'സര്‍വ്വജ്ഞപീഠം കയറിയിട്ടില്ല, പക്ഷേ, മനുഷ്യനെ അറിയാം'- വി. ശിവന്‍കുട്ടി

കേരളം എല്ലാക്കാലത്തും പൊതുവിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്; അതു വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. പുതിയ മന്ത്രി ഈ വകുപ്പിന്റെ പ്രാധാന്യത്തെ എങ്ങനെ കാണുന്നു?
വി. ശിവന്‍കുട്ടി
വി. ശിവന്‍കുട്ടി

ഗംഭീര വിജയം നേടി രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയനും സി.പി.എം നേതൃത്വവും നേമം എം.എല്‍.എ വി. ശിവന്‍കുട്ടിയോട് ആവശ്യപ്പെട്ടത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകാനാണ്. അതൊരു തെറ്റായ തീരുമാനമായിരുന്നു എന്ന വിമര്‍ശനം ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രത്യേകിച്ചും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം മാത്രമല്ല, പരിഹാസവും നിറയുന്നു. 13-ാം നിയമസഭയില്‍ പ്രതിപക്ഷാംഗമായിരിക്കെ അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത രീതി, പുറത്ത് സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോഴത്തെ വിട്ടുവീഴ്ചയില്ലാത്ത പ്രതികരണങ്ങള്‍, എപ്പോഴോ മാധ്യമങ്ങളോടു സംസാരിച്ചപ്പോള്‍ നാവൊന്നു പിഴച്ചത് തുടങ്ങിയതെല്ലാം അയോഗ്യതയായി എടുത്തുകാട്ടാന്‍ ആളുകളുണ്ടായി. കേരളം ഏറ്റവും ശ്രദ്ധിച്ച ത്രികോണ മത്സരത്തില്‍ വിജയിച്ചു ജനപ്രതിനിധിയായ ശിവന്‍കുട്ടിക്ക് ഉന്നത വിദ്യാഭ്യാസവും പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തന അനുഭവങ്ങളുമുണ്ട്. ഏറ്റെടുക്കുന്ന ജോലിയിലെ ആത്മാര്‍ത്ഥതയാണ് കരുത്ത്. എസ്.എഫ്.ഐയുടെ ഏറ്റവും ഊര്‍ജ്ജസ്വലമായ കാലയളവുകളിലൊന്നില്‍ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. സീതാറാം യെച്ചൂരി എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയായിരിക്കെ അതേ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായി. പിന്നീട് ഉള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം മേയര്‍. നിലവില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യുവിനു കീഴിലുള്ള നിരവധി യൂണിയനുകളുടെ ഭാരവാഹിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും. ഈ ചുമതലകളിലെല്ലാം വി. ശിവന്‍കുട്ടി പ്രകടിപ്പിച്ച പ്രാപ്തിയും ശേഷിയും ശരിയായി അറിയാവുന്നതുകൊണ്ടുതന്നെയാണ് വളരെ പ്രധാനപ്പെട്ട വകുപ്പുതന്നെ നല്‍കിയത്. പ്രവര്‍ത്തിച്ചു കാണിച്ച് വിമര്‍ശകരുടെ വായടപ്പിക്കാനാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചതും ശിവന്‍കുട്ടി തീരുമാനിച്ചിരിക്കുന്നതും. ''ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ അധികാര സ്ഥാനങ്ങളില്‍ എത്തുമ്പോള്‍ മാത്രം സാമൂഹിക കാര്യങ്ങള്‍ പഠിക്കുകയും ഇടപെടുകയും ചെയ്യുന്നവരല്ല; ഞങ്ങളുടെ പൊതുജന സേവനപ്രവര്‍ത്തനങ്ങള്‍ അപ്പോള്‍ മാത്രം തുടങ്ങുന്നതുമല്ല. അതാണ് വിമര്‍ശകര്‍ മനസ്സിലാക്കേണ്ട കാര്യം. കഴിഞ്ഞ അഞ്ചുവര്‍ഷം ഞാന്‍ നിയമസഭാംഗമല്ലായിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് നിരാശനായി വീട്ടില്‍പ്പോയി ഇരിക്കുകയല്ല ചെയ്തത്; ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. എന്തെങ്കിലും കാര്യത്തിനു വന്ന ഒരാളെപ്പോലും നിങ്ങളുടെ എം.എല്‍.എ ഞാനല്ലല്ലോ എന്നു പറഞ്ഞു തിരിച്ചയച്ചിട്ടില്ല.'' ശിവന്‍കുട്ടി പറയുന്നു. ''ഇപ്പോള്‍ വേറൊരു ഉത്തരവാദിത്വം പാര്‍ട്ടി ഏല്പിച്ചിരിക്കുകയാണ്; ഇതുവരെ ചെയ്തുകൊണ്ടിരുന്ന ഉത്തരവാദിത്തങ്ങളില്‍നിന്നു വ്യത്യസ്തമായി കുറച്ചുകൂടി ഔദ്യോഗിക സ്വഭാവമുള്ള കാര്യങ്ങള്‍ ഇവിടെ ചെയ്യുന്നുവെന്നു മാത്രമേയുള്ളൂ.'' 

