സി.ബി.ഐ, ഇ.ഡി അന്വേഷണം എവിടെ വരെ?

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞോ? അന്വേഷണങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോയോ?
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ജാമ്യം ലഭിച്ച ശേഷം കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തു വരുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ജാമ്യം ലഭിച്ച ശേഷം കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തു വരുന്നു

രണകൂടത്തിന്റെ ഭാഗമായ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്നും അധികാരത്തിലിരിക്കുന്നവരുടെ ആയുധമാണ്. രാഷ്ട്രീയ പ്രതിയോഗികളെ നിശ്ശബ്ദമാക്കാനും വരുതിയില്‍ വരുത്താനും അടിച്ചമര്‍ത്താനുമൊക്കെ അവയെ പലരീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഉടമയുടെ ശബ്ദം ഏറ്റുപറയുന്ന കൂട്ടിലെ തത്തയാണ് ഈ ഏജന്‍സികളെന്ന് സുപ്രീംകോടതി പോലും നിരീക്ഷിച്ചിട്ടുണ്ട്. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഈ അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വ്യാപകവും കൃത്യതയോടെയുമായി. യു.പി.എ സര്‍ക്കാരും ഒട്ടും വിഭിന്നമായിരുന്നില്ല. അക്കാലയളവില്‍ സി.ബി.ഐ, 'കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍' എന്നറിയപ്പെട്ടിട്ടുണ്ട്. ഇപ്പോഴത് 'സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്റിമിഡേഷന്‍' എന്നറിയപ്പെടുന്നു, ഭയപ്പെടുത്താനുള്ള കേന്ദ്രം. അത് ഒരു രാഷ്ട്രീയ പ്രൊപ്പഗണ്ടയോടെ വൃത്തിയായി നടപ്പാക്കിയത് ബി.ജെ.പിയായിരുന്നു. നിലനില്‍പ്പിനുവേണ്ടിയും അഴിമതി ആരോപണങ്ങള്‍ മറയ്ക്കാനുമാണ് മുന്‍ഭരണകൂടങ്ങള്‍ ഈ ഏജന്‍സികളെ ദുരുപയോഗിച്ചതെങ്കില്‍ ബി.ജെ.പിക്ക് അത് രാഷ്ട്രീയലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയായിരുന്നു. മോദിയുടെ ഭരണകൂടം സാധാരണ കണ്ടുപരിചയിച്ച ഒരു സര്‍ക്കാരായിരുന്നില്ല. രാഷ്ട്രഘടനയെത്തന്നെ അടിമേല്‍ മറിച്ചിടുന്ന പദ്ധതികളും നിയമനിര്‍മ്മാണങ്ങളും നടത്തിയ സര്‍ക്കാരിന്റെ ഭാഗമായി ഈ ഏജന്‍സികളെന്നതാണ് മുന്‍കാലങ്ങളില്‍നിന്നുള്ള വ്യത്യസ്തത. 

ഉദാഹരണം, ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ ചുമതലയായിരുന്നു. എന്‍.ഐ.എ ഭേദഗതിയിലൂടെ സംസ്ഥാന സര്‍ക്കാരുകളെ മറികടന്ന് അവര്‍ക്ക് ഇടപെടാന്‍ കഴിയുന്നു. ഫെഡറലിസത്തിന്റെ അന്തസത്ത തന്നെ ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നു. എതിരാളികള്‍ക്ക് ജയം ഉറപ്പായ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം ചെലുത്താനോ അതിനു ശേഷമുള്ള പ്രതികാര നടപടികള്‍ക്കോ ബി.ജെ.പി മുതിര്‍ന്നു. ഇത്തവണ കേരളത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന സംസ്ഥാനങ്ങളിലെല്ലാം ഈ ഏജന്‍സികളുടെ അധികാര കടന്നുകയറ്റമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്ത് കേസില്‍ എട്ടോളം കേന്ദ്ര വകുപ്പുകളും ഏജന്‍സികളാണ് അന്വേഷണം നടത്തിയത്. ബംഗാളിലും തമിഴ്നാട്ടിലും റെയ്ഡുകളും പരിശോധനകളും നടന്നു. പഴയ കേസുകള്‍ പൊടിതട്ടിയെടുത്തു. ബംഗാളും കേരളവും കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ കേസെടുത്തു. ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ചരിത്രത്തിലെ തന്നെ അസാധാരണ നടപടിയായിരുന്നു ഇത്. മമതയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോരാട്ടം ഇപ്പോള്‍ മൂര്‍ച്ഛിച്ചതിനു പിന്നില്‍ ഈ ഏജന്‍സികളുടെ പക്ഷപാതപരമായ ചില നടപടികളാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കാന്‍ ഈ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞോ. അന്വേഷണങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോയോ. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് അന്വേഷണം വഴിതെളിക്കുമ്പോള്‍ അതിന്റെ പര്യവസാനം എന്ത്?

