ചലച്ചിത്രങ്ങളിലെ കാവ്യസഞ്ചാരങ്ങള്‍ 

വളരെ സവിശേഷതകളോടു കൂടിയ കാഴ്ചാനുഭവങ്ങളാണ്  ബുദ്ധദേബ് ചിത്രങ്ങള്‍. നല്ലൊരു കവി കൂടിയായ അദ്ദേഹം, കവിതകളിലെ താളവും ഭാവനയും സിനിമകളില്‍ സന്നിവേശിപ്പിച്ചു  
ബുദ്ധദേബ് ദാസ് ഗുപ്ത
ബുദ്ധദേബ് ദാസ് ഗുപ്ത

I really believe that without this isolation, it is very difficult for me to be creative. This loneliness is not something that has been imposed on me. I have chosen it.
-Budhadeb Das Gupta

'എന്റെ ദു:ഖമാണ് എന്റെ ക്രിയേറ്റിവിറ്റിക്ക് ഊര്‍ജ്ജം നല്‍കുന്നത്. അതിനു ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. വാസ്തവത്തില്‍ ഞാന്‍ സന്തോഷത്തെ ഭയപ്പെടുന്നു. ദു:ഖകരമായ അവസ്ഥയാണ് ദിവസത്തില്‍ പലതും ചെയ്യാന്‍ ബാക്കിയുണ്ടെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നത്.''

-ബുദ്ധദേബ്

ചെയ്യാന്‍ പലതും ബാക്കിവെച്ചുകൊണ്ട് മഹാചലച്ചിത്രകാരന്‍ ബുദ്ധദേബ് ദാസ്ഗുപ്ത നമ്മെ കടന്നു പോയ്ക്കഴിഞ്ഞു. സത്യജിത് റായും ഋത്വിക്ക് ഘട്ടക്കും മൃണാള്‍ സെന്നും നിറഞ്ഞാടിയ ബംഗാളി സിനിമയില്‍ തന്റേതായ വ്യത്യസ്തമായ മുദ്ര പതിപ്പിച്ച, യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകലെ മാറി നടന്ന, കവിതകളിലെ ലിറിക്കല്‍ ആഖ്യാനശൈലി സിനിമകളില്‍ പിന്തുടര്‍ന്ന നല്ലൊരു കവി കൂടിയായ ബുദ്ധദേബ്, ഇനി അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ മാത്രം ജീവിക്കുന്നു. പശ്ചിമബംഗാളിലെ പുരുലിയ ജില്ലയില്‍ അനാരാ ഗ്രാമത്തില്‍ 1944-ല്‍ ജനിച്ച്, ലോക ചലച്ചിത്രരംഗത്തെ റായ്-ഘട്ടക്ക്-സെന്‍ കാലഘട്ടത്തിനു തൊട്ടുപുറകെ ബംഗാളിസിനിമയില്‍ നിറഞ്ഞുനിന്ന ബുദ്ധദേബ്, 20 ഫീച്ചര്‍ ഫിലിമുകളും പന്ത്രണ്ടിലേറെ ഡോക്യുമെന്ററികള്‍/ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തു. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ അഞ്ചുപ്രാവശ്യം മികച്ച സിനിമകള്‍ക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടി; മികച്ച സംവിധായകനായി ദേശീയ അംഗീകാരങ്ങള്‍ രണ്ട് പ്രാവശ്യം അദ്ദേഹത്തെ തേടിയെത്തി. വെനീസ്, ലൊക്കാര്‍ണോ, ബര്‍ലിന്‍, കാര്‍ലോവാരി തുടങ്ങി പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരങ്ങള്‍ ബുദ്ധദേബ് കരസ്ഥമാക്കി. സ്പെയിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള 2008-ലും ഏഥന്‍സ് ലോക ചലച്ചിത്രമേള 2007-ലും ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. രാജ്യത്തിനകത്തും ലോകം മുഴുവനും ബുദ്ധദേബിന്റെ ചിത്രങ്ങള്‍ക്ക് അനേകം പ്രേക്ഷകരുണ്ടായി. കേരളത്തില്‍ നീം അന്നപൂര്‍ണ്ണ, ഫേര പോലുള്ള ആദ്യകാല ബുദ്ധദേബ് ചിത്രങ്ങള്‍ മലയാള സിനിമകള്‍പോലെ ജനങ്ങള്‍ സ്വീകരിച്ചു. റായ്, ഘട്ടക്ക്, സെന്‍ ചലച്ചിത്ര തലമുറയ്ക്കു ശേഷം ബംഗാളി സിനിമ ലോകത്തിനു സമ്മാനിച്ച ആ മഹാചലച്ചിത്രകാരന്‍ മികച്ച ഒരു കവിയും സംഗീതപ്രേമിയും ആയിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് സവിശേഷമായൊരു ലിറിക്കല്‍ സ്വഭാവം നമുക്ക് കാണാന്‍ കഴിയുന്നത്. 

