ആദിവാസികളേയും ദളിതരേയും ഒഴിവാക്കി എങ്ങനെ കേരള മോഡല്‍ സമ്പൂര്‍ണ്ണമാകും?

കേരളമോഡല്‍ എന്നു പറയുമ്പോള്‍, ആദിവാസി-ദളിത് വിഭാഗങ്ങളെക്കൂടി ഉയര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ അത് പൂര്‍ണ്ണതയില്‍ എത്തൂ
മന്ത്രി കെ രാധാകൃഷ്ണൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
മന്ത്രി കെ രാധാകൃഷ്ണൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

2006 മെയ് 25. 12-ാം നിയമസഭയുടെ ആദ്യ സമ്മേളനം. സ്പീക്കര്‍ തെരഞ്ഞെടുപ്പു മാത്രമാണ് കാര്യപരിപാടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ കെ. രാധാകൃഷ്ണന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ എം. മുരളിയെ തോല്‍പ്പിച്ചു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, വിവിധ കക്ഷി നേതാക്കള്‍ എന്നിവരുടെ അനുമോദന പ്രസംഗത്തിനൊടുവില്‍ സഭയുടെ ശ്രദ്ധ ഏറ്റവും ആകര്‍ഷിച്ചത് എം. മുരളിയുടെ പ്രസംഗം. അങ്ങയോടു മത്സരിച്ചു പരാജിതനായതില്‍പ്പോലും ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന ഒരൊറ്റ വാചകത്തില്‍ അദ്ദേഹം സഭയെ മുഴുവന്‍ നിശ്ശബ്ദമാക്കി; ഒപ്പം, അതിലൂടെ രാധാകൃഷ്ണനെ കൃത്യമായി നിര്‍വ്വചിക്കുകയും ചെയ്തു: ''വിനയത്തിന്റേയും ലാളിത്യത്തിന്റേയും മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും സ്വഭാവ നൈര്‍മ്മല്യത്തിന്റേയും ആള്‍രൂപം'' എന്നായിരുന്നു രാധാകൃഷ്ണനെക്കുറിച്ച് മുരളിയുടെ വിശേഷണം. മുന്‍പൊരിക്കലും തോറ്റ സ്ഥാനാര്‍ത്ഥിയില്‍ നിന്നുണ്ടാകാത്തവിധം അസാധാരണ പ്രതികരണം. എം. മുരളി കോണ്‍ഗ്രസ്സിലെ ജെന്റില്‍മാന്‍ ആയതുകൊണ്ടു മാത്രമായിരുന്നില്ല അത്. മുന്‍പും പിന്നീടും കെ. രാധാകൃഷ്ണനെ അറിഞ്ഞവര്‍ അതു ശരിയാണെന്നു സമ്മതിക്കും. സഭാ നടത്തിപ്പില്‍ രണ്ടു പക്ഷത്തിന്റേയും അവകാശങ്ങള്‍ മാനിക്കുന്നതിലും വിവേചനാധികാരം സൂക്ഷ്മമായി വിനിയോഗിക്കുന്നതിലും ഇച്ഛാശക്തിയുള്ള സ്പീക്കറെയാണ് ആ അഞ്ചു വര്‍ഷക്കാലം കേരളം കണ്ടത്. സ്പീക്കര്‍ ആകുന്നതിനു തൊട്ടു മുന്‍പ് അഞ്ചുവര്‍ഷം പ്രതിപക്ഷ ചീഫ് വിപ്പും അതിനുമുന്‍പ് അഞ്ചുവര്‍ഷം പട്ടികജാതി, വര്‍ഗ്ഗ ക്ഷേമ മന്ത്രിയുമായിരുന്നപ്പോള്‍ നേടിയെടുത്ത വിശ്വാസത്തിന്റെ മാറ്റ് ഒട്ടും നഷ്ടപ്പെടുത്തിയില്ല. ഇടവേളയ്ക്കുശേഷം വീണ്ടും നിയമസഭാംഗവും മന്ത്രിയുമാകുമ്പോള്‍ കാലം കൂടുതല്‍ പാകപ്പെടുത്തിയ ജനപ്രതിനിധിയേയും ഭരണാധികാരിയേയുമാണ് കേരളം രാധാകൃഷ്ണനില്‍ കാണുന്നത്. പാര്‍ട്ടി, മുന്നണി നിലപാടുകളിലും പ്രകടനപത്രികയിലും നിന്നുകൊണ്ട് ജനപക്ഷ നിലപാടുകളും തീരുമാനങ്ങളും എടുക്കുന്നതില്‍ അത് പ്രകടം. ഇ.കെ. നായനാര്‍ക്കൊപ്പം മന്ത്രിയായും വി.എസ്സിന്റെ കാലത്തു സ്പീക്കറായും തെളിയിച്ച മികവിന്റെ തുടര്‍ച്ചയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിലെ ഈ ഇടം.

സ്വന്തം വകുപ്പുകളെക്കുറിച്ച് നേടിയ വ്യക്തമായ തിരിച്ചറിവുകളും അഭിപ്രായങ്ങളും മറച്ചുവയ്ക്കാതെ, പിഴവുകള്‍ പരിഹരിക്കാനും സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള കര്‍മപദ്ധതികളെക്കുറിച്ചു കെ. രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
------
കേരളത്തിലെ ദളിത്, ആദിവാസി വിഭാഗങ്ങള്‍. മറുവശത്ത് അവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി എപ്പോഴുമുണ്ട്. അവര്‍ക്കു വേണ്ടത്ര ഗുണം കിട്ടുന്നുമില്ല. ഈ സര്‍ക്കാരും താങ്കളും ഇതിനെ എങ്ങനെ അഭിമുഖീകരിക്കാനാണ് ഉദ്ദേശിക്കുന്നത്? 

പറഞ്ഞത് വളരെ ശരിയായ കാര്യമാണ്. ഇന്ത്യയിലെ പൊതുസ്ഥിതി പരിശോധിച്ചാല്‍ കേരളത്തിലെ ദളിത്, ആദിവാസി വിഭാഗങ്ങളുടെ ജീവിതം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഒരു സംശയയവുമില്ല. മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാന്‍ പറ്റാത്ത വിധത്തിലുള്ള വളര്‍ച്ച നമുക്കുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അവരുടെ വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള അടിസ്ഥാന കാര്യങ്ങളിലുള്ള മെച്ചം. കേരളത്തെ ഒരു മോഡല്‍ ആയി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന കാര്യവുമാണ്. പക്ഷേ, ഒരു മോഡല്‍ എന്ന നിലയില്‍ പരിശോധിക്കുമ്പോഴാണ് നമ്മള്‍ അത്രയ്‌ക്കൊന്നും ആയിട്ടില്ല എന്നു മനസ്സിലാകുന്നത്. കേരളമോഡല്‍ എന്നു പറയുമ്പോള്‍, ഈ വിഭാഗത്തെക്കൂടി ഉയര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ അത് പൂര്‍ണ്ണതയില്‍ എത്തുകയുള്ളൂ. സമൂഹത്തിലെ ഒരു വിഭാഗം വിവിധ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും നമ്മള്‍ മോഡല്‍ എന്നു പറയുകയും ചെയ്താല്‍ ഈ മോഡലിനെ സമ്പൂര്‍ണ്ണമാക്കാന്‍ കഴിയില്ല. അതാണ് പ്രശ്‌നം. മോഡല്‍ എന്നു പറയുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും മോഡല്‍ ആയിരിക്കണം. അവര്‍ക്ക് അക്ഷരവും അറിവുമൊന്നും കൊടുക്കാതിരിക്കുക എന്നതായിരുന്നു പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളെക്കുറിച്ച് ഒരു കാലത്തു നിലനിന്നിരുന്ന സങ്കല്‍പ്പം തന്നെ. അങ്ങനെയാണ് അവര്‍ പിന്നാക്കം പോയത്; അതുകൊണ്ടാണല്ലോ സംവരണം വേണ്ടി വന്നത്. റിസര്‍വ്വേഷന്‍ എന്നാല്‍, പരിഗണനയാണ്. പരിഗണന വേണ്ടിവന്നത് എന്തുകൊണ്ടാണ്? ഇവര്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്നു എന്നതുകൊണ്ടാണ്. അതു സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കി. പക്ഷേ, ആ മാറ്റങ്ങള്‍ക്കനുസരിച്ച് ഇനിയും വളരെ മുന്നോട്ടു പോകാനുണ്ട് എന്നാണ് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. കുറേ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക, കുറേ പണം ചെലവാക്കുക എന്നതുകൊണ്ടുമാത്രം രക്ഷപ്പെടാന്‍ പോകുന്നില്ല. പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നടത്തിയ ഒരുപാടു പദ്ധതികളുണ്ട്. ഒരുപാടു കോടികള്‍ അവര്‍ക്കുവേണ്ടി ചെലവഴിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലം അവര്‍ക്കു ലഭിച്ചിരുന്നെങ്കില്‍ ഇതിലുമധികം അവര്‍ മുന്നോട്ടു വരേണ്ടതായിരുന്നു. മുന്നോട്ടു വരാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. അവര്‍ പിന്നാക്കാവസ്ഥയിലായിപ്പോയ ചരിത്രപരമായ കാരണങ്ങളുമായി ബന്ധപ്പെട്ടതാണ് അവ. അവര്‍ക്കൊരു സാമൂഹിക പിന്തുണ പലപ്പോഴും കിട്ടുന്നില്ല. കേരളത്തിലെ മറ്റു സമൂഹങ്ങള്‍ക്കു കിട്ടുന്നതുപോലുള്ള സാമൂഹിക പിന്തുണയോ സാമൂഹിക മൂലധനമോ അവര്‍ക്കില്ല. സാമൂഹിക മൂലധനം എന്നുപറഞ്ഞാല്‍ അതു സാമ്പത്തിക മൂലധനല്ല; അവര്‍ക്ക് വിവിധങ്ങളായ പിന്തുണ കിട്ടുക, സഹായിക്കാന്‍ ആളുകള്‍ ഉണ്ടാവുക, ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആളുകളുണ്ടാവുക എന്നതൊക്കെയാണ്. മറ്റു മൂലധനത്തില്‍നിന്നു വ്യത്യസ്തമാണ് ഇത്. 

ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

ദളിത്, ആദിവാസി വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്നു എന്ന അവകാശവാദത്തില്‍ സര്‍ക്കാരുകളും സമൂഹവും പിന്നിലല്ല. എന്നിട്ടും എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? 

ശരിയാണ്. പക്ഷേ, സാമൂഹികമൂലധനം എന്നാല്‍, അവരെ ചേര്‍ത്തുപിടിക്കല്‍ മാത്രമല്ല. ഒരു പ്രശ്‌നം വരുമ്പോള്‍ അവരെ പിന്തുണയ്ക്കുന്ന ഒരു സാമൂഹിക മൂലധനം ഉണ്ടാകണം. പല ആളുകളും ആ മൂലധനം കൊണ്ടാണ് രക്ഷപ്പെടുന്നത്. ഉദാഹരണത്തിന്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ആശുപത്രികളില്‍, ബാങ്കിംഗ് മേഖലയില്‍ ഒരു തരത്തിലുള്ള സാമ്പത്തിക വരുമാനവും ആര്‍ജ്ജിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ അവര്‍ക്കില്ല. ഉള്ളതുതന്നെ പലപ്പോഴും നഷ്ടപ്പെടുന്ന സ്ഥിതി. അവര്‍ എക്കാലത്തും ഊട്ടിവളര്‍ത്തേണ്ട ആളുകളാണ് എന്ന സങ്കല്‍പ്പം മാറ്റുകയും ഒരു സോഷ്യല്‍ ബാക്കിംഗ് വരികയും ചെയ്താല്‍ തീര്‍ച്ചയായിട്ടും ഇന്നുള്ള സ്ഥിതിയില്‍നിന്നു മെച്ചപ്പെടുത്താന്‍ കഴിയും. അത് ഒറ്റ ദിവസം കൊണ്ട് ഉണ്ടാകാന്‍ പോകുന്നില്ല. സമൂഹത്തിന്റെയാകെ ധാരണകളില്‍ മാറ്റം വരണം. സംസ്ഥാന ഖജനാവില്‍നിന്നു കോടാനുകോടി രൂപ ഓരോ മേഖലകളിലേയ്ക്കു കൊടുത്തുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ വിഹിതം കിട്ടാന്‍ ഭരണഘടനാപരമായിത്തന്നെ അര്‍ഹതയുള്ള ആളുകളാണ് ഇവരും. പക്ഷേ, അതു കിട്ടുന്നില്ല. ഇവര്‍ പിന്നാക്കം നില്‍ക്കുന്നു എന്നു പറഞ്ഞു നമ്മള്‍ വിലപിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കു കിട്ടിയ സാമൂഹിക പിന്തുണ ഇവര്‍ക്കു കിട്ടിയില്ല എന്ന വസ്തുത നിലനില്‍ക്കുകയാണ്. ഈ പറഞ്ഞ മേഖലകളെല്ലാം എടുത്താല്‍ അതുതന്നെയാണ് സ്ഥിതി. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം, കച്ചവടം, സിനിമ, സാംസ്‌കാരികം തുടങ്ങിയ ഏതു മേഖലയെടുത്താലും അവര്‍ക്ക് അവഗണനയായിരിക്കും പലപ്പോഴും ഉണ്ടാകുന്നത്. 

ഒരൊറ്റ ഉദാഹരണം പറയാം. വളരെ റിസ്‌കെടുത്തിട്ടാണ് 1996-2001 ല്‍ ഞാന്‍ ഈ വകുപ്പിന്റെ മന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്തു വെള്ളായണിയില്‍ ഒരു മോഡല്‍ സ്പോര്‍ട്സ് സ്‌കൂള്‍ തുടങ്ങിയത്. പട്ടികജാതി കുട്ടികള്‍ക്കുള്ള സ്പോര്‍ട്സ് സ്‌കൂളുകള്‍ നേരത്തെയുമുണ്ട്. പക്ഷേ, സ്‌കൂള്‍ ഒരു സ്ഥലത്തും സ്പോര്‍ട്സ് ഗ്രൗണ്ട് മറ്റൊരിടത്തും ഹോസ്റ്റല്‍ മൂന്നാമതൊരിടത്തുമായിരിക്കും. അപ്പോള്‍ അവരുടെ പഠനവും സ്പോര്‍ട്സും ശരിയായി നടക്കില്ല. ഇതെല്ലാം കൂടി ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണെങ്കില്‍ ആ കുട്ടികള്‍ക്ക് അത് പ്രയോജനപ്പെടും എന്നു മനസ്സിലാക്കിയാണ് പുതിയ മോഡല്‍ സ്പോര്‍ട്സ് സ്‌കൂള്‍ കൊണ്ടുവന്നത്. കാര്‍ഷിക സര്‍വ്വകലാശാലയുടെ ഭൂമിയിലായിരുന്നു അത്. അവിടെ നല്ല ഒരു വിസിയും ഡീനുമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് സ്ഥലം പാട്ടത്തിനു തരാമെന്നു പറഞ്ഞിട്ടാണ് പദ്ധതി കൊണ്ടുവന്നത്. പക്ഷേ, അവിടെയുള്ള ചില ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നു പിന്നീടു മനസ്സിലായി. പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും അവിടെ വരുന്നത് ഇഷ്ടപ്പെടാത്തവരുണ്ടായിരുന്നു. കുറച്ചു പഴിയൊക്കെ കേട്ടെങ്കിലും ആ പദ്ധതിയില്‍ ഞങ്ങള്‍ ഉറച്ചു നിന്നു. ഇപ്പോഴും അത് നന്നായി നടക്കുന്നുണ്ട്. ആ സ്‌കൂള്‍ വന്നതോടെ നിരവധി കുട്ടികള്‍ക്കു ഗുണമുണ്ടായി, ദേശീയതലത്തിലുള്ള മത്സരങ്ങളില്‍ത്തന്നെ ഒട്ടേറെ കുട്ടികള്‍ പങ്കെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു. വലിയ മുന്നേറ്റമാണുണ്ടായത്. കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, സാമൂഹിക പിന്തുണ വേണ്ടത്ര കിട്ടിയില്ല. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ (എം.ആര്‍.എസ്) വരുമ്പോഴും ഈ പ്രശ്‌നമുണ്ടായിരുന്നു. അത് മാറ്റിയെടുക്കേണ്ടതല്ലേ നമ്മുടെ സമൂഹം? സമൂഹത്തിന്റെ അവഗണനയും മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളും ഇന്നത്തെ സമൂഹത്തിന്റെ മാത്രം പ്രശ്‌നമായി ഞാന്‍ കാണുന്നില്ല. കാലാകാലങ്ങളായി നമ്മുടെ സമൂഹം വച്ചുപുലര്‍ത്തിയ സങ്കല്‍പ്പങ്ങളുടെ തുടര്‍ച്ചയാണത്. ജാതി, മതം, കുലം തുടങ്ങിയതൊക്കെ ഒരു പ്രശ്‌നമാണ്. ഉപജാതികള്‍ പോലും പ്രശ്‌നമാണ്. പിന്നെ, കിട്ടുന്ന ആനുകൂല്യങ്ങളും അവസരങ്ങളും ഉപയോഗപ്പെടുത്തുകയും പ്രധാനമാണ്. മറ്റുള്ളവര്‍ സ്വന്തം ആനുകൂല്യങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടല്ലോ.

പട്ടികജാതി, വര്‍ഗ്ഗ വികസന ഫണ്ട് വിനിയോഗത്തിലെ അഴിമതിയാണോ ഒരു മുഖ്യപ്രശ്‌നം. ഇവരുടെ പേരിലുള്ള ആനുകൂല്യങ്ങളും പദ്ധതികളും മറ്റു ചിലര്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കും? 

അഴിമതി ഇവിടെ മാത്രമല്ല, മറ്റു പലയിടത്തുമുണ്ടല്ലോ. അതുമാത്രമല്ല, ഇവര്‍ക്കു ശേഷിയില്ലാത്തതിന്റെ പരിമിതികൂടി വരുന്നു. പ്രവര്‍ത്തന മൂലധനമില്ല. മറ്റേത് സാമൂഹിക മൂലധനവും ഇത് പ്രവര്‍ത്തിക്കാനുള്ള സാമ്പത്തിക മൂലധനവുമാണ്. ഉദാഹരണത്തിന്, കുറേയാളുകള്‍ക്ക് പെട്രോള്‍ പമ്പ് അനുവദിച്ചു. പക്ഷേ, അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ കയ്യില്‍ പണമില്ല. ഞങ്ങളിപ്പോള്‍ എസ്.സി, എസ്.ടി കോര്‍പ്പറേഷന്‍ വഴി വായ്പ കൊടുക്കുകയാണ്. പക്ഷേ, മുന്‍പ് കിട്ടിയ പെട്രോള്‍ പമ്പ് നഷ്ടപ്പെട്ടതായി ഇന്നിപ്പോള്‍ മൂന്നു പരാതികള്‍ എനിക്കു കിട്ടി. പമ്പ് തുടങ്ങാന്‍ സഹായിക്കുന്നവര്‍ പിന്നീട് ഇവര്‍ക്കു തിരിച്ചുകൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ പമ്പുതന്നെ സ്വന്തമാക്കുകയാണ്. നടത്തിക്കൊണ്ടു പോകുന്ന പമ്പുകളില്‍ത്തന്നെ ചില ഉദ്യോഗസ്ഥര്‍ കയറി എന്തെങ്കിലും കുഴപ്പം കണ്ടുപിടിക്കും. ചില വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വണ്ടി പിടിക്കുന്നതുപോലെയാണ്. റേഷന്‍ കടകള്‍ നടത്തുന്നവര്‍ക്കുമുണ്ട് ഈ പ്രശ്‌നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ മുറി അനുവദിക്കുമ്പോള്‍ ഇവര്‍ക്കു കിട്ടിയിരുന്നില്ല; ഒരു പെട്ടിക്കട പോലുമില്ല. അങ്ങനെ വന്നപ്പോഴാണ് സഖാവ് പാലോളി മുഹമ്മദുകുട്ടി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ അതില്‍ പത്ത് ശതമാനം പട്ടികജാതി സംവരണം നടപ്പാക്കിയത്. അതുപോലും മറ്റുള്ളവര്‍ തട്ടിയെടുക്കുന്ന സംഭവങ്ങളുണ്ട്. ഇടിച്ചുകയറി ഒന്നും നേടാനും നിലനിര്‍ത്താനും അവര്‍ക്കറിയില്ല. അതിനുള്ള ശേഷി ഉണ്ടാക്കുക പ്രധാനമാണ്. അതിന് ഉന്നത വിദ്യാഭ്യാസം നേടുകയാണ് ഒന്നാമത്തെ പടി. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വ്യാപകമായി തുടങ്ങിയത് അതിനുവേണ്ടിയാണ്. നിരവധി മിടുക്കന്മാരും മിടുക്കികളും പഠിച്ചു വരുന്നുണ്ട്. അറിവ് പ്രധാനമാണ്. സാങ്കേതികവിദ്യാ മേഖലയില്‍ ഉള്‍പ്പെടെ ആ അറിവിലേക്ക് അവരെക്കൂടി എത്തിക്കുകയാണ് പ്രധാനം. 

