ഡേവിഡ് ഡിയോപ്
ഡേവിഡ് ഡിയോപ്

നരകത്തിലും വര്‍ണ്ണവിവേചനമുണ്ട് 

സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പിന്റെ At Night All Blood Is Black ഇക്കൊല്ലത്തെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടിയ നോവലാണ്

യുദ്ധത്തെ 'എല്ലാവരുടേയും പിതാവ്, എല്ലാവരുടേയും രാജാവ്' ('the father of all and the king of all') എന്നു നിര്‍വ്വചിച്ചത് ഗ്രീക്ക് തത്ത്വചിന്തകന്‍ ഹെരാക്ലിറ്റസാണ്. ആ വീക്ഷണത്തില്‍ നാം നശ്വരമനുഷ്യര്‍ യുദ്ധത്തിന്റെ അസന്തുഷ്ടരായ മക്കളും പ്രജകളുമാണ്. ലോകോത്തര സാഹിത്യ കൃതികളുടെ കാര്യത്തിലും ഇതുതന്നെ ശരി എന്നു പറയാം. ഇന്ത്യന്‍, യവന, റോമന്‍, ഹീബ്രു പുരാണങ്ങള്‍, ഇതിഹാസ കാവ്യങ്ങള്‍, ചരിത്രാഖ്യായികകള്‍ എന്നിവയെല്ലാം യുദ്ധങ്ങളെ ചുറ്റിപ്പറ്റിയോ അവയെ കേന്ദ്രീകരിച്ചോ രചിക്കപ്പെട്ടവയാണ്. മഹാഭാരതം, ഇലിയഡ്, ഒഡീസ്സി, തുടങ്ങിയവയെല്ലാം ആ അര്‍ത്ഥത്തില്‍ 'യുദ്ധ സാഹിത്യം' (war literature) തന്നെയാണ്. ''പുരാതന പാശ്ചാത്യ സാഹിത്യത്തില്‍ മുഴുവന്‍ ട്രോജന്‍ യുദ്ധം ചെലുത്തിയ സ്വാധീനം കേന്ദ്രസ്ഥാനീയമാണ്, ആദ്യകാല പാശ്ചാത്യ സംസ്‌കാരത്തില്‍നിന്ന് ആകെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒറ്റവിഷയം തെരഞ്ഞെടുത്താല്‍ അത് അതുതന്നെയാണ്''(1). മധ്യകാല സാഹിത്യത്തെ അടയാളപ്പെടുത്തുന്ന 'റൊമാന്‍സ്' (medieval romances) കൃതികള്‍ എല്ലാം തന്നെ യുദ്ധവും പ്രണയവുമെന്ന ദ്വന്ദ്വത്തിലാണ് കേന്ദ്രീകരിക്കുന്നത്. ആധുനിക സാഹിത്യത്തിന്റെ തന്നെയും സ്ഥിതി വ്യത്യസ്തമല്ല. ടോള്‍സ്റ്റോയിയുടെ War and Peace, ഡിക്കന്‍സിന്റെ A Tale of Two Cities പോലുള്ള ക്ലാസ്സിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്ന ഈ പാരമ്പര്യത്തിലേക്ക് രണ്ടു ലോക യുദ്ധങ്ങള്‍, വിയറ്റ്നാം, കംബോഡിയ, ബര്‍മ്മ, കൊറിയ തുടങ്ങിയ ചരിത്ര സംഘര്‍ഷങ്ങള്‍ വിഷയമാക്കിയ ഒട്ടേറെ കൃതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നാം ലോകയുദ്ധം ഇവിടെ സാന്ദര്‍ഭികമായി കൂടുതല്‍ പ്രസക്തമാണ്. റബേക്ക വെസ്റ്റ് (The Return of the Soldier, 2018), ഐസക് ബാബേല്‍ (Red Cavalry, 1926), ഹെമിംഗ് വെ (
A Farewell to Arms, 1929), എറിക് മരിയ റമാര്‍ക്ക് (All Quiet on the Western Front, 1929) തുടങ്ങിയ അതികായര്‍ മുതല്‍ സെബാസ്റ്റ്യന്‍ ഫോക്‌സ് (Birdsong, 1993), പാറ്റ് ബാര്‍ക്കര്‍ (Regeneration Trilogy, 19911994), ജെരോസ്ലാവ് ഹാസെക് (The Good Soldier Svejk, 2005) തുടങ്ങിയ സമകാലികരായ എഴുത്തുകാര്‍ വരെ ഫിക്ഷനില്‍ നിബന്ധിക്കുന്ന ഈ തീക്കാലത്തെ തികച്ചും വ്യത്യസ്തവും അപൂര്‍വ്വവുമായ ഒരു വീക്ഷണകോണില്‍ ആവിഷ്‌കരിക്കുന്ന കൃതിയാണ് സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പ് രചിച്ച At Night All Blood Is Black. 'യുദ്ധകഥയും ദൃഷ്ടാന്തകഥയും മിത്തും സമന്വയിപ്പിക്കുന്ന'' ''ബിബ്ലിക്കല്‍ അനുരണനങ്ങള്‍ ഉള്ള പ്രതികാര കഥ'' എന്നു വിവരിക്കപ്പെട്ട(2) തന്റെ പ്രഥമ നോവലില്‍ ലോകയുദ്ധത്തില്‍ അധിനിവേശ ശക്തികള്‍ക്കു വേണ്ടി പോരാടിയ ആഫ്രിക്കക്കാരായ കഥാപാത്രങ്ങളെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്; അതുവഴി ഫ്രെഞ്ച് കൊളോണിയല്‍ ചരിത്രത്തില്‍ ഒട്ടുമുക്കാലും തമസ്‌കരിക്കപ്പെട്ട, വടക്കന്‍ ഫ്രാന്‍സിലെ യുദ്ധഭൂമികളില്‍ പതിനായിരങ്ങള്‍ ഹോമിക്കപ്പെട്ട ചരിത്രത്തിലെ ഭീകരമായ ഒരനുഭവ കാണ്ഡം ആവിഷ്‌കരിക്കുകയുമാണ്.

കലാസിദ്ധാന്തങ്ങളില്‍ യുദ്ധം ഇടപെടുന്നു... 

