മലയാള സിനിമ അതുവരെ കാണാത്ത മഹത്തായ അഭിനയത്തിന്റെ പുതിയൊരു ഭാവുകത്വമായിരുന്നു ആ 'അനശ്വരനായ വെളിച്ചപ്പാട്'

മണ്‍മറഞ്ഞ അഭിനയപ്രതിഭ പി.ജെ. ആന്റണിക്ക് 2021 ജനുവരി ഒന്നിന് തൊണ്ണൂറ്റിയഞ്ച് വയസ്സ്
പിജെ ആന്റണി
പിജെ ആന്റണി

ന്‍പതുകളില്‍ കേരളത്തിലെ സജീവമായ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആദ്യ പ്രയോക്താക്കളിലൊരാളായിരുന്നു പി.ജെ. ആന്റണി. അന്നത്തെ നാട്ടിന്‍പുറങ്ങളില്‍, സ്‌റ്റേജുകളില്‍ സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന വൈകാരികതയുടെ അതിപ്രസരമുള്ള നാടകങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പി.ജെ. ആന്റണി മലയാള നാടകത്തില്‍ കലയുടെ ഒരു പുതിയ സമാന്തരധാര ഉയര്‍ത്തിക്കൊണ്ടുവരികയാണ് ചെയ്തത്. മൗലികമായ വ്യതിരിക്തത പുലര്‍ത്തുന്നവയായിരുന്നു ആ നാടകങ്ങളെല്ലാം. നാടകത്തിന്റെ മൗലികതയും സാധ്യതകളും തിരിച്ചറിഞ്ഞ ആദ്യത്തെ നാടകക്കാരന്‍ ഒരുപക്ഷേ, പി.ജെ. ആന്റണി തന്നെയായിരുന്നു എന്നും പറയേണ്ടിവരും. ആദ്യകാലത്ത് രംഗത്തിന് അനുയോജ്യമായ സെറ്റില്ലാത്ത പശ്ചാത്തലത്തില്‍ പ്ലെയിന്‍ കര്‍ട്ടന്‍ തൂക്കി അവതരണത്തിലൂടെ പ്രേക്ഷകര്‍ക്ക് നാടകം ആവശ്യപ്പെടുന്ന പരിതസ്ഥിതികള്‍ മനസ്സില്‍ സൃഷ്ടിക്കുംവിധം രചനയും സാക്ഷാല്‍ക്കാരവും നടത്തി വിജയിച്ച ഏക നാടകക്കാരനും ഒരുപക്ഷേ, കേരളത്തില്‍ പി.ജെ. ആന്റണി മാത്രമായിരിക്കും. മലയാള നാടകവേദിയില്‍ പി.ജെ. ആന്റണിയുടെ കടന്നുവരവ് ഒരു പുതുപരിണാമത്തിന് തുടക്കമിടുകയും കൂടിയാണ് ചെയ്തത്. ഇത്തരം മാറ്റങ്ങളെ, വിപ്ലവകരമായ സമീപനങ്ങളെ വ്യക്തതയോടെ ഉള്‍ക്കൊള്ളാന്‍ ധാരാളം കാണികളും ഉണ്ടായിരുന്നു എന്ന് അന്നത്തെ ചരിത്രവും പറയുന്നുണ്ട്. ഉള്ളടക്കത്തിലും പ്രമേയത്തിലും ആവിഷ്‌കരണത്തിലും മലയാള നാടകചരിത്രത്തില്‍ പി.ജെ. ആന്റണിയുടെ പ്രസക്തി ചരിത്രപരമാണ്. സാമൂഹ്യപരമായ ഉള്ളടക്കവും പ്രത്യയശാസ്ത്രപരമായ വിവക്ഷകളും ഉണ്ടെന്നുള്ളതുതന്നെയാണ് പി.ജെയ്ക്കുള്ള ഈ ചരിത്രപരമായ പ്രസക്തിയുടെ കാരണവും. ആക്ഷേപഹാസ്യത്തിന് നാടകരംഗത്ത് അതിന്റെ ശക്തിയും ചൈതന്യവും സമ്പൂര്‍ണ്ണമായും കൊണ്ടുവന്നതും പി.ജെ. ആന്റണിയുടെ നാടകങ്ങളിലാണ്. എക്കാലത്തും അവിസ്മരണീയങ്ങളായി നില്‍ക്കുന്ന സാമൂഹിക നാടകങ്ങളും ആന്റണിക്കു സ്വന്തമാണ്. 'സോക്രട്ടീസി'നെപ്പോലെ ക്ലാസ്സിക്ക് ചരിത്രനാടകങ്ങള്‍ വേറെയും. നാടകത്തിന്റെ ഭാഷയിലും രൂപശില്പത്തിലും  നടത്തിയ വിശുദ്ധമായ കരുത്തുതന്നെയാണ് വിപുലമായ ആസ്വാദകശ്രദ്ധ നേടിക്കൊടുത്ത നാടകക്കാരന്‍ എന്ന നിലയില്‍ വരും തലമുറയും പി.ജെ. ആന്റണിയെ ഓര്‍ക്കുക. 

നാടകരചന, സംവിധാനം, സിനിമനാടക അഭിനയം, പാട്ടെഴുത്ത്, തിരക്കഥ അങ്ങനെ മാറി മാറി സഞ്ചരിക്കുന്ന ഒരു മനസ്സായിരുന്നു പി.ജെയുടേത്. ജീവിതത്തില്‍ താന്‍ കടന്നുവന്ന തീവ്രമായ അനുഭവങ്ങളുടെ സാക്ഷാല്‍ക്കാരങ്ങളായിരുന്നു അതൊക്കെ. പി.ജെയുടെ മൂന്ന് പതിറ്റാണ്ടുകാലത്തെ കലാപ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി പിന്തുടരുമ്പോള്‍ അടിച്ചമര്‍ത്തലില്‍നിന്നും രക്ഷപ്പെടുന്ന ഒരുകൂട്ടം മനുഷ്യരുടെ ഊഷ്മളമായ സ്‌നേഹത്തിന്റെ കഥകൂടിയായി മാറുന്നു അത്. 

