ഇനി ലക്ഷ്യം ലക്ഷദ്വീപ്; പരിഷ്‌കാരങ്ങള്‍ക്ക് പിറകില്‍ പതിയിരിക്കുന്ന രാഷ്ട്രീയ അജന്‍ഡ

ഈയടുത്തകാലം വരെ ശാന്തമായ സാമൂഹ്യജീവിതവും രാഷ്ട്രീയജീവിതവുമുള്ള ജനതയായിരുന്നു ലക്ഷദ്വീപില്‍ ജീവിച്ചുപോന്നത്
la
la

ജോണ്‍ പില്‍ജര്‍ എന്ന പ്രശസ്ത ആസ്‌ട്രേലിയന്‍ പത്രപ്രവര്‍ത്തകന്‍ എഴുതി സംവിധാനം ചെയ്ത 'സ്റ്റീലിങ് എ നേഷന്‍' എന്ന ഒരു ഡോക്യുമെന്ററി ഉണ്ട്. 2004-ല്‍ നിര്‍മ്മിച്ച ഈ ഡോക്യുമെന്ററിക്ക് റോയല്‍ ടെലിവിഷന്‍ സൊസൈറ്റി അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധയാകര്‍ഷിച്ച ഈ ഡോക്യുമെന്ററി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലദ്വീപ് സമൂഹത്തിനു 500 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന ചാഗോസ് ദ്വീപ് സമൂഹത്തിലെ നിവാസികളെ അവരുടെ മണ്ണില്‍നിന്നും പറിച്ചെറിഞ്ഞതിന്റെ വിവരണമാണ്. ലക്ഷദ്വീപിലെ പുതിയ സംഭവവികാസങ്ങളുയര്‍ത്തുന്ന ആശങ്കയാണ് ഡോക്യുമെന്ററിയില്‍ വിവരിക്കുന്ന ചാഗോസിലെ ജനതയുടെ വിധിയെക്കുറിച്ച് നമ്മെ വീണ്ടും ചിന്തിപ്പിക്കുന്നത്. 

''ജനാധിപത്യ മുഖപ്പിനു പിറകില്‍ ഒരു മുഴുവന്‍ വ്യവസ്ഥയും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഒരു ദുരന്തമോ ഒരു കുറ്റകൃത്യമോ നമ്മോട് പറഞ്ഞു തരുന്ന സന്ദര്‍ഭങ്ങളുണ്ട്. ശക്തര്‍ക്കുവേണ്ടി ലോകം എത്രത്തോളം പ്രവര്‍ത്തിക്കുന്നുവെന്നും ഗവണ്‍മെന്റുകള്‍ പലപ്പോഴും എങ്ങനെയാണ് നുണകളാല്‍ തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നതെന്നും കൂടി അവ പറഞ്ഞുതരുന്നുണ്ട്.'' ആ ഡോക്യുമെന്ററിയുടെ തുടക്കത്തില്‍, പില്‍ജര്‍ അഭിപ്രായപ്പെടുന്നതിങ്ങനെ. ലക്ഷദ്വീപിനെക്കുറിച്ച് മോദിക്കൊരു സ്വപ്നമുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് അവിടത്തെ പുതിയ നീക്കങ്ങളും പരിഷ്‌കാരങ്ങളുമെന്നും ഉള്ള ഇന്ത്യ ഭരിക്കുന്നവരുടെ പ്രസ്താവനകള്‍ കാണിക്കുന്നത് തങ്ങളുടെ കുത്സിതവൃത്തികളെ നുണകളാല്‍ ന്യായീകരിക്കുന്ന പ്രവൃത്തി അതെവിടെയായാലും ഇപ്പോഴും നിര്‍ബ്ബാധം തുടരുന്നു എന്നുതന്നെയാണ്. എന്തായാലും മോദിയുടെ സ്വപ്നങ്ങളേക്കാള്‍ രാജ്യത്തിനു വലുത് ആ ജനതയുടെ സാംസ്‌കാരികവും ഭൗതികവുമായ ജീവിതമാണ് എന്ന് ദ്വീപിലും വന്‍കരയിലും ഉയരുന്ന പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നു.