പത്തു മില്ല്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഒന്നാം ലോകയുദ്ധം യൂറോപ്യന്‍ ആയുധ സാങ്കേതികതയെ മാത്രമല്ല, കലാതത്ത്വങ്ങളെ തന്നെയും അടിമുടി മാറ്റിക്കളഞ്ഞു. യന്ത്രവല്‍ക്കൃത പൈശാചികതയുടെ മുന്‍പില്‍ പഴയ യഥാതഥ വാദം കാലഹരണപ്പെട്ടതിന്റെ ഫലമായി പുതിയ ആവിഷ്‌കാര രീതികള്‍ ആവശ്യമായി വന്നു. വ്യവസായവല്‍ക്കൃത ക്ഷേമസിദ്ധാന്തത്തോടും പ്രചണ്ഡമായ ദേശീയ വാദത്തോടും പ്രതികരിച്ച ആവിഷ്‌കാരരീതികളായി ദാദായിസം, ഫ്യൂച്ചറിസം, ആധുനികതാ സിദ്ധാന്തങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. വിര്‍ജീനിയ വുള്‍ഫ് മുതല്‍ ടി.എസ്. എലിയറ്റ് വരെ ഇംഗ്ലീഷ് ലോകത്തെ എഴുത്തുകാരെ ആഴത്തില്‍ സ്വാധീനിച്ച ഈ ആധുനികതാ സിദ്ധാന്തങ്ങള്‍ പക്ഷേ, ഒന്നാം ലോകയുദ്ധത്തിന്റെ കിടങ്ങുകളില്‍ ഹോമിക്കപ്പെട്ട വലിയൊരു വിഭാഗത്തെ അടയാളപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. 2.3 മില്ല്യന്‍ ആഫ്രിക്കക്കാര്‍, ദശ ലക്ഷക്കണക്കിന് ഇന്ത്യന്‍/മറ്റിതര കൊളോണിയല്‍ സൈനികര്‍, നാലു ലക്ഷത്തോളം ആഫ്രിക്കന്‍ അമേരിക്കക്കാര്‍ എന്നിവരുടെ കഥകള്‍ അപ്രകാരം തമസ്‌കരിക്കപ്പെട്ടു. ഒരു നൂറ്റാണ്ടു കാലം വൈകിപ്പോയ ഈ കടം വീട്ടുന്ന നോവലാണ് At Night All Blood Is Black എന്ന് ജെസ്സി സ്റ്റീവന്‍സ് നിരീക്ഷിക്കുന്നു. ജോസെഫ് ഹെല്ലറുടെ ഇമരേവ 22, ജെരോസ്ലാവ് ഹാസെക്കിന്റെ The Good Soldier Svejk എന്നിവയെ ഓര്‍മ്മിപ്പിക്കും വിധം ഇരുണ്ട ഹാസ്യം ഉപയോഗിക്കുമ്പോഴും 1914-ലെ സെനഗലീസ് സൈനികന്റെ കാഴ്ചപ്പാടില്‍ യുദ്ധത്തിന്റെ അസംബന്ധത്തോടൊപ്പം വംശീയതയുടെ കാപട്യത്തേയും തുറന്നുകാണിക്കുന്നു എന്നിടത്താണ് ഡിയോപ്പിന്റെ നോവല്‍ വ്യത്യസ്തമാകുന്നത്. ഭ്രാന്തമായ സംഭവബഹുലതയുടെ (hysterical picaresque) എന്നതിലേറെ ഒരു പ്രേതകഥയുടെ സ്വഭാവമാണ് നോവലിനുള്ളത് എന്നും ഒരേസമയം അക്രാമാകവും സ്വച്ഛവുമായ കഥയില്‍ മോഡേണിസ്റ്റ് സ്വഗതാഖ്യാനം മിത്തുകളുടെ തലത്തിലേക്ക് ഉയരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു(3). 

