'തൃക്കോട്ടൂരിന്റെ പെരുമാള്‍'- യുഎ ഖാദര്‍ ഓര്‍മ്മ

വേരുകള്‍ക്കു കൃത്യതയുടെ നീര്‍ച്ചാലുകള്‍ നിഷേധിക്കപ്പെട്ട സ്വന്തം ജീവിതം ഖാദറില്‍ തീര്‍ത്തത് വേരുകളോടുള്ള ആസക്തിയാണ് 
യുഎ ഖാദര്‍
യുഎ ഖാദര്‍

തിക്കൊടിയിലെ വീട്ടുമുറ്റത്ത് ഔദ്യോഗിക ബഹുമതിയുടെ മുന്നില്‍ അനുസരണയോടെ കിടക്കുന്ന യു.എ. ഖാദറിന്റെ ചിത്രം മരണപ്പിറ്റേന്നത്തെ ദിനപത്രത്തില്‍ കണ്ടു. മൂടിപ്പുതച്ചാണ് കിടപ്പ്. ഷര്‍ട്ടിന്റെ നിറം പുറമെ കണ്ടുകൂടാ... എങ്കിലും വൃത്തിയുള്ള പ്രകാശനിറമുള്ള ഷര്‍ട്ടായിരിക്കും. അങ്ങനെയല്ലാത്ത ഒന്ന് ഖാദറിടില്ല. ഇട്ടിട്ടുമുണ്ടാവില്ല. ചമഞ്ഞൊരുങ്ങി മാത്രം പ്രത്യക്ഷപ്പെടുന്ന സാന്നിദ്ധ്യമായിരുന്നു ഖാദറിന്റേത്. ഷര്‍ട്ടില്‍ ചുളിവുകാണില്ല; ഉലഞ്ഞിട്ടുണ്ടാവില്ല. ഷര്‍ട്ടു മാത്രമല്ല, മുണ്ടും വടിവു തെളിഞ്ഞു നിവര്‍ന്നു ഏങ്കോണിക്കാതെ ശരീരത്തോടു ചേര്‍ത്ത്, ഇസ്തിരിയിട്ടതുപോലെ അങ്ങനെ, വെടിപ്പായിട്ടല്ലാതെ ഖാദറിനെ ഇന്നോളം കണ്ടിട്ടില്ലല്ലോ.

ഇസ്തിരിയിട്ട വടിവില്‍ പ്രത്യക്ഷപ്പെടുന്ന പലരുമുണ്ടു വേറെ. പക്ഷേ, വെടിപ്പു പുറംമേനിയിലേ കാണൂ. ഖാദര്‍ അങ്ങനെയായിരുന്നില്ല. പുറത്തുകാണുന്ന വടിവും വെടിപ്പും കടുകിട കുറയാതെ അകത്തും കാണും. പുറംമേനിക്കും അകംമേനിക്കും ഒരേ വൃത്തി, ശുദ്ധി, വടിവ്, വെടിപ്പ്. ശരീരംപോലെ ആ മനസ്സും അവ്വിധം നേരുശുദ്ധി പുലര്‍ത്തിയിരുന്നു എന്നിടത്താണ് സമാന പ്രത്യക്ഷങ്ങളില്‍നിന്നും ഖാദര്‍ വ്യത്യസ്തനാകുന്നത്.

ഖാദറിന്റെ ചിരിക്കൊരു വശ്യതയുണ്ട്. സ്വിച്ചിട്ടാല്‍ അത് മിന്നില്ല. മിന്നണമെങ്കില്‍ ഉള്ളില്‍നിന്നുണരണം. ചിരിക്കുമ്പോള്‍ ഉള്‍വലിഞ്ഞിട്ടാണെങ്കിലും ദന്തനിരകള്‍ പുറമേ കാണാനാകും. കവിളുകള്‍ രണ്ടും മിനുങ്ങി തുടുത്തിട്ടുണ്ടാകും. ചുണ്ടില്‍ വിരിയുന്ന ചിരിയുടെ ഒരര വടിവ് ആ കണ്ണുകളിലും തിളങ്ങി ഇറ്റി നില്‍പ്പുണ്ടാവും.