തങ്ങളുടെ അധീനതയിലായിരുന്ന മൗറീഷ്യസ് എന്ന രാജ്യത്തിനു സ്വാതന്ത്ര്യം നല്‍കുന്നതിന്റെ മുന്നുപാധിയായാണ് മൗറീഷ്യസിന്റെ ഡിപെന്‍ഡെന്‍സിയായ ചാഗോസ് ബ്രിട്ടീഷുകാര്‍ തന്നെ കൈവശം വെയ്ക്കുമെന്ന തീരുമാനത്തിന് മൗറീഷ്യസ് സമ്മതം മൂളുന്നത്. സ്വാതന്ത്ര്യാനന്തരം മൗറീഷ്യസിലേക്ക് സ്വാഭാവികമായും മടങ്ങിപ്പോകേണ്ട തൊഴിലാളികളാണ് ദ്വീപുവാസികള്‍ എന്നൊരു കെട്ടുകഥയും ബ്രിട്ടന്റെ വിദേശകാര്യാലയം മെനഞ്ഞെടുത്തു. അതായത് അവിടെ തദ്ദേശീയ ജനത എന്നൊന്നില്ല എന്നവര്‍ സങ്കല്പിച്ചു എന്നര്‍ത്ഥം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ചാഗോസ് അറ്റോളുകളിലൊന്നില്‍, ദീഗോ ഗാര്‍ഷ്യയില്‍, ഒരു നാവിക താവളം സ്ഥാപിക്കുക എന്ന ബ്രിട്ടന്റേയും അമേരിക്കയുടേയും ലക്ഷ്യമായിരുന്നു ഈ നീക്കങ്ങള്‍ക്കു പിറകില്‍. തദ്ദേശീയ ജനത എന്നൊന്നില്ലാത്ത വിജനദ്വീപായിരുന്നു ചാഗോസ് എന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ ചരിത്രത്തെ വ്യാഖ്യാനിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഫ്രെഞ്ചുകാരുടെ വരവിനും മുന്‍പേ അവിടെ ഒരു ആദിമ ജനത ഉണ്ടായിരുന്നുവെന്നാണ് മാലദ്വീപുകാര്‍ക്കിടയില്‍ വായ്‌മൊഴിയായി പകര്‍ന്നുകൊടുക്കപ്പെട്ട അറിവുകളിലും അവരുടെ മിത്തുകളിലും കാണുന്നുണ്ട്. ഫോലാവഹി എന്നാണ് മാലദ്വീപുകാര്‍ ആ നാടിനെ വിളിച്ചിരുന്നത്. 

'സ്വീപ് ആന്റ് സാനിറ്റൈസ്' എന്നാണ് തന്നാട്ടുകാരെ അവിടെ നിന്നും ഒഴിപ്പിക്കുന്ന ഓപറേഷന് യു.എസ് പേരിട്ടത്. ബ്രിട്ടന്‍ 90 കൊല്ലത്തിന് യു.എസ്സിനു പാട്ടത്തിനു നല്‍കിയ ഇപ്രദേശത്തുള്ളവരെ മുഴുവന്‍ ഒന്നൊഴിയാതെ ഒഴിപ്പിക്കണമെന്ന് അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് നിര്‍ബ്ബന്ധമായിരുന്നു. പ്രദേശം 'അടിച്ചു തുടച്ച് വൃത്തിയാക്കുന്ന' പ്രവര്‍ത്തനത്തിന് 1965-'66 കാലത്ത് തുടക്കമായി. 