വംഗനാട്ടിലെ അന്വേഷണയുദ്ധം

ഇത്തവണത്തെ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് പാര്‍ത്ഥ ചാറ്റര്‍ജിയോട് ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് അയച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമതയുടെ വിശ്വസ്തനുമാണ് അദ്ദേഹം. ഐകോര്‍ ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ട പോന്‍സി കുംഭകോണം അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. 2014-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴു വര്‍ഷം പിന്നിടുമ്പോഴാണ് ഈ നടപടി. നിക്ഷേപത്തിന് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 3000 കോടി രൂപ ജനങ്ങളില്‍നിന്നു സ്വരൂപിച്ചെന്നും ഫണ്ടിന്റെ ഒരു ഭാഗം വകമാറ്റിച്ചെലവഴിച്ചെന്നുമാണ് പരാതി. 2018-ല്‍ പ്രമുഖ ബംഗാള്‍ ദിനപത്രത്തിന്റെ പത്രാധിപരായ സുമന്‍ ഛത്തോപാധ്യായയെ അറസ്റ്റ് ചെയ്തതാണ് ഈ കേസില്‍ അവസാനം നടന്ന സംഭവം. 

മാര്‍ച്ച് 16-ന് തൃണമൂല്‍ കോണ്‍ഗ്രസ് യുവനേതാവ് വിനയ് മിശ്രയുടെ സഹോദരന്‍ വികാസ് മിശ്രയെ ഇ.ഡി അറസ്റ്റുചെയ്തു. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിരയ്ക്ക് സി.ബി.ഐ സമന്‍സും അയച്ചു. അനധികൃത ഖനനം നടത്തി കല്‍ക്കരി കരിഞ്ചന്തയില്‍ വിറ്റഴിച്ചുവെന്നാണ് ആരോപണം. ഈ കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞവര്‍ഷം നവംബറിലാണ്. ഇസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിലെ അംഗങ്ങള്‍, സി.ഐ.എസ്.എഫ് അധികൃതര്‍, റെയില്‍വേ ജീവനക്കാര്‍, മറ്റു സ്വകാര്യവ്യക്തികള്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, രുജിര ബാനര്‍ജിയുടെ പേര് ഈ പട്ടികയിലില്ല. ക്രമക്കേട് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അനുപ് ലാലയുമായി രുജിര സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നതിന്റെ പേരിലാണ് സി.ബി.ഐ അവരെ ചോദ്യം ചെയ്തത്.

ശാരദ ചിട്ടി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ച്ച് 19-ന് മുന്‍ ഗതാഗതമന്ത്രിയായ മദന്‍ മിത്രയെയും മുന്‍ എം.പി വിവേക് ഗുപ്തയെയും ഇ.ഡി ചോദ്യം ചെയ്തു. ഇത്തവണ ഇവര്‍ രണ്ടുപേരും കമര്‍ഹാതി മണ്ഡലത്തിലും ജോരാസാങ്കോ മണ്ഡലത്തിലും മത്സരിക്കുന്നുണ്ടായിരുന്നു. മിത്രയെ സി.ബി.ഐ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യം കിട്ടി. അതേസമയം ഏപ്രില്‍ മൂന്നിന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷിന്റെയും എം.പി ശതാബ്ദി റോയിയുടെയും ശാരദ ഡയറക്ടര്‍ ദെബ്ജാനി മുഖര്‍ജിയുടെയും മൂന്നു കോടി വരുന്ന സ്വത്തുകള്‍ കണ്ടുകെട്ടി. അതേസമയം ശാരദകേസില്‍ പ്രധാന പ്രതിയായ മുകുള്‍ റോയിക്കെതിരേ യാതൊരു നീക്കവുമുണ്ടായില്ല. 2017-ല്‍ തൃണമൂല്‍ വിട്ട് മുകുള്‍ റോയി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2019 സെപ്റ്റംബറിലാണ് അദ്ദേഹത്തെ സി.ബി.ഐ അവസാനമായി ചോദ്യം ചെയ്തത്. 2020 നവംബറില്‍ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടിയത് മാത്രമാണ് സി.ബി.ഐ ചെയ്തത്. 2013-14 മുതലുള്ള സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാനും സി.ബി.ഐ ആവശ്യപ്പെട്ടു. 

ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി, സോവന്‍ ചാറ്റര്‍ജി എന്നിവരൊക്കെ ശാരദ കുംഭകോണത്തിലും നാരദ കേസിലും പ്രധാന പ്രതികളാണെങ്കിലും ഇവര്‍ക്കെതിരേ അന്വേഷണമോ നടപടികളോ ഉണ്ടായില്ല. സുവേന്ദുവിനെ സി.ബി.ഐ 2014 സെപ്റ്റംബറില്‍ ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച നടപടികള്‍ പുരോഗതിയിലാണെന്നു മാത്രമാണ് ഇപ്പോള്‍ ഇ.ഡി അധികൃതര്‍ പറയുന്നത്. 2017 സെപ്റ്റംബറിലാണ് സുവേന്ദുവിനെ ഇ.ഡി അവസാനമായി ചോദ്യം ചെയ്തത്. നാരദയുടെ സ്റ്റിങ് ഓപ്പറേഷന്‍ നടക്കുന്ന സമയത്ത് സുവേന്ദു ഗതാഗത മന്ത്രിയായിരുന്നു. 2014-16 ല്‍ ഒരു സാങ്കല്പിക കമ്പനിയുടെ പ്രതിനിധികളെന്ന പേരില്‍ ബംഗാളിലെ പ്രമുഖ നേതാക്കളെയും ഉദ്യോഗസ്ഥരെയും മലയാളിയായ മാത്യു സാമുവലിന്റെ നേതൃത്വത്തിലുള്ള ഒളിക്യാമറ സംഘം സമീപിച്ച് കാര്യങ്ങള്‍ സാധിച്ചു കിട്ടാന്‍ കൈക്കൂലി നല്‍കി. തെഹല്‍കയ്ക്കു വേണ്ടിയാണ് ഒളിക്യാമറ ഓപ്പറേഷന്‍ ആരംഭിച്ചതെങ്കിലും 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നാരദ ന്യൂസ് പോര്‍ട്ടലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

2017 ഏപ്രിലില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 13 പേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ആ കേസില്‍ മന്ത്രിമാരെയും എം.എല്‍.എമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ അനുമതി നല്‍കി. മമത സര്‍ക്കാരിലെ രണ്ടു മന്ത്രിമാരെയും ഒരു എം.എല്‍.എയുമടക്കം (സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കീം, മദന്‍ മിത്ര) നാലു പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇതില്‍ സോവന്‍ ചാറ്റര്‍ജി തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും സീറ്റ് ലഭിക്കാതെ പാര്‍ട്ടി വിടുകയായിരുന്നു. എന്നിട്ടും സുവേന്ദുവിനെ ഏജന്‍സികള്‍ തൊട്ടില്ല. നന്ദിഗ്രാമില്‍ മമതയെ തോല്‍പ്പിച്ചുവന്ന സുവേന്ദുവാണ് ഇപ്പോള്‍ ബംഗാളില്‍ പ്രതിപക്ഷ നേതാവ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു ഒരു ദിവസം മുന്‍പ് എം.എല്‍.എമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതാണ് കേസില്‍ രാഷ്ട്രീയക്കളിയുണ്ടെന്ന ആരോപണത്തിന്റെ കാതല്‍.

കേരളത്തില്‍ സ്വര്‍ണക്കടത്ത്

തിരുവനന്തപുരം വിമാനത്താവളത്തില്‍ 2020 ജൂണില്‍ സ്വര്‍ണ കള്ളക്കടത്ത് പിടിച്ചതുമായി ബന്ധപ്പെട്ട് എട്ടോളം കേന്ദ്ര ഏജന്‍സികളാണ് അന്വേഷണം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് ഭരണകക്ഷിയായ സി.പി.എമ്മിന് വെല്ലുവിളിയുമായി. അന്വേഷണം ആവശ്യപ്പെട്ട് ജൂലൈ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ 2020 ജൂലൈയിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കരന് പ്രതികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. കസ്റ്റംസിന് പുറമെ എന്‍.ഐ.എയും അന്വേഷണം ആരംഭിച്ചു. പിന്നീട് ജൂലൈ 13-ന് ഇ.ഡിയും സെപ്റ്റംബര്‍ 24-ന് സി.ബി.ഐയും രംഗത്തു വന്നു. 

സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. പിന്നീട് വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകാരന്‍ പ്രതികള്‍ക്ക് കമ്മിഷന്‍ കൊടുത്തെന്ന ആരോപണത്തിലായി അന്വേഷണം. തുടര്‍ന്ന് 2020 സെപ്റ്റംബര്‍ 20-ന് കോണ്‍ഗ്രസ് എം.എല്‍.എയായ അനില്‍ അക്കര നല്‍കിയ പരാതി പ്രകാരം സെപ്റ്റംബര്‍ 24-ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക പരിശോധന നടത്താതെയുമായിരുന്നു ഈ അന്വേഷണമെന്നാണ് സര്‍ക്കാരിന്റെ വാദം. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയതുമില്ല. ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥരായിരുന്നു പ്രതികള്‍. സ്വര്‍ണക്കടത്ത് അന്വേഷിച്ച ഇ.ഡിയുടെ അന്വേഷണം പൊരുത്തക്കേടുകള്‍ നിറഞ്ഞതായിരുന്നു. ബാങ്ക് ലോക്കറില്‍നിന്ന് കണ്ടെത്തിയ പണം സ്വര്‍ണക്കടത്തില്‍നിന്ന് ലഭിച്ചതാണെന്ന് ആദ്യം കോടതിയില്‍ പറഞ്ഞു. പിന്നീട് അത് കരാറുകാരുടെ കമ്മിഷനായി. ഇ.ഡിക്കെതിരേ കോടതിയും രംഗത്തെത്തി. ശിവശങ്കരന് സ്വാഭാവിക ജാമ്യവും കിട്ടി. കേസിലെ 10 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്നതിനോ, സ്വര്‍ണക്കടത്തില്‍ ലഭിച്ച പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്നതിനോ മതിയായ തെളിവില്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഈ അന്വേഷണങ്ങളെ ഇടതുമുന്നണി രാഷ്ട്രീയമായി നേരിട്ടു. പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ചും ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തു. അതേസമയം കിഫ്ബിക്കെതിരേ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. നേരത്തെ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു കേന്ദ്ര ഏജന്‍സിയും കിഫ്ബി പദ്ധതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി സര്‍ക്കാര്‍ തുടര്‍ഭരണം നേടുന്നതിനു മുന്‍പ് തന്നെ അന്വേഷണങ്ങളും മന്ദഗതിയിലായിരുന്നു. 

തമിഴ്നാട്ടില്‍ സ്റ്റാലിന്‍

''ഇത് സ്റ്റാലിനാണ്. അടിയന്തരാവസ്ഥയെയും മീസയെയും നേരിട്ട സ്റ്റാലിന്‍. ഞാനീ പരിശോധനകളിലൊന്നും പേടിക്കില്ല. നിങ്ങളുടെ മുന്നില്‍ മുട്ടിലിഴയുന്ന എ.ഐ.ഡി.എം.കെ നേതാക്കളല്ല ഞങ്ങളെന്ന് പ്രധാനമന്ത്രിക്ക് ബോധം വേണം.'' നരേന്ദ്ര മോദിക്ക് എതിരേയുള്ള കടുത്ത വിമര്‍ശനം അദ്ദേഹം തൊടുത്തുവിട്ടത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുന്‍പു നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു. ഏപ്രില്‍ രണ്ടിന്, തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനു നാലു ദിവസം മുന്‍പാണ്  സ്റ്റാലിന്റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണവിതരണം നടക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് ഡല്‍ഹിയില്‍ നിന്നെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥ സംഘം പറഞ്ഞത്. മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങളിലടക്കം ഒരേസമയം നാലിടങ്ങളില്‍ പരിശോധന നടന്നു. കോയമ്പത്തൂരിലുള്ള ശബരീശനോട് എത്രയും പെട്ടെന്ന് ചെന്നൈയിലെത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. അന്ന് ചെന്നൈ, കോയമ്പത്തൂര്‍, കരൂര്‍ എന്നിവിടങ്ങളിലായി 28 സ്ഥലങ്ങളില്‍ ഡി.എം.കെയുമായി ബന്ധമുള്ളവരുടെ സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകന്‍ മത്സരിക്കുന്ന തിരുപ്പൂരിലെ താരാപുരം മണ്ഡലത്തിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. എതിര്‍പാര്‍ട്ടികളായ ഡി.എം.കെ, എം.ഡി.എം.കെ, മക്കള്‍ നീതി മയ്യം നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു. സാമാന്യയുക്തി കൊണ്ടുതന്നെ ഈ റെയ്ഡുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമായിരുന്നു. അതേസമയം ബി.ജെ.പിയുടെ സഖ്യകക്ഷിയായ എ.ഐ.ഡി.എം.കെയുടെ ചില കേന്ദ്രങ്ങളിലും റെയ്ഡുകള്‍ നടന്നിരുന്നു. ഡി.എം.കെയോട് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് അവര്‍ കത്തും നല്‍കി. എന്നാല്‍, മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനായിരുന്നു ഈ പരിശോധനകളെന്ന് ഡി.എം.കെ തിരിച്ചടിച്ചു. സെന്താമരൈയുടെ വീട്ടില്‍ ഒരു ദിവസം നീണ്ട പരിശോധനയ്ക്കൊടുവില്‍ ആദായനികുതിവകുപ്പ് കണ്ടെത്തിയത് 1.36 ലക്ഷം രൂപ മാത്രമാണ്. മറ്റു നാലിടങ്ങളിലെ പരിശോധനയില്‍ ഒന്നും കണ്ടെത്താനുമായില്ല. രേഖകള്‍ ഹാജരാക്കിയതോടെ ഈ പണം തിരികെ നല്‍കി. പരിശോധന വാര്‍ത്തകളിലിടം കണ്ടെങ്കിലും ജനവിധിയെ അതൊന്നും ബാധിച്ചില്ല. കേവല ഭൂരിപക്ഷം അനായാസം നേടിയ സ്റ്റാലിന്‍ മുഖ്യമന്ത്രിയുമായി.

