പതിനെട്ടടവും പയറ്റി തൃണമൂലും ബി.ജെ.പിയും; ബംഗാള്‍ ആരുടെ ഹൃദയഭൂമി?

ചരിത്രത്തിലാദ്യമായി അധികാരലബ്ധിക്കായി തൃണമൂലും ബി.ജെ.പിയും പതിനെട്ടടവും പയറ്റി പടപൊരുതുകയാണ്
മമതാ ബാനർജി
മമതാ ബാനർജി

2021-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും തീക്ഷ്ണമായ പോരാട്ടം നടക്കുക പശ്ചിമബംഗാളിലാകും. ചരിത്രത്തിലാദ്യമായി അധികാരലബ്ധിക്കായി തൃണമൂലും ബി.ജെ.പിയും പതിനെട്ടടവും പയറ്റി പടപൊരുതുകയാണ്. 1998 മുതല്‍ 2004 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പങ്കാളിയായി മാറ്റുരച്ച ബി.ജെ.പി ഇന്ന് മമതയുടെ ആദ്യ എതിരാളിയാണ്. 2001-ലും 2006-ലും മമത ബി.ജെ.പിക്ക് പകരം കോണ്‍ഗ്രസ്സിനെയാണ് കൂടെക്കൂട്ടിയത്. 2011-ല്‍ ഇടതുപക്ഷത്തെ നാമാവശേഷമായ തെരഞ്ഞെടുപ്പിലും മമത കോണ്‍ഗ്രസ്സുമായി സഖ്യത്തിലായിരുന്നു. കലുഷിതമായ ബംഗാള്‍ രാഷ്ട്രീയത്തില്‍ 2014-നുശേഷം ചടുലമായ നീക്കങ്ങള്‍കൊണ്ട് ബി.ജെ.പി കളംപിടിക്കാന്‍ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. 

നവോത്ഥാനത്തിന്റേയും സാംസ്‌കാരിക വിപ്ലവങ്ങളുടേയും ചരിത്രം പേറുന്ന ബംഗാളിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പ്. ഒരു ദശാബ്ദത്തിനുശേഷമുള്ള രാഷ്ട്രീയ വഴിത്തിരിവ്. ദീദിയുഗം എന്നു വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രീയ പരിസരത്തിലേക്ക് ബംഗാള്‍ രാഷ്ട്രീയം തകിടം മറിഞ്ഞത് പത്ത് വര്‍ഷം മുന്‍പാണ്. 34 വര്‍ഷക്കാലം തുടര്‍ച്ചയായി ഭരിച്ച സി.പി.എമ്മിന്റെ ജനകീയാടിത്തറ ഇളകിത്തുടങ്ങിയത് ആ കാലഘട്ടത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും എന്തിനേറെ കോണ്‍ഗ്രസ്സിനുപോലും രാഷ്ട്രീയ നേട്ടം നല്‍കി സിംഗൂരിലും നന്ദിഗ്രാമിലും നടന്ന സംഭവവികാസങ്ങള്‍. തീവ്ര ഇടതുപക്ഷ സംഘടനകളുമായി കൂടിയാലോചനകള്‍ നടത്തി അവരുടെ പിന്തുണയോടെയാണ് മമത ആദ്യം അധികാരത്തിലെത്തിയത്. എന്നാല്‍, അധികാരത്തിന്റെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ പിന്തുണച്ചവരെയെല്ലാം മമത ശത്രുക്കളാക്കി. കിഷന്‍ജിയുടെ കൊലപാതകത്തോടെ മാവോയിസ്റ്റുകളും തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളും മമതയെ കൈവിട്ടു. കഴിഞ്ഞ പത്തു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന തൃണമൂലിന്റെ ഇന്നത്തെ പ്രധാന എതിരാളി ബി.ജെ.പിയാണ്.

