സുന്ദര്‍ലാല്‍ ബഹുഗുണ; പ്രകൃതിയുടെ പ്രവാചകന്‍

സാങ്കേതിക അറിവുകളുടെ ആവര്‍ത്തനം എന്ന നിലയില്‍നിന്നു ജനങ്ങളുടെ അതിജീവനത്തിന്റെ വിശകലനമായി ഇന്ത്യന്‍ പരിസ്ഥിതി ചരിത്രം കാര്യമായി വളര്‍ന്നിട്ടില്ല
സുന്ദര്‍ലാല്‍ ബഹുഗുണ; പ്രകൃതിയുടെ പ്രവാചകന്‍

നൂറ്റാണ്ടുകളായി ഞാനിവിടെ ഉയര്‍ന്നുനില്‍ക്കുന്നു 
എന്റെ ജീവന്‍ നിങ്ങളുടേതുകൂടിയാണ് 
എന്നെ ഉയിരോടെ ഉയര്‍ന്നുനില്‍ക്കാന്‍ അനുവദിക്കൂ
കാരണം, നിങ്ങളുടെ ഭാവി എന്നിലൂടെയാണ്  
ഞാന്‍ നിങ്ങള്‍ക്ക് അമൃതും ജീവജലവുമാണ് 
തണലും മഴയുമാണ്  

രങ്ങളും വനവും സംരക്ഷിക്കാന്‍ വേണ്ടി 1970-കളില്‍ ഹിമാലയന്‍ ഗ്രാമങ്ങളില്‍ നടന്ന ചിപ്കോ ആന്ദോളനില്‍ കര്‍ഷകര്‍ ഇത്തരത്തില്‍ നിരവധി കവിതകളും മുദ്രാവാക്യങ്ങളും ആവര്‍ത്തിച്ചു. അപ്പോള്‍ ലോകം ഓര്‍ത്തത് ആ സമരങ്ങള്‍ നയിച്ച നിരാഹാരങ്ങളും ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകളും തളര്‍ത്താത്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയെയാണ്. അതിജീവനത്തിനുള്ള ഹിമാലയന്‍ ജനതയുടെ മുന്നേറ്റങ്ങള്‍ ലോകശ്രദ്ധ നേടുന്നത് ചിപ്കോ സമരങ്ങളും തുടര്‍ന്നു നടന്ന വന്‍കിട അടിസ്ഥാന വികസന പദ്ധതികള്‍ക്കെതിരെ നടന്ന സമരങ്ങളിലൂടെയുമാണ്. 'ഹിമാലയം സംരക്ഷിക്കുക' എന്ന മുദ്രാവാക്യം ലോകം ഏറ്റവും കൂടുതല്‍ കേട്ടത് സുന്ദര്‍ലാല്‍ ബഹുഗുണയുടെ സമരങ്ങളുടെ മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയും അദ്ദേഹത്തിന്റെ തന്നെ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമാണ്. ഭരണകൂടം നിരന്തരമായി നടത്തുന്ന അടിച്ചര്‍ത്തലും നിയമനിര്‍മ്മാണങ്ങളും അതിജീവനസമരങ്ങള്‍ ഇല്ലാതാക്കുന്നില്ല. അല്ലായെങ്കില്‍ ഓരോ തിരിച്ചടികളില്‍നിന്നും പ്രതീക്ഷയും തീക്ഷ്ണതയും കൈവിടാതെ സുന്ദര്‍ലാല്‍ ബഹുഗുണ ഹിമാലയത്തിനുവേണ്ടിയുള്ള സമരമുഖത്തേയ്ക്ക് തിരികെ വരില്ലായിരുന്നു. 

ഇന്ത്യന്‍ പരിസ്ഥിതി വീക്ഷണത്തില്‍ പ്രകൃതിയെപ്പറ്റിയുള്ള ഗാന്ധിയന്‍ ദര്‍ശനങ്ങളെ ബഹുഗുണയുടെ ഇടപെടലുകള്‍ വിപുലപ്പെടുത്തി. ഹിമാലയത്തിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരെയുള്ള നിയമനിര്‍മ്മാണങ്ങള്‍, തെഹ്രി ഡാം നിര്‍മ്മാണത്തെ പഠിക്കുന്നതിനുള്ള വിദഗ്ദ്ധസമിതികളുടെ നിയമനം, മദ്യവര്‍ജ്ജനത്തിനുവേണ്ടിയുള്ള മുന്നേറ്റങ്ങള്‍, ഹിമാലയത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനം തുടങ്ങി നിരവധി മുന്നേറ്റങ്ങള്‍ രാജ്യത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ഈ മുന്നേറ്റങ്ങളില്‍ എല്ലാം ബഹുഗുണയുടെ ഗാന്ധിമാര്‍ഗ്ഗത്തിലും ചിലപ്പോള്‍ മതപരമെന്നു പ്രത്യക്ഷമായി തോന്നുന്ന ആത്മീയതയിലുമൂന്നിയുള്ള നിലപാടുകള്‍ക്ക് പിന്തുണ മാത്രമല്ല,  പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടയില്‍നിന്നു എതിര്‍പ്പുകളും നേരിടേണ്ടിവന്നു. ഭിന്നസ്വരങ്ങളെ മനസ്സിലാക്കിയും സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങളില്‍നിന്നു പഠിച്ചുമാണ് ബഹുഗുണ ഹിമാലയന്‍ പരിസ്ഥിതി സമരങ്ങളുടെ ഭാഗമായത്. ഹിമാലയന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ പലതരത്തിലുള്ള വിചാരധാരകളില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളില്‍നിന്നും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഗാന്ധിയുടേയും ജെ.സി. കുമരപ്പയുടേയും പ്രകൃതിയെപ്പറ്റിയുള്ള ആശയങ്ങളെ വിപുലപ്പെടുത്തിയാണ് ബഹുഗുണ ഹിമാലയന്‍ പരിസ്ഥിതി മുന്നേറ്റങ്ങളില്‍ ഇടപെടല്‍ നടത്തിയത്. പരിസ്ഥിതിയാണ് അടിസ്ഥാനം എന്ന സാമൂഹ്യബോധം സമകാലീന ഇന്ത്യയില്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണയുടെ കര്‍മ്മോദ്യുക്തമായ ജീവിതം.

