'ഹിന്ദു വര്‍ഗ്ഗീയതയെ മാത്രം വിമര്‍ശിക്കുന്നവരെ ലീഗും ജമാഅത്തും അവയുടെ കോന്തല സംഘടനകളും ആശ്ലേഷിക്കും'

ഹിന്ദു വര്‍ഗ്ഗീയതയെ മാത്രം വിമര്‍ശിക്കുന്നവരെ ലീഗും ജമാഅത്തും അവയുടെ കോന്തല സംഘടനകളും ആശ്ലേഷിക്കും
എ വിജയരാഘവൻ
എ വിജയരാഘവൻ

ന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് മുസ്ലിം സമുദായം. ആ സമുദായത്തിനകത്ത് സ്വാതന്ത്ര്യത്തിനു മുന്‍പ് 1906 ഡിസംബറില്‍ 'ഓള്‍ ഇന്ത്യ മുസ്ലിം ലീഗ്' എന്ന സംഘടന രൂപംകൊണ്ടു. പ്രധാനമായും ഉത്തരേന്ത്യയിലെ നവാബുമാരും സമീന്ദാര്‍മാരും ഇതര വരേണ്യരുമുള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മയായാണ് അതു നിലവില്‍ വന്നത്. നവാബ് സലീമുല്ലാ ഖാന്‍, നവാബ് വഖാറുല്‍ മുല്‍ക്, നവാബ് മുഹ്‌സിനുല്‍ മുല്‍ക്, ആഗാഖാന്‍ മൂന്നാമന്‍ എന്നറിയപ്പെട്ട സുല്‍ത്താന്‍ മുഹമ്മദ് ഷാ, ഹക്കിം അജ്മല്‍ ഖാന്‍ തുടങ്ങിയവരായിരുന്നു അതിന്റെ പ്രാരംഭകാല നേതാക്കള്‍. 1885 ഡിസംബറില്‍ നിലവില്‍ വന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍നിന്നു വ്യത്യസ്തമായി ഒരു മുസ്ലിം സമുദായ പാര്‍ട്ടി മാത്രമായിരുന്നു ലീഗ്. അപര സമുദായക്കാരെ ഒഴിച്ചുനിര്‍ത്തിയ ആ പാര്‍ട്ടി സത്താപരമായി വര്‍ഗ്ഗീയമായിരുന്നു എന്ന് അതിന്റെ പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ സുതരാം തെളിയിക്കയുണ്ടായി.

മുസ്ലിം ലീഗ് ജന്മമെടുത്ത് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴാണ് 1941 ആഗസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി രൂപവല്‍ക്കരിക്കപ്പെട്ടത്. 'മുസ്ലിങ്ങള്‍ക്ക് ഒരു പ്രത്യേക രാഷ്ട്രം'  എന്ന ആശയമാണ് 1940 മാര്‍ച്ചില്‍ ലീഗ് അതിന്റെ ലാഹോര്‍ പ്രമേയത്തിലൂടെ മുന്നോട്ടു വെച്ചതെങ്കില്‍, ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യം അതില്‍ ഒതുങ്ങിയില്ല. ആ സംഘടനയ്ക്കു വേണ്ടത് മുസ്ലിം രാഷ്ട്രമായിരുന്നില്ല, ഇസ്ലാമിക രാഷ്ട്രമായിരുന്നു. എന്നുവെച്ചാല്‍, മുസ്ലിം ഭൂരിപക്ഷ രാഷ്ട്രം നേടുകയല്ല, ഇസ്ലാമിക മതഭരണം നിലനില്‍ക്കുന്ന മുസ്ലിം ഭൂരിപക്ഷ രാഷ്ട്രം സമ്പാദിക്കുകയാണ് മുസ്ലിങ്ങള്‍ ചെയ്യേണ്ടത് എന്നതായിരുന്നു ജമാഅത്തിന്റെ നിലപാട്.

മുകളില്‍ പരാമര്‍ശിച്ചതും സ്വാതന്ത്ര്യത്തിനു മുന്‍പ് നിലവില്‍ വന്നതുമായ രണ്ടു സംഘടനകളും ഒരുപോലെ പങ്കുവെച്ച ഒരു സവിശേഷതയുണ്ട്. അത് വര്‍ഗ്ഗീയ മനോഭാവമാണ്. ജമാഅത്തെ ഇസ്ലാമിക്കാകട്ടെ, ലീഗിനില്ലാത്ത ഒരു സവിശേഷത കൂടിയുണ്ടായിരുന്നു. അത് ആ സംഘടനയുടെ ആത്മാവെന്നു വിശേഷിപ്പിക്കേണ്ട മതമൗലികവാദാഭിമുഖ്യമാണ്. മുസ്ലിം ലീഗെന്ന പാര്‍ട്ടി രാഷ്ട്രീയത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുക മാത്രമല്ല, മതമൗലികവല്‍ക്കരിക്കുക കൂടി ചെയ്തു. ഇരുസംഘടനകളും സ്വാതന്ത്ര്യാനന്തരം പുനഃസംഘടിപ്പിക്കപ്പെട്ടു എന്നത് ശരിയാണെങ്കിലും സ്വഭാവപരമായി അവ മാറുകയുണ്ടായില്ല.

