ആത്മകഥയിലെ ദിലീപ് കുമാര്‍ 

ഇന്ത്യന്‍ സിനിമയുടെ എക്കാലത്തേയും മികച്ച അഭിനേതാവ് എന്നു മാത്രമല്ല, കാലത്തിനും ചരിത്രത്തിനും ഒപ്പം നടന്ന സമൂഹജീവി, മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ക്കൂടി അദ്വിതീയനായ ദിലീപ് സാബ്
ദിലീപ് കുമാർ
ദിലീപ് കുമാർ

ന്ത്യന്‍ ചലച്ചിത്ര ലോകത്ത് അഭിനയകലയുടെ കുലപതി. മെതേഡ് ആക്ടിംഗിനെക്കുറിച്ചുള്ള പാഠങ്ങള്‍ നാട്ടില്‍ കേട്ടുകേള്‍വിപോലുമല്ലാതിരുന്ന കാലത്ത് ലക്ഷണമൊത്ത രീതിയില്‍ അത് സ്വയം നടപ്പിലാക്കിയ പ്രതിഭ. ആറു പതിറ്റാണ്ടു നീണ്ട കലാസപര്യയില്‍ അറുപതോളം മാത്രം ചിത്രങ്ങള്‍. ഒരു സമയം ഒരൊറ്റ ചിത്രത്തില്‍ ശ്രദ്ധയൂന്നുന്നതിലൂടെ ഗുണമേന്മയുടെ വിട്ടുവീഴ്ചയില്ലാത്ത പരിഗണനയില്‍ ചെയ്തതിലേറെ ഉപേക്ഷിച്ച ചിത്രങ്ങള്‍കൊണ്ട് വ്യത്യസ്തനായ താരം. ഡേവിഡ് ലീനിനെപ്പോലുള്ള ലോകോത്തര സംവിധായകര്‍ അന്വേഷിച്ചെത്തിയ നടനവിസ്മയം. താരപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ കണ്ണ് മഞ്ഞളിക്കാതെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത സാമൂഹിക നിലപാടുകളുടെ ഉടമ. മഹാനഗരത്തിന്റെ സമാരാധ്യനായ അധ്യക്ഷനായി ജനങ്ങളോടൊപ്പം നിന്ന ജനസേവകന്‍. മത/സാമുദായിക സമവാക്യങ്ങളുടെ പേരില്‍ വേട്ടയാടപ്പെട്ടപ്പോഴും സമചിത്തതയോടെ പിടിച്ചുനിന്ന് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി അയല്‍ നാടിന്റേയും പരമോന്നത ആദരം നേടിയെടുത്ത കലാകാരന്‍. ശത്രുവിന്റെപോലും ആദരം പിടിച്ചുപറ്റിയ സൗമ്യപ്രകൃതി. പ്രൊഫഷണല്‍ മത്സരബുദ്ധി നിലനിര്‍ത്തുമ്പോഴും ആര്‍ജ്ജവമുള്ള സുഹൃത്ത്. ഭാഷകളോടും കവിതയോടും അടങ്ങാത്ത അഭിനിവേശമുള്ള സഹൃദയന്‍. ഒരിക്കലും അങ്ങോട്ട് തേടിപ്പോകാത്ത അംഗീകാരങ്ങള്‍ ഒന്നൊന്നായി വന്നെത്തുമ്പോഴും അടിസ്ഥാനപരമായി ലജ്ജാലുവും ഒതുങ്ങിക്കഴിയുന്ന ശീലക്കാരനുമായി തുടരാന്‍ കൊതിച്ചയാള്‍. സിനിമാ കലാകാരന്മാരുടേതായിരുന്ന സുവര്‍ണ്ണ കാലത്തും വെറും കച്ചവടമായി മാറിയ അപചയ കാലത്തും തന്റെ നിഷ്ഠകള്‍ മുറതെറ്റാതെ കാത്ത ഏകതാരം. തലമുറകളുടെ സ്വപ്നകാമുകനായിരിക്കുമ്പോഴും അമ്മയുടെ വത്സല പുത്രനായും കൂടപ്പിറപ്പുകളുടെ അത്താണിയായും ഗൗരവപ്രകൃതിയായ പിതാവിന്റെ സ്വകാര്യ അഹങ്കാരമായും എപ്പോഴും നിലകൊണ്ട കുടുംബാംഗം. നഷ്ടപ്രണയത്തിലും ഹൃദയാലുവായ കാമുകന്‍, പ്രണയാര്‍ദ്രനായ ഭര്‍ത്താവ്. സ്‌നേഹവേദനയിലും ഇടറാത്ത യോഗീതുല്യമായ ആത്മ നിയന്ത്രണത്തോടെ കൂടപ്പിറപ്പുകളുടേയും സുഹൃത്തുക്കളുടേയും വേര്‍പാടുകള്‍ക്കു സാക്ഷ്യംവഹിച്ച, സുദീര്‍ഘമായ ജീവിതത്തിന്റെ സായാഹ്നത്തിലും ഉറ്റവരുടേയും ഉടയവരുടേയും സാന്നിധ്യം ആസ്വദിച്ച, തനിക്കു പിറക്കാതെ പോയ മക്കളായ തലമുറകളുടെ സ്‌നേഹഭാജനമായി തുടരുന്ന കുടുംബകാരണവര്‍: ദിലീപ് കുമാര്‍ എന്ന ഇതിഹാസത്തിന്റെ യൂസുഫ് ഖാന്‍ എന്ന സത്ത ഇങ്ങനെയൊക്കെയാണ് അടയാളപ്പെടുന്നത്. 

