്തിയെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കില്ല. 

എനിക്ക് വെറുപ്പാണ് 
നിങ്ങളെ, വഴിയൊക്കെ
ചുമച്ചു തുപ്പീടുന്ന
വൃത്തികെട്ടോരെ-
എന്ന് സമൂഹത്തിന്റെ മുഖത്തുനോക്കി പറയാന്‍ മറ്റാര്‍ക്ക് കഴിയും! കവിതയ്ക്കുള്ളിലെ ഈ തന്റേടം ഒരു പൗരുഷമാധുര്യം തന്നെ. അതു ശാന്തമായ രോഷമാകുന്നു. 

അധാര്‍മ്മികവും ക്രൂരവും മനുഷ്യപ്പറ്റും ഇല്ലാത്ത ഒരു സമൂഹസാഹചര്യം ഒരു കവിയില്‍ സൃഷ്ടിക്കാനിടയുള്ള വിക്ഷോഭവും വെറുപ്പും ചെറുതാവില്ല. അവര്‍ സ്വാഭാവികമായും പൊട്ടിത്തെറിച്ചുപോകും. അതില്‍ തെറ്റുമില്ല. ആ മനോഭാവത്തിന്റെ രൂപകലയായി 'തലശ്ശേരികള്‍' എന്ന കവിത നമുക്ക് വായിച്ചെടുക്കാം. രാഷ്ട്രീയ കൊലപാതകങ്ങളിലും വര്‍ഗ്ഗീയ കലാപങ്ങളിലും പെട്ട് പൊള്ളുന്ന ഒരു മനസ്സിനേ ഈ കവിത മനസ്സിലാവൂ. 

ചോരയില്‍ കിടപ്പോനേ
കൊന്നതാണല്ലൊ നിന്റെ
പേര്? നിന്‍ രാജ്യം നിന്നെ
ക്കുറിച്ച് കരയുന്നൂ

എന്ന് സുഗതകുമാരി എഴുതുമ്പോള്‍, നമ്മുടെ പാരമ്പര്യം നാം ഓര്‍ത്തുപോവും. ഗാന്ധിയെ സ്മരിക്കാതിരിക്കില്ല. പ്രതിരോധവും നാമറിയും. രാഷ്ട്രീയമോ ആശയമോ മാത്രമല്ല, മനുഷ്യനാണ് പ്രധാനം എന്ന് ആ കവിത ധ്വനിപ്പിക്കുന്നു. സത്യത്തിനും നന്മയ്ക്കും വേണ്ടിയുള്ള ഒരു പ്രതിരോധവുമാണ് കവിത. അതാണ് കവിതയുടെ രാഷ്ട്രീയ സൗന്ദര്യവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. 

കവിയും വായനക്കാരനും മാത്രമാണ് കവിതയ്ക്കരികത്തുള്ളത്. ഒരു മികച്ച കവിത രചിക്കണമെന്ന് കവിയും ഒരു മഹത്തായ കവിത വായിക്കണമെന്ന് വായനക്കാരനും ആഗ്രഹിക്കുന്നു. ആ ആര്‍ജ്ജവം സുഗതകുമാരിക്കവിത ഓരോ വായനക്കാരനും നല്‍കുന്നുണ്ടോ? മികച്ച കവിതയിലേക്കുള്ള യാത്ര സുഗതകുമാരി നടത്തുന്നു. ആ കവിത  വായിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോവുക സൂസന്‍ സൊന്‍ടാഗിന്റെ ഒരു പ്രയോഗമാവുന്നു. 

'The author and reader always dream of a great poem, of writing it, reading it, living it'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com