മനുഷ്യജീവിതത്തിന്റെ ദുരന്തപൂര്‍ണ്ണവും സംഘര്‍ഷാത്മകവുമായ സങ്കീര്‍ണ്ണതകള്‍ വേദനാനിര്‍ഭരമായ ആ കാലഘട്ടത്തെ അനുഭവിച്ചറിഞ്ഞതുകൊണ്ടാകണം പി.ജെ. ആന്റണിക്കു സമകാലീന മനുഷ്യാവസ്ഥയുടെ ജീവിതത്തിലേയ്ക്ക് ചൂഴ്ന്നിറങ്ങാന്‍ എളുപ്പത്തില്‍ സാധിച്ചത്. ജീവിതത്തിന്റെ സമഗ്രമായ ചിത്രങ്ങളായിരുന്നു ഓരോ നാടകങ്ങളിലും വിളക്കിച്ചേര്‍ക്കപ്പെട്ടിരുന്നത്. മനുഷ്യസ്വഭാവത്തിന്റെ വൈചിത്ര്യങ്ങള്‍ അനുഗ്രഹീതമായ ആ തൂലികയില്‍നിന്നും പിറവിയെടുത്തപ്പോള്‍ ജീവിതസമരങ്ങളുടെ അനശ്വരചിത്രങ്ങളായി മാറി പി.ജെ. ആന്റണി ചെയ്ത ഓരോ നാടകങ്ങളും. പി.ജെ. ആന്റണിയെക്കുറിച്ചുള്ള സ്മരണയില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. 'കര്‍ട്ടന്റെ ഇടയിലൂടെ നാടകം തുടങ്ങുന്നതിനു മുന്‍പ് അമ്പരപ്പ് നിറഞ്ഞ മുഖത്തോടെയും ഹാര്‍ട്ട് ബീറ്റിന്റെ ഭയങ്കരമായ മുഴക്കത്തോടെയും ഓഡിയന്‍സിനെ നോക്കുന്ന ഒരു ആന്റണിയെ കാണാം. നാടകം തുടങ്ങി ഏതാനും മിനിറ്റ് കഴിയുന്നതുവരെയുള്ള ചങ്കിടിപ്പ്, ടെന്‍ഷന്‍ അത് ആദ്യത്തെ നാടകത്തിനു അരങ്ങില്‍ക്കയറിയപ്പോള്‍ മുതല്‍ അവസാന നാടകത്തിനുവരെ പി.ജെ. ആന്റണിയില്‍ കാണാമായിരുന്നുവെന്നും,' 'അഭിനയം എന്നു പറയുന്നത് അഞ്ചോ ആറോ വയസ്സുള്ള ബാലനായിരുന്ന കാലഘട്ടത്തില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള വീടിന്റെ പിന്നാമ്പുറത്തില്‍ സാരിയും തോര്‍ത്തുമൊക്കെ കര്‍ട്ടനായി കെട്ടിക്കൊണ്ട് കശുവണ്ടി പ്രവേശനഫീസായി വാങ്ങി നാടകം കളിച്ച ഓര്‍മ്മ പി.ജെ. ആന്റണി പങ്കുവെച്ചിട്ടുണ്ട്.' അന്നു തുടങ്ങിയ കലയോടുള്ള അടങ്ങാത്ത അഭിനിവേശം മരണം വരെ ആന്റണിക്ക് ഒപ്പം ഉണ്ടായിരുന്നുവെന്ന് എത്രയോ പേര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. എ.കെ.ജിയും ഇ.എം.എസ്സുമൊക്കെ കലാകാരനായ പി.ജെ. ആന്റണിയെ വലിയ അടുപ്പത്തോടെയാണ് കണ്ടിരുന്നത്. ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പി.ജെ.ആന്റണിയോട് ഒരു നാടകം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒറ്റ രാത്രികൊണ്ട് അത് എഴുതിക്കൊടുത്തതും വളരെ പ്രസിദ്ധമാണ്. 

പി.ജെ. ആന്റണിയുടെ വലിയ ഒരു പ്രത്യേകത അദ്ദേഹത്തിനു സാമൂഹികവും വ്യക്തിപരവുമായ ഒരു നിലപാട് ഉണ്ടായിരുന്നുവെന്നതാണ്. 1951ല്‍ പരിഷത്തിന്റെ 21ാം വാര്‍ഷികം സംബന്ധിച്ച് നടത്തിയ കലോത്സവത്തില്‍നിന്നും പി.ജെ. ആന്റണിയുടെ പ്രതിഭാ ക്ലബ്ബ് പിന്‍മാറിയിരുന്നു. ഇതിന്റെ പേരില്‍ മഹാകവി ജി. ശങ്കരക്കുറുപ്പുമായി പി.ജെ. ആന്റണിക്കു വലിയ അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ ജി. ശങ്കരക്കുറുപ്പിനോട് പി.ജെ. ആന്റണി പറഞ്ഞത്  'അങ്ങയുടെ ശാപമായി ഞാനും എന്റെ ക്ലബ്ബും നശിക്കുകയാണേല്‍ നശിച്ചുകൊള്ളട്ടെ. നൂറു ദിവസം കഴുതയായി ജീവിക്കുന്നതിനേക്കാള്‍ ഒരു ദിവസം സിംഹമായി ജീവിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്നാണ്. ഇതാണ് പി.ജെ. ആന്റണി. ഇതുകൊണ്ടാണ് പി.ജെ. ആന്റണിയെ വളയാത്ത നട്ടെല്ലിന്റേയും കുനിയാത്ത ശിരസ്സിന്റേയും ഉടമയായ കലാകാരന്‍ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്നത്. പറയാന്‍ തോന്നുന്നത് ഒരു നിമിഷം പോലും മറച്ചുവയ്ക്കാതെ ആരുടെ മുഖത്തും നോക്കി പറയാന്‍ ഒരിക്കലും മടിക്കാത്ത ആന്റണി സ്വാര്‍ത്ഥലാഭത്തിനുവേണ്ടി അണുവിട തന്റെ ആദര്‍ശപരതയില്‍ വ്യതിചലനം വരാന്‍ അനുവദിച്ചിട്ടില്ലാത്ത മഹത്വമാര്‍ന്ന വ്യക്തിത്വമായിരുന്നു. പി.ജെ. ആന്റണിയുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തിയിരുന്ന നടന്‍ ഗോവിന്ദന്‍കുട്ടിയുടെ വാക്കുകള്‍: 'പച്ചവെള്ളവും വാളന്‍പുളിയും പിന്നെ ഇത്തിരി കഞ്ചാവുമായി ഞങ്ങള്‍ ജീവിച്ച ദിവസങ്ങള്‍ ഉണ്ടായിരുന്നു. കര്‍ട്ടനും മുളക്കമ്പുകളും സ്വന്തം തലയില്‍ ചുമന്നുകൊണ്ട് ഞങ്ങള്‍ നാടകങ്ങള്‍ കളിച്ചിട്ടുണ്ട്. അന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നത് നമ്മള്‍ കുറേ കഷ്ടപ്പെടണം, എന്നാലേ ഭാവിതലമുറകള്‍ രക്ഷപ്പെടുകയുള്ളൂ എന്നാണ്. തന്റെയോ തന്റെ കുട്ടികളുടേയോ രക്ഷയല്ലായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ആകാശം ഇടിഞ്ഞുവീഴുന്നു എന്ന് പറഞ്ഞാലും പി.ജെ. ആന്റണി കുലുങ്ങില്ല. ആ നട്ടെല്ലും ധൈര്യവും ഞാന്‍ മറ്റാരിലും കണ്ടിട്ടില്ല.'

