ഉത്തരകൊറിയ- ദാരിദ്ര്യത്തിന്റെ നടുവിലെ സമൃദ്ധി 

ഒരു രാജ്യത്തെ സകലമാന ജനങ്ങളേയും പട്ടാളച്ചിട്ടയില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമോ എന്ന ചോദ്യം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു
ഉത്തരകൊറിയ- ദാരിദ്ര്യത്തിന്റെ നടുവിലെ സമൃദ്ധി 



രു രാജ്യത്തെ സകലമാന ജനങ്ങളേയും പട്ടാളച്ചിട്ടയില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമോ എന്ന ചോദ്യം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു. ഉത്തരകൊറിയയിലെ ജീവിതം അഞ്ചു ദിനരാത്രങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇനി അവശേഷിക്കുന്നത് മൂന്ന് ദിനങ്ങള്‍ മാത്രം. മൂന്നാം നാള്‍ മടങ്ങുകയും വേണം. പകല്‍സമയം മാത്രമാണ് യാത്രകള്‍ക്ക് അനുവാദമുളളത്. എല്ലാം വ്യവസ്ഥാപിതമാണ്. അതിരുകള്‍ ലംഘിക്കാനാവില്ല. അച്ചടക്കവും ചിട്ടയും കര്‍ശനമായി പരിപാലിക്കുന്ന ഇവ്വിധം സുശിക്ഷിതരായ ജനങ്ങള്‍ ലോകത്ത് മറ്റേതെങ്കിലും കോണിലുണ്ടാകുമോയെന്ന് സംശയമാണ്.

സ്വിച്ചിട്ടാലെന്നവണ്ണം ചലിക്കുന്ന മനുഷ്യര്‍. ദിവസവും രാവിലെ മുതല്‍ കാണുന്ന കാഴ്ചകളില്‍ മനുഷ്യരുടെ നടപ്പുരീതികള്‍ സവിശേഷമായിരുന്നു. സ്ത്രീകളും വൃദ്ധരും ഉദ്യോഗസ്ഥരുമടക്കം ഏവരും പട്ടാളക്കാരെപ്പോലെ ലെഫ്റ്റ് റൈറ്റ് അടിച്ചുനടക്കുന്നു. എന്തത്ഭുതം. ഇതൊരു മിലിട്ടറി രാജ്യമാണോ?
 
അതേ, ഒരര്‍ത്ഥത്തില്‍ അങ്ങനെ പറയാം. പ്രായപൂര്‍ത്തിയായ സര്‍വ്വരും മൂന്നുവര്‍ഷത്തെ നിര്‍ബ്ബന്ധിത മിലിട്ടറി പരിശീലനം കഴിഞ്ഞവരാണല്ലോ. അതുകൊണ്ടുതന്നെ അവരുടെ നടപ്പുകളില്‍ പട്ടാളശൈലി അറിയാതെ വരുന്നു. പക്ഷേ, അവര്‍ സിവിലിയന്‍സാണ്. സിവിലിയന്‍ പട്ടാളം! തൊണ്ണൂറു കഴിഞ്ഞ അപ്പൂപ്പന്‍മാരും ആരോഗ്യവാന്‍മാരെപ്പോലെ റോഡിലൂടെ നടക്കുന്നത് സാകൂതം നോക്കിനില്‍ക്കാം. പട്ടാളശൈലിയില്‍ അല്ലാതെ നടക്കുന്നവര്‍ അപൂര്‍വ്വം സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മാത്രമാണ്. പക്ഷേ, കുട്ടികള്‍ക്കും പൗരബോധം നന്നായിട്ടുണ്ട്.

യാത്രയുടെ  പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായ കൊറിയന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുളള പഠനം വരുന്നതേയുള്ളു. അവസാന ദിവസമാണത് നിശ്ചയിച്ചിരിക്കുന്നത്. മറ്റു ചില സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാനുണ്ട്. അതിനുമുന്‍പ്, പിടികിട്ടാതിരുന്ന ഒരു ചോദ്യത്തിന്  ഒരു ഉത്തരം കിട്ടിക്കഴിഞ്ഞിരിക്കുകയാണല്ലോ.

പുനരധിവാസത്തിനുള്ള വീടുകളുടെ നിർമാണം വിലയിരുത്തുന്ന ഉത്തര കൊറിയൻ ഭരണാധികാരം കിം. കഴിഞ്ഞ വർഷം ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മൂന്ന് കൊടുങ്കാറ്റുകളാണ് ഉത്തര കൊറിയക്ക് ​ദുരിതം നൽകിയത്. തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും രാജ്യത്ത് കനത്ത നാശനഷ്ടങ്ങളുണ്ടായി‌
പുനരധിവാസത്തിനുള്ള വീടുകളുടെ നിർമാണം വിലയിരുത്തുന്ന ഉത്തര കൊറിയൻ ഭരണാധികാരം കിം. കഴിഞ്ഞ വർഷം ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മൂന്ന് കൊടുങ്കാറ്റുകളാണ് ഉത്തര കൊറിയക്ക് ​ദുരിതം നൽകിയത്. തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും രാജ്യത്ത് കനത്ത നാശനഷ്ടങ്ങളുണ്ടായി‌

യുവാക്കള്‍ എവിടെ?

നല്ലൊരു വിഭാഗം യുവാക്കളും പട്ടാളത്തിലാണ്. കൊറിയന്‍ അസോസിയേഷന്‍ ഓഫ് സോഷ്യല്‍ സയന്റിസ്റ്റിന്റെ നേതാവ് കിം ചാങ്ങ്ഗ്യോങ്ങുമായി നടന്ന ദീര്‍ഘമായ സംഭാഷണവേളയില്‍ ആ ചോദ്യം ഔപചാരികമായിത്തന്നെ ചോദിച്ചു. (ഇതിനിടയില്‍ അങ്ങനെയൊരു അഭിമുഖം നടന്നു. ഞങ്ങള്‍ തയ്യാറാക്കിയ 21 മേഖലകളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഔപചാരികമായി ഉത്തരം പറയാന്‍ നിയുക്തനായി വന്നത് അദ്ദേഹമായിരുന്നു). സര്‍, യുവാക്കള്‍ എവിടെയാണ്? അദ്ദേഹം പറഞ്ഞു: ''രാജ്യത്തിന്റെ രക്ഷയ്ക്കായി നല്ലൊരു വിഭാഗം പട്ടാളസര്‍വ്വീസിലാണ്. സെക്കണ്ടറി വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസ്സ് വരെയാണ്. അതു പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ എല്ലാ ഉത്തരകൊറിയന്‍ ആണ്‍കുട്ടികളും നിര്‍ബ്ബന്ധിത പട്ടാള ട്രെയിനിംഗ് ക്യാമ്പില്‍ പങ്കെടുക്കണം. താല്പര്യമുള്ള പെണ്‍കുട്ടികള്‍ക്കും പട്ടാളത്തില്‍ പോകാന്‍ അവസരം നല്‍കും. ഭാവികാര്യങ്ങള്‍ പട്ടാള സര്‍വ്വീസിലെ പരിശീലന ക്യാമ്പിനു ശേഷമേ തീരുമാനിക്കാനാവൂ. കാരണം, രാജ്യം സര്‍വ്വ സമയവും സജ്ജമായിരിക്കുക എന്നതാണ് ഞങ്ങളുടെ പ്രതിരോധ മാര്‍ഗ്ഗം.''

അപ്പോഴാണ് കാര്യം വ്യക്തമായത്. ആണുങ്ങള്‍ ഭൂരിഭാഗവും പട്ടാളത്തിലാണെങ്കില്‍ പിന്നെ ഉല്പാദനരംഗം എങ്ങനെ വളര്‍ച്ച പ്രാപിക്കും? പുരുഷന്റെ കുറവ് സ്ത്രീകള്‍ നികത്തും. അദ്ദേഹം പറഞ്ഞു: ''ശരിയാണ്, പുരുഷന്‍ ചെയ്യുന്ന എല്ലാ ജോലികളും സ്ത്രീകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. ആകെയുള്ള രണ്ടരക്കോടി ജനങ്ങളില്‍ പകുതി ശക്തി കുറയുക എന്നുവച്ചാലര്‍ത്ഥം ആ രാജ്യത്തിന്റെ ഉല്പാദനരംഗം പരിതാപകരമാവുകയെന്നാണ്.'' അതേ, ആ രാജ്യം നേരിടുന്ന സമ്പദ്പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെയാണ്. ഉപരോധം മാത്രമല്ല, അദ്ധ്വാനശക്തിയെ പൂര്‍ണ്ണതോതില്‍ ഉല്പാദനരംഗത്തേക്ക് കെട്ടഴിച്ചുവിടാനാകുന്നില്ലായെന്നതും പ്രതിബന്ധം തന്നെ. അതൊരു ഗൗരവമായ പ്രതിസന്ധിയുടെ ചുഴിയിലേക്ക് രാജ്യത്തെ ആനയിച്ചിട്ടുണ്ട്. ഉല്പാദനരംഗത്ത് വമ്പിച്ച കുതിച്ചുചാട്ടം നടത്താനോ ശാസ്ത്രസാങ്കേതിക വളര്‍ച്ചയ്ക്ക് ആനുപാതികമായി പുരോഗതി കൈവരിക്കാനോ കഴിയണമെങ്കില്‍ ഉല്പാദനമേഖലയില്‍ കൂടുതല്‍ ആധുനികവല്‍ക്കരണം സാധ്യമായേ തീരൂ. അധ്വാനശക്തികളെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത നടപടികളാണ്. 