ആറ് പതിറ്റാണ്ടു നീണ്ട കലാസപര്യ: ദിലീപ് കുമാർ
ആറ് പതിറ്റാണ്ടു നീണ്ട കലാസപര്യ: ദിലീപ് കുമാർ

എഴുത്തിലെ തത്ത്വദീക്ഷകള്‍ 

ചലച്ചിത്ര താരങ്ങളുടെ ജീവിതകഥ ഗോസ്സിപ്പുകളായും വീരാരാധനയായും അമിതാവിഷ്‌കാരത്തിനു വിഷയമാകുന്ന ദേശത്ത് തന്നെക്കുറിച്ച് ഏറെയൊന്നും പറഞ്ഞു വെച്ചിട്ടില്ല ദിലീപ് കുമാര്‍- ''അത് ഞാന്‍ എന്ന വാക്ക് വല്ലാതെ ഉപയോഗിക്കും'' (''in his words, the profuse use of capital I, which he abhorred' എന്ന് പുസ്തകത്തില്‍). ആ നിലയ്ക്ക് ഉദയതാര നയ്യാറിന്റെ സഹായത്തോടെ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ആത്മകഥ 'ദിലീപ് കുമാര്‍: സത്തയും നിഴലും' എന്ന പുസ്തകത്തിനു കഥാപുരുഷനേയും ഒപ്പം ഒരു സുവര്‍ണ്ണകാലത്തേയും അറിയാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചു നിര്‍ണ്ണായക പ്രാധാന്യമുണ്ട്. എന്നാല്‍, നല്ലതു മാത്രം പുറത്തു പറയുക, കാണിക്കുക എന്നത് തന്റെ സിനിമകളില്‍ എന്നപോലെ തന്നെ ആത്മകഥയിലും ഒരു നിഷ്ഠയായി വെച്ചുപുലര്‍ത്തുന്ന ദിലീപ് കുമാറില്‍നിന്നു പ്രതീക്ഷിക്കാവുന്ന തുറന്നെഴുത്തിനു തീര്‍ച്ചയായും അകൃത്രിമമെങ്കിലും ബോധപൂര്‍വ്വമായ പരിമിതികള്‍ ഉണ്ട്. അതുകൊണ്ട് 'നയാ ദൗറി'ന്റെ ചരിത്രത്തിലെ കോടതി കയറ്റത്തെക്കുറിച്ചോ മധുബാലയുമായുള്ള ബന്ധം തകര്‍ന്നതിന്റെ വിശദാംശങ്ങളെക്കുറിച്ചോ മുഗളെ അസമിലെ ആ കരണത്തടിയെക്കുറിച്ചോ കെ. ആസിഫുമായുണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ 'കുതിരയുടെ വായില്‍ നിന്നുതന്നെ' (right from the horse's mouth) കേള്‍ക്കാനാഗ്രഹിച്ചു പുസ്തകത്തെ സമീപിക്കുന്നവര്‍ നിരാശരായേക്കും; സിതാരദേവിയുടേയും യാഷ്ചോപ്രയുടേയും ഓര്‍മ്മക്കുറിപ്പുകളില്‍ അവയുടെ സൂചനകളുണ്ടെങ്കിലും. എന്നാല്‍, എല്ലായ്പോഴും നിലനിര്‍ത്തുന്ന തത്ത്വം വ്യക്തമാണ്: പൊങ്ങച്ചത്തിന്റെ ആള്‍രൂപമായിരുന്ന യദുഗിരിദേവി (വൈജയന്തിമാലയുടെ അമ്മ) മകളെ നെഹ്‌റുവിന്റെ പ്രശംസാപാത്രമാക്കി ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവതരിപ്പിച്ചതിനെക്കുറിച്ച് പറയുന്ന 'Panditji Papats story' ഒരേയൊരു ഘട്ടത്തില്‍ ഒഴികെ പുസ്തകത്തില്‍ ഉടനീളം ആളുകളെക്കുറിച്ച് നല്ലതു മാത്രം പറയുക, അങ്ങനെയല്ലാതെ പറയേണ്ടിവരുന്നയിടങ്ങളില്‍ ഏറ്റവും കുറച്ചു മാത്രമോ അഥവാ മൗനം തന്നെയോ ദീക്ഷിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. തന്റെ ദേശീയബോധത്തെത്തന്നെ ചോദ്യം ചെയ്ത ബാല്‍താക്കറെയെക്കുറിച്ചുപോലും ഏറെ ബഹുമാനത്തോടെയാണ് ദിലീപ് കുമാര്‍ സംസാരിക്കുന്നത്. മറുവശത്ത് അനാവശ്യ തെറ്റിദ്ധാരണകള്‍ കൃത്യമായി തുറന്നുകാണിക്കുന്നുമുണ്ട്: രാജ് കപൂറുമായുണ്ടായിരുന്നു എന്ന് സിനിമാ വൃത്തങ്ങളില്‍ പ്രചരിച്ചുവന്ന വൈരാഗ്യത്തിന്റെ അഭ്യൂഹം തങ്ങള്‍ക്കിടയില്‍ ഖല്‍സാ കോളേജ് നാളുകള്‍ തൊട്ടു വളര്‍ന്നുവന്ന, കുടുംബസൗഹൃദം തന്നെയായി പന്തലിച്ച സഹോദരതുല്യമായ ഹൃദയബന്ധത്തിന്റെ മിഴിവേറിയ ചിത്രങ്ങള്‍കൊണ്ട് പൊളിച്ചെഴുതുന്നത് ഉദാഹരണം. നിശാനേ ഇംതിയാസ് പദവിയുമായി ബന്ധപ്പെട്ട് ബാല്‍താക്കറെ നടത്തിയ വേട്ടയാടലില്‍ സിനിമാലോകത്തിന്റെ മൗനത്തില്‍ മനംനൊന്ത് ഒരു ഘട്ടത്തില്‍ ''രാജ് ഉണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ഒറ്റപ്പെടില്ലായിരുന്നു!'' എന്നു സങ്കടപ്പെട്ട ദിലീപ് കുമാറിനേയും മറുവശത്തു മകന്റെ ഭാവാവിഷ്‌കാരത്തില്‍ തൃപ്തനാകാതെ എനിക്ക് യൂസുഫിനെയാണ് വേണ്ടത് എന്നു നിഷ്‌കര്‍ഷിച്ച രാജ് കപൂറിനേയും ഋഷി കപൂര്‍ ഓര്‍മ്മിക്കുന്നു. നിറം പിടിപ്പിച്ച കഥകളില്‍ ചിത്രീകരിക്കപ്പെട്ടതില്‍നിന്നു വ്യത്യസ്തമായി ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങളെ തുടര്‍ന്ന് പിരിയേണ്ടിവന്നെങ്കിലും ഗുരുതരാവസ്ഥയില്‍ ശയ്യാവലംബിയായിരുന്ന മധുബാല തന്റെ രാജകുമാരന് രാജകുമാരിയെ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചത് ദിലീപ് കുമാര്‍ ഓര്‍ക്കുന്നുണ്ട്. അള്‍സറെറ്റീവ് കൊലൈറ്റിസ് ഗുരുതരമായി ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈറയുടെ കട്ടിലിനരികില്‍ തകര്‍ന്നുപോയ മനസ്സോടെ രാപകല്‍ കാവലിരുന്നു പരിചരിച്ച ദിലീപ് സാഹബിനെ മനോജ് കുമാര്‍ ഓര്‍ക്കുന്നു. അതിനുള്ള പ്രതിഫലമാണ് സൈറ തന്റെ ജീവിതംകൊണ്ട് തിരിച്ചുനല്‍കുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സൈറയുടെ ആശുപത്രിക്കിടക്കയ്ക്കരികില്‍ ഹൃദയവ്യഥയോടെ ഉറക്കമിളച്ചിരുന്ന ദിലീപ് കുമാറില്‍നിന്ന് ഏറെ വ്യത്യസ്തനായിരുന്നു വേദനകളുടെ കൊടുങ്കാറ്റില്‍ തന്നോടുതന്നെയുള്ള ഒരു വൈകാരിക പ്രതികാരമായി മധുബാല സ്വയം കണ്ടെത്തിയ കിഷോര്‍ കുമാര്‍. മധു ഭാഗ്യഹീനയായിരുന്നു. ജീവിതം അവരോടു ഒരു ഘട്ടത്തിലും ദയ കാണിച്ചിട്ടില്ല; ഒരുപക്ഷേ, സിനിമയും. 

