ഖൈറുന്നിസയുടെ അത്ഭുതലോകം  

By താഹ മാടായി   |   Published: 08th July 2021 05:42 PM  |  

Last Updated: 08th July 2021 05:42 PM  |   A+A-   |  

The Wonderland of Khairunnisa

വി.വി. ഖൈറുന്നിസ

 

പുസ്തക വായനകള്‍ക്കപ്പുറം ശാശ്വതമായി നമ്മെ പ്രചോദിപ്പിക്കുന്ന ചില 'ജീവിത വായനക'ളുണ്ട്. ലോക പരിസ്ഥിതിദിനത്തില്‍ ഫെയ്സ്ബുക്കില്‍ നാം നട്ട മരങ്ങള്‍, 'വളര്‍ച്ചമുറ്റിയ' മരങ്ങളായി അടുത്ത വര്‍ഷം അതേ ദിവസം ഓര്‍മ്മയുടെ ചുവരില്‍ ചിത്രമരമായി പ്രത്യക്ഷപ്പെടും. ഷെയര്‍ ചെയ്യപ്പെടുന്ന വേരറ്റമരങ്ങള്‍, സെല്‍ഫിയുടെ കൊഴിഞ്ഞ ഇലകള്‍... ഇതേപോലെ തന്നെയാണ്; വായനാദിനവും ഈ വിധം, ഒരു 'ചടങ്ങിനു വേണ്ടിയുള്ള ചടങ്ങു'കളായി മാറുന്നുണ്ട്. എങ്കിലും, പുസ്തകങ്ങളും വായനയും 'ഒരു ദിവസത്തെ വിഷയ'മായി മാറുന്നതും പരസ്പരം വായനാ ദിനാശംസകള്‍ കൈമാറുന്നതും സര്‍ഗ്ഗാത്മകമായ തുറസ്സാണെന്ന കാര്യത്തില്‍ സംശയമില്ല.

എങ്ങനെയുള്ള ജീവിതമാണ് നമ്മുടെ ഉള്ളില്‍ സൗന്ദര്യമുള്ള ചിന്തയുടെ 'ഭാവികാലങ്ങള്‍' രൂപപ്പെടുത്തുന്നത് എന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ബോധപൂര്‍വ്വം തന്നെ ആനന്ദം നിറഞ്ഞ പഠനങ്ങള്‍ക്ക് കുട്ടികളുടെ മുന്നില്‍ പാട്ടുപാടിയും അഭിനയിച്ചും 'ഉല്ലാസം നിറഞ്ഞ ക്ലാസ്സനുഭവങ്ങള്‍' നല്‍കുന്ന വി.വി. ഖൈറുന്നിസയുടെ 'ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍' മറ്റുള്ളവരില്‍നിന്ന് അല്പം വേറിട്ടുനില്‍ക്കുന്നു. 'നാം എങ്ങനെ പഠിപ്പിക്കണ'മെന്നതിന് നിര്‍മ്മിക്കപ്പെട്ട ചില രീതിശാസ്ത്രങ്ങളുണ്ട്, പാഠാവലിയുമുണ്ട്. ഈ 'ഫ്രെയിമി'ല്‍നിന്നുകൊണ്ടു തന്നെ അതിനപ്പുറത്തേയ്ക്ക് 'വെറും അരോചകമായ ക്ലാസ്സ്മുറി'യാവാതെ ചെറിയ കുഞ്ഞുങ്ങളുടെ ക്ലാസ്സ്റൂമിനെ മാറ്റാമോ എന്നാണ് ഖൈറുന്നിസ പരീക്ഷിക്കുന്നത്. കുട്ടികളെ വെറും 'ക്ലാസ്സ്മുറി ജീവികളാ'യല്ല ഈ ടീച്ചര്‍ പരിഗണിക്കുന്നത്. 'അക്ഷരങ്ങള്‍' മാത്രം പഠിപ്പിക്കുന്ന 'ചുരുങ്ങിപ്പോവലു'കളില്‍നിന്ന്, ക്ലാസ്സ്മുറിയെ ഒരു 'അത്ഭുതലോകമായി' ഖൈറുന്നിസ ചിത്രങ്ങള്‍ കൊണ്ടും കളിപ്പാട്ടങ്ങള്‍കൊണ്ടും നിരവധി ഇമേജുകള്‍കൊണ്ടും നിറച്ചിരിക്കുന്നു.

