സ്വര്‍ഗത്തിലേക്കുള്ള നടപ്പാതകള്‍

ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്ന ആഗ്രയിലെ ചരിത്രസ്മാരകങ്ങളിലൂടെ. പ്രണയത്തിന്റെ കുടീരങ്ങളുടെ വിസ്മയകാഴ്ചകള്‍ ആ കാലത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ്
താജ് മഹൽ
താജ് മഹൽ

ഹാഭാരതത്തിലെ അഗ്രവന, മുഗളരുടെ അക്ബറാബാദ്. പ്രൗഢഗംഭീരമായ ഒരു ഭൂതകാലം ബാക്കിവെച്ച മായക്കാഴ്ചകളാല്‍ സമ്പന്നമായ ഇടം.

ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍ വളരെ മുന്‍പു തന്നെ സ്ഥാനം പിടിച്ചിരുന്നതിനാല്‍ ആഗ്രയേയും അവിടുത്തെ കാഴ്ചകളേയും ഒക്കെപ്പറ്റി ഒരു ഏകദേശ ധാരണ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഡല്‍ഹി വഴി ആഗ്രയില്‍ എത്തുന്ന രണ്ടു ദിവസത്തെ ഒരു സന്ദര്‍ശന പരിപാടിക്കാണ് പദ്ധതിയിട്ടത്. ആഗ്ര എത്തിയശേഷം നല്ലൊരു ഗൈഡിനെ തരപ്പെടുത്തി തരാമെന്ന് കോഴിക്കോട് പണിക്കേഴ്സ് ട്രാവല്‍സിലെ രാജി ഏറ്റിരുന്നു. സമയവും സാഹചര്യവുമൊക്കെ ഒത്തുവന്നപ്പോള്‍ ഡല്‍ഹിക്കു വിമാനം പിടിച്ചു. ഒരു ദിവസം അവിടെയൊക്കെ ചുറ്റിയടിച്ച ശേഷമാണ് ആഗ്രയ്ക്ക് തീവണ്ടി കയറിയത്.

ശ്വാസംമുട്ടിക്കുന്ന തിരക്ക്, പൊടി, ബഹളം, ചൂട് എന്നിങ്ങനെ ഒരു ശരാശരി ഉത്തരേന്ത്യന്‍ നഗരചേരുവകള്‍ കൃത്യമായ അനുപാതത്തില്‍ ഒത്തുചേരുന്ന പട്ടണമാണ് ഇന്നത്തെ ആഗ്ര. മധ്യേഷ്യയില്‍നിന്നും ഇവിടെ എത്തിച്ചേര്‍ന്ന ആര്യന്മാരുടെ ആദ്യകാല സെറ്റില്‍മെന്റ് എന്നര്‍ത്ഥമാക്കുന്ന 'ആര്യഗൃഹ'മാണ് കാലാന്തരത്തില്‍ ആഗ്ര ആയതെന്നും അല്ല ഹിന്ദു രാജാവായിരുന്ന അഗ്രസേനന്റെ നഗരം എന്നത് പറഞ്ഞ് പതംവന്ന് 'ആഗ്ര'യായി എന്നും പറയപ്പെടുന്നു. ഏതായാലും യമുനാ നദീതീരത്തെ ഈ സുന്ദരനഗരത്തിന്റെ പേരിനു പിറകിലെ കഥകള്‍ തന്നെ നിരവധിയാണ്.

15-18 നൂറ്റാണ്ടുകളില്‍ ഉത്തരേന്ത്യയുടെ സിംഹഭാഗവും അധീനതയിലായിരുന്ന മുഗള്‍ രാജവംശത്തിന്റെ ഹൃദയഭൂമിയായിരുന്ന ആഗ്രയില്‍ അവരുടെ തിരുശേഷിപ്പുകള്‍ ഏറെയാണ്. യുനെസ്‌കോ ലോക പൈതൃക ഇടങ്ങളായി പ്രഖ്യാപിച്ച മൂന്ന് സ്ഥലങ്ങള്‍ (ആഗ്രാ കോട്ട/താജ് മഹല്‍/ഫത്തേപുര്‍ സിക്രി) ആഗ്രയിലുണ്ട്. പക്ഷേ, ഇവിടങ്ങളില്‍ ഒതുങ്ങുന്നതല്ല ആഗ്രക്കാഴ്ചകള്‍. സച്ചിന്റെ നിഴലില്‍ ദ്രാവിഡ് എന്ന പോലെ താജ്മഹല്‍ എന്ന വിസ്മയ പ്രണയകുടീരത്തിന്റെ നിഴലിലായിപ്പോയി ബാക്കിയെല്ലാം.

അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ആദ്യകാല ഇസ്ലാമിക പടയോട്ടങ്ങളില്‍ (ഗസ്‌നികളാല്‍) തച്ചു തകര്‍ക്കപ്പെട്ട ആഗ്രയുടെ തലവര മാറിയത് ഡല്‍ഹി സുല്‍ത്താന്മാരിലെ 'ലോധി' വംശത്തില്‍പ്പെട്ട 'സിക്കന്ദര്‍ ലോധി' തന്റെ തലസ്ഥാനം (1504ല്‍) ഡല്‍ഹിയില്‍നിന്ന് ഇങ്ങോട്ട് മാറ്റിയതോടെയാണ്. ലോധിമാരും ശേഷം അധികാരം കയ്യാളിയ മുഗളരുമാണ് ആഗ്രയെ മുഖ്യധാരയില്‍ എത്തിച്ചത്. സിക്കന്ദര്‍ ലോധി മുതല്‍ മുഗള്‍ ചക്രവര്‍ത്തിമാരായ അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവര്‍ വരെയുള്ള രാജാക്കന്മാരുടെ ആസ്ഥാന നഗരി എന്ന പദവി അലങ്കരിക്കാന്‍ ആഗ്രയ്ക്കായി. ഇന്‍ഡോ-ഇസ്ലാമിക്-പേര്‍ഷ്യന്‍ വാസ്തുവിദ്യയുടെ സമഞ്ജസ രൂപമായ മുഗള്‍ വാസ്തുകലയുടെ അഭിമാനസ്തംഭങ്ങളായ കുറച്ചധികം നിര്‍മ്മിതികള്‍ നമുക്ക് ആഗ്രയില്‍ കാണാനാവും. നേരത്തെ പറഞ്ഞ പൈതൃക ഇടങ്ങള്‍ തന്നെയാണ് അവയില്‍ പ്രധാനികള്‍. മൂന്നാം മുഗള്‍ ചക്രവര്‍ത്തിയായ അക്ബറും അഞ്ചാം ചക്രവര്‍ത്തിയായിരുന്ന ഷാജഹാനുമാണ് മുഗള്‍ വാസ്തുകലയെ ഏറെ പരിപോഷിപ്പിച്ചവര്‍. മുഗള്‍ വാസ്തുവിദ്യ അതിന്റെ ഔന്നത്യങ്ങളെ സ്പര്‍ശിച്ചത് ഷാജഹാന്റെ കാലത്താണ്. ചുവന്ന കല്ലുകള്‍കൊണ്ട് അക്ബര്‍ നിര്‍മ്മിച്ച പല നിര്‍മ്മിതികള്‍ക്കും വെണ്ണക്കല്ലിന്റെ പകിട്ടും ഗരിമയും നല്‍കിയത് ഷാജഹാനാണ്. താജ്മഹല്‍, ഡല്‍ഹിയിലെ ചെങ്കോട്ട, ജുമാ മസ്ജിദ് എന്നിങ്ങനെ വിശിഷ്ടങ്ങളായ ഒട്ടനവധി മുഗള്‍ വിസ്മയങ്ങളുടെ പിറകില്‍ നിര്‍മ്മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഷാജഹാനാണ്. മുഗള്‍ വാസ്തുവിദ്യയുടെ സുവര്‍ണ്ണ നാളുകള്‍ എന്നറിയപ്പെടുന്നതും ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടമാണ്.