വാസ്തവത്തില്‍ കഴിഞ്ഞ മൂന്ന് തലമുറകള്‍ക്ക് യുദ്ധം ചെയ്യേണ്ടിവന്നിട്ടില്ല. അവസാനത്തെ യുദ്ധം അമേരിക്ക നടത്തിയതാണ്. അതാകട്ടെ, 1953-ല്‍ അവസാനിക്കുകയും ചെയ്തു. ഏകപക്ഷീയമായി അമേരിക്ക നിരായുധരായ ഉത്തരകൊറിയന്‍ ജനതയ്ക്കുമേല്‍ നാപാം ബോംബുകളുള്‍പ്പെടെ വര്‍ഷിച്ച് ആ രാജ്യത്തെ തരിപ്പണമാക്കിയതിനു ശേഷം മറ്റൊരു പ്രത്യക്ഷാക്രമണം അവര്‍ക്ക് ഇന്നേവരെ നേരിടേണ്ടിവന്നിട്ടില്ല. 1950 മുതല്‍ ആരംഭിച്ച ആ യുദ്ധത്തെ പരിമിത യുദ്ധം (Limited War) എന്നാണ് അമേരിക്ക വിളിച്ചത്. പക്ഷേ, ഉത്തരകൊറിയക്കാരെ സംബന്ധിച്ചിടത്തോളം അതൊരു സമ്പൂര്‍ണ്ണ മാരകയുദ്ധം തന്നെയായിരുന്നു. ആ കെടുതികളില്‍നിന്ന് തിരികെ വരാനായി അവര്‍ നടത്തിയ അതിജീവനത്തിന്റെ, അതിസാഹസിക പരിശ്രമങ്ങളുടെ ചരിത്രമാണ് ആധുനിക ഉത്തരകൊറിയയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം. അതിനുശേഷം നേരിട്ടുള്ള ഒരു യുദ്ധത്തിലും അവര്‍ പങ്കാളികളായിട്ടില്ല. എന്തുകൊണ്ടെന്നാല്‍ ആ രാജ്യം മറ്റൊരു രാജ്യത്തേയും ആക്രമിച്ചിട്ടില്ല എന്നതുതന്നെ. വിദേശ രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ മുതലാളിത്ത സാമ്രാജ്യത്വ ആശയങ്ങളുടെ അഴുക്കുചാലുകളില്‍നിന്ന് വരുന്നവരാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ടാവണം വിദേശികളുമായി എല്ലായ്പോഴും ബോധപൂര്‍വ്വം ഒരു അകലം അവര്‍ പാലിക്കുന്നു. ''ജീര്‍ണ്ണ മുതലാളിത്തത്തിന്റെ വൈറസ് ഞങ്ങളെ കീഴടക്കാതിരിക്കാന്‍'' എന്നാണ് കിം ചാങ്ങ് ഗ്യോങ്ങ് അതിനെക്കുറിച്ച് പറഞ്ഞത്. 

ലേഖകൻ (വലത്) സ്പ്രിങ് ഫെസ്റ്റിവലിൽ
ലേഖകൻ (വലത്) സ്പ്രിങ് ഫെസ്റ്റിവലിൽ

നിശ്ശബ്ദ നിശീഥിനി

പൊതുവില്‍, ലോകത്തെ മോഹിപ്പിക്കുന്ന എല്ലാ മഹാനഗരങ്ങളും ഉറക്കമില്ലാത്ത രാത്രി ജീവിതത്തിന്റെ പര്യായങ്ങളാണല്ലോ. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങ് നഗരം രാത്രിയാകുന്നതോടെ അതിന്റെ മോഹവലയം വലുതാകുന്നതു കണ്ടുകൊണ്ടാണ് ഞങ്ങള്‍ പ്യോങ്ങിയാങ്ങിലേക്ക് യാത്ര ആരംഭിച്ചത്. അവരുടെ യഥാര്‍ത്ഥ ജീവിതം രാത്രിയാകുന്നതോടെ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളു. വര്‍ണ്ണങ്ങള്‍ വിതറുന്ന ആഘോഷരാവുകള്‍ ആയിരം മഴവില്ലുകള്‍ തീര്‍ക്കുന്നതാണ് ലോകത്തെ രാത്രി നഗരക്കാഴ്ചകള്‍. എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ഉത്തരകൊറിയന്‍ രാവുകള്‍. അവിടെ രാത്രി ജീവിതമില്ല. പൊതുസഞ്ചാരങ്ങളെല്ലാം വൈകുന്നേരം ഏഴുമണിയോടെ അവസാനിക്കും. റെസ്റ്റോറന്റുകളിലെ അത്താഴ സല്‍ക്കാരങ്ങള്‍ മിക്കവാറും രാത്രി എട്ടുമണിയോടെ കഴിയും. എത്ര വലിയ കലാ-സാംസ്‌കാരിക പരിപാടികളായാലും അവയെല്ലാം വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 7 മണിയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. രാത്രിയില്‍ ക്ലബ്ബുകളോ നിശാപാര്‍ട്ടികളോ എവിടെയുമില്ല. സ്ട്രീറ്റ് ലൈറ്റുകള്‍ ഒന്‍പതുമണിക്കു ശേഷം മിക്കവാറും അണയും. (അതിനാല്‍ വൈദ്യുതിഉപഭോഗം കുറയ്ക്കാന്‍ കഴിയുമല്ലോ എന്ന് ഒരാള്‍ ആശ്വാസം കൊള്ളുന്നത് കണ്ടു.) പിന്നെ, വൈകാതെ നിശ്ശബ്ദസൗന്ദര്യമായി നിശീഥിനി വലയം ചെയ്ത് തുടങ്ങുന്നു. അതിന്റെ ആഴങ്ങളിലേയ്ക്ക് അറിയാതെ നാം ലയിച്ചുചേരും. 

എന്തായാലും മറ്റെല്ലാ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി മിക്കപ്പോഴും അമാവാസിയാണവിടെ. ഒരു ഇലയനക്കം പോലുമില്ല. ഇത്രയും ഗാഢമായി, ശാന്തമായി ഉറങ്ങിക്കിടക്കുന്ന ഒരു രാത്രിനഗരം ആശ്ചര്യകരമായ പുതിയൊരനുഭവം തന്നെ. പ്രായോഗികമായി നോക്കിയാല്‍ അവിടുത്തെ കാലാവസ്ഥയനുസരിച്ച് പുറത്തിറങ്ങുകയെന്നത് പ്രയാസകരമാണ്. ഞങ്ങള്‍ സന്ദര്‍ശിച്ച ഏപ്രില്‍ മാസം നാല് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു തണുപ്പ്. രാത്രിയാകുന്നതോടെ തണുപ്പിന്റെ സൂചി താഴ്ന്നു വരും. ആ തണുത്തുറഞ്ഞ നിശ്ശബ്ദതയെ പുല്‍കിയുറങ്ങുന്നതാണ് അവരുടെ ശീലം. പ്രശാന്തമായ ആ രാവുകള്‍ അവര്‍ കെട്ടിയുയര്‍ത്തിയ ആധുനിക കൊറിയ എത്രമേല്‍ സുരക്ഷിതമാണെന്നു വിളിച്ചോതുന്നതായിരുന്നു. അവരുടെ രാവുകള്‍ ഗാഢനിദ്രയ്ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അവരുടെ ആകാശത്തിന്റേയും സമുദ്രത്തിന്റേയും പര്‍വ്വതങ്ങളുടേയും അതിര്‍ത്തികള്‍ അത്രമേല്‍ സുരക്ഷിതമാണ് ഇന്ന്. 

കൊറിയന്‍ മുടിവെട്ട് സ്‌റ്റൈല്‍

സ്വതേ, കുറിയ മനുഷ്യരാണ് കൊറിയക്കാര്‍. വിശേഷിച്ചും ഉത്തരകൊറിയക്കാര്‍. തലമുടി നീട്ടിവളര്‍ത്തിയ ഹിപ്പികളെ കണ്ടുമുട്ടുക പ്രയാസം. ന്യൂ ജെന്‍ സ്‌റ്റൈല്‍ മുടിയന്മാരുമില്ല. ഹെയര്‍ സ്‌റ്റൈല്‍ ഭരണകൂടത്തിന്റെ അഭീഷ്ടങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് കണ്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍, ഇത്രേടം വന്ന സ്ഥിതിക്ക് എന്തുകൊണ്ട് ഒരു ബാര്‍ബര്‍ ഷോപ്പ് സന്ദര്‍ശിച്ചുകൂട. ഞാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. അവര്‍ അത്ഭുതപ്പെട്ടു. ''എന്തിന്?'' വളരെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കാണാനും മനസ്സിലാക്കാനും ഉണ്ടെന്ന് പറഞ്ഞിട്ട് താരതമ്യേന അപ്രധാനമായ ഒരിടം സന്ദര്‍ശിച്ച് സമയം കളയണോ എന്ന മട്ടില്‍ സോങ്ങ് തമാശ പറഞ്ഞു. ഞാന്‍ പറഞ്ഞു: പോരാ, കാര്യമുണ്ട്. ഞങ്ങളുടെ രാജ്യത്ത് നിങ്ങളുടെ ഹെയര്‍സ്‌റ്റൈല്‍ പോലും ചര്‍ച്ചാവിഷയമാണ്. നമുക്ക് ഏതെങ്കിലുമൊരു ബ്യൂട്ടി പാര്‍ലര്‍ കാണാന്‍ പോകാം. ''ശരി'' എന്നദ്ദേഹം സമ്മതിച്ചു. അന്നത്തെ യാത്രയ്ക്കിടയില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ മന്ദിരത്തിലേക്ക് ഞങ്ങള്‍ നേരെ ചെന്നു. 

ഒരു ലബോറട്ടറിപോലെയുണ്ട് അതിന്റെ ഉള്‍വശം. പലവിധ ക്ലിനിക്കല്‍ പണിയായുധങ്ങള്‍. സ്റ്റെറിലൈസേഷന്‍ സംവിധാനങ്ങള്‍. കറങ്ങുന്ന കസേര. ബ്യൂട്ടീഷനും വനിത തന്നെ. ഇന്ത്യയില്‍നിന്ന് ബാര്‍ബര്‍ ഷാപ്പ് കാണാന്‍ രണ്ടു പേര്‍ വന്നിരിക്കുന്നു. അവര്‍ക്കത് വിചിത്രമായി തോന്നിക്കാണും. ഞങ്ങള്‍ കാര്യം പറഞ്ഞു. മുടി വെട്ടുന്നതില്‍ എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ? അവര്‍ ചോദിച്ചു: ''എന്തു നിയന്ത്രണം? നിങ്ങള്‍ പറയുന്നതുപോലെ മുടി വെട്ടും.'' അവര്‍ ചുമരിലേക്ക് കൈചൂണ്ടി. പലതരം ഹെയര്‍സ്‌റ്റൈല്‍ മോഡലുകള്‍. 22 തരം സ്‌റ്റൈലുകള്‍ ഉള്‍പ്പെടുന്ന ഒരു പോസ്റ്ററാണ് അവിടെ പതിച്ചിട്ടുള്ളത്. നേരാണ്. വ്യത്യസ്ത കൊറിയന്‍ സുന്ദരക്കുട്ടപ്പന്മാരുടെ ചിത്രങ്ങള്‍. കൂടുതല്‍ പേരുടേതും പട്ടാളക്കാര്‍ക്ക് അനുയോജ്യമായ സ്‌റ്റൈലാണെന്നു മാത്രം. കുറച്ചുപേരുടേത് മറ്റു വിധത്തിലുമുണ്ട്. 

