ഇ.എം.എസ്സിന്റെ വിക്ക്, യേശുദാസിന്റെ പാട്ട്, അടൂരിന്റെ സിനിമ

ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍ ജനകീയമായ പുതിയ അവബോധമുണ്ടാക്കിയതുപോലെ, രാഷ്ട്രീയമായ ശബ്ദവിപ്ലവം യേശുദാസിന്റെ പാട്ടുകളുമുണ്ടാക്കിയിട്ടുണ്ട്. അതും സവര്‍ണ്ണതയുടെ പൂണൂല്‍ ധാരണകളെ ദൂരെ മാറ്റിനിര്‍ത്തി
ഇഎംഎസ് നമ്പൂതിരിപ്പാട്, കെജെ യേശുദാസ്, അടൂർ ​​ഗോപാലകൃഷ്ണൻ
ഇഎംഎസ് നമ്പൂതിരിപ്പാട്, കെജെ യേശുദാസ്, അടൂർ ​​ഗോപാലകൃഷ്ണൻ

'യേശുദാസ് കേരളത്തിന്റെ കാലാവസ്ഥയാണ്' എന്നു പറഞ്ഞത് എം.എന്‍. വിജയനാണ്. ഈ ജ്ഞാനവിശുദ്ധന്റെ അഗാധമായ പ്രശംസ യേശുദാസ് കേട്ടിരിക്കാനിടയില്ല. എന്നാല്‍, യേശുദാസിനെ നാം 'കേള്‍ക്കുന്ന കാലാവസ്ഥ'യായി അനുഭവിച്ചറിയുന്നുണ്ട്. 'മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്' എന്ന അസ്ഥിരമായ കാലാവസ്ഥാ പ്രവചനകാലത്തും 'സ്ഥിരതയോടെ' പെയ്ത മഴ യേശുദാസിന്റെ പാട്ടുകള്‍ മാത്രമായിരുന്നു. വയലും വീടും കാലം തൊട്ട്, പുതിയ അപ്പാര്‍ട്ടുമെന്റ് കാലം വരെ, ദീര്‍ഘമായ തരംഗദൈര്‍ഘ്യമുണ്ട് ആ പാട്ടുകാലത്തിന്. നാടും വീടും ജീവിതാഭിരുചികളും മാറിക്കൊണ്ടിരുന്നപ്പോഴും കാലം, യേശുദാസ് പാട്ടുകളെ ഒപ്പം കാതില്‍ ചേര്‍ത്തു നിര്‍ത്തി.

പാട്ടുകള്‍ ഉമ്മ വെക്കുന്ന ഉടലുകളാണ്. കിടപ്പില്‍ അടുപ്പത്തിലാണവ ആശ്ലേഷിക്കുന്നത്. 'ഉമ്മ' വെക്കുക എന്നതില്‍, തുല്യതയുടെ ഒരു പാഠം രൂപപ്പെടുന്നുണ്ട്. പല ജാതി/മത/സമുദായ ഘടനകളാല്‍ വിഭജിക്കപ്പെട്ട മനുഷ്യര്‍ 'ശരീരത്തെ' മറ്റൊരു 'ശരീരത്തിലേക്ക്' ഘടിപ്പിച്ചു നിര്‍ത്തുന്ന ചങ്ങല, അല്ലെങ്കില്‍ കാന്തശക്തി ചുംബനമാണ്. ചുംബിച്ചു തുടങ്ങുന്ന ചുണ്ടുകളിലാണ്, പരസ്പരം ഘടിക്കപ്പെട്ട തീവണ്ടി ബോഗികള്‍പോലെ, അനുരാഗികള്‍ പുതിയ പരിണാമ കാലങ്ങള്‍ രൂപപ്പെടുത്തിയത്. 

