നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും ശേഷമുള്ള മൂന്നാമത്തെ 'നയപരമായ ആഘാതം'

തൊഴില്‍മേഖലയിലെ  44 ശതമാനം പേരും ജീവിതവൃത്തിക്ക് ആശ്രയിക്കുന്നത് കാര്‍ഷികമേഖലയെയാണെങ്കിലും ജി.ഡി.പിയുടെ കേവലം 14 ശതമാനം വരുമാനം മാത്രമേ  അവിടെനിന്ന് ഉല്പാദിപ്പിക്കുന്നുള്ളൂ
നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും ശേഷമുള്ള മൂന്നാമത്തെ 'നയപരമായ ആഘാതം'

രാജ്യത്തിന്റെ 'സാമ്പത്തിക വളര്‍ച്ചയുടെ എന്‍ജിന്‍' എന്ന നിലയില്‍ ''പൊതുമേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും'' ദീര്‍ഘനാളായി വ്യാവസായിക മേഖലയ്ക്ക് നല്‍കിവന്നിരുന്ന (നെഹ്രുവിയന്‍) സംരക്ഷണം ''ഗ്രാമീണമേഖലയ്ക്ക് പ്രതികൂലമായി മാറിയെന്നും'' ആമുഖമായി വിശദീകരിച്ചുകൊണ്ടാണ് രാജ്യത്ത് നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള ആദ്യ ബജറ്റ് പ്രസംഗം 1991 ജൂലൈ 24-ന് മന്‍മോഹന്‍സിങ് നടത്തിയത്. സമാനമായ വാദങ്ങള്‍ മുന്നോട്ടുവച്ചാണ് ഈയിടെ പാര്‍ലമെന്റ് പാസ്സാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കാനായി ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും കടന്നുവരുന്നത്. കര്‍ഷകരെ രക്ഷിക്കാനും  കാര്‍ഷികമേഖലയെ വളര്‍ച്ചയുടേയും വികസനത്തിന്റേയും വളര്‍ച്ചാമേഖലകളിലേക്ക് നയിക്കാനും ഈ നിയമങ്ങള്‍ കൂടിയേ തീരൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

കാര്‍ഷിക ഉല്പന്ന വ്യാപാര നിയമം (എഫ്.പി.ടി.സി), കരാര്‍കൃഷിനിയമം (ഫാമേഴ്സ് എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷ എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസസ് നിയമം), അവശ്യവസ്തു ഭേദഗതിനിയമം എന്നിവയാണ് ഈ മൂന്ന് നിയമങ്ങള്‍. തൊഴില്‍മേഖലയിലെ  44 ശതമാനം പേരും ജീവിതവൃത്തിക്ക് ആശ്രയിക്കുന്നത് കാര്‍ഷികമേഖലയെയാണെങ്കിലും ജി.ഡി.പിയുടെ കേവലം 14 ശതമാനം വരുമാനം മാത്രമേ  അവിടെനിന്ന് ഉല്പാദിപ്പിക്കുന്നുള്ളൂ. ഈ കണക്കുകള്‍ പറഞ്ഞുകൊണ്ടാണ് കാര്‍ഷികമേഖലയില്‍ ഉല്പാദന മുരടിപ്പാണെന്നും കാര്‍ഷികവൃത്തിക്ക് ആവശ്യമുള്ളതിലും വളരെയേറെ പേര്‍ കൃഷിയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് ഉല്പാദനക്ഷമത കുറഞ്ഞുകുറഞ്ഞ് വരുന്നതെന്നും ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിനുള്ള പരിശ്രമങ്ങളുടെ തുടക്കമാണ് ഈ നിയമങ്ങളെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ ന്യായീകരണങ്ങള്‍ ചമയ്ക്കുന്നത്. കൂടുതല്‍ വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള കാര്‍ഷികവിളകളിലേക്ക് (പഴങ്ങള്‍, ഉയര്‍ന്നതരം പച്ചക്കറികള്‍, നാണ്യവിളകള്‍) മാറേണ്ടതുണ്ടെന്നും അതിനാവശ്യമായിട്ടുള്ള വര്‍ദ്ധിച്ച തോതിലുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ കൃഷിരീതികള്‍ നടപ്പില്‍ വരുത്തുന്നതിനും വിപണന ശൃംഖലയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഈ നിയമങ്ങള്‍ സഹായിക്കുമെന്നുമാണ് ഉയരുന്ന മറ്റ് വാദങ്ങള്‍.

ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിൽ നിന്ന്
ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിൽ നിന്ന്

ജി.ഡി.പിയുടെ 14 ശതമാനം വരുമാനം ഉല്പാദിപ്പിക്കാന്‍ തൊഴില്‍ശക്തിയുടെ 44 ശതമാനം പേരുടെ ആവശ്യമില്ലെന്നും ഈ സാഹചര്യം പ്രച്ഛന്ന തൊഴിലില്ലായ്മയല്ലാതെ (ഡിസ്ഗൈസ്ഡ് അണ്‍ എംപ്ലോയ്മെന്റ്) മറ്റൊന്നുമല്ല പ്രതിനിധാനം ചെയ്യുന്നതെന്നുമാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ പക്ഷം. പ്രച്ഛന്ന തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്ന  അധികതൊഴിലാളികളെ സര്‍പ്ലസ് ലേബര്‍) കാര്‍ഷികമേഖലയില്‍നിന്നും കാര്‍ഷിക ഇതര മേഖലകളിലേക്ക് പറിച്ച് മാറ്റിയില്ലെങ്കില്‍ രാജ്യത്തിന്റെ കാര്‍ഷികമേഖലയുടെ പുരോഗതി അധോഗതിയാകുമെന്ന കാഴ്ചപ്പാടാണ്  അവര്‍ മുന്നോട്ടുവയ്ക്കപ്പെടുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍, രാജ്യത്ത് നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ സമയത്ത് രാജ്യത്തെ പൊതുമേഖലയേയും ഗ്രാമീണ സമ്പദ്വ്യവസ്ഥയേയും ശക്തിപ്പെടുത്തുന്നതിനുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നാണ്  മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചതെങ്കില്‍ ഇന്നിപ്പോള്‍ കര്‍ഷകനേയും കാര്‍ഷികമേഖലയേയും ശക്തിപ്പെടുത്തിക്കൊണ്ട് ത്വരിതവളര്‍ച്ചയുടേയും വികസനത്തിന്റേയും പുതിയ ലോകത്തേക്ക് രാജ്യത്തെ കര്‍ഷകരെ നയിക്കാനാണ് കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവിക്കുന്നത്. എന്നാല്‍, നവലിബറല്‍ പരിഷ്‌കാരങ്ങളുടെ കഴിഞ്ഞ 30 വര്‍ഷക്കാലയളവില്‍ എങ്ങനെയാണ് പൊതുമേഖലയേയും ഗ്രാമീണ സമ്പദ്വ്യവസ്ഥയേയും 'ശക്തിപ്പെടുത്തിയതെന്ന'  തിരിച്ചറിവില്‍നിന്നാണ് അനുകൂലവാദങ്ങളെയെല്ലാം തള്ളിക്കൊണ്ട് വഴിയാധാരമാകുന്നതില്‍നിന്ന് രക്ഷനേടുന്നതിനായി നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി കര്‍ഷകര്‍  തെരുവിലേക്കിറങ്ങിയിരിക്കുന്നത്. 

