അഴിമതിക്കേസുകളുടെ വഴികള്‍ 

ഞാന്‍ വിജിലന്‍സ് എസ്.പി ആയിരുന്നപ്പോള്‍ ഉന്നതബന്ധം ആരോപിച്ച്  ഒരു വാര്‍ത്ത ചില പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു 
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

രാണ് ഉന്നതന്‍? മാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന പ്രയോഗമാണ് 'ഉന്നത ബന്ധം.' ഉന്നതന്‍  മന്ത്രിയാകാം; ചിലപ്പോള്‍ മന്ത്രിയുടെ ഓഫീസിലെ ക്ലാര്‍ക്കുമാകാം. പത്രഭാഷയില്‍ ഡി.ജി.പി ഉന്നതനാണ്. അത്യാവശ്യത്തിന് പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടറേയും ആ ഗണത്തിലേയ്ക്ക് ഉയര്‍ത്താം. വാര്‍ത്തയുടെ സാഹചര്യങ്ങളാണ് ഉന്നതനെ സൃഷ്ടിക്കുന്നത്. പല വാര്‍ത്തകളും ക്ലച്ച് പിടിക്കണമെങ്കില്‍ ഒരുന്നതന്റെ സാന്നിധ്യം കൂടിയേ തീരൂ. ഞാന്‍ വിജിലന്‍സ് എസ്.പി ആയിരുന്നപ്പോള്‍ ഉന്നതബന്ധം ആരോപിച്ച് ഒരു വാര്‍ത്ത ചില പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര വകുപ്പ്, കള്ളക്കടത്ത്, രാഷ്ട്രീയം തുടങ്ങിയ മസാലകളെല്ലാം വാര്‍ത്തയിലുണ്ടായിരുന്നു. ഇല്ലാതിരുന്ന ഘടകം സ്ത്രീ സാന്നിധ്യം മാത്രം. സ/സ്വ- തുടങ്ങിയ വനിതകളൊന്നും സെക്രട്ടേറിയേറ്റിന്റെ പടവുകള്‍ കയറി തുടങ്ങിയിരുന്നില്ല. ക്ലിഫ്ഹൗസും അവര്‍ക്ക് അപ്രാപ്യമായിരുന്നിരിക്കണം, അന്ന്. 

അഴിമതിയുടെ സൂചനയുണ്ടായിരുന്ന വാര്‍ത്ത സ്വാഭാവികമായും എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അക്കാലത്ത് അതിനേക്കാള്‍ സെന്‍സേഷണലായ പല സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളും നിറഞ്ഞുനിന്നിരുന്നു. എങ്കിലും ഇപ്പോഴത്തെ വാര്‍ത്തയുടെ പ്രാധാന്യം അഴിമതി ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനും എതിരായി ഉണ്ടായിരുന്നു എന്നതാണ്. വാര്‍ത്ത പ്രത്യക്ഷപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം വിജിലന്‍സ് ഡയറക്ടര്‍ എന്നെ വിളിച്ചു. പത്രവാര്‍ത്തയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ''ഗവണ്‍മെന്റ് ഈ വാര്‍ത്ത ഗൗരവമായിട്ടെടുത്തിട്ടുണ്ട്'' - അദ്ദേഹം പറഞ്ഞു. അത് നല്ല കാര്യമാണല്ലോ എന്ന് മനസ്സില്‍ കരുതി. സര്‍ക്കാരുകള്‍ക്കു വല്ലപ്പോഴുമെങ്കിലും സാധാരണ മനുഷ്യനെപ്പോലെ അല്പം 'നാണവും മാനവും' തോന്നുന്നത് നല്ലതാണല്ലോ. വാര്‍ത്ത വായിച്ച ആഭ്യന്തര വകുപ്പ് സെക്രട്ടറി കടുത്ത ദേഷ്യത്തിലായിരുന്നു. വാര്‍ത്തയിലെ ആരോപണങ്ങളില്‍ അദ്ദേഹത്തേയും വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചിരുന്നു. സര്‍വ്വീസിലുടനീളം സത്യസന്ധത പുലര്‍ത്തിയ ഒരു ഉദ്യോഗസ്ഥനെ പരാമര്‍ശിച്ച് കള്ളക്കടത്തുകാരനെ സഹായിക്കാന്‍ ശ്രമിച്ചു എന്നൊക്കെ വാര്‍ത്ത വന്നാല്‍ സ്വാഭാവികമായും പ്രകോപിക്കുമല്ലോ. മാത്രവുമല്ല, അത് സത്യാനന്തര (pots truth) കാലമായിരുന്നില്ല. ഉദ്യോഗസ്ഥന്റെ സത്യസന്ധമായ പ്രതിച്ഛായ എന്നത് തുടക്കം മുതല്‍ ഒടുക്കംവരെയുള്ള സത്യസന്ധമായ ഔദ്യോഗിക ജീവിതത്തിന്റെ ഉല്പന്നമായിരുന്നു അന്ന്. പില്‍ക്കാലത്ത് അത് മാറി. ഉന്നത ഉദ്യോഗ പദവികളില്‍ പോലും അഴിമതിരഹിത പ്രതിച്ഛായ പ്രസക്തമേ അല്ലാതായി. സര്‍വ്വീസ് ജീവിതത്തിലുടനീളം അഴിമതിയില്‍ മുങ്ങിക്കുളിച്ച് നടന്നാലും ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ സത്യസന്ധതയുടെ പ്രതിച്ഛായ അഥവാ ആവശ്യമായി വരികയാണെങ്കില്‍ അത് എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാവുന്നതേയുള്ളു എന്ന അവസ്ഥ അന്നില്ലായിരുന്നു. ഇന്ന് ഏത് കീടനാശിനിയേയും ശീതളപാനീയമാക്കി അവതരിപ്പിക്കാം. സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അപാരമായ സാധ്യതകള്‍ കൗശലത്തോടെ പ്രയോജനപ്പെടുത്തണമെന്നു മാത്രം. 

