വത്തിക്കാനും ബെയ്ജിങ്ങും; ഇണങ്ങിയും  പിണങ്ങിയും 

രാജ്യാന്തര ഉടമ്പടികളും ധാരണകളും പാലിക്കുന്ന കാര്യത്തില്‍ ചൈന ഒട്ടും സ്ഥിരത കാണിക്കാറില്ല
ആർച്ച് ബിഷപ്പ് ലീ ഷാന്റെ നേതൃത്വത്തിൽ ബീജിങിലെ കത്തോലിക്ക പള്ളിയിൽ ക്രിസ്മസ് രാത്രിയിൽ ആരാധന നടത്തുന്നു
ആർച്ച് ബിഷപ്പ് ലീ ഷാന്റെ നേതൃത്വത്തിൽ ബീജിങിലെ കത്തോലിക്ക പള്ളിയിൽ ക്രിസ്മസ് രാത്രിയിൽ ആരാധന നടത്തുന്നു

ചൈന മതപ്രവര്‍ത്തനം നിരോധിച്ച ദശകങ്ങളിലും കത്തോലിക്കാസഭ ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തെ വിശ്വാസികളുടെ കൂട്ടായ്മ നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുമായി പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറായ വത്തിക്കാന്‍ ബെയ്ജിങ്ങുമായി ആശയവിനിമയത്തിനുള്ള വാതില്‍പ്പഴുത് തേടിയിരുന്നു. 1951-ല്‍ കാന്റണിലെ (ഗുവാങ്ഷോ) അപ്പസ്‌തോലിക അഡ്മിനിസ്ട്രേറ്ററായിരുന്ന ഡൊമിനിക് ടാംഗ് യീമിംഗിനെ 30 വര്‍ഷത്തെ തടങ്കലില്‍നിന്ന് 1980-ല്‍ ചൈനീസ് സര്‍ക്കാര്‍ മോചിപ്പിച്ചു; ഹോങ്കോംഗിലേക്കു പോകാന്‍ അനുവദിക്കുകയും ചെയ്തു. 

ചൈനയുമായി അനുരഞ്ജനത്തിന് കത്തോലിക്കാസഭ സന്നദ്ധമാണെന്ന് 1981 ജനുവരിയില്‍ ജോണ്‍ പോള്‍ പാപ്പ അറിയിച്ചു. അതിനുള്ള സാധ്യതകളാരായാന്‍ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദ്ദിനാള്‍ അഗസ്തീനോ കാസറോളിയെ അദ്ദേഹം ഹോങ്കോംഗിലേക്ക് അയച്ചു. ചൈന വിട്ടയച്ച ടാംഗുമായി കര്‍ദ്ദിനാള്‍ കാസറോളി സംസാരിച്ചു. ദേശീയ സഭയുടെ അടിസ്ഥാനമായി ചൈന രൂപവല്‍ക്കരിച്ച 'പേട്രിയോട്ടിക് അസോസിയേഷന്‍' നയം അംഗീകരിക്കാന്‍ വത്തിക്കാന്‍ സന്നദ്ധമാണെന്ന് കാസറോളി വ്യക്തമാക്കി. ടാംഗ് റോമിലെത്തി. ഗുവാങ്ഷോയുടെ മെത്രാപ്പോലീത്തയായി ടാംഗിനെ ജോണ്‍ പോള്‍ പാപ്പ നിയമിച്ചു. തങ്ങളോട് ആലോചിക്കാതെ നടത്തിയ ആ നിയമനം ചൈനയിലെ ദേശീയ സഭയുടെ പരമാധികാരത്തിലുള്ള കൈകടത്തലായാണ് സര്‍ക്കാരും പാര്‍ട്ടിയും കണ്ടത്. 

1981-നുശേഷം പലവട്ടം വത്തിക്കാന്‍ ചൈനയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തി. ചൈനയും പലപ്പോഴും സന്നദ്ധത പ്രകടിപ്പിച്ചു. രണ്ട് ഉപാധികളാണ് ചൈന മുന്‍പില്‍ വച്ചത്. ഒന്നാമതായി, ഏക ചൈന എന്ന തത്ത്വം വത്തിക്കാന്‍ അംഗീകരിക്കണം (തായ്വാനെ തള്ളിപ്പറയണം, തായ്പേയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണം എന്നര്‍ത്ഥം). രണ്ട്, ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ വത്തിക്കാന്‍ ഇടപെടരുത്. സാര്‍വ്വത്രിക സഭയുടെ തലവന്‍ എന്ന നിലയില്‍ പോപ്പിന്റെ പരമാധികാരം ചൈന അംഗീകരിച്ചാല്‍ ഏക ചൈന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയാകാമെന്നായിരുന്നു വത്തിക്കാന്റെ പ്രതികരണം. 

ചൈന 2008-ല്‍ ഒളിംപിക്‌സിന് ആതിഥ്യം വഹിക്കാന്‍ ഒരുങ്ങുന്നവേളയില്‍ വത്തിക്കാനുമായി ബെയ്ജിങ് പതിവില്ലാത്ത അടുപ്പം കാണിച്ചു. 2007-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ചൈനയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള പേട്രിയോട്ടിക് കത്തോലിക്കാ വിഭാഗവും ഒളിവില്‍ കഴിയുന്ന വത്തിക്കാന്‍ അംഗീകാരമുള്ള സഭാസമൂഹവും തമ്മിലുള്ള ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിന് ആഹ്വാനം നല്‍കിക്കൊണ്ട് ഒരു 'തുറന്ന കത്ത്' എഴുതിയിരുന്നു. 2008 മേയില്‍ ബെനഡിക്ട് പാപ്പയ്ക്കുവേണ്ടി ഷാങ്ഹായ് ഓപ്പറ ഹൗസ് കോറസിനൊപ്പം ചൈനാ ഫില്‍ഹര്‍മോണിക് ഓര്‍ക്കെസ്ട്ര മൊസാര്‍ട്ടിന്റെ റേക്വിയം അവതരിപ്പിച്ചത് ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി നിരീക്ഷകര്‍ വിലയിരുത്തി. മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് വത്തിക്കാന്‍ പ്രതിനിധിയായി ഹോങ്കോംഗിലെ നിര്‍ദ്ദിഷ്ട ആര്‍ച്ചുബിഷപ്പിനെ ക്ഷണിച്ചിരുന്നു. പങ്കെടുക്കുന്ന താരങ്ങളുടേയും കാണികളുടേയും ആധ്യാത്മിക ശുശ്രൂഷയ്ക്കായി വിദേശത്തുനിന്ന് കത്തോലിക്കാ വൈദികരെ കൊണ്ടുവരാനും ചൈന തയ്യാറായി. എന്നാല്‍, ഒളിംപിക്‌സ് കഴിഞ്ഞപ്പോഴേക്കും ആ ഊഷ്മളത അപ്രത്യക്ഷമായി.

