ഒളിംപിക്സിന്റെ പ്രധാന വേദിയായ നാഷണൽ സ്റ്റേഡിയം
ഒളിംപിക്സിന്റെ പ്രധാന വേദിയായ നാഷണൽ സ്റ്റേഡിയം

ടോക്കിയോ; ജ്വലിക്കാതെ അണയുമോ?

കായികമത്സരങ്ങള്‍ നിര്‍ത്തുന്നതും നീട്ടിവെയ്ക്കുന്നതും പ്രതിസന്ധികള്‍ ഉളവാക്കുമെങ്കിലും മനുഷ്യന്‍ നിലനില്‍ക്കുകയാണ് പ്രധാന

ന്തിനുവേണ്ടിയാണ് ഈ ഒളിംപിക്സ്...? ആര്‍ക്കുവേണ്ടിയാണ്...? മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുകയും വൈറസ് വകഭേദത്തോടെ പുതിയ തരംഗങ്ങളുടെ ആഗമനം സ്ഥിരീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒളിംപിക് ഗെയിംസുമായി മുന്നോട്ടു പോകാനുള്ള ടോക്കിയോ സംഘാടകസമിതിയുടേയും ജപ്പാന്‍ സര്‍ക്കാരിന്റേയും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടേയും തീരുമാനത്തിലെ ഔചിത്യമില്ലായ്മയും മനുഷ്യവിരുദ്ധതയും തുറന്നുകാട്ടിക്കൊണ്ട് ജപ്പാന്റെ എക്കാലത്തേയും പ്രമുഖരായ ഒളിമ്പ്യന്‍മാരിലൊരാളും ദേശീയ ഒളിംപിക് കമ്മിറ്റി അംഗവുമായ കയോരി യമാഗുച്ചി ഉയര്‍ത്തുന്ന നിശിതമായ ചോദ്യമാണിത്. 

ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും വാക്സിനേഷന്‍ ഉള്‍പ്പെടെ പ്രതിരോധ യജ്ഞങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്യാത്ത വന്‍കിട രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. കഴിഞ്ഞ വര്‍ഷം നടത്തേണ്ട 29-ാമത് ഒളിംപിക് ഗെയിംസാണ് കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരേക്കായി മാറ്റിയത്. എന്നാല്‍, പിടിവിട്ടുപോകുന്ന വൈറസ്ബാധയിലെ ഒളിംപിക്സ് സംഘാടനം മനുഷ്യന്റെ ജീവനും സാമൂഹിക ജീവിതത്തിനും ഭൗതിക സാഹചര്യങ്ങള്‍ക്കും ഭീഷണിയാകുമ്പോള്‍ ഗെയിംസ് വീണ്ടും നീട്ടിവെയ്ക്കുകയോ അല്ലെങ്കില്‍ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ആവശ്യം ഒരേ വികാരമായി ലോകതലത്തിലും പ്രത്യേകിച്ച് ജാപ്പനീസ് ജനതയിലും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. 

ബ്രസീലിയൻ ഫുട്ബോൾ താരം സീക്കോ ടോക്കിയോ ഒളിംപിക്സ് ദീപശിഖയുമായി കഷിമയിൽ
ബ്രസീലിയൻ ഫുട്ബോൾ താരം സീക്കോ ടോക്കിയോ ഒളിംപിക്സ് ദീപശിഖയുമായി കഷിമയിൽ

ഈ സാഹചര്യത്തില്‍ വിശ്വകായികമേള നടത്തണമോ എന്ന ചോദ്യത്തോട് മിക്ക സര്‍വ്വേകളിലും ജപ്പാന്‍കാരില്‍ 50-80 ശതമാനം വരെ വിയോജിക്കുകയാണ് ചെയ്തത്. യമാഗുച്ചി ടോക്കിയോ സംഘാടകസമിതിയേയും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി)യേയും ഓര്‍മ്മപ്പെടുത്തുന്നത് മറ്റൊന്നുമല്ല. രാജ്യത്തെ ഭൂരിപക്ഷം ആളുകളും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഒരു കാര്യത്തില്‍ എന്തിന് വാശിപിടിക്കണമെന്നാണ്.

''നാം എല്ലാ അര്‍ത്ഥത്തിലും വെട്ടിലാക്കപ്പെട്ടിരിക്കയാണ്. ഒളിംപിക്സ് നടത്തുകയാണെങ്കില്‍ നമ്മള്‍ ശപിക്കപ്പെട്ടവരാകും. അത് തടയാന്‍ കഴിഞ്ഞില്ലെങ്കിലും നാം ശപിക്കപ്പെട്ടവരാകു''മെന്ന് കയോരി യമാഗുച്ചി ജപ്പാനിലെ ക്യോഡോ വാര്‍ത്താ ഏജന്‍സിയുടെ മുഖപ്രസംഗത്തിലൂടെ തുറന്നുപറയുന്നു.

1988-ലെ സോള്‍ ഒളിംപിക്സില്‍ ജൂഡോയില്‍ വെള്ളിമെഡല്‍ ജേത്രിയും മുന്‍ ലോകചാമ്പ്യനുമാണ് കയോരി യമാഗുച്ചി. ജപ്പാനിലെ പൊതുജനാഭിപ്രായം അത്ര കാര്യമാക്കേണ്ടതില്ലെന്ന് ലോക കായികരംഗത്തെ പരമാധികാര നിയന്ത്രണ സമിതിയായ ഐ.ഒ.സി പോലും ചിന്തിക്കുന്നുണ്ടെങ്കില്‍ കായിക സംസ്‌കാരത്തിന്റേയും സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ഉന്നതപീഠമായ ഒളിംപിക്സിന്റെ ഗരിമയും മഹിമയും അവര്‍ തിരിച്ചറിയില്ലെന്നുണ്ടോ?

ലോകമാകെ കൊവിഡില്‍ മരവിച്ചുനില്‍ക്കേ ഈ ഗെയിംസിനു തന്നെ അതിന്റെ അര്‍ത്ഥതലങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഇനി നടത്തുകയാണെങ്കില്‍ തന്നെ ഗെയിംസ് നടത്താന്‍വേണ്ടിയുള്ള നടത്തിപ്പ് മാത്രമാകും. യഥാസമയം ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് ഗെയിംസ് റദ്ദാക്കപ്പെടാനുള്ള അവസരം പോലും തന്റെ രാജ്യം നഷ്ടപ്പെടുത്തിക്കളഞ്ഞെന്നാണ് യമാഗുച്ചി ചൂണ്ടിക്കാട്ടുന്നത്. 