എ.പി.എം.സിയുടെ സാമ്പത്തികശാസ്ത്ര പ്രസക്തി

എഫ്.പി.ടി.സി (ഫാമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ്) നിയമം വന്നതോടുകൂടി അതുവരെ നിലന്നിരുന്ന എ.പി.എം.സി (അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് മാര്‍ക്കറ്റിംഗ് കമ്മിറ്റി) നിയമം അപ്രസക്തമായി മാറി. മുന്‍പ് അതതു പ്രദേശങ്ങളില്‍ എ.പി.എം.സി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഗ്രാമീണചന്തകളില്‍ മാത്രമേ കര്‍ഷകന് കാര്‍ഷിക ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുമായിരുന്നുള്ളൂ. ലേലം അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണചന്തകളിലെ വില തൃപ്തികരമല്ലെങ്കില്‍ താങ്ങുവിലയനുസരിച്ച്, അതേ സ്ഥലത്തുതന്നെ സന്നിഹിതനായിരിക്കുന്ന ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധിയുടെ പക്കല്‍ കര്‍ഷകന്  തന്റെ ഉല്പന്നം   വില്‍ക്കാമായിരുന്നു. കാര്‍ഷിക ഉല്പാദനത്തിന്റെ ചെലവും മാന്യമായ വരുമാനവും ഉറപ്പുനല്‍കുന്ന രീതിയിലായിരുന്നു താങ്ങുവിലകള്‍ നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ യാതൊരു നഷ്ടസാധ്യതയും കൃഷിയുമായി ബന്ധപ്പെട്ട് ഇത്തരം ഗ്രാമീണചന്തകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. ഇത്തരം ചന്തകള്‍ വളരെ വ്യാപകമായിട്ടുള്ള പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മോശമല്ലാത്ത നിലയിലുള്ള കാര്‍ഷികജീവിതത്തിന്റെ അടിസ്ഥാനവും മറ്റൊന്നായിരുന്നില്ല.

സാമ്പത്തികശാസ്ത്രത്തില്‍ ഏറ്റവും കാര്യക്ഷമത നിറഞ്ഞ കമ്പോളമായി വിലയിരുത്തുന്നത് മത്സരം നിലനില്‍ക്കുന്ന കമ്പോള സാഹചര്യത്തെയാണ് (പെര്‍ഫക്റ്റ് കോമ്പറ്റീഷന്‍). പൂര്‍ണ്ണതോതിലുള്ള മത്സരം നിലനില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ പരസ്പരം ജയിക്കാനും തോല്‍പ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള മത്സരമെന്നല്ല അര്‍ത്ഥം. മറിച്ച് വില നിശ്ചയിക്കപ്പെടുന്ന പ്രക്രിയയില്‍ യാതൊരാള്‍ക്കും വ്യക്തിപരമായ സ്വാധീനം ചെലുത്താന്‍ കഴിയാത്ത കമ്പോള സാഹചര്യമെന്നാണ് മനസ്സിലാക്കേണ്ടത്. വില്‍ക്കുന്നവരുടേയും വാങ്ങുന്നവരുടേയും വിലപേശല്‍ ശേഷി തുല്യമായതിനാലാണ് ഇത് സംഭവിക്കുന്നത്. മത്സരമുള്ള കമ്പോളത്തിന്റെ സാമ്പത്തികശാസ്ത്രപരമായ മേന്മയിതെല്ലാമാണ്. എന്നാല്‍, ഇത്തരം കമ്പോളവ്യവസ്ഥ എണ്ണിയാലൊടുങ്ങാത്തയത്ര വില്‍പ്പനക്കാരും വാങ്ങല്‍ക്കാരും (ബയേഴ്സ്) ഉണ്ടെങ്കില്‍ മാത്രമേ യാഥാര്‍ത്ഥ്യമാകുകയുള്ളൂ. അതുകൊണ്ടുതന്നെ അത്തരം കമ്പോള സാഹചര്യങ്ങള്‍ അനുഭവലോകത്ത് ഇല്ലെന്നു പറയാം. എന്നാല്‍, കമ്പോളമത്സരത്തിന്റെ മേന്‍മയെക്കുറിച്ച് പറയുമ്പോള്‍ സങ്കല്പലോകത്തില്‍ മാത്രമുള്ള  പൂര്‍ണ്ണ കിടമത്സരം നിലനില്‍ക്കുന്ന മത്സരാധിഷ്ഠിത കമ്പോളത്തെയാണ്  വിവക്ഷിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

