100 വര്‍ഷം; കമ്യൂണിസം മുതല്‍ സാമ്രാജ്യത്വം വരെ 

വാക്കില്‍ സോഷ്യലിസവും പ്രവൃത്തിയില്‍ സാമ്രാജ്യത്വവുമാണ് 100 വര്‍ഷം പിന്നിടുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യതിരിക്തത
100 വര്‍ഷം; കമ്യൂണിസം മുതല്‍ സാമ്രാജ്യത്വം വരെ 

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് പരിഗണിക്കപ്പെടേണ്ടത്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ വിജയകരമായ ഒരു മുതലാളിത്ത സംവിധാനമായി മാറിയെന്നതാണ് അതിലൊന്ന്. മറ്റൊന്ന് അമേരിക്ക നയിക്കുന്ന ആഗോള സാമ്രാജ്യത്തിന്റെ എതിര്‍ദിശയില്‍ അല്ലെങ്കില്‍ മുതലാളിത്ത ലോകക്രമത്തിന്റെ മറ്റൊരു കോണില്‍ ചൈന പോരാടി നിലനില്‍ക്കുന്നുവെന്നതാണ്. ആദ്യത്തേത് വിശാലമായ വിവിധ മാനങ്ങളുള്ള ചര്‍ച്ചയ്ക്കുള്ള ഒരു ഭൂമികയാണ് നല്‍കുക. രണ്ടാമത്തേത് സമകാലിക സംഭവങ്ങളാല്‍ പ്രസക്തമാകുകയും ചെയ്യുന്നു. വാക്കില്‍ സോഷ്യലിസവും പ്രവൃത്തിയില്‍ സാമ്രാജ്യത്വവുമാണ് 100 വര്‍ഷം പിന്നിടുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യതിരിക്തത. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ 100 വയസ്സും 72 വര്‍ഷത്തെ സ്ഥിരഭരണവും ഇന്നത്തെ ലോകസാഹചര്യത്തില്‍ ഒരത്ഭുതമല്ല. സാമ്രാജ്യത്വത്തിന്റെ പുതിയ ലോകക്രമത്തില്‍ അധികാരവും സ്വാധീനവുമുള്ള വെസ്റ്റേണ്‍ ബ്രാന്‍ഡ് അപ്രത്യക്ഷമാകുമെന്ന് ചിന്തകനായ സ്റ്റീഫന്‍ എം. വാള്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ ചൂണ്ടിക്കാട്ടിയതുമാണ്. 

ശീതയുദ്ധത്തിനു ശേഷം ഇസ്ലാമിക ഭീകരവാദം ഇല്ലാതാക്കാന്‍ ഊന്നല്‍ നല്‍കിയ പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെ ലക്ഷ്യം ഇപ്പോള്‍ ചൈനയാകുന്നതും ഈ കാരണം കൊണ്ടാണ്. ജൂണ്‍ 11-നു ബ്രിട്ടണിലെ കോണ്‍വാളില്‍ നടന്ന ഏഴ് സമ്പന്നരാജ്യങ്ങളിലെ ഭരണാധിപന്‍മാരുടെ ഉച്ചകോടിയില്‍ അത് വ്യക്തമായിരുന്നു. പാശ്ചാത്യലോകത്തിനും അവരുമായി ബന്ധപ്പെട്ട സമ്രാജ്യത്തിനും ചൈന ഒരു ഭീഷണിയായി വളരുകയാണെന്നും അതിനെതിരേ സംയുക്തമായ ചെറുത്തുനില്‍പ്പ് അവശ്യമാണെന്നുള്ള സന്ദേശമാണ് ഉച്ചകോടിയില്‍ ഉയര്‍ന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ അത് വ്യക്തമാക്കാന്‍ മുന്നിട്ടിറങ്ങി. സിന്‍ജിയാങ്ങ് പ്രവിശ്യയിലെ ചൈനയുടെ വംശീയനയങ്ങള്‍, മനുഷ്യാവകാശലംഘനം, ടിബറ്റിലെയും ഹോങ്കോങ്ങിലെയും അടിച്ചമര്‍ത്തല്‍, തായ്വാനെതിരേയുള്ള ആക്രമണഭീഷണി, തെക്കന്‍ ചൈനാ കടലിലെ ഏകപക്ഷീയമായ നടപടികള്‍, അമേരിക്കയ്ക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ എന്നിങ്ങനെ ബൈഡനും കൂട്ടരും നിരത്തിയ ചൈനയുടെ കുറ്റങ്ങള്‍ അനവധിയുണ്ട്. സാമ്രാജ്യത്വ ശക്തികളായ ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയും കാനഡയും ജപ്പാനും ഇതിനെ പിന്തുണച്ചു. തൊട്ടുപിന്നാലെ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന നാറ്റോ ഉച്ചകോടിയിലും ബൈഡന്റെ ചൈനാവിമര്‍ശനം ആവര്‍ത്തിക്കപ്പെട്ടു. സോവിയറ്റ് യൂണിയനില്‍നിന്നുള്ള ഭീഷണി ചെറുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ 1949-ല്‍ രൂപംകൊണ്ട സൈനികസഖ്യമാണ് നാറ്റോ. 

