പ്രാദേശിക രാഷ്ട്രീയം; പരിമിതികളെന്ത് ?

എന്തൊക്കെയാണ് പ്രാദേശിക പാര്‍ട്ടികള്‍ നേരിടുന്ന പരിമിതികള്‍. പ്രാദേശിക രാഷ്ട്രീയം ദേശീയതലത്തില്‍ എങ്ങനെയാണ് പ്രസക്തി സൃഷ്ടിക്കുക
മമത ബാനര്‍ജി/ഫയല്‍
മമത ബാനര്‍ജി/ഫയല്‍

ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ഏതെങ്കിലും രീതിയില്‍ ബി.ജെ.പിക്കു ആശ്വാസമില്ല. കേരളം, ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ വലിയ തിരിച്ചടി നേരിട്ടപ്പോള്‍ പുതുച്ചേരിയില്‍ അധികാര അസ്ഥിരത നിലനില്‍ക്കുന്നു. നഷ്ടങ്ങളെ നിസ്സാരമായി കാണാത്ത ബി.ജെ.പിക്ക് അസം മാത്രമാണ് സമാശ്വാസം നല്‍കിയ ജയം. പ്രാദേശിക പാര്‍ട്ടികള്‍ നേടിയ ഈ വിജയങ്ങളില്‍ ആശ്വസിക്കുന്നവര്‍ പോലും 2024-ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിചിത്രമായ ഒരു വഴിത്തിരിവ് പ്രതീക്ഷിക്കുന്നില്ല. ഇപ്പോള്‍ ബി.ജെ.പി ഇതര ഭരണമുള്ള സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകള്‍ ലഭിച്ചാല്‍ പോലും ലോക്സഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കില്ല എന്നതാണ് കാരണം. 

ലോക്സഭയിലെ 542 സീറ്റുകളില്‍ ഡല്‍ഹി (7), ആന്ധ്രയും രാജസ്ഥാനും (25) വീതം, ഛത്തീസ്ഗഡ് (11), മഹാരാഷ്ട്ര (48), ഒഡിഷ (21), പഞ്ചാബ് (13), തെലങ്കാന (17) എന്നിവ ചേര്‍ന്നാല്‍ പോലും 167 സീറ്റുകളെ ലഭിക്കൂ. കേരളത്തിലെ 20 സീറ്റുകളും തമിഴ്നാട്ടിലെ 39 സീറ്റുകളിലേയും പശ്ചിമബംഗാളിലെ 42 സീറ്റുകളും കൂടി ചേര്‍ത്താല്‍ പോലും ആകെ 268 സീറ്റുകളാണ് ലഭിക്കുക. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകള്‍ വേണം. എല്ലാ സീറ്റുകളും പ്രാദേശിക പാര്‍ട്ടികള്‍ അനിഷേധ്യ ജയം നേടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ബി.ജെ.പി വെല്ലുവിളി ഉയര്‍ത്തും. കര്‍ണാടകയിലും (28) മധ്യപ്രദേശിലും (29) ഭരിക്കുന്ന ബി.ജെ.പിയും ജയം അനായാസേന നേടാനാകില്ല. 

കര്‍ണാടകയില്‍ വളഞ്ഞ വഴികളിലൂടെയാണ് ബി.ജെ.പി അധികാരത്തില്‍ തുടരുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന് 95 സീറ്റുകളാണ് ഇപ്പോഴുള്ളത്. ബി.ജെ.പിക്ക് 125-ഉം. വലിയ വിജയം നേടണമെങ്കില്‍ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിന് ഇവിടെ വിയര്‍പ്പൊഴുക്കേണ്ടിവരും. ഹിന്ദി ഹൃദയഭൂമിയിലെ ബി.ജെ.പിയുടെ അധീശത്വം സംബന്ധിച്ചും ആശങ്കകളുണ്ട്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശാണ് നിര്‍ണ്ണായകം. ഇത് പരിഗണിക്കുമ്പോള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് അതീവ പ്രാധാന്യമുണ്ട്. സമാജ് വാദി പാര്‍ട്ടിയുടേയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടേയും നിലനില്‍പ്പു പോലും ഈ ഫലത്തിലാണ്. കഴിഞ്ഞ ജനവിധിയോടെ സഖ്യം ഇരുപാര്‍ട്ടികളും എഴുതിത്തള്ളിയതാണ്. സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഇരുപാര്‍ട്ടികളുടേയും അതിജീവനപോരാട്ടമാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്.

