'പോരാ, ദാരസുഖം'- നളചരിതം ആട്ടക്കഥയുടെ വേറിട്ട വായന

സാമാന്യമായ അധര്‍മ്മം എന്നതിനിപ്പുറം പരസ്ത്രീയുടെ പുരുഷനോട് അന്യപുരുഷന്മാര്‍ക്കു തോന്നാവുന്ന അസൂയയുടെ മൂര്‍ത്തിയാണ് ആട്ടക്കഥയിലെ കലി. അവന്റെ വാക്കുകളും പ്രവൃത്തികളും ഇതിനു പ്രമാണമായിരിക്കുന്നു
നളചരിതം കഥകളിയിലെ കലി/ വേഷം: കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ/ ഫോട്ടോ: ആർ ശ്രീറാം
നളചരിതം കഥകളിയിലെ കലി/ വേഷം: കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ/ ഫോട്ടോ: ആർ ശ്രീറാം

ണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥയില്‍ കലി എന്നൊരു കഥാപാത്രമുണ്ട്. നളമഹാരാജാവിനെതിരെ ചൂതുകളിക്കാന്‍ നളന്റെ സഹോദരനായ പുഷ്‌കരനെ പ്രേരിപ്പിച്ച്, നളനെ തോല്പിച്ച് എല്ലാം നഷ്ടപ്പെടുത്തി കാട്ടിലേക്ക് അയക്കുന്ന കലി. കാളയുടെ രൂപമെടുത്ത് കലി പുഷ്‌കരന്റെ കൂടെ വന്നിരിക്കുന്നു. നളനുമായി ചൂതു കളിക്കുമ്പോള്‍ പുഷ്‌കരന്‍ ഈ കാളയെ പണയം വെച്ചു. ചൂതുകളിയിലെ മുഖ്യമായ കരുവിനും വൃഷം, കാള എന്നു പേരു്. പുഷ്‌കരനെ കളിയില്‍ തോല്പിച്ചാലും നളന് ഈ കാളയെ മാത്രമേ കിട്ടൂ. 'വൃഷത്തിനെത്തരുമാറല്ലയോ അപ/ജയത്തില്‍ നീയിഹ മേ?' എന്നു നളന്‍ പുഷ്‌കരനോടു ചോദിക്കുന്നു. ചൂതിന്റെ കരുക്കളില്‍ കയറിയിരുന്ന് കലിയുടെ കൂട്ടുകാരന്‍ ദ്വാപരന്‍ കരുവിന്റെ വീഴ്ച എപ്പോഴും പുഷ്‌കരന് അനുകൂലമാക്കും. അങ്ങനെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തുല്യമായി വരേണ്ട കളി നളനു നിര്‍ഭാഗ്യത്തിന്റെ മാത്രം കളിയായി. പുഷ്‌കരന്റെ കളിയില്‍ ചൂതും പണയവും ഒന്നുതന്നെ. അവസാനത്തെ രണ്ടു യുഗങ്ങളുടെദ്വാപരയുഗം, കലിയുഗംഅധിപന്മാര്‍ കൂടിയാണ് അധര്‍മ്മത്തിന്റെ ഈ ദേവന്മാര്‍. സാമാന്യമായ അധര്‍മ്മം എന്നതിനിപ്പുറം പരസ്ത്രീയുടെ പുരുഷനോട് അന്യപുരുഷന്മാര്‍ക്കു തോന്നാവുന്ന അസൂയയുടെ മൂര്‍ത്തിയാണ് ആട്ടക്കഥയിലെ കലി. അവന്റെ വാക്കുകളും പ്രവൃത്തികളും ഇതിനു പ്രമാണമായിരിക്കുന്നു. കലിക്ക് നളനോടു വിദ്വേഷം തോന്നാന്‍ കാരണം ദമയന്തിയും അവളുടെ സൗന്ദര്യവുമാണ്. ദമയന്തിയുടെ സ്വയംവരത്തില്‍ പങ്കെടുക്കാന്‍ വലിയ ഒരു ആള്‍ക്കൂട്ടം എത്തിയിരുന്നു. പുരുഷനാണോ, എങ്കില്‍ ഭൈമീകാമുകനുമായിരിക്കും എന്നായിരുന്നു അവസ്ഥ. നളന്റെ ജീവിതത്തിലൂടെ കടന്നുപോയി കലിയുടെ ബാധയില്‍നിന്നു രക്ഷപ്പെടാനാണ് നളചരിതം കേള്‍ക്കുന്നതെങ്കിലും കലിയുടെ അരിശത്തിലൂടെ സഞ്ചരിച്ച് ദുര്‍വികാരങ്ങളുടെ വിരേചനം സാധിക്കാനും ഇതേ കഥ മതിയാവും.