ഈ രണ്ട് ഉച്ചകോടിയിലും സാമ്പത്തികശക്തികളുടെ ചൈന വിമര്‍ശനത്തിന്റെ കാതല്‍ മനുഷ്യാവകാശ ലംഘനമായിരുന്നു. ഇതില്‍ ചില വൈരുദ്ധ്യങ്ങളുണ്ട്. അമേരിക്ക ഒരു വംശീയ സമ്രാജ്യത്വ മുതലാളിത്ത രാജ്യമാണെന്ന് ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുകയായിരുന്നു ജോര്‍ജ് ഫ്‌ലോയിഡിന്റെ ക്രൂരവും നിന്ദ്യവുമായ കൊലപാതകം. വ്യവസ്ഥാപിതമായ മാറ്റം ആവശ്യപ്പെട്ട് വംശീയവിവേചനങ്ങള്‍ക്കും പൊലീസ് നടത്തുന്ന വംശീയ കൊലപാതകങ്ങള്‍ക്കും എതിരേ അമേരിക്കയില്‍ ഇപ്പോഴും സമരം തുടരുകയുമാണ്. ഈ വിഷയങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും അമേരിക്കന്‍ ഭരണകൂടം വിമുഖത കാണിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് സിന്‍ജിയാങ്ങിലെ ചൈനയുടെ വംശീയനയങ്ങളെക്കുറിച്ച് ബൈഡന്‍ വാചാലനാകുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഇതില്‍നിന്ന് വിഭിന്നരല്ല. മനുഷ്യത്വരഹിതമായ കുടിയേറ്റവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ മനുഷ്യാവകാശത്തെക്കുറിച്ച് വാചാലരാകുന്നതിന്റെ യുക്തി ലോകരാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു.

മാവോ സേ തുങ്
മാവോ സേ തുങ്

എന്തുകൊണ്ട് ചൈനയുടെ വളര്‍ച്ച സാമ്രാജ്യത്വ ശക്തികളെ അസ്വസ്ഥരാക്കുന്നുവെന്നതിന്റെ ഉത്തരമാണ് മേല്‍നടപടികള്‍ക്ക് പ്രകോപനം. പാശ്ചാത്യശക്തികള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ലോകക്രമത്തില്‍ സ്വാധീനശക്തിയായി ചൈനവരുന്നുവെന്നതാണ് അതിനൊരു കാരണം. ബൈഡന്റെ മുന്‍ഗാമി ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി കടുത്ത ശത്രുതയിലായിരുന്നു. വ്യാപാരയുദ്ധമായിരുന്നു ട്രംപിന്റെ ആയുധം. ചൈനീസ് കമ്പനികളെ നിരോധിച്ചും കയറ്റുമതി വെട്ടിക്കുറച്ചും ചൈനയെ പ്രതിരോധത്തിലാക്കാന്‍ അമേരിക്കന്‍ ഭരണകൂടം ശ്രമിച്ചെങ്കിലും അത് ഇരുരാജ്യങ്ങളുടെയും കഷ്ടനഷ്ടങ്ങളിലാണ് അവസാനിച്ചത്. വ്യാപാര യുദ്ധത്തിനു പകരം സമ്പന്നരെന്നും ലോകപ്രാമുഖ്യമുള്ള യൂറോപ്യന്‍ രാജ്യങ്ങളെയും ചൈന വിരുദ്ധ ചേരിയില്‍ അണിനിരത്തുന്നതിലാണ് ബൈഡന്റെ ശ്രദ്ധ. ചൈനയുടെ അതേ നാണയത്തില്‍ തന്നെയുള്ള തിരിച്ചടി. ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ചൈന തുടങ്ങിയ മേഖലയ്ക്കു സമാനമായി ഒരു കോറിഡോര്‍ സൃഷ്ടിക്കാനാണ് അമേരിക്കയുടെ ശ്രമം.