നമ്മള്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന കാലമാണല്ലോ. ആ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ സംവിധാനങ്ങള്‍ ഏറ്റവും കുറച്ചു ലഭിക്കുന്നത് എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കാണ്. ഒന്നാമതായി, അവരുടെ പ്രദേശത്ത് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉണ്ടാവില്ല. കൊവിഡ് കാലത്തെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഈ പാവപ്പെട്ട വിദ്യാര്‍ത്ഥികളെയാണ്. ദളിത്, ആദിവാസി വിദ്യാര്‍ത്ഥികളും പാവപ്പെട്ട മറ്റു വിദ്യാര്‍ത്ഥികളും. ഈ സൗകര്യക്കുറവ് അവരെ പിന്നാക്കമാക്കും. വീണ്ടും പിന്നാക്കം പോകുന്ന സ്ഥിതിയുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് എല്ലാവര്‍ക്കുമൊപ്പം മുന്നോട്ടു വന്നുകൊണ്ടിരുന്ന വിഭാഗത്തിന് ഈ പുതിയ സാഹചര്യം തിരിച്ചടിയാകുകയാണ്. അതുകൊണ്ടുതന്നെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദിവാസി മേഖലയിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്ക് ഏറ്റവും ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നത്. വൈദ്യുതി ഇല്ലാത്തിടത്ത് വൈദ്യുതി നല്‍കണം. ഉള്‍വനങ്ങളിലും മറ്റും വൈദ്യുതി ഇല്ലാത്ത ആദിവാസി ഊരുകള്‍ എത്രയെന്ന് വൈദ്യുതി ബോര്‍ഡുമായി ചേര്‍ന്ന് കണ്ടെത്തിക്കഴിഞ്ഞു. ഏതുവിധേനയും വൈദ്യുതി എത്തിക്കും. അതു കഴിയാത്തിടത്ത് സൗരോര്‍ജ്ജ സംവിധാനം. തൃശൂര്‍ ജില്ലയില്‍ അത് ഏകദേശം ചെയ്തു കഴിഞ്ഞു. കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണും ടാബും ലാപ്ടോപ്പും മറ്റും എത്തിക്കാനുള്ള ശ്രമങ്ങളും പൂര്‍ത്തിയായി വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എസ്.സി, എസ്.ടി വകുപ്പ് പണം കൊടുത്തിട്ടുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണ എന്ന നിലയില്‍ സാമൂഹിക സംഘടനകള്‍ ഇക്കാര്യത്തിനു മുന്‍ഗണന കൊടുക്കുന്നുണ്ട് ഇപ്പോള്‍. ചില അദ്ധ്യാപകര്‍തന്നെ സ്വന്തം ശമ്പളത്തില്‍നിന്നൊരു വിഹിതമെടുത്ത് കുട്ടികളെ ഇക്കാര്യത്തില്‍ സഹായിക്കുന്നുണ്ട്. അഞ്ച് ദേവസ്വം ബോര്‍ഡുകളുടേയും സ്‌കൂളുകളിലേയും എസ്.സി കുട്ടികള്‍ക്ക് ബോര്‍ഡ് തന്നെ പഠനോപകരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഗുണഫലം സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്കും കിട്ടണം എന്ന ഈ പൊതുമനോഭാവം ഒരു സാമൂഹിക മൂലധനമാണ്. മുഖ്യമന്ത്രി നേരിട്ട് ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ യോഗം വിളിച്ച് ഇടപെട്ടതോടെ കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ വലിയൊരു കുതിച്ചുചാട്ടമാണുണ്ടാകുന്നത്. 

ഇവര്‍ക്ക് ഭൂമിയില്ല എന്നത് എക്കാലത്തേയും വലിയ സാമൂഹിക പ്രശ്‌നമാണ്. മരിച്ചാല്‍ കുഴിച്ചിടാന്‍പോലും സ്ഥലമില്ലാത്ത സ്ഥിതി കേരളത്തിനു മുന്നിലുണ്ട്. ഭൂമിയുടെ ലഭ്യത ഒരു പ്രശ്‌നമാണ്. അതു മറികടക്കാന്‍ പല വഴികളും നോക്കുകയാണ്. വനാവകാശ നിയമപ്രകാരം ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂമി കൊടുക്കേണ്ടതാണ്. കുറച്ചു കൊടുത്തിട്ടുണ്ട്. ശാശ്വതമായി ആ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ മാത്രമല്ല, പിന്നാക്കാവസ്ഥയിലുള്ള മറ്റു വിഭാഗങ്ങളുമുണ്ട്. മുന്നോക്ക വിഭാഗങ്ങളിലെത്തന്നെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമുണ്ട്. അതു കുറച്ചുകാണുകയല്ല. അവരൊക്കെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം സ്വന്തമായി ഭൂമിയില്ലാത്ത പ്രശ്‌നം തന്നെയാണ്. 

ജനങ്ങൾക്കൊപ്പം
ജനങ്ങൾക്കൊപ്പം

ഫണ്ട് വിനിയോഗത്തിലെ സുതാര്യതക്കുറവും ദുര്‍വ്വിനിയോഗവും പരിഹരിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉദ്ദേശിക്കുന്നുണ്ടോ? 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് കൊടുത്ത ഒരു വകുപ്പാണ് എസ്.സി, എസ്.ടി. 1997-ല്‍ ഒന്‍പതാം പഞ്ചവത്സര പദ്ധതി വരുമ്പോള്‍ കേരളത്തില്‍ സഖാവ് ഇ.കെ. നായനാരുടെ സര്‍ക്കാരാണ്. ഞാന്‍ അന്ന് പട്ടികജാതി, വര്‍ഗ്ഗ വികസന മന്ത്രിയായിരുന്നല്ലോ. പാലോളി തദ്ദേശ സ്വയംഭരണ മന്ത്രി. മുഖ്യമന്ത്രിയും ഞങ്ങളെല്ലാവരും പലതലങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ട് പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഏറ്റവുമധികം പരിഹരിക്കുന്നതിന് തീരുമാനിച്ചതാണ്, പട്ടികജാതി, വര്‍ഗ്ഗ വികസന വകുപ്പാണ് ഏറ്റവും കൂടുല്‍ ഫണ്ട് താഴേയ്ക്കു കൊടുക്കേണ്ടത് എന്ന്. അത് ശരിയുമാണ്. താഴേത്തട്ടില്‍ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവരാണല്ലോ. അവരുടെ വീട്, വെള്ളം, വെളിച്ചം. മറ്റു ഭൗതിക സൗകര്യങ്ങള്‍ എന്നിവയ്ക്കു മുന്‍തൂക്കം കൊടുക്കുക. ഇന്നു ചിന്തിക്കുന്നതുപോലെയല്ല; അന്നു വീടില്ലാത്തവരുടെ എണ്ണം വളരെകൂടുതലായിരുന്നു. അന്നാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയേയും സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയേയും സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയേയും കുറിച്ചു ചിന്തിക്കുന്നത്. പല സ്ഥലത്തും നല്ല റോഡുകള്‍ വന്നത് അക്കാലത്താണ്, കിലോമീറ്ററുകളോളം ദൂരം ആളുകളെ കസേരയില്‍ ചുമന്ന് ആശുപത്രിയില്‍ കൊണ്ടുപോയിരുന്ന സ്ഥിതി വ്യാപകമായിരുന്നു. വെള്ളം ചുമന്നുകൊണ്ടുവരാന്‍ ആളുകള്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന പ്രദേശങ്ങള്‍ നിരവധി. അതിലൊക്കെ മാറ്റം വരുത്താന്‍ താഴേത്തട്ടിലേക്ക് പണവും അധികാരവും കൊടുത്തു. പക്ഷേ, പിന്നീട് ആ ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് സമഗ്രമായ ഒരു വിലയിരുത്തല്‍ നടത്തിയിട്ടില്ല. അതുകൊണ്ട്, വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് എന്തു നേട്ടമുണ്ടായി എന്ന ഒരു പരിശോധന നടത്തേണ്ടതാണ്. അതോടൊപ്പം തന്നെ ഒരു മോണിട്ടറിംഗ് സംവിധാനം മെച്ചപ്പെടുത്തണം. ചെലവേറിയതായി മാറാത്ത വിധമുള്ള ഒരു സോഷ്യല്‍ ഓഡിറ്റും അത്യാവശ്യമാണ്. സോഷ്യല്‍ ഓഡിറ്റ് ഫലത്തില്‍ ഒരു സാമൂഹിക മൂലധനമായി മാറും. സമൂഹത്തിന്റെ നിരീക്ഷണംകൂടിയാണല്ലോ. പക്ഷേ, കേവലം പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ മാത്രം സോഷ്യല്‍ ഓഡിറ്റു ചെയ്താല്‍ ശരിയാകുമെന്നു തോന്നുന്നില്ല. അവരും വേണം. 