ഹൃദയഭേദകമായിരുന്നു തന്നാട്ടുകാരുടെ വിധി. സാമഭേദദാനദണ്ഡങ്ങള്‍ പ്രയോഗിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ തങ്ങളുടെ ദൗത്യം നിറവേറ്റിയത്. കുറേപ്പേരെ ആദ്യം കിഴക്കന്‍ ഭാഗത്തുള്ള ഒരു അറ്റോളിലേക്ക് മാറ്റി. പിന്നീട് മൗറീഷ്യസിലേക്കും മറ്റും. അതുവരെ കുറ്റകൃത്യങ്ങളെക്കുറിച്ച് കേട്ടറിവു മാത്രമുള്ള ചാഗോസ്യന്‍ ജനത കുടിയേറിപ്പാര്‍ത്ത ഇടങ്ങളില്‍ അവര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ പെരുകി. ആത്മഹത്യകള്‍ വര്‍ദ്ധിച്ചു. ലാറ്റിനമേരിക്കയിലെ ഉന്മൂലനം ചെയ്യപ്പെട്ട അമരിന്ത്യന്‍ ഗോത്രങ്ങളെപ്പോലെ, മാലദ്വീപിലെ പ്രാചീന കുടിയേറ്റക്കാരായ ഗിരാവാരു ജനതയെപ്പോലെ ഇന്നു ചരിത്രത്തിലെവിടേയും ചാഗോസ്യന്‍ ജനതയെ കാണാനാകില്ല. ഇപ്പോള്‍ ലക്ഷദ്വീപില്‍ തുടക്കമായിട്ടുള്ളത് സ്വീപ് ആന്റ് സാനിറ്റൈസ് ഓപറേഷന്‍ മാതൃകയില്‍ തന്നെയാണ് എന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. 

വന്‍കരകള്‍ രൂപപ്പെടുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്ലേറ്റ് ആഫ്രിക്കയില്‍ നിന്നടര്‍ന്ന് യൂറേഷ്യന്‍ പ്ലേറ്റുമായി ചേരുന്നതിന്റെ തുടര്‍ച്ചയില്‍ സൃഷ്ടിക്കപ്പെട്ട, കടലിനടിയിലെ നിര്‍ജ്ജീവങ്ങളായിത്തീര്‍ന്ന വലിയ അഗ്‌നിപര്‍വ്വത നിരകളുടെ ജലോപരിതലത്തില്‍ ദൃശ്യമാകുന്ന ഭാഗമാണ് ചാഗോസും മാലദ്വീപും ലക്ഷദ്വീപുമെല്ലാം. ഈ ചാഗോസ്-മാല്‍ഡിവ്‌സ്-ലക്കഡിവ് റിഡ്ജിന്റെ അങ്ങേയറ്റത്താണ് ജനാധിവാസമുള്ള പതിനൊന്ന് ദ്വീപുകള്‍ ഉള്‍പ്പെട 36 ദ്വീപുകളടങ്ങുന്ന ലക്ഷദ്വീപ്. ചൈനാപ്പേടി വര്‍ദ്ധിച്ചു വരികയും ശ്രീലങ്കയിലും മാലദ്വീപിലും ചൈന പിടിമുറുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് തന്ത്രപ്രധാനമേഖലയാണ് ഇന്ത്യയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തോടു ചേര്‍ന്നുകിടക്കുന്ന ദ്വീപുകളും പടിഞ്ഞാറുള്ള അറബിക്കടലും. ഈ പശ്ചാത്തലത്തില്‍, പല കാരണങ്ങളാല്‍ ലക്ഷദ്വീപു ജനതയെ അപ്പാടെ വേരോടെ പിഴുതെറിയുകയോ ഇല്ലാതാക്കുകയോ വേണം എന്നാണ് അധികാരികള്‍ കരുതുന്നതെന്ന ഭയം അവിടത്തുകാര്‍ക്കിടയില്‍ വ്യാപകമായി ഉണ്ട്.

ജലപ്പരപ്പില്‍ വീണ കല്ല് 

ഈയടുത്തകാലം വരെ ശാന്തമായ സാമൂഹ്യജീവിതവും രാഷ്ട്രീയജീവിതവുമുള്ള ജനതയായിരുന്നു ലക്ഷദ്വീപില്‍ ജീവിച്ചുപോന്നത്. പാമ്പുകളോ പട്ടികളോ കാക്കകളോ ഇല്ലാത്തവയാണ് ലക്ഷദ്വീപിലെ ചെറുചെറു ദ്വീപുകളെന്നു പറയാറുണ്ട്. മദ്യമോ കുറ്റകൃത്യങ്ങളോ ഇല്ല. വ്യക്തിപരമായ തര്‍ക്കങ്ങളോ ശണ്ഠകളോ ഉണ്ടായാല്‍ത്തന്നെ മിക്കപ്പോഴും കോടതികളിലെത്താതെ നാട്ടുനടപ്പനുസരിച്ച് ഒത്തുതീര്‍പ്പുകളാകുകയാണ് പതിവ്. അങ്ങനെ ഇല്ലാത്തവയുടേയും ഇല്ലാതായവയുടേയും കൂട്ടത്തില്‍ ഇനി സമാധാനം എന്ന പദം കൂടി ഉള്‍പ്പെടുത്താമെന്നായിട്ടുണ്ട്. 