അനുഭവലോകത്തില്‍ കുത്തകസ്വഭാവമുള്ള കമ്പോളം മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. വില്‍ക്കുന്നവരുടേയോ വാങ്ങുന്നവരുടേയോ എണ്ണം പരിമിതമായ കമ്പോള സാഹചര്യമാണ് കുത്തക സ്വഭാവമുള്ള കമ്പോളമെന്ന് വിളിക്കുന്നത്.  ആരുടെയെണ്ണമാണോ കൂടുതലുള്ളത് അതിനനുസരിച്ച് വില തീരുമാനിക്കുന്ന പ്രക്രിയയില്‍ അവര്‍ക്കുള്ള സ്വാധീനം നഷ്ടമായികൊണ്ടിരിക്കുമെന്നതാണ് ഇത്തരം വിപണികളിലെ നിര്‍ണ്ണായകമായ സംഗതി. കാര്‍ഷിക ഉല്പന്നവിപണിയില്‍ വില്‍പ്പനക്കാരായ കര്‍ഷകര്‍ ലക്ഷക്കണക്കിനു പേരുണ്ടാവും. എന്നാല്‍, ഉല്പന്നം വാങ്ങുന്നവരുടെയെണ്ണം വളരെ പരിമിതമായിരിക്കും. സ്വാഭാവികമായും കാര്‍ഷിക ഉല്പന്നങ്ങളുടെ വില തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നത് കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങുന്നവരായിക്കും. എണ്ണത്തില്‍ കുറവായതിനാല്‍ അവര്‍ക്കായിരിക്കും വിലപേശല്‍ശേഷി കൂടുതലുള്ളത്.  കാര്‍ഷിക വിപണിയില്‍ കര്‍ഷകന്‍ നേരിടുന്ന പ്രതിസന്ധിയിതാണ്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറും ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറുമായിരുന്ന ജോണ്‍ കെന്നത്ത് ഗാല്‍ബ്രിയാത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. കാര്‍ഷിക ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കര്‍ഷകര്‍ മത്സരത്തിന്റെ വിപണി സാഹചര്യമാണ് നേരിടുന്നതെങ്കില്‍ അത്തരം ഉല്പന്നങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ച് തന്നിഷ്ടംപോലെ വില നിശ്ചയിക്കാന്‍ കഴിയുന്ന കുത്തകസ്വഭാവമുള്ള കമ്പോള സാഹചര്യമായിരിക്കും ലഭിക്കുകയെന്നതാണ് അദ്ദേഹം നടത്തുന്ന വിലയിരുത്തല്‍. 

സ്വാഭാവികമായും ഉല്പന്നങ്ങള്‍ വാങ്ങുന്നവര്‍ കുത്തകരൂപത്തിലുള്ള സ്വാധീനശക്തി പ്രയോഗിച്ചുകൊണ്ട് ഉല്പന്നങ്ങളുടെ വില ഇടിച്ചുതാഴ്ത്തുകയും നാമമാത്ര വില നല്‍കിക്കൊണ്ട് കാര്‍ഷിക ഉല്പന്നങ്ങള്‍ കൈക്കലാക്കുകയും ചെയ്യും. വിപണിയില്‍  കര്‍ഷകര്‍ക്കുള്ള  വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിക്കുകയെന്ന പരിഹാരമാണ്  ഈ പ്രതിസന്ധി മറികടക്കാനായി കര്‍ഷകരുടെ മുന്‍പിലുള്ളത്. എ.പി.എം.സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമീണചന്തകള്‍ ഈ ലക്ഷ്യമായിരുന്നു നടപ്പിലാക്കിയിരുന്നത്. ലക്ഷക്കണക്കിനു കര്‍ഷകര്‍ വിപണിയില്‍ സ്വതന്ത്രമായി പ്രവേശിക്കുന്നതോടുകൂടി 'നഷ്ടമാകുന്ന വിലപേശല്‍ശക്തി സംരക്ഷിക്കുമ്പോള്‍ ലഭിക്കുമായിരുന്ന  മാന്യമായ വിലയാണ്' എ.പി.എം.സി വിപണികള്‍ കര്‍ഷകന് നല്‍കിയിരുന്നതെന്ന വസ്തുത എ.പി.എം.സി വിപണികളുടെ കടുത്ത വിമര്‍ശകര്‍ക്കുപോലും നിഷേധിക്കാന്‍ കഴിയില്ല.

എന്നാല്‍, എ.പി.എം.സി നിയമത്തെ നിഷ്പ്രഭമാക്കുന്ന എഫ്.പി.ടി.സി നിയമം വന്നതോടുകൂടി കര്‍ഷകരുടെ വിലപേശല്‍ശേഷി  പൂര്‍ണ്ണമായി തുടച്ചുമാറ്റപ്പെടുകയാണ്. ഇനിമുതല്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ എണ്ണത്തില്‍ പരിമിതമായ ഇടനിലക്കാര്‍ ഉള്‍പ്പെടുന്ന വ്യാപാരികളെയാവും നേരിടേണ്ടിവരിക. കൊള്ളലാഭം മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ പറയുന്ന വിലയ്ക്ക് ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിതരാകും.  മുന്‍പ് സ്വകാര്യ ഇടപാടുകാര്‍ക്കായിരുന്നില്ല കര്‍ഷകര്‍ ഉല്പന്നങ്ങള്‍ വിറ്റിരുന്നത്. താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ ലേലവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന എ.പി.എം.സി വിപണികളിലായിരുന്നു അവര്‍ ഉല്പന്നങ്ങള്‍ വിറ്റിരുന്നത്.  അവിടെ ഉല്പന്നവില താങ്ങുവിലയേക്കാള്‍ കുറയാനുള്ള സാധ്യത വളരെ വിരളമായിരുന്നു. പ്രസ്തുത വിപണി സംവിധാനമാണ് എഫ്.പി.ടി.സി നിയമം നടപ്പിലായതോടുകൂടി ഒറ്റയടിക്ക് ഇല്ലാതായത്. നഷ്ടപ്പെടുമായിരുന്ന വിലപേശല്‍ശേഷി സംരക്ഷിച്ചാല്‍ ലഭിക്കുമായിരുന്ന മാന്യമായ വില കര്‍ഷകനു നല്‍കാനുള്ള  പൊതു ഇടപെടലായിരുന്നു എ.പി.എം.സി വിപണികള്‍. സാമ്പത്തികശാസ്ത്രപരമായ ഈ ഉള്‍ക്കാഴ്ച  മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവയെ അപ്രസക്തമാക്കുന്ന പുതിയ നിയമങ്ങളുടെ യഥാര്‍ത്ഥ ആഘാതം  തിരിച്ചറിയാന്‍ കഴിയൂ.