പത്രവാര്‍ത്തയെ ചുറ്റിപ്പറ്റിയുള്ള വിജിലന്‍സ് ഡയറക്ടറുടെ ദീര്‍ഘമായ സംഭാഷണം കൗതുകത്തോടെ  കേട്ടിരുന്നു. അതിന്റെ അവസാന ഭാഗമായിരുന്നു പ്രസക്തം. വാര്‍ത്തയിലെ ആരോപണത്തിന്മേല്‍ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനിച്ചുവെന്നും അതിന് എന്നെ ചുമതലപ്പെടുത്തുകയാണെന്നും പറഞ്ഞു. അന്നുതന്നെ ഉത്തരവും കിട്ടി. രഹസ്യാന്വേഷണമായിരുന്നു ഉത്തരവായത്. രഹസ്യാന്വേഷണമെന്നത് ഒരു സാദ്ധ്യതയുമാണ്; അതേസമയം അതൊരു പരിമിതിയുമാണ്. അതിന്റെ പരിമിതി പ്രകടമാണ്. നിയമാനുസൃതമായ അന്വേഷണമാണെങ്കില്‍ രേഖകള്‍ കണ്ടെത്താനും സാക്ഷികളില്‍നിന്ന് വിവരം തേടാനും നിയമത്തിന്റെ പിന്‍ബലമുണ്ട്. എന്നാല്‍, ആ സൗകര്യങ്ങളില്ലെങ്കിലും രഹസ്യാന്വേഷണത്തില്‍ പലരില്‍നിന്നും വിവരം തേടാം. രേഖാമൂലം തെളിവു നല്‍കാന്‍ വൈമനസ്യമുള്ളവര്‍ക്കും തങ്ങളുടെ പേര് രഹസ്യമായി സൂക്ഷിക്കപ്പെടുമെന്ന് ബോദ്ധ്യമുണ്ടെങ്കില്‍ വിവരം പങ്കിടാം. വിജിലന്‍സ് ആസ്ഥാനത്തുണ്ടായിരുന്ന രഘുപതി എന്ന ഇന്‍സ്പെക്ടറെ അന്വേഷണത്തിന് സഹായിയായി ഞാനെടുത്തു. ചില ആരോഗ്യപ്രശ്‌നങ്ങള്‍ അന്നദ്ദേഹത്തെ അലട്ടിയിരുന്നുവെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ മികവിനെ ബാധിച്ചില്ല എന്നെനിക്ക് വേഗം ബോധ്യപ്പെട്ടു.  

കോഫെപോസ വാറണ്ടില്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലിലായിരുന്ന ഒരു തടവുകാരനെ ചുറ്റിപ്പറ്റിയായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. കസ്റ്റംസ് കണ്ടുപിടിച്ച ഒരു കള്ളക്കടത്തു കേസില്‍ പ്രതിയായിരുന്ന ഈ വ്യക്തി അന്ന് കരുതല്‍ തടങ്കലില്‍ ആയിരുന്നു. ഒരിക്കല്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്ന തടവുകാരന്‍ പിന്നീട് അപ്രത്യക്ഷനായിരുന്നു. അതിനുശേഷം ബോംബെയില്‍വെച്ച് അയാള്‍ പൊലീസിന്റെ പിടിയിലായി. അവിടെനിന്നും തിരുവനന്തപുരത്ത് കൊണ്ടുവന്ന് സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. വീണ്ടും അവിടെനിന്ന് ജാമ്യം നേടി പുറത്ത് കടക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമായും ആരോപണങ്ങളുയര്‍ന്നത്. പത്രവാര്‍ത്തയ്ക്കപ്പുറം ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ല. വാര്‍ത്ത തന്നെ കൃത്യവും വ്യക്തവും അല്ലായിരുന്നു. ആ നിലയ്ക്ക് അതിന്മേല്‍ വിവരം തേടുക തുടക്കത്തില്‍ ദുഷ്‌കരമായിരുന്നു. 