മിത്തുകള്‍, വ്യക്തിത്വ ശിഥിലീകരണം  

ആല്‍ഫാ എന്‍ദായെ എന്ന യുവ സെനഗലീസ് സൈനികന്‍ തന്റെ 'ആത്മ സഹോദര'നും 'സഹോദരനെക്കാള്‍ കൂടിയവ'നും ('soul brother', 'more-than-brother') ആയ മദേംബാ ദിയോപിനോടൊപ്പം ഫ്രെഞ്ച് സൈന്യത്തില്‍ ചേര്‍ന്ന് ജര്‍മന്‍ ശത്രുക്കള്‍ക്കെതിരെ പോരാടുന്നു. വില്‍ഫ്രെഡ് ഓവന്റെ വിഖ്യാതമായ 'Strange Meeting' എന്ന കവിതയില്‍ ചിത്രീകരിച്ചത് പോലുള്ള ഒന്നാം ലോകയുദ്ധത്തിന്റെ തന്നെ ചിഹ്നമായിരുന്ന 'കിടങ്ങു യുദ്ധത്തില്‍' (trench war) പുരാണപ്രോക്തമായ 'ഇന്‍ഫെര്‍നോ'യെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ദുഃസ്വപ്ന സമാനമായ സാഹചര്യത്തില്‍ ഇരുവരും എത്തിപ്പെടുന്നു. വയറ്റില്‍ ആഴത്തില്‍ മുറിവേറ്റു കുടല്‍മാലകള്‍ വെളിയില്‍ ചാടിയ മദേംബ മൂന്നു തവണ ഉറ്റ തോഴനോട് ദയാവധത്തിനു യാചിക്കുന്നത് ധാര്‍മ്മിക സന്ദേഹങ്ങളുടെ കെട്ടുപാടില്‍ മൂന്നു തവണയും അവഗണിക്കുന്നതാണ് നോവലില്‍ മുഴുവന്‍ മുഴങ്ങുന്ന ആത്മപരിശോധനയുടെ പേര്‍ത്തും പേര്‍ത്തുമുള്ള സ്വഗതാഖ്യാനം ആയിത്തീരുന്നത്. സ്വന്തം കൈകളില്‍ മദേംബയുടെ മൃതദേഹം ക്യാമ്പിലേക്ക് കൊണ്ടുവരുന്ന നിമിഷം മുതല്‍ ദയാവധത്തിനെതിരെയുള്ള പൂര്‍വ്വികരുടെ വിലക്കിനെ ആത്മസഹോദരന്റെ വേദനയ്ക്കു മുകളില്‍ പ്രതിഷ്ഠിച്ചതിന്റെ കുറ്റബോധം ഇനിയൊരിക്കലും വിട്ടുപോകാത്തവിധം അയാളെ വേട്ടയാടിത്തുടങ്ങും. മദേംബ ദിയോപ്പ് നോവലിസ്റ്റിന്റെ തന്നെ കുടുംബപ്പേര് പങ്കുവെയ്ക്കുന്നത് കഥയ്ക്കുമേല്‍ രചയിതാവിന്റെ വൈകാരിക സാന്നിധ്യം ഉറപ്പിക്കുകയും മദേംബയുടെ മരണത്തേയും അത് എന്‍ദായെയില്‍ ചെലുത്തുന്ന സ്വാധീനത്തേയും കൂടുതല്‍ തീവ്രതരമാക്കുകയും ചെയ്യുന്നു. തന്റെ പരാജയം ഒരു ഒറ്റിക്കൊടുക്കലായി അനുഭവപ്പെടുന്ന നിമിഷം മുതല്‍ അതില്‍നിന്നുള്ള മോചനം തേടലും പ്രായശ്ചിത്തവുമായി ജീവിതലക്ഷ്യം മാറ്റിയെടുക്കുന്നതാണ് തുടര്‍ന്നുള്ള അയാളുടെ വ്യക്തി ശൈഥില്യത്തിലേക്കു നയിക്കുക. പ്രചണ്ഡമായ ഒരു ബോധാധാരാ ആവിഷ്‌കാരത്തില്‍ ഉടനീളം ഈ നിമിഷത്തിലേക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ചു തിരിച്ചുവരികയും ഓരോ തിരികെ വരവിലും തന്റെ ആത്മാവിന്റെ ഉള്ളിലേയ്ക്ക് കൂടുതല്‍ ചൂഴ്ന്നിറങ്ങുകയും വര്‍ത്തമാനത്തിലേയ്ക്ക് തിരികെയെത്തുകയും ചെയ്യുന്ന ഒരു പെന്‍ഡുലം ചലനമാണ് നോവലിന്റേത്. ആത്മീയതയേയും ലൈംഗികതയേയും യുദ്ധഭൂമിയിലെ ഇരുണ്ട ബിംബങ്ങളോടു ചേര്‍ത്ത ആഖ്യാനത്തില്‍ കഥ ഏതോ നരകലോകത്തിലേയ്ക്ക് താഴുന്നുവെന്നു നിരീക്ഷിക്കപ്പെടുന്നു (Martha Anne Toll). എന്‍ദായെയെ സംബന്ധിച്ചു സര്‍വ്വവും മാറ്റിത്തീര്‍ക്കുന്ന അനുഭവത്തിനുശേഷം കിടങ്ങില്‍ തിരിച്ചെത്തുമ്പോള്‍ അയാള്‍ക്കവിടം ''ഒരു വലിയ യോനിയുടെ ചെറുതായി തുറന്ന ചുണ്ടുകള്‍പോലെ തോന്നിച്ചു. യുദ്ധത്തിനും ബോംബു വര്‍ഷത്തിനും സൈനികരായ ഞങ്ങള്‍ക്കും വേണ്ടി സ്വയം തുറന്നുവെച്ച ഒരു സ്ത്രീ.'' 