കല്‍ക്കട്ട സര്‍വ്വകലാശാലയിലെ പ്രസിദ്ധമായ സ്‌കോട്ടിഷ് കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ബുദ്ധദേബ്, ബര്‍ദ്വാന്‍ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ശ്യാം സുന്ദര്‍ കോളേജില്‍ അദ്ധ്യാപകനായി ജോലി ആരംഭിച്ചെങ്കിലും താന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സാമ്പത്തികശാസ്ത്രവും രാജ്യത്ത് നിലവിലുള്ള സാമൂഹിക-സാമ്പത്തിക അവസ്ഥയും തമ്മിലുണ്ടായിരുന്ന അന്തരം അദ്ദേഹത്തെ നിരന്തരം അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ അദ്ധ്യാപനജോലി അവസാനിപ്പിച്ച ബുദ്ധദേബ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു. അതോടെയാണ് ബംഗാളി സിനിമയുടെ  മഹത്തായ പാരമ്പര്യം തുടര്‍ന്നുകൊണ്ടുപോകുന്ന വിധത്തിലുള്ള ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ ബുദ്ധദേബ്  ആരംഭിക്കുന്നത്. 1978-ല്‍ സംവിധാനം ചെയ്ത ദൂരത്വ (Dooratwa) മുതല്‍ 2018-ലെ ഉറോജഹജ് (Urojahaj) വരെ, മുപ്പതിലേറെ വര്‍ഷങ്ങളിലായുള്ള സജീവ  ചലച്ചിത്രപ്രവര്‍ത്തനങ്ങളില്‍ പത്തിലേറെ ചിത്രങ്ങള്‍ അന്താരാഷ്ട്ര സമ്മതി നേടിയിരുന്നു എന്നത് ശ്രദ്ധേയമാകുന്നു. ''എന്റെ ചിത്രങ്ങള്‍ 50 വര്‍ഷങ്ങള്‍ കഴിഞ്ഞാലും പ്രസക്തമായിരിക്കുമെന്ന് എനിക്ക് തീര്‍ച്ചയാണ്. ഇപ്പോള്‍ ചെറുപ്പക്കാര്‍ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബോളിവുഡ് പരാമര്‍ശിക്കാറില്ല; അവിടത്തെ ചിത്രങ്ങള്‍ വളരെക്കുറച്ചു പേരേ ഇപ്പോള്‍ കാണാറുള്ളൂ. സിനിമയില്‍ ആര്‍ട്ട് ഹൗസ് സിനിമയെന്നൊരു പ്രത്യേക വിഭാഗമില്ല; എല്ലാവരും സിനിമകളുണ്ടാക്കുന്നു. ചിലരുടേത്  മികച്ചവയാകുന്നു; മറ്റു ചിലര്‍ക്കതിനു കഴിയാറില്ല എന്നുമാത്രം. ഈ അടുത്തകാലത്ത് ബംഗാളി സിനിമയില്‍ മികച്ച ചിത്രങ്ങളൊന്നുമുണ്ടാകാറില്ല എന്നതാണ് സത്യം. നിങ്ങള്‍ വിപണിയെ മറന്നേക്കൂ; നല്ല ചിത്രങ്ങള്‍ക്ക് എപ്പോഴും പ്രേക്ഷകരുണ്ടാവും. ചിത്രങ്ങള്‍ മികച്ചവയാണെങ്കില്‍ അവ വര്‍ഷങ്ങളോളം  നിലനില്‍ക്കും. മാത്രമല്ല, പ്രേക്ഷകര്‍ അവ കാണുകയും ചെയ്യും.'' അഭിമുഖത്തില്‍ ബുദ്ധദേബ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

ബാഘ് ബഹാദൂര്‍ (1989)
ബാഘ് ബഹാദൂര്‍ (1989)

