പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധന; ഒരു കൊള്ളയുടെ കാണാപ്പുറങ്ങള്‍

അന്താരാഷ്ട്ര വിപണിയില്‍ എത്രതന്നെ വിലയിടിവ് സംഭവിച്ചാലും അതിന്റെ യാതൊരു നേട്ടവും പൊതുജനങ്ങള്‍ക്കു കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന തീരുമാനമാണ് ഈ നടപടിയിലൂടെ വ്യക്തമാക്കപ്പെട്ടത്
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധന; ഒരു കൊള്ളയുടെ കാണാപ്പുറങ്ങള്‍

2021 മെയ് നാല് മുതല്‍ ജൂണ്‍ 25 വരെയുള്ള 53 ദിനങ്ങള്‍ക്കിടയില്‍ 28 തവണയാണ് പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചത്. പെട്രോളിന്റെ ചില്ലറ വില്‍പ്പന വില കേരളത്തില്‍ ലിറ്ററിന് 100 രൂപ കടന്നിരിക്കുകയാണ്. വിദേശവിപണി വിലയിലുണ്ടാകുന്ന വര്‍ദ്ധനവിന്റെ പ്രതിഫലനമാണിതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, നാല് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഫെബ്രുവരി 27 മുതല്‍ മെയ് മൂന്ന് വരെയുള്ള 65 ദിവസക്കാലം യാതൊരു വിലവര്‍ദ്ധനവും വരുത്താതെയിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇക്കാലയളവിലും അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ (ഇന്ത്യന്‍ ബാസ്‌ക്കറ്റ്) വില പലതവണ വര്‍ദ്ധിച്ചിരുന്നു. 2021 ഫെബ്രുവരി മാസം ശരാശരിവില ബാരലിന് 61.22 ഡോളറായിരുന്നത് മാര്‍ച്ചില്‍ 64.73 ആയാണ് ഉയര്‍ന്നത്. ഇത് കാണിക്കുന്നത് വിദേശ വിലയിലുണ്ടാകുന്ന വര്‍ദ്ധനയ്ക്കനുസരിച്ചല്ല രാജ്യത്ത് ചില്ലറവിലകള്‍ നിശ്ചയിക്കുന്നതെന്നാണ്. ആഭ്യന്തര വിപണിയില്‍ അന്ന് വിലവര്‍ദ്ധനവ് നടപ്പാക്കാതിരുന്നത് ഏപ്രില്‍ മാസം നടക്കാനിരുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ മാത്രമായിരുന്നില്ല. ഇന്ധനവിലകള്‍ നിര്‍ണ്ണയിക്കാനുള്ള നിയന്ത്രണം കൈപ്പിടിയിലൊതുക്കി മറ്റു പല സാമ്പത്തിക താല്പര്യങ്ങള്‍ കൂടി സംരക്ഷിക്കാനായിരുന്നു. ഇത്തരം ശ്രമങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സാധാരണക്കാരുടെ താല്പര്യം സംരക്ഷിക്കുന്ന എല്ലാ സംവിധാനങ്ങളേയും തകര്‍ക്കുകയെന്ന നിയോലിബറല്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ്. 

എക്‌സൈസ് തീരുവയെന്ന കൗശലതന്ത്രം 

കൗശലം നിറഞ്ഞ രീതിയിലാണ് ഇതെല്ലാം നടത്തിയെടുക്കുന്നത്. അതിന് ആദ്യം വേണ്ടിയിരുന്നത് വില നിശ്ചയിക്കുന്ന കാര്യത്തിലുള്ള പൊതുജന താല്പര്യം സംരക്ഷിക്കുന്ന സംവിധാനമായ എ.പി.എമ്മിനെ (അഡ്മിനിസ്ട്രേറ്റഡ് പ്രൈസ് മെക്കാനിസം) റദ്ദ് ചെയ്യുകയായിരുന്നു. 2002 ഏപ്രില്‍ ഒന്നിന് ഇതു നടപ്പിലാക്കി. അടിക്കടിയുണ്ടാകുന്ന വിപണി വിലയുടെ ചാഞ്ചാട്ടത്തില്‍നിന്നും ഉപഭോക്താവിനെ സംരക്ഷിക്കാനും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് പൊതുവേ ഗുണം ചെയ്യുന്ന രീതിയില്‍ ചില്ലറ വിലകള്‍ നിശ്ചയിക്കാനുമുള്ള സംവിധാനമായിരുന്നു എ.പി.എം ഓയില്‍ പൂള്‍ അക്കൗണ്ട് വഴിയായിരുന്നു മുഖ്യമായും ഇത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, പെട്രോളിന്റേയും ഡീസലിന്റേയും വില നിയന്ത്രണം മറ്റു പല രീതിയിലും തുടര്‍ന്നു. ഡീസലിനെ സ്വതന്ത്രമാക്കി  വില നിയന്ത്രണം നടത്തുന്ന സംവിധാനങ്ങളുടെ അവസാന ആണിയടിച്ചത് 2014 ഒക്ടോബര്‍ 18-ന് നരേന്ദ്ര മോദി സര്‍ക്കാരായിരുന്നു. കമ്പോളത്തിലെ ചോദനവും പ്രദാനവും (ഡിമാന്‍ഡ്, സപ്ലൈ) വില നിശ്ചയിക്കുന്നതാണ് സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമതയും വളര്‍ച്ചയും മെച്ചപ്പെടുത്തുന്നതിനു വേണ്ടതെന്നും അതിനിടയില്‍ എ.പി.എം വഴിയുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ സാമ്പത്തിക പ്രേരണകളെ (ഇന്‍സെന്റീവ്സ്) വക്രീകരിക്കുമെന്നതിനാല്‍ തീര്‍ത്തും അനാവശ്യമാണെന്നും പറഞ്ഞാണ് ഇത്തരം സംവിധാനങ്ങളെല്ലാം റദ്ദ് ചെയ്തത്. അതോടുകൂടി ചില്ലറവില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ വിട്ടൊഴിഞ്ഞുവെന്ന പ്രതീതിയാണ് പരക്കെയുണ്ടായത്.