'ആജന്മനിഷേധി', 'ഇങ്ക്വിലാബിന്റെ പുത്രന്‍', 'നോക്കിലും വാക്കിലും തികച്ചും പരുക്കന്‍', 'പൊരുത്തക്കേടിന്റെ ഭാഷ വശമുള്ളവന്‍', 'ചെമ്പന്‍കണ്ണില്‍ തീക്ഷ്ണമായ നിലപാടുകള്‍ കൊണ്ടുനടക്കുന്നവന്‍'... അങ്ങനെ ഒരുപാട് വിശേഷണങ്ങള്‍ ആന്റണിയെക്കുറിച്ച് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. 

ബാല്യകൗമാരകാലം

നൂറോളം നാടകങ്ങള്‍, അഞ്ചോളം കവിതാഗാന സമാഹാരങ്ങള്‍, അഞ്ചോളം ചെറുകഥാ സമാഹാരങ്ങള്‍, രണ്ട് നോവലുകള്‍, രണ്ട് ഓര്‍മ്മക്കുറിപ്പുകള്‍ മലയാള നാടകത്തിന്, സാഹിത്യത്തിന് ആന്റണി നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. ഇതിനോടൊപ്പം 'വാനമ്പാടി' എന്ന മാസികയുടെ പത്രാധിപരായും ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.ജെ. ആന്റണിയുടെ പാട്ടും കവിതകളും അതില്‍ പ്രസിദ്ധീകരിച്ചിരുന്നു. എസ്.എല്‍. പുരം, കെ.ആര്‍ തിരുനിലത്ത്, എന്‍. ഗോവിന്ദന്‍കുട്ടി തുടങ്ങിയവരൊക്കെ വാനമ്പാടിയില്‍ എഴുതിയിരുന്നു.

1925ല്‍ കൊച്ചിയിലെ പച്ചാളത്താണ് പി.ജെ. ആന്റണി ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ശാസ്ത്രി പരീക്ഷ പാസ്സായി. ചെറുപ്പത്തില്‍ത്തന്നെ നാവികസേനയില്‍ സേവനമനുഷ്ഠിച്ചു. പിന്നീട്, നാവിക കലാപത്തില്‍ പങ്കെടുത്ത് പുറത്തുപോരേണ്ടിവന്നു. പിന്നീട് തൊഴിലാളി പ്രവര്‍ത്തനങ്ങളിലും കലാപ്രവര്‍ത്തനങ്ങളിലും കേന്ദ്രീകരിച്ചു. മട്ടാഞ്ചേരി തുറമുഖത്തൊഴിലാളികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി നടന്ന വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് പാട്ടെഴുതുകയും ജാഥയില്‍ പങ്കെടുത്ത് ജാഥയ്ക്ക് മുന്‍പില്‍നിന്ന് സ്വയം പാടിയിട്ടുമുണ്ട് പി.ജെ. ആന്റണി. 'പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കുമോ' എന്ന വരികള്‍ ഇന്നും ഓര്‍ക്കുന്നവര്‍ കുറവല്ല. തന്റെ സഹപ്രവര്‍ത്തകയായ മേരിയെ അവരുടെ മാതാപിതാക്കളുടെ വിലക്കുകള്‍ ലംഘിച്ച് പിടിച്ചിറക്കി കൊണ്ടുവന്നു. പിന്നീട് വളരെ സന്തോഷത്തോടെയാണ് അവര്‍ ജീവിച്ചത്. രണ്ട് മക്കളാണ് പി.ജെ. ആന്റണിക്ക്. ജോസഫ് ആന്റണിയും ഗീത എന്ന എലിസബത്തും.