ഇങ്ങനെയല്ലാതെ പ്രത്യക്ഷപ്പെടാന്‍, ഇങ്ങനെയല്ലാതെ ചിരിക്കാന്‍ ഖാദറിനറിയില്ലായിരുന്നു. മരണം വാതില്‍ക്കലെത്തി ''എന്നാലിനി വൈകിക്കണ്ട'' എന്നു മന്ത്രിച്ചു കൈത്തണ്ടയില്‍ കയറിപ്പിടിക്കുമ്പോഴും ആ സൗമ്യഭാവം വെടിഞ്ഞിരിക്കില്ല മുഖം. അലിവോടെ മരണത്തെ നോക്കി ചിരിച്ചിട്ടുണ്ടാവും ഖാദര്‍.

മരണം പുതിയൊരനുഭവമാണല്ലോ... എല്ലാ അനുഭവങ്ങളേയും പുഞ്ചിരിയോടെ എതിരേറ്റു ചങ്കിലേയ്ക്കു ചേര്‍ത്തുപിടിച്ചുള്ള ശീലം മരണമെന്ന പ്രതിഭാസത്തിന്റെ മുന്‍പില്‍ മാത്രം ഒഴിവാക്കുന്നതെങ്ങനെ!

എന്റെ ഓര്‍മ്മയില്‍ യു.എ. ഖാദറിനെ ഞാന്‍ അടുത്തറിയുന്നത് കോഴിക്കോട്ടുള്ളപ്പോള്‍ ആഹ്വാന്‍ സെബാസ്റ്റിനോടൊപ്പവും മറ്റും ചെലവഴിച്ച പകല്‍ സൊറകളില്‍വെച്ചാണ്. പിന്നീടൊരിരുപതു ദിവസം തിരുവനന്തപുരം ഹൊറൈസന്‍ ഹോട്ടലില്‍ അടുത്തടുത്ത മുറികളില്‍ ഒരു ജൂറി സ്‌ക്രീനിംഗുമായി ബന്ധപ്പെട്ടു കഴിഞ്ഞപ്പോള്‍ ആ സൗഹൃദത്തിന് ഇഴയടുപ്പം ഏറി.

എന്റെ ഒരു പുസ്തകത്തിന് ഖാദറിന്റെ ഒരവതാരിക വേണമെന്ന് ഞാനാവശ്യപ്പെട്ടിരുന്നു. സന്തോഷപൂര്‍വ്വം അദ്ദേഹം സമ്മതിച്ചു. പിറ്റേയാഴ്ച എനിക്ക് കോഴിക്കോട്ടു ചെല്ലേണ്ട കാര്യമുണ്ടായിരുന്നു. അപ്പോള്‍ നേരില്‍ കൊണ്ടുവന്നു തരാമെന്നുറപ്പിച്ചു. കോഴിക്കോട്ടു അതിഥിമന്ദിരത്തിലെത്തി. ഞാന്‍ വന്ന വിവരം വിളിച്ചറിയിച്ചു. എന്റെ സൗകര്യത്തിനു മുന്‍തൂക്കം നല്‍കി വൈകിട്ട് 5.30ന് വരാമെന്നു പറഞ്ഞു. കൃത്യസമയത്തു ആളെത്തി; എന്നുമെന്നതുപോലെ സുമുഖന്‍; വൃത്തിയോടെ, വെടിപ്പോടെ, ഹൃദ്യമായ ആ പുഞ്ചിരിയും വിടര്‍ത്തി...

വടിവൊത്ത അക്ഷരത്തില്‍ വൃത്തിയായെഴുതി മൂന്നായി മടക്കി കവറിലാക്കി കൊണ്ടുവന്ന കുറിപ്പു തന്നു. എവിടെയോ ഒരു യോഗത്തിനു പോകാനുണ്ട്. ഉടനെ പോവുകയും ചെയ്തു.