അഴിമതി കേസുകള്‍ക്ക് പിറകേ 

സാധാരണയായി കോഫെപോസ പ്രതികളുടെ കാര്യത്തില്‍ അറസ്റ്റ്, ജാമ്യം എന്നിവ  സംബന്ധിച്ച എല്ലാ അന്വേഷണവും ജില്ലാ എസ്.പിമാര്‍ നേരിട്ട് ശ്രദ്ധയോടെ നിരീക്ഷിക്കുന്നതാണ്. തികച്ചും സാധാരണമായ ഒരു കേസ് പോലെ വാറണ്ടും മറ്റുത്തരവുകളും പൊലീസ് സ്റ്റേഷനിലേയ്ക്ക് അയക്കാറില്ല. അങ്ങനെ ആയാല്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനമുപയോഗിച്ച് അറസ്റ്റില്‍നിന്ന് രക്ഷപ്പെടുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം, ഒരു ശരാശരി പൊലീസ് സ്റ്റേഷനില്‍ നൂറുകണക്കിന് വാറണ്ട് ഒരോ മാസവും വരുന്നുണ്ടാകും. തിരുവനന്തപുരം നഗരമാകുമ്പോള്‍ എണ്ണം എത്രയോ വര്‍ദ്ധിക്കും. ആ അവസ്ഥയില്‍ എത്ര നല്ല സബ്ബ് ഇന്‍സ്പെക്ടറായാല്‍ പോലും ഓരോ വാറണ്ടും ശ്രദ്ധിക്കാനാകില്ല. ഫലത്തില്‍ അതിന്റെ സ്റ്റേഷനിലെ മേല്‍നോട്ടം പൊലീസ് സ്റ്റേഷന്‍ റൈറ്റര്‍ എന്നു പറയുന്ന ഉദ്യോഗസ്ഥന്റേയോ അയാളുടെ സഹായിയുടേയോ ആയിത്തീരും. അവരെ കൂടാതെ വാറണ്ട് നടപ്പാക്കാന്‍ ചുമതലപ്പെട്ട ഏതാനും പൊലീസുകാരും കൂടിയേ ഈ പ്രക്രിയയില്‍ പങ്കാളികളാകാറുള്ളു. മാത്രവുമല്ല, കോഫെപോസ വാറണ്ട് പ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവായ പ്രതി മിക്കവാറും പ്രാദേശികമായി കുറ്റവാളിയായി അറിയപ്പെടുന്ന വ്യക്തി ആയിരിക്കില്ല. അതിനാല്‍ പൊലീസിന്റെ സഹായത്തോടേയോ ജാഗ്രതയില്ലായ്മ മുതലെടുത്തോ അറസ്റ്റ് ഒഴിവാക്കിയാലും അക്കാര്യത്തില്‍ ഒരു സാമൂഹ്യ സമ്മര്‍ദ്ദം ഉണ്ടാകണമെന്നില്ല. 

മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപോലെ ആരോപണത്തിന് പ്രാഥമികമായെങ്കിലും എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് ആദ്യം ഒന്നു പരിശോധിക്കുന്നതാകാം അന്വേഷണത്തിന്റെ ആദ്യപടി എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഏതെങ്കിലും തരത്തിലുള്ള വഴിവിട്ടുള്ള സഹായം കോഫെപോസ വാറണ്ടുകാരന് ലഭിച്ചിട്ടുണ്ടോ എന്നു കണ്ടുപിടിക്കാനാണ് ആദ്യം ശ്രമിച്ചത്. അക്കാര്യത്തില്‍ ഇന്‍സ്പെക്ടര്‍ രഘുപതി വളരെ പെട്ടന്നുതന്നെ വിലപ്പെട്ട വിവരം ശേഖരിച്ചു. തിരുവനന്തപുരം സിറ്റിയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലും മറ്റും ജോലി ചെയ്തുള്ള പരിചയം വളരെ പ്രയോജനപ്രദമായി. വാറണ്ട് നിലനില്‍ക്കെ, പ്രതി സ്ഥലത്തുണ്ടായിരുന്നുവെന്ന് രഹസ്യവിവരം കിട്ടി. എന്നുമാത്രമല്ല, ആയിടയ്ക്ക് പ്രതിയുടെ ഒരു അടുത്ത ബന്ധുവിന്റെ വിവാഹം തിരുവനന്തപുരത്തുവെച്ച് നടന്നുവെന്നും ആ വിവാഹത്തില്‍ മുഴുവന്‍ സമയവും അയാള്‍ പങ്കെടുത്തതായും മനസ്സിലാക്കാന്‍ കഴിഞ്ഞു. വിവാഹത്തിന്റെ വീഡിയോ കാസെറ്റ് കണ്ടെത്താനായി അടുത്ത ശ്രമം. അധികം വൈകാതെ അത് കണ്ടെത്തുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ പ്രതി വിവാഹത്തിന് സന്നിഹിതനായിരുന്നു എന്ന് ഉറപ്പിക്കാനായി. വിവാഹവേദിയില്‍ തന്നെ വധുവരന്മാരുടെ സമീപം പലപ്പോഴും അയാളെ കാണാമായിരുന്നു. കള്ളക്കടത്തില്‍ ഉള്‍പ്പെട്ട്  കരുതല്‍ തടങ്കല്‍  വാറണ്ട് നിലനില്‍ക്കുന്ന പ്രതിയുടെ സ്വാഭാവിക പ്രവര്‍ത്തനമായിരുന്നില്ല അത്. വാറണ്ടൊന്നും വലിയ പ്രശ്‌നമല്ല എന്ന എന്തോ     ഒരു ധൈര്യം, അല്ലെങ്കില്‍ ഉറപ്പ് അയാള്‍ക്കുണ്ടായിരുന്നിരിക്കണം. അതോടെ കഥാപുരുഷന് വാര്‍ത്തയില്‍ ആരോപിച്ചിരുന്നതുപോലെ അവിഹിത സഹായം ലഭിച്ചിരിക്കാനുള്ള സാദ്ധ്യത വ്യക്തമായി. 

