എസ് രമേശന്‍ നായര്‍
എസ് രമേശന്‍ നായര്‍

സ്വാതിഹൃദയധ്വനികള്‍- എസ്. രമേശന്‍ നായര്‍ ഓര്‍മ 

അടുത്തിടെ വിടപറഞ്ഞ കവി എസ്. രമേശന്‍ നായരുടെ ഗാനങ്ങളെക്കുറിച്ച്

''സ്വാതിഹൃദയധ്വനികളിലുണ്ടൊരു
 സ്വരതാള പ്രണയത്തിന്‍ മധുരലയം
 സ്വര്‍ണ്ണ സന്ധ്യാ സ്മൃതികളിലുണ്ടൊരു
 സ്വയംവര കഥയുടെ പ്രിയരഹസ്യം...''

ഹ്ലാദകരമായ ഒരദ്ഭുതമായിരുന്നു ആ ഗാനം. ചിത്രം 'രംഗം' എം.ടി. - ഐ.വി. ശശി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- ശോഭന ചിത്രം. കാലം 1985. മലയാള സിനിമാഗാനങ്ങളില്‍നിന്ന് കവിത ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ഈ ഗാനം പക്ഷേ, കവിതയായിരുന്നു. പുതിയ ഒരു ഗാനരചയിതാവാണ് എഴുതിയിരിക്കുന്നത്. കവിയെന്ന നിലയില്‍ അന്നേ പ്രശസ്തനായിരുന്നു എസ്. രമേശന്‍ നായര്‍. സംഗീതം ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിന്റെ കുലപതി കെ.വി. മഹാദേവന്‍.

ഗാനരംഗത്ത് ശോഭന, മോഹന്‍ലാല്‍, രവീന്ദ്രന്‍. ഒരു നര്‍ത്തകിയും (ശോഭന) രണ്ടു നര്‍ത്തകരും. അവരില്‍ ഒരാള്‍ കഥകളിനടനും (മോഹന്‍ലാല്‍) മറ്റെയാള്‍ ആധുനിക നൃത്തം സോവിയറ്റ് യൂണിയനില്‍ പോയി അഭ്യസിച്ചിട്ടുള്ള ഭരതനാട്യക്കാരനും (രവീന്ദ്രന്‍). കഥകളിക്കാരന്‍ നര്‍ത്തകിയുടെ മുറച്ചെറുക്കനായ ജ്യേഷ്ഠനാണ്; അവളെ കലാക്ഷേത്രത്തില്‍ പഠിക്കാന്‍ സഹായിച്ച ആളാണ്. ഈ കലാകേന്ദ്രത്തില്‍ അവളുടെ ലോക്കല്‍ ഗാര്‍ഡിയനുമാണ്. മറ്റെയാള്‍ കലാകേന്ദ്രത്തിന്റെ ഉടമസ്ഥന്‍ കൂടിയായ ഗുരുവിന്റെ മകനും. രണ്ടുപേര്‍ക്കും അവളോട് ഇഷ്ടമാണ്. പ്രണയം എന്നു വേണമെങ്കില്‍ പറയാം. അവള്‍ക്കതറിഞ്ഞുകൂടാ.
ഗാനം തുടരുന്നു: സ്വയംവര കഥയുടെ പ്രിയരഹസ്യം സ്ഥിതിചെയ്യുന്നത് സ്വര്‍ണ്ണസന്ധ്യയുടെ സ്മൃതികളിലാണ്. അതറിയാന്‍ വെമ്പുന്ന കാമുകഹൃദയങ്ങള്‍ മാറിമാറിപ്പാടുന്നു: വീണക്കുടത്തില്‍ വിരഹത്തിന്‍ പരിഭവമേന്തുന്ന നീ, മിഴിനീരില്‍ വിരലാഴ്ത്തി പ്രാണനാഥന്‍ നല്‍കിയ പരമാനന്ദം പദങ്ങളില്‍ പകര്‍ന്നപ്പോള്‍ കരളിലെ കമ്പിയും ഇരയിമ്മന്‍ തമ്പിയും കോരിത്തരിച്ചു പോയത്രേ.

