'വിഷമഘട്ടത്തില്‍ പ്രതിപക്ഷം നാടിനൊപ്പം നിന്നില്ല'

കേരളത്തിന്റെ വികസനവും പുരോഗതിയും ലക്ഷ്യമാക്കി വിവിധ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയത്
കാനം രാജേന്ദ്രൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
കാനം രാജേന്ദ്രൻ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

ഭരണത്തുടര്‍ച്ചയെക്കുറിച്ചാണല്ലോ എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്തെ ഇടതുമുന്നണിയുടെ ഊന്നല്‍ അതുതന്നെയാണോ? ആ പ്രതീക്ഷയ്ക്ക് എന്തൊക്കെയാണ് കാരണങ്ങള്‍? 

കേരളത്തിന്റെ വികസനവും പുരോഗതിയും ലക്ഷ്യമാക്കി വിവിധ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയത്. ആ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒരു അവസരമുണ്ടാകണം. പ്രധാനമായും ജനങ്ങളുടെ പ്രശ്‌നങ്ങളോടു സ്വീകരിച്ചുവരുന്ന സമീപനം സര്‍ക്കാരിനു മികച്ച പ്രതിച്ഛായ നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും സാമൂഹിക സുരക്ഷയുടെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ നല്‍കിയ ജാഗ്രതയും കരുതലും സമാനതകളില്ലാത്തതാണ്. ആഗോളീകരണ കാലത്ത് ലോകത്തെമ്പാടും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് ഇതേ സാമൂഹിക സുരക്ഷയാണ്. ദയ ഇല്ലാത്ത പുതിയ സാമ്പത്തിക നയങ്ങള്‍ സാമൂഹിക സുരക്ഷ ഇല്ലാതാക്കുകയാണ്. ജീവിതത്തിന്റെ ഏതു മേഖലകളിലുള്ളവര്‍ക്കും അത് അനുഭവപ്പെടുന്നു. എന്നാല്‍, വളരെ വ്യത്യസ്തമാണ് ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ട് ജനങ്ങള്‍ക്കു ചെവികൊടുക്കുന്ന ഒരു സര്‍ക്കാര്‍, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ജനങ്ങള്‍ ഞങ്ങളെ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. അവര്‍ സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യും എന്നാണ് പ്രതീക്ഷ. സ്വാഭാവികമായും ഭരണത്തുടര്‍ച്ച തന്നെയാണ് ആ പ്രതീക്ഷയുടെ കാതല്‍. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണോ അത് മുന്നോട്ടു കൊണ്ടുപോകാനുള്ള പിന്തുണയാണ് ചോദിക്കുന്നത്.

ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത വലിയ വെല്ലുവിളികളാണ് ഈ അഞ്ചുവര്‍ഷത്തിനിടെ കേരളം അഭിമുഖീകരിച്ചത്. പ്രതിപക്ഷത്തുനിന്ന് ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ ലഭിക്കേണ്ട പിന്തുണ കിട്ടിയില്ല എന്ന് ഇടതു നേതാക്കള്‍ ആരോപിക്കുന്നത് എന്തുകൊണ്ടാണ്? 

