പ്രതിസംസ്‌കൃതിയുടെ പ്രവാചകന്‍

നവമാനവികതയുടെ പ്രതിസംസ്‌കൃതി അന്വേഷിക്കുന്ന എല്ലാ സുമനസ്സുകളുടേയും മനസ്സില്‍ ഫാ. കാപ്പന്‍ പുനര്‍ജ്ജനിച്ചു കൊണ്ടേയിരിക്കും
ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍
ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍

ന്ത്യന്‍ ദൈവശാസ്ത്ര ചിന്തകള്‍ക്ക് പ്രതിസംസ്‌കൃതിയുടെ മഴവില്‍ വര്‍ണ്ണങ്ങള്‍ നല്‍കിയ ഫാ. സെബാസ്റ്റ്യന്‍ കാപ്പന്റെ ഓര്‍മ്മകള്‍ക്ക് 27 വയസ്സ്. 1924-ല്‍ തൊടുപുഴ താലൂക്കില്‍ കോടിക്കുളം ഗ്രാമത്തില്‍ ജനിച്ച സെബാസ്റ്റ്യന്‍ കാപ്പന്‍ 1993 നവംബര്‍ മാസം 30-ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്, ഫാ. കാപ്പന്റെ തന്നെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ''ദിവ്യതയുടെ വാസസ്ഥലവും മാനവതീര്‍ത്ഥാടനത്തിന്റെ തുടക്കവും ഒടുക്കവുമായ''1 ഭൂമിയമ്മ തിരികെ വിളിച്ചത്. ഇന്ത്യയിലെ ശ്രാമണിക മതചിന്തകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ആധിപത്യവിരുദ്ധ പ്രതിസംസ്‌കൃതിയുടെ ഉണര്‍ത്തുപാട്ടായി ക്രിസ്തുമതത്തെ പരിവര്‍ത്തിപ്പിക്കാനും മതാനുഷ്ഠാന ചിഹ്നങ്ങളുടെ അഭൗമിക വ്യവഹാര ലോകത്തില്‍നിന്നും വകഞ്ഞുമാറ്റി ക്രിസ്തുവിനെ കീഴാള പ്രവാചക പാരമ്പര്യത്തിന്റെ വക്താവാക്കാനും ശ്രമിക്കുക വഴി ഇന്ത്യന്‍ ദൈവശാസ്ത്രം ജനകീയ പ്രതിരോധത്തിന്റെ ബദല്‍ സംസ്‌കൃതിയായി രൂപാന്തരപ്പെടുത്തിയ ധിഷണാശാലിയായിരുന്നു ഫാദര്‍ കാപ്പന്‍. ഇന്ത്യന്‍ ദൈവശാസ്ത്ര മണ്ഡലത്തിനും ക്രൈസ്തവ സമൂഹങ്ങള്‍ക്കും എന്തിനേറെ ആധിപത്യ വിരുദ്ധമായൊരു നവലോകം സ്വപ്നം കാണുന്ന എല്ലാ സുമനസ്സുകള്‍ക്കും മത-രാഷ്ട്രീയ-വര്‍ഗ്ഗീയത അഭിരമിക്കുന്ന വര്‍ത്തമാനകാലത്തിലെ ദീപ്തമായൊരു ഓര്‍മ്മയാവുകയാണ് ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍.

