നിറയൗവ്വനത്തിന്റെ നൂറാം പിറന്നാള്‍

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് നൂറു വയസ്സ് തികയുമ്പോള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയും എഴുത്തുകാരനുമായ ലേഖകന്‍ സര്‍ഗ്ഗാത്മകമായ ഒരു കാമ്പസ് കാലത്തിലേക്ക് തിരികെ നടക്കുന്നു
നൂറു വയസിന്റെ നിറവ്: ചങ്ങനാശ്ശേരി എസ്ബി കോളജ്
നൂറു വയസിന്റെ നിറവ്: ചങ്ങനാശ്ശേരി എസ്ബി കോളജ്

ലാലയത്തിനു പ്രായമേറുമ്പോള്‍ പൊതുവെ കലാലയമുത്തശ്ശി എന്നാണ് വിളിക്കാറ്. പുരുഷനാമം പേറുന്ന കലാലയങ്ങളായാലും കലാലയമുത്തച്ഛന്‍ എന്നു സംബോധന ചെയ്ത് കേട്ടിട്ടില്ല. മാതൃഭാവത്തിന്റെ കരുതലും സ്‌നേഹവുമാണ് കലാലയത്തിന്റെ സ്ഥായീഭാവം എന്നതാവാം കാരണം. ചങ്ങനാശ്ശേരിയുടെ നെറ്റിക്കുറിയായി നിലകൊള്ളുന്ന എസ്.ബി. കോളേജിന് നൂറ് വയസ്സ് തികയുമ്പോള്‍ സ്വന്തം കുടുംബത്തിലെ മുത്തശ്ശിയുടെ ജന്മദിനം കൊണ്ടാടുന്ന സന്തോഷമാണ് അനുഭവപ്പെടുന്നത്. മനുഷ്യന് പ്രായമേറുന്നതോടെ വാര്‍ദ്ധക്യം ബാധിക്കുകയാണ് ചെയ്യുന്നതെങ്കില്‍ കലാലയത്തിന് എന്നും നിത്യയൗവ്വനം തന്നെ. എന്തെന്നാല്‍ ഏത് തലമുറയിലേയും തീക്ഷ്ണയൗവ്വനത്തെയാണ് കലാലയം ഒപ്പം കൂട്ടുന്നത്. ശരാശരി മാനസിക പ്രായമെടുത്താല്‍ യൗവ്വനത്തിനായിരിക്കും മുന്‍തൂക്കം. അങ്ങനെ നോക്കുമ്പോള്‍ 'നവയൗവ്വനം വന്ന് നാള്‍തോറും വളരുന്ന' എന്ന് ചന്തുമേനോന്‍ പാറുക്കുട്ടിയെ വര്‍ണ്ണിക്കാന്‍ ഉപയോഗിച്ച അതേ കല്പനയാണ് കലാലയത്തിനും ചേരുക.