ഈ നീക്കങ്ങളൊക്കെ എത്രമാത്രം പ്രായോഗികമാകുമെന്നത് വരുംദിവസങ്ങളില്‍ വ്യക്തമാകും. ജി-7ല്‍ ഉള്‍പ്പെടുന്ന ഇറ്റലിയും ജര്‍മനിയും ബ്രിട്ടനും ചൈനീസ് നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഗ്രീസും ഹംഗറിയുമടങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങളും ചൈനയുമായി സാമ്പത്തികബന്ധം പുലര്‍ത്തുന്നു. ചൈനയുമായി ഒരു ശീതയുദ്ധത്തിന് ആരും ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതാനാകില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചിട്ടുണ്ട്. ചൈനയ്ക്കെതിരേയുള്ള നീക്കങ്ങളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ നിലപാടും നിര്‍ണ്ണായകമാണ്. എന്നാല്‍ യുക്തിബോധത്തോടെ, ദീര്‍ഘവീക്ഷണത്തോടെയുള്ള ചൈനയുടെ നീക്കങ്ങള്‍ ഇതൊക്കെ മറികടക്കുമെന്ന് കരുതുന്നവരുണ്ട്. രണ്ടു ദശാബ്ദങ്ങളിലെ രണ്ട് വലിയ സാമ്പത്തികപ്രതിസന്ധികളെ അതിജീവിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞുവെന്നതാണ് അതിന് അവര്‍ ചൂണ്ടിക്കാട്ടുന്ന ഉദാഹരണം. അമേരിക്ക വ്യാപാരയുദ്ധം തുടങ്ങുന്നതിനു മുന്‍പു തന്നെ കയറ്റുമതിയിലുള്ള ആശ്രയത്വം ചൈന കുറച്ചിരുന്നു. ആഭ്യന്തര വിപണി ശക്തിപ്പെടുത്തിയാണ് അവര്‍ കയറ്റുമതിയിലെ നഷ്ടം നികത്തിയത്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയായി വളരാനുള്ള അടിത്തറ ആധുനിക ചൈനയുടെ ഉദയമായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന വിപ്ലവത്തിനു ശേഷം അവര്‍ ഒരു പുതിയ സമ്പദ്വ്യവസ്ഥ കെട്ടിപ്പെടുത്തു. എല്ലാ അര്‍ത്ഥത്തിലും രാജ്യത്തെ നയിക്കാന്‍ പ്രാപ്തമായിരുന്ന ആധുനിക ചൈനീസ് ഭരണകൂടവും. ഒന്നര നൂറ്റാണ്ടിനു ശേഷം ചൈനീസ് ജനതയുടെ അഭിമാനവും അന്തസ്സും വീണ്ടെടുക്കുന്നതു മാത്രമല്ല വിമോചനത്തിനു ശേഷമുള്ള ആക്രമണങ്ങളെയും അട്ടിമറികളെയും ബഹിഷ്‌കരണത്തെയും ഉപരോധങ്ങളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാന്‍ ഈ ഭരണകൂടത്തിന് കഴിയുകയും ചെയ്തു. 1839 മുതല്‍ ചൈന വൈദേശിക കടന്നുകയറ്റത്തിന് വിധേയമായിരുന്നു. പരാജയമെന്ന് കരുതപ്പെടുന്ന ഗ്രേറ്റ് ലീപ് ഫോര്‍വേഡിനും സാംസ്‌കാരിക വിപ്ലവത്തിനും ശേഷം സുസ്ഥിരവികസനത്തിന്റെ മുന്നേറ്റപാതയിലായിരുന്നു ചൈന. ടിയാന്‍മെന്‍ സ്‌ക്വയര്‍ പോലെയുള്ള സംഭവങ്ങള്‍ ഉണങ്ങാത്ത മുറിവുകളായി നിലനില്‍ക്കുമ്പോഴും.

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡനും
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡനും

അവഗണിക്കാനാവാത്ത വിജയചരിത്രം 

ജനനം കൊണ്ടു തന്നെ ദരിദ്രമായ രാജ്യമാണ് ചൈന. സാമ്രാജ്യത്വവും ആഭ്യന്തരയുദ്ധങ്ങളും ചൈനയെ തകര്‍ത്തിരുന്നു. 1976-ല്‍ മാവോ മരിക്കുമ്പോള്‍ പോലും ചൈനയുടെ ആഭ്യന്തര ഉല്പാദനം ബംഗ്ലാദേശിന്റേതിനു തുല്യമായിരുന്നു. എന്നാലിന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയാണ് ചൈന. 2030 ഓടെ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയെ മറികടക്കുമെന്നും കരുതപ്പെടുന്നു. ഓരോ വര്‍ഷവും ലോകക്രമം മാറ്റിയെഴുതാന്‍ തക്ക ശക്തരാകുകയും ചെയ്യുന്നു. മുതലാളിത്തത്തിന്റെ പുതിയ ലോകക്രമത്തില്‍ അമേരിക്കയെ പിന്തള്ളി ചൈനയാകും നായകത്വം വഹിക്കുകയെന്നാണ് ഏവരും കരുതുന്നത്. ന്യൂയോര്‍ക്കിലെ ബിന്‍ഹാംടണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസറായിരുന്ന ജെയിംസ് പെട്രാസ് പറയുന്നത് 1980-കളിലല്ല പരിഷ്‌കരണം തുടങ്ങിയതെന്നാണ്. 1950-കളില്‍ തുടങ്ങിയ പരിഷ്‌കാരനടപടികള്‍ സമഗ്രമായിരുന്നു. മനുഷ്യരെ മൂലധനമാക്കി സാമ്പത്തികവളര്‍ച്ചയ്ക്കുള്ള ഭൗതിക സാഹചര്യം കമ്യൂണിസ്റ്റ് ഭരണകൂടം ഒരുക്കുകയായിരുന്നു. പാലങ്ങളും വിമാനത്താവളങ്ങളും റെയില്‍പ്പാതകളും മാത്രമല്ല സൗജന്യ വിദ്യാഭ്യാസവും ആരോഗ്യസംവിധാനവും അവര്‍ നല്‍കി. വിപ്ലവാനന്തരമുള്ള ആദ്യ മുപ്പതുവര്‍ഷം അത്തരം സൗകര്യമൊരുക്കന്നതിലായിരുന്നു അവരുടെ ശ്രദ്ധ. നാലു ദശാബ്ദക്കാലയളവില്‍ ഏതൊരു പാശ്ചാത്യരാജ്യത്തെയും വെല്ലുവിളിക്കുന്ന രീതിയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ചൈനയ്ക്കായെന്നു പറയുന്നു സുധീന്ദ്ര കുല്‍ക്കര്‍ണി ദ് പ്രിന്റിലെഴുതിയ ലേഖനത്തില്‍. വാജ്പേയിയുടെ സന്തതസഹചാരിയായിരുന്ന അദ്ദേഹം ബ്ലിറ്റ്സിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അയോധ്യ സംഭവത്തെത്തുടര്‍ന്ന് പി. സായിനാഥിനു പകരം നിയമിക്കപ്പെട്ട അദ്ദേഹമാണ് ബ്ലിറ്റ്സിനെ ബി.ജെ.പി അനുകൂല പ്രസിദ്ധീകരണമാക്കി മാറ്റിയത്. ബി.ജെ.പി പശ്ചാത്തലമുള്ള അദ്ദേഹം പോലും ചൈനീസ് സ്വഭാവമുള്ള സോഷ്യലിസത്തെ പ്രകീര്‍ത്തിക്കുന്നു. അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു. അദ്ദേഹം പറയുന്ന ഉദാഹരണം ഇതാണ്: 1965-ലാണ് ജപ്പാനില്‍ അതിവേഗ റെയില്‍പ്പാത ആദ്യമായി വരുന്നത്. മണിക്കൂറില്‍ 250 കിലോമീറ്ററായിരുന്നു വേഗം. അതിനു ശേഷം പല യൂറോപ്യന്‍ രാജ്യങ്ങളും പദ്ധതികള്‍ കൊണ്ടുവന്നു. 2007-ലാണ് ചൈനയില്‍ ആദ്യമായി അതിവേഗപാത നിര്‍മ്മാണം തുടങ്ങിയത്. ഇന്ന് 37,900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍വേ പാത ചൈനയിലുണ്ട്. അതായത് ലോകത്താകെയുള്ളതിന്റെ മൂന്നില്‍ രണ്ട് പാതകളെക്കാള്‍ കൂടുതല്‍. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിനും ചൈനയിലോടുന്നു. ബുള്ളറ്റ് ട്രെയിന്‍ മാത്രമല്ല നേട്ടം. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് 1978-നുശേഷം 80 കോടി ജനങ്ങളെ പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റിയിട്ടുണ്ട്. 2012-ല്‍ ഷി ജിന്‍പിങ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ 10 കോടി ജനങ്ങളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുണ്ടായിരുന്നത്. 2020 ഓടെ പൂര്‍ണ്ണ ദാരിദ്ര്യനിര്‍മ്മാര്‍ജനം സാധ്യമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷമൊടുവില്‍ ആ നേട്ടം കൈവരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. 

ദാരിദ്ര്യനിര്‍മ്മാര്‍ജനം സാധ്യമാക്കാനായി പാര്‍ട്ടിയുടെയും സമൂഹത്തിന്റെയും സമ്പത്തിന്റെയും സഹായവും ഊര്‍ജവും സമയവും ഇതിനായി ചെലവഴിച്ചിരുന്നു. 30 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പദ്ധതി നടത്തിപ്പിനായി പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് അയച്ചത്. ഓരോ കുടുംബത്തെയും തിരിച്ചറിഞ്ഞ് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയെടുക്കാനുള്ള സുസ്ഥിരപദ്ധതിക്കാണ് പാര്‍ട്ടി ആസൂത്രണം ചെയ്തത്. സാമ്പത്തിക അസന്തുലിതത്വമുണ്ടെങ്കില്‍പ്പോലും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയെടുക്കുന്നതില്‍ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞു. സാംസ്‌കാരിക വിപ്ലവകാലത്ത് ദാരിദ്ര്യം തൊട്ടറിഞ്ഞ ഇപ്പോഴത്തെ പ്രസിഡന്റ് തന്നെ പദ്ധതികള്‍ വിലയിരുത്താന്‍ നേരിട്ടിറങ്ങി. 80 ദരിദ്രപിന്നോക്ക ഗ്രാമങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. 