കൗതുകത്തോടെ ഞാനാ കുറിപ്പു വായിച്ചു നോക്കി. 

യു.എ. ഖാദര്‍ എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു. കുറിപ്പില്‍ പാതി, ഞാന്‍ കൂടി ഭാഗമായ എറണാകുളത്തെക്കുറിച്ചാണ്; എനിക്കു മുന്‍പേ അവിടത്തെ മുക്കും മൂലയും ചങ്ങാതിക്കൂട്ടവും ഖാദര്‍ അനുഭവിച്ചറിഞ്ഞവിധം എഴുതിയിരിക്കുന്നു. കാനായി കുഞ്ഞിരാമന്‍, ജേസി, കലൂര്‍ ഡെന്നീസ്, ചിത്രകാരനായ കിത്തോ, എറണാകുളത്ത് ഇന്നത്തെ മറൈന്‍ഡ്രൈവ് പിറക്കുംമുന്‍പുള്ള നാളുകളിലെ ഷണ്‍മുഖം റോഡിന്റെ പാരപ്പറ്റ്, ഇറക്കത്തെ മൂപ്പന്റെ കടയിലെ നെയ്യില്‍ വറുത്തു വാഴയിലക്കുമ്പിളില്‍ കിട്ടുന്ന പഴം നുറുക്ക്, എം.ജി. റോഡിലെ ആനന്ദഭവനിലെ രസവടയ്ക്കകമ്പടി തരുന്ന കായമണമിറ്റി നില്‍ക്കുന്ന സാമ്പാര്‍, ഇന്ത്യന്‍ കോഫി ഹൗസിലെ വെജിറ്റബിള്‍ കട്ലറ്റിലും മസാലദോശയിലും ഒരുപോലെ അലങ്കാരം നടചേരുന്ന രക്തവര്‍ണ്ണ മസാല... സൂക്ഷ്മാംശങ്ങളിലൂടെയാണ് ഓര്‍മ്മസഞ്ചാരം. ഞാന്‍ വളര്‍ന്നുവന്ന ചങ്ങാത്തവഴികള്‍ എനിക്കു മുന്‍പേ പരിചയമുള്ള ഒരാളായി ഖാദര്‍; അങ്ങനെയൊരാളോടു തോന്നാവുന്ന ഹൃദയബന്ധം. അതാ കുറിപ്പിലഴകായി, ആര്‍ജ്ജവമായി ജനിച്ചു ചേരാതെങ്ങനെ!

ഒരിക്കല്‍ കണ്ടാല്‍ പിന്നീടെത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടായാലും കൃത്യതയോടെ ആദ്യ നിമിഷത്തിന്റെ ശകലങ്ങള്‍വരെ ഓര്‍ത്തെടുക്കുന്ന വിരുത്. 

യു.എ. ഖാദറിന്റെ കഥാപാത്രങ്ങള്‍ക്കുമുണ്ട് ആ സിദ്ധി. നമുക്കവരെ, അറിയാം. എപ്പോള്‍, എങ്ങനെ, എവിടെവച്ച്? ചോദ്യങ്ങള്‍ അപ്രസക്തമാണ്. അറിയാം, എപ്പോഴോ, എവിടെവെച്ചോ എങ്ങനെയോ! അവര്‍ക്കു തമ്മില്‍ത്തമ്മിലുമറിയാം. അപരിചിതര്‍ കണ്ടുമുട്ടുന്ന ആദ്യമുഹൂര്‍ത്തത്തില്‍പ്പോലും ജന്മജന്മാന്തര ഭൂപടത്തില്‍ എവിടെയെല്ലാമോ ജൈവസന്ധികളില്‍ ഒരുമിച്ചുണ്ടായിരുന്നവര്‍ ഒരര്‍ദ്ധവിരാമത്തില്‍ പിരിഞ്ഞു വീണ്ടും കണ്ടുമുട്ടുന്നു എന്ന പ്രതീതിയാണ് വായനാനുഭവം ഉണര്‍ത്തുക. ആഴത്തിനാഴത്തിലൂടെ ഏതോ ഒരു ചരട് കഥാപാത്രങ്ങളെ തമ്മില്‍ ഗോചരമായും അല്ലാതെയും കൂട്ടിയിണക്കിയിട്ടാലെന്നപോലെ...

