'നിന്നെ ആണുങ്ങള്‍ മാത്രമാണോ പ്രേമിക്കുന്നത്? ഒരു പെണ്ണിനും നിന്നോട് പ്രേമം തോന്നിയിട്ടില്ലേ'

പുതിയ ലോകവീക്ഷണങ്ങളും പൊതുജനാരോഗ്യ സിദ്ധാന്തങ്ങളും ആവിഷ്‌കരിച്ചുകൊണ്ടാണ് എല്ലാ മഹാമാരികളും കടന്നുപോയിട്ടുള്ളത്
'നിന്നെ ആണുങ്ങള്‍ മാത്രമാണോ പ്രേമിക്കുന്നത്? ഒരു പെണ്ണിനും നിന്നോട് പ്രേമം തോന്നിയിട്ടില്ലേ'

പുതിയ ലോകവീക്ഷണങ്ങളും പൊതുജനാരോഗ്യ സിദ്ധാന്തങ്ങളും ആവിഷ്‌കരിച്ചുകൊണ്ടാണ് എല്ലാ മഹാമാരികളും കടന്നുപോയിട്ടുള്ളത്. പകര്‍ച്ചവ്യാധിയുടെ പരിധികടന്ന് മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലേയും വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും അനാവരണം ചെയ്യുന്നതിനു നിമിത്തമായി എന്നതാണ് എയ്ഡ്സ് മഹാമാരിയുടെ പ്രത്യേകത. ലൈംഗികത, സ്വവര്‍ഗ്ഗാനുരാഗം, ലിംഗസമത്വം, പതിത്വം (Stigma), മനുഷ്യാവകാശം, സ്വകാര്യത, രഹസ്യാത്മകത (Confidentialtiy), മയക്കുമരുന്നാസക്തി (Drug Addiction), രക്തദാനം, അവശ്യമരുന്ന് ലഭ്യത, പേറ്റന്റ് വ്യവസ്ഥ, ശാസ്ത്രബോധം, രോഗനിഷേധം (Denialism) തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ എയ്ഡ്സുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യപ്പെട്ടു. എയ്ഡ്സ്/എച്ച്.ഐ.വി രോഗികളാണ് ലോകത്ത് ആദ്യമായി സംഘടിത പ്രസ്ഥാനമുണ്ടാക്കി തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ രോഗികള്‍ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത. സമകാലീന ലോകത്ത് മിക്ക രാജ്യങ്ങളിലേയും പുരോഗമന പ്രസ്ഥാനങ്ങളുമായി ഐക്യപ്പെടുന്നവരും സാര്‍വ്വലൗകിക കാഴ്ചപ്പാട് സ്വീകരിക്കുന്നവരുമാണ് എച്ച്.ഐ.വി/എയ്ഡ്സ് രോഗികളില്‍പ്പെട്ടവരും അവരുടെ പ്രസ്ഥാനങ്ങളും എന്നതും ശ്രദ്ധേയമാണ്. 

മനുഷ്യരാശിയുടെ അന്ത്യത്തിനുപോലും കാരണമാവുമെന്നു കരുതപ്പെട്ട എയ്ഡ്സ് രോഗത്തെ ആസ്പദമാക്കി ശുദ്ധ ശാസ്ത്രഗ്രന്ഥങ്ങള്‍ക്കു പുറമേ നിരവധി ഓര്‍മ്മക്കുറിപ്പുകളും അനുഭവവിവരണങ്ങളും സാഹിത്യകൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും ശ്രദ്ധയവും ആദ്യകാലത്ത് എഴുതപ്പെട്ട കൃതിയുമാണ് കേരള ബന്ധമുള്ള അബ്രഹാം വര്‍ഗീസിന്റെ (Abraham Verghese: 1955 ) മൈ ഓണ്‍ കണ്‍ട്രി (My Own Coutnry: A Doctor's Story of a Town and its People in the Age of AIDS: 1995). തിരുവല്ലാക്കാരായ അദ്ധ്യാപകരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍; ജനിച്ചത് എത്തിയോപ്പിയിലും. ആദ്യം ഹെല്‍ത്ത് അസിസ്റ്റന്റായി അമേരിക്കയില്‍ ജോലി നോക്കിയ വര്‍ഗീസ് പിന്നീട് മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്നും വൈദ്യബിരുദം കരസ്ഥമാക്കിയ ശേഷം അമേരിക്കയില്‍ ഡോക്ടറായി വിവിധ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഇന്റേണല്‍ മെഡിസിനില്‍ പ്രൊഫസറായി ജോലിനോക്കി വരികയാണ്. 