അശ്രുതപൂര്‍വ്വമായ ഈണവും അഭിനേതാക്കളുടെ ആവിഷ്‌കാര കുശലതയും താളബോധവും സംവിധായകന്റെ പ്രതിഭയും ഈ ഗാനത്തെ ഹൃദയഹാരിയാക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാലും കവിതയെന്ന നിലയില്‍ത്തന്നെ അത്യന്തം ആസ്വദനീയമാണ് ഈ ഗാനവും തുടര്‍ന്നു വരുന്ന രണ്ടു ഗാനങ്ങളും. അനുയോജ്യമായ സൂചകങ്ങളുടെ തെരഞ്ഞെടുപ്പ്, അവയുടെ വിദഗ്ദ്ധ വിന്യാസം, ഔചിത്യദീക്ഷ, ഒപ്പം രമണീയ പദങ്ങളുടെ ആദ്യന്ത സാന്നിദ്ധ്യം; ഗാനങ്ങള്‍ മനോഹര കവിതകളായതില്‍ അദ്ഭുതമില്ലല്ലോ.

''വനശ്രീ മുഖം നോക്കി...'' എന്ന അടുത്ത ഗാനം നോക്കൂ. ഒരു യുവ താപസ്സനും യുവ താപസ്സിയും പ്രണയപരവശരായി നൃത്തം ചെയ്യുകയാണ്, ഒരു വന സരോവരത്തിന്റെ കരയില്‍. വനഭംഗിക്കു മുഖം നോക്കാനുള്ളതാണ് ആ പനിനീര്‍ത്തടാകം. ഒഴിയാത്ത ഓര്‍മ്മപോലെ എന്നും തെളിയുന്ന ഓംകാര തീര്‍ത്ഥത്തില്‍ ഒരുമിച്ച് മുങ്ങാനാണ് അയാള്‍ പക്ഷേ, ആഗ്രഹിക്കുന്നത്. തപസ്വിനിയാകട്ടെ, അകില്‍പ്പുകയില്‍ കൂന്തല്‍ തോര്‍ത്തി അയാളുടെ വിരിമാറില്‍ പൂണൂലായ് കുതിരാന്‍ മോഹിക്കുന്നു. തപസ്വിയുടെ യമനിയമങ്ങളുടെ പ്രതീകമാണ് പൂണൂല്‍. അവള്‍ക്കതാകാനാണ് ആഗ്രഹം. ഇതു നല്ല കവിതയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. തപസ്സിന്റെ അന്തരീക്ഷത്തിനു ചേര്‍ന്ന ബിംബങ്ങളും പദാവലിയും മാത്രം ഉപയോഗിച്ച് ഒരു പ്രണയഗാനം.

അവളെ അണിയിച്ചൊരുക്കുന്നത് പ്രകൃതിയാണെന്ന് തുടര്‍ന്നുവരുന്ന വരികള്‍ സൂചിപ്പിക്കുന്നു. അവള്‍ പ്രകൃതിയുടെ സഖിയല്ല പ്രകൃതിതന്നെയാണ്; അയാള്‍ പുരുഷനും. പക്ഷേ, ഉദാസീനനായ സാക്ഷിയല്ല അതാണ് ഈ ഗാനം പറയാതെ പറയുന്നത്. ഇവിടെ രതി തപസ്സാവുന്നു, സര്‍ഗ്ഗ തപസ്സ്.