സുന്ദർലാൽ ബ​ഹു​ഗുണ തെഹ്രി പ്രക്ഷോഭത്തിൽ
സുന്ദർലാൽ ബ​ഹു​ഗുണ തെഹ്രി പ്രക്ഷോഭത്തിൽ

പാരിസ്ഥിതിക ദര്‍ശനത്തിന്റെ വിശകലനം

സുന്ദര്‍ലാല്‍ ബഹുഗുണയുടെ പാരിസ്ഥിതിക ദര്‍ശനം ചരിത്രഗവേഷകരുടെ സൂക്ഷ്മമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്. ഗാന്ധിയന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ഒറ്റവാക്കില്‍ ഒതുക്കാവുന്നതല്ല ബഹുഗുണയുടെ ജീവിതവും ദര്‍ശനങ്ങളും. തെക്കന്‍ ഏഷ്യയില്‍ പരിസ്ഥിതി ചരിത്രം ബിരുദ-ബിരുദാനന്തര പഠനങ്ങളുടെ ഭാഗമായിട്ട് അധിക കാലമായിട്ടില്ല. സമകാലിക ലോകത്തിന് ആത്മസംബന്ധിയായ വിഷയങ്ങളാണ് ചരിത്രപഠനത്തെ സാമൂഹിക വിമര്‍ശനമാക്കുന്നത്. പരിസ്ഥിതി ചരിത്രവും വ്യത്യസ്തമല്ല. സമകാലിക ലോകത്തിലെ വെല്ലുവിളികളോടും ആശങ്കകളോടും ഏറ്റവും അടുത്തുനില്‍ക്കുന്ന ചരിത്രശാഖ പാരിസ്ഥിതിക ചരിത്രമാണ്. സാങ്കേതിക അറിവുകളുടെ ആവര്‍ത്തനം എന്ന നിലയില്‍നിന്നു ജനങ്ങളുടെ അതിജീവനത്തിന്റെ വിശകലനമായി ഇന്ത്യന്‍ പരിസ്ഥിതി ചരിത്രം കാര്യമായി വളര്‍ന്നിട്ടില്ല. സുന്ദര്‍ലാല്‍ ബഹുഗുണയുടെ പാരിസ്ഥിതിക ദര്‍ശനങ്ങളുടെ സൂക്ഷ്മവിശകലനം അതിലേക്കുള്ള ഒരു സുപ്രധാന മാര്‍ഗ്ഗമാണ്. 

വനനശീകരണത്തിനെതിരെയുള്ള ജനകീയ മുന്നേറ്റങ്ങള്‍ കൊളോണിയല്‍ ഭരണത്തിന്റെ അവസാന നാളുകള്‍ മുതല്‍ ഹിമാലയന്‍ പര്‍വ്വതനിരകളില്‍ ശക്തിപ്രാപിപ്പിക്കുന്നുണ്ട്. സുന്ദര്‍ലാല്‍ ബഹുഗുണയുടെ പാരിസ്ഥിതിക നിലപാടുകള്‍ക്ക് ശക്തമായ അടിത്തറ നല്‍കിയ മുന്നേറ്റങ്ങളാണവ. വലിയ ഡാമുകളും ഫാക്ടറികളും വികസനത്തിന്റെ അടയാളങ്ങളായി തലയുയര്‍ത്തി നിന്ന കാലം. നഗരങ്ങള്‍ സമൃദ്ധിയുടെ മുഖമുദ്രകളായി വിലയിരുത്തപ്പെട്ടു. നെഹ്റുവിയന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രകൃതിയെ വ്യാവസായിക അടിസ്ഥാനത്തില്‍ വിഭവങ്ങളാക്കി മാറ്റുന്ന നയപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കാടുകളും നദികളും വ്യവസായ വല്‍ക്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളായി വിലയിരുത്തപ്പെട്ടു. കാടുകള്‍ വെട്ടിത്തെളിക്കുന്ന നഗരവല്‍ക്കരണം സാമ്പത്തിക വളര്‍ച്ചയുടെ അളവുകോലായിരുന്നു. അക്കാലത്താണ് പ്രകൃതിയാണ് സുസ്ഥിരമായ സമ്പദ്വ്യവസ്ഥ എന്ന ഗാന്ധിയന്‍ ആശയത്തിന് ഹിമാലയന്‍ ഗ്രാമങ്ങളില്‍ ജനകീയ അടിത്തറ നല്‍കിക്കൊണ്ട് സുന്ദര്‍ലാല്‍ ബഹുഗുണ ലോകശ്രദ്ധ നേടുന്നത്. നെഹ്രുവിന്റെ വികസന ആശയങ്ങളെ എതിര്‍ക്കാന്‍ അസാമാന്യമായ ഇച്ഛാശക്തി വേണ്ടിയിരുന്നു. ഗാന്ധി, വിനോബാ ഭാവെ, ജെ.സി. കുമരപ്പ, ജോണ്‍ റസ്‌കിന്‍ തുടങ്ങിയ ദാര്‍ശനികരുടെ ആശയങ്ങളെ ഹിമാലയന്‍ ജനതയുടെ അതിജീവന സമരത്തിന്റെ അടിസ്ഥാനമാക്കുകയാണ് ബഹുഗുണ ചെയ്തത്. 