ചെലവഴിക്കുന്ന പണം പ്രയോജനം ചെയ്‌തോ? ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാതെ പോയത്? തുടങ്ങിയതൊക്കെ പരിശോധനാ വിധേയമാക്കണം. പദ്ധതികളുടെ പ്രത്യേകതകളുണ്ട്. ഓരോ വകുപ്പും അവര്‍ക്കു ലഭിക്കുന്ന ഫണ്ടിന്റെ പത്ത് ശതമാനം എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുക എന്നതായിരുന്നു 1996 വരെയുണ്ടായിരുന്ന രീതി. അതിന്റേതായി കുറവുകള്‍ ഉണ്ടായിട്ടുണ്ട്. '96-നുശേഷമാണ് ഈ ഫണ്ടെല്ലാം ഒന്നിച്ചാക്കുന്നത്. എന്നിട്ട് ആവശ്യമുള്ള വിഭാഗങ്ങളിലേക്കു കൊടുക്കുന്ന രീതി നടപ്പാക്കി. അങ്ങനെയാണ് വികേന്ദ്രീകരണം വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വലിയ ഫണ്ട് കിട്ടിയത്. അതില്‍ നടപ്പാക്കിയ പദ്ധതികള്‍ എത്രകണ്ട് പ്രയോജനപ്രദമായി എന്ന സോഷ്യല്‍ ഓഡിറ്റു നടക്കണം. ഓരോ വര്‍ഷവും അനുവദിച്ച തുക, അതിന്റെ വിനിയോഗം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവ പരിശോധനാ വിധേയമാക്കണം. വിനിയോഗവും നേട്ടവും കൃത്യമായി വിലയിരുത്തിയേ പറ്റുകയുള്ളൂ. പലപ്പോഴും ശരിയായ വിധമല്ല ഫണ്ട് വിനിയോഗിച്ചത്. ഏതെങ്കിലുമൊക്കെ ഏജന്‍സികളെ ഓരോ പദ്ധതിയും ഏല്‍പ്പിച്ചു. അവര്‍ക്ക് അവരുടെ കമ്മിഷന്‍ ലഭിക്കണമെന്നല്ലാതെ, ഏറ്റെടുത്ത പണി പൂര്‍ത്തീകരിക്കുന്നതില്‍ ആത്മാര്‍ത്ഥയുണ്ടായില്ല. മിക്കവാറും കോളനികളില്‍ അതിനു തെളിവുകളുണ്ട്. പുതിയ ദളിത് കോളനികള്‍ വേണോ എന്ന് ഈ സര്‍ക്കാര്‍ ആലോചിക്കുകയാണ്. കോളനി സംസ്‌കാരത്തിനുതന്നെ വ്യക്തിപരമായി ഞാന്‍ എതിരാണ്. വി.ഐ.പികള്‍ താമസിക്കുന്ന കോളനികളുണ്ട്; അതിനെക്കുറിച്ചല്ല. 

വലിയ സാമൂഹിക ചലനങ്ങളുണ്ടാക്കുന്ന ഒന്നായി മാറാനിടയുള്ളതാണ് പട്ടികവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള സോഷ്യല്‍ ഓഡിറ്റ്. അതിന്റെ രൂപരേഖ തയ്യാറായോ?
 
ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണ്. സോഷ്യല്‍ ഓഡിറ്റിന്റെ രീതികള്‍ നമ്മുടെ മുന്നിലുണ്ട്. ആ രീതിയില്‍ തന്നെ തുടരണോ അതോ പുതിയൊരു രീതി വേണോ എന്നാണ് ആലോചിക്കുന്നത്. ഓഡിറ്റ് എന്നത് സാമൂഹിക പ്രതിബദ്ധതയുള്ളവരുടെ ടീമായിരിക്കണം ചെയ്യുന്നത്. അവരില്‍ മികച്ച പ്രതിബദ്ധതയുള്ള വിരമിച്ച ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളെയുമൊക്കെ ഉള്‍പ്പെടുത്താവുന്നതാണ്. വിദ്യാഭ്യാസമുള്ളവരും തൊഴിലില്‍ ലഭിക്കാത്തവരുമായ നിരവധി യുവജനങ്ങളുണ്ട്, പ്രത്യേകിച്ചും പട്ടികവിഭാഗക്കാരില്‍. അവരെ മുഴുവന്‍ വച്ചുകൊണ്ട് ഒരു പദ്ധതി ആസൂത്രണം ചെയ്യുകയാണ്. അവരുടെ കഴിവുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം. ഇക്കാര്യം വകുപ്പു ചര്‍ച്ച ചെയ്തു. ഇനി ആസൂത്രണ ബോര്‍ഡുമായിക്കൂടി ചര്‍ച്ച ചെയ്യണം. അവരെ പൊതുവായി ഒരു സംവിധാനത്തിനു കിഴില്‍ കൊണ്ടുവരികയും അവരുടെ വ്യത്യസ്ത യോഗ്യതകളേയും കഴിവുകളേയും ഫലപ്രദമായി വിനിയോഗിക്കുകയുമാണ് ചെയ്യുക. ഓരോ പഞ്ചായത്ത് അടിസ്ഥാനത്തിലും അവരെ കണ്ടെത്തി ഒന്നിച്ചു കൊണ്ടുവരാനും മാര്‍ഗ്ഗദര്‍ശനം നല്‍കാനും കഴിഞ്ഞാല്‍ അതൊരു വലിയ മാറ്റമാകും. എന്നാല്‍, അവരെക്കൊണ്ട് ഓഡിറ്റു ചെയ്യിക്കുകയല്ല; അതിനു വേറെ സംവിധാനമുണ്ടാക്കും. അല്ലാതെ അവര്‍ മറ്റൊരു സ്ഥാപനവും ബാധ്യതയുമായി മാറാന്‍ പാടില്ല എന്ന് സര്‍ക്കാരിനു നിര്‍ബ്ബന്ധമുണ്ട്. പരമ്പരാഗത രീതികളില്‍നിന്നു വ്യത്യസ്തമായിരിക്കും സമീപനം. 

കോളനികള്‍ ഇനി വേണ്ട എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. അത് പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിതത്തില്‍ എന്തുതരം മാറ്റമുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? 

കൊവിഡ് കാലത്ത് സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ പണിക്കു പോവുകയാണ് നിരവധി കുട്ടികള്‍; പ്രത്യേകിച്ചും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പോയപ്പോള്‍ അതു നേരിട്ടു കണ്ടു. പണിക്കുപോയി കുറച്ചുപണം കിട്ടുന്നതോടെ വിദ്യാഭ്യാസത്തോട് താല്‍പ്പര്യം കുറയും. തിരികെ സ്‌കൂളിലേക്കു പോകാതായേക്കും എന്ന ആശങ്കയുണ്ട്. അതോടൊപ്പം അവര്‍ കണ്ടുപഠിക്കുന്നത് തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലെ ആളുകളുടെ രീതികളാണ്. അവര്‍ സ്വീകരിക്കുന്ന മോഡലുകള്‍ ഏതാണ്? പണിയുടെ ഇടവേളയിലെയും പണിക്കു ശേഷവുമുള്ള പുകവലിയും മറ്റു ചില കാര്യങ്ങളുമൊക്കെയാണ്. തനിക്കും അതുപോലെയാകണം എന്നാണ് അവര്‍ ആഗ്രഹിക്കുക. അങ്ങനെയല്ലാതാകുന്ന കുട്ടികള്‍ വിദ്യാഭ്യാസത്തിലും ജീവിതത്തിലും ഉയര്‍ന്നുപോയ അനുഭവങ്ങളുണ്ട്. അതുകൊണ്ട്, വിദ്യാഭ്യാസത്തിനു നിര്‍ബ്ബന്ധിച്ച് അയയ്ക്കുന്നതിനൊപ്പംതന്നെ അവര്‍ വളരുന്ന സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി കൊടുക്കാനും കഴിയണം. കോളനികള്‍ക്കുപകരം അവര്‍ മറ്റുള്ളവര്‍ക്കൊപ്പം ജീവിച്ചു വളരട്ടെ. അതിന്റെ ഗുണം അവര്‍ക്കുണ്ടാകും. എല്ലാം അങ്ങനെയാകണം എന്നല്ല. ഇടമലക്കുടിയില്‍ മാത്രമാണ് ഈ കൊവിഡ് കാലത്ത് ഒരു സ്‌കൂള്‍ പ്രവര്‍ത്തിച്ചത് എന്നതും അഭിമാനകരമാണ്. ഒരാള്‍ക്കുപോലും കൊവിഡ് ബാധിക്കാത്ത പഞ്ചായത്താണ് അത്. പക്ഷേ, ഭൂരിപക്ഷവും അങ്ങനെയല്ല. റോഡും വെള്ളവും വെളിച്ചവുമില്ലാത്ത കാടിനുള്ളില്‍ കഴിയുന്നവരെല്ലാം അവിടെത്തന്നെ കഴിഞ്ഞോട്ടെ എന്ന സങ്കല്‍പ്പം മാറ്റിയെടുക്കണം. അതിനു വേണ്ടിയുള്ള പുനരധിവാസ പദ്ധതി ആലോചിക്കുകയാണ്. കോളനി സംവിധാനത്തില്‍ കുറേയൊക്കെ മാറ്റം വന്നാല്‍ അവരുടെ ജീവിതത്തിലും മാറ്റങ്ങള്‍ വരും.

കേരളത്തില്‍ സര്‍ക്കാരിന്റെ മിക്ക വകുപ്പുകളിലും എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടായ സംവരണ നഷ്ടം ഒരു യാഥാര്‍ത്ഥ്യമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ സംവരണത്തോടു മുഖം തിരിച്ചുതന്നെ നില്‍ക്കുകയും ചെയ്യുന്നു. ഇത് എങ്ങനെയാണ് പരിഹരിക്കുക? 