ഈ പ്രകൃതി പുരുഷസംയോഗമാണ് 'സര്‍ഗ്ഗ തപസ്സിളകും നിമിഷം' (വാണിജയറാം) എന്ന അടുത്ത ഗാനത്തിന്റെ വിഷയം. പ്രതിപാദ്യം പ്രസിദ്ധമായ മേനക - വിശ്വാമിത്ര ചരിതം തന്നെ. ഇതിഹാസം പറയുന്നത് മേനകയ്ക്ക് വിശ്വാമിത്ര സന്നിധിയിലേക്കു പോകാനേ ഭയമായിരുന്നുവെന്നാണ്. കാരണം സ്വന്തമായി ആകാശങ്ങളും നക്ഷത്രസമൂഹങ്ങളും സ്വര്‍ഗ്ഗം തന്നെയും സൃഷ്ടിച്ചിട്ടുള്ള അപ്രതിമപ്രഭാവനാണ് വിശ്വാമിത്രന്‍. ഇവിടെ വിശ്വാമിത്രന്റെ ആ സൃഷ്ടിയുന്മുഖതയേയാണ് മേനക പാടിയുണര്‍ത്തുന്നത്. ഗാനവും നൃത്തവും പുരോഗമിക്കുമ്പോള്‍ മേനകയും വിശ്വാമിത്രനും പ്രകൃതിയും പുരുഷനുമായി മാറുന്നു. ''ഋതുമതിപൂവുകള്‍ കുളിര്‍മഞ്ഞിലാറാടി ഈറന്‍ മാറുന്ന നിമിഷം'', ''പ്രകൃതി പുരുഷ ലയമായ്, പൂര്‍ണ്ണതത്വസുഖമായ്, പ്രണവമായുണരുന്ന നിമിഷ''മായ് മാറുന്നു. ആ നിമിഷത്തില്‍ സൃഷ്ടിയുടെ പ്രഭാതത്തിലേയ്ക്കുണരാനാണ് പ്രാര്‍ത്ഥന. ''പുണരൂ വിശ്വപ്രകൃതിയെ പുണരൂ'' പിന്നീടാണ് ഗാനത്തിന്റെ, കാവ്യത്തിന്റെ ചൂഡാരത്‌നം ആയ ഈ വരി. ''ഈ പ്രളയത്തെ രുദ്രാക്ഷച്ചരടില്‍ തളയ്ക്കൂ.'' അതേ വിശ്വപ്രകൃതിയുടെ സൃഷ്ടിയുന്മുഖമായ രത്യാവേഗത്തെ ബന്ധിക്കാന്‍ യുഗദീര്‍ഘമായ കൊടുംതപസ്സിന്റെ രുദ്രാക്ഷച്ചരടിനേ സാധിക്കൂ. മുക്കണ്ണന്റെ രേതസ്സ് ഏറ്റുവാങ്ങാന്‍ ശക്തിസ്വരൂപിണിയായ പര്‍വ്വതിക്കേ കഴിയൂ എന്ന കുമാരസംഭവ പ്രസ്താവത്തിന്റെ മറുവശമാണിവിടെ കാണുന്നത്. സര്‍ഗ്ഗക്രിയയുടെ താളവട്ടത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന്റെ പിന്‍പാട്ടായ ഈ കവിത രമേശന്‍ നായരുടെ ഏറ്റവും നല്ല ഗാനമാണെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ മലയാള സാഹിത്യത്തിലേ തന്നെ ഏറ്റവും മികച്ച കവിതകളിലൊന്നുകൂടിയാണ്. സാംഖ്യ ദര്‍ശനം. പ്രത്യേകിച്ച് ''പുരുഷന്‍ സായുജ്യമടയുമ്പോഴേ പ്രകൃതി നൃത്തത്തില്‍നിന്നു വിരമിക്കുകയുള്ളൂ'' എന്നര്‍ത്ഥം വരുന്ന സാംഖ്യകാരിക (369) ഈ കവിതയുടെ രചനയില്‍ രമേശന്‍ നായര്‍ക്ക് മഹാഭാരതത്തോടും കുമാരസംഭവത്തോടുമൊപ്പം പ്രചോദകമായിട്ടുണ്ട്, തീര്‍ച്ച.