ദമയന്തീസ്വയംവരത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ദേവയക്ഷകിന്നരചാരണ ഗന്ധര്‍വ്വന്മാരും സര്‍പ്പങ്ങളും ദേവന്മാരും ദാനവരും രാക്ഷസന്മാരും പിന്നെ മനുഷ്യരായ രാജാക്കന്മാരും വന്നുചേര്‍ന്നു. മനുഷ്യരില്‍ പുഷ്‌കരം തുടങ്ങിയ ഏഴു ദ്വീപങ്ങളുടെ അധിപന്മാരും ജംബൂദ്വീപത്തിലെ അവന്തി, കലിംഗം, കാശി, അയോദ്ധ്യ (ഋതുപര്‍ണന്റെ രാജ്യം), ഗൗഡം, ലാടം, പാണ്ഡ്യം, ചോളം എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരും എത്തി. ഭൂമിയിലെ സ്ത്രീ അതിരൂപിണിയെന്നാലും സ്വര്‍ഗ്ഗവാസികള്‍ക്ക് അവളില്‍ രതി വന്നത് ദാനവര്‍ക്കു കൗതുകമായി. ദാനവര്‍ക്ക് മനുഷ്യകന്യകയില്‍ രതി വന്നത് മറ്റു ജാതികള്‍ക്കും കൗതുകമാകാം. ഇതിനു ദാനവര്‍ക്കു വിശദീകരണമുണ്ട്. തങ്ങള്‍ക്കു ഭാര്യാസുഖം കുറവാണ്. ഇക്കാര്യം ബ്രഹ്മാവിനെ അറിയിച്ചപ്പോള്‍ ബ്രഹ്മാവ് അവര്‍ക്കുവേണ്ടി കാമദേവനെ സ്ത്രീരൂപത്തില്‍ സൃഷ്ടിച്ചു. അതാണ് ദമയന്തി. 'ദാരസുഖം പോരായെന്നു ഞങ്ങള്‍ ലോകസാമ്രാജ്യ/സാരത്തിലുണര്‍ത്തി' എന്നു ആട്ടക്കഥയില്‍ ദാനവരുടെ വാക്കുകള്‍. 'ലോകസാമ്രാജ്യസാരം' എന്ന വാക്കിനു ബ്രഹ്മാവ് എന്നോ ബ്രഹ്മസന്നിധിയെന്നോ നിഘണ്ടുവില്‍ അര്‍ത്ഥം കാണുന്നില്ല. തൊട്ടടുത്ത വരിയില്‍ കവി 'ധാതാവ്' എന്നു വെളിപ്പെടുത്തിയതുകൊണ്ട് വ്യാഖ്യാതാക്കള്‍ അതിന് 'ബ്രഹ്മാവ്' എന്ന് അര്‍ത്ഥം കൊടുത്തതാകാം. 'ലോകസാമ്രാജ്യസാര'ത്തില്‍ സംസ്‌കൃതത്തില്‍ പതിവില്ലാത്ത, കുഞ്ചന്‍ നമ്പ്യാരുടെ 'ലന്തപറങ്കിയും ഇങ്കിരിയേസ്സു'കളെ ഓര്‍മ്മിപ്പിക്കുന്ന 'കൊളോണിയല്‍' നിറം കലര്‍ന്നിരിക്കുന്നു. എല്ലായിടത്തും എല്ലാ കാലത്തും 'ദാരസുഖം പോരാ' എന്നു രഹസ്യമായി ദുഃഖിച്ചുകൊണ്ടിരിക്കുന്നവനാണ് പുരുഷന്‍ ദാനവനായാലും രാക്ഷസനായാലും മനുഷ്യനായാലും സംസ്‌കാരസമ്പന്നര്‍ ദാനവരെപ്പോലെ രഹസ്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നു. രാക്ഷസര്‍ക്കു മറ്റൊരഭിപ്രായമാണു്. അവര്‍ വിചാരിച്ചു, ലക്ഷ്മീദേവിയുടെ അവതാരമാണ് ദമയന്തി എന്നു്. എപ്പോഴും ഉറക്കത്തില്‍യോഗനിദ്രയായാലും അരികെ ഉണര്‍ന്നിരിക്കുന്നവര്‍ക്ക് അത് ഉറക്കം തന്നെമുഴുകിയിരിക്കുന്ന നിര്‍വ്വികാരനായ വിഷ്ണുവില്‍ വിരസത തോന്നി ലക്ഷ്മീദേവി മരണം വരിച്ച് ദമയന്തിയെന്ന മനുഷ്യസ്ത്രീയായി ജനിച്ചുവെന്നും അവര്‍ അനുമാനിച്ചു. കാരണം ഗുണജ്ഞയായ ലക്ഷ്മീദേവിക്കു നിര്‍വ്വികാരനില്‍ ഇണക്കമുണ്ടാവുകയില്ല. അത്രയും ദൈവദൂഷണം കവി രാക്ഷസര്‍ക്ക് അനുവദിക്കുന്നു.