ഓരോ വകുപ്പിലേയും സംവരണ നഷ്ടം (ബാക്ക് ലോഗ് ) പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ വര്‍ഷവും സംവരണ അവലോകന യോഗം നടത്താറുണ്ട്. പിന്നെ, മന്ത്രിതലത്തിലുമുണ്ട് അവലോകനം. സംവരണ നഷ്ടം കണ്ടെത്തിയാല്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തി അത് നികത്തും. അതാണ് സാധാരണ രീതി. രാജ്യത്തെ പൊതുസ്ഥിതികൂടി പരിശോധിക്കണം. ഇപ്പോള്‍ ആസൂത്രണം തന്നെ ഇല്ലാതായിരിക്കുന്നു. ആസൂത്രണ കമ്മിഷനെ നിതി ആയോഗ് ആക്കി മാറ്റി. ഇഷ്ടം പോലെ എന്തും ചെയ്യാവുന്ന സ്ഥിതി. അതുകൊണ്ടാണ് ജനസംഖ്യാടിസ്ഥാനത്തില്‍ എസ്.സി, എസ്.ടി ഫണ്ട് കൊടുക്കുന്നതിനുപകരം അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് കൂടുതല്‍ കൊടുക്കുന്നത്. ആസൂത്രണം മാറി, പകരം പ്രോജക്റ്റുകള്‍ നിരവധി വരുന്നു. പ്രതിപക്ഷ നേതാവുള്‍പ്പെടെ നിയമസഭയില്‍ ചൂണ്ടിക്കാണിച്ച കാര്യമാണ്. അപ്പോള്‍ സംഭവിക്കുന്നത് എന്താണെന്നുവച്ചാല്‍ സംവരണമൊന്നും പാലിക്കപ്പെടില്ല. ആ പ്രോജക്റ്റിന്റെ ആനുകൂല്യം കിട്ടുന്നത് യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കായിരിക്കുകയുമില്ല; പകരം, ഉന്നത തലത്തില്‍ അത് വീതിച്ചുപോകുന്നു. കണ്‍സള്‍ട്ടേഷന്‍ ഫീസ്, കമ്മിഷന്‍ ഇനങ്ങളില്‍ത്തന്നെ വലിയ തുക പലരുടേയും പോക്കറ്റില്‍ പോകുന്നു. തഴയപ്പെടുന്നത് സമൂഹത്തിലെ പാവപ്പെട്ടവരാണ്. അവിടെ സമ്പത്തിന്റെ സംവരണവുമില്ല, തൊഴില്‍ സംവരണവുമില്ല. അത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവമുള്ള വിഷയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയം തന്നെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍കരിക്കുക എന്നതാണ്. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നിയമനങ്ങളും യു.പി.എസ്.സി പരീക്ഷകളും നടക്കുന്നില്ലല്ലോ. സ്വകാര്യവല്‍ക്കരണത്തിന്റെ പ്രധാന കുഴപ്പം അവിടെ സംവരണം ഇല്ല എന്നതാണ്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം കൊടുക്കുന്ന എയ്ഡഡ് മേഖലയിലും സംവരണം പാലിക്കുന്നില്ലല്ലോ. ഞാന്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ ഒരു പഠനം നടത്തി: എണ്ണായിരം കോടി രൂപയോളം ഒരു വര്‍ഷം എയ്ഡഡ് മേഖലയിലേക്കു പോകുന്നു. അണ്‍ എയ്ഡഡ് മേഖലയിലും സംവരണം ഇല്ല.

ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

കാലങ്ങളായുള്ള ഈ സ്ഥിതി എങ്ങനെ ഈ സ്ഥിതി മറികടക്കാനാകും? 

ഒരു സമവായം ഉണ്ടാക്കേണ്ടി വരും. ഇതു ഞാന്‍ പറയുമ്പോള്‍ അവര്‍ നാളെത്തൊട്ട് കലാപത്തിനു തയ്യാറായി തിരികൊളുത്തും. 1957-ലെ ഗവണ്‍മെന്റ് പോകാന്‍ തന്നെ കാരണം അതാണല്ലോ. അതുകൊണ്ട് ആലോചിച്ച് എല്ലാവരുടേയും അഭിപ്രായങ്ങള്‍ ഏകോപിപ്പിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. അണ്‍ എയ്ഡഡ് മേഖലയില്‍ സംവരണ നിഷേധം മുഖമുദ്രയാണ്. പക്ഷേ, എയ്ഡഡ് മേഖലയില്‍ നടപ്പാക്കാന്‍ കഴിയും. സംവരണം നടപ്പാക്കിയില്ലെങ്കില്‍ ഗ്രാന്റ് തരില്ലെന്ന് യു.ജി.സി കോളേജുകളോട് പറഞ്ഞല്ലോ. അതിനെതിരെ അവര്‍ കോടതിയില്‍ പോയി. കോടതിയും സംവരണത്തിന് യു.ജി.സി നിലപാടിന് അനുകൂലമായാണ് വിധിച്ചത്. എന്നിട്ടും അവര്‍ ചെവിക്കൊണ്ടില്ല. സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണ് വേണ്ടത്. 

എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള ഏക മെഡിക്കല്‍ കോളേജ് തുടങ്ങി ഏഴു വര്‍ഷമായിട്ടും ആ സ്ഥാപനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്താണ് ഇനി ചെയ്യാന്‍ പോകുന്നത്?
 
എസ്.സി വികസന ഫണ്ടില്‍നിന്നെടുത്താണ് പാലക്കാട് മെഡിക്കല്‍ കോളേജ് നടത്തുന്നത്. അതിനെക്കുറിച്ച് അന്നുതന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. പൊതുവായി പട്ടികജാതിക്കാരുടെ വളര്‍ച്ചയ്ക്കുവേണ്ടി വിനിയോഗിക്കേണ്ട ഫണ്ടാണ് അവിടേക്കു പോകുന്നത്. അതിപ്പോള്‍ ഒരു വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. 2012-ല്‍ തീരുമാനമെടുത്തു, 2014-ല്‍ തുടങ്ങിയ സ്ഥാപനം ഇപ്പോഴും പാതിവഴിയില്‍ കിടക്കുകയാണ്. ഒ.പി മാത്രമാണുള്ളത്. ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി ആക്കിയപ്പോള്‍ ഇവിടെ ഒപിയില്‍ രോഗികളുടെ എണ്ണം കൂടി. ഐ.പി ഇല്ല. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ഉള്‍പ്പെടെ പല പ്രശ്‌നങ്ങളും ഈ കാലത്തിനിടയില്‍ ഉണ്ടായി. ആദ്യത്തെ എം.ബി.ബി.എസ് ബാച്ച് പഠിച്ചിറങ്ങി മൂന്നാം വര്‍ഷമാകുമ്പോഴേക്കും പി.ജി തുടങ്ങിയില്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടപ്പെടും. പി.ജി ആരംഭിക്കണം. അതിനുള്ള മൂന്ന് അധിക തസ്തികകള്‍ സൃഷ്ടിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടപ്പെട്ടാല്‍ ഈ സ്ഥാപനം നശിപ്പിച്ചു എന്ന പേരുദോഷമായിരിക്കും വരിക. പക്ഷേ, ഈ ശമ്പളമെല്ലാം പോകേണ്ടത് എസ്.സി പ്ലാന്‍ ഫണ്ടില്‍നിന്നാണ്. വാരികയില്‍ വന്ന റിപ്പോര്‍ട്ട് ശരിയാണ്, അവര്‍ക്കു ശമ്പളം മുടങ്ങുന്ന പ്രശ്‌നമുണ്ട്. അവര്‍ സമരം തുടങ്ങാന്‍ പോവുകയാണ്. സാഹചര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ അത് എയ്ഡഡ് സ്ഥാപനം പോലെയാക്കി മാറ്റിയില്ലെങ്കില്‍ മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. നോണ്‍ പ്ലാനില്‍ പെടുത്തി സര്‍ക്കാര്‍ ഖജനാവില്‍നിന്നു ശമ്പളം കൊടുക്കണം. ധനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. എസ്.സി പ്ലാന്‍ ഫണ്ടില്‍നിന്നെടുത്ത് ശമ്പളം കൊടുക്കുന്നു, കെട്ടിടം പണിയുന്നു, സാധനങ്ങള്‍ വാങ്ങുന്നു. ഒ.പിയില്‍ എത്തുന്ന രോഗികളില്‍ 90 ശതമാനവും എസ്.സി ഇതര വിഭാഗങ്ങളില്‍പ്പെട്ടവരാണ്. അവര്‍ക്കുള്ള മരുന്നിനു പണം ചെലവഴിക്കുന്നത് ഈ ഫണ്ടില്‍നിന്നാണ്. അതിനോടൊക്കെ വിയോജിപ്പുണ്ട് വകുപ്പില്‍. നിര്‍മ്മാണ പ്രവര്‍ത്തനം കമ്പനികള്‍ പറഞ്ഞ സമയത്തു തീര്‍ത്തില്ല. നീണ്ടുപോവുകയാണ്. പലഘട്ടങ്ങളിലും തീരുമാനമെടുത്ത കാര്യങ്ങളൊന്നും അതേപടി നടപ്പാക്കാനായില്ല. വരുന്ന ഡിസംബറോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരുന്ന വിധത്തില്‍ എല്ലാ കാര്യങ്ങളും സമയബന്ധിതമായി നടപ്പാക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എസ്.സി ഡയറക്ടറും മെഡിക്കല്‍ കോളേജ് ഡയറക്ടറും മറ്റും പങ്കെടുത്ത ഉന്നതതല യോഗങ്ങള്‍ കൊവിഡ് കാലമായിട്ടും മാനദണ്ഡങ്ങള്‍ പാലിച്ചു നേരിട്ടുതന്നെ വിളിച്ചു. എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും. പക്ഷേ, ഭാവിയില്‍ വലിയ ചെലവാണ് വരാന്‍ പോകുന്നത്. അതു മുഴുവന്‍ ചെയ്യാന്‍ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചാല്‍ പിന്നെ ഈ വിഭാഗത്തിന്റെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റാത്ത സ്ഥിതി വന്നുചേരും എന്ന ആശങ്കയുണ്ട്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശമ്പളം കൊടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണല്ലോ. അതുപോലെ ഇതിനും കൊടുക്കണം. എന്നാലേ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. മെഡിക്കല്‍ കോളേജിന് അനുബന്ധമായി തുടങ്ങാന്‍ ആലോചിച്ച മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയാലും അതില്‍നിന്നുള്ള വരുമാനം കൊണ്ട് മെഡിക്കല്‍ കോളേജ് നടത്താന്‍ പറ്റില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ വാങ്ങുന്നതുപോലുള്ള തലവരിയൊന്നും വാങ്ങാന്‍ നമുക്കു പറ്റില്ല. ഇരുന്നിട്ടു കാലുനീട്ടുക എന്നു പറഞ്ഞതുപോലെ, ഇതൊന്ന് ആദ്യം ശരിയായിട്ട് ബാക്കിയുള്ളത് തുടങ്ങുന്നത് ആലോചിക്കാവുന്നതാണ്. സ്ഥിരപ്പെടുത്തിയവരുടെ ശമ്പളവര്‍ദ്ധനവിന്റെ പ്രശ്‌നവും സ്ഥിരപ്പെടുത്താത്തവര്‍ക്ക് അതിന്റെ പ്രശ്‌നങ്ങളുമുണ്ട്. ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ച പട്ടികജാതിയില്‍പ്പെട്ട നാല്‍പ്പതോളം നഴ്സുമാരെ പിരിച്ചുവിട്ട പ്രശ്‌നമുണ്ട്. ഇതിനിടയിലാണ് നിര്‍മ്മാണ കമ്പനികള്‍ സമയത്തു പണി പൂര്‍ത്തിയാക്കാതെ ഓരോ തവണയും തുക വര്‍ദ്ധിപ്പിക്കുന്നത്. നിര്‍മ്മാണ മേല്‍നോട്ടച്ചുമതല ഒറ്റപ്പാലം സബ്കളക്ടര്‍ക്ക് കൊടുത്തിരിക്കുകയാണ്. 