എന്‍. ഗോവിന്ദന്‍കുട്ടി, ടി.എസ്. മുത്തയ്യ, എഡ്ഡിമാസ്റ്റര്‍, വര്‍ഗ്ഗീസ് തിട്ടേല്‍, വക്കച്ചന്‍, ശങ്കരാടി, ജോണ്‍സണ്‍, ബിയാട്രിസ്, തിലകന്‍, ഫിലോമിന, ജോണ്‍ പല്ലന്‍ അങ്ങനെ ഒരുപാട് പേര്‍ പി.ജെ. ആന്റണിയുടെ നാടകങ്ങളില്‍ സഹകരിച്ചുപോന്നു. പി.ജെ. ആന്റണിയുടെ ആദ്യത്തെ നാടകട്രൂപ്പ് 'പ്രതിഭ ആര്‍ട്‌സ് ക്ലബ്ബ്' ആയിരുന്നു. പിന്നീട്, പ്രതിഭ ആര്‍ട്‌സ് ക്ലബ്ബ് 'പ്രതിഭ തിയറ്റേഴ്‌സ്' ആയി മാറി. പീപ്പിള്‍ തിയറ്റേഴ്‌സ്, പിന്നീട് സുഹൃത്തുക്കളുമായി ചേര്‍ന്ന് തുടങ്ങിയ പി.ജെ. തിയറ്റേഴ്‌സ്; പ്രധാന നാടകങ്ങള്‍ മുഴുവന്‍ ഇതിലൊക്കെയായിരുന്നു. പല നാടകസമിതികളുമായി പി.ജെ. ആന്റണി സഹകരിച്ചു പോന്നിരുന്നു. വൈക്കം മാളവിക, കോട്ടയം നാഷണല്‍ തിയറ്റേഴ്‌സ്, ചങ്ങനാശ്ശേരി ഗീത തുടങ്ങിയവര്‍ക്കുവേണ്ടിയും നാടകങ്ങളെഴുതിയിട്ടുണ്ട്. കെ.പി.എ.സിയുമായും സഹകരിച്ചു. കെ.പി.എ.സിയുടെ പ്രധാന നാടകങ്ങളിലൊന്നായ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ പരമുപിള്ളയെ സ്ഥിരമായി അവതരിപ്പിച്ചിരുന്ന കാമ്പിശ്ശേരി കരുണാകരന്‍ രോഗബാധിതനായി മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ ആ വേഷം അഭിനയിക്കാന്‍ വേണ്ടി അവര്‍ തേടിയെത്തിയത് പി.ജെ. ആന്റണിയെ ആയിരുന്നു. പിന്നീട് പല സ്‌റ്റേജുകളിലും 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ പരമുപിള്ളയുടെ ജീവിതമുഹൂര്‍ത്തങ്ങളെ പി.ജെ. ആന്റണി ഒരുപക്ഷേ, കാമ്പിശ്ശേരി കരുണാകരനേക്കാള്‍ ഉജ്ജ്വലമാക്കുകയാണുണ്ടായത്. ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത സര്‍ഗ്ഗധനനായ ഒരു നടന്റെ പകര്‍ന്നാട്ടമായിരുന്നു പിന്നീട് ആന്റണി തന്നെ എഴുതി അവതരിപ്പിച്ച് സ്‌റ്റേജില്‍ അനശ്വരമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച 'സോക്രട്ടീസ്' പോലുള്ള ചരിത്രനാടകങ്ങള്‍. സോക്രട്ടീസായി ആന്റണി സ്‌റ്റേജില്‍ വരുമ്പോള്‍ കാണികളെല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ച അനുഭവങ്ങളും പറഞ്ഞറിവുണ്ട്. വളരെ നിഷ്പ്രയാസം കാണികളെ കയ്യിലെടുക്കാന്‍ ആന്റണിക്കുള്ള സിദ്ധി  അപാരമാണെന്നാണ് പലരും പറയാറ്.

നാടകരചനയിലും അഭിനയത്തിലുമായിരുന്നു അദ്ദേഹത്തിന് ഏറ്റവും താല്പര്യമുണ്ടായിരുന്നത്. തിരക്കഥയും സിനിമാഭിനയവും പാട്ടെഴുത്തും നടത്തിപ്പോന്നിരുന്നുവെങ്കിലും നാടകത്തിനു തുല്യമായ മഹത്വം ആന്റണി സിനിമയ്ക്ക് കല്പിച്ചിരുന്നില്ല. നാടകത്തില്‍നിന്നു മാറി പണത്തിനുവേണ്ടിയാണ് മറ്റു പല മേഖലകളിലേക്കും മാറിയതെന്ന് ആന്റണി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അഭിനയിക്കുന്നത് ഞാന്‍ ആത്മാവിഷ്‌കാരത്തിനു വേണ്ടിയാണെന്നാണ് പി.ജെ. ആന്റണി എപ്പോഴും പറയാറ്.  അഭിനയമാണ് തൊഴില്‍. അത്, നാടകത്തിലായാലും സിനിമയിലായാലും പ്രതിഫലം വേണം. നാടകം പോലെ ആത്മാവിഷ്‌കാരം നടത്താന്‍ കഴിയില്ലെങ്കിലും സിനിമയില്‍ അഭിനയിക്കുന്നത് തെറ്റായി കാണുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായി തെരുവുകള്‍ തോറും നാടകങ്ങള്‍ അവതരിപ്പിക്കുന്ന സമയത്തും തനിക്കും തന്റെ കൂടെയുള്ള നാടകപ്രവര്‍ത്തകര്‍ക്കും ജീവിക്കാന്‍ പണം കിട്ടുന്നില്ലെന്നു കണ്ടപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു തികച്ചും വിരുദ്ധമായ ആശയമുള്ള ഒരു സമിതിക്കുവേണ്ടി പണത്തിനുവേണ്ടി നാടകം ചെയ്തതായും പി.ജെ. ആന്റണി പറഞ്ഞിട്ടുണ്ട്. അതേസമയം, എനിക്കുവേണ്ടി ആരെങ്കിലും പിരിവു നടത്തിയാല്‍ അതില്‍നിന്നും ആദ്യത്തെ രണ്ട് രൂപയെടുത്ത് വിഷം വാങ്ങി കഴിക്കും എന്ന് പറഞ്ഞതും ആന്റണിയാണ്. പണത്തിനുവേണ്ടി മാത്രം 'സി.ഐ.ഡി നസീര്‍' പോലുള്ള സിനിമകള്‍ക്കു സംഭാഷണം എഴുതിക്കൊടുത്തതും ബുദ്ധിജീവികളില്‍ ഒരാളായി എല്ലാവരും കണ്ടിരുന്ന പി.ജെ. ആന്റണിയാണെന്ന് എത്ര പേര്‍ക്കറിയാം.

കേരളജനതയെ അപാരമായി സ്വാധീനിച്ച സാമൂഹിക വിമര്‍ശനങ്ങളായിരുന്നു ആന്റണിയുടെ പല നാടകങ്ങളും. അത് പലപ്പോഴും കൊള്ളേണ്ടവര്‍ക്ക് കൊള്ളുകതന്നെ ചെയ്തിട്ടുണ്ട്. അവരില്‍ പലരും ആന്റണിയേയും അദ്ദേഹത്തിന്റെ നാടകങ്ങളേയും ആക്രമിച്ചു. പക്ഷേ, ആന്റണി കുലുങ്ങിയില്ല. നാടകങ്ങളില്‍ ആശയങ്ങള്‍ക്കനുസരിച്ച് പിന്നണിഗാനവുമാകാമെന്ന് തെളിയിച്ചവരില്‍ പ്രമുഖന്‍ കൂടിയായിരുന്നു പി.ജെ. ആന്റണി.
ഇങ്ക്വിലാബിന്റെ മക്കള്‍, വിശപ്പ്, രശ്മി, കാഴ്ചബംഗ്ലാവ്, ശിക്ഷ, മണ്ണ്, സോഷ്യലിസം, തീ, സോക്രട്ടീസ്... തുടങ്ങിയ നൂറോളം നാടകങ്ങള്‍ അരങ്ങുകളില്‍ ജീവിച്ചെങ്കിലും വെറും 18 നാടകങ്ങള്‍ മാത്രമാണ് പി.ജെ.യുടെ പുസ്തകങ്ങളായി പുറത്തുവന്നത്. അക്കാലത്ത് ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്ന നാടകങ്ങളാണ് ഇതില്‍ പലതും. 