ജെസരി എന്നൊരു വകഭേദമുണ്ടെങ്കിലും മുഖ്യമായും മലയാളം സംസാരിക്കുന്നവരാണ് ലക്ഷദ്വീപുകാര്‍. മിനിക്കോയ് ആണ് ഒരു അപവാദം. കുറച്ചുപേര്‍ക്ക് മലയാളം അറിയാമെങ്കിലും മുഖ്യമായും അവിടെ സംസാരിക്കുന്നത് ഇന്‍സുലാര്‍ ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയായ ദിവേഹിയുടെ വകഭേദമായ മഹല്‍ ആണ്. സാംസ്‌കാരികമായും മിനിക്കോയിക്കാര്‍ക്ക് വടക്കന്‍ മാലദ്വീപുകളോടാണ് സാമീപ്യം.
 
ഒരുപക്ഷേ, കേരളത്തിലെ ആദിമജനതയുടെ സവിശേഷതകള്‍ ഇപ്പോഴും ഏറെക്കുറെ നിലനിര്‍ത്തുന്നവരാണ് പൊതുവേ ലക്ഷദ്വീപുകാര്‍. ചരിത്രപരമായിത്തന്നെ കേരളത്തിന്റെ ഭാഗമായി ജീവിച്ചവരാണ് അന്നാട്ടുകാര്‍. ലക്ഷദ്വീപിലെ കല്‍പേനിയിലേക്ക് കേരളത്തില്‍നിന്ന് 287 കിലോമീറ്ററാണ്. തലസ്ഥാനമായ കവരത്തിയിലേക്കാകട്ടെ 404 കിലോമീറ്ററും. എല്ലാ കാര്യങ്ങള്‍ക്കും വന്‍കരയിലെത്തുന്ന അവര്‍ കൊച്ചിയില്‍ വന്നിറങ്ങുന്നു. ചരക്കുനീക്കത്തിന് ബേപ്പൂരിനെ ആശ്രയിക്കുന്നു. തീര്‍ച്ചയായും വലിയ ടൂറിസം സാദ്ധ്യതയുള്ള ഇടങ്ങളാണ് ലക്ഷദ്വീപിലുള്ളത്. എന്നാല്‍, തന്നാട്ടുകാരെ ശത്രുക്കളാക്കാതെ അവര്‍ക്കു കൂടി ഗുണം ചെയ്യുന്ന രീതിയില്‍ ആ സാദ്ധ്യത മുതലെടുക്കാനല്ല ഇപ്പോഴത്തെ നീക്കങ്ങളെന്നതാണ് ശ്രദ്ധേയം. 

ദാമന്‍ ദിയു എന്ന കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേലിന് 2020 ഡിസംബറില്‍ ലക്ഷദ്വീപിന്റെ അധികച്ചുമതല നല്‍കുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹം മറ്റൊരു കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയുവിന്റെ അഡ്മിനിസ്‌ട്രേറ്ററെന്ന നിലയില്‍ എടുത്ത നടപടികള്‍ ഏകാധിപത്യ സ്വഭാവമുള്ള ജനവിരുദ്ധവും സ്വകാര്യ താല്പര്യങ്ങള്‍ക്കുവേണ്ടിയുള്ളവയും ആയിരുന്നുവെന്ന് വ്യാപകമായി ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ മുക്കുവജനതയെ അവരുടെ ആവാസവ്യവസ്ഥകളില്‍നിന്നും പറിച്ചെറിഞ്ഞാണ് ടൂറിസത്തിന്റെ പേരില്‍ പല പരിഷ്‌കാരങ്ങളും നടപ്പാക്കിയത് എന്നും പരക്കേ പരാതി ഉയര്‍ന്നിരുന്നു.
 