പ്രതിപക്ഷം ജനങ്ങള്‍ക്കെതിരായ നിലപാടാണ് മിക്കപ്പോഴും സ്വീകരിച്ചത്. പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ ജനങ്ങളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും കിട്ടി. ഓഖി, രണ്ടു പ്രളയങ്ങള്‍, നിപ, ഇപ്പോള്‍ കൊവിഡ് തുടങ്ങിയ എല്ലാ വെല്ലുവിളികളിലും അതായിരുന്നു സ്ഥിതി. ഈ വിഷമഘട്ടം നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിക്കണം എന്നതില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല സംശയം. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളികളും കേരളത്തിനു പിന്തുണ നല്‍കി. എന്നാല്‍, ഈ സാഹചര്യങ്ങളെ സര്‍ക്കാരിനെതിരായ ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു കേരളത്തിലെ പ്രതിപക്ഷവും ബി.ജെ.പിയും. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനം പരിശോധിക്കാം. സാധാരണഗതിയില്‍ ഇത്തരം പ്രളയംപോലുള്ള വലിയ കെടുതികള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാനത്തിന്റേയും ജനങ്ങളുടേയും സഹായത്തിന് ഓടിയെത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരളത്തോടു സ്വീകരിച്ച സമീപനമെന്താണ് എന്നു പരിശോധിച്ചാല്‍, ജനങ്ങളെ സഹായിക്കാന്‍ ഒന്നും ചെയ്തില്ല എന്നു വ്യക്തമാകും. വെള്ളപ്പൊക്കംപോലുള്ള ദുരിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹെലിക്കോപ്റ്ററില്‍ വന്നു കണ്ടു പോയതുകൊണ്ടു കാര്യമില്ല. നിരവധി വിഷയങ്ങളില്‍ അവര്‍ സ്വീകരിച്ച സമീപനം നിഷേധാത്മകമാണ്. എന്നാല്‍, പ്രതിപക്ഷം അതിനേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. കേരളത്തിനു കിട്ടേണ്ട കാര്യങ്ങള്‍ നേടുന്നതിനുവേണ്ടി ഞങ്ങള്‍ രാഷ്ട്രീയ അഭിപ്രായങ്ങള്‍ തല്‍ക്കാലം മാറ്റിവച്ച് സര്‍ക്കാരിനൊപ്പം സഹകരിക്കാം എന്ന സമീപനമല്ല പ്രതിപക്ഷം സ്വീകരിച്ചത്. ഇവിടെ യു.ഡി.എഫും ബി.ജെ.പിയും ആ സമയം ഉപയോഗിച്ച് ഈ സര്‍ക്കാരിനെതിരെ എന്തു ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കുകയും സമരം ചെയ്യുകയുമായിരുന്നു. പ്രത്യേകിച്ചും ഈ കൊവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ വന്‍തോതിലുള്ള ബോധവല്‍ക്കരണമാണ് നടന്നത്. പക്ഷേ, അവര്‍ മുഖം തിരിച്ചുനിന്നു. ലോകരാജ്യങ്ങള്‍പോലും കൊവിഡ് പ്രതിസന്ധിയില്‍ പകച്ചുനില്‍ക്കുമ്പോള്‍ നമ്മുടെ പൊതുജനാരോഗ്യ സംവിധാനം ശക്തമായി പിടിച്ചുനിന്നു. ഇപ്പോഴും രോഗം കൂടുതലായി നമുക്കൊപ്പം ഉണ്ടെങ്കിലും മരണനിരക്കില്‍ കേരളം വളരെ പിന്നിലാണ്. ആരും മരിക്കുന്നില്ല എന്നല്ല, മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ നമ്മുടെ ആരോഗ്യപരിരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത പ്രകടമാണ്. പ്രതിപക്ഷത്തിന്റെ നിലപാട് ഇക്കാര്യത്തിലും സര്‍ക്കാരിനെതിരെ എന്തു കണ്ടെത്താന്‍ കഴിയും എന്നു നോക്കുന്ന മട്ടിലായി. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ പ്രതിപക്ഷത്തിന്റെ നിലപാട് തികച്ചും നെഗറ്റീവാണ് എന്നു പറയേണ്ടിവരികയാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കയ്യയച്ചു സഹായിച്ചപ്പോള്‍ പ്രതിപക്ഷമാണ് അതിന് എതിരെ നിന്നത്; പ്രതിപക്ഷവും അവരുടെ സംഘടനകളും. ഇങ്ങനെ ഓരോ കാര്യത്തില്‍ നോക്കിയാലും കാണാം. സര്‍ക്കാരിന്റെ ഭാഗത്തു തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷമാണ്. പക്ഷേ, ജനങ്ങളുടെ പൊതുവായ വിഷയങ്ങളില്‍ ഇവര്‍ എവിടെ നിന്നു എന്നതു പ്രധാനമാണ്. ജനങ്ങള്‍ അതൊക്കെ വിലയിരുത്തും.