എബ്രഹാം വർ​ഗീസ്
എബ്രഹാം വർ​ഗീസ്

അമേരിക്കയില്‍ എയ്ഡ്സ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെന്നസി സംസ്ഥാനത്തെ ജോണ്‍സണ്‍ സിറ്റി ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലും ബോസ്റ്റണ്‍ സിറ്റി ആശുപത്രിയിലും വര്‍ഗീസ് ദീര്‍ഘകാലം ജോലി നോക്കിയിരുന്നു. അവിടെവച്ച് എയ്ഡ്സ് രോഗികളെ പരിചരിച്ചതിലൂടെ ലഭിച്ച അനുഭവങ്ങളുടെ ഹൃദയസ്പര്‍ശിയായ ചിത്രീകരണമാണ് മൈ ഓണ്‍ കണ്‍ട്രിയിലുള്ളത്. അക്കാലത്ത് ചികിത്സ ലഭ്യമല്ലാതിരുന്നതിനാല്‍ രോഗികള്‍ക്ക് സാന്ത്വനവും കാരുണ്യസ്പര്‍ശവും മാത്രമായിരുന്നു അദ്ദേഹത്തിനു നല്‍കാന്‍ കഴിഞ്ഞത്. മരണം അനിവാര്യമായിരുന്ന രോഗികളേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചുകൊണ്ട് ഡോക്ടര്‍-രോഗി ബന്ധത്തില്‍ ആര്‍ദ്രതയുടേയും സഹാനുഭൂതിയുടേയും പുതിയ ഭാഷ്യങ്ങള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. പലപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും ഉപേക്ഷിച്ചുപോയ രോഗികളെയാണ് വര്‍ഗീസിനു പരിചരിക്കേണ്ടിവന്നത്. അദ്ദേഹം മാത്രമായിരുന്നു മരണത്തെ മുന്നില്‍ കണ്ട് ജീവിച്ച രോഗികളുടെ ഏക ആശ്രയം.  ആശുപത്രിയിലെത്തുന്ന രോഗികളെ മാത്രം പരിചരിക്കുന്നതിന്റെ പരിമിതി മനസ്സിലാക്കിയ വര്‍ഗീസ് ആ പ്രദേശത്ത് സ്വവര്‍ഗ്ഗാനുരാഗികളും മയക്കു മരുന്ന് അടിമകളും സ്ഥിരമായി വരുന്ന കാസിനോകളും റസ്റ്റോറന്റുകളും സന്ദര്‍ശിച്ച് രോഗസാധ്യതയുള്ളവരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചു. മുഴുവന്‍ സമയവും ആശുപത്രിയിലും പുറത്തും ചെലവഴിച്ച വര്‍ഗീസുമായി അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ സംഘര്‍ഷത്തിലായി. അവര്‍ മാനസികമായി അകലുകയും പിന്നീട് ഔപചാരികമായി വേര്‍പിരിയുകയും ചെയ്തു. 

1994-ല്‍ പ്രസിദ്ധീകരിച്ച മൈ ഓണ്‍ കണ്‍ട്രി ആ വര്‍ഷത്തെ ഏറ്റവും മികച്ച പുസ്തകമായി ടൈം വാരിക തെരഞ്ഞെടുത്തിരുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ അമിതമായ പ്രയോഗം ഡോക്ടര്‍-രോഗി ബന്ധത്തിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന അമാനവീകരണ പ്രവണതകള്‍ വികസിത രാജ്യങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമാണ്. ഈ സാഹചര്യത്തില്‍ വൈദ്യ വിദ്യാര്‍ത്ഥികള്‍ക്ക് പരിപാവനമായ ഡോക്ടര്‍-രോഗി ബന്ധത്തിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കുന്നതിനായി അമേരിക്കയിലേയും യൂറോപ്പിലേയും നിരവധി രാജ്യങ്ങളില്‍ പാഠപുസ്തകമായി മൈ ഓണ്‍ കണ്‍ട്രി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ ചലച്ചിത്ര സംവിധായിക മലയാളി ബന്ധമുള്ള മീരാനായര്‍ 1998-ല്‍ മൈ ഓണ്‍ കണ്‍ട്രി ഒരു ചലച്ചിത്രമാക്കി. 