പേട്രിയോട്ടിക് അസോസിയേഷന്‍ അംഗത്വം സഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരാണെന്ന് ബെനഡിക്ട് പാപ്പ തന്റെ തുറന്ന കത്തില്‍ വ്യക്തമാക്കിയെങ്കിലും അതിന്റെ ആദ്യ പരിഭാഷയില്‍ നേരെ തിരിച്ചാണ് ചൈനയിലെ വിശ്വാസികളുടെ പക്കല്‍ അവതരിപ്പിച്ചത്. കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ തന്നെയാണ് അപ്പോഴും സത്യം തുറന്നുകാട്ടാന്‍ ഇടപെട്ടത്. ഹോങ്കോംഗിലെ ദൈവശാസ്ത്രജ്ഞന്‍ സേവ്യര്‍ ഹോനെ ബെനഡിക്ട് പാപ്പ വത്തിക്കാന്‍ കൂരിയായില്‍ നിയമിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. കൂരിയായില്‍ ഏറ്റവും ഉന്നതസ്ഥാനം വഹിക്കുന്ന ചൈനക്കാരനായിരുന്നു ഹോന്‍. കര്‍ദ്ദിനാള്‍ സെന്നിനെപ്പോലെ ചൈനയില്‍ അണ്ടര്‍ഗ്രൗണ്ട് സഭയുടെ നിലനില്‍പ്പ് ആവശ്യമാണെന്ന നിലപാടുകാരനാണ് സേവ്യര്‍ ഹോന്‍. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ ഹോനെ വത്തിക്കാന്‍ കൂരിയായില്‍നിന്നു മാറ്റി ഗ്രീസിലെ നുണ്‍ഷ്യോ ആയി നിയമിച്ചതോടെ വീണ്ടും പഴയ നയതന്ത്ര സമീപനം തിരിച്ചെത്തി.

ഡൊമിനിക് ടാം​ഗ് യീമിം​ഗ്
ഡൊമിനിക് ടാം​ഗ് യീമിം​ഗ്

ദൈവശാസ്ത്രവും വിശ്വാസവും 

1981-ല്‍ ജോണ്‍ പോള്‍ പാപ്പ ചൈന സന്ദര്‍ശിക്കാന്‍ അതീവ ആഗ്രഹം പ്രകടിപ്പിച്ചതാണ്. 2005-ല്‍ ബെനഡിക്ട് പാപ്പ സ്ഥാനമേറ്റപ്പോള്‍ ചൈനയുമായുള്ള ബന്ധത്തിന് മുന്തിയ പരിഗണന നല്‍കാന്‍ തീരുമാനിച്ചിരുന്നു. ബെനഡിക്ട് പാപ്പ ചൈനയിലെ കത്തോലിക്കര്‍ക്ക് എഴുതിയ 2007-ലെ തുറന്ന കത്ത് നയതന്ത്ര ചാനലിലൂടെ സര്‍ക്കാരിന് വത്തിക്കാന്‍ ആദ്യം കൈമാറിയിരുന്നു. ഫ്രാന്‍സിസ് പാപ്പയും ചൈനയുടെ കാര്യത്തിനു മുന്‍ഗണന നല്‍കി. ''ചൈനയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന കാര്യം ഞാന്‍ ഒരിക്കലും മറക്കാറില്ല'' എന്ന് അദ്ദേഹം പറയുന്നു. തന്റെ വിശ്വാസപ്രബോധനങ്ങളും സാമൂഹിക-രാഷ്ട്രീയ പ്രാധാന്യമുള്ള രേഖകളും മറ്റും ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റി ബെയ്ജിങ്ങിലെത്തിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രത്യേക താല്പര്യം പ്രകടിപ്പിക്കാറുണ്ടത്രെ.

രാഷ്ട്രീയ സ്വത്വം, സാമൂഹിക സ്വത്വം, സാംസ്‌കാരിക സ്വത്വം എന്നീ മൂന്നു മേഖലയിലും ചീനവല്‍ക്കരണം (സിനിസൈസേഷന്‍) നടപ്പാക്കാനാണ് പ്രസിഡന്റ് ഷിയുടെ കല്പന. സഭയുടെ പ്രാദേശികവല്‍ക്കരണത്തിനുള്ള പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ 2018 ജൂണില്‍ പേട്രിയോട്ടിക് അസോസിയേഷനും ദേശീയ മെത്രാന്‍ സമിതിയും പുറത്തിറക്കിയിരുന്നു. രാഷ്ട്രീയ സ്വത്വം ശക്തമാക്കുക, ചൈനീസ് സംസ്‌കാരത്തിന്റെ അതിസങ്കീര്‍ണ്ണവും സൂക്ഷ്മവുമായ തലങ്ങളില്‍ മതത്തെ ഉള്‍ച്ചേര്‍ക്കുക, ചൈനീസ് തനിമയുള്ള ദൈവശാസ്ത്രം രൂപപ്പെടുത്തുക, ചൈനയുടെ ശൈലിക്ക് അനുരൂപമായ ഭരണസംവിധാനം സഭയില്‍ നടപ്പാക്കുക, ചൈനീസ് മുദ്രയുള്ള ആരാധനക്രമം ആവിഷ്‌കരിക്കുക, സഭയുടെ കെട്ടിടനിര്‍മ്മാണത്തില്‍ ചൈനീസ് വാസ്തുശില്പശൈലിയും തിരുസ്വരൂപങ്ങളിലും ആരാധനാസംഗീതത്തിലും തദ്ദേശീയ ലാവണ്യഭാവുകത്വവും പ്രകടമാക്കുക എന്നിങ്ങനെ ആറു മേഖലകളിലായാണ് ചീനവല്‍ക്കരണം നടപ്പാക്കേണ്ടത്. സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധം, ഭരണസംവിധാനം, വിദ്യാഭ്യാസം, ശുശ്രൂഷകരുടെ പരിശീലനം, കലകള്‍ എന്നിങ്ങനെ സമസ്ത മണ്ഡലങ്ങളേയും ബാധിക്കുന്ന പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ആരാധനാലയങ്ങളില്‍ നിശ്ചിത സമയക്രമം അനുസരിച്ചുള്ള കര്‍മ്മങ്ങളേ പാടുള്ളൂ. 18 തികയാത്തവര്‍ക്ക് പ്രവേശനമില്ല എന്ന നോട്ടീസ് എല്ലാ ആരാധനാലായങ്ങള്‍ക്കു മുന്‍പിലും പ്രദര്‍ശിപ്പിക്കണം. വീടുകളിലെ വിശ്വാസക്കൂട്ടായ്മകളും സംയുക്ത പ്രാര്‍ത്ഥനയും നിയമവിരുദ്ധമാണ്. 

ജോൺ പോൾ രണ്ടാമൻ
ജോൺ പോൾ രണ്ടാമൻ

തായ്വാനിലെ കത്തോലിക്കാസഭ 1960-'70 കാലഘട്ടത്തില്‍ ലത്തീന്‍ ആരാധനക്രമവുമായി ബന്ധപ്പെട്ട എല്ലാ പുസ്തകങ്ങളും ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റുകയുണ്ടായി. തായ്വാനില്‍ ഫാ. അലോഷ്യസ് ചാങ് ചുന്‍സെങ്, ആര്‍ച്ച്ബിഷപ്പ് ലൊകുവാങ്, ബിഷപ്പ് ചെങ് ഷിഗുവാങ് തുടങ്ങിയവര്‍ ബൗദ്ധ, താവോ, കണ്‍ഫ്യൂഷ്യന്‍ പാരമ്പര്യത്തിന്റെ വെളിച്ചത്തിലുള്ള ചൈനീസ് ദൈവശാസ്ത്രവും ദൈവവചന വ്യാഖ്യാനവും അവതരിപ്പിച്ചിട്ടുണ്ട്. വന്‍കരയില്‍ ഇതിനു സമാനമായ തദ്ദേശീയ ദൈവശാസ്ത്രവിജ്ഞാനീയം രൂപപ്പെടുത്തേണ്ടതുണ്ട്. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് വൈരുധ്യാത്മക ഭൗതികവാദവും മാവോ സെതൂങ്ങിന്റെ വിചാരധാരയും ഉള്‍പ്പെടുന്ന രാഷ്ട്രീയ സിദ്ധാന്തങ്ങളും കത്തോലിക്കാസഭാ ദര്‍ശനവുമായി എങ്ങനെ പൊരുത്തപ്പെടും എന്നതാണ് കാതലായ ചോദ്യം. ചൈനീസ് വാസ്തുശില്പശൈലിയില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കണമെന്ന് 1920-കളില്‍ അപ്പസ്‌തോലിക ലെഗേറ്റായിരുന്ന ആര്‍ച്ച് ബിഷപ്പ് കൊസ്റ്റന്റീനി നിര്‍ദ്ദേശിച്ചപ്പോള്‍ പള്ളികള്‍ ബുദ്ധ-താവോ ക്ഷേത്രങ്ങളെപ്പോലെയിരിക്കുമെന്നു പറഞ്ഞ് വിശ്വാസികള്‍ അതിനെ എതിര്‍ത്തതാണ്.
 
