മഞ്ഞില്‍വിരിഞ്ഞ പൂക്കളുടെ കാലം

എഴുപതുകളുടെ ആരംഭത്തില്‍ മലയാളത്തില്‍ കലയും സിനിമയും ഭാവുകത്വപരമായ പല മാറ്റങ്ങള്‍ക്കും വിധേയമായത് കാമ്പസുകളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശങ്കറും പൂർണിമ ജയറാമും
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശങ്കറും പൂർണിമ ജയറാമും

മകരം മരങ്ങളിലോര്‍മ്മകള്‍ പൊഴിച്ചാലും
പകരം സ്വപ്നത്തിന്റെ 
പച്ചകള്‍ പൊടിച്ചാലും
നിന്റെ ചൂരലിന്‍ നീലപ്പാടുകള്‍ തിണര്‍ത്തതാണെന്റെ കൈപ്പടയിന്നും...

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 18 കവിതകള്‍ എന്ന ആദ്യ സമാഹാരം 1980 ഡിസംബര്‍ മാസത്തിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. കവിതയുടെ നീലജ്വാല എന്നാണ് വൈലോപ്പിള്ളി ആ കവിതകളെ വിശേഷിപ്പിച്ചത്. തുടര്‍ന്ന് ബാലചന്ദ്രന്‍ എഴുതിയ ''മൃതിയില്‍ വിരല്‍മുക്കി/കൃഷ്ണപക്ഷത്തിന്‍ സിരാപടലം പകര്‍ത്തുക/ഭാഗപത്രത്തില്‍ താതാ...'' എന്നാരംഭിക്കുന്ന 'അമാവാസി' എന്ന കവിത വായിച്ചു തനിക്കൊന്നും മനസ്സിലായില്ലെന്നും ലീലാവതിക്ക് എന്തെങ്കിലും മനസ്സിലായോ എന്നും വൈലോപ്പിള്ളി ഡോ. എം. ലീലാവതിയോട് ചോദിച്ചു. ഡോ. എം. ലീലാവതി പ്രസ്തുത കവിതയെ ആസ്പദമാക്കി ഒരു നിരൂപണം പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു.

കവിതയായിരുന്നു ആ കാലത്തെ ഭരിച്ചിരുന്ന നിയാമകശക്തി. ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങള്‍ താന്താങ്ങളുടെ പീഡാനുഭവങ്ങളായി സ്വാംശീകരിച്ച് കൊണ്ടാടിയിരുന്ന കാലം. ആധുനികത രാഷ്ട്രീയാധുനികതയായി പകര്‍ന്നാടിത്തുടങ്ങിയിരുന്ന കാലം. സമൂഹത്തിലും കലാലയങ്ങളിലും താപമുയര്‍ന്നുനിന്ന ആ കാലത്തിന്റെ സങ്കടാനന്ദങ്ങളെല്ലാം അനുഭവിച്ച ഒരു കാണി/കേള്‍വി/വായനാസമൂഹവും നിലനിന്നിരുന്നു. 

ബാലചന്ദ്രന്റേയും ആ കാലത്തിന്റേയും കവിതയും ജീവിതവും ഉള്‍ച്ചേര്‍ന്ന ഒരു സിനിമാവിഷ്‌കാരമുണ്ടായത് ജി. അരവിന്ദനിലൂടെയാണ്. (പോക്കുവെയില്‍/1982). അരവിന്ദന്റെ സിനിമകളില്‍ വര്‍ത്തമാനകാലത്തോട് സമൂര്‍ത്തമായി ചേര്‍ന്നുനിന്ന ഒരേയൊരു സിനിമയുമാണത്. അതില്‍ കേരളത്തിലെ കാമ്പസും ഒറ്റപ്പെട്ടവരും കൂട്ടംകൂടിയവരും വിപ്ലവജീവിതവും ഉണ്ടായിരുന്നു.

എഴുപതുകളുടെ ആരംഭത്തില്‍ മലയാളത്തില്‍ കലയും സിനിമയും ഭാവുകത്വപരമായ പല മാറ്റങ്ങള്‍ക്കും വിധേയമായത് കാമ്പസുകളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു. സമാന്തര സിനിമാ പ്രസ്ഥാനം മലയാളത്തില്‍ വേരോടാന്‍ തുടങ്ങിയ ശേഷമാണ് കാമ്പസുകള്‍ പുതിയൊരു സാംസ്‌കാരിക സാമൂഹ്യ ഇടം എന്ന രീതിയില്‍ സിനിമകളുടെ ഭാഗമായി മാറുന്നത്. കാമ്പസുകളില്‍ നിലനിന്ന രാഷ്ട്രീയവും പ്രണയവും സ്വപ്നങ്ങളും ഫാഷനുകളും തിരിച്ചറിയപ്പെട്ടു തുടങ്ങിയതിന്റെ ഫലമായിരുന്നു അത്. സ്വാതന്ത്ര്യത്തിന്റേയും ഉല്ലാസത്തിന്റേയും നിഷേധങ്ങളുടേയും ഭാവനാസ്ഥലമായി അതു മാറി. സമാന്തര സിനിമയെക്കാളേറെ കാമ്പസുകളെ സിനിമയില്‍ ആവിഷ്‌കരിക്കാന്‍ ഉദ്യമിച്ചത് ഇതര വിഭാഗക്കാരായിരുന്നു. കാമ്പസില്‍നിന്നിറങ്ങുന്ന തൊഴില്‍രഹിതരും അവരുടെ നിരാശതകളും തൊഴിലില്ലായ്മയും ദാരിദ്ര്യവുമായിരുന്നു 'സ്വയംവരം', 'ഉത്തരായണം' തുടങ്ങിയ ആദ്യകാല നവതരംഗ സിനിമകളുടെ ഊന്നല്‍. എന്നാല്‍, ക്രോധാവിഷ്ടമെങ്കിലും പ്രണയവും സ്വാതന്ത്ര്യവും പേറുന്ന തലമുറയെയാണ് ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ്, ബാലചന്ദ്രമേനോന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവരുടെ സിനിമകളിലൂടെ ആവിഷ്‌കരിക്കപ്പെട്ടത്.

മോഹൻലാൽ
മോഹൻലാൽ

മലയാളത്തിലെ കാമ്പസ് പ്രമേയമായ പ്രധാന ചിത്രങ്ങളിലൊന്ന് 'ഉള്‍ക്കടല്‍' (കെ.ജി. ജോര്‍ജ്/1979) ആണ്. വേണുനാഗവള്ളിയും ശോഭയും ജലജയുമായിരുന്നു ആ സിനിമയിലെ പ്രധാന നടീനടന്മാര്‍. ഒ.എന്‍.വി. കുറുപ്പ് എഴുതി എം.ബി. ശ്രീനിവാസന്‍ സംഗീതം നല്‍കിയ മികച്ച ഗാനങ്ങളും സിനിമയുടെ സവിശേഷതയായിരുന്നു. അക്കാലത്തെ സൗന്ദര്യ സങ്കല്പമനുസരിച്ചുള്ള മെലിഞ്ഞ സുന്ദരിയുടെ രൂപവും നിത്യമായ ഒരു വിഷാദഭാവവും ശോഭയ്ക്കുണ്ടായിരുന്നു. വിഷാദകാമുകനെന്നു പേരുകേട്ടയാളായിരുന്നു വേണുനാഗവള്ളി.