വളരെ സവിശേഷതകളോടുകൂടിയ കാഴ്ചാനുഭവങ്ങളാണ് ബുദ്ധദേബ് ചിത്രങ്ങള്‍. നല്ലൊരു കവി കൂടിയായ അദ്ദേഹം, കവിതകളിലെ  താളവും ഭാവനയും സിനിമകളില്‍ സന്നിവേശിപ്പിച്ചുകൊണ്ട് ബംഗാളി സിനിമയില്‍ തന്റേതായ ഒരു ചലച്ചിത്രശൈലി സൃഷ്ടിച്ചെടുത്തു. റിയലിസത്തില്‍നിന്ന് മാജിക്കല്‍ റിയലിസത്തിലേക്കും സര്‍റിയലിസത്തിലേക്കും അനായാസം സഞ്ചരിച്ചുകൊണ്ട്, ജീവിതത്തിലെ ഏകാന്തതയും സ്ഥാനഭ്രംശവും തീവ്രമായി രേഖപ്പെടുത്തുന്നു ബുദ്ധദേബ് ചിത്രങ്ങള്‍. യാഥാര്‍ത്ഥ്യങ്ങളുടെ ഒരുതരത്തിലുള്ള എക്‌സ്ടെന്‍ഷനായി മാറുന്ന അവയിലെ കാഴ്ചകളില്‍ പരമ്പരാഗത ബംഗാളി സംഗീതവും നൃത്തവും ഇഴചേര്‍ന്നു നില്‍ക്കുന്നു. റിയലിസത്തിന്റേയും ഭാവനയുടേയും സൂക്ഷ്മമായ മിശ്രണമായി ആവിഷ്‌കരിക്കപ്പെടുന്ന ആ ചിത്രങ്ങള്‍ ഒരു മികച്ച കവിയെന്ന രീതിയിലുള്ള സംവിധായകന്റെ സാര്‍ത്ഥകമായ സാക്ഷാല്‍ക്കാരം കൂടിയാകുന്നു. ഭൂതകാലത്തില്‍നിന്നു വര്‍ത്തമാനത്തിലേക്കും സമകാലീനതകളില്‍നിന്നു പുറകോട്ടും അവ സഞ്ചരിക്കുന്നു. ബാവുള്‍ ഗായകരും നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നവരും പരമ്പരാഗത വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും വിപ്ലവമാര്‍ഗ്ഗം സ്വീകരിച്ചവരും അവര്‍ അനാഥരാക്കിയ കുടുംബാംഗങ്ങളും നമുക്കിടയില്‍ ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും. ഒരേസമയം പരിചിതരും അതോടൊപ്പം അപരിചിതരുമായവരെ ആ ചിത്രങ്ങളില്‍ നാം കണ്ടുമുട്ടുന്നു. 

ബുദ്ധദേബ് ദാസ്ഗുപ്തയുടെ പ്രധാന ചിത്രങ്ങളിലൂടെ കടന്നുപോകുന്ന ആരേയും അവയുടെ പ്രമേയവൈവിദ്ധ്യം അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. 1978-ല്‍ അദ്ദേഹം പൂര്‍ത്തിയാക്കിയ ദൂരത്വ, 1981-ല്‍ മാത്രമാണ് റിലീസ് ചെയ്യുന്നത്. നക്‌സലൈറ്റ് പ്രസ്ഥാനം കല്‍ക്കത്തയില്‍ സജീവമായ കാലത്താണ് സത്യജിത് റായും മൃണാള്‍സെന്നും തങ്ങളുടെ കല്‍ക്കത്ത ചിത്രത്രയ(Calcutta Trilogy) ങ്ങള്‍ നിര്‍മ്മിക്കുന്നത്. അവയ്ക്കുശേഷമാണ് ബുദ്ധദേബ് തന്റെ ആദ്യഫീച്ചര്‍ ഫിലിം 'ദൂരത്വ' പൂര്‍ത്തിയാക്കുന്നത്. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട  പ്രമേയം  കേന്ദ്രീകരിക്കുന്ന ഈ ചിത്രം  1981-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതീകാത്മക വളരെ ഫലപ്രദമായി ബുദ്ധദേബ് ഉപയോഗിച്ച ചിത്രമാണ് ദൂരത്വ. ഇതോടൊപ്പം  1984-ലെ 'ആന്ധി ഗലി'യും നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്ന പ്രമേയത്തിലൂടെ കടന്നുപോകുന്നു.  എന്നാല്‍, മറ്റു ചലച്ചിത്രകാരില്‍നിന്നു വ്യത്യസ്തമായി, നക്‌സലൈറ്റുകളെ ഹീറോകളാക്കുന്ന രീതിയില്‍നിന്നു മാറി, അവര്‍ ജീവിതങ്ങളിലുണ്ടാക്കുന്ന ദുരന്തങ്ങളാണ് ബുദ്ധദേബ് ഈ ചിത്രങ്ങളില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കല്‍ക്കട്ടയും ബംഗാളും തീവ്രവാദ പ്രസ്ഥാനങ്ങളില്‍നിന്നു മാറിക്കൊണ്ടിരുന്ന കാലത്ത്, മദ്ധ്യവര്‍ഗ്ഗം കണ്ടെത്തിയ പ്രായോഗിക വഴികളുടെ  അന്തരീക്ഷത്തിലേക്കാണ് ബുദ്ധദേബ് ഈ ചിത്രങ്ങളില്‍ തന്റെ ക്യാമറ കേന്ദ്രീകരിക്കുന്നത്. 