അടുത്തകാലത്ത് നടന്ന ഏതൊരു നിയമസഭാ തെരഞ്ഞെടുപ്പിനേക്കാളും പ്രാധാന്യത്തോടെയാണ് ബി.ജെ.പി ഇത്തവണ ബംഗാളിനെ കാണുന്നത്. ഏപ്രില്‍-മേയ് കാലയളവില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മമതയും അമിത് ഷായും തമ്മിലുള്ള തുറന്ന പോരായി മാറിക്കഴിഞ്ഞു. കൂടുമാറ്റവും വര്‍ഗ്ഗീയതയും തുടങ്ങി സാധ്യമായ എല്ലാ കളികളും പയറ്റുകയാണ് ബി.ജെ.പി. ബീഹാറിലെ മുന്നേറ്റം അമിത്ഷായ്ക്ക് ആത്മവിശ്വാസവും നല്‍കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ബംഗാളില്‍ അരാജകത്വവും ഏകാധിപത്യവും തുടരുമെന്നും ന്യൂനപക്ഷ പ്രീണനം കൂടുന്നതോടെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അമിത് ഷാ റാലികളില്‍ പ്രസംഗിക്കുന്നു. അതേസമയം ബി.ജെ.പി ജയിച്ചാല്‍ ബംഗാളിന്റെ അടിസ്ഥാന സ്വഭാവം തന്നെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മറുപടി. വിവേകാനന്ദനും ടാഗോറും തുടങ്ങി ബംഗാളിന്റെ ചരിത്രം രൂപപ്പെടുത്തിയവരുടെ സംഭാവനയായ മതേതരത്വവും മതസഹിഷ്ണുതയും ഇല്ലാതാകുമെന്നും അവര്‍ പറയുന്നു. ബംഗാളിയല്ലാത്ത പുറത്തുനിന്നൊരാള്‍ ബംഗാളിനെ ഭരിക്കുന്നത് ഒഴിവാക്കണമെന്ന് തൃണമൂലിന്റെ വാദം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ബിജെപി കൊൽക്കത്തയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ അമിത് ഷാ
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ബിജെപി കൊൽക്കത്തയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ അമിത് ഷാ

വംഗനാടാണ് ഇനി ഹൃദയഭൂമി

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ബംഗാളില്‍ സ്വാധീനം മെച്ചപ്പെടുത്താന്‍ ബി.ജെ.പി ശ്രമിച്ചുതുടങ്ങിയിട്ട്. രണ്ട് കാരണങ്ങളാണ് അതിനവരെ പ്രേരിപ്പിക്കുന്നത്. ഒന്ന്, ഹിന്ദി ഹൃദയഭൂമി കയ്യടക്കുന്നതിനൊപ്പം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സ്വാധീനമുറപ്പിക്കണം. രണ്ട്, ബംഗാള്‍ കിട്ടിയാല്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കടന്നുകയറ്റം കുറച്ചുകൂടി വേഗത്തിലാകും. ലോക്സഭയിലെ മേധാവിത്വം നിലനിര്‍ത്താന്‍, കേരളത്തിലും തമിഴ്നാട്ടിലും നേട്ടമുണ്ടാക്കുന്നതിനേക്കാള്‍ എളുപ്പമാണ് ബംഗാളില്‍ സ്വാധീനശക്തിയാകാന്‍ എന്ന ബോധ്യം അവര്‍ക്കുണ്ട്. ബി.ജെ.പിയുടേയും ജനസംഘത്തിന്റേയും സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മനാട്ടില്‍ വേരുറപ്പിക്കുകയെന്ന വൈകാരിക കാരണം മറ്റൊന്ന്. ഇതൊക്കെ മുന്നില്‍ കണ്ടാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി അമിത് ഷായുടെ നേതൃത്വത്തില്‍ അണിയറനീക്കങ്ങള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടാന്‍, വികസനപദ്ധതികള്‍ ചര്‍ച്ചയാക്കാന്‍ അമിത് ഷാ മാസത്തില്‍ ഒരു തവണയെങ്കിലും ബംഗാളിലെത്തുന്നു. 2011-ല്‍ ആകെയുള്ള 294 നിയമസഭാമണ്ഡലങ്ങളില്‍ 289 സീറ്റുകളില്‍ ബി.ജെ.പി മത്സരിച്ചിരുന്നെങ്കിലും 4.06 ശതമാനം മാത്രമായിരുന്നു വോട്ടുവിഹിതം. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 291 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിക്ക് ജയിക്കാനായത് മൂന്നു സീറ്റുകളില്‍ മാത്രമാണ്. 10.6 ശതമാനമാണ് വോട്ടുവിഹിതം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 എണ്ണത്തില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. അതോടെ, വോട്ടുവിഹിതം 40.64 ശതമാനമായി ഉയര്‍ന്നു.