അതിന്റെ തുടര്‍ച്ചയായി കാമ്പസും പ്രണയവും പ്രമേയമായ ഏതാനും സിനിമകള്‍ 1980-ല്‍ പുറത്തിറങ്ങി. 'ശാലിനി എന്റെ കൂട്ടുകാരി'(മോഹന്‍)യില്‍ ശോഭ തന്നെയായിരുന്നു നായിക. ജലജയും സുകുമാരനും വേണുനാഗവള്ളിയും അതില്‍ അഭിനയിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങുന്ന ശോഭയുടെ കഥാപാത്രം ഏവരേയും ദുഃഖാകുലരാക്കി. പിന്നീട് ശോഭ എന്ന നടി ആത്മഹത്യ ചെയ്തപ്പോള്‍ കഥാപാത്രങ്ങളും അവരുടെ ജീവിതവും താരതമ്യം ചെയ്യപ്പെട്ടു. 'ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്' (1983) എന്ന പേരില്‍ ശോഭയുടെ ജീവിതം പ്രമേയമാക്കി കെ.ജി. ജോര്‍ജ് ഒരു സിനിമ സംവിധാനം ചെയ്യുകയുമുണ്ടായി.

'അണിയാത്തവളകള്‍' (ബാലചന്ദ്രമേനോന്‍) ആണ് അതേ വര്‍ഷമിറങ്ങിയ മറ്റൊരു കാമ്പസ് ചിത്രം. പ്രണയവും പാട്ടുകളുമായിരുന്നു അണിയാത്തവളകളുടേയും ആകര്‍ഷണം. അംബികയായിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഭരതന്‍ സംവിധാനം ചെയ്ത 'ചാമര'മാണ് 1980-ലെ മറ്റൊരു ചിത്രം. സറീന വഹാബിന്റെ സുന്ദരിയായ കോളേജ് അദ്ധ്യാപികയും പ്രതാപ് പോത്തന്റെ വിദ്യാര്‍ത്ഥിയും തമ്മിലുള്ള ആസക്തമായ പ്രണയമായിരുന്നു സിനിമയുടെ പ്രമേയം. പ്രണയത്തിന്റെ ആവിഷ്‌കാരഭംഗിയും ഗാനങ്ങളുടെ അകമ്പടിയും അക്കാലത്തെ സദാചാര സങ്കല്പങ്ങളോടിടയുന്ന ഉള്ളടക്കത്തെ സംരക്ഷിച്ചുനിര്‍ത്തി. ''നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍'' എന്ന ഗാനം എസ്. ജാനകിയുടെ പതിഞ്ഞ ശബ്ദത്തില്‍ കേരളമാകെ ഒഴുകിനടന്നു. പിന്നണിഗായികയ്ക്കുള്ള ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് എസ്. ജാനകിക്കു ലഭിച്ചത് ഈ ഗാനവും 'മഞ്ഞില്‍വിരിഞ്ഞ പൂക്ക'ളിലെ 'മഞ്ഞണിക്കൊമ്പില്‍' എന്ന ഗാനവും പരിഗണിച്ചായിരുന്നു. 
1980 എന്ന വര്‍ഷത്തില്‍ മലയാളത്തില്‍ മികച്ച സിനിമകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായതായി തിരിഞ്ഞുനോക്കുമ്പോള്‍ കൗതുകത്തോടെ കാണാവുന്നതാണ്. 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍' (രവീന്ദ്രന്‍) 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍', (ജോണ്‍ എബ്രഹാം), 'പ്രകൃതീ മനോഹരി' (ജി.എസ്. പണിക്കര്‍), 'ഓപ്പോള്‍' (കെ.എസ്. സേതുമാധവന്‍), 'കോലങ്ങള്‍', 'മേള' (കെ.ജി. ജോര്‍ജ്) 'എസ്തപ്പാന്‍' (അരവിന്ദന്‍), 'ലോറി', 'ചാമരം' (ഭരതന്‍), 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' (ആസാദ്) തുടങ്ങിയ ചിത്രങ്ങളെല്ലാം അതേ വര്‍ഷമാണ് പുറത്തിറങ്ങിയത്.('ഓപ്പോള്‍', 'കോലങ്ങള്‍' എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തത് 1981-ലാണ്).

ഭാവുകത്വ സംക്രമണങ്ങളുടെ ഈയൊരു അന്തരീക്ഷത്തിലാണ് വര്‍ഷാവസാനം (1980 ഡിസംബര്‍ 25-ന്) 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' എന്ന സിനിമ റിലീസ് ചെയ്യപ്പെട്ടത്. പുതുമുഖങ്ങളെ ഉപയോഗിച്ചു താരതമ്യേന കുറഞ്ഞ ചെലവില്‍ (ഏഴ് ലക്ഷം രൂപ) നിര്‍മ്മിച്ച സിനിമയായിരുന്നു അത്. ഫാസില്‍ എന്ന പുതുമുഖമായിരുന്നു സംവിധായകന്‍. മോഹന്‍ലാല്‍, ജെറി അമല്‍ദേവ്, ശങ്കര്‍, പൂര്‍ണിമ ജയറാം എന്നിവരെല്ലാം പുതുമുഖങ്ങള്‍. കൊടൈക്കനാലിലെ മഞ്ഞിലും തണുപ്പിലും വെളുപ്പിലും സംഘര്‍ഷത്തിന്റെ താപവും പകയുടേയും കൊലപാതകങ്ങളുടേയും ചോരയും കിനിയുന്ന സിനിമ. ആദ്യമൊന്നും അധികം ശ്രദ്ധിക്കപ്പെടാതെയിരുന്ന സിനിമ പിന്നീട് വലിയ ഹിറ്റായി മാറി.

ഒരു കാമ്പസ് അനന്തര സിനിമയെങ്കിലും കാമ്പസിനേയും കേരളീയ സമൂഹത്തേയും ഒരു പോലെ ആനന്ദിപ്പിച്ച ആ ചിത്രം ഒന്നിലേറെത്തവണ പലരും കണ്ടു. നായികാനായകന്മാരായ പ്രഭയുടേയും പ്രേംകൃഷ്ണന്റേയും (പൂര്‍ണിമാ ജയറാം/ശങ്കര്‍) പ്രണയവും അതിന്റെ ആവിഷ്‌കാരവും പുതുമയും കൗതുകവും ഉണര്‍ത്തുന്നതായിരുന്നു. ചുംബനത്തിനുവേണ്ടി പ്രേംകൃഷ്ണന്‍ വികസിപ്പിച്ചെടുത്ത ആംഗ്യഭാഷ അന്നു കാമ്പസിലെങ്ങും അനുകരിക്കപ്പെട്ടു. മോഹന്‍ലാല്‍ അവതരിപ്പിച്ച നരേന്ദ്രന്‍ എന്ന പുതിയതരം വില്ലനെ വെറുപ്പോടെയെങ്കിലും ഇഷ്ടപ്പെട്ടു.