ചൈനയില്‍ 40 കോടി ജനങ്ങള്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നു എന്നാണ് ദ് സോള്‍സ് ഓഫ് ചൈന: ദ് റിട്ടേണ്‍ ഓഫ് റിലീജിയന്‍ ആഫ്റ്റര്‍ മാവോ എന്ന പുസ്തകത്തില്‍ ഇയാന്‍ ജോണ്‍സണ്‍ പറയുന്നത്. റഷ്യയില്‍ കമ്യൂണിസ്റ്റുകാര്‍ മതത്തെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് തീരുമാനിച്ചത്. അവര്‍ നിരീശ്വരവാദം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു; ക്രൈസ്തവരെ നിഷ്‌കരുണം പീഡിപ്പിച്ചു; ആശ്രമങ്ങളും സെമിനാരികളും മഠങ്ങളും പള്ളിസ്‌കൂളുകളും അടച്ചുപൂട്ടി; ഭദ്രാസന ദേവാലയങ്ങള്‍ ഡൈനാമൈറ്റ് വച്ച് തകര്‍ത്തു. നിരീശ്വര രാഷ്ട്രം സ്ഥാപിക്കാനായി കഴിയുന്നതൊക്കെ ചെയ്തു. ചൈനയിലെ കമ്യൂണിസ്റ്റുകാര്‍ വ്യത്യസ്തമായൊരു തന്ത്രമാണ് പ്രയോഗിച്ചത്. ഹെന്റി എട്ടാമന്‍ രാജാവിന്റെ ചുവന്ന പുസ്തകത്തിലെ ഒരേട് അവര്‍ എടുത്തു. അവര്‍ ചൈനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷനു രൂപം നല്‍കി. റോമിന്റെ പരമാധികാരം അംഗീകരിക്കാത്ത ബദല്‍ കത്തോലിക്കാസഭയാണത്. സമാന്തരമായി കത്തോലിക്കാ സഭയുടെ രണ്ടു വിഭാഗങ്ങള്‍ ചൈനയില്‍ നിലനില്‍ക്കുന്നു എന്നതിനാല്‍ അവയുടെ കൂട്ടായ്മയെക്കുറിച്ചാണ് വത്തിക്കാന്‍ വ്യാകുലപ്പെടുന്നത്. 

അ​ഗസ്തീനോ കാസറോളി
അ​ഗസ്തീനോ കാസറോളി

ചൈന 1982-ലെ ഭരണഘടനയുടെ 63-ാം അനുച്ഛേദത്തില്‍ പറയുന്നു: ''ദേശരക്ഷയ്‌ക്കോ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനോ എന്തെങ്കിലും ഉപദ്രവം വരുത്താനോ വര്‍ഗ്ഗപരമായ ഐക്യത്തിനു തുരങ്കം വയ്ക്കാനോ രാഷ്ട്രത്തില്‍ വിഭാഗീയത സൃഷ്ടിക്കാനോ പൊതുസമൂഹത്തിലെ സമാധാനക്രമം തടസ്സപ്പെടുത്താനോ മതവിശ്വാസം ഉപയോഗിച്ചാല്‍ അതു ക്രിമിനില്‍ കുറ്റമാകും.'' ദേശസുരക്ഷ എന്നതിന്റെ നിര്‍വ്വചനം അവ്യക്തമാണ്. മതസ്വാതന്ത്ര്യം പ്രാവര്‍ത്തികമാക്കുന്നതും കാത്തുപാലിക്കുന്നതും സംബന്ധിച്ച ചൈനയുടെ നയം എന്ന പേരില്‍ 2018 മാര്‍ച്ച് നാലിന് ചൈനീസ്, ഇംഗ്ലീഷ്, ഫ്രെഞ്ച്, റഷ്യന്‍, സ്പാനിഷ്, അറബി ഭാഷകളിലായി ചൈനയിലെ സ്റ്റേറ്റ് കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍നിന്ന് ഇറക്കിയ ധവളപത്രത്തില്‍ മതം സാര്‍വ്വത്രിക തലത്തില്‍ മാനവ സമൂഹസംസ്‌കൃതിയുടെ ഒരു പ്രതിഭാസമാണെന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ അതിനെ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റേയും ചൈനീസ് സംസ്‌കാരത്തിന്റേയും അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. 'സക്രിയ മാര്‍ഗ്ഗദര്‍ശനം' എന്നത് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മുദ്രാവാക്യമാണെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. 2017 ഒക്ടോബറില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സും കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സും മതവിശ്വാസത്തിന്റെ കാര്യത്തിലും ചീനവല്‍ക്കരണത്തിനായുള്ള സക്രിയ മാര്‍ഗ്ഗദര്‍ശനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും മതസ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് ധവളപത്രത്തില്‍ പറയുമ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ മതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വിരമിച്ചാല്‍പോലും പാര്‍ട്ടി ഭാരവാഹികള്‍ക്ക് മതപ്രവര്‍ത്തനം അനുവദനീയമല്ല. വിദേശശക്തികള്‍ മതവിശ്വാസത്തിന്റെ മറവില്‍ ചൈനയിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യതയുണ്ട്. അത് അനുവദിക്കാന്‍ പാടില്ല. വിദേശികള്‍ക്ക് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് ആരാധനകളില്‍ പങ്കെടുക്കാം; എന്നാല്‍, സ്വന്തം നിലയില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട സംഘടനകള്‍ രൂപവല്‍ക്കരിക്കാനോ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ലെന്നും ധവളപത്രത്തില്‍ പറയുന്നു. കത്തോലിക്കാ സന്യാസ സമൂഹങ്ങള്‍ക്ക് ചൈന നേരത്തേതന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

സാര്‍വ്വത്രിക സഭയുടെ അംഗീകാരം മെത്രാന്മാരുടെ കൈവയ്പ് ശുശ്രൂഷ വഴിയുള്ള അപ്പസ്‌തോലിക പാരമ്പര്യ തുടര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും പൗരോഹിത്യ പട്ടം നല്‍കാനും രൂപതാഭരണത്തിന്റെ ക്രമീകരണത്തിനും മതബോധനം, അജപാലനശുശ്രൂഷ, വിശ്വാസ പ്രമാണങ്ങളുടേയും കൂദാശപരികര്‍മ്മത്തിന്റേയും ആധികാരികത ഉറപ്പുവരുത്താനും പരിശുദ്ധ സിംഹാസനം വഴിയുള്ള പ്രബോധനങ്ങള്‍ ആവശ്യമാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം അംഗീകരിക്കുന്നുവെങ്കില്‍ അത് വലിയൊരു മാറ്റംതന്നെയാണ്. എന്നാല്‍, രാജ്യാന്തര ഉടമ്പടികളും ധാരണകളും പാലിക്കുന്ന കാര്യത്തില്‍ ചൈന ഒട്ടും സ്ഥിരത കാണിക്കാറില്ല എന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹോങ്കോംഗിന്റെ കാര്യത്തില്‍ ഒപ്പുവച്ച് ഐക്യരാഷ്ട്ര സഭയില്‍ സമര്‍പ്പിച്ച ചൈന-ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപനം 2047 വരെയെങ്കിലും നിലനില്‍ക്കേണ്ടതാണ്. എന്നാല്‍, ചൈന അത് ഏകപക്ഷീയമായി തള്ളിക്കളഞ്ഞത് ലോകം കണ്ടതാണ്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ 11 ഉപവകുപ്പു മേധാവികളില്‍ ഒരാളും - ചൈന വിദേശകാര്യ ഉപമന്ത്രി വാങ് ചാവു - വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റിലെ ഒരു മോണ്‍സിഞ്ഞോറും - വിദേശരാജ്യങ്ങളുമായുള്ള വത്തിക്കാന്റെ ബന്ധങ്ങളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി അന്റൊയിന്‍ കമിലേരി - തമ്മില്‍ ബെയ്ജിങ്ങില്‍ ഒപ്പുവച്ച താല്‍ക്കാലിക കരാറിന്റെ ഭാവി എന്താകുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. 