ബ്രിട്ടീഷ് ഭരണകാലം മുതല്‍ വനങ്ങളുടെ വന്‍തോതിലുള്ള ഉപഭോഗം ഹിമാലയത്തെ മാറ്റിമറിക്കുന്നതെങ്ങനെയെന്ന് അറിഞ്ഞും ജീവിച്ചുമാണ് സുന്ദര്‍ലാല്‍ ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമാകുന്നത്. ഗാന്ധിയുടെ ഹിന്ദ് സ്വാരാജ് വായിച്ചും ഗാന്ധിയന്‍ സമരങ്ങളില്‍ പങ്കെടുത്തുമാണ് ഹിമാലയന്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന സുന്ദര്‍ലാല്‍ ലോകത്തെപ്പറ്റിയുള്ള അറിവ് രൂപപ്പെടുത്തിയത്. 1927-ല്‍ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച സുന്ദര്‍ലാല്‍ അച്ഛനില്‍നിന്നാണ് മരങ്ങളെ സ്‌നേഹിക്കാന്‍ പഠിക്കുന്നത്. മരങ്ങള്‍ വിഭവങ്ങളായി മാത്രം കണ്ട കാലം. ഹിമാലയന്‍ പ്രകൃതിയും ഗ്രാമീണ ജീവിതവും ബഹുഗുണയുടെ പ്രകൃതിദര്‍ശനത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്:  ''സാങ്കേതികവിദ്യ തീര്‍ത്ത ഇടങ്ങളിലാണ് നമ്മള്‍ ഇന്നു ജീവിക്കുന്നത്. നമുക്കു ചുറ്റും യന്ത്രങ്ങളാണ്. അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ നമ്മള്‍ നദികളെ ഇല്ലാതാക്കി. ഇതെല്ലാം ആളുകളുടെ ഒരിക്കലും ഒടുങ്ങാത്ത ആര്‍ത്തിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്.'' സമൂഹത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനാവശ്യമായ വിഭവങ്ങള്‍ പ്രകൃതി തരും. എന്നാല്‍, അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്തുക അസാധ്യമാണ് എന്ന ഗാന്ധിയുടെ പ്രകൃതി ദര്‍ശനത്തെ ബഹുഗുണ പലകുറി ആവര്‍ത്തിച്ചു. മാത്രമല്ല, ലളിത ജീവിതത്തിലൂടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. 

വ്യവസായവല്‍ക്കരണം സാധ്യമാക്കിയത് യന്ത്രങ്ങളുടെ കണ്ടുപിടിത്തമാണ് എന്നു ചരിത്ര ക്ലാസ്സുകള്‍ ഇന്നും ആവര്‍ത്തിക്കുന്നു. എന്നാല്‍, കല്‍ക്കരി, പെട്രോളിയം, ധാതുപദാര്‍ത്ഥങ്ങള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ അമിതോപയോഗമാണ് വ്യവസായവല്‍ക്കരണത്തിന്റെ അടിസ്ഥാനം എന്നത് ചരിത്ര പുസ്തകങ്ങള്‍ വിസ്മരിക്കുകയാണ്. പരിമിതമായ ഈ വിഭവങ്ങളുടെ അവസാനമില്ലാത്ത കൊള്ള ദരിദ്രരാക്കുന്ന ഒരു ജനതയെത്തന്നെ ചരിത്രം അവഗണിക്കുന്നു. വാള്‍ട്ടര്‍ ബെഞ്ചമിന്‍ ചൂണ്ടിക്കാണിച്ചതുപോലെ ചരിത്രം വിജയികള്‍ക്കൊപ്പമാണ് എല്ലാക്കാലവും നിലയുറപ്പിച്ചിട്ടുള്ളത്. മനുഷ്യകേന്ദ്രിതമായ ചരിത്രവീക്ഷണവും ശാസ്ത്രവും ബഹുഗുണയ്ക്ക് സ്വീകാര്യമായിരുന്നില്ല. എന്നാല്‍, അത് ശാസ്ത്രവിരോധമായിരുന്നില്ല. നമുക്കു ചുറ്റുമുള്ളതിലെല്ലാം ജീവനെ കാണുന്ന നിലപാടുകളാണ് ബഹുഗുണയ്ക്ക് സ്വീകാര്യമായിരുന്നത്.  

കൃഷിയും മൃഗസംരക്ഷണവും ഉപജീവനമാക്കി ജീവിക്കുന്നവരാണ് ചെങ്കുത്തായ മധ്യ ഹിമാലയന്‍ പ്രദേശങ്ങളില്‍ ഭൂരിഭാഗം ജനങ്ങളും. അവരുടെ നിലനില്‍പ്പിന്റെ ആധാരമാണ് വനം. വനങ്ങളിലെ വിറകും വെള്ളവും പുല്‍മേടുകളും മലയോര ഗ്രാമജീവിതത്തെ നിലനിര്‍ത്തി. ഗ്രാമങ്ങളുടെ വിശ്വാസത്തിലും കഥകളിലും ആചാരങ്ങളിലും വനങ്ങളും പ്രകൃതിയും നിറഞ്ഞാടി. ബഹുഗുണ പറഞ്ഞപോലെ: ''ഞങ്ങളുടെ ആചാരങ്ങളില്‍ ദൈവികത എല്ലാമാണ്. ഈശ്വരാംശം സ്വര്‍ഗ്ഗത്തില്‍ മാത്രമല്ലുള്ളത്. ചുറ്റുമുള്ള ജീവികളിലും തടാകങ്ങളിലും നദികളിലും മരങ്ങളിലും ഞങ്ങള്‍ ദിവ്യത്വം കാണുന്നു.''