ഒരു വിഭാഗം മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ നിലകൊണ്ടു എന്ന വിമര്‍ശനം രൂക്ഷമായാണ് ഇടതുമുന്നണി നേതാക്കള്‍ ഉന്നയിക്കുന്നത്. പക്ഷേ, സര്‍ക്കാരിനെ വിമര്‍ശിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും മാധ്യമങ്ങളുടെ ചുമതലയല്ലേ? 

മാധ്യമങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ സര്‍ക്കാരിന്റെ വിമര്‍ശകരായി മാറുന്നതിനെ തെറ്റു പറയാന്‍ പറ്റില്ല. അവരൊരിക്കലും സര്‍ക്കാരിന്റെ സ്തുതിപാഠകരായി മാറരുത്. പക്ഷേ, അവര്‍ സത്യത്തിനു നേരെ കണ്ണടയ്ക്കാന്‍ പാടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളെ വിമര്‍ശിക്കുക മാത്രം ചെയ്യുന്നത് മറ്റെന്തോ ഉദ്ദേശ്യം വച്ചുകൊണ്ടാണ്. 

ആ ഉദ്ദേശ്യം എല്‍.ഡി.എഫ് സര്‍ക്കാരിനെ മോശമാക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നതാണോ? 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു വന്നപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞത്, ''എല്‍.ഡി.എഫിന്റെ ഡെഡ്ബോഡി പോലും കിട്ടില്ല'' എന്നാണ്. അത്ര ദയനീയമായിരിക്കും എല്‍.ഡി.എഫിന്റെ പരാജയം എന്നാണ് അവര്‍ വിലയിരുത്തിയത്. പക്ഷേ, എല്‍.ഡി.എഫിന്റെ ശക്തി ജനങ്ങളിലാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്‍.ഡി.എഫിനു വലിയ വിജയം ഉണ്ടാക്കാന്‍ കഴിഞ്ഞു. വോട്ടിലെ ശതമാനത്തിന്റേയും സീറ്റുകളിലെ ഭൂരിപക്ഷത്തിന്റേയും കാര്യം മാത്രമല്ല ഞാന്‍ പറയുന്നത്. ജനമനസ്സുകളിലെ ഇടത്തേക്കുറിച്ചാണ്; അതാണല്ലോ സമയം വരുമ്പോള്‍ അവര്‍ പുറത്തുകാണിക്കുന്നത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 11-ല്‍ ഞങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടി. ഒരിടത്ത് തുല്യനില വന്നു. സര്‍ക്കാരിനെതിരെ എല്ലാ മാധ്യമങ്ങളും വലിയ പ്രചാരണം നടത്തി; കേന്ദ്രസര്‍ക്കാരും കേന്ദ്ര ഏജന്‍സികളും എല്‍.ഡി.എഫ് സര്‍ക്കാരിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിച്ചു. അവര്‍ കൊടുക്കുന്ന വാര്‍ത്തകള്‍ അതേവിധം നല്‍കി ജനങ്ങളില്‍ സംശയം ജനിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. സാധാരണപോലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വികസനത്തിന് ഒരു വോട്ട് എന്നൊന്നുമല്ല യു.ഡി.എഫ് പറഞ്ഞത്. അഴിമതിക്കെതിരെ ഒരു വോട്ട് എന്നായിരുന്നു മുദ്രാവാക്യം. തെറ്റിദ്ധരിപ്പിക്കലായിരുന്നു ലക്ഷ്യം. അതിന്റെ ഫലമെന്തായി. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എല്‍.ഡി.എഫിന് ഒന്നാന്തരം വിജയം ലഭിച്ചു. അതുകഴിഞ്ഞപ്പോള്‍ അവര്‍ പറയുകയാണ്, ഇതല്ല തെരഞ്ഞെടുപ്പ്, അതിനി വരാന്‍ പോകുന്നതേയുള്ളു എന്ന്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ അങ്ങനെ കൂട്ടുന്നില്ലത്രേ. ഇങ്ങനെ തരംപോലെ ഓരോന്നു പറഞ്ഞ് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടാം എന്നു സ്വപ്നം കാണുന്ന പ്രതിപക്ഷമായി ഇവര്‍ മാറി. ഒരു വിഭാഗം മാധ്യമങ്ങളും അതിനൊപ്പം നിന്നു.

