ദൈവത്തിന്റെ പരീക്ഷയില്‍ ഇബ്രാഹിം (അബ്രാഹം) വിജയിച്ചോ?

തനിക്ക് ദൈവത്തോടുള്ള ഭയവും ഭക്തിയും പരീക്ഷിക്കാന്‍ ദൈവം തന്നോട് സ്വപുത്രനെ ബലിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ധാര്‍മ്മിക-നൈതികബോധമുള്ള ഇബ്രാഹിം വാസ്തവത്തില്‍ ചെയ്യേണ്ടത് എന്തായിരുന്നു?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാഷ്ട്രീയ സ്വയംഭരണ(പൊളിറ്റിക്കല്‍ ഒട്ടോണമി)ത്തെക്കുറിച്ച് നാം സാധാരണ സംസാരിക്കാറുണ്ട്. പക്ഷേ, ധാര്‍മ്മിക സ്വയംഭരണ(മോറല്‍ ഓട്ടോണമി)ത്തെക്കുറിച്ച് അധികമാരും സംസാരിക്കാറില്ല. പൊളിറ്റിക്കല്‍ ഓട്ടോണമിയെക്കുറിച്ച് വാചാലരാകുന്നവര്‍ മോറല്‍ ഓട്ടോണമിയുടെ പ്രശ്‌നം വരുമ്പോള്‍ പിന്‍വലിയുകയാണ് പൊതുവെ ചെയ്യാറുള്ളത്. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ സ്വയംഭരണം പോലെത്തന്നെ സെക്യുലറിസത്തിന്റെ ഭാഗമാണ് ധാര്‍മ്മിക സ്വയംഭരണവും.

സ്വയംഭരണം എന്നത് സ്വാതന്ത്ര്യമാണ്; അഥവാ വിമോചനമാണ്. സെക്യുലര്‍ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ രാഷ്ട്രീയത്തെ മതത്തില്‍നിന്നു വിമോചിപ്പിക്കലാണ് രാഷ്ട്രീയ സ്വയംഭരണം. അത്തരം വിമോചനത്തിലൂടെ രൂപപ്പെടുന്ന സെക്യുലറിസത്തെ (മതനിരപേക്ഷതയെ) പൊളിറ്റിക്കല്‍ സെക്യുലറിസം (രാഷ്ട്രീയ മതനിരപേക്ഷത) എന്നു വിളിക്കാം. രാഷ്ട്രീയത്തെ മതത്തില്‍നിന്നു വിമോചിപ്പിക്കുന്നിടത്ത് അവസാനിച്ചുകൂടാ സെക്യുലറിസം. ധര്‍മ്മശാസ്ത്ര(ലവേശര)െത്തെക്കൂടി മതത്തില്‍നിന്നു വിമോചിപ്പിക്കേണ്ടതുണ്ട്. ധര്‍മ്മശാസ്ത്രത്തെ മതത്തില്‍നിന്നു വിമോചിപ്പിക്കുന്ന സെക്യുലറിസത്തെ മോറല്‍ സെക്യുലറിസം (ധാര്‍മ്മിക മതനിരപേക്ഷത) എന്നു വിളിക്കാവുന്നതാണ്.

പൊളിറ്റിക്കല്‍ സെക്യുലറിസവും മോറല്‍ സെക്യുലറിസവും കൂടിച്ചേരുമ്പോഴേ സെക്യുലറിസം ബലവത്താകുന്നുള്ളൂ. പക്ഷേ, മറ്റു പലയിടങ്ങളിലുമുള്ള മതനിരപേക്ഷതാവാദികളെപ്പോലെ നമ്മുടെ രാജ്യത്തുള്ള മതനിരപേക്ഷതാവാദികളും മോറല്‍ സെക്യുലറിസത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ മിനക്കെടാറില്ല. രാഷ്ട്രീയത്തെ മതത്തില്‍നിന്നു വേര്‍പെടുത്തിയാല്‍ മതനിരപേക്ഷതയായി എന്നിടത്ത് അവര്‍ സായൂജ്യമടയുന്നു. ധര്‍മ്മശാസ്ത്രത്തെ മതത്തില്‍നിന്നു വേര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ ആലോചിക്കാറുപോലുമില്ല എന്നതാണ് സത്യം.

