നിര്‍വചിക്കപ്പെടാത്ത പരിരക്ഷകളും അധികാരവും

ഇന്ത്യ സ്വാതന്ത്ര്യം നേടി പരിപൂര്‍ണ്ണ റിപ്പബ്ലിക്കായതിനുശേഷം ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച വിഷയമാണ് പാര്‍ലമെന്ററി ആന്റ് ലെജിസ്ലേറ്റീവ് പ്രിവിലേജുകള്‍
നിര്‍വചിക്കപ്പെടാത്ത പരിരക്ഷകളും അധികാരവും

ന്ത്യ സ്വാതന്ത്ര്യം നേടി പരിപൂര്‍ണ്ണ റിപ്പബ്ലിക്കായതിനുശേഷം ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച വിഷയമാണ് പാര്‍ലമെന്ററി ആന്റ് ലെജിസ്ലേറ്റീവ് പ്രിവിലേജുകള്‍. പാര്‍ലമെന്റിന്റേയും നിയമസഭകളുടേയും അതിലെ അംഗങ്ങളുടേയും പ്രത്യേക അവകാശങ്ങളും പരിരക്ഷയും വ്യത്യസ്ത ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള പലതരം ഏറ്റുമുട്ടലുകള്‍ക്ക് പലപ്പോഴും ഹേതുവായിട്ടുണ്ടായിരുന്നു. നിയമനിര്‍മ്മാണസഭകള്‍ക്കും അതിലെ അംഗങ്ങള്‍ക്കും യാതൊരുവിധ തടസ്സങ്ങളും കൂടാതെ കാര്യക്ഷമമായും ഫലപ്രദമായും സ്വതന്ത്രമായും ഭരണഘടനാപരമായി തങ്ങളിലര്‍പ്പിച്ച ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വ്വഹിച്ച് പ്രവര്‍ത്തിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള പ്രത്യേക അവകാശങ്ങളും പരിരക്ഷയും സാധാരണ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ്.

പക്ഷേ, ഇന്ത്യയില്‍ പാര്‍ലമെന്ററി ആന്റ് ലെജിസ്ലേറ്റീവ് പ്രിവിലേജുകള്‍ ഇനിയും ക്രോഡീകരിക്കപ്പെടുകയോ വ്യക്തമായി നിര്‍വ്വചിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത അവകാശങ്ങളെന്ന നിലയില്‍ ഈ പ്രത്യേക അവകാശങ്ങളുടെ പരിധികടന്നുള്ള നടപടിമൂലം ഉണ്ടായ സുപ്രീംകോടതിയുടേയും ഹൈക്കോടതികളുടേയും വിവിധ വിധിന്യായങ്ങളാണ് ഇതു സംബന്ധിച്ചുള്ള മാര്‍ഗ്ഗരേഖകള്‍. പല ഭരണഘടനാ വിദഗ്ദ്ധര്‍ അവരവരുടെ യുക്തിക്കനുസരിച്ചു നല്‍കിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇതിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു അറിവിന്റെ വാതായനം.

