'എതിര്'- കര്‍ത്താവും കര്‍മ്മവും

തന്റെ രോഷത്തിന് ഒരു പ്രത്യയശാസ്ത്ര പിന്‍ബലം വേണമെന്നറിഞ്ഞു. അതിനായി നന്നായി വായിച്ചു പഠിച്ചു. അപ്പോഴൊക്കെയും പക്ഷപാതങ്ങളുടെ മുന്‍വിധികളില്‍നിന്നു മാറിനിന്നു
ഡോ. എം കുഞ്ഞാമൻ
ഡോ. എം കുഞ്ഞാമൻ

ന്മത്തിന്റെ പരിമിതികളില്‍നിന്നും അതിന്റെയൊക്കെ അപമാനഭാരത്തില്‍നിന്നും കുതറിത്തെറിക്കാന്‍ ശ്രമിച്ച, മണ്ണിയമ്പത്തൂര്‍ അയ്യപ്പന്റേയും ചെറോണയുടേയും മകന്റേയും എതിര്‍പ്പിന്റെ പുസ്തകമാണ് 'എതിര്.' ഇതില്‍ താനറിയാതെ വന്നുചേര്‍ന്ന നിസ്സഹായതകളുണ്ട്, അതില്‍ ഒതുങ്ങാതെ കുടഞ്ഞെഴുന്നേല്‍ക്കുന്നതിന്റെ അനുഭവകഥകളുണ്ട്, ജീവിതസന്ദര്‍ഭങ്ങളെ, വലിയ  സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തില്‍ സ്ഥാപിച്ച് നടത്തുന്ന സൈദ്ധാന്തിക പഠനങ്ങളുണ്ട്. ഡോ. എം. കുഞ്ഞാമന്റെ രോഷവും വിശകലനവുമാണിത്. അന്നത്തെ സമൂഹം (ഇന്നും ഒട്ടൊക്കെ) ജാതിയുടെ പേരില്‍, മനുഷ്യരെ വേര്‍തിരിച്ചു നിര്‍ത്തി, അപമാനിച്ച കാലമായിരുന്നു. ചെറുപ്പകാലത്തെ ദാരിദ്ര്യം, അവഗണന, ഭയം, വിശപ്പ് എല്ലാം ചേര്‍ന്നൊരു പശ്ചാത്തലത്തില്‍നിന്നാണ് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ കുഞ്ഞാമന്‍ ഉയിര്‍ത്തെഴുന്നേറ്റത്. ഉയര്‍ന്ന അക്കാദമിക് പദവികളിലെത്തിയത്.

അതൊക്കെ ചെറുപ്പത്തിലെ അനുഭവം മാത്രമായിരുന്നില്ല. ബിരുദാനന്തര ക്ലാസ്സില്‍ പഠിക്കുമ്പോഴും തുല്‍ജാപൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പോയപ്പോഴും ഈ ജാതി അവഹേളനം പല രൂപത്തിലും തുടര്‍ന്നതായി പറയുന്നുണ്ട്. അതിധിഷണാശാലിയായിരുന്ന ഈ ദളിതനെ അവഹേളിച്ച് അടിച്ചമര്‍ത്താന്‍ ഒരുപാട് ശക്തികള്‍ ശ്രമിച്ചിരുന്നെങ്കിലും 'എതിരി'ന്റെ സര്‍ഗ്ഗാത്മകതയിലൂടെ അദ്ദേഹം അതിനെയൊക്കെ മറികടന്നിട്ടുണ്ട്. ജീവിതത്തില്‍ അത് നല്‍കിയ രോഷവും ക്ഷീണവുമാണ് ഈ പുസ്തകത്തിലെ വിവരണത്തിലും വിശകലനത്തിലും. ഇതിന്റെ ആകര്‍ഷകതയും അതാണ്. തന്റെ തന്നെ അനുഭവങ്ങള്‍ പറയുമ്പോഴും ജാതിവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളെക്കുറിച്ചും പുരോഗമന പ്രസ്ഥാനങ്ങളും നേതൃത്വവും അവയെ നേരിടുന്നതില്‍ എങ്ങനെ പരാജയപ്പെട്ടു എന്നും വളരെ പ്രകടമായ പ്രതിപാദനങ്ങളുണ്ട്. സൈദ്ധാന്തികവും സമകാലികവും വ്യക്തിപരമായ അനുഭവങ്ങളുടേയും ഒരു കലര്‍പ്പാണിത്.

