മലയാളക്കരയിലെ മസ്ജിദുകളിലും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കു വിളി ഒഴിവാക്കേണ്ടതല്ലേ?

എണ്ണയുല്പാദനം വഴി സൗദി അറേബ്യ സാമ്പത്തികമായി വന്‍ അഭിവൃദ്ധി നേടിയെങ്കിലും സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ഒരടിപോലും മുന്നോട്ടു പോകാന്‍ മതപൗരോഹിത്യം ആ രാജ്യത്തെ അനുവദിച്ചിച്ചിരുന്നില്ല
മലയാളക്കരയിലെ മസ്ജിദുകളിലും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കു വിളി ഒഴിവാക്കേണ്ടതല്ലേ?

ട്ടപിടിച്ച മതയാഥാസ്ഥിതികത്വത്തിന്റെ പേരില്‍ കഴുത്തറ്റം ദുഷ്‌കീര്‍ത്തി നേടിയ നാടാണ് സൗദി അറേബ്യ. പുരോഹിത മുഖ്യന്മാരും ഭരണകര്‍ത്താക്കളും ഏര്‍പ്പെടുത്തിയ മതവിലക്കുകളാല്‍ വീര്‍പ്പുമുട്ടിപ്പോന്നവരത്രേ സൗദി ജനത; വിശിഷ്യ അന്നാട്ടിലെ സ്ത്രീകള്‍. 2011 മേയില്‍ മനാല്‍ അല്‍ ശരീഫ് എന്ന സൗദി യുവതി മതവിലക്ക് ലംഘിച്ച് കാറോടിച്ചത് രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ വാര്‍ത്തയായിരുന്നു. വനിതകള്‍ വാഹനമോടിക്കുന്നത് ഇസ്ലാം വിരുദ്ധമാണെന്ന പൗരോഹിത്യ വിധിയോട് വഴിമാറാന്‍ പറയുകയായിരുന്നു മനാല്‍.

മനാല്‍ അല്‍ ശരീഫിന്റെ കാര്‍ ഡ്രൈവിംഗ് കഴിഞ്ഞ ഏഴു വര്‍ഷം പിന്നിട്ടപ്പോളാണ് ബാങ്ക് ജീവനക്കാരിയായ മറ്റൊരു സൗദി വനിത 2018 ഒക്ടോബറില്‍ താനിഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാനുള്ള അനുമതിക്കുവേണ്ടി കോടതിയെ സമീപിച്ചത്. ഔദ് എന്ന സംഗീതോപകരണം വായിക്കുന്നവനായിരുന്നു ആ യുവതിയുടെ കാമുകന്‍. ഇസ്ലാമികദൃഷ്ട്യാ നിഷിദ്ധമായ സംഗീതോപകരണവായനയിലേര്‍പ്പെടുന്നവന് തന്നെ വിവാഹം ചെയ്തു കൊടുക്കില്ലെന്നു രക്ഷിതാക്കള്‍ വാശിപിടിച്ചപ്പോഴായിരുന്നു മകള്‍ കോടതിയുടെ സഹായം തേടിയത്. കീഴ്ക്കോടതിയും മേല്‍ക്കോടതിയും ആ ബാങ്ക് ജീവനക്കാരിയുടെ ആവശ്യം അംഗീകരിച്ചില്ല. സംഗീതോപകരണ വായന മതനിഷിദ്ധമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

എണ്ണയുല്പാദനം വഴി സൗദി അറേബ്യ സാമ്പത്തികമായി വന്‍ അഭിവൃദ്ധി നേടിയെങ്കിലും സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ഒരടിപോലും മുന്നോട്ടു പോകാന്‍ മതപൗരോഹിത്യം ആ രാജ്യത്തെ അനുവദിച്ചിരുന്നില്ല. 2017 ജൂണില്‍ സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി രംഗത്ത് വന്നതോടെ സ്ഥിതിഗതികളില്‍ അല്പാല്പം മാറ്റം വരാന്‍ തുടങ്ങി. എണ്ണ കാലഘട്ടത്തില്‍നിന്ന് രാജ്യം എണ്ണയനന്തര കാലഘട്ട (post oil era)ത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്നും അതനുസരിച്ചുള്ള മാറ്റങ്ങള്‍ മത, സാംസ്‌കാരിക തുറകളില്‍ കൂടി സംഭവിച്ചാലേ വരുംനാളുകളില്‍ രാജ്യത്തിനു സാമ്പത്തിക സുസ്ഥിരതയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അംഗീകാരവും ഉറപ്പിക്കാനാവൂ എന്ന തിരിച്ചറിഞ്ഞ മുഹമ്മദ് ബിന്‍ സല്‍മാന്‍ പൗരോഹിത്യത്തിന്റെ കടുംപിടുത്തങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതില്‍ ദത്തശ്രദ്ധനായി.