പ്രീഡിഗ്രി പഠനത്തിനായി രണ്ടേരണ്ടു വര്‍ഷം മാത്രമേ എസ്.ബി. കോളേജില്‍ ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നിട്ടുള്ളൂ എങ്കിലും അവിടെനിന്ന് ഡിഗ്രിയും പി.ജിയുമൊക്കെ പഠിച്ചിറങ്ങിയവരെക്കാള്‍ ആത്മബന്ധം എനിക്കാ കോളേജിനോടുണ്ട്. ഓര്‍മ്മയുദിക്കുന്ന പ്രായത്തില്‍ എസ്.ബി. കോളേജിനു തൊട്ടു മുന്നിലുള്ള കാട്ടടി എന്ന വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഞങ്ങളുടെ കുടുംബം. അന്ന് കലാലയത്തിന് ഇക്കാണുന്നതുപോലെയുള്ള അടച്ചുകെട്ടുകളില്ല. നാല്‍ക്കാലികള്‍ പ്രവേശിക്കാതിരിക്കാനായി സ്ഥാപിച്ചിട്ടുള്ള വിക്കറ്റ് ഗേറ്റിലൂടെ വേണമെങ്കില്‍ രാത്രിസമയത്തും കാമ്പസില്‍ പ്രവേശിക്കാം. ഞങ്ങള്‍ കുട്ടികള്‍ ഒരുപാട് ആടിക്കളിച്ചിട്ടുള്ള ഗേറ്റാണത്. പകലുകളില്‍ എത്രയോ വട്ടം പരിസരങ്ങളില്‍ സര്‍വ്വതന്ത്ര സ്വതന്ത്രരായി ഓടിനടന്നിരിക്കുന്നു. ചുവന്ന പൂക്കളുണ്ടാകുന്ന ജാമ്പയില്‍നിന്ന് ഇഷ്ടംപോലെ പൂവും കായും കിട്ടുമെന്നതായിരുന്നു ഒരു പ്രധാന ആകര്‍ഷണം. പൂവില്ലാത്ത കാലത്ത് ജാമ്പയുടെ തളിരിലകള്‍ ചവച്ച് അതിന്റെ നേര്‍ത്ത പുളിരസം ചവച്ചാസ്വദിക്കാം. കെമിസ്ട്രി ലാബിനു പിന്നിലെ രാസമണവും ജീവികളെ വളര്‍ത്തിയിരുന്ന സുവോളജി സെക്ഷനുമൊക്കെ ഞങ്ങളുടെ ഇടത്താവളങ്ങളായിരുന്നു. അവിടെ ഒരു മുതലയും പെരുമ്പാമ്പും ഉണ്ടെന്നും അടുത്തു ചെന്നാല്‍ പിടിച്ചുതിന്നുമെന്നും മുതിര്‍ന്നവര്‍ പറഞ്ഞു പേടിപ്പിച്ചതിനാല്‍ ഒരകലം വിട്ടേ ഞാന്‍ നില്‍ക്കുമായിരുന്നുള്ളൂ. ഓടിനടക്കുന്ന ഏതാനും മുയലുകളേയും കീരി, വെരുക് തുടങ്ങിയവയും അല്ലാതെ മറ്റു ജീവിസാന്നിധ്യങ്ങളൊന്നും പക്ഷേ, കാണാന്‍ കഴിഞ്ഞില്ല.

കോളേജ് കാമ്പസിലെ മറ്റൊരു ആകര്‍ഷണം കല്ലറയ്ക്കല്‍ ഹാളില്‍ ഇടയ്ക്കിടെ ഉണ്ടാവാറുള്ള കലാപരിപാടികളായിരുന്നു. റോഡിനോട് ചേര്‍ന്നു വീടിന്റെ എതിര്‍വശമായിട്ടാണ് ഹാള്‍ എന്നതിനാല്‍ ഏതു പരിപാടി നടന്നാലും ഞങ്ങള്‍ അറിയും. കാട്ടടിയിലെ ജോമയും ജോര്‍ജും ജസിയും എന്റെ മൂത്ത സഹോദരന്‍ മോനിച്ചനും റീനയും ഉള്‍പ്പെടുന്ന ഞങ്ങളുടെ പിള്ളാരുസെറ്റ് കല്ലറയ്ക്കല്‍ ഹാളിലെ പ്രോഗ്രാമുകളുടെ ക്ഷണിക്കപ്പെടാത്ത സ്ഥിരം അതിഥികളായിരുന്നു. ചിലപ്പോള്‍ പകല്‍ നേരവും ചിലപ്പോള്‍ രാത്രിയിലും ഞങ്ങളവിടെ ഉപവിഷ്ഠരായപ്പോള്‍ ആരും ഒരിക്കലെങ്കിലും തടയുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. മിക്കവാറും ഇംഗ്ലീഷ് ഭാഷയിലൊക്കെയാവും കലാപരിപാടികള്‍ അരങ്ങേറുക. ഷേക്സ്പിയറിന്റെ ജൂലിയസ് സീസറായിരിക്കണം ജീവിതത്തില്‍ ഞാനാദ്യമായി കണ്ട നാടകം. അര്‍ത്ഥം മനസ്സിലായില്ലെങ്കിലും ആ കലാരൂപത്തിന്റെ ആകര്‍ഷണീയതയില്‍ അവസാനം വരെ ഹാളിലിരുന്നു. ചില സമയം ഇംഗ്ലീഷ് പ്രസംഗങ്ങള്‍ക്കിടെ തമാശ കേട്ട് ഓഡിയന്‍സ് ചിരിച്ചപ്പോള്‍ ഒന്നും മനസ്സിലാകാതെ ഞങ്ങളും ഒപ്പം ചിരിച്ചു. അവര്‍ കയ്യടിച്ചപ്പോള്‍ ഞങ്ങളും കയ്യടിച്ചു. ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്ന പ്രതിഭാശാലികളാണ് അവരില്‍ പലരുമെന്ന് അന്നുണ്ടോ അറിയുന്നു. അക്കാലത്ത് എസ്.ബി. കോളേജ് സംഘടിപ്പിച്ച വലിയൊരു എക്‌സിബിഷനും ഓര്‍മ്മയിലുണ്ട്. ഞങ്ങളുടെ വിഹാരകേന്ദ്രങ്ങളായിരുന്ന ഇടങ്ങളെല്ലാം കെട്ടിമറച്ച് പലപല സ്റ്റാളുകളാക്കിയതിലൂടെ അന്തംവിട്ട് കാഴ്ചകള്‍ കണ്ടു നടന്ന ഓര്‍മ്മ. അങ്ങനെ സ്‌കൂളില്‍ ചേര്‍ന്നു പഠിക്കും മുന്‍പ് കോളേജില്‍ പഠിക്കാന്‍ അനുമതി തന്ന കലാലയമാണ് എനിക്ക് എസ്.ബി. കോളേജ്. അതുകൊണ്ടുതന്നെ മറ്റുള്ളവരേക്കാള്‍ വൈകാരികമായൊരു അടുപ്പക്കൂടുതലുമുണ്ട്.

എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂളിലായിരുന്നു. അവിടെനിന്ന് പത്താംക്ലാസ്സ് കഴിഞ്ഞ് പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായി എസ്.ബിയില്‍ ചേരുമ്പോള്‍ ശാന്തസ്വരൂപിയും സ്‌നേഹവാനുമായ പുളിക്കപ്പറമ്പില്‍ അച്ചനായിരുന്നു പ്രിന്‍സിപ്പല്‍. കോളേജ് ചിരപരിചിതമായിരുന്നെങ്കിലും അതിനുള്ളിലെ ക്ലാസ്സ് മുറികളുമായി ജിജ്ഞാസഭരിതമായ ഒരകലമുണ്ടായിരുന്നു. പ്രത്യേകിച്ചും കുട്ടനാട്ടിലെ ഒരു തനിനാടന്‍ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ചിട്ട് പെട്ടെന്ന് ഇംഗ്ലീഷ് മാധ്യമത്തിലേക്കു മാറേണ്ടിവന്നതിന്റെ പകപ്പായിരുന്നു ആദ്യദിനങ്ങളില്‍ മുന്നിട്ട് നിന്നത്. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു വന്നവരോട് മുട്ടിനില്‍ക്കണമെങ്കില്‍ അത്യദ്ധ്വാനം ചെയ്‌തേ മതിയാവൂ എന്നു വൈകാതെ മനസ്സിലായി. എസ്.എല്‍. തോമസ് സാറും എസ്. എബ്രഹാം സാറും ജോര്‍ജ് കാട്ടാമ്പള്ളി സാറുമൊക്കെ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരായിരുന്ന അക്കാലത്ത് രാജുനാരായണ സ്വാമിയുടെ പിതാവായ അയ്യര്‍ സാര്‍ എടുത്ത സരസമായ മാത്ത്സ് ക്ലാസ്സുകളും സദാ പ്രസാദമുഖമുള്ള പരുവപ്പറമ്പിലച്ചന്റെ ഫിസിക്‌സ് ക്ലാസ്സുകളുമൊക്കെ ഞങ്ങള്‍ ഏറെ ആസ്വദിച്ചു. സ്‌കറിയ സക്കറിയാ സാറിന്റെ ഗംഭീരമായ മലയാളം ക്ലാസ്സുകളും ഏറെ പ്രശസ്തമായിരുന്നു കാമ്പസില്‍.