ചില ഭാഗങ്ങള്‍ വല്ലാതെ ഉള്ളില്‍ തട്ടുന്നതായിരുന്നു. 14 വയസ്സുള്ളപ്പോള്‍ അടുത്തുള്ളൊരു ജന്മിയുടെ വീട്ടില്‍ ചെന്നപ്പോള്‍ മണ്ണില്‍ കുഴികുഴിച്ച് കഞ്ഞി വിളമ്പുകയും ഇയാളോടൊപ്പം ചെന്നു കുടിക്കാന്‍ പട്ടിയെ അയയ്ക്കുകയും ചെയ്തത്രേ. പട്ടി മനുഷ്യക്കുട്ടിയെ കടിച്ചുമാറ്റി. പിന്നീട് കുഞ്ഞാമന്റെ ഭാഷയില്‍ ''തിരിഞ്ഞുനോക്കുമ്പോള്‍, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്, രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികള്‍ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു.'' കീഴടങ്ങലിന്റെ ബാല്യത്തില്‍, ഇടയ്‌ക്കെവിടെയോ ചില എതിരുകള്‍ രൂപപ്പെടുന്നു. പാണന്‍ എന്ന ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കണക്കു മാസ്റ്ററോട്, അതാവര്‍ത്തിക്കരുതെന്നു പറഞ്ഞപ്പോള്‍ കിട്ടിയ അടിയേറ്റ് മുഖം വീങ്ങി. കഞ്ഞി കുടിക്കാനാണ് സ്‌കൂളില്‍ വരുന്നതെന്നാക്ഷേപിച്ചപ്പോള്‍ കഞ്ഞികുടി നിര്‍ത്തി. പഠിക്കാനായി സ്‌കൂളില്‍ പോയിത്തുടങ്ങി. ബാല്യത്തിലേ ആത്മാഭിമാനവും എതിര്‍പ്പും ആ മനസ്സിലുണ്ടായിരുന്നു. പിന്നീട് അപമാനങ്ങളുടെ ഓരോ ഘട്ടത്തിലും ഈ വികാരങ്ങള്‍ രാകി മൂര്‍ച്ചപ്പെടുത്തുകയായിരുന്നു.

തിരസ്‌കാരങ്ങളും എതിര്‍പ്പുകളും

അപമാനമേറ്റ ജീവിത സന്ദര്‍ഭങ്ങള്‍ മാത്രമല്ല ഇതിലെ പ്രതിപാദ്യ വിഷയം. പില്‍ക്കാലങ്ങളില്‍ പല ഉയര്‍ന്ന ഘട്ടങ്ങളിലെത്തിയപ്പോഴും ഈ ജന്മപരിമിതിയുടെ പേരില്‍ ഏറെ തിരസ്‌കാരങ്ങളും അവയോടുള്ള പ്രതികരണങ്ങളും അതിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന നേതൃവിശകലനങ്ങളും സൈദ്ധാന്തിക വ്യാഖ്യാനങ്ങളും ശ്രദ്ധേയമാണ്. തന്റെ രോഷത്തിന് ഒരു പ്രത്യയശാസ്ത്ര പിന്‍ബലം വേണമെന്നറിഞ്ഞു. അതിനായി നന്നായി വായിച്ചു പഠിച്ചു. അപ്പോഴൊക്കെയും പക്ഷപാതങ്ങളുടെ  മുന്‍വിധികളില്‍നിന്നു മാറിനിന്നു. ഓരോ അനുഭവവും വികാരങ്ങളും വിശകലനങ്ങളും ഇവിടെ രേഖപ്പെടുത്താനാവില്ല. പക്ഷേ, താനനുഭവിച്ച അപമാനത്തിന്റെ രൂക്ഷ സന്ദര്‍ഭങ്ങള്‍ ഏതൊരു വായനക്കാരനേയും വേദനിപ്പിക്കും. എം.എ. ധനശാസ്ത്രത്തില്‍ ഒന്നാംറാങ്കു നേടിയപ്പോള്‍, കുഞ്ഞാമന് പണ്ട് ഉപ്പുമാവ് കൊടുത്തതിന്റെ കണക്കു പറഞ്ഞ വ്യക്തി. ''ദാറ്റ് ബെഗ്ഗര്‍'' എന്നു പറഞ്ഞ് അപമാനിച്ച കോളേജ് സഹപാഠിയായ പെണ്‍കുട്ടി. സമ്പത്തുള്ളവനേ സ്വാതന്ത്ര്യമുള്ളൂ എന്ന് ഹെഗല്‍ പറഞ്ഞതിന്റെ പൊരുളറിഞ്ഞ സന്ദര്‍ഭങ്ങള്‍ - ഒരു ചായയ്ക്കുപോലും ഗുണമില്ലാതെ പോയ റാങ്കിനോട് തോന്നിയ അവജ്ഞ. പിന്നെയും അലച്ചില്‍.