എന്നാല്‍, ജനതാല്പര്യം സംരക്ഷിക്കുന്ന രീതിയിലുള്ള 'വിലനിയന്ത്രണം' വേണ്ടെന്നു വെച്ചുവെന്നു മാത്രമേ അതിന് അര്‍ത്ഥമുള്ളൂ. കേന്ദ്രസര്‍ക്കാരിനു മറ്റു പല സാമ്പത്തിക താല്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. അതിന് ഇന്ധനത്തിന്റെ ചില്ലറവിലകള്‍ നിയന്ത്രിക്കപ്പെടണം. സാമ്പത്തിക ആസൂത്രണത്തിനു പ്രാമുഖ്യമുണ്ടായിരുന്ന സമയത്ത് വില നിയന്ത്രിക്കാനായി രൂപം നല്‍കിയ എ.പി.എം സംവിധാനത്തെ നിയോലിബറല്‍ കാലത്ത് റദ്ദ് ചെയ്‌തെങ്കിലും നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാനായി ഫലത്തില്‍ വിലനിയന്ത്രണം തുടരുകയാണ് ചെയ്യുന്നത്. എക്‌സൈസ് തീരുവയെന്ന കൗശലതന്ത്രം പ്രയോഗിച്ചാണ് ഇതു നടപ്പാക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, 2014-ല്‍ റദ്ദ് ചെയ്യപ്പെട്ട 'വിലനിയന്ത്രണം' എക്‌സൈസ് തീരുവയെന്ന പിന്‍വാതിലിലൂടെ വേഷം മാറിവന്ന് അദൃശ്യമായി നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ധനങ്ങളുടെ ചില്ലറവില നിയന്ത്രിക്കുന്ന ചിത്രമാണ് കാണാന്‍ കഴിയുന്നത്. 

വാസ്തവത്തില്‍ വിലനിയന്ത്രണമെന്ന ആശയം ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ജനതാല്പര്യം സംരക്ഷിക്കുന്ന രീതിയിലുള്ള വിലനിയന്ത്രണം വേണ്ടെന്നു മാത്രമേ അര്‍ത്ഥമുള്ളൂ. മറ്റെല്ലാ താല്പര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി നിരന്തരം വിലനിയന്ത്രണം നടത്തുക എന്നുള്ളത് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. 80 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രമുഖ സാമ്പത്തിക ചരിത്രകാരനായ കാള്‍ പോളാനി നടത്തിയ പ്രവചനാത്മകമായ വിലയിരുത്തല്‍ ഇത്തരം അനുഭവങ്ങളുടെ നേര്‍സാക്ഷ്യമായി മാറുകയാണ്. കുത്തക കമ്പോളശക്തികളെ പരിപോഷിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ തികച്ചും ആസൂത്രിതമാണെന്നും എന്നാല്‍, അതിന്റെ കെടുതികള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന സ്വാഭാവിക ചെറുത്തുനില്‍പ്പാണ് ആസൂത്രണമെന്നുമാണ് (പ്ലാനിംഗ്) അദ്ദേഹം സൂക്ഷ്മമായി വിലയിരുത്തിയത് (ദി ഗ്രേറ്റ് ട്രാന്‍സ്ഫോര്‍മേഷന്‍: ദി പൊളിറ്റിക്കല്‍ ആന്‍ഡ് ഇക്കണോമിക് ഒറിജിന്‍സ് ഓഫ് അവര്‍ ടൈം, 1944). 

വിലനിയന്ത്രണവും എക്‌സൈസ് തീരുവയും  

ചോദനത്തിന്റേയും പ്രദാനത്തിന്റേയും അടിസ്ഥാനത്തിലുള്ള കാര്യക്ഷമത കൈവരിക്കാന്‍ വേണ്ടിയാണ് 'വിലനിയന്ത്രണം' എടുത്തുകളയുന്നതെന്നു പറഞ്ഞവര്‍ വിവിധ എക്‌സൈസ് തീരുവകള്‍ കൗശലപൂര്‍വ്വം കൂട്ടുകയും പുനഃക്രമീകരിക്കുകയും ചെയ്തുകൊണ്ട് നിരന്തരം വിലനിയന്ത്രണം നടപ്പാക്കുകയാണ്. അതില്‍നിന്ന് ഒരു കാര്യം പകല്‍പോലെ തെളിഞ്ഞു വരുന്നുണ്ട്. ലക്ഷ്യം കാര്യക്ഷമമാക്കുകയായിരുന്നില്ല. അതുകൊണ്ടാണ് ബിസിനസ്സ് താല്പര്യങ്ങളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന  ഇക്കണോമിക് ടൈംസിനുപോലും ഏകദിശയില്‍ മാത്രം ട്രാഫിക്കുള്ള നിരത്താണിതെന്ന ആക്ഷേപം പറയേണ്ടിവന്നത്. അതായത് വിദേശ വിപണിയില്‍ വില കുറഞ്ഞെന്നു കരുതി അതനുസരിച്ചുള്ള നേട്ടം സാധാരണ ജനത്തിു നല്‍കുകയില്ല. നേട്ടം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കലാക്കും.  എന്നാല്‍, വില വര്‍ദ്ധിച്ചാല്‍ അതിന്റെ ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. 