തുടക്കത്തിന്റെ സ്വാഭാവിക പരിമിതികള്‍ നിഷേധിച്ചല്ല അദ്ദേഹം സംസാരിക്കുന്നത്. ''എല്ലാക്കാര്യത്തിലും തുടക്കത്തില്‍ ഉല്‍ക്കണ്ഠയുണ്ടാകുമല്ലോ. ഒന്നും അങ്ങനെ ഈസിയായി എടുക്കാന്‍ കഴിയുകയുമില്ല. അത്രയ്ക്കങ്ങ് ഈസിയല്ല എന്നു ചിന്തിച്ചാല്‍ മാത്രമേ ഏതു കാര്യവും കുറ്റമറ്റവിധം നടപ്പാക്കിയെടുക്കാന്‍ കഴിയുകയുള്ളു. ഒരു പരിപാടി തീരുമാനിച്ചു കഴിഞ്ഞാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ എനിക്കു ടെന്‍ഷനുണ്ടാകും. വിജയകരമായി പൂര്‍ത്തീകരിക്കുമ്പോള്‍ അത് ആഹ്ലാദത്തിനും ആശ്വാസത്തിനും വഴിമാറുകയും ചെയ്യും. അങ്ങനെയാണ് പ്രവര്‍ത്തിക്കുക. അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് വിഷമിച്ചു പിന്മാറാന്‍ കഴിയില്ല. മറ്റൊന്ന്, ഇതൊരു കൂട്ടായ്മയാണ്. മന്ത്രി മാത്രം ചെയ്യുന്ന കാര്യമല്ല. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, മറ്റു മന്ത്രിമാര്‍ തുടങ്ങിയ എല്ലാവരുടേയും പിന്തുണയോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ വിദ്യാഭ്യാസ മേഖലയിലെ പണ്ഡിതനൊന്നുമല്ല. പണ്ഡിതനാണെങ്കില്‍പ്പോലും ഭരണരംഗത്ത് അത് ഉപകാരപ്പെടണമെന്നുമില്ല. ഭരണകര്‍ത്താവ് എന്ന നിലയില്‍ ഈ മേഖലയില്‍ ഏറ്റവും ബുദ്ധിപരവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വിദഗ്ദ്ധരുടെ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. അങ്ങനെ സമയബന്ധിതമായി, മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.''

പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റാത്തവിധത്തില്‍, എന്തു ചെയ്താലും കുറ്റം മാത്രം കണ്ടുപിടിക്കാന്‍ കുറേയാളുകള്‍ കാത്തിരിക്കുന്നു എന്നു പരാതിയോ വിഷമമോ ആയല്ലാതെതന്നെ തുറന്നു പറയുന്നു. ''ഒരു വാക്കിലൊരു തെറ്റു പറ്റിയാല്‍ ഉടനെ അതില്‍ക്കയറി പിടിക്കുകയാണ്. നമ്മളെല്ലാം മനുഷ്യരാണല്ലോ. എല്ലാവരും സര്‍വ്വജ്ഞപീഠം കയറിയവരും മുഴുവന്‍ തികഞ്ഞവരുമൊന്നുമല്ലല്ലോ. ചിലപ്പോള്‍ ഒരു വാക്കില്‍ ഒരു പിഴവ് സംഭവിക്കാം. പ്രസംഗത്തില്‍ തെറ്റ് സംഭവിക്കാം, ഒരു വാക്കിന്റെ ഘടനയില്‍ തെറ്റു വന്നെന്നിരിക്കാം. ഉടനെതന്നെ അത് ട്രോള്‍ ആക്കുകയാണ്. കുറച്ചുപേര്‍ ഇതിനുവേണ്ടിത്തന്നെ ഇരിക്കുകയാണ്. അവര്‍ സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. കുനിഞ്ഞിട്ടൊരു കടലാസ് എടുക്കുമ്പോള്‍ നട്ടെല്ലിനുണ്ടാകുന്ന വേദന പോലും സഹിക്കാന്‍ തയ്യാറുള്ളവരല്ല. ഇതാണ് അവരുടെ പ്രധാന ജോലി. ഞങ്ങളൊന്നും അത് ശ്രദ്ധിക്കുന്നില്ല; അവര്‍ അത് ചെയ്‌തോട്ടെ. അവഗണിക്കുക, അത്രതന്നെ'' - ശിവന്‍കുട്ടി പറയുന്നു. 

നിലകളും നിലവാരവും 

കേരളം എല്ലാക്കാലത്തും പൊതുവിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്; അതു വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. പുതിയ മന്ത്രി ഈ വകുപ്പിന്റെ പ്രാധാന്യത്തെ എങ്ങനെ കാണുന്നു? സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയില്‍നിന്നു കുട്ടികള്‍ വന്‍തോതില്‍ വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ഈ കൊവിഡ് കാലത്ത് ഇത് എങ്ങനെയാണ് പ്രയോജനപ്പെടുത്തുക? 

കേരളത്തിലെ ഇടതുപക്ഷ പുരോഗമന സര്‍ക്കാരുകള്‍ എല്ലാകാലത്തും വിദ്യാഭ്യാസരംഗത്തിന് മികച്ച പരിഗണനയാണ് നല്‍കിയിട്ടുള്ളത്. ഈ പരിഗണനയാണ് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് അടിത്തറ പാകിയത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലു മിഷനുകളില്‍ ഒന്നായിരുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കാനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെയൊക്കെ പ്രതിഫലനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കാണുന്നത്.