കഥയിലെ ദമയന്തിയും കളിയിലെ ദമയന്തിയും

മനുഷ്യരും മനുഷ്യരൂപികളും ഏകദേശ മനുഷ്യരൂപികളും അര്‍ദ്ധ മനുഷ്യരൂപികളും എന്നുവേണ്ട സര്‍പ്പങ്ങളും ദമയന്തിയെ കൊതിച്ചു സ്വയംവരത്തിന് എത്തിയിരുന്നു. ഭൂമിയില്‍നിന്നു മാത്രമല്ല, അന്യലോകങ്ങളില്‍നിന്നും കാമുകര്‍ വന്നിരിക്കുന്നു. ജീവജാതികള്‍ക്കും അപരലോകങ്ങള്‍ക്കും അപ്പുറത്തേക്കു പ്രസരിക്കുന്ന ഈ രതി എന്തൊന്നാണു്? ആട്ടക്കഥയില്‍ സരസ്വതി പറഞ്ഞതുപോലെ കാമദേവനു ലോകഭേദവും ദ്വീപഭേദവുമില്ല. കാമദേവന്റെ പ്രഭാവംകൊണ്ടാണ് സര്‍വ്വര്‍ക്കും ദമയന്തിയില്‍ കാമം ജനിച്ചതെന്നു പറയാമെങ്കിലും അവളുടെ സൗന്ദര്യാതിശയമാണ് ആകര്‍ഷണത്തിന്റെ യഥാര്‍ത്ഥ കാരണം. മൂന്നു ലോകങ്ങളിലും എഴു ദ്വീപങ്ങളിലും വെച്ച് ഏറ്റവും സുന്ദരി ദമയന്തിയാണ്. മൂന്നു ലോകങ്ങളിലും ഉള്ളവര്‍ ദമയന്തിയെ കൊതിക്കുന്നു എന്നതിന് ദമയന്തിയുടെ ലാവണ്യം അത്രയും അപ്രതിരോദ്ധ്യമാണ് എന്നര്‍ത്ഥം. ദമയന്തിയുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന ഒരു അതിശയോക്ത്യലങ്കാരമാണ് സര്‍വ്വലോകങ്ങളിലേയും വരന്മാര്‍ അവളെ പത്‌നിയായി കിട്ടാന്‍ ആഗ്രഹിച്ചു എന്നത്. കഥയിലെ ദമയന്തി എത്ര സുന്ദരിയായാലും കളിയിലെ ദമയന്തിയുടെ മുഴുക്ഷൗരം ചെയ്ത വൃദ്ധമുഖം ഒട്ടും ശോഭിക്കാറില്ല. 

തന്റെ സ്വയംവരത്തിനും കുറേ മുന്‍പേ ആരെ വരിക്കണം എന്ന് ദമയന്തി തീരുമാനിച്ചു കഴിഞ്ഞിരുന്നു. തന്റെ മകള്‍ക്ക് നളനില്‍ അനുരാഗം ജനിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയതില്‍ പിന്നെയാണ് ആട്ടക്കഥയിലെ ഭീമരാജന്‍ സ്വയംവരത്തിനു ഒരുക്കം തുടങ്ങുന്നത്. മകളുടെ താല്പര്യം മനസ്സിലാക്കിയ സ്ഥിതിക്ക് പിന്നെ സ്വയംവരം വേണ്ടിയിരുന്നില്ല. അതിനാല്‍ സ്വയംവരത്തിന്റെ ചടങ്ങുകള്‍ വിരസമായ ബാദ്ധ്യതയായി ദമയന്തിക്കെന്നപോലെ വായനക്കാര്‍ക്കും തോന്നാം. വന്നിരിക്കുന്ന രാജാക്കന്മാരെയെല്ലാം സരസ്വതി വിവരിക്കുന്നതും അവരുടെ മുഖത്തേക്കു ദമയന്തി നോക്കുന്നതും നിരാശയോടെ നോട്ടം പിന്‍വലിച്ച് അടുത്ത ആളിന്റെ അടുത്തേക്കു നടക്കുന്നതും വെറുതെയാണ്. ആ നിരാശപോലും വെറുതെയാണു്. തന്റെ ആള്‍ അതല്ല, അതല്ല എന്ന് അവള്‍ക്ക് അറിയാം. നളനെ പരിണയിക്കുന്നതിനു മാത്രമായി താന്‍ ഇത്രയും ആളുകളെ വെറുതെ വിളിച്ചുവരുത്തിയിരിക്കുകയാണ് എന്ന് മഹാഭാരതത്തിലെ ദമയന്തി ദേവന്മാരുടെ പ്രണയദൂതുമായി എത്തിയ നളനോടു പറയുന്നു. ചിലപ്പോള്‍ ലോകരാജാക്കന്മാരുടെ അഭിനിവേശത്തിനോ ദമയന്തിയുടെ താല്പര്യത്തിനോ സ്വയംവര തീരുമാനത്തില്‍ പങ്കൊന്നും കാണില്ല. വിവാഹപ്രായമെത്തിയ മകളുള്ള ഒരു മഹാരാജാവിന്റെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ വിദേശനയമായി സ്വയംവരത്തെ കണ്ടാലും മതി.