എ.പി.എം.സി സംവിധാനങ്ങളുടെ സാന്നിധ്യം അതിനു പുറത്തുള്ള വിപണികളില്‍ വില്‍ക്കാനുള്ള കര്‍ഷകരുടെ സ്വാതന്ത്ര്യത്തെ തടയുന്നുവെന്നാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ മറ്റൊരു വാദം. എ.പി.എം.സി വിപണികള്‍ക്ക് പുറത്തുള്ളവയില്‍  പലപ്പോഴും കാണാന്‍ കഴിയുന്ന  ഉയര്‍ന്ന വില നേടാന്‍  അതുകൊണ്ടുതന്നെ കര്‍ഷകനു കഴിയുന്നില്ല. അതിനാല്‍ ഉയര്‍ന്ന ഉല്പന്നവില കൊയ്യാനുള്ള കര്‍ഷകരുടെ വില്പന സ്വാതന്ത്ര്യത്തെ തടയുന്ന എ.പി.എം.സി സംവിധാനങ്ങള്‍ ഉപേക്ഷിക്കപ്പെടണം. ഇതാണ് പുതിയ എഫ്.പി.ടി.സി നിയമം പ്രത്യക്ഷത്തില്‍ നടപ്പില്‍ വരുത്താന്‍ പോകുന്നത്. വില്‍പ്പന സ്വാതന്ത്ര്യത്തിന്റെ  പുറകെ പോയാല്‍ ചെന്നെത്തുക കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങുന്നവര്‍ എണ്ണത്തില്‍ കുറവുള്ളതും അമിത വിലപേശല്‍ശേഷി കൈവശമുള്ള വ്യാപാരികള്‍ കുത്തകസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വിപണി സാഹചര്യത്തിലായിരിക്കുമെന്ന വസ്തുത നിയമത്തെ അനുകൂലിക്കുന്നവര്‍  അവഗണിക്കുകയാണ്. ഇത്തരം വിപണി ചൂഷണത്തില്‍നിന്നാണ് കര്‍ഷകര്‍ക്കു സംരക്ഷണം നല്‍കേണ്ടത്. അതിന് വ്യാപാരിക്കു ലഭ്യമായ അധിക വിലപേശല്‍ശേഷിക്ക് ബദലായി തത്തുല്യമായ വിലപേശല്‍ശേഷി കാര്‍ഷിക ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്കു കൂടി നല്‍കണം.  എ.പി.എം.സി വിപണികള്‍ നടപ്പില്‍ വരുത്തിയിരുന്നത് അതുതന്നെയായിരുന്നു. വ്യാപാരിക്കു ലഭ്യമായ  അധിക വിലപേശല്‍ശേഷി ഫലപ്രദമായും പ്രായോഗികമായും കര്‍ഷകര്‍ക്കുവേണ്ടി തുലനം ചെയ്യാനുള്ള നീതിപൂര്‍വ്വമായ പൊതു ഇടപെടലായിരുന്നു എ.പി.എം.സി വിപണി. 

എ.പി.എം.സി വിപണികള്‍ അപ്രസക്തമാകുന്നതോടുകൂടി കര്‍ഷകര്‍ക്കു വിപണിയില്‍ ലഭ്യമായിരുന്ന വിലപേശല്‍ശേഷി സമ്പൂര്‍ണ്ണമായി നഷ്ടപ്പെടും. അതോടുകൂടി ഇടനിലക്കാര്‍ അടക്കമുള്ള വ്യാപാരികള്‍ (ബയേഴ്സ്) ഉല്പന്ന വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയും വിലപേശല്‍ശേഷി നഷ്ടപ്പെട്ട കര്‍ഷകരെ കടുത്ത ചൂഷണത്തിനു വിധേയമാക്കുകയും ചെയ്യും. എ.പി.എം.സി വിപണിയില്‍ മാത്രമേ ഇപ്പോള്‍ കര്‍ഷകന് തന്റെ ഉല്പന്നം വില്‍ക്കാന്‍ കഴിയൂ എന്ന അവസ്ഥ കര്‍ഷകന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗമാണെന്ന വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ്   പുറത്തുള്ള വിപണികളില്‍ വില്‍ക്കാനുള്ള ഭൗതികപരമായ സ്വാതന്ത്ര്യം കര്‍ഷകന് എ.പി.എം.സി നിഷേധിക്കുന്നതെന്നാണ് നിയമത്തിന്റെ അനുകൂലികള്‍ വാദങ്ങള്‍ ഉയര്‍ത്തുന്നത്. മറ്റു വിപണികളില്‍ വില്‍ക്കുന്നതിനുള്ള ഭൗതിക സ്വാതന്ത്ര്യം കര്‍ഷകന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ തകര്‍ത്തുതരിപ്പണമാക്കുമെന്നുള്ള ലളിതവസ്തുത എന്തായാലും കര്‍ഷകര്‍ നന്നായി തിരിച്ചറിയുന്നുണ്ടെന്ന കാര്യം അവര്‍ നടത്തുന്ന ചെറുത്തുനില്‍പ്പില്‍നിന്നു വ്യക്തമാകുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന കാര്‍ഷികനിയമത്തിന്റെ യഥാര്‍ത്ഥ താല്പര്യങ്ങള്‍ മറ്റു പലതുമാണെന്നു തിരിച്ചറിയാന്‍ കഴിയും. 