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ അസുഖത്തെ തുടര്‍ന്ന് മരിച്ചതോടെയാണ് പ്രഫുല്‍ കെ. പട്ടേല്‍ ചുമതലയേല്‍ക്കുന്നത്. ചുമതലയേറ്റതിനുശേഷം കൈക്കൊണ്ട പ്രധാന നടപടി ഉദ്യോഗസ്ഥതലത്തിലെ അഴിച്ചുപണികളായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 200 ഹൈസ്‌കൂള്‍ അദ്ധ്യാപകരെ പിരിച്ചുവിട്ടു. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചവരെ ജനാധിപത്യവിരുദ്ധമായി നേരിട്ടു. ദ്വീപിലെ വാര്‍ത്താപോര്‍ട്ടല്‍ വിലക്കി, ഇങ്ങനെ നിരവധി വിമര്‍ശനങ്ങള്‍. 

കൊവിഡിന്റെ ഒന്നാംതരംഗത്തില്‍ ഒറ്റ കൊവിഡ് രോഗി പോലുമില്ലാതിരുന്ന ലക്ഷ്വദീപില്‍ രണ്ടാംതരംഗത്തോടെ ആയിരത്തില്‍പ്പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകം മുഴുവന്‍ കൊവിഡ് ബാധിച്ചിട്ടും കൊവിഡ് കേസുകളെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ദ്വീപ് ഇപ്പോള്‍ കൊവിഡിന്റെ നീരാളിപ്പിടുത്തത്തിലായി. കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിക്കാന്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ അനുവാദം നല്‍കിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദ്വീപിലേക്കു പോകുന്നവര്‍ക്ക് കൊച്ചിയില്‍ നിരീക്ഷണവും ടെസ്റ്റും നിര്‍ബ്ബന്ധമായിരുന്നു. ദ്വീപിലെത്തിയാല്‍ ഏഴു ദിവസം ക്വാറന്റൈനും. ഇവ വകവെയ്ക്കാതെ ടൂറിസ്റ്റുകളെ കൊണ്ടുവന്നതോടെ ആശുപത്രി സൗകര്യങ്ങള്‍ കുറവുള്ള ദ്വീപില്‍ രോഗബാധ വര്‍ദ്ധിക്കുകയും ജനങ്ങള്‍ ദുരിതത്തിലാകുകയും ചെയ്തു.

ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനങ്ങളെടുക്കുന്നത് എന്നതാണ് മറ്റൊരാക്ഷേപം. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് വിദ്യാഭ്യാസം, ആരോഗ്യം, മത്സ്യബന്ധനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയവയെല്ലാം നേരിട്ട് അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കിയത് വമ്പിച്ച പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയിട്ടുള്ളത്. തീരദേശ സംരക്ഷണത്തിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചുനീക്കിയതും മദ്യമില്ലാതിരുന്ന ദ്വീപില്‍ ടൂറിസത്തിന്റെ പേരില്‍ മദ്യമെത്തിച്ചതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. കവരത്തി, മിനിക്കോയി, അഗത്തി, കടമം തുടങ്ങിയ ദ്വീപുകളിലാണ് ഇപ്പോള്‍ മദ്യവിതരണത്തിന് അനുവാദമുള്ളത്. ടൂറിസം വകുപ്പിനു കീഴിലുള്ള ഔട്ട്‌ലെറ്റുകളിലൂടെയാണ് മദ്യം ലഭ്യമാക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണമെനുവില്‍നിന്ന് മാംസാഹാരം ഒഴിവാക്കി തുടങ്ങി നിരവധി ആക്ഷേപങ്ങളാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നേരെ ഉയര്‍ന്നിട്ടുള്ളത്. കന്നുകാലി വളര്‍ത്തലിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയും പാല്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ തുടങ്ങുകയും ചെയ്തുവെന്നും പറയുന്നു. പ്രതിഷേധിക്കുന്നവരെ ഗുണ്ടാ ആക്ട് ചുമത്തി ജയിലിലിടാനും നീക്കം നടക്കുന്നു. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുന്ന നടപടിയാണ് വലിയ പ്രതിഷേധം ഉയര്‍ത്തിയ മറ്റൊരു നീക്കം. ഓരോ ദ്വീപിലും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റര്‍മാരുണ്ട്. ഇവരെ പിരിച്ചുവിടുകയും ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുകയും ചെയ്തതാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളിലൊന്ന്. ടൂറിസം വകുപ്പില്‍നിന്നുതന്നെ 190 പേരെ പിരിച്ചുവിട്ടു. ദ്വീപുകാരുടെ ജീവനോപാധിയായ മത്സ്യബന്ധനത്തിനു വിഘാതം വരുത്തുംവിധം കടലോരങ്ങളില്‍ അവര്‍ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും വലയും ഷെഡ്ഡുമെല്ലാം തീരസംരക്ഷണ നിയമത്തിന്റെ പേരില്‍ നീക്കം ചെയ്തു. മൃഗസംരക്ഷണ വകുപ്പുകള്‍ നടത്തിയിരുന്ന രണ്ടു ഡെയ്‌റിഫാമുകള്‍ നിര്‍ത്തലാക്കുകുയും ചെയ്തു. 