ജോസഫ് സെൻ
ജോസഫ് സെൻ

റഷ്യയില്‍നിന്നു ബാള്‍ട്ടിക് രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ ലാത്വിയ, ലിത്വേനിയ, എസ്തോണിയ എന്നീ ത്രിരാഷ്ട്ര അപ്പസ്‌തോലിക സന്ദര്‍ശനത്തിനു പോയപ്പോഴാണ് ബെയ്ജിങ്ങില്‍ കരാര്‍ ഒപ്പുവച്ചതായി വത്തിക്കാന്‍ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ''സമാധാന ഉടമ്പടിയുണ്ടാക്കുമ്പോള്‍ ഇരുഭാഗത്തിനും ചില നഷ്ടമൊക്കെയുണ്ടാകും. അതു സ്വാഭാവികമാണ്. എങ്കിലും നാം മുന്നോട്ടുനീങ്ങും. സന്ധിസംഭാഷണത്തില്‍ ചിലപ്പോള്‍ രണ്ടു ചുവടു മുന്നോട്ടുനീങ്ങും, ഒരു ചുവടു പിന്നോട്ടുവലിയും. തുടര്‍ന്ന് മാസങ്ങളോളം ഇരുകൂട്ടരും മൗനത്തിലാണ്ടിരിക്കും. ദൈവം ഇടപെടുന്ന സമയം, ചൈനക്കാരുടെ ജ്ഞാനത്തിന്റേയും വിവേകത്തിന്റേയും സമയം വരും. മെല്ലെ അതു സംഭവിക്കും'' റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ പേപ്പല്‍ ഫ്‌ലൈറ്റില്‍ ഫ്രാന്‍സിസ് പാപ്പ ചൈനാ ഉടമ്പടിയെക്കുറിച്ച് ആദ്യമായി പ്രതികരിച്ചു. ''വത്തിക്കാന്‍ സംഘം ഇതിനായി ഏറെ അദ്ധ്വാനിച്ചു. സാമൂഹിക സമ്പര്‍ക്കത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ മരിയ ചെല്ലി, ചൈനയുടെ കാര്യം നോക്കിയിരുന്ന വത്തിക്കാന്‍ കാര്യാലയത്തിന്റെ ഡയറക്ടറായ റോമന്‍ കൂരിയായിലെ മോണ്‍. ജിയന്‍ഫ്രാങ്കോ റോട്ട ഗ്രാത്സിയോസി, വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പിയെത്രോ പരോളിന്‍ ഇവരൊക്ക വര്‍ഷങ്ങളായി ഏറെ കരുതലോടെ ഇതിനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഉടമ്പടിയുടെ ഒരോ വാക്കും പൂര്‍ണ്ണവിരാമവും അര്‍ദ്ധവിരാമവുമൊക്കെ കര്‍ദ്ദിനാള്‍ പരോളിന്‍ സൂക്ഷ്മമായി പരിശോധിച്ചതാണ്. വിലക്കു നീക്കിയ ചൈനീസ് ബിഷപ്പുമാരുടെ കാര്യത്തില്‍, ഓരോരുത്തരെക്കുറിച്ചുമുള്ള വിശദവിവരങ്ങളുടെ ഡോസിയര്‍ എന്റെ മേശപ്പുറത്ത് ഉണ്ടായിരുന്നു. ഞാന്‍ ഓരോന്നും പരിശോധിച്ചതാണ്. ഉടമ്പടിയില്‍ എതിര്‍പ്പുള്ളവരുടെ കാര്യമെടുക്കാം. അവരുടെ യാതനകളെക്കുറിച്ച് എനിക്ക് നന്നായറിയാം. അതു സത്യമാണ്; അവര്‍ വേദനിക്കുന്നുണ്ട്; ഇനിയും അവര്‍ വേദനിക്കും. ഏതൊരു ഒത്തുതീര്‍പ്പിലും വേദനയുണ്ടാകും. എങ്കിലും അവരുടെ വിശ്വാസം വളരെ വലുതാണ്. പേട്രിയോട്ടിക് വിഭാഗത്തിലേയും പരമ്പരാഗത സഭാവിഭാഗത്തിന്റേയും പ്രതിനിധികളായ ബിഷപ്പുമാരുടെ കയ്യൊപ്പോടെ ചൈനയിലെ വിശ്വാസികളുടെ ഗണം എനിക്ക് എഴുതിയിരുന്നു, പരിശുദ്ധ സിംഹാസനം, പത്രോസ് എന്തു പറയുന്നുവോ അത് യേശുവിന്റെ വചനമായി ഞങ്ങള്‍ കാണുന്നുവെന്ന്. ദൈവത്തിന്റെ അടയാളമായി ഞാനതിനെ കരുതുന്നു. ആ ജനതയുടെ രക്തസാക്ഷിത്വത്തിന്റെ അരൂപി ഇപ്പോഴും നിലനില്‍ക്കുന്നു. അവര്‍ തികച്ചും മഹാചരിതരാണ്. ഉടമ്പടിയെക്കുറിച്ച് എല്ലാ തലത്തിലും വിശദമായ ചര്‍ച്ചകള്‍ നടന്നു. ഞാന്‍ അംഗീകരിച്ചതാണത്. അതിന്റെ ഉത്തരവാദിത്വം എനിക്കാണ്. പത്തുവര്‍ഷത്തിലേറെയായി ഏറെപ്പേര്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചു. പെട്ടെന്ന് തട്ടിക്കൂട്ടിയ ഒന്നല്ല അത്. അത് യഥാര്‍ത്ഥ മാര്‍ഗ്ഗരേഖ തന്നെയാണ്. ശരിക്കുള്ള വഴി.''

ആർച്ച് ബിഷപ്പ് കൊസ്റ്റന്റീനി
ആർച്ച് ബിഷപ്പ് കൊസ്റ്റന്റീനി

ഷി ജിന്‍പിങ് ഫ്രാന്‍സിസ് പാപ്പയ്ക്ക് ഏതെല്ലാം കാര്യത്തില്‍ എന്തെല്ലാം ഉറപ്പുനല്‍കിയിട്ടുണ്ട് എന്ന് ആര്‍ക്കും നിശ്ചയമില്ല. ചൈനാ ഉടമ്പടി പരിപൂര്‍ണ്ണവും എല്ലാം തികഞ്ഞതുമല്ലെന്നും അതില്‍ ഏറെ പോരായ്മകളുണ്ടെന്നും തനിക്ക് നന്നായി അറിയാം എന്നാണ് പാപ്പ പറയുന്നത്. സഹനവും രക്തസാക്ഷിത്വവും അവസാനിക്കുന്നില്ല. എങ്കിലും പ്രത്യാശയുടെ മാര്‍ഗ്ഗം ഇതാണെന്നും തന്നെ വിശ്വസിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ചൈനയിലെ പീഡിതസഭയോടു പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റികയില്‍ തറയ്ക്കപ്പെട്ട നിലയിലുള്ള യേശുവിന്റെ ക്രൂശിതരൂപം 2015 ജൂലൈയില്‍ ബൊളീവിയയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് ഇവോ മൊറാലസില്‍നിന്ന് പുഞ്ചിരിയോടെ ഏറ്റുവാങ്ങുന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം കണ്ട് സ്പെയിനിലെ ബിഷപ്പ് യൊസെ ഇഞ്ഞാസിയോ മുനില ട്വീറ്റു ചെയ്തു: ''നിരീശ്വരവാദ പ്രത്യയശാസ്ത്രത്തിന്റെ പുകഴ്ചയ്ക്കായി ദൈവത്തിന്റെ പ്രതിരൂപത്തിലും കൈകടത്തുന്ന ധാര്‍ഷ്ട്യത്തിന്റെ പാരമ്യം.''