ഓരോ കുടുംബവുമായും നേരിട്ടു ബന്ധമുള്ള മേഖലയാണ് പൊതുവിദ്യാഭ്യാസം. അതുകൊണ്ടുതന്നെ അത്രയും പ്രാധാന്യമുണ്ട്. പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ, സാമൂഹിക പിന്നാക്കാവസ്ഥയിലുള്ളവരെന്നോ അല്ലാത്തവര്‍ എന്നോ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുള്ളവരുമായും ബന്ധപ്പെട്ടതാണ്. കൊവിഡിന്റെ കാലമാണ്. ദേശീയ, സംസ്ഥാന പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ എല്ലാ കാര്യങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനിക്കാനും നടപ്പാക്കാനും കഴിയുകയുള്ളു എന്നതാണ് പരിമിതി. അതിനുള്ളില്‍നിന്നുകൊണ്ട് എങ്ങനെ കുട്ടികളിലും അദ്ധ്യാപകരിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കാം എന്നാണ് ശ്രമിക്കുന്നത്. കൊവിഡ് തുടങ്ങിയ ശേഷം കുട്ടികള്‍ സ്‌കൂളില്‍ വന്നിട്ടില്ലല്ലോ. ഡിജിറ്റല്‍ ക്ലാസ്സുകളാണ് നടക്കുന്നത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങളുണ്ട്. ഇടുക്കി, വയനാട് പോലുള്ള ജില്ലകളിലും മറ്റുമുള്ള ഉള്‍പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വലിയ പ്രശ്‌നമാണ്. അതിനെല്ലാം പരിഹാരം കാണണം. വിദ്യാഭ്യാസ വകുപ്പിന്റെ മുന്‍ഗണനകളില്‍ അതെല്ലാമുണ്ട്. അത്യുജ്ജ്വലമായി ജന പങ്കാളിത്തത്തോടെ ഓണാഘോഷത്തേക്കാള്‍ ആവേശത്തോടെ നടത്തിയിരുന്ന പ്രവേശനോത്സവത്തിന്റെ രീതിതന്നെ നമുക്കു മാറ്റേണ്ടിവന്നു. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന വിധം സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് ആറര ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്കു വന്നത്. അത് പത്തു ലക്ഷത്തില്‍ എത്തിക്കാനാണ് ശ്രമം. പ്രകടനപത്രികയിലും ഈ കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, കൊവിഡ് രണ്ടാം തരംഗം വന്നതോടെ ഈ അധ്യയന വര്‍ഷവും നമുക്കു സാധാരണനിലയില്‍ നടത്താന്‍ കഴിയാതെ വന്നിരിക്കുന്നു. 

ഇത്തവണ നാമമാത്രമായ പങ്കാളിത്തത്തോടെയാണെങ്കിലും സംസ്ഥാന തലത്തില്‍ പ്രവേശനോത്സവം നടത്തി. അധ്യയന വര്‍ഷം തുടങ്ങുകയാണെന്നും ക്ലാസ്സിലിരിക്കണം എന്നും ഡിജിറ്റല്‍ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്തണം എന്നുമുള്ള സന്ദേശം കുട്ടികളില്‍ എത്തിക്കാനാണ് അതു ചെയ്തത്. കൊവിഡാണെന്ന് കുട്ടികള്‍ക്കും അറിയാം. പക്ഷേ, എല്ലാം നിലച്ചുപോയിരിക്കുന്നു എന്ന നിരാശപ്പെടുത്തുന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാകാന്‍ പാടില്ല.

സ്‌കൂള്‍ വിദ്യാഭ്യാസം സാര്‍വ്വത്രികവും സൗജന്യവുമായ കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരണമെന്ന ചര്‍ച്ചകള്‍ കുറേക്കാലമായി സജീവമാണ്. ഇത്തവണ എല്‍.ഡി.എഫ് പ്രകടനപത്രികയും ഇത് പറഞ്ഞിട്ടുണ്ട്. ഗുണനിലവാരം മെച്ചപ്പെടുത്താന്‍ എന്തൊക്കെ തരത്തിലുള്ള ഇടപെടലുകളായിരിക്കും നടത്തുക? 

അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല, പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടും കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. കിഫ്ബി സഹായത്തോടെ ഒരു മണ്ഡലത്തില്‍ ഒന്ന് വീതം 141 സ്‌കൂളുകളിലും അഞ്ചു കോടി ചെലവുവരുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതില്‍ 108 സ്‌കൂളുകളിലായി 111 കെട്ടിടങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞു. 386 സ്‌കൂളുകളില്‍ മൂന്നു കോടി ചെലവിട്ടു കെട്ടിടം നിര്‍മ്മിക്കുന്ന പദ്ധതിയില്‍ എണ്‍പതിലധികം കെട്ടിടങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞു. 446 സ്‌കൂളുകളില്‍ ഒരു കോടിയില്‍പ്പരം രൂപ ചെലവുള്ള കെട്ടിടങ്ങളാണ് വേണ്ടത്. കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണം കഴിയുന്നത്ര വേഗത്തില്‍ നടത്തും. 100 ലക്ഷം ചതുരശ്ര അടി സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയും എന്നാണ് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ളത്. പുതിയ കെട്ടിടങ്ങള്‍ക്ക് ആവശ്യമായ പുതിയ ഫര്‍ണിച്ചറുകള്‍ക്ക് പദ്ധതി നടപ്പാക്കും. പഴയ ഫര്‍ണിച്ചറുകള്‍ പുതുക്കിപ്പണിത് പുനരുപയോഗിക്കും. ബജറ്റ് പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി കെട്ടിട സൗകര്യ പരിമിതികളുള്ള സ്‌കൂളുകളെ കണ്ടെത്തി മെച്ചപ്പെടുത്തും.