അമ്മയും ഇങ്ക്വിലാബിന്റെ മക്കളും

ആദ്ധ്യാത്മിക കാര്യങ്ങള്‍ക്ക് വളരെ പ്രധാനമായ സ്ഥാനം കല്പിച്ചുകൊണ്ടും പുരോഗമനപരമായ ഏതു കാര്യത്തിനേയും എതിര്‍ത്തുകൊണ്ടും പാവപ്പെട്ടവന്റെ ജീവിതാവകാശത്തെ തീരെ അവഗണിച്ചുകൊണ്ടും അന്ന് കേരളത്തിലെ കത്തോലിക്കാസഭ കമ്യൂണിസത്തിനെതിരായി പടച്ചുണ്ടാക്കിയ വിരുദ്ധമുന്നണിക്കെതിരായിരുന്നു പി.ജെ. ആന്റണിയുടെ 'ഇങ്ക്വിലാബിന്റെ മക്കള്‍' എന്ന സാമൂഹ്യനാടകം. തൊഴിലാളികളെ ഒരു പാഠം പഠിപ്പിക്കാന്‍ ഫാക്ടറി അടച്ചിടുന്ന മുതലാളി; താന്‍ പറയുന്നതു കേള്‍ക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ ജോലി എന്നതായിരുന്നു മുതലാളിയുടെ നിലപാട്. തൊഴിലാളികള്‍ എതിര്‍ത്തതോടെ അത് കമ്യൂണിസമായി. പാട്ടക്കാരനും മുതലാളിയും സര്‍ക്കാരും ഒന്നായപ്പോള്‍ ദൈവത്തെ വിറ്റു കാശാക്കാന്‍ സൗകര്യം ലഭിച്ചു. അവസരവാദികള്‍ ഒത്തുചേര്‍ന്നു  അതാണ് കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി. ഇതാണ് ഇങ്ക്വിലാബിന്റെ മക്കള്‍ നാടകം  പറയാന്‍ ശ്രമിച്ചത്. ഇതിലെ ആശയവും സംഭാഷണവും അന്ന് കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു. കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം വഹിച്ച അതേ ചരിത്രപരമായ ദൗത്യമാണ് പിന്നീട്, പി.ജെ. ആന്റണി 'ഇങ്ക്വിലാബിന്റെ മക്കള്‍' എന്ന നാടകത്തിലൂടെ പറയാന്‍ ശ്രമിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ അക്കാലത്ത് പടച്ചിറക്കിയ നെറികെട്ട നുണകളെ മനോഹരമായ നാടകീയ സന്ദര്‍ഭങ്ങളിലൂടെ കലാപരമായി മറുപടി പറയാനാണ് ഇങ്ക്വിലാബിന്റെ മക്കളിലൂടെ പി.ജെ. ആന്റണിക്കു കഴിഞ്ഞത്. 

പി.ജെ. ആന്റണി 'അമ്മ' നാടകത്തിലൂടെ, അമ്മയും മക്കളും തമ്മിലുള്ള സ്‌നേഹബന്ധങ്ങള്‍പോലും പലപ്പോഴും നിയന്ത്രിക്കുന്നത് സമ്പത്താണെന്നുള്ള ആശയമാണ് പറയാന്‍ ശ്രമിച്ചത്. പള്ളികളും കന്യാസ്ത്രീ മഠങ്ങളും പലപ്പോഴും ചൂഷണശാലകളാകുന്നില്ലേ? ഈ ചോദ്യത്തിന്റെ ആശങ്കയില്‍നിന്നുമാണ് ആന്റണി 'രശ്മി' നാടകം ചെയ്തത്. സമൂഹത്തിലെ പകല്‍മാന്യന്മാരായ ചില ദ്രോഹികള്‍ പള്ളിയുടേയും പട്ടക്കാരുടേയും മറവില്‍ ദുരുപയോഗം ചെയ്യുന്നതാണ് നാടകത്തിന്റെ വിഷയം. സമ്പന്നവര്‍ഗ്ഗത്തിന്റെ സ്വകാര്യ ജീവിതത്തിലേയ്ക്കുള്ള കടന്നുകയറ്റമായിരുന്നു 'കാഴ്ചബംഗ്ലാവ്' നാടകം. പ്രണയവും സാഹോദര്യവും എല്ലാം പണത്തിന്റെ ആധിപത്യത്തിനുമുന്നില്‍ കീഴടങ്ങുമ്പോള്‍ മനുഷ്യന്‍ ആത്മഹത്യയിലേക്കോ ജയിലറകളിലേക്കോ പോകും. ഇത്തരം മനുഷ്യരുടെ കഥയായിരുന്നു 'ശിക്ഷ'യിലൂടെ പി.ജെ. ആന്റണി അവതരിപ്പിച്ചത്. വഴിയാധാരമാകുന്ന മണ്ണിന്റെ യഥാര്‍ത്ഥ സന്തതികളുടെ കഥയാണ് 'മണ്ണി'ലൂടെ ആന്റണി പറയാന്‍ ശ്രമിച്ചത്. സോഷ്യലിസത്തിന്റെ പേരും പറഞ്ഞ് സ്വന്തം കീശ വീര്‍പ്പിക്കാനും പൊതുമുതല്‍ ചൂഷണം ചെയ്യാനും തൊഴിലാളികളെ ഉപയോഗിക്കുന്ന സംഘടനാശക്തികളുടെ കഥയായിരുന്നു 'സോഷ്യലിസം'. വളരെ ആദര്‍ശവാനായ, സിലബസിലുള്ളത് മാത്രമല്ല കുട്ടികള്‍ പഠിക്കേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്ന പ്രൊഫസര്‍ ആന്റണിയുടെ കഥയാണ് 'തീ' നാടകം. കോളേജിലെ ജോലി നഷ്ടപ്പെട്ട് സ്വന്തമായി ട്യൂഷന്‍ സെന്റര്‍ തുടങ്ങിയപ്പോഴും പ്രൊഫസര്‍ പറഞ്ഞത് സിലബസ്സിലുള്ളതു മാത്രം പഠിക്കാനാണെങ്കില്‍ കുട്ടികള്‍ ഇങ്ങോട്ട് വരേണ്ട എന്നാണ്; ജീവിതത്തില്‍ വിജയമോ പരാജയമോ എന്നതില്ല. ജീവിതം എന്നത് ജീവിച്ചുതീര്‍ക്കാനുള്ളതാണെന്നു പറഞ്ഞ പ്രൊഫസര്‍ അവസാനം ജീവിതം വഴിമുട്ടുമ്പോള്‍ ആത്മഹത്യ ചെയ്യുന്നതാണ് 'തീ' നാടകത്തിന്റെ കഥ. പി.ജെ. ആന്റണിയുടെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം പി.ജെ. തിയറ്റേഴ്‌സ് തന്നെയാണ് 1979 ആഗസ്റ്റ് 15ന് എറണാകുളം കലാഭവന്‍ ഓഡിറ്റോറിയത്തില്‍ ഈ നാടകം ആദ്യം അവതരിപ്പിച്ചത്. പി.ജെ ആന്റണിയുടെ അരുമശിഷ്യനായ തിലകനാണ് പ്രൊഫസറായി അരങ്ങില്‍ വന്നത്. പി.ജെ ആന്റണി ഒറ്റരാത്രികൊണ്ട് എഴുതിത്തീര്‍ത്ത നാടകമെന്ന നിലയിലും ശ്രദ്ധേയമാണ് 'തീ.'