എക്‌സൈസ് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രധാനമായും മൂന്ന് തീരുവകളുമായി ബന്ധപ്പെട്ടാണുള്ളത്. അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി, അധിക എക്‌സൈസ് ഡ്യൂട്ടി, വിശേഷ അധിക എക്‌സൈസ് ഡ്യൂട്ടി എന്നിവയാണവ. ഇതില്‍ ആദ്യത്തേതു മാത്രമേ സംസ്ഥാനങ്ങളുമായി ധനകമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പങ്കുവയ്‌ക്കേണ്ടതുള്ളൂ. രണ്ടാമത്തേത് റോഡ്-അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടിയുള്ള സെസ്സും മൂന്നാമത്തേത് സര്‍ച്ചാര്‍ജ്ജുമാണ്.  അതോടൊപ്പം കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള മറ്റൊരു സെസ്സു കൂടി 2021-ലെ ബജറ്റു മുതല്‍ ചുമത്തുന്നുണ്ട്. സെസ്സ്, സര്‍ച്ചാര്‍ജ് എന്നിവ മുഴുവന്‍ കേന്ദ്രസര്‍ക്കാരിനു സ്വന്തമായി വിനിയോഗിക്കാം. 

അതുകൊണ്ടുതന്നെ സെസ്സ്, സര്‍ച്ചാര്‍ജ് എന്നീ വിഭാഗത്തില്‍പ്പെടുന്ന എക്‌സൈസ് തീരുവയാണ് കഴിഞ്ഞ നാളുകളില്‍ നിരന്തരം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. അതിന്റെ ചുവടുപിടിച്ചാണ്  ഇക്കഴിഞ്ഞ ബജറ്റില്‍ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനായി മറ്റൊരു സെസ്സ്‌കൂടി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. പെട്രോള്‍, ഡീസല്‍ എന്നിവയുടെമേല്‍ യഥാക്രമം രണ്ടര രൂപയും നാല് രൂപയുമാണ് അതു പ്രകാരം ചുമത്തിയത്. എന്നാല്‍, മൊത്തത്തിലുള്ള നികുതിഭാരം വര്‍ദ്ധിക്കുകയോ ചില്ലറ വില്‍പ്പനവില കൂടുകയോ ചെയ്യാത്ത രീതിയിലായിരുന്നു അത് നടപ്പാക്കിയത്. അതിനാല്‍ത്തന്നെ  മാധ്യമങ്ങളിലൊന്നും അതൊരു ചര്‍ച്ചയായി മാറിയതുമില്ല. മുഖ്യമായും സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട അടിസ്ഥാന എക്‌സൈസ് തീരുവയില്‍ കുറവ് വരുത്തിക്കൊണ്ടാണ് 2021-ലെ ബജറ്റില്‍ പുതിയ സെസ്സ് ചുമത്തിയത്. അതോടെ സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന എക്‌സൈസ് തീരുവയുടെ വിഹിതം കുറഞ്ഞു. മറുവശത്ത് തത്തുല്യമായി കേന്ദ്രവിഹിതം കൂടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍, സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബ്ബലപ്പെടുത്തുന്നതിനോടൊപ്പം സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ട റവന്യൂ വിഹിതം വളഞ്ഞവഴിയില്‍ സ്വന്തമാക്കാനുള്ള ഉപാധിയായി എക്‌സൈസ് തീരുവകളെ മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. 