ഇതാണ് വസ്തുതയെങ്കിലും ന്യൂനപക്ഷ (മുസ്ലിം) വര്‍ഗ്ഗീയതയെക്കുറിച്ച് വല്ലവരും വിമര്‍ശനാത്മകമായി വല്ലതും ഉച്ചരിച്ചുപോയാല്‍ അങ്ങനെയൊരു പ്രതിഭാസമേയില്ലെന്നു ഘോഷിക്കാന്‍ ലീഗും ജമാഅത്തും മാത്രമല്ല, അവയില്‍നിന്നു പില്‍ക്കാലത്ത് പൊട്ടിമുളച്ചുണ്ടായ കൂട്ടായ്മകളും ചാടിവീഴും. അവരുടെ കാഴ്ചപ്പാടില്‍ ഇന്ത്യയില്‍ ഒരൊറ്റ വര്‍ഗ്ഗീയതയേയുള്ളൂ. അത് ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ്. ഭൂരിപക്ഷ (ഹിന്ദു) വര്‍ഗ്ഗീയതയെ മാത്രം വിമര്‍ശിക്കുന്നവരെ ലീഗും ജമാഅത്തും അവയുടെ കോന്തലസംഘടനകളും ആശ്ലേഷിക്കും. ന്യൂനപക്ഷ (മുസ്ലിം) വര്‍ഗ്ഗീയത കൂടി ഒരു മൂര്‍ത്ത യാഥാര്‍ത്ഥ്യമാണെന്നു വിലയിരുത്തുകയും ഹിന്ദു വര്‍ഗ്ഗീയതയോടൊപ്പം അതിനെക്കൂടി വിമര്‍ശനവിധേയമാക്കുകയും ചെയ്യുന്നവരെ കൊടും ശത്രുക്കളായാണ് അവര്‍ കാണുക. ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും മതമൗലിക വാദത്തേയും വിമര്‍ശിക്കുന്നവര്‍ക്ക് 'മൃദു ഹിന്ദുത്വവാദികള്‍' എന്ന ലേബല്‍ അവര്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യും. ഇ.എം.എസ്., വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖ സി.പി.എം നേതാക്കളെ വരെ അവര്‍ മൃദുഹിന്ദുത്വവാദികള്‍ എന്നു ചാപ്പകുത്തിയതിനു ചരിത്രം സാക്ഷിയാണ്.

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ സി.പി.എമ്മിന്റെ മറ്റൊരു നേതാവിനുകൂടി ലീഗ്-ജമാഅത്ത് പ്രഭൃതികള്‍ മൃദുഹിന്ദുത്വവാദിപ്പട്ടം നല്‍കിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവനാണ് അവരുടെ പുതിയ ഇര. വര്‍ഗ്ഗീയതയും മതമൗലികവാദവും മതതീവ്രവാദവും സംബന്ധിച്ച് ചില അപ്രിയ സത്യങ്ങള്‍ വിജയരാഘവന്റെ നാവില്‍നിന്നു വീണുപോയി. വടക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ നയിച്ച അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍നിന്നുകൊണ്ടു സംസാരിക്കവെ വര്‍ഗ്ഗീയത ഉയര്‍ത്തുന്ന ഭീഷണിയിലേയ്ക്ക് കടന്നുചെന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ന്യൂനപക്ഷ വര്‍ഗ്ഗീയതകൊണ്ടല്ല നേരിടേണ്ടതെന്നു വ്യക്തമാക്കിയ അദ്ദേഹം ന്യൂനപക്ഷ വര്‍ഗ്ഗീയത കൂടുതല്‍ തീവ്രമാണെന്നു പറയുകകൂടി ചെയ്തു. (ഈ 'തീവ്ര'പ്രയോഗം നാക്കു പിഴയാണെന്ന് പ്രസംഗകന്‍ പിന്നീട് തിരുത്തുകയുണ്ടായി).