സ്പോര്‍ട്‌സ് താരമായ, സ്പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന, അതിലെല്ലാമുപരി മനുഷ്യന്റെ ജീവനിലും നിലനില്‍പ്പിലും ആശങ്കപ്പെടുന്ന കയോരി യമാഗുച്ചിയുടെ വാക്കുകളിലെ അന്തസ്സത്ത, ഈ മഹാമാരിയുടെ കാലത്ത് മനുഷ്യസമുദായം മുഴുവന്‍ പങ്കുവെയ്ക്കുന്ന വ്യഥകളുടേതുമാണ്. 

കയോരി യമാ​ഗുച്ചി
കയോരി യമാ​ഗുച്ചി

സംഘാടനം മുന്നോട്ടുതന്നെ

അതേസമയം ഇനി ഒരു തവണകൂടി ഒളിംപിക്സ് മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ പറ്റില്ലെന്ന ഉറച്ച നിലപാടിലാണ് ടോക്കിയോ 2020-ന്റെ സംഘാടകസമിതി. മേയ് മാസം കടന്നുപോകുമ്പോഴും രാജ്യത്തെ ജനസംഖ്യയില്‍ അഞ്ച് ശതമാനത്തിനു മാത്രമാണ് വാക്സിന്‍ നല്‍കാനായത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാണ്. ഗെയിംസ് മാറ്റിയതിലൂടെ മാത്രം ചെലവില്‍ വന്‍ വര്‍ദ്ധനയുണ്ടായെന്നതിനാല്‍ ഇനിയൊരു നീട്ടിവെയ്ക്കല്‍ താങ്ങാനാവില്ലെന്നാണ് സംഘാടകരുടെ നിലപാട്. 

ഒളിംപിക്സിന്റെ മുഖ്യവേദിയായ ടോക്കിയോക്ക് പുറമേ ഒസാക, ഫുക്കുവോക്ക, ഹൊക്കെയ്‌ഡോ തുടങ്ങിയ എട്ട് മെട്രോ നഗരങ്ങളിലെ അടിയന്തരാവസ്ഥ അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ നീട്ടുകയല്ലാതെ നിര്‍വ്വാഹമില്ലെന്ന് പ്രധാനമന്ത്രി യോഷിഹിദെ സുഗ വ്യക്തമാക്കി. 

1964-നു ശേഷം ആദ്യമായി ജപ്പാന്‍ ലോക കായിക മാമാങ്കത്തിനു വേദിയാകുമ്പോള്‍ 206 രാജ്യങ്ങളില്‍ നിന്നായി പതിനൊന്നായിരത്തിലേറെ അത്ലിറ്റുകളാണ് പങ്കാളികളാകേണ്ടത്. 2013-ലാണ് അന്താരാഷ്ട്ര ഒളിംപിക് സമിതി ജപ്പാനെ ആതിഥേയ രാജ്യമായി തെരഞ്ഞെടുത്തത്. തുര്‍ക്കിയിലെ ഇസ്താംബുളിനെ മറികടന്നായിരുന്നു ടോക്കിയോയുടെ നേട്ടം. ആദ്യവട്ടം ഗെയിംസിനു വേദിയായ നാഷണല്‍ സ്റ്റേഡിയം നവീകരിച്ച്, 'ന്യൂ നാഷണല്‍ സ്റ്റേഡി'യമായാണ് ഇത്തവണ മേളയ്ക്ക് മുഖ്യവേദിയാകുന്നത്. അത്ലറ്റിക്സിനു പുറമേ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും പ്രധാന വേദി സാക്ഷ്യം വഹിക്കും. ടോക്കിയോയില്‍ മൊത്തം 41 വേദികളിലായാണ് മത്സരങ്ങള്‍. 

നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള റോബോട്ടുകളടക്കം അത്യാധുനിക സുരക്ഷാസംവിധാനങ്ങളാണ് ജപ്പാന്‍ ഒരുക്കിയിരിക്കുന്നത്. റോബോട്ടുകള്‍ കണക്കെ സൂപ്പര്‍ പവറുള്ള സങ്കല്പ സൃഷ്ടിയായ 'മിറൈടോവ'യാണ്, ആധുനിക ഒളിംപിക്സിന്റെ 125-ാം വര്‍ഷത്തില്‍ ടോക്കിയോയിലേക്ക് വിരുന്നിനെത്തിയ ഈ മേളയുടെ ഭാഗ്യചിഹ്നം. ഒളിംപിക്സിന്റെ ഔദ്യോഗിക ലോഗോയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു സൃഷ്ടിച്ച മിറൈടോവയുടെ അര്‍ത്ഥം അനശ്വരമായ ഭാവി എന്നാണ്. 

കരാട്ടേ, സ്പോര്‍ട്സ് ക്ലൈംബിങ്ങ്, സര്‍ഫിങ്ങ്, സ്‌കേറ്റ് ബോഡിങ്ങ് എന്നീ കളികള്‍ ഒളിംപിക് കലണ്ടറില്‍ ആദ്യമായി സ്ഥാനം പിടിക്കുന്നതടക്കം 33 വിഭാഗങ്ങളിലായി 339 ഇനങ്ങളിലാണ് ടോക്കിയോയില്‍ പോരാട്ടം നടക്കുക. 

2016-ല്‍ ബ്രസീലിലെ റിയോ ഗെയിംസില്‍ 46 സ്വര്‍ണ്ണമടക്കം 121 മെഡലുകള്‍ നേടിയ അമേരിക്കയാണ് ചാമ്പ്യന്‍മാര്‍. ബ്രിട്ടന്‍ രണ്ടാമതും ചൈന മൂന്നാമതുമായി. ബാഡ്മിന്റണില്‍ പി.വി. സിന്ധു നേടിയ വെള്ളിയും സാക്ഷി മാലിക് ഗുസ്തിപിടിച്ചു നേടിയ വെങ്കലവുമാണ് റിയോയില്‍ ഇന്ത്യയുടെ സമ്പാദ്യം. 