മൂന്നുതവണ എന്ന സൂചന നല്‍കുന്ന ബിബ്ലിക്കല്‍ സമാന്തരവും പ്രധാനമാണ്: അവസാനത്തെ അത്താഴത്തിന്റെ രാവില്‍ കൊഴികൂവും മുന്‍പ് ക്രിസ്തുവിനെ മൂന്നുതവണ തള്ളിപ്പറയുക ഏറ്റവുമടുത്ത ശിഷ്യന്‍ പീറ്റര്‍ ആണല്ലോ. ''ബലിക്കുശേഷം ആചാരബദ്ധമായി ഛേദിക്കപ്പെട്ട കുഞ്ഞാടിനെപ്പോലെ'' എന്നു മദേംബയുടെ അവസ്ഥയെ എന്‍ദായെ വിവരിക്കുന്നു. മദേംബയുടെ ഇഞ്ചിഞ്ചായ ഭീകരമരണവും ചുറ്റും താനുള്‍പ്പെടെ കര്‍ത്താവും സാക്ഷിയുമാകുന്ന കുരുതികളും ചേര്‍ന്ന് ഉന്മാദത്തിലേയ്ക്ക് വലിച്ചിഴക്കുന്ന ആല്‍ഫ ''മരണത്തിന്റെ ഒരു യഥാര്‍ത്ഥ സുഹൃത്തും സഹകാരിയും സഹോദരനെക്കാള്‍ കൂടിയവനും'' ആയി സ്വയം പരിണമിക്കുന്നു. രാത്രിയില്‍, ഇരുട്ടിന്റെ മറവില്‍ ന്യൂട്രല്‍ ഇടത്തിലുള്ള (no-man's-land) ശത്രുപാളയത്തില്‍ ഒളിച്ചുകടക്കുന്ന ആല്‍ഫ, നീലക്കണ്ണുകളുള്ള ജര്‍മന്‍ സൈനികരെ തട്ടിക്കൊണ്ടുപോകുകയും പൈശാചികമായ കൃത്യതയോടെ ഒരു ആചാരമെന്നോണം, തന്റെ സുഹൃത്തിന്റെ വേദന പുനരാവിഷ്‌കരിക്കും വിധം കുരുതികൊടുക്കുകയും ചെയ്യുന്നു. ഓരോ ഇരയുടേയും തോക്കുപിടിക്കുന്ന ഓരോ കൈ വീതം വെട്ടിയെടുത്ത് ഒരു സുവനീര്‍പോലെ അയാള്‍ ക്യാമ്പില്‍ കൊണ്ടുവരുന്നത് ആദ്യമൊക്കെ അര്‍ഹിച്ച പ്രതികാരക്രിയയും വീരോചിത പ്രവൃത്തിയുമായി മനസ്സിലാക്കുന്ന സഹസൈനികര്‍ പോകെപ്പോകെ അതയാളില്‍ പിടിമുറുക്കുന്ന ഉന്മാദത്തിന്റെ അടയാളമായി തിരിച്ചറിഞ്ഞു തുടങ്ങുന്നു. തട്ടിക്കൊണ്ടു പോയി ഇഞ്ചിഞ്ചായി വധിക്കുന്ന നീലക്കണ്ണുകാരെ അയാള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ആഫ്രിക്കക്കാരെക്കുറിച്ചുള്ള യൂറോപ്യന്‍ വാര്‍പ്പു സങ്കല്പങ്ങളുടെ തിരിച്ചിടല്‍ നിരീക്ഷിക്കാം: ''ശത്രുവിന്റെ നീലക്കണ്ണുകളിലേക്ക് നോക്കുമ്പോള്‍ പലപ്പോഴും മരണത്തോടുള്ള പരിഭ്രാന്തമായ ഭയം ഞാന്‍ കാണുന്നു; പ്രാകൃതത്വത്തിന്റെ, ബലാല്‍ക്കാരത്തിന്റെ, നരഭോജനത്തിന്റെ. എന്നെ കുറിച്ച് കേട്ടതൊക്കെ ഞാനവന്റെ കണ്ണുകളില്‍ കാണുന്നു, ഒരിക്കലും എന്നെ കാണാതെ തന്നെ വിശ്വസിച്ചുപോയിരുന്നതൊക്കെയും.'' 'വൃത്തിയായി', 'മനുഷ്യത്വത്തോടെ' ശത്രുവിന്റെ കഴുത്തറുക്കുന്നതിനെക്കുറിച്ചുള്ള ഭാഷാശുദ്ധിയുള്ള വിവരണത്തിലൂടെ താന്‍ ചെയ്യുന്നതിനെ ഒരു ധാര്‍മ്മിക ഉത്തരവാദിത്വ നിര്‍വ്വഹണമാക്കി അയാള്‍ അവതരിപ്പിക്കുന്നു. തങ്ങളെ ചാപ്പകുത്താന്‍ ഉപയോഗിച്ച അതേ ധാരണകളെ ഉപകരണങ്ങളാക്കി തിരിച്ചിടുന്ന സന്ദര്‍ഭങ്ങള്‍ പോസ്റ്റ് കൊളോണിയല്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ ആവര്‍ത്തിക്കുന്ന പ്രമേയമാണ്. 'രാത്രിയില്‍ എല്ലാ രക്തവും കറുത്തതാണ്' എന്ന അയാളുടെ നിരീക്ഷണം ആ അര്‍ത്ഥത്തില്‍ സാംസ്‌കാരികമായ ഒരു തിരിച്ചുപോക്കും (act of atavism) ഒപ്പം ആഫ്രിക്കന്‍ രക്തത്തെക്കുറിച്ചുള്ള യൂറോപ്യന്‍ വാര്‍പ്പുമാതൃകയുടെ ക്രൂരമായ പരിഹാസവും ആയിത്തീരുന്നു. യുദ്ധരംഗത്തും മനുഷ്യസാധ്യമല്ലാത്ത കഠോരതയോടെ ഒരു കൊലയന്ത്രം ആയി പരിണമിക്കുന്ന ആല്‍ഫ, ആഫ്രിക്കന്‍ 'അപരിഷ്‌കൃത'രെ (savages) കുറിച്ചുള്ള കൊളോണിയല്‍ വാര്‍പ്പുമാതൃകയ്ക്ക് തികച്ചും അനുരോധമാണ് ഇപ്പോള്‍. സഹ ആഫ്രിക്കന്‍ സൈനികര്‍ അയാളെ 'ആത്മാക്കളെ തിന്നുന്നവന്‍' ('demm', 'a devourer of souls') എന്ന നിലയില്‍ ഭയപ്പെട്ടു തുടങ്ങുന്നു. കരാളതയുടെ അപഭ്രംശങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം അയാളുടെ ഭാഷയില്‍ ഹിംസാത്മക ലൈംഗികതയുടെ പദാവലികള്‍ കൂടിവരുന്നുണ്ട്. അപവാദങ്ങള്‍ 'ലജ്ജയില്ലാത്ത അഭിസാരിക'യെപ്പോലെ 'കാലുകള്‍ കവച്ചും പൃഷ്ടം കാറ്റില്‍ തുറന്നിട്ടും' തന്നെ പിന്തുടരുന്നത് ആല്‍ഫാ എന്‍ദായെ അറിയുന്നുണ്ട്. ഉപ്പും മറ്റും ഉപയോഗിച്ച് മമ്മിവല്‍ക്കരിക്കുന്ന ഏഴു കൈകള്‍ അയാള്‍ മറ്റാര്‍ക്കും കാണാനാവാത്തവിധം ഒളിപ്പിച്ചു വെയ്ക്കുന്നു. ക്യാപ്റ്റന്‍ അര്‍മാന്‍ഡ് അയാളെ ഓര്‍മ്മിപ്പിക്കുന്നു: ''അവരെ കൊല്ലുന്നതില്‍ നീ തൃപ്തനാകണം, അംഗഭംഗം അരുത്. യുദ്ധമര്യാദകള്‍ അത് വിലക്കുന്നു.'' യുദ്ധമര്യാദകള്‍ എന്ന പ്രയോഗം ഒട്ടും ഐറണി ഇല്ലാതെയാണ് ക്യാപ്റ്റന്‍ ഉച്ചരിക്കുന്നത് എന്നതില്‍ യുദ്ധത്തെ സംബന്ധിച്ച വ്യവസ്ഥാപിത ധാരണകളുടെ അസംബന്ധം അപനിര്‍മ്മിക്കാം.