യു.പിയും അയോദ്ധ്യ ക്ഷേത്രനിര്‍മ്മാണവും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേയുള്ള കനത്ത ജനരോഷം നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും പ്രതിഫലിച്ചേക്കും. ഏപ്രിലില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും അയോധ്യയിലും മഥുരയിലുമടക്കം ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ സ്ഥലങ്ങളില്‍ എസ്.പിയും അയോധ്യയില്‍ ബി.എസ്.പിയുമാണ് ജയിച്ചത്. ഈ മേഖലകളിലെ ആധിപത്യം സംസ്ഥാനഭരണം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യഘടകമാകാറുണ്ട്. ഹിന്ദുത്വരാഷ്ട്രീയം അരങ്ങുവാഴുന്ന ഇവിടുത്തെ തിരിച്ചടിയെത്തുടര്‍ന്നാണ് നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് പാര്‍ട്ടി കേന്ദ്രനേതൃത്വം ഒരുങ്ങിയത്. പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാനുള്ള ശ്രമവും വൈസ് പ്രസിഡന്റായി മോദിയുടെ വിശ്വസ്തനായ എ.കെ. ശര്‍മയുടെ നിയമനവുമൊക്കെ അതിന്റെ ഭാഗമാണ്. 

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അയോധ്യ രാമക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം. മതവൈകാരികതയെ മുതലെടുത്താല്‍ അത് തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന് ബി.ജെ.പി കരുതുന്നു. 40 സീറ്റുകളുള്ള ബീഹാറില്‍ ലാലുവിന്റെ അസാന്നിധ്യത്തില്‍പ്പോലും തേജസ്വി യാദവിന്റെ ആര്‍.ജെ.ഡി ശക്തി തെളിയിച്ചിട്ടുണ്ട്. ഹരിയാനയില്‍ ജനനായക് ജനതാപാര്‍ട്ടിയുടേയും സ്വതന്ത്രരുടേയും പിന്തുണയിലാണ് ബി.ജെ.പി അധികാരത്തിലേറിയത്. നിലവില്‍ 12 സംസ്ഥാനങ്ങളാണ് ബി.ജെ.പി ഒറ്റയ്ക്ക് ഭരിക്കുന്നത്. അഞ്ചെണ്ണം സഖ്യത്തോടെയും. മൂന്നെണ്ണം കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുമ്പോള്‍ തമിഴ്നാട്ടിലടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യമാണ് അധികാരത്തിലുള്ളത്. ആറു സംസ്ഥാനങ്ങള്‍ മറ്റു പാര്‍ട്ടികളും ഭരിക്കുന്നു. ഒരു മൂന്നാം ബദല്‍ മുന്നണി ഉയര്‍ന്നുവന്നില്ലെങ്കില്‍, കോണ്‍ഗ്രസ് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടിട്ടില്ലെങ്കില്‍ ബി.ജെ.പിക്ക് അതിനെ പ്രതിരോധിക്കേണ്ടിവരും.

ഒരിടത്തും പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളെ അവഗണിക്കാന്‍ ബി.ജെ.പിക്കു സാധ്യമല്ലെന്നു ചുരുക്കം. മമത ബാനര്‍ജിയും ശരദ് പവാറുമൊക്കെ മൂന്നാംമുന്നണി നീക്കങ്ങളുമായി രംഗത്തുണ്ട്. ഡി.എം.കെയുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അകമഴിഞ്ഞ പിന്തുണയും നല്‍കുന്നു. 1996 ആവര്‍ത്തിക്കാനുള്ള നേരിയ സാധ്യത രാഷ്ട്രീയ പ്രവാചകര്‍ തള്ളിക്കളയുന്നുമില്ല. പത്തു ശതമാനം വോട്ടുകള്‍ പോലും നേടാതെയാണ് എച്ച്.ഡി. ദേവഗൗഡ അന്ന് പ്രധാനമന്ത്രിയായത്. ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിനെ പുറത്താക്കുകയെന്നത് മാത്രമായിരുന്നു വോട്ടര്‍മാര്‍ക്ക് വേണ്ടിയിരുന്നത്. ഉദാരവല്‍ക്കരണ നയങ്ങള്‍ സാധാരണക്കാരെ അത്രയധികം ദുരിതത്തിലാക്കിയിരുന്നു. എന്നാല്‍, ബാബ്റി മസ്ജിദിനു ശേഷം ബി.ജെ.പിയെ തെരഞ്ഞെടുക്കാനും അവര്‍ തയ്യാറായിരുന്നില്ല. ജി.എസ്.ടിയും കൊവിഡും സൃഷ്ടിക്കുന്ന സമാനമായ സാമ്പത്തിക-സാമൂഹ്യ അസ്ഥിരത നിലനില്‍ക്കുന്നുവെന്നതാണ് ഈ വാദത്തിന് ബലം നല്‍കുന്നത്. എന്നാല്‍, പ്രാദേശിക പാര്‍ട്ടികളുടെ സ്ഥായിയായ പരിമിതികള്‍ മൂന്നാം ബദലിനു വിലങ്ങുതടിയാണ്.