സത്യത്തില്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടി എഴുതപ്പെട്ടവയാണ് പി.ജെയുടെ മിക്കവാറും എല്ലാ നാടകങ്ങളും. അഭിനയിക്കുന്നവരോ ടെക്‌നീഷ്യന്മാരായ മറ്റു ആര്‍ട്ടിസ്റ്റുകളോ ഇല്ലാതെ വന്നാലും സ്‌റ്റേജില്‍ ആന്റണി അത് അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യും. അഭിനയിക്കാന്‍ മാത്രമല്ല, പാടാനും നൃത്തം ചെയ്യാനും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യാനും ആന്റണിക്കു നന്നായിട്ടറിയാമായിരുന്നു. തന്റെ ദരിദ്രമായ സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് ഒരുപാട് എതിര്‍പ്പുകളുടേയും കുറ്റപ്പെടുത്തലുകളുടേയും നടുവില്‍ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ച കലാകാരനാണ് പി.ജെ. ആന്റണി.

അനുഭവത്തിന്റെ പ്രകാശനങ്ങളായിരുന്നു ആന്റണിയുടെ മിക്ക നാടകങ്ങളും. അതിന്റെ ആഖ്യാനരീതിയും (Narrative Technique)  ശൈലിയും (Style) സാധാരണക്കാരന് എളുപ്പത്തില്‍ മനസ്സിലാകുമായിരുന്നു. മാനസികമായ എല്ലാ വികാരങ്ങളും ആ നാടകങ്ങളില്‍ നമുക്കു കാണാം. മനുഷ്യനാവശ്യമായ സത്യസന്ധതയുടേയും ആദര്‍ശബോധത്തിന്റേയും കലാ വ്യക്തിത്വത്തിനുടമയായിരുന്നു പി.ജെ. ആന്റണി. മനുഷ്യന്റെ തീക്ഷ്ണവും വൈകാരികവുമായ അനുഭവങ്ങള്‍ ആഴത്തിലറിയുകയും എല്ലാവരേയും അത്രമേല്‍ സ്‌നേഹിക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഹൃദ്യവും സഫലവുമായ ഒരു നാടകജീവിതം ഉണ്ടാക്കിയെടുക്കാന്‍ ആന്റണിക്ക് എളുപ്പത്തില്‍ സാധിച്ചത്.
ജീവിതത്തിനും മരണത്തിനും ഇടയില്‍ അഭിനയിച്ചുതീര്‍ത്ത ജീവിതനാടകം തന്നെയായിരുന്നു പി.ജെ. ആന്റണിയുടേത്. സാധാരണ മനുഷ്യരെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച, മൗലികത അതുതന്നെയാണ് പി.ജെ. ആന്റണിയുടെ അനുഭവാവിഷ്‌കാരങ്ങള്‍ സര്‍ഗ്ഗാത്മകമാക്കി മാറ്റിയത്. സ്‌നേഹം, മാനുഷികത തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ മരിക്കുന്നതുവരെ കാത്തുസൂക്ഷിക്കാന്‍ ആന്റണിക്കു കഴിഞ്ഞു. ജീവിതസമുദ്രത്തിന്റെ അഗാധതകളില്‍ താന്‍ അനുഭവിച്ച, നേരിട്ട സഹാനുഭൂതികളുടെ പ്രതിഫലനംകൊണ്ടായിരിക്കണം ആന്റണിക്കതിനു സാധിച്ചത്. ആന്റണിയുടെ സര്‍ഗ്ഗാത്മക വ്യക്തിത്വത്തെ വലിയൊരളവില്‍ പ്രതിനിധാനം ചെയ്തതും മറ്റുള്ളവരോടു പുലര്‍ത്തുന്ന സ്ഫടികതുല്യമായ ആ ജീവിതചര്യ തന്നെയാണ്. 