ഇത്തവണ മുന്‍പെന്നത്തേക്കാള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായ വിധിയെഴുത്ത് ഉണ്ടായി എന്ന വിലയിരുത്തലുണ്ടോ? 

തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായി രാഷ്ട്രീയം നോക്കി വോട്ടു ചെയ്തു എന്നു ഞാനും പറയുന്നില്ല. പക്ഷേ, വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ഫലത്തെ കുറേയൊക്കെ സ്വാധീനിച്ചേക്കാം. എന്നാലും യു.ഡി.എഫിന് അനുകൂലമായിട്ടല്ലല്ലോ ആ സ്വാധീനവും പ്രകടമായത്. ജില്ലാ പഞ്ചായത്തുകളില്‍ അവര്‍ ജയിച്ചു കയറിക്കൊണ്ടിരുന്ന സ്ഥലങ്ങളിലൊക്കെ ഞങ്ങള്‍ ജയിച്ചു. ഈ ആത്മവിശ്വാസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ഫലമനുസരിച്ച് 140-ല്‍ 101 നിയമസഭാ മണ്ഡങ്ങളിലെ ജനവിധി എല്‍.ഡി.എഫിന് അനുകൂലമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ടോ? 

കേരളത്തില്‍ തദ്ദേശ, നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളുടെ പാറ്റേണ്‍ ഒരുപോലെയല്ല. ഓരോ തെരഞ്ഞെടുപ്പിന്റേയും ഘട്ടത്തിലെ മുഖ്യവിഷയം ജനവിധിയെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട്, തദ്ദേശ തെരഞ്ഞെടുപ്പിലെ അതേ പാറ്റേണില്‍ അല്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പു ഫലവും എല്‍.ഡി.എഫിന് അനുകൂലമായിത്തന്നെയാണ് വരാന്‍ പോകുന്നത്. 

പിണറായി വിജയനും കാനം രാജേന്ദ്രനും
പിണറായി വിജയനും കാനം രാജേന്ദ്രനും

കഴിഞ്ഞ അഞ്ചു വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ സര്‍ക്കാരിനോടു സ്വീകരിച്ച നിഷേധാത്മക നിലപാടുകളെക്കുറിച്ചു പറഞ്ഞു. ഇടതുപക്ഷത്തോടും ഇടതു സര്‍ക്കാരിനോടുമുള്ള വിവേചനമാണോ അത്. അതോ പതിവു കേന്ദ്ര അവഗണനയോ? 