ഈ രീതിയിലുള്ള കൗശലബുദ്ധി കേന്ദ്രസര്‍ക്കാര്‍ ആദ്യമായിട്ടൊന്നുമല്ല പ്രയോഗിക്കുന്നത്. 2020 മാര്‍ച്ച് 25-ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഫൈനാന്‍സ് ബില്ലിന് അവസാന നിമിഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഇതാണ് വ്യക്തമാക്കുന്നത്. വിദേശ വിപണിയില്‍ 2020 ഫെബ്രുവരി മാസം ക്രൂഡ് ഓയിലിന്റെ (ഇന്ത്യന്‍ ബാസ്‌ക്കറ്റ്) വില ബാരലിന് 54 ഡോളര്‍ ആയിരുന്നത് മാര്‍ച്ച് മാസം 33 ഡോളറായി കുത്തനെ ഇടിഞ്ഞിരുന്നു.  ഈ വിലയിടിവ് പരക്കെ പ്രതീക്ഷിച്ചിരുന്നതാണ്.  വിലയിടിവില്‍നിന്നുള്ള നേട്ടം ജനങ്ങള്‍ക്കു നല്‍കാതെ മുഴുവനും  കൈക്കലാക്കണമെങ്കില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന വിവിധ തീരുവകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍, അത്തരം തീരുവകളെല്ലാം അതിന്റെ പരിധിയില്‍ എത്തിനില്‍ക്കുകയായിരുന്നു. അതുകൊണ്ടാണ്  മാര്‍ച്ച് മാസം 23-ന്  പാസ്സാക്കിയ ധന (ഫൈനാന്‍സ്) ബില്ലിന്റെ എട്ടാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തിക്കൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും മേല്‍ സര്‍ച്ചാര്‍ജ് (വിശേഷ അധിക എക്‌സൈസ് ഡ്യൂട്ടി) ചുമത്തുന്നതിന്റെ പരിധി ലിറ്ററിന് എട്ടു രൂപവീതം വര്‍ദ്ധിപ്പിച്ചത്. മഹാമാരിയെ നിയന്ത്രിക്കുന്നതിനായി 2020 മാര്‍ച്ച് 25-ന്  പ്രഖ്യാപിച്ച ലോക്ഡൗണിന്റെ കാര്യത്തില്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പൊന്നും നടത്താന്‍ കഴിഞ്ഞില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയിടിവില്‍നിന്ന് എങ്ങനെ നേട്ടം കൊയ്യാമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അങ്ങേയറ്റത്തെ തന്ത്രജ്ഞതയും സൂക്ഷ്മതയും പുലര്‍ത്തിയിരുന്നു എന്നാണ് അവസാന നിമിഷത്തില്‍ നടത്തിയ ഭേദഗതി വെളിപ്പെടുത്തിയത്. 

അന്താരാഷ്ട്ര വിപണിയില്‍ എത്രതന്നെ വിലയിടിവ് സംഭവിച്ചാലും അതിന്റെ യാതൊരു നേട്ടവും പൊതുജനങ്ങള്‍ക്കു കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന തീരുമാനമാണ് ഈ നടപടിയിലൂടെ വ്യക്തമാക്കപ്പെട്ടത്. എന്നാല്‍, എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് റവന്യൂ വരുമാനം കേവലമായി വര്‍ദ്ധിപ്പിക്കുക എന്നതിനുമപ്പുറം മറ്റു ചില സാമ്പത്തിക ലക്ഷ്യങ്ങള്‍ കൂടി തന്ത്രപരമായ ഈ നീക്കത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്നുണ്ട്. അത് അനാവരണം ചെയ്യുമ്പോള്‍ മാത്രമേ ഇന്ധന വിലവര്‍ദ്ധനവിന്റെ പിന്നിലെ പൊരുള്‍ ചുരുള്‍നിവരുകയുള്ളൂ. എന്നാല്‍, വിദേശ വിപണിവിലയില്‍ ഇപ്പോഴുണ്ടാകുന്ന വര്‍ദ്ധനയാണ് ഇതിനെല്ലാം കാരണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം കൂടി അതിനുമുന്‍പ് വിലയിരുത്തേണ്ടതുണ്ട്. 

വിദേശവില വര്‍ദ്ധനയെന്ന മുടന്തന്‍ ന്യായം 

രാജ്യത്തിനുവേണ്ടി എണ്ണക്കമ്പനികളാണ് അന്താരാഷ്ട്ര വിപണിയില്‍നിന്നും പെട്രോളിയം ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. വിദേശവിപണി വില ഉയരുന്നതിനാല്‍  അതനുസരിച്ച് ചില്ലറവില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ എണ്ണക്കമ്പനികള്‍ക്കെല്ലാം നഷ്ടം സഹിക്കേണ്ടിവരുമെന്നും അതൊഴിവാക്കാന്‍ വേണ്ടിയാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന ന്യായീകരണത്തില്‍ വസ്തുതയൊന്നുമില്ല. 2020-'21 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ എണ്ണക്കമ്പനികളെല്ലാം നല്ല ലാഭത്തിലാണെന്നു കാണാന്‍ കഴിയും. വിലകുറഞ്ഞപ്പോള്‍ വാങ്ങിവെച്ച എണ്ണയുടെ വലിയ ശേഖരമുള്ളതിനാല്‍ ഇന്ത്യയിലെ എണ്ണക്കമ്പനികളെല്ലാം വലിയ ലാഭമാണ് (ഇന്‍വെന്ററി ഗെയിന്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നേടിയിട്ടുള്ളത്. പൊതുമേഖലാ കമ്പനികളായ എച്ച്.പി.സി.എല്‍ 4000 കോടിയും ഇന്ത്യന്‍ ഓയില്‍ 8700 കോടിയുമാണ് ഈയിനത്തില്‍ മാത്രം നേടിയത്. മാത്രവുമല്ല, അന്തര്‍ദ്ദേശീയ വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിക്കുന്നുണ്ടെന്നു കരുതി അതനുസരിച്ച് ആഭ്യന്തര വിപണിയില്‍ വില വര്‍ദ്ധിപ്പിക്കേണ്ട കാര്യമൊന്നുമില്ല. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞപ്പോള്‍ അതനുസരിച്ചുള്ള വിലക്കുറവ് ഇവിടെ അനുവദിച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് വിദേശവിപണിയില്‍ വിലകൂടിയെന്നു കരുതി അതനുസരിച്ച് ആഭ്യന്തര വിപണിയില്‍  വില വര്‍ദ്ധിപ്പിക്കണമെന്നു വാദിക്കാന്‍ കഴിയുക. 

