ഇനി മുതലാളിമാരുടെ ബാങ്കിങ്ങ്

അക്കൗണ്ടിലെ പണം തിരികെ തരാമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പുനല്‍കിയിട്ട് 16 മാസം കഴിയുന്നു. ഒരൊറ്റ പൈസ പോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല
ധനമന്ത്രി നിർമലാ സീതാരാമൻ
ധനമന്ത്രി നിർമലാ സീതാരാമൻ

ക്കൗണ്ടിലെ പണം തിരികെ തരാമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പുനല്‍കിയിട്ട് 16 മാസം കഴിയുന്നു. ഒരൊറ്റ പൈസ പോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ബാങ്കിന്റെ ആസ്തികള്‍ കണ്ടുകെട്ടുന്നതിനോ വില്‍ക്കുന്നതിനോ ഒരു നടപടിയും ആര്‍.ബി.ഐയുടെ ഭാഗത്തുനിന്നുണ്ടായില്ല. എന്തിന്, ക്രമക്കേട് എന്താണെന്നോ അവിടെ നടന്ന തിരിമറി എന്താണെന്നോ പോലും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് സാധാരണ ഒരു പൗരന്‍ ഈ ബാങ്കിങ്ങ് സംവിധാനത്തില്‍ വിശ്വസിക്കുക? 

ചോദ്യം പി.എം.സി ഡെപ്പോസിറ്റേഴ്സ് അസോസിയേഷന്‍ പ്രതിനിധി നിഖില്‍ വോറയുടേതാണ്. അന്‍പത്തിയൊന്നുകാരനായ വോറയുടെ ജീവിതസമ്പാദ്യം മുഴുവന്‍ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്കിലായിരുന്നു. 2019 സെപ്റ്റംബര്‍ 23-നാണ് പണം പിന്‍വലിക്കാന്‍ ആര്‍.ബി.ഐ നിയന്ത്രണം കൊണ്ടുവന്നത്. ഇതോടെ ആറു സംസ്ഥാനങ്ങളില്‍ 137 ശാഖകളുള്ള ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന തുക ആയിരം രൂപയായി. ആറുമാസം കഴിഞ്ഞപ്പോള്‍ 50,000 രൂപയും 2020 ഡിസംബറില്‍ അത് ഒരു ലക്ഷവുമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ നടപടികളൊന്നും നിക്ഷേപകരുടെ ദുരിതമകറ്റിയില്ല. ഏക സമ്പാദ്യമായി സുരക്ഷിതമായി നിക്ഷേപിച്ച പണം കിട്ടില്ലെന്നറിഞ്ഞ് പലരും ഹൃദയം തകര്‍ന്നു മരിച്ചു. പണം കിട്ടാതെ പഞ്ചാബിലെ ഗുരുദ്വാരകളും സ്‌കൂളുകളും വരെ പൂട്ടി. ട്രസ്റ്റുകളാകെ പ്രതിസന്ധിയിലായി. നിക്ഷേപകരില്‍ പലരും കയ്യിലുള്ള ആഭരണങ്ങള്‍ വിറ്റാണ് ദൈനംദിന ചെലവ് കഴിച്ചുകൂട്ടിയത്. ബാങ്കിലെ പണം എന്ന് പിന്‍വലിക്കാനാകുമെന്നും എന്തു ചെയ്യുമെന്നും നിക്ഷേപകര്‍ക്കറിയില്ല. 95 നിക്ഷേപകര്‍ 14 മാസം കൊണ്ട് ആത്മഹത്യ ചെയ്യുകയോ സമ്മര്‍ദ്ദംകൊണ്ട് മരണപ്പെടുകയോ ചെയ്തു. 