ഒപ്പം, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും പഠന ബോധന പ്രവര്‍ത്തനങ്ങളിലും മാറ്റം അനിവാര്യമാണ്. 2013-ലാണ് ഏറ്റവും അവസാനമായി പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചത്. ഇതിനുശേഷം വൈജ്ഞാനിക മേഖലയിലും പഠന ബോധന പ്രവര്‍ത്തനങ്ങളിലും സാങ്കേതികവിദ്യാ രംഗത്തും വന്ന മാറ്റങ്ങളും ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട്, എല്ലാം പരിഗണിച്ച് പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കേണ്ടതുണ്ട്. അക്കാദമിക നിലവാരം മെച്ചപ്പെടുത്താതെ നല്ല സ്‌കൂളുകള്‍ പണിതിട്ടതുകൊണ്ടു മാത്രം കാര്യമില്ല. പക്ഷേ, അത് ഏതാനും ദിവസങ്ങള്‍കൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. കേരളത്തിലും പുറത്തുമുള്ള സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക വിദഗ്ദ്ധരുമായി കൂടിയാലോചിച്ചും സര്‍ക്കാരിനു മുന്നിലുള്ള വിവിധ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പഠിച്ചും സമഗ്രമാറ്റം ഘട്ടം ഘട്ടമായി നടത്തും. ഒറ്റയടിക്കല്ല. നമ്മുടെ കുട്ടികളെ ഭാവിയില്‍ ദേശീയ, സംസ്ഥാന തലങ്ങളിലെ മത്സരപ്പരീക്ഷകളിലുള്‍പ്പെടെ മുന്തിയ സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനുള്ള പരിശ്രമം കൂടിയാണ് നടത്തുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അതുകൂടിയാണ് ഏറ്റെടുക്കുക.

വിഭജനമില്ലാതെ പിന്തുണ 

കൊവിഡ് മൂലം ഓണ്‍ലൈന്‍ മാത്രമായി മാറിയ ക്ലാസ്സുകളുടെ ഗുണഫലം ആദിവാസി, തീരദേശ, തോട്ടം മേഖലകളില്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് പൂര്‍ണ്ണതോതില്‍ കിട്ടാതെ വരുന്ന സാഹചര്യം എങ്ങനെ മറികടക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്? ഡിജിറ്റല്‍ വിഭജനം എങ്ങനെയാണ് പൂര്‍ണ്ണമായും ഇല്ലാതാക്കുക? 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ലോകം മുഴുവന്‍ പകച്ചു നില്‍ക്കുമ്പോള്‍ നാം പുതുവഴി തേടുകയായിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം ഒന്നിനു തന്നെ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ഡിജിറ്റല്‍ പഠനം ചര്‍ച്ച ചെയ്യുമ്പോള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന കാര്യമാണ് ഡിജിറ്റല്‍ വിടവ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍. കേരളത്തിലെ 45 ലക്ഷം കുട്ടികളില്‍ 2.6 ലക്ഷത്തിനു ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലാത്ത പ്രശ്‌നമുണ്ട് എന്നു പഠനങ്ങള്‍ വഴി മനസ്സിലാക്കി. ഈ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പ്രാപ്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചപ്പോള്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി കേരളീയ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചുരുങ്ങിയ ദിവസങ്ങള്‍ക്കകം മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ സാധ്യമാക്കാന്‍ കഴിയുകയും ചെയ്തു. 

ഈ വര്‍ഷവും ക്ലാസ്സുകള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളുടെ അഭാവം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു മുന്‍കൂട്ടി കണ്ടിരുന്നു. ഈ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതിനും എല്ലാ ജില്ലകളിലും സ്‌കൂള്‍ തലത്തിലും ഉപജില്ല, വിദ്യാഭ്യാസ ജില്ലാ തലത്തിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉത്തരവായിത്തന്നെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. ക്ലാസ്സ് ടീച്ചര്‍മാര്‍ മുഖേന ഡിജിറ്റല്‍ പഠനപരിമിതികളുള്ള കുട്ടികളുടെ എണ്ണമെടുക്കാന്‍ എല്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരോടും ആവശ്യപ്പെട്ടു. അതിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണും മറ്റും തകരാറിലാവുകയോ ഉപയോഗശൂന്യമാവുകയോ ഒക്കെ ചെയ്തിട്ടുണ്ട്. അതെല്ലാം പരിഗണിക്കും. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഗുണഫലം ലഭിക്കാത്ത മുഴുവന്‍ പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങള്‍ക്കും പഠന സൗകര്യം ഉറപ്പാക്കും. അവരിലൊരാളെങ്കിലും ഈ സൗകര്യങ്ങള്‍ക്കു പുറത്തുനില്‍ക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന വലിയ കാര്യങ്ങളും വലിയ വര്‍ത്തമാനങ്ങളും അര്‍ത്ഥമില്ലാത്തതായിപ്പോകും. ആ തിരിച്ചറിവോടെയുള്ള ഇടപെടലുകളാണ് നടത്തുന്നത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മൊബൈല്‍ സേവനദാതാക്കളുടെ യോഗം വിളിച്ചു. 