കുറവുകളും വീഴ്ചകളും

എന്തൊക്കെയാണ് പ്രാദേശിക പാര്‍ട്ടികള്‍ നേരിടുന്ന പരിമിതികള്‍? ഈ പാര്‍ട്ടികളുടെ അടിസ്ഥാനശിലയായ സ്വത്വം തന്നെയാണ് ഒന്നാമത്തെ പരിമിതി. ഭൂമിശാസ്ത്രപരമായ, ഭാഷാപരവും സാംസ്‌കാരികവുമായ അതിര്‍ത്തികള്‍ക്കപ്പുറം ഈ പാര്‍ട്ടികള്‍ അംഗീകരിക്കപ്പെടില്ലെന്നതു വസ്തുതയാണ്. മറാത്തവാദമോ അതുയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികളേയോ അംഗീകരിക്കാന്‍ ദ്രാവിഡസ്വത്വം ഉയര്‍ത്തുന്ന ഡി.എം.കെയ്ക്ക് കഴിയില്ല. അധികാരത്തിനായി ചില നീക്കുപോക്കുകള്‍ നടന്നേക്കാം. എന്നാലും അടിസ്ഥാനപരമായുള്ള ഭിന്നത വലിയൊരു വിടവായി നിലനില്‍ക്കും. അതിന്റെ ഏറ്റവും വലിയ പ്രകടമായ ഉദാഹരണമാണ് ആം ആദ്മി പാര്‍ട്ടി. പ്രാദേശിക പാര്‍ട്ടികളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ലെങ്കിലും ആം ആദ്മിയെ ഒരു ഡല്‍ഹി പാര്‍ട്ടി എന്ന രീതിയില്‍ മാത്രമാണ് മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കണ്ടത്. ഇതിനു വിപരീതമായി പഞ്ചാബും ഹരിയാനയിലും മാത്രമാണ് ആംആദ്മി പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടായത്. 

ദേശീയ സാന്നിധ്യമാകാന്‍ സാധ്യത ഉണ്ടായിരുന്ന മറ്റൊരു പാര്‍ട്ടി ബി.എസ്.പി ആയിരുന്നു. ദളിത് രാഷ്ട്രീയം ആധാരമാക്കിയ മായാവതിയുടെ ബി.എസ്.പിക്ക് യു.പിക്കു പുറത്തേക്ക് ധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയ പാര്‍ട്ടിയുടെ അംഗീകാരമുണ്ടെങ്കില്‍പ്പോലും ഒരു പ്രാദേശിക പാര്‍ട്ടി എന്നതിലേക്ക് അവര്‍ ചുരുങ്ങി. ദളിത് ജനസംഖ്യ കൂടുതലുള്ള ബീഹാറിലോ ഒഡീഷയിലോ പോലും ബി.എസ്.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പാര്‍ട്ടികള്‍ക്ക് എത്ര ദേശീയ കാഴ്ചപ്പാടുകളുണ്ടെങ്കില്‍പ്പോലും അവരെ ഉള്‍ക്കൊള്ളാന്‍ മറ്റുള്ളവര്‍ തയ്യാറാകില്ല എന്നതാണ് ഇതിനു കാരണം. തെരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക പാര്‍ട്ടികളുടെ ഒരു കൂട്ടായ്മ ഉണ്ടായാല്‍പ്പോലും അതിനെ ശിഥിലമാക്കാന്‍ എളുപ്പമാണ്. മുന്‍ സഖ്യസാധ്യതകളെ കോണ്‍ഗ്രസ്സാണ് ഇങ്ങനെ ഇല്ലാതാക്കിയതെങ്കില്‍ ഇപ്പോള്‍ അത് ബി.ജെ.പിയായിരിക്കും. കോണ്‍ഗ്രസ്സിനുണ്ടായിരുന്നതിനേക്കാള്‍ അധികാരവും പണക്കൊഴുപ്പും ഇന്ന് ബി.ജെ.പിക്കുണ്ട്. 

