'ഞാന്‍ ഒറ്റയ്ക്കു നീന്തിയ കടലും നേരിട്ട ഒഴിവാക്കലുകളും ജീവിതത്തില്‍ ഒരാളും ഇനി അനുഭവിക്കരുത്'- ആര്‍എല്‍വി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട ഭരതനാട്യം ഗസ്റ്റ് അധ്യാപിക സി.ബി ഹേമലത പറയുന്നു

തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്നു സി.ബി. ഹേമലത. അര്‍ഹതയുണ്ടായിട്ടും ഗസ്റ്റ് അദ്ധ്യാപികയായി തുടരാനാകാതെ ഒരു ദിവസം അവര്‍ കോളേജില്‍നിന്നു പുറത്താക്കപ്പെട്ടു
സിബി ഹേമലത/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
സിബി ഹേമലത/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

ഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം നടത്തിയ ചെറായി തുണ്ടിപ്പറമ്പിനടുത്താണ് നൃത്താദ്ധ്യാപിക ഹേമലതയുടെ വീട്. നൂറുവര്‍ഷം മുന്‍പ് ജാതിയില്‍ പല ശ്രേണിയിലുള്ളവര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചതിലൂടെ രൂപപ്പെട്ട നവോത്ഥാനത്തിന്റെ പ്രകാശം മേല്‍ജാതിക്കാരെ അക്കാലത്ത് വിളറിപിടിപ്പിച്ചുവെന്നതു ചരിത്രം. ഭക്ഷണത്തിലെ ജാതിയല്ല, തൊഴിലിടത്തെ ജാതിയാണ് ഇവിടെ വിഷയം. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്നു സി.ബി. ഹേമലത. അര്‍ഹതയുണ്ടായിട്ടും ഗസ്റ്റ് അദ്ധ്യാപികയായി തുടരാനാകാതെ ഒരു ദിവസം അവര്‍ കോളേജില്‍നിന്നു പുറത്താക്കപ്പെട്ടു. വിവേചനവും അടിച്ചമര്‍ത്തലുകളും ചോദ്യംചെയ്യാന്‍ നിയമവഴിയിലേക്കിറങ്ങിയ ഹേമലത അനുഭവിച്ച സംഘര്‍ഷങ്ങള്‍ക്ക് കണക്കില്ല. താന്‍ നേരിട്ട വിവേചനങ്ങള്‍ ഇനി ഒരാള്‍ക്കുനേരെയും ഉണ്ടാകരുതെന്നു പറഞ്ഞ് സമരരംഗത്തു നിലയുറപ്പിച്ചിരിക്കുകയാണ് ഈ അദ്ധ്യാപിക. ഫെബ്രുവരി 18-ന് കോളേജിന്റെ കവാടത്തില്‍  സമരനടനമെന്ന സമരമുറ മുന്നോട്ടുവെച്ച ഹേമലതയുടെ അനുഭവങ്ങള്‍ കലയുടേയും സംഗീതത്തിന്റേയും കലാലയങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളിലേക്കു ശ്രദ്ധക്ഷണിക്കുന്നു.

ആര്‍.എല്‍.വി കോളേജിലെ ജാതിവിവേചനം അവസാനിപ്പിക്കുക, ഗസ്റ്റ് അദ്ധ്യാപിക നിയമനം തടയാന്‍ തനിക്കെതിരെ വ്യാജരേഖ ചമച്ചവരെ സംരക്ഷിക്കുന്ന വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിലപാട് തിരുത്തുക, കേസിലെ എഫ്.ഐ.ആറില്‍ പേരു ചേര്‍ത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 2016-ലാണ് ഹേമലത പുറത്താക്കപ്പെടുന്നത്. അദ്ധ്യാപികയ്ക്കുനേരെ ജാതിവിവേചനം നടന്നുവെന്ന് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. പരാതികള്‍ വ്യാജമായി തയ്യാറാക്കിയതാണെന്നും വ്യക്തിവിദ്വേഷം പിന്നിലുണ്ടെന്നും അനുഭവങ്ങളും വിവരാവകാശ നിയമപ്രകാരം ശേഖരിച്ച, പരാതികളും ചൂണ്ടിക്കാട്ടി അവര്‍ പറയുന്നു. 

ഹേമലത: ചെറായി തൃക്കടാപ്പള്ളി യില്‍ സഹോദരഭവനടുത്താണ് എന്റെ വീട്. പുലയവിഭാഗത്തിലാണ് ഞാന്‍ ജനിച്ചത്. നൃത്തപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബമായിരുന്നു ഞങ്ങളുടേത്. ചെറുപ്പംമുതല്‍ നൃത്തത്തോട് നല്ല താല്പര്യമുണ്ടായിരുന്നു. 1990-ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ ഭരതനാട്യം ഡിപ്ലോമയ്ക്കു ചേര്‍ന്നു. 1994-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി മോഹിനിയാട്ടം ഡിപ്ലോമയ്ക്കു ചേര്‍ന്നു. കോഴ്‌സ് 1998-ല്‍ പൂര്‍ത്തിയാക്കി പോസ്റ്റ് ഡിപ്‌ളോമയ്ക്ക് ചേര്‍ന്നു. കോളേജിന് അഫിലിയേഷന്‍ ലഭിച്ചതോടെ എം.എ. ഭരതനാട്യത്തിനു ചേര്‍ന്നു. 2000-ല്‍ അത് പൂര്‍ത്തിയാക്കി. 2001-2002 വരെ ആര്‍.എല്‍.വിയില്‍ താല്‍ക്കാലിക അധ്യാപികയായി ജോലി നോക്കി. തുടര്‍ന്ന് കാലടി സര്‍വ്വകലാശാലയില്‍ ഗസ്റ്റ് അദ്ധ്യാപികയായശേഷം 2009-ല്‍ ആര്‍.എല്‍.വിയില്‍ ഭരതനാട്യം ഗസ്റ്റ് അദ്ധ്യാപികയായി വീണ്ടുമെത്തി. ആര്‍.എല്‍.വിയിലെ പഠനകാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകയായിരുന്നു. എറണാകുളം ജില്ലാ കമ്മിറ്റിയംഗമായും കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചു. കോളേജ് അഫിലിയേഷന്‍ സമരത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാളായിരുന്നു ഞാന്‍.