വനങ്ങള്‍ക്കു മുകളില്‍ ഭരണകൂടങ്ങളും മൂലധനവും പിടിയുറപ്പിക്കുമ്പോള്‍ കാര്‍ഷിക ഗ്രാമങ്ങള്‍ അവരുടെ ആചാരങ്ങളും ഉപജീവനവും നിലനിന്ന ഇടങ്ങളില്‍നിന്നാണ് പടിയിറക്കപ്പെടുന്നത്. നഗരവല്‍ക്കരണത്തിന്റെ വ്യാപനത്തോടെ മരങ്ങള്‍ സ്വദേശത്തും വിദേശത്തും വിപണിമൂല്യമുള്ള വസ്തുക്കളായി. 19-ാം നൂറ്റാണ്ട് മുതല്‍ കൊളോണിയല്‍ ഭരണകൂടങ്ങള്‍ ഹിമാലയത്തില്‍ വില്‍പ്പനമൂല്യമുള്ള മരങ്ങള്‍ വളര്‍ത്താന്‍ തുടങ്ങുന്നതോടെ കാട് കര്‍ഷകര്‍ക്ക് അന്യമായിത്തുടങ്ങി. സമൂഹത്തിന്റെ സ്വത്തായിരുന്ന കാടുകള്‍ നഗരവാസികളായ വ്യക്തികളുടെ കുത്തകയായപ്പോള്‍ ചെറുത്തുനില്‍പ്പ് ഹിമാലയന്‍ കര്‍ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായി. ഹിമാലയന്‍ കാര്‍ഷിക വ്യവസ്ഥയില്‍ കര്‍ഷകര്‍ എന്നു കേള്‍ക്കുമ്പോള്‍ ഓര്‍ക്കേണ്ടത് സ്ത്രീകളെയാണ്. ഹിമാലയന്‍ ഗ്രാമങ്ങളില്‍ മുഖ്യമായ ധാന്യക്കൃഷി, മൃഗപരിപാലനം, വിറകും വെള്ളവും ശേഖരിക്കല്‍ തുടങ്ങിയ നിത്യത്തൊഴിലുകള്‍ സ്ത്രീകളുടെ ഉത്തരവാദിത്വമാണ്. അവരുടെ കഠിനാധ്വാനമാണ് ഉപജീവനം സാധ്യമാക്കുന്നതില്‍ പ്രധാനം. 

സ്വാതന്ത്ര്യാനന്തരമുള്ള പ്രഹരങ്ങള്‍

വനം വകുപ്പിന്റെ നിയമങ്ങള്‍ ലംഘിക്കുക, ജോലി ബഹിഷ്‌കരിക്കുക, രേഖകള്‍ നശിപ്പിക്കുക തുടങ്ങിയ കൊളോണിയല്‍ കാലത്തെ സമരരീതികളെ ഭരണകൂടം അമര്‍ച്ച ചെയ്തുകൊണ്ടിരുന്നു. കൊളോണിയല്‍ ഭരണത്തിന്റെ അവസാനം കാടുകളെ ആശ്രയിച്ചു കഴിഞ്ഞ ഗ്രാമീണരുടെ ജീവിതത്തില്‍ സമൃദ്ധിയുടെ തുടക്കമായില്ല. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വ്യവസായവല്‍ക്കരണം ഹിമാലയന്‍ പ്രകൃതിക്ക് വലിയ പ്രഹരമാണേല്‍പ്പിച്ചത്. രാമചന്ദ്ര ഗുഹ ചൂണ്ടിക്കാണിക്കുന്നത് 1960-കളില്‍ പുതിയതായി നിര്‍മ്മിച്ച 1330 കിലോമീറ്റര്‍ റോഡുകളും പുതുക്കിപ്പണിത 620 കിലോമീറ്റര്‍ റോഡും ഉത്തര്‍പ്രദേശിലെ ഹിമാലയന്‍ മലനിരകളിലെ കാടുകളിലെ ഇതുവരെ എത്തപ്പെടാത്ത കോണുകളില്‍ വരെ തടിവ്യവസായം വളര്‍ത്തി എന്നാണ്. കാട് വെട്ടിത്തെളിച്ചു കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ കൂലിത്തൊഴിലാളികളായി. ടിബറ്റന്‍ മേഖലയിലേയ്ക്ക് ധാന്യം കയറ്റി അയച്ചിരുന്നവര്‍ അത്താഴപ്പട്ടിണിക്കാരായി മാറി. കാടുകള്‍ ഇല്ലാതായതോടെ വെള്ളവും വിറകും തേടിയുള്ള കര്‍ഷകസ്ത്രീകളുടെ അലച്ചില്‍ ദുരിതപൂര്‍ണ്ണമായി. അവരുടെ എതിര്‍പ്പുകള്‍ നഗരങ്ങളില്‍നിന്നുള്ള പത്രമാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. 

നഗരവല്‍ക്കരണവും വന്‍കിട വ്യവസായങ്ങളും പ്രകൃതിവിഭവങ്ങളുടെ പുതിയ സ്രോതസ്സുകള്‍ തേടിക്കൊണ്ടിരുന്നു. ഹിമാലയന്‍ ഗ്രാമീണരുടെ ഉപജീവനമാര്‍ഗ്ഗം വന്‍ നഗരങ്ങളിലെ ഗൃഹോപകരണങ്ങളും റെയില്‍ പാളങ്ങളുമൊക്കെയായി. വനങ്ങളുടെ വ്യാവസായിക ഉപഭോഗം എല്ലാവരുടേയും വികസനമായിരുന്നില്ല. മുന്‍പ് അനുഭവിക്കാത്ത രീതിയില്‍ നാശം വിതക്കുന്ന പ്രളയങ്ങളും മണ്ണൊലിപ്പുമാണ് 1970-കളില്‍ ഹിമാലയം നേരിട്ടത്. വ്യാവസായിക അടിസ്ഥാനത്തില്‍ വെട്ടിത്തെളിച്ച കാടുകളുടെ അടിവാരത്തിലുള്ള ഗ്രാമങ്ങളാണ് പ്രളയദുരിതവും ഉരുള്‍പൊട്ടലും മൂലം തകര്‍ന്നത് എന്ന് ബഹുഗുണ 1970-ല്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വനങ്ങളുടെ വാണിജ്യവല്‍ക്കരണവും പരിസ്ഥിതി നാശവും തമ്മിലുള്ള ബന്ധം പിന്നീടുള്ള നാളുകളില്‍ ഇന്ത്യന്‍ പരിസ്ഥിതി ചരിത്രത്തിലെ പ്രധാനപ്പെട്ട പഠനവിഷയമായി മാറി. 