രമേശന്‍ നായരുടെ ഗാനങ്ങളില്‍ ഏറ്റവും ജനശ്രദ്ധ നേടിയത് ''പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്ന ഭാര്യയെ''ക്കുറിച്ചുള്ളതാണ് (രാക്കുയിലിന്‍ രാഗസദസ്സില്‍ എം.ജി. രാധാകൃഷ്ണന്‍ യേശുദാസ്). മുകളില്‍ പറഞ്ഞ പാട്ടുകളിലെപ്പോലെ തത്ത്വചിന്താപരമായ ഉള്ളടക്കമൊന്നും ഈ ഗാനത്തിനില്ല. ഭാര്യയെക്കുറിച്ചുള്ള സനാതന സങ്കല്പങ്ങളാണ് ലയഭംഗിയോടെ ലളിതസുന്ദര പദാവലിയിലൂടെ രമേശന്‍ നായര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ട്. ''ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ തുമ്പിനാല്‍ പുഷ്പങ്ങളാക്കുന്ന ഭാര്യ. ഗാനത്തിന്റെ അവസാനമെത്തുമ്പോള്‍ ''കണ്ണുനീര്‍ത്തുള്ളിയാല്‍ മഴവില്ലു തീര്‍ക്കുന്ന സ്വര്‍ണ്ണപ്രഭാമയി''യാവുന്നു; ''കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും രൂപത്തില്‍ ലക്ഷ്മിയു''മായി മാറുന്നു. പുരാണ പ്രസിദ്ധമായ ഭാര്യാബിംബം. കാര്യേഷു മന്ത്രി എന്നു തുടങ്ങുന്ന നീതിസാരവാക്യത്തിന്റെ ഗാനരൂപത്തിലുള്ള പരിഭാഷ. അത് അദ്ദേഹം മനോഹരമായി നിര്‍വ്വഹിച്ചിരിക്കുന്നുവെന്നതുകൊണ്ട് മാത്രമാണോ ഈ ഗാനം ഇത്രമേല്‍ ജനപ്രീതി നേടിയത്? മലയാളിയുടെ സാമൂഹ്യ അവബോധത്തിലെ ഭാര്യാബിംബം ഇന്നും അതുതന്നെയായതുകൊണ്ടു കൂടിയാവാം.

എസ്. രമേശന്‍ നായര്‍ ചലച്ചിത്ര ഗാനരചയിതാവായി എത്തുന്നത് നേരത്തെ സൂചിപ്പിച്ചതു പോലെ 1985-ലാണ്. ഗാനരചയിതാവിനേക്കാള്‍ സംഗീത സംവിധായകന് പ്രാധാന്യം കിട്ടിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും ഈണങ്ങള്‍ക്കനുസരിച്ച് വരികളെഴുതുന്ന സമ്പ്രദായം സാര്‍വ്വത്രികമായി. രചയിതാക്കള്‍ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ നിര്‍ബ്ബന്ധിതരായി. അതുകൊണ്ടുതന്നെ നല്ല കവിതകള്‍ എന്ന നിലയില്‍ ആസ്വദിക്കപ്പെടാവുന്ന സിനിമാഗാനങ്ങള്‍ വളരെയൊന്നും പിന്നീടുണ്ടായില്ല. രമേശന്‍ നായരില്‍നിന്നു മാത്രമല്ല, മറ്റു ഗാനരചയിതാക്കളില്‍നിന്നും. ശ്രീകുമാരന്‍ തമ്പി പില്‍ക്കാലത്തെഴുതിയ പല പാട്ടുകള്‍ക്കും സ്വയം ഈണം നല്‍കുകയായിരുന്നുവെന്നും ഓര്‍ക്കുക.

ഇതിനര്‍ത്ഥം മലയാള സിനിമയില്‍ നല്ല പാട്ടുകളുണ്ടായില്ല എന്നല്ല. ഈണങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം എന്നു സൂചിപ്പിച്ചുവെന്നു മാത്രം. രമേശന്‍ നായരെപ്പോലുള്ളവര്‍ ഈ സാഹചര്യത്തിലും നല്ല പാട്ടുകളെഴുതി. ജനപ്രീതി നേടിയ കാവ്യഗുണമുള്ള പാട്ടുകള്‍. കഥാസന്ദര്‍ഭത്തിന് യോജിക്കുന്നവ. ഉദാഹരണത്തിന് 'ഗുരു'വിലെ ''ദേവസംഗീതം നീയല്ലേ...'' എന്ന ഗാനം നോക്കുക. അന്ധന്മാരുടേതു മാത്രമായ ഒരു ലോകത്ത് ഒരു അന്ധഗായകന്‍. അന്ധയായ തന്റെ കാമുകിയെ അവളുടെ അസാന്നിദ്ധ്യത്തില്‍ സംബോധന ചെയ്തുകൊണ്ട് പാടുന്ന പാട്ടാണല്ലോ അത്. ''തേങ്ങുമീക്കാറ്റും'' ''ദേവസംഗീതവും'' ''തീരാത്ത ദാഹവും'' നൂപുരങ്ങളുടെ ദൂരശിഞ്ജിതങ്ങളും അങ്ങനെ മനോഹരങ്ങളായ സ്പര്‍ശ ഗന്ധ ശ്രവ്യബിംബങ്ങള്‍ ഒട്ടേറെയുള്ള ഈ ഗാനത്തില്‍ ഒരു ദൃശ്യബിംബം പോലുമില്ല. അന്ധരുടെ ലോകത്താണല്ലോ കഥ നടക്കുന്നത്.