ഒരുപാട് ദേശീയ അത്ഭുതങ്ങള്‍ നിറഞ്ഞ മണ്ണാണ് ഉത്തരകൊറിയയുടേത്. നേരില്‍ കാണാന്‍ കഴിഞ്ഞ അത്തരമൊരു അത്ഭുതമായിരുന്നു അവര്‍ പടുത്തുയര്‍ത്തിയ ദേശീയ ലൈബ്രറി എന്ന് വിളിക്കുന്ന പീപ്പിള്‍സ് ഗ്രാന്റ് സ്റ്റഡി ഹൗസ്. ഏകദേശം നമ്മുടെ പാര്‍ലമെന്റ് ഹൗസ് പോലൊരു വിശാലമായ മന്ദിരം. ഒരുപാട് നിലകളുള്ള, സുര്‍ക്കിയില്‍ വാര്‍ത്തെടുത്ത, സ്ഫടികം പോലെ വെണ്‍മ തുളുമ്പുന്ന ഫ്‌ലോറുകളിലൂടെ ഞങ്ങള്‍ നടന്നുചെന്നത് വായനയുടെ പുതിയൊരു ലോകത്തേക്കായിരുന്നു. 

വായനക്കാരെ ആലിംഗനം ചെയ്യാനായി അണിയിച്ചൊരുക്കപ്പെട്ട ഗ്രന്ഥപ്പുരയാണത്. ആ ലൈബ്രറിയിലെ ആകെ പുസ്തകങ്ങളുടെ എണ്ണം 30 ദശലക്ഷമാണ്. പത്തുനിലകളിലായി ആകെ 600 പഠന-വായനാ മുറികള്‍ സജ്ജമാക്കപ്പെട്ടിരിക്കുന്നു. ഒരേസമയം 6000 വായനക്കാര്‍ക്ക് ആ മുറികളില്‍ പഠനത്തിനും വായനയ്ക്കുമായി ഉപയോഗിക്കാം. 6000 സീറ്റുകളിലും അത്യന്താധുനിക സജ്ജീകരണങ്ങളുണ്ട്. ദിനേന ഏകദേശം 5000 ആളുകളെങ്കിലും വായനയ്ക്കായി ലൈബ്രറിയില്‍ വരാറുണ്ടെന്ന് ലൈബ്രേറിയന്‍ പറഞ്ഞു.

ഇ-റീഡിംഗ് റൂമുകള്‍ അത്യന്താധുനികമാണ്. ഡിജിറ്റല്‍ സിസ്റ്റം ഉപയോഗിച്ചും വായിക്കാം. ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ അവരുടെ മേശപ്പുറത്ത് വരും. ഞങ്ങള്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒരു കോപ്പി ആവശ്യപ്പെട്ടു. ലൈബ്രേറിയന്‍ ഡിജിറ്റല്‍ കമാന്റ് കൊടുത്തു. അല്പനിമിഷത്തിനകം മാനിഫെസ്റ്റോയുടെ ഒരു പഴയ പതിപ്പ് ഷെല്‍ഫില്‍ നിന്നിറങ്ങി കണ്‍വെയര്‍ ബെല്‍റ്റിലൂടെ ഞങ്ങളുടെ സമീപത്തേക്ക് ഒഴുകിവന്നു. പുസ്തകം തപ്പി നടക്കേണ്ട കാര്യമില്ല. കംപ്യൂട്ടര്‍ കമാന്റില്‍ ഏതു പുസ്തകവും നിമിഷങ്ങള്‍ക്കകം ഡെലിവറി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സംവിധാനങ്ങളോടെ എപ്പോഴും സജ്ജമാണ്. 

തുടര്‍ന്ന്, ഞങ്ങള്‍ റീഡേഴ്സ് റൂമുകള്‍ കാണാനായി അങ്ങോട്ടേക്കു നടന്നു. എല്ലാ മുറികളിലും പുസ്തകങ്ങള്‍ വായിക്കാന്‍ വലിയ സ്‌ക്രീനുകള്‍ വായനക്കാരുടെ ഇരിപ്പിടങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നു. പ്രായമുള്ളവര്‍ക്ക് അവ എത്ര വലിപ്പത്തിലും വായിക്കാം. ഭൂരിപക്ഷം പുസ്തകങ്ങളും കൊറിയന്‍ ഭാഷയിലാണ്. മറ്റു ഭാഷാ പുസ്തകങ്ങള്‍ ഏതൊക്കെയുണ്ട്? ഇംഗ്ലീഷ്, ചൈനീസ്, റഷ്യന്‍, സ്പാനിഷ്, ലാറ്റിന്‍, ജാപ്പനീസ് എന്നീ ഭാഷകളിലെ പുസ്തകങ്ങളും ലഭ്യമാണ്. കൊറിയന്‍ കഴിഞ്ഞാല്‍ കൂടുതലും ചൈനീസ് പുസ്തകങ്ങളാണ്. മിക്കവര്‍ക്കും ചൈനീസ് വശമുണ്ട്. ഹൃദ്യമായൊരു കൊറിയന്‍-ചൈനീസ് സമ്പര്‍ക്കം വായനാലോകത്തും പ്രകടമാണ്. അവിടെ കാണാന്‍ കഴിഞ്ഞ ഒരേ ഒരു പരിമിതി ഇംഗ്ലീഷ് പുസ്തകങ്ങളുടെ എണ്ണക്കുറവും ഇംഗ്ലീഷ് പരിജ്ഞാനമില്ലായ്മയും മാത്രമാണ്. 

വടക്കൻ കൊറിയയിൽ വർക്കേഴ്സ് പാർട്ടിയുടെ എട്ടാം കോൺ​ഗ്രസിന് മുന്നോടിയായി നടന്ന സൈനിക പ്രകടനം
വടക്കൻ കൊറിയയിൽ വർക്കേഴ്സ് പാർട്ടിയുടെ എട്ടാം കോൺ​ഗ്രസിന് മുന്നോടിയായി നടന്ന സൈനിക പ്രകടനം

അക്രോബാറ്റിക്സ്

ഇതിനിടയില്‍ ഉത്തരകൊറിയക്കാരുടെ കലാസൗന്ദര്യം ആവോളം ആസ്വദിക്കാന്‍ രണ്ട് സായാഹ്നങ്ങള്‍ നീക്കിവയ്ക്കാനായി. പാരമ്പര്യ കലാപരിപാടികളില്‍ മാത്രമല്ല, അവരുടെ കലാവിഷ്‌കാര വിരുതുകള്‍ പ്രതിബിംബിക്കപ്പെടുന്നത്. കായികരംഗത്തും കളിയിലും കല അതിന്റെ അപ്രമാദിത്വം പുലര്‍ത്തുന്നുവെന്നതാണ് എടുത്തുപറയേണ്ട സവിശേഷത. തണുത്ത കാലാവസ്ഥ മൂലം തുറന്ന സ്റ്റേഡിയങ്ങളിലല്ല, അടച്ചിട്ട വലിയ ഹാളുകള്‍ക്കു നടുവില്‍ വിദഗ്ദ്ധമായി പണിത നടുത്തളങ്ങളിലാണ് കായികാഭ്യാസ പ്രകടനങ്ങള്‍ പതിവായി നടക്കാറുള്ളത്. അത്തരമൊരു ഹാളിലേക്ക് ഏപ്രില്‍ 18-ന് സായാഹ്നത്തില്‍ അക്രോബാറ്റിക്സ് പ്രകടനങ്ങള്‍ കാണാനായി ഞങ്ങള്‍ പോയി. തിങ്ങിനിറഞ്ഞ സദസ്സ്. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ അറിയാനാവാത്തവിധം ഇഴചേര്‍ന്ന് നടത്തുന്ന പ്രകടനങ്ങള്‍ ഒരു വിശിഷ്ട സൗന്ദര്യം കാഴ്ചവച്ചു. പശ്ചാത്തല സംഗീതവും സാഹസികതയ്ക്ക് ഇണങ്ങുന്നതുതന്നെ. കായികാഭ്യാസ പ്രകടനം മനോഹരമായ ഒരു കലാപ്രകടനം ആസ്വദിക്കുന്നതുപോലെ ആനന്ദകരമായി. ഇന്ത്യയില്‍ ഇതിനകം എത്രയോ സര്‍ക്കസ്സുകള്‍ കണ്ടിരിക്കുന്നു. അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന അസൂയാവഹമായ ആവിഷ്‌കാരമെന്നു പറയാതെ വയ്യ.

മുകളില്‍നിന്ന് താഴേക്കു വീഴുന്ന പെണ്‍കുട്ടി, വീഴുന്നതിനു നിമിഷാര്‍ദ്ധങ്ങള്‍ക്കു മുന്‍പ് താഴെ നിന്ന് മുകളിലേക്കു പോകുന്ന മറ്റൊരു പെണ്‍കുട്ടിയുടെ ഒരു കയ്യില്‍ അവള്‍ കൈകോര്‍ക്കും. ഒരു നിമിഷം തെറ്റിയാല്‍ അവര്‍ താഴെ വീഴും; നിമിഷാര്‍ദ്ധങ്ങളുടെ നൂലിഴയില്‍. അങ്ങനെ അനേകം അഭ്യാസികള്‍ കെട്ടുപിണഞ്ഞ് മനോഹരമായി കാഴ്ചവച്ച കായികപ്രകടനങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് ഞങ്ങള്‍ കണ്ടിരുന്നു. എന്തൊരു മനോവീര്യമാണവര്‍ക്ക്. മനക്കരുത്തിന്റെ പര്യായമാണ് ആ മനുഷ്യരെന്ന് പലവട്ടം പലവഴികളിലൂടെ അവര്‍ കാണിച്ചുതന്നു. ജിംനാസ്റ്റിക്സിലും നീന്തലിലും വോളിബോളിലും ഫുട്ബോളിലുമൊക്കെ കണ്ട അതേ മനക്കരുത്ത് വിശേഷിച്ചും പെണ്‍കരുത്ത് അക്രോബാറ്റിക്സിലും ആവര്‍ത്തിക്കപ്പെടുകയാണ്. 