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 294 സീറ്റുകളില്‍ 184 സീറ്റുകളിലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ജയിക്കാനായത്. തൃണമൂലുമായി ധാരണയില്‍ മത്സരിച്ച കോണ്‍ഗ്രസ് 42 സീറ്റുകളില്‍ ജയിച്ചു. 39.9 ശതമാനമാണ് ഇരുപാര്‍ട്ടികളും കൂടി ചേര്‍ന്നു നേടിയ വോട്ടുവിഹിതം. 2014-ല്‍ മോദി പ്രഭാവത്തിലും 42 ലോക്സഭാ സീറ്റുകളില്‍ 34 എണ്ണത്തില്‍ വിജയിക്കാന്‍ തൃണമൂലിനു കഴിഞ്ഞു. ലോക്സഭയില്‍ പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയാകാനും കഴിഞ്ഞു. ജനകീയതയുടെ പിന്‍ബലത്തില്‍ 2016-ല്‍ 211 സീറ്റുകള്‍ നേടാന്‍ മമതയ്ക്ക് കഴിഞ്ഞു. 45 ശതമാനം വോട്ടാണ് അന്ന് തൃണമൂലിനു കിട്ടിയത്. എന്നാല്‍, അഞ്ചുവര്‍ഷത്തെ ബി.ജെ.പിയുടെ തുടര്‍ച്ചയായ പ്രചാരണത്തിന് 2019-ല്‍ ഫലം കണ്ടു. മമതയുടെ വിജയം 22 സീറ്റിലൊതുങ്ങി. എങ്കിലും വോട്ടുശതമാനം 44 ആയി നിലനിന്നു.
 
2019 ഇലക്ഷനോടെ ഒരു കാര്യം വ്യക്തമായിരുന്നു. മിഷന്‍ ബംഗാള്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടില്ലെങ്കിലും വരുംകാലങ്ങളില്‍ ബി.ജെ.പിയാകും മമതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയെന്നത്. 121 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വോട്ടുവിഹിതത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നതാണ് മറ്റൊരു ട്വിസ്റ്റ്. വര്‍ഗ്ഗീയരാഷ്ട്രീയവും കേന്ദ്രാധികാരവും പ്രയോഗിക്കുന്ന ബി.ജെ.പി മൂന്നാമൂഴവും അധികാരത്തിലെത്താന്‍ മമതയ്ക്ക് കഴിയില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. മമതയുടെ പഴയ പ്രതിയോഗികളായ സി.പി.എമ്മും കോണ്‍ഗ്രസ്സും അത് തന്നെ ആഗ്രഹിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ബി.ജെ.പിയോടും സി.പി.എമ്മിനോടും കോണ്‍ഗ്രസ്സിനോടും ഒരുപോലെ പോരാടേണ്ടിവരും ഇത്തവണ അധികാരമുറപ്പിക്കാന്‍.

പശ്ചിമ ബം​ഗാൾ ​ഗവർണർ ജ​ഗദീപ് ധൻകറും മുഖ്യമന്ത്രി മമതാ ബാനർജിയും
പശ്ചിമ ബം​ഗാൾ ​ഗവർണർ ജ​ഗദീപ് ധൻകറും മുഖ്യമന്ത്രി മമതാ ബാനർജിയും

