'ഈ നഷ്ടക്കേസില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ്സും രണ്ടാം പ്രതി കുഞ്ഞാലിക്കുട്ടിയാല്‍ മുച്ചൂടും നിയന്ത്രിക്കപ്പെടുന്ന മുസ്ലിം ലീഗുമാണ്'

'ഈ നഷ്ടക്കേസില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ്സും രണ്ടാം പ്രതി കുഞ്ഞാലിക്കുട്ടിയാല്‍ മുച്ചൂടും നിയന്ത്രിക്കപ്പെടുന്ന മുസ്ലിം ലീഗുമാണ്'
ചിത്രം/ ഫെയ്സ്ബുക്ക്
ചിത്രം/ ഫെയ്സ്ബുക്ക്

വിനാശകാലേ വിപരീതബുദ്ധി എന്നു പറഞ്ഞതുപോലെയായി കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും സ്ഥിതി. രാഷ്ട്രീയ കാലാവസ്ഥ ഐക്യജനാധിപത്യമുന്നണിക്ക് ഏറ്റവും അനുകൂലമായി പടര്‍ന്നുനിന്ന സമയത്താണ്, ഡിസംബര്‍ ആദ്യപാതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. പ്രാതികൂല്യം എന്നു പറയാന്‍ വല്ലതുമുണ്ടായിരുന്നെങ്കില്‍ അത് ഇടതുപക്ഷ കൂടാരത്തിലേക്ക് ജോസ് കെ. മാണി നടത്തിയ പ്രഭാതസവാരി മാത്രമായിരുന്നു. ആ നിഷേധബിന്ദു ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ സാഹചര്യങ്ങളും യു.ഡി.എഫിനെ വിക്ടറി സ്റ്റാന്‍ഡില്‍ ഒന്നാമതെത്തിക്കാന്‍ പര്യാപ്തമായിരുന്നു എന്നത് പച്ചപ്പരമാര്‍ത്ഥം മാത്രം. സ്വര്‍ണ്ണക്കള്ളക്കടത്തിലൂടെയും ഖുര്‍ആന്‍ കടത്തിലൂടെയും തുടങ്ങി ലൈഫ് മിഷനിലൂടെ കടന്ന് ബിനീഷ് കോടിയേരി എപ്പിസോഡിലും സി.എം. രവീന്ദ്രന്‍ അധ്യായത്തിലുമെത്തിനിന്ന ആരോപണങ്ങളുടെ നെരിപ്പോടില്‍ ഇടതുമുന്നണി എരിപൊരി കൊള്ളുന്ന വേളയില്‍ നടന്ന ഇലക്ഷനില്‍ ഈസി വാക്കോവര്‍ സാധ്യമായിരുന്നു യു.ഡി.എഫിന്.

അപ്രതീക്ഷിതമായി കൈവന്ന ആ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താന്‍ പക്ഷേ, കോണ്‍ഗ്രസ്സിനാല്‍ നയിക്കപ്പെടുന്ന ഐക്യജനാധിപത്യമുന്നണിക്ക് സാധിച്ചില്ല. ഈ നഷ്ടക്കേസില്‍ ഒന്നാംപ്രതി കോണ്‍ഗ്രസ്സും രണ്ടാംപ്രതി പി.കെ. കുഞ്ഞാലിക്കുട്ടിയാല്‍ മുച്ചൂടും നിയന്ത്രിക്കപ്പെടുന്ന മുസ്ലിംലീഗുമാണ്. രണ്ടാംപ്രതിയില്‍നിന്നു തുടങ്ങാം നമുക്ക്. മുസ്ലിംലീഗ് സമം കുഞ്ഞാലിക്കുട്ടി എന്നായിട്ട് വര്‍ഷങ്ങള്‍ പലതായി. ലീഗിന്റെ ദേശീയ, സംസ്ഥാന അധ്യക്ഷന്മാര്‍ വെറും അലങ്കാരവസ്തുക്കള്‍ മാത്രം. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊഹിയുദ്ദീനും കുഞ്ഞാലിക്കുട്ടി ഇച്ഛിക്കുംവിധം നാവ് പൊക്കാനും പാദചലനം നടത്താനും മാത്രമേ സാധിക്കൂ. ആ കുഞ്ഞാലിക്കുട്ടിയുടെ ഇച്ഛയായിരുന്നു ലീഗും അതുവഴി യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിംഗായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് ബാന്ധവം സ്ഥാപിക്കണമെന്നത്.