പി.എം.സിയുടേതിനു സമാനമായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തകര്‍ന്നത് മൂന്ന് പ്രധാന ബാങ്കുകളാണ്. യെസ് ബാങ്കിന്റെ ബാധ്യതകള്‍ എസ്.ബി.ഐ ഏറ്റെടുത്തു. തകര്‍ച്ചയിലായ ഐ.ഡി.ബി.ഐ ബാങ്കിനെ എല്‍.ഐ.സിയുടെ മൂലധനംകൊണ്ടാണ് സര്‍ക്കാര്‍ രക്ഷിച്ചെടുത്തത്. ഐ.എല്‍ ആന്‍ഡ് എഫ്.സി, ഡി.എച്ച്.എഫ്.എല്‍ എന്നീ ധനകാര്യസ്ഥാപനങ്ങളും തകര്‍ന്നുവീണു. ലക്ഷ്മിവിലാസ് ബാങ്കിനെ ഡി.ബി.എസുമായി ലയിപ്പിച്ചാണ് തകര്‍ച്ചയെ നേരിട്ടത്. കിട്ടാക്കടവും വായ്പകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളുമായിരുന്നു ഈ ബാങ്ക് തകര്‍ച്ചകളുടെ മൂലകാരണം. ഒരു മാനദണ്ഡവും പാലിക്കാതെ കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ തട്ടിപ്പ് സ്ഥാപനങ്ങള്‍ക്കും വാരിക്കോരി വായ്പ നല്‍കി. തിരിച്ചടവില്ലാതായതോടെ തകര്‍ച്ച പൂര്‍ണ്ണമായി. പൊതുമേഖലാ ബാങ്കുകള്‍ പോലും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരു ലക്ഷം രൂപയിലധികം തട്ടിപ്പ് നടത്തിയ കേസുകളുടെ എണ്ണം 28 ശതമാനം കൂടിയെന്നാണ് കണ്ടെത്തല്‍. തട്ടിപ്പിന്റെ മൂല്യം അനുസരിച്ച് 159 ശതമാനം വര്‍ദ്ധനയുണ്ടായെന്നാണ് ആര്‍.ബി.ഐ തന്നെ സമ്മതിക്കുന്നു.

ബാങ്കുകള്‍ക്ക് തകര്‍ച്ച നേരിട്ടാല്‍ ഇടപെട്ട് വേണ്ട നടപടി എടുക്കേണ്ടത് കേന്ദ്രബാങ്ക് എന്ന നിലയില്‍ ആര്‍.ബി.ഐയാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നിലയില്‍ തകര്‍ച്ച വന്നാല്‍ കൈകാര്യം ചെയ്യേണ്ടതും അവര്‍ തന്നെ. എന്നാല്‍, കഴിഞ്ഞ കുറേ കാലങ്ങളായി അധികാരവും കാര്യക്ഷമതയും നഷ്ടമായ കേന്ദ്രബാങ്ക് ഒരു ആത്മഹത്യാപരമായ തീരുമാനം കൂടി എടുക്കാനൊരുങ്ങുകയാണ്. കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ അനുമതി നല്‍കാനൊരുങ്ങുകയാണ്. അതിനാവശ്യമായ ചട്ടങ്ങളും നിയന്ത്രണങ്ങളും ആര്‍.ബി.ഐയുടെ ഇന്റേണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് കുറച്ചുദിവസം മുന്‍പ് പുറത്തുവിട്ടിരുന്നു. 

2014-നു ശേഷം കോര്‍പ്പറേറ്റ് കമ്പനികളുടെ നിയന്ത്രണത്തിലുള്ള പല നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ക്കും അനുമതി ലഭിച്ചിട്ടില്ല. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ബന്ധന്‍ എന്നിവര്‍ക്കാണ് ഏറ്റവുമൊടുവില്‍ അനുമതി കിട്ടിയത്. ഇവരാകട്ടെ, വ്യവസായഗ്രൂപ്പുകളുമായി ബന്ധമുള്ളവരായിരുന്നില്ല. 2013 ഫെബ്രുവരിയിലാണ് ബാങ്കിങ്ങ് ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ ആര്‍.ബി.ഐ പുറത്തിറക്കിയത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നോണ്‍ ബാങ്കിങ് ഫിനാന്‍സ് സ്ഥാപനമായ ആദിത്യ ബിര്‍ള ക്യാപിറ്റല്‍ അടക്കം രാജ്യത്തെ വ്യാവസായിക ഗ്രൂപ്പുകളില്‍ പലതും ആദ്യഘട്ടത്തില്‍ രംഗത്തുണ്ടായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ടാറ്റ ക്യാപിറ്റല്‍ അടക്കമുള്ളവര്‍ ആര്‍.ബി.ഐയുടെ കടുത്ത നിയന്ത്രണങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി പിന്‍വാങ്ങി. റിലയന്‍സ് ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, എല്‍&ടി ഫിനാന്‍സ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എന്നീ കമ്പനികളും ആര്‍.ബി.ഐയുടെ നിബന്ധനകളില്‍ ഉള്‍പ്പെട്ടില്ല. എണ്‍പതുകളിലെ ദേശസാല്‍ക്കരണം കഴിഞ്ഞ് തൊണ്ണൂറുകളിലെ ഉദാരവല്‍ക്കരണവും പിന്നിട്ട ശേഷം 1993-ലാണ് സ്വകാര്യബാങ്കുകള്‍ക്ക് ആദ്യമായി അനുമതി ലഭിച്ചത്. പിന്നീട് 2001-ലും 2013-ലും സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കി. 2003-04 കാലഘട്ടത്തിലാണ് രണ്ടു സ്വകാര്യ ബാങ്കുകള്‍ക്ക് കൊട്ടക് മഹിന്ദ്ര ബാങ്കിനും യെസ് ബാങ്കിനും അനുമതി കിട്ടിയത്. 2014-ല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ബാങ്കിങ്ങ് രംഗത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ആര്‍.ബി.ഐ പുനഃസ്ഥാപിച്ചു.

പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര ​കോപ്പറേറ്റീവ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് നിക്ഷേപകർ പ്രതിഷേധിക്കുന്നു. തകർച്ചയെത്തുടർന്ന് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു
പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര ​കോപ്പറേറ്റീവ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് നിക്ഷേപകർ പ്രതിഷേധിക്കുന്നു. തകർച്ചയെത്തുടർന്ന് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു

ധനനയ പരിഷ്‌കരണത്തിനായി 2008-ല്‍ രൂപീകരിച്ച രഘുറാംരാജന്‍ കമ്മിറ്റി കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ബാങ്കിങ്ങ് രംഗത്തേക്ക് വരുന്നതിനെ നിശിതമായി എതിര്‍ത്തിരുന്നു. അന്നുമുതല്‍ ആര്‍.ബി.ഐ പിന്തുടര്‍ന്ന നയവും അതായിരുന്നു. പിന്നീട് രഘുറാംരാജന്റെ പുറത്താകലും സാമ്പത്തികവിദഗ്ദ്ധനല്ലാത്ത ശക്തികാന്ത ദാസിന്റെ വരവുമടക്കം റിസര്‍വ്വ് ബാങ്കിന്റെ പ്രതാപത്തേയും അധികാരത്തേയും ബാധിക്കുന്ന ഒട്ടേറെ സംഭവവികാസങ്ങളുണ്ടായി. ഏറ്റവുമൊടുവിലാണ് 1949-ലെ ബാങ്കിങ്ങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ റിസര്‍വ്വ് ബാങ്ക് ആഭ്യന്തരസമിതി ശുപാര്‍ശ ചെയ്തത്. ആര്‍.ബി.ഐയുടെ ബോര്‍ഡ് ഡയറക്ടറായ ഡോ. പ്രസന്ന കുമാര്‍ മൊഹന്തി, പ്രൊഫ. സച്ചിന്‍ ചതുര്‍വേദി, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ലിലി വദേര, എസ്.സി. മുര്‍മു, ചീഫ് ജനറല്‍ മാനേജര്‍ ശ്രീമോഹന്‍ യാദവ് എന്നിവരാണ് ആഭ്യന്തരസമിതിയിലെ അംഗങ്ങള്‍. ഈ സമിതിയുടെ ശുപാര്‍ശകള്‍ പ്രധാനമായും ഇതാണ്.

1. പ്രമോട്ടര്‍മാര്‍ അല്ലാത്തവരുടെ ഓഹരി വിഹിതം 26 ശതമാനമാകാം.
2. 50,000 കോടി രൂപ ആസ്തിയുളള എന്‍.ബി.എഫ്.സികള്‍ക്ക് ബാങ്കുകളാകാം.
3. കോര്‍പ്പറേറ്റ് സംവിധാനങ്ങളുടെ എന്‍.ബി.എഫ്.സികളേയും പരിഗണിക്കാം.
4. എന്‍.ബി.എഫ്.സികള്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ മികച്ച രീതിയിലുളള പ്രവര്‍ത്തന പരിചയം ഉണ്ടാകണം. 
5. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കുള്ള ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ മൂലധനശേഷി 500 കോടിയില്‍നിന്ന് 1,000 കോടി രൂപയായി ഉയര്‍ത്തുക. 
6. സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സ് നേടാന്‍ മൂലധനശേഷി 200 കോടിയില്‍നിന്ന് 300 കോടിയായി ഉയര്‍ത്തുക.
 7. സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സ് ലഭിക്കാന്‍ പേയ്മെന്റ് ബാങ്കുകള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം.