ദിലീപ് കുമാറിന്റെ മൃതദേഹം അദ്ദേഹത്തിന്റെ  വസതിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ. സമീപം ഭാര്യ സൈറ ബാനു
ദിലീപ് കുമാറിന്റെ മൃതദേഹം അദ്ദേഹത്തിന്റെ  വസതിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ. സമീപം ഭാര്യ സൈറ ബാനു

വ്യക്തിയും നടനും 

സന്തതസഹചാരിയും സഹധര്‍മ്മിണിയും എന്നതിലേറെ ദിലീപ് കുമാര്‍ എന്ന ഇതിഹാസത്തോട് അക്ഷരാര്‍ത്ഥത്തിലുള്ള ആരാധന മുറ്റിയ സൈറാബാനുവിന്റെ മുഖവുരയോടെയാണ് പുസ്തകത്തിലേക്ക് നാം പ്രവേശിക്കുന്നത്. വയസ്സറിയിച്ച കാലംമുതല്‍ ഹൃദയത്തില്‍ സൂക്ഷിച്ച നിഗൂഢ പ്രണയമായിരുന്നു അവര്‍ക്ക് യൂസുഫ്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഉദിച്ചുയരുന്ന നീലക്കണ്ണുകളുള്ള സുന്ദരിയോടൊത്ത് ജോടിയാവാനുള്ള അവസരങ്ങള്‍ പക്ഷേ, സ്വാഭാവികതയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയ അഭിനയ ചക്രവര്‍ത്തി നിരന്തരം വേണ്ടെന്നുവെച്ചതിനു കാരണം തന്റെ പാതിവയസ്സു മാത്രമുണ്ടായിരുന്ന നായികയോടൊപ്പം ഒരു ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി സുഗമമാകില്ല എന്ന ചിന്തയായിരുന്നു. അതൊരു പാതിഗൗരവ്വമുള്ള വൈരാഗ്യമായി സൈറയില്‍ വളര്‍ന്ന ഘട്ടത്തിലാണ് ദിലീപ് കുമാര്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതം സൈറയുടെ സര്‍വ്വവ്യാപിയായ സ്‌നേഹസാമീപ്യത്തിന്റെ തണലിലായിരുന്നു. ''സമ്പന്നനായ ഒരു പഴക്കച്ച വടക്കാരന്റെ മകനായ യൂസുഫ് ഖാന്‍ എന്ന സാധാരണ യുവാവിന്റെ പ്രചോദകമായ യാത്രയും അന്നുവരെ സമാനതകളില്ലാത്ത പ്രശസ്തിയുടെ ഉയരങ്ങളിലേക്കുള്ള പറന്നുയരലും ഇന്ത്യയുടെ ആദ്യ സൂപ്പര്‍താരവും ലോകത്തിലെ ഏറ്റവും മഹാനായ നടന്മാരില്‍ ഒരാളും ആയിത്തീര്‍ന്ന ദിലീപ് കുമാര്‍ ആയുള്ള വിജയവും'' എന്ന കഥ പറയപ്പെടുക തന്നെ വേണമെന്ന് ഉറച്ചു വിശ്വസിച്ചതും സൈറാബാനുവായിരുന്നു എന്ന് ഉദയതാരാ നയ്യാര്‍ അവതാരികയില്‍ പറയുന്നുണ്ട്. 