നാടകത്തിനു ജീവിതത്തിന്റേതായ സമഗ്രമായ രൂപം ആവിഷ്‌കരിച്ച് അതിന്റെ ജീവനായി പരിണമിച്ച നിത്യസ്മരണീയനായ കലാകാരനാണ് പി.ജെ. ആന്റണി. ഏകാഗ്രതയും സൂക്ഷ്മനിരീക്ഷണവും സംവിധാനശില്പവും ഒരുപോലെ മിഴിവുനല്‍കുന്ന നാടകങ്ങളുടെ രാജശില്പിയായിരുന്നു അദ്ദേഹം. വര്‍ണ്ണപ്പൊലിമകളില്‍ ചാരിതാര്‍ത്ഥ്യമടയാതെ ജീവിതാവിഷ്‌ക്കരണത്തിനു സ്വാഭാവികത നല്‍കാനാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നത്. ജീവിതസത്യങ്ങളെ ആര്‍ജ്ജവത്തോടെ സൂക്ഷ്മമായി നിരീക്ഷിച്ച് പ്രതീക്ഷാനിര്‍ഭരമായ കാഴ്ചപ്പാട് കാണികള്‍ക്കും പകര്‍ന്നുനല്‍കിയ പി.ജെ. ആന്റണി അരങ്ങിലും ആളുകളുടെ മനസ്സിലും ഒരുപോലെ ജീവിച്ചുമരിച്ച കലാകാരനായിരുന്നു. 

1958ല്‍ തകഴിയുടെ 'രണ്ടിടങ്ങഴി' മെറിലാന്റ് സുബ്രഹ്മണ്യം സിനിമയാക്കിയപ്പോള്‍ അതില്‍ മുഖ്യകഥാപാത്രമായി വേഷമിട്ടതോടെയാണ് പി.ജെ. ആന്റണി സിനിമാനടനാകുന്നത്. 1958ല്‍ തുടങ്ങി 1979ല്‍ 'മണ്ണിന്റെ മാറില്‍' എന്ന അവസാന സിനിമ വരെയുള്ള രണ്ട് പതിറ്റാണ്ടില്‍ പി.ജെ. ആന്റണി അഭിനയിച്ച സിനിമകളുടെ എണ്ണം വെറും 60ല്‍ താഴെ മാത്രം. പക്ഷേ, ഈ കാലയളവില്‍ അദ്ദേഹം പല സിനിമകളിലെ പിന്നണിയിലും പ്രവര്‍ത്തിച്ചു. 

നിർമാല്യത്തിൽ പിജെ ആന്റണി
നിർമാല്യത്തിൽ പിജെ ആന്റണി

അനശ്വരനായ വെളിച്ചപ്പാട്

1965ല്‍ പി.എന്‍. മേനോന്റെ 'റോസി'ക്ക് തിരക്കഥ രചിച്ചു. 1967ല്‍ സത്യന്‍ നായകനായ 'ശീലാവതി'യുടെ തിരക്കഥയും പി.ജെ. ആന്റണിയുടേതാണ്. 1965ല്‍ ശശികുമാറിന്റെ 'തൊമ്മന്റെ മക്കള്‍'ക്കും 1969ല്‍ വേണുവിന്റെ 'വിരുന്നുകാരി'ക്കും 1970ല്‍ 'ഡിറ്റക്ടീവ് 909 കേരള'ത്തില്‍ സിനിമയ്ക്കും 1971ല്‍ 'സി.ഐ.ഡി നസീറി'നും സംഭാഷണം എഴുതി. 1969ല്‍ പുറത്തുവന്ന വിന്‍സന്റ് മാസ്റ്ററുടെ 'നദി' സിനിമയുടെ കഥയും പി.ജെ. ആന്റണിയുടേതാണ്. 1973ല്‍ 'പെരിയാര്‍' സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തതും പി.ജെ. ആന്റണിയാണ്. പി.ജെ. ആന്റണിയുടെ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്' നോവല്‍ ആണ് കെ.ജി. ജോര്‍ജിന്റെ പ്രസിദ്ധമായ 'കോലങ്ങള്‍' സിനിമയും. 1952ല്‍ 'സുഹൃത്ത്' സിനിമയ്ക്കു വേണ്ടിയും 1973ല്‍ 'റാഗിങ്ങ്' സിനിമയ്ക്കും സംവിധാനം ചെയ്ത 'പെരിയാര്‍' സിനിമയ്ക്കു വേണ്ടിയും പി.ജെ. ആന്റണി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 