1980-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് 'ഓപ്പോള്‍' നേടി. കെ.എസ്. സേതുമാധവന്‍ മികച്ച സംവിധായകനായി. മികച്ചനടി, സംഗീതം, ഗായിക, ഗായകന്‍, പശ്ചാത്തല സംഗീതം, ജനപ്രിയ ചിത്രം എന്നീ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' നേടി. ഓപ്പോളിലെ അഭിനയത്തിന് ബാലന്‍ കെ. നായര്‍ക്കും ഗാനങ്ങള്‍ക്ക് എസ്. ജാനകിക്കും (ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളിപ്പ്) ദേശീയ അവാര്‍ഡ് ലഭിച്ചു.

തൊട്ടടുത്ത വര്‍ഷങ്ങളിലായി കാമ്പസ് പ്രമേയങ്ങളായ ശ്രദ്ധേയ സിനിമകള്‍ പിന്നെയുമുണ്ടായി. ലെനിന്‍ രാജേന്ദ്രന്റെ 'വേനല്‍' (1981), 'ചില്ല്' (1982) അരവിന്ദന്റെ 'പോക്കുവെയില്‍' (1981) എന്നിവയെല്ലാം അതില്‍പ്പെടുന്നു. എഴുപതുകളുടെ അവസാനത്തോടെ മലയാള സിനിമയില്‍ സവിശേഷമായി സ്ഥാനം നല്‍കപ്പെട്ട കാമ്പസുകള്‍ സിനിമകളുടെ പ്രധാന ഉപഭോക്തൃ മണ്ഡലമായി. സിനിമയുടെ പ്രധാന ചേരുവകളിലൊന്നായി കാമ്പസ് ജീവിതം മാറുകയും ചെയ്തു.

ഫാസിൽ
ഫാസിൽ

ആനന്ദത്തിന്റെ ഷഷ്ഠിപൂര്‍ത്തി 

'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' പുറത്തിറങ്ങിയിട്ട് 40 വര്‍ഷമാവുകയാണ്. അന്നതു കണ്ട യുവതലമുറയിലേറെപ്പേര്‍ക്കും ഇപ്പോള്‍ 60 വയസ്സായിട്ടുണ്ടാവും. അവരുടെ ജീവിതം പല ദേശകാലങ്ങളിലൂടെ സഞ്ചരിച്ച് ഇപ്പോളൊരു വിശ്രമസ്ഥാനത്തായിരിക്കും. 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' അന്നു സൃഷ്ടിച്ച ആനന്ദാതിരേകം പഴയ തലമുറയിലും പുതുതലമുറയിലും ഇന്നുണ്ടാക്കുകയില്ല. ഇന്നത്തെ തലമുറ തങ്ങളുടെ അല്‍ഗോരിതങ്ങള്‍ക്കനുസരിച്ച് ആ സിനിമ കണ്ടാല്‍ യാതൊരനുഭൂതിയും അവശേഷിപ്പിക്കാനിടയില്ല. അന്നത്തെ യുവാക്കളിലാര്‍ക്കും ഭൂതസഞ്ചാരം നടത്തി അതു കാണാനുമാവില്ല. പിന്നീടെന്തായിരിക്കും ആ സിനിമ ബാക്കിവെയ്ക്കുന്നത്? അത് ഓര്‍മ്മകള്‍കൊണ്ട് തുറക്കാവുന്ന ചില അനുഭൂതികള്‍ മാത്രമായിരിക്കും. ഒരു കാലത്തെക്കുറിച്ചുള്ള പ്രതിജനഭിന്നവിചിത്രമായ ഓര്‍മ്മകള്‍. അവയിലൂടെ സാദ്ധ്യമാവുന്ന ചില ചരിത്രസഞ്ചാരങ്ങള്‍.

'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' 40 കൊല്ലം മുന്‍പുള്ള പ്രേക്ഷകസമൂഹത്തെ ആനന്ദിപ്പിച്ച സിനിമയാണ്. സിനിമ ഹഠാദാകര്‍ഷിച്ചവരിലാര്‍ക്കും അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മിച്ചെടുക്കാനാവണമെന്നില്ല. കാരണം ഒരുകാലത്തിന്റെ കാഴ്ചയായിരുന്നു അത്. അന്നത്തെ പ്രേക്ഷകസമൂഹം ഇപ്പോഴില്ല. ഗൗരവമായ സിനിമാക്കാഴ്ചകളുടെ അന്തരീക്ഷം രൂപപ്പെട്ട കാലത്താണ് സിനിമ പുറത്തുവന്നതെങ്കിലും അത്തരം വിലയിരുത്തലുകളൊന്നും ആ സിനിമയ്ക്ക് ലഭിച്ചില്ല. അക്കാലത്ത് സമാന്തര/നവ സിനിമകള്‍ മാത്രമായിരുന്നു ഗൗരവ നിരൂപണങ്ങള്‍ക്കു വിഷയമായത്. അതിലെ നവ്യാനുഭവങ്ങളിലും മറ്റും ആനന്ദിക്കുകയും വിമര്‍ശനപരമായി വിലയിരുത്തുകയും ചെയ്ത ചിലരെങ്കിലും പ്രമേയത്തിലുപരി എടുത്തുപറഞ്ഞത് പാട്ടുകളേയും സംഗീതാന്തരീക്ഷത്തേയും പൂര്‍ണിമ ജയറാമിന്റെ അഭിനയ മികവിനേയുമാണ്. ശങ്കറിന്റെ മികവില്ലാത്ത അഭിനയത്തിനു തിരക്കഥയും കൂടി ഉത്തരവാദിയായിരുന്നു. ശങ്കര്‍ തിന്നുതീര്‍ത്ത ചോക്ലേറ്റുകളും വലിച്ചെറിഞ്ഞ പച്ചനിറമുള്ള ഫോയിലുകളും കൈമാറിയ ചുംബന പ്രതീകങ്ങളും കൊടൈക്കനാലിലെ മഞ്ഞും മരങ്ങളും തടാകങ്ങളുമെല്ലാം ചേര്‍ന്നു മായികമായ അന്തരീക്ഷമൊരുക്കിയിരുന്നു. ശോകാന്തമായിരുന്നു സിനിമ. നായകനും നായികയും വില്ലനും നായികയുടെ പിതാവുമെല്ലാം മരിച്ചുപോകുന്നതായിട്ടും അതു സൃഷ്ടിച്ച നവ്യാനുഭവമായിരുന്നു പ്രധാനം. കുറഞ്ഞ സമയം മാത്രം പ്രത്യക്ഷനാകുന്ന നരേന്ദ്രന്‍ എന്ന വില്ലനു ചില സവിശേഷതകളുണ്ടായിരുന്നു. പ്രഭ കുട്ടിക്കാലത്ത് അയാളെ വിളിച്ചിരുന്നത് നരിമാമന്‍ എന്നായിരുന്നു. കുറഞ്ഞ സ്‌ക്രീന്‍ സാന്നിദ്ധ്യമുള്ള നരേന്ദ്രനാണ് സിനിമയുടെ ഗതി നിര്‍ണ്ണയിക്കുന്നത്.