അവിഭക്ത ഇന്ത്യയില്‍ പെഷാവറിലേയും ദിയോലാലിയിലേയും കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നതില്‍ ഏറെ തല്പരനായിരുന്നു ദിലീപ്. അടക്കിഭരിക്കുന്ന ദാദി പേരമകനെ ദിവസവും തല മൊട്ടയടിച്ച് മുഖത്ത് കരിപുരട്ടി വിരൂപനാക്കി മദ്രസയില്‍ വിടുമായിരുന്നത് അവനു വേണ്ടി കൈനോട്ടക്കാരന്‍ പ്രവചിച്ച മഹത്തായ ഭാവിയും കണ്ണ് തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന ഉപദേശവും സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയായിരുന്നു. അതെന്തായാലും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്ന ലജ്ജാശീലവും ഒതുങ്ങിപ്പിന്മാറുന്ന പ്രകൃതവും യൂസുഫിന്റെ സ്വഭാവമായതിനു പിന്നില്‍ കുട്ടിക്കാലത്തിനു പങ്കുണ്ട്. ദാദിയുടെ സ്വഭാവം പകര്‍ന്നുകിട്ടിയത് ഏറെ മക്കളുള്ള കുടുംബത്തിലെ മൂത്തസഹോദരി സകീന ആപ്പക്കായിരുന്നു എന്ന് യൂസുഫ് ഓര്‍ക്കുന്നു. വാത്സല്യനിധിയും ഹൃദയാലുവുമായിരുന്ന ഉമ്മയാണ് യൂസുഫിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹസാന്നിധ്യമായത്. ഗംഭീര പിതൃസ്വരൂപമായിരുന്ന ആഘാജിയുമായുണ്ടായ ഒരേറ്റുമുട്ടലിന്റെ വൈകാരിക സമ്മര്‍ദ്ദത്തില്‍ ഒരുനാള്‍ ബോംബെയിലേക്ക് വണ്ടികയറുന്ന യൂസുഫിനായി വിധി മാസ്മരമായ വഴിത്തിരിവുകള്‍ കാത്തുവെച്ചിരുന്നു. രണ്ടാംലോക യുദ്ധത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ കുടുംബത്തിന്റെ പഴക്കച്ചവടം തകര്‍ച്ചയിലേക്കെത്തിയപ്പോള്‍ പ്രയാസങ്ങള്‍ ആരെയുമറിയിക്കാതെ കൊണ്ടുപോകാന്‍ പാടുപെടുന്ന ആഘാജിക്ക് സഹായമാവണമെന്ന് യൂസുഫിനുണ്ടായിരുന്നു. ജ്യേഷ്ഠന്മാരില്‍ യൂസുഫിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന, കുടുംബത്തിലെ ബുദ്ധിജീവിയായിരുന്ന അയൂബ് സാഹബിനെ അകാലമൃത്യുവിലേക്കു നയിക്കുന്ന ഹൃദയസംബന്ധമായ അസുഖത്തിന്റെ ചികിത്സാച്ചെലവും വലിയ ബാധ്യതയായിരുന്നു. പൂനയിലെ മിലിട്ടറി കാന്റീനിനു സമീപം യൂസുഫ് തുടങ്ങിയ സാന്‍ഡ്വിച്ച് ബിസിനസ് നല്ല വിജയമാകുന്നത് ഈ മോഹം ഒരളവു സാധിക്കുന്നുമുണ്ട്. ഇക്കാലയളവിലാണ് ഡോ. മസാനിയുടെ നിര്‍ദ്ദേശത്തില്‍ യൂസുഫ് ദേവികറാണിയെ കാണുന്നതും കുറ്റമറ്റ ഉര്‍ദുവും ഇംഗ്ലീഷും സംസാരിക്കുന്ന കിളരം കൂടി സുമുഖനായ പത്താന്‍ യുവാവില്‍ അവര്‍ അഭിനയസിദ്ധിയുടെ അക്ഷയഖനി ദീര്‍ഘദര്‍ശനം ചെയ്യുന്നതും സ്വപ്നതുല്യമായ 1250 രൂപ മാസ പ്രതിഫലത്തിന് ബോംബെ ടോക്കീസില്‍ നടനായി എടുക്കുന്നതും യൂസുഫിനെ ദിലീപ് കുമാര്‍ ആക്കുന്നതും. പേരുമാറ്റത്തിന് ഒരു സെക്കുലര്‍ സ്വരം ഉണ്ടെന്നും അതൊരു സ്വതന്ത്രനാകലായി അനുഭവപ്പെട്ടെന്നും അദ്ദേഹം കണ്ടെത്തുകയായിരുന്നു. അവിടെവെച്ചാണ് സിനിമയിലെ തന്റെ ആദ്യ ആജീവനാന്ത സൗഹൃദമായ അശോക് കുമാറിനെ ('അശോക് ഭയ്യാ') കണ്ടുമുട്ടുന്നത്. ഒപ്പം ഖല്‍സാ കോളേജ് നാളുകള്‍ തൊട്ടേ ഉറ്റസുഹൃത്തായിരുന്ന രാജ് കപൂറിനേയും. പൃഥ്വിരാജിന്റെ മകന് പക്ഷേ, എവിടേക്കും പ്രവേശനം പ്രയാസകരമായിരുന്നില്ലെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ യൂസുഫ് എത്രയോ മടങ്ങ് മുന്‍പിലായായിരുന്നു അന്നേ പരിഗണിക്കപ്പെട്ടത്. അശോക് ഭയ്യയാണ് പില്‍ക്കാലം ദിലീപ് കുമാര്‍ സമ്പൂര്‍ണ്ണമാക്കിയ അഭിനയകലയുടെ ആ മര്‍മ്മം പകര്‍ന്നുകൊടുക്കുക: ''അത് വളരെ ലളിതമാണ്. നീയൊരു സുമുഖനാണ്; മാത്രമല്ല, എനിക്ക് കാണാനാവുന്നുണ്ട്, പഠിക്കാന്‍ ഏറെ ജിജ്ഞാസുവാണ് നീ. നീ ശരിക്കും ആ സാഹചര്യത്തിലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നോ അത് ചെയ്യുക. നീ അഭിനയിച്ചാല്‍ അത് അഭിനയമാകും, അത് സില്ലിയായിരിക്കും.'' അശോക് ഭയ്യാ 'നോണ്‍-ആക്റ്റിംഗി'ന്റെ രഹസ്യം മനസ്സിലാക്കിയിരുന്നുവെന്നും ടൈമിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത എന്നും ദിലീപ് കുമാര്‍ മനസ്സിലാക്കി. ഒരു അഭിനേതാവ് തന്റെ ജന്മവാസനകളെ മൂര്‍ച്ചകൂട്ടേണ്ടതിന്റെ ആവശ്യകത തുടക്കം മുതലേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ''കാരണം യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം ഏതൊരു സാധാരണ സാഹചര്യത്തിലും വസ്തുതയും ലോജിക്കും എന്ന നിലയില്‍ ആലോചിക്കുന്ന മനസ്സിന് ഇഴപിരിച്ചെടുക്കാനാവില്ല. മനസ്സെപ്പോഴും പറഞ്ഞുകൊണ്ടിരിക്കും ഇത് അസംബന്ധമാണ്. എല്ലാം വെറും കെട്ടുകഥയും നാടകവും ആയിരിക്കെത്തന്നെ, സ്‌ക്രിപ്റ്റില്‍നിന്ന് ആവശ്യമുള്ളത് സ്വീകരിക്കാനും യഥാതഥത്വമുള്ള ഒരു പ്രകടനം നടത്താനും നിങ്ങളെ സഹായിക്കുക വാസനാബലം മാത്രമാണ്.''