ഉള്‍ക്കരുത്ത്

ഒരു രാജ്യം പൂര്‍ണ്ണതോതില്‍ ഒറ്റപ്പെട്ട തുരുത്തായി കഴിയുമ്പോള്‍, അവിടുത്തെ അംഗങ്ങളായ ജനങ്ങളുടെ മനോവ്യാപാരങ്ങള്‍ എന്തായിരിക്കും? അവര്‍ക്ക് ആനന്ദവും ആത്മധൈര്യവും പകര്‍ന്നു നല്‍കുന്ന ആത്മസിദ്ധികള്‍ എന്തൊക്കെയാവും? അവിശ്വസനീയമായ  രാജ്യത്തെക്കുറിച്ച് പഠിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പരിശുദ്ധമായി കരുതപ്പെടുന്ന അതിജീവനപാഠങ്ങള്‍ അവരെങ്ങനെ അഭ്യസിക്കുന്നുവെന്ന് കണ്ടറിയാനുള്ള വെമ്പലുണ്ടായിരുന്നു. ഉത്തരകൊറിയ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ആയുധക്കൂമ്പാരങ്ങള്‍ക്കടിയില്‍ അടയിരിക്കുന്ന ഭരണാധികാരികളുടെ ചിത്രമാണല്ലോ. ആയുധങ്ങള്‍ കൊണ്ടുമാത്രം ലോകത്തൊരു രാജ്യവും ആത്യന്തികമായി അതിജീവിച്ച ചരിത്രമില്ലായെന്നറിയാം. ആത്മരക്ഷയല്ലോ സുകൃതം എന്നൊക്കെ കവികള്‍ക്കു പാടാം. അപ്പോള്‍ മറ്റെന്താണ് അവര്‍ക്കു രക്ഷ നല്‍കുന്ന സിദ്ധികള്‍? 

അഗാധമായ ഒരു വിഷാദം ഒരു കറപോലെ ഓരോ കൊറിയക്കാരന്റേയും ഉള്ളില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. നിഷ്‌കളങ്കമായ ചിരികള്‍ക്കിടയിലും വിഷാദഭരിതവും വികാരസാന്ദ്രവുമായ ഒരു ഭാവം അവരുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നുവെന്ന് തോന്നിപ്പിക്കും. പാവം മനുഷ്യര്‍. അവര്‍ക്ക് ഈ ലോകത്തെ അതിജീവിച്ചേ മതിയാകൂ. അവരെ ചൂഴ്ന്നുനില്‍ക്കുന്ന അതീവ സങ്കീര്‍ണ്ണമായ ലോക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള ഭാവനാശക്തി ശുദ്ധഹൃദയരെങ്കിലും സമാര്‍ജ്ജിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. ലോകം അവരോടൊപ്പമില്ല എന്നതാണ് ഒന്നാമത്തെ യാഥാര്‍ത്ഥ്യം. അപ്പോള്‍, അവര്‍ സ്വയം അതിജീവിക്കണം. സ്വയം നിര്‍ണ്ണയിക്കണം. സ്വവഴികളിലൂടെ മാത്രം സഞ്ചരിക്കണം. അഗ്‌നിപരീക്ഷകള്‍ മറികടക്കാനുള്ള മനശ്ശക്തി നേടാനാവുന്നില്ലെങ്കില്‍ ഭരണാധികാരികള്‍ കരുതിവെച്ചിരിക്കുന്ന ന്യൂക്ലിയര്‍ ബോംബിന്റെ മാത്രം പിന്‍ബലത്തില്‍ രാജ്യത്തിന്റെ അതിജീവനം ക്ഷിപ്രസാദ്ധ്യമാവില്ല. 

അതുകൊണ്ടാവണം, ഭരണകൂടത്തിന് രക്ഷാകര്‍ത്താവിന്റെ സ്ഥാനമാണ് നല്‍കപ്പെട്ടിരിക്കുന്നത്. ഭരണാധികാരികളെ അവര്‍ വിശ്വസിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ ആ രാജ്യം നിലനില്‍ക്കണമെങ്കില്‍ ഒരൊറ്റ നൂലില്‍ കെട്ടിയതുപോലെ ചലിക്കണം. സ്വിച്ചിട്ടാലെന്നപോലെ അവര്‍ ചലിക്കും. അത്രയ്ക്കാണ് കേന്ദ്രീയത. അതിന്റെ വിജയം പൗരന്റെ ഭയരാഹിത്യത്തിലാണ് കുടികൊള്ളുന്നത്. ഏതു പ്രതിസന്ധിയേയും തളരാതെ അഭിമുഖീകരിക്കാനുള്ള കഴിവാണ് ഒറ്റവാക്കില്‍ ഉള്‍ക്കരുത്താണ് ഉത്തരകൊറിയ എന്നു പറയാം. അതിനുള്ള പരിശീലനം, ആത്മധൈര്യം, അചഞ്ചലമായ സ്വഭാവ വൈശിഷ്ട്യങ്ങള്‍, കൂറ്, സുരക്ഷിതത്വബോധം, അനുരഞ്ജന സ്വഭാവം, പാറപോലെയുറച്ച അച്ചടക്കം, ബോംബ് വീണാലും ഭയക്കാതെ പൊരുതാനുള്ള കാരിരുമ്പിന്റെ കരുത്ത് എന്നിങ്ങനെ പലവിധ ഗുണങ്ങളുടെ ഉടമകളാണവര്‍. പട്ടാളക്കാരും പൗരസഞ്ചയവും തമ്മിലുള്ള അകലമാകട്ടെ, വളരെ നേര്‍ത്തതാണുതാനും. പൗരന്‍ എപ്പോള്‍ വേണമെങ്കിലും ഒരു പട്ടാളക്കാരനായി പരിണമിക്കാം. നേരേ തിരിച്ചും. 

പ്യോങ്ങിയാങ്ങിലെ വിനോദോപാധികള്‍പോലും ചിലപ്പോള്‍ നമ്മളെ ഭയപ്പെടുത്തും. പക്ഷേ, വിനോദം പോലും പലപ്പോഴും അവര്‍ക്കു പരിശീലനമുറകളാണ്. കുഞ്ഞുങ്ങള്‍ക്കു കുട്ടിക്കാലം മുതല്‍ കായികവിനോദം പകര്‍ന്നുനല്‍കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന സ്വിംഗിംഗ് റൗണ്ടുകള്‍ക്കും (Swinging Round) ജയന്റ് വീലുകള്‍ക്കും അത്തരമൊരു ലക്ഷ്യം കൂടിയുണ്ട്. ഒരുപക്ഷേ, ഭാവിയില്‍ ശത്രുസൈന്യത്തെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ഭയരഹിതം, അനായാസം നേരിടാനുള്ള കരുത്ത് കുട്ടികള്‍ക്കു പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യമാവണം. 

കൊറിയന്‍ ഭാഷ

ഞങ്ങളുടെ സന്ദര്‍ശന കാലാവധി അവസാനിക്കാന്‍ 24 മണിക്കൂറുകള്‍ കൂടിയുണ്ട്. ആ രാജ്യത്തെ സന്ദര്‍ശനം അവസാനിപ്പിക്കുന്നതിനു മുന്‍പുള്ള അവസാനത്തെ പകലാണിത്. പിറ്റേ ദിവസം രാവിലെ മടങ്ങണം. സുപ്രധാനമായ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടാകാനിടയുള്ള ദിവസമാണത്. വരട്ടെ, അപ്പോള്‍ നോക്കാം. അവസാന ദിവസത്തെ സന്ദര്‍ശന പട്ടികയില്‍ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കാണാന്‍ ഒരു ഷൂ ഫാക്ടറിയും കുട്ടികളുടെ കൊട്ടാരവുമുണ്ട്. പതിവുപോലെ അതികാലത്തുണര്‍ന്ന് കര്‍ട്ടന്‍ നീക്കി ഘനീഭവിച്ച് കിടക്കുന്ന മഞ്ഞുകട്ടകള്‍ക്കിടയിലൂടെ സാവകാശം നടന്നുനീങ്ങുന്ന മനുഷ്യരെ വീണ്ടും വീണ്ടും നോക്കി കണ്ടു. പതിവു കാഴ്ചകള്‍തന്നെ. ഒട്ടും ധൃതിയില്ലാത്ത മനുഷ്യര്‍. പോയിട്ട് ഒരത്യാവശ്യവും നേടാനില്ലാത്തവരെപ്പോലെ മന്ദം മന്ദം നടക്കുന്നു. 

ഞങ്ങള്‍ പ്രാതല്‍ കഴിഞ്ഞ് ചിരപരിചിതരെപ്പോലെ ഹോട്ടലിന്റെ ലോഞ്ചില്‍ ചെന്ന് കാത്തുനിന്നു. സമയനിഷ്ഠയില്‍, ഒരു മിനിട്ട് വ്യത്യാസം പോലും വരാറില്ല.  കൃത്യസമയത്തു തന്നെ അവര്‍ എത്തിച്ചേര്‍ന്നിരിക്കും. രാവിലെ 9.25 ആണ് അന്ന് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന സമയം. ആ സമയത്തുതന്നെ അവര്‍ വന്നു. കിമ്മും സോങ്ങും. ഞങ്ങളോടൊപ്പം അതേ ഹോട്ടലിലെ മറ്റൊരു മുറിയിലാണ് കഴിഞ്ഞ ഒരാഴ്ചയായി അവരുടെ താമസം. സന്ദര്‍ശനം കഴിയുന്നതുവരെ അവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകും. അവരോടൊപ്പം മാത്രമേ പുറംലോകത്ത് സഞ്ചരിക്കാന്‍ ഞങ്ങള്‍ക്കനുവാദമുള്ളൂ എന്ന കാര്യം നേരത്തെ പറഞ്ഞല്ലോ. 