മീരാ നായർ
മീരാ നായർ

മൈ ഓണ്‍ കണ്‍ട്രിക്കുശേഷം 1999-ല്‍ ആത്മകഥാപരമായ ദി ടെന്നീസ് പാര്‍ട്ട്‌നര്‍ (The Tennis Partner: A Story of Friendship and Loss) എന്ന പുസ്തകം വര്‍ഗീസ് പ്രസിദ്ധപ്പെടുത്തി. എയ്ഡ്സ് രോഗികളെ ചികിത്സിച്ചതിലൂടെ ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകവും എഴുതിയിട്ടുള്ളത്. മയക്കുമരുന്നിന് അടിമയും സ്വവര്‍ഗ്ഗാനുരാഗിയുമായ തന്റെ സുഹൃത്തിന്റെ ജീവിതത്തിലെ വൈകാരികവും മനശ്ശാസ്ത്രപരവുമായ അടിയൊഴുക്കുകളാണ് ടെന്നീസ് പാര്‍ട്ട്‌നറില്‍ വര്‍ഗീസ് വിവരിക്കുന്നത്.

എയ്ഡ്സ് കടന്നുവരുന്ന ആദ്യ മലയാളസാഹിത്യ കൃതിയാണ് എം. മുകുന്ദന്റെ നോവല്‍ 'നൃത്തം.'   2000 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച നോവലില്‍ ഇന്റര്‍നെറ്റ് യുഗത്തിലേക്കു കടക്കുന്ന കേരളസമൂഹത്തെ പ്രതിനിധീകരിച്ച്  ബാലകൃഷ്ണനും ശ്രീധരനും തമ്മിലുള്ള ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ് കഥ ഉരുത്തിരിയുന്നത്. ഗ്രാമീണ നര്‍ത്തകനായിരുന്ന ബാലകൃഷ്ണന്റെ നൃത്തമികവില്‍ കേരളം സന്ദര്‍ശിക്കാനെത്തിയ ലോകപ്രശസ്ത നര്‍ത്തകന്‍ പാട്രിക് റോഡോള്‍ഫ് ആകൃഷ്ടനാവുന്നു. റോഡോള്‍ഫിന്റെ ക്ഷണം സ്വീകരിച്ച് യൂറോപ്പിലേക്ക് പോകുന്ന ബാലകൃഷ്ണന് റോഡോള്‍ഫ് അഗ്‌നിയെന്ന പേരു നല്‍കുന്നു. സ്വവര്‍ഗ്ഗ പ്രേമിയായ റോഡോള്‍ഫ് ബാലകൃഷ്ണനില്‍ അനുരക്തനാവുന്നതിന്റേയും സ്വവര്‍ഗ്ഗരതിയിലേര്‍പ്പെടുന്നതിന്റെ സൂചനകള്‍ നോവലില്‍ കാണാം. 

എം മുകുന്ദൻ
എം മുകുന്ദൻ

''പെട്ടെന്ന് അപ്രതീക്ഷിതമായി റോഡോള്‍ഫ് എന്നെ ആലിംഗനം ചെയ്ത് എന്റെ ചുണ്ടുകളില്‍ ചുംബിച്ചു.'' നാട്ടിലെ തന്റെ കാമുകിയായിരുന്ന രാജിയല്ലാതെ മറ്റാരും അങ്ങനെ ചെയ്തിരുന്നില്ല എന്ന് ബാലകൃഷ്ണന്‍ പറയുന്നതില്‍നിന്നും റോഡോള്‍ഫുമായുള്ള സ്വവര്‍ഗ്ഗാനുരാഗബന്ധത്തിന്റെ തുടക്കമായിരുന്നു അതെന്നു മനസ്സിലാക്കാനാവും. 

പിന്നീട് കുറേക്കൂടി വ്യക്തമായി റോഡോള്‍ഫുമായുള്ള ശാരീരികബന്ധം ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്. 