രഹസ്യ സഭയുടെ ഉന്മൂലനം

പുതിയ ഉടമ്പടിയിലൂടെ സര്‍ക്കാര്‍ വത്തിക്കാന്റെ സഹായത്തോടെ അണ്ടര്‍ഗ്രൗണ്ട് സഭാസമൂഹത്തെ ഉന്മൂലനം ചെയ്യുമെന്ന് ഹോങ്കോംഗിലെ മുന്‍ മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ സെകിയുന്‍ ആശങ്ക പ്രകടിപ്പിച്ചു. ഹംഗറിയിലെ ഒരു ദൈവശാസ്ത്രജ്ഞനെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ സെന്‍ പറഞ്ഞു: മെത്രാന്‍ നിയമനത്തിന്റെ കാര്യത്തില്‍ പരിശുദ്ധ സിംഹാസനത്തിനുള്ള അധികാരം സംബന്ധിച്ച കാനോനിക നിയമം പ്രത്യക്ഷത്തില്‍ ലംഘിക്കുന്നില്ലെങ്കിലും മെത്രാന്‍ നിയമനത്തില്‍ ബെയ്ജിങ്ങിനു വിവേചനാധികാരം നല്‍കുന്നതാണ് ഈ ഉടമ്പടി. ''സഭയെ മുന്‍പത്തെക്കാള്‍ കൂടുതല്‍ ശക്തമായി അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു നാസ്തിക സര്‍ക്കാരാണിതെന്ന് ഓര്‍ക്കണം,'' ഹോങ്കോംഗിലെ സലേഷ്യന്‍ ഹൗസില്‍ വച്ച് അദ്ദേഹം പറഞ്ഞു. ഹേറോദ് രാജാവുമായി സ്‌നാപക യോഹന്നാന്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചതുപോലെയാണിത്. നല്ലതെന്തെങ്കിലും അതില്‍ നിന്നുണ്ടാകുന്നതെങ്ങനെയാണ്?''

വത്തിക്കാനുമായി താല്‍ക്കാലിക കരാര്‍ ഒപ്പുവച്ചതിന്റെ തൊട്ടടുത്ത ദിവസം ചൈനയിലെ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയും ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ നാലു കാര്യങ്ങള്‍ വ്യക്തമാക്കുകയുണ്ടായി: ദേശഭക്തിയുടേയും രാഷ്ട്രത്തേയും സഭയേയും സ്‌നേഹിക്കുന്നതിന്റേയും നിസ്തുല പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കുക; സ്വാതന്ത്ര്യം, സ്വയംഭരണാവകാശം, സ്വയംപര്യാപ്തത എന്നീ മൂല്യങ്ങളിലൂന്നി സഭയുടെ നടത്തിപ്പില്‍ ഉറച്ചുനില്‍ക്കുക; സിനിസൈസേഷന്‍ മാര്‍ഗ്ഗത്തില്‍ ഉറച്ചുനില്‍ക്കുക; ചൈനീസ് രാഷ്ട്രത്തിന്റെ മഹോന്നത മുന്നേറ്റം എന്ന ചൈനീസ് സ്വപ്നം സക്ഷാല്‍ക്കരിക്കുന്നതിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിന്‍ കീഴില്‍ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് സോഷ്യലിസ്റ്റ് സമൂഹമായി രൂപാന്തരപ്പെടുന്നതിനായുള്ള പാതയില്‍ ഉറച്ചുനില്‍ക്കുക.

സഭ ഇപ്പോഴും വിഭജിക്കപ്പെട്ടു നില്‍ക്കുകയാണ്. അനധികൃതമായി വാഴിക്കപ്പെട്ട ഏഴു മെത്രാന്മാരില്‍ രണ്ടുപേര്‍ പൗരോഹിത്യത്തിലെ ബ്രഹ്മചര്യ വ്രതം പരസ്യമായി ലംഘിച്ചവരാണ്. പുതിയ കരാര്‍ അനുസരിച്ച് ഏഴുപേര്‍ക്കെതിരെയുള്ള സഭാവിലക്കു നീക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവരെ മെത്രാന്മാരായി അംഗീകരിച്ചതായി പറയാനാവില്ല. അവരെ മെത്രാന്മാരാക്കിയാല്‍ അവരെ എങ്ങനെ നല്ല ഇടയന്മാരായി കരുതാനാകും; അവരെ അനുസരിക്കാന്‍ അജഗണത്തിന് എങ്ങനെ കഴിയും?

ഇതുവരെ സര്‍ക്കാരില്‍നിന്നുള്ള പീഡനമാണ് രഹസ്യ സഭ അനുഭവിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ പുതിയ ഉടമ്പടിയിലൂടെ പരിശുദ്ധ സിംഹാസനം തങ്ങളുടെ വിശ്വാസപാരമ്പര്യത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് അവര്‍ ഭയപ്പെടുന്നു; ഈ വഞ്ചനയ്ക്കു കൂട്ടുനില്‍ക്കാന്‍ അവര്‍ക്കാവില്ല. പേട്രിയോട്ടിക് അസോസിയേഷനില്‍ ചേരാന്‍ വത്തിക്കാന്‍ അവരോട് ആവശ്യപ്പെടുകയും അവര്‍ അതിനു വിസമ്മതിക്കുകയും തങ്ങളുടെ വിശ്വാസപാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ അവര്‍ പാപ്പയെ ധിക്കരിക്കുകയാവും ചെയ്യുക. അതേസമയം അവര്‍ പാപ്പയെ അനുസരിച്ചാല്‍ അവര്‍ തങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുകയാവും. രഹസ്യസഭ പാപ്പയെ എതിര്‍ത്താല്‍ ഏറ്റവും സന്തോഷിക്കുക ചൈനീസ് സര്‍ക്കാരാകും. ചൈനയുമായുള്ള നിര്‍ദ്ദിഷ്ട ഉടമ്പടിക്കു പിന്നില്‍ പ്രവര്‍ത്തിച്ച കര്‍ദ്ദിനാള്‍ പരോളിന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയില്‍നിന്നു രാജിവയ്ക്കണമെന്നാണ് കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഏറ്റവും ആദ്യം ആവശ്യപ്പെട്ടത്: ''അദ്ദേഹം തികച്ചും ലൗകികവും വ്യവഹാരികവുമായ അര്‍ത്ഥത്തില്‍ മികച്ച നയതന്ത്രജ്ഞനായിരിക്കാം, എന്നാല്‍, അദ്ദേഹത്തിനു വിശ്വാസമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. തങ്ങളുടെ ആട്ടിന്‍പറ്റത്തെ ചെന്നായ്ക്കളുടെ വായിലേക്കാണ് അവര്‍ എറിഞ്ഞുകൊടുക്കുന്നത്. അവിശ്വസനീയമായ കൊടുംചതിയാണിത്,'' വത്തിക്കാന്‍-ചൈന ഉടമ്പടിയെക്കുറിച്ചുള്ള തന്റെ ആദ്യപ്രതികരണത്തില്‍ കര്‍ദ്ദിനാള്‍ സെന്‍ പറഞ്ഞു.