സത്യസന്ധതയും വ്യക്തിപ്രഭാവവും

രാഷ്ട്രീയ സത്യസന്ധതയാണ് രണ്ടാമത്തെ പരിമിതി. വിലപേശലുകള്‍ക്കൊടുവില്‍ സ്വന്തം താല്പര്യങ്ങള്‍ക്കു നല്‍കുന്ന മുന്‍തൂക്കം പുതിയ രാഷ്ട്രീയ സാധ്യതകളെ ഇല്ലായ്മ ചെയ്യുന്നതാണ് കണ്ടുവരുന്നത്. കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനേയും അണ്ണാ ഡി.എം.കെയേയും ജനതാദള്‍ യു.വിനേയും ടി.ഡി.പിയേയുമെല്ലാം ബി.ജെ.പി സമയാസമയങ്ങളില്‍ കൂടെ നിര്‍ത്തിയിട്ടുമുണ്ട്. സങ്കുചിത ചിന്തയുടെ ഇടുങ്ങിയ മതില്‍ക്കെട്ടിനുള്ളില്‍ കഴിയുന്ന ഈ പ്രാദേശിക നേതാക്കള്‍ക്ക് രാജ്യത്തിന്റെ പൊതു ആവശ്യം ഇനിയും മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. മറ്റൊന്ന് വ്യക്തിപ്രഭാവമുള്ള ഒരു നേതാവിലേക്ക് ചുരുങ്ങുന്ന നേതൃത്വമാണ് പ്രാദേശിക പാര്‍ട്ടികളുടെ മറ്റൊരു പരിമിതി. പല പാര്‍ട്ടികള്‍ക്കും രണ്ടാംനിര നേതാക്കളില്ല. നിതീഷ് കുമാറിനും നവീന്‍ പട്നായിക്കിനും ശേഷം ജെ.ഡി.യുവിന്റേയും ബിജു ജനതാദളിന്റേയും ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ജയലളിതയ്ക്കു ശേഷം എ.ഐ.ഡി.എം.കെ പിളര്‍ന്ന് ശക്തി ക്ഷയിച്ചത് മറ്റൊരുദാഹരണം.
 
പാരമ്പര്യം പിന്‍പറ്റി പാര്‍ട്ടിയുടെ നേതൃത്വം പിന്‍തലമുറയ്ക്കു നല്‍കിയാണ് ഈ പ്രതിസന്ധിയെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും മറികടന്നത്. തലമുറമാറ്റത്തില്‍ ചില പാര്‍ട്ടികള്‍ക്കെങ്കിലും അത് ഗുണകരവുമായിട്ടുണ്ട്. ഡി.എം.കെയാണ് അതിന് ഉദാഹരണം. കാര്യപ്രാപ്തിയും രാഷ്ട്രീയ പക്വതയുമുള്ള നേതാവായി സ്റ്റാലിനെ മാറ്റിയെടുക്കാന്‍ കരുണാനിധിക്കു കഴിഞ്ഞു. എന്നാല്‍, രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്കു സംഭവിച്ചതോ? മകന്‍ ചിരാഗ് പസ്വാന്‍ ആ പാര്‍ട്ടി നയിക്കാന്‍ പ്രാപ്തനല്ലെന്നു നാള്‍ക്കുനാള്‍ തെളിയിക്കുന്നു. കോര്‍പ്പറേറ്റ് സാമ്രാജ്യം കൈമാറുന്നതുപോലെ രാഷ്ട്രീയ സാമ്രാജ്യം കുടുംബാംഗങ്ങള്‍ക്കു കൈമാറുന്നത് യഥാര്‍ത്ഥ ജനാധിപത്യത്തിനു നിരക്കുന്നതല്ല. എന്നാല്‍, പ്രാദേശിക പാര്‍ട്ടികളില്‍ തലമുറകളായി അത് തുടരുകയും ചെയ്യുന്നു. കാന്‍ഷിറാമില്‍നിന്ന് മായാവതിയിലേക്ക് അധികാരമെത്തിയതുപോലെ. മുലായം സിങ് യാദവില്‍നിന്ന് അഖിലേഷ് അധികാരം നേടിയതുപോലെ. കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ശിവസേനയും ആര്‍.ജെ.ഡിയുമൊന്നും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ബംഗാളിലാകട്ടെ, മമത, ബാനര്‍ജി അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ അവഗണിച്ചാണ്. വിശ്വാസ്യത എന്നത് രാഷ്ട്രീയത്തില്‍ എളുപ്പമല്ല. അതുകൊണ്ടാവണം വ്യക്തിപ്രഭാവമുള്ള ഒരു നേതാവിനപ്പുറം ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വനിര വാര്‍ത്തെടുക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കു കഴിയാതെ പോയത്. നേതാക്കളുടെ സമഗ്രാധിപത്യമാണ് മറ്റൊരു പരിമിതി. മമതാ ബാനര്‍ജിയും മായാവതിയും അഖിലേഷ് യാദവും കെ.സി.ആറും സമഗ്രാധിപത്യ സ്വഭാവം പുലര്‍ത്തുന്നവരാണ്. 