ഇക്കാര്യത്തില്‍, പിന്നീട് നിര്‍ണ്ണായക വിവരം ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു അഭിഭാഷകനില്‍ നിന്നായിരുന്നു. അദ്ദേഹം, ആ സമയം ജയിലിലായിരുന്ന പ്രതിയുടെ കേസ് നേരത്തെ നടത്തിയിട്ടുണ്ട്. കോഫെപോസ വാറണ്ടിന്റെ കാര്യത്തിലും പ്രതി ഈ അഭിഭാഷകന്റെ നിയമസഹായം തേടിയിട്ടുണ്ട്. സാമാന്യ നീതിയുടെ പേരില്‍ മാത്രമല്ല, നിയമപരമായിത്തന്നെ കേസുമായി ബന്ധപ്പട്ട് വക്കീലും കക്ഷിയും തമ്മിലുള്ള ആശയവിനിമയം മറ്റുള്ളവരുമായി പങ്കിടുവാനുള്ളതല്ല. ഇവിടെ സ്വകാര്യമായി ചില വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അഭിഭാഷകന്‍ തയ്യാറായി. അത് തന്റെ കക്ഷിക്ക് ദോഷം ചെയ്യില്ല എന്ന ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം. ഞങ്ങള്‍ക്കറിയേണ്ടിയിരുന്നത് പ്രതിയില്‍നിന്നും അവിഹിതമായി സഹായിക്കാനെന്ന വ്യാജേന ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടോ എന്നതായിരുന്നു. അക്കാര്യത്തില്‍ വിലപ്പെട്ട വിവരങ്ങളാണ് അഭിഭാഷകനില്‍നിന്നും ലഭിച്ചത്. ചില ഭരണകക്ഷി രാഷ്ട്രീയ നേതാക്കള്‍ സഹായ വാഗ്ദാനവുമായി ഇക്കാര്യത്തില്‍ അയാളുടെ കൂടെ കൂടിയിരുന്നതായി മനസ്സിലായി. അതിന്റെ പിന്നില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നിരിക്കണം എന്ന് അദ്ദേഹത്തിന് ബോദ്ധ്യമായിരുന്നു. എന്നാല്‍ അതിന്റെ   പ്രയോജനമൊന്നും തന്റെ കക്ഷിക്ക് ലഭിച്ചുമില്ല - അഭിഭാഷകന്‍ വ്യക്തമാക്കി. 