1944-ലാണ് കാപ്പന്‍ ഈശോ സഭാംഗമായി വൈദിക വിദ്യാഭ്യാസത്തിലേക്ക് കടന്നത്. പൂനെയില്‍ ദൈവവിജ്ഞാനീയം പഠിക്കുന്ന കാലത്ത് ഗ്രീക്ക്, ലത്തീന്‍, സംസ്‌കൃതം എന്നീ ഭാഷകളിലും വേദോപനിഷത്തുകളിലും പ്രാവീണ്യം നേടി. ഭാരതീയ ദര്‍ശനത്തിലും മതചിന്തയിലും പ്രാവീണ്യം നേടിയ കാപ്പനെ കമ്യൂണിസത്തിന്റെ സ്വാധീന വളര്‍ച്ചയെ നേരിടാന്‍ കത്തോലിക്ക സഭ മാര്‍ക്‌സിസത്തെ വിമര്‍ശനാത്മകമായി പഠിപ്പിക്കാന്‍ 1958-ല്‍ റോമിലേക്ക് അയച്ചു. മാര്‍ക്‌സിസത്തിന്റെ മൂലഗ്രന്ഥങ്ങള്‍ വായിക്കുന്നതിനായി കാപ്പന്‍ ജര്‍മന്‍, ഫ്രെഞ്ച് ഭാഷകള്‍ സ്വായത്തമാക്കി. മാര്‍ക്‌സിയന്‍ ചിന്താമണ്ഡലത്തിലേക്കുള്ള യാത്ര വിപരീത ഫലമാണുണ്ടാക്കിയത്. അമൂര്‍ത്തമായ തത്വചിന്തകളില്‍ വിരാജിച്ചിരുന്ന ക്രൈസ്തവ ദൈവശാസ്ത്രത്തെ മനുഷ്യന്റെ മൂര്‍ത്തമായ ജീവിതാനുഭവങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള മാര്‍ക്‌സിയന്‍ രീതിശാസ്ത്രവുമായിട്ടാണ് കാപ്പന്‍ 1962-ല്‍ നാട്ടിലേക്ക് മടങ്ങിവന്നത്. ഈ രീതിശാസ്ത്ര വ്യതിയാനത്തെക്കുറിച്ച് ഫാ. കാപ്പന്‍ പറയുന്നതിങ്ങനെയാണ്: ''പഴയ ദൈവശാസ്ത്ര മേലാപ്പ് പൊളിച്ചുമാറ്റുകയും താഴെനിന്ന്, ജനങ്ങളുടെ മൂര്‍ത്താനുഭവങ്ങളില്‍നിന്നു തുടങ്ങി യേശുവിനേയും ക്രിസ്തുമതത്തേയും അതിന്റെ പാരമ്പര്യത്തേയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.''2 1993 നവംബര്‍ 30-ന് വിടപറയുംവരെ മനുഷ്യന്റെ ദൈനംദിന ജീവിതാനുഭവങ്ങളിലെ പ്രതിരോധത്തിന്റെ സര്‍ഗ്ഗാത്മക അനുഭൂതിയായി ദൈവീകതയെ വ്യാഖ്യാനിച്ചുകൊണ്ട് ഫാ. കാപ്പന്‍ തന്റെ ജീവിതത്തെ സാര്‍ത്ഥകമാക്കി.

ദിവ്യതയെ തൊട്ടുരുമ്മുന്ന മനുഷ്യത 

പരമ്പരാഗത ദൈവശാസ്ത്രധാരണകളെ വെല്ലുവിളിച്ചുകൊണ്ട് ദൈവബോധത്തെ മൂര്‍ത്തമായ മനുഷ്യജീവിതത്തിന്റെ സര്‍ഗ്ഗാത്മക ഭാവമായിട്ടാണ് ഫാ. കാപ്പന്‍ നിര്‍വ്വചിക്കുന്നത്. ദിവ്യത എന്നാണ് കാപ്പന്‍ അതിനെ വിളിക്കുന്നത്. അഭൗമികമായ അനുഭൂതിയൊന്നുമല്ല അത്; മറിച്ച് നാം ജീവിക്കുന്ന ലോകത്തിന്റെ ആഴപ്പൊരുളാണ് ദിവ്യത.3 രണ്ട് തരത്തിലാണത് നമുക്ക് വെളിപ്പെടുക: ദാനമായും ആഹ്വാനമായും. സ്നേഹമായി, സൗന്ദര്യമായി സര്‍ഗ്ഗാത്മകതയായി നമ്മെ കീഴ്പെടുത്തുന്ന ദിവ്യത ഒരു ദാനമായി നമുക്കനുഭവിക്കാന്‍ കഴിയുന്നു. നിഗൂഢമായ അനുഭൂതിയൊന്നുമല്ലത്; പ്രത്യുത, നമ്മുടെ ദൈനംദിന ജീവിതത്തിലെ ബന്ധുത്വത്തിന്റെ ഇഴകളാണ്. അതേസമയം ശത്രുതയുടെ, വെറുപ്പിന്റെ, അപരത്വത്തിന്റെ ആധിപത്യഭാവനകളെ ഉള്ളില്‍നിന്നും പ്രതിരോധിക്കാന്‍ നാം തയ്യാറാകുമ്പോള്‍ ദിവ്യത വെല്ലുവിളിയായി നമ്മില്‍ രൂപപ്പെടുന്നു. ദാനം നമ്മില്‍ ആശ്ചര്യവും ആരാധനയും നിറയ്ക്കുമ്പോള്‍ വെല്ലുവിളി ധാര്‍മ്മികതയായും കടപ്പാടായും ഉത്തരവാദിത്വമായും നമ്മെ സജീവമാക്കുന്നു.