ഈ ആലോചനാരാഹിത്യത്തിന് ഒരു സവിശേഷകാരണമുണ്ട്. സാമ്പ്രദായിക മതനിരപേക്ഷതാവാദികള്‍ യാഥാസ്ഥിതിക മതവിശ്വാസികളെപ്പോലെ ധര്‍മ്മശാസ്ത്രത്തെ മതത്തിന്റെ അവിഭക്തഭാഗമായി കാണുന്നു എന്നതാണത്. മഹാത്മജിയെപ്പോലുള്ളവര്‍ പോലും മതനിരപേക്ഷതയെ അങ്ങനെയേ കണ്ടിട്ടുള്ളൂ. നമ്മുടെ ഭരണഘടനാശില്പികളുടെ കൂട്ടത്തില്‍ മതനിരപേക്ഷതയോട് ചേര്‍ന്നുനിന്നവരില്‍ മിക്കവരും മതനിരപേക്ഷതയെ അഭിവീക്ഷിച്ചതും അങ്ങനെത്തന്നെയാണ്. എത്തിക്‌സിനെ അവര്‍ മതത്തിനു വിട്ടുകൊടുത്തു. പരമ്പരാഗത മതവിശ്വാസികള്‍ മര്‍ക്കടമുഷ്ടി പിടിച്ചവകാശപ്പെടുന്നതുപോലെ ധാര്‍മ്മികബോധവും നീതിബോധവും സദാചാരബോധവുമൊക്കെ മതത്തിന്റെ ഉല്പന്നങ്ങളാണെന്ന ധാരണ അവരും പങ്കുവെച്ചു.

ഇപ്പറഞ്ഞ ധാരണ ധാര്‍മ്മിക സ്വയംഭരണത്തിന്റെ നിരാകരണവും ധാര്‍മ്മിക പരാശ്രയത്വം എന്നു പരിഭാഷപ്പെടുത്താവുന്ന മോറല്‍ ഹെട്രോണമിയുടെ സ്വീകരണവുമാണ്. മതത്തില്‍നിന്നു വിമോചിപ്പിക്കപ്പെട്ടാല്‍ ധാര്‍മ്മികത ഇല്ലാതാകും എന്നതാണ് മോറല്‍ ഹെട്രോണമിയുടെ കാതല്‍. സത്യം, നീതി, സ്‌നേഹം, സാഹോദര്യം, കരുണ തുടങ്ങിയ ധാര്‍മ്മിക മൂല്യങ്ങളെല്ലാം മതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും മതത്തിന്റെ അഭാവത്തില്‍ അവയ്ക്കു നിലനില്‍പ്പില്ല എന്നുമത്രേ മോറല്‍ ഓട്ടോണമിയെ എതിര്‍ക്കുന്നവര്‍ ഉറച്ചുവിശ്വസിക്കുന്നത്. 'ധാര്‍മ്മിക ബാധ്യത'യെ അവര്‍ 'മതപരമായ ബാധ്യത' എന്നു ചുരുക്കി വായിക്കുന്നു. സത്യത്തോടും നീതിയോടുമൊപ്പം നില്‍ക്കുക എന്നതും മറ്റുള്ളവരോട് അലിവും സ്‌നേഹവും സഹിഷ്ണുതയും കാണിക്കുക എന്നതും മറ്റുള്ളവരോട് അലിവും സ്‌നേഹവും സഹിഷ്ണുതയും കാണിക്കുക എന്നതും മതപരമായ ബാധ്യതയായിത്തീരുന്നു അവരുടെ ദൃഷ്ടിയില്‍. അതുപോലെ ദൈവത്തിന്റെ കല്പനകള്‍ അനുസരിക്കുക എന്നതിനേയും അവര്‍ കാണുന്നത് അലംഘനീയ മതാത്മക ബാധ്യതയായിട്ടാണ്. അങ്ങനെ വരുമ്പോള്‍ മതപരമായ ബാധ്യതയാണ് എന്ന ഒറ്റക്കാരണത്താല്‍ തികച്ചും അധാര്‍മ്മികവും മനുഷ്യത്വവിരുദ്ധവുമായ കൃത്യങ്ങള്‍പോലും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് മടിയോ മനസ്സാക്ഷിക്കുത്തോ ഇല്ലാതാകുന്നു.