അന്വേഷണം ഇങ്ങനെ പുരോഗമിച്ചപ്പോള്‍ കേരളത്തിന്റെ തെക്കും വടക്കും നിന്നുള്ള രണ്ടു ഭരണകക്ഷി നേതാക്കളാണ് ജയിലിലായിരുന്ന പ്രതിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന് വ്യക്തമായി. അഴിമതിയുടെ കാര്യത്തില്‍ ഉത്തര-ദക്ഷിണ ഐക്യം പ്രകടമായിരുന്നു. രണ്ടുപേരും ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ നേരിട്ട് ചോദിച്ചാലത് നിഷേധിക്കാനാണല്ലോ സാദ്ധ്യത. അവരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. അതിനിടെ അല്പം കൂടി ഉയര്‍ന്ന ഒരു നേതാവിനെ അവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചു. ആ വ്യക്തിയെ എന്റെ ഓഫീസില്‍ വിളിപ്പിച്ച് ഇക്കാര്യത്തെക്കുറിച്ച് നേരിട്ട് ഞാന്‍ ചോദിച്ചു. അവര്‍ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം  സമ്മതിച്ചു. ആഭ്യന്തരവകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് ശുപാര്‍ശക്കത്ത് നല്‍കാമോ എന്ന് ചോദിച്ചതായും അത് നിരസിച്ചതായും പറഞ്ഞു. മാത്രവുമല്ല, അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് നടക്കാന്‍ സാദ്ധ്യതയില്ലാത്ത കാര്യത്തിനാണ് എന്ന് അവരോട് സൂചിപ്പിച്ചതായും വ്യക്തമാക്കി. അദ്ദേഹത്തിന്റെ പേരില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആരോപണമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും അവിഹിതമായ എന്തോ ശ്രമങ്ങള്‍ അക്കാര്യത്തില്‍ നടന്നതായും അതിലുള്‍പ്പെട്ടത് നേരത്തെ ഞങ്ങള്‍ സംശയിച്ച ഇരുവര്‍ തന്നെയായിരുന്നുവെന്നും കൂടുതല്‍ വ്യക്തമായി. ലഭ്യമായ വിവരങ്ങളുടെ വെളിച്ചത്തില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിശദമായ ഒരന്വേഷണം ആവശ്യമുണ്ട് എന്ന് ശുപാര്‍ശ ചെയ്ത് രഹസ്യാന്വേഷണം അവസാനിപ്പിക്കാമായിരുന്നു. ഉന്നതമായ ഓഫീസുകള്‍ക്കും വ്യക്തികള്‍ക്കും നേരെ വിരല്‍ചൂണ്ടുന്ന ആക്ഷേപങ്ങളായതിനാല്‍, കുറേക്കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നി. അല്ലെങ്കില്‍ സംശയത്തിന്റെ അന്തരീക്ഷം കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് ഇടവരുത്തുവാനേ സഹായിക്കുകയുള്ളു. 

കൃത്യമായ വിവരം നല്‍കാന്‍ ഏറ്റവും പര്യാപ്തനായ വ്യക്തി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയായിരുന്നുവല്ലോ. അയാളോട് തന്നെ വിവരം തേടാം എന്ന് തീരുമാനിച്ചു. വൈകാതെ ഒരു ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പോയി കഥാപുരുഷനെ ഞാന്‍ സന്ദര്‍ശിച്ചു. ഇടയ്ക്കിടെ  പൊലീസ് സ്റ്റേഷന്‍, ജയില്‍ എന്നിങ്ങനെ അകത്തും പുറത്തുമായി കഴിയുന്ന സ്ഥിരം കുറ്റവാളികളില്‍നിന്നും വ്യത്യസ്തനായിരുന്നു അയാള്‍. പെരുമാറ്റം കണ്ടാല്‍ വിദ്യാഭ്യാസവും നല്ല ലോകപരിചയവുമുള്ള മാന്യനാണെന്നു തോന്നും. ജയില്‍ അയാളെ മാനസികമായി തളര്‍ത്തിയതായി തോന്നിയില്ല. നാഷണല്‍ പൊലീസ് അക്കാദമിയിലെ ക്ലാസ്സ്മുറിയില്‍ കേട്ട 'വൈറ്റ് കോളര്‍' കുറ്റകൃത്യങ്ങളേയും (White Collar Crimes) അത്തരക്കാരെപ്പറ്റി പഠനം നടത്തിയ പ്രൊഫസര്‍ സതര്‍ലാന്റിനേയും ഓര്‍മ്മിപ്പിച്ചു ഈ മനുഷ്യന്‍. 'ബഹുമാന്യ'രും ഉന്നത സാമൂഹ്യ നിലവാരം പുലര്‍ത്തുന്നവരുമാണല്ലോ ഇത്തരം കുറ്റവാളികള്‍. ഏതാണ്ട് അതിന്റെ ഒരു മാതൃകയെ തന്നെയാണ് ഞാനവിടെ കണ്ടത്. അയാളുമായി വിശദമായി സംസാരിച്ചു. അതില്‍നിന്ന് ചില കാര്യങ്ങള്‍ വെളിവായി. കോഫെപോസ വാറണ്ടില്‍നിന്ന് രക്ഷകിട്ടാനുള്ള വഴി തേടിയപ്പോളാണ് രണ്ട് രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെടുന്നത്. അയാളുടെ ഒരു വിശ്വസ്തന്‍ മുഖേന ആയിരുന്നു അത്. അക്കാര്യത്തിന് പ്രതിഫലമായി അയാള്‍ 10 ലക്ഷം രൂപയോളം രണ്ടു മൂന്ന് തവണയായി നല്‍കിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനും മറ്റും വലിയ ചെലവുണ്ടല്ലോ. ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഐ.എ.എസ്  ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും വഴിവിട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി ആയിരുന്നില്ല എന്ന കാര്യത്തെപ്പറ്റി ചോദിച്ചു. അതിനും ചില 'വഴി'കള്‍ ഇരുവര്‍ സംഘം കണ്ടുപിടിച്ചിരുന്നുവത്രെ. ആ ഉദ്യോഗസ്ഥന്റെ ബന്ധു മുഖേന സ്വാധീനിക്കാമെന്നും ഒക്കെയായിരുന്നു ആ 'പാവം കള്ളക്കടത്തുകാരനെ' പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. അന്വേഷണം ഇങ്ങനെ മുന്നോട്ടുപോയപ്പോള്‍ കള്ളക്കടത്തു പ്രതിയെ സഹായിക്കാനെന്ന നിലയില്‍ അവിഹിത  സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നു മനസ്സിലായി.