ഷെഡ്യൂള്‍ പ്രകാരം പ്യോങ്ങ്യാങ്ങിലെ ഒരു പ്രധാനപ്പെട്ട സ്‌കൂള്‍ കാണാനായി പോകണം. സ്‌കൂള്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഉത്തരകൊറിയന്‍ വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ സവിശേഷതകളെക്കുറിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിലാക്കിയ കാര്യങ്ങള്‍ വച്ചുകൊണ്ട് ഒരു ചോദ്യാവലി ഞങ്ങള്‍ തയ്യാറാക്കി. അവയില്‍നിന്ന് ഓരോന്നായി യാത്രാവേളയില്‍ ചര്‍ച്ചയ്ക്കെടുത്തു. ഒരു മുന്നറിവ് നേടാന്‍ ആ ചര്‍ച്ചകള്‍ സഹായിച്ചു. വിദ്യാഭ്യാസം പൊതുവില്‍ സ്റ്റേറ്റിന്റെ പൂര്‍ണ്ണ ചുമതലയിലാണ്. സ്വകാര്യ വിദ്യാലയങ്ങള്‍ അവിടെയെങ്ങുമില്ല. എല്ലാവര്‍ക്കും ലഭിക്കുന്നത് ഒരേ തരം വിദ്യാഭ്യാസം. ഒരേ സിലബസ് എല്ലായിടത്തും. ഓരോ വിദ്യാര്‍ത്ഥിയുടേയും ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് അവരെ വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസ ലക്ഷ്യമെന്ന് കൊറിയന്‍ അസോസിയേഷന്‍ ഓഫ് സോഷ്യല്‍ സയന്റിസ്റ്റ് ചീഫ് കിം ചോങ്ങ് ഗ്യോങ്ങ് മുന്‍പ് നടത്തിയ സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു. എങ്കിലും വിദ്യാര്‍ത്ഥികളെ നേരില്‍ കണ്ട് സംസാരിച്ചതിനു ശേഷം അതിനു സാധുത നല്‍കാമെന്ന് വിചാരിച്ചു. അതുവരെ അക്കാര്യം മനസ്സില്‍ സൂക്ഷിച്ചുവച്ചു.

സാര്‍വ്വത്രിക നിര്‍ബ്ബന്ധിത വിദ്യാഭ്യാസം അക്ഷരാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായി നടപ്പാക്കുന്ന ഒരു രാജ്യമാണത്. എന്നുവച്ചാല്‍ സ്‌കൂളില്‍ പോയേ തീരൂ എന്ന കാര്യത്തില്‍ ഭരണകൂടത്തിനു നിര്‍ബ്ബന്ധമുണ്ടെന്നര്‍ത്ഥം. പൊതുവിദ്യാഭ്യാസ കാലയളവ് നമ്മുടെ രാജ്യത്തെ സമ്പ്രദായങ്ങള്‍ക്കു സമാനമാണ്. പന്ത്രണ്ട് വര്‍ഷക്കാലം. ഒരു വര്‍ഷത്തെ പ്രീ പ്രൈമറി, അഞ്ചുവര്‍ഷത്തെ പ്രൈമറിയും മൂന്ന് വര്‍ഷത്തെ ജൂനിയര്‍ സെക്കന്ററിയും പിന്നെ മൂന്ന് വര്‍ഷത്തെ സീനിയര്‍ സെക്കന്ററി പഠനവും കൂടിച്ചേരുന്നതാണ് നിര്‍ബ്ബന്ധിത പൊതുവിദ്യാഭ്യാസം. നമ്മുടേതുപോലെ എട്ടാം ക്ലാസ്സില്‍ അവസാനിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ ഘട്ടമല്ല അവരുടേത്.

ശാസ്ത്രം, ചരിത്രം, ഭാഷ എന്നിവയാണ് ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പാനപാത്രത്തിലൂടെ പകര്‍ന്നുനല്‍കുന്ന പ്രഥമ വിജ്ഞാനപാഠങ്ങള്‍. ഒന്നാം ഭാഷ അവരുടെ ആത്മാവിന്റെ ഭാഗമായ കൊറിയന്‍ തന്നെ. മറ്റെല്ലാ ഭാഷകളും അതിനുശേഷമേ അവരുടെ വിദൂര പരിഗണനകളില്‍പ്പോലും വരികയുള്ളൂ. രണ്ടാം ഭാഷ ചൈനീസ്. സര്‍വ്വകലാശാലകളില്‍ രണ്ടാം ഭാഷയായി ഇംഗ്ലീഷോ ചൈനീസോ റഷ്യനോ സ്വീകരിക്കാം. എന്നാല്‍, ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും തങ്ങളുടെ രണ്ടാം ഭാഷാ പഠനത്തിന് ചൈനീസ് ഭാഷ തെരഞ്ഞെടുക്കുന്നു. കാരണം, ഭാവിയില്‍ അവര്‍ക്ക് വിദേശപര്യടനം നടത്തേണ്ടിവരുമ്പോള്‍ ചൈനീസ് ഭാഷ പ്രയോജനപ്പെടുമെന്ന വിചാരത്തിലാണ്. പക്ഷേ, ഇംഗ്ലീഷ് ഭാഷയോട് വേണ്ടത്ര മമതയില്ല. വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമേ ഇംഗ്ലീഷ് ഐച്ഛിക ഭാഷയായി സ്വീകരിച്ചിട്ടുള്ളൂ. എന്നാല്‍, സാങ്കേതിക വിജ്ഞാനമാര്‍ജ്ജിക്കാന്‍ ചൈനയിലേക്ക് ധാരാളം ഉത്തരകൊറിയന്‍ വിദ്യാര്‍ത്ഥികള്‍ വര്‍ഷാവര്‍ഷം പോകുന്നുണ്ട്. സിവില്‍ എന്‍ജിനീയറിംഗ്, സോഫ്റ്റ്വെയര്‍ ടെക്നോളജി, ന്യൂക്ലിയര്‍ എനര്‍ജി, ബയോ ടെക്നോളജി തുടങ്ങിയ നിരവധി വിഷയങ്ങള്‍ പഠിക്കാന്‍ ഭരണകൂടം പ്രത്യേകം തെരഞ്ഞെടുത്തുവിടുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. ഉത്തരകൊറിയയുടെ തദ്ദേശീയ സാങ്കേതിക വിജ്ഞാന ശേഷിയുടെ ഒരു ഭാഗം യഥാര്‍ത്ഥത്തില്‍ സംഭാവന ചെയ്യുന്നത് ചൈനയാണ്. എന്നാല്‍, ആ സാങ്കേതികവിദ്യ കൊറിയന്‍ മണ്ണില്‍ എങ്ങനെ നടപ്പാക്കണമെന്ന് നല്ല ഗ്രാഹ്യമുള്ളവരാണ് ഉത്തരകൊറിയന്‍ വിദഗ്ധര്‍. 

കിം ഇൽ യൂനിവേഴ്സിറ്റിയിൽ നടന്ന സംവാദം
കിം ഇൽ യൂനിവേഴ്സിറ്റിയിൽ നടന്ന സംവാദം

സിലബസ് വിപ്ലവം

ഉത്തരകൊറിയ എന്തു വിപ്ലവമായിരിക്കും ബോധനരംഗത്ത് നടപ്പാക്കിയിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംക്ഷ സ്‌കൂളിലേക്ക് നടക്കുന്നതിന്റെ വേഗത കൂട്ടി. വിപ്ലവത്തിന് അനുഗുണമായ വിധത്തില്‍ യുവസമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് സിലബസ്സിന്റെ ആകമാന ലക്ഷ്യമെന്ന്  കിം ചോങ്ങ് പറഞ്ഞത് മനസ്സിലോര്‍ത്തു.

കുട്ടികളുടെ മാനസിക വികാസം, വിദ്യാര്‍ത്ഥികളുടെ അഭീഷ്ടം സാധിതമാക്കല്‍, സമഗ്ര വ്യക്തിത്വ ആവിഷ്‌കാരം തുടങ്ങിയവയൊക്കെ മിക്കവാറും രാജ്യങ്ങളിലെ കരിക്കുലം ലക്ഷ്യങ്ങളായി എഴുതിവെയ്ക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണല്ലോ. ആയതിനാല്‍, കടലാസ്സില്‍ എന്തെഴുതിവച്ചിരിക്കുന്നു എന്നത് പരിഗണനാര്‍ഹമായ കാര്യമായി തോന്നിയില്ല. പകരം ബോധനം എന്ന സുപ്രധാന വിദ്യാഭ്യാസ പ്രക്രിയ നോക്കിക്കാണാന്‍ പ്യോങ്ങ്യാങ്ങിലെ പ്രസിദ്ധമായ സെക്കന്ററി മിഡില്‍ സ്‌കൂളിലേക്ക് പ്രവേശിച്ചു. 1400 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സാമാന്യം വലിയൊരു സ്‌കൂളാണത്. ആദ്യനോട്ടത്തില്‍ കണ്ട മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ കാഴ്ചയെ ഉള്ളിലേക്ക് പിടിച്ചുവലിച്ചുകൊണ്ടിരുന്നു. പൂമുഖത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ഹ്യൂന്‍സോങ്ങ്ഹി മന്ദസ്മിതവുമായി ഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു. ''ആദ്യമായിട്ടാണ് ഞാന്‍ ഇന്ത്യക്കാരെ നേരില്‍ കാണുന്നത്.'' അവര്‍ നിഷ്‌കളങ്കമായ ഹൃദയവായ്പോടെ പറഞ്ഞു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടല്‍പോലെ ആഹ്ലാദഭരിതമായ നിമിഷങ്ങള്‍. വിദേശ രാജ്യങ്ങളില്‍ നിന്നാരും ഇതേവരെ ആ സ്‌കൂള്‍ സന്ദര്‍ശിച്ചിട്ടില്ലാത്തതുകൊണ്ടാകും ഒരു സ്വപ്നാടകയെപ്പോലെ അവര്‍ ഞങ്ങളെ സ്വീകരിച്ചാനയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാലാണെങ്കിലും ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനമില്ലായ്മ തുറന്ന സംസാരത്തിനു വിഘാതമായി. പരിഭാഷകന്‍ ഞങ്ങള്‍ക്കിടയില്‍ സമയോചിതം ഇടപെട്ട് സംഭാഷണം മുന്നോട്ടു കൊണ്ടുപോകാനായി.