വിദേശ വിപണിയില്‍ വില കുറഞ്ഞപ്പോള്‍ ആഭ്യന്തര വിപണിയില്‍ വില കുറച്ചില്ലെന്ന് മാത്രമല്ല, മഹാമാരിയുടെ ആഘാതത്തില്‍ പ്രതിസന്ധിയിലായ ജനതയെ ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് ആഭ്യന്തര വിലകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. വിദേശ വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 2020 ജനുവരി മാസം  ബാരലിന് 64 ഡോളറായിരുന്നത് മാര്‍ച്ച് മാസം 33 ഡോളറായും വീണ്ടും മെയ് മാസം 30 ഡോളറായും കുറയുകയാണ് ചെയ്തത്. പക്ഷേ, വില കുറയ്ക്കുന്നതിനു പകരം 2020 മെയ് അഞ്ചിനു പെട്രോളിനു 13 രൂപയും ഡീസലിനു 10 രൂപയും തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് നിര്‍ദ്ദാക്ഷിണ്യം ചില്ലറ വില്‍പ്പനവില  ഉയര്‍ത്തുകയാണ് ചെയ്തത്. ഈ വിലവര്‍ദ്ധനവ് സെസ്സ്, സര്‍ച്ചാര്‍ജ് എന്നയിനത്തിലാണ് അടിച്ചേല്‍പ്പിച്ചത്. ഇവ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട കാര്യവുമില്ലാത്തതിനാല്‍ ലഭിക്കുന്ന റവന്യൂ വരുമാനം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കലാക്കുകയും ചെയ്തു. 

വിദേശ വിപണിയില്‍ വിലക്കുറവ് സംഭവിക്കുമ്പോള്‍  തത്തുല്യമായ വിലക്കുറവ് ആഭ്യന്തരവിപണിയില്‍ നല്‍കാതിരിക്കുന്നത്  വിദേശ വിപണിവില വര്‍ദ്ധിക്കുമ്പോള്‍ വില കുറച്ചു കൊണ്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ വേണ്ടിയാണെന്ന വാദം ഉന്നയിച്ചത് ഒന്നാം മോഡി സര്‍ക്കാരാണ് (സാമ്പത്തിക സര്‍വ്വേ 2014-'15 , പേജ് 7). ഇത് വെറും വാചകക്കസര്‍ത്തല്ലെങ്കില്‍ വിദേശവിപണി വില വര്‍ദ്ധിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ വില കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ പറഞ്ഞ വാക്കില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. 

അതുകൊണ്ടുതന്നെ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വില വര്‍ദ്ധിപ്പിക്കുന്നതെന്ന വാദമെല്ലാം എണ്ണക്കമ്പനികളും സര്‍ക്കാരും ചേര്‍ന്നു നടത്തുന്ന ഒത്തുകളിക്കു സാധാരണ ജനങ്ങളെ കരുവാക്കാനുള്ള വെറും മുടന്തന്‍ ന്യായമാണെന്നു മാത്രമേ കാണാന്‍ കഴിയൂ. 2014-'15 ലെ സാമ്പത്തിക സര്‍വ്വേയില്‍ നല്‍കിയ ഉറപ്പുകളൊന്നും നടപ്പാക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നതാണ് വാസ്തവം. ഓരോ കാലത്തും വലിയ നികുതിഭാരം സാധാരണ ജനങ്ങളുടെമേല്‍ കെട്ടിവയ്ക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ജനരോഷം തണുപ്പിക്കാന്‍ നല്‍കുന്ന പൊള്ളയായ പ്രഖ്യാപനങ്ങള്‍ മാത്രമാണതെല്ലാം. അത്തരത്തിലുള്ള മറ്റൊരു ന്യായീകരണം മാത്രമാണ് വിദേശവിപണി വില വര്‍ദ്ധിക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ ഇന്ധനവിലകള്‍ വര്‍ദ്ധിപ്പിക്കേണ്ടിവരുന്നതെന്ന വിശദീകരണം. 