അഞ്ഞൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുള്ള, നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആഗ്ര കോട്ടയില്‍നിന്നാണ് എന്റെ ആഗ്രക്കാഴ്ചകള്‍ക്ക് തുടക്കം. രാവിലെ പത്തുമണിക്കുതന്നെ കോട്ടയ്ക്കു മുന്നില്‍ എത്താനാണ് ഗൈഡ് റിസ്വാന്‍ ഉദിന്‍ ചട്ടംകെട്ടിയിരിക്കുന്നത്. ഡല്‍ഹിയില്‍നിന്നുതന്നെ എത്തുന്ന ഒരു സംഘത്തിനൊപ്പം ഇവിടെനിന്നും ചേരാനാണ് നിര്‍ദ്ദേശം. പറഞ്ഞതിലും കുറച്ചു നേരത്തേതന്നെ ഞാന്‍ ആഗ്ര കോട്ടയ്ക്ക് മുന്നിലെത്തി അവരെ കാത്തുനില്‍ക്കാന്‍ തുടങ്ങി. ഓട്ടോറിക്ഷകള്‍ ഒട്ടനവധിയുണ്ട് നിരത്തില്‍. ഒറ്റ ദിവസത്തെ ഫുള്‍ ആഗ്രക്കാഴ്ചകള്‍ കൊണ്ടുകാണിച്ചു നമ്മളെ തിരിച്ചെത്തിക്കും ഇവര്‍. ഗൈഡുമാരൊക്കെ സ്വയം വിപണനങ്ങളില്‍ വ്യാപൃതരായി തുടങ്ങി. മുന്നില്‍ കാണുന്ന ചുവന്ന കല്ലുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ട വലിയ കോട്ടമതില്‍ക്കെട്ടിനുള്ളില്‍ ഇരുന്നുകൊണ്ടാണ് മുഗളന്മാര്‍ ഈ നാട് ഭരിച്ചത്. കോട്ടമതില്‍ കെട്ടിലുടനീളം നിരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ച അര്‍ദ്ധവൃത്താകൃതിയിലുള്ള നിരവധി കൊത്തളങ്ങളുണ്ട്. 'ലാല്‍കില' എന്നറിയപ്പെടുന്ന ആഗ്ര കോട്ടയ്ക്ക് ഡല്‍ഹിയിലെ ചെങ്കോട്ടയുമായി സാദൃശ്യങ്ങള്‍ ഏറെയാണ്. 'ബാദല്‍ഘട്ട്' എന്ന് ആദ്യനാളുകളില്‍ അറിയപ്പെട്ടിരുന്ന ഇവിടം ഇഷ്ടികകൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറുടെ കാലത്താണ് ഇഷ്ടികയുടെ സ്ഥാനത്ത് രാജസ്ഥാനിലെ ബറേലിയില്‍ നിന്നെത്തിച്ച ചുവന്ന കല്ലുകള്‍ ഉപയോഗിച്ച് കോട്ടയെ ഇവ്വിധമാക്കിയത്. അസംഖ്യം നിര്‍മ്മാണങ്ങള്‍ കോട്ടസമുച്ചയത്തില്‍ നടത്തിയതും അക്ബര്‍ ആണ്. പതിനായിരക്കണക്കിനു തൊഴിലാളികളുടെ പത്തുവര്‍ഷത്തിലേറെ നീണ്ട കഠിനാധ്വാനമാണ് നമുക്കു മുന്നില്‍ തലയുയര്‍ത്തി അങ്ങനെ നില്‍ക്കുന്നത്. മുന്നൂറിലേറെ നിര്‍മ്മിതികള്‍ അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തൊണ്ണൂറ് ഏക്കറിലേറെയായി പരന്നുകിടക്കുന്ന ആഗ്ര കോട്ടയുടെ 75 ശതമാനവും ഇന്ന് ഇന്ത്യന്‍ കരസേനയുടെ കൈവശമാണ്. മുഗള്‍ രാജാക്കന്മാരുടെ കൊട്ടാരങ്ങളും മറ്റു സ്വകാര്യ കെട്ടിടങ്ങളുമൊക്കെ ഉണ്ടായിരുന്ന 25 ശതമാനം ഭാഗം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കയ്യാളുന്നു. സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിട്ടുള്ളതും ഈ 25 ശതമാനം ഭാഗം മാത്രമാണ്. ഇതേ അനുപാതം തന്നെയാണ് മുന്‍പ് മുഗളരും പിന്തുടര്‍ന്നിരുന്നത്. കോട്ടയുടെ ഭൂരിഭാഗവും സൈനിക ആവശ്യങ്ങള്‍ക്കുതന്നെയാണ് അന്നും വിനിയോഗിച്ചിരുന്നത്.

പറഞ്ഞതിലും അല്പം താമസിച്ചാണ് ഗൈഡും സംഘവും എത്തിയത്. ഞാന്‍ സ്വയം പരിചയപ്പെടുത്തി കൂട്ടത്തിന്റെ ഭാഗമായി. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ രജപുത്ര യോദ്ധാവായിരുന്ന അമര്‍സിംഗിന്റെ പേരിലുള്ള ഗേറ്റാണ് ഇന്ന് ഈ ഭീമന്‍ കോട്ടയിലേക്കുള്ള പ്രധാന പ്രവേശന കവാടം. ഗേറ്റിനോട് ചേര്‍ന്നുതന്നെയാണ് ടിക്കറ്റ് കൗണ്ടര്‍. 35 രൂപയാണ് പ്രവേശനഫീസ്. കുട്ടികള്‍ക്ക് ഉള്ളില്‍ കടക്കാന്‍ പണം നല്‍കേണ്ടതില്ല. കോട്ടയുടെ സംരക്ഷണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട വലിയ കിടങ്ങിനു മുകളില്‍കൂടിയുള്ള, ഒരു വശം ചങ്ങല കൊണ്ട് കവാടത്തോട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു വലിയ തടിപ്പാലം കടന്നുവേണം നമുക്ക് പ്രധാന കവാടം എത്താന്‍. ആനകളെ ഉപയോഗിച്ചാണ് ഈ വലിയ പാലത്തിന്റെ പ്രവര്‍ത്തനം അന്നു ക്രമീകരിക്കപ്പെട്ടിരുന്നത്. ആ അര്‍ത്ഥത്തില്‍ 'ഹാത്തി പോള്‍' എന്ന പേരിലാണ് ഈ വാതില്‍-പാലം അറിയപ്പെടുന്നതും. അമര്‍സിംഗ് ഗേറ്റ് കടന്നാല്‍ 'വെല്‍കം ഗേറ്റ്' അഥവാ 'സ്വാഗത കവാടം' എന്ന ഒരു ഗോപുര കവാടമുണ്ട്. ഇതിനു മുകളിലെ മട്ടുപ്പാവില്‍ ഇരുന്നുകൊണ്ട് സ്ത്രീകള്‍ കോട്ടയിലേക്ക് ആഗതരാവുന്ന വിശിഷ്ട അതിഥികളേയും ചക്രവര്‍ത്തി അടക്കമുള്ള സദസ്സിലെ സമുന്നതരേയും പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു പോന്നിരുന്നത്രെ. ഇതിനപ്പുറം ചെരിഞ്ഞ പ്രതലത്തില്‍ കല്ലുകള്‍ പാകി ഇരുവശത്തും മതില്‍ക്കെട്ടോടുകൂടിയ ഒരു ഇടുങ്ങിയ വഴിയാണ്. സ്വാഗത കവാടം കടന്നെത്തുന്ന ആനകളെ ഉദ്ദേശിച്ചാണ് ഈ പാത പരുക്കനാക്കി ഇട്ടിരുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ഈ ഇടുങ്ങിയ വഴി പക്ഷേ, കോട്ടയ്ക്കുള്ളിലെ വിശാലമായ ഒരു ലോകത്തേക്കാണ് സഞ്ചാരികളെ കൊണ്ടെത്തിക്കുക. അക്ബര്‍ ചക്രവര്‍ത്തി പുത്രനായ ജഹാംഗീറിനായി പണികഴിപ്പിച്ച 'ജഹാംഗീറി മഹല്‍' കൊട്ടാരമാണ് ആദ്യം കാണാനാവുക. സലിം എന്ന ജഹാംഗീറിന്റെ ബാല്യകാലത്തെ സ്‌നാനാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച വലിയ 'കല്‍ത്തൊട്ടി' കൊട്ടാരത്തിനു മുന്നില്‍ ഇപ്പോഴുമുണ്ട്. ബംഗാളി-രജപുത്ര നിര്‍മ്മാണശൈലിക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അക്ബറുടെ സ്വകാര്യ അന്തപ്പുരമായതിനാല്‍ അക്ബറി മഹല്‍ കൂടാതെ ബംഗാളി മഹല്‍ എന്നും ഇവിടം അറിയപ്പെടുന്നു. അന്തപ്പുരങ്ങളും നൃത്ത മണ്ഡപങ്ങളുമൊക്കെ ചേര്‍ന്നതാണീ കൊട്ടാരം. ആഗ്ര കോട്ടയിലെ ഏറ്റവും പഴക്കമേറിയ ഭാഗവും ഇതുതന്നെ. പുറത്തേക്കു തുറക്കുന്ന കിളിവാതിലുകളിലൂടെ അങ്ങ് വിദൂരതയില്‍ യമുനാനദിയും അതിന്റെ തീരത്തായി താജ്മഹലും കാണാം. നല്ല അടിപൊളി കാറ്റൊക്കെക്കൊണ്ട് ഈ സുന്ദരമായ കാഴ്ചകണ്ട് നില്‍ക്കാന്‍ സഞ്ചാരികള്‍ തിങ്ങിക്കൂടുന്നുണ്ട്. ഉത്തരേന്ത്യക്കാരും വിദേശികളുമാണ് പൊതുവായും സന്ദര്‍ശകരിലധികവും. ഫോട്ടോ എടുത്തും എടുപ്പിച്ചുമൊക്കെ മുന്നേറുന്ന കൗമാരക്കാരും യുവാക്കളുമൊക്കെ അടങ്ങിയ ആവേശ കമ്മിറ്റിക്കാര്‍ കൂട്ടത്തില്‍ ധാരാളമാണ്. ഞങ്ങളും ഇവിടൊക്കെ ഉണ്ടെന്നറിയിച്ചുകൊണ്ട് കുട്ടികള്‍ ഓടിച്ചാടി നടക്കുന്നു.