മൃത്യുഭൂമിയിലും വിട്ടുപോകാത്ത വംശീയത  

ആല്‍ഫ എന്‍ദായേയുടെ വ്യക്തിശൈഥില്യത്തില്‍ ചരിത്രപരമായ ഒരു കനത്ത ഐറണി ജെസ്സി സ്റ്റീവന്‍സ് ചൂണ്ടിക്കാണിക്കുന്നു. അത് യുദ്ധത്തില്‍ കറുത്തവര്‍ഗ്ഗ സൈനികരെ റിക്രൂട്ട് ചെയ്തതിനെക്കുറിച്ചുള്ള വംശീയ പ്രതികരണങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ആര്യരക്തത്തെക്കുറിച്ചും വര്‍ണ്ണ മാഹാത്മ്യത്തെക്കുറിച്ചുമുള്ള ജര്‍മന്‍ യാഥാസ്ഥികത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഫ്രെഞ്ച് സാമ്രാജ്യത്വം കറുത്തവര്‍ഗ്ഗക്കാരെ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയത്. തങ്ങളെ കീഴ്പെടുത്താനാണെങ്കില്‍പ്പോലും വെള്ളക്കാരായ സൈനികരെ അയക്കണമെന്ന് അപേക്ഷിച്ചുവന്ന ജര്‍മനിക്ക് അതൊരു തീരാ അപമാനമായിരുന്നു. ഫ്രാന്‍സ്, സെനഗല്‍ സൈനികരെ യുദ്ധമേഖലയിലേക്ക് അയച്ചപ്പോള്‍ അതിനെതിരില്‍ വംശീയ കാംപെയ്ന്‍ ('Black Horror on the Rhine') സംഘടിപ്പിച്ച ജര്‍മനിക്ക് വമ്പിച്ച പിന്തുണയാണ് അമേരിക്ക ഉള്‍പ്പെടെ ഇടങ്ങളില്‍ വെള്ളക്കാരില്‍നിന്നു ലഭിക്കുകയുണ്ടായത്. ജിം ക്രോ നിയമങ്ങളും തുടര്‍ന്നു കറുത്തവര്‍ക്കു നേരെ ഐക്യനാടുകളിലെ തെക്കന്‍ മേഖലയില്‍ വ്യാപകമായിത്തീര്‍ന്ന കൊടിയ പീഡനങ്ങളും അമേരിക്കന്‍ ആഭ്യന്തര യുദ്ധം വരെയെത്തിയ സംഘര്‍ഷങ്ങളും ഒരുവേള ഇങ്ങനെയാണ് തുടങ്ങിവെച്ചത് (Jessi Jezewska Stevens). ആ അര്‍ത്ഥത്തില്‍ ആല്‍ഫാ എന്‍ദായെ ജര്‍മന്‍ ശത്രുവിനെതിരെ നടപ്പിലാക്കുന്ന കിരാതമായ പ്രതികാരക്രിയയെ കാലത്തിനു മുന്‍കൂര്‍ നടത്തപ്പെട്ട പ്രതിക്രിയയുടെ ചെറുപതിപ്പായും കാണാം. 

യുദ്ധരംഗത്ത് ഒരു ഘട്ടം വരെ സൈനികരുടെ ഉന്മാദം ആവശ്യമാണെന്നും അതിനപ്പുറം അത് രോഗാവസ്ഥ ആയിത്തീരുന്നുവെന്നും ആല്‍ഫ നിരീക്ഷിക്കുന്നുണ്ട്: '...നിങ്ങള്‍ മുഴുവന്‍ സമയവും വീറില്ലാതെ തുടര്‍ച്ചയായി ഉന്മാദിയായി കാണപ്പെട്ടാല്‍, അപ്പോഴാണ് നിങ്ങള്‍ ആളുകളെ, നിങ്ങളുടെ സഹോദരന്മാരെപ്പോലും ഭയപ്പെടുത്തുന്നത്. അപ്പോഴാണ് നിങ്ങള്‍ മരണത്തെ അവഗണിക്കുന്ന ആ ധീരനായ ആള്‍ അല്ലാതാവുന്നതും പകരം മരണത്തിന്റെ യഥാര്‍ത്ഥ സുഹൃത്ത്, സഹകാരി, അതിന്റെ സഹോദരനിലും കൂടിയ ആള്‍ ആകുന്നതും.'' ഈ ഘട്ടത്തിലേക്കുള്ള തന്റെ പരിണാമം അയാള്‍ അറിയുന്നുണ്ട്: ''മൂന്നാമത്തെ കൈ വരെ ഞാനൊരു യുദ്ധവീരനായിരുന്നു, നാലാമത്തേത് മുതല്‍ ഞാനൊരു അപകടകാരിയായ മനുഷ്യനായി, രക്തദാഹിയായ ഒരു കാടന്‍.'' യുദ്ധമേഖലയില്‍ ഇവയ്ക്കു രണ്ടിനുമിടയിലെ അതിര്‍വരമ്പ് ഏറെ നേര്‍ത്തതാണെങ്കിലും ആല്‍ഫ അത് മുറിച്ചു കടന്നുവെന്ന് എല്ലാവര്‍ക്കും വ്യക്തമായിരുന്നു. അതോടെ ആല്‍ഫ ഒരു തീണ്ടിക്കൂടാത്തവന്‍ ആയിത്തീരുന്നു, അയാളെ പോരാട്ടത്തിന്റെ മുന്‍ നിരയില്‍നിന്നു പിന്‍വലിക്കുകയും ഒടുവില്‍ സാനിറ്റോറിയത്തില്‍ എത്തിക്കുകയും ചെയ്യുന്നു. അവിടെ ലഭ്യമാകുന്ന ഇടവേളയില്‍ തന്റെ ഭൂതകാലത്തേയും ചെയ്തികളുടെ ഭീകരതയേയും അവയുടെ ട്രോമയേയും വിശകലനം ചെയ്യാനും ഡോക്റ്റര്‍ ഫ്രാന്‍സ്വായുമായി ആശയവിനിമയം നടത്താനും അയാള്‍ക്ക് അവസരം കിട്ടുകയാണ്. അയാളുടെ ചെയ്തികള്‍ നിയന്ത്രണ വിധേയമല്ലാത്ത നൈസര്‍ഗ്ഗികതയുടെ ഭാവം പ്രകടമാക്കുമ്പോള്‍ അയാള്‍ നടത്തുന്ന അവയുടെ വിവരണം അളന്നുമുറിച്ചതും നിയന്ത്രിതവുമാണ് എന്നു നിരീക്ഷിക്കപ്പെടുന്നു(4). യുദ്ധം മനുഷ്യരെ മൃഗസമാനരാക്കി മാറ്റുന്നു എന്ന നിരീക്ഷണം പുതിയതല്ലെന്നിരിക്കെ, നോവലിനെ തികച്ചും അനന്യമാക്കി മാറ്റുന്നത് എന്‍ദായെയുടെ ആഖ്യാനസ്വരമാണ് എന്നു നിരീക്ഷിക്കപ്പെടുന്നു: '...ഒടുവില്‍, ആഫ്രിക്കന്‍, ഇന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നും പോയി ഇംഗ്ലീഷ്, ഫ്രെഞ്ച് സൈനികരോടൊപ്പം ചേര്‍ന്ന് പൊരുതുകയും മിക്കപ്പോഴും തങ്ങളുടെ ഓഫീസര്‍മാരുടെ കണ്ണില്‍ ആത്മാവോ മനസ്സാക്ഷിയോ ഇല്ലാത്ത രക്തദാഹികളായ കൊലയാളികള്‍ മാത്രമായി കണക്കാക്കപ്പെടുകയും ചെയ്ത സൈനികരുടെ വീക്ഷണത്തില്‍ത്തന്നെ ഒന്നാം ലോകയുദ്ധത്തെക്കുറിച്ചുള്ള ഒരു നോവല്‍...'' എന്നു പുസ്തകം വിവരിക്കപ്പെടുന്നുണ്ട്(5). ആഫ്രിക്കന്‍ സൈനികരുടെ ('Chocolats') ക്രൂരത ഒരു റോള്‍ നിര്‍വ്വഹണം മാത്രമാണ് എന്ന് എന്‍ദായെ പറയുന്നുണ്ട്: ''ക്യാപ്റ്റന്റെ ഫ്രാന്‍സിനു ഞങ്ങളുടെ കാടത്തം വേണം. ഞങ്ങളാവട്ടെ, അനുസരണശീലരായതുകൊണ്ട്, ഞാനും മറ്റുള്ളവരും ഞങ്ങളാ അപരിഷ്‌കൃതരുടെ ഭാഗം അഭിനയിക്കുന്നു.''