എങ്ങനെയൊക്കെയാണ് നിങ്ങളുടെ പഠനരീതികള്‍? ഡോ. ജ്യോതിരാജ് വിഷയത്തിലേക്ക് കടന്നുകൊണ്ട് ചോദിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തെ എങ്ങനെ വിഭാവനം ചെയ്യുന്നു. ബോധനം എവ്വിധം, ഏതൊക്കെ വിഷയങ്ങള്‍ എങ്ങനെ പഠിപ്പിക്കുന്നു, അദ്ധ്യാപനത്തിന്റെ സവിശേഷതകള്‍, വിദ്യാര്‍ത്ഥികളുടെ നിലവാരം, പരീക്ഷ, മൂല്യനിര്‍ണ്ണയം തുടങ്ങിയ അനവധി കാര്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ തയ്യാറാക്കിയാണല്ലോ ഞങ്ങളുടെ നില്‍പ്പ്. ഓരോന്നായി അവരുടെ മുന്നിലേക്ക് വെച്ചു. ഓരോന്നിനും അവര്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ ആരംഭിച്ചു. അതിനിടയില്‍ ഉപചോദ്യങ്ങള്‍ മാറിമാറി ചോദിക്കാന്‍ മറന്നില്ല. എന്തായാലും വിശദമാക്കപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. 

എല്ലാ കുട്ടികള്‍ക്കും എല്ലാ വിഷയത്തിലും അടിസ്ഥാന ജ്ഞാനം നല്‍കുന്നതിനു പ്രാമുഖ്യം നല്‍കിയാണ് പ്രാഥമിക ക്ലാസ്സുകളിലെ പാഠ്യപദ്ധതി കടഞ്ഞെടുത്തിട്ടുള്ളത്. അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസം എന്നതാണ് പ്രഖ്യാപിത തത്ത്വം. ശാസ്ത്രവിഷയങ്ങളില്‍ ആഭിമുഖ്യം പ്രദര്‍ശിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു. ക്ലാസ്സ് മുറികള്‍ വിഷയബന്ധിതമായി തയ്യാറാക്കപ്പെട്ട ലാബുകള്‍ പോലെയാണ്. ഞങ്ങള്‍ ആദ്യം കയറിച്ചെന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പ്രകൃതിശാസ്ത്രത്തിലാണത്രേ കൂടുതല്‍ ഔത്സുക്യം. 

ഏറ്റവും വിശേഷപ്പെട്ട കാര്യം ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം ക്ലാസ്സുമുറികള്‍ സജ്ജമാണെന്നതാണ്. രണ്ടാമതായി സന്ദര്‍ശിച്ച എട്ടാംതരം ക്ലാസ്സ്മുറിയില്‍ അപ്പോള്‍ ബയോളജി ക്ലാസ്സ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനുള്ളില്‍ ഓരോ വിദ്യാര്‍ത്ഥിയുടേയും ടേബിളില്‍ പ്രത്യേകം മൈക്രോസ്‌കോപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കിയിരിക്കുന്നു. ക്ലോണ്‍ ഓപ്പറേഷന്‍ റാബിറ്റ് റൂം ആയിരുന്നു ആ ക്ലാസ്സ്മുറിയുടെ പ്രത്യേകത. ലബോറട്ടറിയും ക്ലാസ്സ്‌റൂമും സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ സജ്ജമാക്കപ്പെട്ട സംവിധാനം ആദ്യമായിട്ടാണ് കാണുന്നത്. ഓരോ വിഷയവും പഠിക്കാന്‍ അതത് ക്ലാസ്സ്മുറികളിലേക്ക് പോവുകയേ വേണ്ടൂ. പഠനവും പ്രയോഗവും അത്രയ്ക്ക് ഏകതാനമായി സമഞ്ജസം സംയോജിപ്പിച്ച് നടത്താനാവുമെങ്കില്‍ അതെത്ര സുന്ദരാനുഭവമായിരിക്കുമെന്ന് ഒരുവേള ഓര്‍ത്തുപോയി. 

മാര്‍ക്കാണ് മാനദണ്ഡം

ബയോളജി ക്ലാസ്സ് കണ്ടു. ഇനി മറ്റ് ക്ലാസ്സുകള്‍ കൂടി കാണാമെന്നറിഞ്ഞതോടെ അതിനായി ധൃതികൂട്ടി. പക്ഷേ, സമയം 3.30 കഴിഞ്ഞിരുന്നു. റഗുലര്‍ ക്ലാസ്സുകള്‍ മിക്കതും കഴിഞ്ഞു. മറ്റു ചില പ്രാക്ടീസ് ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സീനിയര്‍ സെക്കന്ററി ക്ലാസ്സുകള്‍ നാലു മണിവരെയുണ്ട്. അവയില്‍ ഏതെങ്കിലുമൊരു ക്ലാസ്സിലേക്ക് പോകാമെന്ന നിര്‍ദ്ദേശം ഞാന്‍ പറഞ്ഞു. അങ്ങോട്ടേക്ക് നടന്നു. അതിനിടയിലാണ്, പരീക്ഷ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവയ്ക്കപ്പെട്ടത്. ഡയറക്ട് വെര്‍ബല്‍ ടീച്ചിംഗിനു പ്രാധാന്യം കൊടുക്കുന്ന ബോധനസമ്പ്രദായമാണ് എല്ലാ തലങ്ങളിലും പിന്തുടരുന്നതെന്ന് അവര്‍ വിശദീകരിച്ചു. ജയം തോല്‍വി സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തിയാണ് മൂല്യനിര്‍ണ്ണയം. അതുകൊണ്ടുതന്നെ പരീക്ഷകളില്‍ എഴുത്തുപരീക്ഷയാണ് മുഖ്യം. 

മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കുന്ന നമ്മുടെ പഴയകാല മൂല്യനിര്‍ണ്ണയ രീതിയാണ് അവര്‍ ഇപ്പോഴും മുറുകെ പിടിക്കുന്നത്. എന്തുകൊണ്ട് മാര്‍ക്കിംഗ് രീതി? ഞങ്ങള്‍ ചോദിച്ചു. അതാണ് കൂടുതല്‍ ശാസ്ത്രീയം അവര്‍ പറഞ്ഞു. വസ്തുനിഷ്ഠമെന്ന വാക്കിനുവേണ്ടി അവര്‍ അല്പസമയം തെരയുന്നത് കണ്ടു. കിട്ടിയില്ല. മാര്‍ക്കും ഗ്രേഡും വ്യത്യസ്ത മാനദണ്ഡങ്ങളുപയോഗിച്ചാണ് തീരുമാനിക്കുന്നത്. ഓരോ വര്‍ഷവും അതിന്റെ മാനദണ്ഡത്തില്‍ പരീക്ഷാ ബോര്‍ഡ് മാറ്റം വരുത്തും. കഴിഞ്ഞ വര്‍ഷത്തെ മാര്‍ക്കിന്റെ ശതമാനമായിരിക്കില്ല ഈ വര്‍ഷത്തേത്. 

കുട്ടികളുടെ അക്കാദമിക നിലവാരം വിലയിരുത്തി ഓരോ വിദ്യാര്‍ത്ഥിക്കും പ്രാവീണ്യമുള്ള വിഷയങ്ങള്‍ കണ്ടെത്തി ഉപരിപഠനത്തിന് അവസരം നല്‍കുകയെന്ന സമീപനമാണ് സ്വീകരിച്ചുപോരുന്നത്. എഴുത്തുപരീക്ഷകളോടൊപ്പം പ്രോജക്ടുകളും അസൈന്‍മെന്റുകളും മറ്റും നല്‍കുന്നുണ്ട്. എല്ലാ പരീക്ഷകളും നടത്താന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റെഡിയാണ്. ഇന്‍ട്രാനെറ്റ് സംവിധാനം ഉപയോഗിച്ച് സ്‌കൂളുകളുമായി അവയെ ബന്ധിപ്പിക്കും. ഓണ്‍ലൈന്‍ പരീക്ഷാസമ്പ്രദായം കുറ്റമറ്റ രീതിയില്‍ നടക്കുന്നതായിട്ടാണ് വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തിയത്. 

അക്കാദമിക വിഷയങ്ങള്‍ക്കു പൂര്‍ണ്ണമായും മാര്‍ക്കാണ് മാനദണ്ഡം. അതേ സമയം സംഗീതം, ചിത്രരചന പോലെയുള്ള അക്കാദമികേതര വിഷയങ്ങള്‍ക്ക് ഗ്രേഡാണ് മാനദണ്ഡം. എന്തായാലും ശാസ്ത്രീയമായ പരീക്ഷാമാനദണ്ഡങ്ങള്‍ അനുവര്‍ത്തിക്കുകയും ഓരോ വര്‍ഷവും അവയിലെ പോരായ്മകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കുകയും ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ മാഡം ആധികാരിക ഭാവത്തോടെ പറഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ 11-ാം ക്ലാസ്സിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചേര്‍ന്നിരുന്നു. ഒരര്‍ത്ഥത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കാന്‍ പഴുതില്ലാതെ ഞങ്ങള്‍ നടത്തിയ മിന്നലാക്രമണമായിരുന്നു അതെന്നു പറയാം. പെട്ടെന്ന് ക്ലാസ്സിലേക്ക് ചെന്നതോടെ ഇന്ത്യയില്‍നിന്ന് രണ്ടുപേര്‍ അവരെ കാണാനെത്തിയതിന്റെ ആശ്ചര്യം വിദ്യാര്‍ത്ഥികളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. ഭാഗ്യത്തിന്, അവരില്‍ രണ്ടു പേര്‍ക്ക് നന്നായി ഇംഗ്ലീഷ് പറയാന്‍ അറിയാം. അതൊരു സ്വതന്ത്ര സംവാദ വേദിയാക്കാന്‍ അതില്‍പ്പരം മറ്റെന്തുവേണം.

സംവാദം

അവരുടെ കണ്ണുകളിലേക്ക് നോക്കാം. അറിയാനുള്ള ആകാംക്ഷ തുടിക്കുന്നുണ്ട്. യൂണിഫോം അണിഞ്ഞ ആണ്‍-പെണ്‍ കുട്ടികള്‍ ഇടകലര്‍ന്നിരുന്ന് സാകൂതം ഞങ്ങളെ നോക്കുന്നു. ഇംഗ്ലീഷ് അറിയുന്ന വിദ്യാര്‍ത്ഥികളിലൊരാള്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥിതി എങ്ങനെയാണെന്ന് പെട്ടെന്ന് ചോദിച്ചുകളഞ്ഞു. ഉത്തരകൊറിയയില്‍ ഞങ്ങള്‍ നേരിട്ട ആദ്യത്തെ ചോദ്യമായിരുന്നു അത്. മറ്റെല്ലാ സന്ദര്‍ഭങ്ങളിലും ചോദ്യകര്‍ത്താവിന്റെ റോള്‍ ഞങ്ങളുടെ വിശേഷാവകാശമായിരുന്നു. ആദ്യമായൊരാള്‍ അതും ഒരു വിദ്യാര്‍ത്ഥി ക്ലാസ്സ്മുറിയില്‍വച്ച് ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പോകാനാവില്ല. ഇന്ത്യയിലെ നിരക്ഷരതയെക്കുറിച്ചും ജനസംഖ്യയെക്കുറിച്ചും വിദ്യാഭ്യാസ വ്യാപനം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ നിരക്ഷരതയുടെ ആഴത്തെക്കുറിച്ച് ആ കുട്ടികളോട് പറയാന്‍ ലജ്ജ തോന്നി. 