മൂന്നു പുതിയ അഭിനേതാക്കളില്‍ പൂര്‍ണിമ അവതരിപ്പിച്ച പ്രഭയുടെ മൗനവും മഞ്ഞിലലിഞ്ഞു ചേര്‍ന്ന സൗന്ദര്യവും സംഗീതം പോലൊരു പ്രധാന ഘടകമായിരുന്നു. പൂര്‍ണിമ ജയറാം പിന്നീട് പല മലയാള സിനിമകളിലും വ്യത്യസ്ത റോളുകളില്‍ അഭിനയിച്ചു. മലയാളി അല്ലാതിരുന്നതിനാല്‍ സംഭാഷണങ്ങള്‍ ഡബ്ബ് ചെയ്യുകയായിരുന്നു. എന്നാല്‍, ശങ്കറിന് പ്രേംകൃഷ്ണനില്‍നിന്നു പിന്നീട് മോചനമുണ്ടായില്ല. അതേ കഥാപാത്രത്തെത്തന്നെ പല പേരുകളില്‍ അദ്ദേഹം അവതരിപ്പിച്ചു കൊണ്ടിരുന്നു. സിനിമ പാതിയിലേറെ പിന്നിട്ടതിനുശേഷം മാത്രം രംഗത്തെത്തുകയും കുറഞ്ഞ സീനുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത നരേന്ദ്രനെ അവതരിപ്പിച്ച മോഹന്‍ലാല്‍ ആണ് പിന്നീട് മലയാള സിനിമയിലെ അതുല്യ നടന്മാരിലൊരാളായത്. ആ സിനിമയോടെ തന്നെ മോഹന്‍ലാല്‍ വില്ലന്റെ പ്രത്യക്ഷരൂപവും നരേന്ദ്രന്റെ ഭാവഹാവാദികളും അഴിച്ചുവെച്ചു. സമാനമായ വില്ലന്‍ വേഷങ്ങള്‍ പിന്നീട് നരേന്ദ്ര പ്രസാദിലൂടെയാണ് മലയാളത്തില്‍ പ്രത്യക്ഷമാകുന്നത്. പ്രേംകൃഷ്ണന്‍ അമിതമായി സംസാരിച്ച് അഭിനയം കൈവിട്ടുപോയെങ്കില്‍ നരേന്ദ്രന്‍ അതിന്റെ എതിര്‍ഭാഗത്തു നില്‍ക്കുന്നു. 

'മഞ്ഞി'ലെ(എം.ടി) വിമലയെപ്പോലുള്ള ഒരു വിഷാദനായികയുടെ ബിംബം പൂര്‍ണിമ ജയറാം വിജയിപ്പിച്ചെടുത്തത് ഏറെയും മൗനം കൊണ്ടാണ്. പ്രണയത്തെ തിരിച്ചറിയുന്നതിനായി അവളെടുത്ത സമയദൈര്‍ഘ്യവും അതിനുശേഷം അതിനോട് കൈവന്ന ആസക്തിയും ആത്മാര്‍ത്ഥതയും പുലരുംവരെ ഫോണില്‍ പരസ്പരം 'ഐ ലവ് യു' എന്നു പറഞ്ഞിരിക്കുന്ന സ്വാതന്ത്ര്യവും ലൈംഗികതയില്‍നിന്ന് അകന്നുനില്‍ക്കാന്‍ കാണിച്ച താല്പര്യവുമെല്ലാം അന്നത്തെ സിനിമാകാലത്തിന്റേയും മുദ്രകളായിരുന്നു. 'ചാമര'ത്തിലും 'ഉള്‍ക്കടലി'ലും 'ശാലിനി എന്റെ കൂട്ടുകാരി'യിലും ഉള്ള നായികമാരുടെ തുടര്‍ച്ചയാണെങ്കിലും അവരനുഭവിച്ച ഉല്ലാസം പ്രഭയ്ക്കു ലഭിച്ചില്ല. പ്രേംകൃഷ്ണനുമായുള്ള പ്രണയത്തിനു സ്വന്തം ഭൂതകാലവുമായി സംവാദത്തിലേര്‍പ്പെട്ടു കൊണ്ടാണ് പ്രഭ അംഗീകാരം നല്‍കുന്നത്. ഭൂതകാലം ഉല്ലാസവതിയായി ''മഞ്ചാടിക്കുന്നില്‍'' എന്ന പാട്ടിനൊപ്പം നൃത്തംചെയ്യുമ്പോള്‍ വര്‍ത്തമാനകാലം സാരിയണിഞ്ഞ് വിനീതയായി അതു നോക്കിനില്‍ക്കുന്നു. നൃത്താവസാനം പ്രേംകൃഷ്ണന്റെ കൈപിടിച്ച് പ്രഭ നടന്നുപോകുന്നു. സാരിയാണ് പാരമ്പര്യവേഷം. ഉല്ലാസവതിയും പ്രണയിനിയുമാകുമ്പോള്‍ ആധുനിക വസ്ത്രങ്ങളിലേക്കു മാറുന്നു. 

ശോഭ
ശോഭ

എന്നാല്‍, ലൈംഗിക ബിംബങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ട സിനിമ കൂടിയായിരുന്നു അത്. ദേവികാറാണി 1933-ല്‍ത്തന്നെ ആദ്യ ചുംബനരംഗത്തില്‍ അഭിനയിച്ചുവെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ചുംബനരംഗങ്ങള്‍ ഇപ്പോഴും സ്വാഭാവികമായിട്ടില്ല. ശങ്കറിന്റെ പ്രേംകൃഷ്ണന്‍ ചുംബനത്തിന് ഒരു പെരുമാറ്റചിഹ്നമുണ്ടാക്കിയതിലൂടെ പുതുതലമുറ പ്രേക്ഷകര്‍ അനവധി സാങ്കല്പിക ചുംബനങ്ങള്‍ അനുഭവിച്ചു. ചുംബനങ്ങളേറെയും ഇതര ശാരീരിക പ്രതികരണങ്ങളിലൂടെയെങ്കിലും തീവ്രതയോടെ തന്നെ സിനിമയില്‍ അവതരിപ്പിക്കപ്പെട്ടു. നരേന്ദ്രന്റെ രംഗപ്രവേശത്തോടെ ലൈംഗികതയുടേയും വയലന്‍സിന്റേയും ഭൂതകാലം തുറന്നുകിട്ടുന്നു. നരേന്ദ്രന്റെ മദ്യപാനം, ലൈംഗികാസക്തി എന്നിവയ്ക്ക് ഗൗരവം നല്‍കാനാവണം അയാള്‍ ടെലിവിഷനില്‍ കേട്ടുകൊണ്ടിരിക്കുന്ന പാട്ട് റാസ്പുട്ടിനെക്കുറിച്ചുള്ളതായത്. അക്കാലത്തെ പുതുതലമുറയുടെ ശീലങ്ങളോട് ചേര്‍ന്നാണ് അയാളുടെ നില്‍പ്പ്.