മതയാഥാസ്ഥിതികതയുടെ ഇരുട്ടില്‍നിന്ന് 'തുറന്നതും മിതവാദപരവുമായ ഇസ്ലാമി'ന്റെ വെളിച്ചത്തിലേയ്ക്ക് രാജ്യത്തെ നയിക്കുക എന്നും ലക്ഷ്യത്തോടെ പോയ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ചില പരിഷ്‌കരണങ്ങള്‍ അദ്ദേഹം സൗദിയില്‍ നടപ്പാക്കി. അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ജനങ്ങളുടെ സാംസ്‌കാരിക സ്വാതന്ത്ര്യത്തിനുമേല്‍ കടന്നാക്രമണം നടത്തുന്ന 'മത പൊലീസി'ന്റെ അധികാരത്തിലേര്‍പ്പെടുത്തിയ നിയന്ത്രണം. പല തുറകളിലും സ്ത്രീകള്‍ അനുഭവിച്ചുപോന്ന കടുത്ത സ്വാതന്ത്ര്യനിഷേധം അവസാനിപ്പിക്കുന്നതിനുള്ള നിയമപരിഷ്‌കരണമായിരുന്നു മറ്റൊന്ന്. വാഹനമോടിക്കുന്നതിന് സ്ത്രീകള്‍ക്കുള്ള വിലക്ക് 2018 ജൂണില്‍ നീക്കം ചെയ്യപ്പെട്ടു. പുരുഷ രക്ഷാകര്‍ത്താവിന്റെ കൂടെ മാത്രമേ സ്ത്രീകള്‍ പുറത്തിറങ്ങിക്കൂടൂ എന്ന പ്രാകൃതനിയമം 2019 ഓഗസ്റ്റില്‍ സാധുവല്ലാതായി. പൊതുവേദികളില്‍ സംഗീതപരിപാടികള്‍ നടത്താനുള്ള സ്വാതന്ത്ര്യമോ സ്പോര്‍ട്‌സ് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശമോ സ്ത്രീകള്‍ക്കുണ്ടായിരുന്നില്ല. ആ വിലക്കുകളും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നീക്കം ചെയ്തു. പുരുഷബന്ധുവിന്റെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് ബിസിനസ് സംരംഭങ്ങളിലേര്‍പ്പെടാനുള്ള അവകാശം അവര്‍ക്ക് നല്‍കപ്പെട്ടു എന്നതായിരുന്നു മറ്റൊരു പരിഷ്‌കരണം. മൂന്നര പതിറ്റാണ്ടു മുന്‍പ് സിനിമാ തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം 2018-ല്‍ ഇല്ലാതായി. എന്നു മാത്രമല്ല, 2030 ആകുമ്പോഴേയ്ക്ക് മുന്നൂറ് തിയേറ്ററുകളിലായി 2000 സ്‌ക്രീനുകള്‍ സജ്ജമാക്കാനുള്ള തീരുമാനവും കൈക്കൊള്ളപ്പെട്ടു.

ചാട്ടവാറടി നിരോധനം 

ഏറെ പ്രകീര്‍ത്തിക്കപ്പെട്ട മറ്റൊരു പ്രഖ്യാപനം 2018 മാര്‍ച്ചില്‍ കിരീടാവകാശിയില്‍നിന്നുണ്ടായി. പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്നും സ്ത്രീകള്‍ പര്‍ദ്ദയോ ശിരോവസ്ത്രമോ ധരിക്കണമെന്നു നിര്‍ബ്ബന്ധമില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ ടി.വി ചാനലായ സി.ബി.എസ്സിന് നല്‍കിയ അഭിമുഖത്തില്‍, സ്ത്രീകളും പുരുഷന്മാരും ഇടകലരുന്നതിനെ എതിര്‍ക്കുന്ന ചിന്താഗതി ഇസ്ലാമികമാണെന്ന അഭിപ്രായം തനിക്കില്ലെന്നു വെട്ടിത്തുറന്നു പറയുക കൂടി ചെയ്തു അദ്ദേഹം.

