നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടേയും ഇളയ മകൻ രഞ്ജിത്ത് പൊലീസിനു നേരെ വിരൽ ചൂണ്ടുന്നു. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി കുഴിയെടുക്കുന്നത് തടഞ്ഞ പൊലീസുകാർക്ക് നേരെയായിരുന്നു അമർഷം
നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടേയും ഇളയ മകൻ രഞ്ജിത്ത് പൊലീസിനു നേരെ വിരൽ ചൂണ്ടുന്നു. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി കുഴിയെടുക്കുന്നത് തടഞ്ഞ പൊലീസുകാർക്ക് നേരെയായിരുന്നു അമർഷം

സൈബര്‍ സഖാക്കളെ, തെരുവില്‍ കുട്ടികള്‍ ചൂട്ട് കത്തിച്ചു നില്‍ക്കുന്നുണ്ട്

ദൈനംദിന ജീവിതത്തിനാവശ്യമായ വെളിച്ചത്തിനാണ് കുട്ടികള്‍ ചൂട്ടു കത്തിച്ചു നില്‍ക്കുന്നത്

പാലക്കാട് അഗളി കുറുക്കന്‍ കുണ്ടിലെ വിദ്യാര്‍ത്ഥികള്‍ പുതുവര്‍ഷത്തെ വരവേറ്റത് 'പ്രതിഷേധച്ചൂട്ട്' കത്തിച്ചുകൊണ്ടാണ്. വഴിയും വൈദ്യുതി വെളിച്ചവും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ നെറ്റ്വര്‍ക്കും ഈ പ്രദേശത്തില്ല. അതില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ ചൂട്ടുകത്തിച്ച വെളിച്ചത്തിന്റെ ഒരു സമരമുറ ആവിഷ്‌കരിച്ചത്. ലോകം മുഴുവന്‍ വൈദ്യുതി വെളിച്ചത്തില്‍ അലങ്കരിച്ചു നില്‍ക്കുമ്പോള്‍, ദൈനംദിന ജീവിതത്തിനാവശ്യമായ വെളിച്ചത്തിനാണ് കുട്ടികള്‍ ചൂട്ടു കത്തിച്ചു നില്‍ക്കുന്നത്. 
കുട്ടികള്‍ തെരുവില്‍ നില്‍ക്കുന്നു.

ജീവിതത്തെ നേര്‍ക്കുനേര്‍ അവതരിപ്പിക്കുന്ന മറ്റൊരു 'ദൃശ്യ'മാണ് നെയ്യാറ്റിന്‍കര സംഭവം. പൊലീസിനുനേരെ വിരല്‍ ചൂണ്ടി, സ്വന്തം അച്ഛനു കുഴിമാടമെടുക്കുന്ന ആ മകന്‍ ആന്തരിക യാതനകള്‍ അനുഭവിക്കുന്ന ഒരു കീഴാള 'ദൃശ്യ'മാണ്. അത് സിനിമയിലെ ഒരു രംഗമല്ല എന്നു ഞെട്ടലോടെ നാം മനസ്സിലാക്കുന്നു. ഈ ഞെട്ടല്‍ സിവില്‍ സൊസൈറ്റിയെ ഏതെങ്കിലും തരത്തില്‍ ഗുണപരമായി സ്വാധീനിക്കപ്പെടുമെന്ന് ഉറപ്പുമില്ല. കാരണം, പൊതു സമൂഹ സമ്മതിയിലൂടെയും മൗനമായ കയ്യടികളിലൂടെയുമാണ് ദീര്‍ഘകാലമായി ഇവിടെ അപരവല്‍ക്കരണം നിലനില്‍ക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച 'ദൃശ്യം' എന്ന സമീപകാല സൂപ്പര്‍ഹിറ്റ് പടത്തില്‍ സ്വന്തം മകളുടെ 'നഗ്‌നത' പകര്‍ത്തിയ ''പൊലീസുദ്യോഗസ്ഥയുടെ മകനെ കൊലപ്പെടുത്തുകയും കുഴിച്ചുമൂടുകയും അവിടെ പൊലീസ് സ്റ്റേഷന്‍ പണിയുകയും ചെയ്യുന്നു.'' 'അച്ഛന്‍' എന്ന ശാക്തികബിംബം ആ സിനിമയില്‍ കൃത്യമായി അടയാളപ്പെടുത്തുന്നു. കുടുംബത്തിനു സുരക്ഷാകവചം തീര്‍ക്കുന്ന ഒരു ധൈര്യത്തിന്റേയോ മനോഭാവത്തിന്റേയോ പേരായിട്ടാണ് 'അച്ഛന്‍' എന്ന കുടുംബനിര്‍മ്മിതി. ബലഹീനമായ ഒരു ഉള്ളടക്കം 'അച്ഛന്‍' എന്ന പേര് പേറുന്നില്ല. 