എല്ലാം തുറന്നു പറഞ്ഞ്, ഒരുപാട് ജീവിത സന്ദര്‍ഭങ്ങള്‍. സാംസ്‌കാരിക, രാഷ്ട്രീയ, അക്കാദമിക് രംഗങ്ങളെ പല പ്രഗത്ഭരുമായും ഇടപെട്ടപ്പോഴുണ്ടായ തിക്താനുഭവങ്ങള്‍. ചിലപ്പോഴൊക്കെ അല്പം തിടുക്കപ്പെട്ട വിലയിരുത്തലുകള്‍. അതില്‍ ചിലതില്‍ പില്‍ക്കാലത്തു നടത്തിയ തിരുത്തലുകള്‍. വ്രണിതമായൊരു മനസ്സിന്റെ തിടുക്കങ്ങള്‍ പലയിടത്തും കാണാം. പക്ഷേ, അതില്‍ പലതിനും ന്യായീകരണങ്ങള്‍ നമുക്കു തന്നെ കണ്ടെത്താം. തികച്ചും ദരിദ്രമായൊരു കുടുംബപശ്ചാത്തലവും ജാതിപരമായ പിന്നാക്കാവസ്ഥയും ദയാരഹിതമായൊരു സമൂഹവും ഒരു ജന്മത്തെ ബാല്യം മുഴുവനും പില്‍ക്കാലത്തും വേട്ടയാടുമ്പോള്‍, അതുണ്ടാക്കുന്ന രോഷവും നൈരാശ്യവും ഉള്‍ക്കൊള്ളാന്‍, നമുക്കും അതുമായൊരു സാത്മ്യം വേണം. ചിലപ്പോള്‍ എല്ലാ പ്രതികരണങ്ങളും അത്തരം ഘട്ടത്തില്‍ യുക്തിബദ്ധവും മിതവുമാവണമെന്നില്ല. കുഞ്ഞാമന്റെ ജീവിതം, ഈ ആനുകൂല്യം അവകാശപ്പെടുന്നു. എം.എയ്ക്ക് ഒന്നാം റാങ്ക് കിട്ടിയെന്നറിഞ്ഞ ഒരു വീട്ടമ്മ, കഞ്ഞി തരാമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍, വിശപ്പില്ലെന്നു പറഞ്ഞ് മടങ്ങി. റാങ്കിനെ ഒരു കഞ്ഞിയിലേയ്ക്ക് ചെറുതാക്കാന്‍ മനസ്സില്ലായിരുന്നു.

അപമാനം, ദാരിദ്ര്യം, ഭയം, അപകര്‍ഷതാബോധം എന്നിവ ബാല്യത്തിലേ പിന്തുടര്‍ന്നിരുന്നു. പില്‍ക്കാലത്ത് എഴുതിയപ്പോഴും ശ്രദ്ധിക്കപ്പെട്ടപ്പോഴും ഇവ പിന്തുടര്‍ന്നതായാണ് അദ്ദേഹം പറയുന്നത്. ഒരു വ്യക്തിയെ, ജന്മത്തിന്റെ പേരില്‍ എങ്ങനെയൊക്കെ തളര്‍ത്താമെന്നതിന് മറ്റ് ഏറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല. ''എന്റെ ജന്മമായിരുന്നു എന്റെ പാപം'' എന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമൂലയെക്കൊണ്ട് ഇക്കാലത്തും പറയിച്ചില്ലേ. അതിലും എത്രയോ രൂക്ഷാനുഭവങ്ങളായിരുന്നു കുഞ്ഞാമന്റേത്.