ആഗോളതലത്തില്‍ ശ്രദ്ധനേടിയ ചിപ്കോ സമരങ്ങള്‍ തുടങ്ങുന്നത് ഇത്തരം അരികുവല്‍ക്കരണങ്ങളോടുള്ള പ്രതികരണമായാണ്. രാമചന്ദ്ര ഗുഹയുടെ ഠവല ഡിൂൗശലേ ണീീറ:െ Ecological Change and Peasant Resistance in the Himalayas എന്ന പഠനം ചിപ്കോ ആന്ദോളന്‍ വനവ്യവസായങ്ങള്‍ ഛിന്നഭിന്നമാക്കിയ സമൂഹങ്ങളുടെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ചെറുത്തു നില്‍പ്പിന്റെ തുടര്‍ച്ചയാണ് എന്നു വാദിക്കുന്നു. മരങ്ങളെ കെട്ടിപ്പിടിച്ചു സംരക്ഷിക്കുക എന്ന സമരരീതി സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതിരോധമായി വളര്‍ന്നു.  സുന്ദര്‍ലാല്‍ ബഹുഗുണയുടെ സമരനേതൃത്വവും നിരാഹാര സമരവും അറസ്റ്റും തടങ്കലും ചിപ്കോ സമരത്തിന്റെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തെ ജനങ്ങളിലെത്തിച്ചു. സ്ത്രീകളും കുട്ടികളും മുന്നിട്ടിറങ്ങിയ ജനകീയ സമരമായി ചിപ്കോ ആന്ദോളന്‍ വളര്‍ന്നു. 

പ്രിയരേ, ഉണരാന്‍ സമയമായി 
കാടുകള്‍ കാക്കേണ്ടവരാണ് നമ്മള്‍ 
മരങ്ങളെ ചേര്‍ത്ത് പിടിക്കൂ 
അവരെ വെട്ടിവീഴ്ത്താന്‍ അനുവദിക്കാതിരിക്കൂ 
മരമാണ്, കാടാണ് ജീവസ്രോതസ്സ് 
മരങ്ങളെ ചേര്‍ത്ത് പിടിക്കൂ

ഹിമാലയന്‍ ഗ്രാമങ്ങളില്‍ ഈ കവിത മുഴങ്ങിക്കേട്ടു. മരങ്ങള്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ ലോകശ്രദ്ധ ലഭിച്ച ചിത്രങ്ങളായി പത്രമാധ്യമങ്ങളില്‍ അച്ചടിച്ചു വന്നു. ഗാന്ധിയന്‍ സമരമാര്‍ഗ്ഗവും സന്ന്യാസി പരിവേഷവും ബഹുഗുണയെ ഭൂരിപക്ഷം ഹിന്ദുക്കള്‍ ഉള്ള ഹിമാലയന്‍ കാര്‍ഷിക സമൂഹത്തിനു സ്വീകാര്യനാക്കിയെന്ന് ചിപ്കോ സമരചരിത്രത്തെപ്പറ്റിയുള്ള പഠനത്തില്‍ രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നു. ചിപ്കോ ആന്ദോളനും അതിനെത്തുടര്‍ന്നുള്ള ദശകങ്ങളിലും സുന്ദര്‍ലാല്‍ ബഹുഗുണയുടെ എഴുത്തുകളും പ്രഭാഷണങ്ങളും ഇടപെടലുകളും ഇന്ത്യന്‍ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ഗാന്ധിയുടേയും വിനോബാ ഭാവെയുടേയും ആശയങ്ങളെ വിപുലീകരിക്കുന്ന ഉള്‍ക്കാഴ്ചകള്‍ നല്‍കിക്കൊണ്ടിരുന്നു. ഗാന്ധിയനായ സാമ്പത്തിക ചിന്തകന്‍ ജെ.സി. കുമരപ്പയുടെ പ്രകൃതിയെപ്പറ്റിയുള്ള ആശയങ്ങള്‍ ബഹുഗുണയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ജൈവിക ചംക്രമണമാണ് പ്രകൃതിയെ ജീവസ്സുറ്റതാക്കുന്നതെന്ന കുമരപ്പയുടെ നിലപാടിന്റെ സ്വാധീനം ബഹുഗുണയുടെ എഴുത്തിലും കാണാം (കുമരപ്പ: 1945; ബഹുഗുണ 2005). എന്നാല്‍, ബഹുഗുണയുടെ നിലപാടുകള്‍, പ്രത്യേകിച്ചും ആത്മീയവാദവും ഗാന്ധിമാര്‍ഗ്ഗവും എല്ലാക്കാലത്തും വിമര്‍ശന വിധേയമായിക്കൊണ്ടിരുന്നു. ചിപ്കോ ആന്ദോളനിലുള്ള ബഹുഗുണയുടെ പ്രാധാന്യവും ഗാന്ധിയന്‍ സമരമാര്‍ഗ്ഗവും വിമര്‍ശനവിധേയമായിക്കൊണ്ടിരുന്നു. ഗ്രാമീണ ജീവിതം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തില്ല എന്ന ബഹുഗുണയുടെ നിലപാട് Chandi Prasad Bhatt ഉള്‍പ്പെടുന്ന ചിപോകോ സമര നേതാക്കള്‍ വിമര്‍ശിച്ചു (ഭട്ട്: 1987). 