ജപ്പാനീസ് പ്രധാനമന്ത്രി യോൽി ​ഗിദെ സു​ഗ. ഒളിംപിക്സ് ഭാ​ഗ്യചിഹ്നം മിറൈടോവയാണ് പശ്ചാത്തലം
ജപ്പാനീസ് പ്രധാനമന്ത്രി യോൽി ​ഗിദെ സു​ഗ. ഒളിംപിക്സ് ഭാ​ഗ്യചിഹ്നം മിറൈടോവയാണ് പശ്ചാത്തലം

രാഷ്ട്രീയ തീരുമാനം വേണ്ടിവരുന്നു

ടോക്കിയോ 2020-ന് ഇനി അനിശ്ചിതത്വമില്ലെന്ന് സംഘാടകസമിതി ഉറപ്പാക്കുകയാണെങ്കിലും അതങ്ങനെയോ എന്ന ചോദ്യം ഉയരുന്നു. കൊവിഡ് മൂലം ഒളിംപിക്സ് മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലുമാവില്ലെന്നാണ് ജപ്പാനിലെ ഒളിംപിക് മന്ത്രിയും സംഘാടകസമിതി അധ്യക്ഷയുമായ സെയ്കോ ഹാഷീമോട്ടോ രണ്ട് മാസം മുന്‍പ് പറഞ്ഞത്. അതേസമയം നാട്ടില്‍ ഒളിംപിക്സ് നടത്തുന്നതില്‍ ജനങ്ങളുടെ എതിര്‍പ്പ് ശക്തമാവുകയാണ്. പ്രചാരത്തില്‍ രണ്ടാം സ്ഥാനത്തുള്ള പ്രമുഖ ദിനപത്രമായ 'അസാഹി ഷിംബുന്‍' ഗെയിംസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. 

പ്രധാനമന്ത്രി യോഷിഹിദെ സുഗ നയിക്കുന്ന ഭരണകക്ഷിയുടെ പ്രധാന വിമര്‍ശകരായ ഈ പത്രം ഗെയിംസിന്റെ സ്പോണ്‍സര്‍ കൂടിയാണ്. ''മേള നടത്താനുള്ള ജപ്പാന്‍ സര്‍ക്കാരിന്റേയും സംഘാടകസമിതിയുടേയും നീക്കം വീണ്ടുവിചാരമോ ദീര്‍ഘവീക്ഷണമോ ഇല്ലാത്തതാണ്. അത് സര്‍ക്കാരിനുമേല്‍ ജനങ്ങള്‍ക്ക് അവിശ്വാസമുണ്ടാക്കുകയും തിരിച്ചടിക്കു കാരണമാവുകയും ചെയ്യും. മഹാമാരിയുടെ ദുരിതകാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഒളിംപിക്സ് നടത്താനുള്ള തീരുമാനം യുക്തിഭദ്രമാണെന്നു ഞങ്ങള്‍ കരുതുന്നില്ല. സാഹചര്യങ്ങള്‍ വിലയിരുത്തി ശാന്തമായി ആലോചിച്ച് ഗെയിംസ് റദ്ദാക്കാന്‍ തയ്യാറാകണമെന്ന്'' പത്രം മുഖപ്രസംഗത്തിലൂടെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. മറ്റുചില മാധ്യമങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 

അസാഹി ഷിംബുന്‍ മേയ് മാസത്തില്‍ നടത്തിയ സര്‍വ്വേയില്‍ 83 ശതമാനം ജനങ്ങളും ഒളിംപിക്സ് നടത്തുന്നതിനോട് എതിരാണ്. അതില്‍ 43 ശതമാനം റദ്ദാക്കണമെന്നും 40 ശതമാനം മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഏപ്രില്‍ മാസത്തെ അവരുടെ സര്‍വ്വേയില്‍ 63 ശതമാനത്തിനായിരുന്നു എതിര്‍പ്പ്. മേളയ്‌ക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ക്യാംപെയ്നിലും ആയിരക്കണക്കിനു പേരാണ് ദിവസവും പങ്കുചേരുന്നത്. വൈറസ് വ്യാപനം ഗുരുതരമായതിനാല്‍ കോടികള്‍ മുടക്കിയുള്ള കായികധൂര്‍ത്ത് വേണ്ടെന്ന ഓണ്‍ലൈന്‍ നിവേദനം ഒപ്പിടുക മാത്രമല്ല, ഐ.ഒ.സി അധ്യക്ഷന്‍ തോമസ് ബാഷ് ടോക്കിയോയിലെത്തുമ്പോള്‍ പ്രതിഷേധയോഗങ്ങള്‍ നടത്താനും അവര്‍ തയ്യാറെടുക്കുകയാണ്. 

ഒളിംപിക്സ് ദീപശിഖാ പ്രയാണം കഷിമ സ്റ്റേഡിയത്തിന് മുന്നിൽ. അര ഡസൻ തവണയെങ്കിലും ടോർച്ച് റിലേയുടെ റൂട്ട് മാറ്റുകയോ വേണ്ടെന്ന് വയ്ക്കുകയോ ചെയ്തു
ഒളിംപിക്സ് ദീപശിഖാ പ്രയാണം കഷിമ സ്റ്റേഡിയത്തിന് മുന്നിൽ. അര ഡസൻ തവണയെങ്കിലും ടോർച്ച് റിലേയുടെ റൂട്ട് മാറ്റുകയോ വേണ്ടെന്ന് വയ്ക്കുകയോ ചെയ്തു