ലീഗിലെ കുലദൈവത്തിന്റെ ഇച്ഛ സുതരാം നിറവേറി. തദ്ദേശ തെരഞ്ഞെടുപ്പടുത്തതോടെ മൗദൂദിസ്റ്റ് വെല്‍ഫെയര്‍ പാര്‍ട്ടി കെട്ടും മാറാപ്പുമെടുത്ത് ഐ.യു.എം.എല്ലിന്റെ കൈപിടിച്ച് യു.ഡി.എഫിന്റെ നാലുകെട്ടിലെത്തി. മുന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അടുക്കളപ്പടിയില്‍ ചാരിനിന്ന ആ പാര്‍ട്ടിയെ സി.പി.എമ്മും എല്‍.ഡി.എഫും ആട്ടിയിറക്കിയപ്പോളാണ് വെല്‍ഫെയറുകാര്‍ കുഞ്ഞാലിക്കുട്ടി മുഖേന ഐക്യജനാധിപത്യമുന്നണിയുടെ ഉമ്മറത്തേയ്ക്ക് ഓടിയത്. 1960-കളുടെ അവസാനത്തില്‍ കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍ രൂപവല്‍ക്കരിച്ച 'ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ്' (ഐ.എസ്.എല്‍) എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗപ്രവേശം നടത്തിയ കുഞ്ഞാലിക്കുട്ടി ആനയിച്ചുകൊണ്ടുവന്ന മൗദൂദിസ്റ്റ് രാഷ്ട്രീയപ്പാര്‍ട്ടിയെ കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കണ്‍വീനറുമായ മാലിക് മുഹമ്മദ് ഹസന്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.

അങ്ങനെയാണ് ഈ രാഷ്ട്രീയ നഷ്ടക്കേസില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഒന്നാം പ്രതിയാകുന്നത്. ഏറ്റവും ചുരുങ്ങിയത് ജമാഅത്തെ ഇസ്ലാമിയുമായി നാഭീനാള ബന്ധമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയെ പരിരംഭണം ചെയ്യുന്നതിനു മുന്‍പ് എം.എം. ഹസ്സനെപ്പോലുള്ളവര്‍, കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്ന കാലത്ത് രണ്ടു തവണ (1975ലും 1992-ലും) നിരോധിക്കപ്പെട്ട സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന വസ്തുതയെങ്കിലും ഓര്‍ക്കണമായിരുന്നു. ആദ്യത്തെ നിരോധനം ഇന്ദിരാഗാന്ധിയുടെ കാലത്തായിരുന്നെങ്കില്‍ രണ്ടാമത്തെ നിരോധനം നരസിംഹറാവുവിന്റെ കാലത്തായിരുന്നു. ഇരുതവണയും ജമാഅത്തെ ഇസ്ലാമിയോടൊപ്പം ആര്‍.എസ്.എസ്സും നിരോധിക്കപ്പെട്ടിരുന്നു എന്നുകൂടി ഓര്‍ക്കുക. ആര്‍.എസ്.എസ്സിന്റെ പ്രത്യയശാസ്ത്രം പോലെതന്നെ അപകടകരമാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രവും എന്ന ബോധ്യത്തില്‍നിന്നാവണമല്ലോ അന്നു മൗദൂദിസ്റ്റ് സംഘടന നിരോധിക്കപ്പെട്ടത്.