വന്‍കിട അടിസ്ഥാന വികസന പദ്ധതികളെ മനുഷ്യരാശിയുടെ ആത്യന്തിക പുരോഗമനമായി കാണുന്ന കാഴ്ചപ്പാടിനാണ് ഇന്ത്യയില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്. അത്തരം വികസന ധാരണകളെ മാറ്റുന്നതില്‍ നര്‍മ്മദയില്‍ മേധാ പട്കറുടേയും തെഹ്രിയില്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടേയും നേതൃത്വത്തില്‍ വന്‍കിട ഡാമുകള്‍ക്കെതിരെ നടന്ന പരിസ്ഥിതി സമരങ്ങള്‍ വഹിച്ച പങ്ക് പ്രധാനമാണ്. ഭക്രാ-നംഗല്‍ അണക്കെട്ട് നിര്‍മ്മാണം വിലയിരുത്തിയതിനുശേഷം നെഹ്‌റു 1954 ജൂലൈ എട്ടിന് നടത്തിയ പ്രസംഗത്തില്‍ ആവേശത്തോടെ പറഞ്ഞു: ''ഡാം നിര്‍മ്മാണം നടക്കുന്ന പ്രദേശം മനുഷ്യരാശി പടുത്തുയര്‍ത്തിയ മഹത്തായ ക്ഷേത്രങ്ങളും മോസ്‌കുകളും ഗുരുദ്വാരകളുമാണ് ഓര്‍മ്മയില്‍ വന്നത്. ആയിരക്കണക്കിന് ആളുകള്‍ അധ്വാനിച്ചും സ്വന്തം ജീവന്‍ നല്‍കിയും പടുത്തുയര്‍ത്തിയ ഭക്രാ-നംഗല്‍ എത്രയോ മഹത്തരമായ ഇടമാണ്.''

വന്‍കിട ഡാം പദ്ധതികള്‍ കര്‍ഷകരുടേയും ആട്ടിടയരുടേയും വനവും നദിയും ആശ്രയിച്ചുള്ള ജീവിതമാര്‍ഗ്ഗങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരുന്നു. ഗാന്ധി ഹിന്ദ് സ്വരാജില്‍ വിഭാവനം ചെയ്ത ഗ്രാമങ്ങളുടെ സ്വയംപര്യപ്തത എന്ന ആശയം ഹിമാലയത്തില്‍ നടന്ന വന്‍കിട ഡാം നിര്‍മ്മാണ പദ്ധതികള്‍ക്കെതിരെയുള്ള വാദഗതികളില്‍ പ്രധാനമായിരുന്നു. ഗാന്ധിയുടെ ഗ്രാമീണ സ്വയം പര്യാപ്ത എന്ന ആശയവും നെഹ്‌റുവും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായിരുന്ന മഹാലനോബിസും ചേര്‍ന്നു നടപ്പില്‍ വരുത്തിയ വന്‍കിട പദ്ധതികളും തമ്മിലുള്ള സംവാദം തുടരുന്ന കാലമാണ് തൊള്ളായിരത്തി എണ്‍പതുകള്‍. 1983-ല്‍ ബഹുഗുണ നടത്തിയ 4000 കിലോമീറ്റര്‍ ഹിമാലയന്‍ പദയാത്ര ഹിമാലയത്തിന്റെ പരിസ്ഥിതി നാശത്തിലേക്ക് ആഗോളശ്രദ്ധ ആകര്‍ഷിച്ചു.   

വന്‍കിട പദ്ധതികള്‍ക്കെതിരെ പരിതഃസ്ഥിത വിജ്ഞാനമേഖലയില്‍നിന്നുള്ള ശാസ്ത്രഗവേഷകരും തൊള്ളായിരത്തി എണ്‍പതുകളില്‍ തെളിവുകള്‍ നിരത്തി മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങി. ഭൂകമ്പ സാധ്യത ഏറിയ പ്രദേശമാണ് ഭാഗീരഥിയുള്‍പ്പെടുന്ന ഗംഗയുടെ പോഷക നദികള്‍ ഒഴുകുന്ന ഹിമാലയന്‍ പര്‍വ്വത നിരകളിലെ ഗഡ്വാള്‍ മേഖല. 260 മീറ്റര്‍ ഉയരമുള്ള തെഹ്രി അണക്കെട്ടു താങ്ങാന്‍ ശേഷിയില്ലാത്ത പ്രദേശം. 1980-കളിലും 1990-കളിലും തെഹ്രി പദ്ധതിക്കെതിരെ തുടങ്ങിയ സമരങ്ങളുടെ ജനകീയ മുഖമായിരുന്നു ബഹുഗുണ. 1989-ലാണ് ബഹുഗുണ തെഹ്രി അണക്കെട്ട് വിരുദ്ധ സമരത്തിന്റെ നേതൃസ്ഥാനത്ത് എത്തുന്നത്. ഗാന്ധിയന്‍ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച ഹിമാലയത്തിന്റെ പ്രിയങ്കരനായ വയോധികനായി ബഹുഗുണ മാറുന്നത് തെഹ്രി പദ്ധതിക്കെതിരെ തുടര്‍ന്നു നടന്ന സമരങ്ങളിലാണ്. തൊണ്ണൂറുകള്‍ മുതല്‍ വന്‍കിട ഡാം പദ്ധതികള്‍ക്കുള്ള പ്രാധാന്യം കുറഞ്ഞുതുടങ്ങി. അതേസമയം തെഹ്രി പോലുള്ള വന്‍കിട പദ്ധതികള്‍ ഭരണകൂടത്തിന് ഏറ്റവും പ്രധാന പദ്ധതികളിലൊന്നായിരുന്നു. 'സേവ് ഹിമാലയ' പ്രസ്ഥാനം ശക്തമാകുന്നത് തൊണ്ണൂറുകളിലാണ്. സുന്ദര്‍ലാല്‍ ബഹുഗുണയുടെ നിരാഹാരസമരങ്ങളും ഗാന്ധിയന്‍ ദര്‍ശനങ്ങളും തെഹ്രി സമരത്തെ ശക്തമായ സമരമായി മാറാന്‍ സഹായിച്ചു. 