സമൂഹം/കുടുംബം പുരുഷന്റെമേല്‍ കയറ്റിവെച്ച ഈ വൈകാരികഭാരത്തിന്റെ ബലിയാണ് നെയ്യാറ്റിന്‍കര സംഭവം. ധനാത്മമായി ഏറെ മുന്നോട്ടുപോയ, 'ധനം' കൊണ്ടുമാത്രം ചലനാത്മകമായ സമൂഹത്തില്‍ 'അച്ഛന്മാര്‍' പേറുന്ന വൈയക്തിക സമ്മര്‍ദ്ദം ഏറെ വലുതും ക്ലേശം നിറഞ്ഞതുമാണ്. 

'തെരുവില്‍' നിന്നുകൊണ്ടു സ്റ്റേറ്റിനുനേരെ വിരല്‍ചൂണ്ടുന്ന, 'പ്രതിഷേധച്ചൂട്ട്' കത്തിച്ചുനില്‍ക്കുന്ന കുട്ടികള്‍ പ്രതീകാത്മകമായി 'ആണ്‍ കേരള'ത്തോടുകൂടിയാണ് സംസാരിക്കുന്നത്. പ്രചോദിപ്പിക്കുന്ന വിധത്തില്‍ ആത്മവിശ്വാസം നല്‍കാന്‍ പുരുഷന്മാരുടെ 'പിതൃ'സമൂഹത്തിനു സാധിക്കുന്നുണ്ടോ? നിര്‍മ്മാണാത്മകവും സര്‍ഗ്ഗാത്മകവുമായ പ്രചോദനം? അപ്പോഴാണ്, 'പുരുഷനു ചുറ്റും കറങ്ങുന്ന കുടുംബ' സങ്കല്‍പ്പമാണ് കേരളത്തെ പല സന്ദര്‍ഭങ്ങളിലും ഇരുട്ടില്‍ നിര്‍ത്തുന്നത് എന്നു ബോദ്ധ്യം വരിക. രാഷ്ട്രീയവും ഈ വിധം പുരുഷനെ വലയംവെയ്ക്കുന്ന സംവിധാനമാണ്. 

ഇപ്പോള്‍ത്തന്നെ കേരളത്തെ രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരു 'രാഷ്ട്രീയ മിശിഹ'യായി മുഖ്യമന്ത്രി പിണറായി വിജയനെ നാം മുന്നില്‍ നിര്‍ത്തുകയാണ്. അസാധാരണമായ ഇച്ഛാശക്തിയുള്ള നേതാവാണ് പിണറായിയെന്ന് ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. (കണ്ണൂരില്‍ കേരളപര്യടനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ജില്ലയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അതിഥികളിലൊരാളായി, അവിടെ പദ്ധതികളവതരിപ്പിച്ച ഏഴു പേരിലൊരാളായി സംസാരിക്കാന്‍ ഈ ലേഖകന് അവസരം കിട്ടി. മുഖ്യമന്ത്രി ഓരോ നിര്‍ദ്ദേശങ്ങളും സൂക്ഷ്മമായി കേട്ടു, നോട്ടെടുത്തു. അത്തരമൊരു വേദിയില്‍ ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ അനുയായി വൃന്ദങ്ങളുടെ അരോചകമായ സാന്നിദ്ധ്യവും ഗ്രൂപ്പിസവും കൊണ്ടു 'പരിപാടികള്‍ക്കുവേണ്ടിയുള്ള പരിപാടി'കളായി അതു മാറിയേനേ. (ആരവങ്ങളുടെ പൊയ്വെടികളിലാണ് കോണ്‍ഗ്രസ് ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയിലൂടെ കേരളത്തില്‍ നിലനിന്നത്.) കേരളപര്യടനം പോലെയുള്ള പരിപാടികളിലൂടെ 'ജനങ്ങളെ കേള്‍ക്കാന്‍' പിണറായി തയ്യാറാവുമ്പോഴും കേരളത്തെ രക്ഷിക്കാന്‍ സാധിക്കുന്ന ഒരേയൊരു 'രാഷ്ട്രീയ മിശിഹ' എന്ന രീതിയിലുള്ള അതിവൈകാരിക അവതരണങ്ങള്‍കൊണ്ട് കളംനിറഞ്ഞാടുകയാണ് സൈബര്‍ സഖാക്കള്‍. സൈബര്‍ സഖാക്കളെ, പ്രതിഷേധച്ചൂട്ടു കത്തിച്ചും പൊലീസിനു നേരെ വിരല്‍ചൂണ്ടിയും തെരുവില്‍ കുട്ടികള്‍ നില്‍ക്കുകയാണ്.