സ്വയംവരത്തിനായി കുണ്ഡിനത്തില്‍ എത്തിച്ചേര്‍ന്ന് അവിടെ തങ്ങുന്ന വരണാര്‍ത്ഥികള്‍ വലിയൊരു പുരുഷാരംസഹായികളായി കൂടെ വന്നിരിക്കാവുന്നവരെ ഒഴിവാക്കിയാല്‍, പുരുഷന്മാര്‍ മാത്രമടങ്ങുന്ന ആള്‍ക്കൂട്ടം ആണു്. വരണാര്‍ത്ഥികളുടെ ഈ ആള്‍ക്കൂട്ടത്തില്‍ ശാന്തശീലര്‍ക്കോ സമാധാനപ്രിയര്‍ക്കോ സ്ഥാനമില്ല. മര്യാദയുടേയും ഉപചാരത്തിന്റേയും വിനയത്തിന്റേയും മുഖംമൂടികള്‍ ചിലര്‍ അണിഞ്ഞിരിക്കാം എങ്കിലും അതിനെല്ലാം പിറകില്‍ എങ്ങനേയും ദമയന്തിയെ സ്വന്തമാക്കാനുള്ള ആഗ്രഹം തിളച്ചുമറിയുന്നു. വരണാര്‍ത്ഥികളിലെ ദാനവരെ നോക്കുക. കുണ്ഡിനം സ്വയംവരത്തിന് ഒരുങ്ങുമ്പോഴും ചൂതും ചതുരംഗവും കളിച്ച് അലസരായി ഇരിപ്പായിരുന്നു അവര്‍. രാക്ഷസരുടെ കോലാഹലവും ആഹ്വാനവും കേട്ടാണ് അവരും കുണ്ഡിനത്തിലേക്കു തിരിച്ചത്. സ്വയംവരത്തിന്റെ ആചാരങ്ങളൊന്നും നോക്കേണ്ട, നമ്മുടെ പതിവുരീതിയില്‍ മനുഷ്യരായ രാജാക്കളെ വധിക്കുകയും ദേവന്മാരെ ചതിക്കുകയും സര്‍പ്പങ്ങളെ ഞെരിക്കുകയും ചെയ്ത് അവളെ തട്ടിക്കൊണ്ടു പോകേണം. ശക്തരായ നമ്മള്‍ ദമയന്തിയേയും കൊണ്ടുപോകുന്നതു കണ്ട് അശക്തരായ ഭൈമീമോഹികള്‍ കൊതിക്കട്ടെ! സ്വയംവരം കഴിയുന്നതിനു മുന്‍പെ ആ ദമയന്തി തങ്ങളുടെതായിക്കഴിഞ്ഞു എന്നു ഘോഷിച്ചുകൊണ്ട് ഭൂമികുലുക്കി നടക്കുകയാണ് രാക്ഷസരും ദാനവരും. ബ്രഹ്മാവു തങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചതാണ് ദമയന്തിയെ. അവള്‍ക്കുവേണ്ടി കാത്തിരിക്കേണ്ട, 'അതാ ആകാശം പരന്നു കിടക്കുന്നു, ഭൂതലം തുറന്നു കിടക്കുന്നു എവിടെയെങ്കിലും പോയി പാര്‍പ്പിന്‍, അതാണു നിങ്ങള്‍ക്കു നല്ലത്' എന്നിങ്ങനെ ആട്ടക്കഥയിലെ ദാനവന്മാര്‍ വിരോധികളെ വിരട്ടുന്നു. ഇവള്‍ എന്റെ ഭാര്യയാണ്, ഇവള്‍ എന്റെ മഹിഷിയാണ്, ഇവള്‍ എന്റെ പ്രിയയാണ് എന്നിങ്ങനെ ഘോഷിക്കുന്ന ഭൈമീകാമുകന്മാരെക്കൊണ്ട് കുണ്ഡിനം നിറഞ്ഞു. രാജാവായ ഭീമന്‍പോലും പേടിച്ചുപോയി. 