ദാനമായും വെല്ലുവിളിയായും നമ്മില്‍ നിറയുന്ന ദിവ്യതയോടുള്ള തുറവി(openness)യാണ് വിശ്വാസം. എന്നാല്‍, കാലാന്തരത്തില്‍ ആധിപത്യ മതഘടനകള്‍ അതിനെ നിഗൂഢാനുഷ്ഠാനങ്ങളും മതനിയമങ്ങളുമായി ചുരുക്കിയെഴുതി. ശുദ്ധാശുദ്ധ നിയമങ്ങളും വേര്‍തിരിവിന്റേയും ശ്രേണീബദ്ധതയുടേയും ജാതീയതയുടേയും നിയമനിര്‍വ്വഹണമായി വിശ്വാസം മാറ്റപ്പെട്ടു. ദൈനംദിന ജീവിതത്തിന്റെ സര്‍ഗ്ഗാത്മക അനുഭവമായ ദിവ്യതയിവിടെ വാസ്തവത്തില്‍ നാസ്തികതയായും വിഗ്രഹാരാധനയായും രൂപാന്തരപ്പെടുന്നു. ദിവ്യതയുടെ മൗലികാനുഭവത്തിന് അന്യമായ ആശയങ്ങളും ആചാരങ്ങളും ഘടനകളും ചേര്‍ന്നുരുവാക്കുന്ന ആധിപത്യ സ്ഥാപനരൂപമായി മതം ഇവിടെ മാറ്റപ്പെടുന്നു. ഇവിടെയാണ് ദിവ്യതയോടുള്ള തുറവിയായ വിശ്വാസം മതവിമര്‍ശനമായി രൂപപ്പെടുന്നതും പ്രതിസംസ്‌കൃതിയുടെ ഭാവമായി നമ്മില്‍ നിറയുന്നതും. ദിവ്യതയുടെ വിഗ്രഹവല്‍ക്കരണവും അനുഷ്ഠാനവല്‍ക്കരണവും സ്ഥാപനവല്‍ക്കരണവുമാണ് വര്‍ത്തമാനകാലത്തിലെ മതവിമര്‍ശനത്തിന്റെ അടിസ്ഥാന ഘടകമെന്ന് ഫാ. കാപ്പന്‍ വ്യക്തമാക്കുന്നു. 

അക്രൈസ്തവനായ ക്രിസ്തുവിനെ തേടി 

ക്രൈസ്തവ മതം ചെയ്ത ഏറ്റവും വലിയ പാപമായി ഫാ. കാപ്പന്‍ പറയുന്നത് യേശുവിനെ കേവലം ആരാധനാമൂര്‍ത്തിയായി പ്രതിഷ്ഠിച്ചതാണ്. ചരിത്രത്തിലെ ക്രിസ്തുവിനെ മതം ചരിത്രാതീതനും നിത്യനും നിര്‍വ്വികാരനുമായ ക്രിസ്തുവാക്കി മാറ്റി. കാപ്പന്‍ പറയുന്നു: ''ക്രൈസ്തവ ഭക്തി അദ്ദേഹത്തെ മനുഷ്യരില്‍നിന്നകറ്റി മതേതര ലോകത്തിന്റെ പുറമ്പോക്കില്‍ ദൈവാലയത്തിലെ സക്രാരിക്കുള്ളില്‍ അടച്ചുപൂട്ടി. അവിടെ മെഴുകുതിരികളും തീര്‍ത്ഥജലവും പൂക്കളും ധൂമവും കൊണ്ട് സജ്ജീകൃതമായ പാര്‍പ്പിടം ഒരുക്കിക്കൊടുത്തു. കൂടാതെ, അയിത്തം പാലിക്കുന്ന, പാപികളില്‍നിന്നും ചുങ്കക്കാരില്‍നിന്നും ഒഴിഞ്ഞുമാറുന്ന, സാധാരണക്കാരുടെ ലോകത്തെ അവജ്ഞാപൂര്‍വ്വം വീക്ഷിക്കുന്ന ഒരുവനായി അദ്ദേഹത്തെ ചിത്രീകരിക്കാനും തുടങ്ങി''.4 യേശുവിന്റെ ക്രൂശുമരണത്തിനു മനുഷ്യദുരന്തത്തിന്റെ അര്‍ത്ഥസാന്ദ്രത നഷ്ടമാക്കി അത് ഉയിര്‍പ്പിനുള്ള മുന്നുപാധിയാക്കി മാറ്റിയത് ആധിപത്യസഭയുടെ ഗൂഢാലോചനയാണെന്ന് ഫാ. കാപ്പന്‍ വ്യക്തമാക്കുന്നു.