ആഫ്രിക്കന്‍ സാംസ്‌കാരിക ചിഹ്നങ്ങള്‍ 

നോവലിന്റെ അവസാന ഭാഗത്ത്, മനോരോഗാശുപത്രിയില്‍ എന്നു കരുതാവുന്ന ഇടത്തില്‍ എത്തിച്ചേരുന്ന എന്‍ദായെയുടെ ഓര്‍മ്മകളില്‍ വേദനാകരമായ കുടുംബചിത്രങ്ങളും കുട്ടിക്കാലം ചെലവഴിച്ച ഗ്രാമീണ സാമൂഹിക ജീവിതവും കടന്നുവരുന്നു. ഗാന്‍ഡിയോള്‍ എന്ന ഗ്രാമവും ഫാരി തിയാമുമായുള്ള ആദ്യപ്രണയവും മദേംബയുമായുള്ള ആജീവനാന്ത സൗഹൃദത്തിന്റെ ആരംഭവും ആഫ്രിക്കന്‍ സംസ്‌കാരത്തിന്റെ ഇതളുകളായി നോവലില്‍ വിവരിക്കപ്പെടുന്നു. 'ആത്മസഹോദരന്‍' എന്ന സങ്കല്പം തന്നെ പാശ്ചാത്യ ഭാവനയ്ക്ക് അന്യമായ ഒന്നാണ്. എന്‍ദായേയും മദേംബയും ചെയ്യുന്നപോലെ പരസ്പരം കളിയാക്കിയും കുടുംബ/ഗോത്ര ദൗര്‍ബ്ബല്യങ്ങളും ഫലിതങ്ങളും (parente a plaisanterie (kinship jokes)) ആവര്‍ത്തിച്ചും ബന്ധുത്വത്തെ വിമലീകരിച്ചു ദൃഢപ്പെടുത്തുന്ന രീതി മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ സാധാരണമാണ് (Martha Anne Toll). അച്ഛനേക്കാള്‍ ഏറെ ഇളപ്പമായ അമ്മ, വിവാഹത്തിനു സമ്മതം മൂളിയത് തന്റെ കുടുംബാംഗങ്ങള്‍ ഒരോ വര്‍ഷവും തന്നെ സന്ദര്‍ശിക്കാനെത്തും എന്ന ഉടമ്പടിയോടെയായിരുന്നു. അതിനു മുടക്കം വരുന്നതോടെ മൗനത്തിലേക്കും വിഷാദരോഗത്തിലേക്കും തെന്നിവീഴുന്ന അമ്മയെ, അവരുടെ ഇഷ്ടപ്രകാരം ഗൃഹസന്ദര്‍ശത്തിന് അയക്കുകയായിരുന്നു എന്‍ദായേയുടെ പിതാവ്. അവര്‍ തിരികെ വരാന്‍ ഇടയില്ലെന്ന ബോധ്യം കാരണമാണ് മുട്ടുന്യായങ്ങള്‍ പറഞ്ഞ് അരുമയായ മകനെ അയാള്‍ അമ്മയ്‌ക്കൊപ്പം വിടാതിരുന്നത്. എന്നാല്‍, സുന്ദരിയായ യുവതി യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോകപ്പെടുന്നു. അമ്മയില്ലാതാകുന്ന കുട്ടിയെ മദേംബയുടെ കുടുംബം ഏതാണ്ട് ദത്തെടുക്കുന്നതാണ് ഇരുവരേയും ആ 'സഹോദരനെക്കാള്‍ കൂടുതല്‍' ബന്ധത്തില്‍ എത്തിക്കുക. ആല്‍ഫ എന്‍ദായെ അതീവ സുമുഖനും ബലിഷ്ഠകായനുമാണെങ്കില്‍ മദേംബ തികച്ചും അശുവാണ്. എന്നാല്‍, മദേംബയാണ് സൈന്യത്തില്‍ ചേരാന്‍ വെമ്പല്‍ കൊള്ളുന്നത്. 

വിജയികളായി തിരികെ വന്നു തങ്ങളുടെ പട്ടണത്തില്‍ ഒരുമിച്ച് ബിസിനസ്സ് ആരംഭിക്കണം എന്നതാണ് അവന്റെ കണക്കുകൂട്ടല്‍. ശാരീരിക ആകര്‍ഷണീയത ആല്‍ഫയെ ആദ്യം ഫാരി തിയാമിനും പിന്നീട് മനോരോഗ ആശുപത്രിയിലെ ഡോക്ടര്‍ ഫ്രാന്‍സ്വായുടെ മകള്‍ക്കും പ്രിയങ്കരനാക്കും. സമപ്രായക്കാര്‍ പ്രണയത്തിലാകാന്‍ പാടില്ലെന്ന ഗോത്രവിലക്കില്‍ എന്നും ശാരീരിക ബന്ധം നിഷേധിച്ച ഫാരി തിയാം, എന്‍ദായേയും മദേംബയും സൈന്യത്തില്‍ ചേരാന്‍ പോകുന്നതിന്റെ തലേ രാവിലാണ് ആ വിലക്കു ഭേദിക്കുകയും ഉടല്‍പ്രണയത്തിന്റെ ഇനിയൊരിക്കലും അയാള്‍ വിസ്മരിക്കാനിടയില്ലാത്ത ആദ്യാനുഭവവും ഒരുപക്ഷേ, അന്ത്യാനുഭവവും അയാള്‍ക്കു പകര്‍ന്നുനല്‍കുകയും ചെയ്യുക. അത്തരം ഒരനുഭവവും ആസ്വദിക്കാതെ, ആണ്‍ജന്മത്തിന്റെ പ്രതിഫലങ്ങള്‍ ഒന്നുമേ നുകരാതെ മരിച്ചുപോകുന്ന ആത്മ സഹോദരന്‍ ആ അര്‍ത്ഥത്തില്‍ 'അതിജീവിച്ചവന്റെ കുറ്റബോധം' (survivor guilt) ആണ് ആല്‍ഫയില്‍ ഉണ്ടാക്കുക. എന്നാല്‍, ആത്മീയ പരിണാമം സൂചിപ്പിക്കുന്ന ഈ ഭാഗം ഏറെ കാവ്യാത്മകമാണെങ്കിലും അതിവേഗം ആഖ്യാനം അവസാനിപ്പിക്കാനുള്ള ഒരു ചുരുട്ടിക്കൂട്ടല്‍ ആയി അനുഭവപ്പെടുന്നു എന്നും നോവലിന്റെ മുന്‍ ഭാഗങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്വാഭാവിക വികാസത്തിലേക്ക് വളരുന്നില്ലെന്നും വിമര്‍ശിക്കപ്പെടുന്നു (TRAVIS HOLLAND). സ്വയം അപരിചിതനായിത്തോന്നുന്ന എന്‍ദായെ വിലപിക്കുന്നു: ''എവിടെയാണ് ഞാന്‍?... ഞാന്‍ ദൂരെയെങ്ങോ നിന്നു തിരിച്ചുവന്ന പോലെയുണ്ട്. ആരാണു ഞാന്‍? ഇപ്പോള്‍ എനിക്കറിയില്ല. നിഴലുകള്‍ എന്നെ വലയം ചെയ്യുന്നു.''