സ്വാഭാവികമായും എല്‍.ഡി.എഫ് സ്വീകരിക്കുന്ന വര്‍ഗ്ഗീയതയ്ക്കും ഫാസിസത്തിനും എതിരായ രാഷ്ട്രീയ നിലപാടുകളോട് അവര്‍ക്ക് എതിര്‍പ്പുണ്ട്. പക്ഷേ, നമ്മുടെ ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമായ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബ്ബലപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. അവരുടെ നിയമനിര്‍മ്മാണങ്ങള്‍ നോക്കൂ; തൊഴില്‍ നിയമങ്ങളെ ഇല്ലാതാക്കി ലേബര്‍ കോഡുകളാക്കി മാറ്റി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തൊഴില്‍ നിയമങ്ങളുണ്ട്. അങ്ങനെ കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട തൊഴില്‍ നിയമങ്ങളെ എല്ലാംകൂടി ലേബര്‍കോഡ് എന്ന ഓമനപ്പേരിട്ട് നാലെണ്ണത്തിലേക്ക് ഒതുക്കി. കൃഷിയും സംസ്ഥാന വിഷയമാണ്; കാര്‍ഷിക പരിഷ്‌കരണവും കമ്പോളവുമായി ബന്ധപ്പെട്ട നിയമങ്ങളും ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങള്‍ക്കനുസരിച്ചു വ്യത്യസ്തമാണ്. എന്നാല്‍, ഇപ്പോള്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും എതിരാണ്. അതിനെതിരെയാണ് രാജ്യവ്യാപക സമരം നടക്കുന്നത്. ഇങ്ങനെ വിവിധ മേഖലകളെ ജനാധിപത്യ വിരുദ്ധമായി ഏകശിലാ രൂപത്തിലേക്കു കൊണ്ടുപോകാനുള്ള വലിയ ഒരു ശ്രമമാണ് നടക്കുന്നത്. അവര്‍ക്ക് ഇതിന്റേയും വിലയും കാമ്പും അറിയില്ല. കാരണം, രാജ്യത്തിനു സ്വാതന്ത്ര്യം നേടിയെടുക്കുന്നതിലോ ഭരണഘടന നിര്‍മ്മിക്കുന്നതിലോ ഒന്നും സംഘപരിവാറിന്റെ യാതൊരു പങ്കുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണകള്‍ മനുസ്മൃതിയുടെ അടിസ്ഥാനത്തിലോ ആര്‍.എസ്.എസ്സിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിലോ മാത്രമായിരിക്കും. അല്ലാതെ അനുഭവങ്ങളില്‍നിന്ന് ഉണ്ടായതല്ല. ആ കാരണത്താല്‍, വൈവിധ്യങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്ന ഇന്ത്യയുടെ മഹനീയ പാരമ്പര്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അതിനെയൊക്കെ എതിര്‍ത്തേ പറ്റുകയുള്ളു; എതിര്‍ക്കാതെ മുന്നോട്ടു പോകാന്‍ പറ്റില്ല. അപ്പോള്‍ അവരുടെ അനിഷ്ടം പല രൂപത്തില്‍ പുറത്തുവരും. പക്ഷേ, അതുകൊണ്ട് ഞങ്ങള്‍ എതിര്‍പ്പും പോരാട്ടവും അവസാനിപ്പിക്കാന്‍ പോകുന്നില്ല. 

തെരഞ്ഞെടുപ്പുകളില്‍ ജയിക്കു മ്പോഴും അവര്‍ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ സര്‍ക്കാരല്ല; ഭൂരിപക്ഷം അവര്‍ക്കെതിരേയാണ് വോട്ടു ചെയ്യുന്നത്. പക്ഷേ, അവര്‍ അധികാരത്തില്‍ വരുന്നു. അതാണ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ മറ്റൊരു പ്രത്യേകത. പ്രതിപക്ഷത്തിന്റെ ഐക്യം ശക്തമായി രൂപപ്പെടുത്തിക്കൊണ്ടു വന്നാല്‍ ഈ നയങ്ങള്‍ക്കെതിരെ ചിന്തിക്കുന്നവരെയെല്ലാം ഒരുമിപ്പിക്കാന്‍ നമുക്കു കഴിയും. 19 രാഷ്ട്രീയപ്പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ഒരുമിച്ചു. 23 പാര്‍ട്ടികള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഒന്നിച്ചുനിന്നു. പക്ഷേ, വോട്ടു വന്നപ്പോള്‍ അതെല്ലാം ഛിന്നഭിന്നമായി, അതിന്റെ ആനുകൂല്യംകൊണ്ടാണ് അവര്‍ അധികാരത്തിലിരിക്കുന്നത്. എന്നിട്ടും കൂടുതല്‍ ഏകാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള വിശാല ജനാധിപത്യ കൂട്ടായ്മ രാജ്യത്തു വളര്‍ന്നുവരികതന്നെ ചെയ്യും. 

പൗരത്വനിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല എന്നാണല്ലോ എല്‍.ഡി.എഫ് നിലപാട്. അത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമോ? 

പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ഉപസമിതിയെ എല്‍.ഡി.എഫ് ചുമതലപ്പെടുത്തിയിട്ടേയുള്ളു. എന്തൊക്കെ വിഷയങ്ങള്‍ അതിലുള്‍പ്പെടുത്തണം എന്ന ചര്‍ച്ച തുടങ്ങുകയാണ്. പൗരത്വനിയമ ഭേദഗതി മാത്രമല്ല, മറ്റു ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ തുടങ്ങിയവയും എല്‍.ഡി.എഫ് ജനങ്ങളുടെ മുന്നിലേക്കു കൊണ്ടുവരും. 

ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ സി.പി.ഐ വിഷയാധിഷ്ഠിതമായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകം മുതല്‍ ഒടുവില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരംവരെ ഇതുണ്ടായി. സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ടുള്ള ഇത്തരം വിമര്‍ശനങ്ങള്‍ സി.പി.എമ്മിനെ പലപ്പോഴും അലോസരപ്പെടുത്തിയിട്ടുമുണ്ട്. അഞ്ചു വര്‍ഷം തികയുമ്പോള്‍ അത്തരം വിമര്‍ശനങ്ങളെ സി.പി.ഐ എങ്ങനെയാണ് വിലയിരുത്തുന്നത്? 

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എല്‍.ഡി.എഫ് എന്ന രാഷ്ട്രീയ മുന്നണിക്കു പ്രസക്തിയുള്ളതുകൊണ്ടാണ് ഞങ്ങള്‍ അതിന്റെ ഭാഗമായിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടി സി.പി.ഐ പലപ്പോഴും പല കാര്യങ്ങളും തുറന്നുപറയും. അതുപക്ഷേ, എല്‍.ഡി.എഫിനെ ദുര്‍ബ്ബലപ്പെടുത്താനും പ്രതിപക്ഷത്തെ സഹായിക്കാനുമല്ല. എല്‍.ഡി.എഫിനെ ഇടതുപക്ഷ വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ ശക്തമാക്കി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് അതിലൂടെയൊക്കെ നടത്തിയത്. യു.എ.പി.എയുടെ കാര്യത്തിലാണെങ്കിലും മറ്റുള്ള കാര്യങ്ങളിലായാലും യഥാര്‍ത്ഥ ഇടതുപക്ഷം ദേശീയാടിസ്ഥാനത്തില്‍ എടുക്കുന്ന നിലപാടാണ് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

സി.പി.ഐ ഈ അഞ്ചു വര്‍ഷംകൊണ്ടു കൂടുതല്‍ സംഘടനാശേഷി നേടിയതായാണോ വിലയിരുത്തല്‍. പോപ്പുലറായ പല നേതാക്കള്‍ക്കും മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചുകൊണ്ട് കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നത് അതിന്റെകൂടി ഭാഗമായാണോ? 

ഓരോ പാര്‍ട്ടി സമ്മേളനം കഴിയുമ്പോഴും സി.പി.ഐ അതിന്റെ സാന്നിധ്യം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനും പാര്‍ട്ടിയുടെ സംഘടനാശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായിക്കൂടിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ മത്സരിക്കാതിരിക്കുന്ന വാര്‍ഡുകളുടെ എണ്ണം കുറച്ചുകുറച്ചു കൊണ്ടുവരുന്നത്. സ്വാഭാവികമായും പാര്‍ട്ടി വളരുകയാണ്. പക്ഷേ, ഒരു മുന്നണി സംവിധാനത്തിനുള്ളില്‍ പാര്‍ട്ടി എത്ര വളര്‍ന്നാലും നമുക്കു ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ പരിമിതിയുണ്ട്. കക്ഷികളുടെ എണ്ണം കൂടുകയും മറ്റും ചെയ്യുമ്പോള്‍ വിട്ടുവീഴ്ച വേണ്ടിവരും. പക്ഷേ, ലഭിക്കുന്ന സീറ്റുകള്‍ പരമാവധി വിജയിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ നല്ല വിജയമാണുണ്ടായത്. എന്നാല്‍, ചില മേഖലകളിലെ ഗ്രാമപഞ്ചായത്തുകളില്‍ ഉദ്ദേശിച്ച വിജയം ഉണ്ടായില്ല. പത്തിരുപതു വോട്ടിനു തോറ്റ നിരവധി വാര്‍ഡുകളുണ്ട്. സംഘടനാപരമായ ജാഗ്രതയില്ലായ്മയും മറ്റുംകൊണ്ട് സംഭവിച്ചതാണ്. എങ്കിലും കൂടുതല്‍ വിജയശതമാനമുള്ള പാര്‍ട്ടി എല്‍.ഡി.എഫില്‍ ഞങ്ങളാണ്; അതായത് മത്സരിക്കുന്ന സീറ്റുകളില്‍ ബഹുഭൂരിപക്ഷത്തിലും ഞങ്ങള്‍ വിജയിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതായിരുന്നു സ്ഥിതി. 