വെണ്ണക്കല്ലില്‍ തീര്‍ത്ത കോട്ടകള്‍

ജഹാംഗീര്‍ മഹല്‍ കണ്ടു തിരിച്ചിറങ്ങി മുന്നോട്ട് നടന്നാല്‍ ഇതുവരെ കണ്ടതില്‍നിന്നും വേറിട്ട ദൃശ്യങ്ങളാണ് നമുക്കു മുന്നില്‍ അനാവൃതമാവുക. ചെങ്കല്‍ക്കാഴ്ചകള്‍ പതിയെ വെണ്ണക്കല്ലിനു വഴിമാറിത്തുടങ്ങും. അതേ, നിര്‍മ്മിതികളുടെ രാജകുമാരന്റെ കയ്യൊപ്പ് പതിഞ്ഞ കോട്ടയിലെ കാവ്യാത്മകമായ ഇടങ്ങളാണ് ഇനി. മുത്തച്ഛന്‍ ചുവന്ന കല്ലുകളില്‍ ഒരുക്കിയെടുത്ത ആഗ്ര കോട്ടയ്ക്ക് വെണ്ണക്കല്ലിന്റെ ശോഭ നല്‍കിയത് ഷാജഹാനാണ്. മുന്തിരിയും മറ്റു വിശിഷ്ട വല്ലരികളും ഒരു കാലത്തു പൂത്തുലഞ്ഞിരുന്ന ഇവിടം ഷാജഹാന്റേയും-മുംതാസിന്റേയും തീവ്ര സ്‌നേഹത്തിനു സാക്ഷ്യം വഹിച്ചിരുന്ന 'അങ്കുരി ബാഗ്' എന്ന തോട്ടമാണ്. മാര്‍ബിളിന്റെ കുളിരും ഭംഗിയും ഒക്കെ പകര്‍ന്നിരുന്ന വെള്ളക്കല്ലു പന്തലായ 'ഖാസ് മഹല്‍' ആണ് ഒരറ്റത്ത്. മധ്യത്തിലായി ഒരു ജലധാരാ ശേഷിപ്പുകള്‍. അങ്കുരി ബാഗിനെ ചുറ്റി അന്തപ്പുര സ്ത്രീകള്‍ക്കായി ഷാജഹാന്‍ നിര്‍മ്മിച്ച രമ്യഹര്‍മ്മ്യങ്ങളായ ഹറങ്ങളുടെ ഇരുനില ശ്രേണി കാണാം. നിരവധി ഭാര്യമാരും അന്തപ്പുരദാസിമാരും ഒക്കെ ഉണ്ടായിരുന്ന ചക്രവര്‍ത്തി അവരെ പാര്‍പ്പിച്ചിരുന്നത് ഈ ഹറങ്ങളിലായിരുന്നു. മനോഹരമായ മുഖപ്പും എടുപ്പുകളുമൊക്കെ കൂടിച്ചേര്‍ന്ന ഭാഗങ്ങള്‍. മാര്‍ബിളിന്റെ വെണ്മയാണ് പൊതുവായി എങ്കിലും ഇവ ചുവന്ന കല്ലുകളെ വൃത്തിയില്‍ പ്ലാസ്റ്റര്‍ ചെയ്ത് ഇങ്ങനെ ആക്കിയതാണ്. ഓരോ ഹറവും അക്കാലത്തെ ആഡംബര സുഖസൗകര്യങ്ങളാല്‍ സമ്പന്നവും. പുറമേനിന്നു കാണാന്‍ ആകാത്തവിധം 'ജാലികള്‍' കൊണ്ട് മറക്കപ്പെട്ട നിലയിലും ആയിരുന്നു. ഇതിനു ചേര്‍ന്നുതന്നെ കാണുന്ന സ്വകാര്യ അന്തപ്പുരമായ 'മൂസമ്മന്‍ ബുര്‍ജ്'ല്‍ ആണ് ചക്രവര്‍ത്തി പ്രിയപത്‌നിയായിരുന്ന 'അര്‍ജുമദ് ബാനു ബീഗം' എന്ന മുംതാസിനൊപ്പം വസിച്ചിരുന്നത്.

കൊട്ടാരത്തിലെ രത്‌നം എന്നര്‍ത്ഥമാക്കുന്ന മുംതാസ് മഹല്‍ എന്ന നാമം പ്രേയസിക്കു നല്‍കിയത് ഷാജഹാന്‍ തന്നെയാണ്. പങ്കാളി എന്നതില്‍ കവിഞ്ഞ് സവിശേഷമായ ഒരു സ്ഥാനം മുംതാസിന് ഷാജഹാന്‍ കൊടുത്തിരുന്നു. പേര്‍ഷ്യന്‍, അറബിക് ഭാഷകളില്‍ ഏറെ പാണ്ഡിത്യമുണ്ടായിരുന്ന മുംതാസിനോട് കൂടിയാലോചിച്ചായിരുന്നു ഭരണത്തിലെ പല സുപ്രധാന തീരുമാനങ്ങളും ചക്രവര്‍ത്തി എടുത്തിരുന്നത്. പുത്രിയായിരുന്ന 'ജഹനാര ബീഗത്തിന്റെ' പല്ലക്ക് ആകൃതിയിലുള്ള വിശ്രമ അറ 'മൂസമ്മന്‍ ബുര്‍ജി'ന്റെ പ്രവേശനഭാഗത്ത് ഒരു വശത്തായി കാണാം. സ്വര്‍ണ്ണംകൊണ്ടുള്ള ഇതിന്റെ മേല്‍ക്കൂര സുരക്ഷയെ മുന്‍നിര്‍ത്തി ഇവിടെനിന്ന് പിന്നീട് മാറ്റുകയായിരുന്നു. മൂസമ്മന്‍ ബുര്‍ജിനുള്ളിലേക്ക് സന്ദര്‍ശകര്‍ക്കു പ്രവേശനമില്ല. അമൂല്യരത്‌നങ്ങളും മുത്തും പവിഴവുമൊക്കെ കൊണ്ടാണ് ഇതിനുള്ളിലെ ഒരോ ഭാഗങ്ങളും അക്കാലത്ത് അലങ്കരിക്കപ്പെട്ടിരുന്നത്. അധികാരഭ്രഷ്ടനാക്കപ്പെട്ട നാളുകള്‍ ചക്രവര്‍ത്തി കഴിച്ചുകൂട്ടിയതും ഇവിടെത്തന്നെയാണ്. തന്റെ പ്രിയതമയുടെ ഓര്‍മ്മയ്ക്കായി താന്‍ പണികഴിപ്പിച്ച വെണ്ണക്കല്‍ സൗധം കണ്ട് അവരൊപ്പം കഴിഞ്ഞ അന്തപ്പുരത്തില്‍ തടവുകാരനായി ജീവിതം നയിക്കേണ്ടി വന്ന ഷാജഹാനെ അവസാന നാളുകളില്‍ പരിചരിച്ചു കൂടെനിന്നത് പുത്രി ജഹനാരയായിരുന്നു. മൂസമ്മന്‍ ബുര്‍ജില്‍ നരകയാതന അനുഭവിച്ച് സ്വപ്നസൗധമായ താജ്മഹല്‍ നോക്കി നിറകണ്ണുമായി നില്‍ക്കുന്ന ഒരു വൃദ്ധന്റെ അസ്വസ്ഥപ്പെടുത്തുന്ന ചിത്രം കണ്മുന്നില്‍ പെട്ടെന്ന് മിന്നി മറഞ്ഞു.

ഓരോ ഇഞ്ചും കഥകള്‍ പറയുന്ന കോട്ടയിലെ മുക്കിലും മൂലയിലും ഗൈഡുമാര്‍ സുവിശേഷ പ്രസംഗകരെപ്പോലെ നിന്നു കത്തിക്കയറുന്ന രസകരമായ കാഴ്ച കാണാം. കുഞ്ഞാടുകള്‍ ഇടയനെ സാകൂതം കേട്ടു നില്‍ക്കുന്നു. കൂട്ടത്തില്‍ ഇല്ലാത്ത കുഞ്ഞാടിനെ ഇടയില്‍ കണ്ടാല്‍ ഇടയന്റെ വിധം മാറും എന്നത് മറ്റൊരു കാര്യം. നമ്മുടെ ഗൈഡ് പക്ഷേ, ശല്യമൊന്നുമില്ല. ആവശ്യമുള്ള കാര്യങ്ങളൊക്കെ പറഞ്ഞുതരുന്നുണ്ട്. പുള്ളിയും ഒരു കൂട്ടത്തെ നയിക്കുന്നുണ്ടെങ്കിലും വല്യ ബഹളമൊന്നുമില്ല. എന്നെ എന്റെ വഴിക്കുവിട്ട നിലയിലാണെങ്കിലും പരിഗണനയൊക്കെ തരുന്നുമുണ്ട്. പടമൊക്കെ എടുത്തു നടക്കുന്നതിനിടയില്‍ സംശയം വല്ലതുമുണ്ടേല്‍ ചോദിച്ചറിയാം. മൂപ്പരും ഹാപ്പി ഞാനും ഹാപ്പി.

അങ്കുരി ബാഗ് ചുറ്റിയുള്ള കെട്ടിടങ്ങളുടെ വരാന്തയിലൂടെ നടക്കുമ്പോള്‍ ചക്രവര്‍ത്തിയുടെ സ്വകാര്യ പ്രാര്‍ത്ഥനാലയവും സ്ത്രീകള്‍ക്കായുള്ള നമസ്‌കാര സ്ഥലവുമൊക്കെ കാണാം. ഇവിടം കടന്നു നമ്മള്‍ എത്തുന്നത് 'മാച്ചി ഭവന്‍' എന്ന മത്സ്യ കൊട്ടാരത്തിലേക്കാണ്. ഇതിനു നടുക്കളത്തിലെ ടാങ്കില്‍ വലിയ മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. ഒഴിവ് നേരങ്ങളിലും സായാഹ്നങ്ങളിലുമൊക്കെ ചക്രവര്‍ത്തി പത്‌നീസമേതനായി ഇവിടെ വന്നിരുന്നു മത്സരിച്ച് അമ്പുകള്‍ എയ്തു മീന്‍ പിടിച്ചിരുന്നത്രേ. മികച്ച യോദ്ധാവായിരുന്ന ഷാജഹാന് ഒപ്പം നിഴല്‍ പോലെ എല്ലായിടത്തും അര്‍ജുമദ് ബീഗവും ഉണ്ടായിരുന്നു. മാച്ചി ഭവനിന്റെ ഒരു വശത്തു ചക്രവര്‍ത്തിയുടെ അധോസഭ ശൈത്യകാലങ്ങളില്‍ സമ്മേളിച്ചിരുന്ന 'ദിവാന്‍-ഇ-ഖാസ്' കാണാം. ഇതിനു മുന്നില്‍ പിതാവായ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കറുത്ത സിംഹാസനവും എതിര്‍ദിശയില്‍ ഷാജഹാന്റെ വെളുത്ത ഇരിപ്പിടവും ഉണ്ട്. കൂടാതെ മൂസമ്മന്‍ ബുര്‍ജിന്റെ താഴികക്കുടങ്ങളും അങ്ങ് ദൂരെയായി യമുനയും പിന്നെ താജും. ഇവിടെയും സചിത്ര സമാഹകരുടെ ഒരു കൂട്ടപ്പൊരിച്ചില്‍ തന്നെയുണ്ട്. സെല്‍ഫി സ്റ്റിക്കും മൊബൈലും ക്യാമറകളുമൊക്കെയുണ്ട് ഈ കൂട്ടത്തില്‍. കൂടാതെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്സും ഉണ്ട്. മൂസമ്മന്‍ ബുര്‍ജിന്റെ ഗോപുരം കൈവിരലുകളില്‍ കുരുക്കിനില്‍ക്കുന്ന തരം ക്ലീഷേ പോസുകളാണ് ഉടനീളം. തെല്ലൊരു കൗതുകം ഇക്കാര്യത്തില്‍ തോന്നിയതുകൊണ്ട് സംഗതി ഒന്നു പരീക്ഷിച്ചു. കോട്ട കണ്ടിറങ്ങുമ്പോളേക്കും ഹാര്‍ഡ് കോപ്പി ഇവര്‍ എത്തിച്ചുതരും.