വചനം ജഡമായതാണ് ക്രിസ്തുവെന്ന് പരമ്പരാഗത മതധാരണ തിരുത്തി ജഡം വചനമായതാണ് ക്രിസ്തുവെന്ന ചിന്തയാണ് ഫാ. കാപ്പന്‍ മുന്നോട്ട് വയ്ക്കുന്നത്. ക്രിസ്തുവിന്റെ ചരിത്രപരതയെ ഉയര്‍ത്തിക്കാണിക്കാനാണ് കാപ്പന്‍ അങ്ങനെ പറയുന്നത്. ദിവ്യതയെ ദാനമായും വെല്ലുവിളിയായും അനുഭവിച്ച നസ്രേത്തിലെ യേശു. ദൈന്യതയാര്‍ന്ന മനുഷ്യജീവിതാനുഭവങ്ങളോട് സര്‍ഗ്ഗാത്മകമായി പ്രതികരിക്കുന്നതിലൂടെ ജീവിക്കുന്ന വചനമായി തീരുകയായിരുന്നു. ഇതില്‍ അഭൗമികമായി ഒന്നും തന്നെയില്ല. ദിവ്യതയെ ആശ്ലേഷിക്കുന്ന എല്ലാ മനുഷ്യര്‍ക്കും സംഭവിക്കുന്ന ഒന്നാണ് ഈ ജഡധാരണം. ദൈവരാജ്യത്തിന്റെ കാഴ്ചവെട്ടത്തില്‍ ദിവ്യതയുടെ ജ്ഞാനസ്‌നാനം ലഭിച്ച യേശു പ്രലോഭനങ്ങളെ അതിജീവിച്ച് നിയോഗത്തെ സ്വീകരിക്കുകയായിരുന്നു. ദൈന്യതയില്‍ ജീവിക്കുന്ന മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യമായാണ് ആ നിയോഗം സാക്ഷാല്‍ക്കരിക്കപ്പെട്ടത്. അതാണവനെ റോമന്‍ ഭരണകൂടത്തിന്റെ ശിക്ഷയായ ക്രൂശിലേക്ക് നയിച്ചത്. ഇവിടെയാണ് കാപ്പന്റെ ബദല്‍ ക്രിസ്തുവിജ്ഞാനീയം വെളിപ്പെടുന്നത്. ആധിപത്യഘടനയുടെ ഇരയായ ക്രിസ്തുവിനെ അള്‍ത്താരയിലെ സ്വര്‍ണ്ണ മെഴുകുതിരി കാലുകളുടെയിടയിലേക്ക് പ്രതിഷ്ഠിച്ച് വ്യവസ്ഥാപിത മതം കാണിക്കവഞ്ചികളുയര്‍ത്തുന്നുവെന്ന് കാപ്പന്‍ വിമര്‍ശിക്കുന്നു. അധികാരത്തിന്റെ അംശവടികളും കിരീടവുമായി മതഘടനകളില്‍ വിരാചിക്കുന്ന മഹാപുരോഹിതനായ ക്രിസ്തുവില്‍നിന്നും ആധിപത്യത്തിന്റെ ഇരയായ ക്രിസ്തുവിലേക്ക് ഒരു മടക്കയാത്ര അനിവാര്യമായിരിക്കുന്നുവെന്ന് കാപ്പന്‍ വ്യക്തമാക്കുന്നു.