''ഒരു രാജമല്ലി വിടരുന്നപോലെ ഇത
ളെഴുതി മുന്നിലൊരു മുഖം''

എന്നു കേള്‍ക്കുമ്പോള്‍ ഒരു കൗമാരപ്രണയത്തിന്റെ കാതരമായ മുഖം ശ്രോതാവിന്റെ ഉള്ളില്‍ തെളിയുന്നു (അനിയത്തി പ്രാവ്, ഔസേപ്പച്ചന്‍, എം.ജി. ശ്രീകുമാര്‍). ''ഒരു ദേവഗാനമുടലാര്‍ന്ന പോലെ'' എന്നിങ്ങനെയുള്ള മനോഹര കല്പനകള്‍കൊണ്ട് മാലകോര്‍ത്ത ഈ പാട്ട് ഏതാണ്ട് കാല്‍നൂറ്റാണ്ടിനുശേഷവും നമ്മളെല്ലാം മൂളി നടക്കുന്നത് അതിന്റെ രചനാസൗഷ്ഠവം കൊണ്ട് കൂടിയാണ്.
രതിയുടെ സംയോഗാവസ്ഥയാണ് ഈ പാട്ടില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നതെങ്കില്‍ വിപ്രലംഭാവസ്ഥയെ ചിത്രീകരിക്കുന്ന ഒരു ഗാനവും അനിയത്തി പ്രാവിലുണ്ട്. ഇതേപോലെ തന്നെ മനോഹരമായത്. ഒരുപക്ഷേ, ഇതിലധികം ജനപ്രീതി നേടിയത്. ''ഓ പ്രിയേ... പ്രിയേ നിനക്കൊരു ഗാനം എന്‍ പ്രാണനിലുണരും ഗാനം'' (യേശുദാസ്). തുടര്‍ന്നുവരുന്ന ''അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞൊരഴകേ...'' എന്ന വരികളെക്കുറിച്ച് സിനിമയുടെ സംവിധായകന്‍ ഫാസില്‍ പറയുന്നു: ''ചില പക്ഷികള്‍ ഇണചേര്‍ന്നു കഴിയുമ്പോള്‍ പെണ്‍പക്ഷി ചിറകു കുടയുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കാമുക ഹൃദയത്തില്‍ ചിറകു കുടഞ്ഞു നില്‍ക്കുന്ന കാമുകിയെ എനിക്കിഷ്ടമായി'' (ഓ പ്രിയേ... എന്ന ഗാനസമാഹാരത്തിന്റെ അവതാരിക). ആ പാട്ടു കേട്ടിട്ടുള്ളവരെല്ലാം ഫാസിലിന്റെ ഇഷ്ടം പങ്കുവെയ്ക്കുന്നുണ്ടാവുമെന്ന് ഞാന്‍ വിചാരിക്കുന്നു. തുടര്‍ന്ന് വരുന്ന 
         
''നിറമിഴിയില്‍ ഹിമകണമായ്
അലയുകയാണീ വിരഹം'' എന്ന കല്പനയും എനിക്കിഷ്ടമായി. ''ഓരോ വരിയിലും വിരഹം തുളുമ്പുന്ന ഗാനം'' എന്നൊരു യു ട്യൂബ് കമന്റ് കണ്ടു. പേരറിയാത്ത ആ ആസ്വാദക സുഹൃത്തിനേയും ഞാന്‍ ആദരവോടെ അഭിനന്ദിക്കുന്നു.