എന്നാല്‍, ഇത്തരം കാഴ്ചകള്‍ നമ്മുടെ പ്രശസ്തമായ കിന്റര്‍ഗാര്‍ട്ടണ്‍ സ്‌കൂളുകളില്‍ കാണാം. ചുവരില്‍ മനോഹരമായ ചിത്രങ്ങള്‍, മുറ്റത്ത് ഊഞ്ഞാലുകള്‍, ഗെയിം സോണ്‍: പല പ്രശസ്തമായ നഴ്സറി സ്‌കൂളുകളിലും ഇതൊക്കെയുണ്ട്. കുട്ടികള്‍ക്കായി നീന്തല്‍ക്കുളമുള്ള സ്‌കൂളുകള്‍ പോലുമുണ്ട്. 

നമ്മെ വിസ്മയിപ്പിക്കുന്ന പ്രവേശനകവാടവും ഗാര്‍ഡനും ഒരോ ക്ലാസ്സ്മുറിയും 'തികച്ചും യൂണിവേഴ്സല്‍' ആയി ഒരുക്കിയ ഒരു പ്രൈമറി സ്‌കൂള്‍ പയ്യന്നൂരുണ്ട്. ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍. പുസ്തകം വായിച്ചിരിക്കുന്ന ബഷീര്‍ പ്രതിമ സ്‌കൂള്‍ മുറ്റത്ത് നമ്മെ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്നു. ഈ സ്‌കൂളിലെ കുട്ടികള്‍ നട്ടുവളര്‍ത്തിയ പച്ചക്കറി ഉപയോഗിച്ചാണ് കുറച്ചു വര്‍ഷം മുന്‍പ് പയ്യന്നൂരില്‍ വെച്ചു നടന്ന ജില്ലാ കലോത്സവത്തില്‍ വിഭവങ്ങളൊരുക്കിയത്. ഈ ലേഖകന്‍ കണ്ടതില്‍, ഏറ്റവും 'സര്‍ഗ്ഗാത്മക'മായ പൊതു വിദ്യാലയം അതാണ്. കുട്ടികള്‍ കൊഴിഞ്ഞ് നാശത്തിന്റെ വക്കില്‍നിന്ന ഒരു സ്‌കൂള്‍ അദ്ധ്യാപകര്‍, പി.ടി.എ, നാട്ടുകാര്‍ എന്നിവരുടെ 'ഭാവന നിറഞ്ഞ കാഴ്ചപ്പാടുകള്‍' കൊണ്ട് അതിജീവിച്ച അത്ഭുതകരമായ ചരിത്രവും ഈ സ്‌കൂളിനു പറയാനുണ്ട്. നിറയെ ചിത്രങ്ങളും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഓരോ ക്ലാസ്സിലും സ്പീക്കറും ഉള്ള ഈ സ്‌കൂളില്‍ ഒരു ഉദ്യാനത്തിലെന്നപോലെ ഇരുന്നു പോയ ഓര്‍മ്മയിലാണ് ഇതെഴുതുന്നത്. 

ഖൈറുന്നിസയുടെ 'മണിയറ' 

തീര്‍ച്ചയായും, അതെ. ഭാവനയെ എങ്ങനെ നമ്മള്‍ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. 'യാന്ത്രികമായി ചുരുങ്ങിപ്പോകുന്ന' ക്ലാസ്സ് പഠനങ്ങള്‍ക്കപ്പുറം, ഒരു ടീച്ചറില്‍ 'ഭാവനയുടെ' ആവിഷ്‌കാരങ്ങള്‍ വരുമ്പോള്‍ അത് മറ്റൊന്നായി മാറുന്നു. ഓലയമ്പാടി കൂറ്റൂരിലെ ചെട്ട്യോളിലെ വി.വി. ഖൈറുന്നിസ ഭാവനയുടെ ബഹുവര്‍ണ്ണത്താളുകള്‍കൊണ്ട് തന്റെ 'കിടപ്പുമുറി' ഓണ്‍ലൈന്‍ ക്ലാസ്സ്മുറിയാക്കി മാറ്റി. 'ആലീസിന്റെ അത്ഭുതലോകം' പോലെ 'ഖൈറുന്നിസയുടെ അത്ഭുത ലോക'മായി ആ 'മണിയറ' മാറി. മുസ്ലിം പെണ്‍കുട്ടികളുടെ കിടപ്പുമുറികള്‍ക്ക് വടക്കേ മലബാറില്‍ 'മണിയറ' എന്നുകൂടി അര്‍ത്ഥമുണ്ട്. 'പുതിയാപ്പിളയുടെ മുറി'യാണത്. ഈ മുറി ക്ലാസ്സ്മുറി ആകുമ്പോള്‍ ഖൈറുന്നിസയുടെ ഭര്‍ത്താവ് ഹക്കീം നല്‍കിയ പ്രചോദിപ്പിക്കുന്ന ഒരു പിന്തുണ കൂടിയുണ്ട്. യാഥാസ്ഥിതികമായ ചിന്തയെ അവര്‍ മനോഹരമായി മറികടന്നു.