പഠിച്ച കാമ്പസില്‍ അദ്ധ്യാപികയായത് വ്യക്തിപരമായി സന്തോഷകരമായിരുന്നു. എന്നാല്‍, വൈകാതെ മനസ്സിലായി ജാതിവിവേചനങ്ങളും അധികാരപ്രയോഗങ്ങളും നിറഞ്ഞ മോശം അന്തരീക്ഷമാണ് അവിടെ നിലനില്‍ക്കുന്നതെന്ന്. അക്കമ്പനി ആര്‍ട്ടിസ്റ്റ് വിഭാഗത്തിലെ മാധവന്‍ നമ്പൂതിരി എന്ന അദ്ധ്യാപകനായിരുന്നു വകുപ്പു മേധാവി. ചില വിദ്യാര്‍ത്ഥികളോട് ജാതീയമായി അദ്ദേഹം വിവേചനം കാണിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. താല്‍ക്കാലിക അധ്യാപകനായി ജോലി ലഭിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു ഉദ്യോഗാര്‍ത്ഥിയെ ഒരു വര്‍ഷത്തോളം നിയമിക്കാതിരുന്നു. പിന്നീട് പി.കെ.എസ് നേതൃത്വം ഇടപെട്ടാണ് അത് നടന്നത്. ക്ലാസ്സില്‍ വരാത്ത ചില വിദ്യാര്‍ത്ഥികള്‍ക്കു മാത്രം ഹാജര്‍ നല്‍കണമെന്നു അദ്ദേഹം ഒരു ദിവസം നിര്‍ദ്ദേശിച്ചു. ഗസ്റ്റ് അദ്ധ്യാപിക ആയതിനാലും മറ്റു വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലും ഈ വിഷയത്തില്‍ അദ്ദേഹത്തോട് ഞാന്‍ പലവട്ടം വിയോജിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ കോളേജിലെ പരിപാടികളില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. എന്റെ സാമൂഹികാവസ്ഥയും ജാതിയും മനസ്സിലാക്കിയുള്ള പ്രതികരണങ്ങളാണ് പലപ്പോഴും അദ്ദേഹത്തില്‍ നിന്നുണ്ടായതെന്നു മനസ്സിലായി. ഒരു വര്‍ഷത്തെ കരാര്‍ അവസാനിച്ചതോടെ ഞാന്‍ തൊഴില്‍രഹിതയായി. 

2010-ല്‍ ഗസ്റ്റ് അദ്ധ്യാപക പോസ്റ്റിലേക്ക് വീണ്ടും അപേക്ഷിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ മാധവന്‍ നമ്പൂതിരി ഉണ്ടായിരുന്നു. എട്ടുവര്‍ഷത്തോളം അദ്ധ്യാപക പരിചയം ഉണ്ടായിരുന്നിട്ടും പഠിപ്പിച്ച വിദ്യാര്‍ത്ഥികളേക്കാള്‍ റാങ്ക് പട്ടികയില്‍ ഞാന്‍ പിന്നിലായി. അദ്ധ്യാപക പരിചയം ഇല്ലാത്ത ഒരാള്‍ക്കായിരുന്നു നിയമനം. പുതിയ ഒരാള്‍ക്ക് അവസരം ലഭിച്ചതില്‍ എനിക്ക് എതിര്‍പ്പില്ലായിരുന്നു. ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ എംപ്ലോയ്മെന്റ് എക്ല്ചേഞ്ച് മുഖേന നികത്താതെ പ്രിന്‍സിപ്പലും അദ്ധ്യാപകരും സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്തുന്ന രീതിയായിരുന്നു ആര്‍.എല്‍.വിയില്‍. ആ രീതി പിന്തുടരുമ്പോള്‍ ജാതിസംവരണം പാലിക്കേണ്ടിയിരുന്നില്ല. സംവരണത്തിലെ റൊട്ടേഷന്‍ പാലിക്കാതെ ഇഷ്ടക്കാരെ നിയമിക്കുമ്പോള്‍, ദളിതരും മറ്റു പിന്നോക്കവിഭാഗക്കാരും എക്കാലത്തും ഇവിടെ പിന്തള്ളപ്പെട്ടുകൊണ്ടിരുന്നു. അന്ന് എം.എ. ബേബിയായിരുന്നു വിദ്യാഭ്യാസ മന്ത്രി. ഈ വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹത്തിനു ഞാന്‍ ഒരു അപേക്ഷ സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് സംവരണത്തിലെ റൊട്ടേഷന്‍ അനുസരിച്ച് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് മുഖേന നിയമനം നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. അങ്ങനെ 2012-13 ല്‍ നടന്ന ഇന്റര്‍വ്യൂവില്‍ ഞാന്‍ ഗസ്റ്റ് അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ടു. വീണ്ടും ജോയിന്‍ ചെയ്തപ്പോഴും മാധവന്‍ നമ്പൂതിരി തന്നെയായിരുന്നു വകുപ്പ് തലവന്‍.