ഗൃഹാതുരതയുടെ പലതരം മണങ്ങളും ശബ്ദങ്ങളും സ്മരണകളും ഉറങ്ങുന്ന എത്രയോ ഇടങ്ങള്‍ ആ കാലഘട്ടവുമായി ബന്ധപ്പെട്ട് മനസ്സില്‍ തെളിഞ്ഞുവരുന്നുണ്ട്. ഓരോ പീരിയഡും കഴിഞ്ഞ് ഫിസിക്‌സ് ബ്ലോക്കില്‍നിന്ന് കെമിസ്ട്രി ബ്ലോക്കിലേക്കും അവിടെനിന്ന് മാത്ത്സ് ബ്ലോക്കിലേക്കും കൂട്ടുകാരുമൊത്ത് വാതോരാതെ സംസാരിച്ചു നടന്ന പകലുകള്‍. ഫിസിക്‌സിന്റേയും കെമിസ്ട്രിയുടേയും ലാബുകളില്‍ ആദ്യമായി പരീക്ഷണമനസ്സോടെ പ്രവേശിച്ചതിന്റെ കുതൂഹലങ്ങള്‍. പുതിയ സിനിമ റിലീസ് ചെയ്യുന്ന വെള്ളിയാഴ്ചകളില്‍ അവസാന പീരിയഡ് കട്ട് ചെയ്ത കൗമാര കുസൃതികള്‍. സുഹൃത്തിനുവേണ്ടി ആദ്യമായി പ്രോക്‌സിയടിച്ചപ്പോള്‍ അറിഞ്ഞ നെഞ്ചിലെ പഞ്ചാരിമേളം. ഡെസ്‌കുകളില്‍ വിരചിതമായിരുന്ന മുന്‍ഗാമികളുടെ പേരുകളിലും പുരാചിത്രങ്ങളിലും നടത്തിയ ഗവേഷണങ്ങള്‍. കോളേജ് ലൈബ്രറി, കാവുകാട്ട് ഹാള്‍, ചാപ്പല്‍, ഗുല്‍മോഹറിന്റെ തീച്ചുവപ്പ്, ബാസ്‌കറ്റ്ബോള്‍ കോര്‍ട്ട്, പാദമുദ്രകള്‍ പതിയാത്ത ഒരിഞ്ച് ഇടം പോലുമുണ്ടായിരുന്നില്ല. അദ്ധ്യാപരുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ കഴിഞ്ഞ സ്‌കൂള്‍ കാലത്തിനുശേഷം ഒട്ടൊരു സ്വാതന്ത്ര്യത്തോടെ ആകാശത്തിന്റെ തുറസ്സിലേക്കു പറക്കുന്ന മനോലാഘവമായിരുന്നു. കൗമാരത്തില്‍നിന്നു യൗവ്വനത്തിലേക്കു വെമ്പുന്ന കാലഘട്ടത്തിലെ പ്രേഷ്ഠസ്മരണകള്‍ അവിടെ നിന്നു പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിക്കും പറയാനുണ്ടാവുമെന്നു തീര്‍ച്ച. പില്‍ക്കാലം ഏറെ പ്രശസ്തനായിത്തീര്‍ന്ന ടോമിന്‍ തച്ചങ്കരിയും അന്ന് പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായി കോളേജിലുണ്ടായിരുന്നു. അന്നേ കലാകാരനായിരുന്ന അദ്ദേഹം കാവുകാട്ട് ഹാളിലെ വേദിയില്‍ ഡ്രംസെറ്റ് വായിക്കുമ്പോള്‍ അത്ഭുതാദരവോടെ ഞാന്‍ കണ്ടിരുന്നിട്ടുണ്ട്.

അന്നത്തെ കോളേജ് യൂണിയന്‍ ചെയര്‍മാനായ റോബിന്‍സ് ജേക്കബിനു ഞങ്ങള്‍ ഇളമുറക്കാരുടെയിടയില്‍ ഒരു താരപ്രഭ തന്നെയുണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം ഈയിടെ എന്റെ നമ്പര്‍ തേടിപ്പിടിച്ച് അദ്ദേഹം ഫോണില്‍ സംസാരിച്ചപ്പോള്‍ എസ്.ബിയുമായി ബന്ധപ്പെട്ട ഒരുപാട് സ്മരണകള്‍ വീണ്ടെടുക്കാനായി ഞങ്ങള്‍ക്ക്. അതുവരെ ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന എസ്.ബി. കോളേജില്‍ ആ വര്‍ഷമാണെന്നു തോന്നുന്നു ആദ്യമായി ഒരു വിദ്യാര്‍ത്ഥിനി പി.ജിക്കു ചേരുന്നത്. മേഴ്സിയമ്മ സെബാസ്റ്റ്യന്‍ ആ വര്‍ഷം യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറുമായി.
 