സംസ്ഥാന സര്‍ക്കാരിന്റെ വില്‍പ്പന നികുതി 

കേന്ദ്രസര്‍ക്കാരിനെതിരെ എതിര്‍പ്പ് ഉന്നയിക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന വില്‍പ്പന നികുതി വെട്ടിക്കുറയ്ക്കുകയാണ് വേണ്ടതെന്ന അഭിപ്രായങ്ങള്‍ ചിലരൊക്കെ ഉന്നയിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അവയെല്ലാം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പറയുന്നത് മാത്രമാണ്. സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വളരെ പരിമിതമാണ്. ജി.എസ്.ടിയുടെ വരവോടുകൂടി അതു പിന്നേയും ചുരുങ്ങി. ഉണ്ടായ റവന്യൂ നഷ്ടം നികത്താന്‍ ജി.എസ്.ടി നിയമം സംസ്ഥാനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന നഷ്ടപരിഹാര (കോമ്പന്‍സേഷന്‍) തുകപോലും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. പകരം വായ്പ നല്‍കാമെന്നു പറഞ്ഞാണ് കൈഴുകുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിനപ്പുറമുള്ള റവന്യൂ പ്രതിസന്ധിയാണ് ജി.എസ്.ടി നടപ്പാക്കിയതോടുകൂടി സംഭവിച്ചിരിക്കുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ സ്ഥിതി വ്യത്യസ്തമാണ്. അതിവിപുലമായ നികുതി സ്രോതസ്സുകളാണ് അധികാരപരിധിയിലുള്ളത്. അതുപയോഗിക്കാതെ സംസ്ഥാന സര്‍ക്കാരുകളുടെ ചുരുങ്ങിയ പരിധിയില്‍ വരുന്ന പരിമിത സ്രോതസ്സായ വില്‍പ്പന നികുതി കൂടി പിന്‍വലിക്കണമെന്നു പറയുന്നത് സംസ്ഥാനങ്ങളെ റവന്യൂ പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് തള്ളിവിടാനും മറ്റു താല്പര്യങ്ങളുള്ളവരെ സംരക്ഷിക്കാനും മാത്രമേ സഹായിക്കുകയുള്ളൂ. ഇന്ധനങ്ങള്‍ ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന റവന്യൂ നഷ്ടം നിയമത്തില്‍ പറയുന്നതുപോലെ അഞ്ചു വര്‍ഷത്തേയ്ക്ക് നികത്തിയാല്‍ ജി.എസ്.ടിയെ എതിര്‍ക്കുകയില്ലെന്നു പല സംസ്ഥാനങ്ങളും പറഞ്ഞുകഴിഞ്ഞു. ആ നിലയ്ക്ക് സംസ്ഥാനങ്ങള്‍ ചുമത്തുന്ന വില്‍പ്പന നികുതി കുറയ്ക്കണമെന്നു പറഞ്ഞ് ഇന്ധന വിലവര്‍ദ്ധനവിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. 

സാമ്പത്തിക താല്പര്യങ്ങള്‍ 

മഹാമാരിയെ തുടര്‍ന്നു സാമ്പത്തികരംഗത്തുണ്ടായ കടുത്ത പ്രതിസന്ധി അതിജീവിക്കാന്‍ പുതിയ നികുതിവരുമാന സ്രോതസ്സുകള്‍ കണ്ടെത്തണമെന്ന ചര്‍ച്ച ലോകമെമ്പാടും നടക്കുകയാണ്. വളര്‍ന്നുവരുന്ന സാമ്പത്തിക അസമത്വം നേരിടാനായി പുതിയ നികുതികളും ആവശ്യമാണെന്ന ചര്‍ച്ചയും പരക്കെ ഉയര്‍ന്നുവരുന്നുണ്ട്. 2021 ജനുവരി 21-ന് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ 'അസമത്വത്തിന്റെ വൈറസ്' എന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സാമ്പത്തിക അസമത്വം വളര്‍ന്നുവലുതാകുന്നതിന്റെ ചിത്രം അനാവരണം ചെയ്യുന്നുണ്ട്. രാജ്യത്തെ 40 ദശലക്ഷം വരുന്ന അതിഥി തൊഴിലാളികളുടെ ജീവിതത്തിനു മഹാമാരി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചതെങ്കില്‍ (പേജ് 36) ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യക്തിയായ മുകേഷ് അംബാനിക്ക് തന്റെ സ്വത്ത് 2020 മാര്‍ച്ചിനും ഒക്ടോബറിനുമിടയില്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലെ സ്ഥാനം 21-ല്‍നിന്ന് 26-ലേക്ക് ഉയര്‍ത്താനുമാണ് അവസരം തുറന്നുകൊടുത്തത്. മഹാമാരിക്കാലത്ത്  മൂലധന വിപണിയെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാരുകള്‍ എടുത്ത സാമ്പത്തിക നടപടികളാണ്  'അസമത്വത്തിന്റെ വൈറസിനെ' സൃഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തുന്നത്. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ പ്യൂ റിസേര്‍ച്ച് സെന്ററിനുവേണ്ടി രാകേഷ് കൊച്ചാര്‍ 2021 മാര്‍ച്ചില്‍ നടത്തിയ പഠനത്തിലും സമാന വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതുപ്രകാരം  രാജ്യത്ത് ഏഴരക്കോടി ജനങ്ങളാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീണത്. 32 ദശലക്ഷം ഇടത്തരക്കാരും താഴ്ന്ന വിഭാഗത്തിലേക്ക് തള്ളിവീഴ്ത്തപ്പെട്ടു. 

2021 ജൂണില്‍ പുറത്തിറങ്ങിയ ക്രഡിറ്റ് സൂയിസിന്റെ റിപ്പോര്‍ട്ടും അസമത്വത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതുപ്രകാരം മഹാമാരി നാശംവിതച്ച 2020-ല്‍ അതിസമ്പന്നരുടെ എണ്ണം ലോകത്ത് (ഒരു ദശലക്ഷം യു.എസ് ഡോളറില്‍ കൂടുതല്‍ സ്വത്തുള്ളവര്‍ = 7.2 കോടി രൂപ)  52 ലക്ഷം കണ്ട്  വര്‍ദ്ധിക്കുകയാണുണ്ടായത്. സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയെ നേരിടുന്ന ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് നികുതി വര്‍ദ്ധിപ്പിക്കണമെന്നും സ്വത്തു നികുതി ഏര്‍പ്പെടുത്തണമെന്നുമാണ് ഓക്‌സ്ഫാം റിപ്പോര്‍ട്ട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം നിര്‍ദ്ദേശിക്കുന്നത് (പേജ് 51). ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാനുള്ള വിഭവസമാഹരണത്തിന്റെ ഭാഗമായി സ്വത്തുനികുതി ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് ഐ.എം.എഫിനുപോലും ആവശ്യപ്പെടേണ്ടിവന്നിരിക്കുകയാണ് ('ഫിസ്‌കല്‍ അഫയ്ഴ്സ്', 2020 ഡിസംബര്‍ 16, പേജ് ).