ആദ്യ ദിവസം തന്നെ അദ്ദേഹം എന്നോടു ദേഷ്യപ്പെട്ടു. ഞാന്‍ ക്ലാസ്സ് എടുക്കുകയായിരുന്നു. സമീപത്തെ മറ്റൊ രു ക്ലാസ്സില്‍ ശില്പകലാ വിദ്യാര്‍ത്ഥികളുടെ പരീക്ഷാവര്‍ക്കുകള്‍ (ശില്‍പ്പങ്ങള്‍), വിലയിരുത്തലിനായി സൂക്ഷിച്ചിരുന്നു. മുറിയുടെ പൂട്ട് തല്ലിപ്പൊളിച്ച് ശില്‍പ്പങ്ങള്‍ എടുത്തുമാറ്റി, അവിടെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണമെന്ന് മാധവന്‍ നമ്പൂതിരി മറ്റൊരാള്‍ മുഖേന എന്നോട് നിര്‍ദ്ദേശിച്ചു. ഗസ്റ്റ് അദ്ധ്യാപിക ആയതിനാല്‍ പൂട്ട് തല്ലിപ്പൊളിച്ച് അകത്തെ ശില്പങ്ങള്‍ എടുത്തുമാറ്റാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഞാനും. പൊതുമുതല്‍ നശിപ്പിച്ചാലുള്ള ഭവിഷ്യത്തും ശില്പങ്ങള്‍ കേടുപാട് സംഭവിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും മുന്നില്‍ക്കണ്ടാണ് അങ്ങനെ പറഞ്ഞത്. തുടര്‍ന്ന് മറ്റൊരു അദ്ധ്യാപകന്‍ അവിടേക്കെത്തി പൂട്ട് തല്ലിപ്പൊളിച്ച് ശില്പങ്ങള്‍ എടുത്തുമാറ്റിയശേഷം എന്നോട് ദേഷ്യപ്പെട്ടു. കുറച്ചുകഴിഞ്ഞ് ശില്പങ്ങളുടെ ഉടമയായ വിദ്യാര്‍ത്ഥിയും കാരണമറിയാതെ എന്നോട് കയര്‍ത്തു. ഞാനാണ് ശില്പങ്ങള്‍ ആ മുറിയില്‍നിന്നു മാറ്റിയതെന്നു വിദ്യാര്‍ത്ഥിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. 

ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

അധികാരവുമായി ഏറ്റുമുട്ടല്‍

ഒരു ദിവസം എം.എ ക്ലാസ്സിലെ വിദ്യാര്‍ത്ഥിനി വിദേശത്തേയ്ക്ക് ഒരു പ്രോഗ്രാമിനു പോയി. 15 ദിവസം ക്ലാസ്സില്‍ വരാതിരുന്നാല്‍ അറ്റന്‍ഡന്‍സ് രജിസ്ട്രറില്‍നിന്നു പേര് നീക്കം ചെയ്യണമെന്നു നിയമമുണ്ട്. എന്നാല്‍, ഈ വിദ്യാര്‍ത്ഥിനിക്കു പ്രത്യേക പരിഗണന നല്‍കണം- വകുപ്പ് മേധാവി നിര്‍ദ്ദേശിച്ചു. പഠനകാലത്തുതന്നെ ആ വിദ്യാര്‍ത്ഥിനി സെലിബ്രിറ്റിയായിരുന്നു. ഈ വിദ്യാര്‍ത്ഥിനിക്ക് പ്രത്യേക പരിഗണന നല്‍കുന്നതില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ആ വിദ്യാര്‍ത്ഥിനിയാകട്ടെ, 15 ദിവസത്തെ വിദേശപരിപാടി കഴിഞ്ഞു നാട്ടിലെത്തിയിട്ടും കോളേജില്‍ വരാന്‍ തയ്യാറായിരുന്നില്ല. ലീവ് ലെറ്റര്‍ ഇല്ലാതെ അവധി അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഞാന്‍. അതുപോലെ മുഴുമണ്ഡലത്തില്‍ ഇരിക്കാതെ പരിശീലനം നടത്താനും ആ വിദ്യാര്‍ത്ഥിനിക്ക് വകുപ്പ് മേധാവി അനുവാദം കൊടുത്തിരുന്നു. എല്ലാ വിദ്യാര്‍ത്ഥികളേയും തുല്യരായാണ് ഞാന്‍ കണക്കാക്കിയിരുന്നത്. അതിനാല്‍ത്തന്നെ ഇത്തരം നിലപാടുകളോട് യോജിക്കാനായിരുന്നില്ല. ഇതറിഞ്ഞ വിദ്യാര്‍ത്ഥി ലീവ് ലെറ്ററുമായി വന്നു മുഴുമണ്ഡലത്തില്‍ ഇരുന്നു പരിശീലിച്ച് ഉന്നതവിജയം നേടി. ആ വര്‍ഷത്തെ കരാര്‍ അവസാനിച്ചതോടെ ഞാന്‍ വീണ്ടും തൊഴില്‍രഹിതയായി.
 