ഇവിടെനിന്നു പടിക്കെട്ടിറങ്ങി താഴെയെത്തിയാല്‍ ചക്രവര്‍ത്തി പൊതുജനങ്ങളോടും വര്‍ത്തകസംഘങ്ങളോടുമൊക്കെ സംവദിച്ചിരുന്ന ദിവാന്‍-ഇ-ആം എന്ന മാര്‍ബിള്‍ മണ്ഡപം കാണാം. ഇതിനു മുന്നില്‍ ഒരു ഇംഗ്ലീഷുകാരനെ അടക്കം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ഗവര്‍ണര്‍ ആയിരുന്ന ജോണ്‍ റസ്സല്‍ കോവന്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്തു കോട്ടയ്ക്കുള്ളില്‍ അഭയം തേടിയിരുന്നു. ഇവിടെ വച്ച് കോളറ ബാധിച്ചു മരിച്ച അദ്ദേഹത്തെ കോട്ടയ്ക്കുള്ളില്‍ത്തന്നെ അടക്കം ചെയ്യുകയായിരുന്നു. ഇവിടെ എത്തുന്നതോടെ അനുവദനീയമായ ഭാഗങ്ങളിലെ ആഗ്ര കോട്ട കാഴ്ചകള്‍ക്കു പരിസമാപ്തിയായി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മോട്ടി മസ്ജിദ് ഭാഗത്തേയ്ക്ക് പോകാന്‍ സാധിച്ചില്ല.

മുഗള്‍ സാമ്രാജ്യത്തിന്റെ ദൃശ്യവിരുന്ന്

ചരിത്ര ക്ലാസ്സുകളില്‍ കേട്ടറിഞ്ഞ മുഗളരുടെ കാലത്തുടനീളം അവരുടെ ഭരണ-സൈനിക സിരാ കേന്ദ്രമായ ആഗ്ര കോട്ടയെ അടുത്തുനിന്നറിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് കോട്ട സമുച്ചയത്തിനു പുറത്തെത്തിയത്. നല്ല പൊരിഞ്ഞ വെയിലും ഒപ്പം അസഹ്യമായ ചൂടും. അടുത്തതായി പോവാനുള്ളത് താജ്മഹലിലേക്കാണ്. ഈ സമയത്തുള്ള താജ് സന്ദര്‍ശനം അത്ര സുഖകരമാവില്ല എന്ന ഗൈഡിന്റെ അഭിപ്രായം പൂര്‍ണ്ണമായും ശരിയാണെന്നു തോന്നി. ആ ഗ്യാപ്പില്‍ ആഗ്രയുടെ തനതു രുചികളായ ഭാംഗ് ലെസിയും കുമ്പളങ്ങാ പേടയുമൊക്കെ രുചിക്കാനായി ഞങ്ങള്‍ പുറപ്പെട്ടു.

വെയിലൊന്നു ആറിയ ശേഷമാണ് മുഗളരുടെ ശ്രേഷ്ഠനിര്‍മ്മിതിയായ താജ് കാണാന്‍ പുറപ്പെട്ടത്. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍ താജ് സന്ദര്‍ശനത്തിന് ഏറ്റവും അഭികാമ്യം രാവിലെയാണ്. മാര്‍ബിള്‍ ചൂടുപിടിച്ചു പഴുക്കുമ്പോള്‍ മൊത്തത്തില്‍ പണിപാളും. വെയില്‍ ഒറക്കുന്നതിനു മുന്നെയോ വൈകുന്നേരങ്ങളോ ഒക്കെയാണ് താജ് സന്ദര്‍ശനത്തിന് ഏറ്റവും ഉത്തമം. നിലാവുള്ള രാത്രികളില്‍ 500 രൂപ ടിക്കറ്റ് നിരക്കില്‍ രാത്രി സന്ദര്‍ശനം A.S.I ഒരുക്കാറുണ്ടെന്നു ഗൈഡ് പറഞ്ഞു. ചാര്‍ബാഗ് ശൈലിയില്‍ ഉദ്യാനമൊരുക്കി 'ചെറി ഓണ്‍ ദി കേക്ക്' എന്നവിധം മധ്യത്തില്‍ ചെപ്പ് പോലെ കുടീരങ്ങള്‍ പണിയുന്ന മുഗള്‍ശൈലി നയനാനന്ദകരമാണ്. പക്ഷേ, താജിന്റെ കാര്യത്തില്‍ കുടീരം ഉദ്യാനത്തിനു നടുവിലല്ല ഒരറ്റത്തായിട്ടാണുള്ളത്. ചെങ്കല്ല് കൊണ്ടുണ്ടാക്കപ്പെട്ട മതില്‍ക്കെട്ടു കൊണ്ട് മറച്ചനിലയിലാണ് താജ് സമുച്ചയം മൊത്തത്തില്‍. വെള്ളിയാഴ്ചകള്‍ പൊതുവില്‍ അവധി ദിവസങ്ങളാണ്. തെക്കു വശത്തെ കവാടം വഴിയാണ് പ്രവേശനം. 250 രൂപയുടെ ടിക്കറ്റ് എടുത്ത് അകത്തേക്ക് പ്രവേശിക്കുന്നതോടെ മുഗള്‍ ക്ലാസ്സിക് ദൃശ്യവിരുന്ന് നമുക്കു മുന്നില്‍ ആരംഭിക്കുകയായി. കണ്ണും കരളും കടന്ന് ആത്മാവിനോടടുക്കുന്ന മുഗളന്റെ സൗന്ദര്യാധിനിവേശം. 'നിര്‍മ്മിതികളുടെ രാജകുമാരന്റെ' ഉല്‍കൃഷ്ട ശില്പം. ഒരു ശവകുടീരത്തിനും അപ്പുറമായിരിക്കണം താജ് എന്ന ചക്രവര്‍ത്തിയിലെ അന്തര്‍ലീനമായ ചിന്തയും നിശ്ചയദാര്‍ഢ്യവുമാണ് സത്യത്തില്‍ ഈ വെണ്ണക്കല്‍ കൊട്ടാരത്തിന്റെ പൂര്‍ണ്ണതയ്ക്കു പിറകില്‍. അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിക്കപ്പെട്ടു എന്നുവേണം കരുതാന്‍. കാരണം പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് താജ്മഹല്‍ വെറുമൊരു കുടീരമല്ല. വെണ്ണക്കല്ലില്‍ തീര്‍ക്കപ്പെട്ട ഒരു വിസ്മയ കാവ്യം തന്നെയാണ്. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സാമഗ്രികളും ലോകത്തിതര ഭാഗത്തുള്ള മികച്ച ശില്പികളേയും കലാകാരന്മാരേയും നിര്‍മ്മാണ വിദഗ്ദ്ധരേയും തൊഴിലാളികളേയുമൊക്കെ തന്റെ സ്വപ്നപദ്ധതിക്കു പിറകില്‍ അണിനിരത്താന്‍ ഷാജഹാനായി. എക്കാലത്തും ലോക നിര്‍മ്മാണകലയുടെ ഒരു സമ്മേളന നഗരികൂടിയാണ് താജ്മഹല്‍. തുര്‍ക്കിഷ് വംശജനായ ഉസ്താദ് മുഹമ്മദ് ലാഹോറിയെയാണ് കുടീരത്തിന്റെ പ്രധാന ശില്പിയായി കരുതപ്പെടുന്നത്. ഇതോടൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് ജഹാംഗീറിന്റെ സദസ്സിലെ നിര്‍മ്മാണ വിദഗ്ദ്ധനായ മിര്‍ അബ്ദുള്‍ കരീമിന്റെ മേല്‍നോട്ടവും ഉണ്ടായിരുന്നു.