പല രാജ്യങ്ങളും മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്നു പുറത്തു കടക്കാനായി അതിസമ്പന്നരുടെ മേല്‍ സ്വത്തുനികുതി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത്തരം പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതിവരുമാന കണക്കുകള്‍ പ്രതിസന്ധിയിലായാല്‍ അത് പരിഹരിക്കാനായി സ്വത്തുനികുതി ചുമത്തണമെന്ന ആവശ്യത്തിനു കൂടുതല്‍ പിന്തുണ കൈവരും. മാത്രമല്ല, മറുവശത്ത് സാമ്പത്തിക അസമത്വത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവരുകയാണല്ലോ. വരുമാനത്തിന്റേയും സ്വത്തിന്റേയും മേല്‍ വര്‍ദ്ധിച്ച തോതിലുള്ള നികുതി ചുമത്തണമെന്ന ആവശ്യത്തിന് ഇവയെല്ലാം ബലം പകരും. ഈ പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം ഗണ്യമായി കുറയുകയോ പ്രതിസന്ധി നേരിടുകയോ ചെയ്താല്‍ സമ്പന്ന വിഭാഗങ്ങളുടെമേല്‍ ചുമത്തണമെന്നു പരക്കെ ചര്‍ച്ചയായിട്ടുള്ള അധിക വരുമാന-സ്വത്തു നികുതികള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാകും. 

കൊവിഡ് മഹാമാരി ഒരു വലിയ പ്രതിസന്ധിയായി മാറുന്നതിനു മുന്‍പുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ നികുതിവരുമാന കണക്കുകള്‍ വെറും പൊള്ളയായ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന വിമര്‍ശനം പ്രൊഫ. ജയന്തി ഘോഷ് അടക്കമുള്ളവര്‍ ഉന്നയിച്ചിട്ടുള്ളതാണ്. 2020-'21ലെ ബജറ്റിലുള്ള  നികുതി വരുമാന കണക്കുകള്‍ വലിയ രീതിയില്‍ പെരുപ്പിച്ചു കാണിച്ചവയാണെന്ന വിലയിരുത്തല്‍ 2020 ഏപ്രില്‍ ഒന്‍പതിന് 'ന്യൂസ് ക്ലിക്കില്‍' എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019-'20 വര്‍ഷത്തെ നികുതി വരുമാനമായിരുന്നു പെരുപ്പിക്കലിനു വിധേയമായത്. പ്രസ്തുത വിലയിരുത്തല്‍ ശരിയായിരുന്നെന്ന് 2021-ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് സമ്മതിക്കുന്നുണ്ട്. അന്തിമ കണക്കുകള്‍ പ്രകാരം 2019-'20 വര്‍ഷത്തെ നികുതിവരുമാനത്തില്‍  ഏതാണ്ട് 147000 കോടി രൂപയാണ് കുറവ് വന്നത്. അതില്‍ത്തന്നെ കോര്‍പ്പറേറ്റ് നികുതിയില്‍ 53,624 കോടിയും വരുമാന നികുതിയില്‍ 66,846 കോടിയുമാണ് കുറഞ്ഞത്. മൊത്തം 120,470 കോടി. ചുരുക്കിപ്പറഞ്ഞാല്‍ സമ്പന്നവിഭാഗം നല്‍കേണ്ട നികുതി വരുമാനത്തില്‍ ഉണ്ടായ ഭീമമായ കുറവ് നികത്താനാണ് പെട്രോളിന്റേയും ഡീസലിന്റേയും മേലുള്ള എക്‌സൈസ് തീരുവകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചത്. അതുവഴി 132,240 കോടി രൂപയാണ് 2020-'21 വര്‍ഷത്തില്‍ സമാഹരിച്ചത്. അങ്ങനെ വരുമാന നികുതിയുടേയും കോര്‍പ്പറേറ്റ് നികുതിയുടേയും വരുമാനത്തിലുണ്ടായ ഭീമമായ കുറവിനെച്ചൊല്ലി വലിയ വിമര്‍ശനം ഏറ്റു വാങ്ങേണ്ടിവരുമായിരുന്ന സാഹചര്യം കേന്ദ്രസര്‍ക്കാര്‍ തന്ത്രപരമായി ഒഴിവാക്കുകയാണ് ചെയ്തത്.
 മാത്രമല്ല, നികുതി വരുമാനം കുറഞ്ഞാല്‍ അതനുസരിച്ച് ധനക്കമ്മി കൂടുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് തന്നെ പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്യും. വരുമാന, കോര്‍പ്പറേറ്റ് നികുതികളുടെ കാര്യത്തിലാണ് വലിയ കുറവ് സംഭവിച്ചത്. അവരെ നികുതിഭാരത്തില്‍നിന്നു രക്ഷിക്കണമെങ്കില്‍ അത് മറ്റാരുടെയെങ്കിലും മേല്‍ അടിച്ചേല്‍പ്പിച്ചേ മതിയാവൂ. അങ്ങനെയാണ് സാധാരണ ജനങ്ങളുടെമേല്‍ നികുതിഭാരം കെട്ടിവയ്ക്കാന്‍ തീരുമാനിക്കപ്പെടുന്നത്. പെട്രോളിയം ഉല്പന്നങ്ങളുടെ മേലുള്ള എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചാല്‍ ഈ തീരുമാനം വേഗത്തില്‍ നടപ്പിലാക്കാം. അതുകൊണ്ടുമാത്രമാണ് അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞപ്പോള്‍പ്പോലും അടിക്കടി പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത്. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിന്ധിയില്‍നിന്നു കരകയറാനായി നടപ്പാക്കുന്ന ഉത്തേജന പാക്കേജിനു പണം കണ്ടെത്താന്‍ വേണ്ടിയാണ് ഉയര്‍ന്ന എക്‌സൈസ് തീരുവ ചുമത്തുന്നതെന്ന ന്യായങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല. 