സ്‌കൂള്‍ അടച്ചിട്ട, ഓണ്‍ലൈന്‍ ക്ലാസ് മുറികളിലൂടെ മാത്രം അദ്ധ്യയനം സാധ്യമായ ഈ കാലത്ത് സ്വാഭാവികമായും ഖൈറുന്നിസയുടെ 'ബെഡ്റൂം കം ക്ലാസ്സ്മുറി' മുഖ്യധാരാ മാധ്യമങ്ങള്‍ക്കു നല്ലൊരു വാര്‍ത്തയായി. കാരണം സ്‌കൂള്‍ 'ഓണ്‍ലൈനാ'യി മാത്രം തുറക്കപ്പെടുന്ന കാലത്ത് സര്‍ഗ്ഗാത്മകമായ ആ 'ക്ലാസ്സ്മുറി'ക്ക് വിശേഷമേറെയുണ്ടായിരുന്നു. വാര്‍ത്ത വന്ന വഴികളിലും ഒരു നാട്ടിന്‍പുറനന്മയുടെ കൂട്ടായ്മയുണ്ട്; നാട്ടിന്‍പുറത്ത് ഇപ്പോഴും 'അസൂയയില്ലാത്ത നന്മകള്‍' ഇത്തിരിയെങ്കിലും ബാക്കിയുണ്ട്. ഖൈറുന്നിസ തന്റെ ക്ലാസ്സ്മുറി വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടപ്പോള്‍ അതു കണ്ട പൊതു പ്രവര്‍ത്തകനും കേബിള്‍ ഓപ്പറേറ്ററുമായിരുന്ന സ്വന്തം നാട്ടുകാരന്‍ അത് ചാനലുകളെ അറിയിച്ചു. അങ്ങനെ 'ഖൈറുന്നിസയുടെ അത്ഭുതലോകം' വിവിധ ചാനലുകളില്‍ അന്നു പ്രധാനപ്പെട്ട വാര്‍ത്തയായി. സ്വന്തം നാട്ടിലെ ആ പൊതു പ്രവര്‍ത്തകന് ബിഗ് സല്യൂട്ട്! ചിലപ്പോള്‍ വാര്‍ത്തകള്‍ വരുന്നത് പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ്.

ഖൈറുന്നിസയുടെ കുടുംബം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ആദ്യമായിട്ടല്ല. 16 വര്‍ഷം മുന്‍പ് 'സമകാലിക മലയാള'ത്തില്‍ത്തന്നെ ഖൈറുന്നിസയുടെ ഉപ്പാപ്പ ചോമ്പാളന്‍ അലിയെക്കുറിച്ചുള്ള ഒരു ദീര്‍ഘമായ ലേഖനം ഈ ലേഖകന്‍ എഴുതിയിരുന്നു. 'ഒറ്റ തന്തിയുള്ള തംബുരു' എന്ന കോളത്തില്‍. എഴുത്തുകാരന്‍ എന്‍. പ്രഭാകരനുമായി ആ ഗ്രാമം സന്ദര്‍ശിച്ച ഓര്‍മ്മവരുന്നു, ചോമ്പാളന്‍ അലിയും മക്കളുമൊത്ത് കപ്പ കഴിച്ചു. അത് അവരുടെ പറമ്പില്‍നിന്നുതന്നെ കുഴിച്ചെടുത്ത കപ്പയായിരുന്നു. 'ഒരു ഡ്രീം പോലെയുള്ള ഗ്രാമം' എന്നാണ് മടക്കയാത്രയില്‍ എന്‍. പ്രഭാകരന്‍ ആ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. പിന്നീട് 'ആനയുപ്പാപ്പ' എന്ന പേരില്‍ ഈ ലേഖകന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'കൈരളി'യിലും 'ഏഷ്യാനെറ്റി'ലും സംപ്രേഷണം ചെയ്തു. കാരണം, ചോമ്പാളന്‍ അലിക്ക് ആനകളുണ്ടായിരുന്നു. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ എന്ന ജന്മിയുടെ ആനകളെ കണ്ടുവളര്‍ന്ന ഒരു മുസ്ലിം കുട്ടി, അസാധാരണമായ ഇച്ഛാശക്തിയോടെ 'ആനകളുടെ തമ്പുരാനായി' മാറിയ കഥയാണ് ചോമ്പാളന്‍ അലിയുടേത്. ബഷീറിന്റെ 'ന്റുപ്പുപ്പാക്ക് ഒരാനേണ്ടാര്‍ന്ന്' എന്ന നോവലിലെ ഉപ്പുപ്പാക്ക് ആനയുണ്ടായിരുന്നില്ല. എന്നാല്‍, ഖൈറുന്നിസയുടെ ഉപ്പുപ്പാക്ക് ആനകളുണ്ടായിരുന്നു. എന്നാല്‍, ഇത്തരം 'അഹങ്കാരങ്ങ'ളൊന്നും തന്നെ ഖൈറുന്നിസ ജീവിതത്തില്‍ പുലര്‍ത്തുന്നില്ല. ഉപ്പാപ്പയാണ് ഖൈറുന്നിസ വായിച്ച 'ജീവിത പുസ്തകം.' കാരണം, അത്രയും സെക്യുലര്‍ ആയിരുന്നു, ആ ഉപ്പാപ്പ. ആ വീട്ടില്‍ പുലരുന്ന നന്മകളുടെ അറ്റമുള്ളത് ആ ഉപ്പാപ്പയിലാണ്.