മുങ്ങിപ്പോയ അടയാളങ്ങള്‍

തെഹ്രി പദ്ധതിക്കെതിരെ നടത്തിയ നീണ്ടകാലത്തെ സമരങ്ങള്‍ നഗരങ്ങളിലെ നിയമപാലകര്‍ അവഗണിച്ചു. 2400 മെഗാവാട്ട് ഉല്പാദനശേഷിയുള്ള തെഹ്രി ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള എല്ലാ നിയമതടസ്സങ്ങളും നീക്കിക്കൊണ്ട് 2003 സെപ്റ്റംബറില്‍ സുപ്രീംകോടതി ഉത്തരവിറക്കി. അതോടൊപ്പം മഹാനഗരമായ ദില്ലിക്ക് കുടിവെള്ളം നല്‍കുക, 27 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനത്തിന് ആവശ്യമായ വെള്ളം ശേഖരിക്കുക എന്നീ ലക്ഷ്യങ്ങള്‍ ഈ വന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. ഹിമാലയത്തിന്റെ നാശമാണ് ഈ വന്‍ പദ്ധതി എന്ന് സുന്ദര്‍ലാല്‍ ബഹുഗുണ മുന്നറിയിപ്പ് നല്‍കി. പിന്നീട് എല്ലാ മഴക്കാലങ്ങളിലും വലിയ തോതിലുള്ള മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉത്തരാഖണ്ഡിലെ മലനിരകളില്‍ പതിവായി. ഉദ്യോഗസ്ഥവൃന്ദം അവരുടെ വിജയം ആഘോഷിക്കുമ്പോള്‍ സുന്ദര്‍ലാല്‍ ബഹുഗുണ ലോകത്തോട് വിലപിച്ചു: ''ഞങ്ങളുടെ ചരിത്രവും ഭൂപ്രകൃതിയും സംസ്‌കാരവും തുടങ്ങി തലമുറകളായി ഉള്ളതെല്ലാം വെള്ളത്തിനടിയിലാകുന്നു. ഞങ്ങളുടെ കുട്ടിക്കാലത്തേയും പ്രസരിപ്പുള്ള ചെറുപ്പകാലത്തേയും സ്വാതന്ത്ര്യസമരകാലത്തേയും ഓര്‍ക്കാനുള്ള എല്ലാ അടയാളങ്ങളും മുങ്ങിപ്പോകുന്നു.'' ബഹുഗുണ ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപോലെ ഡാമുകള്‍ 2013-ല്‍ ഉത്തരാഖണ്ഡ് പര്‍വ്വതങ്ങള്‍ നേരിട്ട മഹാപ്രളയത്തിനു പ്രധാന കാരണമായി. മഹാപ്രളയത്തെത്തുടര്‍ന്ന് പ്രളയവും ഡാമുകളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച രവി ചോപ്ര സമിതി രണ്ട് ഡസനോളം ഡാമുകളുടെ തുടര്‍ നിര്‍മ്മാണം അടിയന്തരമായി നിറുത്തലാക്കാനാണ് നിര്‍ദ്ദേശിച്ചത്. 

1978-ല്‍ ഗംഗോത്രിയില്‍ വെച്ച് ഗാന്ധിയന്‍ ദര്‍ശനങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ഗംഗയുടെ സംരക്ഷണത്തിനുവേണ്ടി ജീവിതം മാറ്റിവെയ്ക്കാനും ഉല്പാദനത്തിന് ജലസേചനം ആവശ്യമുള്ള അരിയാഹാരം ഉപേക്ഷിക്കാനും അദ്ദേഹം തീരുമാനിച്ചു. ഗംഗയെ സംരക്ഷിക്കുക എന്നത് കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഹൈന്ദവ മതവികാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. മതവികാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഗംഗാ സംരക്ഷണ പ്രസ്ഥാനങ്ങളെ ബഹുഗുണ നിരാകരിക്കുന്നില്ല. കാരണം പരിസ്ഥിതി സംരക്ഷണം സാംസ്‌കാരികവും ആത്മീയവുമായ പ്രവര്‍ത്തനമായിരുന്നു ബഹുഗുണയ്ക്ക്. അതേസമയം ഗാന്ധിയന്‍ ആശയങ്ങളിലൂന്നിയുള്ള അതിജീവനത്തിന്റെ ദര്‍ശനമാണ് ബഹുഗുണ പറഞ്ഞത്. 
   