അട്ടപ്പാടിയിലെ ആദിവാസി ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിനെന്താണ് പദ്ധതി? 

കേരളത്തിലെ പൊതുവെയും അട്ടപ്പാടിയിലെ പ്രത്യേകിച്ചും ആദിവാസി ജീവിതാവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. മുന്‍പത്തെക്കാള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ഇനിയും മെച്ചപ്പെടാനുണ്ട്. അതിനുള്ള ഇടപെടലുകളിലാണ് സര്‍ക്കാര്‍. പിന്നെ, തലമുറ മാറിയല്ലോ. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും മറ്റും ഉപയോഗം ഇടക്കാലത്ത് കൂടി വന്നിട്ടുണ്ട്. മദ്യാസക്തിയില്‍നിന്ന് ആദിവാസി വിഭാഗങ്ങളെ മുക്തരാക്കാന്‍ എക്സൈസുമായി ചേര്‍ന്ന് എസ്.സി, എസ്.ടി വകുപ്പ് ഒരു പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരെ അത് ശരിയായി വിനിയോഗിക്കാന്‍ പ്രാപ്തരാക്കുന്നതും ഇതിന്റെ ഭാഗമാണ്. കിട്ടുന്നതുകൊണ്ട് ഭാവിയിലേക്കു ജീവിതം മെച്ചപ്പെടുത്തണം എന്ന് അവര്‍ ചിന്തിക്കുന്നില്ല. ആനുകൂല്യങ്ങള്‍ ഇനിയും കിട്ടണമെങ്കില്‍ ജീവിതം എപ്പോഴും ഇതേ വിധമായിരിക്കണം എന്ന് അവരെ പഠിപ്പിച്ചു വച്ചിരിക്കുകയാണ്. അവരെ പൊതുവെയും കുട്ടികളേയും ചെറുപ്പക്കാരേയും പ്രത്യേകിച്ചും ബോധവല്‍ക്കരിക്കേണ്ടതുണ്ട്. പഠിക്കുന്നതിന്റേയും അറിവു സമ്പാദിക്കുന്നതിന്റേയും പ്രാധാന്യവും കിട്ടുന്ന ആനുകൂല്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചു മറ്റു വിഭാഗങ്ങളെപ്പോലെ ഉയര്‍ന്നു വരേണ്ട ആവശ്യത്തെക്കുറിച്ചും മനസ്സിലിക്കിക്കേണ്ടതുണ്ട്. 1997-ല്‍ നമ്മള്‍ ആദിവാസി കുട്ടികളെ ഉള്‍പ്പെടുത്തി, സോഷ്യല്‍ ആക്റ്റിവിസ്റ്റുകള്‍ എന്നൊരു സംവിധാനമുണ്ടാക്കിയിരുന്നു. അതുവരെ ചെയ്തതിനേക്കാള്‍ വലിയ പുരോഗതിയുണ്ടായിരുന്നു. നിയമസഭയില്‍ നീല യൂണിഫോമിട്ട ആദിവാസി കുട്ടികള്‍ വന്നത് ഓര്‍ക്കുന്നുണ്ടാകും. വിവിധ ഊരുകളില്‍ നിന്നായി ആയിരത്തിലധികം സ്‌കൂള്‍ കുട്ടികളെ തെരഞ്ഞെടുത്തു പരിശീലിപ്പിച്ചു. അഞ്ചു ദിവസത്തേക്കാണ് തിരുവനന്തപുരം സന്ദര്‍ശനത്തിനു കൊണ്ടുവന്നത്. അതില്‍ 99.5 ശതമാനം കുട്ടികളും ആദ്യമായി തിരുവനന്തപുരം കാണുകയായിരുന്നു. അവര്‍ നിയമസഭാ ഗ്യാലറിയില്‍ നിറഞ്ഞിരിക്കുമ്പോള്‍ മുഖ്യമന്ത്രി നായനാര്‍ അന്ന് എന്നെ വളരെ അഭിനന്ദിച്ചു. സന്ദര്‍ശക ഗ്യാലറിയെ സാധാരണഗതിയില്‍ സഭയില്‍ പരാമര്‍ശിക്കാന്‍ പാടില്ലെങ്കിലും ആ ഗ്യാലറിയിലിരിക്കുന്നതു കണ്ടോ നമ്മുടെ രാധാകൃഷ്ണന്റെ സംഭാവനയാണ് എന്ന് അദ്ദേഹം പറഞ്ഞു. അവരെ സെക്രട്ടേറിയറ്റും മ്യൂസിയവും ഉള്‍പ്പെടെ തലസ്ഥാനത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും കൊണ്ടുപോയി. അഞ്ചാം ദിവസം മടങ്ങും മുന്‍പ് അവരോടു പറഞ്ഞു: ''നിങ്ങള്‍ സോഷ്യല്‍ ആക്ടിവിസ്റ്റുകളായിരിക്കാന്‍ മാത്രമല്ല ഇത്. നിങ്ങള്‍ തുടര്‍ന്നു പഠിക്കണം. ബിരുദധാരികളം മറ്റുമാകണം. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കണം.'' 

അന്നത്തെ ആ കുട്ടികളില്‍ രണ്ടുപേര്‍ എം.എല്‍.എ ആയി, ഒരാള്‍ മന്ത്രിയായി: ഐ.സി. ബാലകൃഷ്ണനും പി.കെ. ജയലക്ഷ്മിയും. മത്സരിച്ചു തോറ്റവര്‍ വേറെയുമുണ്ട്. അവര്‍ സജീവമായ സാമൂഹിക ജീവിതത്തിലേക്കു വന്നു എന്നതാണ് പ്രധാനം. പലരും പ്രമോട്ടര്‍മാരായി. പൊലീസിലും എക്സൈസിലും വനം വകുപ്പിലുമൊക്കെ ആദിവാസി യുവാക്കള്‍ക്ക് മുന്‍പെന്നത്തേക്കാള്‍ അവസരങ്ങള്‍ കിട്ടുന്നുണ്ട് ഇപ്പോള്‍. കൃത്യമായ സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് അത്തരം ഇടപെടലുകളുടെ ലക്ഷ്യം. 

ജാതിക്കെതിരെ വലിയരീതിയില്‍ പൊരുതി ജയിച്ചുവന്ന സമൂഹമാണല്ലോ കേരളം. ജാതിവിരുദ്ധ ഇടപെടലുകളുടെ വലിയ ചരിത്രമാണുള്ളത്. പക്ഷേ, ഇപ്പോഴും ആളുകളുടെ മനസ്സില്‍ ജാതിയുണ്ട് എന്ന് പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും പുറത്തു വരുന്നു. ഇതിനെ നമ്മള്‍ എങ്ങനെ അഭിമുഖീകരിക്കും? 