ഇബ്രാഹിമിന്റെ പുത്രബലി

ഈ സ്ഥിതിവിശേഷത്തിനുള്ള മികച്ച ഉദാഹരണമായി ഡച്ച് ചിന്തകനായ പോള്‍ ബെര്‍നാഡ് ക്ലൈറ്റര്‍ ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെടുന്ന അബ്രാഹം (ഇബ്രാഹിം) ദൈവകല്പന എന്ന നിലയില്‍ തന്റെ പുത്രനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ കാര്യം എടുത്തുകാട്ടുന്നുണ്ട്. അബ്രാഹമിന് തന്നോടുള്ള ഭയവും ഭക്തിയും എത്രത്തോളമുണ്ടെന്നു പരീക്ഷിക്കുകയായിരുന്നു ദൈവം. ബൈബിള്‍ പ്രകാരം അബ്രാഹം തനിക്ക് സാറയില്‍ ജനിച്ച യിസ്ഹാക്കിനെയാണ് ബലി നല്‍കാന്‍ കൊണ്ടുപോകുന്നത്. ദൈവം അബ്രാഹമിനോടാവശ്യപ്പെട്ടു: ''നിന്റെ മകനെ, ഏകജാതനായ യിസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോരിയ ദേശത്ത് ചെന്നു, അവിടെ ഞാന്‍ കല്‍പ്പിക്കുന്ന ഒരു മലയില്‍ ഹോമയാഗം കഴിക്ക'' (ഉല്‍പ്പത്തി, 22:2). യിസ്ഹാക്കിന്റെ കഴുത്തറക്കാന്‍ അബ്രാഹം കത്തിയെടുത്തപ്പോള്‍ ''യഹോവയുടെ ദൂതന്‍ ആകാശത്ത് നിന്നു: ''അബ്രാഹമേ, ബാലന്റെ മേല്‍ കൈവെക്കരുത്. നിന്റെ ഏകജാതനായ മകനെ തരുവാന്‍ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാനിപ്പോള്‍ അറിയുന്നു എന്നു അരുളിച്ചെയ്തു. അബ്രാഹം തലപൊക്കി നോക്കിയപ്പോള്‍ പിമ്പുറത്ത് ഒരു ആട്ടുകൊറ്റന്‍ കിടക്കുന്നതുകണ്ടു. അബ്രാഹം ആട്ടുകൊറ്റനെ പിടിച്ച് തന്റെ മകനുപകരം ഹോമയാഗം കഴിച്ചു (ഉല്‍പ്പത്തി, 11-13).

മുസ്ലിം വേദഗ്രന്ഥമായ ഖുര്‍ആന്‍ പ്രകാരം ഇബ്രാഹിം യിസ്ഹാക്കിനെയല്ല, ഹാജറയില്‍ തനിക്ക് ജനിച്ച ഇസ്മായിലിനെയാണ് ബലി നല്‍കാന്‍ കൊണ്ടുപോകുന്നത്. ഇസ്മായിലിനെ തനിക്കുവേണ്ടി ബലിനല്‍കാന്‍ അല്ലാഹു തന്നോട് കല്‍പ്പിച്ചതായി സ്വപ്നത്തില്‍ കണ്ട ഇബ്രാഹിം നബി മകന്റെ കണ്ഠത്തില്‍ കത്തിവെക്കാന്‍ തുനിഞ്ഞപ്പോള്‍ അല്ലാഹു വിളിച്ചു: ''ഇബ്രാഹീമേ, നീ സ്വപ്നത്തില്‍ കണ്ടത് പൂര്‍ത്തീകരിച്ചിരിക്കുന്നു. സംശയം വേണ്ട, ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു. തുടര്‍ന്നു നാം (ഇസ്മായിലിനുപകരം) ബലിയര്‍പ്പിക്കാനായി ഒരു നല്ല മൃഗത്തെ നല്‍കി''(ഖുര്‍ആന്‍, 37: 104-107).

ബൈബിളിലും ഖുര്‍ആനിലും പ്രതിപാദിക്കപ്പെടുന്ന ഈ സംഭവത്തില്‍ നാം കാണുന്നത് ദൈവത്തിന്റെ ആജ്ഞായനുസരിച്ച് സ്വന്തം മകനെ കഴുത്തറുത്ത് കൊല്ലാന്‍ മുന്നോട്ടുവരുന്ന അബ്രാഹമിനെ(ഇബ്രാഹിമിനെ)യാണ്. പോള്‍ ക്ലൈറ്റര്‍ ചോദിക്കുന്നതുപോലെ, നമുക്ക് കൈവന്ന ഏറ്റവും മഹത്തായ കാര്യങ്ങളില്‍ ഒന്നെന്താണ്? ജീവിതം. നമുക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് എന്താണ്? മരണം. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യരായ നമുക്ക് നടത്താവുന്ന ഏറ്റവും വലിയ ക്രൂരകൃത്യമാണ് നിഷ്‌ക്കളങ്കനായ ഒരു ബാലനെ കൊലപ്പെടുത്തുകയെന്നത്. അതുപോലെ നമ്മുടെ ജീവിതം മാറ്റിവെച്ചാല്‍പ്പിന്നെ ഏറ്റവും വിലപ്പെട്ടതായി നാം കാണുന്നതെന്താണ്? നാം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവരുടെ (അച്ഛനമ്മമാരുടെ, ജീവിതപങ്കാളിയുടെ, മക്കളുടെ) ജീവിതം. അങ്ങനെയെങ്കില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും നീചമായ ക്രൂരകൃത്യം സ്വന്തം മാതാപിതാക്കളേയോ ജീവിതപങ്കാളിയേയോ മക്കളേയോ വധിക്കുക എന്നതാണ്.