നീം അന്നപൂര്‍ണ (1979)
നീം അന്നപൂര്‍ണ (1979)

ബുദ്ധദേബിന്റെ പിതാവ് റെയില്‍വേയില്‍ ഡോക്ടറായിരുന്നതിനാല്‍ കുട്ടിക്കാലം മുതല്‍ വളരെയധികം സഞ്ചരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇതിനിടയില്‍  ഖരഗ്പൂരിലേക്ക് ജോലിമാറ്റം ലഭിച്ച പിതാവിനൊപ്പം ബുദ്ധദേബും കുറേക്കാലം അവിടെ താമസിച്ചു. അവിടെവെച്ചാണ് ആദ്യമായി അദ്ദേഹം 'കടുവകളി' കാണുന്നത്. നമ്മുടെ പുലിക്കളി പോലെ പുരുഷന്മാര്‍ ശരീരത്തില്‍ കടുവയുടെ രൂപം വരച്ച ശേഷം താളത്തിനൊപ്പം നൃത്തം ചെയ്യുന്നത് കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. അതാണ് പിന്നീട്  ബുദ്ധദേബിന്റെ 'ബാഗ് ബഹാദൂര്‍' എന്ന പ്രശസ്ത ചിത്രമായി 1989-ല്‍ പുറത്തുവരുന്നത്. കടുവകളായി വേഷമിട്ട്, ശരീരം മുഴുവന്‍ നിറങ്ങള്‍കൊണ്ട് വരകളും കുറികളുമിട്ട്, കടുവാ മീശകളോടെ നര്‍ത്തകര്‍ ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് നൃത്തം ചെയ്തുകൊണ്ട് സഞ്ചരിക്കുന്നു. അത്തരമൊരു കടുവാനര്‍ത്തകന്‍ ഗുനുറാമിന്റെ കഥ പറയുന്ന ചിത്രം, ഗ്രാമത്തില്‍ പ്രദര്‍ശനത്തിനായി കൊണ്ടുവന്ന കടുവ, ഗുനുറാമിന്റെ കാഴ്ചക്കാരെ അയാളില്‍നിന്ന് അകറ്റുന്നതും ഒടുവില്‍ കടുവയുമായി ഏറ്റുമുട്ടി അയാള്‍ കൊല്ലപ്പെടുന്നതും ആവിഷ്‌കരിക്കുന്നു. 1989-ല്‍ മികച്ച ചിത്രമായി ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഹിന്ദിയില്‍ നിര്‍മ്മിച്ച 'ബാഘ് ബഹാദൂര്‍' നേടി. ബുദ്ധദേബിന്റെ അടുത്ത പ്രധാന ചിത്രമായ 'താഹാദേര്‍ കഥ' മുഖ്യനടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് മികച്ച നടനായും മികച്ച ചിത്രമായും ദേശീയ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ചതിന്റെ പേരില്‍ ജയില്‍ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങുന്ന സിബ്നാഥിന്റെ നിരാശഭരിതമായ ജീവിതം പറയുന്ന ചിത്രം, അനവധി ആളുകള്‍ ജീവിതങ്ങളും ജീവനും നല്‍കി നേടിയ സ്വാതന്ത്ര്യം, നിരര്‍ത്ഥകമായി മാറുന്ന കഥ കൂടിയാവുകയാണ്. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു നടന്ന ഇന്ത്യാ-പാക് വിഭജനത്തില്‍, അനേകമാളുകളെപ്പോലെ വീടും കുടുംബവും നഷ്ടപ്പെടുന്ന സിബ്നാഥ്, ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവാതെ പഴയകാല ഓര്‍മ്മകളില്‍ ആശ്രയം കണ്ടെത്തി ജീവിതം മുന്‍പോട്ട് പോകുന്ന കഥ പറയുന്നു 'താഹാദേര്‍ കഥ'. 1994-ല്‍ 44-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയറിനായി നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രം ആ വര്‍ഷം മികച്ച ചിത്രമായി ദേശീയ അംഗീകാരവും നേടിയിരുന്നു. ബംഗാളിലെ പക്ഷിപിടുത്തക്കാരുടെ ജീവിതം ആവിഷ്‌കരിക്കുന്ന ചിത്രം ചരാചാര്‍ശ് (1993), അത്തരമൊരു കുടുംബത്തിലെ അംഗങ്ങളായ ലഖ, അയാളുടെ ഭാര്യ സരി, മുതിര്‍ന്ന കുടുംബാംഗം ഭൂഷണ്‍ എന്നിവരുടെ ദുരന്തജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഭാര്യയുടെ കാര്യങ്ങളില്‍ ശ്രദ്ധചെലുത്താതെ പക്ഷികളിലും മറ്റു ജീവികളിലും താല്പര്യം കാണിക്കുന്ന ലഖയുടെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം നാടോടിക്കഥയുടെ രൂപത്തില്‍ തികച്ചും കാവ്യാത്മകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ചരാചര്‍ (1993)
ചരാചര്‍ (1993)