കശ്മീരില്‍ ഗുപ്കര്‍ സഖ്യം

കശ്മീരിലെ ഏഴു രാഷ്ട്രീയകക്ഷികള്‍ ഗുപ്കര്‍ സഖ്യം രൂപീകരിച്ച് നാലാം ദിവസം ലോക്സഭാ എം.പിയും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചു. സഖ്യത്തിന്റെ അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയായിരുന്നു. ജമ്മു-കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗം സംബന്ധിച്ച ആരോപണത്തിലായിരുന്നു ഈ അന്വേഷണം. അസോസിയേഷന്റെ മേധാവിയും ഫറൂഖ് അബ്ദുള്ളയായിരുന്നു. 2002-11 കാലയളവില്‍ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് 2018-ല്‍ ഫറൂഖ് അബ്ദുള്ളയ്ക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയുടെ നീക്കം. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസ് ജീവനക്കാരായ മൊഹമ്മദ് സലീം ഖാന്‍, അഹ്സാന്‍ അഹമ്മദ് മിസ്ര എന്നിവരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു. 

2020 ഡിസംബര്‍ 19-ന്, ഡിസ്ട്രിക്റ്റ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകം ഫറൂഖ് അബ്ദുള്ളയുടെയും മറ്റുള്ളവരുടെയും സ്വത്തുകള്‍ കണ്ടുകെട്ടുന്നതായി പ്രഖ്യാപിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം ആര്‍ട്ടിക്കിള്‍ എടുത്തുകളഞ്ഞതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് ഓര്‍ക്കണം. ഇത് കഴിഞ്ഞ് ഒരു മാസത്തിനകം സി.ബി.ഐ മൂന്നു കേസുകള്‍ കൂടി ഏറ്റെടുത്തു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു അത്. എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ പ്രതിയാക്കി സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നവംബര്‍ 23-ന് ഫറൂഖ് അബ്ദുള്ളയും മകന്‍ ഒമര്‍ അബ്ദുള്ളയും 0.9 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം വ്യക്തമാക്കി. സയ്യിദ് അഖൂന്‍, അസ്ലാം ഗോനി, ഹറൂണ്‍ ചൗധരി, സുജാദ് കിച്ലു, അബ്ദുള്‍ മജീദ് വാനി എന്നിങ്ങനെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെ പ്രതിയാക്കി. ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന പി.ഡി.പിയുടെ നേതാവ് മെഹ്ബൂബ മുഫ്തിയും ഇ.ഡിയുടെ അന്വേഷണപരിധിയിലാണ്. മുഫ്തിയുടെ അനുയായിയായ അന്‍ജും ഫസിലിയുടെ ഡയറിയില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് ഇ.ഡി അവര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.

2021 ജനുവരിയില്‍ രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ഭൂമി കൈവശംവെക്കാന്‍ അധികാരം നല്‍കുന്ന 2001-ലെ റോഷ്നി നിയമം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും നിലനില്‍ക്കുന്നതുമല്ലെന്നു പറഞ്ഞ് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. 1996-ല്‍ പാസാക്കിയ റോഷ്നി നിയമപ്രകാരം ഭൂമിയുടെ മൂല്യത്തിന്റെ ഒരുഭാഗം സര്‍ക്കാരിന് നല്‍കിയാല്‍ ആ ഭൂമിയുടെ ഉടമസ്ഥാവകാശം അംഗീകരിച്ച് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ നിയമം. എന്നാല്‍, ഈ നീക്കങ്ങളൊന്നും ജനവിധിയെ സ്വാധീനിച്ചില്ല കേന്ദ്രഭരണപ്രദേശമായ ശേഷം നടന്ന ഡി.ഡി.സി ജില്ലാ വികസന കൗണ്‍സിലേക്കു നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കശ്മീര്‍ താഴ്വരയില്‍ ഗുപ്കര്‍ സഖ്യം നൂറിലധികം സീറ്റുകള്‍ നേടി ഭൂരിപക്ഷം നേടി. 