അവ്വിധമുള്ള ഒരതിനിഷ്ഠുര കൃത്യത്തിനാണ് ദൈവത്തിന്റെ കല്‍പ്പനയനുസരിച്ച് അബ്രാഹം എന്ന ഇബ്രാഹിം മുതിര്‍ന്നത്. സെക്യുലര്‍ ഹ്യൂമനിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഈ വേദപുസ്തകകഥ രണ്ടു പ്രശ്‌നങ്ങള്‍ മുന്നേട്ടുവെക്കുന്നുണ്ട്. അങ്ങേയറ്റം അധാര്‍മ്മികമായ ഒരു കൃത്യം നടത്താന്‍ ഇബ്രാഹിം സന്നദ്ധനായത് അത് തന്റെ മതപരമായ ബാധ്യത(ദൈവത്തോടുള്ള ബാധ്യത)യാണെന്നു അദ്ദേഹം കരുതിയതുകൊണ്ടാണ് എന്നതത്രേ ഒരു കാര്യം. മതം വേറെ, ധര്‍മ്മശാസ്ത്രം വേറെ എന്ന സമീപനം സ്വീകരിക്കാതിരുന്നാല്‍ മനുഷ്യന്‍ ധാര്‍മ്മികമായും നൈതികമായും എത്രമാത്രം അധഃപതിക്കുമെന്നു അതു കാണിക്കുന്നു. രണ്ടാമത്തെ കാര്യം ഇത്തരമൊരു ക്രൂരതയിലേര്‍പ്പെടാന്‍ ഇബ്രാഹിമിനോട് കല്‍പ്പിച്ചത് സാക്ഷാല്‍ ദൈവം തന്നെയാണ് എന്നതാണ്. ധാര്‍മ്മികതത്ത്വം ലംഘിക്കാന്‍ മടിയൊട്ടുമില്ലാതെ ഇറങ്ങിപ്പുറപ്പെട്ടതിന് ദൈവം ഇബ്രാഹിമിനെ ലോഭമെന്യെ അനുഗ്രഹിച്ചതായി ബൈബിളും ഖുര്‍ആനും വെളിപ്പെടുത്തുന്നുമുണ്ട്.

തനിക്ക് ദൈവത്തോടുള്ള ഭയവും ഭക്തിയും പരീക്ഷിക്കാന്‍ ദൈവം തന്നോട് സ്വപുത്രനെ ബലിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ധാര്‍മ്മിക-നൈതികബോധമുള്ള ഇബ്രാഹിം വാസ്തവത്തില്‍ ചെയ്യേണ്ടത് എന്തായിരുന്നു? ദൈവം തനിക്ക് ബുദ്ധിയും നന്മതിന്മകളെ വേര്‍തിരിച്ചറിയാനുള്ള കഴിവും സര്‍വ്വോപരി മനസ്സാക്ഷിയും നല്‍കിയിട്ടുള്ളതിനാല്‍ താന്‍ ആ കഴിവുകളും സിദ്ധികളും വേണ്ടുംവിധം പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നു പരീക്ഷിക്കുകയാണ് ദൈവം ചെയ്യുന്നതെന്ന് തിരിച്ചറിയുകയും മകനെ ബലികഴിക്കുക എന്ന അധാര്‍മ്മിക കൃത്യം ചെയ്യാന്‍ താന്‍ ഒരുക്കമല്ലെ എന്നു ദൈവത്തെ അറിയിക്കുകയും ചെയ്യണമായിരുന്നു. എങ്കില്‍ നീതിന്മാനായ ദൈവം അതു ശരിവെച്ചേനെ. 

ഇബ്രാഹിം (അബ്രാഹം) അങ്ങനെ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ പരീക്ഷയില്‍ തോല്‍ക്കുകയാണ് ചെയ്തത്. ഇബ്രാഹിമിന്റെ പുത്രബലി സന്നദ്ധത ധാര്‍മ്മികാര്‍ത്ഥത്തില്‍ വിജയമല്ല പരാജയമാണെന്നര്‍ത്ഥം. ആ ധാര്‍മ്മിക പരാജയം ആഘോഷിക്കപ്പെടേണ്ടതുണ്ടോ എന്നു ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നത് നന്നായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com