2020 ഏപ്രിലില്‍ ലോകശ്രദ്ധയാകര്‍ഷിച്ച മറ്റൊരു നടപടിയായിരുന്നു ശിക്ഷാവിധികളില്‍നിന്നു ചാട്ടവാറടി ഒഴിവാക്കിയത്. ഇസ്ലാമിക ശരീഅത്ത് (നിയമവ്യവസ്ഥ) അനുസരിച്ചുള്ള ശിക്ഷാമുറകളില്‍പ്പെടുന്നതാണ് പരസ്യമായി നടത്തപ്പെടുന്ന ചാട്ടവാറടി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ നടപടികളുടെ ഭാഗമായി ചാട്ടവാര്‍ പ്രയോഗം എന്ന ശിക്ഷാസമ്പ്രദായം ഒഴിവാക്കുന്നതായി സൗദി സുപ്രീംകോടതി വെളിപ്പെടുത്തിയത് 2020 ഏപ്രില്‍ 26-നാണ്. മുസ്ലിങ്ങളുടെ നമസ്‌കാരസമയങ്ങളില്‍ ദിവസവും അഞ്ചുനേരം കടകളടച്ചിടണമെന്ന നിയമവും സമീപകാലത്ത് റദ്ദാക്കപ്പെടുകയുണ്ടായി.

ചാട്ടവാറടി നിരോധനവുമായി ചേര്‍ത്തുവായിക്കേണ്ട മറ്റൊരു നിയമപരിഷ്‌കാരമുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 12-നാണ് അത് നിലവില്‍ വന്നത്. ശരീഅത്ത് പ്രകാരം പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ വീട്ടില്‍നിന്നു മാറി തനിച്ചു താമസിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ആ പെണ്‍വിരുദ്ധ നിയമത്തിലും സൗദി ഭരണകൂടം കത്രിക വെച്ചിരിക്കുന്നു. അവിവാഹിതരായ സ്ത്രീകള്‍ക്കും വിവാഹമോചിതരായവര്‍ക്കും വിധവകളായവര്‍ക്കും പുരുഷ രക്ഷാകര്‍ത്താവിന്റെ അനുവാദമില്ലാതെ കുടുംബഗൃഹത്തില്‍നിന്നു മാറി തനിച്ചു താമസിക്കാനുള്ള അവകാശം സൗദി വനിതകള്‍ക്കിപ്പോള്‍ ലഭ്യമായിട്ടുണ്ട്.

മുന്‍കാലത്ത് ചിന്തനീയം പോലുമല്ലാതിരുന്ന പല നിയമഭേദഗതികളും നടന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയില്‍, ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിലെ മുസ്ലിം പുരോഹിതരും ഇസ്ലാമിക സംഘടനാ മേലാളരും കണ്ണും കാതും മനസ്സും മലര്‍ക്കെ തുറന്നു ശ്രദ്ധിക്കേണ്ട മറ്റൊരു നിയമപരിഷ്‌കാരം 2021 മെയ് അവസാന വാരത്തില്‍ നടക്കുകയുണ്ടായി. ഉച്ചഭാഷിണി ഉപയോഗിച്ച് ഉഗ്രശബ്ദത്തില്‍ നടത്തുന്ന ബാങ്കുവിളി നിരോധിച്ചുകൊണ്ടുള്ള പരിഷ്‌കാരമാണ് അവിടെ ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. (ദ ഹിന്ദു, 21-6-2021). ശബ്ദമലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ളതാണ് പുതിയ നിയമ പരിഷ്‌കരണം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് ഉച്ചഭാഷിണി കണ്ടുപിടിക്കപ്പെട്ടത്. അത് ആദ്യമായി ബാങ്കുവിളിക്ക് ഉപയോഗിച്ചതാകട്ടെ, 1936-ല്‍ സിംഗപ്പൂരിലെ സുല്‍ത്താന്‍ മസ്ജിദിലും. പ്രവാചകന്റെ കാലത്തോ തുടര്‍ നൂറ്റാണ്ടുകളിലോ ഇല്ലാതിരുന്ന ഉച്ചഭാഷിണിസഹിത ബാങ്കുവിളി നിരോധിച്ച സൗദിയില്‍ 98,800 പള്ളികളുണ്ടെന്നാണ് കണക്ക്. മക്കയിലേയും മദീനയിലേയും ചരിത്രപ്രസിദ്ധ പള്ളികള്‍ ഉള്‍പ്പെടെ എല്ലാ മസ്ജിദുകളിലും മെയ് അവസാനം തൊട്ട് നടന്നു വരുന്ന ബാങ്കുവിളി ഉച്ചഭാഷിണിയുടെ ഉഗ്രശബ്ദമില്ലാതെയാണ്.