രാജാക്കളെ വധിക്കുകയും ദേവന്മാരെ ചതിക്കുകയും സര്‍പ്പങ്ങളെ ഞെരിക്കുകയും ചെയ്തുകൊണ്ട് കാമിനിയെ സ്വന്തമാക്കാന്‍ ആഗ്രഹം അധര്‍മ്മികളായ രാക്ഷസദാനവന്മാര്‍ക്കു മാത്രമല്ല, ഏറിയോ കുറഞ്ഞോ സര്‍വ്വ പുരുഷന്മാരും ഈ ആഗ്രഹം ഗൂഢമായി വെച്ചുപുലര്‍ത്തുന്നു. ആട്ടക്കഥയില്‍ ദമയന്തിയുടെ സ്വയംവരം കഴിഞ്ഞിട്ടും ചൂതില്‍ ജയിച്ച പുഷ്‌കരന്‍ 'ഭൂമിയെന്ന പോലെ മല്ലാക്ഷിയായ ഭൈമിയും എന്നില്‍ ചേരും; അവളെ കൊണ്ടുപോകാന്‍ ഒക്കില്ലാ' എന്നു പറയുന്നേടത്ത് തന്റെ അഭിലാഷം പ്രകടിപ്പിക്കുന്നതായി തോന്നാം. എന്നാല്‍, നളന്‍ ഭൈമിയുമായി പുറത്തേക്കു പോകുന്നത് പുഷ്‌കരന്‍ തടയുന്നില്ല. പെരുമ്പാമ്പ് പിടികൂടിയ ദമയന്തിയെ കാണാനിടയാവുന്ന കാട്ടാളനും അവളെ സ്വന്തമാക്കണമെന്നു തോന്നുന്നു. ദമയന്തിക്ക് രണ്ടാം വിവാഹം നിശ്ചയിച്ചിരിക്കുന്നു എന്നുകേട്ട് ഒരിക്കല്‍ക്കൂടി പരീക്ഷണത്തിനു ഒരുങ്ങുന്ന ഋതുപര്‍ണനും അവളോട് ആദ്യം തോന്നിയ അഭിലാഷത്തെ നിശ്ശേഷം ഉപേക്ഷിച്ചിട്ടില്ല. ഒരുവളോടു അനുരാഗം തോന്നിയാല്‍ അവളെ പ്രീണിപ്പിച്ചു വശത്താക്കി പരിണയിക്കുകയാണ് പതിവു്. അതിനു കഴിഞ്ഞില്ലെങ്കില്‍ മര്യാദ അല്പം കുറഞ്ഞ വേറെ വഴികള്‍ നോക്കാം. തങ്ങളുടെ പ്രണയാഭ്യര്‍ത്ഥനയുമായി ദമയന്തിയുടെ അടുത്തു പോകണമെന്ന് ദേവന്മാര്‍ നളനോടു അവശ്യപ്പെടുന്ന സന്ദര്‍ഭം നോക്കുക. ദേവന്മാരോടു ദമയന്തിക്കു പ്രണയമില്ല എന്നു ബോധിപ്പിച്ച ശേഷം നളന്‍ മറ്റാരെയെങ്കിലും നിയോഗിച്ച് അവളെ പെട്ടെന്നു അപഹരിക്കാന്‍ ആവശ്യപ്പെടുന്നു. തുടക്കത്തില്‍ തോന്നിയേക്കാവുന്ന വൈമുഖ്യം വേഗം മാറുമെന്നും ബന്ദിയെ നിങ്ങള്‍ക്കു ലാളന കൊണ്ടു വശീകരിക്കാമെന്നും നളന്‍ ഉണര്‍ത്തിക്കുന്നു. ദമയന്തിയെ തട്ടിക്കൊണ്ടു പോകാന്‍ നളന്‍ തന്നെ ദേവന്മാരെ ഉപദേശിക്കുന്നത്, നളന്റെ ശുദ്ധഗതിയുടെ അടയാളമെന്ന നിലയില്‍ കൗതുകജനകമാണ്. 