പോപ്പ് ഫ്രാൻസിനും എമിരിറ്റ്സ് പോപ്പ് ബെനഡിക്റ്റ് പതിനാറാമനും വത്തിക്കാനിൽ. 2015ൽ എടുത്ത ചിത്രം
പോപ്പ് ഫ്രാൻസിനും എമിരിറ്റ്സ് പോപ്പ് ബെനഡിക്റ്റ് പതിനാറാമനും വത്തിക്കാനിൽ. 2015ൽ എടുത്ത ചിത്രം

രാജസംരക്ഷണത്തിലെ മെത്രാന്‍വാഴ്ച 

''ലാറ്റിന്‍ അമേരിക്കയില്‍ 350 കൊല്ലക്കാലം പോര്‍ച്ചുഗലിലെയും സ്പെയിനിലേയും രാജാക്കന്മാരാണ് ബിഷപ്പുമാരെ നിയമിച്ചിരുന്നതെന്ന് വിസ്മരിക്കരുത്. ഓസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തില്‍ മരിയ തെരേസ ചക്രവര്‍ത്തിനി ബിഷപ്പുമാരുടെ നാമനിര്‍ദ്ദേശത്തില്‍ ഒപ്പുവച്ച് മടുത്തപ്പോഴാണ് ആ ചുമതല വത്തിക്കാനു കൈമാറിയത്. അത് മറ്റൊരു കാലമായിരുന്നു, ആ കാലം മാറിയതിന് ദൈവത്തെ സ്തുതിക്കാം,'' ബാള്‍ട്ടിക് രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് എസ്തോണിയയില്‍നിന്ന് റോമിലേക്കു മടങ്ങുമ്പോള്‍ ചൈനാ ഉടമ്പടിയെക്കുറിച്ച് പ്രതികരിച്ച ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ചൈനയിലെ മെത്രാന്മാരുടെ നിയമനത്തില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പങ്ക് വത്തിക്കാന്‍ അംഗീകരിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു അത്. 

ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെ അംഗീകരിച്ചതിനുശേഷം വത്തിക്കാന് രാജാക്കന്മാരും ചക്രവര്‍ത്തിമാരുമായി രാഷ്ട്രീയ നീക്കുപോക്കുകള്‍ നടത്തേണ്ടിവന്നിട്ടുണ്ട്. ഓസ്ട്രിയ, ഹംഗറി, ക്രൊയേഷ്യ, ട്രാന്‍സില്‍വേനിയ, മിലാന്‍, ലൊഡൊമേരിയ, ഗലീസിയ, ഓസ്ട്രിയന്‍ നെതര്‍ലാന്‍ഡ്സ്, പാര്‍മ എന്നിങ്ങനെ വിശാലമായ ഓസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിലെ ഹാബ്സ്ബര്‍ഗ് രാജവംശത്തില്‍ ഏക ഹോളി റോമന്‍ ചക്രവര്‍ത്തിനിയും ജര്‍മന്‍ രാജ്ഞിയുമായിരുന്നു 40 കൊല്ലം വാണ മരിയ തേരേസ. ഇന്ത്യയിലും വിദൂര പൗരസ്ത്യ രാജ്യങ്ങളിലും ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും പോര്‍ച്ചുഗീസ്, സ്പാനിഷ് രാജവാഴ്ചക്കാലത്ത് മെത്രാന്മാരെ ആ രാജ്യങ്ങളിലെ രാജാക്കന്മാര്‍ നിയമിച്ചിരുന്നു. യൂറോപ്പിലെ ക്രൈസ്തവ രാജാക്കന്മാരും ചക്രവര്‍ത്തിമാരും മെത്രാന്മാരുടെ നിയമനത്തിലും സഭാഭരണത്തിലും ഇടപെട്ടിരുന്ന പഴയകാല ചരിത്രത്തിലേക്കാണ് ഫ്രാന്‍സിസ് പാപ്പ വിരല്‍ ചൂണ്ടിയത്.

ബോര്‍ജിയ പാപ്പ അലക്‌സാണ്ടര്‍ ആറാമന്‍ 1493-ല്‍ പുതുലോകത്തെ രാജ്യങ്ങളെ സ്പെയിനിനും പോര്‍ച്ചുഗലിനും ഭാഗിച്ചുനല്‍കി. അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തുനിന്ന് കിഴക്കുള്ളതൊക്കെ - ഫിലിപ്പീന്‍സ് ഒഴികെ ഏഷ്യ മുഴുവനും ആഫ്രിക്കയും - പോര്‍ച്ചുഗലിനും, ഫിലിപ്പീന്‍സും ബ്രസില്‍ ഒഴികെയുള്ള ലാറ്റിന്‍ അമേരിക്കയും സ്പെയിനിനും. കൊളോണിയല്‍ സാമ്രാജ്യത്വ വികസനത്തോടൊപ്പം സുവിശേഷവല്‍ക്കരണവും നടന്നു. ബിഷപ്പുമാരെ നിയമിക്കാനുള്ള അധികാരവും പോര്‍ച്ചുഗലിലേയും സ്പെയിനിലേയും രാജാക്കന്മാര്‍ക്കു കൈവന്നു. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് പദ്രൊവാദൊയുടെ കീഴില്‍ ഗോവയിലും കൊച്ചിയിലും പോര്‍ച്ചുഗീസ് രാജാവ് മെത്രാന്മാരെ നിയമിച്ചത് അങ്ങനെയാണ്. ഈ നിയമനങ്ങള്‍ പരിശുദ്ധ സിംഹാസനം പിന്നീട് അംഗീകരിക്കുകയായിരുന്നു പതിവ്. ജനതകളുടെ സുവിശേഷ വല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ (പ്രൊപ്പഗാന്ത ഫീദെ) കീഴിലാണ് പൊതുവെ മിഷന്‍ രാജ്യങ്ങളിലെ രൂപതാഭരണവും മെത്രാന്‍ നിയമനത്തിനുള്ള നടപടികളും ക്രമീകരിക്കുക. പലപ്പോഴും പ്രൊപ്പഗാന്ത ഫീദെയും പദ്രൊവാദോയും തമ്മിലുള്ള അധികാരത്തര്‍ക്കം വ്യവസ്ഥയില്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. പദ്രോവാദോയ്ക്കു സമാനമായി ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഇന്ത്യയിലെ ആംഗ്ലിക്കന്‍ സാമ്രാജ്യത്തിലും ഇതു തുടര്‍ന്നുവന്നു. ബോംബെയിലേയും കറാച്ചിയിലേയും മെത്രാപ്പോലീത്തമാരെ ഇംഗ്ലണ്ടില്‍നിന്നോ പോര്‍ച്ചുഗലില്‍നിന്നോ തീരുമാനിച്ചിരുന്നു. ബോംബെയിലെ അവസാനത്തെ ബ്രിട്ടീഷ് ആര്‍ച്ച് ബിഷപ്പ് ടോം റോബര്‍ട്സ് ലിവര്‍പൂളിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക വികാരിയായിരുന്ന ജസ്യുറ്റ് വൈദികനായിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രാജി സമര്‍പ്പിച്ചു. വത്തിക്കാന്‍ അതു സ്വീകരിച്ചില്ല, എങ്കിലും അദ്ദേഹം അതിരൂപതയില്‍നിന്ന് ഇംഗ്ലണ്ടിലേക്കു മടങ്ങിപ്പോയി.