2013-'14-ല്‍ മുന്‍ഗണനാപട്ടികയില്‍ വീണ്ടും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍വര്‍ഷത്തെ അനുഭവങ്ങള്‍ അവര്‍ത്തിച്ചു. 1969-ലായിരുന്നു ആര്‍.എല്‍.വിയില്‍ അവസാനമായി പി.എസ്.സി അദ്ധ്യാപക നിയമനം നടന്നത്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തുകൂടേയെന്നു ഒരിക്കല്‍ വകുപ്പ് മേധാവിയോട് ചോദിച്ചു. പഠിച്ചിറങ്ങിയിട്ടും വര്‍ഷങ്ങളായി സ്ഥിരജോലി ലഭിക്കാത്ത മാനസികാവസ്ഥയിലായിരുന്നു ഗസ്റ്റ് അദ്ധ്യാപകരില്‍ പലരും. ഒഴിവുകളുടെ കാര്യം ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്- അദ്ദേഹം പ്രതികരിച്ചു. അന്നത്തെ പ്രിന്‍സിപ്പലിനോടും വിഷയം ഉന്നയിച്ചു. വകുപ്പധ്യക്ഷ്യന്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ നീക്കം നടത്താനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് എനിക്കു മനസ്സിലായി. പ്രിന്‍സിപ്പലിനോട് ഈ വിഷയം ഞാന്‍ സംസാരിച്ചുവെന്നറിഞ്ഞ മാധവന്‍ നമ്പൂതിരി ദേഷ്യംകൊ ണ്ട് വിറച്ചു. തന്നെ ഭരിക്കാന്‍ ആരും വരേണ്ടെന്നു ഡിപ്പാര്‍ട്ടുമെന്റില്‍വച്ച് അദ്ദേഹം എന്റെ നേരെ ആക്രോശിച്ചു. ചെറിയ വിഷയങ്ങളില്‍പ്പോലും അദ്ദേഹം എനിക്കുനേരെ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. പുതിയ നിയമനം നടന്നാല്‍ തന്റെ അധികാരപരിധി കുറയുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നുവെന്നു തോന്നുന്നു. എന്നാല്‍, ആ വര്‍ഷം എന്റെ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന ഒരു നീക്കമുണ്ടായി. കരാര്‍ അവസാനിച്ചപ്പോള്‍ത്തന്നെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റില്‍ ഞാനടക്കം 15 പേര്‍ക്കുനേരെ മോശം പരാമര്‍ശം ഉണ്ടായി. വകുപ്പ് അധ്യക്ഷന്‍ മാധവന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ ബാലസുബ്രഹ്മണ്യം ആയിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ക്ലാസ്സെടുക്കാന്‍ യോഗ്യയല്ല, ക്ലാസ്സില്‍ വൈകി വരുന്നു, കഴിവില്ലാത്തവള്‍ എന്നൊക്കെയായിരുന്നു സര്‍ട്ടിഫിക്കറ്റിലെ വിശേഷണങ്ങള്‍. ഒരു സ്ഥിരജോലി പ്രതീക്ഷിച്ചു പരീക്ഷകള്‍ എഴുതി കാത്തിരുന്ന ഞങ്ങളില്‍ പലര്‍ക്കും ഇത് ഇരുട്ടടിയായി. അനുവദിച്ച സര്‍ട്ടിഫിക്കറ്റ് സ്വാഭാവിക നീതിക്കു നിരക്കുന്നതല്ലെന്നും തിരുത്തിത്തരണമെന്നും ഞങ്ങള്‍ പ്രിന്‍സിപ്പലിന് അപേക്ഷ കൊടുത്തു. എന്നാല്‍, കോളേജ് തലത്തില്‍ യാതൊരു തിരുത്തല്‍ നടപടിയും ഉണ്ടായില്ല. അതിനാല്‍, ഞാനും സഹപ്രവര്‍ത്തകയും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനു പരാതി കൊടുത്തു. പരാതിയും പരിഭവവുമായി നടന്നാല്‍ അടുത്തവര്‍ഷം നിയമനം തരില്ലെന്ന്, ഭീഷണിപ്പെടുത്തി മറ്റുള്ളവരെ അവര്‍ പിന്തിരിപ്പിച്ചു.

ഞങ്ങളുടെ പരാതി പ്രകാരം കോളേജ് ഡയറക്ടറേറ്റ് ഹിയറിംഗിനു വിളിച്ചു. അന്നത്തെ പ്രിന്‍സിപ്പല്‍ ബാലസുബ്രഹ്മണ്യവും അടുത്ത പ്രിന്‍സിപ്പലാകേണ്ട ഗോവിന്ദന്‍ നമ്പൂതിരിയും ഹാജരായി. വിദ്യാര്‍ത്ഥികളോ അദ്ധ്യാപകരോ എനിക്കെതിരെ പരാതി നല്‍കിയിരുന്നോയെന്നും അറ്റന്‍ഡന്‍സ് രജിസ്ട്രറില്‍ സമയം വൈകിയാണോ ഒപ്പിട്ടിരുന്നതെന്നും അവര്‍ പരിശോധിച്ചു. സത്യം തെളിഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റില്‍ എനിക്കെതിരെ മോശമായി എഴുതിപ്പിടിപ്പിച്ചതെന്ന് അവര്‍ പ്രിന്‍സിപ്പലിനോടു ചോദിച്ചു. അത് തിരുത്തിക്കൊടുക്കണമെന്ന് ഉത്തരവുമിറക്കി. കുറേ ദിവസങ്ങള്‍ക്കുശേഷം സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കി. 