ആ സംഘടനയുടെ രാഷ്ട്രീയ ഹസ്തമായി പിറവികൊണ്ട വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുമായി സംസ്ഥാന തലത്തിലോ പ്രാദേശിക തലത്തിലോ ധാരണയുണ്ടാക്കാന്‍ ചാടിപ്പുറപ്പെടും മുന്‍പ് ഹസ്സനും കൂട്ടരും 1941-ല്‍ രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചും സ്വാതന്ത്ര്യാനന്തരം 1948-ല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന പേരില്‍ പുനഃസംഘടിപ്പിക്കപ്പെട്ട പ്രസ്ഥാനത്തെക്കുറിച്ചും സാമാന്യ ജ്ഞാനമെങ്കിലും നേടേണ്ടതുണ്ടായിരുന്നു. മലയാളമുള്‍പ്പെടെ പല ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ജമാഅത്ത് സാഹിത്യവും അതിന്റെ ഭരണഘടനയും ലഭ്യമാണെന്നിരിക്കെ അത്തരം ജ്ഞാനാര്‍ജ്ജനം താരതമ്യേന എളുപ്പമായിരുന്നുതാനും. അല്ലാഹുവിന്റെ ഭരണം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുക എന്നതായിരുന്നു മൗദൂദിസ്റ്റ് സംഘടനയുടെ പ്രഥമ ഭരണഘടന പ്രകാരം അതിന്റെ ലക്ഷ്യം. പിന്നീട് വന്ന ഭരണഘടനാ ഭേദഗതിയില്‍ ലക്ഷ്യത്തിന്റെ സത്ത മാറിയില്ലെങ്കിലും വാക്കുകള്‍ മാറി. ലക്ഷ്യത്തെക്കുറിക്കുന്ന സ്ഥാനത്ത് ഹുകൂമത്തെ  ഇലാഹി എന്ന പദങ്ങള്‍ക്ക് പകരം 'ഇഖാമത്തുദ്ദീന്‍' എന്നെഴുതിച്ചേര്‍ത്തു. ഇഖാമത്തുദ്ദീന്‍ എന്നതിനര്‍ത്ഥം ദീനിന്റെ സംസ്ഥാപനം എന്നാണ്. ദീന്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഇസ്ലാം തന്നെ. അപ്പോള്‍ ഇഖാമത്തുദ്ദീന്‍ എന്നു പറഞ്ഞാല്‍ മൗദൂദിയന്‍ കാഴ്ചപ്പാടിലുള്ള രാഷ്ട്രീയ ഇസ്ലാമിന്റെ സംസ്ഥാപനം എന്നര്‍ത്ഥം. രാഷ്ട്രീയ ഇസ്ലാമിന്റെ സംസ്ഥാപനം നടക്കുന്നിടത്ത് അല്ലാഹുവിന്റെ ഭരണമേ അനുവദിക്കപ്പെടൂ എന്നു ഗ്രഹിക്കാന്‍ സാമാന്യ ബുദ്ധി ധാരാളം മതി.

ക്ഷേമമല്ല; ലഭിച്ചത് നരകത്തീ

ഹസ്സനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജമാഅത്തിന്റെ ഭരണഘടനയും സാഹിത്യവുമൊന്നും വായിച്ചില്ലെങ്കില്‍ പോട്ടെ, കുറഞ്ഞപക്ഷം ആ സംഘടന രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ അതിന് വെല്‍ഫെയര്‍ പാര്‍ട്ടി എന്നു പേരിടാനുള്ള കാരണമെന്താവാം എന്ന ആലോചനയിലേയ്‌ക്കെങ്കിലും അവര്‍ കടന്നുചെല്ലേണ്ടതായിരുന്നില്ലേ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പുറം നിറവും ഉള്‍നിറവും തമ്മിലുള്ള അന്തരം മനസ്സിലാക്കാനെങ്കിലും അവര്‍ക്ക് സാധിക്കുമായിരുന്നു. 1983-ല്‍ നെക്മെറ്റിന്‍ എര്‍ബകാന്‍ എന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയക്കാരന്‍ തുര്‍ക്കിയില്‍ ഒരു പാര്‍ട്ടിയുണ്ടാക്കി. അതിന്റെ പേര് വെല്‍ഫെയര്‍ പാര്‍ട്ടി എന്നായിരുന്നു. തുര്‍ക്കിയുടെ മതേതര ഭരണഘടന അടിമുടി പൊളിച്ചെഴുതുകയും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരമമായ ലക്ഷ്യം. 1996-'97 കാലത്ത് തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിരുന്ന എര്‍ബകാന്‍ ആ രാജ്യത്തുണ്ടാക്കിയ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയില്‍നിന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷി അതിന്റെ പേര് സ്വീകരിച്ചത്. പേരിലെ ഈ സാമ്യം യാദൃച്ഛികമല്ല തന്നെ.

ഒന്നിനെക്കുറിച്ചും അത്ര ആഴത്തില്‍ ചിന്തിക്കാന്‍ മുതിരാത്ത എം.എം. ഹസ്സന്‍ ജമാഅത്ത് അമീറുമായി കരാറൊപ്പിച്ച് കൈകൊടുത്തു പിരിഞ്ഞശേഷം കോണ്‍ഗ്രസ് നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ നടത്തിയ വിലകുറഞ്ഞ വാഗ്യുദ്ധമാണ് കഥയുടെ രണ്ടാം ഭാഗം. ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ്സിന് യാതൊരു ബന്ധവുമില്ലെന്ന് കെ.പി.സി.സി. തലവന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബന്ധമുണ്ടെന്നും ജമാഅത്തെ ഇസ്ലാമിക്കാര്‍ മതഭരണവാദത്തില്‍നിന്നു മതനിരപേക്ഷതയിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും കെ. മുരളീധരന്‍. മുല്ലപ്പള്ളിയുടേത് പാഴ്വാക്കായി യു.ഡി.എഫ് പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടിക്കാരും ജമാഅത്ത്-വെല്‍ഫെയര്‍ പിന്തുണയോടെ യു.ഡി.എഫുകാരും പലയിടങ്ങളിലും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിന് രാഷ്ട്രീയ കേരളം സാക്ഷിയായി.