പുസ്തകത്തിന്റെ പുറംചട്ട
പുസ്തകത്തിന്റെ പുറംചട്ട

ഓര്‍മ്മകളിലെ ദിലീപ് കുമാര്‍ 

ദിലീപ് കുമാര്‍ ഹിന്ദിസിനിമയിലെ അഭിനയത്തെ മാറ്റിമറിച്ചതെങ്ങനെയെന്ന് ശബാന ആസ്മി നിരീക്ഷിക്കുന്നുണ്ട്: ''സ്ഥൂലചലനങ്ങളിലൂടെയുള്ള 'പ്രതിനിധാന' അഭിനയമായിരുന്നു നടപ്പിലുണ്ടായിരുന്നത്; സന്തോഷത്തില്‍ ചിരിക്കുക, ദുഃഖത്തില്‍ കരയുക, ആശ്ചര്യം തോന്നുമ്പോള്‍ പുരികമുയര്‍ത്തുക-നൃത്തത്തില്‍ സംഭവിക്കുന്നപോലെ. ഉപപാഠം (sub text) എങ്ങനെ ആവിഷ്‌കരിക്കാമെന്ന്, ഭാവത്തിനു മുഖാമുഖം എങ്ങനെ അഭിനയിക്കാമെന്ന്, എങ്ങനെയാണ് ന്യൂനോക്തി ധാരാളമാകുന്നതെന്ന്, പകര്‍ന്നെടുക്കുന്ന സ്വാഭാവികത (simulated spontanetiy) യഥാര്‍ത്ഥം പോലെ തന്നെ ഫലപ്രദമാകുന്നത് എന്ന് ദിലീപ് കുമാര്‍ നമുക്ക് കാണിച്ചുതന്നു.'' ജനപ്രിയതയ്ക്കുവേണ്ടി തരംതാഴ്ന്നതൊന്നും ചെയ്യാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായില്ല എന്നും ശബാന ആസ്മി കൂട്ടിച്ചേര്‍ക്കുന്നു. സൈറയോടൊത്തുള്ള ചിത്രങ്ങളില്‍പ്പോലും ശാരീരികമായി ഇഴുകിച്ചേര്‍ന്നുള്ള അഭിനയരംഗങ്ങളില്‍ അങ്ങേയറ്റത്തെ മാന്യത നിഷ്‌കര്‍ഷിച്ചിരുന്ന ദിലീപ് കുമാര്‍ ഒരു പ്യൂരിറ്റന്‍ എന്നോ ഓര്‍ത്തോഡോക്‌സ് എന്നോ തന്നെ വിളിക്കേണ്ടതില്ല എന്നും സ്വയം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ''ആറു പെണ്‍മക്കളും അഞ്ച് ആണ്‍കുട്ടികളുമുള്ള ഒരു കുടുംബത്തിന്റെ തലവന്‍ എന്ന രീതിയില്‍'' അത്തരം രംഗങ്ങള്‍ തന്റെ സഹോദരിമാരെ എങ്ങനെയാവും ബാധിക്കുക എന്നത് എപ്പോഴും തന്റെ മനസ്സിലുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. 