2015-'16ല്‍ വീണ്ടും ഗസ്റ്റ് അദ്ധ്യാപികയായി ഞാന്‍ ജോയിന്‍ ചെയ്തു. അപ്പോഴേക്കും വകുപ്പധ്യക്ഷന്റെ കണ്ണിലെ കരടായി ഞാന്‍ മാറിയിരുന്നു. പലതരത്തിലുള്ള ഭീഷണി ഓരോ ദിവസവും ഞാന്‍ നേരിട്ടുകൊണ്ടിരുന്നു. ചെറിയ വിഷയങ്ങള്‍ക്കുപോലും സ്റ്റാഫ് റൂമിലേക്കു വിളിച്ചുവരുത്തി ദേഷ്യപ്പെട്ടു. പരാതി ഉണ്ടാക്കി പുറത്താക്കുമെന്നായിരുന്നു ഭീഷണി. എന്നോട് സംസാരിക്കുന്ന കുട്ടികളേയും അദ്ദേഹം വെറുതെവിട്ടില്ല. ഞാന്‍ ഇടുന്ന മാര്‍ക്ക് തിരുത്തി കൂടുതല്‍ മാര്‍ക്ക് അനര്‍ഹര്‍ക്കു നല്‍കുകയും ചെയ്തു.

ഇപ്പോള്‍ തൃപ്പൂണിത്തുറ എം.എല്‍.എയുടെ പി.എയായി പ്രവര്‍ത്തിക്കുന്ന എസ്.എഫ്.ഐ നേതാവായ ഒരു വിദ്യാര്‍ത്ഥി, ഒരു ദിവസം ചില വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍മാര്‍ക്ക് കൂട്ടിക്കൊടുക്കണം എന്ന ആവശ്യവുമായി എന്നെ സമീപിച്ചു. ഇതു ഞാന്‍ സമ്മതിച്ചുകൊടുത്തില്ല. ടീച്ചര്‍ പഴയ എസ്.എഫ്.ഐക്കാരിയാകാം, പണ്ട് ആനപ്പുറത്തിരുന്ന തഴമ്പും പറഞ്ഞ് ഞങ്ങളുടെയടുത്ത് വരണ്ടെന്ന് ആ വിദ്യാര്‍ത്ഥി കാമ്പസില്‍ പ്രസംഗിച്ചുനടന്നു. 

സമരം ഉണ്ടായാലും, ഒരു വിദ്യാര്‍ത്ഥിയെങ്കിലും ക്ലാസ്സ് റൂമില്‍ പഠിക്കാന്‍ ഇരിപ്പുണ്ടെങ്കില്‍ അദ്ധ്യാപിക ക്ലാസ്സ് റൂം വിട്ടുപോകരുതെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. സമരദിനങ്ങളില്‍ ഞാന്‍ ക്ലാസ്സില്‍നിന്നിറങ്ങുന്നില്ലെന്നു പറഞ്ഞു പലവട്ടം എന്നെ കയ്യേറ്റം ചെയ്യാന്‍ എസ്.എഫ്.ഐയിലെ ചിലര്‍ ശ്രമിച്ചു. ക്ലാസ്സില്‍ പൂട്ടിയിടാനും നീക്കം നടന്നു. ബാഗില്‍ മയക്കുമരുന്നു കൊണ്ടുവച്ച് മയക്കുമരുന്നു വില്‍പ്പനക്കാരിയെന്നു പറഞ്ഞു നിങ്ങളെ കോളേജില്‍നിന്നു പുറത്താക്കുമെന്നും ഭീഷണി മുഴക്കി. 

എറണാകുളത്തെ ചില പാര്‍ട്ടി നേതാക്കളുമായി എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ച കാലം മുതല്‍ എനിക്കു പരിചയം എനിക്കുണ്ടായിരുന്നു. പാര്‍ട്ടിബന്ധമുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ പ്രവേശന പരീക്ഷയ്ക്കു വേണ്ട പരിശീലനം പാര്‍ട്ടി ഓഫീസില്‍ചെന്നു ഞാന്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ഓഫീസ് സെക്രട്ടറി വിളിച്ചുപറഞ്ഞ പ്രകാരമാണ് ഞാന്‍ പോയത്. അങ്ങനെ ആ വിദ്യാര്‍ത്ഥിനിക്ക് അഡ്മിഷന്‍ ലഭിച്ചു. എന്നാല്‍, പിന്നീട് ആ വിദ്യാര്‍ത്ഥിനി തന്നെ എന്റെ പേരില്‍ വ്യാജ പരാതി പ്രിന്‍സിപ്പലിനു കൊടുത്തു. ആ കുട്ടിയെ ചില പഠനപിഴവുകളില്‍ ഞാന്‍ വഴക്കുപറഞ്ഞിട്ടുണ്ടെന്നതു സത്യം. എന്നാല്‍, ലൈംഗികമായ ചേഷ്ടകള്‍ ആ കുട്ടിയെ കാണിച്ചുവെന്നതടക്കമുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ആരോപിച്ചായിരുന്നു പരാതി. ആ പരാതി എന്നെ കാണിക്കാന്‍ പ്രിന്‍സിപ്പലും വകുപ്പ് അധ്യക്ഷനും തയ്യാറായതുമില്ല.

2015 ഡിസംബര്‍ 31. ഒപ്പിടാനായി ഞാന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ചെന്നപ്പോള്‍ മാധവന്‍ നമ്പൂതിരി പറഞ്ഞു: ''ഇങ്ങനെയൊരു പരാതി കിട്ടാന്‍ ഞങ്ങള്‍ കുറേക്കാലമായി കാത്തിരിക്കുകയായിരുന്നു. ഇനി നിങ്ങളെ ഈ കാമ്പസില്‍ കണ്ടുപോകരുത്.'' ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വകുപ്പ് മേധാവിയോട് പലവട്ടം പറഞ്ഞു. എന്നാല്‍, എന്നെ പരാതി കാണിച്ചുമില്ല. തെറ്റു ചെയ്തില്ലെന്നു പ്രിന്‍സിപ്പലിനോട് പറഞ്ഞെങ്കിലും അദ്ദേഹവും ചെവിക്കൊണ്ടില്ല. 