മലയാള സിനിമയില്‍ ലൈംഗികതയെ വയലന്‍സുമായി ചേര്‍ത്തുകൊണ്ട് അവതരിപ്പിച്ച പത്മരാജന്‍, ഭരതന്‍, ഐ.വി. ശശി (ആരവം, ലോറി, ചാമരം, തകര, പെരുവഴിയമ്പലം, അവളുടെ രാവുകള്‍) എന്നിവരുടെ സിനിമകള്‍ അക്കാലത്ത് പുറത്തുവന്നിട്ടുണ്ട്. എണ്‍പതുകളിലെ കൊട്ടകാനുഭവങ്ങളില്‍ നൂണ്‍ഷോകള്‍ക്കും വലിയ സ്ഥാനമുണ്ട്. സോഫ്റ്റ്പോണ്‍ സിനിമകളും സമാന്തര സിനിമകളും അവിടെ ഇടകലര്‍ന്നു പ്രദര്‍ശിപ്പിക്കപ്പെട്ടു. അതിനെല്ലാം ഇടയിലാണ് ഈ സിനിമയിലെ ഗുപ്തമായ ലൈംഗിക കാമനകളുടെ സ്ഥാനം.1

സിനിമയില്‍ ലയിച്ചുകിടന്ന സംഗീതവും പ്രണയവും മഞ്ഞും നിശ്ശബ്ദതയും കൂടിപ്പിണഞ്ഞ് സൃഷ്ടിച്ചെടുത്ത കാല്പനികതയും അതിനെയെല്ലാം നിസ്സാരവല്‍ക്കരിക്കുന്ന വയലന്‍സും മരണവുമാണ് മനുഷ്യാവസ്ഥയെക്കുറിച്ചു സിനിമ മുന്നോട്ടുവെയ്ക്കുന്ന സങ്കല്പം. ജീവിത രതിയിലേയ്ക്കുയര്‍ത്തപ്പെട്ട രണ്ടാളുകള്‍ വളരെപ്പെട്ടെന്നു വിശ്വാസമില്ലായ്മയിലേയ്ക്കും മരണഭീതിയിലേയ്ക്കും മരണത്തിലേയ്ക്കു തന്നെയും വീഴുന്നു. 

ഒരുകാലത്ത് സൃഷ്ടിക്കപ്പെടുന്ന ഏതനുഭൂതിയും എക്കാലത്തേയ്ക്കുമുള്ളതല്ല. ഓരോ കാലത്തിനും അനുയോജ്യമായ മൂല്യവിശേഷങ്ങള്‍ അതിനകത്ത് കണ്ടെത്തുന്നതോടെയാണ് അത് ആ കാലത്തിനോട് സംവേദനക്ഷമമാവുന്നത്. എണ്‍പതുകളിലെ പ്രണയാര്‍ദ്രതകളുമായി സംവദിച്ചുവെങ്കിലും പില്‍ക്കാലത്തിനായി കരുതിവയ്ക്കാന്‍ അതില്‍ ഏറെയൊന്നുമില്ലാതെ പോയി. ഒരു സിനിമാ ഫോക്ലോര്‍പോലും അതിന് ഉല്‍പ്പാദിപ്പിക്കാനായില്ല. പ്രേംകൃഷ്ണന്റെ പ്രണയ പ്രതീകങ്ങള്‍ക്ക് അക്കാലത്ത് കാമ്പസിലും ചെറുപ്പക്കാര്‍ക്കിടയിലും പ്രചാരമുണ്ടായിരുന്നു. ഫാസില്‍തന്നെ പിന്നീടൊരുക്കിയ 'മണിച്ചിത്രത്താഴ്' ആകെയൊരു സിനിമാ ഫോക്ലോറായി നമ്മുടെ മുന്നിലുണ്ട്. 'മണിച്ചിത്രത്താഴി'നെപ്പോലെ കഴിഞ്ഞ കാലത്ത് നിരന്തരം വിശകലനം ചെയ്യപ്പെട്ട സിനിമയല്ല 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍.' മണിച്ചിത്രത്താഴിലെ യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയുമിടകലര്‍ന്ന കഥാഖ്യാനവും സംഭാഷണങ്ങളും പൗരാണികതയും ആധുനികതയും സ്‌ത്രൈണലൈംഗികതയുമടക്കമുള്ള പലവിധ അടരുകള്‍ ചര്‍ച്ചചെയ്യപ്പെട്ടു. 

1980-ല്‍ത്തന്നെ പുറത്തിറങ്ങി കേരളത്തില്‍ വലിയ വിജയമായി മാറിയ 'ശങ്കരാഭരണം' എന്ന തെലുങ്ക് സിനിമ ഗാനങ്ങളുടെ ചിറകേറിയാണ് 365-ലേറെ ദിവസം കേരളത്തില്‍ ഓടിയത്. 'ശങ്കരാഭരണം' നേടിയ പ്രദര്‍ശന വിജയത്തിന്റെ തുടര്‍ച്ചയാണ് ഒരര്‍ത്ഥത്തില്‍ 'മഞ്ഞില്‍വിരിഞ്ഞ പൂക്കളു'ടേയും വിജയം. രണ്ടു സിനിമകളും സംഗീതത്തിലാണ് ആറാടി നില്‍ക്കുന്നത്. 'ശങ്കരാഭരണ'ത്തില്‍ അതു ശാസ്ത്രീയ സംഗീതമായിരുന്നെങ്കില്‍ 'മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍' പാശ്ചാത്യ സംഗീതത്തിന്റെ പിന്‍ബലമുള്ള മെലഡികള്‍ ആയിരുന്നു. സിനിമ തുടങ്ങുമ്പോള്‍ പാട്ടുകളും തുടങ്ങുന്നു. ഒരേ പാട്ട് പുരുഷശബ്ദത്തിലും സ്ത്രീശബ്ദത്തിലും പല ഭാവങ്ങളിലും ആവര്‍ത്തിച്ചുകൊണ്ട് സിനിമയില്‍ ആദ്യന്തം ഒരു സംഗീതാന്തരീക്ഷം നിലനിര്‍ത്തപ്പെട്ടു. ജെറി അമല്‍ദേവിന്റെ ആദ്യ സംഗീത സംവിധാനമായിരുന്നു അത്. ബിച്ചു തിരുമല എഴുതിയ എല്ലാ ഗാനങ്ങളും 'മ' എന്ന അക്ഷരത്തില്‍ തുടങ്ങുന്നവയായിരുന്നു. മഞ്ഞ് എന്ന വാക്ക് ഏതാണ്ടെല്ലാ പാട്ടുകളിലും ആവര്‍ത്തിക്കപ്പെട്ടു. ('മ' വാരികകളും അവയിലെ നോവലുകളും നിറഞ്ഞാടിയ കാലവുമായിരുന്നു അത്.) ബിച്ചു തിരുമലയുടെ വരികളില്‍നിന്നാണ് ഫാസിലിനു സിനിമയുടെ പേര് ലഭിക്കുന്നത്. പ്രഭയേയും പ്രേംകൃഷ്ണനേയും പോലെ നരേന്ദ്രനുമുണ്ട് സംഗീത താല്പര്യങ്ങള്‍. കൊലപാതകം കഴിഞ്ഞു വന്നു വളരെ ശാന്തനായിരുന്നാണ് അയാളാ പാട്ടു കേള്‍ക്കുന്നത്. അതോടൊപ്പം അക്കാലത്ത് പാശ്ചാത്യസംഗീതത്തിലെ ഹരമായിരുന്ന റാസ്പുട്ടിന്‍ (Ra Ra Rasputin)2 എന്ന ഗാനത്തിലൂടെ നരേന്ദ്രന്റെ പുതുതലമുറ ജീവിതവും റോക്ക് സംഗീത താല്പര്യവും അവതരിപ്പിക്കപ്പെടുന്നു. കാലവുമായി സിനിമയെ ചേര്‍ത്തുനിര്‍ത്തുന്ന സൂചനയാണത്.