''ചിലപ്പോള്‍ ഒരു അധമമായ കുമ്പസാരംപോലെ, മറ്റു ചിലപ്പോള്‍ സമചിത്തത നല്‍കുന്ന ഒരു സാക്ഷ്യം പറച്ചിലായി'' നടത്തപ്പെടുന്ന എന്‍ദായേയുടെ ആഖ്യാനം മരിച്ചവനോടുള്ള അനാദരവ്, അഥവാ ആ തോന്നലിന്റെ പാരമ്യത്തില്‍ കൊളറിജിന്റെ 'പുരാതന നാവികന്റെ' (The Rime of the Ancient Mariner-Samuel Coleridge) ശാപത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നു ചിഗോസി ഒബിയാമ നിരീക്ഷിക്കുന്നു. എന്നാല്‍, ഈ പുസ്തകം ഒരു ഒറ്റപ്പെട്ട വ്യക്തിയുടെ ആത്മീയഭാരത്തെക്കുറിച്ചു മാത്രമല്ല. മറിച്ച് യുദ്ധം എന്ന നരകത്തിന്റെ അടിത്തട്ടുകളിലേക്ക് ആഴ്ന്നുപോകുന്നതിന്റെ ദുരന്തത്തിന്റേയും മാനസികമായ സ്വയം ശിക്ഷയുടേയും ആവിഷ്‌കാരം കൂടിയാകുന്നു അത്. ഫ്രെഞ്ചില്‍ ആണ് രചിക്കപ്പെട്ടതെങ്കിലും സെനഗലിലെ 'വുള്‍ഫ്' ജനതയുടെ (Wolf people) സവിശേഷ സാംസ്‌കാരിക, ഭാഷാ ചിഹ്നങ്ങള്‍ നോവലില്‍ സുവ്യക്തമാണെന്ന് ഒബിയാമ കൂട്ടിച്ചേര്‍ക്കുന്നു. (6). 