സുന്ദര്‍ലാല്‍ ബഹുഗുണയുടെ ജീവചരിത്രകാരന്‍ ജോര്‍ജ് ആല്‍ഫ്രഡ് ജെയിംസ് 2013-ല്‍ പ്രസിദ്ധീകരിച്ച പഠനത്തിനു നല്‍കിയ തലക്കെട്ട് Ecology is Permanent Economy: The Activism and Environmental Philosophy of Sunderlal Bahuguna എന്നാണ്. ശാശ്വതമായത് പ്രകൃതിയാണ് എന്ന ഗാന്ധിയന്‍ ആശയത്തിന്റെ ആവിഷ്‌കാരമാണ് ബഹുഗുണയുടെ 70 വര്‍ഷങ്ങള്‍ നീണ്ട പരിസ്ഥിതി പ്രവര്‍ത്തനം. ആത്യന്തികമായി ഒരു ജനകീയ മുന്നേറ്റവും പരാജയപ്പെടുന്നില്ല. അവ രൂപപ്പെടുത്തുന്ന ആശയങ്ങള്‍ വികസനത്തേയും പ്രകൃതിയേയും കുറിച്ചുള്ള ആശയങ്ങളെ രൂപാന്തരപ്പെടുത്തുന്നു. അതിജീവനത്തിന്റെ ദര്‍ശനങ്ങളെ ഇല്ലാതാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കില്ല. തെഹ്രി പദ്ധതിക്കെതിരെയുള്ള നിരന്തരമായ സമരങ്ങള്‍ ലക്ഷ്യം കാണാതെ വരുമ്പോള്‍ ബഹുഗുണ ഈ നിലപാട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കൊളോണിയല്‍ കാലത്ത് ഇല്ലാതായ ഗ്രാമങ്ങളുടെ സ്വയംപര്യാപ്തത വീണ്ടെടുക്കുക എന്നതാണ് ബഹുഗുണ മുന്‍പോട്ടു വെച്ച അപകോളനീകരണത്തിന്റെ മാനിഫെസ്റ്റോ. നഗരങ്ങളുടെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ അനേകം ഗ്രാമങ്ങളെ ദുരിതത്തിലേയ്ക്ക് തള്ളിവിടുന്ന വികസനബോധത്തിന് എതിരെ നില്‍ക്കാന്‍ ഗാന്ധിയും ജെ.സി. കുമരപ്പയും വിനോബ ഭാവേയും സ്വന്തം ഹിമാലയന്‍ ജീവിതാനുഭവങ്ങളും കാണിച്ച വഴിയാണ് സുന്ദര്‍ലാല്‍ ബഹുഗുണ തിരഞ്ഞെടുത്തത്.
 
പരിസ്ഥിതിശാസ്ത്രം നല്‍കുന്ന അറിവുകള്‍ ഗാന്ധിയന്‍ ആശയങ്ങളുടെ വിപുലീകരണമായാണ് ബഹുഗുണ കണ്ടത്. ജോര്‍ജ് ആല്‍ഫ്രെഡ് ജെയിംസ് അവസാനം സന്ദര്‍ശിച്ചപ്പോള്‍ ബഹുഗുണ പറഞ്ഞത്: ''ഗാന്ധി ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ പരിസ്ഥിതി പ്രവര്‍ത്തകനായേനെ'' എന്നാണ്. (ജെയിംസ്: 2013, 211). ഇന്ത്യയുടെ പരിസ്ഥിതി ദര്‍ശനത്തിന്റെ രൂപപ്പെടലില്‍ കാതലായ മാറ്റം വരുത്തുന്നതായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണയുടെ ജീവിതം. വരും തലമുറയിലെ ചരിത്രഗവേഷകര്‍ക്കുവേണ്ടി നിരവധി ലേഖനങ്ങളും പഠനങ്ങളും ബാക്കിവെച്ചാണ് ബഹുഗുണ വിടവാങ്ങുന്നത്. 

References:

'My Fight is to Save the Himalayas', Interview with Sunderlal Bahuguna, Vol 21, NO. 17, (27 Aug, 2004), p. 36. 
Andrew Brennen, Thinking About Nature: An Investigation of Nature, Value and Ecology. Oxon: Routledge, 2014. 
Chandi Prasad Bhatt, 'The Chipko Andolan: Forest Conservation Based on People's Power.' In The Fight for Survival, edited by Anil Agarwal et. A. New Delhi: Centre for Science & Environment, 1987). 
George Alfred James. Ecology is Permanent Economy: The Activism and Environmental Philosophy of Sunderlal Bahuguna. State University of New York, 2013. 
Hanna Werner, The Politics of Dams: Developmental Perspectives and Social Critique in Modern India (OUP, 2015). 
J. C. Kumarappa. Economy of Permanence. Varanasi: Sarva-Seva-Sangh-Prakashan, 1945. 
James George Alfred, 'The Construction of India in Some Recent Environmental Philosophy.' Worldviews: Environment, Culture, Religion 2 (1998). 
M. K. Gandhi. Hind Swaraj or Indian Home Rule. Ahmedabad: Navajivan, 1938. 
Madav Gadgil and Ramachandra Guha, Ecology and Equity: The Use and Abuse of Nature in Contemporary India. New Delhi: Penguin Books, 1995. 
Purnima S. Tripathi, 'Tragedy at Tehri' Frontline, Vol 21, NO. 17, (27 Aug, 2004), pp. 33-35.
Ramachandra Guha. The Unquiet Woods: Ecological Change and Peasant Resistance in the Himalaya. Delhi: Oxford University Press, 1989. 
S. Gopalakrishna Warrier, 'Environment: Paradigm Shift', Vol. 33, no. 15 (5 Aug 2016), 56-57. 
Shinya Ishizaka, 'The Anti Tehri Dam Movement as New Social Movement and Gandhism.' Journal of the Japanese Association for South Asian Studies 18, 2006. 
Sunderlal Bahuguna, 'The Crisis of Civilisation and the Message of Culture in the Context of Environment.' In Fire In the Heart, Firewood on the Back, edited by Teinzin Rigzin. Amritsar: All Indian Pingalwara Charitable Society, 2005. 

(ലേഖകന്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ചരിത്രാദ്ധ്യാപകനാണ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com