സംയോഗവും വിരഹവും പോലെ വാത്സല്യവും രതിഭാവത്തിന്റെ അവസ്ഥാന്തരമാണ്. വാത്സല്യം സ്ഥായീഭാവമായി വരുന്ന മലയാള ഗാനങ്ങള്‍ ഏതാണ്ടെല്ലാം തന്നെ താരാട്ടു പാട്ടുകളാണ്. അങ്ങനെയല്ലാതേയും വാത്സല്യാര്‍ദ്രമായ ഗാനമുണ്ടാവാമെന്നതിന് ഉദാഹരണമാണ്:

''അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും 
ചെറുതരി സുഖമുള്ള നോവ്...''

സിനിമയ്ക്ക് 'അനിയത്തി പ്രാവ്' എന്ന പേര് സമ്മാനിച്ചത് ഈ പാട്ടിലൂടെ രമേശന്‍ നായരാണെന്ന് ഫാസില്‍ എടുത്ത് പറയുന്നുണ്ട് മുന്‍പറഞ്ഞ അവതാരികയില്‍. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നായി അതിന്നും നിലനില്‍ക്കുന്നു.

ഒഴിവാക്കാന്‍ കഴിയാത്ത മറ്റൊരു പാട്ടാണ് 'കൊട്ടാരം വീട്ടിലെ അപ്പൂട്ടനി'ലെ ''ആവണി പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍ ആയില്യം കാവിലെ പൂനിലാവെ...'' (ബേണി ഇഗ്നേഷ്യസ്-എം.ജി. ശ്രീകുമാര്‍). നേരത്തെ പരാമര്‍ശിക്കപ്പെട്ട പ്രണയഗാനങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഈ പാട്ട്. രമേശന്‍ നായരുടെ ഹിറ്റ് ഗാനങ്ങളിലൊന്ന്. രംഗത്തിലെ നായകന്മാരുടെ സഹൃദയത്വമോ അനിയത്തി പ്രാവിലെ നായകന്റെ താരള്യമോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ ചെറുപ്പക്കാരന്‍; നാട്ടുപ്രമാണിയാണെങ്കിലും ശുദ്ധന്‍, പരോപകാര തല്പരന്‍, നാട്ടിന്‍പുറത്തുകാരന്‍. താന്‍ പണം മുടക്കി പഠിപ്പിച്ച് ഉയരങ്ങളിലെത്തിച്ച യുവതിയോട് തനിക്കു തോന്നുന്ന പ്രണയം തുറന്നു പറയാന്‍ അയാള്‍ക്ക് മടിയാണ്. ഒരുതരം inferiortiy complex. അയാള്‍ സങ്കല്പത്തില്‍ തന്റെ പ്രിയപ്പെട്ടവളോട് സംവദിക്കുകയാണ്. അയാളുടെ ആ അധമബോധംപോലും ഈ ഗാനത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

''പാതിരാമുല്ലകള്‍ താലിപ്പൂചൂടുമ്പോള്‍
പൂജിക്കാം നിന്നെ ഞാന്‍ പൊന്നുപോലെ'' എന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കുമ്പോഴും

''വെറുതേ വെറുതേ പരതും മിഴികള്‍
വേഴാമ്പലായ് നിന്‍ നട കാത്തു'' എന്നയാള്‍ പരിതപിക്കുന്നുമുണ്ട്.

'ആകാശഗംഗയി'ലെ ചിത്രയും സംഘവും പാടിയ
''കോവലനും കണ്ണകിയും പ്രേമമോടെ തമ്മില്‍
ചോളനാട്ടില്‍ യൗവ്വനത്തില്‍ തേന്‍ നുകര്‍ന്നേ വാണു...'' എന്നാരംഭിക്കുന്ന ഗാനവും എടുത്തു പറയേണ്ടതുണ്ട്. തെക്കന്‍ പാട്ടിന്റെ ശൈലിയില്‍ മിക്കവാറും നാട്ടുഭാഷാ പദങ്ങള്‍ മാത്രം ഉപയോഗിച്ച് കോവിലന്‍ കണ്ണകീ ചരിതം നമുക്കു പകര്‍ന്നു തന്നിരിക്കുന്നു രമേശന്‍ നായര്‍; നാലു മിനിട്ട് ദൈര്‍ഘ്യമുള്ള നല്ലൊരു പാട്ടിലൂടെ. ചിലപ്പതികാരം മനോഹരമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ കവിക്ക് ഇതു സാധിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.