ഇടതുഭാഗത്തെ വോട്ടുചോര്‍ച്ച

2014-ല്‍ 17 ശതമാനം വോട്ടുനേടിയ ബി.ജെ.പി സഖ്യമില്ലാതെയാണ് രണ്ട് സീറ്റുകള്‍ നേടിയത്. 2011-2014 കാലയളവില്‍ വോട്ടുവിഹിതത്തില്‍ തൃണമൂലിനും കോണ്‍ഗ്രസ്സിനും കാര്യമായ നഷ്ടവുമുണ്ടായിട്ടില്ല. അസംതൃപ്തരായ ഇടത് വോട്ടര്‍മാരാണ് ബി.ജെ.പിക്ക് നേട്ടമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ മാറ്റം സി.പി.എം സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ ഗൗരവമായി എടുത്തില്ലെന്ന് പറയുന്നു സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രസന്‍ജിത്ത് ബോസ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിച്ചത് ഒറ്റയ്ക്കാണ്. ചരിത്രത്തിലാദ്യമായി സി.പി.എം കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയതും അന്നാണ്. കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തിന് കിട്ടിയത് 39 ശതമാനം വോട്ടുവിഹിതമാണ്. തൃണമൂലിന് 45 ശതമാനവും. കോണ്‍ഗ്രസ് 44 സീറ്റ് നേടിയപ്പോള്‍ 32 സീറ്റ് നേടിയ സി.പി.എം മൂന്നാം സ്ഥാനത്തായി. ബി.ജെ.പിയുടെ വോട്ടുവിഹിതം 2014-ല്‍ നേടിയ 17 ശതമാനമെന്നത് 2016-ല്‍ പത്തായി കുറഞ്ഞു. ബി.ജെ.പിയുടെ വോട്ടുവിഹിതം കുറച്ചത് വിജയമായി സി.പി.എം നേതൃത്വം അവകാശപ്പെടുന്നെങ്കിലും സ്വന്തം വോട്ടുവിഹിതം മൂന്നു ശതമാനമായി കുറഞ്ഞത് പരിഗണിക്കപ്പെട്ടില്ല. 2014-2016 കാലയളവില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിലായിരുന്ന കാലയളവില്‍ ബി.ജെ.പിയിലേക്ക് പോയ വോട്ടുകള്‍ 2016-ല്‍ തിരിച്ചെത്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം - അദ്ദേഹം ദി ഹിന്ദുവിലെഴുതിയ ലേഖനത്തില്‍ പറയുന്നു. 2016-ലാകട്ടെ, ബി.ജെ.പിയുടെ വോട്ടുവിഹിതം 10 ശതമാനത്തില്‍നിന്ന് 2019-ല്‍ 40 ശതമാനമായി. അതേസമയം ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം 27 ശതമാനത്തില്‍നിന്ന് ഏഴര ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസ്സിന്റെ വോട്ടുവിഹിതം ഏഴു ശതമാനം കുറഞ്ഞപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനു നഷ്ടമായത് കേവലം രണ്ടു ശതമാനം വോട്ടുവിഹിതം മാത്രമായിരുന്നു. അതായത്, സി.പി.എമ്മിനും ഇടതുപക്ഷത്തിനും രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പ് രംഗത്തും ഉണ്ടായ തിരിച്ചടിയാണ് ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും ബംഗാളില്‍ ഇടം ഉണ്ടാക്കിക്കൊടുത്തത്. ദളിതരും ആദിവാസികളും ഉള്‍പ്പെടുന്ന നഗര-ഗ്രാമ പ്രദേശങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളായിരുന്നു ഇടതുപക്ഷത്തിന്റെ അടിത്തറ. 2014-ഓടെ ഇവര്‍ പതുക്കെ ബി.ജെ.പിയിലേക്ക് നീങ്ങിത്തുടങ്ങിയെന്നു അദ്ദേഹം പറയുന്നു. 

ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീരാമകൃഷ്ണ പരമഹംസന്റെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാഞ്ജലി നടത്തുന്നു
ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീരാമകൃഷ്ണ പരമഹംസന്റെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാഞ്ജലി നടത്തുന്നു

വിവേകാനന്ദനും ടാഗോറും 'സാംസ്‌കാരിക യുദ്ധം'