വിക്ടേഴ്സ് ചാനല്‍ വഴി ഇപ്പോള്‍ നടക്കുന്ന ട്രയല്‍ ക്ലാസ്സുകള്‍ക്കു തുടര്‍ച്ചയായി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ കണ്ടുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തുന്നതാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷത്തെ പ്രധാന പ്രത്യേകത. അതൊരു വലിയ മാറ്റമാണ്. പ്രതിസന്ധി ഘട്ടത്തില്‍ നമ്മള്‍ പകച്ചു നിന്നില്ലെന്നു മാത്രമല്ല, ഉയര്‍ന്നു പ്രവര്‍ത്തിക്കുകയുമാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഏകപക്ഷീയമായി തുടര്‍ന്നാല്‍ അത് കുട്ടികളില്‍ താല്പര്യക്കുറവുണ്ടാക്കിയേക്കാം. കൊവിഡിന്റെ തീവ്രത കുറയുന്നതനുസരിച്ച് കുട്ടികളെ ക്രമേണ നേരിട്ടുള്ള ക്ലാസ്സുകളിലേക്ക് എത്തിക്കും. എസ്.എസ്.എല്‍.സി പരീക്ഷ ഒരു പരാതിയും പ്രശ്‌നവുമില്ലാതെ നടത്തിയല്ലോ നമ്മള്‍. മറ്റു പല സംസ്ഥാനങ്ങളും കാണിക്കാത്ത ധൈര്യമായിരുന്നു അത്. എങ്കിലും ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചു ദിവസവും നടക്കേണ്ടതായതുകൊണ്ട് കൊവിഡ് വ്യാപനം നിയന്ത്രണത്തിലാകാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. ഇക്കാര്യം അദ്ധ്യാപക സംഘടനാ പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്തിരുന്നു. ഏതുവിധമുള്ള സഹകരണത്തിനും അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന സംഭവങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ പോക്സോ നിയമ പരിരക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെ ഇടപെടാനും വിദ്യാര്‍ത്ഥി സൗഹൃദപരമായി അതു കൈകാര്യം ചെയ്യുന്നതിനും അദ്ധ്യാപകര്‍ക്ക് പലപ്പോഴും കഴിയുന്നില്ല എന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ അദ്ധ്യാപകര്‍ക്കു പ്രത്യേക പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? 

അദ്ധ്യാപക പരിശീലനത്തില്‍ ഇത്തരം ഘടകങ്ങള്‍ എല്ലാം ചേര്‍ക്കും. പ്രത്യേകിച്ചും പോക്സോ കേസുകളില്‍ ഇരകളാക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടത്ര നിയമപരവും ധാര്‍മ്മികവുമായ പിന്തുണ നല്‍കുന്നതിന് അദ്ധ്യാപകര്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കും. അതിനേക്കാള്‍ പ്രധാനം കുട്ടികള്‍ എല്ലായിടത്തും സുരക്ഷിതരാണ് എന്നുറപ്പാക്കുക കൂടിയാണ്. അതിനു വിവിധ കര്‍മ്മപരിപാടികള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. ഇനിയും ശക്തമാക്കും. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അത് പറയാന്‍ കുട്ടികള്‍ ആദ്യം സമീപിക്കുന്നത് മിക്കവാറും അദ്ധ്യാപകരെ ആയിരിക്കും. ഇരകളാക്കപ്പെടുന്നത് ഭൂരിഭാഗവും പെണ്‍കുട്ടികളായതുകൊണ്ട് അവരുടെ അദ്ധ്യാപികമാരെയാണ് വിശ്വാസത്തിലെടുക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ത്ഥിക്കൊപ്പം നിന്നുകൊണ്ട് അടിയന്തര ഇടപെടലുകള്‍ അദ്ധ്യാപകര്‍ നടത്തുന്നുണ്ട്. അവര്‍ക്ക് അക്കാര്യത്തില്‍ കൂടുതല്‍ പരിശീലനവും നിയമ അവബോധവും നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കുട്ടികളെ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സമൂഹത്തില്‍ ഒറ്റപ്പെടുത്താനും വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയാണ് നമ്മുടെ അദ്ധ്യാപകര്‍ പ്രകടിപ്പിക്കുന്നത്. അവരില്‍പ്പെട്ട ആരെങ്കിലുമാണെങ്കില്‍പ്പോലും നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അത്തരക്കാരെ സംരക്ഷിക്കുകയല്ല, അവിടെയും കുട്ടികള്‍ക്കൊപ്പം നില്‍ക്കുകയാണ് അദ്ധ്യാപക സമൂഹം ചെയ്യുന്നത്. 

അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ കുട്ടികളുടെ ഇത്തരം പരാതികള്‍ ഒതുക്കിത്തീര്‍ക്കുന്ന സംഭവങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നു. അതുണ്ടാകാതിരിക്കാന്‍ മുന്‍പ് വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഉണ്ടായിരുന്ന ജന്റര്‍ ഡസ്‌ക് പോലുള്ള വിദ്യാര്‍ത്ഥി സൗഹൃദ സംവിധാനങ്ങള്‍ പുനരാരംഭിക്കുമോ? 

ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതിനു സാമൂഹികമായ ജാഗ്രതയാണ് ഏറ്റവും പ്രധാനം. ആ ജാഗ്രതയ്ക്കു വേണ്ടത് എന്തൊക്കെയാണോ അതെല്ലാം ചെയ്യുന്നതിനു വേണ്ട ശ്രദ്ധ കൊടുക്കും.