1631-ല്‍ മധ്യപ്രദേശിലെ ബര്‍ഹാന്‍ പൂറില്‍ വച്ചാണ് മുംതാസ് ഇഹലോകവാസം വെടിഞ്ഞത്. മുഗള്‍ സാമ്രാജ്യത്തിലെ ഡെക്കാന്‍ പ്രവിശ്യ മേധാവിയായിരുന്ന ഖാന്‍ ജഹാന്‍ ലോധിയുടെ വിമതനീക്കം നേരിടാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അത് തന്റെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന നഷ്ടം ഷാജഹാന്‍ ചിന്തിച്ചിരിക്കില്ല. സൈനിക നീക്കങ്ങളിലടക്കം ചക്രവര്‍ത്തിയുടെ നിഴലായിരുന്ന മുംതാസ് ഇവിടെയും പതിവ് തെറ്റിച്ചില്ല. ഗര്‍ഭാവസ്ഥയിലെ ബുദ്ധിമുട്ടുകള്‍ അവഗണിച്ച് അവര്‍ പ്രിയതമന് തുണപോയി. ഖാന്‍ ജഹാന്‍ ലോധിയുടെ കലാപത്തെ അമര്‍ച്ച ചെയ്ത ഷാജഹാന് പക്ഷേ, പകരം നല്‍കേണ്ടിവന്നത് പത്‌നിയുടെ ജീവനായിരുന്നു. പ്രസവ സംബന്ധിയായ സങ്കീര്‍ണ്ണതകളെത്തുടര്‍ന്ന് ബര്‍ഹാന്‍ പൂറില്‍ വെച്ച് മുംതാസ് ഷാജഹാനെ വിട്ടു പിരിഞ്ഞു. അവരെ ആദ്യം അടക്കം ചെയ്തത് താപ്തി നദിക്കരയിലെ സൈനബാ തോട്ടത്തിലാണ്. ഇതേ ബാര്‍ഹാന്‍ പൂറില്‍ വച്ചാണ് പ്രേയസിക്കായി ലോക നിലവാരത്തിലൊരു സ്മാരകം എന്ന ആശയം ചക്രവര്‍ത്തിയുടെ മനസ്സില്‍ മുളപൊട്ടിയതും. സ്വാഭാവികമായും അതിനായി ആദ്യം തിരഞ്ഞെടുത്തത് ബര്‍ഹാന്‍ പൂറും താപ്തി നദിക്കരയും തന്നെയായിരുന്നു. എന്നാല്‍, രാജസ്ഥാനിലെ മക്രാനില്‍നിന്നു കല്ലുകള്‍ ഇവിടെ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റു പ്രായോഗിക പ്രശ്‌നങ്ങളുമാണ് ഉദ്യമം ഉപേക്ഷിക്കപ്പെടാന്‍ കാരണമായത്. താപ്തിയില്‍ താജിന്റെ പ്രതിബിംബം താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ വീഴില്ല എന്നതും ഒരു പ്രധാന വെല്ലുവിളിയായി ഷാജഹാന്‍ കണ്ടു എന്നും പറയപ്പെടുന്നു. അങ്ങനെയൊക്കെയാണ് യമുന നദിക്കും ഒപ്പം ആഗ്രയ്ക്കും നറുക്ക് വീണത്. ബര്‍ഹാന്‍ പൂറിന്റേയും താപ്തിയുടേയും നഷ്ടമാണ് സത്യത്തില്‍ യമുനയുടേയും ആഗ്രയുടേയും നേട്ടമായി മാറിയത്.

വെണ്ണക്കല്ലിലെ വിസ്മയം

ബര്‍ഹാന്‍ പൂറില്‍ അടക്കം ചെയ്യപ്പെട്ട മുംതാസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ആറു മാസത്തിനു ശേഷം ആഗ്രയിലേക്കും ശേഷം താജിലേക്കും മാറ്റപ്പെടുകയായിരുന്നു. ആഗ്രയില്‍ ഉചിതമായ സ്ഥലം കണ്ടെത്തിയ ഉടന്‍ ചക്രവര്‍ത്തി താജ്മഹലിന്റെ പണികള്‍ അതേ വര്‍ഷം (1631ല്‍) തന്നെ ആരംഭിച്ചു. 22 വര്‍ഷമെടുത്തു പണി പൂര്‍ത്തീകരിക്കാന്‍. ഇപ്പറഞ്ഞ കാലയളവിലെല്ലാം ഒരേ താല്പര്യത്തോടെ ചക്രവര്‍ത്തി ഓരോ കാര്യങ്ങളിലും ഇടപെടുകയും നിര്‍മ്മാണത്തിനു മേല്‍നോട്ടം വഹിക്കുകയും ചെയ്തു എന്നതുതന്നെയാണ് ഈ വിസ്മയ കുടീരത്തെ ഇത്രമേല്‍ പ്രണയാര്‍ദ്രവും രാജകീയവുമാക്കിയത്.

ഇന്‍ഡോ-സാരസനിക് കൊത്തുപണികളാലും ആലേഖനങ്ങളാലും അലംകൃതമായ വലിയ പ്രവേശന കവാടം കടന്നാല്‍ മുഗള്‍ശൈലിയിലുള്ള മനോഹരമായ ഒരു ചാര്‍ബാഗ് ഉദ്യാനവും പിറകിലായി താജ് കുടീരവുമാണ് നമ്മെ വരവേല്‍ക്കുക. മൊത്തം ഉദ്യാനത്തെ അഷ്ടഭുജാകൃതിയില്‍ കൈവഴികള്‍കൊണ്ട് കൃത്യമായി തിരിച്ച് ചെടികളും മരങ്ങളും ചെറിയ നീര്‍ച്ചാലുകളും ജലധാരകളുമൊക്കെ ചേര്‍ത്തു സമ്പന്നമാക്കുന്ന ഒരു ശൈലി ഇന്ത്യയില്‍ അവതരിപ്പിച്ചത് ആദ്യ മുഗള്‍ ചക്രവര്‍ത്തിയായ ബാബറാണ്. പ്രസ്തുത ഗണത്തില്‍പ്പെട്ട അസംഖ്യം പൂന്തോട്ടങ്ങള്‍ തന്റെ ഭരണകാലത്ത് മുഗള്‍ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ ഷാജഹാന്‍ പണികഴിപ്പിച്ചിരുന്നു. കശ്മീരിലെ ഷാലിമാര്‍ ഉദ്യാനവുമായി രൂപത്തിലും ഘടനയിലും താജ് സമുച്ചയത്തിനുള്ളിലെ ചാര്‍ ബാഗ് ഉദ്യാനത്തിനു നല്ല സാദൃശ്യമുണ്ട്. മുഗളര്‍ക്കു ശേഷം അധികാരം കയ്യാളിയ ഇംഗ്ലീഷുകാര്‍ യൂറോപ്യന്‍ ശൈലിയില്‍ ഒന്ന് മിനുക്കി പണിഞ്ഞതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും നമുക്കു മുന്നിലുള്ള ഈ തോട്ടത്തിനു വന്നിട്ടില്ല.

കുടീരത്തിനും പ്രധാന കവാടത്തിനും ഒത്ത നടുവിലായി പൂന്തോട്ടത്തിലെ മാര്‍ബിള്‍ ടാങ്കില്‍ താജിന്റെ പ്രതിഫലനം കാണത്തക്ക രീതിയില്‍ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. പൂന്തോട്ടവും കുടീരവും കൂടാതെ വശങ്ങളില്‍ ഒരേ മാതൃകയില്‍ നില്‍ക്കുന്ന വിശ്രമ മന്ദിരവും ജവാബ് എന്ന പള്ളിയുമാണ് താജ് സമുച്ചയത്തിലെ മറ്റു കാഴ്ചകള്‍. ചെങ്കല്ലിനാണ് മുഖ്യ നിര്‍മ്മിതിക്കു പുറത്തുള്ള എല്ലാ നിര്‍മ്മാണങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ആകൃതിയിലും ആകാരത്തിലും തുല്യത പുലര്‍ത്തുന്നവയാണ് വശങ്ങളിലെ പള്ളിയും വിശ്രമ മന്ദിരവും. അഞ്ഞൂറിലേറെ പേര്‍ക്ക് ഒരേ സമയം ആരാധന നടത്താന്‍ സൗകര്യമുള്ള പള്ളിയാണ് ഇവിടുത്തേത്.

കുടീരത്തിനോടടുക്കുമ്പോള്‍ മാത്രമാണ് താജ്മഹലിന്റെ ആകാര സൗകുമാര്യം നമുക്ക് കൂടുതല്‍ ബോധ്യം വരുക. സമചതുരാകൃതിയില്‍ ഉയര്‍ത്തി ഉണ്ടാക്കപ്പെട്ട പ്ലാറ്റ്ഫോമിലാണ് മുംതാസിനേയും ഒപ്പം ഷാജഹാനേയും അടക്കം ചെയ്തിട്ടുള്ള പ്രധാന ഭാഗത്തിന്റെ നില്‍പ്പ്. വശങ്ങളിലായി ഒരേ നീളത്തില്‍, പുറത്തേക്ക് ചെരിഞ്ഞ നിലയില്‍ നാലു മിനാരങ്ങള്‍. ഭൂമി കുലുക്കമോ മറ്റേതെങ്കിലും തരത്തിലുള്ള അപകടമോ ഒക്കെ ഉണ്ടായാല്‍ മുഖ്യ ഭാഗത്തേക്ക് വീഴാത്ത വിധത്തിലുള്ള രൂപകല്പനയാണിത്. ലോക നിലവാരത്തിലുള്ള അനുപമ സുന്ദരമായ കൊത്തുപണികളാലും ആലേഖനങ്ങളാലും കല്ലില്‍ കല്ല് പതിപ്പിക്കുന്ന രീതിയിലുള്ള ആയ പെട്ര ഡ്യുറ(ഇറ്റാലിയന്‍ ശൈലി)യാലുമൊക്കെ അലംകൃതമാണ് പുറം ചുമരുകള്‍. 'ഇവാന്‍' എന്ന കാമന വാതില്‍ എല്ലാ വശങ്ങളിലും കൂടാതെ മോഡിക്കുവേണ്ടിയും ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാം അനുശാസിക്കും വിധമുള്ള അലങ്കാരവേലകളാണ് പുറംചുമര്‍ നിറയെ. സസ്യങ്ങളും വൃക്ഷലതാദികളും വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുമൊക്കെ ഇതില്‍പ്പെടും.