ഉദ്ഘാടന ചടങ്ങിനു പത്ത് ആഴ്ച ബാക്കിയിരിക്കെ മേയ് രണ്ടാം വാരത്തിലാണ് ഹിരോഷിമയിലെ തെരുവിലെത്തിയ ഒളിംപിക് ദീപശിഖാപ്രയാണം പിന്‍വലിക്കേണ്ടിവന്നത്. ഇതുള്‍പ്പെടെ അരഡസന്‍ തവണയെങ്കിലും ടോര്‍ച്ച് റിലേയുടെ റൂട്ട് മാറ്റുകയോ വേണ്ടെന്നു വെയ്ക്കുകയോ ചെയ്തു. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഭാഗത്തുനിന്ന് മാര്‍ച്ച് 25-നു തുടങ്ങിയ ദീപശിഖാറാലി 121 ദിവസം സഞ്ചരിച്ച് 10,000 ഓട്ടക്കാരിലൂടെ കൈമാറി ജൂലൈ 23-ന് ടോക്കിയോ ന്യൂ നാഷണല്‍ സ്റ്റേഡിയത്തിലാണ് സമാപിക്കേണ്ടത്. ഫുക്കുഷിമയിലെ ന്യൂ വില്ലേജ് സ്പോര്‍ട്‌സ് സമുച്ചയത്തില്‍നിന്നാണ് റാലി പുറപ്പെട്ടത്. 2011-ലെ ആണവദുരന്തത്തിന് സാക്ഷ്യം വഹിച്ച പ്രദേശമാണ് ഫുക്കുഷിമ. ടോര്‍ച്ച് റിലേ കടന്നുപോയ പ്രദേശങ്ങളിലെ ഒട്ടേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഒക്കിനാവോയിലെ മിയാക്കോമിജ ദ്വീപില്‍ കൊവിഡ് രൂക്ഷമായതിനാല്‍ അവിടെ റാലി ഉപേക്ഷിക്കേണ്ടിവന്നു. 

ഒളിംപിക്സ് മാറ്റിവെയ്ക്കുക ഇനി പ്രായോഗികമല്ലെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. ഇപ്പോള്‍ ഇല്ലെങ്കില്‍ ഇക്കുറിയില്ല. ഏതു മഹാമാരിയിലും ഒളിംപിക്സുമായി മുന്നോട്ടു പോകുമെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനം. ജപ്പാനില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയാലും അത് തടസ്സമാവില്ല. ലോകാരോഗ്യ സംഘടനയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഒരുക്കങ്ങളെന്ന് ഐ.ഒ.സി ഉപാധ്യക്ഷന്‍ ജോണ്‍ കോട്സ് വ്യക്തമാക്കി. ജപ്പാനില്‍ ഒളിംപിക്സ് നടത്താന്‍ വെല്ലുവിളികളില്ലെന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കൊവിഡ് പ്രഹരത്തിലെ ലോകസാഹചര്യങ്ങളുടെ സന്ദേശം ശരിയായ രീതിയില്‍ ജനങ്ങളേയും സര്‍ക്കാരുകളേയും സ്ഥാപനങ്ങളേയുമൊക്കെ ബോധ്യപ്പെടുത്തിക്കൊണ്ട് കവചമൊരുക്കി കാത്തുസൂക്ഷിക്കേണ്ട ഡബ്ലിയു.എച്ച്.ഒയിലുള്ള വിശ്വാസത്തിന് പോറലേല്പിക്കുന്ന നിലപാടാണ് അവര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്നു പറയാതെ വയ്യ.

അതേസമയം ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടനതന്നെ ഒളിംപിക്സ് നടത്തുന്നതിനെതിരെ രംഗത്തുവന്നിരിക്കയാണ്. മേള നടന്നാല്‍ കൊവിഡ് പടരുമെന്നും മരണസംഖ്യ ഉയരുമെന്നും മുന്നറിയിപ്പു നല്‍കുന്നതിനൊപ്പം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയുമുണ്ടായി. ഒപ്പം ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ കൊവിഡ് ടെക്നിക്കല്‍ കമ്മിറ്റിയില്‍ അംഗമായ പ്രശസ്ത എപ്പിഡെമിയോളജിസ്റ്റ് പ്രൊഫ. മൈക്കല്‍ ബേക്കര്‍ ടോക്കിയോ ഗെയിംസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടത് പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍  വലിയ വാര്‍ത്തയാവുകയും ചെയ്തു. 

ഒളിംപിക്സിനായി 11,000-ത്തിലധികവും പിന്നാലെ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ നടക്കേണ്ട പാരാലിംപിക്സിന് 4400 പേരും എത്തുന്നതോടെ, ഈ മഹാസംഗമങ്ങള്‍ കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടുമെന്ന ആശങ്ക അസ്ഥാനത്തല്ല. അതിനാല്‍ മനുഷ്യജീവന്‍ പന്താടിക്കൊണ്ടുള്ള കായിക മാമാങ്കങ്ങളെ സംബന്ധിച്ച് ജപ്പാനില്‍ സര്‍ക്കാരിന് ഒരു രാഷ്ട്രീയ തീരുമാനം തന്നെ എടുക്കേണ്ടിവരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. 

മിഷേൽ ബേക്കർ
മിഷേൽ ബേക്കർ

ചെലവേറുന്നു കണക്ക് പിഴയ്ക്കുന്നു

ജപ്പാനിലെ ജനതയ്ക്ക് ഒളിംപിക്സിനോടുള്ള താല്പര്യം കുറഞ്ഞുകൊണ്ടിരിക്കേ സംഘാടകര്‍ നേരിടുന്നതാകട്ടെ വര്‍ദ്ധിച്ച ചെലവുകളുടെ വെല്ലുവിളികളാണ്. ഉദ്ദേശിച്ചതിനേക്കാള്‍ 22 ശതമാനം ചെലവ് കൂടുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് പടരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഏകദേശം 6600 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 

കൊവിഡ് കാലത്തെ അനുഭവപാഠങ്ങള്‍ പുതിയ ലോകക്രമം സൃഷ്ടിച്ചേക്കാമെന്നതുപോലെ കായിക വിനോദങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും പൊളിച്ചെഴുത്ത് വേണ്ടിവരും. അതിനു പരിമിതികളും അതിന്റേതായ മേന്മകളുമുണ്ടാകാം. കേവലമായ വിനോദം എന്ന അവസ്ഥയില്‍നിന്ന് കായിക വിനോദങ്ങള്‍ വളരെ മുതല്‍മുടക്കുള്ള വന്‍ വ്യവസായമായി മാറിയിട്ട് കാലമേറെയായി. 

വിഭാഗീയതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഏകലോകമെന്ന സുന്ദരസ്വപ്നം ഒരു പരിധിവരെയെങ്കിലും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് ഓരോ വിശ്വകായികമേളയും കടന്നുപോകുന്നത്. എങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന രണ്ട് ദശകത്തില്‍ പ്രകടമായും പിടിമുറുക്കിയ കായികരംഗത്തെ വ്യവസായവല്‍ക്കരണം ഏറ്റവും വികസ്വരമായ നിലയിലെത്തി നില്‍ക്കെയാണ് കൊവിഡ് മറ്റെല്ലാ മേഖലകളിലുമെന്നപോലെ കായികരംഗത്തെയും കീഴ്മേല്‍ മറിച്ചത്. 

ഒളിംപിക്സ് നീട്ടിവെച്ചാലും റദ്ദാക്കിയാലും കോടികളാണ് ആതിഥേയ രാജ്യമായ ജപ്പാന് നഷ്ടമാവുക. നിശ്ചിത സമയത്ത് നടന്നിരുന്നെങ്കില്‍ കണക്കാക്കിയ ആകെ ചെലവ് 1260 കോടി ഡോളറാണ് (93,287 കോടി രൂപ). ഐ.ഒ.സി ഉള്‍പ്പെടുന്ന സംഘാടകസമിതി, ടോക്കിയോ മെട്രോപ്പൊലിറ്റന്‍ സര്‍ക്കാര്‍, ജപ്പാന്‍ സര്‍ക്കാര്‍ എന്നിവരാണ് പ്രധാനമായും പണം മുടക്കുന്നത്. 

ഗെയിംസ് മാറ്റിവെച്ചതുമൂലമുള്ള അധികച്ചെലവായി 280 കോടി ഡോളറാണ് (20,722 കോടി രൂപ) കണ്ടെത്തേണ്ടിവരുക. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ വിഹിതം 130 കോടി ഡോളറാണ് (9,624 കോടി രൂപ). ആഭ്യന്തര സ്പോണ്‍സര്‍ഷിപ്പിലൂടെ സ്വരൂപിക്കേണ്ടത് 330 കോടി ഡോളര്‍ (24,431 കോടി രൂപ). അതായത് സംഘാടകര്‍ ഇനിയും കണ്ടെത്തേണ്ടത് ആയിരത്തിലേറെ കോടി ഡോളറാണ് (80,000 ത്തോളം കോടി രൂപ). 

ഒളിംപിക്സ് നടത്തുന്നതിനെതിരെ ടോക്കിയോയിൽ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ
ഒളിംപിക്സ് നടത്തുന്നതിനെതിരെ ടോക്കിയോയിൽ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ

ഒളിംപിക്സിനായി ചെലവിടുന്ന വന്‍തുക സ്പോണ്‍സര്‍ഷിപ്പ്, ചാനല്‍ സംപ്രേഷണാവകാശം, ടൂറിസം എന്നിവയിലൂടെയാണ് പ്രധാനമായും തിരിച്ചുകിട്ടേണ്ടത്. എന്നാല്‍, ഈ കെട്ടകാലത്ത് ബിസിനസ് ഇടിഞ്ഞതിനാല്‍ മിക്ക ജപ്പാന്‍ കമ്പനികളും ഗെയിംസിന് പണംമുടക്കാന്‍ മടിച്ചുനില്‍ക്കയാണ്. കൊവിഡ് മൂലം ജപ്പാനിലെ വിനോദസഞ്ചാരമേഖലയും വന്‍ മാന്ദ്യം നേരിടുകയാണ്. 

ഇപ്പോഴത്തെ പ്രതിസന്ധി ലോകത്തെയാകെ മൂടുമ്പോള്‍ അതുളവാക്കുന്ന നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യപ്പെടാതെ പോകരുത്. കോടികള്‍ മുതല്‍മുടക്കുള്ള വ്യവസായമായി കായികരംഗം മാറിയതിന്റെ അനിവാര്യ ഫലമെന്നോണം അതുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ആ വ്യവസായത്തിന്റെ ഉല്പന്നമായി മാറിയിട്ടുണ്ട്. ഈ മഹാമാരി മൂലം കളിമേടുകളില്‍ ആര്‍ക്കൊക്കെയാണ് വലിയ നഷ്ടം സംഭവിക്കുക. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, ലോക ഫുട്‌ബോള്‍ ഫെഡറേഷന്‍, രാജ്യാന്തര കായിക സംഘടനകള്‍, ദേശീയ കായിക ഫെഡറേഷനുകള്‍, വിവിധ കായിക ഇനങ്ങളിലെ നിരവധി ക്ലബ്ബുകള്‍, കോടികള്‍ പ്രതിഫലം പറ്റുന്ന കളിക്കാര്‍, സ്പോണ്‍സര്‍മാര്‍, ടെലിവിഷന്‍ ചാനലുകള്‍, അച്ചടിമാധ്യമങ്ങള്‍, പരസ്യദാതാക്കള്‍, വാതുകെട്ടുകാര്‍, കളിക്കാരുടെ ഏജന്റുമാര്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ തുടങ്ങി വലിയൊരു വിഭാഗത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്. 

ഒളിംപിക്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചെലവ് ചുരുക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകസമിതി അറിയിച്ചിരുന്നു. എന്നാല്‍, ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്കായി 15 കോടി ഡോളര്‍ (ഏകദേശം 1180 കോടി രൂപ) വേണമെന്നാണ് പുതിയ കണക്ക്. നിശ്ചിത സമയത്ത് ഗെയിംസ് നടന്നിരുന്നെങ്കില്‍ ന്യൂ നാഷണല്‍ സ്റ്റേഡിയത്തിലെ ഈ രണ്ട് ചടങ്ങുകള്‍ക്കായി എട്ട് കോടി (ഏകദേശം 607 കോടി രൂപ) മതിയാകുമായിരുന്നു.

വിദേശ കാണികളുടെ ടിക്കറ്റ് വില്പനയിലൂടെ എണ്‍പത് കോടി ഡോളറായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇനി പണം തിരികെ നല്‍കണം. അപ്പോള്‍ ഈ ഇനത്തിലെ വരുമാനത്തിന്റെ ഇടിവിനും സര്‍ക്കാര്‍ പരിഹാരം കണ്ടെത്തണം.