കോണ്‍ഗ്രസ്സിന് തിരിച്ചുവരവ് സാദ്ധ്യമോ?

മറ്റൊന്ന് പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്സിനോടുള്ള അകല്‍ച്ചയാണ്. ബി.ജെ.പിയെപ്പോലെ തന്നെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടേണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നാണ് പ്രാദേശിക പാര്‍ട്ടികളുടെ കാഴ്ചപ്പാട്. 2019-ല്‍ കോണ്‍ഗ്രസ്-ബി.ജെ.പി ഇതര മുന്നണിയുമായി തെലങ്കാനാ രാഷ്ട്രസമിതി നേതാവ് കെ. ചന്ദ്രശേഖര റാവു മുന്നോട്ടുവന്നതാണ്. ഫെഡറല്‍ മുന്നണി എന്ന ആശയത്തിനു സ്വീകാര്യതയും ലഭിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട മഹാസഖ്യത്തോട് അഖിലേഷ് യാദവിനും മമതാ ബാനര്‍ജിക്കും നവീന്‍ പട്നായിക്കിനും മായാവതിക്കും പരിഗണനയുണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ മൂന്നാംമുന്നണി രൂപീകരണം ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിലാണ് എത്തിച്ചേരുക. അത് ബി.ജെ.പിയുടെ അധികാരാരോഹണം എളുപ്പമാക്കുകയും ചെയ്യും. മൂന്നാം മുന്നണി സാധ്യമായാല്‍ മമതയ്ക്കും മായാവതിക്കും അഖിലേഷിനുമെല്ലാം പ്രധാനമന്ത്രിയായാല്‍ കൊള്ളാമെന്നുണ്ട്. ആ മോഹത്തിന്റെ ഫലപ്രാപ്തിയില്‍ തടസ്സം നയിക്കുന്നത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സുമാണ് എന്നവര്‍ കരുതുന്നു. 

തെരഞ്ഞെടുപ്പില്‍ ആശ്വാസമായത് സംഭവിക്കുമെന്ന മിഥ്യാധാരണ കോണ്‍ഗ്രസ് മാറ്റിവച്ചില്ലെങ്കില്‍ 2019-ന്റെ ആവര്‍ത്തനമാകും 2024-ലും നടക്കുക. കഴിഞ്ഞതവണ 52 സീറ്റുകളേ നേടാനായുള്ളൂവെങ്കിലും 12 കോടി വോട്ടുകളും 20 ശതമാനം വോട്ടുവിഹിതവും കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. ബി.ജെ.പിക്കു കിട്ടിയ വോട്ടുകള്‍ 22 കോടിയാണെന്നോര്‍ക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ വിജയിച്ച സഖ്യം മാതൃകയാക്കിയാല്‍ ഈ പ്രതിസന്ധി മറികടക്കാനാകും. പക്ഷേ, അപ്പോഴും അധികാരത്തിന്റെ വിലപേശല്‍ ശക്തി പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു ലഭിക്കും. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ദുര്‍ബ്ബലമായ പാര്‍ട്ടി അടിത്തറയുള്ള കോണ്‍ഗ്രസ്സിന് അധികാരത്യാഗത്തിലൂടെ മാത്രമേ ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനാകൂവെന്നതാണ് ഒരു സാധ്യത. മൂന്നാം മുന്നണിക്കു പകരം കോണ്‍ഗ്രസ് വിട്ടുവീഴ്ചകള്‍ക്കൊരുങ്ങിയാല്‍ ജയിക്കാന്‍ ബി.ജെ.പിക്കു കനത്ത മത്സരം കാഴ്ചവയ്ക്കേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com