ജയൻ 
ജയൻ 

ഓര്‍മ്മയുടെ സ്ഥലകാലങ്ങള്‍ 

ഓര്‍മ്മകള്‍കൊണ്ടാണ് ഒരിക്കല്‍ കണ്ടതിനെയെല്ലാം വീണ്ടും കാണുന്നത്. സ്ഥലകാലങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുകയില്ല. അവയുടെ പരിണതരൂപങ്ങളില്‍നിന്നു പഴയരൂപത്തെ കണ്ടെടുക്കുകയാണ് ഓര്‍മ്മ ചെയ്യുന്നത്. എന്നാല്‍, സിനിമയുടെ കാര്യത്തില്‍ അതല്പം വ്യത്യസ്തമാണ്. അതേ ഭൂതസ്ഥലവും ഭൂതകാലവും നമുക്കു മുന്നില്‍ ദൃശ്യവും ശ്രാവ്യവുമായി പ്രത്യക്ഷപ്പെടുത്താന്‍ സിനിമയുടെ സാങ്കേതികതയ്ക്ക് സാദ്ധ്യമാവും. വേഷം, ഭാഷ, ഭക്ഷണം, ആചാരങ്ങള്‍, വഴികള്‍, കെട്ടിടങ്ങള്‍, പൂവുകള്‍, മൃഗജാതികള്‍ എന്നിവയെയെല്ലാം കാലത്തില്‍ കൊത്തിയ ശില്പങ്ങളായി അതിനകത്ത് സൂക്ഷിച്ചിരിക്കും. മറ്റു ഭൗതിക സാഹചര്യങ്ങള്‍ക്കും സാങ്കേതിക സംവിധാനങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ടാകാം. തിയേറ്ററിനു പകരം ടെലിവിഷനോ കംപ്യൂട്ടറോ ആകാം. സിനിമയുടെ പകര്‍പ്പിനു ക്ഷയം സംഭവിച്ചിരിക്കാം. എങ്കിലും അന്നു രേഖപ്പെടുത്തി വെച്ചത് അതേപടി നിലനില്‍ക്കുന്നുണ്ടാവും. സിനിമപോലെ യന്ത്രസഹായത്താല്‍ സൃഷ്ടിക്കപ്പെട്ടതും അപ്രകാരം സംരക്ഷിക്കപ്പെട്ടതും പ്രദര്‍ശിപ്പിക്കപ്പെടുന്നതുമായ ഒരു കലാരൂപത്തിനു മാത്രം സാധ്യമായ കാര്യമാണിത്. 

മറ്റേത് കലാരൂപവും അതിന്റെ അവതരണയിടവും കാലവുമായി ബന്ധപ്പെട്ടതും അതിന്റെ ഓര്‍മ്മകള്‍ മാത്രം ശേഷിപ്പിക്കുന്നതും ആണ്. കഥകളി അവതരണമോ കെ.പി.എ.സി നാടകമോ സാംബശിവന്റെ കഥാപ്രസംഗമോ ഓര്‍മ്മകള്‍കൊണ്ടും റെക്കോര്‍ഡ് ചെയ്യപ്പെട്ട പ്രസ്തുത പരിപാടികളുടെ ഓഡിയോ/വീഡിയോ പകര്‍പ്പുകളിലൂടെയും തിരിച്ചെടുക്കാം. എങ്കിലും എന്ന് എവിടെ അവതരിപ്പിക്കപ്പെട്ടത് എന്നൊരു ചോദ്യമുയരാതിരിക്കില്ല. കാരണം റെക്കോര്‍ഡ് ചെയ്യപ്പെട്ടതല്ല അവയുടെ കാര്യത്തില്‍ യഥാര്‍ത്ഥ കലാരൂപം. അവതരണ ഇടങ്ങളില്‍ നിലനില്‍ക്കുന്ന കലാരൂപങ്ങള്‍ കാലദേശാനുഭവങ്ങളായാണ് ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ അവതരണങ്ങളോരോന്നും പുതിയ പാഠമായിത്തീരും. എന്നാല്‍, സിനിമയുടെ കാര്യത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടതുതന്നെയാണ്/അതുമാത്രമാണ് അവതരണ രൂപം. അതിനു കാലാനുസൃതമായ തേയ്മാനങ്ങളല്ലാതെ മാറ്റങ്ങളില്ല. 

അവതരണയിടവുമായി ബന്ധപ്പെട്ടും സിനിമയെക്കുറിച്ച് ഓര്‍മ്മകളുണ്ട്. പക്ഷേ, അവിടെ സിനിമയല്ല, ടാക്കീസും അതിനകത്തേയും പുറത്തേയും അനുഭവങ്ങളുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കപ്പെടുന്ന സങ്കരമായ ഒരു അനുഭവ/അനുഭൂതി മണ്ഡലമാണ് ഓര്‍മ്മിക്കപ്പെടുന്നത്. തകര്‍ന്നുപോയ ഒരു തിയേറ്ററിനു മുന്നില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് അതിനുള്ളില്‍നിന്ന് ഒരു ഗാനമോ ഒരു സംഭാഷണമോ ഉയര്‍ന്നുവരുന്നതു കേള്‍ക്കാനായേക്കും. 'മഞ്ഞില്‍വിരിഞ്ഞ പൂക്കളു'ടെ കാലവും അപ്രകാരമൊരാള്‍ക്ക് ഓര്‍ത്തെടുക്കാനാവും. ചരിത്രം അതിന്റെ സൂക്ഷ്മതയിലും വൈവിധ്യങ്ങളിലും കാഴ്ചയുടെ ഓര്‍മ്മകളില്‍ (ഓര്‍മ്മയുടെ കാഴ്ചകളിലും) സ്പന്ദിച്ചു കൊണ്ടിരിക്കുന്നുണ്ടാവും. 