ബംഗാളിനെ അഞ്ചുഭാഗങ്ങളായി തിരിച്ചാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഏകോപനം. അതില്‍ത്തന്നെ വടക്കന്‍ ബംഗാള്‍, നവാദ്വിപ്, കൊല്‍ക്കത്ത, മേദിനിപൂര്‍, റാഹ് ബംഗാ എന്നിങ്ങനെ തിരിച്ച മേഖലകളില്‍ 23 ജില്ലകള്‍ ഉള്‍പ്പെടുന്നു. സായന്തന്‍ ബസു, ബിസ്വാപ്രിയോ റോയ് ചൗധരി, സഞ്ജയ് സിങ്, ജ്യോതിര്‍മയി സിങ് മഹതോ, രാജു ബാനര്‍ജി എന്നീ സംസ്ഥാന നേതാക്കള്‍ക്കാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല. ഇതിനു പുറമേ ഏഴു കേന്ദ്ര നേതാക്കളെയും ബി.ജെ.പി നിയോഗിച്ചിട്ടുണ്ട്. സഞ്ജയ് ബല്യാണ്‍, ഗജേന്ദ്ര ഷെഖാവത്ത്, അര്‍ജുന്‍ മുണ്ടെ, മനുഷ്‌ക് മാണ്ഡവ്യ, കേശവ് മൗര്യ, പ്രധാന്‍ സിങ് പട്ടേല്‍, നരോതം മിശ്ര എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല. ഓരോരുത്തരും ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ മേല്‍നോട്ടം വഹിക്കും. ദളിതരും കര്‍ഷകരും തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന ജനസമൂഹവുമായി നേരിട്ട് സംവേദിക്കാനാണ് നിര്‍ദ്ദേശം. ഈ മേഖലകളിലാണ് ജെ.പി. നഡ്ഡയും അമിത്ഷായും പര്യടനം നടത്തിയതും. സാധാരണ ജനങ്ങളോടു മാത്രമല്ല, ബുദ്ധിജീവികളും കലാകാരന്മാരുമായും ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 

ക്ഷേത്രദര്‍ശനങ്ങളാണ് മറ്റൊരു തന്ത്രം. ജെ.പി. നഡ്ഡയും അമിത് ഷായും ഓരോ സന്ദര്‍ശനവേളയിലും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നു; മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. ദക്ഷനീശ്വര്‍, കാലിഘട്ട് തുടങ്ങിയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച അമിത് ഷാ ബംഗാളിലെ ചരിത്രവ്യക്തിത്വങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിര്‍സ മുണ്ടെ മുതല്‍ ഖുദിറാം ബോസ് വരെയുള്ളവര്‍ വിവേകാനന്ദനേയും ടാഗോറിനേയും വരെ ആദരിക്കുന്നു. രാമകൃഷ്ണ ആശ്രമത്തിലെത്തി സ്വാമി വിവേകാനന്ദന്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, ശാരദാ ദേവി എന്നിവരുടെ ഛായാചിത്രങ്ങള്‍ക്കു മുന്‍പില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് അമിത് ഷാ റാലിക്ക് തുടക്കം കുറിച്ചത്. സ്വാമി വിവേകാനന്ദന്‍ ആധുനികതയേയും ആത്മീയതയേയും യോജിപ്പിച്ചുവെന്നാണ് അമിത് ഷാ പറഞ്ഞത്. ബംഗാളിന്റെ ചരിത്രസവിശേഷതകളായ മതേതരത്വവും നവോത്ഥാനവുമൊക്കെ വര്‍ഗ്ഗീയത ചാലിച്ച് വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് ഇതൊക്കെ. ഭോല്‍പൂര്‍, ശാന്തിനികേതന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച പ്ലക്കാര്‍ഡുകളില്‍ വിശ്വ മഹാകവി ടഗോറിന്റെ ചിത്രത്തിനു മുകളില്‍ അമിത് ഷായുടെ ചിത്രം വച്ചത് വിവാദത്തിനുമിടയാക്കി. സ്വാമി വിവേകാനന്ദന്‍ കുടുംബവീടും മ്യൂസിയവും സന്ദര്‍ശിച്ച ശേഷം പശ്ചിമ മിഡ്നാപുരിലെത്തിയ അമിത് ഷാ ഒരു കര്‍ഷകഭവനത്തില്‍നിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. കര്‍ഷകപ്രക്ഷോഭം നടക്കവേ അത് പരിഹരിക്കാന്‍ കൂട്ടാക്കാതെ ഇത്തരം പ്രഹസനങ്ങള്‍ നടത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. 