ചൈനയും വത്തിക്കാനും തമ്മിലുള്ള ഉടമ്പടിയുടെ ഭാ​ഗമായി നോർത്ത് ചൈനയിലെ ഷാങ് സിയിൽ പിയത്രോ ലിയു ജൻസുവിനെ ബിഷപായി വാഴിക്കുന്നു
ചൈനയും വത്തിക്കാനും തമ്മിലുള്ള ഉടമ്പടിയുടെ ഭാ​ഗമായി നോർത്ത് ചൈനയിലെ ഷാങ് സിയിൽ പിയത്രോ ലിയു ജൻസുവിനെ ബിഷപായി വാഴിക്കുന്നു

ഫ്രാന്‍സില്‍ 1790 ജൂലൈ 12-ന്, ഫ്രെഞ്ച് വിപ്ലവത്തിന്റെ ആദ്യ വര്‍ഷം ദേശീയ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി വൈദികരുടെ സിവില്‍ ഭരണഘടനാ നിയമം പാസ്സാക്കി. രാജ്യത്ത് ദേശീയ കത്തോലിക്കാ സഭ സ്ഥാപിച്ചുകൊണ്ടുള്ളതായിരുന്നു ഭരണഘടനാ വ്യവസ്ഥ. സന്യാസ സമൂഹങ്ങളെയെല്ലാം നിരോധിച്ചു, സഭയുടെ വസ്തുവകകളെല്ലാം പിടിച്ചെടുത്തു. രൂപതകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കുകയും ചെയ്തു. പുതിയ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിക്കുന്ന ജനങ്ങള്‍ രൂപതാ തലത്തിലും ഇടവക തലത്തിലും പ്രാദേശികമായി തങ്ങളുടെ മെത്രാന്മാരേയും വൈദികരേയും തിരഞ്ഞെടുക്കാന്‍ വ്യവസ്ഥ ചെയ്തു. മെത്രാന്മാരും വൈദികരും ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിക്കണം. തിരഞ്ഞെടുപ്പുഫലം അറിയിക്കും എന്നതിനപ്പുറം മെത്രാന്മാരുടെ കാര്യത്തില്‍ റോമിന് ഒരു അധികാരവുമില്ലാതായി.
എന്നാല്‍, ഫ്രാന്‍സിലെ ഭൂരിപക്ഷം മെത്രാന്മാരും വൈദികരും സിവില്‍ ഭരണഘടന അംഗീകരിച്ചില്ല; അവര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചു. പീയൂസ് ആറാമന്‍ പാപ്പ സിവില്‍ നിയമത്തോടു കൂറുപ്രഖ്യാപിച്ച മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സഭാവിലക്കു കല്പിച്ചു. റോമിനോടു കൂറുപ്രഖ്യാപിച്ച പ്രഭു കുടുംബങ്ങളില്‍പെട്ട മെത്രാന്മാരെല്ലാം തന്നെ ഫ്രെഞ്ച് വിപ്ലവകാലത്ത് രാജ്യംവിട്ടു, വൈദികര്‍ ഒളിത്താവളങ്ങളില്‍ കഴിഞ്ഞു. ഭീകരവാഴ്ചയുടെ നാളുകളില്‍ ഈ വൈദികരെ വേട്ടയാടി തടങ്കലില്‍ അടയ്ക്കുകയും ഗില്ലറ്റിന് ഇരയാക്കുകയും ചെയ്തു.

നെപ്പോളിയന്‍ ബോണപാര്‍ട്ട് 1800-ല്‍ പ്രഥമ കോണ്‍സലായി അധികാരത്തിലെത്തിയപ്പോള്‍ ഫ്രാന്‍സില്‍ മതാത്മക ഐക്യവും സമാധാനവും പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പീയൂസ് ഏഴാമന്‍ പാപ്പയുമായി നെപ്പോളിയന്‍ അനുരഞ്ജന ചര്‍ച്ച ആരംഭിച്ചു. 1801-ലെ കോണ്‍കോര്‍ഡാറ്റ് അങ്ങനെയാണ് രൂപംകൊണ്ടത്. മെത്രാന്മാരെ സ്ഥാനഭ്രഷ്ടനാക്കുന്നതിനുള്ള അധികാരം പാപ്പയ്ക്കു നല്‍കുന്നതായിരുന്നു ആ ഉടമ്പടി. താന്‍ ചക്രവര്‍ത്തിയായി സ്വയം അവരോധിക്കുന്നതിനു സാക്ഷ്യം വഹിക്കാന്‍ 1804-ല്‍ നെപ്പോളിയന്‍ പീയൂസ് ഏഴാമന്‍ പാപ്പയെ പാരീസിലെ നോട്രെഡാമിലേക്കു ക്ഷണിച്ചു. പാപ്പയുടെ കരങ്ങളില്‍നിന്നു കിരീടം വാങ്ങി നെപ്പോളിയന്‍ സ്വയം ശിരസ്സില്‍ വയ്ക്കുകയായാണ് ചെയ്തത്. ഫ്രാന്‍സില്‍ മെത്രാന്മാരായി വത്തിക്കാന്‍ നാമനിര്‍ദ്ദേശം ചെയ്ത 40 പേരെ തിരസ്‌കരിച്ചതിനുശേഷമായിരുന്നു നെപ്പോളിയന്റെ ഈ പ്രകടനം. രാഷ്ട്രത്തോട് വിധേയത്വം പ്രഖ്യാപിക്കുന്ന മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ശമ്പളം രാഷ്ട്രം നല്‍കണമെന്ന വ്യവസ്ഥ പാപ്പ അംഗീകരിച്ചിരുന്നു. 

സാര്‍വ്വത്രിക സഭയുടെ പരമാധ്യക്ഷനെന്ന നിലയില്‍ മെത്രാന്മാരെ നിയമിക്കാനും പുറത്താക്കാനുമുള്ള അധികാരവും രാഷ്ട്രങ്ങളുടെ ഭരണാധികാരികളുമായി നേരിട്ട് ഉടമ്പടിയിലേര്‍പ്പെടാനുള്ള അധികാരവും മാര്‍പാപ്പയ്ക്കാണെന്നു വ്യക്തമാക്കുന്ന 1870-ലെ ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പാസ്തെര്‍ എത്തേര്‍ണുസ് എന്ന പ്രമാണരേഖയുടെ അടിസ്ഥാനം ഫ്രഞ്ച് ഉടമ്പടിയായിരുന്നു. 

1929-ലെ ലാറ്ററന്‍ ഉടമ്പടിയില്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പ ഇറ്റലിയുടെ മുസോളിനിയുമായി ഉണ്ടാക്കിയ കൊണ്‍കോര്‍ഡാറ്റില്‍ ഫാസിസ്റ്റ് രാഷ്ട്രത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വത്തിക്കാന് സ്വാതന്ത്ര്യം ഉറപ്പാക്കി. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ഉദയം അതായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കത്തോലിക്കാ യുവാക്കളെ കറുത്ത ഷര്‍ട്ടു ധരിച്ച ഗുണ്ടകള്‍ അടിച്ചൊതുക്കുകയും ഭരണകൂടത്തിന്റെ മാധ്യമങ്ങള്‍ പൗരോഹിത്യത്തിനെതിരെ അതിനിശതമായ വിമര്‍ശനം അഴിച്ചുവിടുകയും ചെയ്തപ്പോള്‍ 1931-ല്‍ പീയുസ് പന്ത്രണ്ടാമന്‍ പാപ്പ മുസോളിനിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് 'നോണ്‍ അബിയാമോ ബിസോഞ്ഞോ' എന്ന ചാക്രിക ലേഖനം എഴുതി. ഫാസിസ്റ്റുകള്‍ രാഷ്ട്രത്തെ വിഗ്രഹാരാധനയ്ക്ക് പാത്രമാക്കുന്നുവെന്നാണ് പാപ്പ കുറ്റപ്പെടുത്തിയത്. 1933-ല്‍ ഹിറ്റ്ലര്‍ നാസി സര്‍വാധിപത്യം സുദൃഢമാക്കുമ്പോള്‍ വത്തിക്കാന്‍ നയതന്ത്രജ്ഞര്‍ റയ്ക് കൊണ്‍കോര്‍ഡാറ്റിനു ശ്രമിച്ചു. ഇറ്റലിയിലെന്നപോലെ ജര്‍മനിയിലും അത് പരാജയപ്പെട്ടു. 1937-ല്‍ പീയൂസ് പതിനൊന്നാമന്‍ ഹിറ്റ്ലറുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ട് 'മിത് ബ്രെന്നെദെര്‍ സോര്‍ജ്' എന്ന ചാക്രികലേഖനം എഴുതി. അത് രഹസ്യമായാണ് ജര്‍മനിയിലെത്തിച്ച് പള്ളികളില്‍ വായിച്ചത്. 