നമുക്കു കൃത്യമായി അറിയുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതുപോലെ, ജാതി ഇന്നത്തെ തലമുറ ഉണ്ടാക്കിയതല്ലല്ലോ. ജാതിവ്യവസ്ഥ എന്നത് ഒരു കാലത്ത് സമൂഹത്തിന്റെ മുകളില്‍ ആധിപത്യം സ്ഥാപിക്കാനും അതു നിലനിര്‍ത്താനും ശ്രമിച്ചവരുടെ സൃഷ്ടിയായിരുന്നു. സമൂഹത്തെ മുഴുവന്‍ ഭരിക്കാന്‍ അവര്‍ ജാതിയുടെ പേരിലുള്ള വേര്‍തിരിവുണ്ടാക്കി. അതൊരു ന്യൂനപക്ഷം വരുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കാനായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്തതാണ്. ആധുനിക യുഗത്തിലെ എല്ലാ ജനാധിപത്യ അവകാശങ്ങളെയും ഒരു വിഭാഗത്തിനു നിഷേധിക്കുന്ന കണ്ടെത്തലായിരുന്നു അത്. നൂറ്റാണ്ടുകളായി അത് മനസ്സിന്റെ അടിയില്‍ കിടക്കുകയാണ്. എന്തെല്ലാം പറഞ്ഞുവന്നാലും ഒടുവില്‍ ജാതിയില്‍ മാത്രമല്ല ഉപജാതിയിലും എത്തും. അതിന്റെ ഘടന രൂപപ്പെടുത്തിയതിന്റെ പ്രത്യേകതയാണത്. ഇന്നത്തേക്കാള്‍ ബുദ്ധിമാന്മാരായ എന്‍ജിനീയര്‍മാരായിരുന്നു അവര്‍. മനസ്സില്‍നിന്ന് ഇതു മായിച്ചുകളഞ്ഞാല്‍ പോകില്ല. കറ പിടിച്ചു കിടക്കും. വസ്ത്രത്തിലെ കറയും ശരീരത്തിലെ ചെളിയും കഴുകിക്കളയാം. പക്ഷേ, ജാതിക്കറ പിടിച്ചാല്‍ പെട്ടെന്നു മായില്ല. അതു മാറാന്‍ വലിയ സാമൂഹിക ഉയര്‍ച്ച ഉണ്ടാകണം. നവോത്ഥാനത്തിന്റെ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും അത് പൂര്‍ണ്ണതയില്‍ എത്തിയില്ലെന്നു മാത്രമല്ല, ഇപ്പോഴത്തെ കാലഘട്ടത്തില്‍ റിവേഴ്സ് ഗിയറില്‍ വരുന്നുമുണ്ട്. 1970-കളിലും '80-കളിലും പറഞ്ഞ കാര്യങ്ങള്‍ പലതും ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഒരു അമ്പലം കത്തിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്നും ഭഗവാനെന്തിനാ പാറാവ് എന്നും ചോദിച്ച മുഖ്യമന്ത്രി ഉണ്ടായിരുന്ന നാടാണ് കേരളം. ഇപ്പോഴത് പറയാന്‍ കഴിയുമോ. അത്രയും പുറകോട്ടു പോവുകയാണ്. അങ്ങനെ പുറകോട്ടു പോകുന്ന നാടായി കേരളം മാറുകയാണ്. ജാതിവ്യവസ്ഥയുടെ ദുരന്തങ്ങള്‍ ഇല്ലാതാകണമെങ്കില്‍ ജാതിരഹിത സമൂഹം ഉണ്ടാവുകതന്നെയാണ് വേണ്ടത്. ലോകത്ത് മറ്റു പലയിടത്തും നിറത്തിന്റേയും വംശീയതയുടേയും പേരില്‍ വിവേചനമുണ്ട്. ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ നടുറോഡില്‍ വച്ച് വെള്ളക്കാരന്‍ പൊലീസ് ശ്വാസം മുട്ടിച്ചു കൊന്നത് അമേരിക്കയിലാണല്ലോ. എല്ലാത്തിന്റേയും പറുദീസയാണെന്നു പറയുന്ന അമേരിക്കയില്‍. അതിനുശേഷവും അതുപോലെ ഒരു സംഭവമുണ്ടായി. ആധിപത്യം സ്ഥാപിച്ചവര്‍ അതു നിലനിര്‍ത്താന്‍ ജാതീയതയും വംശീയതയും മതഭ്രാന്തുമൊക്കെ ഉപയോഗിക്കും. മനുഷ്യന്‍ അത് തിരിച്ചറിയുകയാണ് വഴി. ഉയര്‍ന്ന തലത്തിലുള്ള മനുഷ്യരുടെ കാലം വരും. മനുഷ്യന്‍ പ്യൂരിഫൈ ചെയ്തു വരുമ്പോള്‍ മനസ്സില്‍ ജാതിയുണ്ടാകില്ല. മറ്റു തിന്മകളുണ്ടാകില്ല, അങ്ങനെ മനുഷ്യര്‍ ഉയര്‍ന്നുവരുന്ന കാലത്തെക്കുറിച്ചാണ് കാള്‍ മാര്‍ക്‌സ് വിഭാവനം ചെയ്തത്. ഇവിടെ കമ്യൂണിസ്റ്റ് ആശയമെന്നാല്‍ സ്വര്‍ണ്ണക്കടത്താണ്, കത്തിയെടുത്തതാണ് എന്നൊക്കെയാക്കി അതിനെ ചുരുക്കിക്കാണുകയാണ് ചിലര്‍. ആ ചുരുക്കിക്കാണുന്നതല്ല; ഏറ്റവും വിശാലമായ മനുഷ്യന്റെ മെച്ചപ്പെടലിന്റെ ചിന്തയാണ്. 

ദേവസ്വം ബോര്‍ഡുകളുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയുടെ വിനിയോഗത്തിനു പദ്ധതി തയ്യാറാക്കുന്നതായി കേട്ടിരുന്നു. എങ്ങനെയാണത്? 

ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ ഒരുപാടു ഭൂമി വെറുതേ കിടക്കുന്നു. മറുവശത്ത് രണ്ടുമൂന്നു കൊല്ലമായി ദേവസ്വം ബോര്‍ഡുകളില്‍ ജീവനക്കാര്‍ക്കു ശമ്പളം കൃത്യമായി കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്, പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പറ്റാത്ത സ്ഥിതി. ദേവസ്വം ബോര്‍ഡിനുകീഴിലുള്ള സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും കഴിയുന്നില്ല. സ്‌കൂളുകളും കോളേജുകളും കമ്യൂണിറ്റി ഹാളുകളുമൊക്കെയുണ്ട്. അവ അങ്ങനെ കിടന്നുപോട്ടെ എന്ന കാഴ്ചപ്പാടല്ല ഈ സര്‍ക്കാരിന്റേത്. അതുകൊണ്ടാണ് ബജറ്റില്‍ ഉള്‍പ്പെടുത്തി സഹായിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ നമുക്കു പരിമിതികളുണ്ട്. 2018-ലെ വെള്ളപ്പൊക്ക സീസണ്‍ മുതല്‍ ഇങ്ങോട്ട് അമ്പലങ്ങളിലെ കാണിക്ക, വഴിപാട് വരുമാനങ്ങള്‍ കുറഞ്ഞു. ഓണ്‍ലൈനില്‍ വഴിപാട് സ്വീകരിക്കാനും വെര്‍ച്വല്‍ പൂജയ്ക്ക് തീരുമാനമുണ്ടാവുകയുമൊക്കെ ചെയ്തതോടെ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. എങ്കിലും സാധാരണഗതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നില്ല. അങ്ങനെ നടത്തിക്കൊണ്ടു പോകാന്‍ കഴിയണമെങ്കില്‍ ഓരോ ദേവസ്വം ബോര്‍ഡും സ്വയാര്‍ജ്ജിത വരുമാനം വര്‍ദ്ധിപ്പിക്കണം. അതിനു പല സാധ്യതകളുണ്ട്. പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന ടൂറിസമാണ് ഒന്ന്. പക്ഷേ, ക്ഷേത്രങ്ങളില്‍ വരുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. പല ക്ഷേത്രങ്ങളിലും ദീര്‍ഘദൂരം യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് വിശ്രമിക്കാനും മറ്റും ഒരു സൗകര്യവുമില്ല. നല്ലൊരു ടോയ്ലറ്റ് പോലുമില്ലാത്ത സ്ഥിതിയുണ്ട്. അമ്പലത്തില്‍ ടോയ്ലറ്റ് പാടുണ്ടോ എന്നു ചോദിക്കുന്നവരുണ്ട്, അങ്ങനെയാണെങ്കില്‍ അമ്പലത്തില്‍ വരുന്നവര്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നു പറയണ്ടേ? അതൊക്കെ പ്രകൃതി നിയമങ്ങളാണല്ലോ. വൃത്തിയുള്ള, നല്ല ടോയ്ലറ്റുകള്‍ അമ്പലത്തില്‍നിന്നു ദൂരെ മാറി നിര്‍മ്മിക്കണം. വരുന്നവര്‍ക്കു വിശ്രമിക്കാനും നല്ല ഭക്ഷണം കഴിക്കാനും സൗകര്യം വേണം. അതൊക്കെ നമ്മുടെ വരുമാനത്തില്‍ വലിയ മാറ്റമുണ്ടാക്കും. വെറുതേ കിടക്കുന്ന സ്ഥലങ്ങള്‍ അതിന് ഉപയോഗിക്കും, ആവശ്യത്തിനുള്ള ഔഷധച്ചെടികളും പൂവും തുളസിയുമൊക്കെ അവിടെ കൃഷി ചെയ്തുണ്ടാക്കാന്‍ കഴിയില്ലേ എന്നു നോക്കുകയാണ്. 25000 ഏക്കറോളം മലബാറിലുണ്ട്, മൂവായിരത്തോളം ഏക്കര്‍ തിരുവിതാംകൂറിലുണ്ട് കൊച്ചിയിലുമുണ്ട്. നാല്‍പ്പതിനായിരത്തോളം ഏക്കര്‍ വരും. കാലാകാലങ്ങളില്‍ പലരും കയ്യേറിയിട്ടുണ്ട് പലയിടത്തും. അമ്പലത്തിന്റേയോ ദേവസ്വത്തിന്റേയോ വിശ്വാസികളുടേയോ താല്‍പ്പര്യത്തിനു വിരുദ്ധമല്ലാത്ത രീതിയില്‍ ആ ഭൂമി ഫലപ്രദമായി വിനിയോഗിക്കും. അത് ദേവസ്വം ബോര്‍ഡുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കും. അന്തരീക്ഷത്തിനു തന്നെ നല്ല മാറ്റം വരും.

നാടിന്റെ സമൂല മാറ്റം ലക്ഷ്യം. ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ് 
നാടിന്റെ സമൂല മാറ്റം ലക്ഷ്യം. ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ് 

ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള ഇച്ഛാശക്തിയുണ്ടാകുമോ ഈ സര്‍ക്കാരിന്?

കൊല്ലങ്ങളായി ചര്‍ച്ച ചെയ്യുന്ന ശബരിമല മാസ്റ്റര്‍പ്ലാന്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കും. 170 കോടി രൂപയുടെ കുടിവെള്ള പദ്ധതി നവംബറോടെ പ്രവര്‍ത്തനക്ഷമമാകും. 150 കോടി രൂപ കിഫ്ബിയില്‍നിന്നു കിട്ടും. നിലയ്ക്കലില്‍ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ പദ്ധതിയാണ് കിഫ്ബിയുടെ സഹായത്തോടെ ചെയ്യാന്‍ പോകുന്നത്. ഏഴു പ്രാവശ്യമാണ് ദേവസ്വം ബോര്‍ഡിലെ എന്‍ജിനീയര്‍മാരുടെ യോഗം വിളിച്ചത്. കേരളത്തിലെ ഏറ്റവും ശക്തമായ എന്‍ജിനീയറിംഗ് വിഭാഗമുള്ള സംവിധാനമാണ് ദേവസ്വംബോര്‍ഡ്.