ചോദ്യം ചെയ്യലിന് ശേഷം സിബിഐ ഓഫീസിൽ നിന്ന് പുറത്തു വരുന്ന ഡികെ ശിവകുമാർ
ചോദ്യം ചെയ്യലിന് ശേഷം സിബിഐ ഓഫീസിൽ നിന്ന് പുറത്തു വരുന്ന ഡികെ ശിവകുമാർ

കര്‍ണാടകയില്‍ ഡി.കെ
 
2020 ഒക്ടോബറിലാണ് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെയും സഹോദരന്‍ ഡി.കെ. സുരേഷിന്റെയും വീടുകളിലുള്‍പ്പെടെ 14 കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്. ഈ കേസില്‍ ഇപ്പോഴും അന്വേഷണം തുടരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. 74.93 കോടിയുടെ പണമിടപാട് സംബന്ധിച്ച് ശിവകുമാറിനെതിരേ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2019 സെപ്റ്റംബറില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ സി.ബി.ഐ അന്വേഷണത്തിന് അനുമതിയും നല്‍കിയത്. നടത്തിയ പരിശോധനയില്‍ 57 ലക്ഷം രൂപ മാത്രമേ സി.ബി.ഐക്ക് കണ്ടെത്താനായുള്ളൂ. ഇ.ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തു. 2019 ഒക്ടോബറിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പി നടത്തുന്ന നീക്കമായിരുന്നു ഈ റെയ്ഡുകള്‍.
 
കര്‍ണാടയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിനും ബി.ജെ.പിയുടെ പതനത്തിനും ചുക്കാന്‍ പിടിച്ചത് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡി.കെ. ശിവകുമാറായിരുന്നു. എം.എല്‍.എമാരെ സുരക്ഷിത താവളത്തിലേക്കു മാറ്റിയതും തന്ത്രങ്ങള്‍ മെനഞ്ഞതും അദ്ദേഹമായിരുന്നു. സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ബി.ജെ.പി ശ്രമിച്ചപ്പോഴും രക്ഷകനായത് ഡി.കെ. ശിവകുമാറാണ്. കൂറുമാറ്റം ഭയന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയിലേക്കു മാറ്റി. ആകെയുള്ള 57 എം.എല്‍.എമാരില്‍ ആറു പേര്‍ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കുകയും ഇവരില്‍ മൂന്നുപേര്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്തതോടെയാണ് ചോര്‍ച്ച ഒഴിവാക്കാന്‍ എം.എല്‍.എമാരെ അഹമ്മദാബാദില്‍നിന്നു വിമാനമാര്‍ഗം ബെംഗളൂരുവിലെത്തിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. പിന്നാലെ ഡി.കെ. ശിവകുമാറിന്റെയും ബന്ധുക്കളുടെയും അടുപ്പക്കാരുടെയും സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ് നടന്നു. തിരിച്ചടിയായി കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസുകള്‍ പൊടിതട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരും ശ്രമിച്ചു. 

ശിവകുമാറിനെതിരെ രണ്ടു ദിവസം തുടര്‍ന്ന റെയ്ഡില്‍ ഡല്‍ഹി, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നായി 11.43 കോടി രൂപയാണ് കണ്ടെടുത്തത്. ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിലെ ലോക്കറുകളുടെ രഹസ്യ പാസ്വേഡ് പറയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൂട്ടുകള്‍ പൊളിച്ചാണ് രേഖകള്‍ പുറത്തെടുത്തത്. ശിവകുമാര്‍ കീറിയെറിഞ്ഞ ഡയറിത്താളുകളില്‍നിന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനു മൂന്നു കോടി രൂപ നല്‍കിയെന്ന രേഖ കണ്ടെത്തിയതായി അന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 2019-ല്‍ കുമാരസ്വാമി മന്ത്രിസഭയ്ക്കു നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ നേരിട്ട ആദ്യ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു കര്‍ണാടക മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി നേരിട്ടു. മുനിസിപ്പാലിറ്റികള്‍, മെട്രോപൊളിറ്റന്‍ കൗണ്‍സിലുകള്‍, നഗര പഞ്ചായത്തുകള്‍ എന്നിവയില്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തി. ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജനതാദള്‍ എസ് ആണ് രണ്ടാംസ്ഥാനത്തെത്തിയത്.