കാലിനെ മൂടാന്‍ ഒരു വിനൈല്‍ കവര്‍ പ്രധാന ഭാഗത്തേക്ക് കടക്കും മുന്നേ കൗണ്ടറില്‍നിന്നു കിട്ടും; അതുകൊണ്ട് മൂടി നടന്നുവേണം കുടീരഭാഗത്ത് പ്രവേശിക്കാന്‍. ചൂട് ഒട്ടും കുറയാത്ത മാര്‍ബിളില്‍ കാലൂന്നി നടക്കല്‍ ഇത്തിരി പ്രയാസമാണ്. താജ്മഹലിനെ അടുത്തുനിന്നു കണ്ട് കിളിപോയ അവസ്ഥയില്‍ ആയതിനാലാവും ഞാന്‍ മറ്റൊന്നുമേ അറിയുന്നില്ല. പണ്ട് പക്ഷിയെ അമ്പെയ്യാന്‍ ലക്ഷ്യമിട്ടു നിന്ന അര്‍ജുനന്റെ പോലത്തെ ഒരു മാനസികാവസ്ഥയാണെന്നു തോന്നുന്നു. ഉള്ളിലും പുറത്തും താജ് മാത്രം. മാര്‍ബിള്‍ കൊണ്ടുള്ള 'ഒനിയന്‍ ഡോം' എന്ന വലിയ ഗോപുരമാണ് പുറംകാഴ്ചകളില്‍ ഏറ്റവും ആകര്‍ഷകം. മുകളിലെ ഗോളസ്തംഭത്തെ ചുറ്റി അകത്തേക്ക് തുറക്കുന്ന നാലു ചെറിയ ഛത്രി സ്തൂപങ്ങളുണ്ട്. കുടീരത്തിനുള്ളില്‍ വെളിച്ചം എത്തിക്കുന്നത് ഇവയാണ്. ഗോളസ്തംഭത്തിനു മുകളില്‍ അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ഒരു ഫലകവും കാണാം.

സ്വര്‍ഗ്ഗത്തിലേക്കുള്ള നടപ്പാതകള്‍ എന്നു വിശ്വസിക്കപ്പെടുന്ന വശങ്ങളിലുള്ള നാല് മിനാരങ്ങളും മൂന്നായി തിരിച്ച് മൂന്നു ബാല്‍ക്കണികളും മുകളില്‍ ഛത്രി സ്തൂപത്തോടുകൂടിയ നിലയിലാണ്. ഒരു രണ്ട് മൂന്ന് റൗണ്ട് നടന്നു പുറംകാഴ്ചകള്‍ മുഴുവന്‍ കണ്ട് ആസ്വദിച്ച ശേഷമാണ് അകത്തേക്ക് കടന്നത്.

എല്ലാ വശങ്ങളിലും കമാന വാതിലുകള്‍ ഉണ്ടെങ്കിലും ഉദ്യാനത്തിലേക്ക് തുറക്കുന്ന വാതില്‍ വഴി മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇസ്ലാം അനുശാസന പ്രകാരം ശവകുടീരങ്ങള്‍ അലങ്കരിക്കുന്നത് നിഷിദ്ധമായതിനാല്‍ പരിമിതമായ രീതിയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുറച്ചു കൊത്തുപണികളും അലങ്കാരങ്ങളും മാത്രമാണുള്ളില്‍ കാണാനാവുക. ഷാജഹാന്റേയും മുംതാസിന്റേയും പ്രതീകാത്മക കല്ലറകളാണ് മുകളിലുള്ളത്. ഒരു മാര്‍ബിള്‍ ജാലി അല്ലെങ്കില്‍ മാര്‍ബിള്‍ അറക്കുള്ളിലാണ് ഇവ. ശരിക്കുമുള്ള കല്ലറകള്‍ ഇതിനു താഴെയുള്ള ഒരു അറയിലാണ് ഉള്ളത്. അങ്ങോട്ട് സന്ദര്‍ശകര്‍ക്കു പ്രവേശനമില്ല. മാര്‍ബിള്‍ അറക്കുള്ളിലെ കല്ലറയ്ക്കു മുകളില്‍ കാണുന്ന വലിയ ദീപസ്തംഭം 19-ാം നൂറ്റാണ്ടിന്റെ ഒടുക്കം ബ്രിട്ടീഷുകാര്‍ താജ് നവീകരിച്ചപ്പോള്‍ സ്ഥാപിച്ചതാണ്. താജിലെ ചുവരുകളില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള രത്‌നങ്ങളും ഗോപുര മുകളിലെ സ്വര്‍ണ്ണം കൊണ്ടുള്ള ഫിനിയല്‍ ഭാഗങ്ങളും ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നത്രേ. ഉള്ളില്‍ ഫോട്ടോഗ്രാഫിക്ക് വിലക്കുണ്ട്. നിശ്ചിത സമയം മാത്രമേ കല്ലറ ഉള്ള ഭാഗത്തു നമുക്കു ചെലവഴിക്കാന്‍ കഴിയൂ.

താജിനു വെളിയില്‍ എത്തുമ്പോഴേക്കും വെയിലിന്റെ കാഠിന്യവും ചൂടും നന്നായി കുറഞ്ഞിരുന്നെങ്കിലും മാര്‍ബിള്‍ ചൂടിനു വലിയ ശമനം വന്നിരുന്നില്ല. താജുമായി ബന്ധപ്പെട്ട അറിയാക്കഥകളും അഭ്യൂഹങ്ങളും അനവധിയാണ്. യമുനാനദിക്കപ്പുറം ഒരു കറുത്ത താജ് കൂടി പണിയാന്‍ ഷാജഹാന്‍ ഉദ്ദേശിച്ചിരുന്നു എന്നതാണ് അതില്‍ മുഖ്യം. ഒരു അടിസ്ഥാനമടക്കമുള്ള കുറച്ചു ശേഷിപ്പുകള്‍ യമുനയുടെ മറുകരയില്‍ കണ്ടെത്തിയതാണ് ഈ കഥയ്ക്ക് ആധാരം. പക്ഷേ, അതൊന്നും ശാസ്ത്രീയമായി തെളിയിക്കാന്‍ ആയിട്ടില്ല.

താജ്മഹല്‍ അടുത്തുനിന്നു കണ്ടു മനസ്സും ക്യാമറയും നിറഞ്ഞ ഞാന്‍ പ്രധാന കവാടത്തിലൂടെ പുറത്തേക്കെത്തി. ഗൈഡും സംഘത്തിലെ കുറച്ചാളുകളും പുറത്തുണ്ട്. കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍ക്കായുള്ള കാത്തിരിപ്പാണ് നടക്കുന്നതെന്നു മനസ്സിലായി. ഈ സംഘം നേരെ ജയ്പൂര്‍ പോവുകയാണ്. ആയതിനാല്‍ അവരോട് യാത്രാവിട പറയാനുള്ള നേരമായിരിക്കുന്നു. ഗൈഡിന് അഭിവാദ്യം പറഞ്ഞ് ഫീസും നല്‍കി താജിന് മുഖ്യ കവാടത്തിനു മുന്നിലെ 'താജ് ഗഞ്ച്' ചന്ത കാണാന്‍ കയറി. താജ് മഹലോളം ഒരുപക്ഷേ, അതിലുമേറെ പ്രായം ഈ ചന്തയ്ക്കുമുണ്ട്. മാര്‍ക്കറ്റ് ഒന്നു കറങ്ങി കണ്ടപ്പോളേക്കും സമയം സന്ധ്യയായി. ഇന്നത്തെ അലച്ചിലുകള്‍ ഇവിടെ അവസാനിപ്പിച്ചുകൊണ്ട് ഞാന്‍ താമസം അറേഞ്ച് ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോറിക്ഷ പിടിച്ചു. ആഗ്രയില്‍ ഇത്തരം ശകടങ്ങള്‍ ധാരാളമായി കാണാനാവും.

അക്ബറുടെ നഗരാങ്കണം

രണ്ടാം ദിനത്തിലെ കാര്യപരിപാടികള്‍ ഇങ്ങനെയാണ്: ആഗ്ര ജുമാ മസ്ജിദില്‍നിന്നു തുടങ്ങണം. ചെങ്കല്ലില്‍ അക്ബര്‍ തീര്‍ത്ത വിജയത്തിന്റെ നഗരിയായ ഫത്തേപ്പൂര്‍ സിക്രിയാണ് അടുത്തത്. ഇവിടെനിന്ന് പത്തു മുപ്പത് കിലോമീറ്റര്‍ ദൂരം ഉണ്ട് സിക്രിക്ക്. ഇന്നലെ കൂടെ ഉണ്ടായിരുന്ന ഗൈഡ് വഴി തന്നെ ദീപക് ശര്‍മ്മ എന്ന ഗൈഡിനെ സിക്രിയില്‍ തരപ്പെടുത്തിയിട്ടുണ്ട്. 11 മണിയാണ് അവിടെ എത്തേണ്ട സമയം. ചുരുക്കം പറഞ്ഞാല്‍ രണ്ടാം ദിനം ഒരല്പം ടൈറ്റ്ലി പാക്ക്ഡ് ആണ്. യാത്രയില്‍ പൊതുഗതാഗത സംവിധാനങ്ങളും ഷെയര്‍ ടാക്‌സിയുമൊക്കെയാണ് പോയ സ്ഥലങ്ങളിലെ ജീവിതം അടുത്തറിയാന്‍ ഏറെ സഹായകരം. പക്ഷേ, ഇവിടെ സമയം ഒരു വില്ലനാണ്. മടങ്ങി ആഗ്രയില്‍ എത്തിയ ശേഷവും കുറച്ചു സ്ഥലങ്ങള്‍ കൂടി പോകാനുണ്ട് . ആയതിനാല്‍ ടാക്‌സി കാര്‍ അല്ലാതെ മറ്റു വഴികളില്ല. ഹോട്ടലില്‍നിന്ന് സംഗതി നാളെ രാവിലത്തേക്ക് ബുക്ക് ചെയ്തു തന്നിട്ടുണ്ട്. അവരുടെ സ്ഥിരം കക്ഷിയാണ് വണ്ടിയുമായി വരാന്‍ പോവുന്നതെന്ന് റിസപ്ഷനിലെ പയ്യന്റെ സംസാരത്തില്‍നിന്നും ഞാനൂഹിച്ചു.

രാവിലെ പറഞ്ഞതിലും നേരത്തെ വണ്ടി ഹോട്ടലിലെത്തി. റിസപ്ഷനില്‍നിന്ന് അറിയിപ്പ് കിട്ടിയ ഉടന്‍തന്നെ റെഡിയായി ഇ ചെക്കൗട്ട് ചെയ്ത് ഇറങ്ങി. നഗരം ഇന്നലെ രാവിലെ കണ്ട അതേ നിലയിലൊക്കെത്തന്നെയാണ്. ആദ്യം ആഗ്ര കോട്ടക്ക് എതിര്‍വശമുള്ള ജുമാ മസ്ജിദിലേക്കാണ് ഞങ്ങള്‍ പോയത്. നമ്പര്‍ തന്നശേഷം ഡ്രൈവര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയി. ആഗ്ര സ്വദേശി തന്നെ ആയ, അല്പം ഗൗരവപ്രകൃതമുള്ള ഫാറൂഖ് അഹമ്മദ് ആണ് സാരഥി.