കരാര്‍കൃഷി നിയമമെന്ന കോര്‍പ്പറേറ്റ് പദ്ധതി

വ്യത്യസ്ത നിയമങ്ങളെന്നു പ്രത്യക്ഷത്തില്‍ തോന്നാവുന്ന മേല്‍പ്പറഞ്ഞ കാര്‍ഷിക നിയമങ്ങള്‍ യഥാര്‍ത്ഥത്തില്‍ വ്യക്തമായ അന്തിമ ലക്ഷ്യസ്ഥാനമെന്ന ഉള്ളടക്കം സൂക്ഷിക്കുന്നവയാണ്. എ.പി.എം.സി വിപണികള്‍ അപ്രസക്തമാകുന്നതോടുകൂടി താങ്ങുവില ലഭിച്ചാല്‍പോലും വിപണിയിലെ വിലപേശല്‍ശേഷി കര്‍ഷകനു നഷ്ടമാകും. കര്‍ഷകന് ഏതു വിപണിയില്‍ വേണമെങ്കിലും ഉല്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരം നല്‍കണമെന്ന് പറയുന്നത് കര്‍ഷകരോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് കര്‍ഷകരുടെ വിലപേശല്‍ശേഷി സംരക്ഷിക്കുന്ന വിപണിയിലെ പൊതുസംവിധാനങ്ങളെ ഇല്ലായ്മ ചെയ്യുകയെന്ന ഉദ്ദേശ്യംവച്ചുകൊണ്ടാണ്. വിലപേശല്‍ശേഷി നഷ്ടപ്പെടുന്നതോടുകൂടി വ്യാപാരികളുടെ സമ്പൂര്‍ണ്ണ ചൂഷണമായിരിക്കും കാര്‍ഷിക വിപണിയില്‍ അരങ്ങേറുക. അത്തരം വിപണികളില്‍ കേന്ദ്രസര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചാല്‍പോലും അതനുസരിച്ച് ഉല്പന്നം വാങ്ങാന്‍ സ്വകാര്യവ്യാപാരിയെ ആര്‍ക്കും നിര്‍ബ്ബന്ധിക്കാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍, എ.പി.എം.സി പോലുള്ള സംവിധാനങ്ങളുടെ അഭാവത്തില്‍ താങ്ങുവിലകള്‍ പ്രഖ്യാപിച്ചാലും അവയൊക്കെ ഏട്ടിലെ പശുവായി അവശേഷിക്കുകയേയുള്ളൂ. വലിയ രീതിയിലുള്ള വിലയിടിവായിരിക്കും കാര്‍ഷികോല്പന്ന വിപണിയില്‍ തുടര്‍ന്നു സംഭവിക്കാന്‍ പോകുന്നത്.
 
കാര്‍ഷിക ഉല്പന്നങ്ങളുടെ വില വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാകുന്നതോടുകൂടി ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനരംഗത്ത് വലിയ പ്രതിസന്ധി രൂപംകൊള്ളും. പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ അനുഭവിച്ചുവന്ന സാമ്പത്തിക സുസ്ഥിരത പഴങ്കഥയായി മാറും. കര്‍ഷക ആത്മഹത്യയും കടക്കെണിയും കാര്‍ഷിക ദുരിതവും താരതമ്യേന ഭേദപ്പെട്ട കാര്‍ഷികനില അനുഭവിക്കുന്ന പ്രദേശങ്ങളില്‍ക്കൂടി വ്യാപകമാകും. കാര്‍ഷികവൃത്തി നഷ്ടമാണെന്ന പൊതുചിന്ത വ്യാപിക്കുമ്പോള്‍ കൃഷിയല്ല നഷ്ടം വരുത്തുന്നത്; മറിച്ച് പിന്തുടരുന്ന കാര്‍ഷികരീതികളും കാര്‍ഷികവിളകളുടെ തിരഞ്ഞെടുപ്പുമാണ് യഥാര്‍ത്ഥ പ്രശ്നമെന്ന വിലയിരുത്തല്‍ വ്യാപകമാകും. കാര്‍ഷിക/വിള രീതികള്‍ ആധുനികരീതിയില്‍ സംഘാടനം  ചെയ്താല്‍ കാര്‍ഷിക പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന പ്രചരണം ക്രമേണ ഉയരും. 

ഉപഭോക്തൃ വിപണിയിലെ ചോദനവും പ്രദാനവും പരിഗണിച്ചുവേണം കാര്‍ഷിക/വിള രീതികള്‍ തീരുമാനിക്കേണ്ടതെന്നും  കമ്പോള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള അഗ്രിബിസിനസ് കമ്പനികളുമായി കര്‍ഷകര്‍ സഹകരിച്ചാല്‍ വിപണിയില്‍നിന്ന് വലിയ നേട്ടം  കൊയ്യാമെന്നും ശാസ്ത്രീയമായി തയ്യാറാക്കിയ വിത്തിനങ്ങളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ചാല്‍ മാത്രമേ ഉയര്‍ന്ന ഉല്പാദനക്ഷമത കൈവരിച്ച്  ഈ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയൂവെന്നും വിശദീകരിക്കപ്പെടും. മേല്‍പ്പറഞ്ഞ രീതിയില്‍ കാര്‍ഷിക, വിള രീതികള്‍ പുന:സംഘാടനം ചെയ്യാന്‍ അഗ്രിബിസിനസ് കമ്പനികളുമായുള്ള സഹകരണം അനിവാര്യമായി മാറും. കര്‍ഷകരെ ശാക്തീകരിക്കുന്ന പൊതുസംവിധാനങ്ങളൊന്നും പ്രവര്‍ത്തനത്തിലില്ലാത്ത സാഹചര്യത്തില്‍ മോഹനവാഗ്ദാനങ്ങളുമായി കടന്നുവരുന്ന ഇത്തരം അഗ്രിബിസിനസ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും കര്‍ഷകരുടെ മുന്‍പില്‍ ഉണ്ടാവില്ല. അതിന്റെ ഫലമായി ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം അവസാനിപ്പിക്കുകയോ ഭക്ഷ്യധാന്യ കൃഷിയില്‍നിന്ന് കുറേക്കൂടി വരുമാനം ലഭിക്കുമെന്ന് പരക്കെ പ്രചരിപ്പിക്കപ്പെടുന്ന പഴം, ഉയര്‍ന്നതരം പച്ചക്കറികള്‍, ദീര്‍ഘകാല/നാണ്യവിളകള്‍ തുടങ്ങിയവയിലേക്കോ കരാര്‍കൃഷിയുമായി കടന്നുവരുന്ന അഗ്രിബിസിനസ്സ് കമ്പനികളുടെ താല്പര്യത്തിനനുസരിച്ചോ കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ മാറ്റേണ്ടിവരും. ക്രമേണ അഗ്രിബിസിനസ്സ് കമ്പനികളുടെ പ്രവര്‍ത്തനം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കും.

ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തില്‍നിന്ന് കര്‍ഷകര്‍ക്ക് മാറേണ്ടിവരുന്നത് വിപണി സാഹചര്യമനുസരിച്ച് കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ പുന:ക്രമീകരിക്കേണ്ടിവരുന്നതോടുകൂടിയാണ്. വിലപേശല്‍ശക്തി കയ്യാളുന്ന വിപണിയിലെ വന്‍ശക്തികള്‍ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ആഭ്യന്തരവിപണി സാഹചര്യങ്ങളില്‍ അവിഹിതമായി ഇടപെടലുകള്‍ നടത്തും. ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തില്‍ പാശ്ചാത്യ വികസിത രാജ്യങ്ങള്‍ക്ക് വലിയ ഉല്പാദനമിച്ചമുണ്ട്.  അതുകൊണ്ടുതന്നെ ആഗോളവിപണിയില്‍നിന്ന് ആവശ്യാനുസരണം ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. ആഭ്യന്തര വിപണിയിലെ ഉല്പാദന ചെലവിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുമെങ്കില്‍ വ്യാപാരികള്‍ അതിനായിരിക്കും ശ്രമിക്കുക. ഗാര്‍ഹിക ഉപഭോക്താവിന് അവശ്യസാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് നല്‍കുകയല്ലേ വേണ്ടതെന്ന ചോദ്യമുയര്‍ത്തിയാവും അവര്‍ വിദേശ ഇറക്കുമതിയെ ന്യായീകരിക്കുക. ഇതോടെ സുസ്ഥിരമായ ഭക്ഷ്യധാന്യ ഉല്പാദനമെന്ന സ്ഥിതി സമ്പൂര്‍ണ്ണമായി അവസാനിക്കുകയും  മേഖലയില്‍നിന്ന് കര്‍ഷകര്‍ ഗതികെട്ട് വഴിമാറുന്നതോടുകൂടി കോര്‍പ്പറേറ്റ് അഗ്രിബിസിനസ് കമ്പനികള്‍ ദേശീയവും അന്തര്‍ദേശീയവുമായ വിപണി സാഹചര്യമനുസരിച്ച് കാര്‍ഷിക ഉല്പാദനമേഖലയില്‍ പിടിമുറുക്കുകയും ചെയ്യും.

കൊക്കോയുടേയും കാപ്പിയുടേയും വാനിലയുടേയും മറ്റ് നാണ്യവിളകളുടേയുമെല്ലാം കൃഷിയിലേക്ക്  മോഹവിപണിവിലയില്‍ പ്രചോദിതരായി കടക്കുകയും വിളപരീക്ഷണങ്ങള്‍ക്കു മുതിരുകയും തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമാവുകയും ചെയ്ത കര്‍ഷകരുടെ ദുരിതാനുഭവം തന്നെയായിരിക്കും  ആവര്‍ത്തിക്കാന്‍ പോകുന്നത്. തന്റെ കൃഷിയിടത്തില്‍ ഏതു വിളയാണ് കൃഷി ചെയ്യേണ്ടതെന്നും അതിനു സ്വീകരിക്കേണ്ട കാര്‍ഷികരീതി എന്താണെന്നും തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം കര്‍ഷകരെ സംബന്ധിച്ച് അത്രയ്ക്ക് പ്രാധാന്യമുള്ളതായി പ്രത്യക്ഷത്തില്‍ തോന്നുകയില്ലെങ്കിലും കര്‍ഷകര്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന കുത്തകശക്തികളുടെ വ്യാപനത്തിനും ചൂഷണത്തിനും വലിയ വിഘാതമായിരിക്കും. വിപണിയിലെ വിലപേശല്‍ശക്തി കയ്യാളുന്നവരെ സംബന്ധിച്ച് അത് നിലനിര്‍ത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും വിപണിയിലെ സമ്പൂര്‍ണ്ണ നിയന്ത്രണം ആവശ്യമുണ്ട്. കാര്‍ഷികവിളയും കാര്‍ഷികരീതികളും തിരഞ്ഞെടുക്കാനുള്ള കര്‍ഷകന്റെ സ്വാതന്ത്ര്യം ഇതിനെല്ലാം തടസ്സമാണ്. ആ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള വിപണിയിലെ ആധിപത്യശക്തികളുടെ ശ്രമമാണ് ലോകമെമ്പാടും നടപ്പിലാക്കിയിട്ടുള്ള കരാര്‍കൃഷി നിയമങ്ങള്‍. 

ഭക്ഷ്യവസ്തുക്കളുടെ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന കോര്‍പ്പറേറ്റ് ശക്തികള്‍ തങ്ങളുടെ ബിസിനസ് സുഗമമായി നടത്തുന്നതിനു സൃഷ്ടിക്കുന്ന ശൃംഖലയുടെ അവിഭാജ്യഘടകമാണ് ഭക്ഷ്യവസ്തുക്കളുടെ സംഭരണവും സംസ്‌കരണവും മറ്റ് അനുബന്ധ മൂല്യവര്‍ദ്ധനശ്രമങ്ങളും. ഭക്ഷ്യവസ്തുക്കളുടെ വിതരണം നിരന്തരമായി ഉറപ്പുവരുത്തുകയെന്നതും   അനിവാര്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍,  ഭക്ഷ്യവസ്തുക്കളുടെ റീട്ടെയില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വമ്പന്‍ കോര്‍പ്പറേറ്റ് ശക്തികളുടെ  വിപണിതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കാര്‍ഷികോല്പന്നങ്ങളുടെ വിപണിയില്‍ ആധിപത്യശക്തികളുടെ സ്വാധീനം  ഉറപ്പിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനും അഗ്രിബിസിനസ് കമ്പനികളുടെ കോര്‍പ്പറേറ്റ് കൃഷിക്ക് സൗകര്യമൊരുക്കുന്നതിനും നിയമപരിരക്ഷ നല്‍കുന്നതാണ് കരാര്‍കൃഷിനിയമമെന്ന് കാണാന്‍ കഴിയുന്നതാണ്. കര്‍ഷകന് വില ഉറപ്പു നല്‍കുന്ന നിയമമെന്നാണ് കരാര്‍കൃഷി നിയമത്തിനു നല്‍കിയിരിക്കുന്ന ഓമനപ്പേര്.  സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന ന്യായമായ വില കര്‍ഷകനു ലഭിക്കുമെന്ന് ഈ നിയമത്തില്‍ ഒരിടത്തും പറയുന്നതേയില്ല. വഞ്ചനാത്മകമാണ് ഈ പേര് നല്‍കല്‍. നിയമത്തിന്റെ അഞ്ച് (ബി) വകുപ്പ് പ്രകാരം ഉല്പന്നവില ക്രമാതീതമായി കുറഞ്ഞാല്‍ ലഭിക്കേണ്ട ന്യായവില കരാര്‍കൃഷി ഉടമ്പടിയില്‍ രണ്ടു പാര്‍ട്ടികളും പരസ്പരം അംഗീകരിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ലഭിക്കുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. 