വര്‍ത്തമാനകാലത്തിലെ മനുഷ്യനിഷേധ ജീവല്‍വിരുദ്ധ ഘടനകളോട് പ്രതിഷേധിക്കുന്ന നസ്രേത്തിലെ ക്രിസ്തുവിനെ ഉയിര്‍പ്പിക്കുകയെന്നതാണ് നവലോകം സ്വപ്നം കാണുന്നവരുടെ മുന്നിലുള്ള വെല്ലുവിളി. ക്രിസ്തുവിന്റെ ഉയിര്‍പ്പ് എന്നത് കേവലം അമൂര്‍ത്തമായൊരു വ്യവഹാരമല്ല ഫാ. കാപ്പനെ സംബന്ധിച്ചിടത്തോളം; മറിച്ച് ചരിത്രപരമായ അനിവാര്യതയും രാഷ്ട്രീയ നിര്‍ബ്ബന്ധവുമാണ്. നവമാനവികതയുടെ പ്രവാചകനായ ക്രിസ്തു പൊതു മാനവികതയുടെ അടയാളവും പ്രതിസംസ്‌കൃതിയുടെ അടിസ്ഥാനവുമാണ്. ഈ ക്രിസ്തു ഏതെങ്കിലുമൊരു മതഘടനയുടെ സ്വകാര്യസ്വത്തല്ല; പൊതു മാനവികതയുടെ സമഗ്രസ്വത്താണ്. മതത്തിന്റെ സാര്‍വ്വലൗകികഭാവവും ദൈവാരാധനയുടെ വിമോചനാത്മകതയുമാണ് ഫാ. കാപ്പന്‍ വെളിപ്പെടുത്തുന്നത്. 

ജീവന്റെ എല്ലാ അടിസ്ഥാന ഭാവങ്ങളേയും ചരക്കുവല്‍ക്കരിക്കുന്ന പുനരടിമത്തത്തിന്റെ കമ്പോളകാലം നവലോക സ്വപ്നങ്ങളുടെ അന്ത്യകാലമാണ്. പ്രതീക്ഷകള്‍ അസ്തമിക്കുന്നിടത്ത് ജീവിതം നിശ്ചലമാവുകയും എല്ലാം അര്‍ത്ഥശൂന്യമാവുകയും ചെയ്യും. ഇവിടെയാണ് ദാനമായും ആഹ്വാനമായും നമ്മെ തേടിയെത്തുന്ന ദിവ്യതയുടെ സാംഗത്യം. ദിവ്യതയുടെ സാക്ഷാല്‍ക്കാരം മാനവികതയുടെ പൂത്തുലയലാണ്. ദിവ്യതയെപ്പോലും ചരക്കുവല്‍ക്കരിക്കുന്ന നവകമ്പോളകാലം അദൈവങ്ങളെയാണ് നിര്‍മ്മിക്കുന്നത്.5 ദരിദ്രരുടെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളകളായി നവക്യാപ്പിറ്റലിസം കളം നിറയുമ്പോള്‍ ഈ അദൈവങ്ങള്‍ നിശ്ശബ്ദത പാലിക്കുന്നു. ഈ അദൈവങ്ങളെ പൂജിക്കുന്ന മതങ്ങള്‍ ചിതറിക്കപ്പെടുന്ന മനുഷ്യന്റെ വിമോചന സ്വപ്നങ്ങളെയാണ് അനുഷ്ഠാനവല്‍ക്കരിക്കുന്നത്. ഇതിനു പകരമായി ബദല്‍ ആത്മീയതയുടെ ചിന്തകളാണ് ഫാ. കാപ്പന്‍ മുന്നോട്ട് വയ്ക്കുന്നത്.