പാര്‍ലമെന്റിന്റേയും നിയമസഭകളുടേയും അതിലെ അംഗങ്ങളുടേയും പ്രത്യേക അവകാശങ്ങളെ സംബന്ധിച്ചും പരിരക്ഷകളെ സംബന്ധിച്ചും ഭരണഘടന 105, 194 അനുച്ഛേദങ്ങളിലാണ് വിവരിച്ചിരിക്കുന്നത്. ഈ രണ്ട് അനുച്ഛേദങ്ങളുടേയും 310-ാം ഉപവകുപ്പനുസരിച്ച് മറ്റു വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ ഓരോ സഭയ്ക്കും നിയമസഭയ്ക്കും അതിലെ അംഗങ്ങള്‍ക്കും സമിതികള്‍ക്കും ഉള്ള അധികാരങ്ങളും പ്രത്യേകാവകാശങ്ങളും ബാദ്ധ്യതയില്ലായ്മകളും അപ്പഴപ്പോള്‍ പാര്‍ലമെന്റ് അതാത് നിയമസഭയും നിയമം വഴി നിര്‍വ്വചിക്കുന്നവിധം ഉള്ളവ ആയിരിക്കുന്നതും അങ്ങനെ നിര്‍വ്വചിക്കുന്നതുവരെ ഭരണഘടന ആരംഭിക്കുന്ന 1950 ജനുവരി 26-ന് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിന്റേയും അതിലെ അംഗങ്ങള്‍ക്കുള്ളതുമായ പ്രത്യേകാവകാശങ്ങളായിരിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, പാര്‍ലമെന്റും നിയമസഭകളും പ്രത്യേകാവകാശങ്ങളെ സംബന്ധിച്ചോ ബാദ്ധ്യതയില്ലായ്മയെ സംബന്ധിച്ചോ വ്യക്തമായ നിര്‍വ്വചനം നല്‍കിക്കൊണ്ട് നിയമനിര്‍മ്മാണം നടത്തി അവ ക്രോഡീകരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. അനുച്ഛേദം 105(3)ലും 194(3)ല്‍ വിവരിക്കുംവിധം പാര്‍ലമെന്ററി ആന്റ് ലെജിസ്ലേറ്റീവ് പ്രിവിലേജുകള്‍ ക്രോഡീകരിച്ചുകൊണ്ട് ഭരണഘടന ആരംഭിച്ച് 70 വര്‍ഷം പിന്നിട്ടിട്ടും നിയമനിര്‍മ്മാണം നടത്തിയില്ലെന്നതിന് രാഷ്ട്രീയ-ഭരണ നേതൃത്വത്തിനും നിയമപണ്ഡിതന്മാര്‍ക്കും ഇനിയും വ്യക്തമായി മറുപടി പറയാന്‍ കഴിയില്ല. ഭരണഘടനയുടെ അനുച്ഛേദം 13(2) അനുസരിച്ച്, ഭരണഘടനാ ഭേദഗതിയൊഴിച്ച് പാര്‍ലമെന്റ് പാസ്സാക്കുന്ന ഏതു നിയമവും ഭരണഘടനയുടെ മൂന്നാം ഭാഗത്ത് നല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ ഏടുത്തുകളയുകയോ കുറയ്ക്കുകയോ ചെയ്യുന്ന യാതൊരു നിയമവും രാഷ്ട്രം നിര്‍മ്മിക്കാന്‍ പാടില്ലാത്തതും അപ്രകാരം 3-ാം ഭാഗത്തില്‍ വിവരിച്ചിട്ടുള്ള അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ഏതു നിയമവും ആ ലംഘനത്തിന്റെ വ്യാപ്തിയോളം അസാധുവായിരിക്കുന്നതാണെന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്റിന്റേയും നിയമസഭകളുടേയും അതിലെ അംഗങ്ങളുടേയും പ്രത്യേക അവകാശങ്ങളും പരിരക്ഷയും സംബന്ധിച്ച് ഏത് നിയമമുണ്ടാക്കുമ്പോഴും പൗരന്മാര്‍ക്ക് ഭരണഘടനയിലെ മൂന്നാം ഭാഗത്തില്‍ ഉറപ്പുനല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ക്കു വിധേയമായി മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളൂ.