സമൂഹത്തെ വെല്ലുവിളിച്ച മഹാന്മാരോടുള്ള ഭക്തിയുണ്ടായിരുന്നപ്പോഴും തന്റെ എതിര്‍പ്പ് പരിമിതമായിപ്പോയത് ഭയം കൊണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടും തന്നെപ്പോലുള്ളവര്‍ക്ക് ഭൂമി കിട്ടിയില്ല. തൊഴിലാളിയെ കര്‍ഷകനാക്കുന്ന സന്ദര്‍ഭങ്ങള്‍ കളഞ്ഞുകുളിച്ചപ്പോഴും തൊഴിലാളിയുടേതാണ് ഭൂമി എന്ന വചനം പൊള്ളയായി തുടര്‍ന്നു. പിന്നീട് റാങ്കും കയ്യില്‍ വെച്ച്, ഒന്നുമാവാത്ത രണ്ട് ഊഷര വര്‍ഷങ്ങള്‍. തുടര്‍ന്ന് തിരുവനന്തപുരത്ത് സി.ഡി.എസില്‍ എം.ഫില്‍ പഠനം. കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങളെക്കുറിച്ച് ഡോ. വൈദ്യനാഥന്റെ കീഴില്‍ പഠനം. വൈദ്യനാഥന്‍ എന്തുകൊണ്ടോ തിരസ്‌കരിച്ചു. ഗവേഷണത്തിനിടയ്ക്ക് ഡോ. കെ.എന്‍. രാജുമായി പിണങ്ങി. ''ഹൈറാര്‍ക്കിയെ ചോദ്യം ചെയ്യുന്ന നിനക്ക് എന്തു ചെയ്യാനാവും'' എന്ന് രാജ്. അതും മനസ്സിനെ ഇളക്കിമറിച്ചു. ''അങ്ങനെ ഉയരത്തില്‍നിന്നു സംസാരിക്കരുത്... എനിക്ക് നിങ്ങളെപ്പോലുള്ളവരോട് എതിര്‍പ്പുണ്ട്... താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നെങ്കില്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസ്സാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്തായിരുന്നെങ്കില്‍ നൊബേല്‍ സമ്മാന ജേതാവായേനേ. ഈ വ്യത്യാസം നമ്മള്‍ തമ്മിലുണ്ട്.''

ഈ വാചകം ജീവിതം അദ്ദേഹത്തെക്കൊണ്ട് പറയിച്ചതാണ്. അതിലെ അയുക്തിയും തിടുക്കവും കുഞ്ഞാമന്റെ സഞ്ചിത മാനസികാവസ്ഥയില്‍ ക്ഷന്തവ്യവുമാണ്. തുടര്‍ന്ന് താന്‍ നേരിടുന്ന കുറേ അടിച്ചമര്‍ത്തലുകളുടേയും മാനസിക സമ്മര്‍ദ്ദങ്ങളുടേയും അനുഭവങ്ങളുണ്ട്. പല നിഗമനങ്ങളും അവകാശപ്പെടലുകളും ആ ജീവിതത്തിനു മാത്രം ന്യായീകരിക്കാവുന്നതാണ്. സി.എഡി.എസ്സില്‍ ഗവേഷണം ചെയ്യവേ കേരള സര്‍വ്വകലാശാലയില്‍ ലക്ച്ചററായി അപേക്ഷിച്ച് ഒന്നാം റാങ്ക് കിട്ടിയിട്ടും നിയമനം മറ്റൊരാള്‍ക്ക്. അതു പ്രശ്‌നമായപ്പോള്‍ ഒന്നരവര്‍ഷം കഴിഞ്ഞ്, ഒരു സൂപ്പര്‍ ന്യൂമററി തസ്തികയുണ്ടാക്കി, അതില്‍ എസ്.സി./എസ്.ടി. തസ്തികയില്‍ നിയമം നല്‍കി. ഒന്നാം റാങ്കുകാരന് എന്തുകൊണ്ട് പൊതു തസ്തികയില്‍ കൊടുത്തില്ല. ചണ്ഡാലന്, സ്ഥാപനത്തിനു പിന്നിലൂടേയേ വരാവൂ എന്നാണോ? തന്റെ ബൗദ്ധിക മണ്ഡലങ്ങളില്‍, അക്കാദമിക്കായ ഇ.എം.എസ്സിന്റെ തുറന്ന മനസ്സും പി. ഗോവിന്ദപ്പിള്ളയുടെ അക്കാദമിക്‌സും ദാര്‍ശനികതയും പ്രായോഗികതയും ചേര്‍ന്ന സംവാദങ്ങളും മാത്രമാണ് കുഞ്ഞാമന് പാഥേയങ്ങളായിരുന്നത്. ഇ.എം.എസ്., വി.എസ്., പി.ജി എന്നിവരോട് തീക്ഷ്ണമായ വിയോജിപ്പും പ്രകടമാക്കിയിരുന്നു.

വിയോജിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്തതും അക്കാദമിക് തുറസ്സുകളില്ലാത്തതുമാണ് യൂണിവേഴ്സിറ്റികളുടെ തകരാറ്. യു.ജി.സിയില്‍ അംഗമായിരുന്നപ്പോള്‍, ഒരു നിയമനത്തിന്റെ പ്രശ്‌നം വന്നു. അതില്‍ അംഗമായിരുന്ന കുഞ്ഞാമന്റെ വിയോജനക്കുറിപ്പ് എടുത്തുമാറ്റണമെന്ന്, മറ്റെന്തൊക്കെയോ വിധേയത്വത്തിന്റെ പേരില്‍ മറ്റംഗങ്ങളും. അധികാരത്തിന് വിധേയത്വം ആവില്ലെന്നതുകൊണ്ട് യു.ജി.സിയില്‍നിന്നു രാജി. ഇത്തരം മറ്റ് ഒരുപാട് ഘട്ടങ്ങളും ഉണ്ടായിരുന്നു. ദളിതര്‍ അധികാര സ്ഥാനങ്ങളിലെത്തുമ്പോഴും അവരുടെ വിഭാഗത്തിനു യാതൊരു ഗുണവുമുണ്ടാകാത്തത്, അവര്‍ കരിയറിസ്റ്റുകളായി മാറുന്നതുകൊണ്ടാണെന്നും കരിയറിസ്റ്റുകളാവുമ്പോള്‍, വിധേയത്വമാണ് സംഭവിക്കുന്നതെന്നുമുള്ള ശ്രദ്ധേയമായ നിരീക്ഷണമുണ്ട്. സംവരണം ഒരുക്കിക്കൊടുക്കുന്നവര്‍ക്കും ഈ ദൗര്‍ബ്ബല്യം അറിയാം.

ദളിത് സമൂഹത്തിന്റെ പോരായ്മകളുടെ കാരണങ്ങളെക്കുറിച്ചും അതേ സമൂഹത്തില്‍നിന്നുതന്നെ ശക്തമായി എതിര്‍പ്പുകളുണ്ടാവാത്തതിനെക്കുറിച്ചും വിശദമായ പ്രതിപാദനമുണ്ട്. പുതിയ ദളിത തലമുറയില്‍ കുറേ പുതിയ നാമ്പുകളുണ്ടാവുന്നുണ്ട്. അധികാരത്തിന്റെ ഭാഷയും അവര്‍ വശത്താക്കിയിരിക്കുന്നു. എന്നാല്‍, ഉടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം പോലും ഇതു കണ്ടറിയാനും വളര്‍ത്തിയെടുക്കാനും ശ്രമിച്ചിട്ടില്ല. അവിടെയും രാഷ്ട്രീയം അധികാരത്തിന്റെ ഉപാധി മാത്രമാവുന്നു. ആനുകാലിക രാഷ്ട്രീയത്തിലും ദളിത് അധികാരവല്‍ക്കരണം നടക്കാത്തതിന്റെ കാരണങ്ങള്‍ പ്രത്യേകം ഉദാഹരണങ്ങള്‍ സഹിതം നിരത്താനും കുഞ്ഞാമന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതികളില്‍ പിന്നാക്കക്കാരെ തളച്ചിടാനും വ്യവസായിക സംരംഭങ്ങളില്‍ അവര്‍ എത്താതിരിക്കാനും എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. 'അട്ടിമറിക്കപ്പെട്ട ഭൂപരിഷ്‌കരണം' എന്ന അദ്ധ്യായം നിശിതമായ അന്വേഷണമാണ്. വര്‍ഗ്ഗശക്തി സ്ഥാപിച്ചെടുത്ത്, ഉല്പാദന വ്യവസ്ഥയുടെ അധികാരികളാവാന്‍ കഴിയാതെ, സംവരണത്തിന്റെ ഏറ്റക്കുറവുകളില്‍ ഒതുങ്ങിപ്പോയതിന്റെ ദുരന്തമാണ് ഇന്നും കാണുന്നത്. കര്‍ഷകത്തൊഴിലാളികള്‍ക്കും ഇന്നും ഇടതു നേതാക്കളിലേക്ക് ഇങ്ങനെയൊരു സമ്മര്‍ദ്ദമെത്തിക്കാന്‍ എന്തുകൊണ്ടാവുന്നില്ല. ഒരുപക്ഷേ, അത്തരമൊരു ശ്രമത്തിന്റെ നൈഷ്ഫല്യം അറിഞ്ഞതുകൊണ്ടാവുമോ? മൂര്‍ച്ചയേറിയ ചിന്താമുനകള്‍ ഇതിലുണ്ട്. കുഞ്ഞാമന്‍ തന്നെ കൂടുതല്‍ വൈപുല്യം നല്‍കേണ്ട ഭാഗമാണിത്.