ഇന്ത്യയെക്കുറിച്ച് അവര്‍ക്ക് വേണ്ടത്ര അറിവുകളില്ല. 'ബാഹുബലി' എന്ന സിനിമ അവരില്‍ പലരും കണ്ടിട്ടുണ്ടെന്നു പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നും അവര്‍ കേട്ടിട്ടുണ്ട്. അത്രമാത്രം. തുടര്‍ന്ന് അവരുടെ പഠനം, വിദ്യാലയ അന്തരീക്ഷം, അദ്ധ്യാപകരുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ചോദിച്ചപ്പോള്‍ മടിയേതുമില്ലാതെ രണ്ടുപേരും നല്ല ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു. വായനയെക്കുറിച്ചും അവര്‍ മനസ്സു തുറന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പുസ്തകങ്ങളാണ്. വിവിധ ക്ലാസ്സിക്കുകള്‍ ലൈബ്രറികളില്‍നിന്ന് എടുത്ത് വായിക്കുകയാണ് പതിവ്. മൊബൈല്‍ ഫോണ്‍ ഉപയോഗം തീരെ കുറവായതിനാല്‍ വായനയാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ഹോബി. എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാമായിരുന്നെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നുവെന്ന് ഞങ്ങള്‍ ഉപദേശ രൂപേണ പറഞ്ഞപ്പോള്‍ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെന്ന് ചിലര്‍ പ്രതികരിച്ചു. 

വെക്കേഷന്‍ കാലം രണ്ടുമാസമാണ്. എന്നാല്‍, അത് നമ്മുടേതുപോലെ ഒറ്റയടിക്ക് തുടര്‍ച്ചയായല്ല. ഡിസംബറിലും മെയ്മാസത്തിലുമായി രണ്ടു ഘട്ടങ്ങളിലായാണ് അവിടെ വെക്കേഷന്‍ കാലം. അപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസികോല്ലാസത്തിന് ഒരു അക്കാദമിക വര്‍ഷത്തിനിടയില്‍ രണ്ട് ഇടവേളകള്‍ ലഭിക്കുന്നു. ഡിസംബര്‍ മാസത്തെ അതിശൈത്യം കൂടി  പരിഗണിച്ചാണ് വെക്കേഷന്‍ കാലം നിശ്ചയിച്ചിട്ടുള്ളത്. 

കുട്ടികളുടെ കൊട്ടാരം

സ്‌കൂള്‍, ലോകത്തെ സകല മനുഷ്യര്‍ക്കും ഒരേ സമയം ആഹ്ലാദവും അതേസമയം വിരസതയും സമ്മാനിച്ചിട്ടുണ്ടാവും. ബാല്യകാലത്തെ നിഷ്‌കളങ്ക സ്മൃതികള്‍ കാലങ്ങള്‍ക്കുശേഷവും നമ്മെ പിന്തുടര്‍ന്നേക്കാം. വിഷാദഗ്രസ്തമായി കാണപ്പെടുന്ന ഒരു നഗരത്തിന്റെ നാമ്പുകളായ കുട്ടികള്‍ക്ക് കറുപ്പിലും വെളുപ്പിലും കളറിലും കാണാന്‍ ധാരാളം സ്വപ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്. ജീവിത സത്യങ്ങള്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നതിനോടൊപ്പം അവയുടെ പ്രസന്നമായ പ്രവാഹത്തോടൊപ്പം ഒഴുകിനടക്കുകയും ചെയ്യുന്ന കുട്ടികളെ ഇതിനിടയില്‍ ഞങ്ങള്‍ കണ്ടുമുട്ടി. മാങ്ങ്യോങ്ങണ്ടയിലെ  കുട്ടികളുടെ കൊട്ടാരം (Childerns, Palace) കാണാനായി പോയപ്പോഴാണ് ആ രാജ്യം ശിശുക്കള്‍ക്കു നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച്, അവയുടെ വികാരസാന്ദ്രമായ വിശുദ്ധിയെക്കുറിച്ച്, ശിശുസഹജമായ നിഷ്‌കളങ്ക ജീവിതത്തിന്റെ സമ്മോഹന മുഹൂര്‍ത്തങ്ങളെക്കുറിച്ചുമൊക്കെ ഉള്ളില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞുപോയത്. 

മാതൃവാല്‍സല്യത്താല്‍ ഒരമ്മ തന്റെ കുഞ്ഞിനെ വാരിപ്പുണരുന്ന മാതൃകയില്‍ ഒരു മഹാമന്ദിരം പണിതിരിക്കുന്നു; കുട്ടികള്‍ക്കുവേണ്ടി മാത്രം. പ്യോങ്ങിയാങ്ങിലെ കോങ്ങ്ബോക് സ്ട്രീറ്റിലാണ് കുട്ടികളുടെ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 2,14,000 ചതുരശ്ര മീറ്റര്‍ നീളമുണ്ട് ആ കൊട്ടാരത്തിന്. സ്ഥലവിസ്താരം 105000 ചതുരശ്ര അടിയാണ്. ഏകദേശം 5000 വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ളില്‍ താമസിക്കാം. തങ്ങളുടെ കലാ പരിശീലനങ്ങള്‍ നടത്താം. അതൊരു കൊട്ടാരം തന്നെ. ഇരുകൊറിയകളിലേയും പാര്‍ലമെന്റിനേക്കാള്‍ വലിയ കൊട്ടാരം. കുട്ടികളുടെ അതിവിശാലമായ ഭാവനാലോകം യാഥാര്‍ത്ഥ്യമാക്കാനായി അവര്‍ പണിതുയര്‍ത്തിയ ചില്‍ഡ്രന്‍സ് പാലസ് കാണാനായി ഏപ്രില്‍ 19-ന് വൈകുന്നേരം ഞങ്ങള്‍ മാറ്റിവച്ചു. ഔപചാരികമായ സ്‌കൂള്‍ പഠനം ഉച്ചയ്ക്കു ശേഷം പര്യവസാനിച്ചാല്‍ പിന്നെന്തു ചെയ്യും. നമ്മുടെ നാട്ടിലൊക്കെ കുട്ടികള്‍ സ്‌കൂള്‍ വിട്ടോടും. എത്ര വികസിത മുതലാളിത്ത രാജ്യമാണെങ്കിലും സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ കുട്ടികള്‍ കളിസ്ഥലത്തേയ്‌ക്കോ വീട്ടിലേയ്‌ക്കോ ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍, ഈ രാജ്യം അക്കാര്യത്തിലും നമ്മുടെ സങ്കല്പങ്ങള്‍ കീഴ്മേല്‍ മറിച്ചുകളഞ്ഞു. 

തിന്മ എപ്പോഴും നുഴഞ്ഞുകയറാന്‍ ഇടയുള്ള ഒരു ലോകത്ത് നന്മയുടെ വിളവെടുപ്പിനു ശിശുമനസ്സുകളെ വാത്സല്യപൂര്‍വ്വം വളര്‍ത്തിയെടുക്കാന്‍ കലയ്ക്ക് കഴിയുമെന്ന് കണ്ടുപിടിച്ചതാരുമാകട്ടെ, കൊറിയക്കാര്‍ അതിനായി മാത്രം ഗ്രാനൈറ്റില്‍ ഒരു താജ്മഹല്‍ പണികഴിപ്പിച്ചിരിക്കുന്നു. അതിന്റെ ഉമ്മറത്താണ് ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത്. ആതിഥേയ മര്യാദകള്‍ വേണ്ടുവോളം കാട്ടാന്‍ ഒരു മടിയുമില്ലാത്ത ജനതയുടെ കുട്ടി പ്രതിനിധികള്‍ ഞങ്ങള്‍ക്ക് പുഷ്പങ്ങള്‍ തന്നു സ്വീകരിച്ചു. കുട്ടികളുടെ പാലസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിച്ചു തന്നു. അതിനുള്ളില്‍ കാണാന്‍പോകുന്ന കുഞ്ഞത്ഭുതങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ചുള്ള സൂചനകള്‍ അവിടെ ഞങ്ങളുടെ ഗൈഡായി കൂട്ടുവന്ന എട്ടാം ക്ലാസ്സുകാരി പെണ്‍കുട്ടി പകുതി ഇംഗ്ലീഷിലും പകുതി കൊറിയനിലുമായി പറഞ്ഞപ്പോള്‍ ഏറെക്കുറെ ഒരു രൂപം കിട്ടി. കലാ പരിശീലന ഹാള്‍, തിയേറ്റര്‍, ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങള്‍, സ്വിമ്മിംഗ് പൂള്‍, ലൈബ്രറി, ഇ-ലൈബ്രറി, ഇലക്ട്രോണിക് റിക്രിയേഷന്‍ ഹാള്‍, 4 ഡി സിമുലേഷന്‍ സിനിമ, മ്യൂസിയം, കാഴ്ച ബംഗ്ലാവ് അങ്ങനെയങ്ങനെ പലതും ഉള്‍ക്കൊള്ളുന്ന കുട്ടികളുടെ മാനസികോല്ലാസ-പരിവര്‍ത്തന -പരിശീലന സഞ്ചാര കേന്ദ്രമാണ് ആ മഹാകൊട്ടാരം.