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അമിത ഫീസ് വാങ്ങുന്നതിനേയും ടി.സി കൊടുക്കാന്‍ മടിക്കുന്നതിനേയും കുറിച്ചുള്ള പരാതികള്‍ വ്യാപകമാണ്. സര്‍ക്കാര്‍ അതിനെതിരെ തുടങ്ങിവച്ച ഇടപെടലുകളുടെ സ്ഥിതി എന്താണ്? 

അണ്‍ എയിഡഡ് മേഖലയിലെ അദ്ധ്യാപകരുടെ ശമ്പളത്തിന്റേയും കുട്ടികളുടെ ഫീസിന്റേയും പ്രശ്‌നങ്ങളുണ്ട്. കൊവിഡ് കാലമായതുകൊണ്ട് മറ്റ് സ്‌കൂളുകള്‍പോലെ അണ്‍ എയ്ഡഡ് സ്‌കൂളുകളും അടഞ്ഞുകിടക്കുകയാണ്. എങ്കിലും അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഫീസ് വാങ്ങേണ്ടി വരുന്നതായി പറയുന്നുണ്ട്. പക്ഷേ, സ്പെഷല്‍ ഫീസ് എന്ന പേരിലും മറ്റും വിവിധ തുകകള്‍ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് കൊടുത്തില്ലെങ്കില്‍ കുട്ടികള്‍ക്ക് ടി.സി കൊടുക്കാതിരിക്കുന്നതുള്‍പ്പെടെയുള്ള രീതികളുമുണ്ട്. അത് കേരളത്തിലെ വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് എതിരാണ്. ഒരുപാട് പരാതികള്‍ ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് പഠനം നിഷേധിക്കാനോ ടി.സി വാങ്ങി വേറൊരു സ്‌കൂളില്‍ പോകുന്നത് നിഷേധിക്കാനോ ഉള്ള അവകാശമൊന്നും ഒരു മാനേജ്മെന്റിനുമില്ല. അവര്‍ ടി.സി കൊടുത്തില്ലെങ്കിലും ആവശ്യമുള്ള കുട്ടികളെ സ്‌കൂള്‍ മാറ്റുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേനയുള്ള ശക്തമായ നടപടികള്‍ക്കു തുടക്കമിട്ടു. കുട്ടികളുടെ നന്മയാണ് പ്രധാനം. അത് എല്ലാവരും മനസ്സിലാക്കണം.

അതിര്‍ത്തി ജില്ലകളിലെ തമിഴ്, കന്നഡ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തുതരം ഇടപെടലുകള്‍ ആണ് ഉണ്ടാവുക? 

എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, തുല്യാവസരം ഉറപ്പാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസക്രമമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്നത്. മുഴുവന്‍ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ആണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അതിര്‍ത്തി ജില്ലകളില്‍ തമിഴ്, കന്നഡ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ട്. അതു പരിഹരിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാദേശികതലത്തില്‍ത്തന്നെ ഉണ്ടാക്കും. 

ഇപ്പോള്‍ മുന്‍പത്തെപ്പോലെ വിദ്യാര്‍ത്ഥികള്‍ ഇടയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് കൊഴിഞ്ഞുപോകുന്നില്ല. എങ്കിലും സ്‌കൂളിനപ്പുറം പഠനത്തുടര്‍ച്ച ഇല്ലാത്ത ദരിദ്ര, പിന്നാക്ക മേഖലകളിലെ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനുകൂടി വഴികാട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് എന്താണ് പദ്ധതി? 

ഉന്നത വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ വല്ല പരിമിതിയും ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും.

അതിജീവിക്കും നമ്മള്‍ 

അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ വളരെ ശക്തമായ കേരളത്തില്‍ അവരെ വിശ്വാസത്തിലെടുത്ത് വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനുള്ള ഇടപെടലുകള്‍ എന്തൊക്കെയാണ്? 

ജനായത്ത സ്‌കൂള്‍ വിദ്യാഭ്യാസ ക്രമം പടുത്തുയര്‍ത്താന്‍ ആണ് ശ്രമിക്കുന്നത്. ജനങ്ങളുടെ പങ്കാളിത്തം ആണ് ഇതില്‍ ഏറ്റവും പ്രധാനം. സ്വാഭാവികമായും ജനാധിപത്യക്രമത്തില്‍ രാഷ്ട്രീയ സംഘടനകളും വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടനകളും സമാന ചിന്തയുള്ള എല്ലാവരുടേയും അഭിപ്രായങ്ങളും മറ്റും പരിഗണിച്ചുകൊണ്ട് മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കൂ. അദ്ധ്യാപക- വിദ്യാര്‍ത്ഥി സംഘടനകളെ വിശ്വാസത്തിലെടുത്തും ചേര്‍ത്തുനിര്‍ത്തിയുമാകും മുന്നോട്ടു പോവുക. ഒരുതരത്തിലും സംഘശക്തിയെ തള്ളി മുന്നോട്ടു പോകില്ല. കേരളം പോലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനത്ത് അതിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുള്ള സമീപനമായിരിക്കും ഓരോ കാര്യങ്ങളിലും സ്വീകരിക്കുക. പക്ഷേ, മറ്റു ചില സ്ഥലങ്ങളിലെപ്പോലെ ആളുകള്‍ എന്തു കഴിക്കണം, എന്തു വസ്ത്രം ധരിക്കണം തുടങ്ങിയ കാര്യങ്ങളില്‍പ്പോലും ഇടപെടുന്ന പ്രതിലോമ ശക്തികളെ വിദ്യാഭ്യാസ മേഖലയില്‍ ഒരുതരത്തിലും ഇടപെടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. സംഘടിത പ്രസ്ഥാനങ്ങളോടും തൊഴില്‍ നിയമങ്ങളോടുമുള്ള സംഘപരിവാറിന്റേയും അവരുടെ കേന്ദ്രസര്‍ക്കാരിന്റേയും നിഷേധാത്മക സമീപനം കൂടുതല്‍ക്കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത് രാജ്യം കാണുന്നുണ്ട്. അദ്ധ്യാപക സംഘടനകളായാലും സര്‍വ്വീസ് സംഘടനകളായാലും ട്രേഡ് യൂണിയനുകളായാലും അവരെ അംഗീകരിച്ചുകൊണ്ടേ കേരളം മുന്നോട്ടു പോവുകയുള്ളു. അതേസമയം, ഭരണത്തില്‍ ഇടപെടാന്‍ അവരെ അനുവദിക്കുമെന്നോ സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ ഇളവു നല്‍കുമെന്നോ ഇതിന് അര്‍ത്ഥമില്ല. 

സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) പദ്ധതി കൂടുതല്‍ സുതാര്യമാക്കാനും അതിന്റെ കേന്ദ്ര ഫണ്ട് വിനിയോഗം കൂടുതല്‍ ഫലപ്രദമാക്കാനും ഇടപെടുമോ? 

ദേശീയ തലത്തില്‍ ഇപ്പോഴും സ്‌കൂള്‍ പ്രാപ്യതയും പഠനത്തുടര്‍ച്ചയും ആണ് പ്രധാനം. എന്നാല്‍, കേരളത്തില്‍ ഏതാണ്ട് എല്ലാ കുട്ടികളും സ്‌കൂളില്‍ എത്തിച്ചേരുന്നുണ്ട്. 12-ാം ക്ലാസ്സ് വരെ വിദ്യാഭ്യാസം നേടുന്നുമുണ്ട്. അതുകൊണ്ട് ദേശീയതലത്തില്‍നിന്ന് വിഭിന്നമായ പദ്ധതികളാണ് നമുക്ക് ആവശ്യം. അത് പ്രധാനമായും തുല്യതയിലും വിദ്യാഭ്യാസ ഗുണനിലവാരത്തിലും അടിസ്ഥാനമാക്കിയുള്ളതാണ്. സമഗ്ര ശിക്ഷാ പദ്ധതി ദേശീയാടിസ്ഥാനത്തില്‍ വിഭാവനം ചെയ്യുന്നതായതുകൊണ്ട് അതിലെ മുന്‍ഗണനാക്രമങ്ങള്‍ പലപ്പോഴും നമുക്ക് യോജിച്ചതല്ല. അതുണ്ടാക്കുന്ന ചില പരിമിതികളുണ്ട്. എന്നിരുന്നാലും സാധ്യതകള്‍ എല്ലാം പ്രയോജനപ്പെടുത്തി കൂടുതല്‍ മുന്നേറാനാണ് ആഗ്രഹിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ വിഹിതം പലപ്പോഴും സമയത്ത് കിട്ടുന്നില്ല. ഗംഭീര പ്രോജക്ടാണ്. കേരളം ഫലപ്രദമായാണ് നടത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയിലെ എല്ലാവരുമായി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുകയാണ്. കേരളത്തില്‍ എങ്ങനെയൊക്കെ നടപ്പാക്കാന്‍ പറ്റും എന്നാണ് നോക്കുന്നത്. തമിഴ്നാട് നടപ്പാക്കില്ല എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം അങ്ങനെയൊരു നിലപാടെടുക്കുന്നതായി മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. അതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിനും പൊതുവിദ്യാഭ്യാസത്തിനും ഗുണം ചെയ്യുന്ന എന്തെല്ലാം കാര്യങ്ങളുണ്ടെന്ന് പരിശോധിക്കാം നമുക്ക്. അതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കാം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഓരോ നയവും-ലക്ഷദ്വീപിലെ വിഷയം, പൗരത്വനിയമഭേദഗതി, ജമ്മു കശ്മീരിന്റെ പ്രശ്‌നം-നമുക്ക് ഉല്‍ക്കണ്ഠയോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളു. തൊഴില്‍ നിയമങ്ങള്‍ റദ്ദു ചെയ്തതുപോലെ വിദ്യാഭ്യാസ നിയമത്തിലും എന്താണ് അവര്‍ ഉദ്ദേശിക്കുന്നത്? ആര്‍.എസ്.എസ് ആണല്ലോ വിദ്യാഭ്യാസ നയത്തിലും സാംസ്‌കാരിക രംഗത്തും മറ്റും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ മാറ്റമുണ്ടായാല്‍ സമൂല മാറ്റമുണ്ടാകും എന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. അത് ഏറെക്കുറേ ശരിയുമാണ്. വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ കാവിവല്‍ക്കരണത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

എല്‍.പി, യു.പി പ്രധാനാദ്ധ്യാപകരുടെ അമിത ജോലിഭാരം എല്ലാകാലത്തും ചര്‍ച്ചാവിഷയമാണ്. ഇത് പരിഹരിക്കാന്‍ ആലോചന ഉണ്ടോ? എന്താണ് നടപടി? അതുപോലെ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നിലനിര്‍ത്താനും മെച്ചപ്പെടുത്താനും എന്തു നടപടികളാണ് ഉണ്ടാവുക? 