കേരളത്തിലേത് പാന്‍-ഇസ്ലാമിക തീവ്രവാദം

മുകളില്‍ പരാമര്‍ശിച്ച പ്രസംഗം മുന്‍നിര്‍ത്തി സി.പി.എം ആക്റ്റിംഗ് സെക്രട്ടറിയെ അടച്ചധിക്ഷേപിക്കുന്നതിനു മുന്‍പ് വിമര്‍ശകര്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്: വിജയരാഘവന്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത്, വിവാദത്തിനു വഴിവെച്ച പ്രസംഗം നടത്തുമ്പോള്‍ അദ്ദേഹം സംസാരിച്ചത് ദേശീയ പശ്ചാത്തലം മുന്നില്‍ വെച്ചല്ല; കേരളീയ പശ്ചാത്തലം മുന്നില്‍ വെച്ചാണ്. ദേശീയാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഏറ്റവും വലുതും തീവ്രവും കൂടുതല്‍ അപകടകരവും ഭൂരിപക്ഷ വര്‍ഗ്ഗീയതയാണെന്ന് അറിയാത്ത ആളല്ല ഇടതുമുന്നണി കണ്‍വീനര്‍. പക്ഷേ, കേരളാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയത ഏതാനും ദശകങ്ങളായി ഇവിടെ കൂടുതല്‍ ശക്തമാണ്. ബി.ജെ.പിക്ക് കേരളത്തില്‍ ഒരു നിയമസഭാംഗമെങ്കിലും 2016-ല്‍ മാത്രമാണെങ്കില്‍, മുസ്ലിം ലീഗ് ഇവിടെ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മാറി മാറി ഭരണകക്ഷിയായിരുന്നിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിലപേശല്‍ ത്രാണിയുള്ള വര്‍ഗ്ഗീയ കക്ഷി ചിരകാലമായി ലീഗാണ്. ലീഗിന്റെ വിതാനത്തില്‍ ബി.ജെ.പി എത്തണമെങ്കില്‍ ആ പാര്‍ട്ടി ഇനിയും അനേക സഹസ്രകാതങ്ങള്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ലീഗ് മാത്രമല്ല, മറ്റു ചില ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകളും ഇടക്കാലത്ത് മലയാളക്കരയില്‍ ഗണ്യമായ അളവില്‍ വേരോട്ടം നേടിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രന്റും അവയുടെ പോഷക വിഭാഗങ്ങളും അക്കൂട്ടത്തില്‍പ്പെടുന്നു. വര്‍ഗ്ഗീയ-മതമൗലിക വികാരം ആളിക്കത്തിക്കുന്ന മുദ്രാവാക്യങ്ങളും പ്രമേയങ്ങളും സംസ്ഥാനത്ത് ആദ്യമുയര്‍ന്നത്  ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളില്‍നിന്നാണ്. പില്‍ക്കാലത്ത് പോപ്പുലര്‍ ഫ്രണ്ടായി വേഷപ്പകര്‍ച്ച നടത്തിയ 'സിമി'ക്കാരാണ് 1986-ല്‍ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മതമൗലിക മുദ്രാവാക്യവുമായി അരങ്ങിലെത്തിയത്. ഏറെ വൈകാതെ ''ഖിലാഫത്ത് പുനഃസ്ഥാപിക്കുക' എന്ന മുദ്രാവാക്യവും അവര്‍ മുഴക്കി. അതിനു തൊട്ടുമുന്‍പ് 1985-ല്‍ മതനിരപേക്ഷതാ വിരുദ്ധവും ലിംഗനീതി നിരാസപരവും വര്‍ഗ്ഗീയ വികാര പ്രചോദിതവുമായ ''ശരിഅത്ത് സംരക്ഷണ പ്രക്ഷോഭ'ത്തിന്റെ മുഖ്യവേദികളിലൊന്നായി കേരളത്തെ പരിവര്‍ത്തിപ്പിച്ചത് ലീഗും ജമാഅത്തുമുള്‍പ്പെടെയുള്ള വര്‍ഗ്ഗീയ, മത യാഥാസ്ഥിതിക പ്രസ്ഥാനങ്ങളായിരുന്നു എന്നതും കൂട്ടത്തില്‍ ഓര്‍ക്കാം.