മുപ്പതിലേറെ പടികള്‍ കയറി എത്തുന്ന ഒരു പ്ലാറ്റ്ഫോമിനു മുകളിലാണ് വെള്ളിയാഴ്ച പള്ളി എന്നറിയപ്പെടുന്ന ആഗ്രയിലെ ജുമാ മസ്ജിദ്.

ഷാജഹാന്‍ പുത്രി ജഹനാരാ ബീഗത്തിനോടുള്ള സ്‌നേഹാദര സൂചകമായി 1648-ല്‍ നിര്‍മ്മിച്ചതാണ് ഈ പള്ളി. അദ്ദേഹത്തിന്റെ തനതു ശൈലിയായ ചുവപ്പും വെള്ളയും കല്ലുകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളികളില്‍ ഒന്നായ ആഗ്ര ജുമാ മസ്ജിദ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വിശാലമായ പള്ളി അങ്കണത്തില്‍ പതിനായിരത്തിലേറെ പേര്‍ക്ക് ഒരേസമയം നമസ്‌കാര കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാവും. പ്രവേശനം സൗജന്യമാണ്. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താം. സ്റ്റില്‍ ഫോട്ടോഗ്രാഫിക്കും വലിയ ക്യാമറകള്‍ക്കും ടിക്കറ്റ് എടുക്കണം. മുഗള്‍ വാസ്തുകലയുടെ അടയാളങ്ങളായ ഉള്ളിയുടെ അകൃതിയിലുള്ള ഗോപുരങ്ങളും ഛത്രി സ്തൂപങ്ങളും ഒക്കെ ധാരാളമായി കാണാം. ഉള്ളിലെ അലങ്കാരവേലയ്ക്കു വെള്ളക്കല്ലുകളാണ് കൂടുതലും. ഇവാന്‍ എന്ന കമാന വാതില്‍ അലങ്കാരത്തിനും അല്ലാതേയും ഉപയോഗിച്ചിട്ടുണ്ട്. വിശിഷ്ടമായ കല്ലുകള്‍കൊണ്ട് തറയും ചുമരുകളും പ്രൗഢമാക്കിയിട്ടുണ്ട്. ഇവിടുത്തെ സീലിംഗിനു നീലനിറമാണ്. ചിത്രങ്ങളും കൊത്തുപണികളും ജ്യാമിതീയ രൂപങ്ങളും ഖുര്‍ആന്‍ വചനങ്ങളുമൊക്കെ സമൃദ്ധമായിത്തന്നെ കാണാന്‍ കഴിയും. ഫത്തെപൂര്‍ സിക്രിക്ക് സമയം കൂടുതലായി വേണം എന്നു ഗൈഡ് പറഞ്ഞിരുന്നതിനാല്‍ ഒരു ഓട്ടപ്രദക്ഷിണം കാഴ്ചവെച്ചശേഷം പെട്ടെന്നുതന്നെ മസ്ജിദില്‍നിന്നിറങ്ങി. ഫാറൂഖ് കാറുമായി മുഖ്യ കവാടഭാഗത്തുതന്നെ ഉണ്ടായിരുന്നു. അടുത്ത ലക്ഷ്യം അക്ബറുടെ ഫത്തേപ്പൂര്‍ സിക്രിയാണ്.

ശുഷ്‌കമായ എ.സി സംവിധാനമാണ് നമ്മുടെ കാറിലുള്ളത്. ഒപ്പം ഇതുവരെ കേട്ടിട്ടില്ലാത്ത കുറെ ഗസലും സൂഫി സംഗീതവും. ഫാറൂഖ് ഡ്രൈവിങ്ങില്‍ മുഴുകി അങ്ങനെ ഇരിക്കുകയാണ്. ഹിന്ദിയില്‍ എന്തേലും ചോദിച്ചാല്‍ മറുപടി പറയും എന്നല്ലാതെ ഇങ്ങോട്ട് ചോദ്യങ്ങള്‍ ഒന്നും ഇല്ല. ആഗ്ര വിട്ടശേഷം വലിയ നഗരഭാഗങ്ങള്‍ ഒന്നും തന്നെ ഇല്ല.

ഏകദേശം 40 മിനിറ്റുകൊണ്ട് ഞങ്ങള്‍ 'വിജയത്തിന്റെ നഗരം' എന്നറിയപ്പെടുന്ന ഫത്തേപ്പൂര്‍ സിക്രി എത്തി. തികഞ്ഞ ഗ്രാമാന്തരീക്ഷം; വരണ്ട ഭൂപ്രകൃതിയാണ് മൊത്തത്തില്‍. 'ബുലന്ദ് ദര്‍വാസ' എന്നറിയപ്പെടുന്ന ഭീമന്‍ കമാന വാതിലും ബുദ്ധക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ച പഞ്ച് മഹല്‍ എന്ന കൊട്ടാരവുമാണ് ഫത്തേപ്പൂര്‍ സിക്രിയുടെ അടയാളങ്ങള്‍. ബുലന്ദ് ദര്‍വാസയ്ക്കു മുന്നില്‍ എന്റെ ഗൈഡ് കാത്തുനിന്നിരുന്നു. ഗുജറാത്തിനുമേല്‍ അക്ബര്‍ കൈവരിച്ച വലിയ വിജയത്തിന്റെ സ്മരണയ്ക്കാണ് ചക്രവര്‍ത്തി ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ഈ കവാടം നിര്‍മ്മിച്ചത്. 54 മീറ്ററിലധികം ഉയരമുള്ള, വിജയത്തിന്റെ കവാടം എന്നറിയപ്പെടുന്ന ഈ വലിയ നിര്‍മ്മിതി അക്ബറുടെ അപദാനങ്ങളും മുഗള്‍ കൊത്തുപണികളും ഛത്രിസ്തൂപങ്ങളും ഖുര്‍ആന്‍ വചനങ്ങളുമൊക്കെക്കൊണ്ട് അലങ്കരിക്കപ്പെട്ട നിലയിലാണുള്ളത്. ഒരു വലിയ പടിക്കെട്ടിനു മുകളിലാണ് ആശാന്റെ നില്‍പ്പ്. പടിക്കെട്ട് കയറി ഞങ്ങള്‍ വാതിലിനു തൊട്ട് താഴെയെത്തി. പടിക്കെട്ടടക്കമുള്ള ഉയരം ഒരു 15 നില കെട്ടിടത്തിനൊപ്പം വരുമെന്ന് അറിയുമ്പോളാണ് ഇത് എത്ര വലുതാണെന്നു നമ്മള്‍ ചിന്തിച്ചുപോവുക. ഈ കവാടം കഴിഞ്ഞാല്‍ ഫത്തേപ്പൂര്‍ സിക്രിയിലെ ജുമാ മസ്ജിദാണ്. മതപരമായവ, സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ളവ, ഭരണപരമായവ എന്നിങ്ങനെ മൂന്നുതരം കെട്ടിടങ്ങളാണ് ഈ നഗരത്തില്‍ ഉള്ളത്.

ഇതില്‍ മതപരമായ കെട്ടിടങ്ങളാണ് ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ ഭാഗം. ചെങ്കല്ലില്‍ ഈ വിസ്മയനഗരം തീര്‍ക്കാന്‍ അക്ബര്‍ തുനിഞ്ഞതിനു പിറകില്‍ ഒരു കഥയുണ്ട്. ദീര്‍ഘകാലം കിരീടാവകാശികള്‍ ഇല്ലാതെ ദുഃഖിതനായിരുന്ന അക്ബര്‍ സിക്രി എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് അന്നു വസിച്ചിരുന്ന സൂഫിവര്യനായ ഷെയ്ഖ് സലിം ചിസ്തിയുടെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ എത്തുമായിരുന്നു. അദ്ദേഹത്തിന്റെ ആശിര്‍വ്വാദത്താലാണ് രജപുത്ര റാണി ആയിരുന്ന ജോധാ ഭായിയില്‍ ചക്രവര്‍ത്തിക്കൊരു ആണ്‍കുഞ്ഞു ജനിച്ചത് എന്നു പറയപ്പെടുന്നു. സംതൃപ്തനായ അക്ബര്‍ ആദരസൂചകമായി കുഞ്ഞിനു തന്റെ ആത്മീയഗുരുവിന്റെ നാമം തന്നെയാണ് നല്‍കിയത്. സലിം ചിസ്തിയുടെ സ്മരണയ്ക്കായി വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഒരു ദര്‍ഗ്ഗയാണ് ഇവിടുത്തെ ആദ്യ നിര്‍മ്മിതിയും. പതിയെപ്പതിയെ ദര്‍ഗ്ഗയെ ചുറ്റി ഒരു നഗരം തന്നെ ചക്രവര്‍ത്തി നിര്‍മ്മിച്ചു കൂട്ടുകയായിരുന്നു.