അയ്യന്‍കാളി ഒരു ജനവിഭാഗത്തിന്റെ തൊഴില്‍ശേഷി ഉപയോഗിച്ച് അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ചെങ്കിലും അദ്ദേഹത്തിന്റെ പാണ്ഡിത്യക്കുറവ്, അതിനെ വ്യാപകമായ പ്രതിഷേധത്തിലെത്തിക്കുന്നതില്‍നിന്നു തടഞ്ഞു എന്നതാണ് കുഞ്ഞാമന്റെ വാദം. ശ്രീനാരായണഗുരു തന്റെ പാണ്ഡിത്യം വെച്ചുകൊണ്ടാണ് മറുപക്ഷത്തെ എതിരിട്ടതും. ആഗോളീകരണത്തോടെ ഇന്ത്യയില്‍ വര്‍ഗ്ഗീയതയും നവ ചാതുര്‍വര്‍ണ്ണ്യവും ബലപ്പെട്ടു എന്ന വാദത്തെ ഇവിടെ എതിര്‍ക്കുന്നു. എന്നാല്‍, ദളിതര്‍ക്കു കൂടി പ്രാതിനിധ്യമുള്ള ബ്യൂറോക്രസിയും ഭരണകൂടവും ദളിതനെ അമര്‍ത്തുന്നുമുണ്ട്. കുഞ്ഞാമന്റെ വാദങ്ങളില്‍ ചിലത് വേണ്ടത്ര ചര്‍ച്ചകളില്‍ വരാതിരുന്നത്, പലര്‍ക്കും അത് സൃഷ്ടിക്കാവുന്ന അസൗകര്യം കണക്കിലെടുത്താവാം. ദളിതരും പിന്നാക്കക്കാരും തമ്മിലാണ് യഥാര്‍ത്ഥ പ്രശ്‌നം, അല്ലാതെ ദളിതരും സവര്‍ണ്ണരും തമ്മിലല്ല. എന്തുകൊണ്ടാണ് സംവാദപ്രിയരായ കേരളം, ഗൗരവപൂര്‍ണ്ണമായ സംവാദങ്ങളില്‍നിന്ന്, ഇത്തരം മര്‍മ്മവേദിയായ നിരീക്ഷണങ്ങളെ ഒഴിവാക്കിയത്?

എല്ലാ തത്ത്വശാസ്ത്രങ്ങളും വാദപ്രതിവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞവയാണ്. അപ്പോഴാണ് പിന്നാക്കക്കാരന് 'ആര്‍ഗ്യൂമെന്റ്‌സ്' നിഷേധിച്ചതിന്റെ അര്‍ത്ഥം അറിയുക. ആ ഘട്ടത്തില്‍ അവന് സ്വാതന്ത്ര്യവുമില്ല, വികസനവുമില്ല. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പിലാണ് നാം. വ്യക്തികളെ ഒരു 'ബാങ്കി'ലാക്കിയാണ് വോട്ടുറപ്പിക്കുന്നത്. 'വോട്ട് ബാങ്ക്'. അതില്‍ സ്വാതന്ത്ര്യമെവിടെ? ഇതിന്മേലാണ് സുസ്ഥിരഭരണം എന്നു പറയുന്ന വാഗ്ദാനം. സുസ്ഥിരഭരണവും നീതിപൂര്‍വ്വമായ ഭരണവും രണ്ടും രണ്ടാണ്. ആരും അതിനായി വോട്ടു ചോദിക്കുന്നില്ല. അപ്പോള്‍ തിരസ്‌കൃതര്‍ അങ്ങനെ തന്നെ നിലനില്‍ക്കും. 'അതിരസ്‌കൃതര്‍'ക്ക് പ്രശ്‌നമില്ല, തിരസ്‌കൃതര്‍ക്ക് കാര്യമറിയുകയുമില്ല.