ബദല്‍ ആത്മീയത വ്യവസ്ഥാപിത മതബോധത്തെ അട്ടിമറിച്ച് ദൈനംദിന മനുഷ്യപ്രതിരോധങ്ങളില്‍ ദിവ്യതയെ അഭിമുഖീകരിക്കുന്ന പ്രതിസംസ്‌കൃതിയാണ്. ഭൂമിയാണ് ദിവ്യതയുടെ പ്രത്യക്ഷയിടം എന്നുള്ളതുകൊണ്ട് ബദല്‍ ആത്മീയത പ്രതിസംസ്‌കൃതിയുടെ വിമോചനാനുഭവമാണ്. അത് മനുഷ്യന്റെ സംഘാതമായ ജീവല്‍ബോധ്യമാണ്. സംഗീതത്തിലും കലയിലും ഉത്സവങ്ങളിലും ഒക്കെ പ്രത്യക്ഷപ്പെടുന്ന സൗന്ദര്യാത്മകമായ ജീവല്‍ഭാവമാണത്. പ്രകൃതി-മനുഷ്യ/സ്ത്രീ-പുരുഷ ബന്ധങ്ങളെ സര്‍ഗ്ഗാത്മകമാക്കുന്ന ഉഭയലിംഗ സംസ്‌കൃതിയിലും (ശിവ-ശക്തി) ലൈംഗികതയിലും ഈ പ്രതിസംസ്‌കൃതി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ബദല്‍ ആത്മീയതയെന്നത് ഒരു ബദല്‍ പരിസ്ഥിതി സംസ്‌കൃതിയാണ്. ഒരുപക്ഷേ, സര്‍ഗ്ഗാത്മകത ജീവല്‍ബന്ധങ്ങളെ പുനരാനയിക്കുന്ന ഈ പരിസ്ഥിതി സംസ്‌കൃതിയായിരിക്കും നവ കമ്പോളകാലത്തിലെ മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പ് നിര്‍ണ്ണയിക്കുകയെന്ന് ഫാ. കാപ്പന്‍ ചിന്തിക്കുന്നു. 

ഹിന്ദുത്വവാദവും മതേതര ആത്മീയതയും 

മിത്തുകളെ പുനരാനയിച്ചുകൊണ്ട് അവയെ ആധിപത്യത്തിനായി ദുരുപയോഗം ചെയ്യുന്ന ജര്‍മന്‍ നാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഹിന്ദുത്വവാദമെന്ന് ഫാ. കാപ്പന്‍ നിര്‍വ്വചിക്കുന്നു. മിത്തുകളെ രാഷ്ട്രീയവല്‍ക്കരിക്കുകയും രാഷ്ട്രീയത്തെ മിത്തീകരിക്കുകയുമാണ് ഇന്ത്യയിലെ ഹിന്ദുത്വവാദികളും ചെയ്യുന്നത്. ജര്‍മന്‍ നാസിസവും ഇന്ത്യയിലെ ഹൈന്ദവ ദേശീയതാവാദവും ഏതാണ്ടൊരേകാലത്തിലാണ് രൂപപ്പെടുന്നതെന്ന് കാപ്പന്‍ വിശദീകരിക്കുന്നു. ഇന്ത്യയില്‍ രൂപപ്പെട്ട മതേതര ദേശീയതയെ പ്രതിരോധിക്കാനായിരുന്നു ഹിന്ദുത്വവാദികള്‍ ഹൈന്ദവദേശീയത രൂപപ്പെടുത്തിയത്. വാസ്തവത്തില്‍ ഇവിടെ സംഭവിച്ചത് ഹിന്ദുമതത്തിന്റെ സെമിറ്റീകരണമായിരുന്നു (Semiticization). അതിന്റെ ഭാഗമായി ഹിന്ദുമതത്തിന്റെ മൗലികവല്‍ക്കരണവും ഇതരമതങ്ങളുടെ രാക്ഷസീകരണ ശ്രമവും (demonization) നടന്നു. ക്രിസ്ത്യാനികള്‍ നാമമാത്രമായതിനാല്‍ മുസ്ലിങ്ങളാണതിന്റെ ഇരകളാക്കപ്പെട്ടത്. ക്രിസ്ത്യാനികളുള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങളേയും കമ്യൂണിസ്റ്റുകളേയുയെല്ലാം ഗോള്‍വാക്കര്‍ രാക്ഷസീകരിക്കുന്നുണ്ട്. ജാതിവ്യവസ്ഥയുടെ ഇരകളാകട്ടെ, പുതിയ പൗരാവകാശങ്ങളൊന്നും തന്നെ ആവശ്യപ്പെടാതെ ഹൈന്ദവസംസ്‌കൃതിക്ക് കീഴ്പ്പെടണമെന്നും ഹിന്ദുത്വവാദികള്‍ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹിന്ദുത്വവാദം ചാതുര്‍വര്‍ണ്ണ്യത്തിന്റെ പുനരാനയിക്കലാണെന്ന് കാപ്പന്‍ പറയുന്നതിനു കാരണം.