തൊണ്ണൂറുകളില്‍ ലോകത്തിന്റെ ഫാക്ടറി എന്നാണ് ചൈന വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വില തുച്ഛമായിരുന്നെങ്കിലും കുറഞ്ഞ ഗുണമേന്‍മ കയറ്റുമതിക്ക് വലിയൊരു പോരായ്മയായിരുന്നു. എന്നാല്‍, കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടയില്‍ ഉല്പാദനരംഗത്തെ ഗുണമേന്‍മ അത്ഭുതകരമെന്ന രീതിയില്‍ മെച്ചപ്പെടുത്തുകയാണ് ചെയ്തത്. കൃത്രിമബുദ്ധിയിലുള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളില്‍ ഒന്നാം സ്ഥാനത്തെത്താന്‍ മത്സരിക്കുകയാണ് ഇപ്പോള്‍ ചൈന. ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ് അവര്‍. ചന്ദ്രനിലും ചൊവ്വയിലും പേടകങ്ങളിറക്കിയ അവര്‍ മൂന്നുപേരെ ബഹിരാകാശകേന്ദ്രത്തിലേക്ക് അയച്ചു കഴിഞ്ഞു.  2003 മുതല്‍ 11 പേരെ, രണ്ടു സ്ത്രീകളുള്‍പ്പെടെയുള്ളവരെയാണ് ബഹിരാകാശത്തേക്ക് അയച്ചത്. ഈ വര്‍ഷം മാത്രം 40 ബഹിരാകാശ ദൗത്യങ്ങള്‍ക്കാണ് അവര്‍ പദ്ധതിയിടുന്നത്. 2022-ല്‍ തന്നെ സ്വന്തം ബഹിരാകാശനിലയം പൂര്‍ത്തിയാക്കുകയാണ് ചൈനയുടെ ലക്ഷ്യം. 

ബുള്ളറ്റ് ട്രെയിനും വിശാലമായ വിമാനത്താവളങ്ങളും ചൈനയുടെ കയറ്റുമതിയും മാത്രമല്ല ചൈനയുടെ സവിശേഷതയെന്ന് പറയുന്നു സുധീന്ദ്ര കുല്‍ക്കര്‍ണി. ലോകത്തെ ഒന്നാംനിര സര്‍വകലാശാലകളും മ്യൂസിയങ്ങളും ആര്‍ട്ട് ഗ്യാലറികളും വായനശാലകളും സ്റ്റേഡിയങ്ങളും ചൈന നിര്‍മ്മിച്ചുകഴിഞ്ഞു. യു.എസിലേതിനേക്കാള്‍ ഏറ്റവുമധികം വിദേശവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രാജ്യമായി ചൈന ഉടന്‍ മാറുമെന്നും അദ്ദേഹം പറയുന്നു. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കണ്‍സര്‍ട്ട് ഹാളുകളും പാര്‍ക്കുകളും എല്ലാം അവര്‍ തുടങ്ങുന്നു. 2019-ല്‍, കൊറോണയ്ക്ക് മുന്‍പ് ചൈനയില്‍ എത്തിയത് 6.6 കോടി വിദേശ സഞ്ചാരികളാണ്. ഇന്ത്യയില്‍ 1.8 കോടിയും. 1500 കോടി ഡോളറാണ് പുതിയ പൊതു ഉദ്യാനങ്ങള്‍ക്കായി വര്‍ഷവും ചൈന ചെലവഴിക്കുന്നത്. 2001-ലേതിനേക്കാള്‍ അഞ്ച് മടങ്ങ് ഹരിതസാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഷങ്ഹായില്‍ 55 പാര്‍ക്കുകളാണ് അവര്‍ കഴിഞ്ഞവര്‍ഷം തുടങ്ങിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 600 ഉദ്യാനങ്ങള്‍ തുടങ്ങാനാണ് അവരുടെ പദ്ധതി. ദീര്‍ഘവീക്ഷണസ്വഭാവമുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് സൂചിപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം. ലോകത്തെ ഏറ്റവും കൂടുതല്‍ വായുമലിനീകരണം സൃഷ്ടിക്കുന്ന രാജ്യം ഇപ്പോഴും ചൈന തന്നെയാണ്. എന്നാല്‍, മൊത്തം ഊര്‍ജസ്രോതസിന്റെ 40 ശതമാനം പാരമ്പര്യേതരമാണെന്നതാണ് മറ്റൊരു നേട്ടം. അതായത് അമേരിക്ക ഉല്പാദിപ്പിക്കുന്ന പാരമ്പര്യേതര ഊര്‍ജത്തിന്റെ ഇരട്ടി വരും ഇത്.