വ്യാജരേഖകളുടെ പ്രളയം

2016 ജനുവരി ഒന്നിനു രാവിലെ ഞാന്‍ വീണ്ടും കോളേജിലെത്തിയെങ്കിലും ഒപ്പിടാന്‍ സമ്മതിച്ചില്ല. എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് വേണമെന്നു ഞാന്‍ അപേക്ഷ നല്‍കി. തുടര്‍ന്നു കുറച്ചുകഴിഞ്ഞു കുറ്റാരോപണ മെമ്മോയും പെണ്‍കുട്ടിയുടെ പരാതിയുടെ പകര്‍പ്പും എനിക്കു കിട്ടി. ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും അതുവരെ അറ്റന്‍ഡന്‍സ് രജിസ്ട്രറില്‍ ഒപ്പിടരുതെന്നും ക്ലാസ്സെടുക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഞാന്‍ ഇങ്ങനെ വിശദീകരണം കൊടുത്തു: പെണ്‍കുട്ടിയുടെ ഭാവിയെ വിചാരിച്ച് എനിക്കു പറയാനുള്ള കാര്യങ്ങള്‍ ഒരു രഹസ്യകമ്മിഷനു മുന്നില്‍ ബോധ്യപ്പെടുത്താം. പെണ്‍കുട്ടി എനിക്കുനേരെ ഉന്നയിച്ച പരാതികള്‍ക്ക് അക്കമിട്ട് വിശദീകരണവും നല്‍കി. തുടര്‍ന്ന് എന്നെ ഹിയറിംഗിനു വിളിക്കാതെ, വനിതാസെല്ലും സ്റ്റാഫ് കൗണ്‍സിലും പരാതി പരിശോധിക്കാതെ ഹിയറിംഗിനു വിളിച്ചുവെന്നും എന്റെ ഭാഗം കേട്ടുവെന്നും ഞാന്‍ തെറ്റുകാരിയെന്നു തെളിഞ്ഞുവെന്നും രേഖ ചമച്ച് പ്രിന്‍സിപ്പലും വകുപ്പധ്യക്ഷനും എന്നെ കോളേജില്‍നിന്നും പുറത്താക്കി.

ഇടതുപക്ഷ സഹയാത്രിക ആയതിനാലും ഇതില്‍ ചില എസ്.എഫ്.ഐക്കാര്‍ക്ക് പങ്കാളിത്തം ഉള്ളതിനാലും പാര്‍ട്ടിക്കാരെ കണ്ട് പരാതി പറഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ജില്ലയിലെ പല നേതാക്കളെയും നേരില്‍ കണ്ട് പ്രശ്‌നം അവതരിപ്പിച്ചു. അനുഭാവപൂര്‍വ്വം പലരും പെരുമാറി. എല്ലാവരോടും പറഞ്ഞിട്ട് കയ്യൊഴിഞ്ഞു, ഇനി സഖാവ് നിയമപരമായി നീങ്ങൂവെന്നു ജില്ലയിലെ പ്രധാന നേതാവ് പറഞ്ഞതോടെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നു എനിക്കു മനസ്സിലായി. നേരെ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങി 21 ദിവസത്തിനകം കോളേജില്‍ തിരിച്ചുകയറി. എന്നാല്‍, സ്റ്റേ സ്വന്തമായി ഞാന്‍ എഴുതിയുണ്ടാക്കിയെന്നായിരുന്നു വകുപ്പു മേധാവിയുടെ ആക്ഷേപം. രജിസ്ട്രറില്‍ ഒപ്പിടാന്‍ അനുവദിച്ചുമില്ല. അദ്ദേഹം ആരെയൊക്കെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് എസ്.എഫ്.ഐക്കാരില്‍ ചിലര്‍ കയറിവന്ന് കോര്‍ട്ട് ഓര്‍ഡര്‍ കത്തിച്ചുകളയുമെന്നു ഭീഷണിപ്പെടുത്തി. അതോടെ ഭയന്ന് ഓര്‍ഡര്‍ ഫയലിലാക്കി ഓഫീസില്‍നിന്നും ഞാന്‍ പുറത്തിറങ്ങി. പിന്നീട് അവര്‍ പോയശേഷം ഉത്തരവ് പ്രിന്‍സിപ്പലിന് കൊടുത്തു. പാര്‍ട്ടിക്കെതിരെ ഞാന്‍ പ്രവര്‍ത്തിക്കുകയാണെന്ന പ്രചരണം ചില വിദ്യാര്‍ത്ഥിനേതാക്കളുടെ ഭാഗത്തുനിന്നു നടന്നുകൊണ്ടിരുന്നു.