മറ്റു പാര്‍ട്ടികളിലെ വിമതരെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതാണ് മറ്റൊരു തന്ത്രം. സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ എം.എല്‍.എയും എം.പിയും വരെ, കൂറുമാറാന്‍ സാധ്യതയുള്ളവരെ ആകര്‍ഷിക്കാനാണ് നീക്കം. മമതയുടെ വലംകയ്യും ഗ്രാമീണ മേഖലയില്‍ തൃണമൂലിന്റെ മികച്ച നേതാവുമായ ഗതാഗതമന്ത്രിയായിരുന്ന സുവേന്ദു അധികാരി രാജിവച്ചതിനു പിന്നാലെ മറ്റൊരു എം.എല്‍.എയായ ജിതേന്ദ്ര തിവാരിയും രാജി പ്രഖ്യാപിച്ചു. എന്നാല്‍, രാജി തീരുമാനം തെറ്റായിരുന്നുവെന്ന് പ്രഖ്യാപിച്ച് ജിതേന്ദ്ര തിവാരി വൈകാതെ പാര്‍ട്ടിയില്‍ മടങ്ങിയെത്തിയത് തൃണമൂലിന് ആശ്വാസമായി. തിവാരിയുടെ അടുത്ത അനുയായിയായ ദീപ്താന്‍ഷു ചൗധരിയും പാര്‍ട്ടിവിട്ടു. മുന്‍പ്, ബി.ജെ.പിയില്‍നിന്നാണ് ഇദ്ദേഹം തൃണമൂലില്‍ എത്തിയത്. പിന്നാലെ എം.എല്‍.എ സില്‍ഭദ്ര ദത്തയും ന്യൂനപക്ഷ സെല്‍ നേതാവ് കബീറുള്‍ ഇസ്ലാമും രാജിവച്ചു. നേരത്തെ പാര്‍ട്ടിവിട്ട മുകുള്‍ റോയിയുമായി അടുത്ത ബന്ധമാണ് സില്‍ഭദ്രയ്ക്ക്. പാര്‍ട്ടിയുടെ രണ്ടാം നിരയിലുള്ള പല നേതാക്കളും രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ എം.എല്‍.എമാര്‍ സുവേന്ദുവിനേയും സില്‍ഭദ്രയേയും തുണച്ചു പാര്‍ട്ടി വിട്ടേക്കുമെന്നും കരുതുന്നു. ഇതുവരെ ആറ് തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് മാറിയിട്ടുണ്ട്. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പി പാളയത്തിലെത്തി. 

അനന്തരവനും ചാണക്യനും

സി.പി.എമ്മിന്റെ അടിവേരിളക്കിയ സിംഗൂര്‍, നന്ദിഗ്രാം പോരാട്ടങ്ങളുടെ തന്ത്രങ്ങള്‍ മെനഞ്ഞത് സുവേന്ദുവായിരുന്നു. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടിയില്‍ നേടിയ അപ്രമാദിത്വമാണ് സുവേന്ദുവിനെ ബി.ജെ.പിയില്‍ ചേക്കേറാന്‍ പ്രേരിപ്പിച്ചത്. അഭിഷേകിനെ മമതയുടെ അനന്തരാവകാശി എന്നാണ് കണക്കാക്കുന്നത്. ഇത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. മറ്റൊന്ന്, തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചാണക്യനെന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോറിന്റെ വരവാണ്. ഇവര്‍ രണ്ടുപേരുമാണ് പ്രധാന  തീരുമാനങ്ങളെടുക്കുന്നതെന്ന പരാതി മുതിര്‍ന്ന നേതാക്കളിലുണ്ട്. 