നൂറാം വയസിലേക്ക് കടക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അഭിവാദ്യം അർപ്പിക്കുന്ന മുതിർന്ന പാർട്ടി അം​ഗങ്ങൾ
നൂറാം വയസിലേക്ക് കടക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അഭിവാദ്യം അർപ്പിക്കുന്ന മുതിർന്ന പാർട്ടി അം​ഗങ്ങൾ

കേന്ദ്രീകൃതസ്വഭാവവും നേട്ടവും

കൊവിഡിന്റെ ഉത്ഭവകേന്ദ്രം ചൈനയായിരുന്നെങ്കിലും ആ ദുരന്തത്തെയും ചൈന ഒരുപരിധി വരെ മറികടന്നു. വുഹാന്‍ ചൈനീസ് തകര്‍ച്ചയുടെ ഉല്‍പ്രേരകമെന്ന് വിശേഷിപ്പിച്ച പാശ്ചാത്യമാധ്യമങ്ങള്‍ 60 ദിവസത്തിനകം അവരുടെ റിപ്പോര്‍ട്ടുകള്‍ തിരുത്തിയെഴുതി. നിയന്ത്രണങ്ങളുടെ കാര്‍ക്കശ്യം രോഗനിയന്ത്രണത്തിനൊപ്പം അവര്‍ക്ക് പുതിയ സാധ്യതകള്‍ കൂടി നല്‍കുകയായിരുന്നു. ഏകപാര്‍ട്ടി ഭരണം, അതാണ് ഗുണകരമായതെന്ന് ചൈന പ്രചരിപ്പിച്ചു. ആദ്യഘട്ടത്തിലുണ്ടായ പിഴവ് മറയ്ക്കാന്‍ ലോകരാജ്യങ്ങളിലേക്ക് മെഡിക്കല്‍ കിറ്റുകള്‍ കയറ്റിഅയച്ചു. ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘത്തെ വിട്ടു നല്‍കി. ഇതൊക്കെ പ്രതിച്ഛായ നിര്‍മ്മിതിക്കു വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമങ്ങളായി കണ്ടവരുണ്ട്. ഏതായാലും ലോക്ക്ഡൗണ്‍ വഴി രോഗം പിടിച്ചുനിര്‍ത്താന്‍ ചൈനയിലല്ലാതെ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് ലോകത്തിന് ഏറെക്കുറെ വ്യക്തമായി. 

രാജ്യത്തിന്റെ മുഴുവന്‍ നിയന്ത്രണവും പാര്‍ട്ടിക്കാണ്. പൊലീസ് മുതല്‍ പട്ടാളം വരെ. ഒമ്പതു കോടി അംഗങ്ങളുള്ള പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് പൊളിറ്റ് ബ്യൂറോ. പാര്‍ട്ടി തീരുമാനങ്ങള്‍ പേരിന് നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസ് എന്ന പാര്‍ലമെന്റ് വഴി നടപ്പാക്കും. മാധ്യമങ്ങളും ഇന്റര്‍നെറ്റും വരെ പാര്‍ട്ടി നിയന്ത്രണത്തില്‍. ഇങ്ങനെയുള്ള ഒരു രാജ്യത്ത് തീരുമാനങ്ങള്‍ നടപ്പാക്കാന്‍ താരതമ്യേന എളുപ്പവുമാണ്. അതാണ് കൊവിഡിനെ നേരിടാന്‍ ചൈനയ്ക്ക് സഹായകരമായതും. 

ചൈന നല്‍കുന്ന 5 പാഠങ്ങള്‍ 

എങ്ങനെയാണ് ചൈന ഈ നേട്ടങ്ങള്‍ കൈവരിച്ചത്. ചൈനയുടെ മുന്നേറ്റത്തെക്കുറിച്ച് രസകരമായ ഒരു പരാമര്‍ശം ആധുനിക സിംഗപ്പൂരിന്റെ പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ ലീ ക്വാന്‍ യുടേതാണ്- ചൈനയില്‍ കമ്യൂണിസം പരാജയപ്പെട്ടു, എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചു. ഏകീകൃത സ്വഭാവത്തോടെ, ഇത്ര ചിട്ടയോടെ ഒരു രാജ്യവും  ചെറുകാലയളവില്‍ വലിയ നേട്ടം കൊയ്തിട്ടുണ്ടാകില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. ചൈനയുടെ ഈ തന്ത്രപരമായ കാഴ്ചപ്പാടിനെയാണ് ലീ ക്വാന്‍ വാക്കുകള്‍കൊണ്ട് അഭിനന്ദിക്കുന്നത്. ഏകപാര്‍ട്ടി സംവിധാനം പിന്തുടരുന്ന ചൈനയില്‍ സര്‍വതും പാര്‍ട്ടിയാണ്. എവിടെയും എന്തും പാര്‍ട്ടി. ബഹുരാഷ്ട്രീയ പാര്‍ട്ടിസംവിധാനമുള്ള ജനാധിപത്യരാജ്യങ്ങള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍, ഇതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാമെന്ന് പറയുന്നു സുധീന്ദ്ര കുല്‍ക്കര്‍ണി. വാജ്പേയിയുടെ സഹചാരിയായിരുന്ന അദ്ദേഹം എഴുതിയ കുറിപ്പില്‍ ഇന്ത്യന്‍ പാര്‍ട്ടികള്‍ ചൈനയില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട അഞ്ച് ഘടകങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഇതില്‍ പലതും ജനാധിപത്യരാജ്യമെന്ന രീതിയില്‍ ഉള്‍ക്കൊള്ളാനോ പരിഗണിക്കാനോ സാധിക്കില്ല.  