''നൂറുകണക്കിനു മൈലുകള്‍ ദൂരം നിര്‍ത്താതെയുള്ള കാറോട്ടം. കാലുകള്‍ തളരുന്നതു വരെയുള്ള നടത്തം. പകല്‍ ബിയര്‍. രാത്രി വൈന്‍. മൂക്ക് മുട്ടെയുള്ള ഭക്ഷണം. രാത്രി ഹോട്ടലില്‍ ഒരേകിടക്കയില്‍ കിടന്ന് ഉറക്കം...''

''നമ്മുടെ മധുവിധു തീര്‍ന്നു'' റോഡോള്‍ഫ് പറഞ്ഞു: ''ഇനി അല്പം ഷോപ്പിങ് കൂടി നടത്തി നമുക്കു പോകാം.''

റോഡോള്‍ഫുമായുള്ള ബാലകൃഷ്ണന്റെ ബന്ധം കൂടുതല്‍ ദൃഢമാവുന്നുണ്ട്.

''കമ്പനിയുടെ എല്ലാ യാത്രകളിലും മറ്റു നര്‍ത്തകര്‍ക്ക് പ്രത്യേക മുറികളുണ്ടെങ്കിലും ഞാനും റോഡോള്‍ഫും ഒരു മുറി പങ്കിടുകയാണ് പതിവ്. ഞങ്ങള്‍ ഒരേ കുളിമുറിയില്‍ കുളിക്കുകയും ഒരേ കിടക്കയില്‍ കിടക്കുകയുമാണ് പതിവ്.'' 

അതിനിടെ ബാലകൃഷ്ണന്‍ തെരേസ എന്ന നര്‍ത്തകിയുമായി സ്‌നേഹബന്ധത്തിലാവുന്നുണ്ട്. റോഡോള്‍ഫുമായുള്ള ബന്ധം ഉദ്ദേശിച്ചാവണം തെരേസ ചോദിക്കുന്നു: ''നിന്നെ ആണുങ്ങള്‍ മാത്രമാണോ പ്രേമിക്കുന്നത്? ഒരു പെണ്ണിനും നിന്നോട് പ്രേമം തോന്നിയിട്ടില്ലേ.''

തെരേസയുമായി പ്രണയത്തിലാവുന്ന ബാലകൃഷ്ണന്‍ റോഡോള്‍ഫുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. 
റോഡോള്‍ഫിന് എന്തോ ഗുരുതരമായ രോഗം ബാധിച്ചുതുടങ്ങിയെന്നതിന്റെ സൂചനകളും നോവലിലുണ്ട്. അയാള്‍ ക്ഷീണിച്ചു വരികയും ഒരിക്കല്‍ കൈകൊടുത്തപ്പോള്‍ ''പനി പിടിച്ചത് പോലെ അയാളുടെ കൈക്ക് ചൂടുണ്ടായിരുന്നു'' എന്ന് ബാലകൃഷ്ണനു തോന്നി. 

യൂറോപ്പില്‍നിന്നും അമേരിക്കയിലെത്തുന്ന ബാലകൃഷ്ണനോട് അലക്‌സാന്‍ഡ്രിപ്പൂസ് എന്ന സുഹൃത്ത് പറഞ്ഞ വാക്കുകളിലാണ് എയ്ഡ്സിനെക്കുറിച്ചുള്ള പരാമര്‍ശം ആദ്യമായി നോവലില്‍ പ്രത്യക്ഷപ്പെടുന്നത്.
''അമേരിക്ക നിനക്ക് പണം തരും. നിന്റെ യൗവ്വനം നിലനിര്‍ത്തുകയും ചെയ്യും.''

''എയ്ഡ്സ് വന്നു മരിച്ചില്ലെങ്കില്‍'' ഞാനും ചിരിക്കാന്‍ ശ്രമിച്ചു. അലക്‌സാന്‍ഡ്രിപ്പൂസ് തുടര്‍ന്നു: ''എയ്ഡ്സ് വരുന്നതല്ല. നാമതിനെ വാങ്ങുന്നതാണ്. ഒരിക്കലും എയ്ഡ്സ് നമ്മുടെ ശരീരത്തില്‍ സ്വയം ഉണ്ടാകുന്നില്ല.'' 
പാട്രിക്ക് റോഡോള്‍ഫ് രണ്ട് കൈകളിലേയും ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത വിവരം ബാലകൃഷ്ണന്‍ അപ്രതീക്ഷിതമായി അറിയുന്നതാണ് നോവലിലെ ഏറ്റവും സ്‌തോഭജനകമായ രംഗം. എന്തുകൊണ്ടാണ് റോഡോള്‍ഫ് ആത്മഹത്യ ചെയ്തതെന്ന് ബാലകൃഷ്ണനു മനസ്സിലായില്ല. റോഡോള്‍ഫിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അലക്‌സിസ്സാണ് ആ വിവരം ബാലകൃഷ്ണനെ അറിയിക്കുന്നത്. 
''അപ്പോള്‍ നീ അതറിഞ്ഞില്ല അല്ലേ? റോഡോള്‍ഫിന് എയ്ഡ്സായിരുന്നു.''