എല്ലാ കണ്ടുമുട്ടലുകളും ഓര്‍മ്മപുതുക്കലോ തികട്ടലോ മാത്രം. അങ്ങനെ നോക്കുമ്പോള്‍ ഈ വലിയ ലോകം എത്ര ചെറുതാകുന്നു!

ഖാദര്‍ എഴുതിയതത്രയും ചെറിയ ലോകത്തിലെ വലിയ ജീവിതത്തെക്കുറിച്ചായിരുന്നു.

ഖാദറിന്റെ കഥാപാത്രങ്ങള്‍ ഖാദറിനെ അനുസരിക്കുന്നവരാണ്. ധിക്കരിക്കുമ്പോള്‍പ്പോലും അനുസരണയുടെ ഭൂമികയില്‍നിന്നാണ് ഇടര്‍ച്ച ഉയിരെടുക്കുന്നത്. അങ്ങനെ കഥാകാരന്റെ ഇച്ഛയോട് ഇടചേര്‍ന്നും ഇടഞ്ഞും എല്ലാ കഥാപാത്രങ്ങളും എത്തിപ്പെടാന്‍ അരങ്ങു തീര്‍ക്കുന്ന നിലവിലുള്ള സമൂഹപരിവൃത്തമെങ്കില്‍ അതിനായി പുതിയൊരിടം തീര്‍ക്കും സ്വേച്ഛാധിപതിയാകും കഥാകാരന്‍. 

ആര്‍.കെ. ലക്ഷ്മണന്‍ മാല്‍ഗുഡി തീര്‍ത്തതുപോലെ ഖാദര്‍ തൃക്കോട്ടൂര്‍ തീര്‍ത്തതാകാം.

തൃക്കോട്ടൂരിന്റെ പെരുമാളായതിനു ഇതുമാത്രമായിരുന്നിരിക്കില്ല കാരണം. വേരുകള്‍ക്കു കൃത്യതയുടെ നീര്‍ച്ചാലുകള്‍ നിഷേധിക്കപ്പെട്ട സ്വന്തം ജീവിതം ഖാദറില്‍ തീര്‍ത്തത് വേരുകളോടുള്ള ആസക്തിയാണ്. എവിടേയും ബന്ധങ്ങള്‍ തീര്‍ത്ത് അതിന്റെ സ്രോതവഴികളിലൂടെ വേരുകള്‍ മുളപ്പിച്ചെടുത്തു ആ മനസ്സ്. എന്നിട്ട് ആഴത്തിനുമാഴത്തില്‍ അവ തമ്മില്‍ ഭൂഗര്‍ഭസമാന്തരങ്ങളിലെ പാരസ്പര്യം നെയ്‌തെടുത്തു. പിന്നെല്ലാം എളുപ്പമായി. തൃക്കോട്ടൂരിനു പുറത്ത് കഥാസന്ദര്‍ഭങ്ങളേയും കഥാപാത്രങ്ങളേയും തെളിച്ചുകൊണ്ടു കഥാകാരന്‍ മേയാനിറങ്ങിയപ്പോഴും തൃക്കോട്ടൂരിന്റെ ചൂരുപേറിയിരുന്നു. ആ കഥാപാത്രങ്ങളത്രയും; പുറംകഥാപാത്രങ്ങള്‍ തൃക്കോട്ടൂരില്‍ നടയിറങ്ങി ആ സംസ്‌കൃതിയുടെ അത്താണിയില്‍ സ്വയം ചാഞ്ഞതോടെ അവരുടെ അപരിചിതത്വം ബാഹ്യതലം മാത്രമായി.