എനിക്കെതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ ഞാന്‍ പരാതി അയച്ചു. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം പരാതി തപാലിലാണ് അയച്ചത്. അക്ക്‌നോളജ്‌മെന്റ് കാര്‍ഡ് വച്ചിരുന്നെങ്കിലും മറുപടി ലഭിക്കാത്തതിനാല്‍ ഒരു ദിവസം നേരിട്ട് അന്വേഷിക്കാന്‍ ചെന്നു. ഇത് സര്‍വ്വീസ് കേസായതിനാല്‍ കേസെടുക്കാനാകില്ലെന്നു അവിടെയുണ്ടായിരുന്ന പൊലീസുകാരന്‍ പറഞ്ഞു. കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതി സമീപിച്ചതോടെ എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ അവര്‍ തയ്യാറായി. പ്രിന്‍സിപ്പല്‍ ഗോവിന്ദന്‍ നമ്പൂതിരി, വകുപ്പ് മേധാവി മാധവന്‍ നമ്പൂതിരി, പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്നിവരെ പ്രതി ചേര്‍ത്തായിരുന്നു എഫ്.ഐ.ആര്‍. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ നടപടിയുണ്ടായില്ല. ഫാള്‍സ് കേസ് എന്നു പറഞ്ഞ് കേസ് പൊലീസ് തള്ളി. വീണ്ടും കേസ് നടത്താന്‍ എന്റെ കൈവശം പണം ഉണ്ടായിരുന്നില്ല. 2016-ല്‍ ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പട്ടികജാതി-വകുപ്പ് മന്ത്രി എന്നിവര്‍ക്കു വീണ്ടും പരാതി കൊടുത്തു.

മുഖ്യമന്ത്രിക്കു കൊടുത്ത പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്റെ വീട്ടില്‍വന്നു. അപ്പോളേക്കും വിവരാവകാശ നിയമ പ്രകാരം എന്റെ പേരിലുള്ള പരാതികളെക്കുറിച്ചുള്ള രേഖകള്‍ ഞാന്‍ നേടിയിരുന്നു. 1. കോളേജുകാര്‍ എന്റെ ഭാഗം കേള്‍ക്കാതെ കേട്ടു എന്നു നടപടിക്രമത്തില്‍ രേഖപ്പെടുത്തിയത്. 2. പരാതി നല്‍കപ്പെട്ട ദിവസം (2015 ഡിസംബര്‍ 31) നിലവില്‍ വരാത്ത യൂണിയന്റെ ചെയര്‍മാന്റെ പേരിലുള്ള പരാതി. അതാകട്ടെ ലെറ്റര്‍ പാഡില്ലാതെ, വെള്ളപേപ്പറില്‍. 3. ക്ലാസ്സിലെ പെണ്‍കുട്ടികളുടേതായി നല്‍കിയെന്നു പറയപ്പെടുന്ന, മാധവന്‍ നമ്പൂതിരിയുടെ കൈയക്ഷരത്തിലുള്ള പരാതി. 4. എനിക്കെതിരെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി നല്‍കിയെന്നു പറയപ്പെടുന്ന, ഞാന്‍ പഠിപ്പിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ടിരിക്കുന്ന ഭീമഹര്‍ജി. ഈ രേഖകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥനു നല്‍കി. വകുപ്പ് അധ്യക്ഷന്‍ ഇതെല്ലാം കരുതിക്കൂട്ടി ചമച്ചതായിരുന്നുവെന്നു വ്യക്തമാക്കാന്‍ ഈ തെളിവുകള്‍ ധാരാളമായിരുന്നു.

അന്വേഷണങ്ങള്‍ക്കു മറുപടിയെന്നോണം, ഉന്നതവിദ്യാഭ്യാസ വകുപ്പില്‍നിന്ന് എനിക്കു കത്തുവന്നു. കോളേജ് വനിതാസെല്ലും കോളേജ് കൗണ്‍സിലും ഈ വിഷയം ചര്‍ച്ച ചെയ്തില്ല എന്നതൊഴിച്ചാല്‍ കോളേജില്‍ പരിഹരിക്കപ്പെടേണ്ട കാര്യങ്ങള്‍ കോടതിയിലേക്കു വലിച്ചിഴച്ചു, കോടതിയെ സമീപിച്ച സമീപനം പ്രോത്സാഹന ജനകമല്ല എന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു- ഇങ്ങനെയായിരുന്നു കത്തിന്റെ ഉള്ളടക്കം. പട്ടികജാതി വകുപ്പു മന്ത്രി ഏ.കെ. ബാലന്‍സാറിന് ഞാന്‍ നേരിട്ടു കൊടുത്ത മൂന്ന് പരാതികള്‍ ഓഫീസില്‍ ലഭിച്ചിട്ടില്ലെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ആ പരാതികള്‍ അവിടെനിന്ന് മുക്കിയത് ആരാണ്? പിന്നീട് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു പരാതി അവിടെ കിട്ടിയിട്ടില്ലെന്ന് അറിയിച്ചു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ് സാറിനൊപ്പമാണ് വിദ്യാഭ്യാസ മന്ത്രിക്കു പരാതി കൊടുത്തത്. അതിനും നടപടിയുണ്ടായില്ല. ഇതിനൊക്കെ പിന്നില്‍ എന്തുനടന്നുവെന്ന് എനിക്കറിയില്ല. 