എണ്‍പതുകള്‍ക്കുശേഷം സംസ്ഥാനത്തെ ന്യൂനപക്ഷ വര്‍ഗ്ഗീയ-മത തീവ്രവാദ പ്രസ്ഥാനങ്ങള്‍ ആസൂത്രിതമായി നടത്തിപ്പോരുന്ന മറ്റൊരു വിപല്‍ക്കര പ്രവര്‍ത്തനം കേരളത്തിലെ മുസ്ലിങ്ങളില്‍ ഇര മനഃസ്ഥിതി വളര്‍ത്തിയെടുക്കുക എന്നതാണ്. മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി ഇവിടത്തെ മുസ്ലിങ്ങള്‍ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ പൊതുവെ പുരോഗതി കൈവരിച്ചവരത്രേ. അവരില്‍ ഇരബോധം സൃഷ്ടിക്കുക അത്ര എളുപ്പമല്ല. ആ പ്രയാസം തരണം ചെയ്യുന്നതിന് ഉത്തരേന്ത്യയിലേയോ വിദേശ രാജ്യങ്ങളിലേയോ മുസ്ലിങ്ങള്‍ അഭിമുഖീകരിക്കുന്ന കഷ്ടതകളെ ആന്തരവല്‍ക്കരിക്കാന്‍ കേരളീയ മുസ്ലിങ്ങളെ പാകപ്പെടുത്തണം. ആ പ്രക്രിയ ത്വരിപ്പിക്കുന്നതിനു തങ്ങളുടെ വരുതിയിലുള്ള സര്‍വ്വവിധ മാധ്യമങ്ങളേയും സമ്മേളനപ്പന്തലുകളേയും സെമിനാര്‍-സിംപോസിയ വേദികളേയും മുസ്ലിം പ്രതിലോമശക്തികള്‍ അതിവിദഗ്ദ്ധമായി ഉപയോഗിച്ചു പോന്നിട്ടുണ്ട്. ഗുജറാത്തിലേയോ യു.പിയിലേയോ കശ്മീരിയിലേയോ പലസ്തീനിലേയോ കൊസോവോയിലേയോ ഇറാഖിലേയോ ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയിലേയോ മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സ്വന്തം പ്രശ്‌നങ്ങളായി ആവാഹിച്ചെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് തങ്ങളും പീഡിതരായ ഇരകളാണെന്ന മനഃസ്ഥിതി സംസ്ഥാന മുസ്ലിങ്ങളില്‍ ഉല്പാദിപ്പിക്കുക എന്ന തന്ത്രം ആസൂത്രിതമായി അവര്‍ നടപ്പാക്കി.

അവിടെ അവസാനിക്കുന്നില്ല സംസ്ഥാനത്ത് സക്രിയമായ മുസ്ലിം മത തീവ്രവാദ വര്‍ഗ്ഗീയ സംഘങ്ങളുടെ പ്രവര്‍ത്തനം. ഇന്ത്യയ്ക്ക് വെളിയില്‍ ഇസ്ലാമിക മൗലികവാദികള്‍ നടത്തുന്ന മതാത്മകവും പലപ്പോഴും ഫാഷിസ്റ്റുമായ മുന്നേറ്റങ്ങള്‍ മുന്‍നിര്‍ത്തി കേരളീയ മുസ്ലിങ്ങളെ മതാഹങ്കാരത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള ശ്രമങ്ങളും അവര്‍ നടത്തിപ്പോന്നതു കാണാം. 1979-ല്‍ ഇറാനില്‍ ഇസ്ലാമിക ഭരണവാദിയായ ആയത്തുല്ല ഖുമെയ്നി വിജയപതാക നാട്ടിയപ്പോഴും 1996-ല്‍ താലിബാന്‍ നേതാവായ മുല്ല മുഹമ്മദ് ഉമര്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച് ആ രാഷ്ട്രത്തെ 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍' ആയി പ്രഖ്യാപിച്ചപ്പോഴും തുര്‍ക്കിയില്‍ ഇസ്ലാമിസ്റ്റായ റസിപ് തയ്യിബ് ഉറുദുഗാന്‍ അധികാരമേറിയപ്പോഴും ആഹ്ലാദാരവം മുഴക്കിയ കറുത്ത ചരിത്രത്തിന്റെ അവകാശികള്‍ കൂടിയാണവര്‍. ജിഹാദിസം പ്രചരിപ്പിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയും ചെയ്ത ബിന്‍ലാദന്മാരെ വീരനായകരായി കൊണ്ടാടാന്‍ അവരില്‍ മിക്കവരും മടിച്ചിട്ടുമില്ല. ഇച്ചൊന്ന സമീപകാല സംഭവങ്ങളെല്ലാം കണ്‍മുന്നിലിരിക്കെ കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയത ശക്തമാണെന്ന് വിജയരാഘവന്‍ പ്രസംഗമധ്യേ സൂചിപ്പിച്ചതിന് അദ്ദേഹത്തെ കണ്ണടച്ചധിക്ഷേപിക്കേണ്ടതുണ്ടോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com