ഡാര്‍വിന്‍ പ്രവചിക്കാത്ത പരിണാമ ഘട്ടമാണത്. യേശുദാസിന്റെ പാട്ടിലാണ് മലയാളത്തില്‍ പുതിയ പരിണാമഘട്ടം ആരംഭിക്കുന്നത്. അത് സാമൂഹികമെന്നപോലെ, അത്ര തന്നെ ശാരീരികവുമാണ്. പരിണാമത്തിന്റെ സൂക്ഷ്മവശങ്ങള്‍ അതില്‍ കാണാം. യാഥാസ്ഥിതമായ വാലുകള്‍ ഉപേക്ഷിച്ച പെണ്‍കുട്ടി 'വാല്‍ക്കണ്ണെഴുതി' കേട്ട അനുരാഗശബ്ദം യേശുദാസിന്റേതു തന്നെയാണ്. യേശുദാസിന്റെ ശബ്ദമാണ്, അവള്‍ കേട്ട ആര്‍ദ്രമായ, അനുരാഗലോലമായ ശബ്ദം. അങ്ങനെ വീട്ടിലെ 'ആജ്ഞാശക്തി'യും മിക്കവാറും 'കഠിന'വുമായ ഏകപക്ഷീയ 'ആണ്‍ശബ്ദം', യേശുദാസിന്റെ പാട്ടുകാലം വരുന്നതോടെ പുറത്താക്കപ്പെട്ടു. 'ശ്രവ്യ ഗോചരനായ' ഒരാള്‍ അവളോടൊപ്പം വീട്ടില്‍ ചേര്‍ന്നുകിടന്നു.

ഈ പാട്ടുകാലം വരുന്നതോടെ വരാന്തയില്‍ കണ്ണാടി പ്രത്യക്ഷപ്പെട്ടു, കൂട്ടിക്കൂറ പൗഡര്‍, പശ്ചാത്തലത്തില്‍ പാട്ട്. യേശുദാസിന്റെ ശബ്ദം കേട്ട് 'അവളു'കള്‍ ഓരോ ദിവസവും അനുരാഗത്തിന്റെ 'കണ്ണാടി കാലങ്ങള്‍' കടന്നുപോയി. കേട്ട ഗാനങ്ങളൊക്കെ അവള്‍ കണ്ണാടിയില്‍ തന്നെത്തന്നെ നോക്കി അനുഭവിച്ചു. അങ്ങനെ 'ഫ്രീഡം' എന്ന അനുഭവം ആനന്ദത്തോടെ അനുഭവിച്ചു. യേശുദാസിന്റെ പാട്ടുകളാണ് മലയാളികളായ 'അവളുടെ രാവുക'ളില്‍ പുതിയ ശൃംഗാരപഥങ്ങള്‍ തീര്‍ത്തത്. അതുവരെ, ചരിത്രം വായിക്കുന്ന നമുക്കറിയാം, എവിടേയും ഇരുട്ടായിരുന്നു. ഇരുട്ടിലേക്ക് വെളിച്ചത്തിന്റെ ശബ്ദം കടന്നുവന്നു. പാട്ടിനെ കെട്ടിപ്പിടിച്ചവള്‍ കിടന്നു.

ആരെയാണ് നാം കെട്ടിപ്പിടിക്കുക? ഇതു വലിയ ചോദ്യമാണ്. ആണിനും പെണ്ണിനുമിടയില്‍, പഴയ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വടിപോലെ, ആ ചോദ്യമുണ്ട്. തല്ലു കിട്ടാവുന്ന, പേടിപ്പിച്ചു ദൂരെ നിര്‍ത്തുന്ന ചോദ്യമാണത്. 'തുല്യത' എന്ന സങ്കല്‍പ്പനത്തെ യേശുദാസ് വീട്ടിലേക്ക് 'ഒളിച്ചു കടത്തി.' ശരിക്കും, അതൊരു ഒളിച്ചു കടത്തലാണ്. ആണും പെണ്ണും റേഡിയോ കാലങ്ങളില്‍ പരസ്യമായി ആ ശബ്ദം കേട്ടുവെങ്കിലും സ്ത്രീയുടെ ഉള്ളില്‍ ആ പാട്ടുകള്‍ പുതിയ 'ഭരണഘടന' രൂപപ്പെടുത്തുന്നുണ്ടായിരുന്നു.