സുബഹ് നിസ്‌കാരവും സൂര്യനമസ്‌കാരവും 

ഖൈറുന്നിസയുടെ വാക്കുകളില്‍ തന്നെ ആ ചരിത്രം കേള്‍ക്കാം: ഉപ്പാപ്പ വാര്‍ദ്ധക്യസഹജമായ രോഗം മൂര്‍ച്ഛിച്ച് മംഗലാപുരം ഏനപ്പൊയ ആശുപത്രിയില്‍ കിടക്കുന്ന സമയം. ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു ഉപ്പാപ്പ. ഞാന്‍ ''ഉപ്പാ...''ന്ന് വിളിച്ചപ്പോള്‍, നല്ല മയക്കത്തിലായിരുന്നിട്ടും ഉപ്പാപ്പ ''ഓ'' എന്നു മൂളി. ഉപ്പാപ്പ എന്നും ഞങ്ങള്‍ക്ക് ഉത്തരം തന്നിരുന്നു, ആ മയക്കത്തിലും. എട്ടു മക്കളും അവരുടെ പേരക്കിടാങ്ങളുമായി ധന്യമായ ജീവിതം ഉപ്പാപ്പ നയിച്ചു. 

ഖൈറുന്നിസ പറയുന്നു: എല്ലാ ജീവജാലങ്ങളും പറമ്പിലുണ്ടായിരുന്നു. പശുവും പോത്തും ആനയും മരങ്ങളും. 'ഭൂമിയുടെ അവകാശികള്‍ ഉള്ള പറമ്പ്' എന്നുതന്നെ പറയാം. പശുവിനെക്കുറിച്ചും ആനയെക്കുറിച്ചും പറഞ്ഞുതരും. ഓരോ കാര്യവും ഉപ്പാപ്പാക്ക് അറിയാം. നല്ല പ്രകൃതി നിരീക്ഷകന്‍ ആയിരുന്നു. മഗ്രിബായാല്‍ (സന്ധ്യയ്ക്ക്) ഞങ്ങളെ ഒന്നിച്ചിരുത്തി സ്വലാത്ത് ചൊല്ലും. മങ്കൂസും മൗലൂദും മാലപ്പാട്ടും.

''ഉപ്പാപ്പ എങ്ങനെയാണ് ഒരു പാഠപുസ്തകമായി മാറുന്നത്'' എന്ന ചോദ്യത്തിന് ഖൈറുന്നിസ പറഞ്ഞു:

ഉപ്പാപ്പാക്ക് നന്നായി മലയാളം വായിക്കാന്‍ അറിയായിരുന്നു. ആ കാലത്ത് അത്രയും നന്നായി മലയാളം വായിച്ച ഉപ്പാപ്പ... പിന്നെ ഉപ്പാപ്പ ഞങ്ങള്‍ കുട്ടികളെ ചെറുവത്തൂര് വള്ളംകളി കാണാന്‍ കൊണ്ടുപോയി. ജീപ്പിന്റെ മുകളിലിരുന്നാ ഞങ്ങള്‍ വള്ളംകളി കണ്ടത്.

അങ്ങനെ കുറേ ഓര്‍മ്മകള്‍. ഞങ്ങളുടെ തറവാട്ടിന് നീളം വെച്ച സിറ്റൗട്ടുണ്ട്. അവിടെയിരുന്ന് ഉപ്പാപ്പ ഓരോ കഥ പറയും. മുറ്റത്തൂടെ ഒരു ജീവി പായുമ്പോള്‍ അതിന്റെ പ്രത്യേകതകള്‍ പറയും.