എണ്‍പതുകള്‍പോലെ സ്ഥലകാലബന്ധിതമായ ഒരു പ്രതലത്തില്‍ നിന്നുരുത്തിരിഞ്ഞതെങ്കിലും സിനിമയെ ആ കാലത്തോട് ചേര്‍ത്തുവെയ്ക്കുന്ന ഘടകങ്ങള്‍ പരിമിതമാണ്. കഥാപാത്രങ്ങള്‍ മലയാളികളെങ്കിലും സിനിമയിലെ സ്ഥലം കേരളത്തിനു പുറത്ത് കൊടൈക്കനാലാണെന്നതിനാല്‍ സ്ഥലബന്ധിതമായ ഒരുകാലം അതിലേറെയില്ല. പ്രഭയുടെ കുടുംബം അതിനുമുന്‍പ് ഊട്ടിയിലായിരുന്നു. ഊട്ടി, കൊടൈക്കനാല്‍ അവിടത്തെ എസ്റ്റേറ്റുകളും തണുപ്പും എല്ലാമുള്ള സ്ഥലാതീതമായ ഒരു സ്ഥലത്താല്‍ നിര്‍ണ്ണയിക്കപ്പെട്ട നിശ്ചലവും ശാന്തവുമായ കാലത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ഈ നിശ്ചലതയെ ചലനാത്മകമാക്കുന്നത് വര്‍ക്ക്സൈറ്റിലെ ജോലിക്കാരും അവിടെ ഉല്ലാസവാനായെത്തുന്ന എന്‍ജിനീയര്‍ പ്രേംകൃഷ്ണനും പ്രഭയോടൊത്തുള്ള പ്രണയസന്ദര്‍ഭങ്ങളും പിന്നീട് നരേന്ദ്രന്‍ കാരണമായി അരങ്ങേറുന്ന വയലന്‍സുമാണ്. സമയം ഇഴഞ്ഞുനീങ്ങുന്നതായി തോന്നി വാച്ചിന്റെ സൂചി മുന്നോട്ടു തിരിച്ചുവെയ്ക്കുന്നു പ്രേംകൃഷ്ണന്‍. കഥാപാത്രങ്ങളിലെല്ലാവരുടേയും ഓര്‍മ്മകളില്‍ ഒരു കേരളമുണ്ടെങ്കിലും അതൊന്നും സിനിമയിലെ സ്ഥലസാന്നിധ്യമാവുന്നില്ല. സ്ഥലപരമായ ഈ ഭിന്നതമൂലം അന്നത്തെ കാലത്തെ കൂടെ നിര്‍ത്താനും സിനിമയ്ക്ക് കഴിയുന്നില്ല. ഒരര്‍ത്ഥത്തില്‍ സ്ഥല/കാലപരമായ ഒരു ശൂന്യതയിലാണ് 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' സ്ഥിതിചെയ്യുന്നത്. 

'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ല്‍ കേരളീയമായ സ്ഥലകാലങ്ങള്‍ കഥാപാത്രങ്ങളുടെ ഓര്‍മ്മകളിലും ഭാഷണങ്ങളിലുമാണ് നിലനില്‍ക്കുന്നത്. ഭാഷയാണ് ദേശത്തെ നിര്‍വ്വചിക്കുന്നത്. അതേ ഭാഷതന്നെ ഓര്‍മ്മയുടേയും വാഹനമാവുന്നു. എന്നാല്‍, അങ്ങനെ ഒരു ദേശം ഓര്‍മ്മയിലേക്ക് കടന്നുവരുന്നില്ല. എം.ടിയുടെ 'മഞ്ഞി'ല്‍ നൈനിറ്റാളില്‍ കഴിയുന്ന വിമല തുലാവര്‍ഷത്തില്‍ കുതിര്‍ന്ന രാത്രിയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കവുങ്ങിന്‍ തോപ്പില്‍ കരയുന്ന ചീവീട് എന്ന ഒരു കഷ്ണം ഓര്‍മ്മകൊണ്ട് കേരളത്തിലേക്കോടിയെത്തുന്നു. ഭാഷകൊണ്ട് മലയാളികളായവര്‍ ഒരു വിനോദസഞ്ചാരകേന്ദ്രത്തില്‍ പല കാരണങ്ങളാലും കണ്ടുമുട്ടുന്ന സ്ഥലമാണ് കൊടൈക്കനാല്‍. മലയാളിയോ മറ്റു ഭാഷക്കാരോ ആയ ഒരു ജനസമൂഹം അതിനോട് ചേര്‍ന്നുനില്‍ക്കുന്നുമില്ല.

ഫാസില്‍ തന്റെ പില്‍ക്കാല സിനിമകളില്‍ തുടര്‍ന്ന ചില ആവിഷ്‌കാരരീതികളുടെ ആദ്യ മാതൃകയാണ് 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍.' സുനിശ്ചിതമായ സ്ഥലകാലങ്ങളില്‍നിന്നു ഭാവനാത്മകവും ഭൂതാത്മകവുമായ ഇടങ്ങളിലേക്കുള്ള യാത്രയായ 'മണിച്ചിത്രത്താഴി'ല്‍ പുറത്തു നിന്നു വന്നവര്‍ മാടമ്പള്ളി എന്ന ഭ്രമാത്മകസ്ഥലത്തിന്റെ പൂര്‍വ്വഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കല്‍ക്കട്ടയില്‍നിന്നു നകുലനും ഗംഗയും അമേരിക്കയില്‍നിന്ന് ഡോ. സണ്ണിയും പാരമ്പര്യത്തിനൊപ്പമെങ്കിലും ആധുനികതയിലേക്കുള്ള കണ്ണിയായി മാറുന്ന ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും മാടമ്പള്ളിയില്‍നിന്നു മടങ്ങുന്നത് പുതിയ ആളുകളായിട്ടാണ്. മാടമ്പള്ളിക്കൊപ്പം അവരും മാറ്റങ്ങള്‍ക്കു വിധേയരായി. കൊടൈക്കനാല്‍പോലെ ശാന്തനിശ്ചലമാണ് മാടമ്പള്ളിയുമെങ്കിലും മണിച്ചിത്രത്താഴിട്ടു പൂട്ടിയ അതിലെ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ പുതിയ കൊല്ലന്മാര്‍ക്ക് നിഷ്പപ്രയാസം തുറക്കാനായി.