രാജസ്ഥാനില്‍ ഗലോട്ട്

രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പോരാടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സഹോദരന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നത്. അഗ്രസെന്‍ ഗെലോട്ടിന്റെ 'അനുപം കൃഷി' എന്ന വളം വിതരണ സ്ഥാപനവുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു റെയ്ഡ്. വളം കയറ്റുമതി നിരോധിച്ചിരുന്ന 2007-09 കാലത്ത് സബ്സിഡി നിരക്കില്‍ ഇറക്കുമതി ചെയ്ത പൊട്ടാഷ് മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും ഉപ്പ് എന്ന പേരില്‍ കയറ്റുമതി ചെയ്തെന്നാണു കേസ്. ഗെലോട്ടിന്റെ വിശ്വസ്തരായ രാജീവ് അറോറ, ധര്‍മ്മേന്ദ്ര റാത്തോഡ് എന്നിവരുടെ വീടുകളിലും കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് രാജീവ് അറോറ. കോണ്‍ഗ്രസ്സിനേയും ഗെലോട്ട് സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കി സച്ചിന്‍ പൈലറ്റ് എം.എല്‍.എമാര്‍ക്കൊപ്പം ഡല്‍ഹിയിലെത്തിയതിനു പിന്നാലെയായിരുന്നു ഗെലോട്ടിന്റെ വിശ്വസ്തരുടെ കേന്ദ്രങ്ങളില്‍ ആദായനികുതി റെയ്ഡ് നടന്നത്. 2012-13 കാലയളവിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യ നോട്ടീസ് നല്‍കുന്നത്. പിന്നീട് ഇപ്പോഴുണ്ടായ റെയ്ഡ് ഒഴികെ യാതൊരു നീക്കവുമുണ്ടായില്ല. ചോദ്യം ചെയ്യാന്‍ ആരെയും വിളിപ്പിച്ചില്ല. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നാണ് ഇ.ഡി പറയുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ ഈ റെയ്ഡുകളൊന്നും യാതൊരു സ്വാധീനവും ചെലുത്തിയില്ല. രാജസ്ഥാനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനു മുന്നേറ്റമുണ്ടായി. 620 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 548 സീറ്റുകളില്‍ ബി.ജെ.പിയും നേട്ടം കൊയ്തു. 50 നഗര പ്രാദേശിക സമിതികളിലായി 1775 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

മഹാരാഷ്ട്രയില്‍ പവാര്‍, ശിവസേന

മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു മാസം മുന്‍പ്, 2019 സെപ്റ്റംബറിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശരദ് പവാറിനും അനന്തരവന്‍ അജിത് പവാറിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്ര സഹകരണ ബാങ്ക് ക്രമക്കേടായിരുന്നു വിഷയം. സമന്‍സ് അയക്കുന്നതിനു മുന്‍പു തന്നെ ഇ.ഡിയുടെ മുന്നില്‍ സ്വമേധയാ ഹാജരാകാമെന്ന് പവാര്‍ വ്യക്തമാക്കി. എന്നാല്‍, പിന്നീട് എന്‍.സി.പി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ അദ്ദേഹം തീരുമാനം മാറ്റി. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് അത് കാരണമാകുമെന്ന് പൊലീസും അദ്ദേഹത്തെ അറിയിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ കേസില്‍ പിന്നെ യാതൊന്നും സംഭവിച്ചിട്ടില്ല. ഇ.ഡിയാകട്ടെ ആര്‍ക്കും സമന്‍സ് അയച്ചില്ല, ആരെയും അറസ്റ്റും ചെയ്തില്ല. കേസ് അന്വേഷണം പുരോഗതിയിലാണെന്ന് മാത്രമാണ് മറുപടി.

മറ്റൊരു കേസില്‍, 2020 നവംബറില്‍ ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക്കിന്റെ വീട്ടില്‍ റെയ്ഡ് നടന്നു. റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് ചാനലിന്റെ ഇന്റീരിയര്‍ ഡിസൈനര്‍  2018-ല്‍ ജീവനൊടുക്കിയ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതാപ് സര്‍നായിക്കാണ്. അര്‍ണബിനെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശലംഘന പ്രമേയം അവതരിപ്പിച്ചതും ഇദ്ദേഹമാണ്. താനെയിലെ മാജിവാഡ മേഖലയില്‍നിന്നുള്ള എം.എല്‍.എയായ പ്രതാപ് സര്‍നായിക് ശിവസേനയുടെ വക്താവ് കൂടിയാണ്. പരിശോധനയ്ക്കു ശേഷം അദ്ദേഹത്തെയും മകന്‍ വിഹാങ്ങിനെയും അറസ്റ്റു ചെയ്തു. അടുത്ത മൂന്നു നാലു മാസത്തിനുള്ളില്‍ എന്‍.സി.പി-ശിവസേന സഖ്യമായ മഹാ വികാസ് അഖാഡിക്ക് അധികാരം നഷ്ടമാകുമെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ റാവുസാഹിബ് ദന്‍വെ പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ് നീക്കം. 2020 ഡിസംബറില്‍ സര്‍നായിക്കിന് ജാമ്യം കിട്ടി. 2021 ഏപ്രില്‍ ഏഴിന് ബോംബെ ഹൈക്കോടതി അദ്ദേഹത്തിനെതിരേയുള്ള ഇ.ഡിയുടെ തുടര്‍നടപടികള്‍ വിലക്കുകയും ചെയ്തു. മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യം ചെയ്തതിനാണ് കങ്കണ റണൗട്ടിനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതായിരുന്നു റെയ്ഡിനു പ്രകോപനം.