പരമാധികാരവും ഭരണഘടനവും

ലോകത്തിലെ ഏറ്റവും ശക്തമായ പാര്‍ലമെന്ററി പ്രിവിലേജ് നിലവിലുള്ള രാജ്യം ബ്രിട്ടനാണ്. ഇന്ത്യയിലെ പാര്‍ലമെന്ററി ആന്റ് ലെജിസ്ലേറ്റീവ് പ്രിവിലേജും ബ്രിട്ടീഷ് പാര്‍ലമെന്ററി പ്രിവിലേജും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റ് ജുഡീഷ്യല്‍ അധികാരങ്ങളുള്ള പരമാധികാര സഭയാണ്. ഏത് നിയമമുണ്ടാക്കാനും ബ്രിട്ടീഷ് പാര്‍ലമെന്റിനുള്ള പരമാധികാരം മറ്റൊരു അധികാരസ്ഥാനത്തിനുമില്ല. ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കി നടപ്പിലാക്കുന്ന ഏതൊരു നിയമവും ഭേദഗതി ചെയ്യാനോ ദുര്‍ബ്ബലപ്പെടുത്താനോ റദ്ദാക്കാനോ ബ്രിട്ടനില്‍ മറ്റൊരു അധികാരസ്ഥാനമില്ല. ഫെഡറല്‍ ഭരണഘടനയുള്ള ഇന്ത്യയില്‍ ഭരണഘടനയുടെ മേധാവിത്വമാണ് അന്തിമം. ഭരണഘടനയുടെ അടിസ്ഥാനഘടനയെ മറികടന്നുകൊണ്ട് നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനധികാരമില്ല. മറിച്ച് പാര്‍ലമെന്റും നിയമസഭയും പാസ്സാക്കുന്ന ഏത് നിയമവും ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്കെതിരാണെങ്കില്‍ അവ ദുര്‍ബ്ബലപ്പെടുത്താനും അസാധുവാക്കാനും സുപ്രീംകോടതിക്കും ഹൈക്കോടതികള്‍ക്കും അധികാരമുണ്ട്. ഭരണഘടനയുടെ ഈ പരമമായ മേധാവിത്വമാണ് ഇന്ത്യന്‍ ജൂഡീഷ്യറിയെ സ്വതന്ത്രമായി നിലനിര്‍ത്തുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പരമമായ അധികാരം കൊണ്ടുതന്നെ ബ്രിട്ടീഷ് പാര്‍ലമെന്ററി പ്രിവിലേജ് സംബന്ധിച്ചുള്ള കീഴ്വഴക്കങ്ങള്‍ നമുക്ക് പിന്തുടരാന്‍ ഭരണഘടനാപരമായ നിരവധി തടസ്സങ്ങളുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്ററി ആന്റ് ലെജിസ്ലേറ്റീവ് പ്രിവിലേജസിന്റെ ക്രോഡീകരണം അധികനാള്‍ താമസിപ്പിക്കുന്നത് നിരവധി ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

ഭരണഘടന 105(2), 194(2) അനുച്ഛേദങ്ങളനുസരിച്ച് പാര്‍ലമെന്റംഗമോ നിയമസഭാ സമാജികനോ സഭാനടപടികളുടെ ഭാഗമായി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല. നിയമനിര്‍മ്മാണസഭകളില്‍ അംഗങ്ങള്‍ക്കു സ്വതന്ത്രമായി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനും വോട്ടിങ്ങില്‍ പങ്കെടുക്കാനുമുള്ള അവകാശമില്ലാത്തിടത്തോളം സ്വതന്ത്രമായ നിയമനിര്‍മ്മാണം അസാദ്ധ്യമാണ്. നിയമനിര്‍മ്മാണ സഭാംഗങ്ങളുടെ ഈ അവകാശം സംബന്ധിച്ച് മുടിനാരിഴ കീറി വ്യാഖ്യാനിച്ച സുപ്രീംകോടതി വിധിയാണ് പി.വി. നരസിംഹ റാവു v/s സി.ബി.ഐ. (എ.ഐ.ആര്‍. 1998 സുപ്രീംകോടതി 2120) കേസ്. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെതിരെയുണ്ടായ അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയില്‍പ്പെട്ട പാര്‍ലമെന്റ് മെമ്പര്‍മാര്‍ കോഴ വാങ്ങിയത് സംബന്ധിച്ച കേസിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി. മേല്‍ കേസിലെ ഭൂരിപക്ഷ വിധിയനുസരിച്ച് കോഴവാങ്ങിയെന്നാരോപിക്കപ്പെടുന്ന അംഗങ്ങള്‍ക്ക് സഭയ്ക്കകത്ത് വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്രിമിനല്‍ പ്രോസിക്യൂഷനില്‍നിന്നും ഭരണഘടന 105(2) അനുച്ഛേദത്തിന്റെ പരിരക്ഷയുണ്ടെന്ന് വിധിക്കുകയുണ്ടായി. അപ്രകാരം കോഴ കൈപ്പറ്റി അവിശ്വാസ പ്രമേയത്തിനെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്ത പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്ക് ഭരണഘടന പരിരക്ഷ നല്‍കുകയും അവരെ സുപ്രീംകോടതി ക്രിമിനല്‍ കേസില്‍നിന്നും ഒഴിവാക്കിക്കൊണ്ട് വിധി പുറപ്പെടുവിക്കുകയുണ്ടായി.