2014-ല്‍ മോദിക്കൊപ്പം പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോറിനെ പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ബി.ജെ.പി നേതാക്കളുമായി ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്ന പ്രശാന്ത് കിഷോര്‍ ബി.ജെ.പിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായം ഇവര്‍ക്കുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം പ്രശാന്ത് കിഷോര്‍ തീരുമാനമെടുക്കുന്നത് ബി.ജെ.പിയുടെ മിഷന്‍ ബംഗാളിന്റെ ഭാഗമാണെന്നും ഇവര്‍ കരുതുന്നു. സീറ്റുകളുടെ എണ്ണം രണ്ടക്കം തികയ്ക്കാന്‍ ബി.ജെ.പി കഷ്ടപ്പെടുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന്റെ ജെ.ഡി.യുവില്‍ ചേര്‍ന്ന പ്രശാന്ത് ആ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് 'അച്ചടക്കലംഘനത്തിന്' ജെ.ഡി.യുയില്‍നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടത്.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകൾ റോയിയോടൊപ്പം കേന്ദ്ര മന്ത്രിമാരായ അനുരാ​ഗ് ഠാക്കൂറും ബാബുൽ സുപ്രിയോയും 
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകൾ റോയിയോടൊപ്പം കേന്ദ്ര മന്ത്രിമാരായ അനുരാ​ഗ് ഠാക്കൂറും ബാബുൽ സുപ്രിയോയും 

പൗരത്വ നിയമം വേണ്ട ഹിന്ദുക്കള്‍

ജയിലില്‍ പോകേണ്ടിവന്നാലും പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കില്ലെന്നാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് അയല്‍രാജ്യങ്ങളിലെ ആറ് മതങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. എന്നാല്‍, ഈ ആറു മതങ്ങളില്‍ മുസ്ലിം വിഭാഗക്കാര്‍ ഉണ്ടായിരുന്നില്ല. ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ബംഗാളിലെ ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തിനൊപ്പമായിരുന്നു മമത. വര്‍ഷങ്ങള്‍ക്കു മുന്‍പു കുടിയേറിയവരെ പൗരന്മാരല്ലെന്നു പറഞ്ഞ് പുറത്താക്കാനാകില്ലെന്നായിരുന്നു മമതയുടെ നിലപാട്. അതേസമയം മമതയുടെ മുസ്ലിം പ്രീണനം വഴി ഭൂരിപക്ഷ വോട്ടുകള്‍ നേടുകയെന്നതാണ് ബി.ജെ.പി പ്രയോഗിച്ച തന്ത്രം. എന്നാല്‍, ഹിന്ദുവിഭാഗത്തിലെ ഒരു ന്യൂനപക്ഷം പൗരത്വനിയമം നടപ്പാക്കണമെന്നാവശ്യപ്പെടുന്നു. 45 മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണ്ണയിക്കാന്‍ ശേഷിയുള്ള വിഭാഗമാണ് അവര്‍. രണ്ട് കോടിയിലധികം വരുന്ന ഈ വിഭാഗത്തിന് മുര്‍ഷിദാബാദിലും ദിനജ്പൂരിലുമൊക്കെ നല്ല സ്വാധീനമുണ്ട്. വിഭജനസമയത്ത് ബംഗ്ലാദേശില്‍നിന്നും കുടിയേറിപ്പാര്‍ത്തവരാണ് ഇവര്‍. 

നിയമം നടപ്പാക്കിയാല്‍ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഈ വിഭാഗക്കാര്‍ക്ക്. വോട്ടവകാശമുണ്ടെങ്കിലും 2003-ലെ നിയമം പാസ്സാക്കിയാല്‍ ഈ വിഭാഗക്കാര്‍ അനധികൃത കുടിയേറ്റക്കാരായി മാറും. അതുകൊണ്ട് തന്നെ പൗരത്വം നല്‍കാമെന്ന ബി.ജെ.പിയുടെ ഉറപ്പിനെ ഇവരില്‍ പലരും വിശ്വസിക്കുന്നില്ല. ബോന്‍ഗോന്‍ എന്ന മണ്ഡലത്തിലെ പ്രചാരണം തന്നെ അമിത് ഷാ ഉപേക്ഷിച്ചത് പ്രതിഷേധം കണക്കിലെടുത്താണ്. അതേസമയം വികസന മുന്നേറ്റങ്ങള്‍ക്ക് പ്രചാരം നല്‍കുന്ന മമത മത്വ സമുദായ സ്ഥാപകരെ ആദരിക്കുന്ന ചടങ്ങുകളില്‍ പങ്കെടുത്ത് ജനകീയത കൂട്ടാനുള്ള പരിശ്രമത്തിലുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com