ഊര്‍ജവും സമയവും

പ്രഥമകാര്യം തെരഞ്ഞെടുപ്പുകള്‍ക്കായി ചെലവഴിക്കേണ്ടുന്ന നേതാക്കളുടെയും പാര്‍ട്ടികളുടെയും സമയവും ഊര്‍ജവുമാണ്. ബഹുപാര്‍ട്ടികളുടെ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യന്‍ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പുകളിലെ ജയം അനിവാര്യമാണ്. അതിനായി ഊര്‍ജവും സമയവും മാറ്റിവയ്ക്കുന്നതോടെ രാഷ്ട്രനിര്‍മ്മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാവാതെ വരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വിജയിക്കുന്നതാണ് നേതാവിന്റെ കഴിവും ഗുണവും നിശ്ചയിക്കപ്പെടുന്നത്. സ്വാഭാവികമായും നമ്മുടെ ജനാധിപത്യവ്യവസ്ഥതിയില്‍ പണാധികാരവും മതപരവും ജാതിപരവുമായ ഘടകങ്ങളും ചൂഷണം ചെയ്യപ്പെടും. പോപ്പുലിസ്റ്റ് വാഗ്ദാനങ്ങളും (അത് അദ്ദേഹം സൂചിപ്പിക്കുന്നത് 15 ലക്ഷം വീതം ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലെത്തുമെന്ന മോദിയുടെ വാഗ്ദാനത്തെക്കുറിച്ചാണ്) മാധ്യമങ്ങളിലൂടെ മുതലെടുക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ജനതയെ ഏകീകരിക്കാന്‍, അല്ലെങ്കില്‍ ധ്രുവീകരണം നടത്താന്‍ ഓരോ പാര്‍ട്ടികളും നേതാക്കളും ഊര്‍ജം ചെലവഴിക്കുന്നു. സംയുക്ത പാര്‍ട്ടികളുടെ അഭിപ്രായസമന്വയത്തിനോ സഹകരണത്തിനോ സാധ്യത ഇല്ലാതെ വരുന്നു. എന്നാല്‍, ചൈനയെ സംബന്ധിച്ചടത്തോളം ഈ പരിമിതിയില്ല.

അനുഭവം ഗുരു

ചൈനയില്‍ അനുഭവപരിചയമുള്ള, ഉന്നതവിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥരെയാണ് ദേശീയ-പ്രവിശ്യകളുടെ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നല്‍കുന്ന സമയപരിധിക്കുള്ളില്‍ ഇവരാണ് പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുക. ഗ്രൂപ്പുകളിയും സ്വജനപക്ഷപാതവും ഈ സംവിധാനത്തിലുമുണ്ടെങ്കിലും അതിനു പരിമിതിയുണ്ട്. പദ്ധതികളുടെ വിലയിരുത്തലുകള്‍ പ്രൊഫഷണല്‍ രീതിയില്‍ നടക്കും. പ്രവിശ്യകളില്‍ ഭരണനൈപുണ്യവും കഴിവും പ്രകടിപ്പിച്ചാല്‍ മാത്രമാണ് നേതാക്കള്‍ക്ക് ദേശീയതലത്തിലേക്ക് പ്രവേശിക്കാനാകുക. ദേശീയനേതാക്കളെല്ലാവരും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയം നേടിയവരുമാണ്. അതാണ് മാനദണ്ഡം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയും മുന്‍ഗാമികളുടെയും ഉപദേശവും അവര്‍ സ്വീകരിക്കുന്നു. ഇതേ മാതൃകയില്‍ 2014-ല്‍ ബി.ജെ.പി കൊണ്ടുവന്ന മാര്‍ഗദര്‍ശക്മണ്ഡല്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, മുതിര്‍ന്ന നേതാക്കളെ നിശ്ശബ്ദരാക്കാനാണ് അത് ഉപയോഗിക്കപ്പെട്ടത്. ഒരു യോഗം പോലും ചേര്‍ന്നതുമില്ല. പൊതുചടങ്ങുകളില്‍ ഷി ജിന്‍പിങ് മാത്രമല്ല ആറു പി.ബി അംഗങ്ങളും പഴയ പ്രധാനമന്ത്രിമാരും മുതിര്‍ന്ന പാര്‍ട്ടിനേതാക്കളും വേദിയില്‍ ഒന്നിച്ചാണ് പ്രത്യക്ഷപ്പെടുക. ഒത്തൊരുമയുള്ള ഒരു നേതൃത്വത്തിന്റെ പ്രകടനം. ഇവിടെ അത്തരമൊരു രീതിയില്ല. അയോധ്യരാമക്ഷേത്രം നിര്‍മ്മിക്കുന്ന ഭൂമി പൂജ ഉദാഹരണം. മോദി അത് സ്വകാര്യചടങ്ങാക്കി മാറ്റി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനു പോലും ക്ഷണമുണ്ടായിരുന്നില്ല.