ഛത്തീസ്ഗഡില്‍ ബാഗല്‍

2018 സെപ്റ്റംബറില്‍, നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം അവശേഷിക്കുമ്പോഴാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഭൂപേഷ് ബാഗലിനോട് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ബി.ജെ.പി മന്ത്രിയുടെ ലൈംഗിക സിഡി വിവാദവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്നാണ് കേസ്. സി.ബി.ഐ കുറ്റപത്രം നല്‍കിയതോടെയാണ് തുടര്‍നടപടിയുണ്ടായത്. 90 സീറ്റുകളുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 68 സീറ്റ് നേടി അധികാരത്തിലെത്തി. ബാഗല്‍ മുഖ്യമന്ത്രിയുമായി. അദ്ദേഹത്തിനെതിരായ കേസിലെ തുടര്‍നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇരകള്‍ക്ക് ഭീഷണിയുള്ളതിനാല്‍ കേസ് നടത്തിപ്പ് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന സി.ബി.ഐ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി നടപടി.

പഞ്ചാബില്‍ അമരീന്ദര്‍

പഞ്ചാബ് മുഖ്യമന്ത്രിയും ദേശീയ  കോണ്‍ഗ്രസ് നേതാക്കളിലൊരാളുമായ  ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനും ഭാര്യക്കും ചില പ്രധാന കുടുംബാംഗങ്ങള്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും  നോട്ടീസ് അയച്ചിരുന്നു. മുഖ്യമന്ത്രിക്കും 2009-14 കാലയളവില്‍ വിദേശ സഹമന്ത്രിയായിരുന്ന ഭാര്യ പ്രണീത് കൗറിനും അവരുടെ ബന്ധുക്കള്‍ക്കുമാണ് ആദായനികുതി വകുപ്പ്  നോട്ടീസ് നല്‍കിയത്. കേന്ദ്ര കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നിയമസഭ ബില്ലുകള്‍ പാസാക്കിയതാണ് പ്രകോപനമെന്നാണ് അമരീന്ദര്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. 

ഹരിയാനയില്‍, യുപിയില്‍, ആന്ധ്രയില്‍

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് നാലു മാസം മുന്‍പാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍സിങ് ഹൂഡയെ സി.ബി.ഐ പ്രതിപട്ടികയില്‍പ്പെടുത്തിയത്. ഗുഡ്ഗാവില്‍ തങ്ങളുടെ താല്പര്യക്കാരായ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് ഭൂമി നല്‍കാന്‍ സഹായിച്ചുവെന്നതായിരുന്നു കുറ്റം. ഹൂഡയുടെ വീട്ടിലടക്കം 20 സ്ഥലങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡുകള്‍ നടത്തി. പിന്നീട് ഈ അന്വേഷണം സംബന്ധിച്ച് തുടര്‍നടപടികളുണ്ടായില്ല. ഉത്തര്‍പ്രദേശില്‍, 2012-16 കാലയളവില്‍ ഹമീര്‍പൂരില്‍ നടന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ട് സമാജ് വാദി പാര്‍ട്ടിയുടെ ഓഫീസിലും സി.ബി.ഐ പരിശോധന നടന്നു. ഈ കേസിനും പിന്നീട് നടപടികളുണ്ടായില്ല. 2018 നവംബറില്‍ ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ടി.ഡി.പി എം.പി വൈ.എസ്. ചൗധരിയുടെ വീട്ടില്‍ റെയ്ഡ് നടന്നു. എന്‍.ഡി.എ സഖ്യത്തില്‍നിന്ന് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി വേര്‍പിരിഞ്ഞ് എട്ടുമാസങ്ങള്‍ക്കു ശേഷമായിരുന്നു ഈ റെയ്ഡ്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്. ബാങ്ക് വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനകളെല്ലാം. 2019 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിനു ശേഷം ചൗധരി ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ആ കേസിനും അനക്കമില്ലാതായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com