റ്റേര്‍ബി ജോര്‍ജ്, സിബി ചാക്കോ, സജി തുടങ്ങിയവരായിരുന്നു അന്നെന്റെ അടുത്ത കൂട്ടുകാര്‍. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ് എന്‍ജിനീയറിംഗ് പ്രതീക്ഷയുമായി റിസള്‍ട്ട് കാത്തിരുന്ന നീണ്ട കാലയളവില്‍ ഞങ്ങള്‍ മിക്കദിവസവും കോളേജ് ചാപ്പലില്‍ കുര്‍ബ്ബാന കാണാന്‍ ചെന്നതിനാല്‍ കാമ്പസുമായുള്ള ആത്മബന്ധം തുടര്‍ന്നുപോന്നു. ഭാവിയില്‍ ഒരെഴുത്തുകാരനായി തീരുമെന്ന് അന്നൊന്നും ഒരു സൂചനപോലുമില്ലായിരുന്നു എനിക്ക്. എന്നാലും എഴുത്തിലേക്കുള്ള ആദ്യ പരിശ്രമം നടന്നത് എസ്.ബിയില്‍ പഠിക്കുന്ന കാലത്താണെന്നു പറയാം. കോളേജ് മാഗസിനു കൊടുക്കാന്‍ വേണ്ടി എഴുതിയ ഒരു കഥയായിരുന്നു അത്. അതിനു മാഗസിനില്‍ പ്രവേശനം കിട്ടിയില്ല എന്നതുകൊണ്ടുതന്നെ അതിന്റെ നിലവാരം എത്രയുണ്ടായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞു വന്ന രണ്ടുമാസത്തോളമുള്ള ഇടവേളയില്‍ ഒരു 200 പേജിന്റെ ബുക്കില്‍, എനിക്ക് പരിചിതനായ ഒരു വ്യക്തിയുടെ ജീവിത ദുരിതങ്ങള്‍ പ്രമേയമാക്കി ഒരു നീളന്‍ കഥയെഴുതി ഞാനതിനെ നോവലെന്നു പേരിട്ട് വിളിച്ചതോര്‍ക്കുന്നു. വളരെ റൊമാന്റിക്ക് ആയ 'പാഴ്മുളംതണ്ടിന്റെ പാട്ട്' എന്നൊരു പേരും കൊടുത്തു. പാവം റ്റേര്‍ബിക്കൊക്കെയായിരുന്നു അതു വായിക്കാന്‍ വിധി. സമയം പോക്കാന്‍ അന്നത്തെ കാലത്ത് തോന്നിയ ഒരു ചപല കൗതുകം എന്നതിനപ്പുറം അതിനൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. എന്നാലും ആദ്യപരിശ്രമത്തിന്റെ ഓര്‍മ്മയെന്ന നിലയില്‍ ഞാനത് ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