പാട്ടുകള്‍ തുറന്നിട്ട വാതിലുകള്‍

സിനിമയില്‍ പ്രേംനസീര്‍-ഷീല, പ്രേംനസീര്‍-ശാരദ, അനുരാഗസീനുകള്‍, വീട്ടില്‍ യേശുദാസിന്റെ ശബ്ദത്തില്‍ കേട്ടു. മതം അവിടെ പൂരിപ്പിക്കേണ്ട കോളത്തില്‍ പ്രധാനപ്പെട്ട സംഗതി ആയിരുന്നില്ല. പാട്ടില്‍ പൗരത്വം തുല്യമായ രീതിയില്‍ ആയിരുന്നു. മതേതരമായ ഉടലുകളില്‍ ശബ്ദത്തിന്റെ 'സെക്കുലര്‍ വോയ്സ് ടാറ്റു'കള്‍ യേശുദാസ് പതിപ്പിച്ചു. ഏത് വാതിലുകളിലൂടെ ഏത് വിശ്വസിക്കും കയറാവുന്ന മതേതര പ്രവേശന വാതിലുകള്‍ ഉള്ള 'പാട്ടമ്പല'ങ്ങളായി ആ ശബ്ദം മാറി, മാപ്പിളയും 'ഹരിവരാസനം' കേട്ടുറങ്ങി.

'മലയാളിയായ അവളെ' മോചിപ്പിച്ചതുപോലെ, വിമോചിത മേഖലകള്‍ 'മലയാളി അവനു'കള്‍ക്കും മുന്നിലും ആ പാട്ടുകള്‍ തുറന്നുകൊടുത്തു. ആരായിരുന്നു, അതുവരെ അവന്‍? പ്രണയത്തില്‍ നിരക്ഷരരന്‍, ഉടലിനെ വീണപോലെ മീട്ടാനറിയറിയാത്തവന്‍, പുല്ലാങ്കുഴല്‍ ഉമ്മകള്‍ വെക്കാന്‍ അറിയാത്തവന്‍. അനുരാഗകാലങ്ങളുടെ സാക്ഷരതാ കാലം തുടങ്ങുന്നത് യേശുദാസിന്റെ പാട്ടിലൂടെയാണ്. ആ പാട്ടുകള്‍ മതേതര ഉടലുകള്‍ക്കിടയില്‍ വിശുദ്ധരായ മദ്ധ്യസ്ഥരായി, നരകത്തിലും സ്വര്‍ഗത്തിലും അത് അവരെ അനുധാവനം ചെയ്തു.

ഈ സാക്ഷരതാ പാട്ടുയജ്ഞത്തില്‍ പി. ഭാസ്‌കരനും ബാബുരാജുമുണ്ട്. യേശുദാസിന്റെ ശബ്ദം മാനവികയുടെ പൗരത്വം അനുഭവിച്ചറിയുന്നത് ആ വരികളിലും സംഗീതത്തിലുമാണ്. മതത്തിന്റെ /ജാതിയുടെ ഉടുപ്പിട്ട മലയാളിയും ആ പാട്ടു കേള്‍ക്കുന്ന നേരങ്ങളില്‍ 'ഉടുപ്പൂരി' വെറും മനുഷ്യനായി, സ്‌നേഹിക്കപ്പെടാനും ആരാലെങ്കിലും ചേര്‍ത്തു പിടിക്കാനുമാഗ്രഹിക്കുന്ന അനുരാഗ വിവശനായ കേവല മനുഷ്യനായി. അയാള്‍ക്ക്, ഇരുണ്ടതും വിങ്ങിപ്പൊട്ടുന്നതുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ആ പല പഴയ മലയാളി ചെറുപ്പക്കാരന് കരയണമായിരുന്നു, സ്വയം, ഉണരേണ്ടതുമുണ്ടായിരുന്നു. സമ്മിശ്രമായ ഈ വികാര കാലങ്ങള്‍, യേശുദാസിനെ കാതില്‍ കേട്ട് അവര്‍ കടന്നു പോയി.

മലയാളികള്‍ പിന്നിട്ട 'മതേതര കാത് ദൂര'ങ്ങളാണ് ആ പാട്ടുകാലം. ആ പാട്ടുകള്‍ മലയാളികള്‍ക്ക് പൗരത്വത്തിന്റെ തുല്യാവകാശങ്ങള്‍ നല്‍കി.