നമ്മുടെ കാലഘട്ടത്തില്‍ പൊതുവെ പറയാന്‍ ബാക്കിവെയ്ക്കുന്ന പലതും കുഞ്ഞാമന്‍ പറയുന്നു. ആരുടേയും ഔദാര്യത്തിനു കാത്തുനില്‍ക്കാത്തതിന്റെ സ്വാതന്ത്ര്യബോധമാണതിനു പിന്നിലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. തലമുറകളിലേയ്ക്ക് മാര്‍ക്‌സിസം പകര്‍ന്ന ഇ.എം.എസ് അതിനെ വിമര്‍ശനാത്മകമായി സമീപിച്ചില്ല. ചരിത്രത്തില്‍ ഒരു പരിഭാഷകന്റെ സ്ഥാനം മാത്രമുള്ള അദ്ദേഹം ഒരു മൗലിക ചിന്തകനായിരുന്നില്ല എന്നത് ഒരു തുറന്നു പറയലാണ്. കുഞ്ഞാമന്റെ ന്യായം അതിന് അദ്ദേഹം തരുന്നു.

യാഥാര്‍ത്ഥ്യത്തെ അറിയില്ല പ്രധാനം, അതു മാറ്റിമറിക്കലാണെന്നു പറയുന്ന കുഞ്ഞാമന്‍, ഈ വഴിയില്‍ താനെന്തു ചെയ്തു എന്നും ചിന്തിക്കണം. കുഞ്ഞാമന്റെ അറിവും അനുഭവങ്ങളും നല്ലൊരു തുടക്കമാവട്ടെ. തന്റെ സഹോദരങ്ങളുടെ മക്കള്‍ അനുഭവിക്കുന്ന തിരസ്‌കാരം, തന്റെ മകള്‍ക്കുണ്ടാവില്ലെന്നതാണ് ഇതിന്റെ അവസാന ഭാഗം. അപ്പോഴും ഒരു സംശയം ബാക്കിയാവുന്നു. അതേ നിസ്സഹായതയില്‍നിന്നുയിര്‍ത്തെഴുന്നേറ്റ കുഞ്ഞാമന്, ആ ഉത്ഥാനത്തിന്റെ പൊരുള്‍, സദൃശമായവര്‍ക്കെത്തിക്കാന്‍ എന്തുകൊണ്ടായില്ല. എന്തുകൊണ്ട് അങ്ങനെയൊരു ജൈവ പരിണാമത്തിന്റെ ഹേതുവായില്ല. കുഞ്ഞാമന്റെ എതിരിന് അങ്ങനെയൊരു സൃഷ്ടിപരമായ വശമുണ്ടാവേണ്ടേ?

ഒരു ചെറിയ വ്യക്തിപരമായ ഉപസംഹാരം ഇവിടെ പ്രസക്തമാണോ എന്നറിയില്ല. ഇതൊരവകാശവാദമല്ല, ഒരു സന്തോഷ പ്രകടനം മാത്രം. എം. കുഞ്ഞാമന്‍ വിക്ടോറിയ കോളേജില്‍ ധനശാസ്ത്രം എം.എയ്ക്ക് എന്റെ വിദ്യാര്‍ത്ഥിയായിരുന്നു. എന്റെ പരിമിതമായ അക്കാദമിക് വിഭവങ്ങളില്‍നിന്ന് മറ്റുള്ളവരേക്കാള്‍ കൂടുതല്‍,   ഈ വിദ്യാര്‍ത്ഥിക്കു നല്‍കിയിരുന്നു എന്നാണോര്‍മ്മ. ക്ലാസ്സിലെന്നപോലെ മനസ്സിലും കുഞ്ഞാമനുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പല സെമിനാറുകളിലും എത്തിയിരുന്നു.

കുഞ്ഞാമന്റെ എതിര്‍പ്പുകളും ഏറ്റമുട്ടലുകളും തുടരട്ടേ എന്നാണാഗ്രഹം. അതിനാവശ്യമായ സൈദ്ധാന്തിക ആയുധങ്ങളും ഇനിയും ആര്‍ജ്ജിക്കാനുണ്ട്. കാലുഷ്യങ്ങളും കന്മഷങ്ങളുമില്ലാത്ത എതിര്, മാറ്റത്തിന്റെ ചാലകശക്തിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com