പാര്‍ലമെന്റ്-നിയമസഭാ മെമ്പര്‍മാര്‍ക്കുള്ള അറസ്റ്റും ക്രിമിനല്‍ പ്രോസിക്യൂഷനും സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത വിഷയമാണ്. നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ക്ക് സഭയ്ക്കകത്തു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതും വോട്ടിങ്ങില്‍ പങ്കെടുക്കുന്നതിനു മാത്രമേ പരിരക്ഷയുള്ളൂവെന്നതാണ് ഭരണഘടനാ വ്യവസ്ഥ. വോട്ടിങ്ങുമായും ചര്‍ച്ചയുമായും ബന്ധപ്പെട്ട സഭയിലെ പ്രസംഗവുമായി ബന്ധപ്പെടാത്ത നടപടികളെ തുടര്‍ന്നുണ്ടായേക്കാവുന്ന മറ്റു ക്രിമിനല്‍ കുറ്റത്തോടനുബന്ധിച്ചുള്ള അറസ്റ്റ് തുടങ്ങിയ നിയമനടപടികള്‍ക്ക് മെമ്പര്‍മാരെന്ന പ്രത്യേക അവകാശവും പരിരക്ഷയും ബാദ്ധ്യതയില്ലായ്മയും അവകാശപ്പെടാന്‍ സാദ്ധ്യമല്ല. കഴിഞ്ഞ നിയമസഭയില്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട കയ്യാങ്കളിയിലും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതുമായി ഇന്നത്തെ മന്ത്രിമാരുള്‍പ്പെടെ ആറ് നിയമസഭാ സമാജികന്മാര്‍ക്കെതിരെ നിയമസഭാ സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ബോധിപ്പിച്ച ഹര്‍ജിയിലെ പ്രധാനവാദം പ്രതികള്‍ നിയമസഭാംഗങ്ങളായതിനാലും സഭയ്ക്കകത്തു നടന്ന സംഭവമായതിനാല്‍ പ്രത്യേക പരിരക്ഷയുള്ളതിനാല്‍ കേസ് നല്‍കില്ലെന്നതായിരുന്നു. കോടതി പ്രസ്തുത വാദം നിയമപരമായി നിലനില്‍ക്കില്ലെന്നതിനാല്‍ ഹര്‍ജി തള്ളുകയാണുണ്ടായതും.

നിയമസഭാ സ്പീക്കര്‍ക്കെതിരേയും സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ എറണാകുളം സാമ്പത്തിക കുറ്റവിചാരണ ചെയ്യുന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഹാജരാവാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സയച്ചപ്പോള്‍ ലെജിസ്ലേറ്റീവ് പ്രിവിലേജിന്റെ പരിരക്ഷ അവകാശപ്പെട്ട് ഹാജരാവാതിരിക്കാന്‍ ശ്രമമുണ്ടായിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. വ്യക്തിപരമായി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട നിയമനടപടിക്ക് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, നിയമനിര്‍മ്മാണസഭകളിലെ അംഗങ്ങള്‍ക്കു പോലും ഭരണഘടനാപരമായ പരിരക്ഷ അവകാശപ്പെടാന്‍ സാധിക്കില്ലെന്നതാണ് വ്യവസ്ഥ. പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു സ്പീക്കറുടെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണെന്ന വാദവും നരസിംഹറാവു കേസില്‍ സുപ്രീംകോടതി നിരാകരിക്കുകയാണുണ്ടായത്. സഭ നടന്നുകൊണ്ടിരിക്കുമ്പോള്‍ സഭാ പരിസരത്തുവെച്ച് അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത് സ്പീക്കറുടെ മുന്‍കൂട്ടിയുള്ള അനുമതി ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.

