സംസ്ഥാനത്തെ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും എംകെ സ്റ്റാലിനെയെങ്കിലും മാതൃകയാക്കാന്‍ കഴിയണം

പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ അധിനിവേശത്തിനു മാത്രമല്ല നമ്മുടെ മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വിധേയരാകുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്ത്രണ്ടാം വയസ്സില്‍നിന്നു പതിന്നാലാം വയസ്സിലേക്ക് ചാടിക്കടക്കാന്‍ കഴിയുമോ മനുഷ്യന്? പതിന്നാല് വയസ്സ് വരെ ജീവിച്ച ഒരാള്‍ക്കും അങ്ങനെയൊരു അദ്ഭുതസിദ്ധിയുണ്ടായതായി ചരിത്രം ഒരിടത്തും രേഖപ്പെടുത്തുന്നില്ല. പന്ത്രണ്ടില്‍നിന്നു പതിമ്മൂന്നാം വയസ്സിലൂടെ സാവധാനം നടന്നുനീങ്ങിയാണ് എല്ലാവരും പതിന്നാലില്‍ ചെന്നണയുന്നത്. പതിമ്മൂന്ന് അശുഭസംഖ്യയായതുകൊണ്ട് തനിക്ക് പതിമ്മൂന്നാം വയസ്സ് വേണ്ടെന്നു കാലത്തോടോ ദൈവത്തോടോ ആരും അപേക്ഷിച്ചതായി കണ്ടറിവോ കേട്ടറിവോ ഇല്ല. 13-ല്‍ അശുഭത്വം ആരോപിക്കുന്ന പാശ്ചാത്യര്‍ക്കുപോലും മിനക്കെട്ടിട്ടില്ല ആ പണിക്ക്. സംഖ്യ സംബന്ധ അന്ധവിശ്വാസവുമായി നടക്കുന്നവര്‍ക്കുപോലും 13-ാം വയസ്സ് ഒഴിവാക്കാനാവില്ലെന്നര്‍ത്ഥം.

വയസ്സില്‍ 13 ഒഴിവാക്കാനാവില്ലെങ്കിലും സര്‍ക്കാര്‍ തങ്ങള്‍ക്കു നല്‍കുന്ന കാറിന്റെ നമ്പര്‍ 13 ആവരുതെന്നു ശഠിക്കുന്ന ഒട്ടേറെ മന്ത്രിപുംഗവര്‍ കേരളത്തിലുണ്ടായിട്ടുണ്ട്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ 13-ാം നമ്പര്‍ കാര്‍ തന്നെ ഉണ്ടാവാറില്ല. എല്‍.ഡി.എഫ് ഭരിക്കുമ്പോഴുമുണ്ട് പല മന്ത്രിമാര്‍ക്കും 13-നോട് കടുത്ത അലര്‍ജി. 2006-ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ആര്‍ക്കും വേണ്ടാത്ത 13-ാം നമ്പര്‍ കാര്‍ എം.എ. ബേബി ഏറ്റെടുക്കുകയായിരുന്നു. 2016-ല്‍ വീണ്ടും ഇടതുമുന്നണി അധികാരത്തിലേറിയപ്പോഴുമുണ്ടായി ഇംഗ്ലീഷില്‍ triskaidekaphobia എന്നു പറയുന്ന നമ്പര്‍ഭീതി. ഒടുവില്‍ തോമസ് ഐസക് 13-ാം നമ്പര്‍ കാറിന്റെ താക്കോല്‍ വാങ്ങി പ്രശ്‌നം പരിഹരിച്ചു. ഇപ്പോള്‍ 2021-ലും 13-ാം നമ്പര്‍ കാറിനോട് ഹോണറബ്ള്‍ മിനിസ്റ്റര്‍മാര്‍ക്ക് അലര്‍ജിയായിരുന്നു. അവസാനം ആ നമ്പറുള്ള കാര്‍ സ്വീകരിക്കാന്‍ സി.പി.ഐക്കാരനും കൃഷിവകുപ്പു മന്ത്രിയുമായ പി. പ്രസാദ് മുന്നോട്ടു വന്നതിനാല്‍ 'കാര്‍ വിത്ത് നമ്പര്‍ 13' രക്ഷപ്പെട്ടു.