മുഖമുദ്രയായ ക്രിസ്തുരാജന്‍ ടവര്‍

എസ്.ബി. കോളേജിന്റെ മുഖമുദ്രയായ ക്രിസ്തുരാജന്‍ കൈവിരിച്ചു നില്‍ക്കുന്ന ടവര്‍ പിന്നീടൊരു കാലം എന്നെ 'ഒറ്റക്കാലന്‍ കാക്ക' എന്ന നോവലിലേക്ക് വഴി നടത്തുകയുണ്ടായി. ഏഴു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകള്‍ ചമ്പക്കുളത്ത് പിതാവിന്റെ വീട്ടില്‍നിന്നു പഠിക്കുമ്പോള്‍ എല്ലാ ആഴ്ചയറുതികളിലും ചങ്ങനാശ്ശേരിയിലേക്ക് മൂന്നു ബസുകള്‍ മാറിമാറിക്കയറി ഞാന്‍ എത്താറുണ്ടായിരുന്നു. കിടങ്ങറ കഴിയുമ്പോള്‍ ദൂരെയായി ക്രിസ്തുരാജന്റെ ടവര്‍ കാണാനാവും. 'അതാ എന്റെ സ്ഥലം' എന്ന് അപ്പോള്‍ മനസ്സിനുള്ളില്‍ ഒരു കുതിപ്പുണ്ടാകും. നിവര്‍ന്നുനില്‍ക്കുന്ന ഒരു മനുഷ്യന്റെ ബോധനിലകളെക്കുറിച്ചുള്ള ചിന്തയിലേക്ക് ഭാവിയില്‍ എന്നെ എത്തിച്ചതും മീതേക്കുള്ള സഞ്ചാരമായി ജീവിതത്തെ നോക്കാന്‍ പ്രേരിപ്പിച്ചതും ആ ടവറായിരുന്നു. ടവറിനു ഞാന്‍ ഏഴു നിലകളുള്ള തട്ടുകള്‍ സങ്കല്പിച്ചു. വവ്വാലുകള്‍ പാര്‍ക്കുന്ന താഴത്തെ തട്ടും വെള്ളിമൂങ്ങകള്‍ പാര്‍ക്കുന്ന ഇടത്തട്ടും ഏറ്റവും മീതെയായി ഗരുഢന്റെ പാര്‍പ്പിടവും പിന്നെ ലോകത്തിന്റെ സമയഗതി നിര്‍ണ്ണയിക്കുന്ന ഒരു നാഴികമണിയും. ചെറുപ്പം മുതല്‍ കണ്ടുവളര്‍ന്ന ആ ടവര്‍ ജീവിതത്തിന്റെ ആകെ സത്തയെ വെളിപ്പെടുത്തുന്ന രൂപകമായി മാറുകയായിരുന്നു. ചാപ്പലും ജാമ്പമരവും പടര്‍വാകയുമൊക്കെ ഒറ്റക്കാലന്‍ കാക്ക എന്ന നോവലില്‍ കഥാപാത്രങ്ങളായി വരുന്നതിനും കാരണമായത് എസ്.ബി. കോളേജിലെ കാമ്പസ് അനുഭവം തന്നെ. 

വ്യക്തിപരമായ അങ്ങനെ എന്തെല്ലാം അനുഭവങ്ങള്‍ക്കു വേദിയായിരിക്കുന്നു എസ്.ബി. കോളേജ്. അന്ന് ഒപ്പം പഠിച്ചവരൊക്കെ ഓരോ തുറകളിലായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ചേക്കേറി. അപൂര്‍വ്വം ചിലരുമായിട്ടൊക്കെയേ ഇപ്പോള്‍ ബന്ധമുള്ളെങ്കിലും ഓരോ മുഖവും ഓര്‍മ്മയില്‍ തെളിയുന്നു. കലാലയമെന്നാല്‍ കേവലം കെട്ടിടങ്ങളും ഗ്രൗണ്ടും അദ്ധ്യാപകരും മാത്രമല്ല, കലാലയം ഒരു വലിയ മനസ്സാണ്. എത്ര ദൂരെപ്പോയാലും നമ്മെ ഓര്‍ത്തുകൊണ്ടിരിക്കുകയും അതിനാല്‍ത്തന്നെ നമ്മള്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുകയും ചെയ്യുന്ന അമ്മ മനസ്സ്. അമ്മയുടെ നൂറാം പിറന്നാള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷപൂര്‍വ്വം കൊണ്ടാടേണ്ട സുദിനമാണ്. കൊറോണക്കാലത്തിന്റെ പരിമിതികള്‍ ഒന്നിച്ചുകൂടുന്നതില്‍നിന്നു പരസ്പരം അകറ്റി നിര്‍ത്തുന്നു എങ്കില്‍ക്കൂടി ഉടലുകള്‍ അകന്നിരിക്കുമ്പോഴും മനസ്സുകൊണ്ട് എസ്.ബിയെന്ന തറവാട്ടു വീട്ടില്‍ സംഗമിക്കുന്നുണ്ട് എല്ലാവരും.