വരുന്നത് കൊള്ളവില

നിലവിലിരിക്കുന്ന അവശ്യസാധന നിയമം ഒരു പരിധിയില്‍ കൂടുതല്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിക്കാനോ സംഭരിക്കാനോ ആരെയും അനുവദിക്കുന്നില്ല. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തുടര്‍ന്നുണ്ടാവുന്ന വിലക്കയറ്റവും തടയുകയെന്ന ലക്ഷ്യംവച്ചുകൊണ്ടാണ് ഇത്തരം സംഭരണപരിധികള്‍ നിശ്ചയിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് കൃഷി വ്യാപകമാവുന്നതോടുകൂടി കോര്‍പ്പറേറ്റ് രീതിയിലുള്ള സംഭരണവും വിപണനവും ആവശ്യമായിവരും. അതുകൊണ്ടാണ് പ്രസ്തുത നിയമത്തില്‍ ഭേദഗതിവരുത്തിക്കൊണ്ട് മറ്റു രണ്ടു കാര്‍ഷികനിയമങ്ങള്‍ക്കൊപ്പം അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംരംഭകര്‍ക്കും ഏതളവില്‍ വേണമെങ്കിലും കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിക്കാനും സംഭരിക്കാനും നിയമപരിരക്ഷ നല്‍കുന്നതാണ് പ്രസ്തുത നിയമഭേദഗതി.

അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ ധാന്യങ്ങളുടേയും മറ്റു ഭക്ഷ്യവസ്തുക്കളുടേയും കാര്യത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍  ഈ നിയമ ഭേദഗതി അനുവദിക്കുന്നുള്ളൂ.  സംഭരണപരിധി നിശ്ചയിക്കുന്ന കാര്യത്തിലാണെങ്കില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ചില്ലറവില്‍പ്പനവില ക്രമാതീതമായി ഉയര്‍ന്നാല്‍പ്പോലും മൂല്യശൃംഖലയിലെ പങ്കാളിയാണെങ്കില്‍ കാര്യമായ രീതിയില്‍ ഒരു സംഭരണപരിധിയും നിശ്ചയിക്കാന്‍  നിയമത്തിന്റെ വകുപ്പ് 2 (ബി) പ്രകാരം കഴിയില്ല എന്നതാണ് സ്ഥിതി. ഭക്ഷ്യവസ്തുക്കളുടെ പാക്കേജിങ്, ഗതാഗതം  തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍പോലും മൂല്യശൃംഖലയിലെ പങ്കാളിയാണെന്നു വിശദീകരിച്ചിട്ടുള്ളതിനാല്‍  ഫലത്തില്‍ ഏതൊരു സ്ഥാപനത്തിനും എത്ര വേണമെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു സൂക്ഷിക്കുന്നതിനും കൊള്ളവിലയ്ക്കു വില്‍ക്കുന്നതിനും  ഈ നിയമ ഭേദഗതി നടപ്പാകുന്നതോടുകൂടി വഴിയൊരുങ്ങുമെന്ന കാര്യത്തില്‍ സംശയമെന്നുമില്ല.   

കര്‍ഷക സമൂഹത്തിന്റെ മരണം

വിഖ്യാത ചരിത്രകാരന്‍ എറിക്  ഹോബ്സ്ബാം 'എയ്ജ് ഓഫ് എക്സ്ട്രീംസ്: ദി ഷോര്‍ട്ട് ടൊന്റിയത്ത് സെഞ്ചുറി 1914-1991' എന്ന പഠനത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നടന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാറ്റം കര്‍ഷകസമൂഹത്തിന്റെ മരണമാണെന്നാണ് വിലയിരുത്തുന്നത്. 1940-കളില്‍ തൊഴിലിനായി കാര്‍ഷിക മത്സ്യബന്ധന മേഖലകളെ കാര്യമായി ആശ്രയിക്കാത്ത രണ്ടേ രണ്ടു രാജ്യങ്ങള്‍ ബ്രിട്ടനും ബെല്‍ജിയവും മാത്രമായിരുന്നുവെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ  നിരീക്ഷണത്തില്‍ എത്തിച്ചേരുന്നത്. ഈ രാജ്യങ്ങളില്‍ ജനസംഖ്യയുടെ 20 ശതമാനത്തില്‍ താഴെപേര്‍ മാത്രമായിരുന്നു അന്ന് പ്രസ്തുത മേഖലകളില്‍ തൊഴിലെടുത്തിരുന്നത്. മറ്റെല്ലാ ലോകരാജ്യങ്ങളിലും തുടര്‍ന്നുവന്ന നാല് ദശകങ്ങളില്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണത്തില്‍ ഭീമമായ കുറവാണ് സംഭവിച്ചത്. എന്നാല്‍, അതിന് അപവാദമായി നിലനിന്ന അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയാണ്. മുന്‍പ് സൂചിപ്പിച്ചതുപോലെ ഇന്ത്യയില്‍ ഇപ്പോഴും ഏതാണ്ട് 44 ശതമാനം പേര്‍ ജീവിതവൃത്തിക്കായി ആശ്രയിക്കുന്നത് കാര്‍ഷികമേഖലയെത്തന്നെയാണ്. ഇത് മാറ്റിമറിക്കുക എന്നതാണ് ലക്ഷ്യം. 