ഞങ്ങളുടെ നാട്ടില്‍ ഒരു 'ആവേശപ്പൊതുവാള്‍' ഉണ്ടായിരുന്നു. യോഗ ഗുരു ആണ്. വെള്ളത്തിലൊക്കെ ജലശയനം നടത്താനുള്ള കഴിവുണ്ട്. പിന്നെ ഉപ്പാപ്പ വലിയ സ്‌നേഹം നല്‍കിയ ഒരു ബാലനുണ്ട്, അശോകന്‍. സിറ്റൗട്ടില്‍ ആവേശപ്പൊതുവാളും അശോകനും ഉപ്പാപ്പയും ഒന്നിച്ച് കിടക്കും. രാവിലെ സുബഹ് നിസ്‌കരിക്കുന്ന ഉപ്പാപ്പ, പുറത്തിറങ്ങി സൂര്യനമസ്‌കാരം ചെയ്യുന്ന ആവേശപ്പൊതുവാള്‍, അശോകന്‍ അവന്റെ ദൈവചിത്രങ്ങള്‍ വെച്ച പ്രാര്‍ത്ഥന.

'മതേതരമാണ് മത'മെന്നാണ് ഉപ്പാപ്പ ഞങ്ങളെ പഠിപ്പിച്ചത്. വര്‍ഗ്ഗീയതയ്‌ക്കോ കാലുഷ്യത്തിനോ ജീവിതത്തില്‍ സ്ഥാനമില്ല. എന്റെ വീട്ടിനടുത്ത് എല്ലാവരും മൈത്രിയോടെ ജീവിക്കുന്നു. മൈത്രിയില്ലെങ്കില്‍ ആ നാട്ടിന് എന്തോ തകരാറുണ്ട് എന്നാ എന്റെ വിശ്വാസം. ഞങ്ങളുടെ നാട്ടില്‍ നല്ല മൈത്രി നിലനില്‍ക്കുന്നു. വീട്ടിനടുത്ത് ഒരു നമ്പൂതിരി കുടുംബമുണ്ട്. അവരുടെ അമ്മയോട് എനിക്ക് വല്യ സ്‌നേഹമാണ്. അവരുടെ മക്കള്‍. അവര്‍ പ്രചോദിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കും. ഇപ്പോള്‍ മാഹിയിലാണ്. നാട്ടില്‍ വന്നാല്‍ ആ അമ്മ പായസമുണ്ടാക്കി തരും.

ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ ഉപ്പ മരിക്കുന്നത്. ഉപ്പാന്ന് വെച്ചാ. (ഖൈറുന്നിസയുടെ കണ്ണുകള്‍ നിറയുന്നു) ദുബായിലായിരുന്നു. നിറയെ മിഠായികളും കളിപ്പാട്ടങ്ങളുമായി വരുന്ന ഉപ്പ. പെട്ടെന്ന്, നമ്മുടെ ജീവിതം നിശ്ചലമായപോലെ തോന്നി. അപ്പോള്‍ ഉപ്പാപ്പ ധൈര്യത്തോടെ മുന്നില്‍നിന്നു. പടച്ചോന്‍ ഞങ്ങള്‍ക്ക് തന്ന ഒരു ഗിഫ്റ്റാണ് ഉപ്പാപ്പ എന്ന് എനിക്ക് തോന്നീട്ട്ണ്ട്.

''ഭാവി പരിപാടികള്‍?''
''ഇപ്പാള്‍ ഒരു അണ്‍ എയ്ഡഡ് സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. അവര്‍ നല്ല ഫ്രീഡം നല്‍കുന്നുണ്ട്. ഭാവിയില്‍ ചില ലക്ഷ്യങ്ങളുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന ഒരു നഴ്സറി. ഒപ്പം ഇക്കോ ഫ്രന്റ്ലി സ്‌കൂള്‍, 'ഫാം സ്‌കൂള്‍'. അത് നല്ലൊരു ആശയമല്ലേ?

ഖൈറുന്നിസയുടെ അത്ഭുതലോകം, ഭാവനയുള്ള ഒരു ഭാവികാലമാണ്. എല്ലാ കാര്യങ്ങള്‍ക്കും ഭര്‍ത്താവ് ഹക്കീമും ഉമ്മയും ആങ്ങളമാരും കൂടെ നില്‍ക്കുന്നു. ജീവിതത്തെ സര്‍ഗ്ഗാത്മകമാക്കൂ എന്നാണ് ഖൈറുന്നിസ കാലത്തോട് പറയുന്നത്.