ഇപ്പോള്‍ ചൈനയുമായി വത്തിക്കാന്‍ ഉടമ്പടിയുണ്ടാക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ പഴയ കൊണ്‍കോര്‍ഡാറ്റുകളുടെ ദുരന്തകഥകളും ഓര്‍മിപ്പിക്കുന്നുണ്ട്. സാമ്രാജ്യത്വവാഴ്ചയില്‍ മെത്രാന്മാരെ നിയമിച്ചിരുന്ന രാജാക്കന്മാര്‍ ക്രിസ്ത്യാനികളായിരുന്നുവെന്നും, ചൈനയില്‍ മെത്രാന്മാരെ നാമനിര്‍ദ്ദേശം ചെയ്യുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ അവിശ്വാസികളും നിരീശ്വരവാദികളുമാണെന്നും ഫ്രാന്‍സിസ് പാപ്പ വിസ്മരിക്കരുതെന്നും അക്കൂട്ടര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

ഫ്രാൻസിസ് മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ

ചരിത്രത്തെ മാറ്റാന്‍ വിശ്വാസത്തിനാകും 
ഫ്രാന്‍സിസ് പാപ്പ
 

വത്തിക്കാന്‍ ചൈനയുമായുണ്ടാക്കിയ ധാരണ ആ രാജ്യത്തെ കത്തോലിക്കാ സമൂഹത്തില്‍ ഐക്യവും നവസുവിശേഷചൈതന്യവും കൊണ്ടുവരുമെന്നു വിശ്വസിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ 'ചൈനയിലെ കത്തോലിക്കര്‍ക്കും സാര്‍വ്വത്രിക സഭയ്ക്കുമുള്ള' കത്തില്‍ ആഹ്വാനം ചെയ്തു. കത്തില്‍നിന്ന്:

ചരിത്രത്തില്‍ യാത്ര ചെയ്യുന്ന വമ്പിച്ച ഒരു ജനതയുടെ വിശാലതയ്ക്കുള്ളില്‍ സന്നിഹിതവും സജീവവുമായ ചൈനയിലെ കത്തോലിക്കര്‍ക്ക് ഇത് പുതിയൊരു അധ്യായമാണ്. ഉടമ്പടി വ്യവസ്ഥകള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ കരാര്‍ സംബന്ധിച്ച് ചിലര്‍ ആശങ്കയും അമ്പരപ്പും പ്രകടിപ്പിക്കുന്നു; മറ്റു ചിലരാകട്ടെ, പരിശുദ്ധ സിംഹാസനം തങ്ങളെ കൈവെടിഞ്ഞുവെന്ന തോന്നലിലാണ്. പത്രോസിന്റെ പിന്‍ഗാമിയോട് തങ്ങള്‍ കൂറുപുലര്‍ത്തിയതിന്റെ പേരില്‍ അനുഭവിച്ച പീഡനങ്ങള്‍ക്കും ത്യാഗത്തിനും ഒരു വിലയുമില്ലാതായിപ്പോയി എന്നു ചിലര്‍ പരിതപിക്കുന്നു. എന്നാല്‍, ഈ ഉടമ്പടിക്ക് ആധ്യാത്മികവും അജപാലനപരവുമായ ചില ലക്ഷ്യങ്ങളുണ്ട്. സുവിശേഷ പ്രഘോഷണം മുന്നോട്ടുകൊണ്ടുപോകുക, ചൈനയിലെ കത്തോലിക്കാ സമൂഹത്തിന്റെ കൂട്ടായ്മ പൂര്‍ണ്ണമായും വളരെ പ്രത്യക്ഷമായും പുനഃസ്ഥാപിക്കുക എന്നീ വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ഈ കരാറില്‍ ഏര്‍പ്പെടുന്നത്.

വത്തിക്കാനും ബെയ്ജിങ്ങും തമ്മിലുള്ള ദീര്‍ഘവും അതിസങ്കീര്‍ണ്ണവുമായ, വ്യവസ്ഥാപിത രീതിയിലുള്ള സംഭാഷണം ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ആരംഭിക്കുകയും ബെനഡിക്ട് പതിനാറാമന്‍ പാപ്പ അതു തുടര്‍ന്നുകൊണ്ടുപോവുകയും ചെയ്തു. സംവാദത്തിന്റെ ആ യാത്രയ്ക്ക് കേവലമായ വിശ്വാസം ആവശ്യമായിരുന്നു. പഴയനിയമത്തില്‍ അബ്രാഹമിനു വേണ്ടിവന്ന അതേ വിശ്വാസം. സ്വന്തം നാട് വിട്ടുപോകുന്നതിനു മുന്‍പ് തികച്ചും ഉചിതമായ സാമൂഹിക, രാഷ്ട്രീയ സാഹചര്യം ഉണ്ടാകണം എന്ന് അബ്രാഹം ശഠിച്ചിരുന്നെങ്കില്‍ അദ്ദേഹം പുറപ്പെടുക പോലുമില്ലായിരുന്നു. അതിനുപകരം അദ്ദേഹം ദൈവത്തെ വിശ്വസിച്ചു, ദൈവത്തിന്റെ വാക്കുകളില്‍ ആശ്രയിച്ചുകൊണ്ട് തന്റെ ഭവനവും അതിന്റെ സുരക്ഷിതത്വവും ഉപേക്ഷിച്ചു. ചരിത്രപരമായ മാറ്റങ്ങളല്ല ദൈവത്തില്‍ തന്റെ വിശ്വാസം അര്‍പ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്; ചരിത്രത്തില്‍ മാറ്റമുണ്ടാക്കിയ അദ്ദേഹത്തിന്റെ കേവല വിശ്വാസമായിരുന്നു അത്.

പത്രോസിന്റെ പിന്‍ഗാമി എന്ന നിലയില്‍ ഈ വിശ്വാസത്തില്‍, അബ്രാഹമിന്റെ വിശ്വാസത്തില്‍, പരിശുദ്ധ കന്യകമറിയത്തിന്റെ വിശ്വാസത്തില്‍, നിങ്ങള്‍ സ്വീകരിച്ച വിശ്വാസത്തില്‍ - നിങ്ങളെ സ്ഥൈര്യപ്പെടുത്താനും ചരിത്രത്തിന്റെ നാഥനിലും അവന്റെ ഹിതം വിവേചിച്ചറിയുന്ന സഭയിലും നിങ്ങള്‍ കൂടുതല്‍ ദൃഢതരമായി വിശ്വാസം അര്‍പ്പിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. 

(അവസാനിച്ചു.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com