എന്നാലിപ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയും വര്‍ദ്ധിക്കുകയാണ്. 2021 ഏപ്രില്‍ മാസത്തെ ശരാശരി വില 63.4 ഡോളറായിരുന്നെങ്കില്‍ മെയ് മാസമത് 66.95 ഡോളറായി ഉയര്‍ന്നു (ഇന്ത്യന്‍ ബാസ്‌ക്കറ്റ്). വിദേശവിപണി വില വര്‍ദ്ധിക്കുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തികഭാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് 2014-'15 ലെ സാമ്പത്തിക സര്‍വ്വേയില്‍ ഒന്നാം മോദി സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. അത് പാലിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടത്. 

എന്നാലത് സര്‍ക്കാരിന്റെ നികുതി വരുമാനം കുറയുന്നതിനു വഴിവയ്ക്കും. അതു നികത്താനായി ഉയര്‍ന്ന നിരക്കില്‍ കോര്‍പ്പറേറ്റ് നികുതിയോ അതിസമ്പന്നരുടെ മേലുള്ള വ്യക്തിഗത വരുമാന നികുതിയോ ലോകമെമ്പാടും പരക്കെ ചര്‍ച്ചയാകുന്ന സ്വത്ത് നികുതിയോ കേന്ദ്രസര്‍ക്കാരിന് ഏര്‍പ്പെടുത്തേണ്ടിവരും. എന്നാല്‍, ഇത്തരം നിക്ഷിപ്ത ശക്തികളുടെ സാമ്പത്തിക താല്പര്യങ്ങള്‍ക്കെതിരെ നികുതി നടപടികള്‍ സ്വീകരിച്ചാല്‍ അതിന്റെ രാഷ്ട്രീയ ആഘാതം താങ്ങാന്‍ നിയോലിബറല്‍ സാമ്പത്തിക സ്വാധീനത്തില്‍ അകപ്പെട്ടിരിക്കുന്ന സര്‍ക്കാരുകള്‍ക്ക് കഴിയാതെ വരും. സാധാരണ ജനവിഭാഗത്തിന്റെ ദുര്‍ബ്ബലമായ എതിര്‍സ്വരങ്ങള്‍  വൈകാരിക പ്രചരണങ്ങള്‍കൊണ്ട് മറികടക്കാന്‍ കഴിയുമെങ്കിലും മൂലധനശക്തികളുടെ എതിര്‍പ്പ് അവഗണിച്ചാല്‍ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമാകും. 

എതിര്‍പ്പിന്റെ സ്വരങ്ങള്‍ കഴിയുന്നത്ര കുറച്ച് പരമാവധി തൂവലുകള്‍ പിഴുതെടുക്കുന്നതാണ് നികുതിപിരിവിന്റെ ചാതുര്യമെന്നു പറഞ്ഞ ഫ്രെഞ്ച് രാഷ്ട്രതന്ത്രജ്ഞനായ ഴാങ്ങ് കോള്‍ബര്‍ട്ടിന്റെ പ്രയോഗിക തന്ത്രമാണ് കേന്ദ്രസര്‍ക്കാരും പയറ്റുന്നത്. 

അനുദിനം ദുര്‍ബ്ബലമാകുന്ന സാധാരണ ജനവിഭാഗത്തിന്റെ ജീവിതഞരക്കങ്ങള്‍ എത്ര തന്നെ നീണ്ടു നിന്നാലും അതിസമ്പന്നരും കോര്‍പ്പറേറ്റുകളും ഉയര്‍ത്തുന്ന എതിര്‍പ്പിനു മുന്‍പില്‍ ചുരുങ്ങിക്കൂടുമ്പോള്‍ കൈവരുന്ന രാഷ്ട്രീയനേട്ടങ്ങളാണ് നിയോലിബറല്‍ ഭരണകൂടങ്ങളെ എക്കാലവും മുന്നോട്ടു നയിക്കുന്നതെന്ന അത്യന്തിക സത്യമാണ് ഇന്ധനവില വര്‍ദ്ധനവിന്റെ കാണാപ്പുറങ്ങളില്‍ മറഞ്ഞിരിക്കുന്നത്.

(ലേഖകന്‍ എറണാകുളം മഹാരാജാസ് കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം അദ്ധ്യാപകനാണ്.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com