എങ്ങനെ നോക്കിയാലും അവിശുദ്ധമെന്നും അധാര്‍മ്മികമെന്നും മാത്രം വിശേഷിപ്പിക്കാവുന്ന ഈ വെല്‍ഫെയര്‍- യു.ഡി.എഫ് ബാന്ധവം നിമിത്തം വലിയ നഷ്ടം നേരിടേണ്ടിവന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ്. തൃശൂര്‍ ജില്ല തൊട്ട് തെക്കോട്ട് കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടര്‍മാരായ ക്രൈസ്തവരിലും നായര്‍ സമുദായത്തില്‍പ്പെട്ടവരടക്കമുള്ള ഹിന്ദുക്കളിലും മാത്രമല്ല, മലബാറിലെ കോണ്‍ഗ്രസ് മുസ്ലിങ്ങളില്‍പ്പോലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യമുന്നണിയുണ്ടാക്കിയ ബന്ധം കോണ്‍ഗ്രസ്സിനെതിരെ കടുത്ത നീരസം വളര്‍ത്തി. 2014-'15 കാലയളവില്‍ ഇറാഖില്‍ ക്രൈസ്തവരുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നരനായാട്ട് നടത്തിയ ഐ.എസ്സിന്റെ പ്രത്യയശാസ്ത്ര വേരുകള്‍ ചെന്നെത്തുന്നത് സലഫിസത്തിനു വിത്തിട്ട അബ്ദുല്‍ വഹാബിലെന്നപോലെ ജമാഅത്ത് സ്ഥാപകനായ മൗദൂദിയിലും മൗദൂദിയന്‍ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട ഈജിപ്ഷ്യന്‍ ഇസ്ലാമിസ്റ്റ് സയ്യിദ് ഖുതുബിലുമാണെന്ന് കേരളത്തിലെ ക്രൈസ്തവരും മേല്‍ജാതി ഹിന്ദുക്കളും തിരിച്ചറിഞ്ഞിരുന്നുവെന്ന വസ്തുത കോണ്‍ഗ്രസ് നേതൃത്വം ഗൗനിച്ചില്ല.

മൗദൂദിസ്റ്റുകള്‍ അണിയുന്ന 'അയ്യോ പാവം' മുഖാവരണം കപടമാണെന്നും അവര്‍ അണികളില്‍ കുത്തിവെയ്ക്കുന്ന ആശയം മതേതരത്വവിരുദ്ധവും അമാനവികവുമാണെന്നും തുറന്നടിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് തമ്മില്‍ ഭേദമെന്ന നിഗമനത്തില്‍ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടര്‍മാരില്‍ ഗണ്യമായ ഒരു വിഭാഗമെത്തി. അതിനാല്‍ത്തന്നെ സി.പി.ഐ.എം നയിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ പെട്ടിയില്‍ വീണു അവരുടെ വോട്ട്.

കുഞ്ഞാലിക്കുട്ടിയുടെ മതമൗലികാനുരാഗപരമായ ഇംഗിതങ്ങള്‍ മുസ്ലിംലീഗില്‍ മതി, അവ കോണ്‍ഗ്രസ്സിലേക്ക് ഇറക്കുമതി ചെയ്യേണ്ട എന്നു അറുത്തുമുറിച്ചു പറയാന്‍ കോണ്‍ഗ്രസ്സിനു കഴിയാതെ പോയതിന്റെ പരിണതഫലമായിരുന്നു യു.ഡി.എഫ്-വെല്‍ഫെയര്‍ ബാന്ധവം. ആ കൂട്ടുകെട്ടുകൊണ്ട് ലീഗിനു നേട്ടമുണ്ടായി. പക്ഷേ, കോണ്‍ഗ്രസ്സിനു വെല്‍ഫെയര്‍ സമ്മാനിച്ചത് ഹെല്‍ഫയര്‍ (നരകത്തീ) ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com