നളന്റെ തെറ്റ്

നളന്‍ കലിബാധിച്ച് എല്ലാം നഷ്ടപ്പെട്ട് മൂന്നു കൊല്ലക്കാലം അലഞ്ഞുതിരിയാന്‍ കാരണം നളന്റെ ഏതു തെറ്റായിരുന്നു? മഹാഭാരതത്തില്‍ പറയുന്നത് സന്ധ്യാവന്ദനത്തിനായി കാല്‍കഴുകുമ്പോള്‍ മടമ്പു മുഴുവന്‍ നനയാത്തതുകൊണ്ട് ആ വീഴ്ചയിലൂടെ കലി നളന്റെ ശരീരത്തില്‍ പ്രവേശിച്ചു എന്നാണ്. ശ്രീഹര്‍ഷന്റെ നൈഷധകാവ്യത്തില്‍ കഥ മുഴുവനായും പറയുന്നില്ല. എങ്കിലും ആ കാവ്യത്തില്‍ രാജാവെന്ന നിലയില്‍ നളന്റെ മുന്നിലെ കടമകളും വിവാഹാനന്തരം നളന്‍ അനുഭവിച്ച ഭോഗങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടായിരുന്നു എന്നു നിരൂപകര്‍ പറയുന്നു. ഇതിന്റെ ചുവടു പിടിച്ചെന്നോണം വിവാഹാനന്തരം നളന്‍ ഭോഗത്തില്‍ മുഴുകി രാജ്യകാര്യങ്ങള്‍ മറന്നതിന്റെ ശിക്ഷയായിട്ടാണ് കലി ബാധിച്ചത് എന്നു ചിലര്‍ വ്യാഖ്യാനിക്കുന്നു. നളന്റെ ഭോഗം സ്വന്തം ഭാര്യയുമായുള്ള ഭോഗമാണു്. മറ്റു സ്ത്രീകളുടെ സാന്നിദ്ധ്യത്തില്‍ ഷണ്ഡനെപ്പോലെയാണ് നളന്‍. 'ക്ലീബന്‍' എന്ന് ആട്ടക്കഥയിലും 'ക്ലീബനെപ്പോലെ' എന്ന് മഹാഭാരതത്തിലും ദമയന്തി നളനെ വിശേഷിപ്പിക്കുന്നു. 'ക്ലീബവത്' എന്ന മഹാഭാരതപ്രയോഗത്തിനു 'പരസ്ത്രീഷണ്ഡന്‍' എന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിവര്‍ത്തനം. പരസ്ത്രീകളുടെ സമീപത്തില്‍ ഷണ്ഡനെപ്പോലെ പെരുമാറുന്നവനാണ് പരസ്ത്രീഷണ്ഡന്‍. ദൃഢവ്രതത്തില്‍ ഇത്രയും വലിയ ഒരു പ്രശംസ നളനല്ലാതെ വേറൊരാള്‍ക്കും കിട്ടിയിട്ടില്ല, അതും സ്വന്തം പത്‌നിയില്‍നിന്നു്. അങ്ങനെ ഒരാളുടെ കാര്യത്തില്‍, തന്റെ ഭാര്യയുമായുള്ള രതിക്ക് എങ്ങനെ പരിധി നിശ്ചയിക്കും? അതല്ല, നളന്‍ മതിമറന്നു ഭോഗത്തില്‍ മുഴുകിയെങ്കില്‍പ്പോലും അതുകൊണ്ട് രാജ്യകാര്യങ്ങള്‍ക്ക് തടസ്സം വരാനില്ല. 'വിശ്രുതസചിവസമേതന്‍' ആണ് ആട്ടക്കഥയിലെ നളന്‍. രാജ്യകാര്യങ്ങള്‍ നോക്കാന്‍ നല്ല മന്ത്രിമാരുണ്ടെങ്കില്‍ എത്ര കാലം വേണമെങ്കിലും രാജാവിനു ഭരണകാര്യങ്ങളില്‍നിന്നു മാറിനില്‍ക്കാം; ഉദയനന്റെ കഥയില്‍ എന്നപോലെ. കഥ തുടങ്ങുമ്പോള്‍ ഭൈമീപ്രണയത്താല്‍ പ്രവൃത്തികള്‍ ചെയ്യാനുള്ള ശക്തി നഷ്ടപ്പെട്ട നളന്‍ രാജ്യഭാരം മന്ത്രിയെ ഏല്പിച്ചു പൂന്തോട്ടത്തില്‍ ഇരിക്കുകയാണല്ലോ. ആട്ടക്കഥ രണ്ടാം ദിവസം മൂന്നാം രംഗത്തിന്റെ തുടക്കത്തില്‍ 'ഉപവനത്തിലും സൗധങ്ങളിലും മറ്റുമായി നളന്‍ രതിലാലസനായി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍' എന്നു പറയുന്നതില്‍നിന്ന് നളന്‍ കാമക്രീഡയില്‍ മുഴുകി രാജ്യകാര്യങ്ങള്‍ ശ്രദ്ധിക്കാതായി എന്നു ചിലര്‍ അര്‍ത്ഥം പറയുന്നു. അതു ശരിയല്ല. ദമയന്തീസ്വയംവരത്തിനും സ്വയംവരം കഴിഞ്ഞ് ഇന്ദ്രനും ദേവകളും സ്വര്‍ഗ്ഗത്തിലേക്കു മടങ്ങുന്നതിനും ഇടയിലെ ചെറിയ കാലയളവില്‍ നളനു തോന്നിയ രതിലാലസയാണ് ഈ വരിയില്‍. അത് രാജ്യകാര്യങ്ങള്‍ വിസ്മരിക്കത്തക്കവിധം ബോധരഹിതമായിരുന്നു എന്നു വിചാരിച്ചുകൂടാ. 

ദമയന്തിയുടെ സൗന്ദര്യത്തേയും നളന്റെ സൗഭാഗ്യത്തേയും ഭാഗ്യത്തേയും ഇന്ദ്രന്‍ വിവരിക്കുന്നതു കേട്ടു കലിക്ക് സഹിക്കാനായില്ല. 

സൗന്ദര്യം ദമയന്ത്യാഃ
സൗഭാഗ്യം നൈഷധസ്യ ഭാഗ്യം ച
ശ്രുത്വാ സുരേന്ദ്രവാചാ
സദ്വാപരമസഹനഃ കലിഃ പ്രോചേ.

നളന്റെ സൗഭാഗ്യമെന്നും ഭാഗ്യമെന്നും കവി വേര്‍തിരിച്ചു പറയുന്നു. സൗഭാഗ്യം, വലിയ ഭാഗ്യം, നളനു ജന്മംകൊണ്ടും പഠനംകൊണ്ടും കൈവന്ന ഭാഗ്യമാകാം. രണ്ടാമത്തെ ഭാഗ്യം ദമയന്തിയെ പത്‌നിയായി ലഭിച്ചു എന്ന ഭാഗ്യവും. ഇനി സൗഭാഗ്യവും ഭാഗ്യവും ഒന്നാണെന്നു വരികില്‍, അക്ഷരക്കൂട്ടം ഒന്നായിട്ട് ആവര്‍ത്തിച്ചിരിക്കയാല്‍ അര്‍ത്ഥം ഭേദിച്ചു മനസ്സിലാക്കിക്കൊള്ളണം. എല്ലാം കേട്ട് സഹിക്കാനാവാതെ കലി ദ്വാപരനോടു പറയുന്നു, അവനെ വിടരുത്, ഒട്ടും പിഴക്കാതെ അവനെ നേരിടണം.