ഒളിംപിക്സിനായി ആകെ 7.8 ദശലക്ഷം ടിക്കറ്റുകളാണുള്ളത്. ഇതില്‍ 70 ശതമാനം നാട്ടിലെ കാണികള്‍ക്കാണ്. ജപ്പാനില്‍ 4.45 ദശലക്ഷമാണ് വിറ്റുപോയത്. എന്നാല്‍, ഗെയിംസ് നടക്കുമ്പോള്‍ നാട്ടിലെ കാണികള്‍ക്ക് നിയന്ത്രണമുണ്ടായാല്‍ ആ കണക്കുകൂട്ടലും തെറ്റിയേക്കാം. 

റോജർ ഫെഡറർ
റോജർ ഫെഡറർ

ആദ്യ പ്രഹരം ഉത്തരകൊറിയയുടേത്

കൊവിഡ്-19 കാലത്തെ ടോക്കിയോ ഒളിംപിക്സിന് ആദ്യ പ്രഹരമേല്പിച്ചത് ഉത്തരകൊറിയയാണ്. ജപ്പാനിലേക്ക് തങ്ങള്‍ ഇല്ലെന്ന് ഈ വര്‍ഷം ഏപ്രില്‍ ആറിന് അവരുടെ പ്രഖ്യാപനമുണ്ടായി. അങ്ങനെ 1984 ലോസ് ഏഞ്ചല്‍സ്, 1988 സോള്‍ ഒളിംപിക്സുകളില്‍നിന്ന് ശീതയുദ്ധ കാരണം മുന്‍നിര്‍ത്തി പങ്കെടുക്കാതിരുന്ന ഉത്തരകൊറിയ ടോക്കിയോ 2020-ല്‍നിന്ന് പിന്മാറുന്ന ആദ്യ രാഷ്ട്രവുമായി. 

തങ്ങളുടെ രാജ്യത്ത് ഇതുവരെ ഒറ്റ കൊവിഡ് കേസുപോലുമില്ലെന്നാണ് ഉത്തരകൊറിയക്കാരുടെ അവകാശവാദം. ഇരു കൊറിയകളുടേയും ഐക്യം സാധ്യമാക്കാനുള്ള ദക്ഷിണകൊറിയയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായാണ് ഉത്തരകൊറിയയുടെ തീരുമാനത്തെ അന്താരാഷ്ട്ര വിദഗ്ദ്ധന്‍മാര്‍ വീക്ഷിക്കുന്നത്. 2018-ല്‍ ദക്ഷിണകൊറിയയില്‍ നടന്ന ശൈത്യകാല ഒളിംപിക്സില്‍ ഒരു പതാകയ്ക്ക് കീഴിലാണ് ഉദ്ഘാടന ചടങ്ങില്‍ ഇരു രാജ്യങ്ങളും മാര്‍ച്ച് ചെയ്തത്. വനിതാ ഐസ് ഹോക്കിയിലാകട്ടെ, സംയുക്ത ടീമായി ഇരു രാജ്യങ്ങളും ഇറങ്ങി. ഒളിംപിക്സിന്റെ കൂട്ടായ വേദിക്കായി ശ്രമിക്കാനുള്ള നീക്കത്തിനും ടോക്കിയോയില്‍നിന്നുള്ള പിന്‍മാറ്റം തിരിച്ചടിയായേക്കാം. 2016-ല്‍ റിയോയില്‍ രണ്ട് സ്വര്‍ണ്ണമടക്കം ഏഴ് മെഡലുകള്‍ നേടിയ ഉത്തരകൊറിയ 34-ാം സ്ഥാനത്തായിരുന്നു. വെയിറ്റ് ലിഫ്റ്റിങ്ങ്, ഷൂട്ടിങ്ങ്, ജിംനാസ്റ്റിക്സ്, ഗുസ്തി, ടേബിള്‍ ടെന്നീസ് എന്നിവയിലെല്ലാം മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരാണ്. 

വടക്കന്‍കൊറിയക്കാരുടെ പിന്മാറ്റത്തിനു പിന്നാലെ ജപ്പാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രത ഉണ്ടായിരിക്കണമെന്ന  അമേരിക്കയുടെ മുന്നറിയിപ്പും വിപല്‍സൂചനയായി വായിക്കപ്പെടുന്നുണ്ട്. ചൈനയെപ്പോലെ ഗെയിംസിനു വന്‍സംഘത്തെ അണിനിരത്തുന്ന യു.എസിന്റെ യാത്രാവിലക്ക് മുന്നറിയിപ്പ് അവരുടെ പങ്കാളിത്തത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ചിന്തയാണ് സംഘാടകരെ കുഴക്കുന്നത്. 

വൈറസ് വകഭേദം നടക്കുന്നതിനാല്‍ വാക്സിന്‍ സ്വീകരിച്ചവര്‍ പോലും ജപ്പാനിലേക്ക് പോകുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് യു.എസ് വിദേശമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സി.ഡി.സി എന്നറിയപ്പെടുന്ന അറ്റ്‌ലാന്റയിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോളും ജപ്പാന്‍ യാത്ര വേണ്ടെന്ന് താക്കീത് നല്‍കുന്നു. ജൂണ്‍ ആദ്യവാരത്തില്‍ ജപ്പാന്‍ ടീമിനെ നേരിടുന്നതിന് ഫുക്കുവോക്കയില്‍ എത്തിയ 24 വയസ്സില്‍ താഴെയുള്ളവരുടെ ഘാന ഫുട്‌ബോള്‍ ടീമിലെ ഒരു താരത്തിന് കൊവിഡ് പിടിപെട്ടു. അതോടെ ടീം അംഗങ്ങള്‍ മുഴുവന്‍ അടച്ചിരിപ്പിലായി. കൊവിഡ് മൂലം പരിശീലനം നടത്താന്‍ പറ്റുന്നില്ലെന്ന കാരണത്താല്‍ ബേസ്ബോളില്‍ ലോക നാലാം റാങ്കായ തയ്വാന്‍ ടീം മെക്സിക്കോയിലെ ഒളിംപിക് യോഗ്യതാ മത്സരത്തില്‍നിന്ന് പിന്മാറുകയുമുണ്ടായി. 