രണ്ടു തവണ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ട എന്ന തീരുമാനം 2006-ല്‍ ഞങ്ങള്‍ കൊണ്ടുവന്നതാണ്. അന്നും കുറേ ഇളവുകള്‍ നല്‍കിയിരുന്നു. 2011-ല്‍ കര്‍ശനമായും നടപ്പാക്കി. 2016-ല്‍ അതില്‍ ആറു പേര്‍ക്ക് ഇളവു നല്‍കി മൂന്നാം തവണയും മത്സരിപ്പിച്ചു. ഇപ്രാവശ്യം ആര്‍ക്കും ഇളവു നല്‍കേണ്ട എന്നും പരമാവധി മൂന്നു തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണം എന്നുമാണ് തീരുമാനം. പാര്‍ട്ടിയിലെ നേതാക്കള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. സംഘടനയില്‍ പ്രവര്‍ത്തിക്കണം. ഈ പാര്‍ലമെന്ററി അനുഭവപരിചയം അതിന് ഉപയോഗിക്കണം, സംഘടനയിലെ അനുഭവപരിചയം തിരിച്ചും ഉപയോഗപ്പെടുത്തണം. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ പോലെയല്ല കമ്യൂണിസ്റ്റു പാര്‍ട്ടി. അതുകൊണ്ട് എത്ര പോപ്പുലറായ നേതാവാണെങ്കിലും അവര്‍ക്ക് പാര്‍ട്ടിക്കുള്ളിലും സംഘടനാ പ്രവര്‍ത്തനത്തിലൂടെ പോപ്പുലറാകാന്‍ അവസരമുണ്ട്. അതുകൊണ്ട് ഇതാരെയെങ്കിലും ഉദ്ദേശിച്ചുള്ളതല്ല. തെരഞ്ഞെടുപ്പില്‍ കുറച്ചു സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന ഒരു പാര്‍ട്ടിക്ക് അതിന്റെ മൂന്നിലൊന്നെങ്കിലും ആളുകള്‍ പുറത്തുപോയി പുതിയ ആളുകള്‍ വരണം. അങ്ങനെ വന്നെങ്കില്‍ മാത്രമേ പാര്‍ട്ടി ലൈവായി മുന്നോട്ടു പോവുകയുള്ളു. ഇതൊരു ത്യാഗത്തിന്റെ പ്രശ്‌നമാണ്. നമ്മുടെ ആയുസ്സ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ എത്രയോ ആരോഗ്യമുള്ള ആളുകള്‍ മത്സരിക്കാതിരിക്കുന്നു. മൂന്നു തവണ മത്സരിച്ചവര്‍ ജയിച്ചവരായാലും തോറ്റവരായാലും സംഘടനാരംഗത്തേയ്ക്കു മാറും. അതൊരു തെറ്റായി കമ്യൂണിസ്റ്റുകാര്‍ കാണുന്നില്ല. 

കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വരുമ്പോള്‍ സീറ്റുകളുടെ കാര്യത്തില്‍ ചെയ്യേണ്ടിവരുന്ന വിട്ടുവീഴ്ചയെ എങ്ങനെ കാണുന്നു? 