പതിമൂന്നാം നമ്പര്‍ പേടി ഇന്ത്യയില്‍ കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. പാശ്ചാത്യ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് ആ പേടി (ഫോബിയ) എന്നു സാരം. അവര്‍ക്ക് എവിടെനിന്നു കിട്ടി ഈ പേടി? ചില ചരിത്രകാരന്മാര്‍ കൈചൂണ്ടുന്നത് പുരാതന ബാബിലോണിയയിലെ രാജാവായിരുന്ന ഹമുറാബിയുടെ കാലത്ത് ക്രിസ്തുവിനു മുന്‍പ് 18-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട 'ഹമുറാബി നിയമസംഹിത'യിലേയ്ക്കാണ്. ആ സംഹിതയില്‍ 13-ാം നമ്പറുള്ള നിയമവകുപ്പുണ്ടായിരുന്നില്ല. ഹമുറാബിയുടെ നിയമങ്ങള്‍ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയവര്‍ക്ക് പറ്റിയ പിഴവാകാം അതിനു കാരണമെന്നു ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും 'ഹമുറാബി കോഡി'ല്‍ ഇല്ലാത്ത 13-നെ ഭാഗ്യഹീന നമ്പറായി തള്ളിക്കളയുകയാണ് പലരും ചെയ്തത്. വേറെ ചിലര്‍ 13-നെ ക്രിസ്തുവിന്റെ 'അവസാനത്തെ അത്താഴ'വുമായി ബന്ധപ്പെടുത്തിയത് കാണാം. അവസാനത്തെ അത്താഴത്തില്‍, ക്രിസ്തുവിനെ പിന്നീട് ഒറ്റിക്കൊടുത്ത യൂദാസ് ഉള്‍പ്പെടെ 13 പേരാണ് പങ്കെടുത്തത്. ആ സംഭവം മുന്‍നിര്‍ത്തി പില്‍ക്കാലത്ത് ചിലര്‍ 13-ാം നമ്പറിനെ അശുഭ സംഖ്യയായി കാണാന്‍ തുടങ്ങിയതിന്റെ ഫലമായി പാവം 13 വെറുക്കപ്പെട്ട വിലക്ഷണ നമ്പറായി.

പാശ്ചാത്യര്‍ പക്ഷേ, ആ മൂഢവിശ്വാസം പിഴുതെറിയാന്‍ 19-ാം നൂറ്റാണ്ട് തൊട്ട് ഉത്സാഹിച്ചു പോന്നിട്ടുണ്ട്. ഉദാഹരണത്തിന് അമേരിക്കയിലെ മാന്‍ഹാറ്റനില്‍ 1881-ല്‍ The Thirteen Club എന്ന പേരില്‍ ഒരു ക്ലബ്ബ് രൂപവല്‍ക്കരിക്കപ്പെട്ടു. നമ്പര്‍ 13-ല്‍ പറ്റിപ്പിടിച്ച കളങ്കം കഴുകിക്കളയുകയും ആ നമ്പറിനോട് ജനങ്ങള്‍ക്കുള്ള ഭീതിയും വിപ്രതിപത്തിയും ദൂരികരിക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. നാന്നൂറോളം അംഗങ്ങളുണ്ടായിരുന്ന ആ ക്ലബ്ബില്‍ വ്യത്യസ്തനാളുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരുന്ന ചെസ്റ്റര്‍ ആര്‍തര്‍, ഗ്രോവര്‍ ക്ലീവ്ലന്‍ഡ്, ബെഞ്ചമിന്‍ ഹാരിസണ്‍, വില്യാം മെകിന്‍ലി, തിയഡോര്‍ റൂസ്വെല്‍റ്റ് എന്നിവര്‍ കൂടി അംഗങ്ങളായിരുന്നു. നമ്മുടെ കേരളത്തില്‍ പക്ഷേ, ഇപ്പോഴും 13-നെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസം മന്ത്രിമാരടക്കമുള്ളവര്‍ മുറുകെ പിടിക്കുന്നു! അവരില്‍ പലരും പാശ്ചാത്യ സാംസ്‌കാരികാധിനിവേശത്തിനെതിരെ പ്രസംഗിക്കുന്നവരാണ് എന്നതത്രേ വിചിത്രം. പാശ്ചാത്യ സംസ്‌കാരം മൂഢവിശ്വാസത്തിന്റെ രൂപത്തില്‍ നടത്തുന്ന അധിനിവേശം അവര്‍ മടിയേതുമില്ലാതെ ആന്തരവല്‍ക്കരിക്കുന്നു.