അദ്ധ്യാപകരുടെ ജോലിഭാരം കുറയ്ക്കല്‍ വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട സമഗ്ര പരിഷ്‌കാരത്തിന്റെ ഭാഗമായി ആലോചിക്കേണ്ട കാര്യമാണ്. ആ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ കൂടി പരിശോധിക്കും. വിദ്യാഭ്യാസ അവകാശ നിയമം 2009 പ്രകാരം ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ അനുവദനീയമല്ല. എന്നിരുന്നാലും വനാന്തരങ്ങളിലും മറ്റും ഉള്ള കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സഹായകമായ ഏതാനും ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ മാത്രമേ ഇപ്പോള്‍ കേരളത്തിലുള്ളൂ. ഈ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടാത്തവിധം ഈ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് ഗൗരവമായി ആലോചിക്കും. സ്പെഷ്യല്‍ സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍, പാര്‍ശ്വവല്‍ക്കൃത മേഖലകളിലെ കുട്ടികള്‍ എന്നിവരുടെയൊക്കെ കാര്യത്തില്‍ മുന്തിയ പരിഗണന കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് ഒരു പ്രത്യേക പദ്ധതി തയ്യാറാക്കും. നഗരങ്ങളിലെ കുട്ടികള്‍ മാത്രം അക്കാദമികമായി വികസിച്ചാല്‍ പോരല്ലോ. ഗ്രാമങ്ങളിലും കടലോരപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികളെ ഉയര്‍ത്തിക്കൊണ്ടു വരണം. അവരുടെ പോഷകാഹാരക്കുറവിന്റെ പ്രശ്‌നം ഉള്‍പ്പെടെയുണ്ട്. നഗരത്തിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ കിട്ടും; പഠിക്കാന്‍ മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാകും. പക്ഷേ, തീരപ്രദേശത്തും ആദിവാസിമേഖലയിലും താമസിക്കുന്ന കുട്ടിക്ക് അതൊന്നും ഒരിക്കലും ഉണ്ടാകാറില്ല. അതിനു പരിഹാരം വേണം. 

നവകേരള നിര്‍മ്മിതിക്കായി പ്രഖ്യാപിച്ച 50 പദ്ധതികളില്‍ പൊതുവിദ്യാഭ്യാസത്തിനു മികച്ച പ്രാധാന്യമാണുള്ളത്. അതില്‍ത്തന്നെ മുന്‍ഗണന ഏതിനൊക്കെ ആയിരിക്കും? 

പൊതു വിദ്യാലയങ്ങളിലേക്ക് പരമാവധി കുട്ടികളെ ആകര്‍ഷിക്കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാട് ഇനിയും മുന്നോട്ടു കൊണ്ടുപോവുക തുടങ്ങിയവയ്ക്കായി പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ഒപ്പം, സ്‌കൂള്‍ വിദ്യാഭ്യാസ ഘട്ടത്തില്‍ തൊഴില്‍ വിദ്യാഭ്യാസത്തെ എങ്ങനെ ഉള്‍ച്ചേര്‍ക്കാം എന്നതും പ്രധാനമാണ്. ആധുനിക വിദ്യാഭ്യാസക്രമത്തിന് അനുസരിച്ച് സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ പാഠ്യപദ്ധതി പരിവര്‍ത്തനത്തിന് വിധേയമാക്കുക, അദ്ധ്യാപകരുടെ പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കുക, ഇപ്പോള്‍ തുടങ്ങിവെച്ച ഘടനാപരമായ മാറ്റങ്ങള്‍ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോവുക തുടങ്ങിയവയ്ക്ക് ഊന്നല്‍ ഉണ്ടായിരിക്കും.

എല്ലാ കാര്യങ്ങളും കൊവിഡിന്റെ സാഹചര്യം കൂടി കണക്കിലെടുത്തുമാത്രമേ തീരുമാനിക്കാന്‍ പറ്റുകയുള്ളു. സാഹചര്യം മോശമാണ്. കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. അതിനിടെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളും ഒരുവശത്തുണ്ട്. അതുകൊണ്ട് എന്തു ചെയ്യണമെങ്കിലും അതിനുവേണ്ടി അനങ്ങാന്‍ പറ്റുന്നില്ല. നേരിട്ട് ഒരു യോഗം വിളിക്കാന്‍ പോലും കഴിയുന്നില്ല. ഓണ്‍ലൈന്‍ യോഗമെന്നു പറഞ്ഞാല്‍, യോഗം ചേര്‍ന്നുവെന്ന് വയ്ക്കാം എന്നല്ലാതെ അതിന് പലപ്പോഴും ഉദ്ദേശിച്ച റിസള്‍റ്റ് ഉണ്ടാകാന്‍ പോകുന്നുണ്ടോ? മുഖാമുഖം നടത്തുന്ന യോഗവും ഓണ്‍ലൈന്‍ യോഗവും തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലോ. മുഖാമുഖം നടത്തുന്ന യോഗത്തിന്റെ ഫലം ഓണ്‍ലൈന്‍ യോഗത്തിനു കിട്ടില്ല. പക്ഷേ, സാഹചര്യങ്ങളുടെ പ്രത്യേകത തിരിച്ചറിഞ്ഞ് ഇതെല്ലാം മറികടക്കാന്‍ കൂട്ടായി ശ്രമിച്ചാല്‍ വിജയിക്കാനാകും. നമ്മള്‍ ഈ വിഷമകാലത്തേയും കുഞ്ഞുങ്ങളുടെ മുഖത്തെ ചിരി കെടാതെ മറികടക്കുകതന്നെ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com