 മമ്മൂട്ടി 
 മമ്മൂട്ടി 

ഓര്‍മ്മകളുടെ അനന്തരജീവിതം 

കേവലാനന്ദമെന്ന യുക്തികൊണ്ടുമാത്രം അളന്നുതീര്‍ക്കാവുന്നതല്ല അതിന്റെ ചരിത്ര നിയോഗങ്ങള്‍. 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' റിലീസ് ചെയ്യപ്പെടുന്നതിന് മുന്‍പ് 1980 നവംബര്‍ മാസത്തിലാണ് ജയന്റെ മരണം സംഭവിക്കുന്നത്. പ്രേംനസീര്‍ സൃഷ്ടിച്ച ദുര്‍ബ്ബലരും ലോലരും അലൈംഗികരുമായ നായക കഥാപാത്രങ്ങള്‍ക്കു ബദലായി കരുത്തും പൗരുഷപ്രകൃതിയും ലൈംഗിക കാമനകള്‍ വെളിവാക്കപ്പെടുന്നതുമായ കഥാപാത്രങ്ങളാണ് ജയന്‍ അവതരിപ്പിച്ചത്. എന്നാല്‍, അക്കാലത്തുതന്നെ വേണുനാഗവള്ളി, ശങ്കര്‍ എന്നിവരിലൂടെ പ്രേംനസീറിന്റെ മറ്റൊരു പിന്തുടര്‍ച്ച സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പ്രേംകൃഷ്ണന്‍ എന്ന പേരില്‍ത്തന്നെയുണ്ട് ആ തുടര്‍ച്ച. സുകുമാരന്‍ മാത്രമായിരുന്നു അപവാദം. ജയന്റെ മരണം ഒരു നടന്റെ മരണം മാത്രമല്ല, ഒരു നായക സങ്കല്പത്തിന്റെ മരണവും കൂടിയായി. തുടര്‍ന്നുണ്ടായ താരോദയങ്ങള്‍ 'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ലൂടെ മോഹന്‍ലാലിന്റേയും അതേ വര്‍ഷം ഡിസംബറില്‍ തന്നെയിറങ്ങിയ 'മേള'(കെ.ജി. ജോര്‍ജ്)യിലൂടെ മമ്മൂട്ടിയുടേതുമായിരുന്നു. ഇരുവഴികളിലൂടെ പ്രേംനസീറിന്റേയും ജയന്റേയും ചില സാംസ്‌കാരിക തുടര്‍ച്ചകളും അവരിലുണ്ടായിരുന്നു.

'മഞ്ഞില്‍വിരിഞ്ഞ പൂക്കളു'ടെ അനന്തര ജീവിതം മറ്റൊരു സിനിമയായി ആവിഷ്‌കരിക്കപ്പെടുകയുണ്ടായി. 'നത്തോലി ഒരു ചെറിയമീനല്ല' (വി.കെ. പ്രകാശ്/2013) എന്ന സിനിമയില്‍ പ്രേംകൃഷ്ണനും നരേന്ദ്രനും പ്രഭയും തങ്ങളുടെ തുടര്‍ജീവിതവുമായി പുനരവതരിക്കുന്നു. കരിയിലകുളങ്ങര 'അമല'യില്‍ 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' നൂറാം ദിവസം പ്രദര്‍ശിപ്പിക്കുമ്പോഴാണ് തിയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരുന്ന പ്രേംകൃഷ്ണന്റെ അമ്മയ്ക്ക് പ്രസവവേദന വന്നത്. ഒരു സൂപ്പര്‍ഹിറ്റിനൊപ്പം പിറന്നതാണ് താനെന്ന് പ്രേംകൃഷ്ണന്‍ അഭിമാനിക്കുന്നു. നാടകം കാണാന്‍ കമ്യൂണിസ്റ്റ് ആയവനാണ് പ്രേംകൃഷ്ണന്റെ പിതാവ്. അമ്മയിപ്പോഴും മഞ്ഞണിക്കൊമ്പ് വിട്ടില്ലേ എന്ന് ഒരു കഥാപാത്രം ചോദിക്കുകയും ചെയ്യുന്നു. ഫാസിലിന്റെ മകന്‍ ഫഹദ് ഫാസിലാണ് പ്രേംകൃഷ്ണനേയും നരേന്ദ്രനേയും അവതരിപ്പിക്കുന്നത്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളു'ടെ പുതിയൊരു തിരജീവിതമാണത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആദ്യം അഭിനയിച്ച 'ആദി' (ജിത്തു ജോസഫ്/2018) എന്ന സിനിമ ''മിഴിയോരം'' എന്ന പാട്ട് ആലപിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. പ്രസ്തുത ഗാനം സിനിമയില്‍ പലവട്ടം പരാമര്‍ശിക്കപ്പെടുന്നു. മൂളിപ്പാട്ടായി കൂടെ നടക്കുന്നതും ഡിജിറ്റല്‍ മാധ്യമങ്ങള്‍ സംരക്ഷിച്ച് സൂക്ഷിച്ചതുമായ ഗാനങ്ങളാണ് പല സിനിമകളിലേക്കും ഇന്ന് അവശേഷിക്കുന്ന ഏകവഴി. 'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ലേക്കുമുണ്ട് അങ്ങനെയൊരു വഴി.

ലാപ്ടോപ്പ് തുറന്നുവെച്ച് 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' കണ്ടുകൊണ്ടിരിക്കുമ്പോള്‍ നാല്‍പ്പതാണ്ടുകള്‍ക്കു മുന്‍പുള്ള കാമ്പസും ഒരു മകരമാസ സന്ധ്യയും സ്‌ക്രീനിനു പിന്നില്‍ ഹാജരുണ്ട്. അന്നത്തെ ടാക്കീസും ചുറ്റുമിരുന്നവരും അനലോഗ് കാലത്തെവിടെയോ മറഞ്ഞു നില്‍പ്പാണ്. ഒരുപക്ഷേ, യാഥാര്‍ത്ഥ്യത്തില്‍നിന്ന് ആ തിയേറ്റര്‍ മാഞ്ഞുകഴിഞ്ഞിരിക്കാം. 

ഭൂതകാലാനുഭവം യാഥാര്‍ത്ഥ്യമെങ്കിലും അതിന്റെ വീണ്ടെടുപ്പ് ഭാഷ/ഭാവനകൊണ്ടുമാത്രം സാധ്യമാവുന്നതാണ്.?

കുറിപ്പുകള്‍:

1. കെ.പി. കുമാരന്റെ 'അതിഥി'(1974)യില്‍ ഗുപ്തലൈംഗിക കാമനകള്‍ ഫാന്റസിയായി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍, അതെല്ലാം ആ സിനിമപോലെത്തന്നെ വിസ്മരിക്കപ്പെട്ടു.

പി.കെ. രാജശേഖരന്‍ എഴുതുന്നു: ''തിയോ ആഞ്ജലോ പൗലോസിന്റെ 'ദ് ബീ കീപ്പര്‍' (1986), ജോണ്‍ബൂര്‍മന്റെ 'ദ എമറാള്‍ഡ് ഫോറസ്റ്റ്' (1985) തുടങ്ങിയ ചിത്രങ്ങള്‍ എണ്‍പതുകളില്‍ തിരുവനന്തപുരത്തെ തിയേറ്ററുകളില്‍ 'നീലപ്പട'ങ്ങളായി പ്രദര്‍ശിപ്പിച്ചത് എനിക്കു നേരിട്ടറിയാം'' (സിനിമാ സന്ദര്‍ഭങ്ങള്‍).

2. 1970-കളിലും '80-കളിലും സംഗീതപ്രേമികളുടെ ആവേശമായിരുന്ന യൂറോപ്യന്‍ ഡിസ്‌ക്കോ സംഗീതഗ്രൂപ്പായ ബോണി എം. (Boney M) പുറത്തിറക്കിയ 'നൈറ്റ് ഫ്‌ലൈറ്റ് റ്റു വീനസ്' (1978) എന്ന സംഗീത ആല്‍ബത്തിലെ പ്രശസ്ത ഗാനങ്ങളിലൊന്നാണ് റാസ്പുട്ടിന്‍ (Ra Ra Rasputin). റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ വിശ്വസ്തനായിരുന്ന റാസ്പുട്ടിന്‍ എന്ന കപടസന്ന്യാസിയുടെ ജീവിതം ഗാനത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്നതാണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com