ജയിലിലായിരുന്ന പ്രതിയേയും അയാളുടെ സഹായിയേയും തങ്ങളുടെ സ്വാധീനം ബോദ്ധ്യപ്പെടുത്താന്‍ നടത്തിയ പരിശ്രമം അസാധാരണമായിരുന്നു. ഉന്നത ഉദ്യോഗസ്ഥനുമായി അടുപ്പമുള്ള ബന്ധുവിനെ കാണാനായി പ്രതിയുടെ വിശ്വസ്തനേയുംകൊണ്ട് നഗരത്തില്‍ പലേടത്തും ഇരുവര്‍ സംഘം കറങ്ങി. അതിന്റെ വസ്തുത മനസ്സിലാക്കാന്‍ ഞാന്‍ നേരിട്ട് ഇന്‍സ്പെക്ടര്‍ രഘുപതിയുമൊത്ത് തിരുവനന്തപുരം നഗരത്തിലെ ആ ഊടുവഴികളിലൂടെയെല്ലാം നടന്നു. ഉന്നത ഉദ്യോഗസ്ഥന്റെ സര്‍വ്വശക്തനായ ബന്ധുവിനെ മാത്രം കണ്ടില്ല. ഇരുവര്‍ സംഘത്തിന്റെ ഭാവനാസൃഷ്ടി ആയിരുന്നു ആ ബന്ധു; കൂടുതല്‍ പണം തട്ടുവാനുള്ള ഉപായം മാത്രം. അതിന്റെ ഭാഗമായി പൊടിപ്പും തൊങ്ങലും വെച്ച കുറെ കള്ളക്കഥകള്‍ ഉദ്യോഗസ്ഥനെപ്പറ്റി പ്രതിയോടും അയാളുടെ സഹായിയോടും അവര്‍ പറഞ്ഞിരുന്നു. അങ്ങനെ കള്ളക്കടത്തുകാരനേയും കബളിപ്പിക്കാം എന്നെനിക്ക് ബോദ്ധ്യമായി. അതിന് 'രാഷ്ട്രീയക്കാരന്‍' തന്നെ വേണം എന്നുമാത്രം. 

സെക്രട്ടേറിയേറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനേയും ഇക്കാര്യത്തില്‍ കരുവാക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. അയാളന്ന് താമസിച്ചിരുന്നത് പേരൂര്‍ക്കടയ്ക്കുമപ്പുറമായിരുന്നു. വലിയ ആര്‍ഭാടത്തിലൊക്കെ ജീവിക്കുന്ന ആളാണെന്നു ചില 'കഥ'കള്‍ കേട്ടിരുന്നു. ഈ ധാരണയില്‍ താമസസ്ഥലത്ത് നേരിട്ടുപോയി നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി. ആര്‍ഭാടം പോയിട്ട് അടിസ്ഥാന സൗകര്യം പോലും കണ്ടില്ല. ഒറ്റനോട്ടത്തില്‍ വളരെ പരിമിതസൗകര്യങ്ങള്‍ മാത്രമുള്ള ഒരു ചെറിയ വീടും പരിസരവും. ഒരു ദിവസം സന്ധ്യയ്ക്ക് പ്രതിയുടെ സഹായിയെ പുറത്തു നിര്‍ത്തിയ ശേഷം ഇരുവര്‍ സംഘം ആ വീട്ടില്‍ ചെന്ന് ആഭ്യന്തരവകുപ്പില്‍ ജോലി ചെയ്തിരുന്ന ആ ഉദ്യോഗസ്ഥനെ കണ്ടതായി സഹായി ഞങ്ങളോട് പറഞ്ഞിരുന്നു. ഇതേപ്പറ്റി ഞാന്‍ ആ ഉദ്യോഗസ്ഥനോട് ആരാഞ്ഞു. രണ്ടുപേരും വന്നു എന്നുതന്നെ അയാളും പറഞ്ഞു. സ്വയം പരിചയപ്പെടുത്തിയ ശേഷം പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട എന്തോ സംശയം ചോദിക്കാന്‍ വന്നതാണ് എന്നാണവര്‍ പറഞ്ഞത്. അല്ലാതെ കോഫെപോസ വാറണ്ടിന്റെ കാര്യമൊന്നും സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളെല്ലാം ചേര്‍ത്തു നോക്കുമ്പോള്‍ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ശരിയാകാനാണ് സാദ്ധ്യത എന്നാണ് എനിക്ക് തോന്നിയത്. ഉദ്യോഗസ്ഥ തലത്തില്‍ തങ്ങളുടെ സ്വാധീനം ബോദ്ധ്യപ്പെടുത്താന്‍ ഇത്തരം കുറെ 'തരികിട അഭ്യാസങ്ങള്‍' കൂടി അവര്‍ നടത്തിയിരുന്നു. 