സ്വന്തമെന്നു പറയാന്‍ ഒരു ഭാഷ ഇല്ലാതെ വരുമോ എന്ന് ഉള്ളാളിയപ്പോള്‍ സ്വന്തം വീര്‍പ്പുകളെ മലയാണ്മയുടെ ലിപികളില്‍ നിവേശിപ്പിച്ച് തന്റെ ലോകത്തില്‍നിന്നും പൊതുവിടങ്ങളിലേയ്ക്കു വിക്ഷേപിപ്പിക്കുകയായിരുന്നു ഖാദര്‍. വ്യത്യസ്തമായിരിക്കെയും കഥാസന്ധികളും കഥാപാത്രങ്ങളും പറഞ്ഞത് വായനാസമൂഹത്തിന് ചിരപരിചിതമായനുഭവപ്പെട്ടത് അവ ഹൃദയത്തിന്റെ തുടിതാളങ്ങളില്‍നിന്ന് അക്ഷരഭാഷ്യം പകുത്തെടുത്തതുകൊണ്ടാണ്. ഖാദറിന്റെ കഥാഭാഷ ഖാദറിന്റെ തനതു ഭാഷയായിരിക്കേ തന്നെ വായനക്കാരന്റെ കൂടി പരിചിതഭാഷയായത് അങ്ങനെയാണ്. 

പരിചിതഭാഷയായത് അവനില്‍ ഉറഞ്ഞും ഉറങ്ങിയും നിമ്നമായിരുന്ന നിഗൂഢതകളുടെ വന്യബിംബങ്ങളേയും അവയിലിടചേര്‍ന്ന കാമനകളേയും ഇച്ഛകളേയും അവ തഴുകിയുണര്‍ത്തിയതുകൊണ്ടാണ്.

എഴുത്തൊഴുക്കിനിടയില്‍ വാക്കുകള്‍കൊണ്ടു ഖാദര്‍ വരച്ചിടുന്ന ചിത്രങ്ങളും പ്രതീകങ്ങളും അവയ്ക്കിടയില്‍ ഒളിചീറ്റുന്ന മിത്തുകളും തൃഷ്ണകളും ഉണര്‍ത്തുന്ന ശീല്‍ക്കാരം ഉന്മാജമുണര്‍ത്തി ലഹരി തീര്‍ക്കാന്‍ പ്രാപ്തമായിരുന്നു.

ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അതാരെപ്പോലെയല്ല എന്നും ആരെപ്പോലെയാണ് എന്നും ഖാദര്‍ പറഞ്ഞുതന്നത് അന്നാട്ടു സംസ്‌കൃതിയിലെ രാകി മൂര്‍ച്ച മിനുക്കിയ ബിംബങ്ങളെ പ്രലോഭിപ്പിക്കുന്ന ജൈവസങ്കല്പങ്ങളുടെ ചോര രതിയിലും അങ്കക്രൗര്യത്തിലും ആറാടിച്ചുകൊണ്ടുകൂടിയാണ്.

...പാട്ടില്‍ പറയും മേക്കുന്നത്തു മലയിലെ പുളിമരച്ചുവട്ടില്‍ കുടിവാഴും പാതിരാക്കോഴിയെപ്പോലെ ചോരയ്ക്കാശിച്ചു തലയിട്ടടിച്ചമറുന്നവളായിട്ടല്ല, പൊന്ന്യംപടയ്ക്കു പുറപ്പെട്ടൊരുങ്ങിയ പൈതല്‍ നായര്‍ക്ക് പാകംപോലെ പൊന്നിന്‍ പരിചയും ചുരികയുമൊപ്പിക്കാന്‍ നോമ്പു പതിമ്മൂന്നും നോറ്റ് മനഃപാഠവും മനഃപൊരുത്തും നേടിയ മാണിക്യക്കുയില്‍ മാധവിയെപ്പോലെയാണ്... ഞങ്ങള്‍ തൃക്കോട്ടൂര്‍കാര്‍ ജാവാ മറിയത്തെ കണ്ടത്; കണ്ടുഭയന്നത്. ഭയന്നാചരിച്ചത്!