ത‌ൃപ്പൂണിത്തുറ ആർഎൽവി കോളേജിന് മുന്നിൽ ഹേമലത ടീച്ചർ നടത്തിയ സമരനടനം
ത‌ൃപ്പൂണിത്തുറ ആർഎൽവി കോളേജിന് മുന്നിൽ ഹേമലത ടീച്ചർ നടത്തിയ സമരനടനം

എസ്.സി-എസ്.ടി കമ്മിഷനില്‍ കൊടുത്ത പരാതിയില്‍ മാത്രമാണ് ഞാനനുഭവിച്ച വിവേചനത്തില്‍ അനുകൂലമായ നടപടി ഉണ്ടായത്. പരാതിപ്രകാരം എന്നെ ഹിയറിംഗിനു വിളിച്ചു. കോളേജുകാര്‍ തെറ്റായ പരാതിയാണ് എനിക്കെതിരെ ഉയര്‍ത്തിയതെന്ന് (വിവരാവകാശ രേഖകള്‍ സമര്‍പ്പിച്ച പ്രകാരം) കമ്മിഷനു മനസ്സിലായി. ഗോവിന്ദന്‍ നമ്പൂതിരിയേയും മാധവന്‍ നമ്പൂതിരിയേയും കമ്മിഷന്‍ വിളിച്ചുവരുത്തി. ഇവരുടേയും ഭാഗം കേട്ടതോടെ നിലവില്‍ ജാതിവിവേചനത്തിനു ഞാന്‍ ഇരയായെന്ന് കമ്മിഷനു ബോധ്യപ്പെട്ടു. താല്‍ക്കാലിക നിയമനങ്ങളില്‍ എന്നെ നിയമിക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശാ ഉത്തരവിറക്കി. ഈ ഉത്തരവാകട്ടെ, ഒരു വര്‍ഷത്തിനുശേഷമാണ്(2020ല്‍) എനിക്കുകിട്ടിയത്. ഉത്തരവ് ജൂലായ് ഏഴ് കോളേജിലേക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഞാന്‍ അയച്ചുകൊടുത്തു. കോളേജില്‍നിന്നും എനിക്കു മറുപടിവന്നു- താങ്കളുടെ കത്ത് വിദ്യാഭ്യാസ ഡയറക്ടറേറ്റിന് അയച്ചിരിക്കയാണെന്നും, അവരുടെ തീരുമാനം അറിയിക്കുമെന്നും. എന്നാല്‍, ഡയറക്ടറേറ്റിലേക്ക് അയച്ച കത്തിനു മറുപടി വന്നില്ല. ഈ അധ്യയനവര്‍ഷം (202021) കോളേജില്‍ ഇന്റര്‍വ്യൂ നടക്കുന്നുണ്ടോയെന്നു ഞാന്‍ നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു. കൊറോണക്കാലം ആയതിനാല്‍ നിയമനം നടക്കുന്നില്ല എന്നായിരുന്നു മറുപടി. പിന്നീടാണ് ഞാന്‍ അറിഞ്ഞത് ഇന്റര്‍വ്യൂ കഴിഞ്ഞവിവരം. മംഗളം ദിനപത്രത്തിലും വെബ്‌സൈറ്റിലും മാത്രമായിരുന്നു അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. അത് ശ്രദ്ധിക്കാതിരുന്നത് എന്റെ തെറ്റാണ്. പക്ഷേ, എസ്.സി-എസ്.ടി കമ്മിഷന്റെ ശുപാര്‍ശകത്ത് അയച്ച പ്രകാരമെങ്കിലും എന്നെ അവര്‍ക്ക് അറിയിക്കാമായിരുന്നു. ജാതിവിവേചനത്തിന്റെ കേന്ദ്രമായ ഒരു കലാലയത്തില്‍നിന്ന് അങ്ങനെ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലയെന്ന് എനിക്കിപ്പോള്‍ അറിയാം. മുഖ്യമന്ത്രിയുടെ സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രിയുടെ സെക്രട്ടറി, അഡിഷണല്‍ സെക്രട്ടറി ഇവരെയെല്ലാം ഈ വിവരം അറിയിച്ചു. ഒടുവിലായി വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍നിന്ന് ഒരു കത്തുവന്നു. ഗസ്റ്റ് അദ്ധ്യാപക നിയമനത്തില്‍ സംവരണതത്ത്വം പാലിക്കേണ്ടതില്ലാത്തതിനാല്‍ എന്നെ നിയമിക്കേണ്ടതില്ല എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. നിയമപരമായി മുന്നോട്ടുപോകാന്‍തന്നെയാണ് എന്റെ തീരുമാനം. ഞാന്‍ അനുഭവിച്ച വിവേചനങ്ങള്‍ അറിഞ്ഞെത്തിയ ഒരു അഭിഭാഷക നിയമസഹായവുമായി എനിക്കൊപ്പമുണ്ട്.

***
പത്തു വര്‍ഷങ്ങളുടെ അനുഭവകഥ, മറൈന്‍ ഡ്രൈവിലിരുന്ന്  മൂന്നുമണിക്കൂറോളമെടുത്ത് ഹേമലത പറഞ്ഞുതീര്‍ത്തു. വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍നിന്നു നിയമനത്തിനു പരിഗണിക്കേണ്ടതില്ല എന്ന കത്തു വന്ന സ്ഥിതിക്ക് ഇനിയും സമരം തുടരുന്നതില്‍ എന്താണ് അര്‍ത്ഥം? ഹേമലതയോട് ചോദിച്ചു. നിസ്സംഗത ഒളിപ്പിച്ച ചിരിയായിരുന്നു മറുപടി. ഞാന്‍ ഒറ്റയ്ക്കു നീന്തിയ കടലും നേരിട്ട ഒഴിവാക്കലുകളും ജീവിതത്തില്‍ ഒരാളും ഇനി അനുഭവിക്കരുത്. അതിനാല്‍ അനുഭവങ്ങള്‍ തുറന്നുപറയുന്നു.  നിതീപീഠത്തെ അവസാന അഭയമായി കാണുന്നു. നൃത്തകല സമരമുറയാക്കി സമരം തുടരും! നിശ്ചയദാര്‍ഢ്യത്തോടെ എരിയുന്ന വെയിലിലേക്ക് ഹേമലത ഇറങ്ങിനടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com