ഇല്ലംവിട്ട് അമ്മാത്ത് എത്താത്തവര്‍

പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ അധിനിവേശത്തിനു മാത്രമല്ല നമ്മുടെ മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വിധേയരാകുന്നത്. സംസ്ഥാനത്തെ പുതിയ മന്ത്രിമാരും എം.എല്‍.എമാരും നടത്തിയ സത്യപ്രതിജ്ഞയില്‍ വേറൊരു സാംസ്‌കാരികാധിനിവേശം കാണുകയുണ്ടായി. മതവിശ്വാസികളായ മന്ത്രിമാര്‍ 'ദൈവത്തിന്റെ നാമ'ത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് 'അല്ലാഹുവിന്റെ നാമ'ത്തിലാണ്. മതവിശ്വാസികളായ എം.എല്‍.എമാരില്‍ 43 പേരുടെ സത്യപ്രതിജ്ഞ ദൈവനാമത്തിലായിരുന്നു. 13 പേരുടേത് അല്ലാഹുവിന്റെ നാമത്തിലും. ക്രിസ്തുമതവിശ്വാസികളായ മന്ത്രിമാരും എം.എല്‍.എമാരും 'കര്‍ത്താവിന്റെ പേരില്‍' സത്യപ്രതിജ്ഞ ചെയ്യാന്‍ പോയില്ല. അതുപോലെ ഹിന്ദുമത വിശ്വാസികളായ മന്ത്രിമാരും എം.എല്‍.എമാരും രാമന്റേയോ കൃഷ്ണന്റേയോ പേരില്‍ സത്യപ്രതിജ്ഞയെടുക്കാനും മുതിര്‍ന്നില്ല. മതവിശ്വാസിയായ ഒരു മുസ്ലിം മന്ത്രിയും വിശ്വാസികളായ 13 മുസ്ലിം എം.എല്‍.എമാരുമാണ് ദൈവനാമം വേണ്ടെന്നുവെച്ച് അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. അതുവഴി അവര്‍ വെളിവാക്കിയത് തങ്ങള്‍ അറേബ്യന്‍ സാംസ്‌കാരികാധിനിവേശത്തിനു കീഴ്പ്പെട്ടവരാണെന്നത്രേ.

സത്യപ്രതിജ്ഞാ ചടങ്ങില്‍ കണ്ട മറ്റൊരു വൈചിത്ര്യത്തിലേക്ക് കൂടി കടന്നുചെല്ലാം. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകാരില്‍ ഭൂരിഭാഗം പേരും എന്‍.സി.പിക്കാരനായ മന്ത്രി എ.കെ. ശശീന്ദ്രനും ദൈവത്തെ മാറ്റിനിര്‍ത്തി സഗൗരവം പ്രതിജ്ഞയെടുക്കുകയാണ് ചെയ്തത്. പക്ഷേ, സി.പി.എമ്മുകാരായ മൂന്നുപേര്‍ (ഒരു മന്ത്രിയും രണ്ട് എം.എല്‍.എമാരും) സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണ്. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേയും മറ്റു സാമാജികര്‍ ദൈവരഹിത സഗൗരവ പ്രതിജ്ഞയുടെ വഴിയെ പോയപ്പോള്‍ ഇപ്പറഞ്ഞ മൂന്നുപേര്‍ എന്തുകൊണ്ട് ദൈവവഴിയെ പോയി? ഇല്ലം വിട്ടെങ്കിലും അമ്മാത്ത് എത്താന്‍ കഴിയാതെ പോയവരാണോ അവര്‍?

ഇതൊരു നിസ്സാര കാര്യമല്ലേ എന്നു ചോദിക്കാന്‍ പലരും മുന്നോട്ട് വരും. പക്ഷേ, അത്ര നിസ്സാരമായ കാര്യമാണോ ഇത്? വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദമാണ് മാര്‍ക്‌സിസത്തിന്റെ അടിക്കല്ല്. ദൈവം ഉള്‍പ്പെടെയുള്ള പ്രകൃത്യാതീത ശക്തികള്‍ക്ക് മാര്‍ക്‌സിസ്റ്റ് ചിന്താധാരയില്‍ ഇടമേയില്ല. മനുഷ്യകേന്ദ്രിത മാര്‍ക്‌സിസത്തിന് തീര്‍ത്തും അന്യമാണ് ദൈവകേന്ദ്രിതത്വം. മനുഷ്യന്റെ നേട്ടങ്ങളേയോ കോട്ടങ്ങളേയോ ഉയര്‍ച്ചകളേയോ താഴ്ചകളേയോ ഒന്നും ദൈവത്തെ ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്ന രീതി മാര്‍ക്‌സിസത്തില്‍ ഇല്ല. ഈശ്വരവിശ്വാസത്തിലൂടെ കിളിര്‍ക്കുന്ന വിധിവിശ്വാസം ചൂഷകര്‍ക്കെതിരേയുള്ള ചൂഷിതരുടെ പോരാട്ടത്തെ ഇല്ലാതാക്കുകയോ ദുര്‍ബ്ബലപ്പെടുത്തുകയോ ചെയ്യുന്ന ഘടകമാണെന്നു മാര്‍ക്‌സിസം പഠിപ്പിക്കുന്നുമുണ്ട്.