നളന്‍ ചെയ്ത തെറ്റെന്ത് എന്ന് കലി വ്യക്തമായി പറയും. ഇക്കാണുന്ന ജനങ്ങളും ദേവന്മാരും നോക്കിനില്‍ക്കെ മനസ്സുറപ്പോടെ ദമയന്തി ഒരു മനുഷ്യപ്പുഴുവിനെ വരിച്ചതാണ് ആട്ടക്കഥയിലെ കലി കാണുന്ന തെറ്റ്. ദിവ്യപുരുഷന്മാരായ ഞങ്ങള്‍ ഇവിടെ ഇങ്ങനെ നോക്കിനില്‍ക്കെ സുന്ദരി ഒരു മനുഷ്യപ്പുഴുവിനെ വരിച്ചു. എന്തൊരു ധിക്കാരം, എത്ര വലിയ കുറ്റം! ഇങ്ങനെ നോക്കിയാല്‍ പുരുഷന്റെ സാര്‍വ്വകാലികമായ അസൂയയുടെ മുന്നില്‍ നളന്‍ കൊടുംകുറ്റവാളിയാണ്. അനാദ്യന്തമായ പുരുഷാസൂയയുടെ മൂര്‍ത്തിയാണ് ആട്ടക്കഥയിലെ കലി. അവന്‍ ദേവന്മാരുടെ മുന്‍പാകെ ചെയ്യുന്ന ശപഥം കേള്‍ക്കുക: 

മനസ്സിലുറപ്പോടവള്‍ പരക്കും ജനം നടുവില്‍
മനുഷ്യപ്പുഴുവിനേയോ വരിച്ചുപോല്‍?
മിനക്കെട്ടങ്ങുമിങ്ങും നടക്ക മാത്രമിഹ
നിനയ്ക്കില്‍ നിങ്ങള്‍ക്കൊരു ലാഭമായ്.
എനിക്കിന്നതു കേട്ടിട്ടു ജ്വലിക്കുന്നുണ്ടു കോപം
പിണക്കിയകറ്റുവന്‍ ഞാനവനെയും
ധ്രുവമവളെയും രാജ്യമകലെയും

നളനേയും ദമയന്തിയേയും വേര്‍പിരിക്കുമെന്ന് കലി ശപഥം ചെയ്യുന്നു. ആഗ്രഹിച്ചവളെ കിട്ടിയില്ലെങ്കില്‍ അവളെ കെട്ടിയവന്റെ അടുത്തുനിന്നു കട്ടുകൊണ്ടു പോകുന്നതാണ് അസുരന്മാരുടെ രീതി. എന്നാല്‍ കലി അങ്ങനെ ചെയ്യുന്നില്ല. പകരം ദമ്പതികളെ വേര്‍പെടുത്തി പീഡിപ്പിക്കുന്നു. ദമയന്തിയെ തനിക്കു വേണം എന്ന് ആഗ്രഹിച്ച കലി സ്വയംവരത്തോടെ ആ ആഗ്രഹം ഉപേക്ഷിച്ചുവെന്നു തോന്നുന്നു. നളന്‍ രാജ്യം നഷ്ടപ്പെട്ടു കാട്ടില്‍ കഴിയുമ്പോള്‍ പക്ഷികളുടെ വേഷത്തില്‍ വന്ന് നളന്‍ ഉടുത്തിരുന്ന ഒറ്റവസ്ത്രം കൂടി തട്ടിയെടുത്ത ശേഷം കലി നളനോടു പറയുന്നു: 

വിരസത വരുത്തി നീ സുരപതിക്കുടനേ,
സ്മരപരവശനായി മരുവി തന്‍ സദനേ,
വരുവതതിനിതെന്നുമറിക നീ ഇതിനേ,
മരവുരി ധരിച്ചു നീ മരുവുക വിപിനേ.

നിനക്കു ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം നീ ഇന്ദ്രന് മനസ്താപമുണ്ടാക്കിയതാണ് എന്നാണ് കലിയുടെ നിലപാടു്. നീ സ്മരപരവശനായി സ്വഗൃഹത്തില്‍ വസിച്ചു എന്നും അവന്‍ കുറ്റപ്പെടുത്തുന്നു. ഇത് വിചിത്രമാണ്. പരസ്ത്രീയെ സ്വന്തം ഗൃഹത്തില്‍ കൊണ്ടുപോയി പാര്‍പ്പിച്ചിരുന്നുവെങ്കില്‍ അതു തെറ്റെന്നു പറയാം. സ്വന്തം ഭാര്യയുമായി സ്വന്തം വീട്ടില്‍ സ്മരപരവശനായി കഴിയുന്നത് എങ്ങനെ തെറ്റാവും? ദമയന്തിക്ക് ഒരാളെ മാത്രമേ ഭര്‍ത്താവാക്കാന്‍ കഴിയൂ. വലിയ ഒരാള്‍ക്കൂട്ടം പ്രണയവുമായി അവളെ സമീപിച്ചാല്‍ അവള്‍ക്ക് ഒന്നും ചെയ്യാനാവില്ല. അല്ലെങ്കില്‍ പ്രപഞ്ചത്തില്‍ എത്ര പുരുഷന്മാരുണ്ടോ അത്രയും ദമയന്തിമാരും ഉണ്ടാവണം. ദേവന്മാര്‍ക്ക് മനുഷ്യസ്ത്രീയില്‍ കാമം ഉദിച്ചതേ മോശം. നാരദന്‍ തുടക്കത്തില്‍ നളനെ ഓര്‍മ്മിപ്പിച്ചതുപോലെ മനുഷ്യര്‍ സമര്‍പ്പിക്കുന്ന യജ്ഞത്തിലേ ദേവന്മാര്‍ക്ക് അവകാശമുള്ളൂ, കന്യാരത്‌നങ്ങളിലില്ല.