(ആണ്‍കരുത്തുള്ള പെണ്ണ്) 

ഞരമ്പുകള്‍ കൂട്ടിപ്പിണഞ്ഞാലെന്നോണം ചിത്രങ്ങളെ ഇവ്വിധം വാക്കുകളില്‍ നിബന്ധിക്കാന്‍ പ്രമേയവിരുത്തവും ഭാഷാതുടിയും തുലോം ഭിന്നമായിരിക്കേയും മലയാളത്തില്‍ ആകെ കഴിഞ്ഞിട്ടുള്ളത് കാക്കനാടനായിരിക്കണം.

ജാവാ മറിയത്തിന്റെ വരവിന്റെ ആട്ടപ്രകാര വര്‍ണ്ണന നോക്കുക:

...പന്ത്രണ്ടു കട്ട നിറച്ച വെടിവിളക്കും തെളിച്ച് മേലടിയിലെ തട്ടാന്‍ ചന്തു സ്രാപ്പിന്റെ തൊടിയില്‍ കെട്ടിയുയര്‍ത്തിയ ഓല ടാക്കീസില്‍നിന്നു രണ്ടാമത്തെ കളിയും കണ്ട് നിറപ്പാതിരയ്ക്കു (ജാവാ മറിയം) തൃക്കോട്ടൂര് അങ്ങാടിയിലേയ്ക്കു തിരിച്ചുപോകുന്നതു കണ്ടാല്‍, കണ്ടവരാരായാലും ചൂളംമടങ്ങും; കഴിയുന്നതും വഴിവക്കിന്റെ വെട്ടത്തില്‍പ്പെടാതൊഴിയും...!

തൃക്കോട്ടൂരിലെ ഓരോ മണല്‍ത്തരിയും ജീവജാലവും ഋതുക്കളും പഞ്ചഭൂതങ്ങളും ഖാദറിന് കൈവെള്ളയിലെ രേഖകള്‍പോലെ പ്രിയപ്പെട്ടവയാണ്. അവയിലൊരു ചെറുമാറ്റംപോലും പുറമെനിന്ന് നിര്‍ദ്ദേശിച്ചാല്‍ ഖാദര്‍ അസ്വസ്ഥനാകും, ഖാദറിനു ശ്രുതിയിടറും.

തൃക്കോട്ടൂര്‍ എന്നതിനെ തിരു+കോട്ടൂര്‍ എന്നാണോ പിരിച്ചെഴുതുക? 

ഒരു കുസൃതിച്ചോദ്യം ഉന്നയിച്ചു ഞാനൊരിക്കല്‍. ഖാദര്‍ വല്ലാതെ അസ്വസ്ഥനായി. പിന്നെ സങ്കടം തേമ്പുന്ന സ്വരത്തില്‍ പറഞ്ഞു.

നാരു നൂറ്റ് നൂലായി കഴിഞ്ഞാല്‍ പിന്നെ സത്യം നൂലല്ലേ...? തിരിച്ചു നൂറ്റി ആരും നാരു ചികയാറില്ലല്ലോ. വേണ്ടാ. തൃക്കോട്ടൂര്‍, തൃക്കോട്ടൂരായി മതി.

ചങ്ങാതിമാരെക്കുറിച്ചു ഏറെ കരുതലുള്ളവനായിരുന്നു ഈ നല്ല ഖാദര്‍. ഞാനൊരു ബാരിയാട്രിക് സര്‍ജറി നടത്തിക്കഴിഞ്ഞുള്ള രൂപമാറ്റത്തിന്റെ ഓരോ ഘട്ടത്തിലും തടി കുറയുന്നതില്‍ ആഹ്ലാദിക്കുമ്പോഴും മെലിയുന്ന കൂട്ടത്തില്‍ കവിളൊട്ടി മുഖശ്രീ കുറയുമോ എന്ന് അത്രതന്നെ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുമായിരുന്നു അദ്ദേഹം.

