ഉദുമ എം.എല്‍.എയുടെ പെരുമാറ്റത്തെ ജനാധിപത്യവാദികള്‍ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ/ ഫെയ്സ്ബുക്ക്
ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ/ ഫെയ്സ്ബുക്ക്

പാര്‍ലമെന്ററി ജനാധിപത്യം സാര്‍ത്ഥകമാകണമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും സുതാര്യവുമായിരിക്കണം. ഇലക്ഷന്‍ പ്രചാരണം തൊട്ട് വോട്ടെടുപ്പും വോട്ടെണ്ണലും വരെയുള്ള കാര്യങ്ങളില്‍ നിര്‍ദ്ദിഷ്ട ചട്ടങ്ങള്‍ ബന്ധപ്പെട്ട എല്ലാവരും കണിശമായി പാലിച്ചെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് അകളങ്കിതമായി നടന്നു എന്നവകാശപ്പെടാനാവൂ. ഇലക്ഷന്‍ ചുമതലയിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെന്നപോലെ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും സമ്മതിദായകര്‍ക്കും താന്താങ്ങള്‍ നിഷ്ഠയോടെ പുലര്‍ത്തേണ്ട കര്‍മ്മവിശുദ്ധി ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വല്ലവരും അറിഞ്ഞോ അറിയാതേയോ വീഴ്ചവരുത്തിയാല്‍ അത് തെരഞ്ഞെടുപ്പിന്റേയും ജനാധിപത്യത്തിന്റേയും പവിത്രതയെ പ്രതികൂലമായി ബാധിക്കും.

മേല്‍ച്ചൊന്ന പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് കേരളീയര്‍ എന്നു നാം മേനി നടിക്കാറുണ്ട്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സ്വതന്ത്രതയും സ്വച്ഛതയും നീതിപൂര്‍വ്വകതയും ഇവിടെ പരിലസിക്കുന്നു എന്നാണ് നാം അഭിമാനിക്കാറുള്ളത്. അതില്‍ ശരിയുടെ അംശങ്ങള്‍ ധാരാളമുണ്ടെങ്കിലും തെറ്റിന്റെ അംശങ്ങള്‍ തീരെയില്ല എന്നു പറഞ്ഞുകൂടാ. സമ്മതിദാന പ്രക്രിയയില്‍ വിഹിതമല്ലാത്ത ഇടപെടലുകള്‍ വ്യക്തികള്‍ എന്നതിലേറെ പാര്‍ട്ടികളില്‍നിന്നു ആസൂത്രിതമായി സംഭവിക്കുന്നു എന്നതത്രേ അത്തരം തെറ്റുകളില്‍ പ്രധാനപ്പെട്ട ഒന്ന്.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസറായി പ്രവര്‍ത്തിച്ച ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഉന്നയിച്ച പരാതി മുകളില്‍ പരാമര്‍ശിച്ച തരത്തിലുള്ള അവിഹിത ഇടപെടലിനുള്ള മികച്ച ഉദാഹരണമാണ്. കാസര്‍കോഡ് ജില്ലയില്‍ ഉദുമ അസംബ്ലി നിയോജകമണ്ഡലത്തിലെ ചെക്കറപ്പാറ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ രണ്ടു ബൂത്തുകളിലൊന്നില്‍ പ്രിസൈഡിംഗ് ഓഫീസറായിരുന്ന പ്രൊഫ. കെ.എം. ശ്രീകുമാറാണ് പരാതിക്കാരന്‍. കേരള കാര്‍ഷിക സര്‍വ്വകലാശാല അദ്ധ്യാപകനായ അദ്ദേഹം ഇടതുപക്ഷ ചിന്താഗതിക്കാരനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമാണെന്നാണറിവ്. തന്റെ കൃത്യനിര്‍വ്വഹണത്തില്‍ സ്ഥലം എം.എല്‍.എയായ കെ. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ ന്യായരഹിതമായി ഇടപെട്ടു എന്ന് ശ്രീകുമാര്‍ ആരോപിക്കുന്നു. 'വടക്കേ മലബാറിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒരു പോളിങ്ങ് അനുഭവം' എന്ന തലക്കെട്ടില്‍ താനിട്ട പോസ്റ്റിലാണ് പ്രിസൈഡിംഗ് ഓഫീസര്‍ തന്റെ ദുരനുഭവം വെളിപ്പെടുത്തുന്നത്. കള്ളവോട്ട് തടയുക എന്ന ഉദ്ദേശ്യത്തോടെ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷ്മമായി പരിശോധിക്കാന്‍ താന്‍ നടത്തിയ ശ്രമം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് രുചിച്ചില്ലെന്നു പരാതിക്കാരന്‍ പറയുന്നു. കാര്‍ഡ് പരിശോധന ഒന്നാം പോളിംഗ് ഓഫീസര്‍ നടത്തിയാല്‍ മതിയെന്ന് ഉത്തരവിട്ട എം.എല്‍.എ ''മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലുവെട്ടും'' എന്ന ഭീഷണി തനിക്കെതിരെ ഉയര്‍ത്തിയതായി ശ്രീകുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതുപോലുള്ള അനുഭവങ്ങള്‍ കണ്ണൂര്‍- കാസര്‍കോഡ് ജില്ലകളില്‍ പുത്തരിയല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോട്ടകളില്‍ ആ പാര്‍ട്ടിക്കാരും ലീഗിന്റേയും ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയുമൊക്കെ സ്വാധീനമേഖലകളില്‍ ആ കക്ഷിക്കാരും ഇതുപോലുള്ള അതിക്രമങ്ങള്‍ പലപ്പോഴും നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആ വിഷയത്തില്‍ പക്ഷേ, 'ആസൂത്രണപാടവം' പ്രദര്‍ശിപ്പിച്ചിട്ടുള്ളത് സി.പി.ഐ.എം ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 'പാര്‍ട്ടി ഗ്രാമ'ങ്ങളില്‍ ഇതര പാര്‍ട്ടികള്‍ക്ക് യാതൊരു സ്വാധീനവുമില്ലെന്നു മാലോകരെ ബോധ്യപ്പെടുത്താനുള്ള വ്യഗ്രതയാണ് ഇമ്മട്ടിലുള്ള 'പോളിംഗ് ബൂത്ത് വ്യായാമ'ങ്ങള്‍ക്കുള്ള പ്രേരകങ്ങളില്‍ പ്രധാനം.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടായിസം

പാര്‍ട്ടി ഗ്രാമങ്ങള്‍ ഇടതുപക്ഷത്തിന്റേതായാലും വലതുപക്ഷത്തിന്റേതായാലും അതിവലതുപക്ഷ മതതീവ്രവാദക്കാരുടേതായാലും ആ പരികല്‍പ്പന സൂക്ഷ്മപരിശോധന അര്‍ഹിക്കുന്നുണ്ട്. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വന്‍ഭൂരിപക്ഷമുള്ള ഗ്രാമം എന്നല്ല 'പാര്‍ട്ടിഗ്രാമ'ത്തിന്റെ യഥാര്‍ത്ഥ വിവക്ഷ. ഒരു പാര്‍ട്ടിയുടെ ആശയാഭിലാഷങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കുമനുസരിച്ചു മാത്രം ജീവിക്കാന്‍ ഗ്രാമനിവാസികള്‍ മുഴുവന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന അനഭിലഷണീയവും ജനാധിപത്യ വിരുദ്ധവുമായ അവസ്ഥാവിശേഷം നിലനില്‍ക്കുന്ന പ്രദേശം എന്ന സങ്കല്‍പ്പനമത്രേ പാര്‍ട്ടി ഗ്രാമത്തിന്റെ അടിത്തട്ടിലുള്ളത്. ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ മുഴുവന്‍ ഒരു പാര്‍ട്ടിയുടെ അഭീഷ്ടങ്ങള്‍ക്കനുസരിച്ചു മാത്രം ജീവിക്കണമെന്നത് എത്രത്തോളം ജനവിരുദ്ധവും ഫാഷിസ്റ്റുമാണോ അത്രത്തോളം തന്നെ ജനവിരുദ്ധവും ഫാഷിസ്റ്റുമാണ് ഒരു ഗ്രാമത്തിലെ ജനങ്ങളാകെ ഒരു പാര്‍ട്ടിയുടെ അഭീഷ്ടങ്ങള്‍ക്കനുസരിച്ചു മാത്രം ജീവിക്കണമെന്നത്.

നമുക്ക് പ്രിസൈഡിംഗ് ഓഫീസര്‍ ഡോ. കെ.എം. ശ്രീകുമാറിന്റെ ആരോപണത്തിലേക്ക് തിരിച്ചുചെല്ലാം. അദ്ദേഹം ഉന്നയിച്ച പരാതി സത്യസന്ധവും വസ്തുതാപരവുമാണെങ്കില്‍, ഉദുമ എം.എല്‍.എയുടെ പെരുമാറ്റത്തെ ജനാധിപത്യവാദികള്‍ എങ്ങനെയാണ് വിലയിരുത്തേണ്ടത്? എം.എല്‍.എയെ ഭരിക്കുന്ന മനഃശാസ്ത്രം ഉത്തമ ജനാധിപത്യസമൂഹത്തിലെ ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ മനഃശാസ്ത്രം തന്നെയോ? പഴയകാലത്ത് രാജാക്കന്മാരും ഫ്യൂഡല്‍ പ്രഭുക്കളുമൊക്കെ തങ്ങള്‍ പറയുന്നതെന്തോ അതാണ് അവസാന വാക്ക് എന്ന മട്ടിലാണ് ജനങ്ങളോട് പെരുമാറിപ്പോന്നിരുന്നത്. ന്യായാന്യായങ്ങള്‍ നോക്കിയല്ല, തങ്ങളുടെ താല്‍പ്പര്യങ്ങളെന്തോ അവയനുസരിച്ചായിരുന്നു സര്‍വ്വ വിഷയങ്ങളിലുമുള്ള അവരുടെ ഇടപെടല്‍. പ്രജകളുടെ അവകാശങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അവര്‍ തരിമ്പും വില കല്‍പ്പിച്ചിരുന്നില്ല. സത്യത്തിന്റേയും നീതിയുടേയും പക്ഷത്ത് നില്‍ക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും പ്രജ രാജാവിന്റെ ഹിതം മാനിക്കാന്‍ വിസമ്മതിച്ചാല്‍ അയാളെ ക്രൂരമായി ശിക്ഷിക്കുക എന്നതായിരുന്നു രാജഭരണകാലത്തെ നടപ്പ്. രാജാവ് ശരി, പ്രജ തെറ്റ് എന്നതായിരുന്നു അവരെ ഭരിച്ച മനഃശാസ്ത്രം.