പുരാവൃത്തത്തിലെ ദുഷ്ടാത്മാക്കള്‍ ഏതെങ്കിലും പാപം ചെയ്ത മനുഷ്യരെയാണ് അദൃശ്യരായി പിറകെ നടന്ന് ഇരുമ്പുലക്കകൊണ്ട് അടിച്ചും മറ്റും വശംകെടുത്തുക. എന്നാല്‍, ആട്ടക്കഥയിലെ കലി അക്കൂട്ടത്തില്‍ പെടില്ല. ആട്ടക്കഥയിലെ നളന്‍ പാപരഹിതനാണ്. മഹാഭാരതത്തിലെ നളന്‍ അക്ഷപ്രിയന്‍, ചൂതുകളിയില്‍ ഇഷ്ടമുള്ളവനാണ്; എന്നാല്‍ ആട്ടക്കഥയിലെ നളന് ചൂതുകളി അറിയാമെങ്കിലും അതില്‍ ആസക്തിയില്ല. നൈഷധത്തിലെ നളനു ഭാര്യമാര്‍ വേറെയും ഉണ്ടെങ്കിലും ആട്ടക്കഥയിലെ നളനു ദമയന്തിയല്ലാതെ വേറെ ഭാര്യയില്ല. മഹാഭാരതത്തിലെ നളന്‍ സന്ധ്യാവന്ദനം ചെയ്യുന്നതിനു മുന്‍പേ കാല്‍ ശരിക്കു കഴുകിയില്ല എന്നൊരു തെറ്റു ചെയ്യുന്നു, എന്നാല്‍ ആട്ടക്കഥയിലെ നളന്‍ അങ്ങനെയൊരു തെറ്റും ചെയ്തിട്ടില്ല. നൈഷധത്തിലെ നളന്‍ രാജ്യകാര്യങ്ങള്‍ മറന്നു രതിയില്‍ മുഴുകുന്നവനാണ്; ആട്ടക്കഥയിലെ നളന്‍ അങ്ങനെയല്ല. ഇങ്ങനെ ഒരു തെറ്റും ചെയ്യാതെ സാത്വികനായി ഇരിക്കുന്ന നളനില്‍ കലിപുരുഷാസൂയയുടെ മൂര്‍ത്തികാണുന്ന, അവനു കാണാന്‍ കഴിയുന്ന ഒരേയൊരു തെറ്റ് നളന്‍ ദമയന്തിയെ വിവാഹം ചെയ്തു എന്നതാണ്. കലിയെ സംബന്ധിച്ചേടത്തോളം അതാണ് സര്‍വ്വ ശിക്ഷകള്‍ക്കും കാരണം.

പുരാണകഥകളില്‍ ദേവനോ ഋഷിയോ മറ്റോ ഒരു മനുഷ്യനെ ശപിച്ചുകഴിഞ്ഞാല്‍ നേരെ ഒരു നില്പാണ്. ശാപമേറ്റവന്‍ നിലത്തുവീണ് കാലുപിടിച്ചു കരഞ്ഞാല്‍ ശാപമോക്ഷം കിട്ടിയാലായി. ഋഷിമാരാണ് ശപിക്കുന്നതെങ്കില്‍ അവര്‍ നേടിയ തപോബലത്തിന്റെ ഒരംശം ശാപത്തോടെ നഷ്ടമാകും. വേറെ നഷ്ടമൊന്നും വരാനില്ല. എന്നാല്‍, നളനെ ശിക്ഷിച്ച കലി നളന്റെ ശരീരത്തില്‍ കുടുങ്ങി നളനെപ്പോലെ തന്നെ കഷ്ടപ്പെടുന്നു. വേറെ കഥകളിലൊന്നും ഇങ്ങനെ ശിക്ഷയ്‌ക്കോ പരീക്ഷയ്‌ക്കോ ഇരയാക്കുന്ന ദേവന്‍ സ്വയം ശിക്ഷ അനുഭവിക്കുന്നതായി കണ്ടിട്ടില്ല. അന്യായമായി ദ്രോഹിക്കുന്നവനു ശിക്ഷകിട്ടും എന്നു കലി വായനക്കാരോടു സമ്മതിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com