ബേപ്പൂര്‍ തുറമുഖം വഴിയുള്ള ലക്ഷദ്വീപിലേയ്ക്കുള്ള ചരക്കുനീക്കം തടസ്സപ്പെടുത്തിയതാണ് മറ്റൊരു പ്രധാന നടപടി. ഇനി മുതല്‍ മംഗലാപുരം തുറമുഖം വഴി മതി കയറ്റിറക്ക് എന്നും അഡ്മിനിസ്‌ട്രേറ്റര്‍ കല്പന പുറപ്പെടുവിച്ചിട്ടുണ്ട്. ബേപ്പൂര്‍ തുറമുഖം വഴി ദ്വീപിലേക്ക് കന്നുകാലികളെ കയറ്റുന്നത് നിരോധിക്കുന്നതിനും കരട് നിയമമുണ്ടാക്കി. 

ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നീക്കങ്ങള്‍ വലിയ പ്രതിഷേധമാണ് വന്‍കരയിലും ഉയര്‍ത്തിയിട്ടുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, രാജ്യസഭാംഗം എളമരം കരീം, ഇടതുമുന്നണി കണ്‍വീനറും സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍, സി.പി.ഐ.എം നേതാവ് ഡോ. ടി.എം. തോമസ് ഐസക്ക്, കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം തുടങ്ങിയവര്‍ക്കു പുറമേ മലയാളത്തിലെ ചലച്ചിത്രതാരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം ഈ നീക്കത്തിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എഐസിസി ഒരു സംഘത്തെ ദ്വീപു സന്ദര്‍ശിക്കാന്‍ അയയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

മോദിയും പ്രഫുൽ ഖോഡാ പട്ടേലും
മോദിയും പ്രഫുൽ ഖോഡാ പട്ടേലും

മോദിയുടെ വിശ്വസ്തന്‍, വിവാദങ്ങളുടെ തോഴന്‍ 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുസ്ഥാനീയനായി കാണുന്ന പഴയകാല ആര്‍.എസ്.എസ് നേതാവ് രഞ്‌ജോദ്ഭായി പട്ടേലിന്റെ മകനാണ് പ്രഫുല്‍ ഖോഡാ പട്ടേല്‍. (എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്.) 2007ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമത് നഗറില്‍നിന്നും എം.എല്‍.എയായി. മൂന്നുവര്‍ഷത്തിനു ശേഷം മന്ത്രിസഭാംഗവുമായി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തരവകുപ്പിന്റെ ചുമതലയും നല്‍കി. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ ജയിലിലായതിനെ തുടര്‍ന്നാണ് പകരക്കാരനായി ആഭ്യന്തരവകുപ്പിന്റെ ചുമതല പട്ടേല്‍ വഹിക്കുന്നത്. പുറമേ, അമിത് ഷാ വഹിച്ചിരുന്ന 10 വകുപ്പുകളുടെ ചുമതലയും പട്ടേലിനായിരുന്നു. എന്നാല്‍, 2012-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമത് നഗറില്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014-ല്‍ മോദി പ്രധാനമന്ത്രിയായതോടെ കുറച്ചുകാലത്തെ നിശ്ശബ്ദതയ്ക്കുശേഷം പ്രഫുല്‍ ഖോഡാ പട്ടേല്‍ വീണ്ടും സജീവമായി. 