ബുദ്ധദേബ് ദാസ്ഗുപ്തയുടെ ചലച്ചിത്രജീവിതത്തില്‍ നിര്‍ണ്ണായകമായി മാറിയ ചിത്രമാണ് 2000-ലെ 'ഉത്തര'. രാജ്യത്തിനകത്തെ മതമൗലികവാദങ്ങളും മതപരിവര്‍ത്തന നീക്കങ്ങളും അന്യാപദേശകഥയുടെ രൂപത്തില്‍ ആവിഷ്‌കരിക്കുമ്പോള്‍, ശാന്തിയും സമാധാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ അവസ്ഥയാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്. ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്റെ കൊലപാതകത്തിനുശേഷം നിര്‍മ്മിച്ച ചിത്രം അതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ക്കു വിധേയമായിരുന്നു. ക്രൂരതയും നിരാശയും നിറഞ്ഞ 'നീളമുള്ളവരുടെ ലോക'ത്തില്‍ മടുപ്പ് പ്രകടിപ്പിക്കുന്ന 'കുള്ള'ന്മാര്‍, ശാന്തതയും സമാധാനവും തേടി മലകളും താഴ്വാരങ്ങളും നദികളും കടന്നു ചെല്ലുന്നു. രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ നടക്കുന്ന ഗുസ്തിമത്സരവും അവര്‍ക്കിടയില്‍ കടന്നുവരുന്ന സ്ത്രീയും ചിത്രത്തില്‍ ശക്തമായൊരു അലിഗറി സൃഷ്ടിക്കുന്നു. ആ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ട  ചിത്രം അവിടെ ആ വര്‍ഷത്തെ 'സ്പെഷ്യല്‍ ഡയറക്റ്റേഴ്സ് അവാര്‍ഡ്' നേടി. ടൊറോണ്ടോ, പുസാന്‍, ലോസ് ഏഞ്ചല്‍സിലെ ഏഷ്യ പസിഫിക് എന്നീ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഉത്തര, ബുദ്ധദേബ് ദാസ്ഗുപ്തയ്ക്ക് മികച്ച സംവിധാനത്തിനു ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച രചനയായി തിരഞ്ഞെടുക്കപ്പെടാറുള്ള  ചിത്രമാണ് 'ഉത്തര.' 

രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ബുദ്ധദേബ് സംവിധാനം ചെയ്ത 'മോണ്ടോ മെയര്‍ ഉപാഖ്യാന്‍' (Mondo Meyer Upakhyan) ഒരു സ്ത്രീകേന്ദ്രീകൃത ചിത്രമെന്ന നിലയില്‍ വളരെ ശ്രദ്ധേയമാകുന്നു. മിക്ക ലോകചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം, 2003-ല്‍ മികച്ച ചിത്രമായി ദേശീയപുരസ്‌കാരം നേടി. ശരീരംവിറ്റ് ജീവിക്കുന്നവരുടെ കഥ പറയുന്ന ചിത്രം അത്തരമൊരു സ്ത്രീയുടെ മകള്‍ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളും അതിജീവന ശ്രമങ്ങളും ആവിഷ്‌കരിക്കുന്നു. സമൂഹത്തിലെ അരികുജീവിതങ്ങളുടെ അതിജീവനക്കാഴ്ചകള്‍ സര്‍റിയലിസ്റ്റ് രീതിയിലാണ്ഭ ചിത്രം പറയുന്നത്. 2006-ല്‍ മികച്ച ചിത്രമായി ദേശീയ പുരസ്‌കാരം കരസ്ഥമാക്കുകയും ടൊറോണ്ടോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ബുദ്ധദേബ് ചിത്രം 'കാല്‍പുരുഷ്' (2005), ഒരു മകന്റേയും അച്ഛന്റേയും ജീവിതങ്ങളാണ് കേന്ദ്രീകരിക്കുന്നത്. ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന മകന്‍, തന്റേയും അച്ഛന്റേയും ജീവിതക്കാഴ്ചകളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു. രേഖീയമായ സമയക്രമം തെറ്റിച്ചുകൊണ്ട് നിര്‍മ്മിച്ച ബുദ്ധദേബ് ചിത്രമെന്ന നിലയില്‍ 'കാല്‍പുരുഷ്' ശ്രദ്ധേയമാകുന്നു. 

മോണ്ടോ മെയര്‍ ഉപാഖ്യാര്‍ (2002)
മോണ്ടോ മെയര്‍ ഉപാഖ്യാര്‍ (2002)

ബുദ്ധദേബ് ദാസ്ഗുപ്തയുടെ അവസാനകാല ചിത്രങ്ങളില്‍ 2016-ലെ ടൊപെ (Tope) ശ്രദ്ധേയമാണ്. 2016-ല്‍ ടൊറാണ്ടോ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനം നടത്തിയ ചിത്രം, മാജിക്കല്‍ റിയലിസത്തിന്റെ സഹായത്തോടെ  മൂന്ന് വ്യത്യസ്ത കഥകള്‍ പറയുന്നു. നാട്ടുരാജ്യം ഭരിക്കുന്ന രാജാവ്, അയാളുടെ ഭാര്യ എന്നിവരുടെ കഥയും ഒരു പോസ്റ്റ്മാന്റെ ജീവിതവും മുന്നിയെന്ന സര്‍ക്കസ്സുകാരിയുടെ ജീവിതവുമായി ഈ ചിത്രത്തില്‍ കൂടിച്ചേരുകയാണ്. മെറ്റഫറുകളുടെ സൂക്ഷ്മവും കൃത്യവുമായ പ്രയോഗങ്ങളിലൂടെ ചിത്രം ശക്തമായ ഒരു ആവിഷ്‌കാരമാവുകയാണ്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചിരിക്കുന്ന ഗ്രാമഫോണിന്റെ കാഴ്ച മുതല്‍ ആരംഭിക്കുന്ന ചിത്രത്തിലെ ദൃശ്യഭംഗി അതിന്റെ അവസാന ദൃശ്യം വരെ തുടരുന്നു. 
ബുദ്ധദേബ് ദാസ്ഗുപ്ത തന്റെ ഫീച്ചര്‍ ഫിലിമുകള്‍ അവസാനിപ്പിക്കുന്നത് 2018-ല്‍ സംവിധാനം ചെയ്ത ഉറോജഹജോ(Urojahaj)ടെയാണ്. തന്റെ സ്വപ്നങ്ങളില്‍ ജീവിക്കുകയും അവയുടെ സാക്ഷാല്‍ക്കാരത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന ഒരു അസാധാരണ കഥാപാത്രത്തെയാണ് ബുദ്ധദേബ് ഈ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. കാര്‍ മെക്കാനിക്കായ ബഞ്ചു ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതലായി സമയം ചെലവഴിക്കുന്നത് സ്വപ്നം കാണാനാണ്. അയാളുടെ പുതിയ സ്വപ്നം പറക്കുകയെന്നതാണ്. മകനോടും ഭാര്യയോടും അതു പങ്കുവെച്ച്, അതിന്റെ സാക്ഷാല്‍ക്കാരത്തിനായി അയാള്‍ ഇറങ്ങിപ്പുറപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് തകര്‍ന്നുവീണ ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആകസ്മികമായാണ് അയാള്‍ കാണുന്നത്. അതിന്റെ കേടുപാടുകള്‍ തീര്‍ത്ത് പറപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. സ്ഥലത്തുള്ള പ്രേതങ്ങള്‍ തങ്ങളുടെ ജീവിതങ്ങള്‍ ബഞ്ചുവുമായി പങ്കുവെയ്ക്കുന്നു. വിമാനത്തിന്റെ ചില ഭാഗങ്ങള്‍ റിപ്പയര്‍ ചെയ്യാനായി ബഞ്ചു കല്‍ക്കട്ടയിലെത്തുന്നതോടെ കഥ മാറുകയാണ്. കുറ്റം ചെയ്ത ഒരാളെപ്പോലെ അധികാരികള്‍ അയാളെ പിന്തുടരുന്നു. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും സ്വപ്നങ്ങള്‍ കാണുകയും അവ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യാമെന്നു പറയുന്ന ചിത്രം റൊമാന്റിക്കും റിയലിസ്റ്റിക്കുമായ രണ്ട് ഭാഗങ്ങളിലായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തേത് കോമഡിയായും മറ്റേതൊരു വൈകാരിക കാഴ്ചയുമായി ബുദ്ധദേബ് മാറ്റുന്നു. മരിച്ചവര്‍ ബഞ്ചുവുമായി സംസാരിക്കുന്നതുപോലെയുള്ള സര്‍റിയലിസ്റ്റിക്ക് അനുഭവങ്ങള്‍ ചിത്രത്തില്‍ നാം അഭിമുഖീകരിക്കുന്നുണ്ട്. 