ഇത്, ശബ്ദത്തിന്റെ രാഷ്ട്രീയം കൂടിയാണ്. ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍ ജനകീയമായ പുതിയ അവബോധമുണ്ടാക്കിയതുപോലെ, രാഷ്ട്രീയമായ ശബ്ദവിപ്ലവം യേശുദാസിന്റെ പാട്ടുകളുമുണ്ടാക്കിയിട്ടുണ്ട്. അതും സവര്‍ണ്ണതയുടെ പൂണൂല്‍ ധാരണകളെ ദൂരെ മാറ്റിനിര്‍ത്തി. പ്രേംനസീര്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ കാലം വരെ പാട്ടില്‍ പുതുക്കിയ കാല സങ്കല്പങ്ങള്‍ നിര്‍മ്മിച്ചു. 'അനിയത്തി പ്രാവി'ലെ ''ഓ, പ്രിയേ, പ്രിയേ നിനക്കൊരു ഗാനം'' എന്ന പാട്ടു വരെ, 'പ്രിയയോടുള്ള സംവേദനമാ'യി ആ ശബ്ദം മായികമായി നമ്മെ പിന്തുടര്‍ന്നു. ഇ.എം.എസ്സിന്റെ 'വിക്കും' യേശുദാസിന്റെ 'പാട്ടും' ചരിത്രത്തെ സഫുടതയില്‍ നിര്‍മ്മിച്ചു, നിര്‍വ്വചിച്ച മാടായി മൊട്ടാമ്പ്രം സ്റ്റാര്‍ ടാക്കീസില്‍നിന്നാണ് അടൂര്‍ ചിത്രങ്ങളായ മുഖാമുഖം, അനന്തരം തുടങ്ങിയവ കണ്ടത്. അടൂരിന് എണ്‍പത് വയസ്സാകുമ്പോള്‍, എണ്‍പതുകളില്‍ ഞങ്ങളുടെ കൗമാരകാലത്തിന്റെ ഓര്‍മ്മകളിലേക്ക് ഒരു പ്രകാശം കടന്നുവരികയാണ്. തിരിഞ്ഞുനോക്കുമ്പോള്‍, തലയ്ക്കു മുകളിലൂടെ അതു പോകുന്നുണ്ട്. കാഴ്ചയെ സ്വതന്ത്രമായ മറ്റൊരു വെളിച്ചത്തില്‍ നിര്‍ത്തി അടൂര്‍ ജീവിതം പറഞ്ഞു.

അടൂരിനെപ്പോലെ സിനിമ പഠിച്ച ആള്‍ കേരളത്തില്‍ ഇല്ല, അടൂരിനെപ്പോലെ സിനിമയെ ഒപ്പം കൂട്ടി നടന്ന ആളുമില്ല. അടൂരിന്റെ പഴയകാല സിനിമകളാണ്, 'ഏറ്റവും പുതിയത്.' 'പിന്നെയും' ചെയ്ത അടൂര്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട അടൂരാണ്. 

ആരാണ് നമുക്ക് അടൂര്‍ എന്ന് ചോദിച്ചാല്‍ സംശയമില്ല, കാഴ്ചയുടെ പുതിയ കണ്ണുകള്‍ മലയാളികള്‍ക്ക് നല്‍കിയ ജീനിയസ്. സിനിമയിലെ ഉള്ളടക്കത്തിലേക്ക് ഇന്നും പുതുതായി നില്‍ക്കുന്ന ആശയങ്ങള്‍ കൊണ്ടുവന്നു അടൂര്‍. കൊടിയേറ്റം, സ്വയം വരം, എലിപ്പത്തായം കൊവിഡ് ഇറയില്‍ ഈ സിനിമകള്‍ കാണുമ്പോള്‍, ഈ കാലത്തിന്റെ ഏകാന്ത വിപര്യയങ്ങള്‍ ചിത്രീകരിച്ച സിനിമകളായി അനുഭവപ്പെടാതിരിക്കില്ല. അങ്ങനെ അടൂര്‍, മലയാളികളുടെ കാഴ്ചയുടെ തലയോട്ടിയില്‍ പുതിയ ദൃശ്യപഥങ്ങള്‍ പതിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com