ആഗ്രയിലെ ജുമാ മസ്ജിദ് പോലെ തന്നെ വളരെ വലുതാണ് ഇവിടുത്തേതും. ധാരാളം വിശ്വാസികള്‍ക്ക് ഒരേസമയം ഇവിടെയും പ്രാത്ഥന നിര്‍വ്വഹിക്കാനാവും. ജുമാ മസ്ജിദിന്റെ വലിയ മുറ്റത്ത് ഒരു വശത്തായി ഷെയ്ഖ് സലിം ചിസ്തിയുടെ ദര്‍ഗ്ഗ കാണാനാവും. ഇവിടെ പ്രാര്‍ത്ഥിച്ചു പോകാം എന്ന ഗൈഡിന്റെ നിര്‍ദ്ദേശം അനുസരിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തിനൊപ്പം ദര്‍ഗ്ഗയില്‍ കയറി. പുത്രദുഃഖത്താല്‍ നീറുന്ന ധാരാളം ദമ്പതിമാര്‍ ഇവിടുത്തെ സന്ദര്‍ശകരാണ്. ഫ്രെഞ്ച് പ്രസിഡന്റായിരുന്ന നിക്കോളാസ് സര്‍ക്കോസിയും പത്‌നിയും മുന്‍പൊരിക്കല്‍ ഇവിടം സന്ദര്‍ശിച്ചിരുന്നത് വാര്‍ത്തയായിരുന്നു. ദര്‍ഗക്ക് പുറത്ത് മുഗള്‍ കുടുംബാംഗങ്ങളുടെ ഖബറുകള്‍ കാണാം. ഈ ഭാഗത്തെ കാഴ്ചകള്‍ കണ്ടുതീര്‍ത്ത ഞങ്ങള്‍ പുറത്തെത്തി. വന്ന വഴിയില്‍ത്തന്നെ കുറച്ചു പോയശേഷം വേണം അടുത്ത ഭാഗത്തെത്താന്‍. സ്വകാര്യ ആവശ്യത്തിനായി നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളും ഭരണകാര്യാലയങ്ങളും ഒക്കെ ഈ ഭാഗത്താണ്. സുദീര്‍ഘമായ ഒരു കൊറിഡോറിനാല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു ഉദ്യാനം കടന്നാണ് ഇവിടം എത്തിയത്. പഞ്ച് മഹല്‍ എന്ന ബഹുനില മന്ദിരമാണ് നമ്മുടെ ശ്രദ്ധയില്‍ ആദ്യമെത്തുക. ബുദ്ധക്ഷേത്ര മാതൃകയില്‍ 176 തൂണുകളിലായി നിര്‍മ്മിക്കപ്പെട്ട പഞ്ച് മഹലിന്റെ ഏറ്റവും മുകളില്‍ വലിയ ഒരു ഛത്രി ഗോപുരവും കാണാം. മുകളിലേക്ക് പോകുംതോറും തൂണുകളുടെ എണ്ണം കുറഞ്ഞുവരുന്ന ഒരു ശൈലിയിലാണ് ഈ കൊട്ടാരം. ധാരാളം ബോളിവുഡ് സിനിമകളിലും ആല്‍ബങ്ങളിലുമൊക്കെ ഒരുപാട് കണ്ടതിനാലാവും പഞ്ചമഹല്‍ നമുക്ക് അത്രമേല്‍ സുപരിചിതമായി അനുഭവപ്പെടുന്നത്. അന്തപ്പുര സ്ത്രീകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഹറങ്ങളോട് ചേര്‍ന്നുതന്നെയാണ് പഞ്ച് മഹല്‍. റാണിമാര്‍ക്കും അവരുടെയൊക്കെ തോഴിമാര്‍ക്കും നല്ല കാറ്റൊക്കെ കൊണ്ട് സൊറ പറഞ്ഞിരിക്കാനും നഗരത്തിന്റെ വിദൂര കാഴ്ചകള്‍ ആസ്വദിക്കാനും പാകത്തിലാണ് മഹല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പുറമേനിന്നു കാണാന്‍ കഴിയാത്തവിധം ജാലികളാല്‍ ഇതിന്റെ ഓരോ ഭാഗവും മറച്ചിരുന്നു. രജപുത്ര ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ജോധാ ഭായി കൊട്ടാരം സമീപത്തു തന്നെയാണ്.

നിരക്ഷരനായിരുന്നെങ്കിലും ജലാലുദീന്‍ എന്ന അക്ബര്‍ കലയുടേയും സാഹിത്യത്തിന്റേയുമൊക്കെ വലിയ ആരാധകന്‍ ആയിരുന്നു. വിശ്വവിഖ്യാതനായ താന്‍സന്റെ സ്വരമാധുരികൊണ്ട് ഇവിടം അത്രമേല്‍ സാന്ദ്രമായിരുന്നു ആ കാലയളവില്‍. 'അനൂപ് തലോവ്' എന്ന വെള്ളത്തിനാല്‍ ചുറ്റപ്പെട്ട പുറത്തേക്ക് കൈവരികളുള്ള കുഞ്ഞുമണ്ഡപത്തില്‍ ഇരുന്നുകൊണ്ട് താന്‍സന്‍ ഇവിടുത്തെ സായാഹ്നങ്ങള്‍ ധന്യമാക്കിയിരുന്നതായി ഗൈഡ് വിവരിച്ചു. സ്വകാര്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ മറ്റൊന്ന് ബീര്‍ബല്‍ കൊട്ടാരമാണ്.

ഇനിയുള്ളത് ഭരണപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളാണ്. പൊതുജനങ്ങള്‍ക്കുള്ള ദിവാന്‍ ഇ ആം ഉം സദസ്യര്‍ക്കും സാമന്തന്മാര്‍ക്കുള്ള ചതുരാകൃതിയിലുള്ള കെട്ടിടമായ ദിവാന്‍-ഇ-ഖാസും ഇക്കൂട്ടത്തിലുണ്ട്. മുകളിലെ നാല് വശങ്ങളിലും നാല് കമ്മല്‍ സ്തൂപങ്ങളുള്ള ഇതിന്റെ ഉള്ളിലെ ഉയര്‍ത്തി നിര്‍ത്തപ്പെട്ട നിറയെ കൊത്തുപണികളുള്ള പ്ലാറ്റ്ഫോം കൗതുകം ഉണ്ടാക്കുന്ന സംഗതിയാണ്. ചക്രവര്‍ത്തിക്കുവേണ്ടിയുള്ള നടുഭാഗത്തേക്ക് എത്താന്‍ വശങ്ങളില്‍ കൈവഴികള്‍ കാണാം. രാജകീയ ട്രഷറി, പണിശാലകള്‍ അത്യാഡംബര സ്‌നാനഘട്ടങ്ങളും മറ്റു കാര്യാലയങ്ങളുമൊക്കെ സമുച്ചയത്തിന്റെ ഭാഗമാണ്. ഫത്തേപ്പൂര്‍ സിക്രിയിലെ സുപ്രധാന കാഴ്ചകള്‍ ഇത്രയുമാണെന്ന് ഗൈഡ് പറഞ്ഞുനിര്‍ത്തി. ചുരുങ്ങിയ സമയംകൊണ്ട് നിര്‍മ്മിക്കപ്പെട്ട ഫത്തേപ്പൂര്‍ സിക്രി 1571 മുതല്‍ 1585 വരെയുള്ള 10-14 വര്‍ഷക്കാലം അക്ബറുടെ ആസ്ഥാനനഗരിയായിരുന്നു. 1585-ല്‍ അക്ബര്‍ തന്റെ ഭരണത്തിന്റെ ആസ്ഥാനം ആഗ്രയിലേയ്ക്കുതന്നെ തിരികെ കൊണ്ടുപോയി. വിമതനീക്കങ്ങള്‍ ചെറുക്കാനും പുതിയ അധിനിവേശ പദ്ധതികള്‍ക്കും വേണ്ടിയായിരുന്നു ഇതെന്നു പറയപ്പെടുന്നു. മതിയായ വെള്ളത്തിന്റെ ദൗര്‍ലഭ്യവും ഒരു കാരണമായി. വൈകാതെ തന്നെ ഫത്തേപ്പൂര്‍ സിക്രി പൂര്‍ണ്ണമായും അടക്കപ്പെടുകയും പതിയെ വിസ്മൃതിയില്‍ ആവുകയും ചെയ്തു. ഇപ്പോഴും മുഗളരുടെ ഈ പട്ടണമല്ലാതെ കാര്യമായി മറ്റൊന്നും ഇവിടെ ഇല്ല. അടിസ്ഥാന സൗകര്യങ്ങളും ശരാശരിക്കു താഴെയാണ്.

ഫത്തേപ്പൂര്‍ സിക്രിയുടെ കോട്ട മതില്‍ക്കെട്ടുകള്‍ക്കു പുറത്തെത്തുമ്പോഴേക്കും സമയം രണ്ടു മണിയോടടുക്കുന്നു. തിരികെ ആഗ്രയില്‍ എത്തി കുറച്ചു സ്ഥലങ്ങള്‍ കൂടി പോയിട്ട് വേണം എനിക്ക് ദില്ലിക്കു പോവാന്‍. അടുത്ത ദിവസം പുലര്‍ച്ചെയാണ് നാട്ടിലേക്കുള്ള ഫ്‌ലൈറ്റ്. ആഗ്ര കാഴ്ചകളില്‍ ഇനി ബാക്കിയുള്ളത് മിനിതാജ്, ബേബി താജ് എന്നൊക്കെ വിളിപ്പേരുകളുള്ള ഇതിമദ്-ഉ-ദൗല കുടീരമാണ് മുഖ്യമായും. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ പത്‌നിയും ഏറ്റവും കരുത്തുറ്റ മുഗള്‍ വനിതയുമായിരുന്ന നൂര്‍ജഹാന്‍ പിതാവ് മിര്‍സ ഗിയാസ് ബേഗിനായി പണികഴിപ്പിച്ചതാണിവിടം. ഷാജഹാന്റെ പ്രിയപത്‌നിയായ മുംതാസ് മഹലിന്റെ മുത്തച്ഛനായ മിര്‍സ ബേഗിനായി നിര്‍മ്മിക്കപ്പെട്ട ഇത് മുഗളരുടെ ആദ്യ വെണ്ണക്കല്‍ കുടീരമാണ്. താജ് മഹലിനുപോലും പ്രചോദനമായതെന്നു കരുതപ്പെടുന്നു. ഇതും സിക്കന്ദ്രയിലുള്ള അക്ബറുടെ ശവകുടീരവുമാണ് പ്രധാനമായും ഇനി കാണാനായി ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com