പക്ഷേ, സിവില്‍ കേസില്‍  നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ക്ക്  അറസ്റ്റില്‍നിന്നും പ്രത്യേക പരിരക്ഷയുണ്ട്. 1908-ലെ സിവില്‍ നിയമസംഹിത 135 എ വകുപ്പനുസരിച്ച് പാര്‍ലമെന്റംഗത്തേയോ നിയമസഭാംഗത്തേയോ സഭാസമ്മേളനമോ സംയുക്ത സമ്മേളനമോ സഭാകമ്മിറ്റിയോ നടക്കുന്നതിന്റെ 40 ദിവസം മുന്‍പും സഭാസമ്മേളനമോ കമ്മിറ്റിയോ കഴിഞ്ഞ് 40 ദിവസം വരെയും സിവില്‍ കോടതി വാറണ്ടില്‍ സഭാംഗങ്ങളെ അറസ്റ്റുചെയ്ത് തടവില്‍ പാര്‍പ്പിക്കാന്‍ പാടില്ല. സിവില്‍ അറസ്റ്റില്‍നിന്നുള്ള ഈ പരിമിതമായ പരിരക്ഷ ക്രിമിനല്‍ നടപടികളില്‍ അവകാശപ്പെടാന്‍ സഭാംഗങ്ങള്‍ക്കു കഴിയില്ല.

നിയമനിര്‍മ്മാണസഭകളില്‍ അംഗങ്ങള്‍ക്കു സ്വതന്ത്രമായി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനും വോട്ടിങ്ങില്‍ പങ്കെടുക്കാനും അവകാശമുണ്ട്. അംഗങ്ങള്‍ സഭയില്‍ പ്രസംഗിച്ചതില്‍ അപകീര്‍ത്തനമുണ്ടായാല്‍പോലും അംഗത്തിനെതിരെ സിവിലായോ ക്രിമിനലായോ യാതൊരു നിയമനടപടിയും സാദ്ധ്യമല്ല. ഭരണഘടനയുടെ അനുച്ഛേദം 19(1) (എ) അനുസരിച്ച് പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം അനുച്ഛേദം 19(2) വിവരിച്ചിരിക്കുന്ന ചില ന്യായമായ നിയന്ത്രണങ്ങള്‍ക്കു വിധേയമാണ്. എന്നാല്‍, നിയമനിര്‍മ്മാണസഭയിലെ അംഗങ്ങള്‍ പാര്‍ലമെന്റിലും നിയമസഭകളിലും പ്രസംഗിക്കുമ്പോള്‍ അനുച്ഛേദം 19(2)ലെ നിയന്ത്രണങ്ങള്‍ ബാധകമല്ല. പക്ഷേ, സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നതാണ് വ്യവസ്ഥ. മുന്‍ ലോകസഭാ അദ്ധ്യക്ഷനും പിന്നീട് രാഷ്ട്രപതിയുമായിരുന്ന നീലം സഞ്ജീവ റെഡി, മുന്‍ ആഭ്യന്തരമന്ത്രി വൈ.ബി. ചവ്വാന്‍ തുടങ്ങി മൂന്ന് ലോകസഭാംഗങ്ങള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അപകീര്‍ത്തനമുണ്ടാക്കിയെന്നാരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോധിപ്പിച്ച ഒരു കേസിന്റെ അപ്പീല്‍ തീര്‍പ്പുകല്പിച്ചുകൊണ്ട് സുപ്രീംകോടതി പാര്‍ലമെന്റംഗങ്ങള്‍ സഭയിലെ പ്രസംഗത്തില്‍ അപകീര്‍ത്തികരമായ പദപ്രയോഗങ്ങള്‍ ഉണ്ടെങ്കിലും നിയമനടപടിക്കു വിധേയമല്ലെന്ന് വിധിച്ചുള്ള സുപ്രധാനമായ വിധിയാണ് തേജ്കിരന്‍ ജെയിന്‍ v/s സഞ്ജീവ റെഡി (എ.ഐ.ആര്‍. 1973 സുപ്രീംകോടതി 1573) കേസ്. പക്ഷേ, അനുച്ഛേദം 121 അനുസരിച്ച് പാര്‍ലമെന്റിലും അനുച്ഛേദം 211 അനുസരിച്ച് നിയമസഭയിലും അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ സുപ്രീംകോടതിയിലേയോ ഹൈക്കോടതിയിലേയോ ഏതെങ്കിലും ജഡ്ജിയുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തിലുള്ള അവരുടെ പെരുമാറ്റത്തെ സംബന്ധിച്ച് യാതൊരുവിധ പരാമര്‍ശമോ ചര്‍ച്ചയോ നടത്താന്‍ പാടില്ല. സ്വതന്ത്ര ജുഡീഷ്യറിയുടെ പരിരക്ഷയാണ് ഈ നിയന്ത്രണം കൊണ്ട് സാദ്ധ്യമാക്കിയിട്ടുള്ളത്. അതേപോലെ അനുച്ഛേദം 122, 212 അനുസരിച്ച് പാര്‍ലമെന്റിന്റേയും നിയമസഭകളുടേയും നടപടിക്രമങ്ങളുടെ നിയമസാധുതയും ക്രമക്കേടുകളും ആരോപിച്ച് യാതൊരു നിയമനടപടിയും കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല.