രഹസ്യാന്വേഷണത്തില്‍ കുറേയേറെ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. കോഫെപോസ വാറണ്ടുകേസിലെ പ്രതിയില്‍നിന്നും പണം വാങ്ങിയിരുന്നുവെന്നത് വിശ്വസനീയമായിരുന്നു. ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ സ്വാധീനം ചെലുത്തി പ്രതിയെ സഹായിക്കാന്‍ അവര്‍ ശ്രമിച്ചുവെന്നതും വെളിവായിരുന്നു. ആ ശ്രമം വിജയിച്ചിരുന്നില്ല എന്നുമാത്രം. അങ്ങനെ പരിശോധിക്കുമ്പോള്‍ വിജിലന്‍സിന് നേരിട്ടെടുക്കാവുന്ന കുറ്റകൃത്യം വെളിവായി എന്നെനിക്ക് ബോദ്ധ്യം വന്നു. ആ ഘട്ടത്തില്‍ രഹസ്യാന്വേഷണം അവസാനിപ്പിച്ച് നിയമാനുസരണം കേസെടുത്ത് അന്വേഷിക്കുന്നതാണ് ഉചിതം. അതിനാല്‍ രഹസ്യാന്വേഷണം അവസാനിപ്പിച്ച് ഞാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തുടങ്ങി. റിപ്പോര്‍ട്ട് അന്തിമമാകും മുന്‍പ് ഡയറക്ടര്‍ അത് കാണണമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് റിപ്പോര്‍ട്ടില്‍ ഒപ്പിടും മുന്‍പ് ഞാനത് ഡയറക്ടര്‍ക്ക് നല്‍കി. അദ്ദേഹമത് പരിശോധിച്ച ശേഷം തൊട്ടടുത്ത ദിവസം എന്നോട് റിപ്പോര്‍ട്ടിനെ പ്രശംസിച്ച് സംസാരിച്ചു. എന്നാല്‍ കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാര്‍ശ ഒഴിവാക്കാന്‍ താല്പര്യപ്പെട്ടു. കാരണമായി പറഞ്ഞത് നിയമോപദേശമാണ്. അഴിമതിയുടെ മുഖ്യഘടകമായ പണം കൈമാറ്റത്തിന് ചെക്കും ഡ്രാഫ്റ്റും ഒന്നും ഇല്ലാത്തതുകൊണ്ട് രേഖാമൂലമായ തെളിവ് കിട്ടില്ലെന്നും അതുകൊണ്ട് വിജയകരമായ പ്രോസിക്യൂഷന്‍ അസാദ്ധ്യമാണെന്നുമായിരുന്നു കാരണം പറഞ്ഞത്. നിയമോപദേശത്തിന്റെ പിന്‍ബലത്തില്‍ ഡയറക്ടര്‍ അങ്ങനെ പറഞ്ഞുവെങ്കിലും എനിക്കത് ബോദ്ധ്യം വന്നില്ല. അതുകൊണ്ട് റിപ്പോര്‍ട്ടില്‍ മാറ്റമൊന്നും   വരുത്തിയില്ല. എന്റെ യുക്തി, ഇപ്പോള്‍ പരിഗണിക്കേണ്ടത്, രഹസ്യാന്വേഷണത്തില്‍ വെളിവായ വസ്തുതകളില്‍നിന്നും പൊലീസിന് നേരിട്ടെടുക്കാവുന്ന കുറ്റം വെളിവാകുന്നുണ്ടോ എന്നതു മാത്രമാണ്. തെളിവ് ശേഖരിക്കലാണല്ലോ അന്വേഷണത്തിന്റെ ധര്‍മ്മം. പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവ് പര്യാപ്തമാണോ എന്നെല്ലാം പരിശോധിക്കേണ്ടത് കേസ് അന്വേഷണം കഴിഞ്ഞശേഷം മാത്രമാണ്. ഇക്കാരണങ്ങളാല്‍, കേസെടുക്കണമെന്ന ശുപാര്‍ശയോടെ ഞാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എങ്കിലും ഒന്നും സംഭവിച്ചില്ല. നിയമോപദേശം വാങ്ങി അതിന്റെ വെളിച്ചത്തില്‍, അല്ല മറവില്‍ കേസെടുക്കണമെന്ന എന്റെ ശുപാര്‍ശ തള്ളപ്പെട്ടു. എന്റെ വീക്ഷണത്തില്‍ കേരളത്തില്‍ സര്‍വ്വ അഴിമതിക്കാരുടേയും മുഖ്യരക്ഷാകവചം ഇത്തരം നിയമോപദേശങ്ങളാണ്. 