ജോണ്‍ പോള്‍ എന്നുപറയുമ്പോള്‍ തുടുത്ത കവിളിലെ ആ മിനുക്കം കൂടി ചേര്‍ന്ന മുഖമാണ് മനസ്സില്‍. അതു നിങ്ങള്‍ മെലിഞ്ഞിട്ടിരിക്കുമ്പഴും ഉണ്ടായിരുന്നു. അതുകുറയരുത്... അതു കുറച്ചുള്ള മെലിച്ചിലു മതി...

പലപ്പോഴും ഫോണ്‍വിളികള്‍ക്കു പരിഭവത്തിലാണ് കലാശം. ഞാന്‍ ഫിക്ഷന്‍ എഴുതുന്നില്ല എന്നതിലാണ് കെറുവ്.

കഥപറയാം, തിരക്കഥയെഴുതാം, ഫീച്ചറെഴുതാം... പിന്നെന്താ കഥയും നോവലുമെഴുതിയാല്...?

എഴുതാന്‍ കഴിയും എന്നെനിക്കു ഇതുവരെ തോന്നിയിട്ടില്ല.

തിരക്കഥയെഴുതാന്‍ കഴിയുമെന്ന് എപ്പഴേ മനസ്സിലായത്?

എഴുതിയപ്പോള്‍... പക്ഷേ, അതു ശര്യോ മതിയോന്നു നോക്കാന്‍ സംവിധായകനുണ്ട്. ഫിക്ഷനില്‍ ആ ജോലിയും ഞാന്‍തന്നെ ഏറ്റെടുക്കണ്ടേ? അതിനാണ് ധൈര്യം ഇല്ലാത്തത്.

എല്ലാ എഴുത്തുകാരന്റെ ഉള്ളിലും ശരിയായോ എന്നു പരതിനോക്കുന്ന ഒരു തീര്‍പ്പുകാരനുണ്ട്. നിങ്ങളിലുമുണ്ട്. 

എഴുതിനോക്കാദ്യം.

നോക്കാം.

എപ്പോള്‍?

വരട്ടെ...

അവസാനമില്ലാതെ തുടര്‍ന്ന ആ സംവാദം തുടരുവാന്‍ ദേഹി ബാക്കി വേണമെന്നില്ല. ഖാദര്‍ അതു നിര്‍ബ്ബാധം തുടരുമെന്നെനിക്കറിയാം.

ഒന്നുമാത്രം പറയാം അഥവാ ഞാന്‍ ഫിക്ഷന്‍ എഴുതിയാല്‍, തെറ്റില്ലെന്നു വന്നാല്‍ അതാദ്യം സമര്‍പ്പിക്കുക തൃക്കോട്ടൂരിന്റെ പെരുമാളിനായിരിക്കും.

പ്രിയമുള്ള ഖാദര്‍ നിങ്ങള്‍ക്കെങ്ങനെയാണ് ഇങ്ങനെ സ്‌നേഹിക്കാന്‍ കഴിയുക?

കലാമണ്ഡലം ഹൈദരലിയെക്കുറിച്ച് ഇതുപോലൊരു നിമിഷം അത്ഭുതംപൂണ്ടു കൈകള്‍ കൂപ്പിയപ്പോള്‍ പ്രത്യുത്തരംവന്നത് ചങ്ങാതി പവി എന്ന പവിത്രന്റെ ചുണ്ടില്‍നിന്നാണ്:

സ്‌നേഹിക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ട്.

യു.എ. ഖാദര്‍ സ്‌നേഹം പങ്കിട്ടത്, നിര്‍ല്ലോഭം പകുത്തുതന്നത് അദ്ദേഹത്തിന്റെ സ്‌നേഹിക്കാനുള്ള അദമ്യമായ ജന്മവാസനകൊണ്ടായിരുന്നു...

അതെ, സ്‌നേഹിക്കാതിരിക്കാന്‍ അറിയാത്തതുകൊണ്ടായിരുന്നു!

അതെ, സ്‌നേഹിക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ടായിരുന്നു!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com