'രണ്ടിടങ്ങഴി'ക്കു ശേഷം പി.ജെ. ആന്റണി രണ്ടാമത് അഭിനയിച്ച സിനിമ രാമുകാര്യാട്ടിന്റെ 'മുടിയനായ പുത്രനാ'ണ് (1961).  അതില്‍ സത്യന്റെ കൂട്ടുകാരനായി തൊഴിലാളി നേതാവ് വാസുവിന്റെ വേഷം ചെയ്തതോടുകൂടി പി.ജെ. ആന്റണി മലയാള സിനിമയില്‍ ശ്രദ്ധേയനായി മാറി. ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' (1964) വിന്‍സെന്റ് മാസ്റ്റര്‍ സിനിമയാക്കിയപ്പോള്‍ അതില്‍ പ്രതിനായകവേഷത്തില്‍ പി.ജെ. ആന്റണിയെയാണ് സംവിധായകന്‍ മനസ്സില്‍ കണ്ടത്. 'നാണുകുട്ടന്‍' എന്ന ആ കഥാപാത്രത്തിന്റെ സര്‍വ്വ വില്ലനിസങ്ങളും പ്രതിഫലിപ്പിക്കേണ്ടത് ആ കണ്ണുകളിലായിരിക്കണമെന്ന് വിന്‍സെന്റ് മാസ്റ്റര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഭയാനകമായ ഇരുളില്‍ പി.ജെ. ആന്റണിയുടെ രണ്ട് കണ്ണുകള്‍ മാത്രം സ്‌ക്രീനില്‍ കാണിച്ചുകൊണ്ട് വിന്‍സെന്റ് മാസ്റ്റര്‍ തന്റെ വില്ലനെ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് അവതരിപ്പിച്ചു. ആ കണ്ണുകളിലെ ക്രൗര്യം ഭാര്‍ഗ്ഗവീനിലയം സിനിമ ഇപ്പോള്‍ കാണുമ്പോഴും നമ്മളെ പേടിപ്പെടുത്തുന്നതാണ്. 'തച്ചോളി ഒതേനനി'ലെ (1964) കതിരൂര്‍ ഗുരുക്കളും എം.ടിയുടെ ആദ്യ തിരക്കഥയില്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത 'മുറപ്പെണ്ണി'ലെ (1965) കുഞ്ഞികൃഷ്ണമേനോനും പി.ജെ. ആന്റണി അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളാണ്. പി. ഭാസ്‌കരന്‍മാസ്റ്റര്‍ സംവിധാനം ചെയ്ത 'ഇരുട്ടിന്റെ ആത്മാവി'ലെ (1967) ഗോപാലന്‍ നായരും കുഞ്ചാക്കോയുടെ സംവിധാനത്തില്‍ പുറത്തുവന്ന 'പുന്നപ്രവയലാറി'ലെ (1968) കൊച്ചുനാണുവും വിന്‍സെന്റ് മാസ്റ്ററുടെ 'നദി'യിലെ (1969) വര്‍ക്കിയും വേണു സംവിധാനം ചെയ്ത 'വിരുന്നുകാരി'യിലെ (1969) രാഘവമേനോനും പി.ജെ. ആന്റണി മികച്ച പ്രകടനം കാഴ്ചവെച്ച സിനിമകളാണ്. നിണമണിഞ്ഞ കാല്‍പ്പാടുകള്‍, ക്രോസ്‌ബെല്‍റ്റ്, പരീക്ഷ, അശ്വമേധം, തറവാട്ടമ്മ, കാല്‍പാടുകള്‍, ഒരാള്‍കൂടി കള്ളനായി, ആദ്യകിരണങ്ങള്‍, കാവാലം ചുണ്ടന്‍, അസുരവിത്ത്, അമ്പലപ്രാവ്, പെരിയാര്‍, പേള്‍വ്യൂ, റാഗിങ്ങ്, ചെകുത്താന്റെ കോട്ട, ലക്ഷപ്രഭു, ദത്തുപുത്രന്‍, കുരുക്ഷേത്രം, കാക്കത്തമ്പുരാട്ടി, പാദസരം, അഥിതി, ധര്‍മ്മയുദ്ധം, ചൂള, നിര്‍മ്മാല്യം, മണ്ണിന്റെ മാറില്‍... തുടങ്ങിയ സിനിമകളില്‍ പി.ജെ. ആന്റണി അതുല്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചെങ്കിലും നമ്മുടെ ഇന്ത്യന്‍ സിനിമ എക്കാലത്തും പി.ജെ. ആന്റണിയെ ഓര്‍ക്കുന്നത് എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'നിര്‍മ്മാല്യ'ത്തിലെ (1973) വെളിച്ചപ്പാടിലൂടെയായിരിക്കും. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരുടെ കൂട്ടത്തില്‍ പി.ജെ. ആന്റണി തന്റെ കസേര ഉറപ്പിച്ച സിനിമ. 

ഭാര്യ നാരായണിയെ മറ്റൊരാളുടെ കൂടെ കണ്ടപ്പോള്‍ എല്ലാ വേദനയും അമര്‍ത്തിപ്പിടിച്ചുകൊണ്ട് വെളിച്ചപ്പാട് 'എന്റെ നാലുമക്കളെ പെറ്റ നീയോ നാരായണീ' എന്നു ചോദിക്കുമ്പോള്‍ 'അന്യന്റെ മുഖത്തു നോക്കാതെ വളര്‍ന്ന ഞാന്‍ ഈ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ എന്നെ ഇങ്ങനെയാക്കിയത് നിങ്ങളാണ്' എന്നും 'ഭഗവതിയെ രക്ഷിക്കാന്‍ നടക്കുമ്പോള്‍ ഈ വീട്ടിലെ തീയെരിഞ്ഞിരുന്നില്ലെന്നും തന്റെ കുട്ടികള്‍ വിശന്നു കിടന്നപ്പോള്‍ ഭഗവതി അരിയും കാശും കൊണ്ടുതന്നിട്ടില്ല' എന്നും നാരായണി പറഞ്ഞപ്പോള്‍ എല്ലാം കേട്ട് നിസ്സഹായനായി തേങ്ങല്‍ ഉള്ളിലൊതുക്കി പകച്ചുനില്‍ക്കുന്ന വെളിച്ചപ്പാടിനെ മറക്കുക എളുപ്പമാണോ? കടം വാങ്ങിച്ചയാളിനു ശരീരംകൊടുത്തുകൊണ്ട് ഭാര്യയും അയാളെ വഞ്ചിച്ചപ്പോള്‍ ഭഗവതിയോടുള്ള അയാളുടെ വിശ്വാസമാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടത്. 

സിനിമയുടെ ക്ലൈമാക്‌സില്‍, ആള്‍ക്കൂട്ടം മുന്‍പൊരിക്കലും കാണാത്ത തീവ്രതയോടെ ഉത്സവത്തിന്റെ ഉച്ചകോടിയില്‍ വെളിച്ചപ്പാടിനു തന്റെ അമര്‍ഷവും നിരാശയും അലര്‍ച്ചയായി മാറുകയാണ്. അയാള്‍ ശ്രീകോവിലിന്റെ നടയിലേയ്ക്ക് ഓടി വിറയ്ക്കുന്ന കൈകൊണ്ട് തലയില്‍ ആഞ്ഞാഞ്ഞ് വെട്ടി. മുഖത്തും കണ്ണുകളിലും തലയില്‍നിന്നൊഴുകിയ ചോര തുടച്ചുകൊണ്ട് പിന്നീട്, കരിങ്കല്ലില്‍ തട്ടി വാള് മുറിഞ്ഞ് പള്ളിവാളിന്റെ പിടിയുമായി നടയില്‍ മരിച്ചുവീഴുമ്പോള്‍ മാനുഷികമായ എല്ലാ വികാരങ്ങളും പ്രകടമാക്കി ആന്റണി അവതരിപ്പിച്ചപ്പോള്‍ അത് മലയാള സിനിമയിലെ ധന്യമുഹൂര്‍ത്തങ്ങളിലൊന്നായി മാറുകയായിരുന്നു. വെളിച്ചപ്പാടിനെ അനശ്വരമാക്കി പി.ജെ. ആന്റണി, മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്ത മഹത്തായ അഭിനയത്തിന്റെ പുതിയൊരു ഭാവുകത്വമാണ് സമ്മാനിച്ചതെന്നു ചരിത്രവും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com