ദേവസ്വം ഭൂമി ക്ഷേത്രങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കു വിനിയോഗിക്കുന്നത് പ്രതിഷേധത്തിനും എതിര്‍പ്പിനും ഇടയാക്കില്ലേ. അത് മുന്‍കൂട്ടി കാണുന്നുണ്ടോ?

ക്ഷേത്രങ്ങളില്‍ ഇടപെടുന്നു എന്ന വിമര്‍ശനത്തിന്റേയോ എതിര്‍പ്പിന്റേയോ ആവശ്യമില്ലാത്ത വിധമാണ് നടപ്പാക്കുക. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്നതിനെ അവഗണിക്കുകയും അവര്‍ പറയുന്നതില്‍ ശരിയുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ശൈലി. 1997-ല്‍ താലൂക്ക് പട്ടികജാതി ഓഫീസുകള്‍ നിര്‍ത്തിയപ്പോള്‍ വന്ന എതിര്‍പ്പാണ് ഓര്‍മ്മവരുന്നത്. താലൂക്ക് ഓഫീസുകള്‍ ഒരു കാലത്ത് വലിയ തട്ടിപ്പിന്റെ കേന്ദ്രമായിരുന്നു. പട്ടികജാതിക്കാരുടെ വീടുകള്‍ ഭൂരിഭാഗവും പുല്ല് മേഞ്ഞതായിരുന്ന കാലത്ത് അതു കെട്ടിമേയാനുള്ള പണത്തിനുവേണ്ടി ദീര്‍ഘദൂരം സഞ്ചരിച്ച് താലൂക്ക് ഓഫീസുകളില്‍ പോകണമായിരുന്നു. എട്ടു രൂപ കിട്ടാന്‍ രണ്ടു തവണ പോയി വരാന്‍ നാലു രൂപ വേണം; അന്നത്തെ പണിക്കൂലിയും പോകും. ഇത് കണ്ടു വളര്‍ന്നവനാണ് ഞാന്‍. കുറേ അപേക്ഷകള്‍ ഒന്നിച്ചുവാങ്ങി ഞാന്‍ താലൂക്ക് ഓഫീസില്‍ കൊണ്ടുപോയിക്കൊടുക്കുമായിരുന്നു. പണം കിട്ടുമ്പോള്‍ ആളുകളുടെ വൗച്ചര്‍ ഒപ്പിട്ടു വാങ്ങി എത്തിക്കും. ഇതിന്റെ ഏജന്റുമാര്‍ താലൂക്ക് ഓഫീസുകളില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഈ എട്ടുരൂപ കിട്ടുന്നതില്‍നിന്നു രണ്ടുരൂപ അവര്‍ പിടിക്കും. താലൂക്ക് ഓഫീസര്‍മാരും ഈ ഏജന്റുമാരും ഒരു കൂട്ടുകെട്ടായിരുന്നു. അത് പൊളിക്കണമെന്ന് പത്തിലോ പ്രീഡിഗ്രിക്കോ പഠിക്കുമ്പോള്‍ മനസ്സില്‍ കരുതിയതാണ്. 

1997-ലെ വികേന്ദ്രീകൃത ആസൂത്രണം വന്നപ്പോള്‍ താലൂക്ക് പട്ടികജാതി ഓഫീസുകള്‍ക്കു പകരം ബ്ലോക്ക് ഓഫീസുകളാണ് നല്ലതെന്നു തോന്നി. ആസൂത്രണ ബോര്‍ഡുമായി സംസാരിച്ചു. അന്ന് ഐ.എസ്. ഗുലാത്തിയാണ് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍. ഡോ. തോമസ് ഐസക്കും അനിയേട്ടനും (ഇ.എം.എസ്സിന്റെ മകന്‍ അനിയന്‍) ഡോ. ഇക്ബാലുമൊക്കെയായി സംസാരിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി പാലോളിയുമായി ചര്‍ച്ച ചെയ്തു കാര്യം ബോധ്യപ്പെടുത്തി. താലൂക്ക് ഓഫീസുകള്‍ നിര്‍ത്തി പകരം 52 പുതിയ ബ്ലോക്ക് ഓഫീസുകള്‍ തുടങ്ങാന്‍ ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. അതിനുള്ള തസ്തികകളും സൃഷ്ടിച്ചു. തീരുമാനം പുറത്തുവന്നതോടെ ചില പട്ടികജാതി സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങി. പട്ടികജാതിക്കാരുടെ ആസ്ഥാനത്തിന്റെ അടിവേരു തകര്‍ത്ത മന്ത്രി രാജിവയ്ക്കുക എന്നായിരുന്നു ആവശ്യം. ആറാമത്തെ ദിവസം മുഖ്യമന്ത്രിയോടു പറഞ്ഞു, ഇങ്ങനെയൊരു സമരം നടക്കുന്നുണ്ട്. എന്താ ചെയ്യേണ്ടത്? നീ വിളിച്ചു സംസാരിക്കെടാ എന്നു പറഞ്ഞു, നായനാര്‍. സമരം നടത്തിയവരുമായുള്ള ചര്‍ച്ചയില്‍ ഞാന്‍ ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ. താലൂക്ക് ഓഫീസുകള്‍ നിര്‍ത്തലാക്കിയതുകൊണ്ട് പട്ടികജാതിക്കാര്‍ക്ക് എന്താണ് നഷ്ടം? നെടുമങ്ങാട്ടുള്ളയാള്‍ക്ക് തിരുവനന്തപുരത്തുള്ള താലൂക്ക് ഓഫീസില്‍ വരുന്നതാണോ അതോ നെടുമങ്ങാട്ടു തന്നെയുള്ള ബ്ലോക്കോഫീസില്‍ പോകുന്നതാണോ നല്ലത് എന്നു ചോദിച്ചപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും കാര്യം പിടികിട്ടി. താലൂക്ക് ഓഫീസുകളില്‍ കേന്ദ്രീകരിച്ചിരുന്നത് നിരവധി ബ്ലോക്കോഫീസുകളിലായി വികേന്ദ്രീകരിച്ചത് ഗുണഭോക്താക്കള്‍ക്കുവേണ്ടിയാണ് എന്ന് അവര്‍ക്കു ബോധ്യമായി. സമരവും അവസാനിപ്പിച്ചു. 

അത്രേയുള്ളു കാര്യം. സദുദ്ദേശ്യം വിമര്‍ശകരേയും എതിര്‍ക്കുന്നവരേയും ബോധ്യപ്പെടുത്തിക്കൊണ്ടു നല്ല രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയുക തന്നെ ചെയ്യും. 

അതിക്രമങ്ങള്‍ നിയമത്തില്‍ സംഭവിക്കുന്നത് 

പട്ടികജാതി, വര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം ദുരുപയോഗം ചെയ്യുന്നു എന്ന പരാതികള്‍ വ്യാപകമാണ്. അതിനെക്കാള്‍ മുഖ്യമായി, ഈ നിയമപ്രകാരമുള്ള പരാതികളില്‍ കേസെടുക്കുന്നതിന്റേയും കുറ്റക്കാരെ ശിക്ഷിക്കുന്നതിന്റെ നിരക്ക് വളരെ കുറവാണ്. ഇത് ശ്രദ്ധയിലുണ്ടോ? 

ഈ നിയമപ്രകാരം ജോലി ലഭിക്കാന്‍ അര്‍ഹതയുള്ള ഒരു പട്ടികജാതി സ്ത്രീയുടെ നിയമനത്തിന് ഇന്നലെ ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടേയുള്ളു. കേസ് 2011-ലോ '12-ലോ ഉള്ളതാണ്. ഇപ്പോഴാണ് അതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. എസ്.സി, എസ്.ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ ആക്റ്റിന്റെ കാര്യത്തില്‍ ഈ പറഞ്ഞ രണ്ടും സംഭവിക്കുന്നുണ്ട്. ഒരാളെ ദ്രോഹിക്കണമെന്നുണ്ടെങ്കില്‍ ഈ നിയമപ്രകാരം കള്ളക്കേസ് കൊടുപ്പിച്ചാല്‍പ്പോലും തല്‍ക്കാലത്തേക്കെങ്കിലും ആ വ്യക്തി പ്രയാസപ്പെടും. അത്തരം നിരവധി സംഭവങ്ങളുണ്ട്. എന്നാല്‍, യഥാര്‍ത്ഥ പരാതികളില്‍ കേസെടുക്കാത്ത സംഭവങ്ങളുണ്ട്. കേസെടുത്താല്‍ത്തന്നെ ശിക്ഷിക്കപ്പെടുന്നതും കുറവാണ്. ചില ഇടനിലക്കാര്‍ വന്ന് പരാതി ഒത്തുതീര്‍പ്പാക്കുന്നതാണ് അതിനു കാരണം. പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളെ ശാരീരികമായോ മാനസികമോ ബുദ്ധിമുട്ടിക്കുന്നവര്‍ക്കെതിരായ നിയമമാണ് അത്. അത് ഫലപ്രദമായി നടപ്പാക്കണം. നീതി നിഷേധമുണ്ടാകാന്‍ പാടില്ല. എന്നാല്‍, നിരപരാധികളെ കുടുക്കാനും പാടില്ല. ഇക്കാര്യത്തില്‍ പൊലീസ് കുറച്ചുകൂടി വിജിലന്റാകേണ്ടതുണ്ട്. സംസ്ഥാന, ജില്ലാതല ഉപദേശകസമിതികളുണ്ട്. മുഖ്യമന്ത്രിയും ഡി.ജി.പിയും ഉള്‍പ്പെട്ട സംസ്ഥാനതല മോണിട്ടറിംഗ് കമ്മിറ്റിയുണ്ട്. അതിക്രമങ്ങള്‍ എത്ര വര്‍ദ്ധിക്കുന്നു എന്നും കേസുകളുടെ സ്ഥിതിയും ശിക്ഷിക്കപ്പെടുന്ന കേസുകളുടെ നിരക്കുമൊക്കെ വിലയിരുത്തുന്നുണ്ട്. അതിനനുസൃതമായ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ സമിതികള്‍ കൂടുതല്‍ സജീവമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com