എന്നാല്‍, വര്‍ത്തമാനകാലത്തില്‍ ഹിന്ദുത്വവാദവും കോര്‍പറേറ്റ് സംസ്‌കാരവും കൈകോര്‍ത്തു കൊണ്ട് ഭരണകൂടം ദുര്‍ബ്ബലരെ ചിതറിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ സമഗ്രാധിപത്യ ഘടനയാവുകയാണ്. ഹിന്ദുമതമായാലും ഇതര മതങ്ങളായാലും കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെ ഉപഭോക്താക്കളായിക്കൊണ്ട് മനുഷ്യവിരുദ്ധ ചേരിയിലാണിന്ന്. അതുകൊണ്ടാണ് ഭരണകൂടാധിപത്യത്തേയും കമ്പോളാധിപത്യത്തേയും ചെറുക്കാതിരിക്കുക മാത്രമല്ല, അവയ്ക്ക് ഓശാന പാടാന്‍ മതനേതാക്കള്‍ മത്സരിക്കുന്നത്. പ്രകൃതിവിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്ക് വിറ്റു തുലയ്ക്കുന്ന ഭരണകൂടങ്ങളോട് പ്രതികരിക്കാനുള്ള ബദല്‍ ആത്മീയബോധം നഷ്ടപ്പെട്ട മതങ്ങള്‍ അദൈവങ്ങളുടെ ഉപാസകരായിരിക്കുന്നുവെന്ന് കാപ്പന്‍ അടിവരയിട്ട് പറയുന്നു. സാര്‍വ്വത്രിക സ്‌നേഹവും അപരന്റെ വ്യത്യസ്തതയോടുള്ള ആദരവും പ്രകടിപ്പിക്കുന്ന മതബോധം തികച്ചും മതേതരമായിരിക്കും. ഇതുപക്ഷേ, മതവിശ്വാസം കൊണ്ടുതന്നെ മതേതരമായിരിക്കുന്ന അവസ്ഥയാണ്. കാപ്പനച്ചനെ സംബന്ധിച്ചിടത്തോളം മതേതര ആത്മീയത ഒരേസമയം തന്നെ ഭൗതികവും സങ്കീര്‍ണ്ണവും പാരസ്പരികതയിലൂന്നിയതും ''സാമാന്യ മനുഷ്യത നീര് ഏറ്റുവാങ്ങി പച്ചപ്പണിയുന്നതുമായ'' ഹരിത ആത്മീയതയായിരിക്കും.
 