എ.പി.എം.സി നിയമം അപ്രസക്തമാകുന്നതോടുകൂടി  കാര്‍ഷികമേഖലയിലെ അവസാന സുരക്ഷിത തുരുത്തുകള്‍ കൂടി അപ്രത്യക്ഷമാകും. ഭക്ഷ്യധാന്യ ഉല്പാദനം നഷ്ടക്കച്ചവടമാകുമ്പോള്‍  വന്‍തോതില്‍ കര്‍ഷകര്‍ കാര്‍ഷിക ഇതര മേഖലകളിലേക്ക് കുടിയൊഴിക്കപ്പെടും. അവരില്‍ താരതമ്യേന വിദ്യാഭ്യാസം നേടിയിട്ടുള്ളവര്‍ നഗര-വ്യാവസായിക മേഖലകളിലെ സേവനരംഗത്ത് തൊഴില്‍ അന്വേഷകരായി മാറും. രാജ്യത്തെ സാധാരണ കൃഷിക്കാരാവട്ടെ, നഗര-വ്യാവസായിക മേഖലകളിലും പശ്ചാത്തല സൗകര്യ നിര്‍മ്മാണ പ്രവൃത്തികളിലും ഏര്‍പ്പെട്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ നിരയിലേക്ക് എണ്ണം ചേര്‍ക്കപ്പെടും. 

മറ്റെങ്ങും പോകാന്‍ വഴിയില്ലാതെ കാര്‍ഷികമേഖലയില്‍തന്നെ കുടുങ്ങിപ്പോകുന്നവര്‍ മേഖലയിലേക്ക് കടന്നുവരുന്ന അഗ്രിബിസിനസ് കമ്പനികളുമായി കരാര്‍ കൃഷിക്ക് നിര്‍ബ്ബന്ധിതരാകുന്ന ഇടത്തരം കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കര്‍ഷകത്തൊഴിലാളികളായി മാറ്റപ്പെടും. പാശ്ചാത്യ രാജ്യങ്ങളിലെ കാര്‍ഷികരംഗത്ത് നിലനില്‍ക്കുന്ന യന്ത്രവല്‍കൃത കൃഷിരീതികള്‍ ചെലവ് ചുരുക്കലിന്റെ പേരില്‍ സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതമാക്കപ്പെടുന്നതോടെ കാര്‍ഷികമേഖലയിലെ മഹാഭൂരിപക്ഷം 'മുന്‍ കര്‍ഷകരെന്ന കര്‍ഷകത്തൊഴിലാളികള്‍കൂടി' ഗ്രാമമേഖലയില്‍നിന്ന് കുടിയൊഴിക്കപ്പെടും. കരാര്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇടത്തരം കര്‍ഷകരാവട്ടെ, തങ്ങളുടെ കൃഷിയിടങ്ങള്‍  അഗ്രിബിസിനസ്സ് കമ്പനികള്‍ക്കു വില്‍ക്കാന്‍  നിര്‍ബ്ബന്ധിതരായി തീരുകയും ചെയ്യും. പാശ്ചാത്യനാടുകളില്‍ കാണാന്‍ കഴിയുന്ന രീതിയിലുള്ള കോര്‍പ്പറേറ്റ് കൃഷി സംവിധാനങ്ങള്‍ രാജ്യത്തെ കാര്‍ഷികമേഖലയെ സമ്പൂര്‍ണ്ണമായി കയ്യടക്കുന്ന കാഴ്ചയാവും തുടര്‍ന്ന് കാണേണ്ടിവരിക.

ജെ.എന്‍.യുവിലെ മുന്‍ സാമ്പത്തികശാസ്ത്ര  പ്രൊഫസറായ ഉത്സ പട്നായിക് വിലയിരുത്തുന്നതുപോലെ ഈ മാറ്റങ്ങളെല്ലാം സംഭവിക്കുന്നത് ആഗോള കാര്‍ഷിക ഉല്പന്നവിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ചായിരിക്കും. വികസിത പാശ്ചാത്യനാടുകളില്‍ ശൈത്യകാലത്ത് കൃഷി അസാധ്യമാകുമ്പോള്‍ ആവശ്യമായിവരുന്ന കാര്‍ഷിക ഉല്പന്നങ്ങളായിരിക്കും ജൈവവൈവിധ്യം നിറഞ്ഞ ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ കാര്‍ഷികമേഖലയില്‍ ഉല്പാദിപ്പിക്കാന്‍ കോര്‍പ്പറേറ്റ് അഗ്രിബിസിനസ്സുകാര്‍ വെമ്പല്‍ കൊള്ളുക. ലഭിക്കുന്ന വിദേശനാണ്യമുപയോഗിച്ച് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാമല്ലോ എന്ന രീതിയില്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ തന്നെ പുനര്‍നിര്‍വ്വചിക്കപ്പെടും. കര്‍ഷകരെ അവരുടെ ഭൂമിയില്‍നിന്ന് 'അപ്രതീക്ഷിതമായി ബലപ്രയോഗത്താല്‍' പുറംതള്ളുന്നതാണ് ആദിമ മൂലധനസഞ്ചയം (പ്രിമിറ്റീവ് അക്യൂമിലേഷന്‍) സൃഷ്ടിക്കുന്ന പ്രക്രിയയുടെ അടിസ്ഥാന ഉത്തോലകമായി പ്രവര്‍ത്തിക്കുന്നതെന്ന മാര്‍ക്സിന്റെ  വിലയിരുത്തല്‍ (മൂലധനം, വാല്യം ഒന്ന് അധ്യായം 26) കര്‍ഷകരുടെ തൊഴിലാളിവല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക ലക്ഷ്യങ്ങള്‍ അനാവരണം ചെയ്യുകയാണ്.

കാര്‍ഷികമേഖലയില്‍ പരിമിതമായെങ്കിലും നിലനില്‍ക്കുന്ന സാമ്പത്തിക ഭദ്രതയുടേയും സുസ്ഥിരതയുടേയും വിരളമായ സാഹചര്യങ്ങളെക്കൂടി കോര്‍പ്പറേറ്റ് ശക്തികളുടെ ലാഭക്കൊതിക്കും ആദിമ മൂലധനസഞ്ചയ സൃഷ്ടിക്കും തുറന്നുകൊടുക്കുകയെന്ന നവലിബറല്‍ ലക്ഷ്യമാണ് മൂന്ന് കാര്‍ഷികനിയമങ്ങള്‍ക്കുള്ളത്. നോട്ടുനിരോധനത്തിനും ജി.എസ്.ടിക്കും ശേഷമുള്ള മൂന്നാമത്തെ 'നയപരമായ ആഘാതമായി' ഈ കാര്‍ഷിക നിയമങ്ങള്‍ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com