ഇടതുപക്ഷ മുന്നണിയില്‍ ബംഗാളിലെപ്പോലെ ഇടതുപാര്‍ട്ടികള്‍ മാത്രമല്ല ഉള്ളത്; മറ്റു ജനാധിപത്യ പാര്‍ട്ടികളുമുണ്ട്. രണ്ടു കക്ഷികളേ ഇടതുപക്ഷമുള്ളു. ബാക്കിയെല്ലാം ജനാധിപത്യ കക്ഷികളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊതുപരിപാടി അംഗീകരിക്കുന്നവരുടെ കൂട്ടായ്മയാണ് അത്. മുന്നണിയില്‍ പുതിയ ഘടകകക്ഷികള്‍ വരുമ്പോള്‍ സീറ്റ് അറേഞ്ച്മെന്റുകള്‍ വേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യബോധത്തോടെയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. അതുപോലെതന്നെ ഇന്നത്തെ ഒരു പശ്ചാത്തലത്തില്‍ അധികം സീറ്റുകള്‍ ചോദിക്കുക എന്നത് സാഹചര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ഒരു പാര്‍ട്ടിയെന്ന നിലയില്‍ ശരിയായ സമീപനമായി ഞങ്ങള്‍ കാണുന്നില്ല. പുതിയ പാര്‍ട്ടികള്‍ വരുമ്പോള്‍ ഞങ്ങള്‍ സി.പി.ഐയും സി.പി.എമ്മും സീറ്റുകള്‍ വിട്ടുകൊടുക്കാറുണ്ട്.

ജമാഅത്തെ ഇസ്ലാമിയോടുള്ള സമീപനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായല്ലോ. അവരുമായി ഉണ്ടാക്കിയ ധാരണ നഷ്ടക്കച്ചവടമായി എന്നാണ് യു.ഡി.എഫിന്റെ അനുഭവം. എല്‍.ഡി.എഫും മുന്‍പ് അവരുമായി സഹകരിച്ചിരുന്നല്ലോ. സി.പി.ഐയ്ക്ക് ഇത്തരം സംഘടനകളോടുള്ള നിലപാടു സുസ്ഥിരമാണോ?
 
ഇസ്ലാമിക രാജ്യത്തിനുവേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയും ഹിന്ദുരാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ്സും ഒരേ സ്വഭാവത്തില്‍പ്പെട്ടവര്‍തന്നെയാണ്; അവര്‍ ജ്യേഷ്ഠാനുജന്മാരാണ്. പരസ്പരം കലഹിക്കുന്നു എന്നു മാത്രമേയുള്ളു. അങ്ങനെ വര്‍ഗ്ഗീയ രാഷ്ട്രീയം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നവരുമായി ബന്ധം വേണ്ട എന്നാണ് ഞങ്ങളുടെ നിലപാട്. മുന്‍പ് ഇന്നത്തെപ്പോലെ ഇന്ത്യന്‍ രാഷ്ട്രീയം മതത്തിന്റെ പേരില്‍ ഇത്രയേറെ വിഭജിക്കപ്പെട്ടിട്ടില്ലാതിരുന്ന കാലത്ത് ജമാഅത്തെ ഇസ്ലാമിയുമായി സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഞങ്ങള്‍ സഹകരിച്ചിരുന്നു. അന്നു സഹകരിച്ചു എന്നതുകൊണ്ട് ഇന്നു സഹകരിക്കണമെന്നില്ല. സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യത്തില്‍ അവരുടെ സോളിഡാരിറ്റിയുമായൊക്കെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 

പക്ഷേ, ഇതൊരു രാഷ്ട്രീയ മത്സരമാണ്. അവര്‍ക്ക് അവരുടെ രാഷ്ട്രീയം പറയാം, പ്രവര്‍ത്തിക്കാം. ഞങ്ങള്‍ അതുമായി സഹകരിക്കുന്നില്ല.

യു.ഡി.എഫ് രാഷ്ട്രീയാശയത്തിന്റെ അടിസ്ഥാനത്തിലൊന്നുമല്ല നിലപാടെടുക്കുന്നത്. അവര്‍ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയത്തെ കാണുന്നത്. ഞങ്ങള്‍ രാഷ്ട്രീയത്തിന്റെ ഗണിതശാസ്ത്രം മനസ്സിലാക്കുന്നവരാണ്. അതാണ് അവരും ഞങ്ങളും തമ്മിലുള്ള വ്യത്യാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com