രാജ് കപൂര്‍ ചാര്‍ളി ചാപ്ലിനേയും ദേവ് ആനന്ദ് ഗ്രിഗറി പെക്കിനേയും മാതൃകയാക്കിയപ്പോള്‍ ദിലീപ് കുമാര്‍ തന്റെ തന്നെ ആന്തരചോദനകളെ ആശ്രയിച്ചുവെന്ന് ആമിര്‍ ഖാന്‍ നിരീക്ഷിക്കുന്നുണ്ട്. വിദ്യാസമ്പന്നനും നല്ലൊരു വായനക്കാരനുമായിരുന്ന അദ്ദേഹം ലോകത്തെങ്ങുനിന്നുമുള്ള സാഹിത്യവുമായി സമ്പര്‍ക്കത്തിലാണെന്നും ഈ കഥകളും പാത്രങ്ങളും അദ്ദേഹത്തിന്റെ ഉപബോധത്തെ സമ്പന്നമാക്കിയിട്ടുണ്ടെന്നും ഏഴു ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ നായികയായിരുന്ന വൈജയന്തിമാല ഓര്‍മ്മിക്കുന്നു. സ്വന്തം സഞ്ചിതാനുഭവസ്മൃതികള്‍ എങ്ങനെയാണ് താന്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭാവഗരിമയ്ക്ക് സഹായകമായത് എന്ന് പല സന്ദര്‍ഭങ്ങളിലും ദിലീപ് കുമാര്‍ തന്നെയും സാക്ഷ്യപ്പെടുന്നുണ്ട്. അമ്മയുടെ ആസ്ത്മ ദുസ്സഹമായ ഒരു സന്ദര്‍ഭത്തില്‍ എന്തെങ്കിലും ചെയ്യൂ എന്ന് മക്കളോട് ആര്‍ത്തുവിളിക്കുന്ന ആഘാജിയുടെ നിസ്സഹായത 'മശാലി'നുവേണ്ടി ഭാവംപകരുമ്പോള്‍ അദ്ദേഹത്തിനു സഹായകമാകുന്നുണ്ട്. തന്മയീഭാവത്തോടെയുള്ള പാത്രാവിഷ്‌കാരത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ താന്‍ നിരന്തരം ചെയ്തുവന്ന ദുരന്തപാത്രങ്ങളുടെ രൂപത്തില്‍ത്തന്നെ തന്നെ വേട്ടയാടാന്‍ തുടങ്ങിയതിന്റെ പിരിമുറുക്കത്തിലാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ദിലീപ് കുമാര്‍ കോമഡിവേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാകുന്നതും കോഹിനൂര്‍ പോലുള്ള ചിത്രങ്ങളില്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് അഭിനയിക്കുന്നതും അവ വന്‍ വിജയങ്ങളാകുന്നതും. ഒരേതരം വേഷങ്ങള്‍, അവയെത്ര ആകര്‍ഷകമായാലും സ്വീകരിക്കേണ്ടതില്ല എന്ന നിലപാടാണ് ദേവദാസിനുശേഷം പ്യാസാ ഉപേക്ഷിക്കാന്‍ ദിലീപിനെ പ്രേരിപ്പിക്കുന്നത്. വഹീദാ റഹ്മാന്‍ നിരീക്ഷിക്കുന്നപോലെ അത് പക്ഷേ, ഗുരുദത്തിനേയും ദിലീപ് കുമാറിനേയും ഒരുമിച്ച് ഒരു ചിത്രത്തില്‍ കാണാനുള്ള അപൂര്‍വ്വ അവസരമാണ് ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടപ്പെടുത്തിയത്. ശരീരം വെളിവാകുന്ന രംഗങ്ങളില്‍ അഭിനയിക്കാനുള്ള വിമുഖത സാക്ഷാല്‍ സത്യജിത് റായിയുടെ ക്ഷണം അദ്ദേഹം ഉപേക്ഷിക്കാന്‍ ഇടയാക്കിയതും അവര്‍ ഓര്‍ക്കുന്നു. രോമാവൃത ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷം ദിലീപ് കുമാര്‍ തന്നെ ഏറ്റുപറയുന്നുമുണ്ട്. 

അഭിനയിക്കാതെ അഭിനയിക്കുക എന്നതിന്റെ രഹസ്യം എല്ലാവര്‍ക്കും വഴങ്ങുന്ന ഒന്നല്ലെന്നും അത് ദിലീപ് കുമാറിനെപ്പോലുള്ള അപൂര്‍വ്വ ജന്മങ്ങളുടെ സിദ്ധിയാണെന്നും ഇത്തിരി വില നല്‍കി പഠിച്ചെടുത്ത കാര്യം നിമ്മി ഓര്‍ക്കുന്നു. ആ മാസ്മരിക പ്രകടനത്തില്‍ ആകൃഷ്ടയായി അതൊന്നു പരീക്ഷിക്കാന്‍ ശ്രമിച്ച് അമ്പേ പരാജയപ്പെട്ട കാര്യം അവര്‍ വിവരിക്കുന്നുണ്ട്. പിറ്റേ ദിവസം ഒരു രാഖി തന്റെ കയ്യില്‍ ബന്ധിച്ച് 'ബര്‍സാത്തി'ന്റെ സംവിധായകന്‍ രാജ് കപൂര്‍ പറഞ്ഞു: ''നീയിപ്പോള്‍ എന്റെ പെങ്ങളാണ്. ദൈവത്തെയോര്‍ത്ത് അഭിനയിക്കുക, നിന്റെ സഹോദരന്റെ ചിത്രം നശിപ്പിക്കരുത്.'' തന്നോടൊപ്പം കഴിവ് കുറഞ്ഞ അഭിനേതാക്കളെ നിര്‍ത്തി സ്വയം കയ്യടി നേടുന്ന പതിവു നായകന്‍ ആയിരുന്നില്ല ദിലീപ് സാഹബ് എന്നും മികവുറ്റവരോടൊത്തുള്ള പ്രകടനത്തിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സഹപ്രവര്‍ത്തകരെ ബഹുമാനിക്കുക എന്ന പാഠം താന്‍ പഠിച്ചത് തന്റെ മാതൃകാപുരുഷനായ ദിലീപ് സാഹബില്‍ നിന്നാണെന്നു അമിതാഭ് ബച്ചന്‍ ഏറ്റുപറയുമ്പോള്‍ ശിവാജി ഗണേശനോടൊപ്പം തനിക്കു ഗുരുസ്ഥാനീയനായ മറ്റൊരാള്‍ ദിലീപ് കുമാര്‍ മാത്രമാണെന്ന് കമല ഹാസന്‍ പറയുന്നു. 