തഹദേര്‍ കഥ (1992)
തഹദേര്‍ കഥ (1992)

ബുദ്ധദേബിന്റെ ചിത്രങ്ങളിലെ പ്രമേയങ്ങളുടെ വൈവിദ്ധ്യം ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ്. ബംഗാളിലെ വിദൂരഗ്രാമങ്ങളിലെ കടുവാ കളിക്കാരില്‍നിന്നും പക്ഷിപിടുത്തക്കാരില്‍നിന്നും കല്‍ക്കത്ത നഗരത്തിലെ കോളേജ് അദ്ധ്യാപകരിലേക്കും സ്വപ്നങ്ങളുടെ പുറകെ ഓടുന്ന കാര്‍മെക്കാനിക്കില്‍നിന്ന് സ്വാതന്ത്ര്യസമരകാലത്തെ പീഡന ജീവിതങ്ങളിളേക്കും ഈ പ്രമേയങ്ങള്‍ സഞ്ചരിക്കുന്നു. ശരീരംപോലെ മനസ്സും വില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന അമ്മയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മകളിലേക്കും രാജാവിന്റെ സുന്ദരിയായ ഭാര്യയിലേക്കും മാറിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങള്‍. അവരുടെ കാഴ്ചകളുടെ സമൂര്‍ത്തമായ സാക്ഷാല്‍ക്കാരങ്ങള്‍ക്ക് ചലച്ചിത്രകലയുടെ വ്യത്യസ്തങ്ങളായ വഴികളിലൂടെ അദ്ദേഹം കടന്നുപോകുന്നു. യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഫാന്റസിയിലേക്കും റിയലിസത്തില്‍നിന്ന് സര്‍റിയലിസത്തിലേക്കും തന്റെ രചനകളില്‍ അദ്ദേഹം യാത്ര ചെയ്യുന്നു. ബുദ്ധദേബ് നേടിയ അനവധി ലോക-ദേശീയ പുരസ്‌കാരങ്ങള്‍, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷകലക്ഷങ്ങള്‍-ഇവ/ഇവര്‍ ഈ സാക്ഷാല്‍ക്കാരത്തിന്റെ വിജയം സൂചിപ്പിക്കുന്നു.

ഫീച്ചര്‍ ഫിലിമുകള്‍ക്കു പുറമെ ചില ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ബുദ്ധദേബ് സംവിധാനം ചെയ്തിട്ടുണ്ട്. അവയില്‍ രവീന്ദ്രനാഥ് ടാഗോറിന്റെ 13 കവിതകള്‍ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകള്‍ ഉള്‍പ്പെടുന്നു. ടാഗോറിന്റെ മാനവികതയില്‍ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച ഇവ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൂര്‍ണ്ണ ചിത്രങ്ങളാണ്. പ്രസിദ്ധ ചിത്രകാരന്‍ ഗണേഷ് പൈനേ(Ganesh Pyne)ക്കുറിച്ചുള്ള A painter of Eloquent Silence, ഇന്ത്യന്‍ ശില്‍പ്പകലയെക്കുറിച്ചുള്ള Contemporary of Indian Sculpture എന്നീ  ഡോക്യുമെന്ററികള്‍ അദ്ദേഹത്തിനു ചിത്ര-ശില്പകലയുമായുള്ള ബന്ധം വ്യക്തമാക്കുന്നു.