സഭയോ കോടതിയോ? തര്‍ക്കങ്ങള്‍
 
ജനാധിപത്യത്തിന്റെ രണ്ട് തൂണുകളെന്ന് വിശേഷിപ്പിക്കുന്ന നിയമനിര്‍മ്മാണസഭകളും ഭരണഘടനാ കോടതികളും ഭരണഘടനയുടെ ആരംഭകാലത്ത് പ്രത്യേക അവകാശങ്ങളെ സംബന്ധിച്ച് ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടായിരുന്നു. പിന്നീട് രാഷ്ട്രപതിയുടെ റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയാണ് അന്തിമമായി തീര്‍പ്പുണ്ടാക്കിയിരുന്നത്.

കേശവ് സിങ്ങ് എന്നു പേരായ ഒരു പത്രപ്രവര്‍ത്തകന്‍ 1964-ല്‍ നരസിംഹ നാരായണ പാണ്ഡ എന്നു പേരായ യു.പി. വിധാന്‍സഭാംഗത്തിനെതിരെ ലഘുലേഖ അച്ചടിച്ചു പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് വിധാന്‍സഭ സ്പീക്കര്‍ കേശവ് സിങ്ങിനെ വിളിച്ചുവരുത്തി ലഘുലേഖ സഭയുടെ അവകാശലംഘനവും അലക്ഷ്യവുമാണെന്ന കുറ്റത്തിന് കേശവ് സിങ്ങിനെ ഏഴ് ദിവസത്തേക്ക് ജയിലിലടച്ചു. കേശവ് സിങ്ങിനെ ജയിലിലടച്ച നടപടി നിയമവിരുദ്ധമാണെന്നും ആയതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളമന്‍ എന്നു പേരായ അഭിഭാഷകന്‍ കേശവ് സിങ്ങിനെ മോചിപ്പിക്കാനായി അലഹബാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജി ബോധിപ്പിച്ചു. അലഹബാദ് ഹൈക്കോടതിയുടെ രണ്ട് ജഡ്ജിമാരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേശവ് സിങ്ങിനെ മോചിപ്പിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവില്‍ കോപം പൂണ്ട് യു.പി. വിധാന്‍സഭ പ്രത്യേക യോഗം ചേര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച രണ്ട് ജഡ്ജിമാരും കേശവ് സിങ്ങും അഭിഭാഷകന്‍ സോളമനും നിയമസഭയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് കേശവ് സിങ്ങിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാനും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച രണ്ട് ജഡ്ജിമാരേയും അഭിഭാഷകന്‍ സോളമനേയും യു.പി. നിയമസഭയുടെ മുന്‍പാകെ ഹാജരാവാന്‍ സ്പീക്കര്‍ ഉത്തരവിട്ടു. സ്പീക്കറുടെ ഉത്തരവ് കോടതി അലക്ഷ്യമാണെന്നാരോപിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച രണ്ട് ജഡ്ജിമാരും അഭിഭാഷകന്‍ സോളമനും അലഹബാദ് ഹൈക്കോടതിയില്‍ പ്രത്യേകം പ്രത്യേകം ഹര്‍ജി ബോധിപ്പിക്കുകയും സ്പീക്കറുടെ ഉത്തരവ് സ്റ്റേ ചെയ്യാനാവശ്യപ്പെടുകയും ചെയ്തു.