റോഡോള്‍ഫും ബാലകൃഷ്ണനും തമ്മിലുള്ള ബന്ധമറിയാവുന്ന അലക്‌സിസ് തുടര്‍ന്നു പറയുന്നു: ''നീ ഒരു എലീസാ ടെസ്റ്റ് ചെയ്യണം. ഒന്നും ഉണ്ടായിട്ടല്ല. വെറുതെ മനസ്സിന്റെ സമാധാനത്തിന്.'' 

ബാലകൃഷ്ണന്‍ ചിന്തിക്കുന്നു; ''ഒരു ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് എനിക്കറിയാം. കുളിമുറിയിലെ ഒരേ ടബ്ബില്‍ ഒന്നിച്ചിരുന്നു കുളിക്കുകയും ഉറക്കമുറിയില്‍ ഒരേ കിടക്കയില്‍ കിടന്ന് ഉറങ്ങുകയും ചെയ്ത എനിക്ക് എന്തിനു ടെസ്റ്റ്?''

എയ്ഡ്സിനുള്ള ചികിത്സ ആരംഭിച്ചതിനുശേഷമുള്ള കാലത്താണോ കഥ നടക്കുന്നതെന്നു വ്യക്തമല്ല. എങ്കിലും എയ്ഡ്സിനെ സംബന്ധിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചിട്ടുണ്ടാവണം. 
ബാലകൃഷ്ണനോട് ഒരാള്‍ പറയുന്നുണ്ട്: ''എയ്ഡ്സ് വന്നവരെല്ലാം ആത്മഹത്യ ചെയ്തിട്ടില്ല. എച്ച്.ഐ.വി പോസിറ്റീവുകാര്‍ക്ക് അഞ്ചോ പത്തോ വര്‍ഷം ജീവിക്കാന്‍ കഴിയും ചിലപ്പോള്‍ അതിലേറെയും.'' 
തിരികെ നാട്ടിലെത്തുന്ന ബാലകൃഷ്ണന്‍ പഴയ കാമുകി രാജിയെ കാണാന്‍ പോകുന്നുണ്ട്. രാജിയോട് ബാലകൃഷ്ണന്‍ പറയുന്നു:

''നാളെ ഞാന്‍ മടങ്ങിപ്പോക്വാ. പോയാല് തിരിച്ച് വരൂന്ന് തോന്നുന്നില്ല. ഇനി ഒരിക്കലും നമ്മള് കണ്ടൂന്നു വരില്ല. അതുകൊണ്ട് അവസാനമായി നമുക്ക് കണ്ണുനിറയെ പരസ്പരം ഒന്നു കാണാം. എന്താ?'' ഞാന്‍ അവളുടെ കണ്ണുകളില്‍ നേരെ നോക്കിക്കൊണ്ട് പറഞ്ഞു: ''എനിക്ക് എയ്ഡ്സാ... മാറാത്ത രോഗാ.''
ബാലകൃഷ്ണന്‍ രാജിയോട് പറയുന്ന അവസാന വാചകത്തിന് മുകുന്ദന്റെ സ്വതസിദ്ധമായ തനിമ കാണാന്‍ കഴിയും.  

''ന്നാലും പേരിന് ഒരു ഭംഗീണ്ട് എയ്ഡ്സ്ന്ന്ച്ചാല് സഹായം എന്നല്ലേ അര്‍ത്ഥം.''
മലയാള സാഹിത്യത്തില്‍ എയ്ഡ്സ് ആദ്യമായി അവതരിപ്പിച്ച നോവല്‍ എന്ന നിലയില്‍ 'നൃത്തം' വിലയിരുത്തപ്പെട്ടിട്ടില്ലെന്നു തോന്നുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com