രമേശന്‍ നായരുടെ സിനിമാഗാനങ്ങള്‍പോലെ, ഒരുപക്ഷേ, അതിലേറെ പ്രസിദ്ധമാണ് കാസെറ്റുകളിലൂടെയും മറ്റും പുറത്തു വന്ന അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങള്‍. ''വിഘ്നേശ്വരാ ജന്മ നാളീകേരം നിന്റെ തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു...'' എന്ന് ജയചന്ദ്രനും ''രാധ തന്‍ പ്രേമത്തോടാണോ... ഞാന്‍ പാടും ഗീതത്തോടാണോ, പറയൂ നിനക്കേറെയിഷ്ടം കൃഷ്ണാ...'' എന്ന് യേശുദാസും പാടുമ്പോള്‍ കോരിത്തരിക്കുന്നത് ഭക്തജനങ്ങള്‍ മാത്രമല്ല, സംഗീതപ്രേമികളായ മലയാളികള്‍ എല്ലാവരുമാണ്.

നാനൂറിലധികം സിനിമാഗാനങ്ങളും കുറെയേറെ ലളിത ഭക്തിഗാനങ്ങളും രമേശന്‍ നായര്‍ എഴുതിയിട്ടുണ്ട്. അവയില്‍ പെട്ടെന്നു മനസ്സില്‍ തോന്നിയ എട്ടു പത്തെണ്ണം മാത്രമാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. സ്ഥാലീപുലാകം എന്നൊക്കെ പറയാറില്ലേ അങ്ങനെ. അതില്‍നിന്നു തന്നെ ഒരുകാര്യം വ്യക്തമാണ്. കൂടുതല്‍ പാട്ടുകള്‍ എഴുതിയിട്ടുള്ള നമ്മുടെ പ്രമുഖ ഗാനരചയിതാക്കള്‍ക്ക് സമശീര്‍ഷനാണ് എസ്. രമേശന്‍ നായര്‍. ചിലപ്പതികാരവും തിരുക്കുറലും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള, ശ്രീനാരായണഗുരുവിനെക്കുറിച്ച് ഗുരുപൗര്‍ണ്ണമി എന്ന മഹത്തായ കാവ്യം രചിച്ച, ശ്രദ്ധേയങ്ങളായ നിരവധി കവിതകള്‍ മലയാളത്തിന് സമ്മാനിച്ച, വില്‍പ്പനയില്‍ യെമന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ 'ശതാഭിഷേകം' എന്ന നാടകത്തിന്റെ രചയിതാവായ എസ്. രമേശന്‍ നായരെ ഒരു ഗാനരചയിതാവായാണോ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തേണ്ടത്? തീര്‍ച്ചയായും അല്ല. നമ്മുടെ ശ്രേഷ്ഠകവികളില്‍ ഒരാളായി തന്നെയാണ്. കേരള, കേന്ദ്ര സാഹിത്യ അക്കാദമികള്‍ വൈകിയാണെങ്കിലും അദ്ദേഹത്തെ അര്‍ഹിക്കുന്ന അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് വിശദപഠനം നടക്കേണ്ടതുണ്ട്. അതുണ്ടാവുകയും ചെയ്യും. അദ്ദേഹം വ്യാപരിച്ചിരുന്ന ഒരു മേഖലയെക്കുറിച്ചു മാത്രം ഒരു അവലോകനം നടത്തിയിരിക്കുകയാണ് ഇവിടെ. ഇഷ്ടകവിക്ക് ഒരു പഴയ സുഹൃത്തിന്റെ യാത്രാമംഗളങ്ങള്‍ എന്ന നിലയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com