പ്രസ്തുത ഹര്‍ജികള്‍ അലഹബാദ് ഹൈക്കോടതിയുടെ 28 ജഡ്ജിമാരടങ്ങിയ ഫുള്‍ബെഞ്ച് പ്രത്യേക വാദം കേട്ട് യു.പി. വിധാന്‍സഭയുടെ പ്രമേയം നടപ്പിലാക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. പിന്നീട് രാഷ്ട്രപതി ഇടപെട്ട് ഈ വിഷയം ഭരണഘടന 143-ാം അനുച്ഛേദമനുസരിച്ച് സുപ്രീംകോടതിയുടെ റഫറന്‍സിനയക്കുകയും റഫറന്‍സില്‍ വിശദമായ വാദം കേട്ട സുപ്രീംകോടതി കേശവ് സിങ്ങിനു ജാമ്യമനുവദിച്ച രണ്ടംഗ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ശരിവെക്കുകയും പ്രസ്തുത വിധി നിയമസഭയോടുള്ള അനാദരവായി കണക്കാക്കാന്‍ പറ്റില്ലെന്ന് ഏഴില്‍ ആറ് ജഡ്ജിമാരടങ്ങിയ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. ഭരണഘടനയുടെ 226-ാം അനുച്ഛേദമനുസരിച്ച് അന്യായമായ തടങ്കലില്‍നിന്നും മോചിപ്പിക്കാന്‍ ഹൈക്കോടതിക്ക് പരിപൂര്‍ണ്ണ അധികാരമുണ്ടെന്നു വിധിച്ചു. ഇംഗ്ലണ്ടിലേതില്‍നിന്നും വ്യത്യസ്തമായി നിയമനിര്‍മ്മാണ സഭയുടെ തടങ്കല്‍ വാറണ്ടിന്റെ നിയമസാധുത പരിശോധിക്കാന്‍ ഇന്ത്യയിലെ ഭരണഘടനാ കോടതികള്‍ക്ക് അധികാരമുണ്ടെന്നും മറിച്ച് ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് കോമണ്‍സിന് കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കാനുള്ള അധികാരത്തിനു സമാനമായ അധികാരം ഇന്ത്യയിലെ നിയമനിര്‍മ്മാണസഭകള്‍ക്കില്ലെന്നതാണ് റഫറന്‍സിനു മറുപടി പറഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധി (എ.ഐ. ആര്‍. 1965 സുപ്രീംകോടതി 745).