കേരളത്തില്‍ നിലവില്‍ വന്ന ആദ്യകാല കോളേജുകളിലൊന്നാണ് എസ്.ബി. കോളേജെന്ന് ചരിത്രം പറയുന്നു. നാള്‍വഴികളിലൂടെ കണ്ണോടിച്ചാല്‍ കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയെ വാര്‍ത്തെടുക്കുന്നതില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒരുപാട് സംഭാവനകള്‍ ഈ കലാലയത്തിന്റേതായിട്ടുണ്ടെന്നു കാണാം. ലോകത്തിന്റെ നാനാഭാഗങ്ങളിലായി പരന്നുകിടക്കുന്ന ഒരു സന്താനവൃന്ദമുണ്ട് എസ്.ബി. കോളേജിന്. ശതോത്തര ജൂബിലി ആഘോഷത്തിന്റെ മുന്നൊരുക്കം എന്നവണ്ണം നടന്ന ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ഭാഗഭാക്കായപ്പോള്‍ ഞാന്‍ തന്നെ അതു നേരില്‍ അനുഭവിച്ചതാണ്. അങ്ങനെ ലോകം മുഴുവന്‍ പരന്നുകിടക്കുന്നവരുടെ മനസ്സുകള്‍ ഒന്നിച്ചുചേരുമ്പോള്‍ ഉണ്ടാകുന്ന മഹാബലമാണ് ഈ കലാലയ മുത്തശ്ശിയുടെ കരുത്ത്. 

റൈറ്റ് റെവ്. ഡോ. ചാൾസ് ലെവിൻ
റൈറ്റ് റെവ്. ഡോ. ചാൾസ് ലെവിൻ

1891-ല്‍ റൈറ്റ് റെവ്. ഡോ. ചാള്‍സ് ലവിനെ സ്ഥാപിച്ച എസ്.ബി. ഹൈസ്‌കൂളിന്റെ തുടര്‍ച്ചയായിരുന്നു എസ്.ബി. കോളേജ് എന്നു പറയാം. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മിഷണറിമാര്‍ ആദ്യകാലത്ത് നല്‍കിയ നിസ്തുല സംഭാവനകള്‍ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ടെന്നു തോന്നുന്നു. 1922 ജൂണ്‍ 19-ന് മാര്‍ തോമസ് കുര്യാളശ്ശേരി പിതാവിന്റെ നേതൃത്വത്തില്‍ എസ്.ബി. കോളേജ് വിഭാവനം ചെയ്യപ്പെടുമ്പോള്‍ അന്നത് മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായിരുന്നു. കേവലം 125 വിദ്യാര്‍ത്ഥികളുമായി തുടക്കം കുറിച്ച കലാലയം ഇന്ന് നാലായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഗുരുകുലമായി പരിലസിക്കുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ ഓട്ടോണമസ് കോളേജെന്ന ഖ്യാതിയും ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു എസ്.ബി. കോളേജ്. സാഹിത്യ-സാംസ്‌കാരിക കലാരംഗങ്ങളില്‍ തനത് മുദ്ര പതിപ്പിച്ച എത്രയോ പ്രഗത്ഭമതികളെ ഈ കലാലയം വാര്‍ത്തെടുത്തിരിക്കുന്നു. 

പഠിച്ചിറങ്ങിയ കലാലയത്തിലേക്ക് ഓരോരോ പ്രോഗ്രാമിനായി ക്ഷണിതാവായി എത്തുമ്പോള്‍ മനസ്സിലുണ്ടാവുന്ന ഒരു നിറവ്. ആ വഴി യാത്ര പോവുമ്പോഴെല്ലാം കോളേജ് കാമ്പസിന്റെ നീളന്‍ ചുറ്റുമതില്‍ പിന്നിടുവോളം കണ്ണുകള്‍ പ്രിയ കലാലയത്തെത്തന്നെ നോക്കിക്കൊണ്ടേയിരിക്കുന്ന അനുഭവം എനിക്കു മാത്രമായിരിക്കുമെന്നു തോന്നുന്നില്ല. അപ്പോള്‍ ലോകത്തിലേക്ക് നീട്ടിപ്പിടിച്ച കരങ്ങളുമായി ടവറിനു മീതെ കൈവിരിച്ചു നില്‍ക്കുന്ന സ്‌നേഹസാന്നിദ്ധ്യം അനുഭവപ്പെടും. നീട്ടിപ്പിടിച്ച ആ കൈകള്‍ എസ്.ബി. കോളേജിന്റെ തന്നെ ലോകത്തോടുള്ള വാഗ്ദാനവും കരുതലുമാണ്. നൂറില്‍നിന്ന് ഇനിയുമിനിയും നൂറ്റാണ്ടുകളുടെ നിത്യയൗവ്വനത്തിലേക്ക് ചരിക്കുവാന്‍ ഇടവരട്ടെ എന്ന പ്രാര്‍ത്ഥനയോടെ പ്രിയ കലാലയത്തെ ചേര്‍ത്തുപിടിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com