സ്‌കൂള്‍ സമയം കഴിഞ്ഞ് എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പാലസ് തുറക്കും. സ്‌കൂള്‍ കഴിഞ്ഞ് കുട്ടികളില്‍ പലരും കൊട്ടാരത്തിലേക്ക് വരും. അവരവരുടെ അഭിരുചികള്‍ക്കും സര്‍ഗ്ഗവാസനകള്‍ക്കും അനുസൃതമായ കഴിവുകള്‍ വികസിപ്പിക്കാനായി സമയം ചെലവിടാം. നൃത്തം, സംഗീതം, നാടോടിഗാനങ്ങള്‍, ജിംനേഷ്യം, കയ്യെഴുത്ത്, ഉപകരണസംഗീതം, ചിത്രരചന, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഫുട്ബോള്‍ എന്നുവേണ്ട എല്ലാം അതിനുള്ളില്‍ തന്നെ പരിശീലിക്കാം. ഞങ്ങള്‍ ഓരോന്നായി നടന്നുകണ്ടു. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ഹാളുകളും റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലായിടത്തേക്കും ഒരു ഓട്ടപ്രദക്ഷിണം നടത്തി. 

എല്ലാ ആഴ്ചയിലും ഒരു ദിവസം പെര്‍ഫോമന്‍സ് ദിനം ആയിരിക്കും. അത്യന്താധുനിക സജ്ജീകരണങ്ങളോടെ അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന പ്രധാന ഹാളിനകത്താണ് പെര്‍ഫോമന്‍സ്. അവിടെ വെച്ചാണ് മുതിര്‍ന്നവരെ വെല്ലുന്ന വിധത്തിലുള്ള അകൃത്രിമമായ കലാപ്രകടനങ്ങളുടെ പരമ്പരകള്‍ അരങ്ങേറുക. അത്തരമൊരു പ്രകടനം നേരില്‍ കാണാന്‍ അവസരം ഉണ്ടായി. നമ്മുടെ നാട്ടിലെ ഫ്യൂഷന്‍ മ്യൂസിക് പോലെയുള്ളതാണ് ഒന്ന്. പിന്നെ വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ സമ്മിശ്രിതമാക്കി ഒരു വേദിയില്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ആ സമഞ്ജസ കലാവിഷ്‌കാരം എത്ര കണ്ടാലും മതിവരില്ല. ഉന്നത നിലവാരം പുലര്‍ത്തിയ പ്രതിഭകള്‍ അത്ഭുതസിദ്ധികളുടെ മേലാകാശത്തെ മാലാഖമാരെപ്പോലെ പറന്നുനടന്നു; കാഴ്ചക്കാരില്‍ ഉള്‍പ്പുളകം ചാര്‍ത്തിക്കൊണ്ട്. ആ രാജ്യം കലാസിദ്ധികളുള്ള കുട്ടികളെ അതിന്റെ എല്ലാ പരിശുദ്ധിയോടുകൂടിയും വളര്‍ത്താന്‍ കാംക്ഷിക്കുന്നുവെന്നതിന്റെ തെളിവാണത്. നിഷ്‌കളങ്കവും തരളിതവുമായ മനോരഥങ്ങളില്‍ കുട്ടികള്‍ സഞ്ചരിച്ചോട്ടെ എന്ന ലിബറല്‍ സമീപനം ഇവിടെ കണ്ടു. സമ്പന്നമായ ഒരു സംസ്‌കാരത്തിന്റെ ഉറങ്ങിക്കിടക്കുന്ന ഉറവിടമാണ് ഈ രാജ്യം. അതേ, ഇത് മനുഷ്യരുടെ രാജ്യം തന്നെ. കലാ-സാംസ്‌കാരിക പാരമ്പര്യം പേറുന്ന വിശിഷ്ട മനുഷ്യരുടെ രാജ്യം. 

സമൃദ്ധിയുടെ നാട്

എന്നാല്‍, ആ കലാ-സാംസ്‌കാരിക സമ്പന്നത സാമ്പത്തിക ജീവിതത്തില്‍ പരിപൂര്‍ണ്ണമായി ദൃശ്യമാണെന്നു പറയാനാവില്ല. പ്രസന്നതയും മനക്കരുത്തും കലാസൗന്ദര്യവും നിഷ്‌കളങ്കതയും സമത്വസുന്ദരമായ ഒരു സമൂഹത്തിന്റെ ബഹിര്‍ഗമനങ്ങള്‍ തന്നെ. എന്നാല്‍, വിഷാദമൂകമായ ഒരു ഭാവം അവരുടെ ചിരികള്‍ക്കിടയില്‍ കാണാനാവുമായിരുന്നു. ഒറ്റപ്പെടലിന്റെ വേദനയും നൈരാശ്യവും അത് അനുഭവിക്കുന്നവര്‍ക്കേ തിരിച്ചറിയാനാവൂ. 

പാശ്ചാത്യ ലോകത്ത് സൗന്ദര്യത്തിന്റെ മുന്തിരിച്ചാറുകള്‍ മാത്രം തേടുന്ന ഒമര്‍ഖയാമുമാര്‍ക്ക്, ജീവിതത്തിന്റെ മറുതീരം എല്ലായ്പോഴും അശാന്തവും അപ്രിയവുമായിരിക്കും. ദരിദ്രമായ മറുജീവിതത്തോട് അങ്ങനെയുള്ളവര്‍ മമത പ്രദര്‍ശിപ്പിക്കാറില്ല. ആ കണ്ണിലൂടെയല്ല ഉത്തരകൊറിയയിലെ ദാരിദ്ര്യത്തെ നോക്കിക്കാണുന്നതെങ്കിലും ചോദിക്കേണ്ടതുണ്ട്. അങ്ങനെയൊരു യാഥാര്‍ത്ഥ്യത്തെ അവര്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നത് എന്തിനു മറച്ചുവയ്ക്കണം? പട്ടിണി സാര്‍വ്വത്രികമായി ഉന്മൂലനം ചെയ്യാനായ ഒരു രാജ്യമാണത്. പക്ഷേ, ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങള്‍ ആ രാജ്യത്തുണ്ടെന്ന് ഞങ്ങള്‍ക്കു കണ്ടെത്താനായി. ദാരിദ്ര്യമുണ്ടെന്നു സമ്മതിക്കാന്‍ ആത്മാഭിമാനം അവരെ അനുവദിക്കുന്നില്ല എന്നത് മറ്റൊരു കാര്യം.

എന്നാല്‍, സാമ്പത്തിക ഉപരോധം സമ്പദ്ഘടനയുടെ നിസ്സീമമായ വളര്‍ച്ചയ്ക്ക് വിഘാതമായിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചു. വിശേഷിച്ചും ഗ്രാമീണ ജീവിതം നഗരജീവിതവുമായി തുലനം ചെയ്യുമ്പോള്‍ ഇനിയുമെത്രയോ വളര്‍ച്ച പ്രാപിക്കാനുണ്ട് എന്ന കാര്യം അവിതര്‍ക്കിതമാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലെ വളര്‍ച്ചയിലെ അന്തരം ഏതൊരാള്‍ക്കും പെട്ടെന്നു തിരിച്ചറിയാനാവും. എന്നാല്‍, ആ ദാരിദ്ര്യത്തിനിടയിലും അവര്‍ സമൃദ്ധി അനുഭവിക്കുന്നുണ്ട്. വിഭവങ്ങളുടെ വിതരണത്തിലും അടിസ്ഥാന ആവശ്യങ്ങളുടെ നിര്‍വ്വഹണത്തിലും നീതിപുലര്‍ത്താന്‍ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. സാംസ്‌കാരിക സമൃദ്ധി ഇതിനൊക്കെ പുറമേ സന്തോഷത്തിന്റെ വസന്തം തീര്‍ക്കുന്നുമുണ്ട്.

മറുവശത്ത്, വികസിത മുതലാളിത്ത രാജ്യങ്ങളിലെ ഭീമമായ സാമ്പത്തിക അസമത്വത്തെക്കുറിച്ച് പഠിക്കുമ്പോള്‍ വിചിത്രമായ ആ പ്രതിഭാസത്തെ തൊട്ടറിയാം. വിഖ്യാതമായ ആ കാര്യം തന്നെ. സമൃദ്ധിയുടെ നടുവിലെ പരമമായ ദാരിദ്ര്യം. ഒരു വശത്ത് സമ്പത്തിന്റെ കുന്നുകൂടല്‍. മറുവശത്ത് അവര്‍ണ്ണനീയമായ ദാരിദ്ര്യം. സമൃദ്ധിയുടെ ആരാമത്തില്‍ സുഖമായി ഉറങ്ങുന്ന ഒരു പക്ഷം. മറുവശത്ത് അതിജീവനത്തിനായി നിശൂന്യത നടമാടുന്ന നടുവട്ടങ്ങളില്‍-നഗരങ്ങളിലും ഗ്രാമങ്ങളിലും-നിദ്രാവിഹീനരായി കഴിയുന്ന മഹാഭൂരിപക്ഷവും. എത്ര വിചിത്രമായ അന്തരം. അതാണല്ലോ ദക്ഷിണകൊറിയന്‍ സിനിമയായ പാരസൈറ്റ് മനോഹരമായി വരച്ചുകാട്ടുന്നത്. മനുഷ്യജീവിതത്തിന്റെ അഗാധമായ ആ അന്തരത്തിനു ചലച്ചിത്രഭാഷ്യം നല്‍കിയപ്പോഴാണ് പാരസൈറ്റിന് 2019-ലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ വാരിക്കൂട്ടാനായത്. 

മുതലാളിത്ത ലോകത്തിന്റെ ലജ്ജാകരമായ ദരിദ്രമുഖമാണത്. അതുമായി തുലനം ചെയ്താല്‍ ദാരിദ്ര്യത്തിന്റെ നടുവില്‍ സമൃദ്ധി ആഘോഷിക്കുന്ന ജനങ്ങളെ ഉത്തരകൊറിയന്‍ പ്രാന്തപ്രദേശങ്ങളിലും ഗ്രാമങ്ങളിലും കണ്ടുമുട്ടാനാവും. താരതമ്യം എല്ലായ്പോഴും സാപേക്ഷികമാണ്. എങ്കിലും അതൊരു ചൂണ്ടുപലകയാണ്. ദാരിദ്ര്യത്തെ നേരിടാനായി ഉത്തരകൊറിയയിലെ മനുഷ്യര്‍ നടത്തുന്ന തീക്ഷ്ണമായ സമരത്തോട് അറിയാതെ ഒരു സാഹോദര്യഭാവം ഞങ്ങളുടെ ഉള്ളില്‍ നിറഞ്ഞുകൊണ്ടിരുന്നു.

(അവസാനിച്ചു)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com