ആദ്യത്തേത്, വലിയ വ്യവസായ ഗ്രൂപ്പുകളെ ബാങ്കിങ്ങ് ബിസിനസിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് പ്രൊമോട്ടര്‍മാര്‍ക്കുള്ള ഓഹരി നിയന്ത്രണങ്ങളില്‍ ആര്‍.ബി.ഐ ഇളവുകൊടുക്കാനൊരുങ്ങുന്നത്. അവര്‍ക്ക് 26 ശതമാനം ഓഹരി നിലനിര്‍ത്താന്‍ പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നു. നേരത്തെ, 15 വര്‍ഷത്തിനുള്ളില്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി 15 ശതമാനമാക്കി കുറയ്ക്കണമെന്ന് ആര്‍.ബി.ഐ നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, അത് പാടെ മാറ്റി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രമോട്ടറുടെ ഓഹരിവിഹിതം 15 ശതമാനത്തില്‍നിന്ന് 26 ശതമാനം വരെയാക്കാമെന്നാണ് ആഭ്യന്തരസമിതിയുടെ പുതിയ ശുപാര്‍ശ.

ഓഹരിവിഹിതത്തിന്റെ പേരില്‍ കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ പ്രൊമോട്ടര്‍ ആയ ഉദയ് കൊട്ടക്ക് ആര്‍.ബി.ഐക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ കേസിനു പോയിരുന്നു. ഒടുവില്‍, ഒത്തുതീര്‍പ്പു വ്യവസ്ഥയനുസരിച്ച് 26 ശതമാനം ഓഹരി നിലനിര്‍ത്താന്‍ ഉദയ് കൊട്ടക്കിനെ ആര്‍.ബി.ഐ അനുവദിച്ചു. എന്നാല്‍ വോട്ടിങ്ങ് അവകാശം 15 ശതമാനമായി ഏപ്രില്‍ മുതല്‍ നിജപ്പെടുത്തി. ആ അനുമതിയാണ് ഇപ്പോള്‍ നിയമമാക്കാന്‍ ആര്‍.ബി.ഐ ഒരുങ്ങുന്നത്. 2015-ലെ ലൈസന്‍സിങ്ങ് ചട്ടം അനുസരിച്ച് സ്വകാര്യബാങ്കിലെ പ്രമോട്ടര്‍മാര്‍ ഓഹരിവിഹിതം മൂന്നു വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായി കുറയ്ക്കണം. പത്തുവര്‍ഷത്തിനുള്ളില്‍ 20 ശതമാനമാക്കണം. 15 വര്‍ഷംകൊണ്ട് 15 ശതമാനമാക്കണം. ഇതാണ് നിബന്ധന. ഇതാണ് 26 ശതമാനമാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്. മുന്‍പ് പ്രമോട്ടര്‍ക്ക് ബാങ്കില്‍ 49 ശതമാനം വരെ ഓഹരി കൈവശം വയ്ക്കാമായിരുന്നു. ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ തകര്‍ച്ചയോടെയാണ് ഈ മാനദണ്ഡങ്ങളൊക്കെ മാറ്റിയത്.