നിയമസഭാംഗമായ കുഞ്ഞിരാമന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ശ്രീകുമാര്‍ ആരോപിക്കുന്നതു പോലെയാണ് പോളിംഗ് സ്റ്റേഷനില്‍ പെരുമാറിയതെങ്കില്‍ (താന്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഓഫീസറുടെ കാല്‍വെട്ടും എന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍) അദ്ദേഹത്തിന്റെ ചെയ്തിയില്‍ പ്രതിഫലിക്കുന്നത് രാജാവിന്റെ/ഫ്യൂഡല്‍ പ്രഭുവിന്റെ മനഃശാസ്ത്രമാണെന്നു പറയേണ്ടിവരും. ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികള്‍ ജനങ്ങളുടെ സേവകര്‍ മാത്രമല്ല, വിനയാന്വിതര്‍ കൂടിയായിരിക്കണം. രാജകിങ്കരന്മാരെപ്പോലെയും ഫ്യൂഡല്‍ മാടമ്പികളെപ്പോലെയും പെരുമാറാനും പ്രവര്‍ത്തിക്കാനുമുള്ള ലൈസന്‍സല്ല എം.എല്‍.എ-എം.പി പദവികള്‍.

നിയമസഭാംഗത്വം, പാര്‍ലമെന്റ് അംഗത്വം, മന്ത്രിസ്ഥാനം തുടങ്ങിയ പദവികളെ പൂര്‍വ്വകാലത്ത് നാടുവാണ രാജ-ചക്രവര്‍ത്തി-ബാദ്ഷാ വൃന്ദങ്ങളെപ്പോലെ ജനങ്ങളുടെ ന്യായമായ ഹിതം അടിച്ചമര്‍ത്താന്‍ ആര്‍ ഉപയോഗിച്ചാലും അവര്‍ മഹത്തരവും മനോജ്ഞവുമായ ജനാധിപത്യം എന്ന രാഷ്ട്രീയ സംവിധാനത്തെ മാപ്പര്‍ഹിക്കാത്തവിധം മാനഭംഗപ്പെടുത്തുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കാനും ഫലം തങ്ങള്‍ക്കനുകൂലമാക്കിത്തീര്‍ക്കാനും വളഞ്ഞവഴികള്‍ സ്വീകരിക്കുന്നവര്‍ ജനവാഴ്ചയ്ക്കു പകരം ദുര്‍ജ്ജനവാഴ്ചയെ പരിപോഷിപ്പിക്കുന്നവരാണെന്നു പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.

ദുര്‍ജ്ജനവാഴ്ചയുടെ പരിപോഷണം സംസ്ഥാനത്ത് ചില കേന്ദ്രങ്ങളില്‍ നടന്നുപോന്നിട്ടുണ്ടെങ്കില്‍ അതിനു കാരണം തെരഞ്ഞെടുപ്പ് ബൂത്തുകളില്‍ പേശീബലം വഴി ഇടപെടുന്നവര്‍ക്കെതിരെ ശബ്ദിക്കാന്‍ ഉദ്യോഗസ്ഥരടക്കം പലര്‍ക്കും സാധിക്കുന്നില്ല എന്നതാണ്. ജനാധിപത്യ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധത പുലര്‍ത്താത്ത രാഷ്ട്രീയപ്പാര്‍ട്ടികളുടേയും ഗുണ്ടായിസം തന്നെ രാഷ്ട്രീയം എന്നു കരുതുന്ന നേതാക്കന്മാരുടേയും ഭീഷണികള്‍ക്കു മുന്‍പില്‍ നിശ്ശബ്ദരും നിഷ്‌ക്രിയരുമാകാന്‍ അവര്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. തീര്‍ത്തും അഭിശപ്തമായ ഈ സ്ഥിതിവിശേഷത്തിനെതിരെ ശക്തവും വ്യാപകവുമായ പ്രതിഷേധക്കൊടുങ്കാറ്റ് ഉയര്‍ന്നു വരേണ്ടതുണ്ട്. ആരെയും ഭയക്കാതെ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു സാധിക്കുന്ന കാലാവസ്ഥ സംജാതമായാല്‍ ദുര്‍ജ്ജനവാഴ്ചാവാദികള്‍ക്ക് പത്തി താഴ്‌ത്തേണ്ടിവരും, തീര്‍ച്ച.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com