ദാരാസിംഗിന്റെ നായികയായി സി-ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചു വന്ന മുംതാസിനെ മറ്റു നായകന്മാര്‍ ഒഴിവാക്കിയപ്പോള്‍ കഴിവ് മാത്രം മാനദണ്ഡമാക്കി അവരെ റാം ഔര്‍ ശ്യാമിലേക്ക് ദിലീപ് കുമാര്‍ കാസ്റ്റ് ചെയ്തതും തുടര്‍ന്ന് ഹിന്ദി സിനിമയിലെ ഏറ്റവും വേണ്ടപ്പെട്ട നായികമാരില്‍ ഒരാളായി താന്‍ മാറിയതും മുംതാസ് ഓര്‍ക്കുന്നു. അത് അന്നു തനിക്കു കിട്ടിയ അവസരത്തിലേക്ക് ആദ്യം പരിഗണിക്കപ്പെട്ടെങ്കിലും ഒഴിവാക്കപ്പെട്ട അതേ സൈറാബാനുവുമായുള്ള ഒരാജീവനാന്ത സൗഹൃദത്തിന്റെ തുടക്കമായി. 'എന്റെ കുഞ്ഞുപെങ്ങള്‍' എന്ന് റോയല്‍ ആല്‍ബെര്‍ട്ട്സ് ഹാളിലെ തിങ്ങിനിറഞ്ഞ സഹൃദയര്‍ക്കു തന്നെ പരിചയപ്പെടുത്തിയ, മികച്ച ഗായിക ഉര്‍ദു ഡിക്ഷന്‍ കുറ്റമറ്റതാക്കേണ്ടതിന്റെ ആവശ്യകത തന്നെ ബോധ്യപ്പെടുത്തിയ, ആള്‍ക്കൂട്ടത്തിനു മുന്നില്‍ പാടുമ്പോള്‍ പാട്ടിന്റെ സന്ദേശത്തെക്കുറിച്ചുപോലും ബോധവതിയായിരിക്കണമെന്നു പറയാതെ പറഞ്ഞ യൂസുഫ് ഭായിയെക്കുറിച്ച് ലതാ മങ്കേഷ്‌കര്‍ വാചാലയാവുന്നുണ്ട്. ദേവികാറാണിയുടെ അപ്രന്റീസ് ആയ ബോംബെ ടോക്കീസ് കാലംതൊട്ടു പ്രതിഫലം ചര്‍ച്ച ചെയ്യുന്നതിന് എപ്പോഴും വിമുഖനായിരുന്നു ദിലീപ് കുമാര്‍. അത് കച്ചവടത്തിന്റെ അസ്വാരസ്യം കലയിലേക്ക് കൊണ്ടുവരും എന്ന് അദ്ദേഹം കരുതി. ''താങ്കളൊരു ബനിയയെപ്പോലെ പെരുമാറാതിരിക്കുന്നതാണ് ഏറെ നല്ലതെന്ന് എനിക്ക് തോന്നുന്നു!'' എന്ന് കര്‍മ്മ(1986)യുടെ സ്‌ക്രിപ്റ്റുമായി എത്തിയ സുഭാഷ് ഘായിയോടു പ്രതികരിച്ചതും അതേ മനോഭാവത്തിലാണ്. ദേവ് ആനന്ദിനേയോ രാജ് കപൂറിനേയോപോലെ നിര്‍മ്മാതാവല്ലാത്ത, പ്രഥമമായും ഒരു ആക്ടര്‍ ആയിരുന്ന ദിലീപ് കുമാര്‍ ഒരു സമയം ഒന്നിലേറെ ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്യാതിരുന്നത് കച്ചവട താല്പര്യത്തിനു വഴിപ്പെടാതെ പ്രൊഫഷണല്‍ പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള സമര്‍പ്പണമായിരുന്നുവെന്നു ശര്‍മ്മിള ടാഗോര്‍ ഓര്‍ക്കുന്നു. കൊഹിനൂറിനുവേണ്ടി ഉസ്താദ് ജാഫര്‍ഖാനില്‍നിന്ന് ദിലീപ് കുമാര്‍ സിതാര്‍ പഠിച്ചത് അവര്‍ വിവരിക്കുന്നുണ്ട്. ഭാഷയുടേയും സംസ്‌കാരത്തിന്റേയും അന്തസ്സില്‍ വിശ്വസിച്ച പൊയ്പ്പോയ ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹമെന്ന് അവര്‍ കരുതുന്നു. ''അദ്ദേഹം പാകിസ്താന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിശാനേ ഇംതിയാസ് സ്വീകരിച്ചപ്പോള്‍ (മാര്‍ച്ച് 1998) ചില സ്വയം പ്രഖ്യാപിത ദേശീയവാദികള്‍ അദ്ദേഹത്തെ ഒരു ദേശവിരുദ്ധന്‍ എന്നു മുദ്രകുത്തുകയും വിവാദച്ചുഴിയില്‍ വീഴ്ത്തുകയും ചെയ്തത് സങ്കടകരമായിരുന്നു. അദ്ദേഹത്തെപ്പോലുള്ള മാതൃകാ പ്രതിഭാസങ്ങള്‍ക്ക് ഭൂമിശാസ്ത്ര അതിരുകളില്ല. അവര്‍ എല്ലാവരുടേതുമാണ്, ജാതിമത സംസ്‌കാരഭേദമന്യേ.''

ദിലീപ് കുമാറും അമിതാഭ് ബച്ചനും ദാദ സാഹേബ് ഫാൽക്കെ അവാർഡ് ദാന ചടങ്ങിൽ
ദിലീപ് കുമാറും അമിതാഭ് ബച്ചനും ദാദ സാഹേബ് ഫാൽക്കെ അവാർഡ് ദാന ചടങ്ങിൽ