2016-ല്‍ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐ.എ.എസ്സുകാരെ നിയമിക്കുക എന്ന കീഴ്‌വഴക്കം ലംഘിച്ചുകൊണ്ട് പട്ടേലിനെ ദാമന്‍ ദിയുവിന്റെ മോദി ഭരണസാരഥ്യത്തിലിരുത്തി. പിന്നീട് ദാദ്രാനഗര്‍ ഹവേലിയുടേയും. 

പോയ ഇടങ്ങളിലെല്ലാം സ്ഥലവാസികളുടെ മാത്രമല്ല, ബി.ജെ.പി പ്രവര്‍ത്തകരുടെപോലും വിരോധം സമ്പാദിക്കാന്‍ മിടുക്കു കാണിച്ചിട്ടുള്ള ഭരണാധികാരിയാണ് പട്ടേല്‍. ദാദ്രാനഗര്‍ ഹവേലിയിലേയും ദാമന്‍ ദിയുവിലേയും ബി.ജെ.പിക്കാര്‍ തന്നെ അദ്ദേഹത്തിന്റെ ചെയ്തികള്‍ക്കെതിരെ നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ ലക്ഷദ്വീപിലെ ബി.ജെ.പി ഘടകത്തിനുപോലും അഡ്മിനിസ്‌ട്രേറ്ററുടെ കടുംകൈകള്‍ സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. 

ദാമന്‍ ദിയുവില്‍ അദ്ദേഹം നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഒട്ടനവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഭവനരഹിതരാക്കുകയോ ചേരികളിലെത്തിക്കുകയോ ചെയ്തു. പട്ടികവര്‍ഗ്ഗത്തില്‍ പെടുന്ന ദാമനീസ് എന്ന മുക്കുവജനതയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഇരകളായി തീര്‍ന്നത്. ദാമനിലെ ആ പ്രദേശം ഇന്ന് സിജി കോര്‍പ് ഗ്ലോബലിന്റെ കയ്യിലാണ്. തീരത്തെ മുക്കുവജനതയെ ആട്ടിയോടിച്ച് വമ്പന്‍ ടൂറിസം വ്യവസായികള്‍ക്ക് പ്രദേശം കൈമാറിയ പട്ടേലിന്റെ ലക്ഷദ്വീപിലെ ലക്ഷ്യവും ഇതുതന്നെയെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ദാദ്ര നഗര്‍ ഹവേലിയില്‍നിന്നുള്ള ലോകസഭാംഗം മോഹന്‍ ദേല്‍കര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ ആരോപണമുയര്‍ന്നിരുന്നു. പ്രഫുല്‍ പട്ടേലും അദ്ദേഹത്തിന്റെ ഓഫിസും തന്നെ വേട്ടയാടിയെന്ന് സൂചന നല്‍കുന്ന ഒരു കുറിപ്പ് എഴുതിവെച്ചിട്ടാണ് മോഹന്‍ ദേല്‍കര്‍ ആത്മഹത്യ ചെയ്തിരുന്നത്. ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ മകന്‍ പട്ടേലിനെതിരെ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദാദ്ര നഗര്‍ ഹവേലി കളക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍ രാജിവച്ചതിനു കാരണവും പ്രഫുല്‍ ഖോഡാ പട്ടേലുമായി ഉണ്ടായ പോരാണ്. 

ലക്ഷദ്വീപ് ഒറ്റനോട്ടത്തില്‍ 

ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം

ആകെ വിസ്തീര്‍ണം 32 ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ (2011 സെന്‍സസ് പ്രകാരം) 64,473

വംശീയ വിഭാഗങ്ങള്‍

84.33 മലയാളികള്‍
15.67 മഹലുകള്‍

മതം: 98 ശതമാനം മുസ്ലിങ്ങള്‍

36  ദ്വീപുകള്‍

ജനവാസമുള്ളവ 11

ജനവാസമുള്ളവ: അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ്. 

ജനവാസമില്ലാത്തവ: കല്‍പ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി (പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി

ഭാഷ: ജെസരി, മലയാളം, മഹല്‍, ഇംഗ്ലിഷ്

ഭരണതലം

ദ്വിതല പഞ്ചായത്ത് സംവിധാനം
ജില്ലാപഞ്ചായത്ത്
ദ്വീപ്/ഗ്രാമപഞ്ചായത്ത്
വാര്‍ഡുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com