മാര്‍ക്‌സിസത്തേയും ക്രിസ്തുവിശ്വാസത്തേയും മതവിശ്വാസത്തേയും മതേതര ആത്മീയതയേയും സമന്വയിപ്പിച്ച് പ്രതിസംസ്‌കൃതിയുടെ പ്രവാചകനായി നമ്മുടെ ഇടയില്‍ പാര്‍ത്ത ഫാ. സെബാസ്റ്റ്യന്‍ കാപ്പന്റെ ഓര്‍മ്മകള്‍ അനിവാര്യമായൊരു രാഷ്ട്രീയ പ്രക്രിയയായി വര്‍ത്തമാനകാലത്ത് നിറയുന്നതിന്റെ കാരണം മുകള്‍പ്പറഞ്ഞ കാപ്പനച്ചന്റെ ചിന്തകളില്‍ തന്നെയുണ്ട്. മാര്‍ക്‌സിസത്തെ ഗൗരവമായി കാണാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അതിന്റെ ഭൗതിക ബന്ധങ്ങളുടെ പരിവര്‍ത്തനാത്മകതയാണ്. എന്നാല്‍, വര്‍ത്തമാനകാലത്തിലെ ക്രൈസ്തവ മതത്തെപ്പോലെ ഒരു ഡോഗ്മയായി മാര്‍ക്സിസവും മാറുമ്പോള്‍ അതും നിരാശയാവും സമ്മാനിക്കുകയെന്നുമാണ് കാപ്പന്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര വിമര്‍ശനത്തില്‍ വെളിപ്പെടുത്തുന്നത്. മതത്തിന്റെ അനുഷ്ഠാനവല്‍ക്കരണവും സ്ഥാപനവല്‍ക്കരണവും അനുഭവങ്ങളുടെ നിര്‍മ്മിതിയും ചൂഷണഘടനകളുടെ വിഗ്രഹവല്‍ക്കരണവുമാണ് നടത്തുന്നതെന്ന് പറയുന്നിടത്ത് കാപ്പനച്ചന്റെ മതവിമര്‍ശനവും വിശ്വാസദര്‍ശനവും വെളിപ്പെടുന്നു. പ്രതിഷേധത്തിന്റേയും പുനരാഖ്യാനത്തിന്റേയും മതേതരമായ സര്‍ഗ്ഗാത്മകതയാണ് വിശ്വാസമെന്നുള്ള അദ്ദേഹത്തിന്റെ നിര്‍വ്വചനം വ്യവസ്ഥാപിത മതഘടനകള്‍ക്ക് അദ്ദേഹത്തെ അനഭിമതനാക്കിയതില്‍ അത്ഭുതമില്ല. സ്വതന്ത്രനായ ക്രിസ്തുവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദൈവശാസ്ത്രചിന്തകള്‍ മതാധിപത്യസ്ഥാനങ്ങളെ വിറളിപിടിപ്പിച്ചതുകൊണ്ടാണ് ഫാ. കാപ്പന്റെ 'യേശുവും സ്വാതന്ത്ര്യവും' എന്ന ഗ്രന്ഥം വത്തിക്കാന്‍ സെന്‍ഷര്‍ ചെയ്തത്. എങ്കിലും കത്തോലിക്കാ സഭയില്‍നിന്നും അദ്ദേഹത്തെ പുറത്താക്കാനുള്ള തുടര്‍ നടപടികള്‍ അദ്ദേഹത്തിന്റെ സ്‌നേഹിതര്‍ എതിര്‍ത്ത് തോല്‍പ്പിക്കുകയാണുണ്ടായത്. നവകോര്‍പറേറ്റ് വല്‍ക്കരണത്തിനും ആധിപത്യഘടനകള്‍ക്കും അടിയറവ് പറഞ്ഞ വര്‍ത്തമാനകാല ക്രൈസ്തവ സഭ ഫാ. കാപ്പനെ ഓര്‍ക്കാന്‍ ശ്രമിക്കില്ലെങ്കിലും നവമാനവികതയുടെ പ്രതിസംസ്‌കൃതി അന്വേഷിക്കുന്ന എല്ലാ സുമനസ്സുകളുടേയും മനസ്സില്‍ ഫാ. കാപ്പന്‍ പുനര്‍ജ്ജനിച്ചുകൊണ്ടേയിരിക്കും. അത് കാലത്തിന്റെ തന്നെ ഒളിപ്പിക്കപ്പെട്ട വിസ്മയമാണ്, അപ്പോക്കലിപ്സാണ്, ഉട്ടോപ്യയാണ്.

കുറിപ്പുകള്‍: 

1. എസ്. കാപ്പന്‍ & എസ്. വട്ടമറ്റം, പരിസ്ഥിതി സംസ്‌കൃതി (ചങ്ങനാശ്ശേരി: മാനുഷം പ്രസിദ്ധീകരണം, 1988)
2. എസ്. കാപ്പന്‍, മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് ഒരാമുഖം (കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2012)
3. എസ്. കാപ്പന്‍, അക്രൈസ്തവനായ യേശുവിനെ തേടി (ഏറ്റുമാനൂര്‍: മാനുഷം, 1999)
4. എസ്. കാപ്പന്‍, അക്രൈസ്തവനായ യേശുവിനെ തേടി, പേജ് 15
5. S. Kappen, Spirituality in the Age of Recolonization (Bangalore: Visthar 1995)
6. സെബാസ്റ്റ്യന്‍ വട്ടമറ്റം, പ്രതിസംസ്‌കൃതിയിലേക്ക് (ഏറ്റുമാനൂര്‍: മാനുഷം, 2008)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com