ഇതെല്ലാം വസ്തുതകളായിരിക്കെയാണ് കേരളത്തിലെ ഒരു മുതിര്‍ന്ന സി.പി.എം നേതാവ് അടുത്തകാലത്ത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് നമ്മുടെ സമൂഹത്തില്‍ പ്രസക്തിയില്ലെന്നു ദ്യോതിപ്പിക്കുമാറ് പ്രസ്താവന നടത്തിയത്. മാര്‍ക്‌സിസത്തിലടങ്ങിയ നിരീശ്വരത നിമിത്തം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്ക് വരാന്‍ മടിക്കുന്ന കടുത്ത മതവിശ്വാസികളെക്കൂടി പാര്‍ട്ടിയുടെ ഉമ്മറത്തെത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു നേതാവിന്റെ പ്രസ്താവനയെന്നു വ്യക്തം. എളുപ്പത്തില്‍ ക്രിയ ചെയ്യുക എന്ന രാഷ്ട്രീയരീതി എന്നതിനെ വിശേഷിപ്പിക്കാമെങ്കിലും മാര്‍ക്‌സിസത്തില്‍നിന്നു മാര്‍ക്‌സിനെത്തന്നെ കുടിയിറക്കുന്ന പണിയാണതെന്നു പറയാതെ വയ്യ. കയ്പില്ലാത്ത കാഞ്ഞിരക്കുരുവിനെ കാഞ്ഞിരക്കുരു എന്നു വിളിക്കാന്‍ പറ്റാത്തതുപോലെ വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദമില്ലാത്ത മാര്‍ക്‌സിസത്തെ മാര്‍ക്‌സിസമെന്നു വിളിക്കാനും പറ്റില്ല. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നടത്തപ്പെടുന്ന ഇമ്മട്ടിലുള്ള ജലമിശ്രണത്തിന്റെ പല പ്രതിഫലനങ്ങളിലൊന്നാണ് സി.പി.എം അംഗങ്ങളായവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന പ്രവണത. ഇപ്പോള്‍ മൂന്നുപേരാണെങ്കില്‍ അടുത്ത തവണ അത് എട്ടോ പത്തോ പേരായി വര്‍ദ്ധിക്കും. ക്രമേണ സഗൗരവ പ്രതിജ്ഞയെടുക്കുന്നവര്‍ ഇല്ലാതാവുകയും ദൈവനാമത്തിലും അല്ലാഹു നാമത്തിലുമൊക്കെ സത്യപ്രതിജ്ഞ ചൊല്ലുന്നവര്‍ മാത്രമേ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലുമുണ്ടാവൂ എന്ന പരിഹാസ്യ സ്ഥിതിവിശേഷം വന്നെത്തുകയും ചെയ്യും.

സംസ്ഥാനത്തെ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും സ്റ്റാലിനെയെങ്കിലും മാതൃകയാക്കാന്‍ കഴിയണം. ചരിത്രത്തിലേക്ക് പിന്‍വാങ്ങിയ സോവിയറ്റ് യൂണിയനിലെ ജോസഫ് സ്റ്റാലിനെ മാതൃകയാക്കാനല്ല പറയുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.കെ. സ്റ്റാലിനെയെങ്കിലും മാതൃകയാക്കണം എന്നാണഭ്യര്‍ത്ഥന. ഡി.എം.കെയുടെ നേതാവായ സ്റ്റാലിന്‍ സത്യപ്രതിജ്ഞയെടുത്തത് ഏതെങ്കിലും ദൈവത്തിന്റെ പേരിലല്ല, സ്വന്തം മനസ്സാക്ഷിയുടെ പേരിലാണ്. അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന ആശയസ്ഥൈര്യത്തിലേക്കും ആദര്‍ശധീരതയിലേക്കും വളരാനെങ്കിലും കമ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്ക് സാധിക്കണം. ഇല്ലെങ്കില്‍ ചരിത്രം അവയെ അടയാളപ്പെടുത്തുക കമ്യൂണിസ്റ്റ് എന്ന വ്യാജനാമത്തില്‍ പ്രവര്‍ത്തിച്ച നോണ്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്ന നിലയിലായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com