മാന്യന്‍, ഒപ്പം പോരാളി 

അഭിനേതാക്കള്‍ക്കിടയില്‍ ഉണ്ടാവുന്ന ബന്ധങ്ങളെക്കുറിച്ച് ചുഴിഞ്ഞന്വേഷിക്കുന്ന ഗോസിപ്പ് സംസ്‌കാരം അന്നും ശക്തമായിരുന്നെന്ന് ദിലീപ് കുമാര്‍ ഓര്‍ക്കുന്നുണ്ട്. എന്നാല്‍, അത്തരം കാര്യങ്ങളില്‍ സ്വകാര്യതയെ മാനിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം സൂചിപ്പിക്കുന്നു. ഒരു ഘട്ടത്തില്‍ അറിയാതെ അശോക് ഭയ്യയേയും നളിനി ജയ്വന്തിനേയും പിന്തുടരാന്‍ ഇടയായതും കഥ കേട്ട ഭയ്യ ഒരു പൊട്ടിച്ചിരിയില്‍ അതങ്ങ് വിട്ടുകളഞ്ഞതും അദ്ദേഹം ഓര്‍ക്കുന്നു. തന്റെ കാര്യത്തില്‍, തൊഴില്‍മേഖലയ്ക്കപ്പുറത്തുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന വിദ്യാസമ്പന്നയും സാംസ്‌കാരികമായി ഉന്നതനിലവാരമുള്ള നല്ല സുഹൃത്തുമായിരുന്നു കാമിനി കൗശല്‍ എന്ന് ദിലീപ് കുമാര്‍ ഓര്‍ക്കുന്നു. ''അത് പ്രണയമായിരുന്നെങ്കില്‍, ഒരുപക്ഷേ, ശരിയായിരിക്കാം. എനിക്കറിയില്ല, ഇനിയതിനു പ്രസക്തിയുമില്ല.''

മികച്ച പ്രാസംഗികനായിരുന്ന ദിലീപ് കുമാര്‍ അത്തരമൊരു ഘട്ടത്തില്‍ ഗാന്ധി ശിഷ്യന്‍ ആയി മുദ്രചാര്‍ത്തപ്പെട്ട് കുറഞ്ഞൊരു സമയത്തേക്കെങ്കിലും ജയിലില്‍ കിടന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട്. കോളേജ് കാലത്ത് ഇരുനൂറു മീറ്ററില്‍ സദാ ചാമ്പ്യനും ക്രിക്കറ്റിലും ഫുട്‌ബോളിലും മുന്‍നിര കളിക്കാരനും മികച്ച അത്ലറ്റും ആയിരുന്നത് അഭിനയ ജീവിതത്തില്‍ ഒട്ടേറെ ഗുണംചെയ്ത സന്ദര്‍ഭങ്ങളുണ്ട്. 'ദേവദാസി'ലെ കിതച്ചുകൊണ്ടെത്തുന്ന സന്ദര്‍ഭം ചിത്രീകരിക്കാനായി സ്റ്റുഡിയോക്കു ചുറ്റും ഓടിക്കിതച്ചു ശരിക്കും വിയര്‍ത്തൊഴുകിയെത്തിയ ദിലീപ് കുമാറിനൊപ്പം ഭാവപ്പകര്‍ച്ച നടത്തേണ്ടിവന്ന വെല്ലുവിളിയെക്കുറിച്ച് വൈജയന്തിമാല ഓര്‍ക്കുന്നു. ആദ്യഷോട്ടില്‍ അവര്‍ പ്രകടിപ്പിച്ച ഭയവും ഉല്‍ക്കണ്ഠയും ഏറെ പ്രശംസിക്കപ്പെട്ടെങ്കില്‍ അത് അഭിനയമേ ആയിരുന്നില്ലെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഔട്ട്‌ഡോര്‍ രംഗങ്ങളോട് ഏറെ താല്പര്യമുള്ള ദിലീപ് കുമാറിന് ഗംഗാ ജംനയിലും നയാ ദൗറിലും ഈ കായിക മികവ് ഏറെ തുണച്ചിട്ടുണ്ട്. 

'ബൈരാഗി'നു (1976) ശേഷം ഇന്‍കം ടാക്‌സ് വിഭാഗവുമായുണ്ടായ അസുഖകരമായ ചില വിനിമയങ്ങള്‍ കാരണം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ദിലീപ് കുമാര്‍ 'രണ്ടാമത് ഇന്നിംഗ്സ്' ആരംഭിക്കുന്നത്. മനോജ് കുമാറിന്റെ 'ക്രാന്തി' (1981), രമേശ് സിപ്പിയുടെ 'ശക്തി' (1982), യാഷ്ചോപ്രയുടെ 'മഷാല്‍' (1984), സുഭാഷ്ഘായിയുടെ 'വിധാതാ' (1982), 'കര്‍മ്മ' (1986), 'സൗദാഗര്‍' (1991) തുടങ്ങിയവ ഈ രണ്ടാം ഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഉമേഷ് മെഹ്റയുടെ 'ഖില' (1998) ദിലീപ് കുമാറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായി. നീണ്ട അഭിനയ ജീവിതമെന്നത് എണ്ണത്തിന്റെ കാര്യത്തിലല്ലാതെ കാമ്പിന്റെ ബലത്തില്‍ത്തന്നെ പറയാന്‍ കഴിയുന്ന അഭിനേതാക്കള്‍, അതും മുഖ്യധാരാ സിനിമയില്‍, ഇന്ത്യയില്‍ അത്രയധികമില്ല എന്നിരിക്കെ എല്ലാ തലമുറകള്‍ക്കും അഭിനയകലയുടെ പാഠപുസ്തകമായി നിലക്കൊള്ളുന്ന ദിലീപ് കുമാര്‍ എന്ന പ്രതീകത്തേയും യൂസുഫ് ഖാന്‍ എന്ന അഭിവന്ദ്യ വ്യക്തിത്വത്തേയും സമഗ്രമായി അവതരിപ്പിക്കുന്ന ഇങ്ങനെയൊരു ഗ്രന്ഥത്തിനു ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും സാമാന്യ വായനക്കാര്‍ക്കും ഒരുപോലെ പ്രസക്തിയുണ്ട്. ഇന്നിപ്പോള്‍, ഇതിഹാസം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കെ, ഓര്‍മ്മകളുടെ പവിഴച്ചെപ്പായ കൃതി സമാനമായ മറ്റു കൃതികളോടും ജീവചരിത്ര/ ചലച്ചിത്ര ചരിത്ര ഗ്രന്ഥങ്ങളോടും ചേര്‍ത്തു വായിക്കപ്പെടുകതന്നെ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com