ഇതിനെല്ലാം പുറമേ ഒളിമ്പിക്സ് എപ്പോള്‍ നടത്തിയാലും ടോക്കിയോയില്‍ വമ്പന്‍ കായിക ശക്തിയായ റഷ്യയുടെ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന വാസ്തവം നിലനില്‍ക്കുന്നു. റഷ്യയുടെ ദേശീയ ഒളിംപിക് സമിതി ഡോപിങ് സസ്പെന്‍ഷനിലായതിനാല്‍ അവര്‍ക്ക് രാജ്യമെന്ന നിലയില്‍ ടോക്കിയോ ഗെയിംസിലോ 2022-ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലോ പങ്കെടുക്കാനാവില്ല. ഒടുവില്‍ റഷ്യയുടെ 23 അത്ലിറ്റുകള്‍ക്ക് നിഷ്പക്ഷ പതാകയ്ക്കു കീഴില്‍ ടോക്കിയോയിലിറങ്ങാന്‍ ഐ.ഒ.സി അനുമതി നല്‍കിയിരിക്കയാണ്. 

സെറീന വില്ല്യംസ്
സെറീന വില്ല്യംസ്

അവര്‍ക്ക് ഒറ്റസ്വരമല്ല

കൊവിഡ് വ്യാപനം ഗുരുതരമായതിനാല്‍ ടോക്കിയോയില്‍ ഒളിംപിക്സ് നടത്തണോ വേണ്ടയോ എന്ന വിവാദത്തില്‍ ലോക കായികരംഗത്തെ പ്രമുഖര്‍ വ്യത്യസ്ത തട്ടുകളിലാണെന്നു കാണണം. ടോക്കിയോ ഗെയിംസിനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്ത രണ്ട് തട്ടിലാണെന്ന് ടെന്നീസ് താരം റോജര്‍ ഫെഡറര്‍. ഇരുപത് ഗ്രാന്‍സ്ലാം കിരീടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന സ്വിസ് ഇതിഹാസത്തിന്റെ ഷോകേസില്‍ കാണാനില്ലാത്തത് ഒളിംപിക്സിലെ സിംഗിള്‍സ് സ്വര്‍ണ്ണമുദ്രയാണ്. ജന്മനാടിനുവേണ്ടി ഒളിംപിക് മെഡല്‍ നേടുന്നതിന്റെ അഭിമാനമുണ്ടാവുമെങ്കിലും ഈ മേളയുടെ ഗതി എന്താകുമെന്ന് തനിക്ക് അറിയില്ലെന്നും അഥവാ റദ്ദാക്കിയാല്‍ തന്നെയും അത് മനസ്സിലാക്കാവുന്നതാണെന്നും ഈ മുപ്പത്തൊന്‍പതുകാരന്‍ കരുതുന്നു. 

കഴിഞ്ഞ ഫ്രെഞ്ച് ഓപ്പണ്‍ വിജയത്തോടെ ഫെഡററുടെ ഇരുപത് കിരീടങ്ങള്‍ക്കൊപ്പമെത്തിയ കളിമണ്ണിലെ രാജാവായ റാഫേല്‍ നദാലാകട്ടെ, ജപ്പാനിലേക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇരുപത്തിമൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങളുടെ സൂക്ഷിപ്പുകാരിയായ സെറീന വില്യംസും ടോക്കിയോയിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. 

അതേസമയം ബാഡ്മിന്റണില്‍ കേരളത്തിന്റെ അഭിമാനതാരവും മുന്‍ ദേശീയ പരിശീലകനുമായ വിമല്‍കുമാര്‍ പറയുന്നത്, താന്‍ ഒളിംപിക്സിനായി നിലകൊള്ളുന്നുവെന്നാണ്. വിദ്യാഭ്യാസരംഗത്തെന്നപോലെ കായികരംഗത്തും കഴിഞ്ഞ ഒന്നര വര്‍ഷമായി വലിയ തിരിച്ചടിയാണ് നേരിടുന്നത്. അതിനാല്‍ മത്സരങ്ങള്‍ നടത്തിയേ പറ്റൂ. അല്ലെങ്കില്‍ കായികരംഗം തന്നെ തകര്‍ന്നുപോകും. ടോക്കിയോയില്‍ ഗെയിംസ് നടക്കുമെന്ന തികഞ്ഞ പ്രതീക്ഷയില്‍ തന്നെയാണ് വിമല്‍കുമാര്‍.

എന്നാല്‍, 1980-ലെ മോസ്‌ക്കോ ഒളിംപിക്സില്‍ അവസാനമായി ഹോക്കി സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനായ വി. ഭാസ്‌കരന്‍ ചോദിക്കുന്നത്, എത്ര മഹത്തായ മേളയാണ് ഒളിംപിക്സെങ്കിലും അതേക്കാള്‍ വിലപ്പെട്ടതല്ലേ മനുഷ്യന്റെ ജീവനെന്നാണ്. കൊവിഡ് പടരുന്നതിനാല്‍ നവംബര്‍-ഡിസംബറിലേക്ക് മാറ്റിവെയ്ക്കണം. അന്നും നടത്താനായില്ലെങ്കില്‍ ഈ ഒളിംപിക്സ് ഉപേക്ഷിക്കുകതന്നെ വേണം.

ഈ ഒളിംപിക്സ് നടത്തണോ എന്ന കാര്യത്തില്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏക മെഡല്‍ നേട്ടത്തിനുടമയായ അഞ്ജു ബോബി ജോര്‍ജ് വ്യക്തമായ അഭിപ്രായത്തിലെത്തിയിട്ടില്ല. അതേസമയം കായിക താരങ്ങളെ മാത്രം പങ്കെടുപ്പിച്ച് ടോക്കിയോയില്‍ ഒളിംപിക്സ് നടത്തണമെന്നാണ് മുന്‍ ഏഷ്യന്‍ ചാമ്പ്യനും 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡുകാരനുമായ മുഹമ്മദ് അനസിന്റെ അഭിപ്രായം. 