ഒരു കവിയെന്ന നിലയില്‍ പ്രശസ്തനായ ബുദ്ധദേബ് നിരവധി കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. അനവധി പുരസ്‌കാരങ്ങള്‍ നേടിയ അവയില്‍ Govir Araley, Coffin Kimba Suitcase, Himjog, Chhaata Kahini, Roboter Gaan, Sreshtha Kabita എന്നിവ ഉള്‍പ്പെടുന്നു. 

പ്രമേയത്തിലും ആവിഷ്‌കാര രീതിയിലും പുതിയ പരീക്ഷണങ്ങള്‍ നടത്തിയ ബുദ്ധദേബ് ദാസ്ഗുപ്തയ്ക്ക് സിനിമയുടെ ഭാവിരൂപത്തെക്കുറിച്ച് കൃത്യമായ ധാരണയും അഭിപ്രായവുമുണ്ടായിരുന്നു. തന്റെ അവസാന അഭിമുഖ(Times of India)ത്തില്‍, അദ്ദേഹം ഇങ്ങനെ സൂചിപ്പിക്കുന്നു: ''ചില യുവ ചലച്ചിത്രകാരന്മാര്‍/ചലച്ചിത്രകാരികള്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരി ക്കുകയാണ്. അവര്‍ സെന്‍സര്‍ബോര്‍ഡിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. ഡിജിറ്റല്‍ ലോകത്തേക്കുവേണ്ടിയാണ് അവര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒരു ക്യാമറയും മൂന്നോ നാലോ സുഹൃത്തുക്കളുമായി അവര്‍ 'ലോ ബഡ്ജറ്റ്' ചിത്രങ്ങളുണ്ടാക്കുന്നു, അവ പ്രേക്ഷകരെ കാണിക്കുന്നു. സിനിമയ്ക്ക് പുതിയൊരു ഭാഷ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നു; എനിക്കതില്‍ നല്ല പ്രതീക്ഷയുണ്ട്. സാങ്കേതികവിദ്യയുടെ വികാസത്തോടെ, ചലച്ചിത്രകാരുടേയും പ്രേക്ഷകരുടേയും പഴയ രീതികള്‍ മാറിക്കഴിഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ സിനിമയുടെ വികാസത്തിന്റെ സൂചന തന്നെയാണ് നമുക്ക് നല്‍കുന്നത്. സിനിമയുടെ ഭാഷ മാറിക്കഴിഞ്ഞു; അതിന്റെ സൗന്ദര്യശാസ്ത്രം മാറിക്കഴിഞ്ഞു. എന്നാല്‍, അതിന്റെ സമയവും സ്പെയ്സും മാറിയിട്ടില്ല. നിങ്ങള്‍ക്ക് നൂറു മണിക്കൂര്‍ സംഭവങ്ങള്‍ പത്തു മിനുട്ടിലും പത്ത് മിനിട്ടില്‍ നടക്കുന്നവ നൂറു മണിക്കൂറിലുമായി കാണിക്കാം.''  

ഉത്തര (2000)
ഉത്തര (2000)

ബുദ്ധദേബിന്റെ ഈ അവസാന വാക്കുകള്‍ പുതിയൊരു സിനിമാരൂപത്തെ മുന്‍പില്‍ കണ്ടുകൊണ്ടായിരുന്നു. മാറുന്ന ലോകത്തില്‍, മാറുന്ന സാഹചര്യത്തില്‍ ഈ വാക്കുകള്‍ സാര്‍ത്ഥകമായി വരുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ കൊവിഡ് കാലത്ത് സിനിമ അതിന്റെ നിര്‍മ്മാണ-പ്രദര്‍ശന രീതികള്‍ നവീകരിച്ചുകൊണ്ടിരിക്കുന്നു എന്നത് അതിന്റെ കൃത്യമായ തെളിവ് തന്നെയാണ്. യാഥാര്‍ത്ഥ്യങ്ങളുടേതായ ലോകത്തു നിലനിന്നുകൊണ്ട്, ഫാന്റസിയുടേയും സര്‍റിയലിസത്തിന്റേയും ലോകങ്ങളിലൂടെ സഞ്ചരിച്ച്, ഒടുവില്‍ തന്റെ ചിത്രങ്ങളും ഓര്‍മ്മകളും പ്രേക്ഷകര്‍ക്കായി ബാക്കിവെച്ചുകൊണ്ട് കടന്നുപോയ ബുദ്ധദേബ് ദാസ്ഗുപ്തയ്ക്ക് ആദരാഞ്ജലികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com