പാര്‍ലമെന്റിനോടുള്ള അനാദരവും അവകാശലംഘനവും ആരോപിക്കപ്പെട്ട് ഏറ്റവും വലിയ ശിക്ഷ ഏറ്റുവാങ്ങിയ ഒരു രാഷ്ട്രീയ നേതാവ് ഇന്ദിരാഗാന്ധിയായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് മകന്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലെ മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ക്കെതിരായി ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ഘടിപ്പിച്ചുവെന്നാരോപിച്ചുള്ള വിവരങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയില്ലെന്നാരോപിച്ച് 1977-ല്‍ അധികാരത്തില്‍ വന്ന ജനതാ ഗവണ്‍മെന്റ് ഇന്ദിരാഗാന്ധിക്കും അവരുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ. ധവാന്‍, മുന്‍ സി.ബി.ഐ. ഡയറക്ടര്‍ ഡി. സെന്‍ എന്നിവര്‍ക്കെതിരെയുള്ള മേല്‍ ആരോപണം അന്വേഷിക്കാന്‍ ഒരു പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടായിരുന്നു. കമ്മിറ്റി മുന്‍പാകെ സത്യപ്രതിജ്ഞയെടുക്കാന്‍ വിസ്സമ്മതിച്ചതിനും പാര്‍ലമെന്റില്‍ മാരുതി സംബന്ധിച്ച് വിവരം നല്‍കിയില്ലെന്നുമുള്ള ആരോപണം തെളിഞ്ഞതിനാല്‍ ഇന്ദിരാഗാന്ധി പാര്‍ലമെന്റിന്റെ അവകാശലംഘനം നടത്തിയ കുറ്റത്തിന് ചിക്മംഗളൂരില്‍നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുത്ത ലോകസഭാംഗത്തില്‍നിന്നും ഇന്ദിരാഗന്ധിയെ പുറത്താക്കുകയും ലോകസഭ പിരിയുന്നതുവരെ ജയിലിലടക്കുകയും ചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ മുന്‍ പാര്‍ലമെന്റിന്റെ അവകാശലംഘനം നടത്തിയെന്ന കുറ്റത്തിന് ഏറ്റവും വലിയ ശിക്ഷ ഏറ്റുവാങ്ങിയ പാര്‍ലമെന്റംഗമെന്ന് ചരിത്രം ഇന്ദിരാഗന്ധിയെ എന്നും വിശേഷിപ്പിക്കപ്പെടുക. പിന്നീട് 1980-ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വന്നപ്പോള്‍ ഇന്ദിരാഗാന്ധി പാര്‍ലമെന്റിന്റെ അവകാശലംഘനം നടത്തിയെന്ന മുന്‍ ലോകസഭയുടെ പ്രമേയം റദ്ദ് ചെയ്യുകയുണ്ടായി.

ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സ് പോലെ ജൂഡീഷ്യല്‍ അധികാരമുള്ള പരമോന്നത സഭയല്ല നമ്മുടെ പാര്‍ലമെന്റും നിയമസഭകളും. അതുകൊണ്ട് നിയമനിര്‍മ്മാണസഭകള്‍ തങ്ങളുടെ പ്രത്യേകാധികാരങ്ങളെ സംബന്ധിച്ചും പരിരക്ഷകളെ സംബന്ധിച്ചും പരിമിതകള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സുഖമമായ പ്രവര്‍ത്തനങ്ങള്‍ അസാദ്ധ്യമായിത്തീരുകയും അതിന്റെ പരിണതഫലമായി നിയമവാഴ്ച ചതഞ്ഞരയപ്പെടുകയും ചെയ്യും. നിയമനിര്‍മ്മാണസഭകളിലെ അംഗങ്ങള്‍ക്കുള്ള പ്രത്യേകാധികാരങ്ങളും പരിരക്ഷയും സ്വന്തം തെറ്റുകുറ്റങ്ങള്‍ മറച്ചുവെക്കാനും അധികാര ദുര്‍വ്വിനിയോഗത്തിനും ഭരണഘടനാ സ്ഥാപനങ്ങളോടുള്ള ഏറ്റുമുട്ടലിനും രാഷ്ട്രീയ പകപോക്കലിനുമുള്ള അധികാരമായും അവകാശമായും കരുതി പ്രവര്‍ത്തിച്ചാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മരണമണിയായിരിക്കും ഫലമെന്നതുറപ്പാണ്. നിര്‍വ്വചിക്കപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്തിട്ടില്ലാത്ത പ്രത്യേകാവകാശങ്ങളും പരിരക്ഷയും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ 70 വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സമഗ്രമായ ഭരണഘടനാ ഭേദഗതിയില്‍ക്കൂടിയെങ്കിലും പാര്‍ലമെന്ററി ആന്റ് ലെജിസ്ലേറ്റീവ് പ്രിവിലേജുകള്‍ ക്രോഡീകരിച്ചേ തീരൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com