എന്‍ദായേയുടെ വികാരവിചാരങ്ങളുടെ ചൂടും മുഴക്കവുമുള്ള ആഴത്തിലുള്ള ആവിഷ്‌കാരം സാധ്യമാക്കുന്നതിന് ഭാവഗീത സ്വഭാവമുള്ള ശൈലിയും ചെറുപ്രായക്കാരനും വലിയ വിദ്യാഭ്യാസമില്ലാത്തവനുമായ ഒരാളുടെ സാധാരണ സംസാരത്തില്‍ കാണാവുന്നവിധം ഒട്ടുമുക്കാലും അതിലളിതമായ പദാവലികളും നോവലിസ്റ്റിനെ സഹായിക്കുന്നുണ്ട്. കൂടെക്കൂടെ ആവര്‍ത്തിക്കപ്പെടുന്ന ചില പ്രയോഗങ്ങള്‍ ('God'st ruth', 'more-than-brother', 'I know, I understand') നല്‍കുന്ന ആമന്ത്രണ ഭാവവും (incantatory effect) വെള്ളക്കാരനെ സൂചിപ്പിക്കുന്ന വെറുപ്പു കലര്‍ന്ന 'toubab' എന്ന പ്രയോഗംപോലെ ചില വാക്കുകള്‍ മൂലഭാഷയില്‍ നില നിര്‍ത്തുന്നതും അതിനോട് ചേര്‍ന്നു പോകുകയും ഉന്മാദാവസ്ഥയിലുള്ള ഒരു 'നമ്പാനാകാത്ത ആഖ്യാതാവ്' (unreliable narrator) ആയി അയാളെ അവതരിപ്പിക്കുകയും ചെയ്യുന്നു. നോവലിന്റെ ഹൃദയത്തിലുള്ള ധാര്‍മ്മിക അങ്കലാപ്പിന്റെ ഉത്തമ നിദര്‍ശനവുമാണ് അയാളുടെ വ്യക്തിത്വം. ആരാണ് ശരി, അഥവാ ആരെങ്കിലും ശരിയാണോ എന്ന ചോദ്യം, ''ഓരോ കാര്യവും ഇരട്ടയാണ്'' എന്ന എന്‍ദായേയുടെ നിരീക്ഷണവുമായും ചേര്‍ന്നുപോകുന്നുണ്ട്. തന്നെക്കാള്‍ ഏറെ പ്രായമുള്ള ഭര്‍ത്താവിന്റെ നാലാം ഭാര്യയാവാന്‍ തയ്യാറാകുന്ന സുന്ദരി, എന്‍ദായേയുടെ അമ്മ, അയാളെ പ്രണയിച്ചു തുടങ്ങുമ്പോഴും ''അയാള്‍ ഉറഞ്ഞുപോയ ഭൂപ്രകൃതിപോലെ വൃദ്ധനായിരുന്നു, അവള്‍ നിരന്തരം മാറുന്ന ആകാശംപോലെ യൗവ്വനവും.'' ''നമുക്കു ജന്മം നല്‍കിയവരെ നാം ഒരിക്കലും ഉപേക്ഷിക്കില്ല'' എന്നു മകനോട് പറയുന്ന അമ്മ പക്ഷേ, മകനെ ഉപേക്ഷിക്കുന്നു. നോവലിന്റെ ഒടുവില്‍ ഒരുവേള മദേംബയുടേത് ആയിരിക്കാവുന്ന സര്‍വ്വജ്ഞനായ ഒരാഖ്യാന സ്വരം നിരീക്ഷിക്കുന്നു: ''ഞാന്‍ തലയോട്ടികളും ഉടലുകളും കാലിയാക്കുന്നു... ഞാന്‍ കൊലയാളിയും ന്യായാധിപനുമാണ്... ഞാന്‍ നിരപരാധിയും കുറ്റവാളിയുമാണ്. ഞാന്‍ ആദിയും അന്ത്യവുമാണ്. ഞാനാണ് സ്രഷ്ടാവും അന്തകനും. ഞാന്‍ ഇരട്ടയാണ്.'' ബിബ്ലിക്കല്‍ അനുരണനങ്ങള്‍ (Book of Revelations) നിറഞ്ഞ ഈ ഭാഷ 'Alpha and Omega' എന്ന പ്രയോഗത്തേയും മുഖ്യ കഥാപാത്രത്തിന്റെ പേരിനേയും (ആല്‍ഫ) പ്രതിധ്വനിപ്പിക്കുന്നു. കൃത്യതയാര്‍ന്ന പരിഭാഷയിലൂടെ നോവലിന്റെ അന്തസ്സത്ത പിടിച്ചെടുക്കുന്നതിലും സാംസ്‌കാരികാന്തരീക്ഷം നിലനിര്‍ത്തുന്നതിലും വിവര്‍ത്തക അന്ന മോസ്‌കൊവാകിസ് സ്തുത്യര്‍ഹാമാംവിധം വിജയിച്ചിരിക്കുന്നു എന്നും നിരൂപക മതം. വിവര്‍ത്തനം എന്ന പ്രക്രിയ തന്നെയും നോവലിന്റെ പ്രമേയങ്ങളില്‍ ഒന്നാണെന്ന് പുസ്തകത്തില്‍നിന്നുള്ള ഈ വരികള്‍ സൂചിപ്പിക്കുന്നു: ''വിവര്‍ത്തനം ചെയ്യല്‍ ഒരിക്കലും ലളിതമല്ല. വിവര്‍ത്തനം ചെയ്യുകയെന്നാല്‍ അതിരുകളെ വഞ്ചിക്കലാണ്, അത് ചതിയാണ്, അത് ഒരു വാചകത്തെ മറ്റൊന്നിനു കൈമാറ്റം ചെയ്യലാണ്.'' നോവലിന്റെ വിശകലനം മാര്‍ത്ത ആന്‍ ടോള്‍ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ''എന്തിനെയാണ്, ആരെയാണ് വിവര്‍ത്തനം ചെയ്യുന്നത്, ആരാണ് അത് ചെയ്യുന്നത്? അത് സമൂഹം ഭ്രാന്തനെന്നു കരുതുന്ന, ഒരുവേള യഥാര്‍ത്ഥത്തില്‍ സത്യം പറയുന്ന അയാളാണോ? അത് ആഫ്രിക്കക്കാരന്‍ വെള്ളക്കാരനെ കാണുന്ന രീതിയാണോ? അല്ലെങ്കില്‍, ഏറ്റവും മുഖ്യമായി, വെള്ളക്കാരന്‍ ആഫ്രിക്കക്കാരനെ കരാളതയുടെ ഏകശിലാ രൂപത്തിലുള്ള ഒരു ചിത്രത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതിനെയാണോ?'' (Martha Anne Toll). 'ഭാഗികമായി ഫോക്ലോര്‍, ഭാഗികമായി അസ്തിത്വപരമായ ഒരു ഓരിയിടല്‍'' (existential howl), 'ഭാഗികമായി ഗദ്യ കവിത എന്നിങ്ങനെ നിരര്‍ത്ഥകമായ സഹനത്തിന്റെ ഒരു ഹൃദയഭേദകമായ കഥ'' എന്നും ''നിഷ്‌കളങ്കതയുടെ വിനാശത്തിന്റെ തുളഞ്ഞിറങ്ങുന്ന, കണ്ണുതുറപ്പിക്കുന്ന കഥ'' എന്നും നോവല്‍ വിവരിക്കപ്പെടുന്നത്(7). (kirkus review) നൂറ്റി അമ്പതോളം പുറങ്ങള്‍ മാത്രമുള്ള കൃതിയുടെ ആന്തരസാന്ദ്രതയും പ്രമേയവ്യാപ്തിയും സാക്ഷ്യപ്പെടുത്തുന്നു. 

References:
(1). (Brosman, Catharine Savage. 'The Functions of War Literature.' South Cetnral Review, vol. 9, no. 1, 1992, pp. 85-98. JSTOR, www.jstor.org/stable/3189388. Accessed 31 May 2021).
(2) (Martha Anne Toll, 'A Bereaved Soldier Looks for Revenge in David Diop's Disturbing 'At Night All Blood is Black', wordswithoutborders, November 2020, https://www.wordswithoutborders.org/book-review/bereaved-soldier-looks-for-revenge-david-diop-at-night-all-blood-is-black)
(3). (Jessi Jezewska Stevens, 'In the Trenches With the Colonizer', NOVEMBER 21, 2020, https://foreignpolicy.com/2020/11/21t/renches-colonizer-world-war-i-france-senegal-review-david-diop-night-all-blood-is-black/). 
(4). (M.A.Orthofer, 'The complete review's Review',9. October 2020, https://www.complete-review.com/reviews/senegal/diopd.htm).
(5). (TRAVIS HOLLAND, 'At Night All Blood is Black, by David Diop- Fiction Writers Review', NOVEMBER 12, 2020, https://fictionwritesrreview.com/review/at-night-all-blood-is-black-by-david-diop/).
(6). (Chigozie Obioma, 'In the Trenches of World War I, a Bloody Ritual Fueled by Guilt', nytimes, Nov. 10, 2020, https://www.nytimes.com/2020/11/10/books/review/david-diop-night-blood-black.html). 
(7). (Kirkus review, https://www.worldliteraturetoday.org/2021/spring/night-all-blood-black-david-diop)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com