പതിന്നാല് നൂറ്റാണ്ട് മുന്‍പ് നബിയുടെ കാലത്ത് ദിനേനയുള്ള അഞ്ചു പ്രാര്‍ത്ഥനകളുടെ സമയമറിയാന്‍ ഘടികാരമോ വാച്ചോ മറ്റുപകരണങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഉയര്‍ന്നുവന്നതാണ് ബാങ്കുവിളി എന്ന ചട്ടം. ചട്ടത്തെ ആവശ്യമാക്കിത്തീര്‍ത്ത സാഹചര്യങ്ങള്‍ ഇല്ലാതാകുന്നതോടെ ചട്ടവും ഇല്ലാതാകണം. പ്രാര്‍ത്ഥനയുടെ സമയമറിയാന്‍ വാച്ചും മൊബൈല്‍ ഫോണമുള്‍പ്പെടെയുള്ള സംവിധാനം സാര്‍വ്വത്രികമായിരിക്കെ പള്ളികളിലെ ബാങ്കുവിളി ഉപേക്ഷിക്കാവുന്നതേയുള്ളൂ. പക്ഷേ, ദൗര്‍ഭാഗ്യകരമെന്നു പറയണം, ഉച്ചഭാഷിണി നിരോധനമുള്ള അഞ്ചാറ് രാഷ്ട്രങ്ങളൊഴികെ മറ്റെല്ലായിടങ്ങളിലും ബാങ്കുവിളി ഉച്ചഭാഷിണി സഹിതമാക്കുകയത്രേ വിവിധ മുസ്ലിം കൂട്ടായ്മകള്‍ ചെയ്തത്. നമ്മുടെ കേരളത്തിലും അരനൂറ്റാണ്ടിലേറെക്കാലമായി ലൗഡ് സ്പീക്കറുപയോഗിച്ചുള്ള ബാങ്കുവിളിയാണ് നടന്നുവരുന്നത്. പ്രവാചകന്റെ പാദമുദ്രകള്‍ പതിഞ്ഞ മക്കയിലേയും മദീനയിലേയും മസ്ജിദുകളില്‍ ഉച്ചഭാഷിണി സഹിത ബാങ്കുവിളി വേണ്ടെന്നു വെച്ചെങ്കില്‍ മാലിക് ദീനാറിനെപ്പോലുള്ളവര്‍ വഴി ഇസ്ലാം വേര് പിടിച്ച മലയാളക്കരയിലെ മസ്ജിദുകളിലും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കുവിളി ഒഴിവാക്കേണ്ടതല്ലേ?

എന്തിനും ഏതിനും ഇസ്ലാമിന്റെ വേദപുസ്തകമായ ഖുര്‍ആനിലേക്കും നബിവചന സമാഹാരമായ ഹദീസ് ഗ്രന്ഥങ്ങളിലേക്കും നോക്കുന്നവരാണ് മുസ്ലിം മതപണ്ഡിതരും ഇസ്ലാമിക സംഘടനാ കപ്പിത്താന്മാരും. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം നന്മയാണെന്നോ പുണ്യകര്‍മ്മമാണെന്നോ ഖുര്‍ആനിലോ ഹദീസിലോ രേഖപ്പെടുത്തിയതായി അവര്‍ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ലെന്നുറപ്പ്. കാരണം, നേരത്തേ സൂചിപ്പിച്ചതുപലെ ഉച്ചഭാഷിണി കണ്ടുപിടിക്കപ്പെട്ടിട്ട് ഒരു ശതകമേ ആയിട്ടുള്ളൂ. ഖുര്‍ആനിലും ഹദീസിലും പറഞ്ഞിട്ടില്ലാത്ത ബാങ്കുവിളിയിലെ ഉച്ചഭാഷിണിസഹിതത്വം ഉപേക്ഷിക്കണമെന്നു പറയാന്‍ എന്തിനവര്‍ ഇനിയും അമാന്തിക്കണം? ഇക്കാര്യത്തില്‍ സൗദി അറേബ്യയെ മാതൃകയാക്കാന്‍ പുരോഗാമിത്വം അവകാശപ്പെടുന്ന മുജാഹിദ് പ്രസ്ഥാനക്കാരെങ്കിലും ധീരത പ്രകടിപ്പിക്കേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com