അഞ്ജു ബോബി ജോർജ്
അഞ്ജു ബോബി ജോർജ്

വ്യാകുലതകളിലേക്ക് കണ്ണ് തുറക്കൂ

ടോക്കിയോയിലേക്കുള്ള കായികതാരങ്ങളില്‍ 35 ശതമാനം പേരെ പുതുക്കിയ മാനദണ്ഡമനുസരിച്ചുള്ള യോഗ്യതാ പ്രക്രിയയിലൂടെ ഇനിയും തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇന്ത്യയാകട്ടെ, 190 പേരുടെ സംഘത്തെ എത്തിക്കാനുള്ള ഒരുക്കം നാട്ടിലും പുറത്തുമായി നടത്തിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നിലവിലെ ഒളിംപിക് പോള്‍ വോള്‍ട്ട് ജേത്രിയായ കത്രീന സ്റ്റെഫാനിഡി ഐ.ഒ.സിയോട് ഒരു ചോദ്യമുന്നയിക്കുന്നത്. രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചും ജനങ്ങളുടെ ജീവിതത്തിനും സഞ്ചാരത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയും കൊവിഡിനെ നേരിടുമ്പോള്‍, ഒളിംപിക്സ് യോഗ്യതയ്ക്കായി അത്ലിറ്റുകളോട് മാത്രം പരിശീലനം നടത്താന്‍ പറയുന്നത് മനുഷ്യവിരുദ്ധമല്ലേ എന്ന്. 

ജപ്പാനില്‍ വിശ്വകായികമേളയ്ക്ക് തിരി തെളിയുമോ... അതോ ജ്വലിക്കാതെ അണയുമോ? ഒളിംപിക്സ് നടത്തുന്നതിനെതിരെ വലിയ തോതില്‍ ജനവികാരം ഉയരുമ്പോള്‍ മനുഷ്യരുടേയും കായികരംഗത്തിന്റേയും സുരക്ഷയേയും ആരോഗ്യത്തേയും കരുതി മാറ്റിവെയ്ക്കുകയോ വേണ്ടെന്നു വെയ്ക്കുകയോ ആണ് ചെയ്യേണ്ടത്. അനിശ്ചിതത്വത്തിന്റെ കാര്‍മേഘമകറ്റി ലോകത്തിന്റെ വിശ്വാസമാര്‍ജ്ജിക്കുന്നതിനുപകരം 'സുരക്ഷിത ഒളിംപിക്സ്' വാഗ്ദാനം ചെയ്ത് കൈവിട്ട കളിക്ക് കോപ്പു കൂട്ടുകയാണോ, സമാധാനത്തിന്റേയും സൗഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും പതാകവാഹകരായ രാജ്യാന്തര ഒളിംപിക് സമിതി ചെയ്യേണ്ടത്. കയോരി യമാഗുച്ചി ചൂണ്ടിക്കാട്ടിയതുപോലെ എത്ര മഹത്തായ മേളയാണെങ്കിലും ടോക്കിയോയില്‍ ഗെയിംസ് നടത്തി ശപിക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും ആകണോ? മനുഷ്യന്റെ വ്യഥകളോട് സമരസപ്പെട്ടു പ്രവര്‍ത്തിക്കുകയല്ലേ പരമാധികാര കായിക സംഘടനയുടെ ഉത്തരവാദിത്വം. 

ഒളിംപിക് മെഡലെന്ന ജന്മാഭിലാഷത്തിന്റെ സാക്ഷാത്ക്കാരത്തിനായി സമര്‍പ്പണത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാദ്ധ്വാനം ചെയ്ത് കാത്തിരിക്കുന്ന ആയിരക്കണക്കിന് കായികതാരങ്ങളുടെ സ്വപ്നങ്ങളല്ലേ ഒളിംപിക്സ് റദ്ദാക്കുന്നതിലൂടെ തല്ലിക്കൊഴിക്കുന്നതെന്ന വാദം ആര്‍ക്കും തള്ളിക്കളയാനാവില്ല. അറിയപ്പെടുന്നവരും അല്ലാത്തവരുമായി ലോക കായികവേദിയുടെ പരമപീഠത്തില്‍ മാറ്റുരയ്ക്കാന്‍ വെമ്പല്‍കൊള്ളുന്ന അവരുടെ നഷ്ടം നികത്താനോ, അടുത്ത അവസരത്തിനായി കാത്തിരിക്കൂ എന്ന് സാന്ത്വനിപ്പിക്കാനോ ആര്‍ക്കുമാവില്ല. ആ താരങ്ങളുടെയെന്നപോലെ, കഴിവുകള്‍ രാകിമിനുക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും അവരുടെ രാജ്യങ്ങളുടേയും വലിയ പ്രതീക്ഷകളാണ് തകര്‍ന്നുപോകുന്നത്. എന്നാല്‍, മഹാമാരിയുടെ കാലത്തെ ഒളിംപിക്സ് സംഘാടനം നമ്മെ എവിടെയാണ് എത്തിക്കുകയെന്ന ചോദ്യത്തിനും ഉത്തരമില്ലല്ലോ. 

മുഹമ്മദ് അനസ്
മുഹമ്മദ് അനസ്

കായികമത്സരങ്ങള്‍ നിര്‍ത്തുന്നതും നീട്ടിവെയ്ക്കുന്നതും പ്രതിസന്ധികള്‍ ഉളവാക്കുമെങ്കിലും മനുഷ്യന്‍ നിലനില്‍ക്കുകയാണ് പ്രധാനം. സാമൂഹിക ജീവിതവും സാമ്പത്തികരംഗവും ആരോഗ്യമേഖലയുമെല്ലാം കൊറോണയില്‍ ആടിയുലയുമ്പോള്‍ കളികള്‍ക്ക് എന്ത് പ്രസക്തി. ലോക മഹായുദ്ധങ്ങളുടെ കാലത്ത് ഒളിംപിക്സും ലോകകപ്പ് ഫുട്‌ബോളും നടന്നില്ല. 

പ്ലേഗിന്റേയും സ്പാനിഷ് ഫ്‌ലൂവിന്റേയും വലിയ ഇടവേളയ്ക്കു ശേഷം എത്തിയ ഈ കൊവിഡ് മഹാമാരിയുടെ കാലവും സ്പോര്‍ട്‌സ് മേളകള്‍ക്ക് അനുകൂലമല്ല. നല്ല കാലം ആഗതമാകും. കൊവിഡിനു ശേഷം മറ്റെല്ലാ രംഗത്തുമെന്നപോലെ കായികരംഗത്തും പുനരുദ്ധാരണത്തിന്റേയും പുനഃസംഘാടനത്തിന്റേയും പുതുവിഭാതങ്ങളിലേക്ക് നമുക്ക് ചുവടുവെയ്ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com