മാറുന്ന മാറ്റങ്ങള്‍ 

നമ്മള്‍ വിചാരിക്കുന്നതുപോലെ കര്‍ക്കശമായ, വഴങ്ങാത്ത ഒന്നല്ല സി.പി.സി പ്രായോഗികമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാണ്. മാര്‍ക്സിസം-ലെനിനിസം, മാവോയിസം തുടങ്ങി സൈദ്ധാന്തിക അടിത്തറ പോലും കാലാകാലങ്ങളില്‍ അവര്‍ മാറ്റുന്നു. പ്രതിസന്ധികളെ തരാതരത്തില്‍ മറികടക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം സാമ്പത്തിക രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്ക് മുതിര്‍ന്നത് അതിന് ഉദാഹരണമാണ്. പ്രശ്നങ്ങള്‍ക്ക് പാര്‍ട്ടിക്ക് അകത്തു തന്നെ പരിഹാരമുണ്ടാക്കുന്നുവെന്നതാണ് മറ്റൊന്ന്. അഴിമതിയും അധികാരദുര്‍വിനിയോഗവും പാര്‍ട്ടിയില്‍ കൂടിയപ്പോള്‍ അത്തരക്കാരെ കണ്ടുപിടിക്കാന്‍ സി ജിന്‍പിങ് തയ്യാറായി. പാര്‍ട്ടിയുടെയും ഭരണസംവിധാനത്തിന്റെയും അടിത്തട്ട് മുതല്‍ മേല്‍ത്തട്ട് വരെ അക്കാര്യത്തില്‍ വ്യത്യാസമില്ലായിരുന്നു. പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അഴിമിതി കണ്ടെത്തുമെന്നും ശിക്ഷിക്കപ്പെടുമെന്നുള്ള ഭയം സൃഷ്ടിക്കാന്‍ അതുവഴി കഴിഞ്ഞു. നേതാക്കളും പ്രവര്‍ത്തകരും അഴിമതിക്കാരാണോ എന്ന് പരിശോധന നടത്തുന്ന വേറെ പാര്‍ട്ടിയും സംവിധാനവും ഉണ്ടാകുമെന്നു തോന്നുന്നില്ല. 

പഠനവും പരിശീലനവും

വ്യവസ്ഥാപിതമായ പാര്‍ട്ടി സ്‌കൂളുകള്‍ വഴി പഠനത്തിനും പരിശീലനത്തിനും അവര്‍ മുന്‍തൂക്കം നല്‍കുന്നു. വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിക്കാന്‍ അവര്‍ ശ്രമിക്കുന്നു. സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ചിന്തകരെയും അക്കാദമിക്കുകളെയും അവര്‍ കൊണ്ടുവരുന്നു. അവരുടെ അഭിപ്രായം കണക്കിലെടുക്കുന്നു. വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പടവുകളായിട്ടാണ് പഠനങ്ങളെ അവര്‍ കാണുന്നത്. അത്തരത്തില്‍ വിഷയങ്ങളെക്കുറിച്ച് പഠിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന പതിവ് ഇന്ത്യന്‍ പാര്‍ട്ടികള്‍ക്കില്ല.

ആദ്യം ജനങ്ങള്‍

1978-ന് ശേഷം ഡെങ് ചില മുതലാളിത്ത പരിഷ്‌കാരങ്ങള്‍(വിപണി തുറന്നുനല്‍കുന്നതടക്കം) സാമ്രാജ്യത്വ ശക്തികളുമായി സഹകരിച്ച് നടപ്പാക്കിയപ്പോഴും ചൈനീസ് സോഷ്യലിസത്തിന്റെ സ്വഭാവസവിശേഷതകള്‍ ഉപേക്ഷിച്ചിരുന്നില്ല. പരിഷ്‌കാരങ്ങള്‍ രാജ്യം ശക്തിപ്പെടുത്താനും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് ഉപയോഗിച്ചത്. ഈ പ്രതിബന്ധതയാണ് ദീര്‍ഘകാല ഭരണം ചൈനയില്‍ സാധ്യമാക്കിയതും. ഇന്ത്യയിലാകട്ടെ ഭരണഘടനയില്‍ തന്നെയുള്ള സോഷ്യലിസം നടപ്പാക്കുന്നതില്‍ പാര്‍ട്ടികള്‍ പരാജയമായിരുന്നു. അതിനു പകരംവയ്ക്കാന്‍ ഒന്നും പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നതുമില്ല. രാജ്യമെന്ന സ്വത്വം ഹിന്ദുത്വ അനുകൂലികള്‍ ഛിദ്രമാക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com