ഇത് മറ്റൊരു വിഷയത്തിലേക്കുകൂടി കണ്ണു തുറപ്പിക്കുന്നു. ഈ വര്‍ഷാവസാനം, 'അടിമ വിഷയം' എന്ന പുസ്തകം വായിച്ചാണ് മറികടക്കുന്നത്. പൊയ്കയില്‍ അപ്പച്ചന്‍ എന്ന പൊയ്കയില്‍ ശ്രീകുമാരഗുരുദേവ ദര്‍ശനമാണ് ഈ പുസ്തകം. സൊസൈറ്റി ഓഫ് പി.ആര്‍.ഡി.എസ് സ്റ്റഡീസ് പഠനവിഭാഗം പ്രസിദ്ധീകരിച്ച വി.വി. സ്വാമിയും ഇ.വി. അനിലും ചേര്‍ന്ന് എഴുതിയിട്ടുള്ള ഈ പുസ്തകം, മലയാളത്തില്‍ ഇറങ്ങിയ മികച്ച ആന്തോളജികളിലൊന്നാണ്. ഈ പുസ്തകം അടയാളപ്പെടുത്തുന്നത്, ''കീഴാള ജീവിതത്തിന്റെ അടിത്തട്ടനുഭവങ്ങളോട് പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്‍ നടത്തിയ കലഹങ്ങളാണ്.'' മനുഷ്യ സ്വാതന്ത്ര്യം എന്ന ആശയത്തിലേക്ക് ഒരു മലയാളി വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സൂക്ഷ്മമായ വാക്കുകളുടെ പൊട്ടിച്ചിതറലാണ് പൊയ്കയില്‍ അപ്പച്ചന്റെ ജീവിതവും പ്രബോധനങ്ങളും. കീഴാള ജീവിതത്തിന്റെ നുകത്തില്‍ മതവും ജാതിയും സമൂഹവും കയറ്റിവെച്ച ഭാരങ്ങള്‍ ഓരോന്നോയി പരിശോധിക്കുന്നുണ്ട്, പൊയ്കയില്‍ അപ്പച്ചന്‍. 'അടിമ' എന്ന സങ്കല്പനത്തില്‍നിന്ന് 'ചങ്ങല' പൊട്ടിച്ചുവരുന്ന മലയാളി പ്രവാചകനാണ് ഈ വരികളിലെ ശ്രീകുമാര ഗുരുദേവന്‍. ''നിങ്ങളെഴുതിയ ചരിത്രത്തില്‍ ഞങ്ങളെവിടെ'' എന്നാണ് ചോദ്യം. മറ്റൊരു ദേശത്തെ കഥ(സെമിറ്റിക് മതങ്ങള്‍)കളിലും ബ്രാഹ്മണ്യത്തിലും സമൂഹ ജീവിതത്തില്‍ പ്രമാണിമാരായി മാറുമ്പോഴും ''ഞങ്ങളെവിടെ? ഞങ്ങളെവിടെ?'' എന്ന് പൊയ്കയില്‍ അപ്പച്ചന്‍ ചോദിക്കുന്നു. അപ്പന്‍, മക്കള്‍, കുടുംബം-ഇവരുടെ കീഴാളനുഭവങ്ങള്‍ പറയുന്നതിലൂടെ ദുരന്തങ്ങളാണ് തീറാധാരങ്ങളായി കീഴാളജനതയ്ക്ക് ഭരണ/പുരോഹിത/ബ്രാഹ്മണ/സെമിറ്റിക് മതങ്ങള്‍ പതിച്ചുനല്‍കിയത് എന്ന് ഈ പുസ്തകം പറയുന്നു. സിനിമയിലെ അച്ഛനല്ല, ചരിത്രത്തിലെ അച്ഛന്‍.

അരികുവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ തെരുവില്‍ കത്തുകയും നിലവിളിക്കുകയും ചെയ്യുകയാണ്. നെയ്യാറ്റിന്‍കരയിലെ ആ കുട്ടി വിരല്‍ചൂണ്ടുന്നത്, 'സിവില്‍ സൊസൈറ്റി'ക്കു നേരെയാണ്. തെരുവിലെ വിജയഘോഷയാത്രകളില്‍ അവരുണ്ട്. ഘോഷയാത്രകള്‍ക്കുശേഷം, കോളനികളിലും ചെറിയ കൂരകളിലും അവര്‍ തനിച്ചാണ്. നിയമം പലപ്പോഴും ചെറിയവരുടെ നേര്‍ക്ക് നിര്‍ദ്ദയമായ കാര്‍ക്കശ്യത്തോടെ നടപ്പിലാവുന്നു. 'അടിച്ചമര്‍ത്തപ്പെട്ട' അടിമത്തമാണ് തദ്ദേശീയരായ അപരരെ സൃഷ്ടിച്ചതെന്ന് പൊയ്കയില്‍ അപ്പച്ചന്റെ കുറിപ്പുകളും കവിതകളും ദര്‍ശനങ്ങളും പറയുന്നു.

എന്നാണ്, നമ്മുടെ സഖാക്കള്‍ കീഴാള ജനതയുടെ രാഷ്ട്രീയത്തെ മൂര്‍ത്തമായ സാഹചര്യത്തില്‍ അഡ്രസ് ചെയ്തു തുടങ്ങുക? നമ്മുടെ ദളിത് ആക്ടിവിസ്റ്റുകള്‍ പലരും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ മൈക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍, ഇടതുപക്ഷം തന്നെയാണ് അടഞ്ഞ വഴികള്‍ തുറക്കേണ്ടതും ഇരുട്ടിടങ്ങളില്‍ വെളിച്ചമെത്തിക്കേണ്ടതും. ഇസ്ലാമിസ്റ്റുകള്‍ക്ക് നാം നമ്മുടെ തെരുവുകള്‍ വിട്ടു കൊടുക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com