എന്നാല്‍, നിയമോപദേശം ഇരുതലമൂര്‍ച്ചയുള്ള ആയുധമാണ്. അഴിമതിക്കാരുടെ മൃതസഞ്ജീവനിയാകുന്ന നിയമോപദേശത്തിന് ചിലപ്പോള്‍ മാരകരൂപം കൈവരും. അങ്ങനെ രൂപമാറ്റം സംഭവിക്കുന്ന ഈ 'വൈറസ്' ബാധിക്കുന്നത് ചിലപ്പോള്‍ നിരപരാധിയേയും ആകാം. അത്തരമൊരു ഫയല്‍ വിജിലന്‍സില്‍ എന്റെ ശ്രദ്ധയില്‍ വന്നതോര്‍ക്കുന്നു. ഐ.പി.എസ്സുകാരനായ ഒരു എസ്.പിയുടെ പേരിലുള്ളതായിരുന്നു കേസ്. കാസര്‍കോഡ് ഒരു സ്വകാര്യ വ്യക്തിയില്‍നിന്ന് ലൈസന്‍സുള്ള  തോക്ക് വിലയ്ക്ക് വാങ്ങിയതാണ് സംഭവം. ആ എഫ്.ഐ.ആര്‍ പരിശോധിച്ചപ്പോള്‍ അത് നിയമപരമായി നിലനില്‍ക്കുമോ എന്ന് എനിക്ക് സംശയം തോന്നി. തനിക്ക് ഔദ്യോഗിക ഇടപാടുള്ള വ്യക്തിയില്‍നിന്നും കുറഞ്ഞ വിലയ്ക്ക് ആണ് വാങ്ങിയതെങ്കില്‍ മാത്രമേ അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാകുകയുള്ളു. അതാണ് നിയമം. ഇവിടെ തോക്കിന്റെ ആദ്യ ഉടമയ്ക്ക് പൊലീസുമായി യാതൊരു ഔദ്യോഗിക ഇടപാടും നിലവിലുണ്ടായിരുന്ന കാലത്തായിരുന്നില്ല ഈ വ്യാപാരം നടന്നത്. ഇടപാടിന്റെ ഔചിത്യവും ധാര്‍മ്മിക പ്രശ്‌നങ്ങളും ഒക്കെ സര്‍വ്വീസ് ചട്ടങ്ങളുടെ വെളിച്ചത്തില്‍ നോക്കേണ്ടതാണ്. എന്നാല്‍ അത് അഴിമതി നിരോധന നിയമത്തിന്റെ വെളിച്ചത്തില്‍ എങ്ങനെ കുറ്റകൃത്യമാകും എന്നെനിക്ക് ബോദ്ധ്യം വന്നില്ല. അവിടെ കേസെടുക്കുന്നതിന് ആധാരമാക്കിയതും  നിയമോപദേശം തന്നെ. എന്റെ സംശയം ഉപദേശം നല്‍കിയ വിദഗ്ദ്ധനോട് തന്നെ ഉന്നയിച്ചു. സംശയം ശരിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതെന്നെ അത്ഭുതപ്പെടുത്തി. അവസാനം അദ്ദേഹം ഉള്ളതു പറഞ്ഞു. മുകളില്‍നിന്നുള്ള താല്പര്യം കേസെടുക്കണമെന്നതായിരുന്നുവത്രേ. 'സര്‍വ്വശക്തന്‍' മുകളിലാണല്ലോ. രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞാണെന്നു തോന്നുന്നു, കേസില്‍ പ്രതിയായിരുന്ന ആ എസ്.പി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോടതി കേസ് റദ്ദാക്കി.

ഇങ്ങനെയൊക്കെയാണ് അഴിമതിക്കേസുകള്‍ ഉണ്ടാകുന്നതും ഇല്ലാതാകുന്നതും. അഴിമതി നിരോധന നിയമ പ്രകാരം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും കോടതി വിചാരണയിലെത്തുന്നതും മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. അഴിമതിമുക്ത കേരളം സൃഷ്ടിക്കുക പ്രയാസമാണ്. എന്നാല്‍, അഴിമതിക്കേസ് മുക്ത കേരളം സാദ്ധ്യമാണ്. അങ്ങനെ, കേരളം വളരുന്നു.  

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com