രണ്ടാമത്തേത്, 50000 കോടിക്കു മുകളില്‍ ആസ്തിയുള്ള പകുതിയോളം ധനകാര്യ കമ്പനികളും ആര്‍.ബി.ഐയുടെ പുതിയ ശുപാര്‍ശ അനുസരിച്ച് ലൈസന്‍സിന് അര്‍ഹരാണ്. ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍, ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, മഹീന്ദ്ര, പിരമല്‍, ടാറ്റ ക്യാപ്പിറ്റല്‍ എന്നിവയ്ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴുള്ള എച്ച്.ഡി.എഫ്.സി, എല്‍.ഐ.സി, പി.എന്‍.ബി ഹൗസിങ് എന്നിവയാണ് ബാക്കിയുള്ളത്. ഇതില്‍ എല്‍.ഐ.സിക്ക് ഐ.ഡി.ബി.ഐയിലും പിന്‍ബി ഹൗസിങ്ങിനു പഞ്ചാബ് നാഷണല്‍ ബാങ്കിലും നിക്ഷേപമുണ്ട്. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള പേയ്മെന്റ് ബാങ്കുകള്‍ക്ക് സ്മോള്‍ ഫിനാന്‍സ് ബാങ്കുകളായി മാറാനുള്ള അവസരവും പുതിയ ശുപാര്‍ശകള്‍ നല്‍കുന്നുണ്ട്. ബാങ്കുകളുടെ പ്രാഥമിക മൂലധനം 1,000 കോടി രൂപയായും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ മൂലധനം 300 കോടി രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. മുന്‍പ് ഇവ യഥാക്രമം 500 കോടി രൂപയും 200 കോടി രൂപയുമായിരുന്നു.

ദേശസാല്‍ക്കരണത്തിനു മുന്‍പ് ഇന്ത്യയില്‍ ബാങ്കുകള്‍ സ്വകാര്യ മുതലാളിമാരുടെ ഉടമസ്ഥതയിലായിരുന്നു. ടാറ്റയുടെ സെന്‍ട്രല്‍ ബാങ്കും ബിര്‍ളയുടെ യൂക്കോ ബാങ്കുമടക്കം പലതും കോര്‍പ്പറേറ്റ് ഉടമസ്ഥതയിലായിരുന്നു. പാലാ സെന്‍ട്രല്‍ ബാങ്കിന്റേതടക്കമുള്ള തകര്‍ച്ചകള്‍ ഏറിയപ്പോഴാണ് ബാങ്ക് ദേശസാല്‍ക്കരണം നടന്നത്. അന്നുമുതല്‍ ബാങ്കിങ്ങ് ഇടപാടുകളുടെ സിംഹഭാഗവും പൊതുമേഖലാ ബാങ്കുകളുടെ കൈവശമായി. എന്നാല്‍, ബാങ്കിങ്ങ് മേഖലയിലേക്ക് വിദേശ മൂലധനത്തിനു കയറിവരാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല 'പരിഷ്‌കരി'ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ലോകബാങ്ക് മുന്നോട്ടുവച്ചിരുന്നു. ലോകബാങ്ക്‌പോലും ദേശസാല്‍ക്കരണത്തെ പിന്തുണയ്ക്കുന്നു. റെഗുലേഷന്‍ റീ റെഗുലേഷന്‍ എന്ന കണ്‍സപ്റ്റ്.  നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ബാങ്കുടമസ്ഥത കയ്യൊഴിയണം എന്നാവശ്യപ്പെട്ടത്. ഇനിമേല്‍ ദേശസാല്‍ക്കരണമില്ല എന്ന് പ്രഖ്യാപിച്ച് ബാങ്കുകളുടെ  ഉടമസ്ഥത നാടന്‍ - മറുനാടന്‍ മുതലാളിമാര്‍ക്ക് പതിച്ചുനല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. മാത്രവുമല്ല, പൊതു- സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ വിവേചനം പാടില്ല എന്നും റിപ്പോര്‍ട്ട് നിഷ്‌കര്‍ഷിച്ചു.

നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും ബാങ്കുകളാകെ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്ത ഡസന്‍ കണക്കിനു രാജ്യങ്ങളുടെ അനുഭവങ്ങളാണ് ലോകബാങ്കിന്റെ 1989-ലെ വാര്‍ഷിക രേഖയിലുള്ളത്. സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് ദേശസാല്‍ക്കരണം, ദേശസാല്‍ക്കരണത്തില്‍നിന്ന് വീണ്ടും സ്വകാര്യവല്‍ക്കരണത്തിലേക്ക്, സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് പുനര്‍ദേശസാല്‍ക്കരണത്തിലേക്ക് എന്ന വിശേഷണവും ലോകബാങ്ക് മുന്നോട്ടുവയ്ക്കുന്നു. ഇങ്ങനെ നടപ്പാക്കിയ സ്വകാര്യവല്‍ക്കരണത്തിന്റെ തിരിച്ചടികള്‍ പല രാജ്യങ്ങളിലും നേരിട്ടു. കോര്‍പ്പറേറ്റുകള്‍ ഫണ്ടുകള്‍ തങ്ങളുടെ ബിസിനസിലേക്ക് മാറ്റി. കിട്ടാക്കടം വര്‍ദ്ധിച്ചു. ഉദാഹരണത്തിന് ചിലിയില്‍ നടത്തിയ സ്വകാര്യവല്‍ക്കരണം നോക്കാം. വ്യവസായ ഗ്രൂപ്പുകള്‍ സ്വന്തം സ്ഥാപനങ്ങള്‍ക്ക് വഴിവിട്ട വായ്പ കൊടുത്തു. 1982-ല്‍ കിട്ടാക്കടം 79 ശതമാനമായി. തൊട്ടടുത്ത വര്‍ഷം അത് 150 ശതമാനമായി. ഗത്യന്തരമില്ലാതെ സ്വകാര്യ ഉടമസ്ഥരില്‍നിന്ന് ബാങ്കുകള്‍ തിരിച്ചെടുത്തു. അര്‍ജന്റീനയിലും ഉറുഗ്വേയിലും ഫിലിപ്പീന്‍സിലും തുര്‍ക്കിയിലും മലേഷ്യയിലുമൊക്കെ ഇതുതന്നെ ആവര്‍ത്തിക്കേണ്ടിവന്നു- ബാങ്കിങ്ങ് രംഗത്തെ വിദഗ്ദ്ധനായ എ.കെ. രമേശ് പറയുന്നു.

സ്വകാര്യവല്‍ക്കരണം ബജറ്റിലുണ്ടോ?

സ്വകാര്യവല്‍ക്കരണത്തിനു മുന്നോടിയായി പൊതുമേഖലാ ബാങ്കുകളിലെ ഓഹരിവിഹിതത്തിന്റെ വിനിയോഗം സംബന്ധിച്ച് ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് സിന്ധ് ബാങ്ക്, യൂക്കോ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ സ്വകാര്യവല്‍ക്കരിക്കാന്‍ നീതി ആയോഗ് നിര്‍ദ്ദേശിച്ചിരുന്നു. ലോക്ക്ഡൗണിനു ശേഷം കേന്ദ്രസര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നികുതി വരുമാനം മെച്ചപ്പെട്ടെന്നും തിരിച്ചുവരവുണ്ടാകുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതെത്രമാത്രം വിശ്വാസയോഗ്യമാണെന്നത് വ്യക്തമല്ല. 

പൊതുമേഖലാ ബാങ്കുകള്‍ക്ക് ഈ അവസ്ഥയില്‍ പണം നല്‍കി പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞേക്കില്ല. ഈ പശ്ചാത്തലത്തിലാണ് ഓഹരിവില്‍പ്പന അടക്കമുള്ളവ പരിഗണിക്കുന്നത്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 16.2 ശതമാനമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 9.7 ശതമാനമായിരുന്നു. അതായത് കിട്ടാക്കടം വന്‍തോതില്‍ കൂടിയെന്നര്‍ത്ഥം. 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 3.1 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മൂലധനമായി നല്‍കിയത്. 2016-'17 കാലയളവ് മുതല്‍ ബാങ്കുകള്‍ക്കു നല്‍കിയ മൂലധനത്തിന്റെ വിവരങ്ങള്‍ സി.എ.ജി അന്വേഷിക്കുന്നുണ്ട്. 2014-ല്‍ ആര്‍.ബി.ഐ രൂപീകരിച്ച പി.ജെ. നായക് കമ്മിറ്റിയാണ് ബി.ഐ.സിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനിയും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചില്ലെങ്കില്‍ സര്‍ക്കാരിന് അത് ബാധ്യതയായി തീരുമെന്നാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. ഇതിന് പരിഹാരമായി രണ്ട് മാര്‍ഗ്ഗങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചത്. ഒന്നുകില്‍ സ്വകാര്യവല്‍ക്കരണം അല്ലെങ്കില്‍ നേരിട്ടുള്ള ഭരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com